SUNDAY SERMON JN 16, 16-24

ഉയിർപ്പുകാലം നാലാം ഞായർ

യോഹ 16, 16-24

ഉയിർപ്പുകാലത്തിന്റെ നാലാം ഞായറാഴ്ചയാണിന്ന്. നമ്മുടെയൊക്കെ ജീവിതത്തിന് പ്രത്യാശ നൽകുന്ന സന്ദേശവുമായിട്ടാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിലെത്തിയിരിക്കുന്നത്.

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈശോയുടെ വിടവാങ്ങൽ പ്രസംഗങ്ങളും, അതിലെ സന്ദേശങ്ങളും അവതരണ രീതികൊണ്ടും, ആശയസമ്പുഷ്ടതകൊണ്ടും വളരെ പ്രസിദ്ധമാണ്.   ഈശോ തന്റെ വേർപാടിനെക്കുറിച്ചും സ്വർഗ്ഗത്തെക്കുറിച്ചുമൊക്കെയാണ് പറയുന്നതെങ്കിലും, ജീവിതഗന്ധിയായ ഒട്ടേറെ സത്യങ്ങൾ ഈ വിടവാങ്ങൽ പ്രസംഗങ്ങളിലുണ്ട്. അത്തരമൊരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചുകേട്ടത്. കേൾക്കുമ്പോൾ പെട്ടെന്ന് മനസ്സിലാകുന്ന രീതിയിലല്ലെങ്കിലും ഈശോ പറയുന്നതിങ്ങനെയാണ്: ” അല്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല. വീണ്ടു അല്പസമയം കഴിഞ്ഞാൽ നിങ്ങളെന്നെ കാണും.”

നമുക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതുപോലെ ശിഷ്യർക്കും അന്ന് ഈ വചനങ്ങളുടെ അർഥം മനസ്സിലായില്ല. അവരുടെ മുഖഭാവം കണ്ടപ്പോൾ ഈശോ അല്പസമയത്തിന്റെ അർത്ഥമെന്തെന്ന് അവർക്ക് പറഞ്ഞു കൊടുത്തു. എന്താണത്? നിങ്ങൾ കരയുകയും വിലപിക്കുകയും ചെയ്യുന്ന, അതുകണ്ട് ലോകം സന്തോഷിക്കുന്ന സമയമാണ് അല്പസമയം. നിങ്ങൾ നീതിന്യായ കോടതികൾക്ക് മുൻപിൽ നിൽക്കുമ്പോൾ, നിങ്ങൾക്കെതിരെ കള്ളസാക്ഷ്യങ്ങൾ നിരത്തപ്പെടുമ്പോൾ, നിങ്ങൾ തെറ്റിദ്ധരിക്കപ്പെടുമ്പോൾ കവലകളിലും, വാർത്താമാധ്യമങ്ങളിലും ലോകം അത് ആഘോഷിക്കുന്ന സമയമാണ് അല്പസമയം. തീവ്രവാദികളും, വർഗീയവാദികളും, ക്രൈസ്തവരെ കൊല്ലുകയും, പള്ളികൾ ആക്രമിക്കുകയും ചെയ്യുമ്പോൾ ഭരണകൂടങ്ങൾ അവയ്ക്കു നിയമ പരിരക്ഷ നൽകുന്ന സമയമാണ് അല്പസമയം.  ക്രിസ്തു ശിഷ്യരുടെ ജീവിതത്തിന്റെ അവസ്ഥയെയാണ് ഈശോ ഇവിടെ അവതരിപ്പിക്കുന്നത്. എവിടെ ദൈവമക്കൾ, ക്രിസ്തു ശിഷ്യർ കരയുകയും വിലപിക്കുകയും ചെയ്യുന്നുവോ അവിടെയെല്ലാം, എപ്പോഴൊക്കെ ക്രിസ്തു ശിഷ്യർ പീഡിപ്പിക്കപ്പെടുകയും, അവഹേളിക്കപ്പെടുകയും ചെയ്യുന്നുവോ അപ്പോഴെല്ലാം ലോകം സന്തോഷിക്കും. ക്രിസ്തുവിനു എതിരായവർ, സഭയ്ക്ക് എതിരായവർ ആഹ്ലാദിക്കും. ഇതാണ് അല്പസമയങ്ങൾ!

ഈ അല്പസമയം ഓരോ ക്രൈസ്തവനിലും സംഭവിച്ചേ തീരൂ. കാരണം, ക്രിസ്തുവിനെ, ക്രിസ്തുവിന്റെ സുവിശേഷത്തെ വാക്കുകൊണ്ടും, ജീവിതംകൊണ്ടും പ്രഘോഷിക്കുന്ന ഓരോ ക്രൈസ്തവനും ഈ അല്പസമയത്തിലൂടെ കടന്നുപോയേ തീരൂ. ഒരു ജീവനെ, കുഞ്ഞിനെ ലോകത്തിനു പ്രദാനം ചെയ്യണമെങ്കിൽ ഒരു സ്ത്രീ പ്രസവ വേദനയുടെ നിമിഷങ്ങളിലൂടെ കടന്നു പോകുക തന്നെ വേണം. ഒരു വ്യക്തിയിൽ ക്രിസ്തു രൂപപ്പെടണമെങ്കിൽ, ഒരു ക്രൈസ്തവകുടുംബം ക്രിസ്തുവിനെ കുടുംബജീവിതത്തിലൂടെ പ്രഘോഷിക്കണമെങ്കിൽ ഈ അല്പസമയത്തിലൂടെ കടന്നുപോകുകതന്നെവേണം. അതുകൊണ്ടാണ് വിശുദ്ധ പൗലോശ്ലീഹാ പറയുന്നത്, “എന്റെ കുഞ്ഞു മക്കളെ ക്രിസ്തു നിങ്ങളിൽ രൂപപ്പെടുന്നതുവരെ വീണ്ടും ഞാൻ നിങ്ങൾക്കുവേണ്ടി ഈറ്റുനോവനുഭവിക്കുന്നു “എന്ന്. (ഗലാ 4, 19) ഈ അല്പസമയങ്ങൾ ക്രൈസ്തവന്റെ കൂടെപ്പിറപ്പുകളാണ്.

പഴയനിയമത്തിൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ മക്കളുടെ അല്പസമയത്തെക്കുറിച്ചു ധാരാളം പ്രതിപാദനങ്ങളുണ്ട്. നിയമാവർത്തനം 28, 65 ൽ ദൈവം പറയുന്നു: “ആ ജനതകളുടെ ഇടയിൽ നിനക്ക് ആശ്വാസമോ, നിന്റെ പാദങ്ങൾക്ക് വിശ്രമമോ ലഭിക്കുകയില്ല…നിന്റെ ഹൃദയം ഭയചകിതമാകും. കണ്ണുകൾക്ക് മങ്ങൽ വരുത്തും…നിന്റെ ജീവൻ നിരന്തരം അപകടത്തിലായിരിക്കും.” ദൈവത്തിന്റെ മക്കൾ കടന്നുപോകുന്ന അല്പസമയങ്ങളുടെ സ്വഭാവം ഇങ്ങനെയാകാം. വീണ്ടും ദൈവം പറയുന്നു.” ജീവിതത്തിൽ നിനക്ക് ഒരു സുരക്ഷിതത്വവും ലഭിക്കുകയില്ല. …പ്രഭാതത്തിൽ നീപറയും, ദൈവമേ, സന്ധ്യയായിരുന്നെങ്കിൽ! സന്ധ്യയിൽ നീ പറയും, ദൈവമേ, പ്രഭാതമായിരുന്നെങ്കിൽ!” (നിയമ 28, 67) അത്രമാത്രം അസ്വസ്ഥമായിരിക്കും നിന്റെ മനസ്സ് ക്രിസ്തുവിനുവേണ്ടി സുവിശേഷ മൂല്യങ്ങൾക്കനുസരിച്ചു ജീവിക്കുമ്പോൾ ഇതുപോലുള്ള ജീവിതാവസ്ഥകളിലൂടെ നാം കടന്നുപോകും. ഈ അല്പസമയത്തിന്റെ ദയനീയത ദൈവത്തിന്റെ പ്രിയപ്പെട്ടവനായ ജോബിന്റെ ജീവിതത്തിൽ വളരെ കഷ്ടമായിരുന്നു. ജീവിതത്തിന്റെ അവസ്ഥകണ്ട്‌ ജോബ് പറയുകയാണ്:” “എന്റെ ഭാര്യ എന്നോട് അറപ്പുകാട്ടുന്നു. എന്റെ സഹോദരന്മാർക്കും ഞാൻ നിന്ദാപാത്രമായി…എന്റെ ഉറ്റ സ്നേഹിതന്മാർ എന്നിൽനിന്ന് അറപ്പോടെ അകലുന്നു. എന്നെ സ്നേഹിച്ചവർ എനിക്കെതിരെ തിരിഞ്ഞു.” (ജോബ് 19, 17-19) ജോബിന്റെ ഭാര്യപോലും പറഞ്ഞതിങ്ങനെയാണ്: “ഇനിയും ദൈവ ഭക്തിയിൽ ഉറച്ചു നിൽക്കുന്നോ? ദൈവത്തെ ശപിച്ചിട്ട് മരിക്കുക.” (ജോബ് 2, 9) ഇതുപോലുള്ള അല്പസമയങ്ങൾ മനുഷ്യൻ, ക്രിസ്തു ശിഷ്യർ നെട്ടോട്ടമോടുന്ന സമയങ്ങളല്ലേ? പള്ളികളായ പള്ളികളിലേക്ക്, ധ്യാനകേന്ദ്രങ്ങളായ ധ്യാനകേന്ദ്രങ്ങളിലേക്കു, കൈനോട്ടക്കാരുടെ അടുത്തേക്ക് … ഇതെല്ലം കണ്ടു ക്രിസ്തുവിന്റെ ശത്രുക്കൾ ചിരിക്കുകയും ചെയ്യും.

എന്നാൽ ഈശോ പറയുന്നു: “…നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. സ്ത്രീക്ക് പ്രസവ വേദന ആരംഭിക്കുമ്പോൾ അവളുടെ സമയം വന്നതുകൊണ്ട് അവൾക്കു ദുഃഖം ഉണ്ടാകുന്നു. എന്നാൽ ശിശുവിനെ പ്രസവിച്ചു കഴിയുമ്പോൾ …സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവൾ ഓർമിക്കുന്നില്ല.” (യോഹ 16, 21) സ്നേഹമുള്ളവരേ, ഈശോയുടെ വചനം വീണ്ടും കേൾക്കുക: നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും.” നമ്മുടെ വേദനകൾ അറിയുന്നവനാണ്, നമ്മുടെ അലച്ചിലുകൾ എണ്ണുന്നവനാണ് നമ്മുടെ ദൈവം. (സങ്കീ 56, 8) മാത്രമല്ല, ഇസ്രായേൽ ജനത്തെ ഈജിപ്ത് ആകുന്ന ഇരുമ്പു ചൂളയിൽ നിന്ന് രക്ഷിച്ചു ദൈവം അവർക്ക് കാനാൻ ദേശം നൽകിയെങ്കിൽ, സ്നേഹമുള്ളവരേ, ഉറച്ച വിശ്വാസത്തോടെ ഞാൻ പറയുന്നു, ഇരുമ്പുചൂള കണക്കെ തീയും ചൂടും നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ നിന്ന് എന്റെ ദൈവം എന്നെ രക്ഷിക്കും, എന്റെ ദുഃഖത്തെ അവിടുന്ന് സന്തോഷമായി മാറ്റും.  (നിയമ 4, 20) വിലാപങ്ങളുടെ പുസ്തകത്തിൽ പറയുന്നു: “കർത്താവ് എന്നേയ്ക്കുമായി നിന്നെ ഉപേക്ഷിക്കുകയില്ല. അവിടുന്ന് വേദനിപ്പിച്ചാലും തന്റെ കാരുണ്യാതിരേകത്തിനനുസൃതമായി ദയ കാണിക്കും.” (3, 31-32)

നമ്മുടെ ജീവിതത്തിന്റെ അല്പസമയങ്ങളുടെ സ്വഭാവവും രീതികളും എങ്ങനെയായിരിക്കുമെന്ന് മുൻകൂട്ടി അറിയുക സാധ്യമല്ല. എന്നാൽ, കരയുകയും വിലപിക്കുകയും ചെയ്യുന്ന നമ്മുടെ അല്പസമയങ്ങളെ സന്തോഷമുള്ളതാക്കാൻ ക്രിസ്തു നമ്മോടൊത്തുണ്ടാകും. മകളേ, മകനേ, നിന്റെ അല്പസമയങ്ങളിൽ നീ സമുദ്രത്തിലൂടെ കടന്നുപോയാലും നീ മുങ്ങിപ്പോകുകയില്ല. അഗ്നിയിലൂടെ നടക്കുകയാണെങ്കിലും നിനക്ക് പൊള്ളലേൽക്കുകയില്ല. (ഏശയ്യാ 43, 1-4) കാരണം, നിന്റെ തളർന്ന കൈകളെയും, ബലമില്ലാത്ത കാൽ മുട്ടുകളെയും ശക്തിപ്പെടുത്തുന്നവനാണ് നിന്റെ ദൈവം. “നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്തു സഹതപിക്കാൻ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത്.” (ഹെബ്രാ 4, 15) നമ്മുടെ ദൈവം വിശ്വസ്തനാണ്. നമ്മുടെ ശക്തക്കതീതമായ ദുഃഖങ്ങൾ ഉണ്ടാകുവാൻ അവിടുന്ന് അനുവദിക്കുകയില്ല. നമുക്ക് വേദനകളുണ്ടാകുമ്പോൾ ആ അല്പസമയങ്ങളെ അതിജീവിക്കുവാൻ വേണ്ട ശക്തി അവിടുന്ന് നമുക്ക് നൽകും. (1 കോറി 10, 13)

ഈശോ പറയുന്ന അല്പസമയത്തിന്റെ ദൈർഘ്യം അൽപ നിമിഷങ്ങളല്ല എന്നും നാം അറിയണം. ഇസ്രായേൽ ജനത്തിന്റെ അല്പസമയത്തിന്റെ ദൈർഘ്യം എത്രയായിരുന്നു? നാല്പതു സംവത്സരം!! എന്തിനുവേണ്ടിയായിരുന്നു ഈ നാല്പതു സംവത്സരം? ദൈവത്തിനു മറുതലിച്ചു നിൽക്കുന്ന ജനങ്ങളെ എളിമപ്പെടുത്താനും, ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കുമോ ഇല്ലയോ എന്നൊക്കെയുളള അവരുടെ ഹൃദയവിചാരങ്ങൾ അറിയാനും, മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല, കർത്താവിന്റെ വചനംകൊണ്ടും കൂടിയാണ് ജീവിക്കുന്നത് എന്നും പഠിപ്പിക്കുവാനുമാണ് അവിടുന്ന് ഇസ്രായേൽ ജനത്തിന് അല്പസമയങ്ങൾ കൊടുത്തത്. എന്നാൽ ഈ അല്പസമയങ്ങളിലെല്ലാം ദൈവം അവരോടുകൂടെ ഉണ്ടായിരുന്നു. അവരുടെ വസ്ത്രങ്ങൾ പഴകി കീറിപ്പോയില്ല. ഇത്രയും നാൾ നടന്നിട്ടും അവരുടെ കാലുകൾ വിങ്ങുകയോ, പൊള്ളുകയോ ചെയ്തില്ല. അവസാനം അവർക്കു ലഭിച്ചതോ? അരുവികളും, ഉറവകളും, മലകളും താഴ്വരകളും ഒക്കെയുള്ള ഒരു നല്ല ദേശം. ഗോതമ്പും ബാർലിയും, മുന്തിരിചെടികളും, അത്തിവൃക്ഷങ്ങളും, മാതളനാരകങ്ങളും ഒലിവുമരങ്ങളും, തേനും ഉള്ള ഒരു നല്ല ദേശം. ഒപ്പം ദൈവത്തിന്റെ ഒരു വാഗ്ദാനവും:” നിങ്ങൾക്ക് ഒന്നിനും കുറവുണ്ടാകുകയില്ല.” (നിയമ 8, 9)

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിന്റെ കഷ്ടപ്പാടുകൾ നമ്മുടെ മനസ്സുകളെ ഭാരപ്പെടുത്തുന്നുണ്ട്. രോഗങ്ങളുമായി വാർദ്ധക്യത്തിലൂടെ കടന്നുപോകുന്നവർ, തെറ്റിദ്ധരിക്കപ്പെടുന്നവർ, മദ്യവും ലഹരിയുമായി നടക്കുന്നവരുടെ കുടുംബങ്ങൾ, ഭാരമുള്ള മനസ്സുമായി ജീവിക്കുന്നവരാണ്. എന്നാൽ, ഉറച്ചു വിശ്വസിക്കുക, ആരും നമ്മിൽ നിന്ന് എടുത്ത് കളയാത്ത സന്തോഷത്തിലേക്ക് നമ്മെ എന്നും ഈശോ നയിക്കും. അവിടുത്തെ രീതി അങ്ങനെയാണ്. കുഞ്ഞുങ്ങളെ സുരക്ഷിതമായ ഒരു കൂട്ടിൽ പാർപ്പിക്കുകയും, അവയ്ക്കു ആവശ്യമായതെല്ലാം നൽകുകയും, എന്നാൽ ഒരു സമയത്തു കൂടു ചലിപ്പിക്കുകയും, കുഞ്ഞുങ്ങളുടെ മുകളിൽ ചിറകടിക്കുകയും, അവരെ പറക്കാൻ പഠിപ്പിക്കുകയും, അവർ ക്ഷീണിച്ചു വീഴാൻ തുടങ്ങുമ്പോൾ വിരിച്ച ചിറകുകളിൽ അവയെ വഹിക്കുകയും ചെയ്യുന്ന ‘അമ്മ കഴുകനെപ്പോലെയാണ് ദൈവം. (നിയമ 32, 10-11) ഹെബ്രായ ലേഖനത്തിൽ വചനം പറയുന്നത് ഇങ്ങനെയാണ്: “കർത്താവിന്റെ ശിക്ഷണത്തെ നീ നിസ്സാരമാക്കരുത്. അവൻ ശാസിക്കുമ്പോൾ നീ നഷ്ടധൈര്യനാകുകയുമരുത്. താൻ സ്നേഹിക്കുന്നവന് കർത്താവ് ശിക്ഷണം നൽകുന്നു. മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു.” (ഹെബ്ര 12, 6- 8) മക്കളോടെന്നപോലെയാണ് ദൈവം നമ്മോട് പെരുമാറുന്നത്.

അമ്യൂസ്മെന്റ് പാർക്കുകളിലെ റോളർ കോസ്റ്റർ (Roller Coaster) കണ്ടിട്ടില്ലേ? അതിൽ യാത്ര ചെയ്യാത്തവരും ചുരുക്കമായിരിക്കും. അതിൽ കയറുമ്പോൾ തന്നെ നമ്മെ ആ യന്ത്രത്തിൽ സുരക്ഷിതമായി ബന്ധിക്കും. എന്നിട്ട് യന്ത്രം സ്റ്റാർട്ട് ചെയ്യും. നാമതിൽ കറങ്ങാൻ തുടങ്ങും. വേഗത കൂടുന്നതിനനുസരിച്ചു നമ്മിൽ ഭയവും വർധിക്കും. ചിലർ കരയും, കരഞ്ഞു നിലവിളിക്കും, ചിലർ കൂവും, ചിലർ ഈ യന്ത്രം ഒന്ന് നിറു ത്തണേയെന്നു ഉറക്കെ വിളിച്ചു പറയും. ചിലർ മലമൂത്ര വിസർജനം വരെ നടത്തും. എന്നാൽ, യന്ത്രത്തിന്റെ ഓപ്പറേറ്റർ അവിടെ ശാന്തനായി നിൽക്കും. അയാൾക്കറിയാം, ആവശ്യത്തിനുള്ള വേഗതയേ താൻ കൊടുത്തിട്ടുള്ളു എന്ന്. ചിലർക്ക് അത് കൂടുതലായിരിക്കാം. എന്നാൽ, ഒരപകടവും കൂടാതെ എല്ലാവരെയും സംരക്ഷിക്കത്തക്ക സംവിധാനമാണ് അയാൾ ഒരുക്കിയിരിക്കുന്നത്.

ഈശോയും ഇങ്ങനെത്തന്നെയാണ് പ്രിയപ്പെട്ടവരേ. നമ്മെ ഒരിക്കലും അവിടുന്ന് ഉപേക്ഷിക്കുകയില്ല. നമ്മുടെ ജീവിതത്തിലെ അല്പസമയങ്ങളെ, കരയുകയും വിലപിക്കുകയും ചെയ്യുന്ന സമയങ്ങളെ നമുക്കൊന്ന് പരിശോധിക്കാം. നമ്മുടെ മനോഭാവങ്ങൾ തിരുത്താം. നമ്മുടെ ജീവിതത്തിലെ അല്പസമയങ്ങളെ ഈശോയുടെ ഹൃദയത്തോട് ചേർന്ന് നിന്ന് അഭിമുഖീകരിക്കുവാനും അതിജീവിക്കുവാനും നമുക്ക് പഠിക്കാം. ദൈവമാണ് നമുക്ക് ഈ ജീവിതം നൽകിയത്. നന്ദിയുള്ളവരായിരിക്കാം നമുക്ക്. ജീവിത പ്രശ്നങ്ങളെ, മഹാമാരികളെ ദൈവത്തിന്റെ മുൻപിൽ നമുക്ക് സമർപ്പിക്കാം. എന്നിട്ട്, ‘അമ്മ കുഞ്ഞിനെ തല്ലുമ്പോൾ, തല്ലുന്ന അമ്മയെ ത്തന്നെ വിളിച്ചു കരയുന്ന കുഞ്ഞുങ്ങളെപ്പോലെ നമുക്ക് ദൈവസന്നിധിയിൽ കരങ്ങളുയർത്താം. ഉച്ചത്തിൽ വിളിച്ചു പ്രാർത്ഥിക്കാം. തീർച്ചയായും അവിടുന്ന് നമ്മെ കേൾക്കും. നമുക്ക് ഉത്തരമരുളും. നമ്മുടെ ദുഃഖങ്ങൾ സന്തോഷമായി മാറും. നമുക്കൊന്നിനും കുറവില്ലാതെ നമ്മുടെ ദൈവം നമ്മെ കാക്കട്ടെ. ആമേൻ!

