SUNDAY SERMON: FEAST OF ST. THOMAS

ജൂലൈ 3, 2023

മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ

നാമിന്ന്, വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിക്കുകയാണ്. ഇന്നലെകളെ ഓർമിക്കുവാനും, നാം ജീവിക്കുന്ന വർത്തമാനകാലത്തെ അറിയുവാനും, നാളെയെ കരുതലോടെ കരുപ്പിടിപ്പിക്കുവാനുമുള്ളതാണ് വിശുദ്ധരുടെ തിരുനാളുകൾ, പ്രത്യേകിച്ച് വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ. ഇന്നത്തെ സുവിശേഷത്തിൽ വായിച്ചു കേട്ടതുപോലെ, ക്രിസ്തുവിനുവേണ്ടി മരിക്കുവാൻ തയ്യാറാകുന്ന പ്രേഷിത ധീരത സ്വന്തമാക്കുവാൻ, ധീരതയോടെ ക്രിസ്തുവിനായി ജീവിക്കുവാൻ ദുക്റാന തിരുനാൾ നമ്മെ ക്ഷണിക്കുകയാണ്; വിശുദ്ധ തോമാശ്ലീഹാ പകർന്നു തന്ന ക്രിസ്തുവിലുള്ള വിശ്വാസ ദീപം കരിന്തിരി കത്താതെ, ഉജ്ജ്വലമായി ആളിക്കത്തിച്ചുകൊണ്ട് വരും തലമുറയ്ക്ക് കൈമാറുവാൻ ഭാരത സഭാമക്കളേ മുന്നോട്ടുവരുവിൻ എന്ന് ഇന്നത്തെ തിരുനാൾ നമ്മോട് ആഹ്വാനംചെയ്യുകയാണ്. ഈ ക്ഷണത്തിന്റെ, ആഹ്വാനത്തിന്റെ പ്രാധാന്യവും, പ്രസക്തിയും മനസ്സിലാക്കിക്കൊണ്ട് ദുക്റാന തിരുനാളിന്റെ സന്ദേശം നമുക്ക് ശ്രവിക്കാം.

വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ നാം ആചരിക്കുമ്പോൾ, ഓർക്കണം, ഭാരത സഭ , കേരള കത്തോലിക്കാ സഭയിലെ സീറോ മലബാർ സഭ  ഇന്ത്യൻ ജീവിതത്തിന്റെ വളക്കൂറുള്ള മണ്ണിൽ വളർന്ന്, ഇന്ത്യൻ മനസ്സിന് എക്കാലത്തേക്കും തണലായി നിൽക്കുന്ന ഒരു മഹാസാന്നിധ്യമാണ്. ആ മഹാ സാന്നിധ്യം ഇന്ന് വലിയ പ്രതിസന്ധിയിലാണ്. ഞാനീ പറഞ്ഞ പ്രസ്‌താവം വെറുതെ കേട്ടുമറക്കാനുള്ള ഒന്നല്ല. വിശുദ്ധ തോമാശ്ലീഹാ നമുക്ക് പകർന്നു തന്ന ക്രിസ്തുവിലുള്ള വിശ്വാസം ഭാരതത്തിൽ, കേരളത്തിൽ വരും നാളുകളിൽ നിലനിൽക്കണമെങ്കിൽ, നമ്മുടെ വരുംതലമുറ ക്രിസ്തുവിന്റെ സ്നേഹത്തിലും, സന്തോഷത്തിലും, നീതിയിലും ജീവിക്കണമെങ്കിൽ, നാം ഈ പ്രസ്താവനയെ ഗൗരവമായി കാണണം, പ്രത്യേകിച്ചും, കത്തിക്കൊണ്ടിരിക്കുന്ന മണിപ്പൂരിന്റെ പശ്ചാത്തലത്തിൽ! വർഗീയ ഫാസിസ്റ്റ് ശക്തികൾ വളരെ സമർത്ഥമായി കാപട്യത്തിന്റെ മുഖംമൂടിയണിഞ്ഞ് ക്രൈസ്തവരെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുമ്പോൾ!! കാരണം, നിലനിൽപ്പിന്റെ ഭീഷണി നേരിടുകയാണ് ഭാരത ക്രൈസ്തവ സഭയിന്ന്. വാർത്താമാധ്യമങ്ങൾ പലതും തമസ്കരിക്കുന്നുണ്ടെങ്കിലും, നീതിന്യായ കോടതികൾ ഈ സത്യം സമ്മതിക്കുന്നുണ്ട്. ക്രൈസ്തവർക്കെതിരെ ഭാരതത്തിൽ നടക്കുന്ന ആക്രമണങ്ങളെ „നിർഭാഗ്യകര“മെന്നാണ് ഭാരതത്തിന്റെ സുപ്രീംകോടതി വിശേഷിപ്പിച്ചത്. ഭാവിയിൽ ഒരു ദുക്റാന തിരുനാളാഘോഷിക്കുവാൻ ക്രൈസ്തവരുണ്ടാകുമോ, പള്ളികളുണ്ടാകുമോയെന്ന ഭയം ഭാരത -കേരളക്രൈസ്തവരിൽ വളർന്നുവരുന്നുണ്ട്.

ഇങ്ങനെയുള്ള ഒരു അന്തരീക്ഷത്തിൽ മാർതോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിക്കുമ്പോൾ നാം അറിയണം ആരായിരുന്നു വിശുദ്ധ തോമാശ്ലീഹാ എന്ന്. നാമറിയണം എങ്ങനെയാണ് തോമാശ്ലീഹാ ഭാരതത്തിൽ ക്രിസ്തുവിനെ പ്രഘോഷിച്ചതെന്ന്. നാമറിയണം എന്തുമാത്രമായിരുന്നു വിശുദ്ധന്റെ പ്രേഷിത തീക്ഷ്ണത എന്ന്, പ്രേഷിത ധൈര്യം എന്ന്.

വിശുദ്ധ തോമാശ്ലീഹാ, ഈശോയുടെ ശിഷ്യനായി ഒരു പ്രച്ഛന്ന വേഷധാരിയായിട്ടല്ല ഭാരതത്തിൽ വന്നത്. ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾക്ക് ഒച്ചയും, കണ്ണും, മുഖവും, നടത്തവും, കൈ ആംഗ്യങ്ങളുമെല്ലാം കൊടുക്കുന്ന അഭിനേതാവിനെപ്പോലെ, ക്രിസ്തുവിനെ അഭിനയിച്ചു കാണിക്കാൻ വന്ന ഒരു അഭിനേതാവുമായിരുന്നില്ല തോമാശ്ലീഹാ. ദിദീമോസ്‌ എന്ന വാക്കിന് ഇരട്ട എന്നർത്ഥമുള്ളതുകൊണ്ട്, വിശുദ്ധ തോമാശ്ലീഹാ ഒരു Split Personality ക്കാരനായിരുന്നോ എന്ന് സംശയിക്കുന്നവരും ഉണ്ട് പണ്ഡിതഗണത്തിൽ. എന്നാൽ, ഒരു പാതികൊണ്ട് സംശയിക്കുകയും മറുപാതിക്കൊണ്ട് സ്നേഹിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്ന ഒരാളായിരുന്നില്ല തോമസ്! സ്വന്തം ജീവിതത്തിലൂടെ ക്രിസ്തുവിന് പ്രവർത്തിക്കുവാൻ അദ്ദേഹം ഒരു ഉപകരണമാകുകയായിരുന്നു – an effective instrument in the hands of God! ചായം കഴുകിക്കഴിയുമ്പോൾ കഥാപാത്രത്തിൽ നിന്ന് മോചനം നേടുന്ന അഭിനേതാവിനെപ്പോലെയല്ല, ജീവിതത്തിന്റെ ഓരോ നിമിഷവും, ജീവിതം മുഴുവനും തോമാശ്ലീഹാ ക്രിസ്തു ശിഷ്യനായിരുന്നു, നല്ല original Disciple of Christ! പ്രകൃതിയോട് നീതിപുലർത്താത്ത ക്രത്രിമജലം – ക്ളോറിനേറ്റഡ് ജലം, കുപ്പികളിലടച്ച ജലം, മലിനമായ ജലം – ക്രിസ്റ്റലുകളെ രൂപപ്പെടുത്താത്ത പോലെ, ക്രിസ്തുവിനോട് നീതിപുലർത്താത്ത ഒരു ശിഷ്യനും, ക്രിസ്തുവിനെ അതിന്റെ പൂർണതയിൽ ലോകത്തിന് നൽകുവാൻ കഴിയില്ല.

അധികാരത്തിന്റെയും, സമ്പത്തിന്റെയും, സ്ഥാനമാനങ്ങളുടെയും പിന്നാലെ ലോകം ഓടുമ്പോൾ, അതിനോടൊപ്പം ഓടാതെ, ക്രിസ്തുവിനുവേണ്ടി ലോകത്തിന് എതിരേ ഓടിക്കൊണ്ട് ദൈവത്തിന്റെ ഇഷ്ടം അതിന്റെ ഏറ്റവും മഹത്വത്തിൽ ജീവിച്ചവനാണ് വിശുദ്ധ തോമാശ്ലീഹാ. ക്രിസ്തുവിനെ കൊല്ലുവാൻ plan തയ്യാറാക്കുന്ന യഹൂദരരുടെ അടുത്തേക്ക്, ക്രിസ്തുവിനോടൊപ്പം പോകാൻ മറ്റു ശിഷ്യന്മാർ മടികാണിച്ചപ്പോൾ, തങ്ങളെയും അവർ ആക്രമിച്ചെങ്കിലോ എന്നോർത്ത് പിന്നോട്ട് നിന്നപ്പോൾ, “നമുക്കും അവനോടൊപ്പം പോയി മരിക്കാ“മെന്ന് ധൈര്യപൂർവം പറഞ്ഞവനാണ് തോമാശ്ലീഹാ. താൻ വഴിയും സത്യവും ജീവനുമാണെന്ന വലിയ വെളിപാട് ലോകത്തോട് പ്രഘോഷിക്കുവാൻ ക്രിസ്തുവിനൊപ്പം നിന്നവനാണ് തോമാശ്ലീഹാ. ഉത്ഥിതനായ ക്രിസ്തുവിനെക്കണ്ട ശിഷ്യരുടെ ജീവിതത്തിൽ പിന്നെയും നിരാശയും, പ്രതീക്ഷയില്ലായ്മയും, സങ്കടവും ദർശിച്ചതുകൊണ്ട്, ഉത്ഥിതനായ ക്രിസ്തുവിനെ തനിക്കും കാണണമെന്ന് ശാഠ്യം പിടിച്ചവനാണ് തോമാശ്ലീഹാ. വീണ്ടും, ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടപ്പൊഴോ, തന്റെ conditions എല്ലാം മറന്ന് അവിടുത്തെ “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന് ഏറ്റുപറഞ്ഞവനാണ് തോമാശ്ലീഹാ. അതിനുശേഷം ധൈര്യത്തോടെ കേട്ടറിവുപോലുമില്ലാത്ത രാജ്യത്തുവന്ന്, ഭാഷയറിയാത്ത ഭാരതദേശത്തുവന്ന് ക്രിസ്തുവിനെ പ്രസംഗിച്ചവനാണ് തോമാശ്ലീഹാ. ക്രിസ്തുവിനെ പ്രഘോഷിച്ചതിന്റെ പേരിൽ, ക്രിസ്തുവിനെ ഭാരതത്തിന് നൽകിയതിന്റെ പേരിൽ ശത്രുക്കളാൽ കൊല്ലപ്പെട്ടവനാണ്, രക്തസാക്ഷ്യത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം നല്കിയവനാണ് തോമാശ്ലീഹാ.

ഇത്രയും ധീരനായ ഒരു വ്യക്തിയാണ്, ക്രിസ്തുവിലുള്ള നമ്മുടെ, എന്റെ വിശ്വാസത്തിന്റെ പിതാവെന്നത് അഭിമാനകാരമല്ലേ പ്രിയപ്പെട്ടവരേ?

തോമാശ്ലീഹാ ഈശോയുടെ ശിഷ്യനായ രംഗം വളരെ മനോഹരമായി വിവരിക്കുന്നുണ്ട് മരിയാ വാൾതോത്തയുടെ “ദൈവ മനുഷ്യ സ്നേഹഗീത” എന്ന പുസ്തകത്തിൽ.

“ഈശോയോടൊപ്പം ചേരണമെന്നാഗ്രഹിച്ചു് നിറഞ്ഞ മനസ്സോടെയാണ് അയാൾ ഈശോയെ കാണുവാൻ ചെന്നത്. കൂടെ യൂദാസും ഉണ്ടായിരുന്നു. പക്ഷേ, ആദ്യ കൂടിക്കാഴ്ച്ച അയാളിൽ പരിഭ്രമം ജനിപ്പിച്ചു. അവിടുത്തെ വചനങ്ങൾ അയാളിൽ സ്വന്തം ബലഹീനതകളെ ക്കുറിച്ചുള്ള ചിന്ത ഉളവാക്കി. ശുഷ്യനാകുവാൻ താൻ അയോഗ്യനാണെന്ന് അയാൾ ചിന്തിച്ചുപോയി. “നീ എത്രയോ പരിശുദ്ധൻ. നിന്റെ സമീപം നിൽക്കുവാൻ പോലും ഞാൻ അയോഗ്യൻ” എന്ന് പറഞ്ഞു തോമസ് യാത്ര പറഞ്ഞു പിരിഞ്ഞു. എന്നാൽ പോകുന്നതിനുമുമ്പ്, “ഞാൻ വീണ്ടും വരുമ്പോൾ നീ എന്നെ വന്നു കാണണം” എന്നും, ” ദീദിമൂസ് എന്ന നിന്റെ നാമം ഞാൻ ഓർത്തിരിക്കും ” എന്നും ഈശോ അവനോട് പറഞ്ഞു. അയാൾ തിരികെ വരുമെന്ന് ഈശോയ്ക്കറിയാമായിരുന്നു. കുറച്ചു ദിവസങ്ങൾക്കുശേഷം, അയാൾ വരികയും ചെയ്തു. വന്നതേ അയാൾ ഈശോയുടെ കാൽക്കൽ വീണു. എന്നിട്ട് പറഞ്ഞു: “നീ വരുന്നതുവരെ കാത്തിരിക്കുവാൻ വയ്യ. ദയവായി എന്നെ നിന്റെ ശിഷ്യനായി സ്വീകരിച്ചാലും. ഞാൻ തെറ്റുകൾ ചെയ്തവനാണ്. എങ്കിലും ഒന്ന് എനിക്ക് ഉറപ്പുണ്ട്.  നിറയെ സ്നേഹമുണ്ട്.” അതായിരുന്നു ഈശോയ്ക്ക് വേണ്ടതും. തോമയുടെ തലയിൽ കൈകൾ വച്ച് അനുഗ്രഹിച്ചുകൊണ്ട് ഈശോ പറഞ്ഞു: “ദീദിമൂസ് നീ ഇന്നുമുതൽ ഞങ്ങളോടൊപ്പം താമസിച്ചുകൊള്ളുക. ഇന്നുമുതൽ നീ എന്റെ ശിഷ്യനാണ്.” അന്നുമുതൽ തോമ ഈശോയുടെ ശിഷ്യനായി.”

സ്നേഹമുള്ളവരേ, ഹൃദയം നിറയേ സ്നേഹം ഉണ്ടെങ്കിലേ ഈശോയുടെ ശിഷ്യനാകുവാൻ കഴിയൂ. നമ്മുടെ അയോഗ്യതയല്ല, ബലഹീനതയല്ല ശിഷ്യത്വത്തെ ദൈവാനുഗ്രഹപ്രദമാക്കുന്നത്. നമ്മുടെ സ്നേഹവും, ത്യാഗവും, ആഗ്രഹവും ഒത്തുചേരുമ്പോൾ മാനുഷികമായ ബലഹീനതകൾ ദൈവത്തിന്റെ കൃപ ഒഴുകിവരുന്ന ചാലുകളായി മാറും. ഹൃദയം നിറയെ സ്നേഹമുണ്ടെങ്കിൽ നമുക്ക് നാം ആയിരിക്കുന്ന ഇടങ്ങളിൽ ക്രിസ്തുവിന്റെ ശിഷ്യരാകാൻ കഴിയും. തോമസ് എന്ന ശിഷ്യനെ ശരിക്കും മനസ്സിലാക്കാൻ നമുക്ക് കഴിയണം. ഗുരുവില്ലാത്ത ജീവിതത്തേക്കാൾ, നല്ലത് ഗുരുവിനോടൊത്തുള്ള, ഗുരുവിനുവേണ്ടിയുള്ള മരണമാണ് എന്ന് ബോധ്യമുണ്ടായിരുന്നവനാണ് തോമാശ്ലീഹാ. നമ്മുടെയൊക്കെ ക്രൈസ്തവജീവിതങ്ങൾക്ക് ഇല്ലാതെ പോയിരിക്കുന്നതും അത് തന്നെയാണ്.

മറ്റൊന്ന്, തോമാശ്ലീഹായുടെ ഈശോയെക്കുറിച്ചുള്ള അറിവാണ്. അന്നുവരെ, മനുഷ്യർ ഗുരുക്കന്മാരെ കണ്ടിരുന്നത് സത്യത്തിലേക്കുള്ള, ജ്ഞാനത്തിലേക്കുള്ള വഴി കാണിച്ചുതരുന്ന ദൈവമനുഷ്യരായിട്ടാണ്. ഭാരതത്തിലും അങ്ങനെത്തന്നെയായിരുന്നു ഗുരുക്കന്മാരെ കണ്ടിരുന്നത്. ഗുരു വഴികാണിക്കുന്നവനാണ്; വെളിച്ചത്തിലേക്ക് നയിക്കുന്നവനാണ് എന്ന ശക്തമായ പാരമ്പര്യം ഇപ്പോഴും നമുക്ക് ഉണ്ട്. സംസ്കൃതത്തിൽ പറയുന്നത്, ഗു ശബ്ദം അന്ധകാരം. രു ശബ്ദം തത് നിരോധകം എന്നാണ്.  എന്നുവച്ചാൽ, അന്ധകാരത്തെ മാറ്റി വെളിച്ചം നൽകുന്നവൻ ആരോ, അവനാണ് ഗുരു. തോമസും അങ്ങനെത്തന്നെയാണ് വിചാരിച്ചിരുന്നത്. അതുകൊണ്ടല്ലേ അദ്ദേഹം പറഞ്ഞത്, “വഴി ഞങ്ങൾ എങ്ങനെ അറിയും. ഞങ്ങൾക്ക് വഴി കാണിച്ചു താ.” അപ്പോഴാണ് അയാൾ അറിയുന്നത് ക്രിസ്തു വഴി കാണിച്ചു തരുന്നവൻ മാത്രമല്ല. അവിടുന്ന് വഴി തന്നെയാണ്. സത്യം പറയുന്നവൻ മാത്രമല്ല, സത്യം തന്നെയാണ്. ജീവൻ നൽകുന്നവൻ മാത്രമല്ല, ജീവൻ തന്നെയാണ്.  അപ്പം നൽകുന്നവൻ മാത്രമല്ല, അപ്പം തന്നെയാണ്. സൗഖ്യം നൽകുന്നവൻ മാത്രമല്ല, സൗഖ്യം തന്നെയാണ്. പ്രകാശം കാണിക്കുന്നവൻ മാത്രമല്ല, പ്രകാശം തന്നെയാണ്.

അന്നുവരെ ഉണ്ടായിരുന്ന ഗുരു സങ്കല്പങ്ങളെല്ലാം ക്രിസ്തുവിൽ മാറി മറിയുകയാണ്. ക്രിസ്തു അന്നുവരെയുണ്ടായിരുന്ന ഗുരു സങ്കല്പങ്ങളുടെയെല്ലാം പൂർത്തീകരണമാകുകയാണ്. തോമസിൽ രൂപാന്തരം സംഭവിക്കുകയാണ്. അപ്പോൾ മുതൽ അയാൾ കാണുന്ന വഴികളെല്ലാം ക്രിസ്തുവായി മാറി. അയാൾ കേൾക്കുന്ന, കാണുന്ന സത്യമെല്ലാം ക്രിസ്തുവായി മാറി. അയാൾ കാണുന്ന ജീവനെല്ലാം, ജീവനുള്ളതെല്ലാം എന്തായി മാറി അയാൾക്ക്? ക്രിസ്തുവായി മാറി. അതാ, ജറുസലേമിലെ വഴിയും, ഇങ്ങു ഭാരതത്തിലെ വഴിയും അയാൾക്ക് സമം. എല്ലാം ക്രിസ്തുവാണ്. ജെറുസലേമിലുള്ളതും, ജെറുസലേമിലുള്ളവരും, ഭാരതത്തിലുള്ളതും, ഭാരതത്തിലുള്ളവരും അയാൾക്ക്‌ സമം. എല്ലാം ക്രിസ്തുവാണ്. അങ്ങനെയാണ് അയാളിൽ ഒരു മിഷനറി, പ്രേഷിതൻ രൂപപ്പെട്ടത്. അങ്ങനെയാണ് നമ്മിൽ ഒരു ക്രൈസ്തവ, ക്രൈസ്തവൻ, ഒരു മിഷനറി, പ്രേഷിതൻ രൂപപ്പെടേണ്ടത്, പിറവിയെടുക്കേണ്ടത്. സ്നേഹമുള്ളവരേ, നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ വിശ്വാസ വ്യക്തിത്വം എത്രയോ ധന്യമാണ്! എത്രയോ മഹനീയമാണ്!

