ശ്ളീഹാക്കാലം മൂന്നാം ഞായർ
ലൂക്ക 10, 23-42
സന്ദേശം

ശ്ളീഹാക്കാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച, നല്ല സമരിയക്കാരന്റെ കഥയുമായി ഈശോ നമ്മോട് സംസാരിക്കുകയാണ്. ഈ കഥപറച്ചിലിലൂടെ നമ്മുടെ ക്രൈസ്തവജീവിതങ്ങളെ Deconstruct ചെയ്യുവാൻ, പൊളിച്ചെഴുതുവാൻ ഈശോ നമ്മെ ക്ഷിണിക്കുന്നു. ഈ ക്ഷണം സ്വീകരിച്ചുകൊണ്ട് നമ്മുടെ മനുഷ്യ ബന്ധങ്ങളെ നവീകരിക്കുവാനും, ക്രൈസ്തവോജിതമാക്കുവാനും നമുക്ക് സാധിക്കട്ടെ.
ഈ കഥയുടെ നന്മ കൊണ്ടാണോ എന്തോ, നല്ല ശമരിയക്കാരൻ എന്നത് നമ്മുടെ ഭാഷയുടെ, സംസ്കാരത്തിന്റെ തന്നെ ഭാഗമായിത്തീർന്നിരിക്കുകയാണ്. ആരുമില്ലാതെ ആശുപത്രിയിൽ കഴിയുന്ന രോഗിക്ക് കൂട്ടുനിൽക്കുന്ന വ്യക്തികളെ കാണുമ്പോൾ, വഴിയിൽ നമ്മുടെ കാറിന്റെ ടയർ മാറ്റിയിടുവാൻ ആരെങ്കിലും നമ്മെ സഹായിക്കുമ്പോൾ, അയൽപക്കത്തുള്ളവർക്ക് സഹായഹസ്തം നീട്ടുമ്പോൾ, സാമ്പത്തികമായി നാം തളർന്നുനിൽക്കുമ്പോൾ ഒരാൾ വന്ന് നമ്മെ സഹായിക്കുമ്പോൾ, അന്ധനായ ഒരാളെ റോഡ് മുറിച്ചുകടക്കുവാൻ സഹായിക്കുമ്പോൾ …… നാം പറയും, നല്ല ശമരിയക്കാരൻ! നമ്മുടെ അഗതിമന്ദിരങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, എയ്ഡ്സ് സെന്ററുകൾ, De-Addiction സെന്ററുകൾ, Rehabilitation സ്ഥാപനങ്ങൾ …എല്ലാം നല്ല ശമരിയാക്കാരൻ എന്ന Title ന്റെ Expansion ആണ്, വികസിതരൂപങ്ങളാണ്. ഇത്തരത്തിലുള്ള സംരംഭങ്ങളിൽ പോലും ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ തിളക്കം അല്പമൊക്കെ മങ്ങിപ്പോയിട്ടുണ്ടെങ്കിലും, ആ ക്രൈസ്തവ ചൈതന്യത്തെ ആളിക്കത്തിക്കാൻ ഉതകുന്ന ഒരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചുകേട്ടത്.
ബൈബിൾ പണ്ഡിതന്മാർ, നല്ല ശമരിയക്കാരന്റെ ഉപമ ആധ്യാത്മിക, സാമൂഹ്യ ഭൂമികയിൽ നിന്നുകൊണ്ട് നോക്കിക്കാണുകയും അതനുസരിച്ചു ഈ സുവിശേഷഭാഗത്തെ വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, മനുഷ്യന്റെ വൈകാരിക തലത്തിൽ നിന്നുകൊണ്ട്, മനുഷ്യന്റെ മാനുഷിക ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഈ സുവിശേഷഭാഗത്തെ കാണുവാൻ ഞാൻ ആഗ്രഹിക്കുകയാണ്. നമ്മുടെ വൈകാരിക തലത്തിലെ പാകത, നമ്മുടെ ബന്ധങ്ങളുടെ ഉറപ്പ് വലിയ ഒരു അളവ് വരെ നമ്മുടെ ആത്മീയജീവിതത്തെ പരിപുഷ്ടമാക്കാൻ ഉപകരിക്കും.
