SUNDAY SERMON MAUNDY THURSDAY

പെസഹാവ്യാഴം 2023

ഇന്ന് പെസഹാവ്യാഴാഴ്ച – ഈ ലോകത്തെ മുഴുവൻ അത്രമാത്രം സ്നേഹിച്ച, ലോകത്തിന്റെ ജീവനുവേണ്ടി അപ്പമായിത്തീർന്ന ക്രിസ്തുവിന്റെ കാരുണ്യം അനുസ്മരിക്കുന്ന ദിനം. മനുഷ്യ മനസ്സിൽ നൊമ്പരമുണർത്തുന്ന ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ ആമുഖമായി ദൈവം അപ്പമായിത്തീർന്നതിന്റെ ഓർമ്മയാചരിക്കുന്ന പെസഹാവ്യാഴത്തിന് തൊട്ടു മുൻപ് തന്നെ, വിശപ്പിന്റെ കുരിശിൽ ഉടുമുണ്ടിനാൽ ബന്ധിച്ച് കഴുവേറ്റപ്പെട്ട കാട്ടുചൂരുള്ള ആദിവാസിയായ മധുവിന് നീതിലഭിക്കുന്നതിൽ നമുക്ക് സന്തോഷിക്കാം. അപ്പോഴും, ദൈവം അപ്പമായിത്തീർന്ന് രണ്ടായിരത്തിലധികം വർഷങ്ങൾ കഴിഞ്ഞിട്ടും വിശക്കുന്ന വയറുകൾക്ക് മുന്നിൽ അപ്പമാകുവാൻ, പാവപ്പെട്ടവരുടെ വിശപ്പിന്റെ ദുരിതമറിയുവാൻ, വിശപ്പിന്റെ വിളി കേൾക്കുവാൻ മനുഷ്യർക്ക് ആകുന്നില്ലല്ലോയെന്ന ഒരു വേദന പെസഹാവ്യാഴത്തിന്റെ സന്തോഷത്തെ കാർമേഘാവൃതമാക്കുന്നു! അപ്പം ഉയർത്തിപ്പിടിച്ച്, ഇതെന്റെ ശരീരമാകുന്നു എന്നരുളിചെയ്ത ഈശോയുടെ ചിത്രം നമ്മെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും,

ഉടുമുണ്ടിനാൽ വിലങ്ങുവയ്ക്കപ്പെട്ട മധുവിന്റെ ചിത്രം നമ്മുടെ കണ്ണുകളെ ഇന്നും നനയിപ്പിക്കുന്നു!

ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാമും, പെസഹാ തിരുനാൾ, അപ്പമെടുത്തു ഇതെന്റെ ശരീരമാകുന്നു വെന്ന് ഉച്ചരിച്ചപ്പോൾ ദൈവം അപ്പമായി മാറിയ, അപ്പം ദൈവമായി മാറിയ മഹാത്ഭുതം നടന്നതിന്റെ ഓർമ, രക്ഷാകര ചരിത്രത്തിന്റെ തോടും പുഴയും കൈവഴികളും ഒരു ബിന്ദുവിൽ, വിശുദ്ധ കുർബാന എന്ന ബിന്ദുവിൽ സംഗമിച്ചതിന്റെ ഓർമ ആഘോഷിക്കുമ്പോൾ, ഈ തിരുനാളിന്റെ സന്ദേശം ഉൾക്കൊള്ളാനും, ജീവിക്കുവാനും നമുക്കാകട്ടെ എന്ന പ്രാർത്ഥനയോടെ വചന വിചിന്തനത്തിലേക്ക് കടക്കാം.  

