ദുഃഖവെള്ളി 2023

ക്രൂശിതനായ ക്രിസ്തുവിൽ വിശ്വസിക്കുന്ന സ്നേഹമുള്ള മാതാപിതാക്കളെ, സഹോദരീ സഹോദരന്മാരേ,
മനസ്സ് നിറയെ മിശിഹായുടെ പീഡാനുഭവ ഓർമകളുമായി, ഈ ദേവാലയത്തിന്റെ പരിപാവനതയിൽ, ഉള്ളുനോവുന്ന പ്രാർത്ഥനയുടെ അന്തരീക്ഷത്തിൽ 2023 ലെ ദുഃഖവെള്ളിയാഴ്ച്ച നാം ആചരിക്കുകയാണ്. 2018 ഫെബ്രുവരി 22 ന് വിശപ്പടക്കാൻ ഭക്ഷണം കാട്ടെന്നാരോപിച്ച് ആൾക്കൂട്ട ആക്രമണത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ട അട്ടപ്പാടി ചിണ്ടേക്കിയിലെ ആദിവാസിയുവാവ് മധുവിനെ സ്മരിച്ചുകൊണ്ട് ഈ വർഷത്തെ ദുഃഖവെള്ളിയാഴ്ചയുടെ സന്ദേശം പങ്കുവയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുകയാണ്.
വിശപ്പിന്റെ കുരിശിൽ ഉടുമുണ്ടിനാൽ ബന്ധിച്ച്, കാട്ടുചൂരുള്ള ആദിവാസിയെ, മധുവിനെ, ഒരുകൂട്ടം ദുഷ്ടമനുഷ്യർ കഴുവേറ്റിയതിന്റെ ഉള്ളുലയ്ക്കുന്ന വേദനയ്ക്ക് കഴിഞ്ഞ ബുധനാഴ്ച്ച, കോടതിയുടെ വിധിയാൽ നീതിലഭിച്ചെങ്കിലും, മനുഷ്യജീവിതത്തിന്റെ, മതത്തിന്റെ, അനീതിയുടെ, ദാരിദ്ര്യത്തിന്റെ ആൾക്കൂട്ടക്കൊലപാതകത്തിന്റെ, വർഗീയതയുടെ, ഭക്ഷണത്തിന്റെ, വിശ്വാസത്തിന്റെ, വിശപ്പിന്റെ പരിസരങ്ങളിൽ, ക്രിസ്തു വീണ്ടും, വീണ്ടും, ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അന്ന് രണ്ടായിരത്തിനുമേറെ വർഷങ്ങൾക്ക് മുൻപേ നടന്നത് ചരിത്രത്തിൽ ഒറ്റപ്പെട്ട ഒരു ക്രൂശുമരണമല്ലായിരുന്നു. അതിനുശേഷവും, ഇന്നും നമ്മൾ ക്രൈസ്തവരിലൂടെ, ക്രൈസ്തവരെ വേട്ടയാടുന്ന തീവ്ര വാദികളിലൂടെ, ക്രൈസ്തവമുക്തഃ ഭാരതം സ്വപ്നം കാണുന്നവരിലൂടെ ക്രിസ്തുവിന്റെ പീഡാനുഭവവും ക്രൂശുമരണവും തുടർക്കഥകളാകുന്നുണ്ട്.

ക്രൈസ്തവസമൂഹത്തെ ജിഹാദുകളിലൂടെ ഇല്ലാതാക്കുന്നതിനുവേണ്ടിയും, ക്രൈസ്തവമുക്ത ഭാരതത്തിനുവേണ്ടിയും ക്രിസ്തുവിന്റെ ശത്രുക്കൾ ശ്രമിക്കുമ്പോൾ, ആചാരങ്ങൾക്കും, അനുഷ്ഠാനങ്ങൾക്കും അപ്പുറം ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തെ മൂല്യമായി, ജീവിതമൂല്യമായി സ്വീകരിച്ചുകൊണ്ട് ഈ ദുഖവെള്ളിയാഴ്ച്ച ആചരിക്കുവാൻ നമുക്കാകണം.