വ്യാഖ്യാനം
ഇന്നത്തെ സുവിശേഷത്തിന്റെ പശ്ചാത്തലം ഒരു ഏറ്റുമുട്ടലാണ്. ഈശോയെ പരീക്ഷിക്കുവാൻ എത്തുന്നതോ ഒരു അഭിഭാഷകനും. ഇങ്ങനെയൊരു ഏറ്റുമുട്ടലിലേക്ക് നയിക്കുന്നതിന്റെ പ്രധാനകാരണം (പ്രത്യേകിച്ച് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ) ഈശോ പഴയനിയമങ്ങൾ ലംഘിച്ചിരുന്നു എന്നതാണ്. ഈശോ ശാബത്തിൽ സുഖപ്പെടുത്തി. അവൻ പാപമോചനം നൽകി. പാപികൾ, ചുങ്കക്കാർ, വേശ്യകൾ എന്നിവരുമായി മേശ കൂട്ടായ്മ പങ്കിട്ടു. അവൻ ശിഷ്യന്മാരെ ശാബത്തിൽ ധാന്യം പറിക്കാൻ അനുവദിച്ചു… ഇങ്ങനെയുള്ള ഈശോയെ പരീക്ഷിക്കുവാനാണ് വക്കീൽ വരുന്നത്. ഈ വാദത്തിന്റെ, ഏറ്റുമുട്ടലിന്റെ തീക്ഷ്ണത അറിയണമെങ്കിൽ ബൈബിളിന്റെ ഭാഷാപ്രയോഗം അറിഞ്ഞാൽ മതി. മരുഭൂമിയിൽ യേശുവിനെ പരീക്ഷിക്കാൻ/ പ്രലോഭിപ്പിക്കാൻ പിശാച് വരുന്നതിനെ പ്രകടിപ്പിക്കാൻ ഉപയോഗിച്ച അതേ പദമാണ് ഇവിടെയും (ഗ്രീക്ക് മൂലത്തിൽ) ഉപയോഗിച്ചിരിക്കുന്നത്. Dokimazō (δοκιμάσω) എന്ന ഗ്രീക്ക് വാക്കാണ് മരുഭൂമിയിലെ പരീക്ഷണത്തിനും, ഇവിടെ നിയമജ്ഞന്റെ പരീക്ഷണത്തിനും ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഇവിടെയും പാശ്ചാത്തലം അതിസങ്കീർണമാണ്.
തത്വ ശാസ്ത്രജ്ഞന്മാരില്‍ മുന്‍പനായ സോക്രട്ടീസിന്റെ (Socrates) രീതി സ്വീകരിച്ചുകൊണ്ട്, നിത്യജീവന്‍ അവകാശമാക്കുവാന്‍ എന്ത് ചെയ്യണം എന്ന് ചോദിച്ച നിയമജ്ഞനെക്കൊണ്ടുതന്നെ ഉത്തരം പറയിപ്പിക്കുകയാണ് ഈശോ. ഉത്തരം മനോഹരമാണ്: സ്നേഹിക്കുക: ഒന്ന്, ദൈവത്തെ. പൂര്‍ണ മനസ്സോടെ, പൂര്‍ണ ഹൃദയത്തോടെ പൂര്‍ണ ആത്മാവോടെ, പൂര്‍ണ ശക്തിയോടെ. ഓരോ യഹൂദക്കുട്ടിയും അഞ്ചുവയസ്സുള്ളപ്പോൾ മനഃപാഠമാക്കുന്ന ഉത്തരമാണ് ഈശോയോട് വക്കീൽ പറയുന്നത്. രണ്ട്, അയല്‍ക്കാരനെ. നിന്നെപ്പോലെ. ആരാണ് അയല്‍ക്കാരനെന്നുള്ള ചോദ്യത്തിനും അവനെക്കൊണ്ട് തന്നെ ഉത്തരം പറയിപ്പിച്ച ഈശോയുടെ ഉദ്ദേശ്യം പക്ഷെ, ആരാണ് അയല്‍ക്കാരനെന്നു പറയുകയായിരുന്നില്ല, പിന്നെയോ, ഈശോ നമ്മെ ക്ഷണിക്കുന്നത് മനുഷ്യബന്ധങ്ങളുടെ ധ്യാനത്തിലേയ്ക്കാണ്. കരുണയുള്ള ഹൃദയമുള്ളവനായി നീ ജീവിക്കുമ്പോള്‍, നീ കണ്ടുമുട്ടുന്ന നിന്റെ സഹോദരങ്ങളുമായി നീയെങ്ങനെ ബന്ധപ്പെടുന്നു എന്നതാണ് ഈശോ ഉയര്‍ത്തുന്ന ചോദ്യം. How do you relate with your sisters and brothers? സന്ദേശമിതാണ്: മനുഷ്യ ബന്ധങ്ങളെ സ്വന്തമെന്ന പോലെ കണ്ടു പരിപാലിക്കുക, പരിപോഷിപ്പിക്കുക: അത് ദൈവത്തോടുള്ള ബന്ധമായാലും ശരി, മനുഷ്യരോടുള്ള ബന്ധമായാലും ശരി, പ്രകൃതിയോടുള്ള ബന്ധമായാലും ശരി.
