SUNDAY SERMON FEAST OF PENTECOST

പെന്തെക്കുസ്തത്തിരുനാൾ 2023

ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാം ഇന്ന് പെന്തെക്കുസ്താത്തിരുനാൾ ആഘോഷിക്കുകയാണ്. എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ നേരുന്നു!

ഒരു കാത്തിരിപ്പിന്റെ ഫലസമാപ്തിയാണ് പെന്തെക്കുസ്താത്തിരുനാൾ. ക്രിസ്തുവിന്റെ ഉത്ഥാനത്തിനുശേഷം ‘ശിഷ്യന്മാർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റുസ്ത്രീകളോടും, അവന്റെ സഹോദരരോടൊപ്പം പ്രാർത്ഥനയിൽ’ (അപ്പ 1, 14)   വലിയൊരു കാത്തിരിപ്പിലായിരുന്നു. ശിഷ്യന്മാർക്ക് ഉറപ്പായിരുന്നു ഈ കാത്തിരിപ്പ് വെറുതെയാകില്ലായെന്ന്. കാരണം, അവർ ക്രിസ്തുവിൽ, അവിടുത്തെ വാഗ്ദാനത്തിൽ ഉറച്ചു വിശ്വസിച്ചിരുന്നു. അവിടുത്തെ പ്രത്യക്ഷീകരണവേളയിൽ ശിഷ്യരുടെമേൽ നിശ്വസിച്ചുകൊണ്ട്, “പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ” (20,22) എന്ന് ഈശോ പറഞ്ഞത് അവരുടെ ഓർമയിലുണ്ട്. എന്നാൽ, തങ്ങൾക്ക് ഈശോ നൽകിയ പരിശുദ്ധാത്മാവ് തങ്ങളിൽ എപ്പോൾ പ്രവർത്തിക്കുമെന്നോ, എങ്ങനെ പ്രവർത്തിക്കുമെന്നോ, അങ്ങനെ പ്രവർത്തിക്കുന്ന വേളയിൽ എന്തൊക്കെയാണ് സംഭവിക്കുകയെന്നോ അവർക്ക് അറിയില്ലായിരുന്നു. അവിടുന്ന് വളരെ വ്യക്തമായി അവരോട് പറഞ്ഞിരുന്നു: “എന്നിൽ നിന്ന് നിങ്ങൾകേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിൻ” (അപ്പ 1, 5) എന്ന്. ഞാൻ നിങ്ങൾക്ക് നൽകിയ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിനായി കാത്തിരിക്കുവിൻ എന്ന്. അവർ പ്രാർത്ഥനയോടെ കാത്തിരുന്നു എന്നത് അവരുടെ വിശ്വാസത്തെയാണ്, പ്രതീക്ഷയെയാണ് കാണിക്കുന്നത്. ലൂക്കാ 24, 53)

ലോകചരിത്രത്തെ മാറ്റിമറിച്ച, ക്രൈസ്തവർ എന്ന പുതിയൊരു സമൂഹം ജനിച്ചുവീണ ആദ്യ പെന്തെക്കുസ്താദിനത്തിന്റെ പശ്ചാത്തലം അറിയുന്നത് വളരെ നല്ലതാണ്. ഇസ്രായേലിൽ, ജറുസലേമിൽ, യഹൂദജനം മുഴുവൻ അവരുടെ പെന്തക്കുസ്താ തിരുനാളിനായി ഒരുങ്ങുന്ന കാലമായിരുന്നു അത്. ആഴ്ചകളുടെ തിരുനാളായിരുന്നു അവർക്കത്. ലേവ്യരുടെ പുസ്തകം അദ്ധ്യായം 23 ൽ അതിന്റെ വിവരണമുണ്ട്. ” സാബത്തിന്റെ പിറ്റേദിവസം മുതൽ, അതായത്, നീരാജനത്തിനായി കറ്റ കൊണ്ടുവന്ന ദിവസം മുതൽ ഏഴ് പൂർണമായ ആഴ്ചകൾ നിങ്ങൾ കണക്കാക്കണം. ഏഴാമത്തെ സാബത്തിന്റെ പിറ്റേദിവസം, അതായത് അമ്പതാം ദിവസം കർത്താവിന് പുതിയ ധാന്യങ്ങൾകൊണ്ട് നിങ്ങൾ ധാന്യബലി അർപ്പിക്കണം.” (23, 15-16) ഇതായിരുന്നു പഴയനിയമത്തിലെ പെന്തക്കുസ്താ. തുടർന്നുള്ള ഭാഗത്തു ഈ പെന്തക്കുസ്തായുടെ ആഘോഷം വിവരിക്കുന്നുണ്ട്.

യഹൂദരുടെ തിരുനാളായ Shavout, പെന്തക്കുസ്താ (പെന്തക്കുസ്താ എന്ന വാക്കിന്റെ അർഥം 50 എന്നാണ്) ആചരിക്കാൻ യഹൂദജനം ഒത്തുകൂടിയപ്പോൾ, യഹൂദരായിരുന്നെങ്കിലും, ഈശോയുടെ ശിഷ്യരും, മാതാവും മറ്റുള്ളവരും ക്രിസ്തുവിന്റെ വാഗ്ദാനത്തിനായി കാത്തിരിക്കുകയായിരുന്നു എന്നത് ദൈവപരിപാലനയായിരിക്കാം.. ലോകത്തിന്റെ ചരിത്രം തന്നെ മാറ്റിയെഴുതപ്പെടേണ്ട, പുതിയൊരു പെന്തക്കുസ്തയ്ക്കായാണ് തങ്ങൾ ഒരുമിച്ചുകൂടിയിരിക്കുന്നതെന്ന് ശിഷ്യരോ, തങ്ങൾ ആചരിക്കുവാൻ പോകുന്ന പെന്തക്കുസ്താ ഇതാ അർത്ഥശൂന്യമാകാൻ പോകുന്നെന്ന് യഹൂദരോ ചിന്തിച്ചു കാണില്ല. അന്നുവരെ യഹൂദജനം ആചരിച്ചുപോന്ന പെന്തെക്കുസ്തായുടെ അർത്ഥവും, അനുഭവവും മാറുവാൻ പോകുകയാണ്. പെന്തെക്കുസ്താ ഇവിടെ ഇതാ വേറൊരു ലെവലിലേക്ക് ഉയരുവാൻ പോകുകയാണ്. പ്രപഞ്ചോത്പത്തിയുടെ ആദ്യനിമിഷം മുതൽ കൂടെയുണ്ടായിരുന്ന ദൈവത്തിന്റെ ചൈതന്യം, ദൈവത്തിന്റെ ആത്മാവ്, പിതാക്കന്മാരിലും, പ്രവാചകന്മാരിലും നിറഞ്ഞു നിന്ന പരിശുദ്ധാത്മാവ്, ഏശയ്യാ പ്രവാചകൻ പ്രവചിച്ച ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്, അറിവിന്റെയും ദൈവഭക്തിയുടെയും ആത്മാവ്, ദരിദ്രരെ സുവിശേഷം അറിയിക്കുവാൻ, ബന്ധിതർക്ക് മോചനം നൽകാൻ, അന്ധർക്ക് കാഴ്ച നൽകാൻ, അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യം നല്കാൻ ക്രിസ്തുവിനെ ശക്തിപ്പെടുത്തിയ ആത്മാവ്, ഇതാ, ഇതാ, മനുഷ്യ മക്കളിലേക്ക് നേരിട്ടിറങ്ങി അത്ഭുതം പ്രവർത്തിക്കുവാൻ പോകുകയാണ്!

സ്വർഗമാകട്ടെ പുതിയൊരു പെന്തക്കുസ്തയ്ക്കായി തയ്യാറെടുത്തിരിക്കുകയായിരുന്നു. ഈശോയുടെ ശിഷ്യരും കൂട്ടരും അവർ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ മുറിയിൽ പ്രാർത്ഥനയിൽ ആയിരുന്നു. പെട്ടെന്ന് കൊടുങ്കാറ്റിന്റെ ആരവം അവർ കേട്ടു. അത് വലിയൊരു ശബ്ദമായി രൂപപ്പെട്ടു. ആ ശബ്ദം അവരുടെ വീടിനുള്ളിൽ മുഴങ്ങിയതുപോലെ അവർക്കു തോന്നി. അന്തരീക്ഷത്തിൽ പെട്ടെന്നുണ്ടായ മാറ്റത്തിന്റെ കാരണം അന്വേഷിക്കാൻ ശ്രമിച്ച അവരുടെ മേൽ അതാ അഗ്നിജ്വാലകൾ പോലുള്ള നാവുകൾ വന്നു നിന്നു. (അപ്പ 2, 1-3) വചനം പറയുന്നു: “അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. ആത്മാവു കൊടുത്ത ഭാഷണവരമനുസരിച്ച് അവർ വിവിധ ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി.” (അപ്പ 2, 4)

സ്നേഹമുള്ളവരേ, സ്വർഗം കാത്തിരുന്ന അതുല്യമായ നിമിഷമായിരുന്നു അത്! ദൈവത്തിന്റെ രക്ഷാകരപദ്ധതി മനുഷ്യകരങ്ങളിലൂടെ തുടരുവാൻ സഭ രൂപംകൊണ്ട ദിനം! ക്രിസ്തുവിന്റെ വാഗ്ദാനത്തിന്റെ പൂർത്തീകരണം. മനുഷ്യന് സങ്കൽപ്പിക്കാൻ കഴിയാത്തവിധം അതി മനോഹരമായി സ്വർഗം ഭൂമിയിൽ ദൈവ ചൈതന്യത്തിന്റെ മഴവില്ലു വിരിയിച്ച ദിനം! പ്രിയപ്പെട്ടവരേ, മനുഷ്യന് ദൈവത്തിന്റെ മനസ്സ് അറിയുവാൻ കഴിഞ്ഞിരുന്നെങ്കിൽ, ദൈവത്തിന്റെ അത്ഭുതം മനസ്സിലാക്കുവാൻ സാധിച്ചിരുന്നെങ്കിൽ ലോകം ഈ ദിവസത്തെ വലിയൊരു ദാനമായി, സമ്മാനമായി നെഞ്ചേറ്റുമായിരുന്നു!

നിങ്ങൾക്കറിയുമോ ദൈവത്തിന്റെ ഈ ആത്മാവിനെ, റൂഹാദ് കുദ്ശായെ (Ruach HaKodesh in Hebrew) പരിശുദ്ധാത്മാവിനെ ലോകത്തിനു നല്കുവാനായിട്ടാണ് ഈശോ ലോകത്തിലേക്ക് വന്നത്. ബേത് ലഹേമിലെ പുൽത്തൊഴുത്തിൽ പിറന്ന്, വചനം പ്രഘോഷിച്ചു നടന്ന്, കുരിശുമരണത്തിലൂടെ കടന്ന്, മരണത്തെ ജയിച്ചു ഇന്നും ജീവിക്കുന്ന ക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത് ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയാണ്. എന്തിനുവേണ്ടിയായിരുന്നു ദാവീദിന്റെ പട്ടണത്തിൽ ഒരു രക്ഷകൻ കർത്താവായ ക്രിസ്തു ജനിച്ചത്? (ലൂക്ക 2, 10) ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയായിരുന്നു. എന്തിനു വേണ്ടിയായിരുന്നു, വഴിയും സത്യവും ജീവനുമായി ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്? ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയായിരുന്നു. എന്തിനുവേണ്ടിയായിരുന്നു ക്രിസ്തു കാൽവരി കയറി കുരിശിൽ മരിച്ചത്? ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയായിരുന്നു. ക്രിസ്തുവിനു വഴിയൊരുക്കുവാനെത്തിയ സ്നാപക യോഹന്നാൻ അത് പറഞ്ഞിരുന്നു: ‘ആത്മാവ് ഇറങ്ങി ആരിൽ വസിക്കുന്നുവോ അവനാണ് പരിശുദ്ധാത്മാവുകൊണ്ട് സ്നാനം നൽകുന്നവൻ’. (യോഹ 1, 34) തന്റെ സ്വർഗാരോഹണത്തിനു തൊട്ടു മുന്പ് ഈശോ എന്താണ് പറഞ്ഞത്? “യോഹന്നാൻ വെള്ളംകൊണ്ട് സ്നാനം നൽകി. നിങ്ങളാകട്ടെ ഏറെ താമസിയാതെ പരിശുദ്ധാത്മാവിനാൽ സ്നാനമേൽക്കും.” (അപ്പ 1, 5)

ആത്മാവിനെ നൽകുവാനാണ്‌ ക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത്. അവിടുത്തെ മനുഷ്യാവതാരം ആത്മാവിന്റെ പ്രവർത്തിയായിരുന്നു; ദൈവരാജ്യം ആത്മാവിന്റെ നിറവാണ്, ആത്മാവിന്റെ പ്രവർത്തിയാണ്. വിശുദ്ധ കുർബാന പരിശുദ്ധാത്മാ അഭിഷേകത്തിന്റെ ആഘോഷമാണ്.  ഉത്ഥിതനായ ഈശോ ആത്മാവിന്റെ ശോഭയാണ്. സഹായകന് മാത്രമേ ഈ ഭൂമുഖം പുതുതായി സൃഷ്ടിക്കാൻ, മനുഷ്യനെ നവീകരിക്കുവാൻ കഴിയൂ എന്ന് അറിഞ്ഞ ഈശോ ഈ ആത്മാവിനു വേണ്ടി ഒരുങ്ങാനാണ് ശിഷ്യരോട്‌ എന്നും പറഞ്ഞത്. പുതിയനിയമത്തിൽ പലപ്രാവശ്യം ഇക്കാര്യം ഈശോ പറയുന്നുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ ഈശോ പറയുന്നു: ‘എന്റെ നാമത്തിൽ പിതാവ് അയയ്ക്കുന്ന പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കും. (14, 26) വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ ഈശോ പറയുന്നു: “സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നൽകുകയില്ല!” (11, 13)

ആരാണ് നമുക്ക് പരിശുദ്ധാത്മാവിനെ നൽകുന്നത്? ഈശോയുടെ ഉത്തരം ഇതാണ്: ‘ദൈവമാണ് നമുക്ക് ആത്മാവിനെ നൽകുന്നത്. (യോഹ 3, 34b) ഇനി ആരാണ് ദൈവം? ഈശോ വളരെ വ്യക്തമായി നൽകുന്ന നിർവചനം ഇതാണ്: “ദൈവം ആത്മാവാണ്.” (യോഹ 4, 23) എങ്ങനെയാണ് ദൈവത്തെ ആരാധിക്കേണ്ടത്? “അവിടുത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്.” ((യോഹ 4, 24) അപ്പോൾ നമ്മിൽ പരിശുദ്ധാത്മാവില്ലെങ്കിൽ നമ്മിൽ ദൈവമില്ല. നമുക്ക് ദൈവത്തെ ആരാധിക്കുവാനും കഴിയില്ല. അതുകൊണ്ടാണ് പരിശുദ്ധാത്മാവിനെ നൽകുവാനാണ് ക്രിസ്തു യേശു ഈ ലോകത്തിലേക്ക് വന്നത് എന്ന് തിരുസ്സഭ നമ്മെ പഠിപ്പിക്കുന്നത്.

സകലതിനെയും നവീകരിക്കുന്ന പരിശുദ്ധാതമാവിന് മാത്രമേ നമുക്ക് പുതിയ ഹൃദയം നൽകാൻ സാധിക്കൂ, പുതിയ ഭാഷ സംസാരിക്കാൻ നമ്മെ പ്രാപ്തരാക്കാൻ കഴിയൂ, പുതിയ മനോഭാവങ്ങളിലേക്കു നമ്മെ വളർത്തുവാൻ പറ്റൂ, ഒരു പുതിയ ലോകം സൃഷിടിക്കുവാൻ സാധിക്കൂ. അതുകൊണ്ടാണ് വിശുദ്ധ സ്നാപക യോഹന്നാൻ പറഞ്ഞത്: എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശക്തൻ…അവൻ പരിശുദ്ധാത്മാവിനാൽ, പരിശുദ്ധാത്മാവാകുന്ന അഗ്നിയാൽ നിങ്ങളെ സ്നാനപ്പെടുത്തും’. കാരണം ആത്മാവിനു മാത്രമേ നമ്മെ ശക്തിപ്പെടുത്താൻ, പുതുക്കിപ്പണിയുവാൻ സാധിക്കൂ. അതുകൊണ്ടാണ് ക്രിസ്തു ആത്മ്മാവിനെ നൽകുവാൻ ഈ ലോകത്തിലേക്ക് വന്നത്.