SUNDAY SERMON JN 14, 1-14

ഉയിർപ്പുകാലം മൂന്നാം ഞായർ

യോഹ 14, 1-14

സന്ദേശം

സീറോ മലബാർ സഭയുടെ ആരാധനാക്രമ ചൈതന്യത്തിനനുസരിച്ച്, ഉത്ഥിതനായ ക്രിസ്തുവിന്റെ സമാധാനത്തിലും പ്രതീക്ഷയിലും ജീവിക്കുമ്പോഴും ലോകം സ്വസ്ഥതയിലല്ല എന്നത് ഒരു യാഥാർഥ്യമാണ്. ജീവിതത്തിന്റെ ദുരന്തങ്ങൾക്കിടയിലും, ജീവിതത്തിൽ അവശ്യം വന്നുഭവിക്കുന്ന ദുരിതങ്ങൾക്കിടയിലും, നാം പോലും അറിയാതെ ദൈവം നമ്മുടെ ജീവിതത്തിൽ ഇടപെടുന്നുണ്ട്; ആശ്വസിപ്പിക്കുവാൻ ക്രിസ്തു നമ്മോടൊത്തുണ്ട് എന്ന് നമുക്കറിയാമെങ്കിലും, സങ്കടങ്ങളുടെ, അസ്വസ്ഥതകളുടെ ദിവസങ്ങളങ്ങനെ അവസാനമില്ലാതെ പോകുമ്പോൾ, നിരാശയുടെ കാർമേഘങ്ങൾ നമ്മുടെ ജീവിതത്തെ പൊതിയുകയായി!! ഇനിയും എന്തൊക്കെയാണോ ദൈവമേ സംഭവിക്കാൻ പോകുന്നത് എന്നും ചിന്തിച്ച് മനസ്സിൽ ഉരുണ്ടുകൂടുന്ന ഭയത്തിനും വേവലാതിക്കും, ഉത്കണ്ഠകൾക്കും അടിപ്പെട്ടിരിക്കുമ്പോൾ ആശ്വാസത്തിന്റെ കുളിർ മഴയായി ഇന്നത്തെ ദൈവവചനം നമ്മുടെ മുൻപിൽ എത്തുകയാണ് “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ……….എന്നിലും വിശ്വസിക്കുവിൻ … ഞാനാകുന്നു വഴിയും സത്യവും ജീവനും. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല.”

വ്യാഖ്യാനം

ഉത്ഥാനത്തിന്റെ പ്രതീക്ഷ പകർന്നു തരുന്ന ഇന്നത്തെ ദൈവ വചനഭാഗം വ്യാഖാനിച്ചു ക്ലേശിക്കേണ്ട ആവശ്യമുണ്ടെന്നു എനിക്ക് തോന്നുന്നില്ല. കാരണം, അസ്വസ്ഥതയുടെ ഈ കാലത്തു ഹൃദയത്തെ സ്പർശിക്കുന്ന, ചിന്തകളിൽ ഒരുതരം തരിപ്പ് കോരിയിടുന്ന ദൈവവചനമാണിത്. മനുഷ്യ ജീവിതത്തിന്റെ സങ്കടകാലങ്ങളിൽ നമ്മുടെ ജീവിതത്തോട് ചേർന്ന് നിന്നുകൊണ്ട്, ‘നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, നിങ്ങൾ ഭയപ്പെടുകയും വേണ്ട’ എന്ന് പറഞ്ഞുകൊണ്ട് നമുക്കു നല്ലൊരു ദിശാബോധം ഈശോ നൽകുകയാണ്.  

ജീവിതത്തിന്റെ ഇരുളിൽ മനുഷ്യൻ അന്വേഷിക്കേണ്ട വഴി ക്രിസ്തുവാണെന്ന്, ലോകം പരത്തുന്ന നുണകൾക്കിടയിൽ, വിവാദങ്ങൾക്കിടയിൽ മനുഷ്യൻ തേടേണ്ട സത്യം ക്രിസ്തു വാണെന്ന്, മരണത്തിന്റെ താഴ്വരകളിലൂടെ കടന്നുപോകുമ്പോൾ മനുഷ്യൻ തേടേണ്ട ജീവൻ ക്രിസ്തുവാണെന്ന് ദൈവവചനം പറയുമ്പോൾ, സ്നേഹമുള്ളവരേ, ഉറച്ച വിശ്വാസത്തിലേക്ക് വളരുവാൻ, ദൈവത്തിലുള്ള ജീവിതത്തിലേക്ക് തിരിയുവാനുള്ള ഉത്ഥിതന്റെ ക്ഷണമായിട്ട് ഈ ദൈവവചനത്തെ നാം കാണേണ്ടതുണ്ട്. പിശാചുബാധിതമായ ഒരു സംസ്കാരത്തിലൂടെ നാം കടന്നുപോകുമ്പോൾ, മനസ്സിലാക്കാനാകാത്ത ജീവിതസാഹചര്യങ്ങളുടെ മുൻപിൽ നിരാലംബരായി നിൽക്കുമ്പോൾ ഹൃദയം തകർന്നവർക്കു സമീപസ്ഥനാണ് നമ്മുടെ ദൈവമെന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും അധരംകൊണ്ടു ഏറ്റുപറയുകയും ചെയ്യാനുള്ള വലിയൊരു അവസരമാണ് ഈ ഞായറാഴ്ച.   

സഭാപ്രസംഗകൻ പറയുന്നു: “ദൈവം മനുഷ്യനെ സരള ഹൃദയനായി സൃഷ്ടിച്ചു. എന്നാൽ, അവന്റെ സങ്കീർണ പ്രശ്നങ്ങൾ അവന്റെ തന്നെ സൃഷ്ടിയാണ്”. (സഭാ 7, 29) മനുഷ്യൻ തന്നോട് തന്നെ പുലർത്തുന്ന, ജീവിതത്തോട് പുലർത്തുന്ന മനോഭാവം മനുഷ്യന്റെ ജീവിതാവസ്ഥയെ ഒരു പരിധിവരെ നിർണയിക്കുന്നുണ്ട്. ഈ മനോഭാവം അഹങ്കാരത്തിന്റേതാകുമ്പോൾ, അസ്വസ്ഥതകൾ വന്ദേഭാരത് ട്രെയിനും പിടിച്ച് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും. ദൈവത്തോടും, കൂടെയുള്ളവരോടും, തന്നോടുതന്നെയും മനുഷ്യൻ കാണിക്കുന്ന അഹങ്കാരം അവളുടെ/അവന്റെ ജീവിതത്തെ അസ്വസ്ഥതകളിലേക്ക് കടത്തിവിടാം.

അജയ് വാസുദേവ് സംവിധാനം ചെയ്ത മലയാളം ആക്ഷൻ ത്രില്ലർ ചിത്രമായ ഷൈലോക്കിന്റെ Intro-Song ഒന്ന് ശ്രദ്ധിച്ചാൽ മനുഷ്യന്റെ ഈ മനോഭാവം മനസ്സിലാകും. ആ Intro-Song ൽ റാപ് സ്റ്റൈലിൽ പാടുകയാണ് : “ദൈവം വന്നു പറഞ്ഞാലും, I will take my own choice.”  പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിന്റെ മുൻപിൽ നിന്ന് ഇങ്ങനെ വീമ്പടിച്ചാൽ, എങ്ങനെയാണ് മനുഷ്യന്റെ ജീവിതത്തിലേക്ക് ദൈവിക ഗുണങ്ങളായ സന്തോഷവും, സമാധാനവും, സ്നേഹവും കടന്നുവരിക?! പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിന്റെ മുൻപിൽ നിന്ന് ഇങ്ങനെ വീമ്പടിച്ചാൽ, എങ്ങനെയാണ് മനുഷ്യന്റെ ജീവിതത്തിലേക്ക് ദൈവിക ഗുണങ്ങളായ സന്തോഷവും, സമാധാനവും, സ്നേഹവും കടന്നുവരിക?! ദൈവത്തെ വെല്ലുവിളിക്കുന്നവരുടെയൊക്കെ ജീവിതം ബാബേൽഗോപുരംപോലെ തകർന്നുവീഴുമെന്നതിന് എന്ത് സംശയമാണുള്ളത്? അവരുടെയൊക്കെ ജീവിതങ്ങൾ ചാവുകടൽപോലെയാകുമെന്നതിന് യാതൊരു സംശയവുംവേണ്ട.

അസ്വസ്ഥമാകേണ്ട ഒന്നല്ല മനുഷ്യന്റെ ഹൃദയം. ദൈവം കുടികൊള്ളുന്നിടമായ ഹൃദയം ഇപ്പോഴും നന്മ നിറഞ്ഞ, സ്നേഹം നിറഞ്ഞ, ശാന്തി ഒഴുകുന്ന ഒരിടമാകണം. അതാണ് അതിന്റെ സ്വഭാവം. പക്ഷെ, മനുഷ്യന്റെ അഹങ്കാരം, ജീവിത വ്യഗ്രത, ആസക്തികൾ, അമിതമായ ആഗ്രഹങ്ങൾ എല്ലാം അവളെ /അവനെ അലച്ചിലിന്റെ ഒരു ജീവിതത്തിലേക്ക് നയിക്കുകയാണ്. എത്ര ഓടിയിട്ടും, എത്ര സമ്പാദിച്ചിട്ടും മതിയാകുന്നില്ല. “ജീവിക്കണം നിമിഷമൊന്നിൽ അനേകജന്മം” എന്നാണു മനുഷ്യന്റെ ത്വരയും തൃഷ്ണയും. അത് ഹൃദയത്തിൽ, ജീവിതത്തിൽ അശാന്തി പരത്തുന്നു. അസ്വസ്ഥതകൾ വർധിച്ചുവരുന്ന ലോകത്തിൽ ശാന്തതയുള്ള ഹൃദയത്തിനു ഉടമകളാകാനാണ്

ഓർത്തു നോക്ക്! എന്തിനാണ് നമ്മുടെ ഹൃദയം, ജീവിതം ഇത്രമാത്രം അസ്വസ്ഥമാകുന്നത്? എന്തുകൊണ്ടാണ് ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടുപോകുന്നത്? മഹാമാരികളുടെ മുൻപിൽ എങ്ങനെയാണ് മനുഷ്യൻ പതറിപ്പോകുന്നത്? ഉത്തരം ഒന്നേയുളളു. മനുഷ്യന് ദൈവത്തിലുള്ള വിശ്വാസത്തിനു ക്ഷതം സംഭവിച്ചിരിക്കുന്നു. അസ്വസ്ഥതകളല്ല, അഗ്നിപർവതംപോലെ കുമിഞ്ഞുയരുന്ന പ്രശ്നങ്ങളല്ല നമ്മെ അസ്വസ്ഥമാക്കുന്നത്, ഭയപ്പെടുത്തുന്നത്. ദൈവത്തിലുള്ള വിശ്വാസമില്ലായ്‌മയാണ് നമ്മുടെ അസ്വസ്ഥതക്കു കാരണം. അതുകൊണ്ടാണ് ഈശോ പറയുന്നത്: ദൈവത്തിൽ വിശ്വസിക്കുക. ഒന്നിനെക്കുറിച്ചും ആകുലതകൾ ഉണ്ടാകാതിരിക്കുവാൻ, വരും കാര്യങ്ങളെ ഓർത്തു ഉത്ക്കണ്ഠ ഇല്ലാതിരിക്കുവാൻ മരണത്തെ തോൽപ്പിച്ചു ഉത്ഥാനം ചെയ്ത ക്രിസ്തുവിൽ വിശ്വസിക്കുക.

ബൈബിൾ നമ്മുടെ മുൻപിൽ വരച്ചുകാട്ടുന്നത് അസ്വസ്ഥതകളുടെ പെരുംമഴയെയല്ല, അവയ്ക്കിടയിൽ, വിടർത്തിവച്ചിരിക്കുന്ന ദൈവകൃപയുടെ കുടയെയാണ്. അഗസ്റ്റസ് സീസറിന്റെ കൽപ്പന കേട്ട് ഏറെ സങ്കടപ്പെട്ട ജോസഫും മറിയവും പൂർണഗർഭത്തിന്റെ ഭാരവും പേറി കാടും പടലും കടന്ന് ബെത്ലഹേമിലെത്തുമ്പോൾ പ്രവചനങ്ങളുടെ പൂർത്തീകരണത്തിനാണ് ഈ യാത്രയെന്ന് അവർ അറിഞ്ഞതേയില്ല. പക്ഷേ, സ്നേഹമുള്ളവരേ, ദൈവത്തിനറിയാമായിരുന്നു. ഇക്കഴിഞ്ഞ വലിയ ആഴ്ചയിലെ ക്രിസ്തു സംഭവങ്ങളെല്ലാം സങ്കടരാവുകളിൽ വിരിയുന്ന സന്തോഷത്തിന്റെ നക്ഷത്രങ്ങളുടെ കഥയല്ലേ നമ്മോട് പറയുന്നത്? സുവിശേഷത്തിന്റെ ഏറ്റവും മനോഹരമായ ഈ സത്യത്തെ, പ്രസവ വേദന പുതുസൃഷ്ടിയുടെ പുഞ്ചിരിക്കുവഴിമാറുന്ന പ്രകൃതി ദൃഷ്ടാന്തത്തിലൂടെ ഈശോ വിവരിക്കുന്നുണ്ട്. അധ്വാനിക്കുന്ന, മുട്ടിന്മേൽ നിന്ന് കണ്ണീരോടെ പ്രാർത്ഥിക്കുന്ന മാതാപിതാക്കളുടെ സഹനം, മക്കൾക്ക് സമ്പത്തും സുരക്ഷിതത്വവും നേടിക്കൊടുക്കുന്ന പോലെ, സന്തോഷമായി മാറുന്ന ഒത്തിരി അസ്വസ്ഥതകളുണ്ട് ഈ ഭൂമിയിൽ. ഒരുപാട് പ്രാതികൂല്യങ്ങളും, തിരസ്കരണങ്ങളും, അവഗണനകളും, തിരിച്ചടികളും, അനാവശ്യമെന്നു തോന്നുന്ന ബദ്ധപ്പാടുകളുമെല്ലാം കടന്നുവരുമ്പോൾ ഓർക്കുക, നമ്മുടെ ദൈവത്തിന്, ഉത്ഥിതനായ ക്രിസ്തുവിന് എന്റെ ജീവിതത്തെക്കുറിച്ചു നന്നായി അറിയാമെന്ന്.

അമേരിക്കയിലുള്ള കാലിഫോർണിയയിലെ കാടുകളിലുണ്ടാകുന്ന കാട്ടുതീയെപ്പറ്റി കേട്ടിട്ടില്ലേ? ഇടിമിന്നൽ, കല്ലുകൾ തമ്മിലോ, മരങ്ങൾ തമ്മിലോ ഉണ്ടാകുന്ന ഉരസലുകൾ, മനുഷ്യ നിർമിതമായ കാരണങ്ങൾ അങ്ങനെ ഒട്ടെറെ കാരണങ്ങളുണ്ടാകാം ഈ കാട്ടുതീയുടെ പുറകിൽ. പക്ഷേ, കത്തിത്തീരുന്നത് ഏക്കറുകളോളം പരന്നു കിടക്കുന്ന കാടുകളാണ്. കാണുമ്പോൾ നമുക്ക് അസ്വസ്ഥതയുണ്ടാകാം. എന്നാൽ, ഈ കാട്ടു തീയ്ക്കു പുറകിലും ദൈവം അത്ഭുതങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. കാട്ടുതീമൂലം അസ്വസ്ഥമായ കാടിനോടുപോലും ദൈവം പറയുന്നു: “അസ്വസ്ഥമാകേണ്ട നിങ്ങളുടെ ഹൃദയം. വിശ്വസിക്കുക, നിങ്ങളെ സംരക്ഷിക്കുന്ന ദൈവം ഞാനാകുന്നു.” എല്ലാറ്റിനെയും ദഹിപ്പിച്ചുകളയുന്ന കാട്ടുതീയ്ക്കിടയിലും ദൈവത്തിന്റെ പരിപാലനയുടെ കരം കാണുവാൻ ബുദ്ധിയുള്ള മനുഷ്യൻ തോൽക്കുമ്പോൾ എങ്ങനെയാണ് മരങ്ങൾക്കു അത് കഴിയുക?  

പക്ഷെ, പ്രകൃതി നമ്മെ പഠിപ്പിക്കുന്നത് ദൈവത്തിന്റെ പരിപാലനയുടെ, കരുണയുടെ വലിയ അത്ഭുതങ്ങളാണ്. കാലിഫോർണിയയിലെ കാടുകളിൽ കാട്ടുതീയാളുമ്പോൾ ദൈവം പലരീതിയിൽ കാടിനെ സംരക്ഷിക്കുന്നുണ്ട്. പുഷ്പിക്കുന്ന ചെടികൾ കത്തിയെരിയുമ്പോൾ അവയുടെ വേരുകളിലും, പച്ചപ്പരവതാനിപോലെ പരന്നുകിടക്കുന്ന പുല്ലുകളുടെ മണ്ണിനടിയിലുള്ള ഭാഗങ്ങളിലും ദൈവം വിത്തുകൾ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. എന്നാൽ, ഈ വിത്തുകൾക്ക് ജീവൻ കിട്ടണമെങ്കിൽ, പുതുമുള യുണ്ടാകണമെങ്കിൽ അവയ്ക്ക് മുകളിൽ തീയുടെ ചൂട് ആവശ്യമുണ്ട്. കാട്ടുതീ അവയ്ക്ക് ജീവൻ നൽകുന്ന ചൂടാണ്. ചില വന്മരങ്ങളുടെ കായകൾ വളരെ വലുതാണ്. അവയുടെ പുറംതോടുകൾ വളരെ കട്ടിയുള്ളതുമാണ്. മണ്ണിൽ വീണു കിടക്കുന്ന കായ്കളുടെ പുറംതോടുകൾ പൊട്ടാൻ സാധാരണ ചൂട് പോരാ.

തീ തന്നെ വേണം. തീയുടെ അസ്വസ്ഥതകൾക്കിടയിലും പുതുജീവനെ ഒളിപ്പിച്ചു വച്ചിരിക്കുകയാണ് ദൈവം. ഇനി, ചൂട് പിടിച്ച മണ്ണിനെയും ദൈവം പരിപാലിക്കുന്നുണ്ട്. തീയുടെ ചൂടുകൊണ്ട് വാടിയ വലിയ മരങ്ങളുടെ ഇലകൾ രണ്ടു ദിവസത്തിനുള്ളിൽ കൊഴിയാൻ തുടങ്ങും. അത് മണ്ണിനെ ഒരു പുതപ്പുപോലെ പൊതിയും, ആശ്വസിപ്പിക്കും. ഈ പുതപ്പിനുള്ളിൽ നിന്ന് പതുക്കെ പതുക്കെ, പുതുനാമ്പുകൾ പ്രത്യക്ഷപ്പെടും. അസ്വസ്ഥതകൾക്കിടയിലും അതുഭുതങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന ദൈവത്തെ കാണുവാൻ കണ്ണുകൾ തുറക്കാൻ നമുക്കാകണം. ദൈവമേ നിന്റെ ഈ വചനം മനസ്സിലാക്കാൻ പ്രകൃതി നൽകുന്ന ഈ സന്ദേശം മാത്രം മതി എന്നും പറഞ്ഞു ശിരസ്സുകുനിക്കുവാനാണ് എനിക്ക് തോന്നുന്നത്!

സ്നേഹമുള്ളവരേ, അസ്വസ്ഥമായ മനസ്സുകളാണ് നമുക്ക് ചുറ്റും. കണ്ണുതുറക്കാത്ത, കരയാനറിയാത്ത കളിമൺപ്രതിമകളോ ഈ ദൈവങ്ങൾ എന്ന് ആർക്കും ചോദിക്കാൻ തോന്നുന്ന വിധത്തിൽ കഷ്ടപ്പാടിലൂടെ മനുഷ്യൻ അനുദിനം നടന്നുപോകുകയാണ്. അവിടെയാണ് ക്രിസ്തു വചനം ഒരു വേനൽമഴയുടെ ആശ്വാസമായി നമ്മുടെ കാതിൽ വന്നലയ്ക്കുന്നതു:”മകളേ, മകനേ നിന്റെ ഹൃദയം അസ്വസ്ഥമാകേണ്ട.” ചരിത്രത്തിൽ ഒരു ദൈവവും ഇത്രയും സാന്ത്വനമേകുന്ന വാക്കുകൾ ഉച്ചരിച്ചിട്ടില്ല. വേദഗ്രന്ഥങ്ങളത്രയും പരതി നോക്കിക്കൊള്ളൂ, ഇത്രയും ആശ്വാസകരമായ, സുദൃഢമായ, അലിവേറിയ ഒരു സാന്ത്വനം ലോകം ശ്രവിച്ചിട്ടില്ല. അന്നത് ക്രിസ്തു നേരിട്ട് പറഞ്ഞെങ്കിൽ ഇന്നത് പല രൂപത്തിൽ, പലഭാവത്തിൽ നമ്മിലേക്കെത്തുന്നു എന്നുമാത്രം.

സാമൂഹ്യമാധ്യമങ്ങളിൽ “ആവർത്തിച്ചു ചൊല്ലേണ്ട സുകൃതജപം” എന്ന ടൈറ്റിലിൽ ഫാദർ ജെൻസൺ ലാ സലേറ്റ് എഴുതിയ കുറിപ്പിൽ ഒരു സംഭവം വിവരിച്ചിട്ടുണ്ട്.

നാലാമത്തെ കുഞ്ഞിന്റെ ഡെലിവറി ഡെയ്റ്റ് അടുത്തതോടെ അച്ചനറിയുന്ന ദമ്പതികൾക്ക് ടെൻഷനേറി.  ആശുപത്രി ചിലവിനുള്ള പണമില്ല. ചിലപ്പോൾ സിസേറിയൻ വേണ്ടി വരുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. വിഷമങ്ങൾ പറഞ്ഞ് ഫോൺ വിളിച്ചപ്പോൾ അച്ചൻ ഇങ്ങനെ മറുപടി നൽകി:

“നിങ്ങളുടെ നാലാമത്തെ കുഞ്ഞിനെ ദൈവം നൽകിയതാണെങ്കിൽ ആ കുഞ്ഞിന്റെ ആശുപത്രി ചിലവിനുള്ള പണം ദൈവം ക്രമീകരിക്കും. പിന്നെ, സിസേറിയനോ നോർമൽ ഡെലിവറിയോ എന്തുമാകട്ടെ, ദൈവേഷ്ടം നിറവേറാനും ആരോഗ്യത്തോടെയുള്ള കുഞ്ഞിനെ ലഭിക്കാനും വേണ്ടി പ്രാർത്ഥിക്കുക. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല.”

മൂന്നു ദിവസത്തിനു ശേഷം ആ ദമ്പതികൾ അച്ചനെ വിളിച്ചു:

”അച്ചാ…. നോർമൽ ഡെലിവറിയായിരുന്നു. ആരോഗ്യമുള്ള കുഞ്ഞിനെ ദൈവം നൽകി. അച്ചൻ പറഞ്ഞതുപോലെ ഞങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളും ക്രമീകരിക്കപ്പെട്ടു. ആശുപത്രിയിൽ അഡ്മിറ്റാകുന്നതിനുമുമ്പ് ഒരു സ്ത്രീ വന്ന് പതിനായിരം രൂപ ഏൽപിച്ചു. കുറേയധികം വീട്ടു സാധനങ്ങളും അവർ വാങ്ങിത്തന്നു. ഞങ്ങളെ സഹായിക്കണമെന്ന് അവരെ ദൈവം തോന്നിപ്പിച്ചത്രെ! നമ്മൾ ആഗ്രഹിച്ചു പ്രാർത്ഥിച്ചാൽ എത്ര വലിയ പ്രതിസന്ധിയിലും ദൈവം ഇടപെടുമെന്ന് ഞങ്ങൾക്കുറപ്പായി…”

ഈ സംഭവം വിവരിച്ചതിനുശഷം ആ കുറിപ്പിൽ അച്ചൻ എഴുതിയത് ഇങ്ങനെയാണ്: “പ്രതിസന്ധികൾക്കു പിറകേ അദ്ഭുതങ്ങൾ അയക്കുന്നവനാണ് നമ്മുടെ ദൈവം.”  

