SUNDAY SERMON JN 3, 22-31

ദനഹാക്കാലം ആറാം ഞായർ

നിയമവാർത്തനം 24, 14-22

ഏശയ്യാ 63, 7-16

ഹെബ്രാ 8, 1-6

യോഹന്നാൻ 3, 22-31

അർദ്ധരാത്രിയിൽ നിക്കേദേമോസുമായുള്ള സംഭാഷണത്തിനുശേഷമാണ് ഇന്നത്തെ സുവിശേഷഭാഗം കടന്നുവരുന്നത്. നിക്കേദേമോസുമായുള്ള സംഭാഷണത്തിനിടെ താനാരാണെന്നും, തന്റെ ലക്ഷ്യമെന്താണെന്നും, ഈശോ വളരെ വ്യക്തമായി പ്രകടമാക്കുന്നുണ്ട്. സുവിശേഷഭാഗത്തിന്റെ ആദ്യപാദത്തിൽ വിശുദ്ധ സ്നാപകയോഹന്നാന്റെ ശിഷ്യരും, ഈശോയുടെ ശിഷ്യരും തമ്മിലൊരു വിവാദം അവതരിപ്പിക്കുന്നുണ്ട്. ഈ വിവാദം അതിനാൽ തന്നെ ചർച്ച ചെയ്യപ്പെടേണ്ട ഒന്നായിട്ട് എനിക്ക് തോന്നുന്നില്ല. ജലംകൊണ്ട് മാമ്മോദീസ നല്കുന്നതിനെക്കുറിച്ചുള്ള ഈ വിവാദം ഒരു സാധാരണ സംഭവമായി എടുത്താൽ മതിയാകും. പണ്ടുകാലങ്ങളിൽ ഏതെങ്കിലും ഗുരുവിന്റെ ശിഷ്യരാണെന്ന് പറഞ്ഞ് അഭിമാനിക്കുവാനും, ഗുരുവിന്റെ മഹത്വം വിളിച്ചു പറഞ്ഞ് വെല്ലുവിളിക്കാനുമൊക്കെ ആളുകളുണ്ടായിരുന്നു. ഈയിടെ ഖത്തറിൽ നടന്ന ഫുട്ബോൾ ലോകകപ്പ് കാലഘട്ടത്തിൽ എത്രയോ തർക്കങ്ങളാണ് മെസ്സിയുടെയും, റൊണാൾഡോയുടെയും, നെയ്മറിന്റെയും ഒക്കെ ഫാൻസുകൾ തമ്മിൽ നടന്നത്! ചിലതൊക്കെ വാക്കേറ്റത്തിലും, തല്ലിലുമൊക്കെയാണ് അവസാനിച്ചത്. ഈ സംഭവങ്ങളിൽ മെസ്സിക്കോ, റൊണാൾഡോയ്‌ക്കൊന്നും യാതൊരു പങ്കുമില്ല. അവർ ഈ വിവാദങ്ങളൊന്നും അറിഞ്ഞിട്ടുപോലുമുണ്ടാകില്ല.

വിവാദങ്ങൾ ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ രീതിയിലും, വ്യത്യസ്ത വിഷയങ്ങളിലുമൊക്കെ ഉണ്ടാകും, ഇന്നത്തെ നമ്മുടെ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള വിവാദംപോലെ! എന്നാൽ അവയോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നുള്ളതാണ്, നാം ഏത് ലോഹംകൊണ്ടാണ് നിർമിക്കപ്പെട്ടിട്ടുള്ളത് എന്ന് തീരുമാനിക്കുന്നത്; നാം ക്രിസ്തു ശിഷ്യരാണോ, അതോ വെറും ലോകത്തിന്റെ വക്താക്കളാണോ എന്ന് തെളിയിക്കുന്നത്.

മാമ്മോദീസായെക്കുറിച്ചുള്ള വിവാദങ്ങളെക്കാൾ ഇന്നത്തെ സുവിശേഷം ഉയർത്തിപ്പിടിക്കുന്നത് വിശുദ്ധ സ്നാപക യോഹന്നാന്റെ വ്യക്തിത്വത്തെയാണ്. ക്രിസ്തുവിനെ ലോകത്തിന് ചൂണ്ടിക്കാണിച്ചുകൊടുക്കാനും, ക്രിസ്തുവിന് സാക്ഷ്യം നൽകുവാനും വന്ന സ്നാപക യോഹന്നാന്റെ തിളങ്ങുന്ന വ്യക്തിത്വം നമ്മുടെ ക്രൈസ്തവജീവിതങ്ങൾക്ക് കരുത്തുപകരുമെന്നാണ് ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത്.