നിത്യപുരോഹിതനായ ഈശോ “ഇതെന്റെ ഓർമയ്ക്കായി ചെയ്യുവിൻ” എന്നും പറഞ്ഞുകൊണ്ട് ശിഷ്യരെ മുഴുവൻ തന്റെ പൗരോഹിതത്തിലേക്ക് ചേർത്ത് നിർത്തിക്കൊണ്ട്, വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെ മഹനീയ മുഹൂർത്തം നമ്മുടെ ചിന്തകളിലൂടെ കടന്നുപോകുന്ന സുന്ദര ദിനമാണിന്ന്. ദിവ്യകാരുണ്യ മിഷനറി സഭയുടെ (MCBS) സ്ഥാപകൻ ഫാ. മാത്യു ആലക്കളം പാടിയതുപോലെ, ഈ സമുദ്രത്തിൽ എത്രകോടി ജലകണങ്ങളുണ്ടോ, ഭൂമിയിൽ എന്തുമാത്രം മൺതരികളുണ്ടോ, ആകാശത്തിൽ എത്രകോടി നക്ഷത്രങ്ങളുണ്ടോ അത്രയോളം സ്തുതി കീർത്തനങ്ങൾ മനുഷ്യൻ വിശുദ്ധ കുർബാനയ്ക്ക്, വിശുദ്ധ കുർബാനയിലെ ഈശോയ്ക്ക് നൽകുന്ന പുണ്യദിനമാണിന്ന്. വിശുദ്ധ കുർബാന ഈശോയുടെ ജനന, പരസ്യജീവിത, പീഡാനുഭവ, മരണ, ഉത്ഥാന രഹസ്യങ്ങളുടെ ആഘോഷമാണെന്നും, വിശുദ്ധ കുർബാന ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രമാണെന്നും, ക്രൈസ്തവന്റെ ഏറ്റവും വലിയ ആരാധനയാണെന്നും, ഏറ്റവും സുന്ദരമായ പ്രാർത്ഥനയാണെന്നും ക്രൈസ്തവർ ഏറ്റുപറയുന്ന ദിവസമാണിന്ന്.  സീറോമലബാർ സഭയിൽ ഏകീകൃത കുർബാന നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും വിവാദങ്ങളും ഇക്കൊല്ലത്തെയും പെസഹാവ്യാഴാചരണത്തിന്റെ തിളക്കം കുറയ്ക്കുന്നുണ്ടെങ്കിലും, നമ്മുടെ വ്ശ്വാസത്തിന്റെ പ്രഘോഷണമായി പെസഹവ്യാഴം നമുക്ക് ആചരിക്കാതെ വയ്യ!

നമുക്കറിയാവുന്നതുപോലെ, പഴയനിയമത്തിലെ പെസ്സഹായല്ല നാമിന്ന് ആചരിക്കുന്നത്. ഈജിപ്തിലെ ഫറവോയ്‌ക്കെതിരെ മോശയുടെ നേതൃത്വത്തിൽ ഇസ്രായേൽ ജനം നടത്തിയ ബഹുജനമുന്നേറ്റ സമരത്തിന്റെ അവസരത്തിൽ രക്ഷകനായ ദൈവം ഈജിപ്തുകാരെ ശിക്ഷിച്ചും, ഇസ്രായേൽക്കാരെ രക്ഷിച്ചും കടന്നുപോയതിന്റെ ആഘോഷത്തിൽ കഴിച്ച ആദ്യപെസഹായുടെ ഓർമയല്ല നാമിന്ന് ആചരിക്കുന്നത്. പകൽ മേഘസ്തംഭവും രാത്രി അഗ്നിത്തൂണുമായി ദൈവത്താൽ നയിക്കപ്പെട്ട ഇസ്രായേൽ ജനം, സ്വദേശത്തുവച്ചും വിദേശത്തുവച്ചും, ആദ്യപെസഹായുടെ ഓർമയിൽ നടത്തിയ പെസ്സഹാകർമങ്ങളുടെ തുടർച്ചയുമല്ല നാം നടത്തുന്നത്. പിന്നെയോ, പുതിയ നിയമത്തിലെ സ്നേഹത്തിന്റെ പുതിയഭാഷ്യവുമായി ചരിത്രത്തിന്റെ നെഞ്ചിലൂടെ പെസഹാ നടത്തിയ ഈശോ – പെസഹാ എന്ന വാക്കിന് കടന്നുപോകൽ എന്നർത്ഥം – ചരിത്രത്തിന്റെ നെഞ്ചിലൂടെ കടന്നുപോയ ഈശോ, ലോകത്തിന്റെ ജീവനുവേണ്ടി തന്റെ ശരീരവും രക്തവും നൽകിക്കൊണ്ട് വിശുദ്ധ കുർബാനയായിത്തീർന്നതിന്റെ ഓർമയാണ് ഈ പെസഹാ വ്യാഴാഴ്ച്ച നാം ആഘോഷിക്കുന്നത്. 

ഓർമകളുണ്ടായിരിക്കണമെന്നത് വെറുമൊരു സിനിമാപ്പേര് മാത്രമല്ലല്ലോ! ഓർമകളിലൂടെയാണ് മരിച്ചവർപോലും നമ്മിൽ ജീവിക്കുന്നത്. ഓർമകളാണ്, സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ, തോൽവിയുടെ, വിജയത്തിന്റെ, കാരുണ്യത്തിന്റെ ഓർമകളാണ്, ജീവിക്കുവാൻ നമുക്ക് ഊർജം നൽകുന്നത്. കഴിഞ്ഞകാലങ്ങളിലെ നമ്മുടെ ജീവിതത്തിൽ നാം പോലുമറിയാതെ ദൈവം കൈ പിടിച്ചു നടത്തിയതിന്റെ ഓർമകളാണ്, നാം പോലുമറിയാതെ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ട് നമ്മുടെ ജീവിതത്തിൽ ഇടപെട്ടതിന്റെ ഓർമകളാണ് നമ്മെ എളിമയുള്ളവരാക്കുന്നതും, ക്രിസ്തു ദൈവമാണെന്നും, ആ ദൈവം രക്ഷകനാണെന്നും ഏറ്റുപറയുവാൻ നമ്മെ പ്രാപ്തരാക്കുന്നതും. ഓർമകളാണ് നാം പറയുന്നതിനും, ചെയ്യുന്നതിനും, ആചരിക്കുന്നതിനുമെല്ലാം അർഥം നൽകുന്നതും, പ്രസക്തി നൽകുന്നതും. 

