ഉയിർപ്പുകാലം മൂന്നാം ഞായർ
യോഹ 14, 1-14
സന്ദേശം

സീറോ മലബാർ സഭയുടെ ആരാധനാക്രമ ചൈതന്യത്തിനനുസരിച്ച്, ഉത്ഥിതനായ ക്രിസ്തുവിന്റെ സമാധാനത്തിലും പ്രതീക്ഷയിലും ജീവിക്കുമ്പോഴും ലോകം സ്വസ്ഥതയിലല്ല എന്നത് ഒരു യാഥാർഥ്യമാണ്. ജീവിതത്തിന്റെ ദുരന്തങ്ങൾക്കിടയിലും, ജീവിതത്തിൽ അവശ്യം വന്നുഭവിക്കുന്ന ദുരിതങ്ങൾക്കിടയിലും, നാം പോലും അറിയാതെ ദൈവം നമ്മുടെ ജീവിതത്തിൽ ഇടപെടുന്നുണ്ട്; ആശ്വസിപ്പിക്കുവാൻ ക്രിസ്തു നമ്മോടൊത്തുണ്ട് എന്ന് നമുക്കറിയാമെങ്കിലും, സങ്കടങ്ങളുടെ, അസ്വസ്ഥതകളുടെ ദിവസങ്ങളങ്ങനെ അവസാനമില്ലാതെ പോകുമ്പോൾ, നിരാശയുടെ കാർമേഘങ്ങൾ നമ്മുടെ ജീവിതത്തെ പൊതിയുകയായി!! ഇനിയും എന്തൊക്കെയാണോ ദൈവമേ സംഭവിക്കാൻ പോകുന്നത് എന്നും ചിന്തിച്ച് മനസ്സിൽ ഉരുണ്ടുകൂടുന്ന ഭയത്തിനും വേവലാതിക്കും, ഉത്കണ്ഠകൾക്കും അടിപ്പെട്ടിരിക്കുമ്പോൾ ആശ്വാസത്തിന്റെ കുളിർ മഴയായി ഇന്നത്തെ ദൈവവചനം നമ്മുടെ മുൻപിൽ എത്തുകയാണ് “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ……….എന്നിലും വിശ്വസിക്കുവിൻ … ഞാനാകുന്നു വഴിയും സത്യവും ജീവനും. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല.”
വ്യാഖ്യാനം
ഉത്ഥാനത്തിന്റെ പ്രതീക്ഷ പകർന്നു തരുന്ന ഇന്നത്തെ ദൈവ വചനഭാഗം വ്യാഖാനിച്ചു ക്ലേശിക്കേണ്ട ആവശ്യമുണ്ടെന്നു എനിക്ക് തോന്നുന്നില്ല. കാരണം, അസ്വസ്ഥതയുടെ ഈ കാലത്തു ഹൃദയത്തെ സ്പർശിക്കുന്ന, ചിന്തകളിൽ ഒരുതരം തരിപ്പ് കോരിയിടുന്ന ദൈവവചനമാണിത്. മനുഷ്യ ജീവിതത്തിന്റെ സങ്കടകാലങ്ങളിൽ നമ്മുടെ ജീവിതത്തോട് ചേർന്ന് നിന്നുകൊണ്ട്, ‘നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, നിങ്ങൾ ഭയപ്പെടുകയും വേണ്ട’ എന്ന് പറഞ്ഞുകൊണ്ട് നമുക്കു നല്ലൊരു ദിശാബോധം ഈശോ നൽകുകയാണ്.