യാത്രക്കാരൻ തിരഞ്ഞെടുത്തത് അപകടം നിറഞ്ഞ വഴിയായിരുന്നു. ഇടുങ്ങിയ ചുരങ്ങളിലൂടെ 17 മൈൽ. അതും 3300 അടി താഴേക്കിറങ്ങുന്ന വഴി. കൊള്ളക്കാർക്കും പിടിച്ചുപറിക്കാർക്കും ഒളിച്ചിരുന്ന് ആക്രമിക്കാൻ പറ്റിയ വഴി. എന്തിനാണ് ആളനക്കമില്ലാത്ത ആ വഴികളിലൂടെ ഒറ്റയ്ക്ക് അയാൾ പോയത് എന്ന് ചോദിക്കാം. അതുകൊണ്ടല്ലേ ആക്രമിക്കപ്പെട്ടത് എന്നും ചോദ്യമുയർത്താം. സുഹൃത്തേ, അങ്ങനെ ഒറ്റപ്പെട്ട വഴികളിൽ മാത്രമാണോ നമ്മൾ ആക്രമിക്കപ്പെടുന്നത്? നമ്മുടെ ജീവിത സന്തോഷം നശിപ്പിക്കാൻ, നമ്മെ തകർക്കാൻ അക്രമികൾ പതിയിരിക്കുന്നത് അവിടെ മാത്രമാണോ? നമ്മുടെ കുടുംബങ്ങളിൽ നാം ആക്രമിക്കപ്പെടുന്നില്ലേ? ഉത്തമ സുഹൃത്തുക്കളാൽ നാം മാനസികമായി, ശാരീരികമായി ആക്രമിക്കപ്പെടുന്നില്ലേ? “അവളുടെ, അവന്റെ ആ ഒരു വാക്ക് എന്നെ തളർത്തിക്കളഞ്ഞു”എന്ന് എത്രയോ വട്ടമാണ് നമ്മൾ പറഞ്ഞിട്ടുള്ളത്? നിലംപറ്റെ വീണുപോയ എത്രയോ സന്ദർഭങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്? തെറ്റിദ്ധരിക്കപ്പെട്ട അവസ്ഥയിൽ സമൂഹത്തിന്റെ മുൻപിൽ, WhatsApp ലൂടെ, Youtube ലൂടെ നമ്മെ നഗ്നരാക്കിക്കൊണ്ട്, മുറിവേല്പിച്ചുകൊണ്ട് ഒന്നും സംഭവിക്കാത്തപോലെ എത്രയോപേരാണ് കടന്നുപോയിട്ടുള്ളത്? നമ്മുടെ ജീവിതത്തിന്റെ, കുടുംബത്തിന്റെ സന്തോഷം എത്രയോ വട്ടമാണ് ഇല്ലാതായിട്ടുള്ളത്? ഒരു നല്ല ശമരിയാക്കാരി, ശമരിയാക്കാരൻ കടന്നു വരണേ എന്ന് എത്രയോ പ്രാവശ്യമാണ് നാം ആഗ്രഹിച്ചിട്ടുള്ളത്?
ആക്രമിക്കപ്പെട്ടവനോട് നാം എങ്ങനെ നമ്മെ ബന്ധപ്പെടുത്തുന്നു , relate ചെയ്യുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഒരു പുരോഹിതൻ തന്റെ ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുവാൻ പോകുമ്പോൾ മൃതദേഹവുമായോ, രക്തം വാർക്കുന്ന വ്യക്തികളുമായോ സമ്പർക്കം പാടില്ലായെന്ന നിയമമുണ്ടായിരുന്നതുകൊണ്ടായിരിക്കാം കഥയിലെ പുരോഹിതൻ ആക്രമിക്കപ്പെട്ടവനെ പരിഗണിക്കാതെ പോയത്! എങ്കിലും, നിയമത്തെ മനുഷ്യനേക്കാൾ മുകളിലായി പ്രതിഷ്ഠിച്ചു എന്നത് അദ്ദേഹം ചെയ്ത തെറ്റ് തന്നെയാണ്. ഇവിടെ പുരോഹിതൻ എന്നത്, ചിലരൊക്കെ ആക്ഷേപിക്കുന്നതുപോലെ “വെള്ള നൈറ്റിയിട്ടവർ” മാത്രമല്ല. നിയമത്തെ മനുഷ്യനേക്കാൾ, മാനുഷികതയേക്കാൾ വിലകല്പിക്കുന്നവരെല്ലാം കഥയിലെ പുരോഹിതനാണ്. അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, കാട്ടുപോത്ത് എന്നിവ മനുഷ്യനെ ആക്രമിച്ച് കൊന്നപ്പോൾ, നിയമത്തെ ഉയർത്തിപ്പിടിച്ച് മനുഷ്യനെ വട്ടപ്പൂജ്യമാക്കിയ കേന്ദ്ര-സംസ്ഥാന സംവിധാനങ്ങളും വ്യക്തികളും എല്ലാം കഥയിലെ പുരോഹിതനാണ്. ലെവായനും അങ്ങനെ തന്നെ. മനുഷ്യനെ, പാവപ്പെട്ടവനെ, മുറിവേറ്റവനെ രക്ഷിക്കേണ്ട വ്യക്തികൾ, സ്ഥാപനങ്ങൾ, സംവിധാനങ്ങൾ അവരെ അവഗണിക്കുന്നത് ക്രൂരതയാണ്, പാപം തന്നെയ്യാണ്.