ഓർമകളുണ്ടായിരിക്കണം നമുക്ക്. ഒറ്റപ്പെടലിന്റെ വേദനകൾക്കിടയിലും ദൈവേഷ്ടം പൂർത്തിയാക്കുവാൻ സെഹിയോൻ ശാലയിലെ യാഗവേദിയിലേക്ക് നടന്ന മനുഷ്യപുത്രൻ കാൽകഴുകലിന്റെ അഗ്നിയൊരുക്കി വചനമന്ത്രങ്ങളുച്ചരിച്ച്, സ്വയം യാഗമായത് വിശുദ്ധ കുർബാനയായിത്തീരുവാനായിരുന്നു എന്ന ഓർമ നമുക്കുണ്ടായിരിക്കണം; മനുഷ്യന്റെ ശാരീരിക-മാനസിക-ആത്മീയ വിശപ്പുകളകറ്റാൻ അപ്പമായിത്തീരുവാനായിരുന്നു ക്രിസ്തു സെഹിയോൻ ശാലയിലേക്കും, തുടർന്ന് കാൽവരിയിലേക്കും നടന്നതെന്ന ഓർമ നമുക്കുണ്ടായിരിക്കണം. ഓർമകളുണ്ടായിരിക്കണം നമുക്ക്. ഈ ഓർമകളുണ്ടെങ്കിൽ പെസഹാവ്യാഴാഴ്ചയുടെ ദൈവശാസ്ത്രം ക്രൈസ്തവന്റെ മനസ്സിൽ ഒരു മഴവില്ലുപോലെ വിരിഞ്ഞുനിൽക്കും. ഈ ഓർമകളുണ്ടെങ്കിൽ രക്ഷാകരചരിത്രത്തിന്റെ കേന്ദ്രം, ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രം വിശുദ്ധ കുർബാനയാണെന്ന് മനസ്സിലാക്കുവാൻ ക്രൈസ്തവന് മറ്റുമതങ്ങളെ തേടിപ്പോകേണ്ടിവരില്ല. ഈ ഓർമകളുണ്ടെങ്കിൽ സഭയോടൊത്ത് ഏകമനസ്സായി വിശുദ്ധ കുർബാന അർപ്പിക്കുവാൻ നമുക്ക് ബുദ്ധിമുട്ടുണ്ടാകില്ല. ഈ ഓർമകളുണ്ടെങ്കിൽ ജീവിതത്തിൽ വിശുദ്ധ കുർബാനയിലേക്ക്, കുർബാനയുടെ ചൈതന്യത്തിലേക്ക് ചുവടൊന്ന് മാറ്റിചവിട്ടുവാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല. പെസഹാ വ്യാഴം, വിശുദ്ധ കുർബാനയെ പ്രണയിക്കുവാൻ, വിശുദ്ധ കുർബാനയുടെ കണ്ണോടെ ജീവിതത്തെ, ലോകത്തെ നോക്കിക്കാണുവാൻ നമ്മെ പഠിപ്പിക്കുകയാണ്.

രക്ഷാകര ചരിത്രത്തിൽ വംശാവലിയുടെ കേന്ദ്രം, ലക്‌ഷ്യം ക്രിസ്തുവാണെങ്കിൽ – വിശുദ്ധ മത്തായിയുടെ സുവിശേഷം ഒന്നാം അധ്യായത്തിൽ ക്രിസ്തുവിന്റെ വംശാവലി തുടങ്ങുന്നത് ഇങ്ങനെയാണ്: “അബ്രാഹം ഇസഹാക്കിന്റെ പിതാവായിരുന്നു… മാഥാൻ യാക്കോബിന്റെ പിതാവായിരുന്നു…യാക്കോബ് മറിയത്തിന്റെ ഭർത്താവായ യൗസേപ്പിന്റെ പിതാവായിരുന്നു. അവളിൽ നിന്ന് ക്രിസ്തു എന്ന് വിളിക്കപ്പെടുന്ന യേശു ജനിച്ചു. ഇങ്ങനെ അബ്രാഹം മുതൽ ദാവീദുവരെ പതിനാലും, ദാവീദുമുതൽ   ബാബിലോൺ പ്രവാസം വരെ പതിനാലും ബാബിലോൺ പ്രവാസം മുതൽ ക്രിസ്‌തുവരെ പതിനാലും തലമുറകളാണുള്ളത്.” (മത്താ 1, 1 -17) ഇവിടെ വംശാവലി അവസാനിക്കുകയാണ്. കാരണം, ക്രിസ്തുവാണ് The ultimate – അവസാനകണ്ണി, എല്ലാത്തിന്റെയും പൂർത്തീകരണം! വംശാവലിയുടെ കേന്ദ്രം ക്രിസ്തുവാണ്.