ഈശോയുടെ, മിശിഹായുടെ പീഡാസഹനവും മരണവുമാണ് നാമിന്ന് ധ്യാനവിഷയമാക്കുക. ഇസ്രായേൽ ജനത്തിന് വരാനിരിക്കുന്ന മിശിഹായെക്കുറിച്ച് രണ്ട് തരത്തിലുള്ള സങ്കല്പങ്ങളുണ്ടായിരുന്നു. ഒന്ന്, രാജകീയ മിശിഹാ. സാമുവേൽ പ്രവാചകന്റെ രണ്ടാം പുസ്തകം, ഏഴാം അദ്ധ്യായം ഒന്നുമുതൽ പതിനേഴുവരെയുള്ള വാക്കുകളിൽ നാഥൻ പ്രവാചകൻ, ദാവീദിന്റെ ഗോത്രത്തിൽപ്പെട്ട പ്രതാപവനായ ഒരു രാജാവായിരിക്കും മിശിഹായെന്ന് പ്രവചനം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെയാണ്, ഇസ്രായേൽ ജനം പലപ്പോഴും ഈശോയുടെ പരസ്യജീവിതകാലത്ത് അവിടുത്തെ രാജാവാക്കുവാൻ ശ്രമിക്കുന്നത്.
മറ്റൊന്ന്, സഹിക്കുന്ന ദാസനാണ് മിശിഹാ എന്നതാണ്. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ 42, 49, 50, 53 അദ്ധ്യായങ്ങളിലായി സഹിക്കുന്ന ദാസനെക്കുറിച്ച് പറയുന്നുണ്ട്. “അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. നമ്മുടെ വേദനകളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവൻ ചുമന്നത്. അവൻ മുറിവേൽപ്പിക്കപ്പെട്ടു, ക്ഷതമേല്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷനൽകി. അവന്റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു.” ബി സി എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഏശയ്യാ പ്രവാചകൻ പറഞ്ഞത് സഹിക്കുന്ന ക്രിസ്തുവിൽ പൂർത്തിയാകുകയാണ്.

സഹനത്തിലൂടെ രക്ഷനേടിത്തന്ന, സ്നേഹം ത്യാഗമാണെന്നും, ത്യാഗം സഹനമാണെന്നും, സഹനം രക്ഷയാണെന്നും പ്രഖ്യാപിച്ച ക്രിസ്തുവിനുള്ള ശാശ്വത സ്മാരകമാണ് ദുഃഖവെള്ളി!
സ്നേഹമുള്ള ക്രൈസ്തവരേ, ദുഃഖവെള്ളിയാഴ്ച്ചകൾ ക്രിസ്തുവിന്റെ സഹനത്തിന്റെ മഹത്വം മനസ്സിലാക്കാനുള്ളതാണ്. ദുഃഖവെള്ളിയാഴ്ചയിൽ ക്രിസ്തുവിന്റെ രക്ഷാകരമായ പീഡാസഹനങ്ങളിലൂടെ, അവയെക്കുറിച്ചുള്ള ധ്യാനത്തിലൂടെ നാം കടന്നുപോകുമ്പോൾ, നമ്മുടെ സഹനങ്ങളെ രക്ഷാകരമാക്കുവാൻ എന്തുചെയ്യണമെന്ന് ക്രിസ്തുവിൽ നിന്ന് നാം പഠിക്കണം. അതോടൊപ്പം, അവനെ സഹനത്തിലേക്ക് നയിച്ച അന്യായമായ ആ ന്യായ വിധിയെക്കുറിച്ച് നാം അറിയണം.