ഈശോയ്ക്കറിയാം, കുശവന്റെ ചൂളയിലെ അഗ്നിയിൽ വെന്ത് മാത്രമേ മണ്ണിന് പുതിയ പാത്രങ്ങളെ സൃഷ്ടിക്കുവാൻ കഴിയൂ എന്ന്. ഈശോയ്ക്കറിയാം, മനുഷ്യന്റെ തലയിൽ കാലങ്ങളായി നിറച്ചിരിക്കുന്ന ചപ്പുചവറുകളെ, മനുഷ്യൻ തന്റെ നിധിയെന്നു കരുതി സൂക്ഷിച്ചു വച്ചിരിക്കുന്ന ചപ്പുചവറുകളെ കത്തിച്ചുകളയുവാൻ ആത്മാവാകുന്ന അഗ്നിക്ക് മാത്രമേ സാധിക്കൂ എന്ന്. ഈശോയ്ക്കറിയാം, മനുഷ്യനിലെ അഹന്തയുടെ, അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞുകൊണ്ടു ജനിച്ചു വീഴുന്ന ഒരു കൊച്ചുകുട്ടിയെ പോലെ മനുഷ്യനെ നഗ്നനാക്കുവാൻ, ജനിച്ചു വീഴുന്ന ഒരു കൊച്ചുകുട്ടിയെ പോലെ മനുഷ്യനെ നിഷ്ക്കളങ്കനാക്കുവാൻ പരിശുദ്ധാത്മാവാകുന്ന അഗ്നിക്കേ കഴിയൂ എന്ന്. ആത്മാവാകുന്ന അഗ്നിയിലൂടെ കടന്നു പോകുമ്പോൾ നമ്മുടെ കപടതകളെല്ലാം, നാം കടംകൊണ്ടിരിക്കുന്നതെല്ലാം, മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി ഏച്ചുകൂട്ടിയിരിക്കുന്നതെല്ലാം കത്തിയെരിയും. അവശേഷിക്കുന്നത് പുതിയ മനുഷ്യനായിരിക്കും, നവീകരിക്കപ്പെട്ട, പുതിയ മനുഷ്യൻ.

പരിശുദ്ധാത്മാവാകുന്ന അഗ്നിയിൽ നമ്മുടെ മുഖംമൂടികളെല്ലാം ഉരുകി വീഴണം; നമ്മുടേതല്ലാത്ത മുഖങ്ങളെല്ലാം കത്തിയെരിയണം. കൊറോണ മുഖം മൂടികളെക്കുറിച്ചല്ല ഞാൻ പറയുന്നത്. എത്രയെത്ര മുഖങ്ങളാണ് നമുക്കുള്ളത്. ഭാര്യയുടെ അടുത്ത് വരുമ്പോൾ ഒരു മുഖം, ഭർത്താവിന്റെ അടുത്ത് വരുമ്പോൾ മറ്റൊന്ന്. കുട്ടികളുടെ അടുത്ത് മാതാപിതാക്കൾക്ക് ഒരു മുഖം. ആരും കാണുന്നില്ലെങ്കിൽ നാം വേറൊരു മുഖം അണിയും. പള്ളിയിൽ വരുമ്പോൾ ഒന്ന്, വികാരിയച്ചനെ കാണുമ്പോൾ മറ്റൊന്ന്, ടീച്ചറെ കാണുമ്പോൾ ഒന്ന്, കൂട്ടുകാരെ കാണുമ്പോൾ വേറൊന്ന്. ആളുകളുടെ അടുത്ത് ഒരു മുഖം, ഒറ്റയ്ക്കിരിക്കുമ്പോൾ മറ്റൊന്ന്…… അങ്ങനെ എത്രയെത്ര മുഖങ്ങൾ…മുഖം മൂടികൾ!!!! വർഷങ്ങളായി ശരിയായ മുഖം നഷ്ടപ്പെട്ടവരാണോ നാം? പരിശുദ്ധാത്മാവു നമ്മിൽ വരുമ്പോൾ കാപട്യം നിറഞ്ഞ മുഖങ്ങളെല്ലാം മാറി, ഒറിജിനൽ മുഖമുള്ളവരാകും നമ്മൾ!!

ഇസ്രായേൽ ജനം തകർന്നടിഞ്ഞു, ബാബിലോൺ അടിമത്വത്തിൽ ആയിരുന്നപ്പോൾ, നെബുക്കദ്‌നേസർ തടവുകാരായി കൊണ്ടുപോയിരുന്നവരിൽ എസക്കിയേൽ പ്രവാചകനും ഉണ്ടായിരുന്നു. ജനം മുഴുവനും അടിമകൾ! ഇസ്രായേലിനു ഒരു പുനർജന്മമുണ്ടാകുമോ എന്ന് ജനം ഭയപ്പെട്ടിരുന്ന കാലം. യുവജനങ്ങളെല്ലാം പ്രതീക്ഷയറ്റു, നിരാശരായി. വൃദ്ധന്മാർ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിഞ്ഞു. അപ്പോൾ ദൈവം എസക്കിയേൽ പ്രവാചകനോട് പറഞ്ഞു: ‘എന്റെ ആത്മാവിനെ നിങ്ങൾക്ക് ഞാൻ നൽകും. ഒരു പുതിയ ഹൃദയം നിങ്ങൾക്ക് ലഭിക്കും.  പുതിയ ചൈതന്യത്തോടെ ആത്മാവ് നിങ്ങളെ നയിക്കും. നിരാശയുടെ, പ്രതീക്ഷയില്ലായ്മയുടെ ശിലാഹൃദയം എടുത്തുമാറ്റി നിങ്ങൾക്ക് സ്നേഹത്തിന്റെ, പ്രത്യാശയുടെ മാംസളഹൃദയം നൽകും.’ സ്നേഹമുള്ളവരേ, സ്നേഹമുള്ളവരേ ഈ പരിശുദ്ധാത്മാവിനെ നൽകുവാനാണ് ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്.

കാലാകാലങ്ങളിൽ സഭയിലുണ്ടായ പ്രതിസന്ധികളെയും, സഭയിലുണ്ടായ വിവാദങ്ങളെയും മറികടന്നു ഇന്നും ക്രിസ്തുവിന്റെ സഭ നിലനിൽക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ശക്തമായി സഭയിൽ ഉള്ളതുകൊണ്ടാണ്. ജോൺ ഇരുപത്തിമൂന്നാം മാർപ്പാപ്പയുടെ കാലത്ത് രണ്ടാം വത്തിക്കാൻ സൂനഹദോസ് വിളിച്ചുകൂട്ടുവാൻ പാപ്പായെ പ്രേരിപ്പിച്ചത്, സഭയുടെ അടഞ്ഞു കിടക്കുന്ന വാതിലുകളും ജനലുകളും തുറക്കുവിൻ, നവീനകരണത്തിന്റെ ആത്മാവ്, കാറ്റ് സഭയ്ക്കുള്ളിൽ പ്രവേശിക്കട്ടെ എന്ന് പറയുവാൻ പ്രേരിപ്പിച്ചത് ആത്മ്മാവാണ്.  സഭയ്‌ക്കെതിരെ ആഞ്ഞടിച്ച എത്ര കൊടുങ്കാറ്റുകളെയാണ്, എത്ര പേമാരികളെയാണ് അവൾ ആത്മാവിന്റെ ശക്തിയിൽ അതിജീവിച്ചത്! അല്ലെങ്കിൽ എത്രയോ പണ്ടേ കടലാസുകൊട്ടാരം പോലെ ഈ സഭ തകർന്നുപോയേനെ! ഇന്നും നമ്മുടെ ധ്യാനകേന്ദ്രങ്ങളിൽ ആത്മാവിന്റെ അഭിഷേകത്താൽ നടക്കുന്ന അത്ഭുതങ്ങൾ, മാനസാന്തരങ്ങൾ ആത്മാവിന്റെ പ്രവർത്തന ഫലമാണ്. തകർന്നുപോയ കുടുംബ ബന്ധങ്ങൾ വീണ്ടും ഒരുമിച്ചു ചേരുന്നത്, വർഷങ്ങളോളം പിണക്കത്തിലായിരുന്ന സഹോദരർ പരസ്പരം ക്ഷമിച്ചു സാഹോദര്യത്തിലേക്കു വരുന്നത് പരിശുദ്ധാത്മാവിന്റെ മാത്രം കൃപകൊണ്ടാണ്.

സ്നേഹമുള്ളവരേ, പരിശുദ്ധാത്മാവിനാൽ നിറയപ്പെടാൻ, അഭിഷേചിതരാകാൻ നമുക്ക് ആഗ്രഹിക്കാം. നാം ഒരുക്കമുള്ളവരാണെങ്കിൽ നമുക്കും ആത്മാവിനെ ലഭിക്കും. കാരണം, “ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്.” (യോഹ 3, 34) ഓരോ വിശുദ്ധ കുർബാനയും ഒരു പെന്തെക്കുസ്ത ആണ്. റൂഹാക്ഷണ പ്രാർത്ഥനയുടെ വേളയിൽ “കർത്താവെ നിന്റെ പരിശുദ്ധാത്മാവ് എഴുന്നള്ളി വരട്ടെ എന്ന് വൈദികൻ പ്രാർത്ഥിക്കുമ്പോൾ അപ്പത്തിലും വീഞ്ഞിലും മാത്രമല്ല നമ്മിൽ ഓരോരുത്തരിലും പരിശുദ്ധാത്മാവ് നിറയും. ഇന്ന് അപ്പവും വീഞ്ഞും പരിശുദ്ധാത്മാവിന്റെ നിറവാൽ ഈശോയുടെ ശരീര രക്തങ്ങളാകുന്ന ആ സമയത്ത്, റൂഹക്ഷണ പ്രാർത്ഥനാ വേളയിൽ പെന്തെക്കുസ്താ അനുഭവം നമ്മിലുണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം.

അവിടുന്ന് ആത്മാവിനെ കൊടുക്കുമ്പോൾ ഓരോരുത്തർക്കും വ്യക്തിപരമായിട്ടാണ് നൽകുന്നത്. “അഗ്നിജ്വാലകൾ പോലുള്ള നാവുകൾ തങ്ങളോരോരുത്തരുടേയും മേൽ വന്നു നിൽക്കുന്നതായി അവർ കണ്ടു.” (അപ്പ 2, 3) നമ്മിലോരോരുത്തരിലേക്കും ആത്മാവിനെ നൽകുവാൻ സ്വർഗം തയ്യാറായിരിക്കുകയാണ്. നമ്മിലോരോരുത്തരിലേക്കും തീനാവുകളുടെ രൂപത്തിൽ പരിശുദ്ധാത്മാവിനെ അയയ്ക്കുവാൻ സ്വർഗം തീനാവുകളെ നിർമിച്ചുകൊണ്ടിരിക്കുകയാണ്. ദേവാലയത്തിൽ നാം ഒരുമിച്ചു വിശുദ്ധ ബലിയർപ്പിക്കുമ്പോഴും ആത്മാവ് വരുന്നത് ഓരോരുത്തരിലേക്കും ആയിരിക്കും. അത് സ്വീകരിക്കുവാനുള്ള യോഗ്യതയിൽ ആയിരിക്കുക എന്നതാണ് പ്രധാനം.  നമുക്കായി ആത്മാവിനെ ഒരുക്കുന്ന പണിപ്പുരയാണ് പ്രിയപ്പെട്ടവരേ സ്വർഗം.

നാം ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്: ഒന്ന്, ദൈവം നമുക്ക് നൽകുന്ന, നമ്മിലുള്ള പരിശുദ്ധാത്മാവിനെ നിർവീര്യമാക്കരുത്. (1 തെസ 5, 19) രണ്ട്, പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത്. (എഫേ 4, 30) മൂന്ന്, പരിശുദ്ധാത്മാവിനെതിരായി സംസാരിക്കാതിരിക്കുക.  (മത്താ 12, 32) വിശുദ്ധ കുർബാന പരിശുദ്ധാത്മാവിന്റെ, പരിശുദ്ധാത്മാ ഭിഷേകത്തിന്റെ ആഘോഷമാണെന്നറിഞ്ഞു ആഗ്രഹത്തോടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുക. നിശബ്ദരായി ആത്മാവിനായി യാചിക്കാം.

കണ്ണുകളടച്ചു നമുക്ക് പ്രാർത്ഥിക്കാം: പരിശുദ്ധാത്മാവേ, ഞങ്ങളിൽ നിറയണമേ! പരിശുദ്ധാത്മാവേ, ലോകത്തെ വിശുദ്ധീകരിക്കണമേ. ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനം നിറയാൻ, രോഗങ്ങളിൽ സൗഖ്യമുണ്ടാകാൻ, സാമ്പത്തിക ഞെരുക്കങ്ങളിൽ, ഇല്ലായ്മകളിൽ സമൃദ്ധിയുണ്ടാകാൻ, ദുരന്തങ്ങളിൽ പ്രതീക്ഷയുണ്ടാകാൻ, പഠിക്കുന്ന ഞങ്ങളുടെ മക്കളിൽ ബുദ്ധിയുണ്ടാകാൻ, ജോലിയില്ലാത്തവർക്കു ജോലി ലഭിക്കാൻ ആത്മാവേ, പരിശുദ്ധാത്മാവേ, ഞങ്ങളിൽ നിറയണമേ! (choir പാടുന്നു) ശ്ലീഹന്മാരിൽ നിറഞ്ഞ പോൽ ശക്തിയേകി നയിക്കണേ.”

ഓരോ വിശുദ്ധ കുർബാനയിലും ആത്മാവിനെ നമുക്കു പ്രത്യേകമാം വിധം ഈശോ നൽകുന്നുണ്ട്. ഈ ബലിയിലും ആത്മാവിന്റെ വർഷമുണ്ടാകും. നമ്മിലോരോരുത്തരിലും ആത്മാവ് നിറയും. അതിനായി പ്രാർത്ഥിച്ച് ഈ ബലി നമുക്ക് തുടർന്ന് അർപ്പിക്കാം.  ആമ്മേൻ!

പ്രാർത്ഥന

ഞങ്ങളെ സൃഷ്ടിച്ച് പരിപാലിക്കുന്ന പിതാവായ ദൈവമേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. പരിശുദ്ധാത്മാവിനെ നല്കാൻ, പരിശുദ്ധാത്മാവിനാൽ ഞങ്ങളെ സ്നാനപ്പെടുത്തുവാൻ വന്ന ക്രിസ്തുവേ, അങ്ങേയ്ക്ക് സ്തുതി! ദൈവത്തിന്റെ ആത്മാവേ, പരിശുദ്ധാത്മാവേ, ആദ്യ പെന്തക്കുസ്തായിൽ ശിഷ്യരുടെമേൽ എഴുന്നള്ളി വന്ന് അവരെ ക്രിസ്തുസാക്ഷ്യത്തിന് ശക്തരാക്കിയ ദൈവകൃപയുടെ ആത്മാവേ, അങ്ങയെ ഞങ്ങൾ വാഴ്ത്തുന്നു. ഞങ്ങൾ ആഘോഷിക്കുന്ന പെന്തെക്കുസ്താ തിരുനാളിൽ പരിശുദ്ധാത്മാവിന്റെ കൃപകളും വരങ്ങളും ഞങ്ങൾക്ക് നൽകണമേ. ഞങ്ങളുടെ ക്രൈസ്തവ ജീവിതങ്ങളെ പരിശുദ്ധാത്മാ അഭിഷേകത്തിന്റെ ആഘോഷമാക്കി മാറ്റണമേ. ഞങ്ങൾക്ക് ജീവനുണ്ടാകുവാനും, അത് സമൃദ്ധമായുണ്ടാകുവാനും ജീവനായി, ഞങ്ങളുടെ ചൈതന്യരഹിതമായ ശരീരത്തിന്റെ എല്ലാ സെല്ലുകളിലും വ്യാപിക്കണമേ. ഇരുളടഞ്ഞ ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശമായി നിറയണമേ. ഞങ്ങളുടെ കുടുംബങ്ങളെ ക്രിസ്തുസാക്ഷ്യത്തിന്റെ നികേതനങ്ങളാക്കിത്തീർക്കണമേ. യുവജനങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കണമേ. കുഞ്ഞുമക്കളെ നന്മയുടെ വഴിയേ നടത്തണമേ.   

ക്രിസ്തുവിന്റെ മനോഭാവം ഞങ്ങളിൽ കൂടുതലായി രൂപപ്പെടേണ്ടതുണ്ട്. ക്രിസ്തു സ്നേഹിച്ചതുപോലെ സ്നേഹിയ്ക്കാൻ ഞങ്ങളുടെ ഹൃദയങ്ങളും, ക്രിസ്തു കാണുന്നതുപോലെ കാണാൻ ഞങ്ങളുടെ കണ്ണുകളും, ക്രിസ്തു കേൾക്കുന്നതുപോലെ കേൾക്കാൻ ഞങ്ങളുടെ കാതുകളും, ക്രിസ്തു നന്മചെയ്യുന്നതുപോലെ ചെയ്യാൻ ഞങ്ങളുടെ കൈകളും, ക്രിസ്തു നടക്കുന്നതുപോലെ നടക്കുവാൻ ഞങ്ങളുടെ കാലുകളും പഠിക്കേണ്ടതുണ്ട്. അനുദിന ജീവിതവഴികളിലും, സാഹചര്യങ്ങളിലും ഞങ്ങളിലുള്ള ദൈവാരൂപിയെ നിർവീര്യമാക്കുവാൻ ഇടവരുത്തരുതേ!  