വംശാവലിയുടെ കേന്ദ്രം ക്രിസ്തുവാണെങ്കിൽ, രക്ഷാകര ചരിത്രത്തിന്റെ കേന്ദ്രം, അവസാനകണ്ണി വിശുദ്ധ കുർബാനയാണ്. രക്ഷാകര ചരിത്രത്തിന്റെ പരിസമാപ്തി വിശുദ്ധ കുർബാനയിലാണ്‌. രക്ഷാകര ചരിത്രത്തിന്റെ തുടർച്ചയും വിശുദ്ധകുർബാനയിൽത്തന്നെ. ദൈവത്തിന്റെ കാരുണ്യത്തെ, കാരുണ്യത്തിലെ പരിപാലനയെ, പരിപാലനയിലെ സ്നേഹത്തെ, സ്നേഹത്തിലെ കരുതലിനെ അത്രമേൽ ലഹരിയോടും, സൗന്ദര്യത്തോടുംകൂടി വാറ്റി പാകപ്പെടുത്തി ആവിഷ്കരിച്ചിരിക്കുകയാണ് വിശുദ്ധ കുർബാനയിൽ. അതുകൊണ്ടാണ് പെസഹാവ്യാഴം ക്രൈസ്തവന്റെ ഏറ്റവും വലിയപെരുന്നാളാകുന്നത്. അപ്പോൾ നിങ്ങൾ ചോദിക്കും, പിന്നെന്തിനാണ് കുരിശുമരണം? പിന്നെന്തിനാണ് ഉത്ഥാനം? ക്രിസ്തുവിന്റെ മരണവും ഉത്ഥാനവും വിശുദ്ധ കുർബാനയിൽ തുന്നിച്ചേർത്തിരിക്കുകയല്ലേ? അതുകൊണ്ടാണ് ലത്തീൻ റീത്തുകാർ വിശുദ്ധ കുർബാനയിലെ കൂദാശാവചനത്തിനുശേഷം, ‘വിശാസത്തിന്റെ ഈ രഹസ്യം നമുക്ക് പ്രഖ്യാപിക്കാം’ എന്ന് വൈദികൻ പറയുമ്പോൾ, “അങ്ങ് വീണ്ടും വരും വരെ മരണത്തിന്റെ, ഉത്ഥാനത്തിന്റെ ഈ രഹസ്യം ഞങ്ങൾ പ്രഘോഷിക്കുന്നു”വെന്ന് മറുപടിയായി പറയുന്നത്.

സീറോമലബാർ സഭയുടെ ആരാധനാക്രമദൈവശാസ്ത്രമനുസരിച്ചും വിശുദ്ധ കുർബാന ഒടുവിലത്തെ അത്താഴം മാത്രമല്ല. നിർവചനം ഇങ്ങനെയാണ്: ഈശോയുടെ ജനന, പരസ്യജീവിത, പീഢാനുഭവ, മരണ ഉത്ഥാന രഹസ്യങ്ങളുടെ ആഘോഷമാണ് വിശുദ്ധ കുർബാന. ഒടുവിലത്തെ അത്താഴം മാത്രമായി വിശുദ്ധ കുർബാന ചുരുങ്ങിയിരുന്നെങ്കിൽ എത്രയോ ശുഷ്കമായിരുന്നേനെ അത്. ഇതെന്റെ ഓർമയ്ക്കായി ചെയ്യുവിൻ എന്ന് ഈശോ പറഞ്ഞത്, തന്റെ ജീവിതത്തിലെ മിശിഹാ രഹസ്യങ്ങൾ, രക്ഷാകര രഹസ്യങ്ങൾ ആചരിക്കുവാനാണ്. “പിതാവേ, നിന്റെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” എന്ന് പറഞ്ഞ ക്രിസ്‌തുവിനെപ്പോലെ, ബലി അർപ്പകാരായ ദൈവജനം മുഴുവനും, പ്രധാന കാർമികനായ വൈദികനോട് ചേർന്ന്, ക്രിസ്തുവിലും, ക്രിസ്തുവിനോട് ചേർന്നും, ക്രിസ്തുവിലൂടെയും പിതാവായ ദൈവത്തിനർപ്പിക്കുന്ന ഏറ്റവും വലിയ പ്രാർത്ഥനയും, ആരാധനയും ബലിയുമാണ് വിശുദ്ധ കുർബാന. അതുകൊണ്ട് സ്നേഹമുള്ളവരേ, ശരിയായി മനസിലാക്കുക, വിശുദ്ധ കുർബാന ഒടുവിലത്തെ അത്താഴം മാത്രമല്ല, കുരിശുമരണം മാത്രമല്ല, ഉത്ഥാനം മാത്രമല്ല. വഞ്ചിതരാകരുതേ! വിശുദ്ധ കുർബാന, എല്ലാ മിശിഹാ രഹസ്യങ്ങളുടെയും ആഘോഷമാണ്.