ജീവിതത്തിന്റെ ഇരുളിൽ മനുഷ്യൻ അന്വേഷിക്കേണ്ട വഴി ക്രിസ്തുവാണെന്ന്, ലോകം പരത്തുന്ന നുണകൾക്കിടയിൽ, വിവാദങ്ങൾക്കിടയിൽ മനുഷ്യൻ തേടേണ്ട സത്യം ക്രിസ്തു വാണെന്ന്, മരണത്തിന്റെ താഴ്വരകളിലൂടെ കടന്നുപോകുമ്പോൾ മനുഷ്യൻ തേടേണ്ട ജീവൻ ക്രിസ്തുവാണെന്ന് ദൈവവചനം പറയുമ്പോൾ, സ്നേഹമുള്ളവരേ, ഉറച്ച വിശ്വാസത്തിലേക്ക് വളരുവാൻ, ദൈവത്തിലുള്ള ജീവിതത്തിലേക്ക് തിരിയുവാനുള്ള ഉത്ഥിതന്റെ ക്ഷണമായിട്ട് ഈ ദൈവവചനത്തെ നാം കാണേണ്ടതുണ്ട്. പിശാചുബാധിതമായ ഒരു സംസ്കാരത്തിലൂടെ നാം കടന്നുപോകുമ്പോൾ, മനസ്സിലാക്കാനാകാത്ത ജീവിതസാഹചര്യങ്ങളുടെ മുൻപിൽ നിരാലംബരായി നിൽക്കുമ്പോൾ ഹൃദയം തകർന്നവർക്കു സമീപസ്ഥനാണ് നമ്മുടെ ദൈവമെന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും അധരംകൊണ്ടു ഏറ്റുപറയുകയും ചെയ്യാനുള്ള വലിയൊരു അവസരമാണ് ഈ ഞായറാഴ്ച.
സഭാപ്രസംഗകൻ പറയുന്നു: “ദൈവം മനുഷ്യനെ സരള ഹൃദയനായി സൃഷ്ടിച്ചു. എന്നാൽ, അവന്റെ സങ്കീർണ പ്രശ്നങ്ങൾ അവന്റെ തന്നെ സൃഷ്ടിയാണ്”. (സഭാ 7, 29) മനുഷ്യൻ തന്നോട് തന്നെ പുലർത്തുന്ന, ജീവിതത്തോട് പുലർത്തുന്ന മനോഭാവം മനുഷ്യന്റെ ജീവിതാവസ്ഥയെ ഒരു പരിധിവരെ നിർണയിക്കുന്നുണ്ട്. ഈ മനോഭാവം അഹങ്കാരത്തിന്റേതാകുമ്പോൾ, അസ്വസ്ഥതകൾ വന്ദേഭാരത് ട്രെയിനും പിടിച്ച് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും. ദൈവത്തോടും, കൂടെയുള്ളവരോടും, തന്നോടുതന്നെയും മനുഷ്യൻ കാണിക്കുന്ന അഹങ്കാരം അവളുടെ/അവന്റെ ജീവിതത്തെ അസ്വസ്ഥതകളിലേക്ക് കടത്തിവിടാം.
അജയ് വാസുദേവ് സംവിധാനം ചെയ്ത മലയാളം ആക്ഷൻ ത്രില്ലർ ചിത്രമായ ഷൈലോക്കിന്റെ Intro-Song ഒന്ന് ശ്രദ്ധിച്ചാൽ മനുഷ്യന്റെ ഈ മനോഭാവം മനസ്സിലാകും. ആ Intro-Song ൽ റാപ് സ്റ്റൈലിൽ പാടുകയാണ് : “ദൈവം വന്നു പറഞ്ഞാലും, I will take my own choice.” പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിന്റെ മുൻപിൽ നിന്ന് ഇങ്ങനെ വീമ്പടിച്ചാൽ, എങ്ങനെയാണ് മനുഷ്യന്റെ ജീവിതത്തിലേക്ക് ദൈവിക ഗുണങ്ങളായ സന്തോഷവും, സമാധാനവും, സ്നേഹവും കടന്നുവരിക?! പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിന്റെ മുൻപിൽ നിന്ന് ഇങ്ങനെ വീമ്പടിച്ചാൽ, എങ്ങനെയാണ് മനുഷ്യന്റെ ജീവിതത്തിലേക്ക് ദൈവിക ഗുണങ്ങളായ സന്തോഷവും, സമാധാനവും, സ്നേഹവും കടന്നുവരിക?! ദൈവത്തെ വെല്ലുവിളിക്കുന്നവരുടെയൊക്കെ ജീവിതം ബാബേൽഗോപുരംപോലെ തകർന്നുവീഴുമെന്നതിന് എന്ത് സംശയമാണുള്ളത്? അവരുടെയൊക്കെ ജീവിതങ്ങൾ ചാവുകടൽപോലെയാകുമെന്നതിന് യാതൊരു സംശയവുംവേണ്ട.