ഇന്ന് അസ്വസ്ഥമായ മനസ്സോടെ ഈ ദേവാലയത്തിൽ വന്നിരിക്കുന്ന സഹോദരീ, സഹോദരാ, നിന്നോടാണ് ഈശോ പറയുന്നത്, “നിങ്ങളുടെ ഹൃദയം സ്വസ്ഥമാകേണ്ട.” കൊടുങ്കാറ്റിനുസമം നമ്മെ, നമ്മുടെ ജീവിതത്തെ കശക്കിയെറിയുന്ന അസ്വസ്ഥതകൾ രോഗങ്ങളുടെ രൂപത്തിൽ, ദുരന്തങ്ങളുടെ, പട്ടിണിയുടെ, ദാരിദ്ര്യത്തിന്റെ, നാണക്കേടുകളുടെ, കുറവുകളുടെ, തോൽവികളുടെ രൂപത്തിൽ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും. എന്നാൽ, ഇവയ്ക്കിടയിലും നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടയെന്നും, നിങ്ങളുടെ രക്ഷയ്ക്കായി നിങ്ങളോടൊപ്പം ഞാനുണ്ട് എന്നും പറയുന്ന ഉത്ഥിതനായി ഇന്നും ജീവിക്കുന്ന കർത്താവായ ഈശോയിൽ ഉറച്ചു വിശ്വസിക്കുവാൻ നിനക്ക് സാധിക്കുമോ എന്നതാണ് യഥാർത്ഥ ചോദ്യം.

ഇക്കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത് അയച്ചുതന്ന ഒരു സന്ദേശം പങ്കുവയ്ക്കട്ടെ. ഇത് ഒരു കഥയല്ല. നമ്മെ വിസ്മയഭരിതമാക്കുന്ന ഒരു ജീവിതാനുഭവമാണ്. ബ്രിൻഡ എന്ന് പേരുള്ള പർവതാരോഹകയായ ഒരു പെൺകുട്ടി ഒരുനാൾ കൂട്ടുകാർക്കൊപ്പം ഒരു ഗ്രാനൈറ്റ് കൊടുമുടി കയറിക്കൊണ്ടിരിക്കുകയായിരുന്നു. പകുതിദൂരം കയറിക്കഴിഞ്ഞപ്പോഴാണ് യാദൃശ്ചികമായി അത് സംഭവിച്ചത്. കാഴ്ച്ച അവ്യക്തമാകുന്നു. കണ്ണിനുള്ളിൽ ധരിച്ചിരുന്ന കോൺടാക്ട് ലെൻസ് എങ്ങനെയോ ഇളകി താഴെ പോയതാണ് കാരണം.

ഒരുവിധത്തിൽ കൂട്ടുകാരുടെ സഹായത്തോടെ മുകളിലെത്തി. അവൾ ആകെ സങ്കടത്തിലായി. വിലപിടിപ്പുള്ള കോൺടാക്ട് ലെൻസ് ആണ് നഷ്ടപ്പെട്ടിരിക്കുന്നത്. തന്നെയുമല്ല മങ്ങിയ കാഴ്ചയുമായി എങ്ങനെ തിരിച്ചിറങ്ങും? വളരെ നേർത്ത ആ ലെൻസ് ഇനി എങ്ങനെ തിരികെ കിട്ടാനാണ്? അവൾ കരഞ്ഞു തുടങ്ങി. ചെറുപ്പം മുതലേ, വലിയ ദൈവവിശ്വാസിയായിരുന്നു ബ്രിൻഡ. അവളുടെ മനസ്സിലേക്ക് ബൈബിളിലെ ഒരു വചനം ഓർമവന്നു. “തന്റെ മുൻപിൽ നിഷ്കളങ്കരായി വർത്തിക്കുന്നവർക്കുവേണ്ടി ശക്തി പ്രകടിപ്പിക്കുവാൻ കർത്താവിന്റെ ദൃഷ്ടികൾ ഭൂമിയിലുടനീളം പായുന്നു.” (2 ദിനവൃത്താന്തം 16, 9) അവൾ ആ കൊടുമുടിയുടെ മുകളിൽ മുട്ടുകുത്തി വിശ്വാസത്തോടെ ഇങ്ങനെ പ്രാർത്ഥിച്ചു: “എല്ലാം കാണുന്ന എല്ലാം അറിയുന്ന, പരമകാരുണികനായ ദൈവമേ, എന്റെ കോൺടാക്ട് ലെൻസ് വളരെ ചെറിയ ഒരു വസ്തു ആണെങ്കിൽകൂടി അങ്ങയുടെ കണ്ണിൽ നിന്നും അത് മറഞ്ഞിരിക്കുന്നില്ലല്ലോ? അത് എനിക്ക് കണ്ടെത്തി തിരികെ തരിക എന്നുള്ളത് അങ്ങേക്ക് അസാധ്യ മല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.”

പ്രാർത്ഥനക്കു ശേഷം സുഹൃത്തുക്കളുടെ സഹായത്തോടെ അവൾ തിരിച്ചിറങ്ങാൻ തുടങ്ങി. ഇറങ്ങുന്ന വഴിക്കു അവർ കൊടുമുടി കയറുന്ന മറ്റൊരു ഗ്രൂപ്പിനെ കണ്ടുമുട്ടി. അവരിൽ ഒരാൾ ചോദിച്ചു: “ഈ കോൺടാക്ട് ലെൻസ് നിങ്ങൾ ആരുടെയെങ്കിലും ആണോ?” ബ്രിൻഡ വിസ്മയത്തോടെ പറഞ്ഞു: ” അതെ, ഇത് എന്റേതാണ്. നിങ്ങൾക്ക് ഇതെങ്ങനെ കിട്ടി?” “ഞാൻ കയറിവരുമ്പോൾ ഒരു കൊച്ചുറുമ്പ് ഇത് ചുമലിൽ ഉയർത്തി പിടിച്ചു നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു. മുന്നോട്ട് കയറിപ്പോയ ആരുടെയെങ്കിലും ആകാമെന്ന് കരുതി ഞാനതു എടുത്തു. ” ആ മനുഷ്യൻ പറഞ്ഞു.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതം, ജീവിതസാഹചര്യങ്ങൾ കാണാതെ പോകുന്നവനല്ല നമ്മുടെ ദൈവം. ഒരു കുഞ്ഞുറുമ്പിനെപ്പോലും അവിടുന്ന് നമുക്കുവേണ്ടി ഉപകരണമാക്കിയേക്കാം. വിശ്വാസത്തോടെ ജീവിതസാഹചര്യങ്ങളിൽ ദൈവത്തിന്റെ മുൻപിൽ നിൽക്കാൻ നമുക്കാകണം. ഇന്നത്തെ ദൈവവചനം പറയുന്നപോലെ, വിശ്വസിച്ചുകൊണ്ട് ക്രിസ്തുവിന്റെ നാമത്തിൽ ചോദിക്കുന്നതെല്ലാം, പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി ക്രിസ്തു നമ്മുടെ ജീവിതത്തിൽ, ഈ ലോകത്തിൽ ചെയ്തു തരും. ഗബ്രിയേൽ ദൈവദൂതനിലൂടെ സ്വർഗം നമ്മെ അറിയിച്ചതെന്താണ്? “ദൈവത്തിന് അസാധ്യമായി ഒന്നുമില്ല.” അവിടുന്ന് കരുണകാണിച്ചാൽ എത്ര വലിയ അടിമത്വങ്ങളിൽ നിന്നും നാം സ്വാതന്ത്രരാകും. അവിടുന്ന് കല്പിച്ചാൽ നമ്മുടെ ജീവിതത്തിലെ ചെങ്കടലുകൾ വിഭജിക്കപ്പെടും. അവിടുന്ന് ഇടപെട്ടാൽ പാറപോലെയുള്ള നമ്മുടെ പ്രശ്നങ്ങൾ തകർക്കപ്പെട്ട് ദൈവകൃപയുടെ, സൗഖ്യത്തിന്റെ ജലമൊഴുകും. അവിടുന്ന് മനസ്സാകുമ്പോൾ നമ്മുടെ ജീവിതങ്ങളിൽ മന്നാ വർഷമുണ്ടാകും. അവിടുന്ന് കല്പിച്ചാൽ ഇളകിമറിയുന്ന നമ്മുടെ ഹൃദയങ്ങൾ ശാന്തമാകും. അവിടുത്തെ സാന്നിധ്യമുണ്ടായാൽ നമ്മുടെ ഭവനങ്ങൾ രക്ഷപ്രാപിക്കും.

സമാപനം

ജെറമിയാ പ്രവാചകനിലൂടെ ദൈവത്തിന്റെ വചനം പറയുന്നു: ” എന്നെ വിളിക്കുക, ഞാൻ മറുപടി നൽകും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങൾ ഞാൻ നിനക്ക് വെളിപ്പെടുത്തും.” (33 ,3) നമ്മുടെ ഉള്ളിൽ ഭയത്തിന്റെ, അസ്വസ്ഥതയുടെ മലവെള്ളപ്പാച്ചിൽ ഉണ്ടാകുമ്പോൾ ഓർക്കുക ക്രിസ്തുവിന്റെ വചനം: നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ … എന്നിലും വിശ്വസിക്കുവിൻ. ഞാനാകുന്നു വഴിയും സത്യവും ജീവനും……’

നമ്മുടെ കുടുംബത്തെ, നമ്മെ ഓരോരുത്തരെയും നമ്മുടെ ജീവിതത്തെയും, നമ്മുടെ അസ്വസ്ഥതകളെയും ഈ ബലിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കാം.

അസ്വസ്ഥതയില്ലാത്ത, സമാധാനം നിറഞ്ഞ ഒരു ജീവിതം ക്രിസ്തു നമുക്ക് നൽകട്ടെ. ആമേൻ!

SUNDAY SERMON JN 20, 19-29

ഉയിർപ്പുകാലം രണ്ടാം ഞായർ

പുതു ഞായർ 2023

യോഹന്നാൻ 20, 19-29

സന്ദേശം

കർത്താവായ ഈശോയുടെ ഉത്ഥാനത്തിരുനാളിനുശേഷം വരുന്ന ഞായറാഴ്ച, പുതുഞായറാഴ്ചയായി ആചരിക്കുന്ന പാരമ്പര്യം ഇന്നും, ആഘോഷത്തിന്റെ പൊലിമ ഒട്ടും കുറഞ്ഞുപോകാതെ, നാം പിന്തുടരുന്നു എന്നത് അഭിമാനകരമാണ്. കേരളത്തിലെ മലയാറ്റൂർ പോലെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിലെ ഭക്തജനത്തിരക്ക് ക്രൈസ്തവ വിശ്വാസം സജീവമായി നിൽക്കുന്നു എന്നതിന്റെ സൂചനയായിക്കാണാവുന്നതാണ്.

ഈസ്റ്ററിനുശേഷമുള്ള എട്ടുദിവസങ്ങളെ Octave of Easter ആയി പാശ്ചാത്യ ക്രൈസ്തവസഭകൾ വിശേഷിക്കുമ്പോൾ, “പ്രകാശമുള്ള ആഴ്ച്ച” (Bright Week) ആയിട്ടാണ്   പൗരസ്ത്യ ക്രൈസ്തവസഭകൾ ഈ എട്ടുദിവസങ്ങളെ കാണുന്നത്. ഉയിർപ്പുകാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ച പാശ്ചാത്യ ക്രൈസ്തവ പാരമ്പര്യത്തിൽ “ദൈവിക കരുണയുടെ ഞായറും” (Divine Mercy Sunday) പൗരസ്ത്യ ക്രൈസ്തവ പാരമ്പര്യത്തിൽ “പുതു ഞായറും” (New Sunday), “നവീകരണ ഞായറും” (Renewal Sunday) “തോമസ് ഞായറു” (Thomas Sunday) മാണ്.   

ഈ ഞായറാഴ്ചയുടെ പേരുകൾ പലതാണെങ്കിലും, ഈശോമിശിഹായുടെ ഉയിർപ്പിനുശേഷം വരുന്ന ഞായറാഴ്ചയുടെ പ്രത്യേകത, ഉദ്ദേശ്യം, സുവിശേഷത്തിലെ വിശുദ്ധ തോമാശ്ലീഹായെപ്പോലെ എന്റെ കർത്താവേ, എന്റെ ദൈവമേ എന്നും പറഞ്ഞുകൊണ്ട് ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം ഏറ്റുപറയുകയാണ്.  ഇതിൽ കൂടുതൽ മറ്റൊരു സന്ദേശവും ഇന്നത്തെ സുവിശേഷഭാഗം നമുക്ക് നൽകുന്നില്ല. ഒന്ന്, നമ്മുടെ ജീവിതസാഹചര്യങ്ങളിൽ മഴയായാലും വെയിലായാലും ക്രിസ്തുവിനെ എന്റെ കർത്താവും എന്റെ ദൈവവും എന്ന് ഏറ്റുപറയണം. രണ്ട്, നമ്മുടെ ക്രിസ്തുസാക്ഷ്യജീവിതംവഴി മറ്റുള്ളവരെ ക്രിസ്തുവിലേക്ക് നയിക്കണം. നമ്മുടെ ക്രിസ്തുസാക്ഷ്യജീവിതംവഴി മറ്റുള്ളവരെ ക്രിസ്തുവിനെക്കുറിച്ചുള്ള സംശയത്തിലേക്കല്ല, ക്രിസ്തുവിനെ ഏറ്റുപറയുന്ന വിശ്വാസത്തിലേക്ക് കൊണ്ടുവരുവാൻ നമുക്കാകണം. അത്രമേൽ ശക്തവും മനോഹരവുമാക്കണം നമ്മുടെ ക്രിസ്തുസാക്ഷ്യജീവിതം, നമ്മുടെ ക്രൈസ്തവജീവിതം.

വ്യാഖ്യാനം

കണിക്കൊന്ന പൂത്തു നിൽക്കുന്നപോലെ മനോഹരമായ ഒരു ദൃശ്യവിരുന്നാണ് ഇന്നത്തെ സുവിശേഷത്തിൽ ഈശോ നമുക്കായി ഒരുക്കിയിരിക്കുന്നത്. ഇവിടെ വിശുദ്ധ തോമസിനെ “സംശയിക്കുന്ന തോമാ”യായി (Doubting Thomas), “അവിശ്വസിക്കുന്ന തോമസാ”യി അവതരിപ്പിക്കുന്നുണ്ടെങ്കിലും, ശ്ലീഹന്മാരിലൊരുവനും, ഭാരതത്തിന്റെ അപ്പസ്തോലനും, നമ്മുടെ ക്രൈസ്തവ വിശ്വാസത്തിന്റെ പിതാവുമായ വിശുദ്ധ തോമാശ്ലീഹായുടെ ശക്തമായ ക്രിസ്തു സാക്ഷ്യം തന്നെയാണ് ഇന്നത്തെ സുവിശേഷത്തിന്റെ പ്രതിപാദ്യവിഷയം.

ധാരാളം സംഭവങ്ങൾ സുവിശേഷം ഇവിടെ നമുക്കായി കോർത്തുവച്ചിട്ടുണ്ട്. വായിച്ചു തുടങ്ങുമ്പോൾ ക്യാമറ ഫോക്കസ് ചെയ്യുന്നത് (ആഴ്ചയുടെ ആദ്യദിവസം) ഈശോ ശിഷ്യർക്ക് പ്രത്യക്ഷപെടുന്നതിലേക്കാണ്. അതോട് ചേർന്നുള്ള സീൻ തോമസ് അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല എന്നതാണ്. ആദ്യത്തെ സീൻ വെറുതെ വായിച്ചു വിടരുത്. എന്തൊക്കെയാണ് ഈശോ ശിഷ്യരുടെ മുൻപിൽ അവതരിപ്പിച്ചത്? അവിടുന്ന് അവർക്കു സമാധാനം നൽകുന്നു. തന്റെ കൈകളും പാർശ്വവും കാണിക്കുന്നു. അവർക്ക് ദൗത്യം നൽകുന്നു. ആ ദൗത്യം പൂർത്തീകരിക്കുവാനായി പരിശുദ്ധാത്മാവിനെ കൊടുക്കുന്നു. പാപങ്ങൾ ക്ഷമിക്കുവാനും, ബന്ധിതരെ മോചിപ്പിക്കുവാനും അനുഗ്രഹം നൽകുന്നു. ചുരുക്കിപ്പറഞ്ഞാൽ, പിന്നീട് സംഭവിക്കേണ്ട എല്ലാ കാര്യങ്ങളും ആദ്യദിനം തന്നെ, ആദ്യ പ്രത്യക്ഷീകരണത്തിൽ (Apparition) തന്നെ നൽകുകയാണ്. അവിടുന്ന് ശിഷ്യരെ ഒരുക്കുകയാണ്, ശക്തിപ്പെടുത്തുകയാണ്. താൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നുവെന്നു അവരെ ബോധ്യപ്പെടുത്തുകയാണ്, ക്രിസ്തുവിന്റെ സുവിശേഷം തുടരുകയാണെന്ന് അവരെ അറിയിക്കുകയാണ്. വചനം പറയുന്നു, “കർത്താവിനെ കണ്ട ശിഷ്യന്മാർ സന്തോഷിച്ചു ” എന്ന്.

തോമസ് തിരികെ വരുമ്പോൾ അദ്ദേഹത്തിനോട് ശിഷ്യന്മാർ പറയുകയാണ്, “ഞങ്ങൾ ക്രിസ്തുവിനെ കണ്ടു.” അപ്പോൾ, തോമസ് പറഞ്ഞു, “ഞാനിതു വിശ്വസിക്കുകയില്ല”. തോമസിന്റെ ഈ പ്രഖ്യാപനം വായിച്ച നാം ഉടനെ വിധി പ്രസ്താവിച്ചു: ‘ദേ തോമസ് സംശയിക്കുന്നു, ഇവൻ സംശയിക്കുന്ന തോമായാണ്, അവിശ്വാസിയായ തോമായാണ്.’  എന്നാൽ പ്രിയപ്പെട്ടവരേ, “ഞങ്ങൾ കർത്താവിനെ കണ്ടു” എന്ന് മറ്റു ശിഷ്യന്മാർ പറഞ്ഞപ്പോൾ തോമസിന്റെ മനസ്സിൽ ഉയർന്ന ചോദ്യങ്ങളും ചോദ്യചിഹ്നങ്ങളും നമ്മൾ കണ്ടില്ല. ഉത്ഥിതനായ കർത്താവിനെക്കണ്ടിട്ടും, യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യന്മാരെ കണ്ടപ്പോൾ അദ്ദേഹം തന്റെ മനസ്സിൽ കോറിയിട്ട ആശ്ചര്യചിഹ്നങ്ങൾ നമ്മൾ വായിച്ചില്ല. ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടിട്ടും മുറിയുടെ മൂലയിലിരുന്ന്, ഞാൻ കർത്താവിനെ തള്ളിപ്പറഞ്ഞല്ലോയെന്നു ഒപ്പാര് പറഞ്ഞു കരയുന്ന പത്രോസിനെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകുന്നത് കണ്ടപ്പോൾ എന്തുകൊണ്ട് എന്ന് നമ്മൾ അന്വേഷിച്ചില്ല. വിപ്ലവം പറഞ്ഞു തിളയ്ക്കുന്ന തീവ്രവാദിയായ ശിമയോനെയും, വീണ്ടും ചുങ്കം പിരിക്കുവാൻ ഒരുങ്ങുന്ന മത്തായിയേയും കണ്ടപ്പോൾ തോമസിന്റെ കണ്ണുകളിൽ വിടർന്ന വിസ്മയത്തിന്റെ പൊരുളറിയാൻ നാം ശ്രമിച്ചില്ല.

എന്നിട്ട്, തോമസ് പറഞ്ഞ മറുപടി കേട്ടപാതി, കേൾക്കാത്ത പാതി നാം വിധി പ്രസ്താവിച്ചു, ക്രിസ്തുവിനെ സംശയിക്കുന്നുവെന്ന്, തോമസിന് ക്രിസ്തുവിൽ വിശ്വാസമില്ലായെന്ന്!!!!

പ്രിയപ്പെട്ടവരേ, തോമസ് ആരെയാണ് സംശയിച്ചത്? ആരെയാണ് അവിശ്വസിച്ചത്? ഉത്ഥിതനായ ക്രിസ്തുവിനെയാണോ സംശയിച്ചത്? മരിച്ചവരുടെ ഇടയിൽ നിന്ന്, അരുളിച്ചെയ്തതുപോലെ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെയാണോ അവിശ്വസിച്ചത്? വിശുദ്ധ തോമാശ്ലീഹാ സംശയിച്ചത് ക്രിസ്തുവിലല്ല; വിശുദ്ധ തോമാശ്ലീഹാ അവിശ്വസിച്ചതു ക്രിസ്തുവിനെയല്ല. മറിച്ച്, ഉത്ഥാനം ചെയ്ത ക്രിസ്തുവിനെക്കണ്ടിട്ടും, പേടിച്ചു മുറിയിൽ അടച്ചിരുന്ന, ഭയത്തോടെ ഒളിച്ചിരുന്ന ശിഷ്യന്മാരുടെ ജീവിതം കണ്ടിട്ട്, ഞാൻ മീൻ പിടിക്കാൻ പോകുന്നുവെന്നും പറഞ്ഞു വീണ്ടും പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ ഒരുങ്ങുന്ന പത്രോസിന്റെയും ശിഷ്യരുടേയും ജീവിത സാക്ഷ്യം കണ്ടിട്ട് അവർ പറഞ്ഞത് അതേപടി വിശ്വസിക്കുവാൻ എങ്ങനെയാണ് തോമസിന് കഴിയുക?  ക്രിസ്തു ഉത്ഥിതനായി എന്ന്, സന്തോഷമായ, പ്രത്യാശ നിറഞ്ഞ, ധൈര്യം പകരുന്ന, ക്രിസ്തു ഉത്ഥിതനായി എന്ന് പറയുമ്പോഴും പേടിച്ചിരിക്കുന്ന ശിഷ്യന്മാരെ കണ്ടപ്പോൾ തോമസിന് സംശയമായി. ശരി തന്നെയാ. അദ്ദേഹം തന്നോട് തന്നെ ചോദിച്ചു: “ഇവർ യഥാർത്ഥത്തിൽ ക്രിസ്തുവിനെ കണ്ടുവോ?” പ്രകാശം മാത്രമായ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ട ശേഷവും എന്തുകൊണ്ടാണ് ഇവർ ഇരുട്ടിൽത്തന്നെ ഇരിക്കുന്നത്? പ്രത്യാശമാത്രമായ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടശേഷവും എന്തുകൊണ്ടാണ് ഇവർ വീണ്ടും നിരാശരായി ഇരിക്കുന്നത്? ഇല്ല, ഇവർ ഉത്ഥിതനെ കണ്ടിട്ടില്ല. തോമസ് ഉടനടി തന്റെ നിലപാട് അറിയിച്ചു:

“അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും, അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ല.”” (യോഹ 20, 26) നിങ്ങളാണെങ്കിലും ഞാനാണെങ്കിലും ഇങ്ങനെയല്ലേ ചിന്തിക്കൂ…

പ്രിയപ്പെട്ടവരേ, ഉത്ഥിതനായ ക്രിസ്തുവിനെ കണ്ട ശിഷ്യന്മാരാണ് തോമസിനെ സംശയാലുവാക്കിയത്. ഉത്ഥിതനായ ക്രിസ്തുവിനെ കണ്ട ശിഷ്യന്മാർ തന്നെയാണ് അവരെ അവിശ്വസിക്കുവാൻ തക്ക രീതിയിൽ പെരുമാറിയത്. അവരുടെ വൈരുധ്യം നിറഞ്ഞ ജീവിതമാണ് തോമസിനെ സംശയാലുവാക്കിയത്. എന്താ നിങ്ങൾക്ക് സംശയമുണ്ടോ?