എല്ലാകാര്യങ്ങളും ഞങ്ങളെ പഠിപ്പിക്കുന്ന സഹായകനായ പരിശുദ്ധാത്മാവേ, പരിശുദ്ധാത്മാഭിഷേകത്തിനായി പ്രാർത്ഥനയോടെ കാത്തിരുന്ന ശ്ലീഹന്മാരെപ്പോലെ, അങ്ങയെ കാത്തിരിക്കുന്ന ഞങ്ങളിൽ ആവസിക്കണമേ. യുദ്ധം വികൃതമാക്കിയ മുഖങ്ങളെ, യുദ്ധം തെറിപ്പിച്ച നിഷ്കളങ്കരക്തംകൊണ്ട് ചുവന്നുപോയ കരങ്ങളെ, യുദ്ധത്തിന്റെ വൃത്തികെട്ട ചെളികൊണ്ട് മലിനമായ ഹൃദയങ്ങളെ കഴുകി നിർമ്മലമാക്കണമേ. മനുഷ്യന്റെ ക്രൂരതമൂലം അഭയാർത്ഥികളായി അലയുന്നവരുടെ വേദന വളർന്ന് അവരെ നിരാശയുടെ തടവുകാരാക്കരുതേ. വർഗീതയുടെ കനലുകൾ ആളിപ്പടർന്ന് ഞങ്ങൾ ചാരമാകാതിരിക്കുവാൻ വർഗീയതയുടെ തീ കെടുത്തണമേ.

പരിശുദ്ധാത്മാവിനാൽ സ്നാനപ്പെടുവാൻ, വിശുദ്ധീകരിക്കപ്പെടുവാൻ ഈശോയെ ഞങ്ങൾ ആഗ്രഹിക്കുന്നു. പരിശുദ്ധാത്മാവ് ഞങ്ങളിലും വരും എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.

എന്നും എപ്പോഴും ആത്മാവിൽ വ്യാപരിക്കുവാൻ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ!

SUNDAY SERMON MK 16, 9-20

ഉയിർപ്പുകാലം ഏഴാം ഞായർ

മർക്കോ 16, 9 – 20

സന്ദേശംദൈവികത കതിരിട്ടു നിർത്തുന്ന ജീവിതം

ക്രിസ്തുവും, ക്രൈസ്തവജീവിതവും ധാരാളം വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഈ മാസം ആദ്യ ആഴ്ചയിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നായ മണിപ്പൂരിലുണ്ടായ കലാപത്തിന്റെ വാർത്തകൾ പത്രങ്ങളിൽ നിന്ന് മാഞ്ഞുകഴിഞ്ഞു. കലാപത്തിന്റെ മറവിൽ ക്രൈസ്തവരെ ഇല്ലാതാക്കാൻ, തുടച്ചുമാറ്റാൻ, വംശ ശുദ്ധീകരണം ( Ethnic Cleansing) നടത്താൻ ശ്രമം ഉണ്ടായിയെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ. വർഗീയത പറയാനല്ല ഞാൻ ഇക്കാര്യം സൂചിപ്പിക്കുന്നത്. ക്രിസ്തുവിൽ വിശ്വസിക്കുവാനും, ആ വിശ്വാസം ജീവിതംകൊണ്ട് ഏറ്റുപറയുവാനും, ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് അവശ്യം ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ ജീവിത്തിൽ കാണിക്കുവാനും ക്രൈസ്തവർ മുന്നിട്ടിറങ്ങേണ്ട സമയമാണിത് എന്ന് പറയുവാനാണ്. വർഗീയ കലാപങ്ങളിലൂടെ ഭാരതത്തിലും,  കക്കുകളിപോലുള്ള നാടകങ്ങളിലൂടെ കേരളത്തിലും ക്രൈസ്തവർ Target ചെയ്യപ്പെടുമ്പോൾ, ക്രൈസ്തവരുടെ ഇടയിൽ തന്നെ വിവാദങ്ങളും, വിള്ളലുകളും ഉണ്ടാകുമ്പോൾ  ക്രിസ്തു നമ്മെ ഏല്പിച്ചിരിക്കുന്ന ദൗത്യത്തെപ്പറ്റി ചിന്തിക്കുവാനും, നമ്മുടെ ജീവിതങ്ങളെ ക്രിസ്തുസാക്ഷ്യത്തിന്റെ നേർരൂപങ്ങളാക്കുവാനും നാം ശ്രമിക്കേണ്ടതുണ്ടെന്ന വെല്ലുവിളി നിറഞ്ഞ സന്ദേശവുമായിട്ടാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിലെത്തിയിരിക്കുന്നത്. ജീവിത സാഹചര്യങ്ങൾ അനുകൂലമായാലും പ്രതികൂലമായാലും ക്രൈസ്തവ ജീവിതങ്ങളെ മനോഹരമാക്കിക്കൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുവാനാണ് ഈ ഞായറാഴ്ചയിലെ സുവിശേഷം നമ്മോട് പറയുന്നത്. അങ്ങനെ മാത്രമേ വെല്ലുവിളികളെയും, വംശ ശുദ്ധീകരണങ്ങളേയും  മറ്റും അതിജീവിക്കുവാനുള്ള ദൈവകൃപയിൽ ജീവിക്കുവാൻ കഴിയൂ എന്ന് ഈശോ ഓർമപ്പെടുത്തുകയാണ്. ഇന്നത്തെ സുവിശേഷ സന്ദേശമിതായിരിക്കട്ടെ: ക്രൈസ്തവരെല്ലാം അവരുടെ ജീവിതത്തിൽ, വാക്കിലും, ചിന്തയിലും, പ്രവർത്തിയിലും ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിക്കണം; ദൈവികത, ദൈവിക പുണ്യങ്ങൾ കതിരിട്ടു നിർത്തുന്ന ജീവിതം നയിക്കണം.

വ്യാഖ്യാനം

ക്രിസ്തുവിനു ശിഷ്യന്മാർ ഒരുതരത്തിൽ, വെറും മാനുഷികമായി ചിന്തിച്ചാൽ, എന്നും ഒരു ബാധ്യതയായിരുന്നു. അവിടുത്തെ പഠനങ്ങൾ മനസ്സിലാക്കുവാൻ മാത്രം അറിവുള്ളവരായിരുന്നില്ല അവർ. സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികളുമായിരുന്നില്ല.  അല്പം സ്വാധീനമുള്ള വ്യക്തി എന്ന് പറയാവുന്നത് യൂദാസ് മാത്രമായിരുന്നു. എന്നാൽ അദ്ദേഹത്തിന് സമൂഹത്തിന്റെ മുൻപിൽ തീവ്രവാദി എന്ന ലേബലായിരുന്നു.  ക്രിസ്തുവിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായിരുന്നെങ്കിലും, ഈശോയുടെ അറസ്റ്റ്, വിചാരണ, കുരിശുചുമക്കൽ, മരണം തുടങ്ങിയ critical situations ൽ അവർക്കൊന്നും ചെയ്യാൻ കഴിയാതെ പോയി. ഇന്നത്തെ സുവിശേഷത്തിലെ, “ഉയിർപ്പിക്കപ്പെട്ടതിനുശേഷം തന്നെ കണ്ടവരെ വിശ്വസിക്കാത്തതു നിമിത്തം അവരുടെ വിശ്വാസരാഹിത്യത്തെയും, ഹൃദയകാഠിന്യത്തേയും ഈശോ കുറ്റപ്പെടുത്തി” (മർക്കോ 16, 14) എന്ന വചനം ഈശോയുടെ മാനസികാവസ്ഥ വെളിപ്പെടുത്തുന്നതാണ്.

എങ്കിലും ഉത്ഥാനാനന്തരം ഈശോ വീണ്ടും വീണ്ടും ശ്രമിക്കുകയാണ് അവരെ ബോധ്യപ്പെടുത്താൻ, താൻ ഉത്ഥിതനായ, ഇന്നും ജീവിക്കുന്ന ദൈവമാണെന്ന്! മഗ്ദലേന മറിയത്തിനും, (യോഹ 20, 11-18) എമ്മാവൂസിലേക്കു പോയ ശിഷ്യർക്കും, (ലൂക്ക 24, 13-35) ശിഷ്യന്മാർ ഒരുമിച്ചുകൂടിയിരുന്നപ്പോഴും (യോഹ 21, 19 -23) ഈശോ നടത്തിയ പ്രത്യക്ഷീകരണങ്ങൾ (Apparitions) ഈ ഉദ്യമത്തിന്റെ ഭാഗമായിരുന്നു. പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തിരുന്നതുകൊണ്ട് ഈശോയ്ക്ക് ഉറപ്പായിരുന്നു, ശിഷ്യന്മാർ സർവസജ്ജരായി ലോകം മുഴുവനും സുവിശേഷം പ്രഘോഷിക്കുമെന്ന്. ഇതാണ് ഇന്നത്തെ സുവിശേഷത്തിന്റെ emotional background. അങ്ങനെയാണ് ഈശോ സ്വർഗാരോഹണത്തിനു മുൻപ് തന്റെ സുവിശേഷദൗത്യദർശനം, മിഷനറി പ്രവർത്തന ദർശനം, എല്ലാറ്റിലുമുപരി, തന്റെ ശിഷ്യർക്കുണ്ടായിരിക്കേണ്ട സവിശേഷ ഗുണങ്ങൾ അവരുടെ മുൻപിൽ അവതരിപ്പിക്കുന്നത്.

ക്രിസ്തുവിന്റെ സുവിശേഷദൗത്യദർശനത്തിൽ പരമപ്രധാനമായത് സുവിശേഷ പ്രഘോഷണമാണ്. ഈശോ അവർക്ക് കൊടുക്കുന്ന, ലോകാവസാനം വരെയുള്ള ഈശോയുടെ ശിഷ്യർക്കെല്ലാവർക്കും കൊടുക്കുന്ന mandate ഇതാണ്: “നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിൻ.” (മർക്കോ16,15) ഈ സുവിശേഷ പ്രഘോഷണത്തിന്റെ അടിസ്ഥാനമാകട്ടെ, ദൈവരാജ്യം ആയിരുന്നു. ക്രിസ്തുവിന്റെ സുവിശേഷദൗത്യദർശനത്തിൽ ദൈവരാജ്യ പ്രഘോഷണമായിരുന്നു കാതലായ ഭാഗം. വിശുദ്ധ മാർക്കോസ് ഇക്കാര്യം തന്റെ സുവിശേഷത്തിന്റെ തുടക്കത്തിലേ പറഞ്ഞുവയ്ക്കുന്നുണ്ട്: “യോഹന്നാൻ ബന്ധനസ്ഥനായെന്നു കേട്ടപ്പോൾ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയയിലേക്ക് വന്നു. അവൻ പറഞ്ഞു: ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുവിൻ.” (മർക്കോ 1, 14-15) ഇതാണ് the essence of his Gospel message – “ദൈവരാജ്യം സമീപിച്ചിരിക്കുന്നു.”

ലോകം മുഴുവനുമുള്ള ദൈവമക്കളെ സുവിശേഷ പ്രഘോഷണം വഴി സുവിശേഷത്തിൽ, ദൈവരാജ്യത്തിൽ വിശ്വസിക്കുവാനും, അതിൽ സ്നാനം സ്വീകരിച്ചു ക്രിസ്തുമാർഗത്തിൽ എത്തിക്കാനുമുള്ള പ്രവർത്തനമാണ് ക്രിസ്തുവിന്റെ മിഷനറി പ്രവർത്തനദർശനം.   ക്രിസ്തുവിന്റെ രക്ഷയിലേക്ക്, സന്തോഷത്തിലേക്ക്, സമാധാനത്തിലേക്ക് എല്ലാ ദൈവമക്കളെയും, വർഗ വർണ ജാതി വ്യത്യാസമില്ലാതെ കൊണ്ടുവരിക എന്നതാണ് ക്രിസ്തുവിന്റെ മിഷനറി പ്രവർത്തന ദർശനത്തിന്റെ കാതൽ. ക്രിസ്തുവിന്റെ ദൈവരാജ്യ സങ്കല്പങ്ങളെ അവതരിപ്പിക്കുന്ന, ക്രിസ്തുവാണ് ഏകരക്ഷകനെന്ന് ജീവിതംകൊണ്ട് പ്രഘോഷിക്കുന്ന പ്രവർത്തനങ്ങൾ മാത്രമേ ക്രിസ്തുവിന്റെ മിഷനറി ദർശനത്തിന്റെ പ്രതിഫലനങ്ങളാകുകയുള്ളു. അല്ലാത്തവയൊന്നും, എത്രവലിയ കോർപ്പറേറ്റ് മാനേജ് മെന്റ് സംവിധാനങ്ങളായാലും, ലോകത്തിലെ മറ്റു പ്രസ്ഥാനങ്ങളെ വെല്ലുന്നവയായാലും, ക്രിസ്തുവിന്റെ മിഷനറി ദർശനത്തിന്റെ പ്രകാശനങ്ങളാകുകയില്ല. മാത്രമല്ല, ക്രിസ്തുമാർഗത്തിൽ വരുന്നവരുടെ ജീവിതത്തിന്റെ structure, ഘടന എങ്ങനെയായിരിക്കണമെന്നുള്ളത് രൂപപ്പെട്ടുവരേണ്ട ഒന്നാണെന്ന് ഈശോയ്ക്കറിയാമായിരുന്നു.  ക്രിസ്തുമാർഗത്തിൽ വരുന്നവരുടെ സമൂഹത്തിനു ഭാവിയിൽ ഒരു ഭരണക്രമം വേണ്ടിവന്നാൽ അത് എങ്ങനെയായിരിക്കണം? ഈശോ അത് പറഞ്ഞിട്ടില്ല. അത് ഇന്നത്തെപ്പോലെ ഹയരാർക്കിക്കൽ ആകണോ, ജനാധിപത്യപരമാകണോ എന്നൊന്നും ഈശോ അവതരിപ്പിച്ചിട്ടില്ല. എന്നാൽ രണ്ടു കാര്യങ്ങൾ വളരെ വ്യക്തമാണ്. ഒന്ന്, രൂപപ്പെട്ടുവരേണ്ട ജീവിതത്തിന്റെ ഘടന ക്രിസ്തുവിന്റെ മിഷനറി പ്രവർത്തന ദർശനത്തിന് അനുസൃതമായിരിക്കണം. രണ്ട്, ക്രിസ്തുമാർഗ്ഗത്തിലേക്കു വരുന്നവർക്ക് സവിശേഷ ഗുണങ്ങൾ ഉണ്ടായിരിക്കണം.

ക്രിസ്തു മാർഗത്തിൽ വരുന്നവരുടെ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട സവിശേഷ ഗുണങ്ങൾ ഇവയാണ്:

‘ക്രിസ്തുമാർഗത്തിൽ വരുന്നവരുടെ ജീവിതം, പ്രവർത്തനങ്ങൾ പൈശാചികമായിരിക്കില്ല. മാത്രമല്ല, അവരുടെ ജീവിതം വഴി, തിന്മയെ, പൈശാചികതയെ ഇല്ലാതാക്കാൻ അവർക്കു സാധിക്കും. അവർ, തങ്ങൾ ആയിരിക്കുന്ന സ്ഥലങ്ങളെ, സമൂഹങ്ങളെ വിശുദ്ധീകരിക്കുന്നവരാകും. അവർ പുതിയ ഭാഷകൾ, സ്നേഹത്തിന്റെ, കരുണയുടെ, വിശ്വസ്തതയുടെ, നീതിയുടെ ഭാഷകൾ സംസാരിക്കുന്നവരാകും. സർപ്പങ്ങളെപ്പോലെ വിഷം നിറഞ്ഞ മനസ്സുകളെ അവർ വിമലീകരിച്ചു നിഷ്കളങ്ക മനസ്സുള്ളവരാക്കും. മാരകമായതൊന്നും അവരെ ഉപദ്രവിക്കുകയില്ല. ജീവിതത്തിൽ വേദനകളുണ്ടെങ്കിലും, മുറിവുകളുണ്ടെങ്കിലും, അവർ ഉള്ളിൽ, മനസ്സിൽ, ഹൃദയത്തിൽ സൗഖ്യമുള്ളവരാകും. അവർ മറ്റുള്ളവർക്ക് സൗഖ്യം, സന്തോഷം നല്കുന്നവരായിരിക്കും.’

വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിൽ മാത്രം നാം വായിക്കുന്ന ഈ സവിശേഷ ഗുണങ്ങൾ ആദിമക്രൈസ്തവരുടെ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. വിശുദ്ധ മാർക്കോസിന്റെ സുവിശേഷമാണ് ആദ്യം രചിക്കപ്പെട്ടത്. അന്നുണ്ടായിരുന്ന ക്രിസ്തുവിന്റെ ശിഷ്യരുടെ ആദിമക്രൈസ്തവരുടെ ജീവിതത്തിൽ അദ്ദേഹം ഈ ഗുണങ്ങളെല്ലാം കണ്ടിട്ടുണ്ടാകണം. ക്രിസ്തുവിന്റെ വചനങ്ങളുടെ നേർസാക്ഷ്യങ്ങളായി ആദിമക്രൈസ്തവർ ജീവിച്ചിരുന്നു എന്ന് ചരിത്രവും സാക്ഷ്യപ്പെടുത്തുന്നുണ്ട്. 