പീലാത്തോസിന്റെ അരമന മുറ്റം. കുറ്റമില്ലാത്തവൻ കുറ്റക്കാരനായി വിധിക്കപ്പെട്ടു. ജനം മുഴുവൻ ആക്രോശിച്ചപ്പോഴും, നീതിപീഠം കുറ്റം വിധിച്ചപ്പോഴും മനുഷ്യരക്ഷയ്ക്കുവേണ്ടി മനുഷ്യനായിപ്പിറന്നവൻ മൗനിയായിരുന്നു. ചെമന്ന മേലങ്കിയും ധരിച്ചപ്പോഴും, സ്ഥാനമുറപ്പിക്കുവാൻ വേണ്ടി നീതിയെ പണയപ്പെടുത്തിയ പീലാത്തോസ് ക്രിസ്തുവിനെ നോക്കി “ഇതാ മനുഷ്യൻ” എന്ന് പറഞ്ഞപ്പോഴും ക്രിസ്തു അക്ഷ്യോഭ്യനായി നിൽക്കുകയാണ്. പ്രിയപ്പെട്ടവരേ, ആരാണവൻ! സത്രത്തിപോലും സ്ഥലം ലഭിക്കാഞ്ഞ്, കാലിത്തൊഴുത്തിൽ പിറന്നവനാണവൻ! പ്രഭുക്കന്മാരെയും, നിയമജ്ഞ-ഫരിസേയ കൂട്ടുകെട്ടുകളെയും വിട്ട് അക്ഷരാഭ്യാസമില്ലാത്ത മുക്കുവരെ തന്റെ ശിഷ്യരാക്കിയവനാണവൻ! വേലക്കാരൻ കൂലിക്കർഹനാനും പറഞ്ഞ് ലോകചരിത്രത്തിലാദ്യമായി തൊഴിലാളികളോട് പക്ഷം ചേർന്നവനാണവൻ! വിധവയുടെ ചില്ലിക്കാശിന് മൂല്യം കല്പിച്ചതും, ഹേറോദോസിനെ കുറുക്കായെന്ന് വിളിച്ചാക്ഷേപിച്ചതും ഇവാൻ തന്നെ. ഇവനാണ് മീനിന്റെ ഉളുമ്പുനാറ്റം തികട്ടിവരുന്ന ധോണിയുടെ അമരത്തും, മുക്കുവക്കുടിലുകളിലും അന്തിയുറങ്ങിയവൻ! ഇവനാണ് ചുംബനത്തിലൂടെ ഒറ്റിക്കൊടുക്കുവാൻ വന്ന യൂദാസിന് കവിൾത്തടം കാണിച്ചുകൊടുത്തത്. ഇവൻ തന്നെയാണ് സെഹിയോൻ ശാലയിൽ ലോകത്തിനുവേണ്ടി തന്നെത്തന്നെ പകുത്തു നൽകിയത്!
ഈ ക്രിസ്തുവിനെയാണ് പീലാത്തോസിന്റെ അരമനമുറ്റത്തുവച്ച് തങ്ങളുടെ വളർച്ചയ്ക്ക് ഇവൻ ഭീഷണിയാകുമെന്നറിഞ്ഞ് പുരോഹിത് പ്രമുഖന്മാരും, നിയമജ്ഞ-ഫരിസേയ കൂട്ടുകെട്ടും കൂടി ചതിയിൽ കൊല്ലുവാൻ ശമിച്ചത്. കാരണം, ഞാഞ്ഞൂലിന് പോലും ഗ്രഹണസമയത്ത് വിഷമുണ്ടാകുമല്ലോ. ആശാരി യൗസേപ്പിന്റെയും ആശാരിച്ചി മറിയത്തിന്റെയും മകനെ, ഈ തച്ചനെ ഇങ്ങനെവിട്ടാൽ ശരിയാകില്ലെന്ന് അവരുറപ്പിച്ചു. നീതിന്യായ കോടതികളെ പിൻവാതിലിലൂടെ സ്വാധീനിച്ച് അവർ അവനെ കുരിശിൽ തറച്ചു കൊല്ലുവാനുള്ള വിധി നേടിയെടുത്തു. അങ്ങനെയാണ് തന്നേക്കാൾ ഭാരമുള്ള കുറിച്ചും വഹിച്ചുകൊണ്ട്, നഗ്നപാദനായി ഈശോ കാൽവരി കയറിയത്. അവിടെ കാൽവരിയിൽ ആകാശത്തിനും ഭൂമിക്കും മദ്ധ്യേ, കുരിശിൽ കിടന്നുകൊണ്ട് “പിതാവേ, ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേ” എന്ന വിശ്വ സാഹോദര്യത്തിന്റെ മന്ത്രധ്വനി മുഴക്കിയത്. എന്നിട്ട്, “പിതാവേ, നിന്റെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” എന്നും പറഞ്ഞ് പ്രാണൻ വെടിഞ്ഞത്.