സുതാര്യമായി, ആർജവത്തോടെ ജീവിക്കുകയെന്നതാണ് ഒരു ഗുരുവിന്റെ, ക്രിസ്തു ശിഷ്യന്റെ ഏറ്റവും വിശിഷ്ട ഗുണമായി സുവിശേഷം അവതരിപ്പിക്കുന്നത്. താൻ ആരാണെന്നും, തന്റെ വ്യക്തിത്വം എങ്ങനെയുള്ളതാണെന്നും, ഏത് ദൗത്യത്തിനായാണ് താൻ ഈ ഭൂമിയിൽ വന്നിരിക്കുന്നതെന്നും, ആരുടെ ശബ്ദമാകാനാണ് തന്റെ നിയോഗമെന്നും കൃത്യമായ അറിവുള്ളവനായിരുന്നു വിശുദ്ധ സ്നാപകയോഹന്നാൻ. അർഹിക്കാത്ത ആദരവും, ബഹുമാനവും നേടിയെടുക്കാൻ താത്പര്യമില്ലതിരിക്കുക, അർഹിക്കുന്ന ആദരവും, ബഹുമാനവും മറ്റുള്ളവർക്ക് കൊടുക്കുക എന്നിവയാണ് ഒരു യഥാർത്ഥ ഗുരുവിന്റെ, ക്രിസ്തുശിഷ്യന്റെ വ്യക്തിത്വത്തിന്റെ മാഹാത്മ്യം.  

ഇല്ലാത്തത് ഉണ്ടെന്ന് ഭാവിക്കുകയും, തങ്ങളുടേതല്ലാത്ത തൂവലുകൾ തലയിൽ തുന്നിപ്പിടിപ്പിക്കുകയും ചെയ്യുന്ന വ്യക്തികളുടെ ജീവിതം, ഒരു സംശയവും വേണ്ട, ചീട്ടുകൊട്ടാരം തകരുന്നതുപോലെ തകർന്നുപോകും. എന്നാൽ, താൻ ആരാണെന്ന് അറിയുകയും, ഉള്ളതിൽ മാത്രം മേന്മ ഭാവിക്കുകയും ചെയ്യുന്നവർ ജീവിതത്തിൽ വിജയിക്കും. അവർ പ്രകാശഗോപുരംപോലെ എന്നും ഉയർന്ന് പ്രകാശിച്ചു നിൽക്കും.

നല്ലവനെന്ന് എല്ലാവരും വിചാരിച്ചിരുന്ന ഒരു ചെറുപ്പക്കാരൻ ഒരിക്കൽ ഒരു ഗുരുവിനെ കാണാനെത്തി. ആ ചെറുപ്പക്കാരന്റെ സുഹൃത്ത് ദേശാടനത്തിന് പോകുമ്പോൾ അയാളുടെ വീട് നോക്കുവാനായി ഈ ചെറുപ്പക്കാരനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അക്കാര്യം അയാൾ ഗുരുവിനോട് പറഞ്ഞു. “അതിലെന്താ കുഴപ്പം. നല്ലതല്ലേ. സമയമുണ്ടെങ്കിൽ ആ സുഹൃത്തിനെ സഹായിക്ക്’. ഗുരു പറഞ്ഞു നിർത്തിയപ്പോൾ ചെറുപ്പക്കാരൻ പറഞ്ഞു: സുഹൃത്തിന് സുന്ദരിയായ ഒരു സഹോദരിയുണ്ട്. വീട് ഏൽപ്പിച്ചു പോകുമ്പോൾ സഹോദരിയുടെ സുരക്ഷ എന്റെ കയ്യിൽ ഭദ്രമാണെന്നാണ് അയാൾ കരുതിയിരിക്കുന്നത്. എല്ലാവരും കരുതുംപോലെ എന്റെ മനസ്സ് അത്ര ശുദ്ധമല്ല.” ആ ചെറുപ്പക്കാരൻ മനസ്സ് തുറന്നു. ” ആ പെൺകുട്ടിയോട് എനിക്കൊരു ആകർഷണം തോന്നിയിട്ടുണ്ട്. ചെറുപ്പക്കാരൻ പറഞ്ഞു നിർത്തിയപ്പോൾ ഗുരു ചോദിച്ചു: “എങ്കിൽ നിനക്കത് സുഹൃത്തിനോട് തുറന്നു പറഞ്ഞു കൂടെ?” “അപ്പോൾ സുഹൃത്തിന് എന്നെക്കുറിച്ചുള്ള അഭിപ്രായം മോശമാകില്ലേ?” ചെറുപ്പക്കാരൻ ഉള്ളിലുള്ളത് പറഞ്ഞു.