ക്രിസ്തുവിന്റെ സുവിശേഷദൗത്യദർശനം, മിഷനറി പ്രവർത്തന ദർശനം, എല്ലാറ്റിലുമുപരി, തന്റെ ശിഷ്യർക്കുണ്ടായിരിക്കേണ്ട സവിശേഷ ഗുണങ്ങൾ തുടങ്ങിയ ഘടകങ്ങൾ ഒരുമിച്ചു ചേരുന്നതാണ് ക്രിസ്തുവിന്റെ ക്രൈസ്തവ ജീവിത ദർശനം. ഇത് വൈദികർക്ക്, സന്യസ്തർക്ക് മാത്രമുള്ളതല്ല. ക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും ഉണ്ടായിരിക്കേണ്ട സവിശേഷ ഗുണങ്ങൾ ആണ്. എല്ലാ ക്രൈസ്തവരും ലോകമെങ്ങുപോയി, തങ്ങൾ ആയിരിക്കുന്ന ജീവിത സാഹചര്യങ്ങളിൽ സുവിശേഷം പ്രഘോഷിക്കേണ്ടവരാണ്. എല്ലാ ക്രൈസ്തവരും മിഷനറി പ്രവർത്തനം നടത്തേണ്ടവരാണ്. തങ്ങളുടെ മുൻപിൽ വരുന്നവരെ ക്രിസ്തു വിശ്വാസത്തിലേക്ക്, ക്രിസ്തു രക്ഷയിലേക്ക് നയിക്കേണ്ടവരാണ്. എല്ലാ ക്രൈസ്തവർക്കും ഈശോ പറയുന്ന സവിശേഷ ഗുണങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്. അങ്ങനെ ലോകത്തിന്റെ മുൻപിൽ, ഞാൻ ക്രിസ്തുവിന്റെ മകളാണ്, മകനാണ് എന്ന് ധൈര്യത്തോടും, വിശ്വാസത്തോടുംകൂടി പ്രഖ്യാപിക്കുവാൻ കഴിയത്തക്ക ആർജവം നേടിയെടുക്കാനാണ് ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നത്. ഉറപ്പുള്ള നട്ടെല്ലോടെ ക്രിസ്തുവിന്റെ വ്യക്തിത്വത്തിന്റെ ശോഭയിൽ, ക്രിസ്തു പറയുന്ന സവിശേഷഗുണങ്ങളുടെ തിളക്കത്തിൽ നിൽക്കുവാൻ കഴിയുമ്പോഴാണ് നമ്മുടെ ക്രൈസ്തവ ജീവിതങ്ങൾ നൂറുമേനി ഫലം പുറപ്പെടുവിക്കുന്നത്. 

ശാസ്ത്രം പറയുന്നത്, പരിണാമത്തിൽ നാം ആദ്യം നട്ടെല്ലുയർത്തിപ്പിടിച്ച് നടന്നവരായിരുന്നു (Homo erectus) എന്നാണ്. അതിന് ശേഷമാണ് നാം ബുദ്ധിശാലികളായത് (Homo Sapiens). കാലുകൾ കൃത്യസ്ഥലത്തെന്നു ഉറപ്പാക്കിക്കൊണ്ട്, കാലുകൾ ക്രിസ്തുവിൽ ആണെന്ന്, ക്രിസ്തുവിന്റെ സുവിശേഷ മൂലങ്ങളിൽ ആണെന്ന് ഉറപ്പാക്കിക്കൊണ്ട് നിവർന്ന് ദൃഢതയോടെ നിന്ന് ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുന്നവരാകണം നാം ക്രൈസ്തവർ! ജീവിതംകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുന്ന, ജീവിതംകൊണ്ട് ക്രിസ്തുവിലേക്ക് അനേകായിരങ്ങളെ ആകർഷിക്കുന്ന ക്രൈസ്തവവ്യക്തിത്വങ്ങൾക്ക് ഉടമകളാകുമ്പോൾ സ്നേഹമുള്ളവരേ, നമ്മുടെ ഓരോ വാക്കും, നോട്ടവും, ഓരോ ചുവടും മിഷനറി പ്രവർത്തന ചൈതന്യമുള്ളതാകും. വിടർന്നു വിലസുന്ന ഒരു റോസാപ്പൂവിന്റെ മനോഹാരിത ആർക്കെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടോ? ആ പൂവിന്റെ അസ്തിത്വം തന്നെ അതിന്റെ സാന്ദര്യം പ്രഘോഷിക്കുകയല്ലേ?

വിശുദ്ധ ലൂക്കായുടെ സുവിശേഷം അദ്ധ്യായം 7 ൽ സ്നാപകയോഹന്നാന്റെ ശിഷ്യന്മാർ വന്നു ഈശോയുടെ ചോദിക്കുന്നുണ്ട്, നീ തന്നെയാണോ മിശിഹായെന്ന്. ചോദ്യം ഇങ്ങനെ മനസ്സിലാക്കാം. ദൈവരാജ്യം പ്രഘോഷിക്കാൻ വന്ന, ദൈവരാജ്യം ഈ ഭൂമിയിൽ സ്ഥാപിക്കാൻ വന്ന മിശിഹാ നീയാണോ? ഈശോ രണ്ടാമതൊന്നു ആലോചിക്കാൻ നിൽക്കാതെ പറഞ്ഞു, ‘പോയി നിങ്ങൾ കാണുന്ന എന്റെ ജീവിതം, എന്റെ പ്രവർത്തനങ്ങൾ എന്തെന്ന് സ്നാപകയോഹന്നാനോട് പറയുക.’ ഈശോക്ക് അങ്ങനെ പറയാൻ ധൈര്യമുണ്ടായിരുന്നു. കാരണം, ദൈവികത, ദൈവരാജ്യം കതിരിട്ടു നിന്ന, നിറഞ്ഞു നിന്ന, ഫലം ചൂടി നിന്ന ജീവിതമായിരുന്നു ക്രിസ്തുവിന്റേത്.

ഫ്രഞ്ച് തത്വ ചിന്തകനായ

ജാക്വെസ് ദെറീദ (Jacques Derrida 1930-2004) യുടെ Deconstruction theory യിൽ, അപനിർമാണ സിദ്ധാന്തത്തിൽ പറയുന്നതിനെ ഇതോടു ചേർത്ത് പ്രതിപാദിക്കാവുന്നതാണ്. അദ്ദേഹം പറയുന്നത്, the essence is to be found in the appearance എന്നാണ്. ഏതെങ്കിലും വസ്തുവിന്റെയോ, വ്യക്തിയുടെയോ സത്ത, essence വസ്തുക്കളുടെ, വ്യക്തികളുടെ ഉള്ളിൽ മാത്രമല്ല അവയുടെ അസ്തിത്വം മുഴുവനും നിറഞ്ഞു നിൽക്കും. മാത്രമല്ല, അവ അത് കാണിക്കുകയും ചെയ്യും. ഒരു കല്ല് ആ കല്ലിന്റെ സത്തയെ, essence നെ മുഴുവൻ വെളിപ്പെടുത്തും. അത് കല്ലാണെന്നും, പരുപരുത്തതാണെന്നും, ഭാരമുള്ളതാണെന്നും …അങ്ങനെ അതിന്റെ സത്തയെ വെളിപ്പെടുത്തിക്കൊണ്ടാണ് അത് ഈ ഭൂമിയിൽ കാണപ്പെടുന്നത്. അതായത്, ദൈവരാജ്യമെന്ന, സുവിശേഷ പ്രഘോഷണമെന്ന ക്രിസ്തുമതത്തിന്റെ സത്ത essence അതിന്റെ പ്രവർത്തനങ്ങളാകുന്ന, ജീവിതമാകുന്ന appearance ൽ നിറഞ്ഞു നിൽക്കണം. അല്ലെങ്കിൽ രണ്ടും വ്യത്യസ്ത ധ്രുവങ്ങളിൽ സഞ്ചരിച്ചു കൊണ്ടേയിരിക്കും, തികച്ചും വൈരുധ്യങ്ങളിലൂടെ. Essence ഉം appearance ഉം വൈരുധ്യം നിറഞ്ഞതായാൽ വളരെ വികൃതമായിരിക്കും ആ അവസ്ഥ!

ഒന്ന് ഭാവന ചെയ്യുക. ഒരു അക്രൈസ്തവൻ നമ്മുടെ അടുത്ത് വരുന്നു. അയാൾ ചോദിക്കുന്നു: ” സുഹൃത്തേ, നിങ്ങളുടെ ക്രൈസ്തവ ജീവിതം എന്ന് പറഞ്ഞാൽ എന്താണ്? ശരിക്കും ഒരു ക്രിസ്ത്യാനി ആരാണ്?” നിങ്ങൾക്ക് നിങ്ങളിൽ തന്നെ വിശ്വാസമുണ്ടെങ്കിൽ, പറയാൻ ധൈര്യമുണ്ടെങ്കിൽ നിങ്ങൾ പറയും: സുഹൃത്തേ, നീ എന്റെ ജീവിതം, ഞങ്ങൾ ക്രൈസ്തവരുടെ ജീവിതം, പ്രവർത്തനങ്ങൾ നോക്കൂ… അതിൽ കതിരിട്ടു നിൽക്കുന്ന ക്രിസ്തുവിനെ നിനക്ക് കാണാൻ കഴിയും.” അപ്പോൾ ആ സഹോദരൻ തനിക്കുചുറ്റും കാണുന്ന ക്രൈസ്തവ സാന്നിധ്യങ്ങളെ നിരീക്ഷിക്കും. ആ സഹോദരൻ, ക്രൈസ്തവ ജീവിതങ്ങളിൽ, ക്രൈസ്തവ സ്ഥാപനങ്ങളിൽ, കോളേജുകളിൽ, ക്രൈസ്തവ  കുടുംബങ്ങളിൽ, മിഷനറി പ്രവർത്തനങ്ങളിൽ കതിരിട്ടു നിൽക്കുന്ന ദൈവരാജ്യ മൂല്യങ്ങൾ കാണും. അവയിൽ, നിറഞ്ഞു നിന്ന് പുഞ്ചിരിക്കുന്ന ക്രിസ്തുവിനെ കണ്ടു പുളകമണിയും. (ഒരു pause)

അങ്ങനെ പുളകമണിയണമെങ്കിൽ അയാൾ കണ്ണ് പൊട്ടനായിരിക്കണമെന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്? സ്നേഹമുള്ളവരേ, അങ്ങനെ ഒരാൾ വന്നു ചോദിച്ചാൽ എന്ത് ഉത്തരം ഞാൻ കൊടുക്കും? (pause) ക്രിസ്തുവിന്റെ ക്രൈസ്തവ ജീവിത ദർശനം, സുവിശേഷ ദർശനം പ്രാവർത്തികമാക്കാൻ നാം പരാജയ പെട്ടെന്നാണോ?

എങ്കിൽ ഒരു പൊളിച്ചെഴുത്തിനുള്ള (Deconstruction) സമയമായി. രണ്ടു കാര്യങ്ങളേ ഈശോ പറയുന്നുള്ളു. ഒന്ന്, എന്ത് പ്രഘോഷിക്കണം. രണ്ടു, എങ്ങനെ പ്രഘോഷിക്കണം. ഒന്ന് നമ്മുടെ സുവിശേഷ ദൗത്യം. രണ്ടു നമ്മുടെ ജീവിതം, സഭയുടെ പ്രവർത്തനരീതികൾ. ഒരു കഥയിങ്ങനെയാണ്.

ഉയർന്ന ഒരു ഉദ്യോഗസ്ഥന്റെ പുത്രൻ യു പി സ്‌കൂളിൽ പഠിക്കുന്നുണ്ടായിരുന്നു. ഉദ്യോഗസ്ഥന്റെ വീട്ടിൽ മൂന്ന് ജോലിക്കാരുണ്ട്‌. മകനെ സ്‌കൂളിൽ കൊണ്ടുപോയി ആക്കുന്നത് ഓരോ ദിവസവും ഓരോ ജോലിക്കാരന്റെയും കടമയാണ്. ഒന്നാമൻ കുട്ടിയെ സ്കൂളിൽ കൊണ്ട് പോകുന്നത് വളരെ അലസമായ രീതിയിലായിരുന്നു. അയാൾ കുട്ടിയുടെ കൈ പിടിച്ചു ഗെയ്റ്റ് വരെ നടക്കും. അത് കുട്ടിയുടെ അച്ഛനമ്മമാരെ കാണിക്കാനായിട്ടാണ്. പിന്നീട് അയാൾ വളരെ അലക്ഷ്യമായി നടക്കും. കുട്ടിയോട് വളരെ ദേഷ്യത്തിൽ തന്റെ കൂടെ വരുവാൻ ആജ്ഞാപിക്കും. വഴിയിൽ വച്ചയാൾ സിഗരറ്റു കത്തിച്ചു വലിയ്ക്കും; ആളുകളെ ചീത്തപറയും. ഇതെല്ലാം കുട്ടി കാണുന്നുണ്ട്. വഴിയിൽ നായകളെ കാണുമ്പോൾ കുട്ടിക്ക് പേടിയാണ്. അപ്പോൾ കുട്ടി അയാളോട് ചേർന്ന് നടക്കും. സ്‌കൂൾ മുറ്റത്തെത്തിയപ്പോൾ അയാൾ പുറകിലേക്ക് നോക്കും. കുട്ടി സ്‌കൂൾ മുറ്റത്തു കയറിയെന്നു കാണുമ്പോൾ യാത്രപോലും പറയാതെ അയാൾ മടങ്ങിപ്പോകും. അയാൾ ജോലി ചെയ്തില്ല എന്ന് പറയുവാൻ പറ്റില്ല. പക്ഷെ ചെയ്യേണ്ട വിധം ചെയ്തുവോ?

രണ്ടാമത്തെ ദിവസം ആ കുട്ടി രണ്ടാമത്തെ ജോലിക്കാരനോടൊപ്പമാണ് ജോലിക്കു പോയത്. വീട്ടിൽ നിന്ന് അയാൾ കുട്ടിയുടെ കയ്യും പിടിച്ചു മുറ്റത്തേക്കിറങ്ങി. പിന്നീട് ആ കൈ വിട്ടത് സ്‌കൂളിൽ എത്തിയ ശേഷമാണ്. വഴിയിൽ കുട്ടിക്ക് നായയെ പേടിക്കേണ്ടി വന്നില്ല. വഴിയിൽ വെച്ച് ഒന്ന് സ്വതന്ത്രനായെങ്കിൽ എന്ന് കുട്ടി ആഗ്രഹിച്ചു. പക്ഷെ അയാൾ പിടി വിട്ടില്ല.  വഴിയരുകിൽ കണ്ട ഒരു മനോഹരമായ പുഷ്പം പറിച്ചു തരാവോയെന്ന് ചോദിച്ചപ്പോഴും അയാൾ സമ്മതിച്ചില്ല. ആ പൂവിന്റെ പേരെന്തെന്നു കുട്ടി ചോദിച്ചു. അതും തന്റെ ദൗത്യമല്ലെന്നു അയാൾ കരുതി. അങ്ങോട്ടും ഇങ്ങോഒട്ടും നോക്കാതെ നേരെ നടക്കുവാൻ അയാൾ കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടി നിശ്ശബ്ദനായി നടന്നു സ്‌കൂളിലെത്തി.

പിറ്റേന്ന് കുട്ടി മൂന്നാമത്തെ ജോലിക്കാരന്റെ കൂടെയാണ് സ്‌കൂളിൽ പോയത്. കുട്ടിയുടെ കൈ പിടിച്ചു സഹായിക്കേണ്ട സമയങ്ങളിൽ മാത്രം അയാൾ കൈ പിടിച്ചു. അല്ലാത്തപ്പോൾ സ്വതന്ത്രനായി നടക്കാൻ അനുവദിച്ചു. നായകളെ കണ്ടപ്പോൾ ജാഗ്രതയോടെ നിലകൊണ്ടു. നടന്നുപോകും വഴി കുട്ടി ഒരു പാട്ടു പാടിയപ്പോൾ അയാൾ അവനെ പ്രോത്സാഹിപ്പിച്ചു. വഴിവക്കിൽ കണ്ട പൂക്കളുടെയും പൂമ്പാറ്റകളുടെയും, കായ്കനികളുടെയും പേരുകൾ കുട്ടി ചോദിച്ചുകൊണ്ടിരുന്നു. ചോദ്യങ്ങളേയും ആകാംക്ഷകളെയും തല്ലിക്കെടുത്താൻ അയാൾ ശ്രമിച്ചില്ല. ജിജ്ഞാസയുടെ അഗ്നി ആളിക്കത്തിക്കുന്ന വിറകുകൊള്ളിയായിരുന്നു അയാളുടെ ഓരോ മറുപടിയും. കഥപറയാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ ഒരു കഥയും പറഞ്ഞു. അന്ന് കുട്ടി സ്‌കൂളിൽ എത്തിയത് അറിഞ്ഞതേയില്ല. 