കണ്ടുമുട്ടലുകൾ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ഫ്രാൻസിസ് പപ്പാ (Pope Francis) പറയുന്നപോലെ, “ക്രിസ്തുസാക്ഷ്യമെന്നത് കണ്ടുമുട്ടുന്നവരുടെ മുൻപിൽ നല്ല സമരയാനാകുക എന്നതുതന്നെയാണ്. നീയുംപോയി അതുപോലെ ചെയ്യുക എന്നതിന്റെ അർത്ഥം നിന്റെ കണ്ടുമുട്ടലുകളിൽ, നിന്റെ ബന്ധങ്ങളിൽ നല്ല സമരയാനാകുക എന്നതുതന്നെയാണ്.”

നമ്മുടെ ബന്ധങ്ങള്‍ നാം കരുതുന്നപോലെ ആകസ്മികമൊന്നുമല്ല. നമ്മുടെ കുടുംബബന്ധങ്ങള്‍ – ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം, മാതാപിതാക്കളും മക്കളും തമ്മില്‍, സുഹൃത്തുക്കള്‍ തമ്മില്‍, നാം അനുദിനം കണ്ടുമുട്ടുന്ന ഓരോരുത്തരും തമ്മിലുള്ള ബന്ധങ്ങള്‍ എല്ലാം വെറും ആകസ്മികമല്ല. “ദൈവം യോജിപ്പിച്ചത്” എന്നൊരു വിശേഷണം, വാഴ്ത്ത് (ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ ഭാഷയിൽ) ബന്ധങ്ങള്‍ക്ക് നല്‍കുന്നത് ക്രിസ്തുവാണ്. അത് വിവാഹബന്ധത്തിനു മാത്രമല്ല, എല്ലാ ബന്ധങ്ങള്‍ക്കും ഇണങ്ങും. ഒരു ബന്ധത്തിന്റെ കണ്ണിയായിത്തീരുക എന്നത് ദൈവത്തിന്റെ കണക്കും കരുതലുമാണ് കാണിക്കുന്നത്. അതുകൊണ്ട് എല്ലാ ബന്ധങ്ങളെയും നാം വിലമതിക്കണം. കാരണം, ദൈവത്തിന്റെ കണക്കുകൂട്ടലും കരുതലുമാണ് ഓരോ ബന്ധവും.
ജീവിതത്തിന്റെ വഴികളില്‍ നമ്മുടെ അടുത്ത് വരുന്നവരും നാം കണ്ടുമുട്ടുന്നവരും പല തര ക്കാരായിരിക്കാം. അക്രമികളുടെ കയ്യില്‍പെടുന്നവരാകാം. വിവസ്ത്രരാകാം. തെറ്റിധാരണയുടെ പേരില്‍, കുറവുകളുടെ പേരില്‍, നഗ്നരാക്കപ്പെടുന്നവര്‍ ധാരാളമുണ്ട്. സാമ്പത്തിക ഞെരുക്കങ്ങള്‍ മൂലം, ജോലിയില്ലായ്മകൊണ്ട്, ലോണ്‍തിരിച്ചടയ്ക്കാന്‍ പറ്റാത്തതുകൊണ്ട്, എന്ത് ചെയ്തിട്ടും മുന്നോട്ട് പോകാന്‍ പറ്റാത്തതുകൊണ്ട്, ന്യായമായും അന്യായമായും പ്രഹരിക്കപ്പെടുന്നവരുണ്ടാകാം. ഇങ്ങനെയുള്ളവരെ കാണുമ്പോള്‍ how do you relate with them? സുവിശേഷം മൂന്ന് വ്യക്തികളുടെ മനോഭാവം കാണിക്കുന്നു: പുരോഹിതന്‍, കണ്ടു കടന്നുപോയി. ലെവായന്‍, കണ്ടെങ്കിലും കടന്നുപോയി. സമരായന്‍, കണ്ടു മനസ്സലിഞ്ഞു. ഇതില്‍ ഏതു കണ്ണോടു കൂടിയാണ് സ്നേഹിതരെ നമ്മള്‍ ജീവിക്കുന്നത്? വീട്ടില്‍ അസുഖമായി കിടക്കുന്ന മാതാപിതാക്കളുമായി ഏതു ബന്ധം? അയല്‍പക്കത്തെ ലോണ്‍ അടയ്ക്കാന്‍ പറ്റാത്ത സഹോദരനോട് ഏതു ഭാവം?…
ആ സമരായന്‍ relate ചെയ്യുന്നത് നോക്കൂ! കണ്ടു, മനസ്സലിഞ്ഞു, അടുത്തുചെന്നു, എണ്ണയും വീഞ്ഞും ഒഴിച്ച് മുറിവുകള്‍ വച്ചുകെട്ടി. എന്താണ് എണ്ണയും വീഞ്ഞും? അയാളുടെ first aid box ല്‍ ഉള്ളവയാണ്. ഓര്‍ക്കണം! യാത്ര പകുതിയേ ആയിട്ടുള്ളൂ, യാത്രാ മദ്ധ്യേയാണയാള്‍. ഇനിയുള്ള യാത്രയിലും എന്തെങ്കിലും സംഭവിക്കാം. ചെയ്യുന്നത് മണ്ടത്തരമാണെന്ന് ലോകം പറയും. എങ്കിലും തന്റെ സുരക്ഷിതത്തിനുള്ളവപോലും അയാള്‍ പങ്കുവയ്ക്കുകയാണ്.