എട്ടു ദിവസങ്ങൾക്കുശേഷം ഈശോ ശിഷ്യന്മാർക്ക് വീണ്ടും പ്രത്യക്ഷപെടുകയാണ്. വചനം പറയുന്ന പോലെ തോമസും കൂട്ടത്തിലുണ്ട്.  അവരുടെയിടയിലേക്കു കടന്നുവന്ന ഈശോ തോമസിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് ഈശോ തോമസിനോട് പറഞ്ഞു: ‘തോമസേ, ദേ നോക്ക് …എന്റെ മുറിവുകൾ കാണ് …നിന്റെ കൈ കൊണ്ടുവന്ന് എന്റെ പാർശ്വത്തിൽ വയ്ക്ക് …! തോമസ് അങ്ങനെ അന്തംവിട്ട് നിൽക്കുകയാണ്. അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. ഈശോയുടെ അടുത്തേക്ക് പോകാതെ അവിടെ മുട്ടുകുത്തി അദ്ദേഹം. എന്നിട്ട് ആകാശം കേൾക്കുമാറുച്ചത്തിൽ, ഈ സൃഷ്ടപ്രപഞ്ചം കുലുങ്ങുമാറുച്ചത്തിൽ തന്റെ സർവ ശക്തിയുമെടുത്തു അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു: “എന്റെ കർത്താവേ, എന്റെ ദൈവമേ…!” ആ വിശ്വാസ പ്രഖ്യാപനത്തിൽ സ്വർഗം സന്തോഷിച്ചിട്ടുണ്ടാകണം! ഭൂമി കോരിത്തരിച്ചിട്ടുണ്ടാകണം! അന്നുവരെ കേൾക്കാൻ കഴിയാതിരുന്ന ഒരു വിശ്വാസ പ്രഘോഷണം കേട്ട് സൂര്യചന്ദ്രനക്ഷത്രാദികൾ നിശ്ചലമായി നിന്നിട്ടുണ്ടാകണം!  ആ മുറിവുകൾ പരിശോധിക്കാൻ അദ്ദേഹം പോയില്ല…അവിടുത്തെ പാർശ്വത്തിൽ സ്പർശിക്കാനും പോയില്ല. കാരണം, അവനോടുകൂടെ നമുക്കും പോയി മരിക്കാം എന്നുപറഞ്ഞവന് അറിയാമായിരുന്നു ക്രിസ്തു ഉത്ഥിതനായി എന്ന്. അവനോടുകൂടെ മൂന്നുവർഷം നടന്ന തോമസിന് അറിയാമായിരുന്നു, മാനവകുലത്തിന്റെ വഴിയായ ക്രിസ്തു, ജീവനായ ക്രിസ്തു, സത്യമായ ക്രിസ്തു ഉത്ഥിതനായി എന്ന്, ഇന്നും ജീവിക്കുന്ന ദൈവമാണ് എന്ന്. പകരം വയ്ക്കാനാകാത്ത ക്രിസ്തു സാക്ഷ്യത്തിന്റെ ആൾരൂപമാണ്‌ പ്രിയപ്പെട്ടവരേ വിശുദ്ധ തോമാശ്ലീഹാ!

ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടു എന്ന് അവകാശപ്പെട്ട ശിഷ്യന്മാരല്ലേ യഥാർത്ഥത്തിൽ തോമസിനെ, ചരിത്രം പറയുന്ന സംശയിക്കുന്ന തോമായാക്കി മാറ്റിയത്? നാമല്ലേ, നമ്മുടെ ക്രിസ്തു ഇല്ലാത്ത ക്രൈസ്തവ ജീവിതമല്ലേ ഈ ലോകത്തിൽ, നമ്മുടെ ഇടവകയിൽ, കുടുംബത്തിൽ സംശയിക്കുന്ന തോമമാരെ സൃഷ്ടിക്കുന്നത്?

ഉത്ഥിതനായ ക്രിസ്തുവിനെ കാണാതെ, അവിടുത്തെ തിരുമുറിവുകളിലെ സ്നേഹത്തെ അനുഭവിക്കാതെ വിശ്വസിക്കുകയില്ലായെന്ന് പറയുന്ന തോമസ് ഈ കാലഘട്ടത്തിന്റെ പ്രതിനിധിയാണ്. ഇന്നത്തെ ക്രൈസ്തവജീവിതങ്ങളിലെ വൈരുധ്യങ്ങൾ, ഇന്നത്തെ ജീർണത ബാധിച്ച ക്രൈസ്തവസാക്ഷ്യങ്ങളിലെ പുഴുക്കുത്തുകൾ, ക്രിസ്തു ഇന്നും ജീവിക്കുന്ന ദൈവമാണോ എന്ന് സംശയിക്കുവാൻ, അക്രൈസ്തവരെ, സാധാരണ ക്രൈസ്തവരെ  പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അതിനു ആരെ കുറ്റപ്പെടുത്തണം? ക്രിസ്തുവിനെ അറിഞ്ഞ, മാമോദീസ, കുമ്പസാരം, വിശുദ്ധ കുർബാന, സ്ഥൈര്യലേപനം, രോഗീലേപനം, പൗരോഹിത്യം, വിവാഹം എന്നീ കൂദാശകൾ സ്വീകരിക്കുന്ന, അവിടുത്തെ ഓരോ വിശുദ്ധ കുർബാനയിലും അനുഭവിക്കുന്ന ക്രൈസ്തവരായ നമ്മെയോ അതോ ക്രിസ്തുവിനെ അറിയാത്ത അക്രൈസ്തവരെയോ? നാം തന്നെയല്ലേ കാരണക്കാർ? ഉത്ഥിതനായ ക്രിസ്തുവിന്റെ സ്നേഹ സാന്നിധ്യം, രക്ഷാകര സാന്നിധ്യം ആഘോഷിക്കുന്ന വിശുദ്ധ കുർബാനയെച്ചൊല്ലി ക്രൈസ്തവർ വഴക്കടിക്കുമ്പോൾ എങ്ങനെയാണ് അക്രൈസ്തവർ ക്രിസ്തുവിൽ വിശ്വസിക്കുക? അവരെ നാം സംശയിക്കുന്ന തോമ്മമാർ ആക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണക്കാർ നമ്മൾ തന്നെയല്ലേ? ചിന്തിച്ചു നോക്കണം. ചിന്തിച്ചുനോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  എന്തുകൊണ്ടാണ് ഇന്നും ഭാരതത്തിൽ നാം വെറും 2.3 ശതമാനം മാത്രമായി ന്യൂനപക്ഷങ്ങളാകുന്നു? വിശുദ്ധ തോമാശ്ലീഹായുടേതുപോലുള്ള ശക്തമായ ക്രൈസ്തവ സാക്ഷ്യം നൽകുന്നതിൽ നാം ഒരു പരിധിവരെ പരാജയപ്പെടുന്നില്ലേയെന്ന് സമ്മതിക്കാൻ ഇനിയും നാം മടിക്കരുത്.

ആ പരാജയമല്ലേ ക്രൈസ്തവരെ ഒറ്റയായും, കൂട്ടത്തോടെയും ആക്രമിക്കാൻ ക്രിസ്തുവിന്റെ ശത്രുക്കൾക്ക് ധൈര്യം നൽകുന്നത്? ക്രൈസ്തവ വിശ്വാസത്തെ വളഞ്ഞിട്ട് ആക്രമിക്കുന്ന ഒരു ശൈലി ക്രിസ്തുവിന്റെ ശത്രുക്കൾ ലോകത്തെമ്പാടും, നമ്മുടെ ഭാരതത്തിലും, എന്തിന് ക്രൈസ്തവവിശ്വാസത്തിന്റെ ഉരുക്കുകോട്ട എന്നറിയപ്പെടുന്ന നമ്മുടെ കേരളത്തിലും പിന്തുടരുന്നു എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്തുവിനുവേണ്ടി മരിച്ചുവീഴുന്ന ക്രൈസ്തവരുടെ എണ്ണം, ആക്രമിക്കപ്പെടുന്ന ദൈവാലയങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. യൂറോപ്പിന്റെ ക്രൈസ്തവ അന്തരീക്ഷത്തിനുമേൽ മുഴങ്ങുന്ന “അശാന്തിയുടെ ബാങ്കുവിളികൾ” ക്രിസ്ത്യാനികളെ ഭയപ്പെടുത്തുന്നുണ്ട്. ഭാരതത്തിന്റെ വിവിധഭാഗങ്ങളിൽ വർഗീയവാദികൾ ക്രൈസ്തവരെ ശ്വാസംമുട്ടിക്കുന്നുണ്ട്. ദൈവാലയങ്ങളും, സ്കൂളുകളും ആക്രമിക്കപ്പെടുന്നുണ്ട്.

പറഞ്ഞു പഴകിയതാണെങ്കിലും മതപരിവർത്തനമെന്ന ആക്ഷേപം ഇന്നും അവർ ഉയർത്തുന്നുണ്ട്; അതിനെ ഏറ്റുപിടിക്കാൻ വർഗീയവാദികൾക്ക് അണികളുമുണ്ട്. ഉത്തരേന്ത്യയിലെ ക്രൈസ്തവ സഹോദരങ്ങളുടെ കൂട്ടക്കരച്ചിലുകൾ, ഇങ്ങു കേരളത്തിലെത്തുമ്പോഴേയ്ക്കും വെറും മൂളലുകൾ ആകുന്നത് കണ്ട് ശരാശരി ക്രൈസ്തവന്റെ നെഞ്ചുതകരുന്നുണ്ട്.  മുസ്ലീങ്ങൾക്ക് ഭൂരിപക്ഷമുള്ള മേഖലകളിൽ ഇപ്പോൾ തന്നെ മറ്റു മതസ്ഥരെ ആട്ടിയോടിക്കുന്ന രാഷ്ട്രീയം അവർ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. ചില സ്ഥലങ്ങളിലെ കലണ്ടറുകളിൽ നിന്ന് ക്രിസ്തുമസും, ദുഃഖവെള്ളിയും ഈസ്റ്റർ ഞായറുമൊക്കെ അപ്രത്യക്ഷമായിരിക്കുന്നുവെന്നത് സാക്ഷരകേരളത്തിന് അപമാനമാണ്; ക്രൈസ്തവർക്ക് നാണക്കേടുമാണ്. 

ഇന്നത്തെ നമ്മുടെ ക്രൈസ്തവ വിശ്വാസ ജീവിത സാഹചര്യങ്ങളിൽ പുതുഞായറിന്റെ സുവിശേഷ സന്ദേശത്തിന്റെ പ്രസക്തി വളരെ വലുതാണ്. വിശുദ്ധ തോമാശ്ലീഹായെപ്പോലെ ക്രിസ്തുവിനെ “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന് ഏറ്റുപറയുന്ന ക്രൈസ്തവ വിശ്വാസം എന്തുമാത്രം ശക്തമാക്കുന്നുവോ, അത്രമാത്രമേ ക്രൈസ്തവരുടെ നേർക്കുള്ള ആക്രമണം കുറഞ്ഞുവരികയുള്ളു. വിശ്വാസത്തെ ശക്തിപ്പെടുത്തുകയാണ്, ക്രിസ്തു സാക്ഷ്യത്തെ മനോഹരമാക്കുകയാണ് ഏകപോംവഴി! അല്ലാതെ “സന്ദർശന രാഷ്ട്രീയത്തിന്റെ” പുറകെപ്പോകുന്നത് ക്രൈസ്തവ വിശ്വാസത്തെ ഒറ്റിക്കൊടുക്കലായിപ്പോകുമെന്നത് ചരിത്രം പഠിപ്പിക്കുന്ന സത്യമാണ്. വളർത്തിക്കൊല്ലുന്ന വർഗീയ രാഷ്ട്രീയത്തിനെതിരെ ജാഗ്രത പുലർത്തുകയാണ് വേണ്ടത്. വിശ്വാസത്തെ ശക്തിപ്പെടുത്തുകയാണ് കർമ്മമെന്നറിയുകയാണ് വേണ്ടത്!!

“നായ്ക്കോലം കെട്ടിയാൽ കുരച്ചേ തീരണം” എന്ന് കാർന്നോന്മാർ പറയും. എന്നെങ്കിലും, എപ്പോഴെങ്കിലും നായ്‌ക്കോലം കെട്ടുകയാണെങ്കിൽ കുരയ്ക്കണം നിങ്ങൾ! അതിന്റെ സ്വഭാവം കാണിയ്ക്കണം. അപ്പോൾ നിങ്ങൾ ഒരു ക്രൈസ്തവ സഹോദരിയോ, സഹോദരോ ആണെങ്കിൽ ക്രൈസ്തവ സ്വഭാവം കാണിക്കണം. വിശുദ്ധ പൗലോശ്ലീഹാ പറയുന്നപോലെ, ക്രിസ്തുവിന്റെ മനോഭാവം ഉണ്ടാകണം. (ഫിലി 2, 5)

എന്നാൽ വൈരുധ്യങ്ങളും, എതിർസാക്ഷ്യങ്ങളും ധാരാളം നമ്മുടെ ക്രൈസ്തവ ജീവിതങ്ങളിൽ ഉണ്ടെങ്കിലും, ക്രിസ്തുവാണ് ഏക രക്ഷകനെന്ന്, ക്രിസ്തുവാണ് എന്റെ കർത്താവും എന്റെ ദൈവവുമെന്ന് ഏറ്റു പറഞ്ഞുകൊണ്ട് ജീവിക്കുന്ന ക്രൈസ്തവരുടെ ജീവിതംകണ്ടു നാം അത്ഭുതപ്പെടാറില്ലേ? ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുന്നവരെ, അവരുടെ കുടുംബങ്ങളെ കണ്ടു എത്രയോ അക്രൈസ്തവരാണ് വിസ്മയത്തോടെ നോക്കൂ, ക്രിസ്തുവിലുള്ള ഇവരുടെ വിശ്വാസം അപാരം തന്നെ എന്ന് പറഞ്ഞിട്ടുള്ളത്! ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും മുടങ്ങാതെ വിശുദ്ധ കുർബാനയ്ക്കു പോകുന്ന നമ്മുടെ അമ്മച്ചിമാരും അപ്പച്ചന്മാരും, ഈശോയെ കർത്താവും ദൈവവുമായി ഏറ്റുപറയുന്ന ക്രൈസ്തവ യുവജനങ്ങളും, കുട്ടികളുമൊക്കെ അക്രൈസ്തവർക്കു ഇന്നും അത്ഭുതമാണ്. വീടിനെയും സ്വന്തക്കാരെയും, സ്വാഭാവികമായ നേട്ടങ്ങളെയുമെല്ലാം വേണ്ടെന്നുവച്ചു, ക്രിസ്തുവിനായി ഇറങ്ങിത്തിരിക്കുന്ന വൈദികരെയും, സമർപ്പിതരെയും, മിഷനറിമാരെയും, അവരുടെ ജീവിതത്തിലെ അചഞ്ചലമായ ക്രിസ്തുവിശ്വാസവും കണ്ടിട്ട് എത്രയോ അക്രൈസ്തവരാണ് ക്രിസ്തുവിലേക്കു ആകർഷിതരായത്! ഇവരൊക്കെ വിശുദ്ധ തോമാശ്ലീഹായെപ്പോലെ തന്നെ ക്രിസ്തു വിശ്വാസത്തിന്റെ നേർസാക്ഷ്യങ്ങളാണ്. ഇനിയും വൈകിയിട്ടില്ല പ്രിയപ്പെട്ടവരേ, എന്റെ ക്രൈസ്തവജീവിതം കണ്ട് ‌ ഒരു വ്യക്തിക്ക് ഒരു നിമിഷംപോലും ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഇടർച്ചയുണ്ടാകരുത് എന്നുള്ള വലിയൊരു തീരുമാനത്തിലേക്കായിരിക്കണം ഈ പുതുഞായർ നമ്മെ കൊണ്ടുചെന്നെത്തിക്കേണ്ടത്.

സമാപനം

സ്നേഹമുള്ളവരേ, ഞാൻ ആവർത്തിക്കട്ടെ, ജീവിത സാഹചര്യങ്ങളിൽ “എന്റെ കർത്താവേ എന്റെ ദൈവമേ”യെന്നുള്ള നമ്മുടെ വിശ്വാസപ്രഘോഷണത്തിലാണ് നമ്മുടെ ക്രൈസ്തവജീവിതങ്ങൾ ഫലം ചൂടുന്നത്. ദുഃഖം നിറഞ്ഞ, നിരാശ മാത്രം അവശേഷിച്ച, രോഗം മാത്രം കൂട്ടിനുണ്ടായിരുന്ന ഭൂതകാലത്തിൽ ഉത്ഥിതനായ ക്രിസ്തുവിനെ കാണാൻ, “എന്റെ കർത്താവേ എന്റെ ദൈവമേ”യെന്നു ഏറ്റുപറയുവാൻ നമുക്ക് സാധിച്ചിട്ടില്ലെങ്കിൽ ഇന്നുമുതൽ നമുക്ക് ആരംഭിക്കാം.  ഇന്നത്തെ സുവിശേഷ സംഭവത്തിന് ഒരു tail end ഉണ്ട്. അതിങ്ങനെയാണ്: “എന്റെ കർത്താവേ എന്റെ ദൈവമേ” എന്ന് ക്രിസ്തു വിശ്വാസം ഏറ്റുപറഞ്ഞ തോമസ് ആ വിശ്വാസം പ്രഘോഷിക്കുവാൻ നമ്മുടെ ഭാരതത്തിൽ, കേരളത്തിൽ എത്തുന്നു. ഇവിടെ വച്ച് ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വരിക്കുന്നു. എത്രയോ മഹത്തായ, ധന്യമായ ജീവിതം!

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതസാഹചര്യങ്ങളിൽ ക്രിസ്തുവിന് സാക്ഷ്യം നൽകാനും, ക്രിസ്തുവിനുവേണ്ടി സ്വയം മുറിക്കപ്പെടാനും, രക്തം ചിന്താനും പുതിയൊരു ക്രൈസ്തവ ജീവിതത്തിനായി നമുക്ക് പ്രതിജ്ഞയെടുക്കാം. ആമേൻ!

SUNDAY SERMON ## EASTER 2023

ഈസ്റ്റർ ഞായർ 2023

ലോകത്തിനുമുഴുവൻ പ്രകാശം നൽകുന്ന, ലോകത്തിന്റെ രക്ഷകനായ, ലോകത്തിന്റെ പ്രതീക്ഷയായ നമ്മുടെ ദൈവമായ ക്രിസ്തുവിന്റെ ഉയിർപ്പുതിരുനാൾ നാമിന്നു ആഘോഷിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ നാം ആചരിച്ച തിരുക്കർമങ്ങളും, വായിച്ചു കേട്ട വിശുദ്ധ ഗ്രന്ഥവായനകളും, ദുഃഖവെള്ളിയാഴ്ച്ച കാൽവരിയിൽ സംഭവിച്ചതിന്റെ ഓർമകളും ദൈവം നമ്മെ, ഈ ലോകത്തെ എത്രമാത്രം സ്നേഹിച്ചു, സ്നേഹിക്കുന്നു എന്നതിന്റെ അടയാളങ്ങളായിരുന്നു. “ഈ ഭൂമുഖത്ത് ഞാൻ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും, ദൈവം തന്റെ ഏകജാതനെ ഈ ലോകത്തിലേയ്ക്ക് അയയ്ക്കുകയും, എനിക്ക് രക്ഷനേടിത്തരികയും ചെയ്യുമായിരുന്നു” എന്ന വിശുദ്ധ അമ്മത്രേസ്യായുടെ സാക്ഷ്യപ്പെടുത്തൽ ദൈവസ്നേഹത്തിന്റെ വെളിപ്പെടുത്തലാണ്. ഈ ഭൂമുഖത്ത് ഞാൻ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിൽ പോലും ദൈവം ഈ ഭൂമിയിൽ ജനിക്കുമായിരുന്നു, പീഡകൾ സഹിക്കുമായിരുന്നു, കുരിശിൽ മരിക്കുമായിരുന്നു, ഉത്ഥാനം ചെയ്യുമായിരുന്നു എന്ന ചിന്ത തന്നെ ഹൃദയത്തെ സ്നേഹംകൊണ്ട് നിറയ്ക്കുന്നു.  കാൽവരിയിൽ കർത്താവായ ക്രിസ്തു തന്റെ കൈകൾ വിരിച്ചു പിടിച്ചിരിക്കുന്നത് മകളേ, മകനേ നിന്നെ കെട്ടിപ്പിടിക്കുവാനാണെന്നും, കുരിശിൽ അവിടുന്ന് മുഖം കുനിച്ച് നിൽക്കുന്നത് നിന്നെ ചുംബിക്കുവാനാണെന്നും, അവിടുത്തെ ഹൃദയം പിളർന്നു നിൽക്കുന്നത് നിന്നിലേക്ക് തന്റെ സ്നേഹം ഒഴുക്കുവാനാണ് എന്നും, അവിടുന്ന് മരിച്ചവരിൽ നിന്ന് ഉത്ഥിതനായത് എന്നും എപ്പോഴും നിന്നോടൊത്തായിരിക്കുവാനാണെന്നും” വിശുദ്ധ അഗസ്തീനോസ് പറയുമ്പോൾ, ഈ ഉത്ഥാന തിരുനാളിൽ “ദൈവമേ, നിന്റെ സ്നേഹം എത്ര അപാരം എന്ന് പറയുവാനാണ്, “God’s love is so wonderful” എന്ന് പാടുവാനാണ് എനിക്ക് തോന്നുന്നത്.

എല്ലാവർക്കും ഉത്ഥാനത്തിരുനാളിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു!

മിശിഹാ രഹസ്യങ്ങൾക്ക്, മിശിഹായുടെ ജനനത്തിനും, പരസ്യജീവിതത്തിനും, പീഡാസഹനത്തിനും, മരണത്തിനും ദൈവികതയും അർത്ഥവും നൽകുന്നത് നാം ഇന്ന് ആഘോഷിക്കുന്ന ക്രിസ്തുവിന്റെ ഉത്ഥാനമാണ്. തന്റെ പരസ്യ ജീവിതകാലത്ത് ഈശോ ജനങ്ങളുടെ വിശ്വാസ വളർച്ചയ്ക്കുവേണ്ടി ധാരാളം അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും, അവിടുന്ന് പ്രവർത്തിച്ച ഏറ്റവും വലിയ അത്ഭുതമാണ് അവിടുത്തെ ഉത്ഥാനം. സുവിശേഷം എന്നത്, ഉത്ഥിതനായ ക്രിസ്തുവിന്റെ സുവിശേഷമാണ്. അത് പാവങ്ങളുടെയും, പാപികളുടെയും സുവിശേഷമാകുന്നത്,

അവർക്ക് ശുഭപ്രതീക്ഷയേകുന്ന സുവാർത്തയാകുന്നത് സുവിശേഷം ഉത്ഥാനത്തിന്റെ സുവിശേഷമായതുകൊണ്ടാണ്!

അതുകൊണ്ടാണ് വിശുദ്ധ പൗലോശ്ലീഹാ കോറിന്തോസുകാരോട് ഇങ്ങനെ പ്രഘോഷിക്കുന്നത്. അല്ലയോ കോറിന്തോസുകാരേ, “ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം. ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുകയും, സംസ്കരിക്കപ്പെടുകയും, എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാൾ ഉയിർപ്പിക്കപ്പെടുകയും ചെയ്തു. അവൻ കേപ്പയ്ക്കും, പിന്നീട് പന്ത്രണ്ടുപേർക്കും പ്രത്യക്ഷനായി. ഒടുവിൽ അകാലജാതന് എന്നതുപോലെ എനിക്കും പ്രത്യക്ഷനായി. അതിനാൽ, ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങൾ ദൈവത്തിനുവേണ്ടി കപടസാക്ഷ്യം വഹിക്കുന്നവരാകും.”

ക്രിസ്തുവിന്റെ ഉത്ഥാനംവഴി ഈ പ്രപഞ്ചത്തിന് പുതിയൊരു മുഖം നൽകപ്പെട്ടു. ഉത്ഥാനം പ്രഘോഷിക്കുന്നത് ക്രിസ്തു മരിച്ചവരിൽ നിന്ന് ഉത്ഥിതനായി എന്ന് മാത്രമല്ല, ക്രിസ്തുവിന്റെ ഉത്ഥാനത്തിലൂടെ പുതിയൊരു ലോകം പണിയപ്പെട്ടിരിക്കുന്നു എന്നാണ്. ക്രിസ്തുവിന് മുൻപ് എന്ന് ചരിത്രത്തിൽ പറയുമ്പോൾ, ക്രിസ്തുവിന്റെ ഉത്ഥാനത്തിന് മുൻപ് എന്നാണ് അർത്ഥമാക്കേണ്ടത്. ക്രിസ്തുവിന് ശേഷമെന്നത് അവിടുത്തെ ഉത്ഥാനത്തിന് ശേഷമെന്നും. കാരണം, ക്രിസ്തുവിന്റെ ഉത്ഥാനം എല്ലാറ്റിനെയും പുതിയതാക്കി മാറ്റിയിരിക്കുന്നു.

2023 ലെ ഉത്ഥാനത്തിരുനാളിന്റെ സന്ദേശം രണ്ടു ചോദ്യത്തിലൂടെ പറയുവാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഒന്ന്, ആരാണ് ഉത്ഥിതനായ ഈശോ? എന്റെ ദൈവമായ ഉത്ഥിതനായ ഈശോ ദൈവസ്നേഹത്തിന്റെ ഉജ്ജ്വല പ്രകാശമാണ്. “ലോകം മുഴുവനും, ജീവിതം മുഴുവനും അന്ധകാരം ആണെങ്കിലും, ഭയപ്പെടേണ്ട, നിരാശരാകേണ്ടാ. നാമെല്ലാവരും ഈസ്റ്റർ ജനമാണ്, ഉത്ഥിതനായ ക്രിസ്തുവിന്റെ ജനമാണ്; ഹല്ലേലൂയാ, ക്രിസ്തു ജയിക്കട്ടെ എന്നതാണ് നമ്മുടെ ഗാനം.” ഇങ്ങനെ ക്രൈസ്തവരെ മുഴുവൻ ഉദ്‌ബോധിപ്പിക്കുന്നത് വിശുദ്ധ ജോൺ പോൾ രണ്ടാമനാണ്. ഉത്ഥിതനായ ക്രിസ്തുവിന്റെ പ്രകാശത്തിലൂടെ നടന്നുപോയപ്പോൾ, നിരീശ്വരത്വത്തിന്റെ, ഭൗതികവാദം ഉയർത്തിപ്പിടിക്കുന്ന കമ്മ്യൂണിസത്തിന്റെ, വിഭജനത്തിന്റെ ഇരുട്ടിനെ ഇല്ലാതാക്കുവാൻ വിശുദ്ധ ജോൺ പോൾ രണ്ടാമന് സാധിച്ചത്, ഉത്ഥാനത്തിന്റെ പ്രകാശമായി ജീവിതത്തെ മാറ്റിയതുകൊണ്ടാണ്.

ക്രിസ്തുവാകുന്ന പുതിയ പ്രകാശത്തിലേക്ക് പ്രവേശിക്കുക എന്നാണ് ഉത്ഥാന തിരുനാൾ നമ്മോടു പറയുന്നത്. ഓർക്കണം, ഇസ്രായേൽ ജനത്തിന്, പ്രകാശമായ ക്രിസ്തുവിനെ കാണുവാൻ സാധിച്ചില്ല. കാരണം അവർ അന്ധകാരത്തിലായിരുന്നു. “ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു” (യോഹ 9, 5) എന്ന് തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ വിളിച്ചു പറഞ്ഞിട്ടും ഇസ്രായേൽ ജനത്തിന് കേൾക്കുവാൻ സാധിച്ചില്ല. കാരണം അവർ അന്ധകാരത്തിലായിരുന്നു. അവസാന അത്താഴത്തിനുശേഷം രാത്രിയിലാണ്, അന്ധകാരത്തിലാണ് ജനം പടയാളികളോടൊപ്പം ഈശോയെ പിടികൂടാൻ പോകുന്നത്. രാത്രിയുടെ ഏതോ ശപിക്കപ്പെട്ട നിമിഷത്തിലാണ് യൂദാസ് ഈശോയെ ചുംബിച്ചുകൊണ്ട് ഒറ്റിക്കൊടുക്കുന്നത്. (മത്താ 26, 49) പിടികൂടിയ ശേഷം ജനത്തിനോട്, “ഇത് നിങ്ങളുടെ സമയമാണ്, അന്ധകാരത്തിന്റെ ആധിപത്യവും” (ലൂക്ക 22, 53) എന്ന് ഈശോ പറഞ്ഞിട്ടും പ്രകാശത്തിന്റെ നാഥനെ അവർ തിരിച്ചറിഞ്ഞില്ല. അന്ധകാരത്തിന്റെ, പൈശാചികതയുടെ നിഴൽ നൃത്തമാടിയ ആ രാത്രിയിലാണ് പീഡാസഹനത്തിന്റെ മണിക്കൂറുകളിലൂടെ അവൻ കടന്നുപോയത്. വിരോധാഭാസം നോക്കണേ, അന്ധകാരത്തിൽ, പ്രകാശത്തിന്റെ, അഗ്നിയുടെ അടുത്തുനിന്നാണ് പത്രോസ് പ്രകാശത്തെ തള്ളിപ്പറഞ്ഞത്. (ലൂക്ക 22, 54, 62) പ്രകാശമായ ക്രിസ്തുവിന്റെ മരണനേരം മുഴുവനും, ആറാം മണിക്കൂർ മുതൽ ഒൻപതാം മണിക്കൂർവരെ ഭൂമിയിൽ അന്ധകാരമായിരുന്നു. (ലൂക്ക 23, 44) ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത് നോക്കുക: “ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോൾത്തന്നെ …” (യോഹ 20, 1) 

അന്ധകാരത്തിലായിരുന്ന ഇസ്രായേൽ ജനം പ്രകാശമായ ക്രിസ്തുവിനെ കണ്ടില്ല എന്ന ദുരന്തം നമുക്ക് ഉണ്ടാകാതിരിക്കുവാൻ 2023 ലെ ഉത്ഥാനത്തിരുന്നാൾ, പ്രകാശമായ ക്രിസ്തുവിലേക്ക് നമ്മെ ക്ഷണിക്കുകയാണ്. അന്ധകാരത്തിന്റെ, അതിന്റെ പ്രകടനങ്ങളായ രോഗത്തിന്റെ, ശത്രുതയുടെ, അസ്വസ്ഥതയുടെ, തകർച്ചയുടെ, ശ്രമിച്ചിട്ടും, ശ്രമിച്ചിട്ടും കരകയറാൻ പറ്റാത്ത സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ക്രിസ്തുവാകുന്ന പ്രകാശത്തിൽ ജീവിക്കുവാൻ നമ്മോട് ആഹ്വാനംചെയ്യുകയാണ് ഈ ഉത്ഥാനത്തിരുനാൾ. 

സ്നേഹമുള്ളവരേ, ക്രിസ്തുവാണ് നമ്മുടെ പ്രകാശം, ഈ ലോകത്തിന്റെ പ്രകാശം, നിത്യപ്രകാശം. അവനിൽ അന്ധകാരമില്ല. സങ്കീർത്തനം 34, 5 ൽ പറയുന്നതുപോലെ അവിടുത്തെ നോക്കുന്നവർ പ്രകാശിതരാകും. നാം അവിടുത്തെ നോക്കുകയാണെങ്കിൽ, നമ്മുടെ കുടുംബങ്ങൾ ഈശോയെ നോക്കുകയാണെങ്കിൽ, നമ്മുടെ മക്കൾ ഈശോയെ നോക്കുകയാണെങ്കിൽ നാം, അവർ പ്രകാശിതരാകും. അപ്പോൾ എന്ത് സംഭവിക്കും? ‘അവിടുത്തെ അനുഗമിക്കുന്നവർ അന്ധകാരത്തിൽ നടക്കുകയില്ല.’ ഇന്ന് ലോകം അന്ധകാരത്തിലാണെങ്കിൽ നാമിന്ന് ഇരുട്ടിൽത്തപ്പി നടക്കുന്നവരാണെങ്കിൽ അതിന്റെ അർഥം നാം പ്രകാശമായ ക്രിസ്തുവിനെ കണ്ടിട്ടില്ല, മനസ്സിലാക്കിയിട്ടില്ല. നാം ക്രൈസ്തവർ ഇന്ന് ക്രിസ്തുസാക്ഷ്യത്തിന്റെ പാതയിൽ നിന്ന് അകന്ന്, വർഗീയ പ്രസ്ഥാനങ്ങളുടെ, നിരീശ്വര പ്രസ്ഥാനങ്ങളുടെ പിന്നാലെ പോകുകയാണെങ്കിൽ നാം അന്ധകാരത്തിലല്ലേ? അന്ധകാരത്തിന്റെ പ്രവൃത്തികൾ ചെയ്യുന്നവരോട് ചേർന്ന് അന്ധകാരത്തിലേക്ക് നടക്കുകയല്ല വേണ്ടത്, അവരെ പ്രകാശത്തിന്റെ പാതയിലേക്ക് നയിക്കുകയാണ് വേണ്ടത്. പ്രകാശമുള്ളിടത്തു നടക്കാനല്ല, നടക്കുന്നിടത്തെല്ലാം പ്രകാശമാകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. വിശുദ്ധ പൗലോശ്ലീഹാ നമ്മെ ഉദ്ബോധിപ്പിക്കുന്നത് എന്താണ്? “പ്രിയപ്പെട്ടവരേ, രാത്രി കഴിയാറായി. പകൽ സമീപിച്ചിരിക്കുന്നു. ആകയാൽ, അന്ധകാരത്തിന്റെ പ്രവർത്തികൾ പരിത്യജിച്ചു, പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കാം. പകലിന് യോജിച്ചവിധം നമുക്ക് പെരുമാറാം.” (റോമ 13, 12)

രണ്ടാമത്തെ ചോദ്യം ഇതാണ്: എങ്ങനെയാണ് ഉത്ഥിതനായവനെ കണ്ടുമുട്ടാൻ, കണ്ടുമുട്ടുമ്പോൾ തിരിച്ചറിയുവാൻ നമുക്ക് സാധിക്കുക? ഉത്ഥാനം ദൈവസ്നേഹത്തിന്റെ ഉത്സവമാണെങ്കിൽ, ഉത്ഥിതനായവനെ കണ്ടുമുട്ടാൻ, തിരിച്ചറിയാൻ ഒരു വഴിയേയുള്ളു; സ്നേഹത്തിന്റെ വഴി. സ്നേഹമുള്ളവരേ, ഹൃദയം മുഴുവൻ സ്നേഹംകൊണ്ട് നിറയ്ക്കുവിൻ. നിങ്ങൾക്ക്, നിങ്ങളുടെ ജീവിതതിൽ, ജീവിതസാഹചര്യങ്ങളിൽ, നിങ്ങളുടെ കുടുംബത്തിൽ, സഹോദരങ്ങളിൽ, സുഹൃത്തുക്കളിൽ, കണ്ടുമുട്ടുന്നവരെല്ലാവരിലും ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടെത്തുവാൻ സാധിക്കും.

വിശുദ്ധ ലൂക്കയുടെ സുവിശേഷത്തിലെ ഈശോയുടെ പുനരുത്ഥാനവിവരണം ആരംഭിക്കുന്നത് ഇങ്ങനെയാണ്: “അവർ, തയ്യാറാക്കി വച്ചിരിക്കുന്ന സുഗന്ധ ദ്രവ്യങ്ങളുമായി …അതിരാവിലെ കല്ലറയിലേക്ക് പോയി.” (24, 1) അതായത്, ഈശോയെ തോട്ടത്തിലെ കല്ലറയിൽ സംസ്കരിച്ചിട്ട് വീട്ടിൽ ചെന്ന സ്ത്രീകൾ, ഞായറാഴ്ച്ച കല്ലറയിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു. അവർ ഒരുമിച്ച് ദിവസം മുഴുവനും സുഗന്ധ ദ്രവ്യങ്ങൾ തയ്യാറാക്കുന്ന തിരക്കിലായിരുന്നു. മനസ്സ് നിറയെ ഈശോയെക്കുറിച്ചുള്ള ഓർമകളുമായി, ഹൃദയം നിറയെ അവനോടുള്ള സ്നേഹവും ആരാധനയുമായി, ചിലപ്പോൾ കരഞ്ഞും, മറ്റുചിലപ്പോൾ സന്തോഷിച്ചും അവർ സുഗന്ധദ്രവ്യങ്ങൾ ഒരുക്കി.

എല്ലാവരും മിണ്ടാതിരുന്ന് ജോലിചെയ്തുകൊണ്ടിരുന്നപ്പോൾ മഗ്ദലേന മറിയമാണ് സംഭാഷണത്തിന് തുടക്കമിട്ടത്. “ഈശോ ഞങ്ങളുടെ വീട്ടിൽ വരുമ്പോൾ അവന് ഏറ്റവും ഇഷ്ടമുള്ള പാനിയിലിട്ട ഉണങ്ങിയ അത്തിപ്പഴം കൊടുക്കുമായിരുന്നു. ഞാൻ അതാണ് ഇപ്പോൾ തയ്യാറാക്കുന്നത്.” അപ്പോൾ ക്‌ളോപ്പാസിന്റെ ഭാര്യ മറിയം പറഞ്ഞു: “അവൻ ഗ്രാമങ്ങൾ കറങ്ങി ക്ഷീണിച്ചു വരുമ്പോൾ കൂജയിലെ വെള്ളത്തിൽ ചേർത്ത തേൻ അവന് ഞാൻ കൊടുക്കുമായിരുന്നു. എന്തിഷ്ടത്തോടെയാണെന്നോ അവൻ അത് കുടിച്ചിരുന്നത്?” അത്രയുമായപ്പോഴേക്കും അവൾ കരഞ്ഞുപോയി. നമ്മളും അങ്ങനെയല്ലേ. അകലങ്ങളിൽ പഠിക്കുവാനോ, ജോലിക്കോ പോകുന്ന നമ്മുടെ മക്കൾക്കുവേണ്ടി അച്ചാറോ, പലഹാരങ്ങളോ ഒരുക്കുമ്പോൾ ആരെങ്കിലും അടുത്തുണ്ടെങ്കിൽ മക്കളെപ്പറ്റി, അവരുടെ ഇഷ്ടാനിഷ്ടങ്ങളെപ്പറ്റിയൊക്കെ നമ്മളും പറയില്ലേ. അമ്മമാർ പലപ്പോഴും കരയുകയും ഒപ്പം ചിരിക്കുകയും ചെയ്യും.  സലോമിക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു സംഭവമായിരുന്നു. “ഒരിക്കൽ ബഥാനിയായിലെ സക്കറിയയുടെ വീടിന്റെ മേൽക്കൂര കൂട്ടുന്നതിനിടയിൽ, ഒരു മരം വീണ് അവന്റെ തലമുറിഞ്ഞപ്പോൾ ഞാനാണ് സൈത്ത്, മരുന്നിലകൾ ചേർത്ത് ചതച്ച് അവന്റെ തലയിൽ പുരട്ടിയത്.” അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് സന്തോഷത്തിന്റെ നിഴലാട്ടം ഉണ്ടായിരുന്നു. ഇങ്ങനെ ഈശോയെക്കുറിച്ചു സ്നേഹവാക്കുകളും, ഒപ്പം സ്നേഹത്തിന്റെ ഒരുക്കവും അവർ നടത്തിയിട്ടാണ് പ്രിയപ്പെട്ടവരേ അതിരാവിലെ കല്ലറയിലേക്ക് പോയത്.

ഇങ്ങനെ ഹൃദയം നിറയെ സ്നേഹം നിറച്ചവർക്കുവേണ്ടി, സ്നേഹപ്രകടനങ്ങളുമായി വരുന്നവർക്കുവേണ്ടി ഏത് ദൈവമാണ് ഉത്ഥാനം ചെയ്യാതിരിക്കുക? സ്നേഹം മാത്രമായ ഈശോയ്ക്ക് എങ്ങനെയാണ് അവരുടെ മുൻപിൽ പ്രത്യക്ഷപ്പെടാതിരിക്കുക? തന്നെ കാണുവാനായി , സ്നേഹം മാത്രമായി വരുന്നവരുടെ മുൻപിലുള്ള  തടസ്സങ്ങളെ നീക്കുവാൻ അവൻ മാലാഖമാരെ അയയ്ക്കും. അവർ അവരുടെ ജീവിതത്തിലെ തടസ്സങ്ങൾ എടുത്തുമാറ്റും. വലിയ ഭാരമുള്ള കല്ലുകളായാലും അവയെല്ലാം മാറ്റി അവൻ അവർക്കുവേണ്ടി കാത്തുനിൽക്കും! സ്നേഹമുള്ളവരേ, അവിടുന്ന് പ്രത്യക്ഷപ്പെടുക തന്നെ ചെയ്തു. അവനെ കണ്ട, തിരിച്ചറിഞ്ഞ മറിയം പറഞ്ഞു: “റബ്ബോനി!!”ബാക്കിയെല്ലാം ചരിത്രമാണ്.

ഹൃദയം നിറയെ സ്നേഹവുമായി, ജീവിതം നിറയെ ക്രിസ്തുവിനെപ്രതിയുള്ള സ്നേഹപ്രകടനങ്ങളുമായി വന്നവർ ഉത്ഥിതനെക്കാണുകയും അവനെ തിരിച്ചറിയുകയും ചെയ്തു. അങ്ങനെയല്ലേ, എന്റെ ക്രൈസ്തവരെ, ക്രിസ്തുവിന്റെ ഉത്ഥാനം നമ്മുടെ വിശ്വാസത്തിന്റെ, തിരുസ്സഭയുടെ ആധാരശിലയായത്? ഉത്ഥാനം എന്ന ഒറ്റക്കല്ലിനെ അടിസ്ഥാനമാക്കി പണിയപ്പെട്ട വിശ്വാസ സൗധമല്ലേ തിരുസ്സഭ!

ഈ ഭൂമിയിൽ ഹൃദയം നിറയെ സ്നേഹവുമായി കടന്നുവന്നവർക്കൊക്കെ, ജീവിതം നിറയെ സ്നേഹവാക്കുകളും, സ്നേഹപ്രകടനങ്ങളുമായി കടന്നുവന്നവർക്കൊക്കെ ഉത്ഥിതനെ കാണുവാനും, തിരിച്ചറിയുവാനും ഉത്ഥിതനായ ക്രിസ്തുവിൽ സന്തോഷിക്കുവാനും സാധിച്ചിട്ടുണ്ട്. വിശുദ്ധരുടെ ജീവിതങ്ങൾ അതാണ് നമുക്ക് പറഞ്ഞു തരുന്നത്. ഉത്ഥാനത്തിന്റെ ചൈതന്യത്തിൽ നമ്മുടെ ജീവിതങ്ങളെ നവീകരിക്കുവാൻ, നമ്മുടെ കുടുംബങ്ങളെ ക്രിസ്തുവിന്റെ പ്രകാശത്താൽ നിറയ്ക്കുവാൻ നമുക്ക് സാധിക്കണം. നമ്മുടെ കുടുംബങ്ങളിൽ സ്നേഹവാക്കുകളും, സ്നേഹപ്രകടനങ്ങളും ധാരാളം ഉണ്ടാകണം.

ഒരിക്കൽ കൗൺസിലിംഗിന്റെ ഇടയ്ക്ക് ഭാര്യയോടും ഭർത്താവിനോടും ഞാൻ ചോദിച്ചു, നിങ്ങൾ പരസ്പരം, “ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നോ, നിന്റെ ഡ്രസ്സ് നല്ലതാണെന്നോ, നിങ്ങൾ സുന്ദരനായിരിക്കുന്നുവെന്നോ പറയാറുണ്ടോ?” അപ്പോൾ അവർ പറഞ്ഞ മറുപടി രസകരമാണ്. അവർ പറഞ്ഞു: “അതൊക്കെ പിള്ളേര് കേൾക്കൂല്ലേ അച്ചാ.” പിള്ളേര് കേൾക്കേ പുഴുത്ത തെറി പറഞ്ഞാൽ, പിള്ളേർ അത് കേട്ടാൽ കുഴപ്പമില്ല. സ്നേഹവാക്കുകൾ പിള്ളേർ കേട്ടാൽ പ്രശ്‌നമാണ്.