മൂന്ന് ജോലിക്കാരും ഒരുപോലെ ശമ്പളം വാങ്ങുന്നവരായിരുന്നു. മൂന്നുപേരും അവരുടെ ജോലി നിർവഹിക്കുകയും ചെയ്തു. എന്നാൽ, എങ്ങനെ? 

സമാപനം

സ്നേഹമുള്ളവരെ, നമ്മുടെ സുവിശേഷ ദൗത്യത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കുമ്പോൾ ധാരാളം implications ഉള്ള, ധാരാളം പ്രത്യാഘാതങ്ങളും പ്രതിഫലനങ്ങളും ഉള്ള കഥയാണിത്. ഈ ലോകത്തെ ക്രിസ്തുവിലേക്കു നയിക്കുവാനുള്ള നമ്മുടെ ദൗത്യം ഏതു രീതിയിലാണ് നമ്മുടെ ജീവിതത്തിലൂടെ നിർവഹിക്കപ്പെടുന്നത് എന്ന് ചിന്തിക്കാൻ നമുക്കാകണം.

ധാരാളം പള്ളികളും സന്യാസ സ്ഥാപനങ്ങളും, ധാരാളം ക്രൈസ്തവർ വ്യക്തിപരമായും സ്നേഹമേകാൻ, സൗഖ്യമേകാൻ, സാന്ത്വനമേകാൻ അങ്ങനെ ക്രിസ്തുവിനെ നൽകാൻ തയ്യാറായി വരുന്നത് കാണുമ്പോൾ ക്രിസ്തു ഇന്നത്തെ സുവിശേഷത്തിൽ പറഞ്ഞ സവിശേഷഗുണങ്ങളുള്ള ക്രൈസ്തവരായി നാം മാറുകയാണ്. സിനിമാനടൻ സിജോ വർഗീസിനെപ്പോലുള്ളവരുടെ ക്രിസ്തു സാക്ഷ്യങ്ങൾ കേൾക്കുമ്പോൾ, ക്രിസ്തു എന്റെ ലഹരിയാണ് എന്നൊക്കെ തന്റേടത്തോടെ പറയുന്നത് കേൾക്കുമ്പോൾ എന്റെ ക്രിസ്തുവിലുള്ള വിശ്വാസം തുള്ളിച്ചാടുകയാണ്. ദൈവത്തിന് സ്തുതി!

സ്നേഹമുള്ളവരേ ഓർക്കുക, നമുക്കെതിരെ വരുന്ന ശത്രുക്കളെ നമ്മുടെ നല്ല ക്രൈസ്തവജീവിതംകൊണ്ട്, ക്രിസ്തു പറയുന്ന സവിശേഷ ഗുണങ്ങളാൽ നിറഞ്ഞ ജീവിതംകൊണ്ട് മാത്രമേ തോൽപ്പിക്കുവാൻ സാധിക്കൂ, അത് മഹാമാരികളായാലും, വർഗീയവാദമാണെങ്കിലും മുസ്‌ലിം തീവ്രവാദ രാഷ്ട്രീയമായാലും, വർഗീയ രാഷ്ട്രീയമായാലും. ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ, ആകാംക്ഷയോടെ ക്രിസ്തുവിനെ അറിയുവാൻ വരുന്നവർക്ക് ക്രിസ്തുവിനെ കാണിച്ചുകൊടുക്കുവാൻ നമുക്ക്, നമ്മുടെ കുടുംബങ്ങൾക്ക്, സഭയ്ക്ക് കഴിയട്ടെ. അതാണ് ഇന്നത്തെ നമ്മുടെ ചലഞ്ച്! മണിപ്പൂരിൽ നടന്നതുപോലുള്ള വംശ ശുദ്ധീകരണത്തിന് മുന്നേ, ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഒരുമിച്ചു നിൽക്കുവാൻ, ക്രിസ്തു ശിഷ്യന്റെ അടയാളങ്ങൾ വഹിക്കുവാൻ നമുക്കാകട്ടെ.

ഈ വിശുദ്ധ കുർബാന അതിനായി നമ്മെ ശക്തിപ്പെടുത്തട്ടെ. ആമേൻ!

SUNDAY SERMON JN, 17, 20-26

ഉയിർപ്പുകാലം ആറാം ഞായർ

യോഹ 17, 20-26

കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിൽ ആശ്വസിപ്പിക്കുന്ന, പ്രതീക്ഷ നൽകുന്ന സന്ദേശമാണ് ക്രിസ്തു നല്കിയതെങ്കിൽ, ഈ ഞായറാഴ്ച്ച ഒരുമയുടെ, ഐക്യത്തിന്റെ സന്ദേശമാണ് സുവിശേഷം നമുക്ക് നൽകുന്നത്. കാരണം, എല്ലാ ക്രൈസ്തവരും, എല്ലാ മനുഷ്യരും ക്രിസ്തുവിൽ ഒന്നായി നിന്നാൽ മാത്രമേ ദൈവകൃപയിൽ ജീവിക്കുവാൻ, ജീവിത പ്രശ്നങ്ങളെ ധീരമായി നേരിടാൻ, അഭിമുഖീകരിക്കുവാൻ, അതിജീവിക്കുവാൻ ശക്തരാകുകയുള്ളു. അതുകൊണ്ട്, നമ്മുടെ ക്രൈസ്തവ വിശ്വാസം വെല്ലുവിളികളെ നേരിടുമ്പോൾ വിഘടിതരായി നിന്നാൽ നാം നശിക്കുമെന്നും, ഒരുമിച്ചുനിന്നാൽ നാം നേടുമെന്നും ഈശോ ഇന്ന് നമ്മെ ഓർമിപ്പിക്കുന്നു.  

“ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകാനുള്ള സമയമായി എന്ന് അറിഞ്ഞ” ഈശോ ശിഷ്യർക്കുവേണ്ടി, ലോകത്തിനുവേണ്ടി നടത്തുന്ന ഹൃദയസ്പർശിയായ പ്രാർത്ഥനയാണ് ഇന്നത്തെ സുവിശേഷത്തിലെ പ്രതിപാദ്യ വിഷയം. മരണത്തെ മുന്നിൽ കണ്ടു നിൽക്കുന്ന ഈശോയുടെ പ്രാർത്ഥനയാണിതെങ്കിലും മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടുള്ള സുവിശേഷ ഭാഗമാണിത് എന്നതിൽ സംശയമില്ല. എങ്കിലും, മാനവകുലം മുഴുവനും, ക്രിസ്തുവിൽ ഒന്നായ ഒരു ജീവിതം നയിക്കണം എന്ന ആഗ്രഹമാണ് ഈശോ ഇവിടെ പ്രകടിപ്പിക്കുന്നത്.

ലോകം മുഴുവനും, ലോകത്തിലെ മനുഷ്യർ മുഴുവനും, ഒരു കുടുംബത്തിലുള്ള എല്ലാവരും ഒരുമയിൽ ജീവിക്കുന്നതിന് ഈശോ നൽകുന്ന മാതൃകാ ചിത്രം വളരെ വിസ്മയം നിറഞ്ഞതാണ്. ഈശോ പറയുന്നു: “പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് …”! “നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്ക് തന്ന മഹത്വം ഞാൻ അവർക്കു നൽകി”. ചിത്രം ഇതാണ്: “നമ്മെപ്പോലെ അവരും ഒന്നായിരിക്കുന്നതിന്.” പരിശുദ്ധ ത്രിത്വത്തിലെ ഒരുമയുടെ, ഐക്യത്തിന്റെ extention and expansion ആയിരിക്കണം ക്രൈസ്തവജീവിതം, മനുഷ്യ ജീവിതമെന്നാണ് ഈശോ വിഭാവനം ചെയ്യുന്ന ദർശനം.

അതിന് എന്ത് ചെയ്യണം? ഈശോ പ്രാർത്ഥിക്കുന്നു: ‘അങ്ങ് എനിക്ക് നൽകിയ സ്നേഹം അവരിൽ ഉണ്ടാകേണമേ!’ ദൈവസ്നേഹത്തിന്റെയും പരസ്നേഹത്തിന്റെയും അടിസ്ഥാനത്തിൽ ജീവിതം പടുത്തുയർത്തിയാൽ ഒരുമയിൽ, ഐക്യത്തിൽ ജീവിക്കാനാകും എന്നതാണ് ഈശോയുടെ action plan. പിതാവായ ദൈവവും പുത്രനായ ദൈവവും സ്നേഹമാകുന്ന പരിശുദ്ധാത്മാവിൽ ഒന്നായിരിക്കുന്നതുപോലെ ഈ ലോകവും അതിലെ മനുഷ്യരും തമ്മിൽ തമ്മിലും, മനുഷ്യരും പ്രപഞ്ചവും തമ്മിലും അതിലുമുപരി, ദൈവവും, മനുഷ്യനും, പ്രപഞ്ചവും, തമ്മിലും ഒരുമയിൽ ജീവിക്കുവാൻ, ഒന്നായിരിക്കുവാൻ ഈശോ ആഗ്രഹിക്കുന്നു. അതിനായി പ്രാർത്ഥിക്കുന്നു. ഇതിലും മഹത്തായ ഒരു പ്രാർത്ഥന എവിടെ കാണാനാകും?  ഇതിലും ഉന്നതമായ ഒരു ജീവിത വീക്ഷണം എവിടെ കണ്ടെത്താനാകും? ഇതിൽ അടങ്ങിയിരിക്കുന്നു ഈശോയുടെ ദൈവ ദർശനവും, മനുഷ്യ ദർശനവും, പ്രപഞ്ച ദർശനവും. ഈ ദർശനത്തിനനുസരിച്ചു ക്രൈസ്തവജീവിതം രൂപപ്പെടുത്തുവാൻ സാധിച്ചാൽ ഭൂമിയിൽ സ്വർഗം പണിയുവാൻ നമുക്കാകും. ലോകത്തെ മുഴുവൻ ഒന്നായിക്കാണുന്ന ഒരു മനോഭാവം, ക്രിസ്തുവിൽ കേന്ദ്രീകൃതമായ ഒരു പുതിയ christian humanism, ക്രൈസ്തവ മാനവികത ഉടലെടുക്കേണ്ടിയിരിക്കുന്നു. 

അതിനുവേണ്ടിയാണ്, അങ്ങനെയൊരു ആത്മീയത, മാനവികത രൂപപ്പെടുന്നതിനുവേണ്ടിയാണ് ഈശോ പ്രാർഥിച്ചത്. എന്നാൽ, തന്റെ ശിഷ്യരാകെ, മാനവകുലമാകെ ഒന്നായിത്തീരാൻ ആഗ്രഹിച്ച ഈശോയുടെ പ്രാർത്ഥനതന്നെ എന്തുമാത്രം ഫലവത്തായി എന്ന് ചിന്തിച്ചു നോക്കിയാൽ അല്ലെങ്കിൽ ഈശോ പ്രാർത്ഥിച്ചതുപോലും വർഷങ്ങൾ രണ്ടായിരത്തിലധികമായിട്ടും നടന്നില്ലല്ലോയെന്ന് ആരെങ്കിലും ചോദിച്ചാൽ ഉത്തരം പറയാൻ നാം വളെരെയേറെ ബുദ്ധിമുട്ടേണ്ടിവരും!  ഈശോയെ ഏറ്റവും അധികം വേദനിപ്പിക്കുന്നതും, വീണ്ടും വീണ്ടും മുറിപ്പെടുത്തുന്നതും ഈ യാഥാർഥ്യം തന്നെയായിരിക്കും – ക്രിസ്തുവിന്റെ സഭയിലെ ഭിന്നതകൾ! പിളർപ്പുകൾ! “സ്നേഹത്തിന്റെ കൂദാശയും, ഐക്യത്തിന്റെ അടയാളവും, ഉപവിയുടെ ഉടമ്പടിയുമായ വിശുദ്ധ കുർബാന” (വത്തിക്കാൻ കൗൺസിൽ II) യെച്ചൊല്ലിയുള്ള വിവാദങ്ങൾ!!

ഇന്നത്തെ സുവിശേഷഭാഗം മനസ്സിരുത്തി വായിച്ചാൽ മനസ്സിലാകും ഈശോയുടെ ഉള്ളിലെ ചിന്തയെന്താണെന്ന്. തിരുസ്സഭയിലെ ഭിന്നതയുടെ, അനൈക്യത്തിന്റെ പ്രചാരകർ മിശിഹായുടെ ശത്രുക്കളും, ലോകത്തിന്റെ മിത്രങ്ങളുമാണെന്നാണ് ഈശോയുടെ ഭാഷ്യം. താനും പിതാവും ഒന്നായിരിക്കുന്നതുപോലെ, സ്നേഹത്തിൽ മനുഷ്യരും ഒന്നായിരുന്നാൽ മാത്രമേ ദൈവരാജ്യം സംസ്ഥാപിതമാകുകയുള്ളു എന്ന് ഈശോയ്ക്കറിയാമായിരുന്നു. പിതാവായ ദൈവം ക്രിസ്തുവിനെ ഈ ലോകത്തിലേക്ക് അയച്ചുവെന്നു ലോകം വിശ്വസിക്കണമെങ്കിൽ സഭയിൽ ഐക്യമുണ്ടാകണം, സഭ ക്രിസ്തുവിൽ ഒന്നായി നിൽക്കണം എന്ന് ക്രിസ്തുവിന് അറിയാമായിരുന്നു. സഭ ഒന്നായി നിൽക്കാത്തിടത്തോളം കാലം ക്രിസ്തുവാണ് ലോകരക്ഷകനെന്ന്, പിതാവിനാൽ അയക്കപ്പെട്ട രക്ഷകൻ ക്രിസ്തുവാണെന്ന് ലോകം അറിയുവാൻ പോകുന്നില്ലായെന്നും അവിടുന്ന് മനസ്സിലാക്കിയിരുന്നു.  ക്രിസ്തുവിന്റെ ഈ മനോവേദന ഇന്നത്തെ സുവിശേഷഭാഗത്തിന്റെ വരികൾക്കിടയിൽ നിന്ന് വായിച്ചെടുക്കാൻ നമുക്ക് സാധിക്കും. ക്രിസ്തുവിന്റെ ഈ മനോവേദന മനസ്സിലാകുമ്പോഴാണ് ഇന്നത്തെ സഭ ക്രിസ്തുവിൽ നിന്ന് എത്രയോ അകലെയാണ് എന്ന് നാം അറിയുക! ക്രിസ്തുവിന്റെ പ്രാർത്ഥനയ്ക്ക്, ആഗ്രഹത്തിന് എത്രയോ വിരുദ്ധമാണ് എന്ന് നാമറിയുക! ക്രിസ്തുവിന്റെ ഹൃദയത്തിലെ മുറിവുകളുടെ ആഴം നമുക്ക് മനസ്സിലാകുക!

ക്രിസ്തുവിന്റെ ശരീരമായ സഭയ്ക്കേറ്റ മാരകമായ മുറിവുകൾ എങ്ങനെ രൂപപ്പെട്ടു എന്ന് ചിന്തിക്കുമ്പോഴാണ് ദൈവികമായവ കൈകാര്യം ചെയ്യുന്ന മനുഷ്യന്റെ സ്വാർത്ഥതയും, അഹന്തയും ഫണം വിടർത്തിയാടുന്നത് നാം കാണുന്നത്. ക്രിസ്തുവിന്റെ സഭയുടെ ആരംഭകാലങ്ങൾ ഒരുമയുടെ, ഐക്യത്തിന്റെ കഥകളാണ് നമുക്ക് പറഞ്ഞു തരുന്നത്. പിന്നീട്, പതുക്കെ പതുക്കെ, അധികാരത്തിന്റെ, രാജകീയ ആഡംബരങ്ങളുടെ, പണത്തിനോടുള്ള ആർത്തിയുടെ ചെകുത്താന്മാർ ഉറഞ്ഞു തുള്ളിയപ്പോൾ, സഭയിൽ സ്നേഹം, ഐക്യം, ആർജവം എന്നീ നന്മകൾ അപ്രത്യക്ഷമായി. ക്രൈസ്തവന്റെ ജീവിതത്തിലെ, ക്രൈസ്തവകുടുംബങ്ങളിലെ, തിരുസ്സഭയിലെ ഭിന്നതകൾക്കെല്ലാം കാരണം അധികാരം, പണം, ഭൂമി, സുഖഭോഗങ്ങൾ, അഹന്ത എന്നിവയായിരുന്നു. ക്രിസ്തുവിന്റെ ഐക്യത്തിനുവേണ്ടിയുള്ള പ്രാർത്ഥന, ഐക്യത്തിനുവേണ്ടിയുള്ള ആഹ്വാനം ഇന്നും സാധിതമാകുന്നില്ലായെങ്കിൽ അതിന്റെ കാരണങ്ങളും ഇവയൊക്കെത്തന്നെയാണ്. തിരുസഭയുടെ ചരിത്രവും അതാണ് നമ്മോട് പറയുന്നത്.