അസ്വസ്ഥമാകേണ്ട ഒന്നല്ല മനുഷ്യന്റെ ഹൃദയം. ദൈവം കുടികൊള്ളുന്നിടമായ ഹൃദയം ഇപ്പോഴും നന്മ നിറഞ്ഞ, സ്നേഹം നിറഞ്ഞ, ശാന്തി ഒഴുകുന്ന ഒരിടമാകണം. അതാണ് അതിന്റെ സ്വഭാവം. പക്ഷെ, മനുഷ്യന്റെ അഹങ്കാരം, ജീവിത വ്യഗ്രത, ആസക്തികൾ, അമിതമായ ആഗ്രഹങ്ങൾ എല്ലാം അവളെ /അവനെ അലച്ചിലിന്റെ ഒരു ജീവിതത്തിലേക്ക് നയിക്കുകയാണ്. എത്ര ഓടിയിട്ടും, എത്ര സമ്പാദിച്ചിട്ടും മതിയാകുന്നില്ല. “ജീവിക്കണം നിമിഷമൊന്നിൽ അനേകജന്മം” എന്നാണു മനുഷ്യന്റെ ത്വരയും തൃഷ്ണയും. അത് ഹൃദയത്തിൽ, ജീവിതത്തിൽ അശാന്തി പരത്തുന്നു. അസ്വസ്ഥതകൾ വർധിച്ചുവരുന്ന ലോകത്തിൽ ശാന്തതയുള്ള ഹൃദയത്തിനു ഉടമകളാകാനാണ്
ഓർത്തു നോക്ക്! എന്തിനാണ് നമ്മുടെ ഹൃദയം, ജീവിതം ഇത്രമാത്രം അസ്വസ്ഥമാകുന്നത്? എന്തുകൊണ്ടാണ് ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടുപോകുന്നത്? മഹാമാരികളുടെ മുൻപിൽ എങ്ങനെയാണ് മനുഷ്യൻ പതറിപ്പോകുന്നത്? ഉത്തരം ഒന്നേയുളളു. മനുഷ്യന് ദൈവത്തിലുള്ള വിശ്വാസത്തിനു ക്ഷതം സംഭവിച്ചിരിക്കുന്നു. അസ്വസ്ഥതകളല്ല, അഗ്നിപർവതംപോലെ കുമിഞ്ഞുയരുന്ന പ്രശ്നങ്ങളല്ല നമ്മെ അസ്വസ്ഥമാക്കുന്നത്, ഭയപ്പെടുത്തുന്നത്. ദൈവത്തിലുള്ള വിശ്വാസമില്ലായ്മയാണ് നമ്മുടെ അസ്വസ്ഥതക്കു കാരണം. അതുകൊണ്ടാണ് ഈശോ പറയുന്നത്: ദൈവത്തിൽ വിശ്വസിക്കുക. ഒന്നിനെക്കുറിച്ചും ആകുലതകൾ ഉണ്ടാകാതിരിക്കുവാൻ, വരും കാര്യങ്ങളെ ഓർത്തു ഉത്ക്കണ്ഠ ഇല്ലാതിരിക്കുവാൻ മരണത്തെ തോൽപ്പിച്ചു ഉത്ഥാനം ചെയ്ത ക്രിസ്തുവിൽ വിശ്വസിക്കുക.
ബൈബിൾ നമ്മുടെ മുൻപിൽ വരച്ചുകാട്ടുന്നത് അസ്വസ്ഥതകളുടെ പെരുംമഴയെയല്ല, അവയ്ക്കിടയിൽ, വിടർത്തിവച്ചിരിക്കുന്ന ദൈവകൃപയുടെ കുടയെയാണ്. അഗസ്റ്റസ് സീസറിന്റെ കൽപ്പന കേട്ട് ഏറെ സങ്കടപ്പെട്ട ജോസഫും മറിയവും പൂർണഗർഭത്തിന്റെ ഭാരവും പേറി കാടും പടലും കടന്ന് ബെത്ലഹേമിലെത്തുമ്പോൾ പ്രവചനങ്ങളുടെ പൂർത്തീകരണത്തിനാണ് ഈ യാത്രയെന്ന് അവർ അറിഞ്ഞതേയില്ല. പക്ഷേ, സ്നേഹമുള്ളവരേ, ദൈവത്തിനറിയാമായിരുന്നു. ഇക്കഴിഞ്ഞ വലിയ ആഴ്ചയിലെ ക്രിസ്തു സംഭവങ്ങളെല്ലാം സങ്കടരാവുകളിൽ വിരിയുന്ന സന്തോഷത്തിന്റെ നക്ഷത്രങ്ങളുടെ കഥയല്ലേ നമ്മോട് പറയുന്നത്? സുവിശേഷത്തിന്റെ ഏറ്റവും മനോഹരമായ ഈ സത്യത്തെ, പ്രസവ വേദന പുതുസൃഷ്ടിയുടെ പുഞ്ചിരിക്കുവഴിമാറുന്ന പ്രകൃതി ദൃഷ്ടാന്തത്തിലൂടെ ഈശോ വിവരിക്കുന്നുണ്ട്. അധ്വാനിക്കുന്ന, മുട്ടിന്മേൽ നിന്ന് കണ്ണീരോടെ പ്രാർത്ഥിക്കുന്ന മാതാപിതാക്കളുടെ സഹനം, മക്കൾക്ക് സമ്പത്തും സുരക്ഷിതത്വവും നേടിക്കൊടുക്കുന്ന പോലെ, സന്തോഷമായി മാറുന്ന ഒത്തിരി അസ്വസ്ഥതകളുണ്ട് ഈ ഭൂമിയിൽ. ഒരുപാട് പ്രാതികൂല്യങ്ങളും, തിരസ്കരണങ്ങളും, അവഗണനകളും, തിരിച്ചടികളും, അനാവശ്യമെന്നു തോന്നുന്ന ബദ്ധപ്പാടുകളുമെല്ലാം കടന്നുവരുമ്പോൾ ഓർക്കുക, നമ്മുടെ ദൈവത്തിന്, ഉത്ഥിതനായ ക്രിസ്തുവിന് എന്റെ ജീവിതത്തെക്കുറിച്ചു നന്നായി അറിയാമെന്ന്.
അമേരിക്കയിലുള്ള കാലിഫോർണിയയിലെ കാടുകളിലുണ്ടാകുന്ന കാട്ടുതീയെപ്പറ്റി കേട്ടിട്ടില്ലേ? ഇടിമിന്നൽ, കല്ലുകൾ തമ്മിലോ, മരങ്ങൾ തമ്മിലോ ഉണ്ടാകുന്ന ഉരസലുകൾ, മനുഷ്യ നിർമിതമായ കാരണങ്ങൾ അങ്ങനെ ഒട്ടെറെ കാരണങ്ങളുണ്ടാകാം ഈ കാട്ടുതീയുടെ പുറകിൽ. പക്ഷേ, കത്തിത്തീരുന്നത് ഏക്കറുകളോളം പരന്നു കിടക്കുന്ന കാടുകളാണ്. കാണുമ്പോൾ നമുക്ക് അസ്വസ്ഥതയുണ്ടാകാം. എന്നാൽ, ഈ കാട്ടു തീയ്ക്കു പുറകിലും ദൈവം അത്ഭുതങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. കാട്ടുതീമൂലം അസ്വസ്ഥമായ കാടിനോടുപോലും ദൈവം പറയുന്നു: “അസ്വസ്ഥമാകേണ്ട നിങ്ങളുടെ ഹൃദയം. വിശ്വസിക്കുക, നിങ്ങളെ സംരക്ഷിക്കുന്ന ദൈവം ഞാനാകുന്നു.” എല്ലാറ്റിനെയും ദഹിപ്പിച്ചുകളയുന്ന കാട്ടുതീയ്ക്കിടയിലും ദൈവത്തിന്റെ പരിപാലനയുടെ കരം കാണുവാൻ ബുദ്ധിയുള്ള മനുഷ്യൻ തോൽക്കുമ്പോൾ എങ്ങനെയാണ് മരങ്ങൾക്കു അത് കഴിയുക?
പക്ഷെ, പ്രകൃതി നമ്മെ പഠിപ്പിക്കുന്നത് ദൈവത്തിന്റെ പരിപാലനയുടെ, കരുണയുടെ വലിയ അത്ഭുതങ്ങളാണ്. കാലിഫോർണിയയിലെ കാടുകളിൽ കാട്ടുതീയാളുമ്പോൾ ദൈവം പലരീതിയിൽ കാടിനെ സംരക്ഷിക്കുന്നുണ്ട്. പുഷ്പിക്കുന്ന ചെടികൾ കത്തിയെരിയുമ്പോൾ അവയുടെ വേരുകളിലും, പച്ചപ്പരവതാനിപോലെ പരന്നുകിടക്കുന്ന പുല്ലുകളുടെ മണ്ണിനടിയിലുള്ള ഭാഗങ്ങളിലും ദൈവം വിത്തുകൾ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. എന്നാൽ, ഈ വിത്തുകൾക്ക് ജീവൻ കിട്ടണമെങ്കിൽ, പുതുമുള യുണ്ടാകണമെങ്കിൽ അവയ്ക്ക് മുകളിൽ തീയുടെ ചൂട് ആവശ്യമുണ്ട്. കാട്ടുതീ അവയ്ക്ക് ജീവൻ നൽകുന്ന ചൂടാണ്. ചില വന്മരങ്ങളുടെ കായകൾ വളരെ വലുതാണ്. അവയുടെ പുറംതോടുകൾ വളരെ കട്ടിയുള്ളതുമാണ്. മണ്ണിൽ വീണു കിടക്കുന്ന കായ്കളുടെ പുറംതോടുകൾ പൊട്ടാൻ സാധാരണ ചൂട് പോരാ.