ഭാരതത്തിൽ ഇന്ന് ക്രൈസ്തവർ ധാരാളം പീഡനം അനുഭവിക്കുന്നുണ്ട്. ശരിയായിരിക്കാം, നമുക്കത് അനുഭവപ്പെടുന്നില്ല. ഇവിടെ നാം സുരക്ഷിതരായിരിക്കാം. പക്ഷേ, കാലത്തിന്റെ ചുവരെഴുത്തു് വായിച്ചാൽ മനസ്സിലാകും, ഈ സുരക്ഷിതത്വത്തിന് ആയുസ്സ് കുറവാണ്. തോമാശ്ലീഹായിലൂടെ ലഭിച്ച വിശ്വാസം ജീവിക്കുവാനും, ഏറ്റുപറയുവാനും സാധിക്കാത്തത്ര ബുദ്ധിമുട്ടുകൾ നേരിടുന്ന കാലം വിദൂരമല്ല. തോമാശ്ലീഹായെപ്പോലെ നാം ധൈര്യമുള്ളവരാകണം. ക്രിസ്തുവിനുവേണ്ടി ജീവിക്കുവാൻ താത്പര്യമുള്ളവരാകണം. ഇരിക്കുന്ന കമ്പ് മുറിക്കുന്ന വിഡ്ഢികളാകാതെ പരസ്പരം സഹായിച്ചും, സഹകരിച്ചും ക്രൈസ്തവജീവിതങ്ങളെ നിർമ്മലമാക്കിയും നാം മുന്നേറേണ്ടിയിരിക്കുന്നു. സ്വന്തം സ്വാർത്ഥ ലാഭങ്ങൾക്കുവേണ്ടി നിലകൊള്ളാതെ, ക്രിസ്തുവിനോടൊപ്പം, തിരുസ്സഭയോടൊപ്പം നിന്നുകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ തയ്യാറാകേണ്ടിയിരിക്കുന്നു.

എന്റെ ആശ്രമത്തിന്റെ മുറ്റത്തുനിന്ന് കിഴക്കോട്ട് നോക്കിയാൽ തട്ടുപാറപ്പള്ളി കാണാം. അവിടെ തോമാശ്ലീഹാ ധ്യാനിച്ചിരുന്ന ഒരു ഗുഹയുണ്ട്. അടുത്തായതുകൊണ്ടും, തോമാശ്ലീഹായുടെ പ്രേഷിത ചൈതന്യം നിറഞ്ഞും നിൽക്കുന്ന ഇടമായതുകൊണ്ടും ഇടയ്ക്കൊക്കെ ഞാനവിടെ പോകാറുണ്ട്. (ഇവിടുന്ന് മലയാറ്റൂർക്ക് ഒരു 12 കിലോമീറ്റർ കാണും) തോമാശ്ലീഹാ കേരളത്തിൽ വന്നോ ഇല്ലയോ എന്ന സംശയമൊന്നും ഇവിടെ വരുമ്പോൾ എന്നെ അലട്ടാറില്ല. വാദമുഖങ്ങൾ നിരത്തി അത് തെളിയിക്കണമെന്നും എനിക്ക് തോന്നാറില്ല. പക്ഷേ, ലോകരക്ഷകനായ ക്രിസ്തുവിനെ പൂർവികർക്ക് പകർന്നുകൊടുക്കാനും, ആ വിശ്വാസം ഇന്നുവരെ ശക്തമായി നിലനിർത്താനും തോമാശ്ലീഹാ ഉപകരണമായതിൽ ഞാൻ സന്തോഷിക്കുന്നു. ആരെങ്കിലും പകർന്നു തരാതെ നമുക്കിത് ലഭിക്കില്ലല്ലോ. ആ മഹാ വ്യക്തിത്വം തോമാശ്ലീഹായാണ് എന്ന് വിശ്വസിക്കുവാനാണ് എനിക്കിഷ്ടം!

സമാപനം

സ്നേഹമുള്ളവരേ, ഈ ജൂലൈ മൂന്ന് നമുക്കൊരു പ്രത്യേക ദിവസമാകട്ടെ. നമ്മുടെ ക്രൈസ്തവ ജീവിതം സമഗ്രമായ ഒരു ചിന്താമാറ്റത്തിന് വിധേയമാകട്ടെ. അതിന് തോമാശ്ലീഹായുടെ വ്യക്തിത്വം നമുക്ക് പ്രചോദനം നല്കട്ടെ. വിശുദ്ധ തോമാശ്ലീഹാ പകർന്നു തന്ന ക്രിസ്തുവിലുള്ള വിശ്വാസദീപം ഇന്നും ജ്വലിച്ചു നിൽക്കുന്നപോലെ, കൂടുതൽ ശോഭയോടെ പ്രോജ്വലിച്ചു നിൽക്കുവാൻ നാം തോമാശ്ലീഹായിൽ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു. കുറച്ചു കാര്യങ്ങൾ സമഗ്രമായി പഠിപ്പിക്കുന്ന സ്കൂൾ ആണ് വിശുദ്ധ തോമാശ്ലീഹാ. തോമാശ്ലീഹാ ചൊല്ലിത്തരുന്ന പാഠങ്ങൾ ഇവയാണ്: പാഠം ഒന്ന്, ഹൃദയം നിറയെ ക്രിസ്തുവിനോടുള്ള സ്നേഹമുണ്ടായിരിക്കണം. പാഠം രണ്ട്, ക്രിസ്തു ആരെന്ന് വ്യക്തമായി അറിയണം. പാഠം മൂന്ന്, ജീവിത സാഹചര്യങ്ങളിൽ ക്രിസ്തുവിനെ കർത്താവും ദൈവവുമായി ഏറ്റുപറയണം. പാഠം നാല്, പ്രേഷിത ധൈര്യത്തോടെ ക്രിസ്തുവിനുവേണ്ടി മരിക്കാൻ തയ്യാറാകണം. ഈ നാല് പാഠങ്ങളിലും Full A+ ഉണ്ടെങ്കിൽ നമ്മുടെ ക്രൈസ്തവ ജീവിതം മനോഹരമാകും. നാം ചെയ്യുന്ന എല്ലാ പ്രവൃത്തികളും ദൈവാനുഗ്രഹം നിറഞ്ഞതാകും. നമ്മുടെ കുടുംബവും, കുടുംബത്തിലുള്ളവരും ക്രിസ്തുവാകുന്ന വഴിയിലൂടെ, സത്യത്തിലൂടെ ജീവനിലൂടെ നടക്കും. വിശുദ്ധ തോമാശ്ലീഹായെപ്പോലെ നാം നമുക്ക്, നമ്മുടെ കുടുംബത്തിന്, ഈ ലോകത്തിന് ഒരു അനുഗ്രഹമാകും.

ഓർക്കുക, ഭാരതസഭയും, ക്രൈസ്തവരും അവരുടെ പ്രേഷിത ധീരത വീണ്ടെടുക്കുന്നില്ലെങ്കിൽ അടുത്ത ദശാബ്ദത്തിൽ ഭാരത ക്രൈസ്തവർക്ക്, കേരള ക്രൈസ്തവർക്ക് പിടിച്ചു നില്ക്കാൻ ഒന്നുമില്ലാതെയായിത്തീരും. ആമേൻ!

SUNDAY SERMON LK 12, 57-13, 5

ശ്ളീഹാക്കാലം ആറാം ഞായർ

ലൂക്ക 12, 57 – 13, 5

നമ്മുടെ ആരാധനാക്രമത്തിലെ ശ്ളീഹാക്കാലത്തിന്റെ ആറാം ഞായറാഴ്ചയാണിന്ന്. മെല്ലെ ഭയപ്പെടുത്തുന്ന സ്വരത്തിലാണെങ്കിലും, അന്ന് ഈശോയെ ശ്രവിച്ചുകൊണ്ടിരുന്ന ഇസ്രായേൽ ജനത്തിനെന്നപോലെ, ഇന്ന് നമുക്കും പശ്ചാത്താപം ആവശ്യമുണ്ടെന്നും, പശ്ചാത്തപിച്ചില്ലെങ്കിൽ നാമും നശിക്കുമെന്നും ദൈവ വചനത്തിലൂടെ ഈശോ നമ്മെ ഓർമപ്പെടുത്തുകയാണ്. കാലിക പ്രസക്തിയുണ്ടായിരുന്ന രണ്ട് സംഭവങ്ങളെ മുൻനിർത്തിയാണ് ഈശോ അന്നത്തെ ഇസ്രായേൽ ജനത്തിനും ഇന്ന് നമുക്കും warning തരുന്നത്. “പശ്ചാത്തപിച്ചില്ലെങ്കിൽ നിങ്ങളും മരിക്കും.”

വായിച്ചുകേട്ട സുവിശേഷത്തിൽ പ്രതിപാദിക്കപ്പെടുന്ന ഒന്നാമത്തെ സംഭവം ഗലീലിക്കാരുടെ ബലിയിൽ പീലാത്തോസ് രക്തം കലർത്തിയതാണ്. വർഷങ്ങൾക്ക് മുൻപ് സംഭവിച്ച ടൈറ്റാനിക് തകർച്ചയും, ആ കപ്പലിനെ അന്വേഷിച്ചിറങ്ങിയ അഞ്ചാംഗയാത്രക്കാരുടെ Titan Submercible ന്റെ ദുരന്തവും, ഇന്ന് ജനങ്ങൾക്കിടയിൽ സംസാരവിഷയമായിരിക്കുന്നതുപോലെ, ഈശോയുടെ കാലത്തെ ഗലീലിക്കാരുടെ ബലിയിൽ പീലാത്തോസ് രക്തം കലർത്തിയ സംഭവവും ജനങ്ങൾക്കിടയിൽ ഒരു talk ആയിരുന്നു. ഇതിങ്ങനെ സംസാരവിഷയമാകാൻ കാരണം ഈ കൃത്യം റോമൻ പോലീസിന്റെ, പടയാളികളുടെ ഒരു ക്രൂരവിനോദമായിരുന്നതിനാലാണ്. ജറുസലേമിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ട റോമൻ പടയാളികൾ ഗലീലിയിൽ നിന്ന് വന്ന കുറച്ചുപേരെ സംശയാസ്പദമായി കാണുകയും കൊന്നുകളയുകയും ചെയ്തു. മാത്രമല്ലാ, ഹെബ്രായ മതങ്ങളിലുണ്ടായിരുന്ന പോലെ, ഈ ഗലീലിയക്കാരെവച്ചു രക്തബലി നടത്തുകയും ചെയ്തു. ഹെബ്രായ മതങ്ങളിൽ രക്തബലിക്കുള്ള ഇര (Victim) കൊല്ലപ്പെടേണ്ടതുണ്ട്. ഈ മതങ്ങളിൽ രക്തബലി യഹോവയോടുള്ള സമ്പൂർണ സമർപ്പണത്തിന്റെ പ്രതീകമാണ്, ദൈവത്തോടുള്ള അടിയറവു പറയലിന്റെ പ്രതീകമാണ്. ഇവിടെ പടയാളികളുടെ ലക്‌ഷ്യം മറ്റൊന്നായിരുന്നു. പടയാളികൾ തങ്ങൾ കൊന്ന ഗലീലിക്കാരോടൊപ്പം അവരുടെ രക്തവും കൂടി കലർത്തി ഒരു ബലി നടത്തിയതുവഴി യഹൂദരെ കളിയാക്കുകയായിരുന്നു. ഒപ്പം, സീസറിന്റെ അധികാരം ഉറപ്പിക്കുകയും ചെയ്തു.

രണ്ടാമത്തെ സംഭവം ഒരു ദുരന്തമായിരുന്നു. മനുഷ്യനിർമിതമല്ലാത്ത ഒരു ദുരന്തം. പതിനെട്ടുപേർ മരണപ്പെട്ട ആ ദുരന്തവും അന്ന് ജനങ്ങളുടെ സംസാരവിഷയമായിരുന്നു. നമ്മിൽ ഏറെപ്പേർ ഇന്നും കരുതുന്നതുപോലെ, അന്നത്തെ സാധാരണ മനുഷ്യരും, ആ പതിനെട്ടു പേരുടെ പാപത്തിന്റെ ഫലമായിരിക്കാം അവർക്ക് ഇങ്ങനെ സംഭവിച്ചത് എന്ന് ചിന്തിച്ചവരായിരുന്നു.

റോമൻ പടയാളികളാൽ കൊല്ലപ്പെട്ട ഗലീലിക്കാരും, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണ പതിനെട്ടുപേരും ഇസ്രായേൽ ജനത്തിന്റെ ദൃഷ്ടിയിൽ പാപികളും, പാപത്തിന്റെ ഫലമനുഭവിച്ചവരുമായിരുന്നു. എന്നാൽ, യഹൂദകാഴ്ചപ്പാടുകളിലെ കുറവുകളെ നിരീക്ഷിച്ചും അവ ചൂണ്ടിക്കാട്ടിയും പുതിയൊരു ആത്മീയ വിപ്ലവത്തിന് തുടക്കം കുറിച്ച ക്രിസ്തു ഈ രണ്ടു സംഭവങ്ങളെയും കാണുന്നത് വളരെ വ്യത്യസ്തമായാണ്. റോമൻ പടയാളികളാൽ കൊല്ലപ്പെട്ട ഗലീലിക്കാരും, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണ പതിനെട്ടുപേരും മാത്രമല്ല, അതിന് കാരണക്കാരായവരും, അതിന്റെ സാഹചര്യങ്ങളും എല്ലാം ഈശോയ്ക്ക് പ്രധാനപ്പെട്ടതാണ്.  ഗലീലിയക്കാരെ കൊന്ന റോമാക്കാരും അതിനു എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്ന പീലാത്തോസും, ഗോപുരങ്ങളുടെ ഉറപ്പു പരിശോധിക്കേണ്ട ഉദ്യോഗസ്ഥരും, അതിനെ നവീകരിക്കേണ്ടവരും എല്ലാം ക്രിസ്തുവിന്റെ പഠനത്തിന് വിഷയമാകുകയാണ്. ഈ രണ്ടു സംഭവങ്ങളെയും ഈശോ ജനത്തിന്റെ ആത്മീയ വളർച്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റുകയാണ്. ഈശോ പറയുന്നത് ശ്രദ്ധിക്കുക, ‘പശ്ചാത്തപിക്കുന്നില്ലെങ്കിൽ, നിങ്ങളും നശിക്കും, പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളും വീഴും. ഗോപുരം വീണതിനെക്കാൾ ഭയാനകമായിരിക്കും ആ വീഴ്ച്ച!’

പശ്ചാത്താപത്തിന്റെ മേഖലകൾ വളരെ വിശാലമാണ്. പശ്ചാത്താപം എന്നുപറയുന്നത് വ്യക്തിയുടെ, സമൂഹത്തിന്റെ സമഗ്രമായ മാറ്റമാണ്; നന്മയിലേക്കുള്ള, രക്ഷയിലേക്കുള്ള രൂപാന്തരമാണ്.

നമ്മുടെ പാപം നിറഞ്ഞ അവസ്ഥയിൽ തകർന്നടിയുന്നത് നാം മാത്രമായിരിക്കില്ല. ചിലപ്പോൾ നമ്മുടെ കുടുംബം ഒന്നടങ്കം ആയിരിക്കും. കുടുംബനാഥന്റെ അമിതമായ, കിട്ടുന്നതെല്ലാം നശിപ്പിക്കുന്ന മദ്യപാനത്തിന് ഇരകളാകുന്നത് അദ്ദേഹത്തിന്റെ ഭാര്യയും, നിഷ്കളങ്കരായ മക്കളും ആയിരിക്കും. ഗവൺമെന്റിന്റെ അഴിമതിയും, അനീതിയും, നേതാക്കളുടെ ആർത്തിയും, രാഷ്ട്രീയ കരുനീക്കങ്ങളുടെ ഭാഗമായുണ്ടാകുന്ന കലാപങ്ങളും തകർക്കുന്നത് ഒരു ജനതയെത്തന്നെയായിരിക്കും. നമ്മുടെ വീഴ്ചയിൽ, തകർച്ചയിൽ നാം മാത്രമായിരിക്കില്ല നമ്മോടൊപ്പം അനേകർ, അനേകം നിഷ്കളങ്കരും തകർക്കപ്പെട്ടേക്കാം. നമ്മുടെ ക്രൂരവിനോദങ്ങളിൽ നാം മാത്രമല്ല മറ്റനേകരും കൊല്ലപ്പെട്ടേക്കാം.

ഈസോപ്പുകഥകളിലെ കുട്ടികളെപ്പോലെയാണ് ചിലപ്പോൾ നാം മനുഷ്യർ. രു കുളത്തിന്റെ കരയിൽ കുറച്ചു കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. കളിച്ചു മടുത്തപ്പോൾ കുട്ടികളിലൊരാൾ പറഞ്ഞു: ” നമുക്കിനി കുളത്തിലേക്ക് കല്ലെറിഞ്ഞു കളിക്കാം.” കുട്ടികൾ കല്ലെറിഞ്ഞു കളിക്കാൻ തുടങ്ങി. കുളത്തിലേക്ക് കല്ലുകൾ വീഴുമ്പോഴുള്ള ബ്ലും ബ്ലും ശബ്ദം അവർക്ക് ഒത്തിരി ആനന്ദം നൽകി. എന്നാൽ ആ കുളത്തിലുണ്ടായിരുന്ന കുറച്ചു തവളകൾ വെള്ളത്തിനടിയിൽ ഭയന്ന്

വിറച്ചിരിക്കുകയായിരുന്നു. കുറെ കഴിഞ്ഞപ്പോൾ ഒരു തവള ധൈര്യം സംഭരിച്ചു തല വെള്ളത്തിന് മീതെ ഉയർത്തി കുട്ടികളോട് പറഞ്ഞു: “കുട്ടികളെ, നിങ്ങളുടെ ഈ ക്രൂരവിനോദം ഒരുപക്ഷെ, നിങ്ങൾക്ക് വിനോദമായിരിക്കാം. എന്നാൽ ഞങ്ങൾക്കത് മരണമാണ്.” എന്റെ ജീവിതം, പ്രവർത്തികൾ, സംസാരങ്ങൾ ഒന്നും മറ്റുള്ളവർക്ക് മരണമാകരുതെന്ന് ഈശോ നമ്മോട് പറയുന്നുണ്ട്. ഇന്ന് നാം പത്രങ്ങളിലും, ടിവിയിലും കാണുന്ന ദാരുണ മരണ കഥകൾ ക്രിസ്തുവിന്റെ വചനങ്ങൾ നമ്മെ ഓർമപെടുത്തണം: “പശ്ചാത്തപിക്കുന്നില്ലെങ്കിൽ നീയും നശിക്കും.”

സ്നേഹമുള്ളവരേ, സ്വഭാവ രീതികളെ നാം മനസ്സിലാക്കിയില്ലെങ്കിൽ, നാം മാറ്റുന്നില്ലെങ്കിൽ അത് നമുക്ക് നാശമായിരിക്കും. മാത്രമല്ല, മറ്റുള്ളവർക്കും അത് മരണമായിരിക്കും. നാമാകുന്ന ഗോപുരത്തെ സമയാസമയങ്ങളിൽ നവീകരിച്ചില്ലെങ്കിൽ, അനുതാപത്തിലൂടെ നമ്മെത്തന്നെ നിർമലമാക്കിയില്ലെങ്കിൽ നാമും വീഴും. ഓരോ വീഴ്ചയ്ക്കും ഒരു കാരണമുണ്ട്. അത് എപ്പോഴും ക്രിസ്തു നിന്നിലില്ലാത്ത അവസ്ഥയായിരിക്കും. ക്രിസ്തുവിൽ, അവിടുത്തെ വചനത്തിൽ, അവിടുത്തെ ബലിയിൽ പദമൂന്നിയല്ലാ നീ നടക്കുന്നതെങ്കിൽ മകളേ, മകനേ നീ വീഴും. ഇത് ഭീഷണിപ്പെടുത്തുന്ന ക്രിസ്തു വചനമല്ല. നിന്റെ ജീവിതമറിയുന്ന, നിന്നെ അറിയുന്ന, നിന്നെ സ്നേഹിക്കുന്ന ദൈവത്തിന്റെ സ്നേഹോപദേശമാണ്.

പഴയനിയമത്തിലെ സാവൂൾ രാജാവ് – ഇസ്രായേൽ രാജ്യത്തിന്റെ ആദ്യരാജാവിന്റെ പതനം എത്ര വലുതായിരുന്നു! (1 സാമുവൽ 15, 26) ദാവീദ് രാജാവിന്റെ കഥ അറിയില്ലേ? വീഴ്ച്ച എത്ര ഭയാനകമായിരുന്നു! (2 സാമുവേൽ 7, 13-17) ബൈബിളിലെ, ചരിത്രത്തിലെ ഓരോ വീഴ്ചയ്ക്കും കാരണമുണ്ട്, കാരണങ്ങളുണ്ട്. പ്രധാനമായത്, തിന്മയുടെ വഴിയിൽ നിന്ന് മാറാൻ, മനുഷ്യൻ തയ്യാറാകുന്നില്ല എന്നത് തന്നെയാണ്.  പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളും നശിക്കും!”

മഹാഭാരതത്തിലെ ധർമപുത്രരുടെയും, ഭീമൻ, അർജുനൻ, നകുലൻ, സഹദേവൻ, ദ്രൗപദി എന്നിവരുടെ അവസാന യാത്ര വളരെ ഹൃദയ സ്പർശിയാണ്. എന്തിനുവേണ്ടിയാണോ തങ്ങൾ യുദ്ധം ചെയ്തത് ആ രാജ്യം കിട്ടിയപ്പോൾ അവർ ദുഃഖിതരായി. രാജ്യം പരീക്ഷത്തിനെ ഏൽപ്പിച്ചിട്ടു അവർ മഹാപ്രസ്ഥാനം തുടങ്ങി. അഞ്ച് സഹോദരരും, ദ്രൗപദിയും കൊട്ടാരംവിട്ട് യാത്രയാരംഭിച്ചു. അവരുടേത് ഭൂപ്രദക്ഷിണമായിരുന്നു; ഭൂമിയെ വെടിഞ്ഞവരായി നടത്തുന്ന പ്രദക്ഷിണം. വടക്കോട്ട് നടന്നു ദൂരെ ഹിമാലയം ദൃഷ്ടിയിൽപ്പെട്ടു. അപ്പോൾ ആദ്യം ദ്രൗപദി വീണു. ഭീമൻ ധർമപുത്രരോട് ചോദിച്ചു: “ഒരധർമവും ചെയ്യാത്ത ഇവൾ എന്താണ് വീണത്? യുധിഷ്ഠരൻ പറഞ്ഞു: ” ഇവൾ പക്ഷപാതം കാണിച്ചു,” കൃഷ്ണയെ ഉപേക്ഷിച്ചു നീങ്ങിയ സംഘത്തിലെ സഹദേവൻ വീണു. ഭീമന്റെ ചോദ്യത്തിന് ഉത്തരം വന്നു: ” തന്നെപ്പോലെ അറിവുള്ളവരാരും ഇല്ലെന്ന് കരുതിയവനാണിവൻ. അഹങ്കാരമാണ് ഇവനെ വീഴ്ത്തിയത്.” കുറെ മുന്നോട്ട് പോയപ്പോൾ നകുലൻ വീണു. “ഇവനെന്താണ് പറ്റിയത്? ഭീമൻ ചോദിച്ചു. ” സൗന്ദര്യത്തിൽ തനിക്ക് തുല്യനായി ആരുമില്ലെന്ന് കരുതിയാവാനാണിവൻ.” പിന്നെ വില്ലാളിവീരൻ അർജുനൻ വീണു. ” വാക്ക് പാലിക്കാത്തവനാണിവൻ. അതാണ് ഇവന്റെ വീഴ്ചയുടെ കാരണം.” അവസാനം ഭീമൻ വീണു. ഭീമൻ ചോദിച്ചു: “നിനക്കേറ്റവും ഇഷ്ടപെട്ട ഞാൻ വീണുപോയി. എന്തുകൊണ്ട്? യുധിഷ്ഠിരൻ പറഞ്ഞു: “നീ മറ്റുള്ളവരേക്കാളധികം ഭക്ഷിച്ചു. സ്വന്തം മെയ്യൂക്കിനെ കുറിച്ച് മേനി പറഞ്ഞു. അതുകൊണ്ടാണ് നീ വീണത്.” ധർമ്മപുത്രർ മുന്നോട്ട് നടന്നു, കൂടെ നായയും.