തിരുസ്സഭ അവളുടെ വളർച്ചയുടെ പാതയിൽ ധാരാളം ഭിന്നതകളേയും, പാഷണ്ഡതകളെയും അഭിമുഖീകരിച്ചിട്ടുണ്ട്. എന്നാൽ ഇവയെല്ലാം, ക്രിസ്തുവിന്റെ ചൈതന്യത്തിൽ നിന്നുള്ള വ്യതിചലനങ്ങളായിരുന്നു എന്നത് വ്യക്തമാണ്. AD 336 ൽ ഉടലെടുത്ത ഭിന്നതക്ക് നേതൃത്വം കൊടുത്തത് ഈജിപ്തിലെ അലക്‌സാൻഡ്രിയയിൽ നിന്നുള്ള ആരിയൂസ് ആണ്. ക്രിസ്തുവിന്റെ പുത്രുത്വത്തെ ചൊല്ലിയായിരുന്നു ആരിയൂസ് കലഹിച്ചതും പിന്നീട് സഭയിൽ നിന്ന് വിട്ടുപോയതും. കോൺസ്റ്റാന്റിനോപ്പോളിലെ ആർച്ചു ബിഷപ്പായിരുന്ന നെസ്തോറിയസ് (AD 450) കന്യകാമാതാവിനെ ക്രിസ്തുവിന്റെ അമ്മ (Christo tokos) എന്ന് വിശേഷിപ്പിച്ചതോടെയാണ് ഭിന്നത ആരംഭിച്ചത്. പിന്നീട് സഭ അദ്ദേഹത്തെ പാഷണ്ഡിയായി മുദ്രകുത്തുകയും അദ്ദേഹം പുറത്താകുകയും ചെയ്തു. 589 ൽ യേശുവിൽ മനുഷ്യസ്വഭാവമില്ല ദൈവ സ്വഭാവം മാത്രമേയുള്ളുവെന്ന അന്ത്യോക്യൻ പാത്രിയാർക്കീസ് മാർ യാക്കോബിന്റെ വാദമാണ് യാക്കോബായ സഭകളുടെ ഉത്ഭവത്തിനു കാരണമായിത്തീർന്നത്. Great Schism of 1054 പരിശുദ്ധാത്മാവിനെച്ചൊല്ലിയായിരുന്നു. സഭയിലെ വലിയൊരു പിളർപ്പായിട്ടാണ് ഇതിനെ കാണുന്നത്. മാർട്ടിൻ ലൂഥർ എന്ന അഗസ്റ്റീനിയൻ സന്യാസി താൻ ചൂണ്ടിക്കാണിച്ച സഭയിലെ തെറ്റുകളെ തിരുത്തുന്നതിന് സഭ കാണിച്ച അലംഭാവത്തെ പരസ്യമായി വെല്ലുവിളിച്ചതോടെയാണ് പ്രൊട്ടസ്റ്റന്റ് സഭകളുടെ തുടക്കമായത്. അദ്ദേഹത്തോടൊപ്പം സഭയ്ക്ക് എതിരായിരുന്നു നാട്ടുരാജാക്കന്മാരും കൂടിയതോടെ സഭയിൽ പിളർപ്പുണ്ടായി. ആദ്യനൂറ്റാണ്ടുമുതലെ ഉണ്ടായിരുന്ന മാർത്തോമ്മാ നസ്രാണി സഭ 1653 ലെ കൂനൻ കുരിശു സത്യത്തോടെയാണ് പിളർപ്പുകളിലേക്ക് പോയത്.

അറിവിന്റെ ഹുങ്കോ, അധികാരത്തിന്റെ ധാർഷ്ട്യമോ, സമ്പത്തിനോടുള്ള ആർത്തിയോ എന്ത് തന്നെയായാലും വിശുദ്ധ പൗലോശ്ലീഹാ പറയുന്നതുപോലെ, ‘ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുകയാണ്.’ ഇന്ന് ക്രിസ്തുവിന്റെ പേരിൽ എത്ര സഭാ സമൂഹങ്ങൾ ഉണ്ടെന്നോ, ക്രിസ്തു വിഭജിക്കപ്പെട്ടതിന്റെ പേരിൽ എത്ര കുടുംബങ്ങൾ തകർന്നെന്നോ, ക്രിസ്തു വിഭജിക്കപ്പെട്ടതിന്റെ പേരിൽ എന്തുമാത്രം യുദ്ധങ്ങൾ നടന്നെന്നോ, തർക്കങ്ങൾ ഉണ്ടായെന്നോ ആർക്കും പറയുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല. “എല്ലാവരും ഒന്നായിരിക്കുവാൻ” എന്ന ക്രിസ്തുവിന്റെ പ്രാർത്ഥന ഫലമണിയുവാൻ ക്രിസ്തു ഇനിയും എത്രനാൾ കാത്തിരിക്കേണ്ടി വരുമോ, എന്തോ?

ക്രിസ്ത്യാനികളുടെ ഐക്യം അനിവാര്യമാണ്. കാലം അതിക്രമിച്ചിരിക്കുന്നു. നാമെല്ലാവരും ഒന്നിച്ചുനിൽക്കണം. ഫ്രാൻസിസ് പാപ്പാ പറഞ്ഞതുപോലെ, തീവ്രവാദികൾ വന്ന് നിന്നെ പിടിച്ചുകൊണ്ടുപോയി കൊല്ലാൻ നിർത്തുമ്പോൾ നീ ഓർത്തഡോക്‌സാണോ, കാതോലിക്കാനാണോ, യാക്കോബായ ആണോ, പ്രൊട്ടസ്റ്റന്റാണോ ലത്തീനാണോ, സീറോമലബാറാണോ എന്നായിരിക്കില്ല ചോദിക്കുക. Are you a christian? നീ ഒരു ക്രിസ്ത്യാനിയാണോ എന്നായിരിക്കും ചോദിക്കുക. ഭിന്നത, കലഹം തുടങ്ങിയവയുടെ കാരണം നിസ്സാരങ്ങളായിരിക്കാം. എന്നാൽ നാം വിഘടിച്ചു നിന്നാൽ ക്രിസ്തുവിന്റെ പേരിൽ വിഭജിതയേറി നിന്നാൽ, നാം തുടച്ചുമാറ്റപ്പെടും. ക്രിസ്തുവിനുവേണ്ടി, ക്രിസ്തുവിന്റെ സഭയിൽ ഐക്യമുണ്ടാകാൻ ഉണരണമെന്നും സഭയെ ശക്തിപ്പെടുത്തുവാൻ മുന്നോട്ടുവരണമെന്നും പറയുമ്പോൾ ക്രിസ്തുവിന്റെ പ്രാർത്ഥന ഫലമണിയുവാനുള്ള ആഗ്രഹമാണ് നാം വിളിച്ചുപറയുക. നിസ്സാരകാര്യങ്ങളെ ചെല്ലിയുള്ള തർക്കങ്ങളും, അധികാരത്തിനും സ്വത്തിനുംവേണ്ടിയുള്ള വടംവലികളും തകർക്കുന്നത് ക്രിസ്തുവിന്റെ സ്വപ്നത്തെയാണ്, പ്രാർത്ഥനയെയാണ്‌.

ക്രിസ്തുവിന്റെ “പിതാവേ അവരെല്ലാവരും ഒന്നായിരിക്കുന്നതിനു”വേണ്ടിയുള്ള പ്രാർത്ഥന വിശുദ്ധ കുർബാനയുടെ frame of reference ൽ നിന്നുകൊണ്ടായിരുന്നു അവിടുന്ന് നടത്തിയത്. (Frame of reference എന്നത് ഒരു ആശയപരമായ അവസ്ഥയാണ്. ഒരു മാനദണ്ഡങ്ങളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ കാര്യങ്ങൾ വിശകലനം ചെയ്യപ്പെടുകയും, അളക്കപ്പെടുകയും, വിധിക്കപ്പെടുകയും ചെയ്യുന്ന ഒരു സംവിധാനത്തെ Frame of reference എന്ന് പറയാം. ഉദാഹരണത്തിന്, ഭൂമിയുടെ Frame of reference ൽ നിൽക്കുമ്പോഴാണ്, ഭൂമിയുടെ മാനദണ്ഡങ്ങളിൽ നിൽക്കുമ്പോഴാണ് ചലനനിയമങ്ങൾക്ക് പ്രസക്തിയുള്ളൂ.) ഒടുവിലത്തെ അത്താഴവേളയിൽ വിശുദ്ധ കുർബാന സ്ഥാപിച്ച ശേഷമാണ്, അതേത്തുടർന്നു ശിഷ്യരുടെ കാലുകൾ കഴുകിയ ശേഷമാണ് ഈശോയുടെ പ്രഭാഷണങ്ങളെ, ഈശോയുടെ പ്രാർത്ഥനയെ വിശുദ്ധ യോഹന്നാൻ അവതരിപ്പിക്കുന്നത്. വിശുദ്ധ കുർബാനയുടെ frame of reference ൽ നിന്നുകൊണ്ട് ലോകത്തെയും, ജീവിതത്തെയും ജീവിതയാഥാർഥ്യങ്ങളെയും നിരീക്ഷിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത ക്രിസ്തു തന്റെ കണ്ണുകളെ പിതാവിങ്കലേക്ക് ഉയർത്തുകയായിരുന്നു.

സ്നേഹത്തിന്റെ, ഐക്യത്തിന്റെ, കാരുണ്യത്തിന്റെ വിശുദ്ധ കുർബാനയുടെ Frame of Reference ൽ നിൽക്കുമ്പോൾ ഐക്യത്തിനുവേണ്ടിയല്ലാതെ മറ്റെന്തിനുവേണ്ടിയാണ് ഈശോ പ്രാർത്ഥിക്കുക!

സ്നേഹമുള്ളവരേ, നാമും ക്രിസ്തുവാകുന്ന, വിശുദ്ധ കുർബാനയാകുന്ന Frame of Reference ൽ നിന്നുകൊണ്ട്, ലോകത്തെയും, നമ്മുടെ ജീവിതത്തെയും, ജീവിതയാഥാർഥ്യങ്ങളെയും നിരീക്ഷിക്കുവാനും വിശകലനം ചെയ്യുവാനും ശ്രമിക്കുകയാണെങ്കിൽ നമ്മുടെ ജീവിതങ്ങളെ, കുടുംബങ്ങളെ, ആത്മീയജീവിതത്തെ, സഭാജീവിതത്തെ ക്രിസ്തുവിന്റെ, വിശുദ്ധ കുർബാനയുടെ മൂല്യങ്ങളിൽ പടുത്തുയർത്തുവാൻ സാധിക്കും. അപ്പോൾ ഭിന്നതയുടെ സ്വരങ്ങൾ ഇല്ലാതാകും; അനൈക്യത്തിന്റെ കോട്ടകൾ തകർന്നുപോകും; വിഘടനവാദങ്ങളും, വെറുപ്പും വൈരാഗ്യവുമെല്ലാം ഉരുകിയൊലിച്ചുപോകും. ക്രിസ്തുവിന്റെ പ്രാർത്ഥന ഫലമണിയും.

എന്നാൽ, നാം നിൽക്കുന്ന സ്ഥലം, Frame of reference വേറെയാണെങ്കിൽ നമ്മുടെ നിരീക്ഷണവും, വിശകലനവും എല്ലാം പാളിപ്പോകും. ഉദാഹരണത്തിന് ഭൂമിയിൽ നിൽക്കുന്ന ഒരു വ്യക്തിക്ക് ഒരു ദിവസം ഒരു ഉദയവും അസ്തമയവുമേ കാണാൻ സാധിക്കുകയുള്ളു. എന്നാൽ, ബഹിരാകാശത്തിലെ യാത്രികർക്ക് ഒരു ദിവസം 27 ഉദയങ്ങളും അസ്തമയങ്ങളും കാണാൻ കഴിയും. Frame of reference മാറിയാൽ നാം കാണുന്ന കാഴ്ചകളും യാഥാർഥ്യങ്ങളും വ്യത്യസ്തമാകും. ഇന്ന് നമ്മുടെ സഭയിൽ, കുടുംബത്തിൽ അനൈക്യങ്ങളുണ്ടെങ്കിൽ, അതിന്റെ കാരണം നമ്മുടെ Frame of reference മാറിപ്പോയിട്ടുണ്ട് എന്നാണ്. നാം നിൽക്കുന്നത് വിശുദ്ധ കുർബാനയാകുന്ന, ക്രിസ്തുവാകുന്ന Frame of reference ൽ ആണോ? നാം കോർപ്പറേറ്റ് സ്ഥാപന നടത്തിപ്പിന്റെ, അല്ലെങ്കിൽ രാഷ്ട്രീയപാർട്ടികളുടെ Frame of reference ൽ നിന്ന് നമ്മുടെ ക്രൈസ്തവജീവിതം നയിക്കുവാൻ ശ്രമിക്കുകയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം, നമുക്കിടയിലെ, കഴുത്തറപ്പൻ മാത്സര്യങ്ങളും, കുതികാൽവെട്ടുകളും, പള്ളികളും ഭൂമിയും പിടിച്ചെടുക്കാനുള്ള ഓട്ടങ്ങളും, അധികാരവടംവലികളും, എണ്ണാൻ കഴിയാത്തിടത്തോളമുള്ള ഗ്രൂപ്പുകളും കാണുമ്പോൾ നമ്മുടെ Frame of reference മാറിപ്പോയിരിക്കുന്നു എന്ന് പറയാനാണ് എനിക്ക് തോന്നുന്നത്. ക്രിസ്തുവിൽ എവിടെയാണ് കഴുത്തറപ്പൻ മാത്സര്യം? ക്രിസ്തുവിൽ എവിടെയാണ് അനൈക്യം? ക്രിസ്തുവിൽ എവിടെയാണ് അധികാരവടംവലികൾ, ക്രിസ്തുവിൽ എവിടെയാണ് പണത്തോടുള്ള ആർത്തി? വിശുദ്ധ കുർബാനയിൽ എവിടെയാണ് വെറുപ്പ്, വൈരാഗ്യം? വലിപ്പച്ചെറുപ്പങ്ങൾ? വിശുദ്ധ കുർബാന യുടെ Frame of reference ൽ നിൽക്കുമ്പോൾ എങ്ങനെയാണ് കുർബാനയുടെ പേരിൽ തല്ലുപിടിക്കുവാൻ സാധിക്കുക? വിശുദ്ധ കുർബാന യുടെ Frame of reference ൽ നിൽക്കുമ്പോൾ എങ്ങനെയാണ് ഭിന്നതയിൽ ബലിയർപ്പിക്കുവാൻ സാധിക്കുക?  എന്താ ക്രിസ്തു ഇവിടെ തോറ്റുപോകുകയാണോ? അൾത്താരയിലെ അനൈക്യം അല്ലേ ക്രിസ്തുവിനോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരത?

വിശുദ്ധ കുർബാനയാകുന്ന Frame of Reference ൽ നിന്നുകൊണ്ട് ജീവിതത്തെ കാണാൻ പഠിക്കണം, ക്രിസ്തുവിനെപ്പോലെ! അപ്പോൾ ഐക്യത്തിന്റെ പൂക്കൾ നമ്മുടെ സഭയിൽ, കുടുംബങ്ങളിൽ വിരിയും. ക്രിസ്തുവിന്റെ പ്രാർത്ഥന ഫലമണിയും!

സ്നേഹമുള്ളവരേ, ഇന്നുമുതൽ ക്രിസ്തുവിൽ നാം ഒന്ന് എന്ന പാഠം ഉൾക്കൊണ്ടുകൊണ്ട് തുടങ്ങാൻ നമുക്കാകട്ടെ. ക്രിസ്തു വിഭജിക്കപ്പെടാതിരിക്കട്ടെ. ഒരുമിച്ചു ഒരേ ബലി അർപ്പിക്കുന്ന ക്രൈസ്തവരായി നമുക്ക് മാറാം. ആരെയും മാറ്റി നിർത്താത്ത, എല്ലാവരെയും ഉൾക്കൊള്ളുന്ന എല്ലാവർക്കും ഉള്ളതെല്ലാം പങ്കു വയ്ക്കുന്ന പുതിയ ക്രൈസ്തവരായി നാം മാറണം. ശിഷ്യരുടെ പാഠങ്ങൾ കഴുകിയ ശേഷം, വിശുദ്ധ കുർബാന സ്ഥാപിച്ചശേഷം നടത്തുന്ന ഈശോയുടെ ഈ പ്രാർത്ഥന, ആഗ്രഹം ഒരുമയിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്.

നമ്മുടെ ക്രൈസ്തവ ജീവിതം എങ്ങനെയുള്ളതായിരിക്കണമെന്നു ചിന്തിക്കുവാൻ ഈ ഞായറാഴ്ച്ച നമുക്കാകട്ടെ. ക്രിസ്തുവിൽ നാമെല്ലാം ഒന്നെന്ന മഹത്തായ ക്രിസ്തു സന്ദേശം നമ്മുടെ വ്യക്തി ജീവിതത്തിൽ, കുടുംബ ജീവിതത്തിൽ, സമൂഹ ജീവിതത്തിൽ നമുക്ക് പ്രാവർത്തികമാക്കാം. നാമെല്ലാവരും ക്രിസ്തുവിൽ ഒന്നായാൽ, ദൈവവും,

മനുഷ്യനും പ്രപഞ്ചവും തമ്മിൽ ഒന്നായാൽ ലോകത്തിലെ ഒരു ശത്രുവിനും നമ്മെ തകർക്കുവാൻ സാധിക്കുകയില്ല. ക്രിസ്തുവിൽ നമ്മൾ ഒന്ന് എന്ന മുദ്രാവാക്യത്തോടെ നമ്മുടെ ക്രൈസ്തവജീവിതം പുതുക്കിപ്പണിയാം. ആമ്മേൻ!