തീ തന്നെ വേണം. തീയുടെ അസ്വസ്ഥതകൾക്കിടയിലും പുതുജീവനെ ഒളിപ്പിച്ചു വച്ചിരിക്കുകയാണ് ദൈവം. ഇനി, ചൂട് പിടിച്ച മണ്ണിനെയും ദൈവം പരിപാലിക്കുന്നുണ്ട്. തീയുടെ ചൂടുകൊണ്ട് വാടിയ വലിയ മരങ്ങളുടെ ഇലകൾ രണ്ടു ദിവസത്തിനുള്ളിൽ കൊഴിയാൻ തുടങ്ങും. അത് മണ്ണിനെ ഒരു പുതപ്പുപോലെ പൊതിയും, ആശ്വസിപ്പിക്കും. ഈ പുതപ്പിനുള്ളിൽ നിന്ന് പതുക്കെ പതുക്കെ, പുതുനാമ്പുകൾ പ്രത്യക്ഷപ്പെടും. അസ്വസ്ഥതകൾക്കിടയിലും അതുഭുതങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന ദൈവത്തെ കാണുവാൻ കണ്ണുകൾ തുറക്കാൻ നമുക്കാകണം. ദൈവമേ നിന്റെ ഈ വചനം മനസ്സിലാക്കാൻ പ്രകൃതി നൽകുന്ന ഈ സന്ദേശം മാത്രം മതി എന്നും പറഞ്ഞു ശിരസ്സുകുനിക്കുവാനാണ് എനിക്ക് തോന്നുന്നത്!
സ്നേഹമുള്ളവരേ, അസ്വസ്ഥമായ മനസ്സുകളാണ് നമുക്ക് ചുറ്റും. കണ്ണുതുറക്കാത്ത, കരയാനറിയാത്ത കളിമൺപ്രതിമകളോ ഈ ദൈവങ്ങൾ എന്ന് ആർക്കും ചോദിക്കാൻ തോന്നുന്ന വിധത്തിൽ കഷ്ടപ്പാടിലൂടെ മനുഷ്യൻ അനുദിനം നടന്നുപോകുകയാണ്. അവിടെയാണ് ക്രിസ്തു വചനം ഒരു വേനൽമഴയുടെ ആശ്വാസമായി നമ്മുടെ കാതിൽ വന്നലയ്ക്കുന്നതു:”മകളേ, മകനേ നിന്റെ ഹൃദയം അസ്വസ്ഥമാകേണ്ട.” ചരിത്രത്തിൽ ഒരു ദൈവവും ഇത്രയും സാന്ത്വനമേകുന്ന വാക്കുകൾ ഉച്ചരിച്ചിട്ടില്ല. വേദഗ്രന്ഥങ്ങളത്രയും പരതി നോക്കിക്കൊള്ളൂ, ഇത്രയും ആശ്വാസകരമായ, സുദൃഢമായ, അലിവേറിയ ഒരു സാന്ത്വനം ലോകം ശ്രവിച്ചിട്ടില്ല. അന്നത് ക്രിസ്തു നേരിട്ട് പറഞ്ഞെങ്കിൽ ഇന്നത് പല രൂപത്തിൽ, പലഭാവത്തിൽ നമ്മിലേക്കെത്തുന്നു എന്നുമാത്രം.
സാമൂഹ്യമാധ്യമങ്ങളിൽ “ആവർത്തിച്ചു ചൊല്ലേണ്ട സുകൃതജപം” എന്ന ടൈറ്റിലിൽ ഫാദർ ജെൻസൺ ലാ സലേറ്റ് എഴുതിയ കുറിപ്പിൽ ഒരു സംഭവം വിവരിച്ചിട്ടുണ്ട്.