വീഴ്ചകൾ ധാരാളമുണ്ട്. നമ്മുടെ വീഴ്ചകൾ മറ്റുള്ളവർക്ക് ദുരന്തമാകുമ്പോൾ നമ്മുടെ ജീവിതം എത്ര ഭയാനകമാണ്! “പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളും നശിക്കും!”

ചരിത്രത്തിലെ വലിയ വലിയ വീഴ്ചകൾ നല്ല ധ്യാനവിഷയമാണ്. ലോകം മുഴുവൻ വെട്ടിപ്പിടിക്കുവാൻ നടന്ന അലക്‌സാണ്ടർ ചക്രവർത്തി മുതൽ ഇങ്ങോട്ട് ഇന്നലെയും ഇന്നുമൊക്കെ വീഴുന്നവരും, ആ വീഴ്ച്ചകൾക്കു കാരണമാകുന്നവരും, പശ്ചാത്താപത്തിന്റെ വഴിതേടുകയാണെങ്കിൽ വലിയ വലിയ ദുരന്തങ്ങൾ വഴിമാറിപ്പോകും.

അപ്പോൾ പശ്ചാത്താപം ആവശ്യമാണ്. എന്നിലെ ദൈവികതയിലേക്കു ഉണരുന്നതാണ് പശ്ചാത്താപം. ‘എനിക്ക് തെറ്റിപ്പോയി’ എന്നും പറഞ്ഞു കരയുന്നതിനപ്പുറം “എന്നിലെ ദൈവത്തെ പറ്റി ബോധവാനാകാതെ ഞാൻ ജീവിച്ചുപോയി” എന്ന് പറയുവാൻ നമുക്കാകണം. അതാണ് യഥാർത്ഥ പശ്ചാത്താപം. വിശുദ്ധ അഗസ്റ്റിൻ പറഞ്ഞത് അതല്ലേ? ‘നിത്യ നൂതന സൗന്ദര്യമേ, നിന്നെ കണ്ടെത്താൻ ഞാനെന്തേ ഇത്ര വൈകിപ്പോയി?’ അദ്ദേഹം എന്നിട്ട് ചങ്കു പൊട്ടി കരഞ്ഞു. വിശുദ്ധ തോമാശ്ലീഹായുടെ “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന എന്ന വിളി ദൈവത്തിന്റെപോലും കണ്ണുകളെ നനയിക്കുന്ന പശ്ചാത്താപത്തിന്റെ സ്വരമാണ്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ “എന്റെ ദൈവമേ, എന്റെ സർവസ്വവുമേ” എന്ന ഏറ്റുപറച്ചിൽ പശ്ചാത്താപത്തിന്റെതല്ലാതെ മറ്റെന്താണ്? “പശ്ചാത്തപിക്കുന്നില്ലെങ്കിൽ …” എന്ന് ഈശോ പറയുന്നതിന്റെ റേഞ്ച് നാം വിചാരിക്കുന്നതിലും അപ്പുറമാണ്.

നമ്മുടെ ജീവിതാന്തസ്സുകളുടെ മുറ്റങ്ങളിൽ പാപത്തിന്റെ, അവിശ്വസ്തതയുടെ, ആഡംബരങ്ങളുടെ കരിയിലകൾ വീണ് വൃത്തികേടായിരിക്കുകയാണ്. ദൈവത്തിന്റെ സമാധാനം, സമൃദ്ധി നമ്മുടെ ക്രൈസ്തവജീവിതങ്ങളിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. ദൈവത്തിന്റെ ഐശ്വര്യം കെട്ടുപോയിരിക്കുന്നു. ദൈവത്തിന്റെയും, ദൈവ ജനത്തിന്റെയും മുൻപിൽ നിന്നെടുത്ത പ്രതിജ്ഞകളിലെ കൃപ വറ്റിപ്പോയിരിക്കുന്നു. ക്രൈസ്തവ വിവാഹത്തിന്റെയും, പൗരോഹിത്യത്തിന്റെയും, സന്യാസത്തിന്റെയും ശോഭ മങ്ങിപ്പോയിരിക്കുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കിൽ, ജീവിതാന്തസ്സുകൾ സ്വീകരിച്ചിരിക്കുന്നവർ മാത്രമല്ല, അവരോട് ചേർന്നുനിൽക്കുന്നവർ മാത്രമല്ല ഈ ദേശം മുഴുവനും നാശത്തിലേക്ക് നിപതിക്കും. കാരണം, വാക്കുകൾക്ക് ദൈവികതയുടെ, വിശ്വസ്തതയുടെ, വിശുദ്ധിയുടെ കൃപ ലഭിക്കുന്നതാണ് പ്രതിജ്ഞകൾ. ആ പ്രതിജ്ഞകൾ ലംഘിക്കപ്പെട്ടാൽ….!!!!

ന്യായാധിപന്മാരുടെ പുസ്തകത്തിലെ സാംസന്റെ ജീവിതം നമുക്കൊരു പാഠമായിരിക്കണം. നാസീർവ്രതക്കാരനായിരുന്ന സാംസൺ മുടിമുറിച്ചിരുന്നില്ല. നീണ്ട മുടിയിലായിരുന്നു ദൈവികശക്തിയുടെ രഹസ്യം. അതാരോടും പറയാൻ പാടില്ലെന്നായിരുന്നു ദൈവത്തിന്റെ അരുളപ്പാട്. അതാരോടും പറയില്ലെന്നായിരുന്നു ദൈവത്തോടുള്ള അയാളുടെ പ്രതിജ്ഞ. എന്നാൽ ഒരുനാൾ എല്ലാം തെറ്റി. അതോടുകൂടി അയാൾ നിസ്സഹായനായിത്തീർന്നു. പിന്നെ അയാൾ ഒരു സാധാരണക്കാരനായിത്തീർന്നു. “ദേ, ഫിലിസ്ത്യർ വരുന്നു” എന്ന് കേട്ടപ്പോൾ അയാൾ ചാടി എഴുന്നേറ്റു.” പക്ഷെ, അയാൾ ബലഹീനനായി.  അദ്ധ്യായം 16 വചനം 20 ഞെട്ടിപ്പിക്കുന്നതാണ്. “കർത്താവ് തന്നെ വിട്ടുപോയകാര്യം അയാൾ അറിഞ്ഞില്ല.”

ഇന്ന് കത്തോലിക്കാ സഭ, സീറോമലബാർ സഭ, ക്രൈസ്തവകുടുംബങ്ങൾ, ക്രൈസ്തവർ നിസ്സഹായരായി തീർന്നിട്ടിട്ടുണ്ടെങ്കിൽ അതിന്റെ കാരണം ദൈവത്തോട് ചെയ്ത പ്രതിജ്ഞകൾ ലംഘിച്ചുകൊണ്ട്, പശ്ചാത്താപത്തിന്റെ അടയാളംപോലുമില്ലാതെ, ധിക്കാരത്തോടെ ജീവിക്കുന്നു എന്നതാണ്. ഇത്രയൊക്കെ സംഭവിച്ചിട്ടും, ഇത്രമാത്രം തകർച്ചകളുണ്ടായിട്ടും, മണിപ്പൂരിലെ ക്രൈസ്തവർ പീഡനങ്ങൾ അനുഭവിക്കുന്നത് Live ആയി കണ്ടിട്ടും, കർത്താവ് തങ്ങളെ വിട്ടുപോയ കാര്യംപോലും അവർ അറിയുന്നില്ല. ഈശോ പറയുന്നു: “പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളും നശിക്കും.” വിശുദ്ധ പൗലോശ്ലീഹാ  എത്ര കൃത്യമായിട്ടാണ് ഇക്കാര്യം പറഞ്ഞുവച്ചിരിക്കുന്നത്: “ഈ ലോകത്തിന്റെ ദേവന്‍ അവിശ്വാസികളായ (അവിശ്വസ്തരായ) അവരുടെ മനസ്‌സിനെ അന്‌ധമാക്കിയിരിക്കുന്നു. തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്‌തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല.” (2 കോറിന്തോസ്‌ 4 : 4)

സ്വാഭാവിക പ്രവണതകൾക്കനുസരിച്ചു ജീവിക്കാതെ, നമ്മിലെ ദൈവികത വിടർന്നു വിലസുന്ന പൂന്തോട്ടങ്ങളായി നാം മാറണം. ഒരു ചെടിയിലെ ദൈവികതയുടെ പ്രകാശനമാണ് അതിലെ പൂവും, ഫലങ്ങളുമെല്ലാം. പശ്ചാത്തപിക്കുക എന്നാൽ എന്നിലെ ദൈവികതയിൽ കുളിച്ചുകയറുക എന്നാണെന്നു അറിയുവാൻ ഈ ഞായറാഴ്ച്ച നമുക്കാകട്ടെ. അപ്പോൾ നാം മറ്റുള്ളവർക്ക് രക്ഷയാകും, ദുരന്തമാകില്ല.

സമാപനം

സ്നേഹമുള്ളവരേ, ഈശോയുടെ സ്നേഹം നിറഞ്ഞ Warning നമുക്ക് സ്വീകരിക്കാം. നന്മ നിറഞ്ഞ ജീവിതത്തിലേക്ക് കടന്നു വരാം. നമ്മുടെ വിശുദ്ധ കുർബാന, വചന വായന, പ്രാർത്ഥനകൾ ചാരം മൂടിക്കിടക്കുന്ന, പൊടിപിടിച്ചു മറഞ്ഞു കിടക്കുന്ന ആത്മാവിനെ കണ്ടെത്തുവാൻ നമ്മെ സഹായിക്കണം. ഒപ്പം, മറ്റുള്ളവരിലെ കുറ്റങ്ങളും കുറവുകളും

തിരയാതെ, അവരിലെ ആത്മാവിനെ, ക്രിസ്തുവിനെ തിരയാൻ അവരെ നാം സഹായിക്കണം. ഇതാണ് നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ ഉള്ളും ഉൾക്കാമ്പും. ആമേൻ!

SUNDAY SERMON LK 12, 16-34

ശ്ളീഹാക്കാലം അഞ്ചാം ഞായർ

നിയമവാർത്തനം 1, 33-46

ഏശയ്യാ 1, 21-31

1 കോറി 14, 1-12

ലൂക്ക 12, 16 – 34

സന്ദേശം

ഒരായിരം ആകുലതകളുടെ നടുവിലാണ് ഇന്ന് മനുഷ്യർ! ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പനികൾ തന്നെയാണ് നമ്മുടെ ഏറ്റവും അടുത്ത ആകുലത. അതോടൊപ്പം തന്നെ സ്കൂളിൽ, കോളേജിൽ പോകുന്ന നമ്മുടെ മക്കൾ ലഹരിക്കടിമപ്പെടുമോ, മറ്റേതെങ്കിലും തിന്മയുടെ വഴിയിലൂടെ പോകുമോയെന്നത് ഉള്ളു പൊള്ളുന്ന ആകുലതയാണ്. അപ്പോഴാണ് ഉള്ള പൈസപോലും തട്ടിയെടുക്കുന്ന സർക്കാരുകളുടെ വിലവർധന! ആരുമറിയാതെ, ആരും പ്രതികരിക്കാതെ അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ദേഹത്തെവിടെയെങ്കിലും വേദനയോ, ഒരു ചെറിയ തടിപ്പോ വന്നാൽ അത് ക്യാൻസറിന്റെയോ, മറ്റുവല്ല അസുഖത്തിന്റെയോ തുടക്കമാണോയെന്നുളത് നമ്മുടെ ഉത്കണ്ഠതന്നെയാണ്. ലവ് ജിഹാദുപോലുള്ള വർഗീയ പ്രശ്നങ്ങൾ വേറെയും. അങ്ങനെയൊന്നില്ലെന്ന് പറയുമ്പോൾ തന്നെ അതിന്റെ വേദന അനുഭവിക്കുന്നവർ വാവിട്ട് കരയുകയാണ്. അങ്ങനെയങ്ങനെ ആകുലതകൾ ഏറുകയാണ്… ജീവിതത്തിലേക്ക് അരിച്ചിറങ്ങുന്ന ആകുലതകൾക്കിടയിലും, ദൈവത്തിന്റെ വചനം ആശ്വാസത്തിന്റെ ഔഷധമായി നമ്മിലേക്കെത്തുകയാണ്. ഈശോ പറയുന്നു: “നാളെയെക്കുറിച്ച് നിങ്ങൾ ആകുലരാകേണ്ട” എന്ന്. നമ്മെ കരുതുന്ന, വിലമതിക്കുന്ന പിതാവായ ദൈവത്തിന്റെ വലിയ പരിപാലനയെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷം.  

വ്യാഖ്യാനം

ദൈവപരിപാലനയിൽ ആശ്രയം വയ്ക്കുക എന്ന മനോഹരമായ സന്ദേശവുമായിട്ടാണ് ഇന്നത്തെ സുവിശേഷം നമ്മെ സന്ദർശിക്കുന്നത്. സുവിശേഷം തുടങ്ങുന്നത് “അതിനാൽ ഞാൻ നിങ്ങളോടു പറയുന്നു” എന്നും പറഞ്ഞുകൊണ്ടാണ്. എന്തുകൊണ്ടാണ് ഈശോ അതിനാൽ എന്ന് പറയുന്നത്. മുൻപ് പറഞ്ഞ ഒന്നിന്റെ, ഒരു വാദത്തിന്റെ, ഒരു പ്രസ്താവനയുടെ സമാപനം ആയിട്ടാണ് ഈശോ തുടർന്നുള്ള കാര്യങ്ങൾ പറയുന്നത്. ആരാധനാക്രമ കലണ്ടറിൽ വിശുദ്ധ ലൂക്കായുടെ സുവിശേഷം അദ്ധ്യായം 12 ലെ 16 മുതലുള്ള വാക്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും, ഒന്ന് ചുരുക്കാൻ വേണ്ടി നാം ഇന്ന് 22 മുതലുള്ള വാക്യങ്ങളാണ് വായിച്ചു കേട്ടത്. ആദ്യഭാഗത്തെ ഈശോയുടെ പ്രസ്താവനയുടെ ചുരുക്കം ഇതാണ്: മനുഷ്യൻ ലൗകിക കാര്യങ്ങളിൽ, സമ്പത്തിൽ, ലോകവസ്തുക്കളെക്കുറിച്ചുള്ള അത്യാഗ്രഹങ്ങളിൽ മുഴുകി ജീവിക്കേണ്ടവനല്ല. കാരണം, ഈ ഭൂമിയിലെ മനുഷ്യ ജീവിതം ധന്യമാകുന്നത് സമ്പത്തുകൊണ്ടല്ല. പിന്നീട് ഭോഷനായ മനുഷ്യന്റെ ഉപമയും ഇതിനോട് ചേർത്ത് പറഞ്ഞിട്ട് ഈശോ പറയുന്നു: ‘ആത്മാവാണ്, ജീവനാണ് പ്രധാനപ്പെട്ടത്. ദൈവ സന്നിധിയിലാണ് മനുഷ്യർ സമ്പന്നരാകേണ്ടത്. അല്ലാതെ, ആത്മാവിനെ മറന്ന് തിന്നുകുടിച്ച് ആനന്ദിക്കുകയല്ല വേണ്ടത്.

ഇത്രയും പറഞ്ഞിട്ട് ഈശോ പറയുകയാണ്, “അതിനാൽ”.  “അതിനാൽ” എന്നും പറഞ്ഞ് ഈശോ നടത്തുന്ന മനോഹരമായ ഈ പ്രഭാഷണത്തിന് സമാനതകളില്ല. ബുദ്ധിസത്തിലും മറ്റും ആകുലരാകരുത്, ആഗ്രഹങ്ങളാണ്, അതുമൂലമുണ്ടാകുന്ന ആകുലതകളാണ് ഈലോകത്തിലെ ദുരിതങ്ങൾക്കെല്ലാം കാരണമെന്നൊക്കെ പറയുന്നുണ്ടെങ്കിലും, ഇന്നുവരെ ഇത്രയും വ്യക്തമായി, ലളിതമായി, ജീവിതബന്ധിയായി ഇതുപോലൊരു സന്ദേശം ആരും അവതരിപ്പിച്ചിട്ടില്ല. നമുക്ക് പിതാവായി ദൈവമുണ്ടെന്നും, ആ ദൈവം നമ്മെ വിലമതിക്കുന്നവനാണെന്നും, ആ ദൈവത്തിന്റെ പരിപാലനയിൽ ആയിരിക്കുമ്പോൾ നാം ആകുലപ്പെടേണ്ടതില്ലെന്നും എത്രയോ മനോഹരമായാണ് ഈശോ പറഞ്ഞുവയ്ക്കുന്നത്!

ഇതേകാര്യം വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പറയുമ്പോൾ സ്ഥിതപ്രജ്ഞനായ ഒരു ഗുരുവിനെപ്പോലെ ഈശോ ഏറ്റവും അവസാനമായി പറഞ്ഞു വയ്ക്കുന്ന ഒരു സന്ദേശമില്ലേ? എന്താണത്? “ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി.” (മത്താ 6, 34) ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ കാച്ചിക്കുറുക്കിയ രൂപമാണത്. മകളേ, മകനേ അന്നന്നുവേണ്ട ആഹാരം നിനക്ക് മതി. ഇന്ന് നിന്നെ സംരക്ഷിക്കുന്നവന് നാളെയും മറ്റന്നാളും നിന്നെ സംരക്ഷിക്കുവാൻ കഴിയും എന്നല്ലേ ഈശോ നമ്മോടു പറയുന്നത്? ആകുലപ്പെട്ടിട്ട് എന്തുകാര്യം? ഉണ്ട്, കാര്യമുണ്ട്. ഹാർട്ട് അറ്റാക്ക് വരുത്താം, വയറ്റിൽ അൾസറുണ്ടാക്കാം, രോഗിയായിമാറാം, വലിയ ആശുപത്രികളെ പൈസ കൊടുത്തു സഹായിക്കാം. നിങ്ങൾക്ക് പാപ്പരാകാം.  ഇതിൽ കൂടുതൽ ഒന്നും സംഭവിക്കല്ല പ്രിയപ്പെട്ടവരേ. എന്നാൽ, ദൈവത്തിന്റെ വചനം ശ്രവിക്കുകയാണെങ്കിൽ, അതിൽ വിശ്വസിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തെ ദൈവം സുന്ദരമാക്കും. ‘എന്റെ മക്കളേ, ചെറിയ അജഗണമേ, ഭയപ്പെടേണ്ട. എന്തന്നാൽ നിങ്ങൾക്കാവശ്യമുള്ളതെല്ലാം നൽകാൻ പിതാവായ ദൈവം പ്രസാദിച്ചിരിക്കുന്നു.’ (ലൂക്ക 12, 32)

സ്നേഹമുള്ളവരേ, മൂന്ന് കാര്യങ്ങൾ ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നുണ്ട്.

ഒന്ന്, നമ്മെ പരിപാലിക്കുന്ന, നമ്മുടെ പിതാവായ ദൈവത്തിൽ വിശ്വസിക്കുക.

പഴയ നിയമത്തിൽ രക്ഷാകര പദ്ധതിയോടൊപ്പം സഞ്ചരിക്കുന്ന മനോഹരമായ ഒരു ആദ്ധ്യാത്‌മിക ഭാവമാണ് ദൈവത്തിൽ ആശ്രയിക്കുകയെന്നത്. ദൈവപരിപാലയിൽ പൂർണമായി വിശ്വസിച്ചുകൊണ്ട് ജീവിച്ചാൽ ദൈവത്തിന്റെ രക്ഷ സ്വന്തമാക്കാമെന്നും, ദൈവം തന്റെ സ്നേഹപരിപാലനയുടെ ചിറകിൻ കീഴിൽ മനുഷ്യവർഗത്തെ പരിരക്ഷിക്കുമെന്നും ഉള്ളതിന്റെ വ്യക്തമായ ചരിത്രമാണ് വിശുദ്ധഗ്രന്ഥത്തിൽ ഇതൾ വിരിയുന്നത്. ഉത്പത്തി പുസ്തകം ഇരുപത്തിരണ്ടാം അദ്ധ്യായത്തിൽ അബ്രാഹത്തിന്റെ ദൈവപരിപാലനയിലുള്ള വിശ്വാസം നാം കാണുന്നുണ്ട്. ദൈവം കാണിച്ചുകൊടുത്ത നാട്ടിലേക്ക് സർവവും ഉപേക്ഷിച്ച്, ദൈവത്തിന്റെ വാക്കിൽ മാത്രം വിശ്വസിച്ച്  യാത്രതിരിച്ചവനാണ് അബ്രഹാം. അബ്രാഹത്തിനു തെറ്റ് പറ്റിയോയെന്നു നമുക്ക് സംശയം തോന്നുമെങ്കിലും, ദൈവം അദ്ദേഹത്തെ എല്ലാം നൽകി അനുഗ്രഹിക്കുകയാണ്. അവസാനം ദൈവം നൽകിയ മകനെയും കൊണ്ട് ബലിയർപ്പിക്കുവാൻ പോകുമ്പോൾ അവൻ ചോദിക്കുകയാണ്: ദഹനബലിക്കുള്ള കുഞ്ഞാടെവിടെ? അതിനുള്ള മറുപടി, സ്നേഹമുള്ളവരേ, ശ്രദ്ധേയമാണ്. അബ്രാഹം പറഞ്ഞു: “ദൈവം തന്നെ തരും“. (22, 8) എത്രവട്ടം നാം നമ്മുടെ ജീവിത സാഹചര്യങ്ങളിൽ, ഇല്ലായ്മയുടെ, ദാരിദ്ര്യത്തിന്റെ, നഷ്ടങ്ങളുടെ നീറുന്ന സാഹചര്യങ്ങളിൽ ഇപ്രകാരം പറഞ്ഞിട്ടുണ്ട്?