SUNDAY SERMON JN, 21, 1-14

ഉയിർപ്പുകാലം അഞ്ചാം ഞായർ

ഏശയ്യാ 49, 7-13

അപ്പ 9, 1-19

ഹെബ്രാ 10, 19-25

യോഹ 21, 1-14

ഇരിങ്ങാലക്കുട രൂപതയിലെ ചാലക്കുടി സെന്റ് ജെയിംസ് പള്ളിയുടെ പ്രധാന കവാടത്തിന് മുൻപിൽ എന്നും വൈകുന്നേരം ഒരു പോളോ വെള്ള കാർ പാർക്ക് ചെയ്യും. ദേവാലയത്തിലെ അഞ്ചുമണിക്കുള്ള വിശുദ്ധ കുർബാനയ്ക്ക് വരുന്ന ആഷ്‌ലിൻ ബാബു എന്ന ചെറുപ്പക്കാരനാണ് ഉള്ളിൽ. പക്ഷെ വിശുദ്ധ കുർബാനയ്ക്കായി അദ്ദേഹം പള്ളിയിലേക്ക് പ്രവേശിക്കുകയില്ല. പകരം ഈശോ അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് വന്നെത്തും, വിശുദ്ധ കുർബാന സ്വീകരണ സമയത്ത്. ശാലോം ടിവി യുടെ Hope of the Second Life എന്ന ഷോയുടെ ഒരു എപ്പിസോഡിലാണ് ആഷ്‌ലിന്റെ ജീവിതത്തിന്റെ കടൽക്കരയിൽ ഈശോ വന്നുകൊണ്ട് കരുതലിന്റെ സ്നേഹം അദ്ദേഹത്തിന് നൽകിയതായി ഞാൻ കണ്ടത്.

നിങ്ങൾ ചിലപ്പോൾ ഓർക്കുന്നുണ്ടാകും, 2011 ഒക്ടോബർ 4 ന് ചാലക്കുടിയിലെ പേരാമ്പ്രയിൽ നടന്ന സംഭവം. ഉച്ചയൂണിന് ശേഷം ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആഷ്‌ലിനെ ഒരു കാർ ഇടിച്ചു തെറിപ്പിച്ചു. പ്രാണനറ്റു എന്ന് കരുതിയിടത്തു നിന്നും പതിയെ, പതിയെ ജീവനിലേക്ക് അവൻ തിരിച്ചു വന്നു. ആഷ്‌ലിന്റെ കണ്ണിന് നല്ല രീതിയിൽ പരിക്കുകളുണ്ടായിരുന്നു.  ഒരു കണ്ണിന്റെ പീലി അറ്റുപോയെങ്കിലും കാഴ്ച തിരികെ ലഭിച്ചു. തല പിളർന്നെങ്കിലും ശസ്ത്രക്രിയയിലൂടെ ഓർമയുടെ ലോകം അവനു മുമ്പിൽ തുറന്നു കിട്ടി. വായ ഒരു വശത്തേയ്ക്ക് കോടിപ്പോയെങ്കിലും മൂന്നു മാസങ്ങൾക്കു ശേഷം അവൻ സംസാരിക്കാനും തുടങ്ങി.

തുടയെല്ല് തകരാറിലായതിനാൽ നടക്കാൻ കഴിയാതിരുന്ന ആഷ്‌ലിൻ   ഡോക്ടർമാരോട് കെഞ്ചി: “എന്നെ എങ്ങനെയെങ്കിലും ഒന്നു നടത്താമോ?” അങ്ങനെ ഹിപ്പ് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയ്ക്ക് അവൻ വിധേയനായി.  ശസ്ത്രക്രിയ ചെയ്‌തെങ്കിലും സർജറി ചെയ്ത ഭാഗം പഴുത്ത് കൂടുതൽ മോശമായി. പഴുപ്പ് വലിച്ചെടുക്കാൻ 18 ശസ്ത്രക്രിയകൾക്ക് അവൻ വിധേയനായി. അപ്പോഴെല്ലാം തന്റെ തകർന്ന, പ്രതീക്ഷയറ്റ ജീവിതത്തിന്റെ കടൽക്കരയിൽ നിന്ന ഈശോയെ അവൻ കണ്ടു; കാണുക മാത്രമല്ല, ആ ഈശോ തന്നെ കരുതുന്നവനും, കാക്കുന്നവനുമാeeviണെന്ന് അവൻ ഉറച്ചു വിശ്വസിച്ചു.

ഇന്ന് ആഷ്‌ലിൻ വിശുദ്ധ കുർബാന മുടക്കാറില്ല.  നടക്കുവാൻ ബുദ്ധിമുട്ടാണെങ്കിലും വിശുദ്ധ കുർബാന മുടക്കുന്നത് ആഷ്‌ലിന് വളരെ സങ്കടകരമാണ് ഇപ്പോഴും, കാറിലിരുന്ന് വിശുദ്ധ കുർബാന അർപ്പിക്കുന്ന, ‘വാവാ യേശുനാഥാ…’ എന്ന് വിളിക്കുന്ന ആഷ്‌ലിന്റെ അടുത്തേക്ക് വൈദികന്റെയോ, സിസ്റ്റർമാരുടെയോ കരങ്ങളിലൂടെ ഈശോ വന്നെത്തും.

ജീവിതത്തിന്റെ അലച്ചിലിന്റെ അങ്ങേയറ്റത്ത്, രാത്രിമുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടാതെ വരുന്ന, ജീവിതത്തിന്റെ വീഴ്ചകളിൽ നിന്ന് കരകയറാൻ പറ്റാതെ വരുന്ന സന്ദർഭങ്ങളിൽ ഈശോ നമ്മുടെ ജീവിതത്തിലേക്ക്, നിറവായി, സമൃദ്ധിയായി, വിരുന്നായി കടന്നുവരുമെന്ന സന്ദേശവുമായിട്ടാണ് ഇന്നത്തെ സുവിശേഷം നമ്മെ സന്ദർശിക്കുന്നത്. (https://youtu.be/NZXf9V-ueG8)

നമ്മുടെ ഈ ഭൂമിയിലെ ജീവിതം എത്ര സംഘർഷഭരിതമാണെങ്കിലും എത്രമേൽ അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണെങ്കിലും, രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും ലഭിക്കാതിരുന്നപ്പോൾ കടൽക്കരയിൽ ക്രിസ്തു പ്രത്യക്ഷപ്പെട്ടതുപോലെ നമ്മുടെ ജീവിതത്തിന്റെ കടൽക്കരയിൽ നമ്മുടെ രക്ഷക്കായി ക്രിസ്തു പ്രത്യക്ഷപ്പെടുമെന്ന വലിയ സന്ദേശമാണ് ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്നത്. നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ക്രിസ്തുവിനെ മനസ്സിലാക്കാനും, നമ്മുടെ ജീവിതത്തിന്റെ കടൽക്കരയിൽ നിൽക്കുന്ന ഈശോയെ മറ്റുള്ളവർ ചൂണ്ടിക്കാണിച്ചു തരുമ്പോൾ ഈശോയെ കർത്താവായി സ്വീകരിക്കുവാനും, ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിന്റെ കർത്താവായി ഏറ്റുപറയുവാനും ഇന്നത്തെ സുവിശേഷം, ഈ കാലഘട്ടം നമ്മെ ക്ഷണിക്കുന്നു.

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഇരുപത്തിയൊന്നാം അദ്ധ്യായം സുവിശേഷകന്റെ മരണശേഷം എഴുതിച്ചേർത്തതാണെന്നും അല്ലെന്നുമുള്ള അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഈ അധ്യായത്തിലെ പ്രമേയങ്ങൾ മറ്റു അധ്യായങ്ങളിലെ പ്രമേയങ്ങളോട് ചേർന്നുപോകുന്നവതന്നെയാണ്. ഉത്ഥാനത്തിനുശേഷം താൻ ഇന്നും ജീവിക്കുന്നുവെന്ന് ശിഷ്യന്മാരെ ബോധ്യപ്പെടുത്താൻ ഈശോ ശിഷ്യന്മാർക്കു പലപ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ പ്രത്യക്ഷീകരണങ്ങളെല്ലാം ക്രിസ്തു കർത്താവാണെന്ന് അനുഭവിച്ചറിയുവാനും, പ്രഘോഷിക്കുവാനും ശിഷ്യന്മാരെ ശക്തിപ്പെടുത്തുവാൻ വേണ്ടിയായിരുന്നു. ഇന്നത്തെ മൂന്നാമത്തെ പ്രത്യക്ഷീകരണവും ഈ ഒരു ലക്ഷ്യത്തിനുവേണ്ടിയായിരുന്നു.

ഈശോയുടെ കുരിശു മരണത്തിനുശേഷം യഹൂദന്മാരെ ഭയന്ന് സ്വയം ലോക്ക് ഡൗണിൽ ആയിരുന്നല്ലോ ശിഷ്യന്മാർ. കുറച്ചുകാലം ലോക്ക് ഡൗണിൽ കഴിയുമ്പോൾ നമുക്കറിയാവുന്നതുപോലെ എന്തിനെ ഭയന്നാണോ ലോക്ക് ഡൗണിൽ ആയിരുന്നത്, ആ ഭയമെല്ലാം പതുക്കെ പതുക്കെ അകന്നുതുടങ്ങും. പിന്നെ അതിജീവനത്തെക്കുറിച്ചുള്ള ചിന്തയാകും. “എന്തും വരട്ടെ. എങ്ങനെയെങ്കിലും ജീവൻ നിലനിർത്തണം.” അതായിരിക്കും പിന്നത്തെ ആലോചന. ഇത് തന്നെയായിരുന്നു ശിഷ്യരുടേയും ചിന്ത. ഒരു ലോക്ക് ഡൗണിലൂടെ കടന്നുപോയ നമുക്ക്, ലോക് ഡൗണിന്റെ പോലത്തെ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ശിഷ്യന്മാരുടെ മനോവിചാരങ്ങളെ മനസ്സിലാക്കുവാൻ ബുദ്ധിമുട്ടുണ്ടാകില്ല. 

ഈ ചിന്തകളുടെ, സംഭാഷണങ്ങളുടെ അവസാന ചിത്രമാണ് അദ്ധ്യായം 21 ലെ മൂന്നാം വാക്യം. പത്രോസാണ് പറയുന്നത്: “ഞാൻ മീൻ പിടിക്കുവാൻ പോകുകയാണ്”. മറ്റ് ശിഷ്യന്മാരോ? അവരും റെഡി! ഇത് ഈശോയെക്കുറിച്ചു ചിന്തിക്കാഞ്ഞിട്ടല്ല. ഈശോയോട് സ്നേഹമില്ലാഞ്ഞിട്ടല്ല. ഈശോയ്ക്കുവേണ്ടി ജീവിക്കാൻ താത്പര്യമില്ലാഞ്ഞിട്ടുമല്ല. മനുഷ്യമനസ്സിന്റെ സ്വാഭാവിക പ്രകടനമാണിത്. എന്നിനി ക്രിസ്തുവിന്റെ പ്രത്യക്ഷം ഉണ്ടാകുമെന്നറിയില്ല. അവൻ ഏൽപ്പിക്കുന്ന ദൗത്യമെന്തെന്നും അറിയില്ല. പക്ഷേ, അവൻ വരുമ്പോൾ, തങ്ങൾ ശാരീരികമായും മാനസികമായും തയ്യാറല്ലെങ്കിലോ? അവർ ഇറങ്ങുകയാണ്.

അതിജീവിക്കുവാൻ പറ്റുമെന്നും അവർക്കു ഉറപ്പായിരുന്നു. Target accomplish ചെയ്യാൻ പറ്റുമെന്ന് 100% വും sure ആയിരുന്നു. Logistics – വള്ളവും വലയും മറ്റും കിട്ടാൻ പ്രയാസമില്ല. അവരുടെ നാടാണ്. കൂട്ടുകാരുണ്ട് സഹായിക്കാൻ. Manpower ധാരാളമുണ്ട്. അനുഭവസമ്പത്തിനു ഒരു കുറവുമില്ല. പിന്നെ team leader ആയി പത്രോസുണ്ട്. തടാകം കണ്ടാൽ തന്നെ അതിന്റെ സ്വഭാവം പറയാൻ കഴിയുന്നവൻ. വെള്ളത്തിന്റെ ചെറിയൊരു അനക്കം പോലും വ്യാഖ്യാനിക്കാൻ പറ്റുന്നവൻ. എവിടെയെറിഞ്ഞാൽ മീൻ കിട്ടുമെന്ന് sense ചെയ്യാൻ സാധിക്കുന്നവൻ. അവർ ഇറങ്ങുകയാണ്. എന്നാൽ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുകയാണ് ആ രാത്രി! നസീബില്ലാത്ത, ഭാഗ്യം അകലെയായ ഒരു രാത്രി!

എന്നാൽ, ഉത്ഥിതനായ ക്രിസ്തു അവരുടെ പ്രതീക്ഷയായി, സമൃദ്ധിയായി, രക്ഷകനായി കടന്നുവരികയാണ്. തടാകത്തിന്റെ ഓരോ ഇഞ്ചും അരിച്ചുപെറുക്കിയിട്ടും ഒന്നും കിട്ടാതിരുന്ന വേളയിൽ, അവരുടെ Logistics ഉം, smartness ഉം, strategy കളുമെല്ലാം നിഷ്ഫലമായ ഘട്ടത്തിൽ ചാകരപോലെ മത്സ്യത്തിന്റെ സമൃദ്ധി അവൻ അവർക്കു കൊടുക്കുകയാണ്. അപ്പോൾ ഒരു വെളിപാടുപോലെ യോഹന്നാൻ വിളിച്ചു പറയുകയാണ് “അത് കർത്താവാണ്”. യോഹന്നാൻ വീണ്ടും വീണ്ടും പറയുകയാണ്: “സുഹൃത്തുക്കളെ, അത് കർത്താവാണ്. നമ്മുടെ ഇല്ലായ്മയിൽ, നിരാശയിൽ നമ്മെ രക്ഷിക്കാൻ കടന്നുവന്നിരിക്കുന്നത് കർത്താവാണ്. നമ്മുടെ ഹൃദയത്തിന്റെ നൊമ്പരങ്ങളറിഞ്ഞ് നമ്മുടെ അടുത്തെത്തിയിരിക്കുന്നത് കർത്താവാണ്. നമ്മുടെ ബലഹീനതയിൽ നമ്മെ ശക്തിപ്പെടുത്തിയത് കർത്താവാണ്. അതെ, അത് കർത്താവാണ്.”

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിലേക്ക്, ജീവിത സാഹചര്യങ്ങളിലേക്ക്, ചിലപ്പോൾ സന്തോഷത്തിന്റെ, മറ്റു ചിലപ്പോൾ സങ്കടത്തിന്റെ നിമിഷങ്ങളിലേക്കു കടന്നു വരുന്ന ക്രിസ്തുവിനെ നാം കാണണം. അവനെ കർത്താവായി പ്രഘോഷിക്കണം. കാരണം നമ്മുടെ ജീവിതത്തിന്റെ പുറപ്പാടുകളിൽ താങ്ങായും തണലായും അവൻ നമ്മോടൊപ്പമുണ്ട്. നമ്മെ രക്ഷിക്കുവാൻ മനുഷ്യനായപിറന്ന ദൈവം, നമ്മുടെ ജീവിതസാഹചര്യങ്ങളിൽ “ഞാൻ എന്ത് ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്” എന്ന് ചോദിച്ചുകൊണ്ടോ, “മേലിൽ പാപം ചെയ്യരുത്” (യോഹ 8, 11) എന്ന് പറഞ്ഞുകൊണ്ടോ, “നിങ്ങൾ ആകുലരാകേണ്ട” (ലൂക്ക 12, 22) എന്ന് ഓർമിപ്പിച്ചുകൊണ്ടോ, “എനിക്ക് കുടിക്കാൻ തരിക” (യോഹ 4, 7 എന്ന് പറഞ്ഞുകൊണ്ടോ, “ഇതെന്റെ ശരീരമാകുന്ന വാങ്ങി ഭക്ഷിക്കുവിൻ, ഇതെന്റെ രക്തമാകുന്നു, വാങ്ങി കുടിക്കുവിൻ” (മത്താ 26, 26-30) എന്ന് ക്ഷണിച്ചുകൊണ്ടോ പ്രിയപ്പെട്ടവരേ കർത്താവായ ക്രിസ്തു എപ്പോഴും നമ്മോടൊപ്പമുണ്ട്. കണ്ണുകൾ തുറന്ന് നമ്മുടെ ജീവിതത്തിലേക്ക്, ജീവിതസാഹചര്യങ്ങളിലേക്ക് നാം നോക്കണം.