എന്നിട്ട് തന്റെ കഴുതയുടെ പുറത്ത് കയറ്റി. എന്താണ് കഴുതയുടെ പുറം? ഒരു സഞ്ചാരിയുടെ, യാത്രക്കാരന്റെ അവകാശമാണ് അയാളുടെ കഴുതയുടെ പുറം. ശരിയായ ബന്ധം എന്നുപറഞ്ഞാല്‍ ഇതാണ്: എന്റെ അവകാശവും കൂടി മറ്റുള്ളവരുമായി പങ്കുവയ്ക്കുക. ചുമ്മാ പൈസ കൊടുക്കുന്നതില്‍ മാത്രം, ഒന്ന് ചിരിച്ചു കാണിക്കുന്നതില്‍ മാത്രം ബന്ധങ്ങള്‍, ബന്ധങ്ങള്‍ ആകുകയില്ല. എന്റെ അവകാശത്തിലും കൂടി….! കൈയെത്താവുന്ന ദൂരത്തില്‍ കാല്‍വരി നില്‍ക്കുമ്പോള്‍ ഈശോ പറഞ്ഞില്ലേ? ഞാന്‍ നിങ്ങളെ ദാസന്മാരെന്നല്ലാ, സ്നേഹിതന്മാരെന്നാ വിളിച്ചത് (യോഹന്നാൻ 15, 15). അവിടുത്തെ അവകാശത്തില്‍ ഈശോ അവരെ പങ്കുകാരാക്കുകയാണ്.
ആ നല്ല ശമാരായന്‍ തന്റെ കഴുതയുടെ പുറത്ത് കയറ്റി അയാളെ ഒരു സത്രത്തില്‍ കൊണ്ട് ചെന്ന് പരിചരിച്ചു. സ്നേഹിതരെ, നമുക്കൊക്കെ ഏതെങ്കിലും ചുമലുകളെ താങ്ങി നിന്നേ പറ്റൂ. മനുഷ്യന്‍ ഏറ്റവും ബലഹീനമായ വര്‍ഗമാണ്. വേറൊരു ജീവിയും ഇത്രയും ബലഹീനമല്ല. നമുക്ക് പക്ഷിയെപ്പോലെ പറക്കാന്‍ കഴിയില്ല. ചീങ്കണ്ണിയെപ്പോലെ നീന്താന്‍, കുരങ്ങിനെപ്പോലെ മരം കയറാന്‍ നമുക്ക് കഴിയില്ല. കഴുകനെപ്പോലെയുള്ള കണ്ണ്, കാട്ട് പൂച്ചയെപ്പോലെയുള്ള പല്ല് നമുക്കില്ല. ഒരു ചെറിയ പ്രാണിക്ക് പോലും നമ്മെ കൊല്ലാം. മനുഷ്യന്‍ ഏറ്റവും ബലഹീനമായ വര്‍ഗമാണ്. ഇത്രയും ബലഹീനമായ നമുക്കുവേണ്ടി ദൈവത്തിന്റെ കരുതലാണ് ബന്ധങ്ങള്‍. നമുക്കൊക്കെ ഏതെങ്കിലും ചുമലുകളെ താങ്ങി നിന്നേ പറ്റൂ. ഒപ്പം, ചുമലുകളാകാനും നമുക്ക് കഴിയണം.
അയാള്‍ ആ മനുഷ്യനെ പരിചരിച്ചു. സത്രം എന്തിനാണ്? യാത്രക്കാരന് വിശ്രമിക്കാന്‍. അത് അവന്റെ ആവശ്യവും അവകാശവുമാണ്. അവനുമായുള്ള ബന്ധത്തില്‍ അയാള്‍ അതും മാറ്റിവയ്ക്കുകയാണ്. അയാള്‍ അവനെ പരിചരിച്ചു. ഒന്ന് ചിന്തിച്ചുനോക്കൂ. എന്തെങ്കിലും സാമ്യം, അയാളും ഞാനും തമ്മില്‍? അയാള്‍ ബന്ധങ്ങളെ പരിപാലിക്കുകയാണ്, പരിപോഷിപ്പിക്കുകയാണ്. ഞാനോ?
ശമരിയാക്കാരന്‍ രണ്ടു ദാനാറ സത്രം സൂക്ഷിപ്പുകാരന് കൊടുത്തിട്ട് അവന്റെ സംരക്ഷണം ഉറപ്പുവരുത്തുകയാണ്. ഇന്ന് നമ്മുടെ ഭാരതത്തിൽ, കേരളത്തില്‍ കർഷകരുടെ, യാത്രക്കാരുടെ, തൊഴിലില്ലാത്തവരുടെ കൊച്ചു കുഞ്ഞുങ്ങളുടെ പോലും സംരക്ഷണം ഉറപ്പുവരുത്തുവാന്‍ നമുക്കാകുന്നില്ല.