ഉത്പത്തി പുസ്തകത്തിലെ ജോസഫ് കഠിനമായ പരീക്ഷണങ്ങളെല്ലാം കഴിഞ്ഞു സഹോദരെ വീണ്ടും കണ്ടുമുട്ടിയപ്പോൾ പറയുകയാണ്: “ജീവൻ നിലനിർത്താൻ വേണ്ടി ദൈവമാണ് എന്നെ നിങ്ങൾക്കുമുന്പേ ഇങ്ങോട്ടയച്ചത്”. പുറപ്പാടിന്റെ പുസ്തകത്തിൽ പരാതി പറയുന്ന ജനത്തിനുമുന്പിൽ, കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയിൽ നിന്നുകൊണ്ട്, ഒരു നുള്ളു ഗോതമ്പിനുപോലും സാധ്യമല്ലാത്ത അവസ്ഥയിൽ നിന്നുകൊണ്ട് മോശ ഇസ്രായേൽ ജനത്തിനോട് പറയുന്നത് എന്താണെന്നറിയോ? “നിങ്ങൾക്ക് ഭക്ഷിക്കുവാൻ വൈകുന്നേരം മാംസവും, രാവിലെ വേണ്ടുവോളം അപ്പവും കർത്താവ് തരും”. (16, 8) എങ്ങനെയാണ് ഇത്രയും ദൈവാശ്രയത്തിൽ ജീവിക്കുവാൻ സാധിക്കുക!

ഒന്നുമില്ലാത്തവരായി വാഗ്ദാനദേശത്തേയ്ക്കു നടക്കുന്ന ഇസ്രായേൽ ജനം മനുഷ്യ നിസ്സഹായതയുടെ ഒരു നേർചിത്രമാണ്. തിന്നാനില്ല, കുടിക്കാനില്ല, ഉടുക്കാനില്ല, മരണത്തിന്റെ നിഴലിലാണ് എപ്പോഴും. ഈ അവസ്ഥയിലും, ജനം പറയുന്നു: ” കർത്താവാണ് എന്റെ ഓഹരിയും, പാനപാത്രവും. എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.” (സങ്കീ: (16, 5) ഇത്രയും ദൈവാശ്രയം നമുക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആശിക്കുകയാണ്!

ബൈബിളിലെ ഓരോ പുസ്തകത്തിലും ദൈവപരിപാലനയിലുള്ള വിശ്വാസത്തിന്റെ, വിശ്വാസ പ്രകടനത്തിന്റെ കഥകളാണ്, സംഭവങ്ങളാണ് നാം വായിക്കുക. അവസാനം, പഴയനിയമത്തിന്റെ, പ്രവചനങ്ങളുടെ, നിയമത്തിന്റെ എല്ലാം പൂർത്തീകരണമായി ക്രിസ്തു വന്നപ്പോൾ അവിടുന്ന് പറയുന്നു: ‘സ്നേഹമുള്ള മക്കളെ, നിങ്ങൾ ആകുലപ്പെടരുത്. കലവറയോ, കളപ്പുരകളോ ഇല്ലാത്ത പക്ഷികളെ പോറ്റുന്നവനാണ് നമ്മുടെ ദൈവം. ഒന്നും അറിയാത്ത വയൽപ്പൂക്കളെ അണിയിച്ചൊരുക്കുന്നവനാണ് നമ്മുടെ ദൈവം. എങ്കിൽ, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നിങ്ങളെ ദൈവം പോറ്റാതിരിക്കുമോ?’

ഇല്ല. ഇല്ലായെന്ന് നാം ഉറക്കെ പറയണം. പക്ഷെ, ഈശോ പറയുന്നു: ‘അങ്ങനെ ഓരോ നിമിഷവും, ദൈവപരിപാലനയിൽ ആയിരിക്കുവാൻ നിന്നെ, നിന്റെ നിക്ഷേപത്തെ, ദൈവത്തിനു സമർപ്പിക്കുക. നീ ദൈവാശ്രയത്തിൽ ആണെന്നുള്ളതിന്റെ അടയാളമാണത്. കാരണം, “നിന്റെ നിക്ഷേപം എവിടെയോ, അവിടെയായിരിക്കും നിന്റെ ഹൃദയവും”. (ലൂക്ക 12, 34) നമ്മെ പരിപാലിക്കുന്ന പിതാവായ ദൈവത്തെ കാണുവാൻ കഴിയുന്നില്ലെങ്കിലും, നമ്മുടെ ജീവിത വഴികളിലെ വിസ്മയിപ്പിക്കുന്ന അനുഭവങ്ങൾ ദൈവത്തിന്റെ സ്നേഹപരിപാലനയിൽ വിശ്വസിക്കുവാൻ നമ്മെ ശക്തിപ്പെടുത്തും.

നല്കപ്പെട്ടതിനെ കെട്ടിപ്പിടിച്ചു വയ്ക്കുന്നതല്ല ബുദ്ധി, തരുന്നവനെ ആശ്രയിക്കുന്നതാണ് എന്നറിയുന്നവർക്കേ ദൈവാശ്രയത്തിന്റെ സാന്ദര്യം ആസ്വദിക്കുവാൻ കഴിയുകയുള്ളൂ.

രണ്ട്, ദൈവത്തിന്റെ മുൻപിൽ വിലയുള്ളവരാണ് നാം. മനുഷ്യജീവൻ ഭക്ഷണത്തിനും വസ്ത്രത്തിനും മാത്രമല്ല ഈ ഭൂമിയിലുള്ള എല്ലാറ്റിനും ഉപരിയാണ്. ദൈവം ഈ ലോകത്തെ, ലോകത്തിലെ സർവ്വതിനേയും, പ്രത്യേകിച്ച് മനുഷ്യരെയും വിലയുള്ളതായി കാണുന്നവനാണ്. എത്രത്തോളം? ‘തന്റെ ഏകപുത്രനെ നൽകുവാൻ തയ്യാറാകുന്നിടത്തോളം.’ (യോഹ 3, 16) വിതയ്ക്കുകയോ, കൊയ്യുകയോ ചെയ്യാതെ, കാലവറയോ കളപ്പുരകളോ ഇല്ലാതെ ദൈവം തീറ്റിപ്പോറ്റുന്ന ഈ ലോകത്തിലെ പക്ഷികളേക്കാൾ വിലയുള്ളവരാണ് മനുഷ്യർ എന്ന് ഇന്നത്തെ ലോകം മറന്നു പോകുന്നു. നൂൽ നൂൽക്കുകയോ, വസ്ത്രം നെയ്യുകയോ ചെയ്യാത്ത വയൽപ്പൂക്കളെ മനോഹരമായി അണിയിക്കുന്ന ദൈവം നിന്നെയും എന്നെയും സംരക്ഷിക്കുമെന്ന് വിശ്വസിക്കുവാൻ ഇന്നത്തെ മനുഷ്യർ മടിക്കുന്നു. നല്കപ്പെട്ടതെല്ലാം നഷ്ടമാകുമ്പോഴും, രോഗം വരുമ്പോഴും, മഹാമാരി പിടിമുറുക്കുമ്പോഴും, വേദനകൾക്കിടയിലും, സന്തോഷത്തിലും, ആനന്ദത്തിലും എല്ലാം ദൈവത്തിന്റെ മുൻപിൽ വിലയുള്ളവരാണ് നാമെന്നു മറക്കാതെ ജീവിക്കുവാൻ നമുക്കാകട്ടെ.

മൂന്ന്, ദൈവത്തിന്റെ പരിപാലനയുടെ ലക്‌ഷ്യം അറിയുന്നവരാകണം നമ്മൾ. ജെറമിയ പ്രവാചകന്റെ പുസ്തകത്തിലെ ദൈവപരിപാലനയുടെ മഹാവാക്യം ഓർമയില്ലേ? “നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല ക്ഷേമത്തിനുവേണ്ടിയുള്ള പദ്ധതിയാണത് – നി ങ്ങൾക്ക് ശുഭമായ ഭാവിയും, പ്രത്യാശയും നൽകുന്ന പദ്ധതി.” (ജെറമിയ 29, 11)ജീവിതത്തിന്റെ ദുഃഖങ്ങളിൽ,  ദുരന്തങ്ങളിൽ എവിടെയാണ് ദൈവപരിപാലന എന്ന് ചോദിക്കുന്നവരാണ്  നമ്മിലധികവും.  എന്നാൽ സത്യമിതാണ് പ്രിയപ്പെട്ടവരേ, ദുരന്തങ്ങൾപോലും, പലരെയും വിമലീകരിക്കുന്നുണ്ട്; നന്മയുടെ വഴിയിലൂടെ ചുവടുവയ്ക്കുവാൻ സഹായിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ ദൈവം ഇത്രമാത്രം ക്രൂരനോ എന്ന് നാം ചോദിക്കുമ്പോഴും, ദുരിതങ്ങളിൽപ്പോലും, ആരൊക്കെയോ, എവിടെയൊക്കെയോ വിശുദ്ധരാകുന്നുണ്ട്; തങ്ങളുടെ തെറ്റുകൾ തിരിച്ചറിയുന്നുണ്ട്; ദൈവത്തിന്റെ സ്നേഹം അനുഭവിക്കുന്നുണ്ട്. ജൂഡ് ആന്റണി ജോസഫ് സംവിധാനംചെയ്ത “2018: എവെരി വൺ ഈസ് എ ഹീറോ” എന്ന 2023 ലെ മലയാള സിനിമ കണ്ടപ്പോൾ, സിനിമയുടെ കഥ, തിരക്കഥ, സംവിധാനക്കാർ ഈയൊരു ആശയവും അതോട് ചേർത്തുവച്ചല്ലോയെന്ന് ഓർത്തുപോയി.

മഴയും, അതോടൊപ്പമുള്ള ദുരിതവും, ഡാമുകൾ തുറന്നുവിട്ടതുവഴിയുണ്ടായ വെള്ളപ്പൊക്കവുമെല്ലാം തകർത്താടുമ്പോഴും, അതിനിടയിലൂടെ ഈയൊരു സന്ദേശവും വികാസം പ്രാപിക്കുന്നുണ്ട്. പല കഥകൾക്കും, ഉപകഥകൾക്കും ഇടയിലുള്ള ഒരു കഥ ഇതാണ്:

പെരിയാറിന്റെ തീരത്തുള്ള ഒരു ഫാക്ടറിയ്ക്കെതിരെ സമരം ചെയ്യുന്നവർ അവഗണിക്കപ്പെട്ടതിന്റെ വേദനയിൽ, ഫാക്ടറി തകർക്കുവാൻ ബോംബുകൾ ഓർഡർ ചെയ്യുകയാണ്. തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്തുള്ള സേതുപതി എന്ന ട്രക്ക് ഡ്രൈവറാണ് ഭക്ഷണസാധനങ്ങളും സ്പോടകവസ്തുക്കളും കൊണ്ടുവരുന്നത്. മുതലാളി അവനോടെല്ലാം പറയുകയും കൂടുതൽ പൈസ കൊടുക്കുകയും ചെയ്യുന്നുണ്ട്. ഈ സേതുപതി ഒരു പരുക്കൻ മനുഷ്യനാണ്. പ്രായമായ അമ്മയോടും, അയാളുടെ മകളോടുമൊക്കെ വളരെ ക്രൂരമായിട്ടാണ് പെരുമാറുന്നത്.   കേരളത്തിൽ നിന്നുള്ള നൂറ (Noora) എന്നൊരു ടിവി റിപ്പോർട്ടറുടെ കാറിന്റെ Mirror അയാൾ തകർത്തുകളയുന്നുണ്ട്.  മലയാളികളോട് പുച്ഛമാണുതാനും. ട്രക്കുമായി കേരളത്തിലേക്ക് പോകുന്ന അയാൾ മഴയിൽപെട്ടുപോയ, ഗൾഫിൽ നിന്ന് വരുന്ന രമേശൻ എന്നയാൾക്ക് ലിഫ്റ്റ് കൊടുക്കുന്നുണ്ട്. ഇതിനിടെ കേരളത്തിൽ വെള്ളപ്പൊക്കമായി. മഴ തോരാതെ പെയ്യുന്നു. കേരളം ഇത്രയും ദുരിതത്തിലൂടെ കടന്നുപോകുമ്പോഴും, താൻ കൊണ്ടുചെല്ലുന്ന ബോംബ് കാത്തിരിക്കുന്നവരിലേക്ക്, അടുക്കുന്തോറും, അയാൾ വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങൾ കാണുന്നു; ടിവിയിലെ വാർത്തകൾ കാണുന്നു, വാവിട്ടു കരയുന്ന കുഞ്ഞുങ്ങളെ കാണുന്നു. തോരാമഴയത്ത് ഈ കാഴ്ചകൾ അയാളിലെ തിന്മയുടെ മനുഷ്യനെ വിമലീകരിക്കുകയാണ്. അയാൾ ട്രക്കിൽനിന്ന് സ്പോടകവസ്തുക്കളെടുത്ത് വെള്ളത്തിലിടുകയാണ്. ഭക്ഷണവസ്തുക്കൾ ദുരിതാശ്വാസ ക്യാമ്പിൽ കൊടുക്കുകയാണ്. ട്രക്കിൽ നിന്നിറങ്ങിപ്പോകുമ്പോൾ രമേശൻ നൽകിയ സമ്മാനം തന്റെ മകൾക്ക് വേണ്ടിയാണെന്നറിയുമ്പോൾ ഒരു നന്മയുടെ പ്രകാശം അയാളുടെ മുഖത്ത് നിറയുകയാണ്. പിന്നീട് ട്രക്കുമായി തന്റെ വീട്ടിലേക്ക് പോകുന്ന അയാളുടെ ഒരു സെമി ക്ളോസപ്പ് കാണിക്കുന്നുണ്ട് സംവിധായകൻ: പുഞ്ചിരിക്കുന്ന മുഖമുള്ള സേതുപതി!  ദുരിതങ്ങൾ അയാളെ വിമലീകരിക്കുകയാണ്. അതാണ് ദൈവത്തിന്റെ പരിപാലന.

ഒരു കുടുംബത്തിലെ ഭർത്താവിനൊരു അപകടമുണ്ടായി. അയാൾ വീട്ടിൽ വിശ്രമത്തിലാണ്. തനിക്ക് വന്ന ബിദ്ധിമുട്ടിനെയോർത്ത് വിഷമിച്ചിരിക്കുമ്പോൾ, അത്രയും നാൾ  ഒട്ടും സ്നേഹം കാണിക്കാതിരുന്ന ഭാര്യ അയാളുടെ അടുത്ത് വന്നിരുന്ന് അയാളെ സ്നേഹത്തോടെ സംസാരിക്കാൻ തുടങ്ങി. അയാളുടെ വേദന അവളുടെ ഹൃദയത്തെ വിമലീകരിക്കുകയാണ്. വേറൊരു കുടുംബത്തിൽ ഒട്ടും പ്രതീക്ഷിക്കാതെ ഭാര്യയുടെ ജീവിതം ദുരിതപൂർണ്ണമായി. എന്തുകൊണ്ട് എനിക്ക് മാത്രം ഇങ്ങനെ യെന്നോർത്തിരുന്നപ്പോഴാണ് ഭർത്താവ് മദ്യപാനം ഉപേക്ഷിച്ച് നന്മയിലേക്ക് വന്നത്. അപ്പച്ചന്റെ ബിസിനസ്സ് തകർന്നപ്പോഴാണ്, അല്പം ഉഴപ്പനായ മൂത്തമകന്റെ കണ്ണ് തുറന്നത്. അവൻ അപ്പച്ചനോടൊത്ത് കുടുംബം നോക്കാൻ തുടങ്ങി! ജീവിതസംഭവങ്ങളിലെ ദൈവത്തിന്റെ പരിപാലന കാണുവാൻ ചിലപ്പോഴൊക്കെ നാം പരാജയപ്പെടുന്നില്ലേ?

സ്നേഹമുള്ളവരേ, ദൈവത്തിന്റെ പരിപാലന ഇത്രയും വാരിക്കോരി തന്നിട്ടും മനുഷ്യന്റെ സഹജമായ ഭാവം അതൃപ്തിയുടേതാണ്. എല്ലാവരുടെയും ശരീരഭാഷപോലും അതായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ക്രിസ്തുവെന്ന മഹാസുവിശേഷത്തിൽ നിന്ന് വായിച്ചെടുക്കേണ്ട പ്രധാന സന്ദേശം തൃപ്തിയുടേതാണ്. ഒന്നോർത്താൽ എത്രമാത്രം പരാതികൾക്കിടമുള്ള, ആകുലതകൾ നിറഞ്ഞ രാവിലേക്കാണ് ക്രിസ്തു പിറന്നുവീണത്! ക്രിസ്തുവാകട്ടെ എല്ലാറ്റിനോടും എല്ലാവരോടും തൃപ്തിയിലായിരുന്നു. ജീവിതത്തിന്റെ പരിമിതമായ സാഹചര്യങ്ങളിൽപ്പോലും ഈശോ അഗാധമായ സ്വസ്ഥത അനുഭവിച്ചു. ഒന്നും എങ്ങുമെത്താതെ, എത്തിക്കുവാൻ സാധിക്കാതെ മുപ്പത്തിമൂന്നാം വയസ്സിൽ കടന്നുപോകേണ്ടിവന്നപ്പോൾ ഉച്ചരിച്ചത് ഭൂമിയിലേക്കും വച്ച് ഏറ്റവും തൃപ്തമായ ജീവിതത്തിന്റെ ഭരതവാക്യമായിരുന്നു – എല്ലാം പൂർത്തിയായി. ദൈവപരിപാലനയുടെ മൂർത്തഭാവം!

ദൈവപരിപാലന എന്ന ആത്മീയവിശേഷണത്തിന് സംതൃപ്തി എന്ന അർത്ഥമുണ്ട്. ആഡംബരം നിറഞ്ഞ ലോകത്തിലേക്കുള്ള മനുഷ്യന്റെ ആക്രാന്തം കാണുമ്പോൾ, മനുഷ്യന് ഈ ഭൂമിയിൽ ജീവിക്കുവാൻ എത്രയോ കുറച്ചു കാര്യങ്ങൾ മതി എന്ന് ഞാൻ ചിന്തിക്കാറുണ്ട്. സ്വർണനിറമുള്ള നെന്മണികൾ നിറഞ്ഞു നിൽക്കുന്ന പാടത്തുനിന്ന് ആവശ്യത്തിനുള്ളതുമാത്രം കഴിച്ചിട്ട് പറന്നുപോകുന്ന ആകാശപറവകളെ കാണുമ്പോൾ എനിക്ക് അസൂയതോന്നുന്നു! ലോകവസ്തുക്കളോട് മാത്രമല്ല, നമ്മുടെ Emotions നോടും മതി എന്ന് പറയുവാൻ നമുക്കാകണം. ജീവിതസാഹചര്യങ്ങളിൽ നിന്നുകൊണ്ട്, ഈ കരുതൽ മതി, ഈ സ്നേഹം മതി, ഈ ശ്രദ്ധ മതിയെന്നൊക്കെ പറയുവാൻ സാധിക്കുന്നിടത്താണ് ഒരാൾ ദൈവപരിപാലനയുടെ നന്മ അനുഭവിക്കുന്നത്.

ദൈവപരിപാലന ഒരു ജീവിത സമീപനമാണ്. ഒരു വൃക്ഷത്തിലേക്ക് പറന്നുവന്ന് പഴങ്ങൾ തിന്നുന്ന കിളികൾ എത്ര സംതൃപ്തിയോടെയാണ് അവ തിന്നുന്നത്! പഴങ്ങൾ തിന്നശേഷം ഒരു കിളിയും ഇന്നുവരെ മരത്തിനോട് പരാതി പറഞ്ഞിട്ടുണ്ടാവില്ല. പക്ഷേ, നാം മനുഷ്യരെങ്ങനെയാണ് ഇത്രയും അസംതൃപ്തരായി മാറിയത്?! ആത്മീയതയുടെ ആഘോഷമായി മാറേണ്ട ദാമ്പത്യബന്ധത്തിനുശേഷം പോലും മനുഷ്യൻ അസംതൃപ്തിയുടെ ഭാഷയാണ് സംസാരിക്കുന്നത്. നമ്മുടെയൊക്കെ പ്രാർത്ഥനകൾ പോലും ആവശ്യങ്ങളുടെ വലിയൊരു ലിസ്റ്റാണ്; പരാതികളുടെ ലുത്തിനിയായാണ്.

കേരളത്തിലെ ഐതീഹ്യത്തിലെ വളരെ സുന്ദര വ്യക്തിത്വമായ നാറാണത്തുഭ്രാന്തൻ ദൈവപരിപാലനയുടെ സംതൃപ്തിയുടെ ഐക്കണാണ്.

ഭദ്രകാളി നാറാണത്തുഭ്രാന്തന് പ്രത്യക്ഷപ്പെട്ട് പറഞ്ഞു: “നിനക്ക് ഇഷ്ടമുള്ള വരം ചോദിച്ചുകൊള്ളുക.” നാറാണത്തുഭ്രാന്തൻ അസ്വസ്ഥനായി. ഞാനെന്താണ് ചോദിക്കുക? അദ്ദേഹത്തിന് ഒന്നും ചോദിക്കുവാനുണ്ടായിരുന്നില്ല. അപ്പോൾ ദേവി വളരെ എളിമയോടെ പറഞ്ഞു: ഞാൻ വന്നതല്ലേ. എന്തെകിലും ചോദിക്കൂ.” അപ്പോൾ നാറാണത്തുഭ്രാന്തൻ പറഞ്ഞു: “എന്റെ  വലതുകാലിലെ മന്ത് ഇടതുകാലിലേക്ക് മാറ്റുക.” ദേവി അങ്ങനെ ചെയ്തിട്ട് മറഞ്ഞുപോയി. ദൈവപരിപാലനയിൽ ആശ്രയിച്ച് തൃപ്തിയോടെ ജീവിക്കുന്നവർക്ക് എന്ത് വരമാണ് ചോദിക്കാനുള്ളത്?