ഈ പ്രപഞ്ചത്തിൽ ഏതൊരു വസ്തുവും ചലിക്കണമെങ്കിൽ അതിന്റെ പിന്നിൽ ഒരു ഊർജം ഉണ്ടാകണം. ആ ഊർജത്തെ മനസ്സിലാക്കാനും, അതിന്റെ ചലനം പ്രപഞ്ചത്തിൽ ദർശിക്കുവാനും കഴിയുമ്പോൾ അത് കർത്താവാണെന്ന് പറയുവാനുള്ള ആർജവം നമുക്കുണ്ടാകണം. ഈ ഭൂമിയിൽ ഓരോ ജീവിയും അതത് രൂപത്തിൽ ഉണ്ടാകുന്നത് ദൈവത്തിന്റെ ഇച്ഛയാലാണ്. ഒരു ചെടി വളരുന്നതോ, പൂവിടുന്നതോ അത് കായ്ക്കുന്നതോ നാമാരും വിചാരിച്ചാൽ സാധിക്കില്ല. ആ ചെടിയിലുണ്ടാകുന്ന പൂവിന്റെ നിറം, വലിപ്പം, അതിന്റെ ഇതളുകളുടെ ഗണിതപരമായ അകലം എന്നിവ ദൈവമാണ് നിശ്ചയിച്ചിരിക്കുന്നത്. എന്തിന്, അവയ്ക്കനുസരിച്ചുള്ള പ്രാണിയോ, പാറ്റയോ, ചിത്രശലഭമോ, പക്ഷിയോ മാത്രമേ അതിൽ വന്നിരിക്കൂ. അത്രമാത്രം കൃത്യതയിലാണ് ദൈവം ഓരോന്നും ക്രമീകരിച്ചിരിക്കുന്നത്!എന്നാൽ, ഇതെല്ലം കാണുമ്പോൾ ഇവയെല്ലാം ചെയ്യുന്നത് കർത്താവാണ് എന്ന് പറയുവാൻ നമുക്ക് കഴിയണം. മാവിന്റെയും മറ്റു ചെടികളുടെയും, വൃക്ഷങ്ങളുടെയും പൂക്കളിൽ തേനീച്ചകളും, പ്രാണികളും, പക്ഷികളും വന്നിരിക്കുന്നു, അങ്ങനെ അത് അടുത്ത തലമുറക്ക് വഴിയൊരുക്കുന്നു. ആരാണ് ഇത് ചെയ്യുന്നത്? അത് കർത്താവാണ് എന്ന് പറയുവാൻ സാധിക്കുന്നവൾ, സാധിക്കുന്നവൻ ഭാഗ്യവാൻ! ചെവിയുണ്ടായാൽ കേൾവിയുണ്ടാകില്ല. കണ്ണുണ്ടായാൽ കാഴ്ചയുണ്ടാകില്ല. വായ ഉണ്ടായാൽ മാത്രം സംസാരിക്കുവാൻ കഴിയില്ല. തലച്ചോറും ഹൃദയവുമുണ്ടാകാം. പക്ഷെ, ചിന്തിക്കുവാൻ കഴിയണമെന്നില്ല. അവിടെയെല്ലാം ജീവന്റെ ഘടകങ്ങൾ വേണം.

പ്രാണൻ, വ്യാനൻ, ഉദാനൻ, സമാനൻ, അപാനൻ എന്നീ പഞ്ചപ്രാണങ്ങളാണ് ഇന്ദ്രിയങ്ങൾക്കും, രക്ത ചംക്രമണത്തിനും ദഹനപ്രക്രിയയ്‌ക്കെല്ലാം സഹായകം. അറിയോ പ്രിയപ്പെട്ടവരേ നിങ്ങൾക്ക്? ഇവയെ പ്രവർത്തിപ്പിക്കുന്നത് കർത്താവാണ്. ഒരു യന്ത്രം, ബൈക്കോ, സ്കൂട്ടറോ എന്തുമാകട്ടെ. അവ ചലിക്കുവാൻ, പ്രവർത്തിക്കുവാൻ ഊർജം വേണം. അതിനു ഇലക്ട്രിസിറ്റിയായോ, ഡീസലായോ, പെട്രോളായോ ലഭിച്ചാൽ മതി, എന്നാൽ, ഇവയിൽ അടങ്ങിയിട്ടുള്ള ശക്തിയുടെ കേന്ദ്രം ഏതാണ്? അത് കർത്താവാണ്.  

“Neither be created, nor be destroyed” എന്ന് ആധുനിക ശാസ്ത്രവും, “നാസതോ വിദ്യതേഭാവ, ന ഭാവ വിദ്യതേ സത” എന്ന് ഭഗവത് ഗീതയും വ്യക്തമാക്കുന്ന ഈ സത്തയെ “eternal energy” എന്നാണ് അമേരിക്കൻ തത്വ ചിന്തകനായ എമേഴ്സൺ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, നമുക്കറിയാം ആ ശക്തി മറ്റാരുമല്ല, മറ്റൊന്നുമല്ല,  ഈശോമിശിഹയാണെന്ന്! നമ്മുടെ ജീവിതത്തിന്റെ കടൽക്കരയിൽ നിൽക്കുന്ന ഈ അനശ്വര സത്യത്തെ അറിയാൻ, ഏറ്റുപറയുവാൻ കഴിയുമ്പോഴേ അവിടുന്ന് ഒരുക്കിവച്ചിരിക്കുന്ന സമൃദ്ധിയിലേക്ക്, ഭക്ഷണത്തിലേക്ക് നമ്മുടെ ജീവിതങ്ങൾ എത്തിച്ചേരുകയുള്ളു. ജീവിതത്തിന്റെ ദുരിതങ്ങളിലൂടെ നീ കടന്നു പോകുമ്പോഴും, നന്മയുടെ വഴികളിലൂടെ കടന്നുപോകുമ്പോഴും നിന്റെ ജീവിതത്തിന്റെ കടൽക്കരയിൽ അവനുണ്ടാകും. പൂന്താനം മഹാകവി പാടുന്ന പോലെ, ‘കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നുവരുത്തുന്നതും അവനാണ്. മാളികമുകളേറിയ മന്നന്റെ തലയിൽ മാറാപ്പുകെട്ടുന്നതും അവനാണ്. ആ ദൈവത്തെ തിരിച്ചറിയുവാൻ നമുക്കായാൽ ഈ ജീവിതമാകുന്ന തിബേരിയൂസ് കടലിൽ രാത്രിമുഴുവനും അദ്ധ്വാനിച്ച് ഒന്നും നേടാതെ, ഭാവിയെന്തെന്നറിയാതെ നിൽക്കുമ്പോൾ, കടൽക്കരയിൽ നിനക്ക് നിന്റെ ദൈവത്തെ കണ്ടുമുട്ടാൻ, അവിടുത്തെ അറിയുവാൻ കഴിയും. ഈ ദർശനം സ്വന്തമാക്കുകയാണെങ്കിൽ ഒന്നല്ല, ഒരു നൂറുവട്ടം, ജീവിതത്തിൽ നാം കർത്താവായ ക്രിസ്തുവിനെ കണ്ടുമുട്ടും. അവിടുന്ന് നമുക്ക് നിർദ്ദേശങ്ങൾ തരും. ജീവിതം വിജയപ്രദമാകും. അവിടുത്തെ ക്ഷണം നാം കേൾക്കും “കുഞ്ഞുങ്ങളേ, വന്ന് പ്രാതൽ കഴിക്കുവിൻ.” അപ്പോൾ ദൈവം ഒരുക്കുന്ന വിഭവങ്ങൾ നമ്മുടെ ജീവിതത്തിന്റെ മേശമേൽ നിറയും. നാം സതൃപ്തരാകും.

ഒരിക്കൽ എന്റെ ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് ഞാനൊരു വീട് സന്ദർശിച്ചു. ആ വീടിന്റെ സാമ്പത്തിക അവസ്ഥയും, രണ്ടു പെൺകുട്ടികളുടെ പഠനത്തിനായി മാതാപിതാക്കൾ ബുദ്ധിമുട്ടുന്ന കാര്യവുമെല്ലാം കേട്ടപ്പോൾ അവരെ കാണാൻ എനിക്കും ആഗ്രഹം തോന്നി. അങ്ങനെ ഒരു ദിവസം വൈകുന്നേരം ഞാൻ അവരുടെ വീട്ടിലെത്തി. അമ്മയും രണ്ടു മക്കളും അവിടെയുണ്ടായിരുന്നു. അവരോടു ഞാൻ സംസാരിച്ചു. പഠനത്തെപ്പറ്റിയും, പഠനച്ചിലവിനെപ്പറ്റിയുമൊക്കെ വിശദമായി അവർ പറഞ്ഞു. എത്രമാത്രം അധ്വാനിച്ചിട്ടും മുന്നോട്ട് പോകാനാവാത്ത അവസ്ഥയിലാണ് അവർ എന്നൊക്കെ പറഞ്ഞു കുറെ കരഞ്ഞു. ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നപ്പോൾ തന്നെ വീട്ടിലെ കുടുംബനാഥനും എത്തി. അല്പം മദ്യപിച്ചിട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹവും കാര്യങ്ങളൊക്കെ പറഞ്ഞു. അവർ തന്ന കട്ടൻ കാപ്പിയും കുടിച്ചു ഇറങ്ങുന്നതിന് മുൻപ് മക്കളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം കണ്ടെത്താൻ ഞാൻ ശ്രമിക്കാം എന്ന് പറഞ്ഞു. ഒരുമിച്ചു പ്രാർത്ഥിച്ചിട്ട്, എന്റെ മൊബൈൽ നമ്പർ അവർക്ക് കൊടുത്തിട്ട്,  അവരുടെ  നമ്പർ എന്റെ മൊബൈലിൽ save ചെയ്തിട്ട്  ഞാൻ ആശ്രമത്തിലേക്ക് പോന്നു.

വൈകുന്നേരത്തെ പ്രാർത്ഥനയും അത്താഴവും കഴിഞ്ഞു മുറിയിലെത്തിയപ്പോൾ എന്റെ മൊബൈൽ അടിച്ചു. ഞാൻ ചെന്നെടുത്തപ്പോൾ, വൈകുന്നേരം സന്ദർശിച്ച വീട്ടിലെ അമ്മച്ചിയായിരുന്നു. ഈശോമിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ എന്ന് പറഞ്ഞശേഷം ആ സ്ത്രീ കരയാൻ തുടങ്ങി. ഒന്ന് പകച്ചെങ്കിലും ഞാൻ പറഞ്ഞു: ‘കരയാതെ എന്ത് പറ്റി എന്ന് പറയൂ.” കരച്ചിൽ ഒന്ന് പിടിച്ചടക്കിയിട്ട് വലിയസ്വരത്തിൽ ആ ‘അമ്മ പറഞ്ഞു: ” അച്ചാ, ഞാൻ കർത്താവിനെ കണ്ടു.” എനിക്കാകെ എന്തോ പോലെയായി. ആ വീട്ടിലെ എന്റെ പ്രാർത്ഥന ശരിയായില്ലേ? ഇങ്ങനെ ചിന്തിച്ചയുടനെ ആ സ്ത്രീ പറഞ്ഞു:

“അച്ചനറിയോ, അച്ചൻ വരുന്നതിന് അല്പം മുൻപ് മുട്ടിന്മേൽ നിന്ന് ഞാൻ പ്രാർത്ഥിക്കുകയായിരുന്നു. എന്തേ കർത്താവേ എന്നെ സഹായിക്കാൻ വരാത്തേ? ആരെങ്കിലും വഴി എന്നെ ഒന്ന് സഹായിക്കില്ലേ? അപ്പോഴാണ് അച്ചാ, അച്ചൻ വീട്ടിലേക്ക് വന്നത്. ശരിക്കും ഞാൻ കർത്താവിനെ കണ്ടു അച്ചാ.”   എനിക്കൊന്നും പറയുവാൻ കഴിഞ്ഞില്ല. ആ അമ്മ തന്നെ ഞാൻ പിന്നെ വിളിക്കാം അച്ചോ എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. എന്താ ചെയ്യേണ്ടതെന്നറിയാതെ നിന്ന ഞാൻ, ആ കുടുംബത്തിന്റെ കടൽക്കരയിൽ എന്റെ രൂപത്തിൽ കടന്നു ചെന്ന കർത്താവിന് നന്ദി പറയുവാൻ ചാപ്പലിലേക്ക് നടന്നു.

നമ്മുടെ ജീവിത സാഹചര്യങ്ങളിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ടുപോലും ഇടപെടുന്നവാനാണ് നമ്മുടെ ദൈവം. കാരണം, സങ്കീർത്തനം 40, 17 പറയുന്നു: “ഞാൻ പാവപ്പെട്ടവനും ദരിദ്രനുമാണ്. എങ്കിലും എന്റെ കർത്താവിന് എന്നെപ്പറ്റി കരുതലുണ്ട്.” തീർത്തും ശരിയാണ്. നിങ്ങളുടെ ജീവിതത്തെപ്പറ്റി ചിന്തിച്ചു നോക്കൂ…അവന്റെ കനിവല്ലേ നമ്മുടെ ജീവിതം? അവന്റെ കൈ പിടിച്ചുള്ള നടത്തലായിരുന്നില്ലേ നമ്മുടെ ജീവിതം. അവിടുത്തെ അനന്ത പരിപാലനയുടെ പ്രതിഫലനമല്ലേ നമ്മുടെ കുടുംബം?

നമ്മുടെ ജീവിതത്തിന്റെ – ജീവിതം എങ്ങനെയുള്ളതും ആയിക്കൊള്ളട്ടെ, നിരാശയുടെ, കണക്കുകൂട്ടലുകൾ തെറ്റുന്നതിന്റെ, രോഗത്തിന്റെ, മഹാമാരിയുടെ, എങ്ങനെയുമായിക്കൊള്ളട്ടെ – നമ്മുടെ ജീവിതമാകുന്ന കടൽക്കരയിൽ ഈശോ വന്നു നിൽക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ഉഷസ്‌ ഉദിക്കും. കഷ്ടങ്ങളുടെ രാത്രിയുടെ കടന്നു പോകുമ്പോഴും നിരാശപ്പെടാതെ നിൽക്കുമ്പോൾ ജീവിതത്തിൽ പ്രഭാതം വിടരും. ക്രിസ്തുവാകുന്ന പുലരി വിരിയും. അവിടെ നമുക്കാവശ്യമുള്ളത് കർത്താവായ ക്രിസ്തു തയ്യാറാക്കി വച്ചിട്ടുണ്ടായിരിക്കും. ആഷ്‌ലിൻ ബാബുവിന്റെ ജീവിതത്തിലെന്നപോലെ!

ലോകം മുഴുവനും വലിയ ദുരിതത്തിലൂടെ കടന്നുപോകുമ്പോഴും, മനുഷ്യ ജീവിതത്തിൽ ധാരാളം വിഷമങ്ങളുണ്ടാകുമ്പോഴും ക്രൈസ്തവർ ക്രിസ്തുവിൽ സമാധാനം കണ്ടെത്തുന്നത്   സ്നേഹമുള്ളവരേ, ലോകം മുഴുവനും ശ്രദ്ധിക്കുന്നുണ്ട്. ഏതു സാഹചര്യത്തിലും നാം ഭയരഹിതരായിരിക്കണമെന്നു ക്രിസ്തു ആഗ്രഹിക്കുന്നു. കാരണം അവിടുന്ന് നമ്മുടെ ജീവിതത്തിൽ ഇടപെടും, നമുക്ക് സമാധാനം നൽകാൻ, സമൃദ്ധി നൽകാൻ, ജീവൻ നൽകാൻ, നമ്മെ മുന്നോട്ടു നയിക്കാൻ. സഹോദരീ, സഹോദരാ, ഈ ഞായറാഴ്ച്ച നിനക്കായി, നിന്റെ ജീവിതത്തിനായി, നിന്റെ ജീവിതത്തിനായി മാത്രം ക്രിസ്തു ഒരുക്കിയിരിക്കുന്ന ദിനമാണ്.  സഹോദരീ, സഹോദരാ, ഈ ഞായറാഴ്ച്ചയിലെ ദൈവവചനം നിനക്കായി, നിന്റെ ജീവിതത്തിനായി, നിന്റെ ജീവിതത്തിനായി മാത്രം ക്രിസ്തു ഒരുക്കിയിരിക്കുന്ന സന്ദേശമാണ്. നിന്റെ ജീവിതമാകുന്ന കടൽക്കരയിൽ ക്രിസ്തുവിനെ അന്വേഷിക്കുക, നീ കണ്ടെത്തുക തന്നെ ചെയ്യും. ദേ, നിന്റെ ജീവിതത്തിന്റെ, കുടുംബത്തിന്റെ കടൽക്കരയിൽ ഈശോ നിൽക്കുന്നു!!! ആമ്മേൻ!