ഈയിടെ Whats App ൽ കണ്ട Short Film ഈ സന്ദേശത്തോടൊത്തു പോകുന്നതാണ്. അതിന്റെ കഥയിങ്ങനെയാണ്: Film തുടങ്ങുന്നത് ഒരു കുട്ടി എഴുന്നേറ്റ് നിന്ന് English text വിക്കി വിക്കി വായിക്കുന്നതിലൂടെയാണ്. ടീച്ചർ അവനെ ശകാരിക്കുമ്പോൾ കുട്ടികൾ പറയുന്നു: അയ്യോ മിസ്സെ അവൻ വിക്കനാ…പിന്നെ കൂട്ടച്ചിരിയും. ഇവനാണ് കഥാനായകൻ. അവൻ വിക്കനാണ്. ആ കളിയാക്കൽ അവനെ വല്ലാതെ വേദനിപ്പിച്ചു…സമൂഹം അവനെ പല തരത്തിൽ ഇങ്ങനെ വളർച്ചയുടെ ഓരോ കാലഘട്ടത്തിലും ആക്രമിച്ചിട്ടുണ്ടാകണം. അവൻ വഴിയിൽ, ജീവിതത്തിന്റെ വഴിയിൽ വീണുകിടക്കുകയാണ്. സ്വയം രക്ഷപ്പെടുവാൻ പരിശ്രമിക്കുന്നുണ്ട്. പലപ്പോഴും അനങ്ങാൻ കഴിയാതെ വിഷമിച്ചിട്ടുണ്ടാകണം. എന്തായാലും അടുത്ത ഷോട്ടിൽ വളർന്നു ചെറുപ്പക്കാരനായ അവൻ ഒരു Interview വിന് വന്നിരിക്കുകയാണ്. ധാരാളം candidates ഉണ്ട്. അവരെ കണ്ടപ്പോഴേ അവൻ തളർന്നു. Slow motion ൽ ആണ് ഈ രംഗങ്ങളെല്ലാം … അവന് നിലത്തുനിന്നും എഴുന്നേൽക്കാൻ പറ്റുന്നില്ല…വീണ്ടും വീണ്ടും ആക്രമിക്കപ്പെടുകയാണ്. കണ്ടുമുട്ടിയ ഒരു candidate അവനോട് പേര് ചോദിച്ചു. … അവന് പറയാൻ പറ്റുന്നില്ല. അത്രത്തോളം പരിഭ്രാന്തനും അശക്തനുമാണവൻ! അവസാനം, അവന്റെ പേര് വിളിച്ചു: “who is Sharan here?” അവൻ മുറിയിലേക്ക് ചെന്നു. കസേരയിലിരുന്നു. ഒരു Madam അവന്റെ Certificates ചോദിച്ചു. പിന്നെ introduce ചെയ്യാൻ പറഞ്ഞു. പേടി കാരണം, അപകർഷതാബോധം കാരണം, അവന് എന്തെങ്കിലും പറയാൻ, ഒന്ന് പുഞ്ചിരിക്കാൻ, ഒന്ന് അനങ്ങാൻ … ഒന്നും അവന് പറ്റുന്നില്ല. അവൻ പരാജയത്തിന്റെ നിലത്തു വീണ് കിടക്കുകയാണ്.
കുറച്ചെന്തോ പറയാൻ ശ്രമിച്ചപ്പോഴേക്കും interview ചെയ്യാനിരുന്നവരിൽ നടുക്കിരുന്ന ആൾ അവനോടു വിക്കി വിക്കി പറയാൻ തുടങ്ങി:”സ..സാരോല്യ …പേ.. പേ ടിക്കേണ്ട …പ്പ …പ… പറഞ്ഞോളൂ…” അവൻ കേട്ടത് ഒരു ശക്തിയായി അവനിലേക്കൊഴുകി. ആരോ തന്നെ താങ്ങി എഴുന്നേൽപ്പിക്കുന്നതുപോലെ .. .എഴുന്നേറ്റു നിൽക്കാൻ സഹായിക്കുന്നതുപോലെ…ആത്മവിശാസത്തിന്റെ, ആശ്വാസത്തിന്റെ ലേപനം തരുന്ന പോലെ…
അവൻ പറയാൻ തുടങ്ങി…അയാൾ പലപ്പോഴും സഹായിച്ചു…പുഞ്ചിരിയോടെ…ചെറിയ വാക്കുകളിലൂടെ… അവൻ സന്തോഷത്തോടെ വിജയകരമായി interview പൂർത്തിയാക്കി. പുറത്തിറങ്ങിയ ശരണിന്റെ ചിന്തകൾ ഇങ്ങനെയായിരുന്നു: “ആ interview കഴിഞ്ഞപ്പോൾ ജോലി കിട്ടുമോയെന്നതല്ലായിരുന്നു എന്റെ ചിന്ത. ലോകം കീഴടക്കിയ ഒരാളുടെ സന്തോഷമായിരുന്നു എന്റെ ഉള്ളിൽ.” അവൻ നേരെ ചെന്നത് തന്റെ പേര് ചോദിച്ച സുഹൃത്തിന്റെ അടുത്തേക്കായിരുന്നു. അദ്ദേഹത്തെ shake hand ചെയ്തിട്ട് സന്തോഷത്തോടെ അവൻ പറഞ്ഞു: “ഹായ്, എന്റെ പേര് ശരൺ…!”