സമാപനം

സ്നേഹമുള്ളവരേ, ദൈവത്തിൽ, ദൈവ പരിപാലനയിൽ വിശ്വാസമുള്ളവരും, ബോധ്യമുള്ളവരും ആകുക! ദൈവത്തിനു എന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ടെന്നും, അത് എന്റെ ക്ഷേമത്തിനുള്ള പദ്ധതിയാണ് എന്നും തിരിച്ചറിയുക. ജീവിതം അന്ധകാരം നിറഞ്ഞതാകുമ്പോൾ അറിയുക എന്നെ പ്രകാശത്തിലേക്ക് നയിക്കുവാനുള്ള പദ്ധതി ദൈവം ഒരുക്കുന്നുണ്ടെന്ന്. നിന്റെ ചുറ്റുമുള്ളവർ അതിശയിക്കും വിധം ദൈവം നിന്നെ വളർത്തുമ്പോൾ അതിലും ഉണ്ട് ഒരു ദൈവിക പദ്ധതി. നിന്നെ മുറിക്കുമ്പോൾ, രണ്ടു കഷണങ്ങളാക്കുമ്പോൾ, അതിനുള്ളിലുണ്ട് ഒരു അനുഗ്രഹ പദ്ധതി. നിന്റെ തകർച്ച മറ്റുള്ളവർക്ക്, ചിലപ്പോൾ നിനക്കുതന്നെ, ഒരനുഗ്രഹമാകും. നിന്നെ നന്നായി അറിയുന്ന, നിന്റെ പ്രകൃതി അറിയുന്ന നിന്റെ രൂപരേഖ അറിയുന്ന ദൈവത്തിന്റെ നിത്യമായ പദ്ധതി നിന്നിലൂടെ വെളിപ്പെടുകയാണ്. നിന്റെ ജീവിതത്തിലൂടെ, നിന്റെ കുടുംബത്തിൽ, നീയുമായി ചേർന്ന് നിൽക്കുന്നവരിൽ ദൈവത്തിന്റെ രക്ഷയുടെ, കാരുണ്യത്തിന്റെ പരിപാലനയുടെ സ്വർഗ്ഗചിറകുകൾ വിരിയട്ടെ. ദൈവത്തിന് നിന്നെത്തന്നെ സമർപ്പിക്കുക. നിന്റെ വളർച്ചകളും, തളർച്ചകളും, വേദനകളും, മുറിവുകളും, ദൈവനാമമഹത്വത്തിനാകട്ടെ.

എന്റെ ഭാഗധേയം, ജീവിതം എന്റെ ദൈവത്തിന്റെ കരങ്ങളിൽ ഭദ്രമാണ് എന്ന് വിശ്വസിച്ച് ജീവിക്കുന്ന കലയുടെ പേരാണ് ദൈവപരിപാലന! (സങ്കീ 16, 5) ആമേൻ!

SUNDAY SERMON LK 6, 27-36

ശ്ളീഹാക്കാലം നാലാം ഞായർ

ലൂക്ക 6, 27-36

സന്ദേശം

സംഘർഷഭരിതമായ ഒരു സാഹചര്യത്തിലൂടെയാണ് ലോകമിന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. റഷ്യൻ-ഉക്രയിൻ യുദ്ധത്തിൽ പ്രത്യേക ശ്രദ്ധ നാം കൊടുക്കുന്നില്ലങ്കിലും, ലോകസമാധാനത്തിന് ഭീഷണിയായിക്കൊണ്ട് യുദ്ധം തുടരുകയാണ്. മണിപ്പൂർ കലാപം ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിനെ മാത്രമല്ല, ഭാരത്തെമുഴുവൻ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ബിപോർജോയ്‌ ചുഴലിക്കാറ്റ് നാശം വിതച്ചുകൊണ്ട് കറങ്ങിത്തിരിയുന്നുണ്ട്. കേരളത്തിലാണെങ്കിൽ, തെരുവുനായകൾ കുട്ടികളെപ്പോലും വെറുതെവിടുന്നില്ല. നിഹാൽ എന്ന മിടുക്കൻ നാടിൻറെ മാത്രമല്ല നമ്മുടെ ഓരോരുത്തരുടെയും നൊമ്പരമായിത്തീർന്നിട്ട് അധിക ദിവസങ്ങളായിട്ടില്ല. പത്ത് ദിവസത്തിനിടെ നായയുടെ കടിയേറ്റത് 586 പേർക്കാണ്. മോൺസൻ  കേസ്, മാർക്ക് വെട്ടിപ്പ് കേസ്, ഇ ഡി യുടെ വേട്ട, വിലക്കയറ്റം, കൂടെ വിശുദ്ധ കുർബാനയുടെ പ്രശ്നം, കുടുംബ പ്രശ്നങ്ങൾ ….ഇങ്ങനെ എവിടെ നോക്കിയാലും സംഘർഷഭരിതമായ സാഹചര്യങ്ങളാണ് നമുക്ക് ചുറ്റും. ശ്ളീഹാക്കാലം നാലാം ഞായറാഴ്ചയിലെ സുവിശേഷഭാഗത്തിലൂടെ, സമൂഹത്തിലെ സംഘർഷ സാഹചര്യങ്ങളെ ഈശോ അഭിസംബോധന ചെയ്യുകയാണ്. ജീവിതത്തിൽ മനുഷ്യൻ അഭിമുഖീകരിക്കുന്ന സംഘർഷ സാഹചര്യങ്ങളിൽ, മനുഷ്യർ, പ്രത്യേകിച്ച് ക്രിസ്തുവിന്റെ അനുയായികൾ സ്വീകരിക്കേണ്ട മനോഭാവത്തെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മോട് സംസാരിക്കുന്നത്. 

വ്യാഖ്യാനം

ദൈവത്തിന്റെ പ്രവാചകനും, വക്താവുമായി വന്ന മോശ നിയമങ്ങള്‍ നല്‍കിയാണ് ഇസ്രായേല്‍ ജനത്തെ നയിച്ചത്. എന്നാല്‍ ഈശോ സ്നേഹവുമായിട്ടാണ് ഈ ലോകത്തിലേക്ക് വന്നത്. നിയമം എന്നത് ശക്തിയോടെ നടപ്പാക്കുന്ന സ്നേഹമാണ്. സ്നേഹമാകട്ടെ സ്വയമേ കടന്നുവരുന്ന നിയമമാണ്. നിയമം പുറമേ നിന്ന് അടിച്ചേല്പിക്കുന്നതാണ്. സ്നേഹം അകമേ നിന്ന് വരുന്നതാണ്. മോശ കല്പനകള്‍ നല്‍കുമ്പോള്‍, ഈശോ മോശയുടെ കല്പനകള്‍ക്ക് പുതിയ അര്‍ത്ഥവും കാഴ്ചപ്പാടും നല്‍കുകയാണ്. 

നിയമങ്ങള്‍ നല്‍കുന്ന ദൈവമായിട്ടല്ലാ, നിയമങ്ങളുടെ പൂര്‍ത്തീകരണമായിട്ടാണ് ഈശോ നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നത്. ഈശോയുടെ കാലഘട്ടത്തെ ഒന്ന് ഓര്‍ത്തെടുക്കുന്നത് നല്ലതാണ്. ഈശോ ഇസ്രായേല്‍ ജനത്തിന്റെ മുന്‍പില്‍ നിന്നപ്പോള്‍, അവിടുന്ന് കണ്ടത് വികൃതമായ അവരുടെ മുഖങ്ങളെയാണ്. നിയമത്തിന്റെ കാര്‍ക്കശ്യം കൊണ്ട് വികൃതമായ, നിയമത്തിന്റെ ചൈതന്യം മനസ്സിലാക്കാതെ അതിനെ മനുഷ്യനെ ദ്രോഹിക്കാന്‍ ഉപയോഗിച്ചതുവഴി ക്രൂരമായ മുഖങ്ങളെയാണ്. എന്നിട്ട് അവര്‍ എന്ത് ചെയ്തെന്നോ, തങ്ങളുടെ വികൃതമായ, ക്രൂരമായ, പ്രസാദമില്ലാത്ത, വിധവകളെ വിഴുങ്ങുന്ന, പാവപ്പെട്ടവന്റെ സര്‍വതും തട്ടിയെടുത്തു നെയ്‌മുറ്റിയ അവരുടെ മുഖങ്ങളെ മറയ്ക്കുവാന്‍ അവര്‍ മോശയുടെ നിയമത്തിന്റെ, നിയമം നല്‍കിയ ദൈവത്തിന്റെ, നിയമം സംരക്ഷിക്കാന്‍ വേണ്ടിയുള്ള  പുതിയ പുതിയ വ്യാഖ്യാനങ്ങളുടെ മുഖം മൂടികള്‍ ധരിച്ചു. നിങ്ങള്‍ക്ക് ക്രൂരമായ, വികൃതമായ മുഖം ഉണ്ടെങ്കില്‍ മുഖം മൂടി ധരിക്കാം. പക്ഷെ, നിങ്ങളുടെ മുഖം അപ്പോഴും വികൃതമായിത്തന്നെയിരിക്കും. മുഖം മൂടിയാണ് നിങ്ങളുടെ മുഖമെന്നു ഒരു നിമിഷത്തേയ്ക്ക് വേണ്ടിപ്പോലും  ഓര്‍ക്കരുത്.

ഇസ്രായേൽ ജനത്തിന് പലവിധ മുഖം മൂടികള്‍ ഉണ്ടായിരുന്നെങ്കിലും ഈശോ അവരുടെ യഥാര്‍ത്ഥ വികൃതമായ, ക്രൂരമായ, പ്രസാദമില്ലാത്ത മുഖങ്ങളെ കണ്ടു. അവിടുന്ന് അവരുടെ മുഖം മൂടികള്‍ മാറ്റണമെന്ന് മാത്രമല്ലാ പറഞ്ഞത്, അവിടുന്ന് പറഞ്ഞു: സ്നേഹമുള്ള ഇസ്രായെല്‍ക്കാരെ, നിങ്ങള്‍, നിങ്ങളുടെ മുഖം മനോഹരമാക്കണം. മുഖം മനോഹരമാകണമെങ്കില്‍ നിങ്ങളുടെ ഹൃദയം സ്നേഹംകൊണ്ട് നിറയണം. ഹൃദയത്തില്‍നിന്ന് വരുന്ന സ്നേഹം കൊണ്ട് നിങ്ങളുടെ മുഖങ്ങള്‍ തിളങ്ങണം. ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്ന പുതിയ കാഴ്ചപ്പാട് ഇതാണ്: സ്നേഹം. നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങളെ സ്നേഹിക്കുമ്പോള്‍ മാത്രമേ, ഈ പ്രപഞ്ചത്തെ സ്നേഹിക്കുമ്പോള്‍ മാത്രമേ, നിങ്ങളുടെ സ്നേഹമെന്ന ശക്തി, നിങ്ങള്‍ക്ക് നല്കപ്പെട്ടിട്ടുള്ള ഒരേയൊരു ശക്തി നന്മയ്ക്കായി ഉപയോഗിക്കുമ്പോള്‍ മാത്രമേ, ദൈവത്തെ സ്നേഹിക്കുന്നവരാകുന്നുള്ളൂ. കാരണം, ഈശോ, ദൈവം സ്നേഹമാണ്. ഈശോ ഈ ലോകത്തെ സ്നേഹിച്ചു. ഈ ഭൂമിയുടെ ഗന്ധം അവന്‍ ഇഷ്ടപ്പെട്ടു. അവന്‍ മരങ്ങളെ സ്നേഹിച്ചു. കിളികളെ സ്നേഹിച്ചു. അവന്‍ സര്‍വചരാച്ചരങ്ങളെയും സ്നേഹിച്ചു, കാരണം അങ്ങനെയേ, ദൈവത്തെ സ്നേഹിക്കുവാന്‍ സാധിക്കൂ. ഒരു painting നെ സ്നേഹിക്കാന്‍ കഴിയാതെ എങ്ങനെ painter റിനെ സ്നേഹിക്കും? ഒരു കവിതയെ സ്നേഹിക്കാതെ, എങ്ങനെ കവിയെ സ്നേഹിക്കുവാന്‍ കഴിയും?

അതുകൊണ്ട്, നിന്റെ സഹോദരനെ നീ വെറുത്താല്‍, ശത്രുവിനെ നീ ദ്വേഷിച്ചാല്‍, അവളെ, അവനെ കൊന്നാല്‍, അവരെ പീഡിപ്പിച്ചാല്‍, അവരെ നിന്റെ കുടുംബത്തില്‍ നിന്ന്, സമൂഹത്തില്‍നിന്ന് പുറത്താക്കിയാല്‍, എങ്ങനെ നീ നിന്റെ ദൈവത്തെ സ്നേഹിക്കും? എങ്ങനെ നീ ശത്രുവിന്റെമേലുംകൂടി മഴപെയ്യിക്കുന്ന, സൂര്യനെ ഉദിപ്പിക്കുന്ന ക്രിസ്തുവിന്റെ കരുണ സ്വന്തമാക്കും? അവള്‍, അവന്‍ നിന്റെ ശത്രുവാണെന്നു പറഞ്ഞ്, നിന്റെ മേലങ്കി എടുത്തവരാണെന്ന് പറഞ്ഞ്, കടംമേടിച്ചത് തിരിച്ചു തരാത്തവരാണെന്ന് പറഞ്ഞ് അവരെ ഇല്ലാതാക്കിയാല്‍ എങ്ങനെ നീ നിന്റെ ദൈവത്തെ സ്നേഹിക്കും? എങ്ങനെ നീ ശത്രുവിന്റെമേലുംകൂടി മഴപെയ്യിക്കുന്ന, സൂര്യനെ ഉദിപ്പിക്കുന്ന ക്രിസ്തുവിന്റെ കരുണ സ്വന്തമാക്കും? സ്കൂളില്‍ വികൃതി കാണിക്കുന്ന കുട്ടിയെ സ്നേഹത്തോടെ, ദൈവത്തിന്റെ സ്നേഹത്തോടെ സമീപിക്കാതെ, അവനെ, അവളെ ഡിസ്മിസ്സ്‌ ചെയ്‌താല്‍ എങ്ങനെ നീ നിന്റെ ദൈവത്തെ സ്നേഹിക്കും? എങ്ങനെ നീ ശത്രുവിന്റെമേലുംകൂടി മഴപെയ്യിക്കുന്ന, സൂര്യനെ ഉദിപ്പിക്കുന്ന ക്രിസ്തുവിന്റെ കരുണ സ്വന്തമാക്കും? ആ കുട്ടിയെ എങ്ങനെ സ്നേഹിക്കും എന്നതല്ലാ പ്രശ്നം, എങ്ങനെ നീ നിന്റെ ദൈവത്തെ സ്നേഹിക്കും എന്നതാണ്, എങ്ങനെ നീ ശത്രുവിന്റെമേലുംകൂടി മഴപെയ്യിക്കുന്ന, സൂര്യനെ ഉദിപ്പിക്കുന്ന ക്രിസ്തുവിന്റെ കരുണ സ്വന്തമാക്കുന്നവളാകും, സ്വന്തമാക്കുന്നവനാകും എന്നതാണ്?  കാര്യം നിസ്സാരവുമല്ല, പ്രശ്നം ഗുരുതരവുമാണ്. നമ്മുടെ കോളേജുകളിൽ, സ്കൂളുകളിൽ ഉയർന്ന ശതമാനമുള്ള, പഠിക്കുന്ന കുട്ടികൾക്ക് മാത്രം അഡ്മിഷൻ കൊടുത്താൽ എങ്ങനെ നീ ശത്രുവിന്റെമേലുംകൂടി മഴപെയ്യിക്കുന്ന, സൂര്യനെ ഉദിപ്പിക്കുന്ന ക്രിസ്തുവിന്റെ കരുണ സ്വന്തമാക്കുന്നവളാകും, സ്വന്തമാക്കുന്നവനാകും ശരിയാകും. പഠിക്കാൻ കഴിവ് കുറഞ്ഞ കുട്ടികളെക്കൂടി ഉൾപ്പെടുത്തി പഠിപ്പിക്കുന്നതല്ലേ യഥാർത്ഥ വിദ്യാഭ്യാസം!!     

ഈശോ ഇസ്രായെല്‍ക്കാര്‍ക്ക് മുന്‍പില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇതായിരുന്നു, സ്നേ ഹമുള്ളവരെ. ഇന്ന് നമ്മുടെ മുന്‍പിലും ഈശോ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇത് തന്നെ. ഈശോ നമ്മെ നോക്കുമ്പോള്‍ കാണുന്നത് മുഖം മൂടികളാണ്; പല വര്‍ണത്തിലുള്ള, രൂപത്തിലുള്ള, വലിപ്പത്തിലുള്ള മുഖം മൂടികള്‍. നോക്കൂ…..കാണാന്‍ എത്ര മനോഹരമാണ്! പക്ഷെ, നമ്മുടെ യഥാര്‍ത്ഥ മുഖങ്ങളോ?

ഈശോ നമ്മുടെ സ്വഭാവമായി, ചൈതന്യമായി, ക്രൈസ്തവന്റെ മുഖമുദ്രയായി, ഒരേയൊരു ശക്തിയായി നല്‍കിയിരിക്കുന്നത് സ്നേഹമാണ്, സ്നേഹം മാത്രമാണ്. ഈ സ്വഭാവം, ചൈതന്യം, ശക്തി നഷ്ടപ്പെടുത്താന്‍ പാടില്ല. ഒരംശംപോലും നഷ്ടപ്പെടുത്താന്‍ പാടില്ല. ഇത് സംരക്ഷിക്കണം. ശത്രുവിനെ ദ്വേഷിക്കാനല്ലാ, ശപിക്കുന്നവരെ തിരിച്ചു ശപിക്കാനല്ല, ഈ energy, സ്നേഹം ഉപയോഗിക്കേണ്ടത്. മറിച്ച്, ശത്രുവിനെപ്പോലും സ്നേഹിക്കാന്‍, ദ്രോഹിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍, തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാതെ കടംകൊടുക്കാന്‍ ഈ energy, സ്നേഹം നാം ഉപയോഗിക്കണം. ലോകം പറയും നിങ്ങള്‍ മണ്ടന്മാരാണെന്ന്. Business management കാര്‍ പറയും ശുദ്ധ മണ്ടത്തരമെന്നു. പക്ഷെ ഈശോ പറയും, ഇതാണ് ഞാന്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന്.

ക്രൈസ്തവരുടെ സുവിശേഷാത്മകമായ കടമ എന്നത് സംഘർഷ സാഹചര്യങ്ങളിൽ നിന്ന് മാറിനിൽക്കുകയല്ല, ആ സാഹചര്യങ്ങളെ നന്മയുള്ളതാക്കിത്തീർക്കുകയാണ്. സംഘർഷം നിറഞ്ഞ സാഹചര്യങ്ങളെ ഒഴിവാക്കുക ബുദ്ധിമുട്ടായിരിക്കും. കുടുംബബന്ധങ്ങളിൽ എപ്പോഴും സംഘർഷ സാഹചര്യങ്ങൾ ഉണ്ടാകും. എന്നാൽ, അവയെ എങ്ങനെ സുഖപ്പെടുത്താൻ സാധിക്കുമെന്നാണ് ഈശോ പറഞ്ഞു തരുന്നത്. ഇതൊരു Family Therapy ആയിട്ടാണ് ഈശോ കാണുന്നത്. ജീവിതത്തിലെ സംഘർഷ സാഹചര്യങ്ങളെ കൃപനിറഞ്ഞതാക്കുവാനുള്ള, സമാധാനവും, സന്തോഷവും നിറഞ്ഞതാക്കാനുള്ള തെറാപ്പി.

ഇത് വെറും ധാര്‍മിക നിയമങ്ങളായി കരുതരുതേ! ധാര്‍മിക നിയമങ്ങളല്ല, നമ്മുടെ ഉള്ളില്‍ സംഭവിക്കേണ്ട മാറ്റമാണ്, ഉള്ളില്‍ നിറയേണ്ട ചൈതന്യത്തിന്റെ, ശക്തിയുടെ കാര്യമാണ് ഈശോ പറയുന്നത്. ക്രൈസ്തവ ജീവിതമെന്ന് പറയുന്നത് ഈ ശക്തിയുടെ നിറവായിരിക്കണം; അതിന്റെ കവിഞ്ഞൊഴുകലായിരിക്കണം. വെള്ളം ചൂടാക്കൂ. 100 ഡിഗ്രി യാകുമ്പോള്‍ അത് നീരാവിയാകും. 99 ഡിഗ്രി – ചൂടാണ്, പക്ഷെ വെള്ളം തന്നെ. 99.9 – അപ്പോഴും വെള്ളം തന്നെ. എന്നാല്‍ 100 ഡിഗ്രി- it evaporates! നീരാവിയായി!

ഇന്ന് ക്രൈസ്തവരുടെ ജീവിതങ്ങള്‍ ജലമായി നില്‍ക്കുകയാണ്, കെട്ടിക്കെടുക്കുകയാണ്. അതിനു മാറ്റം സംഭവിക്കുന്നില്ല. പക്ഷെ നാറ്റം ഉണ്ടുതാനും! ഏശയ്യാ പ്രവാചന്‍ പറയുന്നപോലെ, നിങ്ങളുടെ ശിരസ്സ്‌ മുഴുവന്‍ വൃണമാണ്. ഉള്ളങ്കാല്‍ മുതല്‍ ഉച്ചിവരെ, മുകള്‍ മുതല്‍ താഴെത്തട്ടുവരെ, ക്ഷതമെല്‍ക്കാത്ത ഒരിടവുമില്ല. ചതവുകളും, രക്തമൊലി ക്കുന്ന മുറിവുകളും മാത്രം! നാം ദേഷ്യപ്പെട്ടുകൊണ്ട്, ചീത്ത പ്രവര്‍ത്തികളിലൂടെ, കേസും, കേസിനുമേല്‍ കേസുമായി, അയല്‍വക്കക്കാരുമായി കലഹിച്ചും, പിതൃസ്വത്തിനായി കടിപിടി കൂട്ടിയും, പള്ളികളുടെ പേരില്‍ തര്‍ക്കിച്ചും, സസ്പണ്ട് ചെയ്തും, ഡിസ്മിസ് ചെയ്തും ചെയ്യിച്ചും, മദ്യപിച്ചും, ആഘോഷിച്ചും, ദൈവം നമുക്ക് നല്‍കിയ ശക്തിയെ ദുരുപയോഗിക്കുകയാണ്. നിസ്സാരമായ വിജയങ്ങള്‍ക്കുവേണ്ടി നാം ക്രിസ്തുവിനെ മറക്കുകയാണ്, പണ്ടത്തെ യഹൂദരേപ്പോലെ!!! പിന്നെങ്ങിനെയാണ് നാം ദൈവത്തെ സ്നേഹിക്കുന്നത്? കരുണയുടെ പ്രതിരൂപങ്ങളാകുന്നത്?