ഞാൻ അറിയുന്ന 30 വയസ്സുള്ള ഒരു സഹോദരന്റെ അപ്പച്ചൻ പെട്ടെന്ന് heart attack വന്നു മരിച്ചു. മൃതദേഹം വീട്ടിലെത്തിയപ്പോൾ അവൻ അപ്പച്ചന്റെ കവിളിൽ ചുംബിച്ചു. എന്നിട്ട് അടുത്ത് നിന്ന കൂട്ടുകാരനെ കെട്ടിപ്പിടിച്ചിട്ട്, അവൻ പറയുകയാണ്,”അപ്പച്ചൻ ജീവിച്ചിരുന്നപ്പോൾ ഒരു പ്രാവശ്യമെങ്കിലും ഞാൻ അപ്പച്ചന് ഉമ്മ കൊടുത്തിട്ടില്ലടാ” എന്ന്. എന്തുകൊണ്ടാണ് നാമെല്ലാവരും, സ്നേഹവാക്കുകൾ പറയുവാനും, സ്നേഹപ്രകടനങ്ങൾ നടത്തുവാനും മടിക്കുന്നത് എന്ന് ചിന്തിച്ചുനോക്കണം പ്രിയപ്പെട്ടവരേ.

അത്രയ്ക്കും പിശുക്കു കാണിച്ചാൽ എങ്ങനെയാണ് സ്നേഹമായ ഉത്ഥിതനെ കാണുവാൻ സാധിക്കുക. നമ്മിലും, നമ്മുടെ കുടുംബങ്ങളിലും, മറ്റുള്ളവരിലും ഉയിർത്തെഴുന്നേൽക്കുന്ന ഉത്ഥിതനെ, ഉത്ഥിതനായ ക്രിസ്തുവിനെ കാണുവാനുള്ള ഏകമാർഗം ഹൃദയം നിറയെ സ്നേഹവുമായി ജീവിക്കുക എന്നതാണ്; ജീവിതത്തിൽ സ്നേഹപ്രകടനങ്ങൾ ഉണ്ടാകുക എന്നതാണ്.

സ്നേഹമുള്ളവരേ, ഉത്ഥാനത്തിരുനാൾ നമ്മെ ക്ഷണിക്കുന്നത് ക്രിസ്തുവിലേക്കാണ്, അവിടുത്തെ പ്രകാശത്തിലേക്കാണ്, അവിടുത്തെ സ്നേഹത്തിലേക്കാണ്. ഈ ഉത്ഥാനത്തിരുനാൾ നമ്മുടെ ജീവിതത്തെ, കുടുംബത്തെ പ്രകാശംകൊണ്ട്, സ്നേഹംകൊണ്ട്, സ്നേഹവാക്കുകൾകൊണ്ട്, സ്നേഹപ്രകടനങ്ങൾകൊണ്ട് നിറയ്ക്കുവാൻ നമ്മെ പ്രേരിപ്പിക്കട്ടെ. നമ്മുടെ ജീവിതസാഹചര്യങ്ങളിൽ ക്രിസ്തുവിന്റെ പ്രകാശങ്ങളായി നമുക്ക് ഉയിർത്തെഴുന്നേൽക്കാം. ജീവിതത്തിൽ, സ്വാർത്ഥതകൾ, അഹന്ത, ഇഷ്ടങ്ങളുടെ വൈരുധ്യങ്ങൾ, മദ്യാസക്തി, ലഹരിയോടുള്ള ആഗ്രഹം, മൊബൈൽ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകാരണങ്ങളോടുള്ള ആസക്തി തുടങ്ങിയവ അന്ധകാരം നിറയ്ക്കുമ്പോൾ ഉത്ഥിതനായ ക്രിസ്തു നിങ്ങളുടെ, നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരട്ടെ. കടന്നു വന്ന് നമുക്ക് സമാധാനം നൽകട്ടെ. ഹൃദയം നിറയെ സ്നേഹത്തോടെ എന്റെ ക്രൈസ്തവജീവിതം ഞാൻ നയിക്കും എന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.

അതിനുള്ള കൃപയ്ക്കാകട്ടെ ഇന്നത്തെ നമ്മുടെ ഉത്ഥാനത്തിരുനാളിലെ വിശുദ്ധ കുർബാന.

എല്ലാവർക്കും ഉത്ഥാനത്തിരുനാളിന്റെ മംഗളങ്ങൾ ആശംസിക്കുന്നു! ആമേൻ!

GOOD FRIDAY 2023

ദുഃഖവെള്ളി 2023

ക്രൂശിതനായ ക്രിസ്തുവിൽ വിശ്വസിക്കുന്ന സ്നേഹമുള്ള മാതാപിതാക്കളെ, സഹോദരീ സഹോദരന്മാരേ,

മനസ്സ് നിറയെ മിശിഹായുടെ പീഡാനുഭവ ഓർമകളുമായി, ഈ ദേവാലയത്തിന്റെ പരിപാവനതയിൽ, ഉള്ളുനോവുന്ന പ്രാർത്ഥനയുടെ അന്തരീക്ഷത്തിൽ 2023 ലെ ദുഃഖവെള്ളിയാഴ്ച്ച നാം ആചരിക്കുകയാണ്. 2018 ഫെബ്രുവരി 22 ന് വിശപ്പടക്കാൻ ഭക്ഷണം കാട്ടെന്നാരോപിച്ച് ആൾക്കൂട്ട ആക്രമണത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ട അട്ടപ്പാടി ചിണ്ടേക്കിയിലെ ആദിവാസിയുവാവ് മധുവിനെ സ്മരിച്ചുകൊണ്ട് ഈ വർഷത്തെ ദുഃഖവെള്ളിയാഴ്ചയുടെ സന്ദേശം പങ്കുവയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുകയാണ്. 

വിശപ്പിന്റെ കുരിശിൽ ഉടുമുണ്ടിനാൽ ബന്ധിച്ച്, കാട്ടുചൂരുള്ള ആദിവാസിയെ, മധുവിനെ, ഒരുകൂട്ടം ദുഷ്ടമനുഷ്യർ കഴുവേറ്റിയതിന്റെ ഉള്ളുലയ്ക്കുന്ന വേദനയ്ക്ക് കഴിഞ്ഞ ബുധനാഴ്ച്ച, കോടതിയുടെ വിധിയാൽ നീതിലഭിച്ചെങ്കിലും, മനുഷ്യജീവിതത്തിന്റെ, മതത്തിന്റെ, അനീതിയുടെ, ദാരിദ്ര്യത്തിന്റെ ആൾക്കൂട്ടക്കൊലപാതകത്തിന്റെ, വർഗീയതയുടെ, ഭക്ഷണത്തിന്റെ, വിശ്വാസത്തിന്റെ, വിശപ്പിന്റെ പരിസരങ്ങളിൽ, ക്രിസ്തു വീണ്ടും, വീണ്ടും, ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അന്ന് രണ്ടായിരത്തിനുമേറെ വർഷങ്ങൾക്ക് മുൻപേ നടന്നത് ചരിത്രത്തിൽ ഒറ്റപ്പെട്ട ഒരു ക്രൂശുമരണമല്ലായിരുന്നു. അതിനുശേഷവും, ഇന്നും നമ്മൾ ക്രൈസ്തവരിലൂടെ, ക്രൈസ്തവരെ വേട്ടയാടുന്ന തീവ്ര വാദികളിലൂടെ, ക്രൈസ്തവമുക്തഃ ഭാരതം സ്വപ്നം കാണുന്നവരിലൂടെ ക്രിസ്തുവിന്റെ പീഡാനുഭവവും ക്രൂശുമരണവും തുടർക്കഥകളാകുന്നുണ്ട്.

ക്രൈസ്തവസമൂഹത്തെ ജിഹാദുകളിലൂടെ ഇല്ലാതാക്കുന്നതിനുവേണ്ടിയും, ക്രൈസ്തവമുക്ത ഭാരതത്തിനുവേണ്ടിയും ക്രിസ്തുവിന്റെ ശത്രുക്കൾ ശ്രമിക്കുമ്പോൾ, ആചാരങ്ങൾക്കും, അനുഷ്ഠാനങ്ങൾക്കും അപ്പുറം ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തെ മൂല്യമായി, ജീവിതമൂല്യമായി സ്വീകരിച്ചുകൊണ്ട് ഈ ദുഖവെള്ളിയാഴ്ച്ച ആചരിക്കുവാൻ നമുക്കാകണം.

ഈശോയുടെ, മിശിഹായുടെ പീഡാസഹനവും മരണവുമാണ് നാമിന്ന് ധ്യാനവിഷയമാക്കുക. ഇസ്രായേൽ ജനത്തിന് വരാനിരിക്കുന്ന മിശിഹായെക്കുറിച്ച് രണ്ട് തരത്തിലുള്ള സങ്കല്പങ്ങളുണ്ടായിരുന്നു. ഒന്ന്, രാജകീയ മിശിഹാ. സാമുവേൽ പ്രവാചകന്റെ രണ്ടാം പുസ്തകം, ഏഴാം അദ്ധ്യായം ഒന്നുമുതൽ പതിനേഴുവരെയുള്ള വാക്കുകളിൽ നാഥൻ പ്രവാചകൻ, ദാവീദിന്റെ ഗോത്രത്തിൽപ്പെട്ട പ്രതാപവനായ ഒരു രാജാവായിരിക്കും മിശിഹായെന്ന് പ്രവചനം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെയാണ്, ഇസ്രായേൽ ജനം പലപ്പോഴും ഈശോയുടെ പരസ്യജീവിതകാലത്ത് അവിടുത്തെ രാജാവാക്കുവാൻ ശ്രമിക്കുന്നത്.

മറ്റൊന്ന്, സഹിക്കുന്ന ദാസനാണ് മിശിഹാ എന്നതാണ്. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ 42, 49, 50, 53 അദ്ധ്യായങ്ങളിലായി സഹിക്കുന്ന ദാസനെക്കുറിച്ച് പറയുന്നുണ്ട്. “അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. നമ്മുടെ വേദനകളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവൻ ചുമന്നത്. അവൻ മുറിവേൽപ്പിക്കപ്പെട്ടു, ക്ഷതമേല്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷനൽകി. അവന്റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു.” ബി സി എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഏശയ്യാ പ്രവാചകൻ പറഞ്ഞത് സഹിക്കുന്ന ക്രിസ്തുവിൽ പൂർത്തിയാകുകയാണ്.

സഹനത്തിലൂടെ രക്ഷനേടിത്തന്ന, സ്നേഹം ത്യാഗമാണെന്നും, ത്യാഗം സഹനമാണെന്നും, സഹനം രക്ഷയാണെന്നും പ്രഖ്യാപിച്ച ക്രിസ്തുവിനുള്ള ശാശ്വത സ്മാരകമാണ് ദുഃഖവെള്ളി!

സ്നേഹമുള്ള ക്രൈസ്തവരേ, ദുഃഖവെള്ളിയാഴ്ച്ചകൾ ക്രിസ്തുവിന്റെ സഹനത്തിന്റെ മഹത്വം മനസ്സിലാക്കാനുള്ളതാണ്. ദുഃഖവെള്ളിയാഴ്ചയിൽ ക്രിസ്തുവിന്റെ രക്ഷാകരമായ പീഡാസഹനങ്ങളിലൂടെ, അവയെക്കുറിച്ചുള്ള ധ്യാനത്തിലൂടെ നാം കടന്നുപോകുമ്പോൾ, നമ്മുടെ സഹനങ്ങളെ രക്ഷാകരമാക്കുവാൻ എന്തുചെയ്യണമെന്ന് ക്രിസ്തുവിൽ നിന്ന് നാം പഠിക്കണം. അതോടൊപ്പം, അവനെ സഹനത്തിലേക്ക് നയിച്ച അന്യായമായ ആ ന്യായ വിധിയെക്കുറിച്ച് നാം അറിയണം.

പീലാത്തോസിന്റെ അരമന മുറ്റം. കുറ്റമില്ലാത്തവൻ കുറ്റക്കാരനായി വിധിക്കപ്പെട്ടു. ജനം മുഴുവൻ ആക്രോശിച്ചപ്പോഴും, നീതിപീഠം കുറ്റം വിധിച്ചപ്പോഴും മനുഷ്യരക്ഷയ്ക്കുവേണ്ടി മനുഷ്യനായിപ്പിറന്നവൻ മൗനിയായിരുന്നു. ചെമന്ന മേലങ്കിയും ധരിച്ചപ്പോഴും, സ്ഥാനമുറപ്പിക്കുവാൻ വേണ്ടി നീതിയെ പണയപ്പെടുത്തിയ പീലാത്തോസ് ക്രിസ്തുവിനെ നോക്കി “ഇതാ മനുഷ്യൻ” എന്ന് പറഞ്ഞപ്പോഴും ക്രിസ്തു അക്ഷ്യോഭ്യനായി നിൽക്കുകയാണ്. പ്രിയപ്പെട്ടവരേ, ആരാണവൻ! സത്രത്തിപോലും സ്ഥലം ലഭിക്കാഞ്ഞ്, കാലിത്തൊഴുത്തിൽ പിറന്നവനാണവൻ! പ്രഭുക്കന്മാരെയും, നിയമജ്ഞ-ഫരിസേയ കൂട്ടുകെട്ടുകളെയും വിട്ട് അക്ഷരാഭ്യാസമില്ലാത്ത മുക്കുവരെ തന്റെ ശിഷ്യരാക്കിയവനാണവൻ! വേലക്കാരൻ കൂലിക്കർഹനാനും പറഞ്ഞ് ലോകചരിത്രത്തിലാദ്യമായി തൊഴിലാളികളോട് പക്ഷം ചേർന്നവനാണവൻ! വിധവയുടെ ചില്ലിക്കാശിന് മൂല്യം കല്പിച്ചതും, ഹേറോദോസിനെ കുറുക്കായെന്ന് വിളിച്ചാക്ഷേപിച്ചതും ഇവാൻ തന്നെ. ഇവനാണ് മീനിന്റെ ഉളുമ്പുനാറ്റം തികട്ടിവരുന്ന ധോണിയുടെ അമരത്തും, മുക്കുവക്കുടിലുകളിലും അന്തിയുറങ്ങിയവൻ! ഇവനാണ് ചുംബനത്തിലൂടെ ഒറ്റിക്കൊടുക്കുവാൻ വന്ന യൂദാസിന് കവിൾത്തടം കാണിച്ചുകൊടുത്തത്. ഇവൻ തന്നെയാണ് സെഹിയോൻ ശാലയിൽ ലോകത്തിനുവേണ്ടി തന്നെത്തന്നെ പകുത്തു നൽകിയത്!

ഈ ക്രിസ്തുവിനെയാണ് പീലാത്തോസിന്റെ അരമനമുറ്റത്തുവച്ച് തങ്ങളുടെ വളർച്ചയ്ക്ക് ഇവൻ ഭീഷണിയാകുമെന്നറിഞ്ഞ് പുരോഹിത് പ്രമുഖന്മാരും, നിയമജ്ഞ-ഫരിസേയ കൂട്ടുകെട്ടും കൂടി ചതിയിൽ കൊല്ലുവാൻ ശമിച്ചത്. കാരണം, ഞാഞ്ഞൂലിന് പോലും ഗ്രഹണസമയത്ത് വിഷമുണ്ടാകുമല്ലോ. ആശാരി യൗസേപ്പിന്റെയും ആശാരിച്ചി മറിയത്തിന്റെയും മകനെ, ഈ തച്ചനെ ഇങ്ങനെവിട്ടാൽ ശരിയാകില്ലെന്ന് അവരുറപ്പിച്ചു. നീതിന്യായ കോടതികളെ പിൻവാതിലിലൂടെ സ്വാധീനിച്ച് അവർ അവനെ കുരിശിൽ തറച്ചു കൊല്ലുവാനുള്ള വിധി നേടിയെടുത്തു. അങ്ങനെയാണ് തന്നേക്കാൾ ഭാരമുള്ള കുറിച്ചും വഹിച്ചുകൊണ്ട്, നഗ്നപാദനായി ഈശോ കാൽവരി കയറിയത്. അവിടെ കാൽവരിയിൽ ആകാശത്തിനും ഭൂമിക്കും മദ്ധ്യേ, കുരിശിൽ കിടന്നുകൊണ്ട് “പിതാവേ, ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേ” എന്ന വിശ്വ സാഹോദര്യത്തിന്റെ മന്ത്രധ്വനി മുഴക്കിയത്. എന്നിട്ട്, “പിതാവേ, നിന്റെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” എന്നും പറഞ്ഞ് പ്രാണൻ വെടിഞ്ഞത്.

ക്രൂശിതനായ ക്രിസ്തുവിൽ അഭിമാനിക്കുന്ന ക്രൈസ്തവരെ, ഈ അന്യായ വിധിക്കെതിരെ അപ്പീലിന് പോകുവാൻ ആരുണ്ട്? പാവം ഒരു മനുഷ്യന്റെ മനഃസാക്ഷിയെ 30 വെള്ളിക്കാശുകൊടുത്തു വിക്കുവാങ്ങി, സീസറെന്ന അധികാരത്തെ ഉയർത്തിക്കാണിച്ചു, സത്യത്തെ കഴുത്തു ഞെരിച്ചു കൊന്ന്, നേടിയെടുത്ത അന്യായമായ ഈ വിധിക്കെതിരെ അപ്പീലിന് പോകുവാൻ ആരുണ്ട്? ഞാനുണ്ട് എന്ന് ധൈര്യത്തോടെ വിളിച്ചുപറയുവാൻ ആരുമില്ലേ? ഞാനുണ്ടാകണം പ്രിയപ്പെട്ടവരേ. എങ്ങനെ? എന്റെ ജീവിതം കൊണ്ട്, നിങ്ങളുടെ ജീവിതംകൊണ്ട് അന്യായമായ ഈ വിധിക്കെതിരെ അപ്പീലിന് പോകുവാൻ നമുക്കാകണം. ജീവിതത്തിന്റെ ഓരോ സാഹചര്യത്തിലും ക്രൂശിതനായ ക്രിസ്തുവിന് സാക്ഷ്യം നൽകിക്കൊണ്ട് അപ്പീലിന് പോകുവാനായി നമുക്കാകണം. ലോകത്തോട് പറയണം, ലോകമേ, നിങ്ങൾ അന്യായമായി കുരിശിൽ തറച്ചുകൊന്ന എന്റെ ദൈവമാണ്, ക്രിസ്തുവാണ് ശരി, ക്രിസ്തു മാത്രമാണ് ശരി.

ലോകചരിത്രത്തിൽ, ലക്ഷക്കണക്കിന് മനുഷ്യരാണ് തങ്ങളുടെ ജീവിതങ്ങൾകൊണ്ട് ഈ അന്യായ വിധിക്കെതിരെ അപ്പീലിന് പോയി, സ്വന്തം ജീവിതം കൊണ്ട് ക്രിസ്തുവാണ് ശരിയെന്ന, ക്രിസ്തുവാണ് ലോകരക്ഷകനെന്ന വിധി നേടിയെടുത്തത്, നേടിയെടുത്തുകൊണ്ടിരിക്കുന്നത്! തിരുസ്സഭയിലെ ആദ്യകാല രാക്ഷസാക്ഷികൾ, മതമർദ്ദനകാലത്ത്‌ വീരചരമമടഞ്ഞ അനേകം ക്രൈസ്തവർ, ഇന്നുവരെയുള്ള വിശുദ്ധർ, ഇന്നും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ക്രൈസ്തവരായതുകൊണ്ടുമാത്രം പീഡകളേൽക്കുന്നവർ, കുടുംബത്തിനുവേണ്ടി, മക്കൾക്കുവേണ്ടി ജീവിതം ഹോമിക്കുന്ന നമ്മുടെ മാതാപിതാക്കൾ – ഇവരെല്ലാം ചരിത്രത്തിലെ അന്യായമായ ഈ വിധിക്കെതിരെ അപ്പീലിന് പോയവരാണ്, പോകുന്നവരാണ്. വിശുദ്ധ പൗലോശ്ലീഹായെപ്പോലെ, “ഇനി ഞാനല്ല, ക്രിസ്തുവാണ് എന്നി ജീവിക്കുന്നത്” എന്നും പറഞ്ഞുകൊണ്ട് ജീവിക്കുന്ന, വിശുദ്ധ ഫ്രാൻസിസിനെപ്പോലെ “ഒരു കയ്യിൽ വേദപുസ്തകവും, മറുകയ്യിൽ കുരിശും ഉയർത്തിപ്പിടിച്ചുകൊണ്ട് “എനിക്ക് ആത്മാക്കളെ തരിക, മറ്റെല്ലാം നിങ്ങൾ എടുത്തുകൊള്ളുക” എന്നും പറഞ്ഞുകൊണ്ട് ജീവിക്കുന്ന എല്ലാ ക്രൈസ്തവരും ഈ അന്യായ വിധിക്കെതിരെ അപ്പീലിന് പോകുന്നവരാണ്.

സ്നേഹമുള്ളവരേ, ഈ വർഷത്തെ ദുഃഖവെള്ളിയാഴ്ച്ച ആചരണം ഓരോ ക്രൈസ്തവനും പ്രധാനപ്പെട്ടതും ഗൗരവമേറിയതുമാണ്. ക്രൈസ്തവസമൂഹം ചുറ്റും ശത്രുക്കളാൽ വലയംചെയ്യപ്പെട്ടു നിൽക്കുന്ന ഈ കാലഘട്ടത്തിൽ, ചക്രവ്യൂഹങ്ങൾ തകർത്ത്, പുറത്തുകടന്ന് ക്രിസ്തുവിനെ പ്രഘോഷിക്കുന്ന പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ക്രൈസ്തവരായി മാറുവാൻ നാം തയ്യാറാകണം. കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ദുഃഖവെള്ളിയാഘോഷിക്കുവാൻ ക്രൈസ്തവരുണ്ടാകില്ലാ എന്ന് പറയുന്നവരോട് വാക്കുകൾകൊണ്ട് പ്രതികരിച്ചിട്ട് കാര്യമില്ല; സമരങ്ങൾ നടത്തി പ്രതിരോധിച്ചിട്ടും കാര്യമില്ല. നമ്മുടെ ക്രൈസ്തവജീവിതങ്ങളെ, ക്രൈസ്തവ വിശ്വാസത്തെ ശക്തിപ്പെടുത്തിക്കൊണ്ട് പ്രതികരിക്കണം, പ്രതിരോധിക്കണം. നാമൊക്കെ, വെറും ബോൺസായി ക്രൈസ്തവരായിട്ട് കാര്യമില്ല പ്രായപ്പെട്ടവരേ! ബോൺസായി മരങ്ങളെ നോക്കൂ! കാഴ്ചയിൽ അതൊരു മരമാണ്. ഇലകളുണ്ടോ? ഉണ്ട്. നിറമുണ്ടോ? ഉണ്ട്. രൂപമുണ്ടോ? ഉണ്ട്.  എന്നാൽ ഫലം മാത്രം ലഭിക്കില്ല. ഇനി അഥവാ ലഭിച്ചാലും, വളരെ ശുഷ്കമായവ മാത്രം. അതിന് യഥാർത്ഥ ജീവിതമില്ല. ഒരു ഷോ പീസായി വയ്ക്കാൻ നല്ലതാണ്.