ഒന്ന് ഭാവന ചെയ്യൂ…ടിവി സ്‌ക്രീനിന്റെ പകുതി ഭാഗത്ത് ഈശോ അപ്പം മുറിക്കുകയാണ്. “ഇതെന്റെ ശരീരമാകുന്നു” എന്നും “ഇതെന്റെ രക്തമാകുന്നു” എന്നും പറഞ്ഞ് വിശുദ്ധ കുർബാനയാകുകയാണ് ഈശോ. സ്‌ക്രീനിന്റെ മറ്റേ പകുതിയിൽ സെഹിയോൻശാല വിട്ടിറങ്ങിയ ഈശോ, ദൈവത്തിന്റെ കുഞ്ഞാട്, കുരിശിൽ കിടക്കുകയാണ്. “ഏൽ   ഏൽ ലമാസബക്താനി, എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു?” എന്താണത്? ജീവിതവേദനയുടെ പാരമ്യത്തിൽ ഒരു സാധാരണ ഇസ്രായേൽക്കാരന്റെ പ്രാർത്ഥനയാണത്. ഉടനെ തന്നെ മറ്റൊരു പ്രാർത്ഥന പുറത്തുവരികയാണ്. മാതാവ് പഠിപ്പിച്ച പ്രാർത്ഥന ഈശോ ഓർക്കുകയാണ്. മാതാവ് മാത്രമല്ല, ഓരോ യഹൂദ സ്ത്രീയും തങ്ങളുടെ മക്കളെ പഠിപ്പിക്കുന്ന പ്രാർത്ഥനയാണിത്‌, ജീവിത പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട സമർപ്പണത്തിന്റെ മനോഭാവം! “എന്റെ പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.” പിന്നെ അവിടുന്ന് മിഴികളടച്ചു. ഈ രണ്ടു യാഥാർഥ്യങ്ങളും ഒരേ സംഭവങ്ങളാണ്. അതുകൊണ്ടാണ് വിശുദ്ധ പൗലോശ്ലീഹാ കോറിന്തോസുകാരോട് പറയുന്നത്: നിങ്ങൾ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽ നിന്ന് പാനം ചെയ്യുകയും ചെയ്യുമ്പോൾ അവിടുത്തെ കുരിശുമരണം പ്രഖ്യാപിക്കുകയാണ്.‘ (1 കോറി 11, 26)

പെസഹാ വ്യാഴാഴ്ച്ച ആഘോഷത്തിലൂടെ ദൈവത്തിന്റെ രക്ഷ, സാന്നിധ്യം ഇന്നും തുടിച്ചുനിൽക്കുന്നത് വിശുദ്ധ കുർബാനയിലാണ്‌ എന്ന് നാം പ്രഖ്യാപിക്കുകയാണ്. വിശുദ്ധ കുർബാന ക്രൈസ്തവന് വെറുമൊരു ആചാരമോ അനുഷ്ഠാനമോ അല്ല. അത് ജീവിതമാണ്, ജീവിത ബലിയാണ്, ജീവിതമൂല്യമാണ് ക്രൈസ്തവന്. വിശുദ്ധ കുർബാനയിൽ നിങ്ങളുടെയും, എന്റെയും ജീവിതത്തിന്റെ അടങ്ങാത്ത കടലിരമ്പങ്ങളുണ്ട്. പാവപ്പെട്ടവന്റെ വേദനയുണ്ടതിൽ; തകർന്ന കുടുംബങ്ങളുടെ തകരുന്ന ദാമ്പത്യങ്ങളുടെ മുറിപ്പാടുകളുണ്ടതിൽ. അക്രമത്തിന്റെ ആക്രോശങ്ങൾക്കിടയിൽ, വർഗീയതയുടെ അമർത്തലുകൾക്കിടയിൽ ചതഞ്ഞരയുന്ന ജീവിതങ്ങളുണ്ടതിൽ. ലഹരിയുടെ, രതിയുടെ, സ്വാർത്ഥതയുടെ ഭ്രാന്തിൽ പൊലിഞ്ഞുപോകുന്ന ബാല്യങ്ങളുടെ സ്ത്രീകളുടെ കരച്ചിലുകളുണ്ടതിൽ. സാമ്പത്തിക തകർച്ചമൂലം ഇനിയെന്തുചെയ്യണമെന്നറിയാത്തവരുടെ കരച്ചിലുണ്ടതിൽ. നിങ്ങളെയും എന്നെയും ചേർത്ത് നിർത്തുന്ന കാരുണ്യവാനായ ദൈവത്തിന്റെ സ്നേഹഭാവങ്ങളുണ്ടതിൽ. മഹാമാരികൾ വന്നാലും നമ്മെ സുഖപ്പെടുത്തുന്ന ദൈവം, കണ്ണിലെ കൃഷ്ണമണിപോലെ നമ്മെ പരിപാലിക്കുന്ന ദൈവം, പാവപ്പെട്ടവനും ദരിദ്രനായ എന്നെ കരുതുന്ന ദൈവം, ഭയപ്പെടേണ്ട ഞാൻ നിന്നോടു കൂടെയുണ്ട് എന്ന് പറഞ്ഞു കൈ നീട്ടി എന്നെ രക്ഷിക്കുന്ന ദൈവം … അങ്ങനെ എന്നെ കാക്കുന്ന, കരുതുന്ന, എന്റെ ജീവിതവുമായി താദാത്മ്യപ്പെട്ടു നിൽക്കുന്ന ദൈവത്തിന്റെ മഹാസാന്നിധ്യമാണ്, സാന്നിധ്യത്തിന്റെ ആഘോഷമാണ് പ്രിയപ്പെട്ടവരേ വിശുദ്ധ കുർബാന.