സമാപനം

സ്നേഹമുള്ളവരെ, ഈ പ്രപഞ്ചത്തിലെ ഒരു വസ്തുവിനെ കാണാന്‍ സാധിക്കണമെങ്കില്‍ അത് നീലയോ, പച്ചയോ ആയിരിക്കണമെന്നില്ല. പക്ഷെ അതിനു ഒരു നിറമുണ്ടായിരിക്കണം. ഈ പ്രപഞ്ചത്തിലെ ശബ്ദം കേള്‍ക്കാന്‍ സാധിക്കണമെങ്കില്‍ അതിനു ഒരു pitch ഉണ്ടായിരിക്കണം. ഈ പ്രപഞ്ചത്തിലെ ഒരു വസ്തുവിനെ സ്പര്‍ശിക്കാന്‍ കഴിയണമെങ്കില്‍ അത് പരുപരുത്തതോ, കാഠിന്യമുള്ളതോ, മാര്‍ദവമുള്ളതോ ആയിരിക്കണം. അതുപോലെ, ഈ ലോകത്തില്‍ ഒരു ക്രൈസ്തവനെ കാണാനും, കേള്‍ക്കാനും സ്പര്‍ശിക്കാനുമൊക്കെ സാധിക്കണമെങ്കില്‍ അവളില്‍, അവനില്‍ സ്നേഹമുണ്ടായിരിക്കണം, ശത്രുവിനെപ്പോലും സ്നേഹിക്കുന്ന സ്നേഹം,

മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അതുപോലെ അവരോടും പെരുമാറാനുള്ള ഹൃദയം. അതിനായി, ഈ വിശുദ്ധ ബലി നമ്മെ സഹായിക്കട്ടെ.  

SUNDAY SERMON LK 10, 23-42

ശ്ളീഹാക്കാലം മൂന്നാം ഞായർ

ലൂക്ക 10, 23-42

സന്ദേശം

ശ്ളീഹാക്കാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച, നല്ല സമരിയക്കാരന്റെ കഥയുമായി ഈശോ നമ്മോട് സംസാരിക്കുകയാണ്. ഈ കഥപറച്ചിലിലൂടെ നമ്മുടെ ക്രൈസ്തവജീവിതങ്ങളെ Deconstruct ചെയ്യുവാൻ, പൊളിച്ചെഴുതുവാൻ ഈശോ നമ്മെ ക്ഷിണിക്കുന്നു. ഈ ക്ഷണം സ്വീകരിച്ചുകൊണ്ട് നമ്മുടെ മനുഷ്യ ബന്ധങ്ങളെ നവീകരിക്കുവാനും, ക്രൈസ്തവോജിതമാക്കുവാനും നമുക്ക് സാധിക്കട്ടെ.

ഈ കഥയുടെ നന്മ കൊണ്ടാണോ എന്തോ, നല്ല ശമരിയക്കാരൻ എന്നത് നമ്മുടെ ഭാഷയുടെ, സംസ്കാരത്തിന്റെ തന്നെ ഭാഗമായിത്തീർന്നിരിക്കുകയാണ്. ആരുമില്ലാതെ ആശുപത്രിയിൽ കഴിയുന്ന രോഗിക്ക് കൂട്ടുനിൽക്കുന്ന വ്യക്തികളെ കാണുമ്പോൾ, വഴിയിൽ നമ്മുടെ കാറിന്റെ ടയർ മാറ്റിയിടുവാൻ ആരെങ്കിലും നമ്മെ സഹായിക്കുമ്പോൾ, അയൽപക്കത്തുള്ളവർക്ക് സഹായഹസ്തം നീട്ടുമ്പോൾ, സാമ്പത്തികമായി നാം തളർന്നുനിൽക്കുമ്പോൾ ഒരാൾ വന്ന് നമ്മെ സഹായിക്കുമ്പോൾ, അന്ധനായ ഒരാളെ റോഡ് മുറിച്ചുകടക്കുവാൻ സഹായിക്കുമ്പോൾ …… നാം പറയും, നല്ല ശമരിയക്കാരൻ! നമ്മുടെ അഗതിമന്ദിരങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, എയ്ഡ്സ് സെന്ററുകൾ, De-Addiction സെന്ററുകൾ, Rehabilitation സ്ഥാപനങ്ങൾ …എല്ലാം നല്ല ശമരിയാക്കാരൻ എന്ന Title ന്റെ Expansion ആണ്, വികസിതരൂപങ്ങളാണ്. ഇത്തരത്തിലുള്ള സംരംഭങ്ങളിൽ പോലും ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ തിളക്കം അല്പമൊക്കെ മങ്ങിപ്പോയിട്ടുണ്ടെങ്കിലും, ആ ക്രൈസ്തവ ചൈതന്യത്തെ ആളിക്കത്തിക്കാൻ ഉതകുന്ന ഒരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചുകേട്ടത്.

ബൈബിൾ പണ്ഡിതന്മാർ, നല്ല ശമരിയക്കാരന്റെ ഉപമ ആധ്യാത്മിക, സാമൂഹ്യ ഭൂമികയിൽ നിന്നുകൊണ്ട് നോക്കിക്കാണുകയും അതനുസരിച്ചു ഈ സുവിശേഷഭാഗത്തെ വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, മനുഷ്യന്റെ വൈകാരിക തലത്തിൽ നിന്നുകൊണ്ട്, മനുഷ്യന്റെ മാനുഷിക ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഈ സുവിശേഷഭാഗത്തെ കാണുവാൻ ഞാൻ ആഗ്രഹിക്കുകയാണ്. നമ്മുടെ വൈകാരിക തലത്തിലെ പാകത, നമ്മുടെ ബന്ധങ്ങളുടെ ഉറപ്പ് വലിയ ഒരു അളവ് വരെ നമ്മുടെ ആത്മീയജീവിതത്തെ പരിപുഷ്ടമാക്കാൻ ഉപകരിക്കും.

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷത്തിന്റെ പശ്ചാത്തലം ഒരു ഏറ്റുമുട്ടലാണ്. ഈശോയെ പരീക്ഷിക്കുവാൻ എത്തുന്നതോ ഒരു അഭിഭാഷകനും. ഇങ്ങനെയൊരു ഏറ്റുമുട്ടലിലേക്ക് നയിക്കുന്നതിന്റെ പ്രധാനകാരണം (പ്രത്യേകിച്ച് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ) ഈശോ പഴയനിയമങ്ങൾ ലംഘിച്ചിരുന്നു എന്നതാണ്. ഈശോ ശാബത്തിൽ സുഖപ്പെടുത്തി. അവൻ പാപമോചനം നൽകി. പാപികൾ, ചുങ്കക്കാർ, വേശ്യകൾ എന്നിവരുമായി മേശ കൂട്ടായ്മ പങ്കിട്ടു. അവൻ ശിഷ്യന്മാരെ ശാബത്തിൽ ധാന്യം പറിക്കാൻ അനുവദിച്ചു… ഇങ്ങനെയുള്ള ഈശോയെ പരീക്ഷിക്കുവാനാണ് വക്കീൽ വരുന്നത്. ഈ വാദത്തിന്റെ, ഏറ്റുമുട്ടലിന്റെ തീക്ഷ്ണത അറിയണമെങ്കിൽ ബൈബിളിന്റെ ഭാഷാപ്രയോഗം അറിഞ്ഞാൽ മതി. മരുഭൂമിയിൽ യേശുവിനെ പരീക്ഷിക്കാൻ/ പ്രലോഭിപ്പിക്കാൻ പിശാച് വരുന്നതിനെ പ്രകടിപ്പിക്കാൻ ഉപയോഗിച്ച അതേ പദമാണ് ഇവിടെയും (ഗ്രീക്ക് മൂലത്തിൽ) ഉപയോഗിച്ചിരിക്കുന്നത്. Dokimazō (δοκιμάσω) എന്ന ഗ്രീക്ക് വാക്കാണ് മരുഭൂമിയിലെ പരീക്ഷണത്തിനും, ഇവിടെ നിയമജ്ഞന്റെ പരീക്ഷണത്തിനും ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഇവിടെയും പാശ്ചാത്തലം അതിസങ്കീർണമാണ്.

തത്വ ശാസ്ത്രജ്ഞന്മാരില്‍ മുന്‍പനായ സോക്രട്ടീസിന്റെ (Socrates) രീതി സ്വീകരിച്ചുകൊണ്ട്, നിത്യജീവന്‍ അവകാശമാക്കുവാന്‍ എന്ത് ചെയ്യണം എന്ന് ചോദിച്ച നിയമജ്ഞനെക്കൊണ്ടുതന്നെ ഉത്തരം പറയിപ്പിക്കുകയാണ് ഈശോ. ഉത്തരം മനോഹരമാണ്: സ്നേഹിക്കുക: ഒന്ന്, ദൈവത്തെ. പൂര്‍ണ മനസ്സോടെ, പൂര്‍ണ ഹൃദയത്തോടെ പൂര്‍ണ ആത്മാവോടെ, പൂര്‍ണ ശക്തിയോടെ. ഓരോ യഹൂദക്കുട്ടിയും അഞ്ചുവയസ്സുള്ളപ്പോൾ മനഃപാഠമാക്കുന്ന ഉത്തരമാണ് ഈശോയോട് വക്കീൽ പറയുന്നത്. രണ്ട്, അയല്‍ക്കാരനെ. നിന്നെപ്പോലെ. ആരാണ് അയല്‍ക്കാരനെന്നുള്ള ചോദ്യത്തിനും അവനെക്കൊണ്ട്‌ തന്നെ ഉത്തരം പറയിപ്പിച്ച ഈശോയുടെ ഉദ്ദേശ്യം പക്ഷെ, ആരാണ് അയല്‍ക്കാരനെന്നു പറയുകയായിരുന്നില്ല, പിന്നെയോ, ഈശോ നമ്മെ ക്ഷണിക്കുന്നത് മനുഷ്യബന്ധങ്ങളുടെ ധ്യാനത്തിലേയ്ക്കാണ്. കരുണയുള്ള ഹൃദയമുള്ളവനായി നീ ജീവിക്കുമ്പോള്‍, നീ കണ്ടുമുട്ടുന്ന നിന്റെ സഹോദരങ്ങളുമായി നീയെങ്ങനെ ബന്ധപ്പെടുന്നു എന്നതാണ് ഈശോ ഉയര്‍ത്തുന്ന ചോദ്യം. How do you relate with your sisters and brothers? സന്ദേശമിതാണ്: മനുഷ്യ ബന്ധങ്ങളെ സ്വന്തമെന്ന പോലെ കണ്ടു പരിപാലിക്കുക, പരിപോഷിപ്പിക്കുക: അത് ദൈവത്തോടുള്ള ബന്ധമായാലും ശരി, മനുഷ്യരോടുള്ള ബന്ധമായാലും ശരി, പ്രകൃതിയോടുള്ള ബന്ധമായാലും ശരി.  

യാത്രക്കാരൻ തിരഞ്ഞെടുത്തത് അപകടം നിറഞ്ഞ വഴിയായിരുന്നു. ഇടുങ്ങിയ ചുരങ്ങളിലൂടെ  17 മൈൽ. അതും 3300 അടി താഴേക്കിറങ്ങുന്ന വഴി. കൊള്ളക്കാർക്കും പിടിച്ചുപറിക്കാർക്കും ഒളിച്ചിരുന്ന് ആക്രമിക്കാൻ പറ്റിയ വഴി. എന്തിനാണ് ആളനക്കമില്ലാത്ത ആ വഴികളിലൂടെ ഒറ്റയ്ക്ക് അയാൾ പോയത് എന്ന് ചോദിക്കാം. അതുകൊണ്ടല്ലേ ആക്രമിക്കപ്പെട്ടത് എന്നും ചോദ്യമുയർത്താം. സുഹൃത്തേ, അങ്ങനെ ഒറ്റപ്പെട്ട വഴികളിൽ മാത്രമാണോ നമ്മൾ ആക്രമിക്കപ്പെടുന്നത്? നമ്മുടെ ജീവിത സന്തോഷം നശിപ്പിക്കാൻ, നമ്മെ തകർക്കാൻ അക്രമികൾ പതിയിരിക്കുന്നത് അവിടെ മാത്രമാണോ? നമ്മുടെ കുടുംബങ്ങളിൽ നാം ആക്രമിക്കപ്പെടുന്നില്ലേ? ഉത്തമ സുഹൃത്തുക്കളാൽ നാം മാനസികമായി, ശാരീരികമായി ആക്രമിക്കപ്പെടുന്നില്ലേ? “അവളുടെ, അവന്റെ ആ ഒരു വാക്ക് എന്നെ തളർത്തിക്കളഞ്ഞു”എന്ന് എത്രയോ വട്ടമാണ് നമ്മൾ പറഞ്ഞിട്ടുള്ളത്? നിലംപറ്റെ വീണുപോയ എത്രയോ സന്ദർഭങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്? തെറ്റിദ്ധരിക്കപ്പെട്ട അവസ്ഥയിൽ സമൂഹത്തിന്റെ മുൻപിൽ, WhatsApp ലൂടെ, Youtube ലൂടെ  നമ്മെ നഗ്നരാക്കിക്കൊണ്ട്, മുറിവേല്പിച്ചുകൊണ്ട് ഒന്നും സംഭവിക്കാത്തപോലെ എത്രയോപേരാണ് കടന്നുപോയിട്ടുള്ളത്?  നമ്മുടെ ജീവിതത്തിന്റെ, കുടുംബത്തിന്റെ സന്തോഷം എത്രയോ വട്ടമാണ് ഇല്ലാതായിട്ടുള്ളത്? ഒരു നല്ല ശമരിയാക്കാരി, ശമരിയാക്കാരൻ  കടന്നു വരണേ എന്ന് എത്രയോ പ്രാവശ്യമാണ് നാം ആഗ്രഹിച്ചിട്ടുള്ളത്? 

ആക്രമിക്കപ്പെട്ടവനോട് നാം എങ്ങനെ നമ്മെ ബന്ധപ്പെടുത്തുന്നു , relate ചെയ്യുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഒരു പുരോഹിതൻ തന്റെ ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുവാൻ പോകുമ്പോൾ മൃതദേഹവുമായോ, രക്തം വാർക്കുന്ന വ്യക്തികളുമായോ സമ്പർക്കം പാടില്ലായെന്ന നിയമമുണ്ടായിരുന്നതുകൊണ്ടായിരിക്കാം കഥയിലെ പുരോഹിതൻ ആക്രമിക്കപ്പെട്ടവനെ പരിഗണിക്കാതെ പോയത്! എങ്കിലും, നിയമത്തെ മനുഷ്യനേക്കാൾ മുകളിലായി പ്രതിഷ്ഠിച്ചു എന്നത് അദ്ദേഹം ചെയ്ത തെറ്റ് തന്നെയാണ്. ഇവിടെ പുരോഹിതൻ എന്നത്, ചിലരൊക്കെ ആക്ഷേപിക്കുന്നതുപോലെ “വെള്ള നൈറ്റിയിട്ടവർ” മാത്രമല്ല. നിയമത്തെ മനുഷ്യനേക്കാൾ, മാനുഷികതയേക്കാൾ വിലകല്പിക്കുന്നവരെല്ലാം കഥയിലെ പുരോഹിതനാണ്. അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, കാട്ടുപോത്ത് എന്നിവ മനുഷ്യനെ ആക്രമിച്ച് കൊന്നപ്പോൾ, നിയമത്തെ ഉയർത്തിപ്പിടിച്ച് മനുഷ്യനെ വട്ടപ്പൂജ്യമാക്കിയ കേന്ദ്ര-സംസ്ഥാന സംവിധാനങ്ങളും വ്യക്തികളും എല്ലാം കഥയിലെ പുരോഹിതനാണ്. ലെവായനും അങ്ങനെ തന്നെ. മനുഷ്യനെ, പാവപ്പെട്ടവനെ, മുറിവേറ്റവനെ രക്ഷിക്കേണ്ട വ്യക്തികൾ, സ്ഥാപനങ്ങൾ, സംവിധാനങ്ങൾ അവരെ അവഗണിക്കുന്നത് ക്രൂരതയാണ്, പാപം തന്നെയ്യാണ്.

കണ്ടുമുട്ടലുകൾ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ഫ്രാൻസിസ് പപ്പാ (Pope Francis) പറയുന്നപോലെ, “ക്രിസ്തുസാക്ഷ്യമെന്നത് കണ്ടുമുട്ടുന്നവരുടെ മുൻപിൽ നല്ല സമരയാനാകുക എന്നതുതന്നെയാണ്. നീയുംപോയി അതുപോലെ ചെയ്യുക എന്നതിന്റെ അർത്ഥം നിന്റെ കണ്ടുമുട്ടലുകളിൽ, നിന്റെ ബന്ധങ്ങളിൽ നല്ല സമരയാനാകുക എന്നതുതന്നെയാണ്.”

നമ്മുടെ ബന്ധങ്ങള്‍ നാം കരുതുന്നപോലെ ആകസ്മികമൊന്നുമല്ല. നമ്മുടെ കുടുംബബന്ധങ്ങള്‍ – ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം, മാതാപിതാക്കളും മക്കളും തമ്മില്‍, സുഹൃത്തുക്കള്‍ തമ്മില്‍, നാം അനുദിനം കണ്ടുമുട്ടുന്ന ഓരോരുത്തരും തമ്മിലുള്ള ബന്ധങ്ങള്‍ എല്ലാം വെറും ആകസ്മികമല്ല. “ദൈവം യോജിപ്പിച്ചത്” എന്നൊരു വിശേഷണം, വാഴ്ത്ത് (ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ ഭാഷയിൽ) ബന്ധങ്ങള്‍ക്ക് നല്‍കുന്നത് ക്രിസ്തുവാണ്‌. അത് വിവാഹബന്ധത്തിനു മാത്രമല്ല, എല്ലാ ബന്ധങ്ങള്‍ക്കും ഇണങ്ങും. ഒരു ബന്ധത്തിന്റെ കണ്ണിയായിത്തീരുക എന്നത് ദൈവത്തിന്റെ കണക്കും കരുതലുമാണ് കാണിക്കുന്നത്. അതുകൊണ്ട് എല്ലാ ബന്ധങ്ങളെയും നാം വിലമതിക്കണം. കാരണം, ദൈവത്തിന്റെ കണക്കുകൂട്ടലും കരുതലുമാണ് ഓരോ ബന്ധവും.

ജീവിതത്തിന്റെ വഴികളില്‍ നമ്മുടെ അടുത്ത് വരുന്നവരും നാം കണ്ടുമുട്ടുന്നവരും പല തര  ക്കാരായിരിക്കാം. അക്രമികളുടെ കയ്യില്‍പെടുന്നവരാകാം. വിവസ്ത്രരാകാം. തെറ്റിധാരണയുടെ പേരില്‍, കുറവുകളുടെ പേരില്‍, നഗ്നരാക്കപ്പെടുന്നവര്‍ ധാരാളമുണ്ട്. സാമ്പത്തിക ഞെരുക്കങ്ങള്‍ മൂലം, ജോലിയില്ലായ്മകൊണ്ട്, ലോണ്‍തിരിച്ചടയ്ക്കാന്‍ പറ്റാത്തതുകൊണ്ട്, എന്ത് ചെയ്തിട്ടും മുന്നോട്ട് പോകാന്‍ പറ്റാത്തതുകൊണ്ട്, ന്യായമായും അന്യായമായും പ്രഹരിക്കപ്പെടുന്നവരുണ്ടാകാം. ഇങ്ങനെയുള്ളവരെ കാണുമ്പോള്‍ how do you relate with them? സുവിശേഷം മൂന്ന് വ്യക്തികളുടെ മനോഭാവം കാണിക്കുന്നു: പുരോഹിതന്‍, കണ്ടു കടന്നുപോയി. ലെവായന്‍, കണ്ടെങ്കിലും കടന്നുപോയി. സമരായന്‍, കണ്ടു മനസ്സലിഞ്ഞു. ഇതില്‍ ഏതു കണ്ണോടു കൂടിയാണ് സ്നേഹിതരെ നമ്മള്‍ ജീവിക്കുന്നത്? വീട്ടില്‍ അസുഖമായി കിടക്കുന്ന മാതാപിതാക്കളുമായി ഏതു ബന്ധം? അയല്‍പക്കത്തെ ലോണ്‍ അടയ്ക്കാന്‍ പറ്റാത്ത സഹോദരനോട് ഏതു ഭാവം?…

ആ സമരായന്‍ relate ചെയ്യുന്നത് നോക്കൂ! കണ്ടു, മനസ്സലിഞ്ഞു, അടുത്തുചെന്നു, എണ്ണയും വീഞ്ഞും ഒഴിച്ച് മുറിവുകള്‍ വച്ചുകെട്ടി. എന്താണ് എണ്ണയും വീഞ്ഞും? അയാളുടെ first aid box ല്‍ ഉള്ളവയാണ്.  ഓര്‍ക്കണം! യാത്ര പകുതിയേ ആയിട്ടുള്ളൂ, യാത്രാ മദ്ധ്യേയാണയാള്‍. ഇനിയുള്ള യാത്രയിലും എന്തെങ്കിലും സംഭവിക്കാം. ചെയ്യുന്നത് മണ്ടത്തരമാണെന്ന് ലോകം പറയും. എങ്കിലും തന്റെ സുരക്ഷിതത്തിനുള്ളവപോലും അയാള്‍ പങ്കുവയ്ക്കുകയാണ്.