ഇന്ന് ശരാശരി ക്രൈസ്തവരും ഇങ്ങനെയായിരിക്കുന്നു. അവരുടെ ക്രൈസ്തവ സാക്ഷ്യത്തിന് തിളക്കമില്ലാതായിരിക്കുന്നു. ക്രൈസ്തവരാണോ? അതെ. പള്ളിയിൽ പോകുന്നുണ്ടോ? ഉവ്വ്. കൂദാശകൾ സ്വീകരിക്കുന്നുണ്ടോ? ഉണ്ട്. കുടുംബ പ്രാർത്ഥനയുണ്ടോ? ഉണ്ടേ, വളരെ കൃത്യമായി. ഭരണസംവിധാനങ്ങളുണ്ടോ? ഉണ്ട്. പിതാക്കന്മാരും, വൈദികരും, സിസ്റ്റേഴ്സും ഉണ്ടോ? ഉണ്ട്. അത്മായ നേതാക്കളുണ്ടോ? ഉണ്ട്. പക്ഷേ, ഫലങ്ങളൊന്നുമില്ല. ഭരണസംവിധാനങ്ങളുണ്ടോ? ഉണ്ട്. പിതാക്കന്മാരും, വൈദികരും, സിസ്റ്റേഴ്സും ഉണ്ടോ? ഉണ്ട്. അത്മായ നേതാക്കളുണ്ടോ? ഉണ്ട്. ക്രിസ്തുവിന്റെ സാക്ഷികളാണെന്ന് വീമ്പ് പറയുമെങ്കിലും സ്വന്തം കാര്യങ്ങൾ വരുമ്പോൾ, ക്രിസ്തു പുറത്ത്. നല്ലൊരു ഷോ പീസ്!!

സ്നേഹമുള്ളവരേ, അന്നത്തെ ജനം ഈശോയെ കുരിശിൽ തറച്ചു കൊന്നെങ്കിലും, ഇന്നും ഈശോ ജീവിക്കുന്നു. അവിടുന്ന് ഇന്നും പാടുന്നു. പക്ഷെ, നമ്മുടെ കൈകളിൽ ചോര പുരളുന്നുണ്ടോ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. ക്രിസ്തുവിനെ ജീവിതത്തിന്റെ മൂല്യമാക്കാതെ, നമ്മുടെ കുടുംബങ്ങളിൽ, ഇടവകകളിൽ, നമ്മുടെ പ്രവർത്തനങ്ങളിൽ ക്രിസ്തുവിനെ പുറത്തു നിർത്തുമ്പോൾ ക്രിസ്തു വീണ്ടും കുരിശിലേറുകയാണ്. നമ്മുടെ കൈകളിൽ ചോര പുരളുന്നു. അധികാരത്തിനുവേണ്ടി, സമ്പത്തിനുവേണ്ടി, താത്ക്കാലിക നേട്ടങ്ങൾക്കുവേണ്ടി ക്രൈസ്തവ മൂല്യങ്ങളെ ബലികഴിക്കുമ്പോൾ നമ്മുടെ കൈകൾ രക്ത പങ്കിലമാകുന്നു!?

ജീവിത പങ്കാളിയെ തേടുമ്പോൾ കത്തോലിക്കാ വിശ്വാസമുള്ള ക്രൈസ്തവയാകണമെന്ന്, ക്രൈസ്തവനാകണമെന്ന് നിർബന്ധമില്ലെന്നും, രാഷ്ട്രീയ നിലപാടുകളിൽ നിരീശ്വര പ്രസ്ഥാനങ്ങാളായാലും, വർഗീയ പാർട്ടികളായാലും കുഴപ്പമില്ലെന്നും, കുർബാനയുടെ പേരിൽ തങ്ങളുടെ ഭാഗം ജയിക്കുവാൻ വേണ്ടി എന്ത് കോലാഹലങ്ങൾ കാണിച്ചാലും പ്രശ്‌നമില്ലെന്നും പറയുമ്പോൾ, ഓർക്കുക പ്രിയപ്പെട്ടവരേ, ക്രിസ്തു ക്രൂശിക്കപ്പെടുകയാണ് –  വീണ്ടും! നമ്മുടെ കൈകളിൽ ചോര നിറയുന്നു!!! എന്റെ ജീവിത സാഹചര്യങ്ങളിൽ എന്റെ ദൈവത്തെ ഇല്ലാതാക്കുക എന്ന ദുഷ്കൃത്യം ചെയ്യുന്നതിനേക്കാൾ വലിയ അപരാധം മറ്റെന്തുണ്ട് സ്നേഹിതരേ!!?? താലത്തിൽ വെള്ളമെടുത്ത്, വെൺകച്ചയും അരയിൽ ചുറ്റി  ശിഷ്യരുടെ പാദം കഴുകിയ  ക്രിസ്തു ഇന്ന് അധികാരത്തിന്റെ നടുത്തളങ്ങളിൽ തമാശയായി മാറിയിരിക്കുന്നു! ഇതെന്റെ ശരീരമാകുന്നു, ഇതെന്റെ രക്തമാകുന്നു എന്നും പറഞ്ഞ് ലോകത്തിന്റെ ജീവനുവേണ്ടി തന്നെത്തന്നെ പകുത്തു നൽകിയ ഒടുവിലത്തെ അത്താഴം ഇന്ന് ആർഭാടമായ നമ്മുടെ ഊട്ടുമുറികളിലെ മനോഹരമായ ചിത്രം മാത്രം!! ദൈവമായിരുന്നിട്ടും, ദൈവത്തോടുള്ള സമാനത മുറുകെപ്പിടിക്കാതെ മനുഷ്യനായി, മരണത്തോളം, അതേ  കുരിശുമരണത്തോളം അനുസരണമുള്ളവനായ ക്രിസ്തു ഈ ന്യൂജൻ സംസ്കാരത്തിൽ ഒരു കോമാളി!!

ക്രൂശിതനായ ക്രിസ്തുവിൽ അഭിമാനിക്കുന്ന ക്രൈസ്തവരേ, ദുഃഖവെള്ളിയാഴ്ചകൾ പകർന്നുതരുന്ന വികാരം ഉൾക്കൊണ്ടുകൊണ്ട് ക്രൂശിതനെ ദൈവമായി  ഏറ്റുപറയുവാൻ, കുരിശിൽ മരിച്ച ക്രിസ്തുവിനെ ദൈവമായി ഏറ്റുപറഞ്ഞുകൊണ്ട് പാവപ്പെട്ടവർക്കും, പീഡിതർക്കുംവേണ്ടി അപ്പമാകുവാൻ, അപ്പമായി തീർന്ന ക്രിസ്തുവിനെ ദൈവമായി സ്വീകരിച്ചുകൊണ്ട് ഉത്തമ ക്രൈസ്തവരാകുവാൻ ഈ ദുഃഖവെള്ളിയാഴ്ച്ച നമ്മെ ക്ഷണിക്കുകയാണ്.

ദുഃഖവെള്ളിയാഴ്ചയുടെ സന്ദേശം ഞാൻ ഇവിടെ അവസാനിപ്പിക്കുകയാണ്. വിശുദ്ധ പത്രോസിനോടൊപ്പം ഞാൻ ഏറ്റുപറയുകയാണ്: ലോകമേ, പരിശുദ്ധനും, നീതിമാനുമായ ക്രിസ്തുവിനെ നിങ്ങൾ നിരാകരിച്ചു. പകരം ഒരു കൊലപാതകിയെ വിട്ടുകിട്ടാൻ നിങ്ങൾ അപേക്ഷിച്ചു. ജീവന്റെ നാഥനെ നിങ്ങൾ വധിച്ചു. എന്നാൽ, ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു. ഞങ്ങൾ അതിന് സാക്ഷികളാണ്.” (അപ്പ 3, 14-15) ‘മറ്റാരിലും രക്ഷയില്ല. ആകാശത്തിനുകീഴെ മനുഷ്യരുടെ ഇടയിൽ, നമുക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല. ഈശോ എന്ന നാമമല്ലാതെ.’ (അപ്പ 4, 12)

കുരിശിനാലെ ലോകമൊന്നായ് വീണ്ടെടുത്ത് രക്ഷിച്ച ക്രിസ്തു, മിശിഹാ നമ്മുടെ ജീവിതവഴികളിലെ പ്രകാശമാകട്ടെ.

നമ്മുടെ ജീവിതങ്ങളെ, കുടുംബങ്ങളെ വിശുദ്ധീകരിക്കട്ടെ. ആമേൻ!

SUNDAY SERMON MAUNDY THURSDAY

പെസഹാവ്യാഴം 2023

ഇന്ന് പെസഹാവ്യാഴാഴ്ച – ഈ ലോകത്തെ മുഴുവൻ അത്രമാത്രം സ്നേഹിച്ച, ലോകത്തിന്റെ ജീവനുവേണ്ടി അപ്പമായിത്തീർന്ന ക്രിസ്തുവിന്റെ കാരുണ്യം അനുസ്മരിക്കുന്ന ദിനം. മനുഷ്യ മനസ്സിൽ നൊമ്പരമുണർത്തുന്ന ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ ആമുഖമായി ദൈവം അപ്പമായിത്തീർന്നതിന്റെ ഓർമ്മയാചരിക്കുന്ന പെസഹാവ്യാഴത്തിന് തൊട്ടു മുൻപ് തന്നെ, വിശപ്പിന്റെ കുരിശിൽ ഉടുമുണ്ടിനാൽ ബന്ധിച്ച് കഴുവേറ്റപ്പെട്ട കാട്ടുചൂരുള്ള ആദിവാസിയായ മധുവിന് നീതിലഭിക്കുന്നതിൽ നമുക്ക് സന്തോഷിക്കാം. അപ്പോഴും, ദൈവം അപ്പമായിത്തീർന്ന് രണ്ടായിരത്തിലധികം വർഷങ്ങൾ കഴിഞ്ഞിട്ടും വിശക്കുന്ന വയറുകൾക്ക് മുന്നിൽ അപ്പമാകുവാൻ, പാവപ്പെട്ടവരുടെ വിശപ്പിന്റെ ദുരിതമറിയുവാൻ, വിശപ്പിന്റെ വിളി കേൾക്കുവാൻ മനുഷ്യർക്ക് ആകുന്നില്ലല്ലോയെന്ന ഒരു വേദന പെസഹാവ്യാഴത്തിന്റെ സന്തോഷത്തെ കാർമേഘാവൃതമാക്കുന്നു! അപ്പം ഉയർത്തിപ്പിടിച്ച്, ഇതെന്റെ ശരീരമാകുന്നു എന്നരുളിചെയ്ത ഈശോയുടെ ചിത്രം നമ്മെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും,

ഉടുമുണ്ടിനാൽ വിലങ്ങുവയ്ക്കപ്പെട്ട മധുവിന്റെ ചിത്രം നമ്മുടെ കണ്ണുകളെ ഇന്നും നനയിപ്പിക്കുന്നു!

ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാമും, പെസഹാ തിരുനാൾ, അപ്പമെടുത്തു ഇതെന്റെ ശരീരമാകുന്നു വെന്ന് ഉച്ചരിച്ചപ്പോൾ ദൈവം അപ്പമായി മാറിയ, അപ്പം ദൈവമായി മാറിയ മഹാത്ഭുതം നടന്നതിന്റെ ഓർമ, രക്ഷാകര ചരിത്രത്തിന്റെ തോടും പുഴയും കൈവഴികളും ഒരു ബിന്ദുവിൽ, വിശുദ്ധ കുർബാന എന്ന ബിന്ദുവിൽ സംഗമിച്ചതിന്റെ ഓർമ ആഘോഷിക്കുമ്പോൾ, ഈ തിരുനാളിന്റെ സന്ദേശം ഉൾക്കൊള്ളാനും, ജീവിക്കുവാനും നമുക്കാകട്ടെ എന്ന പ്രാർത്ഥനയോടെ വചന വിചിന്തനത്തിലേക്ക് കടക്കാം.  

നിത്യപുരോഹിതനായ ഈശോ “ഇതെന്റെ ഓർമയ്ക്കായി ചെയ്യുവിൻ” എന്നും പറഞ്ഞുകൊണ്ട് ശിഷ്യരെ മുഴുവൻ തന്റെ പൗരോഹിതത്തിലേക്ക് ചേർത്ത് നിർത്തിക്കൊണ്ട്, വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെ മഹനീയ മുഹൂർത്തം നമ്മുടെ ചിന്തകളിലൂടെ കടന്നുപോകുന്ന സുന്ദര ദിനമാണിന്ന്. ദിവ്യകാരുണ്യ മിഷനറി സഭയുടെ (MCBS) സ്ഥാപകൻ ഫാ. മാത്യു ആലക്കളം പാടിയതുപോലെ, ഈ സമുദ്രത്തിൽ എത്രകോടി ജലകണങ്ങളുണ്ടോ, ഭൂമിയിൽ എന്തുമാത്രം മൺതരികളുണ്ടോ, ആകാശത്തിൽ എത്രകോടി നക്ഷത്രങ്ങളുണ്ടോ അത്രയോളം സ്തുതി കീർത്തനങ്ങൾ മനുഷ്യൻ വിശുദ്ധ കുർബാനയ്ക്ക്, വിശുദ്ധ കുർബാനയിലെ ഈശോയ്ക്ക് നൽകുന്ന പുണ്യദിനമാണിന്ന്. വിശുദ്ധ കുർബാന ഈശോയുടെ ജനന, പരസ്യജീവിത, പീഡാനുഭവ, മരണ, ഉത്ഥാന രഹസ്യങ്ങളുടെ ആഘോഷമാണെന്നും, വിശുദ്ധ കുർബാന ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രമാണെന്നും, ക്രൈസ്തവന്റെ ഏറ്റവും വലിയ ആരാധനയാണെന്നും, ഏറ്റവും സുന്ദരമായ പ്രാർത്ഥനയാണെന്നും ക്രൈസ്തവർ ഏറ്റുപറയുന്ന ദിവസമാണിന്ന്.  സീറോമലബാർ സഭയിൽ ഏകീകൃത കുർബാന നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും വിവാദങ്ങളും ഇക്കൊല്ലത്തെയും പെസഹാവ്യാഴാചരണത്തിന്റെ തിളക്കം കുറയ്ക്കുന്നുണ്ടെങ്കിലും, നമ്മുടെ വ്ശ്വാസത്തിന്റെ പ്രഘോഷണമായി പെസഹവ്യാഴം നമുക്ക് ആചരിക്കാതെ വയ്യ!

നമുക്കറിയാവുന്നതുപോലെ, പഴയനിയമത്തിലെ പെസ്സഹായല്ല നാമിന്ന് ആചരിക്കുന്നത്. ഈജിപ്തിലെ ഫറവോയ്‌ക്കെതിരെ മോശയുടെ നേതൃത്വത്തിൽ ഇസ്രായേൽ ജനം നടത്തിയ ബഹുജനമുന്നേറ്റ സമരത്തിന്റെ അവസരത്തിൽ രക്ഷകനായ ദൈവം ഈജിപ്തുകാരെ ശിക്ഷിച്ചും, ഇസ്രായേൽക്കാരെ രക്ഷിച്ചും കടന്നുപോയതിന്റെ ആഘോഷത്തിൽ കഴിച്ച ആദ്യപെസഹായുടെ ഓർമയല്ല നാമിന്ന് ആചരിക്കുന്നത്. പകൽ മേഘസ്തംഭവും രാത്രി അഗ്നിത്തൂണുമായി ദൈവത്താൽ നയിക്കപ്പെട്ട ഇസ്രായേൽ ജനം, സ്വദേശത്തുവച്ചും വിദേശത്തുവച്ചും, ആദ്യപെസഹായുടെ ഓർമയിൽ നടത്തിയ പെസ്സഹാകർമങ്ങളുടെ തുടർച്ചയുമല്ല നാം നടത്തുന്നത്. പിന്നെയോ, പുതിയ നിയമത്തിലെ സ്നേഹത്തിന്റെ പുതിയഭാഷ്യവുമായി ചരിത്രത്തിന്റെ നെഞ്ചിലൂടെ പെസഹാ നടത്തിയ ഈശോ – പെസഹാ എന്ന വാക്കിന് കടന്നുപോകൽ എന്നർത്ഥം – ചരിത്രത്തിന്റെ നെഞ്ചിലൂടെ കടന്നുപോയ ഈശോ, ലോകത്തിന്റെ ജീവനുവേണ്ടി തന്റെ ശരീരവും രക്തവും നൽകിക്കൊണ്ട് വിശുദ്ധ കുർബാനയായിത്തീർന്നതിന്റെ ഓർമയാണ് ഈ പെസഹാ വ്യാഴാഴ്ച്ച നാം ആഘോഷിക്കുന്നത്. 

ഓർമകളുണ്ടായിരിക്കണമെന്നത് വെറുമൊരു സിനിമാപ്പേര് മാത്രമല്ലല്ലോ! ഓർമകളിലൂടെയാണ് മരിച്ചവർപോലും നമ്മിൽ ജീവിക്കുന്നത്. ഓർമകളാണ്, സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ, തോൽവിയുടെ, വിജയത്തിന്റെ, കാരുണ്യത്തിന്റെ ഓർമകളാണ്, ജീവിക്കുവാൻ നമുക്ക് ഊർജം നൽകുന്നത്. കഴിഞ്ഞകാലങ്ങളിലെ നമ്മുടെ ജീവിതത്തിൽ നാം പോലുമറിയാതെ ദൈവം കൈ പിടിച്ചു നടത്തിയതിന്റെ ഓർമകളാണ്, നാം പോലുമറിയാതെ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ട് നമ്മുടെ ജീവിതത്തിൽ ഇടപെട്ടതിന്റെ ഓർമകളാണ് നമ്മെ എളിമയുള്ളവരാക്കുന്നതും, ക്രിസ്തു ദൈവമാണെന്നും, ആ ദൈവം രക്ഷകനാണെന്നും ഏറ്റുപറയുവാൻ നമ്മെ പ്രാപ്തരാക്കുന്നതും. ഓർമകളാണ് നാം പറയുന്നതിനും, ചെയ്യുന്നതിനും, ആചരിക്കുന്നതിനുമെല്ലാം അർഥം നൽകുന്നതും, പ്രസക്തി നൽകുന്നതും. 

ഓർമകളുണ്ടായിരിക്കണം നമുക്ക്. ഒറ്റപ്പെടലിന്റെ വേദനകൾക്കിടയിലും ദൈവേഷ്ടം പൂർത്തിയാക്കുവാൻ സെഹിയോൻ ശാലയിലെ യാഗവേദിയിലേക്ക് നടന്ന മനുഷ്യപുത്രൻ കാൽകഴുകലിന്റെ അഗ്നിയൊരുക്കി വചനമന്ത്രങ്ങളുച്ചരിച്ച്, സ്വയം യാഗമായത് വിശുദ്ധ കുർബാനയായിത്തീരുവാനായിരുന്നു എന്ന ഓർമ നമുക്കുണ്ടായിരിക്കണം; മനുഷ്യന്റെ ശാരീരിക-മാനസിക-ആത്മീയ വിശപ്പുകളകറ്റാൻ അപ്പമായിത്തീരുവാനായിരുന്നു ക്രിസ്തു സെഹിയോൻ ശാലയിലേക്കും, തുടർന്ന് കാൽവരിയിലേക്കും നടന്നതെന്ന ഓർമ നമുക്കുണ്ടായിരിക്കണം. ഓർമകളുണ്ടായിരിക്കണം നമുക്ക്. ഈ ഓർമകളുണ്ടെങ്കിൽ പെസഹാവ്യാഴാഴ്ചയുടെ ദൈവശാസ്ത്രം ക്രൈസ്തവന്റെ മനസ്സിൽ ഒരു മഴവില്ലുപോലെ വിരിഞ്ഞുനിൽക്കും. ഈ ഓർമകളുണ്ടെങ്കിൽ രക്ഷാകരചരിത്രത്തിന്റെ കേന്ദ്രം, ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രം വിശുദ്ധ കുർബാനയാണെന്ന് മനസ്സിലാക്കുവാൻ ക്രൈസ്തവന് മറ്റുമതങ്ങളെ തേടിപ്പോകേണ്ടിവരില്ല. ഈ ഓർമകളുണ്ടെങ്കിൽ സഭയോടൊത്ത് ഏകമനസ്സായി വിശുദ്ധ കുർബാന അർപ്പിക്കുവാൻ നമുക്ക് ബുദ്ധിമുട്ടുണ്ടാകില്ല. ഈ ഓർമകളുണ്ടെങ്കിൽ ജീവിതത്തിൽ വിശുദ്ധ കുർബാനയിലേക്ക്, കുർബാനയുടെ ചൈതന്യത്തിലേക്ക് ചുവടൊന്ന് മാറ്റിചവിട്ടുവാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല. പെസഹാ വ്യാഴം, വിശുദ്ധ കുർബാനയെ പ്രണയിക്കുവാൻ, വിശുദ്ധ കുർബാനയുടെ കണ്ണോടെ ജീവിതത്തെ, ലോകത്തെ നോക്കിക്കാണുവാൻ നമ്മെ പഠിപ്പിക്കുകയാണ്.

രക്ഷാകര ചരിത്രത്തിൽ വംശാവലിയുടെ കേന്ദ്രം, ലക്‌ഷ്യം ക്രിസ്തുവാണെങ്കിൽ – വിശുദ്ധ മത്തായിയുടെ സുവിശേഷം ഒന്നാം അധ്യായത്തിൽ ക്രിസ്തുവിന്റെ വംശാവലി തുടങ്ങുന്നത് ഇങ്ങനെയാണ്: “അബ്രാഹം ഇസഹാക്കിന്റെ പിതാവായിരുന്നു… മാഥാൻ യാക്കോബിന്റെ പിതാവായിരുന്നു…യാക്കോബ് മറിയത്തിന്റെ ഭർത്താവായ യൗസേപ്പിന്റെ പിതാവായിരുന്നു. അവളിൽ നിന്ന് ക്രിസ്തു എന്ന് വിളിക്കപ്പെടുന്ന യേശു ജനിച്ചു. ഇങ്ങനെ അബ്രാഹം മുതൽ ദാവീദുവരെ പതിനാലും, ദാവീദുമുതൽ   ബാബിലോൺ പ്രവാസം വരെ പതിനാലും ബാബിലോൺ പ്രവാസം മുതൽ ക്രിസ്‌തുവരെ പതിനാലും തലമുറകളാണുള്ളത്.” (മത്താ 1, 1 -17) ഇവിടെ വംശാവലി അവസാനിക്കുകയാണ്. കാരണം, ക്രിസ്തുവാണ് The ultimate – അവസാനകണ്ണി, എല്ലാത്തിന്റെയും പൂർത്തീകരണം! വംശാവലിയുടെ കേന്ദ്രം ക്രിസ്തുവാണ്.