അയാളുടെ ആകുലത മുഖത്ത് വ്യക്തമായി കാണാമായിരുന്നു. ഗുരു അയാളോട് വളരെ ശാന്തമായി പറഞ്ഞു: “ സഹോദരാ, വിശുദ്ധനെന്ന് തോന്നിപ്പിച്ച് വീണുപോകുന്നതിനേക്കാൾ ശ്രേഷ്ഠം ബലഹീനത തുറന്നു പറഞ്ഞ് ആർജവത്തോടെ മുന്നോട്ട് പോകുന്നതാണ്. സ്വന്തം ജീവിതത്തോട് ആത്മാർത്ഥത പുലർത്തുകയാണ് ശരിയായ വിശുദ്ധി.

വിശുദ്ധ സ്നാപകയോഹന്നാൻ ശക്തനായ പ്രവാചകനായിരുന്നു. അദ്ദേഹത്തിന് ധാരാളം ശിഷ്യരുണ്ടായിരുന്നു. വലിയൊരു ജനത അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു. ഇന്നായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ പേരിൽ ധാരാളം ഫാൻസ് അസ്സോസിയേഷൻസ് ഉണ്ടായിരുന്നേനെ. നീയാണോ മിശിഹായെന്ന് ചോദിക്കുവാൻ മാത്രം അദ്ദേഹത്തിന്റെ മാഹാത്മ്യം അതിശക്തമായിരുന്നു. ആ ചോദ്യത്തിന് മുൻപിൽ ഒന്നും മിണ്ടാതിരുന്നെങ്കിൽ ജനം അദ്ദേഹത്തെ മിശിഹായായിത്തന്നെ കരുതുമായിരുന്നു. പക്ഷേ, അദ്ദേഹം അകംപുറം നേരുള്ളവനായിരുന്നു. ഒട്ടും വൈകാതെ തന്നെ അദ്ദേഹം പറയുന്നുണ്ട്, „ഞാൻ മിശിഹായല്ല.” പിന്നെപ്പറഞ്ഞു, “അവന്റെ ചെരുപ്പിന്റെ വാറഴിക്കുവാൻ പോലും ഞാൻ യോഗ്യനല്ല.”  ഇന്നത്തെ സുവിശേഷഭാഗത്ത് സ്നാപകൻ ഒന്നുകൂടി കടത്തി പറയുകയാണ്, “ഞാൻ ക്രിസ്തുവല്ല, അവനുമുന്പേ അയയ്ക്കപ്പെട്ടവനാണ്. അവനാണ് വളരേണ്ടത്, ഞാനല്ല. യാതൊരു സംശയത്തിന് ഇടയില്ലാത്ത ഏറ്റുപറച്ചിൽ. തനിക്കർഹതയില്ലാത്തതിനെ വേണ്ടെന്നു വയ്ക്കുവാനുള്ള സത്യസന്ധതയുടെ, താനെന്തായിരിക്കുന്നുവോ അതിലുള്ള അഭിമാനത്തിന്റെ സന്ദര്യമാണ് സ്നാപകനിൽ.

നാട്യങ്ങളില്ലാത്ത ജീവിതമാണ് എന്നും ഗുരുക്കന്മാരുടേത്. അല്ലെങ്കിൽ ങ്ങനെയുള്ള ജീവിതമാണ് ഗുരുക്കന്മാർക്ക് ഉണ്ടായിരിക്കേണ്ടത്. കളങ്കമില്ലാത്ത, ഒളിക്കാനൊന്നുമില്ലാത്ത ജീവിതമാണ് കൂടുതൽ സൗന്ദര്യം, കൂടുതൽ സത്യം സൃഷ്ടിക്കുന്നത്. അതുകൊണ്ട് സ്നാപകന്റെ വാക്കുകൾ മനസ്സുകൊണ്ടല്ല ഹൃദയംകൊണ്ട് കേൾക്കുക. അവ ഹൃദയത്തിൽ നിന്നാണ് വരുന്നത്. ഹൃദയത്തിൽ സ്വീകരിച്ചാൽ മാത്രമേ അവ മനസ്സിലാക്കാനാവൂ.

ഒരു സ്നാപകന് മാത്രമേ, സ്നാപകനെപ്പോലുള്ള ശുദ്ധമായ, തിളങ്ങുന്ന വ്യക്തിത്വങ്ങൾക്ക് മാത്രമേ ക്രിസ്‌തുവിനെ ലോകത്തിന് വെളിപ്പെടുത്തിക്കൊടുക്കുവാൻ, ചൂണ്ടിക്കാണിച്ചുകൊടുക്കുവാൻ സാധിക്കുകയുള്ളു. ക്രിസ്തു തന്നെത്തന്നെ ലോകത്തിന് വെളിപ്പെടുത്തുന്ന ഈ ദനഹാക്കാലത്ത് എന്തുകൊണ്ട് ഇന്നത്തെ സുവിശേഷ ഭാഗം എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരമാണിത്. സഹോദരീ, സഹോദരാ, നിന്നിലൂടെ, നിന്റെ ജീവിത സാഹചര്യങ്ങളിൽ ക്രിസ്തുവിനെ വെളിപ്പെടുത്തുവാൻ നിനക്ക് കടമയുണ്ട്. അതാണ് ഈ ഭൂമിയിലെ നിന്റെ ദൗത്യം, ക്രിസ്തു നിനക്ക് നൽകിയിരിക്കുന്ന ദൗത്യം. ആ ദൗത്യം എങ്ങനെയാണ് നിറവേറ്റേണ്ടത്? സ്നാപകയോഹന്നാനെപ്പോലെ ആർജവത്തോടെ ജീവിച്ചുകൊണ്ട്.