ക്രൂശിതനായ ക്രിസ്തുവിൽ അഭിമാനിക്കുന്ന ക്രൈസ്തവരെ, ഈ അന്യായ വിധിക്കെതിരെ അപ്പീലിന് പോകുവാൻ ആരുണ്ട്? പാവം ഒരു മനുഷ്യന്റെ മനഃസാക്ഷിയെ 30 വെള്ളിക്കാശുകൊടുത്തു വിലക്കുവാങ്ങി, സീസറെന്ന അധികാരത്തെ ഉയർത്തിക്കാണിച്ചു, സത്യത്തെ കഴുത്തു ഞെരിച്ചു കൊന്ന്, നേടിയെടുത്ത അന്യായമായ ഈ വിധിക്കെതിരെ അപ്പീലിന് പോകുവാൻ ആരുണ്ട്? ഞാനുണ്ട് എന്ന് ധൈര്യത്തോടെ വിളിച്ചുപറയുവാൻ ആരുമില്ലേ? ഞാനുണ്ടാകണം പ്രിയപ്പെട്ടവരേ. എങ്ങനെ? എന്റെ ജീവിതം കൊണ്ട്, നിങ്ങളുടെ ജീവിതംകൊണ്ട് അന്യായമായ ഈ വിധിക്കെതിരെ അപ്പീലിന് പോകുവാൻ നമുക്കാകണം. ജീവിതത്തിന്റെ ഓരോ സാഹചര്യത്തിലും ക്രൂശിതനായ ക്രിസ്തുവിന് സാക്ഷ്യം നൽകിക്കൊണ്ട് അപ്പീലിന് പോകുവാനായി നമുക്കാകണം. ലോകത്തോട് പറയണം, ലോകമേ, നിങ്ങൾ അന്യായമായി കുരിശിൽ തറച്ചുകൊന്ന എന്റെ ദൈവമാണ്, ക്രിസ്തുവാണ് ശരി, ക്രിസ്തു മാത്രമാണ് ശരി.

ലോകചരിത്രത്തിൽ, ലക്ഷക്കണക്കിന് മനുഷ്യരാണ് തങ്ങളുടെ ജീവിതങ്ങൾകൊണ്ട് ഈ അന്യായ വിധിക്കെതിരെ അപ്പീലിന് പോയി, സ്വന്തം ജീവിതം കൊണ്ട് ക്രിസ്തുവാണ് ശരിയെന്ന, ക്രിസ്തുവാണ് ലോകരക്ഷകനെന്ന വിധി നേടിയെടുത്തത്, നേടിയെടുത്തുകൊണ്ടിരിക്കുന്നത്! തിരുസ്സഭയിലെ ആദ്യകാല രാക്ഷസാക്ഷികൾ, മതമർദ്ദനകാലത്ത് വീരചരമമടഞ്ഞ അനേകം ക്രൈസ്തവർ, ഇന്നുവരെയുള്ള വിശുദ്ധർ, ഇന്നും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ക്രൈസ്തവരായതുകൊണ്ടുമാത്രം പീഡകളേൽക്കുന്നവർ, കുടുംബത്തിനുവേണ്ടി, മക്കൾക്കുവേണ്ടി ജീവിതം ഹോമിക്കുന്ന നമ്മുടെ മാതാപിതാക്കൾ – ഇവരെല്ലാം ചരിത്രത്തിലെ അന്യായമായ ഈ വിധിക്കെതിരെ അപ്പീലിന് പോയവരാണ്, പോകുന്നവരാണ്. വിശുദ്ധ പൗലോശ്ലീഹായെപ്പോലെ, “ഇനി ഞാനല്ല, ക്രിസ്തുവാണ് എന്നി ജീവിക്കുന്നത്” എന്നും പറഞ്ഞുകൊണ്ട് ജീവിക്കുന്ന, വിശുദ്ധ ഫ്രാൻസിസിനെപ്പോലെ “ഒരു കയ്യിൽ വേദപുസ്തകവും, മറുകയ്യിൽ കുരിശും ഉയർത്തിപ്പിടിച്ചുകൊണ്ട് “എനിക്ക് ആത്മാക്കളെ തരിക, മറ്റെല്ലാം നിങ്ങൾ എടുത്തുകൊള്ളുക” എന്നും പറഞ്ഞുകൊണ്ട് ജീവിക്കുന്ന എല്ലാ ക്രൈസ്തവരും ഈ അന്യായ വിധിക്കെതിരെ അപ്പീലിന് പോകുന്നവരാണ്.
