SUNDAY SERMON: FEAST OF ST. THOMAS

ജൂലൈ 3, 2023

മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ

നാമിന്ന്, വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിക്കുകയാണ്. ഇന്നലെകളെ ഓർമിക്കുവാനും, നാം ജീവിക്കുന്ന വർത്തമാനകാലത്തെ അറിയുവാനും, നാളെയെ കരുതലോടെ കരുപ്പിടിപ്പിക്കുവാനുമുള്ളതാണ് വിശുദ്ധരുടെ തിരുനാളുകൾ, പ്രത്യേകിച്ച് വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ. ഇന്നത്തെ സുവിശേഷത്തിൽ വായിച്ചു കേട്ടതുപോലെ, ക്രിസ്തുവിനുവേണ്ടി മരിക്കുവാൻ തയ്യാറാകുന്ന പ്രേഷിത ധീരത സ്വന്തമാക്കുവാൻ, ധീരതയോടെ ക്രിസ്തുവിനായി ജീവിക്കുവാൻ ദുക്റാന തിരുനാൾ നമ്മെ ക്ഷണിക്കുകയാണ്; വിശുദ്ധ തോമാശ്ലീഹാ പകർന്നു തന്ന ക്രിസ്തുവിലുള്ള വിശ്വാസ ദീപം കരിന്തിരി കത്താതെ, ഉജ്ജ്വലമായി ആളിക്കത്തിച്ചുകൊണ്ട് വരും തലമുറയ്ക്ക് കൈമാറുവാൻ ഭാരത സഭാമക്കളേ മുന്നോട്ടുവരുവിൻ എന്ന് ഇന്നത്തെ തിരുനാൾ നമ്മോട് ആഹ്വാനംചെയ്യുകയാണ്. ഈ ക്ഷണത്തിന്റെ, ആഹ്വാനത്തിന്റെ പ്രാധാന്യവും, പ്രസക്തിയും മനസ്സിലാക്കിക്കൊണ്ട് ദുക്റാന തിരുനാളിന്റെ സന്ദേശം നമുക്ക് ശ്രവിക്കാം.

വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ നാം ആചരിക്കുമ്പോൾ, ഓർക്കണം, ഭാരത സഭ , കേരള കത്തോലിക്കാ സഭയിലെ സീറോ മലബാർ സഭ  ഇന്ത്യൻ ജീവിതത്തിന്റെ വളക്കൂറുള്ള മണ്ണിൽ വളർന്ന്, ഇന്ത്യൻ മനസ്സിന് എക്കാലത്തേക്കും തണലായി നിൽക്കുന്ന ഒരു മഹാസാന്നിധ്യമാണ്. ആ മഹാ സാന്നിധ്യം ഇന്ന് വലിയ പ്രതിസന്ധിയിലാണ്. ഞാനീ പറഞ്ഞ പ്രസ്‌താവം വെറുതെ കേട്ടുമറക്കാനുള്ള ഒന്നല്ല. വിശുദ്ധ തോമാശ്ലീഹാ നമുക്ക് പകർന്നു തന്ന ക്രിസ്തുവിലുള്ള വിശ്വാസം ഭാരതത്തിൽ, കേരളത്തിൽ വരും നാളുകളിൽ നിലനിൽക്കണമെങ്കിൽ, നമ്മുടെ വരുംതലമുറ ക്രിസ്തുവിന്റെ സ്നേഹത്തിലും, സന്തോഷത്തിലും, നീതിയിലും ജീവിക്കണമെങ്കിൽ, നാം ഈ പ്രസ്താവനയെ ഗൗരവമായി കാണണം, പ്രത്യേകിച്ചും, കത്തിക്കൊണ്ടിരിക്കുന്ന മണിപ്പൂരിന്റെ പശ്ചാത്തലത്തിൽ! വർഗീയ ഫാസിസ്റ്റ് ശക്തികൾ വളരെ സമർത്ഥമായി കാപട്യത്തിന്റെ മുഖംമൂടിയണിഞ്ഞ് ക്രൈസ്തവരെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുമ്പോൾ!! കാരണം, നിലനിൽപ്പിന്റെ ഭീഷണി നേരിടുകയാണ് ഭാരത ക്രൈസ്തവ സഭയിന്ന്. വാർത്താമാധ്യമങ്ങൾ പലതും തമസ്കരിക്കുന്നുണ്ടെങ്കിലും, നീതിന്യായ കോടതികൾ ഈ സത്യം സമ്മതിക്കുന്നുണ്ട്. ക്രൈസ്തവർക്കെതിരെ ഭാരതത്തിൽ നടക്കുന്ന ആക്രമണങ്ങളെ „നിർഭാഗ്യകര“മെന്നാണ് ഭാരതത്തിന്റെ സുപ്രീംകോടതി വിശേഷിപ്പിച്ചത്. ഭാവിയിൽ ഒരു ദുക്റാന തിരുനാളാഘോഷിക്കുവാൻ ക്രൈസ്തവരുണ്ടാകുമോ, പള്ളികളുണ്ടാകുമോയെന്ന ഭയം ഭാരത -കേരളക്രൈസ്തവരിൽ വളർന്നുവരുന്നുണ്ട്.