നമ്മുടെ ജീവിതവുമായി ഒട്ടിച്ചേർന്നു നിൽക്കുന്ന ഒരു ദൈവമാണ് വിശുദ്ധ കുർബാനയിൽ ഉള്ളത്. എന്താ സംശയമുണ്ടോ? സുവിശേഷങ്ങൾ തുറന്നു നോക്കുന്നോ…

വിശുദ്ധ മത്തായിയുടെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം 9 മുതലുള്ള വാക്യങ്ങൾ. സിനഗോഗിൽ ഇതുപോലെ വചനം കേട്ടുകൊണ്ടിരുന്ന ജനങ്ങൾക്കിടയിൽ കൈശോഷിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. ഈശോ അവനോടു പറഞ്ഞു:” നിന്റെ കൈ നീട്ടുക. സുഖപ്പെടട്ടെ”. ആരും യേശുവിനോടു ചോദിച്ചില്ല. ആരും യേശുവിനോടു പറഞ്ഞില്ല. മനുഷ്യന്റെ വേദന അറിയുമ്പോൾ അവളുടെ / അവന്റെ വേദനകളുമായി താദാത്മ്യപ്പെടുകയാണ് ഈശോ!

വിശുദ്ധ യോഹന്നാന്റെ സുവിശേഷം അഞ്ചാം അധ്യായത്തിൽ 38 വർഷമായി തളർവാതം പിടിപെട്ട് കിടക്കുന്ന ഒരു മനുഷ്യനെ നാം കാണുന്നുണ്ട്. ഈശോ അവനെ സമീപിക്കുകയാണ്. അവന്റെ അടുത്ത് ചെന്നിട്ട്, അവിടെ അയാളോടൊത്തു ഇരുന്നിട്ട്, ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ചോദിക്കുകയാണ്: ‘സുഖപ്പെടുവാൻ നിനക്ക് ആഗ്രഹമുണ്ടോ?’ ആ മനുഷ്യൻ അമ്പരക്കുകയാണ്. ജീവിതത്തിന്റെ അങ്ങേയറ്റത്തുപോലും ഇവനെങ്ങനെ ഒരു സാധ്യത ഭാവന ചെയ്തിട്ടില്ല. തന്റെ ദുരിതത്തെക്കുറിച്ചല്ലാതെ കണക്കുകൂട്ടലും അയാൾ നടത്തിയിട്ടില്ല. ഒരു സെക്കന്റുപോലും നഷ്ടപ്പെടുത്താതെ അയാൾ പറയുകയാണ്: ‘ഉവ്വ് കർത്താവേ.’ അവിടുന്ന് അവനെ സുഖപ്പെടുത്തുകയാണ്. ആരും യേശുവിനോട് പറഞ്ഞില്ല. ആരും യേശുവിനോടു ചോദിച്ചില്ല. ഒരു മെമ്മോറണ്ടംപോലും ആരും യേശുവിനുമുന്പിൽ വച്ചില്ല. മനുഷ്യന്റെ നോവ് മനസ്സിലാക്കി അവനിലേക്ക്‌ കടന്നുചെല്ലുകയാണ് ഈശോ.