സ്നേഹമുള്ളവരേ, ഈ വർഷത്തെ ദുഃഖവെള്ളിയാഴ്ച്ച ആചരണം ഓരോ ക്രൈസ്തവനും പ്രധാനപ്പെട്ടതും ഗൗരവമേറിയതുമാണ്. ക്രൈസ്തവസമൂഹം ചുറ്റും ശത്രുക്കളാൽ വലയംചെയ്യപ്പെട്ടു നിൽക്കുന്ന ഈ കാലഘട്ടത്തിൽ, ചക്രവ്യൂഹങ്ങൾ തകർത്ത്, പുറത്തുകടന്ന് ക്രിസ്തുവിനെ പ്രഘോഷിക്കുന്ന പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ക്രൈസ്തവരായി മാറുവാൻ നാം തയ്യാറാകണം. കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ദുഃഖവെള്ളിയാഘോഷിക്കുവാൻ ക്രൈസ്തവരുണ്ടാകില്ലാ എന്ന് പറയുന്നവരോട് വാക്കുകൾകൊണ്ട് പ്രതികരിച്ചിട്ട് കാര്യമില്ല; സമരങ്ങൾ നടത്തി പ്രതിരോധിച്ചിട്ടും കാര്യമില്ല. നമ്മുടെ ക്രൈസ്തവജീവിതങ്ങളെ, ക്രൈസ്തവ വിശ്വാസത്തെ ശക്തിപ്പെടുത്തിക്കൊണ്ട് പ്രതികരിക്കണം, പ്രതിരോധിക്കണം. നാമൊക്കെ, വെറും ബോൺസായി ക്രൈസ്തവരായിട്ട് കാര്യമില്ല പ്രായപ്പെട്ടവരേ! ബോൺസായി മരങ്ങളെ നോക്കൂ! കാഴ്ചയിൽ അതൊരു മരമാണ്. ഇലകളുണ്ടോ? ഉണ്ട്. നിറമുണ്ടോ? ഉണ്ട്. രൂപമുണ്ടോ? ഉണ്ട്. എന്നാൽ ഫലം മാത്രം ലഭിക്കില്ല. ഇനി അഥവാ ലഭിച്ചാലും, വളരെ ശുഷ്കമായവ മാത്രം. അതിന് യഥാർത്ഥ ജീവിതമില്ല. ഒരു ഷോ പീസായി വയ്ക്കാൻ നല്ലതാണ്.