വംശാവലിയുടെ കേന്ദ്രം ക്രിസ്തുവാണെങ്കിൽ, രക്ഷാകര ചരിത്രത്തിന്റെ കേന്ദ്രം, അവസാനകണ്ണി വിശുദ്ധ കുർബാനയാണ്. രക്ഷാകര ചരിത്രത്തിന്റെ പരിസമാപ്തി വിശുദ്ധ കുർബാനയിലാണ്‌. രക്ഷാകര ചരിത്രത്തിന്റെ തുടർച്ചയും വിശുദ്ധകുർബാനയിൽത്തന്നെ. ദൈവത്തിന്റെ കാരുണ്യത്തെ, കാരുണ്യത്തിലെ പരിപാലനയെ, പരിപാലനയിലെ സ്നേഹത്തെ, സ്നേഹത്തിലെ കരുതലിനെ അത്രമേൽ ലഹരിയോടും, സൗന്ദര്യത്തോടുംകൂടി വാറ്റി പാകപ്പെടുത്തി ആവിഷ്കരിച്ചിരിക്കുകയാണ് വിശുദ്ധ കുർബാനയിൽ. അതുകൊണ്ടാണ് പെസഹാവ്യാഴം ക്രൈസ്തവന്റെ ഏറ്റവും വലിയപെരുന്നാളാകുന്നത്. അപ്പോൾ നിങ്ങൾ ചോദിക്കും, പിന്നെന്തിനാണ് കുരിശുമരണം? പിന്നെന്തിനാണ് ഉത്ഥാനം? ക്രിസ്തുവിന്റെ മരണവും ഉത്ഥാനവും വിശുദ്ധ കുർബാനയിൽ തുന്നിച്ചേർത്തിരിക്കുകയല്ലേ? അതുകൊണ്ടാണ് ലത്തീൻ റീത്തുകാർ വിശുദ്ധ കുർബാനയിലെ കൂദാശാവചനത്തിനുശേഷം, ‘വിശാസത്തിന്റെ ഈ രഹസ്യം നമുക്ക് പ്രഖ്യാപിക്കാം’ എന്ന് വൈദികൻ പറയുമ്പോൾ, “അങ്ങ് വീണ്ടും വരും വരെ മരണത്തിന്റെ, ഉത്ഥാനത്തിന്റെ ഈ രഹസ്യം ഞങ്ങൾ പ്രഘോഷിക്കുന്നു”വെന്ന് മറുപടിയായി പറയുന്നത്.

സീറോമലബാർ സഭയുടെ ആരാധനാക്രമദൈവശാസ്ത്രമനുസരിച്ചും വിശുദ്ധ കുർബാന ഒടുവിലത്തെ അത്താഴം മാത്രമല്ല. നിർവചനം ഇങ്ങനെയാണ്: ഈശോയുടെ ജനന, പരസ്യജീവിത, പീഢാനുഭവ, മരണ ഉത്ഥാന രഹസ്യങ്ങളുടെ ആഘോഷമാണ് വിശുദ്ധ കുർബാന. ഒടുവിലത്തെ അത്താഴം മാത്രമായി വിശുദ്ധ കുർബാന ചുരുങ്ങിയിരുന്നെങ്കിൽ എത്രയോ ശുഷ്കമായിരുന്നേനെ അത്. ഇതെന്റെ ഓർമയ്ക്കായി ചെയ്യുവിൻ എന്ന് ഈശോ പറഞ്ഞത്, തന്റെ ജീവിതത്തിലെ മിശിഹാ രഹസ്യങ്ങൾ, രക്ഷാകര രഹസ്യങ്ങൾ ആചരിക്കുവാനാണ്. “പിതാവേ, നിന്റെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” എന്ന് പറഞ്ഞ ക്രിസ്‌തുവിനെപ്പോലെ, ബലി അർപ്പകാരായ ദൈവജനം മുഴുവനും, പ്രധാന കാർമികനായ വൈദികനോട് ചേർന്ന്, ക്രിസ്തുവിലും, ക്രിസ്തുവിനോട് ചേർന്നും, ക്രിസ്തുവിലൂടെയും പിതാവായ ദൈവത്തിനർപ്പിക്കുന്ന ഏറ്റവും വലിയ പ്രാർത്ഥനയും, ആരാധനയും ബലിയുമാണ് വിശുദ്ധ കുർബാന. അതുകൊണ്ട് സ്നേഹമുള്ളവരേ, ശരിയായി മനസിലാക്കുക, വിശുദ്ധ കുർബാന ഒടുവിലത്തെ അത്താഴം മാത്രമല്ല, കുരിശുമരണം മാത്രമല്ല, ഉത്ഥാനം മാത്രമല്ല. വഞ്ചിതരാകരുതേ! വിശുദ്ധ കുർബാന, എല്ലാ മിശിഹാ രഹസ്യങ്ങളുടെയും ആഘോഷമാണ്.

ഒന്ന് ഭാവന ചെയ്യൂ…ടിവി സ്‌ക്രീനിന്റെ പകുതി ഭാഗത്ത് ഈശോ അപ്പം മുറിക്കുകയാണ്. “ഇതെന്റെ ശരീരമാകുന്നു” എന്നും “ഇതെന്റെ രക്തമാകുന്നു” എന്നും പറഞ്ഞ് വിശുദ്ധ കുർബാനയാകുകയാണ് ഈശോ. സ്‌ക്രീനിന്റെ മറ്റേ പകുതിയിൽ സെഹിയോൻശാല വിട്ടിറങ്ങിയ ഈശോ, ദൈവത്തിന്റെ കുഞ്ഞാട്, കുരിശിൽ കിടക്കുകയാണ്. “ഏൽ   ഏൽ ലമാസബക്താനി, എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു?” എന്താണത്? ജീവിതവേദനയുടെ പാരമ്യത്തിൽ ഒരു സാധാരണ ഇസ്രായേൽക്കാരന്റെ പ്രാർത്ഥനയാണത്. ഉടനെ തന്നെ മറ്റൊരു പ്രാർത്ഥന പുറത്തുവരികയാണ്. മാതാവ് പഠിപ്പിച്ച പ്രാർത്ഥന ഈശോ ഓർക്കുകയാണ്. മാതാവ് മാത്രമല്ല, ഓരോ യഹൂദ സ്ത്രീയും തങ്ങളുടെ മക്കളെ പഠിപ്പിക്കുന്ന പ്രാർത്ഥനയാണിത്‌, ജീവിത പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട സമർപ്പണത്തിന്റെ മനോഭാവം! “എന്റെ പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.” പിന്നെ അവിടുന്ന് മിഴികളടച്ചു. ഈ രണ്ടു യാഥാർഥ്യങ്ങളും ഒരേ സംഭവങ്ങളാണ്. അതുകൊണ്ടാണ് വിശുദ്ധ പൗലോശ്ലീഹാ കോറിന്തോസുകാരോട് പറയുന്നത്: നിങ്ങൾ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽ നിന്ന് പാനം ചെയ്യുകയും ചെയ്യുമ്പോൾ അവിടുത്തെ കുരിശുമരണം പ്രഖ്യാപിക്കുകയാണ്.‘ (1 കോറി 11, 26)

പെസഹാ വ്യാഴാഴ്ച്ച ആഘോഷത്തിലൂടെ ദൈവത്തിന്റെ രക്ഷ, സാന്നിധ്യം ഇന്നും തുടിച്ചുനിൽക്കുന്നത് വിശുദ്ധ കുർബാനയിലാണ്‌ എന്ന് നാം പ്രഖ്യാപിക്കുകയാണ്. വിശുദ്ധ കുർബാന ക്രൈസ്തവന് വെറുമൊരു ആചാരമോ അനുഷ്ഠാനമോ അല്ല. അത് ജീവിതമാണ്, ജീവിത ബലിയാണ്, ജീവിതമൂല്യമാണ് ക്രൈസ്തവന്. വിശുദ്ധ കുർബാനയിൽ നിങ്ങളുടെയും, എന്റെയും ജീവിതത്തിന്റെ അടങ്ങാത്ത കടലിരമ്പങ്ങളുണ്ട്. പാവപ്പെട്ടവന്റെ വേദനയുണ്ടതിൽ; തകർന്ന കുടുംബങ്ങളുടെ തകരുന്ന ദാമ്പത്യങ്ങളുടെ മുറിപ്പാടുകളുണ്ടതിൽ. അക്രമത്തിന്റെ ആക്രോശങ്ങൾക്കിടയിൽ, വർഗീയതയുടെ അമർത്തലുകൾക്കിടയിൽ ചതഞ്ഞരയുന്ന ജീവിതങ്ങളുണ്ടതിൽ. ലഹരിയുടെ, രതിയുടെ, സ്വാർത്ഥതയുടെ ഭ്രാന്തിൽ പൊലിഞ്ഞുപോകുന്ന ബാല്യങ്ങളുടെ സ്ത്രീകളുടെ കരച്ചിലുകളുണ്ടതിൽ. സാമ്പത്തിക തകർച്ചമൂലം ഇനിയെന്തുചെയ്യണമെന്നറിയാത്തവരുടെ കരച്ചിലുണ്ടതിൽ. നിങ്ങളെയും എന്നെയും ചേർത്ത് നിർത്തുന്ന കാരുണ്യവാനായ ദൈവത്തിന്റെ സ്നേഹഭാവങ്ങളുണ്ടതിൽ. മഹാമാരികൾ വന്നാലും നമ്മെ സുഖപ്പെടുത്തുന്ന ദൈവം, കണ്ണിലെ കൃഷ്ണമണിപോലെ നമ്മെ പരിപാലിക്കുന്ന ദൈവം, പാവപ്പെട്ടവനും ദരിദ്രനായ എന്നെ കരുതുന്ന ദൈവം, ഭയപ്പെടേണ്ട ഞാൻ നിന്നോടു കൂടെയുണ്ട് എന്ന് പറഞ്ഞു കൈ നീട്ടി എന്നെ രക്ഷിക്കുന്ന ദൈവം … അങ്ങനെ എന്നെ കാക്കുന്ന, കരുതുന്ന, എന്റെ ജീവിതവുമായി താദാത്മ്യപ്പെട്ടു നിൽക്കുന്ന ദൈവത്തിന്റെ മഹാസാന്നിധ്യമാണ്, സാന്നിധ്യത്തിന്റെ ആഘോഷമാണ് പ്രിയപ്പെട്ടവരേ വിശുദ്ധ കുർബാന.

നമ്മുടെ ജീവിതവുമായി ഒട്ടിച്ചേർന്നു നിൽക്കുന്ന ഒരു ദൈവമാണ് വിശുദ്ധ കുർബാനയിൽ ഉള്ളത്. എന്താ സംശയമുണ്ടോ? സുവിശേഷങ്ങൾ തുറന്നു നോക്കുന്നോ…

വിശുദ്ധ മത്തായിയുടെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം 9 മുതലുള്ള വാക്യങ്ങൾ. സിനഗോഗിൽ ഇതുപോലെ വചനം കേട്ടുകൊണ്ടിരുന്ന ജനങ്ങൾക്കിടയിൽ കൈശോഷിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. ഈശോ അവനോടു പറഞ്ഞു:” നിന്റെ കൈ നീട്ടുക. സുഖപ്പെടട്ടെ”. ആരും യേശുവിനോടു ചോദിച്ചില്ല. ആരും യേശുവിനോടു പറഞ്ഞില്ല. മനുഷ്യന്റെ വേദന അറിയുമ്പോൾ അവളുടെ / അവന്റെ വേദനകളുമായി താദാത്മ്യപ്പെടുകയാണ് ഈശോ!

വിശുദ്ധ യോഹന്നാന്റെ സുവിശേഷം അഞ്ചാം അധ്യായത്തിൽ 38 വർഷമായി തളർവാതം പിടിപെട്ട് കിടക്കുന്ന ഒരു മനുഷ്യനെ നാം കാണുന്നുണ്ട്. ഈശോ അവനെ സമീപിക്കുകയാണ്. അവന്റെ അടുത്ത് ചെന്നിട്ട്, അവിടെ അയാളോടൊത്തു ഇരുന്നിട്ട്, ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ചോദിക്കുകയാണ്: ‘സുഖപ്പെടുവാൻ നിനക്ക് ആഗ്രഹമുണ്ടോ?’ ആ മനുഷ്യൻ അമ്പരക്കുകയാണ്. ജീവിതത്തിന്റെ അങ്ങേയറ്റത്തുപോലും ഇവനെങ്ങനെ ഒരു സാധ്യത ഭാവന ചെയ്തിട്ടില്ല. തന്റെ ദുരിതത്തെക്കുറിച്ചല്ലാതെ കണക്കുകൂട്ടലും അയാൾ നടത്തിയിട്ടില്ല. ഒരു സെക്കന്റുപോലും നഷ്ടപ്പെടുത്താതെ അയാൾ പറയുകയാണ്: ‘ഉവ്വ് കർത്താവേ.’ അവിടുന്ന് അവനെ സുഖപ്പെടുത്തുകയാണ്. ആരും യേശുവിനോട് പറഞ്ഞില്ല. ആരും യേശുവിനോടു ചോദിച്ചില്ല. ഒരു മെമ്മോറണ്ടംപോലും ആരും യേശുവിനുമുന്പിൽ വച്ചില്ല. മനുഷ്യന്റെ നോവ് മനസ്സിലാക്കി അവനിലേക്ക്‌ കടന്നുചെല്ലുകയാണ് ഈശോ.

സ്നേഹമുള്ളവരേ, പെസഹാവ്യാഴം വിശുദ്ധ കുർബാനയിലേക്കു, വിശുദ്ധ കുർബാനയുടെ മനോഭാവത്തിലേക്ക് മിഴിതുറക്കുവാൻ നമ്മെ ക്ഷണിക്കുകയാണ്. വിശുദ്ധ കുർബാനയിലേക്ക് നമ്മുടെ ജീവിതത്തിന്റെ ചുവടുമാറ്റുവാൻ ഈ പെസഹാവ്യാഴം നമ്മെ പ്രേരിപ്പിക്കുകയാണ്. നമ്മുടെ ജീവിതവുമായി ഒട്ടിച്ചേർന്നു നിൽക്കുന്ന ദൈവത്തെ, വിശുദ്ധ കുർബാനയിലെ ക്രിസ്തുവിനെ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുവാൻ നമുക്കാകണം. അതിന് രണ്ടു കാര്യങ്ങൾ അത്യന്താപേക്ഷിതമാണ്. ഒന്ന്, പാദക്ഷാളനം. രണ്ട്, അപ്പമായിത്തീരൽ.

ആദ്യത്തേത് പാദമാണ്.

മനുഷ്യശരീരത്തിലെ അഴുക്കുമായി, മണ്ണുമായി പെട്ടെന്ന് തൊടുന്ന ചെറിയൊരു ഇടമാണ് പാദം. പാദം ഒരു പ്രതീകമാണ്. തിന്മയുടെ സാന്നിധ്യമോ, സാമീപ്യമോ, സ്വാധീനമോ, സ്പർശമോ ഉള്ള ഒരിത്തിരി ഇടം. ആ ഇടം കഴുകേണ്ടിയിരിക്കുന്നു. നീ കുളി കഴിഞ്ഞവനാണെങ്കിലും ആ ഒരിത്തിരി ഇടം അഴുക്കു പുരണ്ടതായിരിക്കും. കഴുകുകതന്നെ വേണം. ശരീരത്തിനെന്നപോലെ മനസ്സിനും പാദമുണ്ട്. തിന്മയുടെ സാന്നിധ്യമോ, സാമീപ്യമോ, സ്വാധീനമോ, സ്പർശമോ ഉള്ള ഒരിത്തിരി ഇടം. ജോഷ്വായുടെ പുസ്തകം ഏഴാം അധ്യായത്തിൽ ആഖാൻ   എന്ന വ്യക്തിയുടെ പാപത്തെക്കുറിച്ചു പറയുന്നുണ്ട്. നാം നല്ല വ്യക്തികളായിരിക്കാം, നല്ല മനസ്സിന് ഉടമകളുമായിരിക്കാം. എന്നാൽ, ഒരിത്തിരി ഇടം, സ്വാർത്ഥതയുടെ, സ്വരുക്കൂട്ടലിന്റെ ഒരു ഇത്തിരി ഇടം എന്റെ മനസ്സിന്റെ അഴുക്കുപിടിച്ച പാദമാണ്. കഴുകേണ്ടിയിരിക്കുന്നു. ഹൃദയത്തിനും പാദമുണ്ട്, തിന്മയുടെ സാന്നിധ്യമോ, സാമീപ്യമോ, സ്വാധീനമോ, സ്പർശമോ ഉള്ള ഒരിത്തിരി ഇടം. ദാവീദിന്റെ ജീവിതം ഓർക്കുക. എന്റെ നല്ല ഹൃദയത്തിലെ, രതിയുടെ, ലഹരിയുടെ, മദ്യപാനത്തിന്റെ, പുകവലിയുടെ ഒരിത്തിരി ഇടം. കഴുകേണ്ടിയിരിക്കുന്നു. കണ്ണിനും പാദമുണ്ട്, തിന്മയുടെ സാന്നിധ്യമോ, സാമീപ്യമോ, സ്വാധീനമോ, സ്പർശമോ ഉള്ള ഒരിത്തിരി ഇടം. കൈകൾക്കും പാദമുണ്ട്, തിന്മയുടെ സാന്നിധ്യമോ, സാമീപ്യമോ, സ്വാധീനമോ, സ്പർശമോ ഉള്ള ഒരിത്തിരി ഇടം. കഴുകേണ്ടിയിരിക്കുന്നു പ്രിയപ്പെട്ടവരേ. അപ്പോഴേ നാം വിശുദ്ധ കുർബാനയിലേക്ക് ജീവിതത്തിന്റെ ചുവടു മാറ്റിചവിട്ടുവാൻ പ്രാപ്തരാകുകയുള്ളു.

രണ്ടാമത്തേത് അപ്പം.

മനുഷ്യന്റെ ജീവിതവുമായി ഏറ്റവും ചേർന്ന് നിൽക്കുന്ന ഒന്നാണ് അപ്പം. ക്രൈസ്തവവിശ്വാസത്തിന്റെ ഏറ്റവും ഉദാത്തമായ ചൈതന്യമാണ് അപ്പമായിത്തീരുകയെന്നത്. കാരണം, നമ്മുടെ ജീവിതവുമായി താദാത്മ്യപ്പെടാൻ, ഒന്നായിത്തീരാൻ ഈശോ ആഗ്രഹിച്ചപ്പോൾ അവിടുന്ന് തിരഞ്ഞെടുത്തത് അപ്പമാണ്. അവിടുന്ന് അപ്പത്തിന്റെ രൂപത്തിലായി നമ്മോടു ഒന്നായിത്തീരാൻ, ക്രൈസ്തവജീവിതത്തിന്റെ ചൈതന്യം കാണിച്ചുതരാൻ, മറ്റുള്ളവർക്കായി ജീവിക്കേണ്ടത് എങ്ങനെയെന്ന് നമ്മെ പഠിപ്പിക്കാൻ. അപ്പവും, പ്രിയപ്പെട്ടവരേ, പ്രതീകമാണിനി. വാത്സല്യത്തിന്റെ, പങ്കുവയ്ക്കലിന്റെ, ഔദാര്യത്തിന്റെ, കരുതലിന്റെ, മറ്റുള്ളവരുടെ വളർച്ചയ്ക്കായി ഇല്ലാതായിത്തീരുന്നതിന്റെ, സംതൃപ്തിയുടെ പ്രതീകം. ദരിദ്രന് സമ്പത്താണ് അപ്പം; രോഗിക്ക് സൗഖ്യമാണ് അപ്പം; സങ്കടപ്പെടുന്നവർക്ക് സന്തോഷമാണ് അപ്പം; യുദ്ധത്തിൽ കഴിയുന്നവർക്ക് സമാധാനമാണ് അപ്പം; ജോലിയില്ലാത്തവർക്ക് ജോലിയാണ് അപ്പം; ബലഹീനന് ബലമാണ് അപ്പം. വസ്ത്രമില്ലാത്തവർക്ക് വസ്ത്രമാണ് അപ്പം. വീടില്ലാത്തവർക്ക് വീടാണ് അപ്പം. നിരാശയിൽ കഴിയുന്നവർക്ക് പ്രതീക്ഷയാണ് അപ്പം.  

വിശുദ്ധ കുർബാനയുടെ ചൈതന്യത്തിനു വിപരീതമായ, ക്രൈസ്തവ ജീവിതത്തിന്റെ ഭംഗി കെടുത്തുന്ന വളരെ അപകടകരമായ ഒരു മനോഭാവം ഇന്ന് സാമൂഹ്യ മാധ്യമങ്ങൾവഴി പ്രചരിക്കുന്നുണ്ട്: ‘മറ്റുള്ളവർക്കുവേണ്ടി, കുടുംബത്തിനുവേണ്ടി, സ്വന്തം താത്പര്യങ്ങൾ മാറ്റിവച്ചു ജീവിക്കുന്നവർ വിഡ്ഢികളാണ്, ജീവിക്കാതെ മരിക്കുന്നവർ.’ പെസഹാ വ്യാഴത്തിന്റെ ചൈതന്യത്തിനു നേരെ വിപരീതമായ സന്ദേശമാണിത്. പെസഹാ വ്യാഴം നമ്മോടു പറയുന്നത് ‘വിശുദ്ധ കുർബാനയിലെ ഈശോയെപ്പോലെ മറ്റുള്ളവർക്കുവേണ്ടി, കുടുംബത്തിനുവേണ്ടി, സ്വന്തം താത്പര്യങ്ങൾ മാറ്റിവച്ചു ജീവിക്കുന്നവർ മഹാത്മാക്കളാണ്, മരിച്ചിട്ടും ജീവിക്കുന്നവർ. ഈ വിശുദ്ധ കുർബാനയുടെ സന്ദേശമാണിനി നമുക്ക് രക്ഷ!

സ്നേഹമുള്ളവരേ, നാം ചുവടുമാറ്റി ചവിട്ടേണ്ടിയിരിക്കുന്നു. പാദങ്ങൾ കഴുകി, അപ്പമായിത്തീർന്ന് നമ്മുടെ മനുഷ്യജീവിത സാഹചര്യങ്ങളിൽ വിശുദ്ധകുർബാന യാകേണ്ടിയിരിക്കുന്നു. മനസ്സിന്റെ, ഹൃദയത്തിന്റെ, കണ്ണുകളുടെ പാദങ്ങൾ കഴുകി ശുദ്ധരായി, മറ്റുള്ളവർക്കായി അപ്പമായിത്തീരാൻ നമുക്കാകട്ടെ.   

നമ്മുടെ കുടുംബങ്ങളെ വീണ്ടെടുക്കാൻ, നമ്മുടെ ക്രൈസ്തവസഹോദരങ്ങളെ ക്രിസ്തുവിൽ നവീകരിക്കുവാൻ നാം വിശുദ്ധ കുർബാനയാകേണ്ടിയിരിക്കുന്നു.

ഈ പെസഹാ വ്യാഴാഴ്‌ചത്തെ പ്രാർത്ഥനകളും, ആചാരങ്ങളും അതിനായി നമ്മെ സഹായിക്കട്ടെ. ആമേൻ!