ഒട്ടും സംശയം വേണ്ട. വെറുതെ ഊതിവീർപ്പിച്ച ക്രൈസ്തവ ജീവിതങ്ങളാണ്, ക്രൈസ്തവ വ്യക്തിത്വങ്ങളാണ് നമുക്ക് ചുറ്റും. ഒന്ന്, വെറുതെ അമർത്തിയാൽ മതി, ഒരു ചെറിയ സൂചികൊണ്ടൊന്ന് തോണ്ടിയാൽ മതി അവ പൊട്ടിച്ചിതറും. ദൈവത്തിന്റെ മുൻപിൽ, ദൈവജനത്തിന്റെ മുൻപിൽ പ്രതിജ്ഞകളെടുത്ത്, മാമ്മോദീസാതുടങ്ങിയുള്ള കൂദാശകൾ സ്വീകരിച്ച്, ഈശോയുടെ, പുരോഹിതരായി, സന്യസ്തരായി, കുടുംബനാഥനും, കുടുംബനാഥയുമായി, ക്രിസ്തുവിന്റെ യുവാക്കളും, യുവതികളുമായി, ഈശോയുടെ ബാലികാബാലന്മാരായി ജീവിച്ചുകൊള്ളാമെന്ന് ഈശോയ്ക്ക് ഉറപ്പ് കൊടുത്ത് തുടങ്ങുന്ന ക്രൈസ്തവജീവിതങ്ങൾക്കിന്ന് സുതാര്യതയില്ല, ആർജ്ജവമില്ല, വിശുദ്ധിയില്ല, ആത്മാർത്ഥതയില്ല, വിശുദ്ധിയില്ല. നമ്മുടെയൊക്കെ ക്രൈസ്തവകുടുംബങ്ങൾക്ക്, ക്രൈസ്തവ സ്ഥാപനങ്ങൾക്ക്, ക്രൈസ്തവസന്യസ്ത ആശ്രമങ്ങൾക്ക്, ക്രൈസ്തവ ദൈവാലയങ്ങൾക്ക് … പുറമെ കാണുന്ന ചന്തമേയുള്ളോയെന്ന് നാം ചിന്തിച്ചുനോക്കേണ്ടതാണ്. പുറമേ കാണുമ്പോൾ മനോഹാരിതയുള്ള, പഴുത്ത് മുറിച്ചുകഴിയുമ്പോൾ ഉള്ളിൽ നിറയെ പുഴുക്കളുള്ള നീലം മാങ്ങകളെപ്പോലെയാണോ നമ്മുടെയൊക്കെ ജീവിതങ്ങൾ, കുടുംബങ്ങൾ, സ്ഥാപനങ്ങൾ എന്ന് ചിന്തിക്കുവാൻ ഈ സുവിശേഷഭാഗം നമ്മെ നിർബന്ധിപ്പിക്കുന്നുണ്ട്. വെറുതെ അഭിനയിച്ചു തീർക്കുന്ന ക്രൈസ്തവജീവിതങ്ങൾ. ജീവിക്കുവാൻ മറന്നുപോകുന്ന, യാതൊരു കലർപ്പുമില്ലാത്ത, ഒറിജിനലായ ക്രൈസ്തവരായി ജീവിക്കുവാൻ മടിക്കുന്ന നമ്മുടെ മുൻപിൽ ശരിക്കും, സ്നാപകയോഹന്നാൻ വെല്ലുവിളിതന്നെയാണ്. ക്രിസ്തുവിനെ ഏറ്റുപറയേണ്ട, ക്രിസ്തുവിന് സാക്ഷ്യം നൽകേണ്ട, ക്രിസ്തുവിനെ ജീവിതംകൊണ്ട് വെളിപ്പെടുത്തേണ്ട സാഹചര്യങ്ങളിലെല്ലാം ശരാശരി ക്രൈസ്തവനിന്ന് പരാജയമാണ്. നിരീശ്വര പ്രസ്ഥാനങ്ങളിലെ യുവാക്കളെപ്പോലും തോൽപ്പിക്കുംവിധം തെരുവിൽ ഉറഞ്ഞുതുള്ളുകയാണവർ. എന്ത് ഉശിരാണ് ക്രിസ്തുവിനെതിരെ, ക്രിസ്തുവിന്റെ സഭയ്‌ക്കെതിരെ മുദ്രാവാക്യങ്ങൾ വിളിക്കാൻ!!! ആ ഉശിര് പക്ഷേ, കുരിശുമരണത്തോളം അനുസരണമുള്ളവനായ, ദൈവമായിരുന്നിട്ടും ദൈവത്തിന്റെ സമാനത മുറുകെപ്പിടിക്കാതെ മനുഷ്യനായിത്തീർന്ന, മനുഷ്യന്റെ രക്ഷകനായിത്തീർന്ന ക്രിസ്തുവിന് സാക്ഷ്യം നൽകുവാൻ കാണിക്കുന്നില്ലല്ലോയെന്നോർക്കുമ്പോൾ ലജ്ജതോന്നുകയാണ്!

സ്നേഹമുള്ളവരേ, ദനഹാക്കാലത്തിന്റെ ആറാം ഞായറാഴ്ച്ചത്തെ സന്ദേശം നമ്മുടെ ഇന്നത്തെ ക്രൈസ്തവജീവിതങ്ങളോട് മുൻപിൽ ഉയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്. ഒരു ഉടച്ചുവാർക്കലിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. ആട്ടിൻ തോലിട്ട ചെന്നായ്ക്കളാകാതെ, ഫാൻസിഡ്രസ്സ്‌ നടത്തുന്ന കുട്ടികളാകാതെ, മേക്കപ്പിട്ട കോമാളിവേഷങ്ങളാകാതെ

സത്യസന്ധരായ, ഒറിജിനലായ ക്രിസ്തു ശിഷ്യരാകാൻ, ക്രിസ്തുവിനെ വെളിപ്പെടുത്തുന്ന സ്നാപകന്മാരാകാൻ ഈ ഞായറാഴ്ചത്തെ, വിശുദ്ധ കുർബാനയും, സുവിശേഷ സന്ദേശവും നമ്മെ സഹായിക്കട്ടെ. ആമേൻ!

Leave a comment