ചിത്രം അവസാനിക്കുന്നത് ഇങ്ങനെയല്ല. ഇതിനൊരു tail end ഉണ്ട്. അല്പംകഴിഞ്ഞു interview വിനിരുന്ന Madam സാറിനോട് ചോദിക്കുകയാണ്: “ഒരു വിക്കനല്ലാത്ത: “സാറെന്തിനാണ് അയാളുടെ മുൻപിൽ വിക്കഭിനയിച്ചത്? സാറിന്റെ പ്രസന്നമായ മുഖം സ്‌ക്രീനിൽ … ഒപ്പം പല അർഥങ്ങൾ ഒളിപ്പിച്ചു വച്ച ഒരു ചിരിയും!
സ്നേഹമുള്ളവരേ, ജീവിതത്തിന്റെ വഴികളിൽ ആക്രമിക്കപ്പെട്ടു തളർന്നു വീഴുന്നവർ ഏറെയാണ്. നിങ്ങളും ഞാനും അതിലുണ്ട്. നമ്മുടെ മാതാപിതാക്കളും മക്കളും അതിലുണ്ട്. സ്ത്രീകളും പുരുഷന്മാരും അതിലുണ്ട്. ആക്രമിക്കുന്നത് ലേബലൊട്ടിച്ച കള്ളന്മാരോ, തീവ്രവാദികളോ ആയിരിക്കണമെന്നില്ല. നമുക്കുണ്ടാകുന്ന ജീവിത പരാജയങ്ങൾ, നമ്മുടെ കുറവുകൾ, നമുക്ക് സംഭവിക്കുന്ന ചില ദുരന്തങ്ങൾ, ബന്ധങ്ങളിലെ വിള്ളലുകൾ, നമ്മിലെ തന്നെ അപകർഷതാബോധം നിറഞ്ഞ മനസ്സ്, നാം മറ്റുള്ളവരോടും, മറ്റുള്ളവർ നമ്മോടും പറയുന്ന കാര്യങ്ങൾ…സാമ്പത്തിക തകർച്ചകൾ … കോവിഡ് പോലെയുള്ള മഹാമാരികൾ, രോഗങ്ങൾ, അങ്ങനെയങ്ങനെ അക്രമികൾ ധാരാളമാണ് നമുക്ക് ചുറ്റും. വിജനമായ വഴികൾ മാത്രമായിരിക്കണമെന്നില്ല ആക്രമിക്കപ്പെടുന്ന സ്ഥലങ്ങൾ. അതെവിടെയുമാകാം, സ്കൂൾ, നമ്മുടെ വീട്, കളിസ്ഥലങ്ങൾ നമ്മുടെ ഇടവക ദേവാലയം, സുഹൃദ്‌വലയങ്ങൾ, പൊതുസ്ഥലങ്ങൾ, സർക്കാർ ഓഫീസുകൾ…അങ്ങനെ ധാരാളം ഇടങ്ങളുണ്ട് നാം ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതായി. ശാരീരികമായി മാത്രമല്ല ഈ ആക്രമണങ്ങൾ എന്നും അറിഞ്ഞിരിക്കുക. ശാരീരികമായും, മാനസികമായും, വൈകാരികമായും, ആധ്യാത്മികമായും ഒക്കെ ആക്രമണങ്ങൾ നമ്മെത്തേടിയെത്തും.