എന്നിട്ട് തന്റെ കഴുതയുടെ പുറത്ത് കയറ്റി. എന്താണ് കഴുതയുടെ പുറം? ഒരു സഞ്ചാരിയുടെ, യാത്രക്കാരന്റെ അവകാശമാണ് അയാളുടെ കഴുതയുടെ പുറം. ശരിയായ ബന്ധം എന്നുപറഞ്ഞാല്‍ ഇതാണ്: എന്റെ അവകാശവും കൂടി മറ്റുള്ളവരുമായി പങ്കുവയ്ക്കുക. ചുമ്മാ പൈസ കൊടുക്കുന്നതില്‍ മാത്രം, ഒന്ന് ചിരിച്ചു കാണിക്കുന്നതില്‍ മാത്രം ബന്ധങ്ങള്‍, ബന്ധങ്ങള്‍ ആകുകയില്ല. എന്റെ അവകാശത്തിലും കൂടി….! കൈയെത്താവുന്ന ദൂരത്തില്‍ കാല്‍വരി നില്‍ക്കുമ്പോള്‍ ഈശോ പറഞ്ഞില്ലേ? ഞാന്‍ നിങ്ങളെ ദാസന്മാരെന്നല്ലാ, സ്നേഹിതന്മാരെന്നാ വിളിച്ചത് (യോഹന്നാൻ 15, 15). അവിടുത്തെ അവകാശത്തില്‍ ഈശോ അവരെ പങ്കുകാരാക്കുകയാണ്.

ആ നല്ല ശമാരായന്‍ തന്റെ കഴുതയുടെ പുറത്ത് കയറ്റി അയാളെ ഒരു സത്രത്തില്‍ കൊണ്ട് ചെന്ന് പരിചരിച്ചു. സ്നേഹിതരെ, നമുക്കൊക്കെ ഏതെങ്കിലും ചുമലുകളെ താങ്ങി നിന്നേ പറ്റൂ. മനുഷ്യന്‍ ഏറ്റവും ബലഹീനമായ വര്‍ഗമാണ്. വേറൊരു ജീവിയും ഇത്രയും ബലഹീനമല്ല. നമുക്ക് പക്ഷിയെപ്പോലെ പറക്കാന്‍ കഴിയില്ല. ചീങ്കണ്ണിയെപ്പോലെ നീന്താന്‍, കുരങ്ങിനെപ്പോലെ മരം കയറാന്‍ നമുക്ക് കഴിയില്ല. കഴുകനെപ്പോലെയുള്ള കണ്ണ്, കാട്ട് പൂച്ചയെപ്പോലെയുള്ള പല്ല് നമുക്കില്ല. ഒരു ചെറിയ പ്രാണിക്ക് പോലും നമ്മെ കൊല്ലാം. മനുഷ്യന്‍ ഏറ്റവും ബലഹീനമായ വര്‍ഗമാണ്. ഇത്രയും ബലഹീനമായ നമുക്കുവേണ്ടി ദൈവത്തിന്റെ കരുതലാണ് ബന്ധങ്ങള്‍. നമുക്കൊക്കെ ഏതെങ്കിലും ചുമലുകളെ താങ്ങി നിന്നേ പറ്റൂ. ഒപ്പം, ചുമലുകളാകാനും നമുക്ക് കഴിയണം.

അയാള്‍ ആ മനുഷ്യനെ പരിചരിച്ചു. സത്രം എന്തിനാണ്? യാത്രക്കാരന് വിശ്രമിക്കാന്‍. അത് അവന്റെ ആവശ്യവും അവകാശവുമാണ്. അവനുമായുള്ള ബന്ധത്തില്‍ അയാള്‍ അതും മാറ്റിവയ്ക്കുകയാണ്. അയാള്‍ അവനെ പരിചരിച്ചു. ഒന്ന് ചിന്തിച്ചുനോക്കൂ. എന്തെങ്കിലും സാമ്യം, അയാളും ഞാനും തമ്മില്‍? അയാള്‍ ബന്ധങ്ങളെ പരിപാലിക്കുകയാണ്, പരിപോഷിപ്പിക്കുകയാണ്. ഞാനോ?

ശമരിയാക്കാരന്‍ രണ്ടു ദാനാറ സത്രം സൂക്ഷിപ്പുകാരന് കൊടുത്തിട്ട് അവന്റെ സംരക്ഷണം ഉറപ്പുവരുത്തുകയാണ്. ഇന്ന് നമ്മുടെ ഭാരതത്തിൽ, കേരളത്തില്‍ കർഷകരുടെ, യാത്രക്കാരുടെ, തൊഴിലില്ലാത്തവരുടെ കൊച്ചു കുഞ്ഞുങ്ങളുടെ പോലും സംരക്ഷണം ഉറപ്പുവരുത്തുവാന്‍ നമുക്കാകുന്നില്ല.

ഈയിടെ Whats App ൽ കണ്ട Short Film ഈ സന്ദേശത്തോടൊത്തു പോകുന്നതാണ്. അതിന്റെ കഥയിങ്ങനെയാണ്: Film തുടങ്ങുന്നത് ഒരു കുട്ടി എഴുന്നേറ്റ് നിന്ന് English text വിക്കി വിക്കി വായിക്കുന്നതിലൂടെയാണ്. ടീച്ചർ അവനെ ശകാരിക്കുമ്പോൾ കുട്ടികൾ പറയുന്നു: അയ്യോ മിസ്സെ അവൻ വിക്കനാ…പിന്നെ കൂട്ടച്ചിരിയും. ഇവനാണ് കഥാനായകൻ. അവൻ വിക്കനാണ്. ആ കളിയാക്കൽ അവനെ വല്ലാതെ വേദനിപ്പിച്ചു…സമൂഹം അവനെ പല തരത്തിൽ ഇങ്ങനെ വളർച്ചയുടെ ഓരോ കാലഘട്ടത്തിലും ആക്രമിച്ചിട്ടുണ്ടാകണം. അവൻ വഴിയിൽ, ജീവിതത്തിന്റെ വഴിയിൽ വീണുകിടക്കുകയാണ്. സ്വയം രക്ഷപ്പെടുവാൻ പരിശ്രമിക്കുന്നുണ്ട്. പലപ്പോഴും അനങ്ങാൻ കഴിയാതെ വിഷമിച്ചിട്ടുണ്ടാകണം. എന്തായാലും അടുത്ത ഷോട്ടിൽ വളർന്നു ചെറുപ്പക്കാരനായ അവൻ ഒരു Interview വിന് വന്നിരിക്കുകയാണ്. ധാരാളം candidates ഉണ്ട്. അവരെ കണ്ടപ്പോഴേ അവൻ തളർന്നു. Slow motion ൽ ആണ് ഈ രംഗങ്ങളെല്ലാം … അവന് നിലത്തുനിന്നും എഴുന്നേൽക്കാൻ പറ്റുന്നില്ല…വീണ്ടും വീണ്ടും ആക്രമിക്കപ്പെടുകയാണ്. കണ്ടുമുട്ടിയ ഒരു candidate അവനോട് പേര് ചോദിച്ചു. … അവന് പറയാൻ പറ്റുന്നില്ല. അത്രത്തോളം പരിഭ്രാന്തനും അശക്തനുമാണവൻ! അവസാനം, അവന്റെ പേര് വിളിച്ചു: “who is Sharan here?” അവൻ മുറിയിലേക്ക് ചെന്നു.   കസേരയിലിരുന്നു. ഒരു Madam അവന്റെ Certificates ചോദിച്ചു. പിന്നെ introduce ചെയ്യാൻ പറഞ്ഞു.  പേടി   കാരണം, അപകർഷതാബോധം കാരണം, അവന് എന്തെങ്കിലും പറയാൻ, ഒന്ന് പുഞ്ചിരിക്കാൻ, ഒന്ന് അനങ്ങാൻ … ഒന്നും അവന് പറ്റുന്നില്ല. അവൻ പരാജയത്തിന്റെ നിലത്തു വീണ് കിടക്കുകയാണ്.

കുറച്ചെന്തോ പറയാൻ ശ്രമിച്ചപ്പോഴേക്കും interview ചെയ്യാനിരുന്നവരിൽ നടുക്കിരുന്ന ആൾ അവനോടു വിക്കി വിക്കി പറയാൻ തുടങ്ങി:”സ..സാരോല്യ …പേ.. പേ ടിക്കേണ്ട …പ്പ …പ… പറഞ്ഞോളൂ…” അവൻ കേട്ടത് ഒരു ശക്തിയായി അവനിലേക്കൊഴുകി. ആരോ തന്നെ താങ്ങി എഴുന്നേൽപ്പിക്കുന്നതുപോലെ .. .എഴുന്നേറ്റു നിൽക്കാൻ സഹായിക്കുന്നതുപോലെ…ആത്മവിശാസത്തിന്റെ, ആശ്വാസത്തിന്റെ ലേപനം തരുന്ന പോലെ…

അവൻ പറയാൻ തുടങ്ങി…അയാൾ പലപ്പോഴും സഹായിച്ചു…പുഞ്ചിരിയോടെ…ചെറിയ വാക്കുകളിലൂടെ… അവൻ സന്തോഷത്തോടെ വിജയകരമായി interview പൂർത്തിയാക്കി. പുറത്തിറങ്ങിയ ശരണിന്റെ ചിന്തകൾ ഇങ്ങനെയായിരുന്നു: “ആ interview കഴിഞ്ഞപ്പോൾ ജോലി കിട്ടുമോയെന്നതല്ലായിരുന്നു എന്റെ ചിന്ത. ലോകം കീഴടക്കിയ ഒരാളുടെ സന്തോഷമായിരുന്നു എന്റെ ഉള്ളിൽ.” അവൻ നേരെ ചെന്നത് തന്റെ പേര് ചോദിച്ച സുഹൃത്തിന്റെ അടുത്തേക്കായിരുന്നു. അദ്ദേഹത്തെ shake hand ചെയ്തിട്ട് സന്തോഷത്തോടെ അവൻ പറഞ്ഞു: “ഹായ്, എന്റെ പേര് ശരൺ…!”

ചിത്രം അവസാനിക്കുന്നത് ഇങ്ങനെയല്ല. ഇതിനൊരു tail end ഉണ്ട്. അല്പംകഴിഞ്ഞു interview വിനിരുന്ന Madam സാറിനോട് ചോദിക്കുകയാണ്: “ഒരു വിക്കനല്ലാത്ത: “സാറെന്തിനാണ് അയാളുടെ മുൻപിൽ വിക്കഭിനയിച്ചത്? സാറിന്റെ പ്രസന്നമായ മുഖം സ്‌ക്രീനിൽ … ഒപ്പം പല അർഥങ്ങൾ ഒളിപ്പിച്ചു വച്ച ഒരു ചിരിയും!

സ്നേഹമുള്ളവരേ, ജീവിതത്തിന്റെ വഴികളിൽ ആക്രമിക്കപ്പെട്ടു തളർന്നു വീഴുന്നവർ ഏറെയാണ്. നിങ്ങളും ഞാനും അതിലുണ്ട്. നമ്മുടെ മാതാപിതാക്കളും മക്കളും അതിലുണ്ട്.  സ്ത്രീകളും പുരുഷന്മാരും അതിലുണ്ട്. ആക്രമിക്കുന്നത് ലേബലൊട്ടിച്ച കള്ളന്മാരോ, തീവ്രവാദികളോ ആയിരിക്കണമെന്നില്ല. നമുക്കുണ്ടാകുന്ന ജീവിത പരാജയങ്ങൾ, നമ്മുടെ കുറവുകൾ, നമുക്ക് സംഭവിക്കുന്ന ചില ദുരന്തങ്ങൾ, ബന്ധങ്ങളിലെ വിള്ളലുകൾ, നമ്മിലെ തന്നെ അപകർഷതാബോധം നിറഞ്ഞ മനസ്സ്, നാം മറ്റുള്ളവരോടും, മറ്റുള്ളവർ നമ്മോടും പറയുന്ന കാര്യങ്ങൾ…സാമ്പത്തിക തകർച്ചകൾ … കോവിഡ് പോലെയുള്ള മഹാമാരികൾ, രോഗങ്ങൾ, അങ്ങനെയങ്ങനെ അക്രമികൾ ധാരാളമാണ് നമുക്ക് ചുറ്റും. വിജനമായ വഴികൾ മാത്രമായിരിക്കണമെന്നില്ല ആക്രമിക്കപ്പെടുന്ന സ്ഥലങ്ങൾ. അതെവിടെയുമാകാം, സ്കൂൾ, നമ്മുടെ വീട്, കളിസ്ഥലങ്ങൾ നമ്മുടെ ഇടവക ദേവാലയം, സുഹൃദ്‌വലയങ്ങൾ, പൊതുസ്ഥലങ്ങൾ, സർക്കാർ ഓഫീസുകൾ…അങ്ങനെ ധാരാളം ഇടങ്ങളുണ്ട് നാം ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതായി. ശാരീരികമായി മാത്രമല്ല ഈ ആക്രമണങ്ങൾ എന്നും അറിഞ്ഞിരിക്കുക. ശാരീരികമായും, മാനസികമായും, വൈകാരികമായും, ആധ്യാത്മികമായും ഒക്കെ ആക്രമണങ്ങൾ നമ്മെത്തേടിയെത്തും.

ഈ ലോകത്തു എവിടെയെല്ലാം ദൈവമക്കൾ ആക്രമിക്കപ്പെടുന്നുണ്ടോ, അവിടെയെല്ലാം നല്ല സമരിയാക്കാരിയാകാനുള്ള, നല്ല സമരിയാക്കാരനാകാനുള്ള വിളിയാണ് ഓരോ ക്രൈസ്തവനും ഉള്ളത്.   കഥയിലെ മറുവശത്തുകൂടി കടന്നുപോകുന്ന പുരോഹിതനാകാനുള്ള വിളിയല്ല ക്രൈസ്തവനുള്ളത്; കണ്ടെങ്കിലും അവഗണിച്ചു കടന്നുപോകുന്ന ലെവായനാകാനുമുള്ള വിളിയല്ല ക്രൈസ്തവനുള്ളത്. പിന്നെയോ,മനസ്സലിഞ്ഞു, അടുത്തുചെന്ന്, എണ്ണയും വീഞ്ഞുമൊഴിച്ചു, മുറിവുകൾ വച്ചുകെട്ടി, സ്വന്തം കഴുതപ്പുറത്തിരുത്തി സത്രത്തിൽ കൊണ്ട് പോയി പരിചരിക്കുന്ന നല്ല സമരിയാക്കാരിയാകാനുള്ള, നല്ല സമരിയാക്കാരനാകുള്ള, നല്ല അയൽക്കാരനാകാനുള്ള, നല്ല അയൽക്കാരിയാകാനുള്ള വിളിയാണ് ഓരോ ക്രൈസ്തവന്റെയും ജീവിതം. മറ്റുള്ളവരുടെ ജീവിതാവസ്ഥയോളം താഴ്ന്നു ചെന്ന്, അവരെ ആശ്വസിപ്പിച്ചു അവരുടെ ജീവിത സന്തോഷം തിരികെക്കൊടുക്കുന്ന നല്ല സമരാക്കാരനാകുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് പ്രിയപ്പെട്ടവരേ. വീണുപോയവനെ ഒന്നുകൂടി കാലുയർത്തി തൊഴിക്കുവാനുള്ള വിളിയല്ലാ, വീണുകിടക്കുന്നവരെ പിടിച്ചെഴുന്നേൽപ്പിക്കുവാനുള്ള വിളിയാണ് നമ്മുടേത്. അവളുടെ, അവന്റെ ജീവിതം സന്തോഷംകൊണ്ട് നിറയ്ക്കുവാനുള്ള വിളിയാണ് നമുക്കുള്ളത്.    

വെറുതെ അയല്‍ക്കാരനാരാണെന്ന് പറയാനല്ലാ ഈശോ ഈ ഉപമ പറഞ്ഞത്. മനുഷ്യ ബന്ധങ്ങളുടെ പരിപാലന എങ്ങനെയെന്നു നമ്മെ പഠിപ്പിക്കാനാണ്. അത് മനുഷ്യരോട് മാത്രമല്ലാ, പ്രകൃതിയുമായുള്ള ബന്ധത്തിലും അങ്ങനെതന്നെ.

ഓര്‍ക്കുക, തിരുത്തുന്നതിനെക്കാള്‍, സ്വീകരിക്കാനാണ്‌ ഒരാള്‍ ബന്ധങ്ങളില്‍ അഭ്യസിക്കേണ്ടത്. കളയും വിളയും വേര്‍തിരിക്കാനല്ലാ, രണ്ടും കൂടുന്ന ഭൂമി സ്വീകരിക്കുകയാണ് വേണ്ടത്. ശമരിയാക്കാരന്‍ ഒരിക്കലും ആ മനുഷ്യനെ കുറ്റപ്പെടുത്തുന്നില്ല. അയാളെ സ്വീകരിക്കുകയാണ്, ജറീക്കൊയിലെയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത അയാളുടെ മണ്ടത്തരത്തോടുകൂടി! ബ്നധങ്ങളുടെ ശ്രേഷ്ടതയാണ് ഈശോ നമ്മെ കാണിച്ചുതരുന്നത്. ഈ ശ്രേഷ്ടതയിലേക്ക് വളരാന്‍ സാധിച്ചാല്‍ നാമാരെയും നഷ്ടപ്പെടുത്തുകയില്ല!

സ്നേഹമുള്ളവരെ, വീണ്ടും വായിച്ചുനോക്കൂ…. ഈ ഉപമ പൂര്‍ണമല്ല. ആരാണ് പൂര്‍ണമാക്കേണ്ടത്‌? വായനക്കാരും, കേള്‍വിക്കാരും. എപ്പോഴാണ് ഈ ഉപമ പൂര്‍ണമാകുക? ശമരിയാക്കാരന്‍ തിരിച്ചുവരണം…….ശമരിയാക്കാരന്‍ തിരിച്ചുവരണം. എങ്ങനെ? എന്നിലൂടെ, നിങ്ങളിലൂടെ ഈ ശമരിയാക്കാരന്‍ തിരിച്ചുവരണം. എങ്കിലേ, ഈ കഥ പൂര്‍ണമാകൂ.

സമാപനം

ഇനിയുള്ള നമ്മുടെ ജീവിതം സ്നേഹിതരേ, ഈ കഥ പൂര്‍ണമാക്കാന്‍ ആകട്ടെ. നമ്മുടെ കുടുംബ, സാഹോദര്യ സുഹൃത് അയല്‍വക്ക ബന്ധങ്ങള്‍ ദൈവത്തിന്റെ നമ്മോടുള്ള കരുതലും സ്നേഹവുമാണ്. ശമരിയാക്കാരനെപ്പോലെ ബന്ധങ്ങളെ പരിപാലിക്കാന്‍, പരിപോഷിപ്പിക്കാന്‍ ഈ ഉപമ നമുക്ക് പ്രചോദനമാകട്ടെ.

അപ്പോള്‍ നമ്മുടെ ബന്ധങ്ങള്‍ ദൈവത്തിന്റെ കൃപകള്‍കൊണ്ട് നിറയും. ഈ ഭൂമി പറുദീസായാകും. ആമേൻ!

SUNDAY SERMON FEAST OF HOLY TRINITY2023

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

യോഹ 16, 12-15

2020 ഡിസംബർ 10 ന് ശിലയിട്ട 64500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള, നാല് നിലകളുള്ള, 970 കൂടി രൂപ ചിലവഴിച്ച നമ്മുടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനം നടന്നുവെന്നത് രാജ്യത്തിന് അഭിമാനകരമാണ്. രാജ്യത്തിൻറെ വളർച്ചയുടെ, ഐക്യത്തിന്റെ, പരസ്പര ബഹുമാനത്തിന്റെ, സഹകരണത്തിന്റെ പ്രതീകമാണ് അതിന്റെ പാർലമെന്റ്.

എന്നാൽ, നമ്മുടെ പാർലമെന്റ് മന്ദിരം രാഷ്‌ട്രപതി ഉദ്‌ഘാടനം ചെയ്യാതിരുന്നതും, 21 പ്രതിപക്ഷ പാർട്ടികളുടെ ബഹിഷ്കരണവും, ഗുസ്തിതാരങ്ങളുടെ പ്രതിഷേധവും, മതേതരസങ്കല്പങ്ങളോടുള്ള അവഗണനയും ഇതിന്റെ ഉദ്‌ഘാടനത്തിന് കളങ്കമായി എന്നത് ഒരു സത്യമാണ്. അച്ചൻ രാഷ്ട്രീയം പറയുകയല്ല. നമ്മുടെ പുതിയ മന്ദിരത്തിന്റെ ഉദ്‌ഘാടനം ആഘോഷമായി നടന്നെങ്കിലും, അതിന്റെ ബാക്കിപത്രം അനൈക്യത്തിന്റെ അന്തരീക്ഷമാണ് എന്നത് വേദനാജനകമാണ്.

രാഷ്ട്രീയവും, വർഗീയതയും, ഏകാധിപത്യപ്രവണതകളും മൂലം രാജ്യത്ത് അനൈക്യത്തിന്റെ അന്തരീക്ഷം നിലനിൽക്കുമ്പോൾ, സീറോമലബാർ സഭയിൽ പലവിധ കാരണങ്ങൾ അനൈക്യത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുമ്പോൾ, നമ്മുടെ കുടുംബങ്ങൾ പലപ്പോഴും അനൈക്യത്തിന്റെ വേദികളാകുമ്പോൾ, നാമിന്ന് സ്നേഹത്തിന്റെ, ഐക്യത്തിന്റെ, സഹകരണത്തിന്റെ പ്രതീകമായ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുകയാണ്. എല്ലാവർക്കും പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആശംസകൾ!!

ശ്ളീഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയായ ഇന്ന് മനുഷ്യമനസ്സിന് അഗ്രാഹ്യമായ വലിയൊരു ദൈവിക രഹസ്യമായ പരിശുദ്ധ ത്രിത്വത്തിന്റെ, ഇന്നുവരെ വെളിപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്ലിഷ്ടമായ ഒരു വിശ്വാസ രഹസ്യമായ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ, ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട്, പിതാവിന്റെയും, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നേഹത്തോടെ, ഐക്യത്തോടെ, സഹോദര്യത്തോടെ ജീവിക്കുക എന്ന സന്ദേശം സ്വീകരിച്ചുകൊണ്ട് പരിശുദ്ധ ത്രിത്വത്തെ മനസ്സിലാക്കുവാൻ ശ്രമിക്കാം.  