ഇങ്ങനെയുള്ള ഒരു അന്തരീക്ഷത്തിൽ മാർതോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിക്കുമ്പോൾ നാം അറിയണം ആരായിരുന്നു വിശുദ്ധ തോമാശ്ലീഹാ എന്ന്. നാമറിയണം എങ്ങനെയാണ് തോമാശ്ലീഹാ ഭാരതത്തിൽ ക്രിസ്തുവിനെ പ്രഘോഷിച്ചതെന്ന്. നാമറിയണം എന്തുമാത്രമായിരുന്നു വിശുദ്ധന്റെ പ്രേഷിത തീക്ഷ്ണത എന്ന്, പ്രേഷിത ധൈര്യം എന്ന്.

വിശുദ്ധ തോമാശ്ലീഹാ, ഈശോയുടെ ശിഷ്യനായി ഒരു പ്രച്ഛന്ന വേഷധാരിയായിട്ടല്ല ഭാരതത്തിൽ വന്നത്. ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾക്ക് ഒച്ചയും, കണ്ണും, മുഖവും, നടത്തവും, കൈ ആംഗ്യങ്ങളുമെല്ലാം കൊടുക്കുന്ന അഭിനേതാവിനെപ്പോലെ, ക്രിസ്തുവിനെ അഭിനയിച്ചു കാണിക്കാൻ വന്ന ഒരു അഭിനേതാവുമായിരുന്നില്ല തോമാശ്ലീഹാ. ദിദീമോസ്‌ എന്ന വാക്കിന് ഇരട്ട എന്നർത്ഥമുള്ളതുകൊണ്ട്, വിശുദ്ധ തോമാശ്ലീഹാ ഒരു Split Personality ക്കാരനായിരുന്നോ എന്ന് സംശയിക്കുന്നവരും ഉണ്ട് പണ്ഡിതഗണത്തിൽ. എന്നാൽ, ഒരു പാതികൊണ്ട് സംശയിക്കുകയും മറുപാതിക്കൊണ്ട് സ്നേഹിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്ന ഒരാളായിരുന്നില്ല തോമസ്! സ്വന്തം ജീവിതത്തിലൂടെ ക്രിസ്തുവിന് പ്രവർത്തിക്കുവാൻ അദ്ദേഹം ഒരു ഉപകരണമാകുകയായിരുന്നു – an effective instrument in the hands of God! ചായം കഴുകിക്കഴിയുമ്പോൾ കഥാപാത്രത്തിൽ നിന്ന് മോചനം നേടുന്ന അഭിനേതാവിനെപ്പോലെയല്ല, ജീവിതത്തിന്റെ ഓരോ നിമിഷവും, ജീവിതം മുഴുവനും തോമാശ്ലീഹാ ക്രിസ്തു ശിഷ്യനായിരുന്നു, നല്ല original Disciple of Christ! പ്രകൃതിയോട് നീതിപുലർത്താത്ത ക്രത്രിമജലം – ക്ളോറിനേറ്റഡ് ജലം, കുപ്പികളിലടച്ച ജലം, മലിനമായ ജലം – ക്രിസ്റ്റലുകളെ രൂപപ്പെടുത്താത്ത പോലെ, ക്രിസ്തുവിനോട് നീതിപുലർത്താത്ത ഒരു ശിഷ്യനും, ക്രിസ്തുവിനെ അതിന്റെ പൂർണതയിൽ ലോകത്തിന് നൽകുവാൻ കഴിയില്ല.