നാലാമത്തെ കുഞ്ഞിന്റെ ഡെലിവറി ഡെയ്റ്റ് അടുത്തതോടെ അച്ചനറിയുന്ന ദമ്പതികൾക്ക് ടെൻഷനേറി. ആശുപത്രി ചിലവിനുള്ള പണമില്ല. ചിലപ്പോൾ സിസേറിയൻ വേണ്ടി വരുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. വിഷമങ്ങൾ പറഞ്ഞ് ഫോൺ വിളിച്ചപ്പോൾ അച്ചൻ ഇങ്ങനെ മറുപടി നൽകി:
“നിങ്ങളുടെ നാലാമത്തെ കുഞ്ഞിനെ ദൈവം നൽകിയതാണെങ്കിൽ ആ കുഞ്ഞിന്റെ ആശുപത്രി ചിലവിനുള്ള പണം ദൈവം ക്രമീകരിക്കും. പിന്നെ, സിസേറിയനോ നോർമൽ ഡെലിവറിയോ എന്തുമാകട്ടെ, ദൈവേഷ്ടം നിറവേറാനും ആരോഗ്യത്തോടെയുള്ള കുഞ്ഞിനെ ലഭിക്കാനും വേണ്ടി പ്രാർത്ഥിക്കുക. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല.”
മൂന്നു ദിവസത്തിനു ശേഷം ആ ദമ്പതികൾ അച്ചനെ വിളിച്ചു:
”അച്ചാ…. നോർമൽ ഡെലിവറിയായിരുന്നു. ആരോഗ്യമുള്ള കുഞ്ഞിനെ ദൈവം നൽകി. അച്ചൻ പറഞ്ഞതുപോലെ ഞങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളും ക്രമീകരിക്കപ്പെട്ടു. ആശുപത്രിയിൽ അഡ്മിറ്റാകുന്നതിനുമുമ്പ് ഒരു സ്ത്രീ വന്ന് പതിനായിരം രൂപ ഏൽപിച്ചു. കുറേയധികം വീട്ടു സാധനങ്ങളും അവർ വാങ്ങിത്തന്നു. ഞങ്ങളെ സഹായിക്കണമെന്ന് അവരെ ദൈവം തോന്നിപ്പിച്ചത്രെ! നമ്മൾ ആഗ്രഹിച്ചു പ്രാർത്ഥിച്ചാൽ എത്ര വലിയ പ്രതിസന്ധിയിലും ദൈവം ഇടപെടുമെന്ന് ഞങ്ങൾക്കുറപ്പായി…”
ഈ സംഭവം വിവരിച്ചതിനുശഷം ആ കുറിപ്പിൽ അച്ചൻ എഴുതിയത് ഇങ്ങനെയാണ്: “പ്രതിസന്ധികൾക്കു പിറകേ അദ്ഭുതങ്ങൾ അയക്കുന്നവനാണ് നമ്മുടെ ദൈവം.”
ഇന്ന് അസ്വസ്ഥമായ മനസ്സോടെ ഈ ദേവാലയത്തിൽ വന്നിരിക്കുന്ന സഹോദരീ, സഹോദരാ, നിന്നോടാണ് ഈശോ പറയുന്നത്, “നിങ്ങളുടെ ഹൃദയം സ്വസ്ഥമാകേണ്ട.” കൊടുങ്കാറ്റിനുസമം നമ്മെ, നമ്മുടെ ജീവിതത്തെ കശക്കിയെറിയുന്ന അസ്വസ്ഥതകൾ രോഗങ്ങളുടെ രൂപത്തിൽ, ദുരന്തങ്ങളുടെ, പട്ടിണിയുടെ, ദാരിദ്ര്യത്തിന്റെ, നാണക്കേടുകളുടെ, കുറവുകളുടെ, തോൽവികളുടെ രൂപത്തിൽ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും. എന്നാൽ, ഇവയ്ക്കിടയിലും നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടയെന്നും, നിങ്ങളുടെ രക്ഷയ്ക്കായി നിങ്ങളോടൊപ്പം ഞാനുണ്ട് എന്നും പറയുന്ന ഉത്ഥിതനായി ഇന്നും ജീവിക്കുന്ന കർത്താവായ ഈശോയിൽ ഉറച്ചു വിശ്വസിക്കുവാൻ നിനക്ക് സാധിക്കുമോ എന്നതാണ് യഥാർത്ഥ ചോദ്യം.