ബൈബിളിൽ ത്രിത്വം (Trinity) എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന ആശയം വളരെ ശക്തമായി പുതിയനിയമത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. തന്റെ സ്വർഗാരോഹണത്തിന് മുൻപ് ഗലീലിയിലെ മലയിൽ വച്ച് ഈശോ ശിഷ്യർക്ക് പ്രേഷിതദൗത്യം നൽകുമ്പോൾ പറഞ്ഞത്, “നിങ്ങൾപോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്ക് സ്നാനം നൽകുവിൻ” (മത്താ 28, 19) എന്നാണ്. അതിനുശേഷം വിശുദ്ധ പൗലോശ്ലീഹായും വളരെ വ്യക്തമായി പറയുന്നത് ഇങ്ങനെയാണ്: “കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ”. (2 കോറി 13, 13) ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ ത്രിത്വമെന്ന സങ്കൽപം വികാസം പ്രാപിച്ചിരുന്നില്ല. എന്നാൽ, ത്രിത്വം എന്ന ആശയത്തിന് രൂപം വരുന്നത് യഹൂദരുടെ ഷേമ ഇസ്രായേൽ (Shema Yisrael) എന്ന പ്രാർത്ഥനയിൽ ദൈവത്തെക്കുറിച്ചു പറഞ്ഞിരിക്കുന്ന “നമ്മുടെ ദൈവമായ കർത്താവ് ഒരേ കർത്താവാണ്” (നിയമ 6, 4) എന്ന പ്രാർത്ഥനയിൽ നിന്നാണ്. ഈ പ്രാർ ത്ഥനയുടെ വികസിതരൂപമായിട്ടാണ് ദൈവം ഒന്നേയുള്ളു. എന്നാൽ ദൈവത്തിനു മൂന്നാളുകളുണ്ട് എന്ന വിശ്വാസ പ്രമാണത്തിലേക്ക് തിരുസ്സഭ കടന്നുവരുന്നത്. ആഫ്രിക്കയിലെ കർത്തേജിൽ (Carthage) നിന്നുള്ള ക്രൈസ്തവ പണ്ഡിതനായ തെർത്തുല്യൻ (Tertulian) എ.ഡി.150 ൽ ഈ പദം ഉപയോഗിച്ചതോടെയാണ് ക്രിസ്തുമതത്തിൽ ത്രിത്വം (Trinity) എന്ന പദം ചിരപ്രതിഷ്ട നേടിയത്. 

പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്ന് ദൈവിക വ്യക്തിത്വങ്ങളുടെ കൂട്ടായ്മ എന്ന അർത്ഥത്തിലാണ് കത്തോലിക്കാ തിരുസ്സഭ ത്രിത്വം (Trinity) എന്ന പദം ഇന്ന് ഉപയോഗിക്കുന്നത്.

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ വർഷത്തിലൊരിക്കൽ നാം ആഘോഷിക്കുന്നത് നമ്മുടെ വിശ്വാസത്തിലെ പരമ പ്രധാനമായ ഒരു രഹസ്യത്തെപ്പറ്റി ഓർക്കാനും മനസ്സിലാക്കാനുമായിട്ടാണ്. ഇന്നുവരെ ആർക്കും തന്നെ പൂർണമായി പിടികൊടുക്കാതെ ഒഴിഞ്ഞുമാറുന്ന വലിയ രഹസ്യമാണ് പരിശുദ്ധ ത്രിത്വമെങ്കിലും, നമ്മുടെ വിശ്വാസ ജീവിതത്തിൽ വളരെ അടുത്തുനിൽക്കുന്ന യാഥാർഥ്യമാണിത്. ഒന്നോർത്താൽ രാവിലെ എഴുന്നേൽക്കുന്നതുമുതൽ രാത്രി ഉറങ്ങാൻപോകുമ്പോഴും പരിശുദ്ധ ത്രിത്വത്തിന്റെ സ്മരണയിലാണ് നാം ജീവിക്കുന്നത്. രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ നമ്മുടെ ആദ്യത്തെ പ്രവർത്തി എന്താണ്? കുരിശുവരച്ച്, പിതാവിനും പുത്രനും പരിശുദ്ധ ആ ത്മാവിനും നമ്മെ തന്നെ സമർപ്പിച്ച്, നമ്മെത്തന്നെ വിശുദ്ധീകരിച്ചുകൊണ്ടല്ലേ നാം ഓരോ ദിനവും തുടങ്ങുന്നത്? അതിനുശേഷം നാം ചെയ്യുന്ന ഓരോ പ്രവർത്തിക്ക് മുൻപും നാം ഒന്ന് കുരിശുവരച്ച് ത്രിത്വദൈവത്തെ ഓർത്തിട്ടല്ലേ ഓരോന്നും ചെയ്യുന്നത്? പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ എന്ന് പറഞ്ഞു നെറ്റിയിൽ കുരി ശു വരച്ചുകൊണ്ടല്ലേ നാം മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത്?

ചെറുപ്പത്തിലേ അമ്മച്ചി എന്നെ പഠിപ്പിച്ച വലിയൊരു ഭക്തകൃത്യമായിരുന്നു, ഉറങ്ങുന്നതിനുമുന്പ് പായയുടെ നാല് corners ലും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ എന്ന് പറഞ്ഞു കുരിശുവരയ്ക്കുക എന്നത്. ഇന്നും ഞാനത് ചെയ്യുന്നുണ്ട്പരിശുദ്ധ ത്രിത്വത്തിന്റെ സംരക്ഷണത്തിലാണ് ഞാൻ ഉറങ്ങുന്നത് എന്ന ബോധ്യം ശാന്തമായി ഉറങ്ങുവാൻ എന്നെ സഹായിച്ചു. ഓരോ ഭക്ഷണത്തിനു മുൻപും പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലുള്ള ആശീർവാദത്തോടെയാണ് നാം ഭക്ഷിക്കാൻ തുടങ്ങുന്നത്. വിവാഹിതരാകുന്ന നവദമ്പതികളെ പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ കുരിശുവരച്ചിട്ടല്ലേ നാം വീട്ടിലേക്ക് പ്രവേശിപ്പിക്കുന്നത്? ചുരുക്കിപ്പറഞ്ഞാൽ, ത്രിത്വത്തെക്കുറിച്ചു ആഴത്തിലൊന്നും അറിയില്ലെങ്കിലും, നമ്മുടെ ക്രൈസ്തവജീവിതം, പരിശുദ്ധ ത്രിത്വത്തിലാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്.

കക്കാകൊണ്ട് സമുദ്രജലം വറ്റിക്കാൻ ശ്രമിക്കുന്നതിലും ശ്രമകരമാണ്, സങ്കീർണമാണ് പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു മനസ്സിലാക്കാനെന്ന് St. Augusine നോട് പറയുന്ന കുട്ടിയുടെ കഥ കേൾക്കുമ്പോൾ നാമും തലകുലുക്കും. ശരിയാണ്, ഇത് വലിയൊരു രഹസ്യം തന്നെയാണ് എന്ന് സമ്മതിക്കും. എങ്കിലും പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു നമുക്കറിയാവുന്നവ ശരിയായി മനസ്സിലാക്കുന്നത് നമ്മുടെ വിശ്വാസജീവിതത്തെ ശക്തിപ്പെടുത്തുകതന്നെ ചെയ്യും.

ഒന്നാമതായി, രക്ഷാകര ചരിത്രം പരിശുദ്ധ ത്രിത്വത്തിന്റെ ചരിത്രമാണ്. ഉത്പത്തി 1, 1-2: ദൈവമായ കർത്താവ് (പിതാവായ ദൈവം) ആദിയിൽ തന്റെ വചനത്താൽ (പുത്രനായ ദൈവം) സൃഷ്ടികർമം നടത്തുമ്പോൾ ദൈവത്തിന്റെ ചൈതന്യം (പരിശുദ്ധാത്മാവായ ദൈവം) വെള്ളത്തിനുമുകളിൽ ചലിച്ചുകൊണ്ടിരുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യമാണ് നാമിവിടെ കാണുന്നത്. “നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം” (ഉത്പ 1, 26) എന്ന് പറയുമ്പോൾ, നമുക്ക് എന്നതുകൊണ്ട് വിവക്ഷിക്കുന്നത് പരിശുദ്ധ ത്രിത്വത്തിലെ ആന്തരിക സംഭാഷണമാണ്.

മമ്രേയുടെ ഓക്കുമരത്തോപ്പിന് സമീപം ദൈവം അബ്രാഹത്തിന് പ്രത്യക്ഷനാകുന്നത് മൂന്നാളുകളായിട്ടാണ്. ബൈബിൾ പണ്ഡിതന്മാർ അബ്രാഹത്തെ സന്ദർശിക്കുന്ന ഈ മൂന്ന് വ്യക്തിത്വങ്ങളെ പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യമായിട്ടാണ് വ്യാഖ്യാനിക്കുന്നത്. (ഉത്പ 18, 1-15) ചുട്ടെടുത്ത ഇഷ്ടിക ഉപയോഗിച്ച് ബാബേൽഗോപുരം പണിതുയർത്തുമ്പോൾ അതോടൊപ്പം മനുഷ്യന്റെ അഹങ്കാരവും ഉയരുന്നതുകണ്ട ദൈവം പറയുന്നത് ഇങ്ങനെയാണ്:”നമുക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഭാഷ പരസ്പരം ഗ്രഹിക്കാനാകാത്തവിധം ഭിന്നിപ്പിക്കാം.” (ഉത്പ 11, 7) ഇവിടെയും നമുക്ക് എന്ന് പറഞ്ഞുകൊണ്ടുള്ള സംഭാഷണം പരിശുദ്ധ ത്രിത്വത്തിലെ ആന്തരിക സംഭാഷണമാണ്. ഇവിടുന്നങ്ങോട്ട് പുതിയനിയമത്തിലെത്തിയാൽ, പരിശുദ്ധ കന്യകാമറിയത്തിന്റെ മംഗളവാർത്തയിൽ നാം പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യം കാണുന്നുണ്ട്. പിതാവായ ദൈവത്തിന്റെ ദൂതനാണ് മറിയത്തിനോട് സംസാരിക്കുന്നത്. പരിശുദ്ധാത്മാവിനാൽ ആണ് മറിയം ഗർഭവതിയാകുന്നത്. അവളുടെ ഉദരത്തിൽ രൂപപ്പെടുന്നതാകട്ടെ പുത്രനായ ദൈവവും. ഈശോയുടെ മാമ്മോദീസാ വേളയിലും ത്രിത്വത്തിന്റെ സാന്നിധ്യം നാം കാണുന്നുണ്ട്. “സ്നാനം കഴിഞ്ഞപ്പോൾ യേശു (പുത്രനായ ദൈവം) വെള്ളത്തിൽനിന്ന് കയറി…ദൈവാത്മാവ് (ആത്മാവായ ദൈവം) പ്രാവിന്റെ രൂപത്തിൽ തന്റെമേൽ ഇറങ്ങിവരുന്നത് അവൻ കണ്ടു. ഇവൻ എന്റെ പ്രിയപുത്രൻ …ഒരു സ്വരം സ്വർഗത്തിൽ നിന്ന് കേട്ടു” (പിതാവിന്റെ സ്വരം). (മത്താ 3, 16-17) വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ 15 മുതൽ 17 വരെയുള്ള അധ്യായങ്ങളിൽ ത്രിത്വത്തിന്റെ സാന്നിധ്യം കാണാം. പുത്രനായ ദൈവം പിതാവിനെക്കുറിച്ചും, പരിശുധാത്മാവിനെക്കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നുണ്ട്. ഇത്രയും ബൈബിൾ ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് മനസ്സിലാകും, രക്ഷാകര ചരിത്രം പരിശുദ്ധാത്മാവിന്റെ ചരിത്രമാണ്, പ്രവർത്തനമാണ് എന്ന്.

രണ്ടാമതായി, പരിശുദ്ധ ത്രിത്വത്തിലെ കൂട്ടായ്മ നമുക്കെന്നും മാതൃകയാണ്. ഈ ഭൂമിയിലെ ഓരോ കൂട്ടായ്മയും ത്രിത്വനുഭവമാണ്. നമ്മുടെ കുടുംബങ്ങളും, ഇടവകകളും, രാജ്യവും എല്ലാം ത്രിത്വയ്ക കൂട്ടായ്മയുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ്. നമ്മുടെ ക്രൈസ്തവ കുടുംബങ്ങളുടെ ഏറ്റവും നല്ല മാതൃക പരിശുദ്ധ ത്രിത്വമായിരിക്കണം, ത്രിത്വത്തിലെ കൂട്ടായ്മയായിരിക്കണം. കൂട്ടായ്മയുടെ അരൂപി നഷ്ടപ്പെടുമ്പോൾ നമ്മുടെ കുടുംബങ്ങൾ തകർച്ചയിലേക്ക് നീങ്ങും. കൂട്ടായ്മയുടെ അർഥം മറക്കുന്ന മാതാപിതാക്കന്മാരും, കൂട്ടായ്മ ഒരു ബാധ്യതയായിക്കാണുന്ന മക്കളും കുടുംബങ്ങളുടെ തകർച്ചക്ക് ഒരുപോലെ ഉത്തരവാദികളാണ്. ഏകാധിപത്യ പ്രവണത കാണിക്കുന്ന അധികാരികളും, തോന്നലുകൾക്ക് അനുസരിച്ചു മാത്രം പ്രവർത്തിക്കുന്ന ജനങ്ങളും സമൂഹത്തിന്റെ, രാജ്യത്തിന്റെ ഇടവകയുടെ തകർച്ചക്ക് ഉത്തരവാദികളാണ്. ഈ ലോകത്തിൽ എവിടെയെങ്കിലും നിഷ്കളങ്ക രക്തം വീണ് മണ്ണ് നനയുന്നുണ്ടെങ്കിൽ, നിഷ്കളങ്കരുടെ കണ്ണീരുവീണ് തലയിണ നനയുന്നുണ്ടെങ്കിൽ,  ലോകത്തിന്റെ ഏതെങ്കിലും കോണിൽനിന്ന്  പാവപ്പെട്ട മനുഷ്യർ പലായനം ചെയ്യാൻ വിധിക്കപ്പെടുന്നുണ്ടെങ്കിൽ, മണിപ്പൂരിലെപ്പോലെ ക്രൈസ്തവരും, ക്രൈസ്തവദേവാലയങ്ങളും അഗ്നിക്കിരയാകുന്നുണ്ടെങ്കിൽ, രാജ്യം വർഗീയതയുടെ പേരിൽ വിഭജിക്കപ്പെടുന്നുണ്ടെങ്കിൽ, വിശ്വാസങ്ങളുടെ പേരിൽ, കുർബാനയുടെ പേരിൽ, സമ്പത്തിന്റെ പേരിൽ ക്രൈസ്തവർ ഐക്യമില്ലാതെ ജീവിക്കുന്നുണ്ടെങ്കിൽ,   അതിന്റെയൊക്കെ കാരണം പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്‌മ യുടെ അനുഭവം ഇല്ലാത്തതാണ്.  വളരെ മനോഹരമായൊരു ഐക്യത്തിന്റെ പതീകം ക്രൈസ്തവ വിശ്വാസത്തിൽ പൂത്തുലഞ്ഞ് നിൽക്കുന്നുണ്ടെങ്കിലും ക്രൈസ്തവർ അത് കാണുന്നില്ലല്ലോ എന്നത് സ്വർഗ്ഗത്തിന്റെ സങ്കടമാണ്!!!

മൂന്നാമതായി, നാം അനുദിനം അർപ്പിക്കുന്ന വിശുദ്ധ കുർബാന പരിശുദ്ധ ത്രിത്വത്തിന്റെ സ്തുതിപ്പാണ്, സ്തുതിപ്പിന്റെ ആഘോഷമാണ്. വൈദികൻ ചൊല്ലുന്ന ഓരോ പ്രാർത്ഥനയ്ക്കും ശേഷം പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി അർപ്പിച്ചുകൊണ്ടാണ് പ്രാർത്ഥന അവസാനിപ്പിക്കുന്നത്. നമ്മുടെ സാധാരണ കുർബാനയിൽ ഇരുപത് പ്രാവശ്യത്തിൽ കൂടുതൽ പരിശുദ്ധ ത്രിത്വത്തെ സ്മരിക്കുന്നുണ്ട്. വൈദികൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന പ്രാർത്ഥന ഉൾപ്പെടുത്താതെ തന്നെ നമ്മുടെ കുർബാന പരിശുദ്ധ ത്രിത്വത്തിനുള്ള ഒരു സ്തുതിപ്പാണ്. വിശുദ്ധ പൗലോശ്ലീഹായുടെ നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും …എന്ന ആശീർവാദപ്രാർത്ഥന രണ്ടു പ്രാവശ്യം നമ്മുടെ കുർബാനയിൽ ചൊല്ലുന്നുണ്ട്. ശുശ്രൂഷി ചൊല്ലുന്ന കാറോസൂസാ പ്രാർത്ഥനയുടെ അവസാനം ശുശ്രൂഷി വിശുദ്ധ കുർബാന അർപ്പിക്കുന്ന എല്ലാവർക്കുംവേണ്ടി ഒരു ആഹ്വാനം നടത്തുന്നുണ്ട്. നിങ്ങൾ എത്രപേർ അത് ശ്രദ്ധിച്ചിട്ടുണ്ടെന്ന്, ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്കറിയില്ല. ശുശ്രൂഷി പറയുന്നത് ഇങ്ങനെയാണ്: “നമുക്കെല്ലാവർക്കും നമ്മെയും നാമോരോരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം.” അതായത്, നമ്മുടെ എല്ലാ യാചനകളും, നമ്മെ നമ്മെയും, നാമുമായി ചേർന്ന് നിൽക്കുന്ന എല്ലാവരെയും, നമ്മുടെ കുടുംബങ്ങളിൽ, അകലങ്ങളിൽ കഴിയുന്ന എല്ലാവരെയും, പരിശുദ്ധ ത്രിത്വത്തിന് സമർപ്പിക്കണമെന്നാണ് ശുശ്രൂഷി ഉറക്കെ പറയുന്നത്. അതിന്റെ പ്രതിവചനമെന്താണ്? “ഞങ്ങളുടെ ദൈവമായ കർത്താവേ, അങ്ങേയ്ക്ക് ഞങ്ങൾ സമർപ്പിക്കുന്നു.” എത്ര മനോഹരമായ പ്രാർത്ഥനയാണിത്! പക്ഷെ ശരാശരി ക്രൈസ്തവൻ ഈ സമയം തെക്കോട്ടും വടക്കോട്ടും നോക്കി നിൽക്കും!! എത്രപേർ ബോധ്യത്തോടെ ഈ പ്രാർത്ഥന ചൊല്ലുന്നുണ്ടെന്ന് ഓർത്തു നോക്കുന്നത് നല്ലതാണ്. കൂടാതെ സമാപന ആശീർവാദപ്രാർത്ഥനയിലും മിക്കവാറും നാം ഈ ത്രിത്വ പ്രാർത്ഥന ചൊല്ലുന്നുണ്ട്. നമ്മുടെ ക്രൈസ്തവ വിശ്വാസത്തിൽ പരിശുദ്ധ ത്രിത്വത്തിനുള്ള പ്രാധാന്യമാണ് ഇതിൽ നിന്നെല്ലാം വെളിവാകുന്നത്. 

സ്നേഹമുള്ളവരേ, പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുന്ന ഈ ഞായറാഴ്ച്ച പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു ധ്യാനിക്കാനും, ത്രിത്വത്തിന്റെ സംരക്ഷണം പ്രാർത്ഥിക്കാനും നമുക്കാകണം. ഏകാധിപത്യ പ്രവണതകൾ വർധിച്ചുവരുന്ന ഇക്കാലത്തു പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്മയുടെ മാതൃക ലോകത്തിന് നൽകാൻ നാം ശ്രമിക്കേണ്ടതുണ്ട്. അതിനായി, നമ്മുടെ ജീവിതങ്ങൾ, പ്രവർത്തനങ്ങൾ, കുടുംബങ്ങൾ, ഇടവകകൾ ത്രിത്വത്തിന്റെ കൂട്ടായ്മയുടെ നേർസാക്ഷ്യങ്ങളായി മാറണം. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഓരോ ദിവസം ആരംഭിക്കാനും, അവസാനിപ്പിക്കാനും നമുക്കാകട്ടെ. പുതിയ അദ്ധ്യയന വർഷത്തിന്റെ ആരംഭം പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ നിങ്ങൾ തുടങ്ങിയെന്ന് കരുതട്ടെ. നമ്മുടെ മക്കൾ സ്കൂളിൽ പോകുന്നതിന് മുൻപ് തിരുഹൃദയരൂപത്തിനുമുൻപിൽ നിന്ന് കുരിശു വരച്ച് തങ്ങളെത്തന്നെ പരിശുദ്ധ ത്രിത്വത്തിന് സമർപ്പിച്ച് വീട്ടിൽ നിന്ന് പോകുവാൻ സാധിക്കട്ടെ. പഠിക്കുന്നതിന് മുൻപ് പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ കുരിശുവരച്ചു നമ്മെയും, നമ്മുടെ പുസ്തകങ്ങളെയും പരിശുദ്ധ ത്രിത്വത്തിന്റെ സംരക്ഷണയിൽ ആക്കുക. എന്നും ഇപ്പോഴും, പ്രത്യേകിച്ച്, ഇന്ന് മുഴുവനും പരിശുദ്ധ ത്രിത്വമേ, എന്റെ ഭാഗ്യമേ എന്ന സുകൃതജപം ചൊല്ലി പ്രാർത്ഥിക്കുക. 

നമുക്ക് പ്രാർത്ഥിക്കാം: പരിശുദ്ധ ത്രിത്വമേ, ഐക്യത്തിൽ, സ്നേഹത്തിൽ ജീവിക്കുവാൻ ഞങ്ങളെ, ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ. തീവ്രവാദ ആക്രമണങ്ങളിൽനിന്നും , വർഗീയരാഷ്ട്രീയത്തിൽ നിന്നും ലോകത്തെ സംരക്ഷിക്കണമേ. പരിശുദ്ധ ത്രിത്വമേ, ഞങ്ങളെ ഓരോരുത്തരെയും ത്രിത്വത്തിന്റെ സംരക്ഷണയിൽ സമർപ്പിക്കുന്നു. പരിശുദ്ധ ത്രിത്വമേ,എന്റെ ഭാഗ്യമേ! ആമേൻ!