അധികാരത്തിന്റെയും, സമ്പത്തിന്റെയും, സ്ഥാനമാനങ്ങളുടെയും പിന്നാലെ ലോകം ഓടുമ്പോൾ, അതിനോടൊപ്പം ഓടാതെ, ക്രിസ്തുവിനുവേണ്ടി ലോകത്തിന് എതിരേ ഓടിക്കൊണ്ട് ദൈവത്തിന്റെ ഇഷ്ടം അതിന്റെ ഏറ്റവും മഹത്വത്തിൽ ജീവിച്ചവനാണ് വിശുദ്ധ തോമാശ്ലീഹാ. ക്രിസ്തുവിനെ കൊല്ലുവാൻ plan തയ്യാറാക്കുന്ന യഹൂദരരുടെ അടുത്തേക്ക്, ക്രിസ്തുവിനോടൊപ്പം പോകാൻ മറ്റു ശിഷ്യന്മാർ മടികാണിച്ചപ്പോൾ, തങ്ങളെയും അവർ ആക്രമിച്ചെങ്കിലോ എന്നോർത്ത് പിന്നോട്ട് നിന്നപ്പോൾ, “നമുക്കും അവനോടൊപ്പം പോയി മരിക്കാ“മെന്ന് ധൈര്യപൂർവം പറഞ്ഞവനാണ് തോമാശ്ലീഹാ. താൻ വഴിയും സത്യവും ജീവനുമാണെന്ന വലിയ വെളിപാട് ലോകത്തോട് പ്രഘോഷിക്കുവാൻ ക്രിസ്തുവിനൊപ്പം നിന്നവനാണ് തോമാശ്ലീഹാ. ഉത്ഥിതനായ ക്രിസ്തുവിനെക്കണ്ട ശിഷ്യരുടെ ജീവിതത്തിൽ പിന്നെയും നിരാശയും, പ്രതീക്ഷയില്ലായ്മയും, സങ്കടവും ദർശിച്ചതുകൊണ്ട്, ഉത്ഥിതനായ ക്രിസ്തുവിനെ തനിക്കും കാണണമെന്ന് ശാഠ്യം പിടിച്ചവനാണ് തോമാശ്ലീഹാ. വീണ്ടും, ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടപ്പൊഴോ, തന്റെ conditions എല്ലാം മറന്ന് അവിടുത്തെ “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന് ഏറ്റുപറഞ്ഞവനാണ് തോമാശ്ലീഹാ. അതിനുശേഷം ധൈര്യത്തോടെ കേട്ടറിവുപോലുമില്ലാത്ത രാജ്യത്തുവന്ന്, ഭാഷയറിയാത്ത ഭാരതദേശത്തുവന്ന് ക്രിസ്തുവിനെ പ്രസംഗിച്ചവനാണ് തോമാശ്ലീഹാ. ക്രിസ്തുവിനെ പ്രഘോഷിച്ചതിന്റെ പേരിൽ, ക്രിസ്തുവിനെ ഭാരതത്തിന് നൽകിയതിന്റെ പേരിൽ ശത്രുക്കളാൽ കൊല്ലപ്പെട്ടവനാണ്, രക്തസാക്ഷ്യത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം നല്കിയവനാണ് തോമാശ്ലീഹാ.

ഇത്രയും ധീരനായ ഒരു വ്യക്തിയാണ്, ക്രിസ്തുവിലുള്ള നമ്മുടെ, എന്റെ വിശ്വാസത്തിന്റെ പിതാവെന്നത് അഭിമാനകാരമല്ലേ പ്രിയപ്പെട്ടവരേ?

തോമാശ്ലീഹാ ഈശോയുടെ ശിഷ്യനായ രംഗം വളരെ മനോഹരമായി വിവരിക്കുന്നുണ്ട് മരിയാ വാൾതോത്തയുടെ “ദൈവ മനുഷ്യ സ്നേഹഗീത” എന്ന പുസ്തകത്തിൽ.