ഈ ലോകത്തു എവിടെയെല്ലാം ദൈവമക്കൾ ആക്രമിക്കപ്പെടുന്നുണ്ടോ, അവിടെയെല്ലാം നല്ല സമരിയാക്കാരിയാകാനുള്ള, നല്ല സമരിയാക്കാരനാകാനുള്ള വിളിയാണ് ഓരോ ക്രൈസ്തവനും ഉള്ളത്. കഥയിലെ മറുവശത്തുകൂടി കടന്നുപോകുന്ന പുരോഹിതനാകാനുള്ള വിളിയല്ല ക്രൈസ്തവനുള്ളത്; കണ്ടെങ്കിലും അവഗണിച്ചു കടന്നുപോകുന്ന ലെവായനാകാനുമുള്ള വിളിയല്ല ക്രൈസ്തവനുള്ളത്. പിന്നെയോ,മനസ്സലിഞ്ഞു, അടുത്തുചെന്ന്, എണ്ണയും വീഞ്ഞുമൊഴിച്ചു, മുറിവുകൾ വച്ചുകെട്ടി, സ്വന്തം കഴുതപ്പുറത്തിരുത്തി സത്രത്തിൽ കൊണ്ട് പോയി പരിചരിക്കുന്ന നല്ല സമരിയാക്കാരിയാകാനുള്ള, നല്ല സമരിയാക്കാരനാകുള്ള, നല്ല അയൽക്കാരനാകാനുള്ള, നല്ല അയൽക്കാരിയാകാനുള്ള വിളിയാണ് ഓരോ ക്രൈസ്തവന്റെയും ജീവിതം. മറ്റുള്ളവരുടെ ജീവിതാവസ്ഥയോളം താഴ്ന്നു ചെന്ന്, അവരെ ആശ്വസിപ്പിച്ചു അവരുടെ ജീവിത സന്തോഷം തിരികെക്കൊടുക്കുന്ന നല്ല സമരാക്കാരനാകുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് പ്രിയപ്പെട്ടവരേ. വീണുപോയവനെ ഒന്നുകൂടി കാലുയർത്തി തൊഴിക്കുവാനുള്ള വിളിയല്ലാ, വീണുകിടക്കുന്നവരെ പിടിച്ചെഴുന്നേൽപ്പിക്കുവാനുള്ള വിളിയാണ് നമ്മുടേത്. അവളുടെ, അവന്റെ ജീവിതം സന്തോഷംകൊണ്ട് നിറയ്ക്കുവാനുള്ള വിളിയാണ് നമുക്കുള്ളത്.
വെറുതെ അയല്‍ക്കാരനാരാണെന്ന് പറയാനല്ലാ ഈശോ ഈ ഉപമ പറഞ്ഞത്. മനുഷ്യ ബന്ധങ്ങളുടെ പരിപാലന എങ്ങനെയെന്നു നമ്മെ പഠിപ്പിക്കാനാണ്. അത് മനുഷ്യരോട് മാത്രമല്ലാ, പ്രകൃതിയുമായുള്ള ബന്ധത്തിലും അങ്ങനെതന്നെ.
ഓര്‍ക്കുക, തിരുത്തുന്നതിനെക്കാള്‍, സ്വീകരിക്കാനാണ് ഒരാള്‍ ബന്ധങ്ങളില്‍ അഭ്യസിക്കേണ്ടത്. കളയും വിളയും വേര്‍തിരിക്കാനല്ലാ, രണ്ടും കൂടുന്ന ഭൂമി സ്വീകരിക്കുകയാണ് വേണ്ടത്. ശമരിയാക്കാരന്‍ ഒരിക്കലും ആ മനുഷ്യനെ കുറ്റപ്പെടുത്തുന്നില്ല. അയാളെ സ്വീകരിക്കുകയാണ്, ജറീക്കൊയിലെയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത അയാളുടെ മണ്ടത്തരത്തോടുകൂടി! ബ്നധങ്ങളുടെ ശ്രേഷ്ടതയാണ് ഈശോ നമ്മെ കാണിച്ചുതരുന്നത്. ഈ ശ്രേഷ്ടതയിലേക്ക് വളരാന്‍ സാധിച്ചാല്‍ നാമാരെയും നഷ്ടപ്പെടുത്തുകയില്ല!
സ്നേഹമുള്ളവരെ, വീണ്ടും വായിച്ചുനോക്കൂ…. ഈ ഉപമ പൂര്‍ണമല്ല. ആരാണ് പൂര്‍ണമാക്കേണ്ടത്? വായനക്കാരും, കേള്‍വിക്കാരും. എപ്പോഴാണ് ഈ ഉപമ പൂര്‍ണമാകുക? ശമരിയാക്കാരന്‍ തിരിച്ചുവരണം…….ശമരിയാക്കാരന്‍ തിരിച്ചുവരണം. എങ്ങനെ? എന്നിലൂടെ, നിങ്ങളിലൂടെ ഈ ശമരിയാക്കാരന്‍ തിരിച്ചുവരണം. എങ്കിലേ, ഈ കഥ പൂര്‍ണമാകൂ.
സമാപനം
ഇനിയുള്ള നമ്മുടെ ജീവിതം സ്നേഹിതരേ, ഈ കഥ പൂര്‍ണമാക്കാന്‍ ആകട്ടെ. നമ്മുടെ കുടുംബ, സാഹോദര്യ സുഹൃത് അയല്‍വക്ക ബന്ധങ്ങള്‍ ദൈവത്തിന്റെ നമ്മോടുള്ള കരുതലും സ്നേഹവുമാണ്. ശമരിയാക്കാരനെപ്പോലെ ബന്ധങ്ങളെ പരിപാലിക്കാന്‍, പരിപോഷിപ്പിക്കാന്‍ ഈ ഉപമ നമുക്ക് പ്രചോദനമാകട്ടെ.

അപ്പോള്‍ നമ്മുടെ ബന്ധങ്ങള്‍ ദൈവത്തിന്റെ കൃപകള്‍കൊണ്ട് നിറയും. ഈ ഭൂമി പറുദീസായാകും. ആമേൻ!