സ്നേഹമുള്ളവരേ, പെസഹാവ്യാഴം വിശുദ്ധ കുർബാനയിലേക്കു, വിശുദ്ധ കുർബാനയുടെ മനോഭാവത്തിലേക്ക് മിഴിതുറക്കുവാൻ നമ്മെ ക്ഷണിക്കുകയാണ്. വിശുദ്ധ കുർബാനയിലേക്ക് നമ്മുടെ ജീവിതത്തിന്റെ ചുവടുമാറ്റുവാൻ ഈ പെസഹാവ്യാഴം നമ്മെ പ്രേരിപ്പിക്കുകയാണ്. നമ്മുടെ ജീവിതവുമായി ഒട്ടിച്ചേർന്നു നിൽക്കുന്ന ദൈവത്തെ, വിശുദ്ധ കുർബാനയിലെ ക്രിസ്തുവിനെ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുവാൻ നമുക്കാകണം. അതിന് രണ്ടു കാര്യങ്ങൾ അത്യന്താപേക്ഷിതമാണ്. ഒന്ന്, പാദക്ഷാളനം. രണ്ട്, അപ്പമായിത്തീരൽ.

ആദ്യത്തേത് പാദമാണ്.

മനുഷ്യശരീരത്തിലെ അഴുക്കുമായി, മണ്ണുമായി പെട്ടെന്ന് തൊടുന്ന ചെറിയൊരു ഇടമാണ് പാദം. പാദം ഒരു പ്രതീകമാണ്. തിന്മയുടെ സാന്നിധ്യമോ, സാമീപ്യമോ, സ്വാധീനമോ, സ്പർശമോ ഉള്ള ഒരിത്തിരി ഇടം. ആ ഇടം കഴുകേണ്ടിയിരിക്കുന്നു. നീ കുളി കഴിഞ്ഞവനാണെങ്കിലും ആ ഒരിത്തിരി ഇടം അഴുക്കു പുരണ്ടതായിരിക്കും. കഴുകുകതന്നെ വേണം. ശരീരത്തിനെന്നപോലെ മനസ്സിനും പാദമുണ്ട്. തിന്മയുടെ സാന്നിധ്യമോ, സാമീപ്യമോ, സ്വാധീനമോ, സ്പർശമോ ഉള്ള ഒരിത്തിരി ഇടം. ജോഷ്വായുടെ പുസ്തകം ഏഴാം അധ്യായത്തിൽ ആഖാൻ   എന്ന വ്യക്തിയുടെ പാപത്തെക്കുറിച്ചു പറയുന്നുണ്ട്. നാം നല്ല വ്യക്തികളായിരിക്കാം, നല്ല മനസ്സിന് ഉടമകളുമായിരിക്കാം. എന്നാൽ, ഒരിത്തിരി ഇടം, സ്വാർത്ഥതയുടെ, സ്വരുക്കൂട്ടലിന്റെ ഒരു ഇത്തിരി ഇടം എന്റെ മനസ്സിന്റെ അഴുക്കുപിടിച്ച പാദമാണ്. കഴുകേണ്ടിയിരിക്കുന്നു. ഹൃദയത്തിനും പാദമുണ്ട്, തിന്മയുടെ സാന്നിധ്യമോ, സാമീപ്യമോ, സ്വാധീനമോ, സ്പർശമോ ഉള്ള ഒരിത്തിരി ഇടം. ദാവീദിന്റെ ജീവിതം ഓർക്കുക. എന്റെ നല്ല ഹൃദയത്തിലെ, രതിയുടെ, ലഹരിയുടെ, മദ്യപാനത്തിന്റെ, പുകവലിയുടെ ഒരിത്തിരി ഇടം. കഴുകേണ്ടിയിരിക്കുന്നു. കണ്ണിനും പാദമുണ്ട്, തിന്മയുടെ സാന്നിധ്യമോ, സാമീപ്യമോ, സ്വാധീനമോ, സ്പർശമോ ഉള്ള ഒരിത്തിരി ഇടം. കൈകൾക്കും പാദമുണ്ട്, തിന്മയുടെ സാന്നിധ്യമോ, സാമീപ്യമോ, സ്വാധീനമോ, സ്പർശമോ ഉള്ള ഒരിത്തിരി ഇടം. കഴുകേണ്ടിയിരിക്കുന്നു പ്രിയപ്പെട്ടവരേ. അപ്പോഴേ നാം വിശുദ്ധ കുർബാനയിലേക്ക് ജീവിതത്തിന്റെ ചുവടു മാറ്റിചവിട്ടുവാൻ പ്രാപ്തരാകുകയുള്ളു.

രണ്ടാമത്തേത് അപ്പം.