ഇക്കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത് അയച്ചുതന്ന ഒരു സന്ദേശം പങ്കുവയ്ക്കട്ടെ. ഇത് ഒരു കഥയല്ല. നമ്മെ വിസ്മയഭരിതമാക്കുന്ന ഒരു ജീവിതാനുഭവമാണ്. ബ്രിൻഡ എന്ന് പേരുള്ള പർവതാരോഹകയായ ഒരു പെൺകുട്ടി ഒരുനാൾ കൂട്ടുകാർക്കൊപ്പം ഒരു ഗ്രാനൈറ്റ് കൊടുമുടി കയറിക്കൊണ്ടിരിക്കുകയായിരുന്നു. പകുതിദൂരം കയറിക്കഴിഞ്ഞപ്പോഴാണ് യാദൃശ്ചികമായി അത് സംഭവിച്ചത്. കാഴ്ച്ച അവ്യക്തമാകുന്നു. കണ്ണിനുള്ളിൽ ധരിച്ചിരുന്ന കോൺടാക്ട് ലെൻസ് എങ്ങനെയോ ഇളകി താഴെ പോയതാണ് കാരണം.
ഒരുവിധത്തിൽ കൂട്ടുകാരുടെ സഹായത്തോടെ മുകളിലെത്തി. അവൾ ആകെ സങ്കടത്തിലായി. വിലപിടിപ്പുള്ള കോൺടാക്ട് ലെൻസ് ആണ് നഷ്ടപ്പെട്ടിരിക്കുന്നത്. തന്നെയുമല്ല മങ്ങിയ കാഴ്ചയുമായി എങ്ങനെ തിരിച്ചിറങ്ങും? വളരെ നേർത്ത ആ ലെൻസ് ഇനി എങ്ങനെ തിരികെ കിട്ടാനാണ്? അവൾ കരഞ്ഞു തുടങ്ങി. ചെറുപ്പം മുതലേ, വലിയ ദൈവവിശ്വാസിയായിരുന്നു ബ്രിൻഡ. അവളുടെ മനസ്സിലേക്ക് ബൈബിളിലെ ഒരു വചനം ഓർമവന്നു. “തന്റെ മുൻപിൽ നിഷ്കളങ്കരായി വർത്തിക്കുന്നവർക്കുവേണ്ടി ശക്തി പ്രകടിപ്പിക്കുവാൻ കർത്താവിന്റെ ദൃഷ്ടികൾ ഭൂമിയിലുടനീളം പായുന്നു.” (2 ദിനവൃത്താന്തം 16, 9) അവൾ ആ കൊടുമുടിയുടെ മുകളിൽ മുട്ടുകുത്തി വിശ്വാസത്തോടെ ഇങ്ങനെ പ്രാർത്ഥിച്ചു: “എല്ലാം കാണുന്ന എല്ലാം അറിയുന്ന, പരമകാരുണികനായ ദൈവമേ, എന്റെ കോൺടാക്ട് ലെൻസ് വളരെ ചെറിയ ഒരു വസ്തു ആണെങ്കിൽകൂടി അങ്ങയുടെ കണ്ണിൽ നിന്നും അത് മറഞ്ഞിരിക്കുന്നില്ലല്ലോ? അത് എനിക്ക് കണ്ടെത്തി തിരികെ തരിക എന്നുള്ളത് അങ്ങേക്ക് അസാധ്യ മല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.”

പ്രാർത്ഥനക്കു ശേഷം സുഹൃത്തുക്കളുടെ സഹായത്തോടെ അവൾ തിരിച്ചിറങ്ങാൻ തുടങ്ങി. ഇറങ്ങുന്ന വഴിക്കു അവർ കൊടുമുടി കയറുന്ന മറ്റൊരു ഗ്രൂപ്പിനെ കണ്ടുമുട്ടി. അവരിൽ ഒരാൾ ചോദിച്ചു: “ഈ കോൺടാക്ട് ലെൻസ് നിങ്ങൾ ആരുടെയെങ്കിലും ആണോ?” ബ്രിൻഡ വിസ്മയത്തോടെ പറഞ്ഞു: ” അതെ, ഇത് എന്റേതാണ്. നിങ്ങൾക്ക് ഇതെങ്ങനെ കിട്ടി?” “ഞാൻ കയറിവരുമ്പോൾ ഒരു കൊച്ചുറുമ്പ് ഇത് ചുമലിൽ ഉയർത്തി പിടിച്ചു നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു. മുന്നോട്ട് കയറിപ്പോയ ആരുടെയെങ്കിലും ആകാമെന്ന് കരുതി ഞാനതു എടുത്തു. ” ആ മനുഷ്യൻ പറഞ്ഞു.