ഇന്ന് ശരാശരി ക്രൈസ്തവരും ഇങ്ങനെയായിരിക്കുന്നു. അവരുടെ ക്രൈസ്തവ സാക്ഷ്യത്തിന് തിളക്കമില്ലാതായിരിക്കുന്നു. ക്രൈസ്തവരാണോ? അതെ. പള്ളിയിൽ പോകുന്നുണ്ടോ? ഉവ്വ്. കൂദാശകൾ സ്വീകരിക്കുന്നുണ്ടോ? ഉണ്ട്. കുടുംബ പ്രാർത്ഥനയുണ്ടോ? ഉണ്ടേ, വളരെ കൃത്യമായി. ഭരണസംവിധാനങ്ങളുണ്ടോ? ഉണ്ട്. പിതാക്കന്മാരും, വൈദികരും, സിസ്റ്റേഴ്സും ഉണ്ടോ? ഉണ്ട്. അത്മായ നേതാക്കളുണ്ടോ? ഉണ്ട്. പക്ഷേ, ഫലങ്ങളൊന്നുമില്ല. ഭരണസംവിധാനങ്ങളുണ്ടോ? ഉണ്ട്. പിതാക്കന്മാരും, വൈദികരും, സിസ്റ്റേഴ്സും ഉണ്ടോ? ഉണ്ട്. അത്മായ നേതാക്കളുണ്ടോ? ഉണ്ട്. ക്രിസ്തുവിന്റെ സാക്ഷികളാണെന്ന് വീമ്പ് പറയുമെങ്കിലും സ്വന്തം കാര്യങ്ങൾ വരുമ്പോൾ, ക്രിസ്തു പുറത്ത്. നല്ലൊരു ഷോ പീസ്!!
സ്നേഹമുള്ളവരേ, അന്നത്തെ ജനം ഈശോയെ കുരിശിൽ തറച്ചു കൊന്നെങ്കിലും, ഇന്നും ഈശോ ജീവിക്കുന്നു. അവിടുന്ന് ഇന്നും പാടുന്നു. പക്ഷെ, നമ്മുടെ കൈകളിൽ ചോര പുരളുന്നുണ്ടോ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. ക്രിസ്തുവിനെ ജീവിതത്തിന്റെ മൂല്യമാക്കാതെ, നമ്മുടെ കുടുംബങ്ങളിൽ, ഇടവകകളിൽ, നമ്മുടെ പ്രവർത്തനങ്ങളിൽ ക്രിസ്തുവിനെ പുറത്തു നിർത്തുമ്പോൾ ക്രിസ്തു വീണ്ടും കുരിശിലേറുകയാണ്. നമ്മുടെ കൈകളിൽ ചോര പുരളുന്നു. അധികാരത്തിനുവേണ്ടി, സമ്പത്തിനുവേണ്ടി, താത്ക്കാലിക നേട്ടങ്ങൾക്കുവേണ്ടി ക്രൈസ്തവ മൂല്യങ്ങളെ ബലികഴിക്കുമ്പോൾ നമ്മുടെ കൈകൾ രക്ത പങ്കിലമാകുന്നു!?
ജീവിത പങ്കാളിയെ തേടുമ്പോൾ കത്തോലിക്കാ വിശ്വാസമുള്ള ക്രൈസ്തവയാകണമെന്ന്, ക്രൈസ്തവനാകണമെന്ന് നിർബന്ധമില്ലെന്നും, രാഷ്ട്രീയ നിലപാടുകളിൽ നിരീശ്വര പ്രസ്ഥാനങ്ങാളായാലും, വർഗീയ പാർട്ടികളായാലും കുഴപ്പമില്ലെന്നും, കുർബാനയുടെ പേരിൽ തങ്ങളുടെ ഭാഗം ജയിക്കുവാൻ വേണ്ടി എന്ത് കോലാഹലങ്ങൾ കാണിച്ചാലും പ്രശ്‌നമില്ലെന്നും പറയുമ്പോൾ, ഓർക്കുക പ്രിയപ്പെട്ടവരേ, ക്രിസ്തു ക്രൂശിക്കപ്പെടുകയാണ് – വീണ്ടും! നമ്മുടെ കൈകളിൽ ചോര നിറയുന്നു!!! എന്റെ ജീവിത സാഹചര്യങ്ങളിൽ എന്റെ ദൈവത്തെ ഇല്ലാതാക്കുക എന്ന ദുഷ്കൃത്യം ചെയ്യുന്നതിനേക്കാൾ വലിയ അപരാധം മറ്റെന്തുണ്ട് സ്നേഹിതരേ!!?? താലത്തിൽ വെള്ളമെടുത്ത്, വെൺകച്ചയും അരയിൽ ചുറ്റി ശിഷ്യരുടെ പാദം കഴുകിയ ക്രിസ്തു ഇന്ന് അധികാരത്തിന്റെ നടുത്തളങ്ങളിൽ തമാശയായി മാറിയിരിക്കുന്നു! ഇതെന്റെ ശരീരമാകുന്നു, ഇതെന്റെ രക്തമാകുന്നു എന്നും പറഞ്ഞ് ലോകത്തിന്റെ ജീവനുവേണ്ടി തന്നെത്തന്നെ പകുത്തു നൽകിയ ഒടുവിലത്തെ അത്താഴം ഇന്ന് ആർഭാടമായ നമ്മുടെ ഊട്ടുമുറികളിലെ മനോഹരമായ ചിത്രം മാത്രം!! ദൈവമായിരുന്നിട്ടും, ദൈവത്തോടുള്ള സമാനത മുറുകെപ്പിടിക്കാതെ മനുഷ്യനായി, മരണത്തോളം, അതേ കുരിശുമരണത്തോളം അനുസരണമുള്ളവനായ ക്രിസ്തു ഈ ന്യൂജൻ സംസ്കാരത്തിൽ ഒരു കോമാളി!!
ക്രൂശിതനായ ക്രിസ്തുവിൽ അഭിമാനിക്കുന്ന ക്രൈസ്തവരേ, ദുഃഖവെള്ളിയാഴ്ചകൾ പകർന്നുതരുന്ന വികാരം ഉൾക്കൊണ്ടുകൊണ്ട് ക്രൂശിതനെ ദൈവമായി ഏറ്റുപറയുവാൻ, കുരിശിൽ മരിച്ച ക്രിസ്തുവിനെ ദൈവമായി ഏറ്റുപറഞ്ഞുകൊണ്ട് പാവപ്പെട്ടവർക്കും, പീഡിതർക്കുംവേണ്ടി അപ്പമാകുവാൻ, അപ്പമായി തീർന്ന ക്രിസ്തുവിനെ ദൈവമായി സ്വീകരിച്ചുകൊണ്ട് ഉത്തമ ക്രൈസ്തവരാകുവാൻ ഈ ദുഃഖവെള്ളിയാഴ്ച്ച നമ്മെ ക്ഷണിക്കുകയാണ്.
ദുഃഖവെള്ളിയാഴ്ചയുടെ സന്ദേശം ഞാൻ ഇവിടെ അവസാനിപ്പിക്കുകയാണ്. വിശുദ്ധ പത്രോസിനോടൊപ്പം ഞാൻ ഏറ്റുപറയുകയാണ്: ലോകമേ, പരിശുദ്ധനും, നീതിമാനുമായ ക്രിസ്തുവിനെ നിങ്ങൾ നിരാകരിച്ചു. പകരം ഒരു കൊലപാതകിയെ വിട്ടുകിട്ടാൻ നിങ്ങൾ അപേക്ഷിച്ചു. ജീവന്റെ നാഥനെ നിങ്ങൾ വധിച്ചു. എന്നാൽ, ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു. ഞങ്ങൾ അതിന് സാക്ഷികളാണ്.” (അപ്പ 3, 14-15) ‘മറ്റാരിലും രക്ഷയില്ല. ആകാശത്തിനുകീഴെ മനുഷ്യരുടെ ഇടയിൽ, നമുക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല. ഈശോ എന്ന നാമമല്ലാതെ.’ (അപ്പ 4, 12)
കുരിശിനാലെ ലോകമൊന്നായ് വീണ്ടെടുത്ത് രക്ഷിച്ച ക്രിസ്തു, മിശിഹാ നമ്മുടെ ജീവിതവഴികളിലെ പ്രകാശമാകട്ടെ.

നമ്മുടെ ജീവിതങ്ങളെ, കുടുംബങ്ങളെ വിശുദ്ധീകരിക്കട്ടെ. ആമേൻ!