മനുഷ്യന്റെ ജീവിതവുമായി ഏറ്റവും ചേർന്ന് നിൽക്കുന്ന ഒന്നാണ് അപ്പം. ക്രൈസ്തവവിശ്വാസത്തിന്റെ ഏറ്റവും ഉദാത്തമായ ചൈതന്യമാണ് അപ്പമായിത്തീരുകയെന്നത്. കാരണം, നമ്മുടെ ജീവിതവുമായി താദാത്മ്യപ്പെടാൻ, ഒന്നായിത്തീരാൻ ഈശോ ആഗ്രഹിച്ചപ്പോൾ അവിടുന്ന് തിരഞ്ഞെടുത്തത് അപ്പമാണ്. അവിടുന്ന് അപ്പത്തിന്റെ രൂപത്തിലായി നമ്മോടു ഒന്നായിത്തീരാൻ, ക്രൈസ്തവജീവിതത്തിന്റെ ചൈതന്യം കാണിച്ചുതരാൻ, മറ്റുള്ളവർക്കായി ജീവിക്കേണ്ടത് എങ്ങനെയെന്ന് നമ്മെ പഠിപ്പിക്കാൻ. അപ്പവും, പ്രിയപ്പെട്ടവരേ, പ്രതീകമാണിനി. വാത്സല്യത്തിന്റെ, പങ്കുവയ്ക്കലിന്റെ, ഔദാര്യത്തിന്റെ, കരുതലിന്റെ, മറ്റുള്ളവരുടെ വളർച്ചയ്ക്കായി ഇല്ലാതായിത്തീരുന്നതിന്റെ, സംതൃപ്തിയുടെ പ്രതീകം. ദരിദ്രന് സമ്പത്താണ് അപ്പം; രോഗിക്ക് സൗഖ്യമാണ് അപ്പം; സങ്കടപ്പെടുന്നവർക്ക് സന്തോഷമാണ് അപ്പം; യുദ്ധത്തിൽ കഴിയുന്നവർക്ക് സമാധാനമാണ് അപ്പം; ജോലിയില്ലാത്തവർക്ക് ജോലിയാണ് അപ്പം; ബലഹീനന് ബലമാണ് അപ്പം. വസ്ത്രമില്ലാത്തവർക്ക് വസ്ത്രമാണ് അപ്പം. വീടില്ലാത്തവർക്ക് വീടാണ് അപ്പം. നിരാശയിൽ കഴിയുന്നവർക്ക് പ്രതീക്ഷയാണ് അപ്പം.  

വിശുദ്ധ കുർബാനയുടെ ചൈതന്യത്തിനു വിപരീതമായ, ക്രൈസ്തവ ജീവിതത്തിന്റെ ഭംഗി കെടുത്തുന്ന വളരെ അപകടകരമായ ഒരു മനോഭാവം ഇന്ന് സാമൂഹ്യ മാധ്യമങ്ങൾവഴി പ്രചരിക്കുന്നുണ്ട്: ‘മറ്റുള്ളവർക്കുവേണ്ടി, കുടുംബത്തിനുവേണ്ടി, സ്വന്തം താത്പര്യങ്ങൾ മാറ്റിവച്ചു ജീവിക്കുന്നവർ വിഡ്ഢികളാണ്, ജീവിക്കാതെ മരിക്കുന്നവർ.’ പെസഹാ വ്യാഴത്തിന്റെ ചൈതന്യത്തിനു നേരെ വിപരീതമായ സന്ദേശമാണിത്. പെസഹാ വ്യാഴം നമ്മോടു പറയുന്നത് ‘വിശുദ്ധ കുർബാനയിലെ ഈശോയെപ്പോലെ മറ്റുള്ളവർക്കുവേണ്ടി, കുടുംബത്തിനുവേണ്ടി, സ്വന്തം താത്പര്യങ്ങൾ മാറ്റിവച്ചു ജീവിക്കുന്നവർ മഹാത്മാക്കളാണ്, മരിച്ചിട്ടും ജീവിക്കുന്നവർ. ഈ വിശുദ്ധ കുർബാനയുടെ സന്ദേശമാണിനി നമുക്ക് രക്ഷ!

സ്നേഹമുള്ളവരേ, നാം ചുവടുമാറ്റി ചവിട്ടേണ്ടിയിരിക്കുന്നു. പാദങ്ങൾ കഴുകി, അപ്പമായിത്തീർന്ന് നമ്മുടെ മനുഷ്യജീവിത സാഹചര്യങ്ങളിൽ വിശുദ്ധകുർബാന യാകേണ്ടിയിരിക്കുന്നു. മനസ്സിന്റെ, ഹൃദയത്തിന്റെ, കണ്ണുകളുടെ പാദങ്ങൾ കഴുകി ശുദ്ധരായി, മറ്റുള്ളവർക്കായി അപ്പമായിത്തീരാൻ നമുക്കാകട്ടെ.   

നമ്മുടെ കുടുംബങ്ങളെ വീണ്ടെടുക്കാൻ, നമ്മുടെ ക്രൈസ്തവസഹോദരങ്ങളെ ക്രിസ്തുവിൽ നവീകരിക്കുവാൻ നാം വിശുദ്ധ കുർബാനയാകേണ്ടിയിരിക്കുന്നു.

ഈ പെസഹാ വ്യാഴാഴ്‌ചത്തെ പ്രാർത്ഥനകളും, ആചാരങ്ങളും അതിനായി നമ്മെ സഹായിക്കട്ടെ. ആമേൻ!