സ്നേഹമുള്ളവരേ, നമ്മുടെ ജീവിതം, ജീവിതസാഹചര്യങ്ങൾ കാണാതെ പോകുന്നവനല്ല നമ്മുടെ ദൈവം. ഒരു കുഞ്ഞുറുമ്പിനെപ്പോലും അവിടുന്ന് നമുക്കുവേണ്ടി ഉപകരണമാക്കിയേക്കാം. വിശ്വാസത്തോടെ ജീവിതസാഹചര്യങ്ങളിൽ ദൈവത്തിന്റെ മുൻപിൽ നിൽക്കാൻ നമുക്കാകണം. ഇന്നത്തെ ദൈവവചനം പറയുന്നപോലെ, വിശ്വസിച്ചുകൊണ്ട് ക്രിസ്തുവിന്റെ നാമത്തിൽ ചോദിക്കുന്നതെല്ലാം, പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി ക്രിസ്തു നമ്മുടെ ജീവിതത്തിൽ, ഈ ലോകത്തിൽ ചെയ്തു തരും. ഗബ്രിയേൽ ദൈവദൂതനിലൂടെ സ്വർഗം നമ്മെ അറിയിച്ചതെന്താണ്? “ദൈവത്തിന് അസാധ്യമായി ഒന്നുമില്ല.” അവിടുന്ന് കരുണകാണിച്ചാൽ എത്ര വലിയ അടിമത്വങ്ങളിൽ നിന്നും നാം സ്വാതന്ത്രരാകും. അവിടുന്ന് കല്പിച്ചാൽ നമ്മുടെ ജീവിതത്തിലെ ചെങ്കടലുകൾ വിഭജിക്കപ്പെടും. അവിടുന്ന് ഇടപെട്ടാൽ പാറപോലെയുള്ള നമ്മുടെ പ്രശ്നങ്ങൾ തകർക്കപ്പെട്ട് ദൈവകൃപയുടെ, സൗഖ്യത്തിന്റെ ജലമൊഴുകും. അവിടുന്ന് മനസ്സാകുമ്പോൾ നമ്മുടെ ജീവിതങ്ങളിൽ മന്നാ വർഷമുണ്ടാകും. അവിടുന്ന് കല്പിച്ചാൽ ഇളകിമറിയുന്ന നമ്മുടെ ഹൃദയങ്ങൾ ശാന്തമാകും. അവിടുത്തെ സാന്നിധ്യമുണ്ടായാൽ നമ്മുടെ ഭവനങ്ങൾ രക്ഷപ്രാപിക്കും.
സമാപനം
ജെറമിയാ പ്രവാചകനിലൂടെ ദൈവത്തിന്റെ വചനം പറയുന്നു: ” എന്നെ വിളിക്കുക, ഞാൻ മറുപടി നൽകും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങൾ ഞാൻ നിനക്ക് വെളിപ്പെടുത്തും.” (33 ,3) നമ്മുടെ ഉള്ളിൽ ഭയത്തിന്റെ, അസ്വസ്ഥതയുടെ മലവെള്ളപ്പാച്ചിൽ ഉണ്ടാകുമ്പോൾ ഓർക്കുക ക്രിസ്തുവിന്റെ വചനം: ‘നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ … എന്നിലും വിശ്വസിക്കുവിൻ. ഞാനാകുന്നു വഴിയും സത്യവും ജീവനും……’
നമ്മുടെ കുടുംബത്തെ, നമ്മെ ഓരോരുത്തരെയും നമ്മുടെ ജീവിതത്തെയും, നമ്മുടെ അസ്വസ്ഥതകളെയും ഈ ബലിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കാം.

അസ്വസ്ഥതയില്ലാത്ത, സമാധാനം നിറഞ്ഞ ഒരു ജീവിതം ക്രിസ്തു നമുക്ക് നൽകട്ടെ. ആമേൻ!
Reblogged this on Nelson MCBS.
LikeLike