“ഈശോയോടൊപ്പം ചേരണമെന്നാഗ്രഹിച്ചു് നിറഞ്ഞ മനസ്സോടെയാണ് അയാൾ ഈശോയെ കാണുവാൻ ചെന്നത്. കൂടെ യൂദാസും ഉണ്ടായിരുന്നു. പക്ഷേ, ആദ്യ കൂടിക്കാഴ്ച്ച അയാളിൽ പരിഭ്രമം ജനിപ്പിച്ചു. അവിടുത്തെ വചനങ്ങൾ അയാളിൽ സ്വന്തം ബലഹീനതകളെ ക്കുറിച്ചുള്ള ചിന്ത ഉളവാക്കി. ശുഷ്യനാകുവാൻ താൻ അയോഗ്യനാണെന്ന് അയാൾ ചിന്തിച്ചുപോയി. “നീ എത്രയോ പരിശുദ്ധൻ. നിന്റെ സമീപം നിൽക്കുവാൻ പോലും ഞാൻ അയോഗ്യൻ” എന്ന് പറഞ്ഞു തോമസ് യാത്ര പറഞ്ഞു പിരിഞ്ഞു. എന്നാൽ പോകുന്നതിനുമുമ്പ്, “ഞാൻ വീണ്ടും വരുമ്പോൾ നീ എന്നെ വന്നു കാണണം” എന്നും, ” ദീദിമൂസ് എന്ന നിന്റെ നാമം ഞാൻ ഓർത്തിരിക്കും ” എന്നും ഈശോ അവനോട് പറഞ്ഞു. അയാൾ തിരികെ വരുമെന്ന് ഈശോയ്ക്കറിയാമായിരുന്നു. കുറച്ചു ദിവസങ്ങൾക്കുശേഷം, അയാൾ വരികയും ചെയ്തു. വന്നതേ അയാൾ ഈശോയുടെ കാൽക്കൽ വീണു. എന്നിട്ട് പറഞ്ഞു: “നീ വരുന്നതുവരെ കാത്തിരിക്കുവാൻ വയ്യ. ദയവായി എന്നെ നിന്റെ ശിഷ്യനായി സ്വീകരിച്ചാലും. ഞാൻ തെറ്റുകൾ ചെയ്തവനാണ്. എങ്കിലും ഒന്ന് എനിക്ക് ഉറപ്പുണ്ട്.  നിറയെ സ്നേഹമുണ്ട്.” അതായിരുന്നു ഈശോയ്ക്ക് വേണ്ടതും. തോമയുടെ തലയിൽ കൈകൾ വച്ച് അനുഗ്രഹിച്ചുകൊണ്ട് ഈശോ പറഞ്ഞു: “ദീദിമൂസ് നീ ഇന്നുമുതൽ ഞങ്ങളോടൊപ്പം താമസിച്ചുകൊള്ളുക. ഇന്നുമുതൽ നീ എന്റെ ശിഷ്യനാണ്.” അന്നുമുതൽ തോമ ഈശോയുടെ ശിഷ്യനായി.”

സ്നേഹമുള്ളവരേ, ഹൃദയം നിറയേ സ്നേഹം ഉണ്ടെങ്കിലേ ഈശോയുടെ ശിഷ്യനാകുവാൻ കഴിയൂ. നമ്മുടെ അയോഗ്യതയല്ല, ബലഹീനതയല്ല ശിഷ്യത്വത്തെ ദൈവാനുഗ്രഹപ്രദമാക്കുന്നത്. നമ്മുടെ സ്നേഹവും, ത്യാഗവും, ആഗ്രഹവും ഒത്തുചേരുമ്പോൾ മാനുഷികമായ ബലഹീനതകൾ ദൈവത്തിന്റെ കൃപ ഒഴുകിവരുന്ന ചാലുകളായി മാറും. ഹൃദയം നിറയെ സ്നേഹമുണ്ടെങ്കിൽ നമുക്ക് നാം ആയിരിക്കുന്ന ഇടങ്ങളിൽ ക്രിസ്തുവിന്റെ ശിഷ്യരാകാൻ കഴിയും. തോമസ് എന്ന ശിഷ്യനെ ശരിക്കും മനസ്സിലാക്കാൻ നമുക്ക് കഴിയണം. ഗുരുവില്ലാത്ത ജീവിതത്തേക്കാൾ, നല്ലത് ഗുരുവിനോടൊത്തുള്ള, ഗുരുവിനുവേണ്ടിയുള്ള മരണമാണ് എന്ന് ബോധ്യമുണ്ടായിരുന്നവനാണ് തോമാശ്ലീഹാ. നമ്മുടെയൊക്കെ ക്രൈസ്തവജീവിതങ്ങൾക്ക് ഇല്ലാതെ പോയിരിക്കുന്നതും അത് തന്നെയാണ്.

മറ്റൊന്ന്, തോമാശ്ലീഹായുടെ ഈശോയെക്കുറിച്ചുള്ള അറിവാണ്. അന്നുവരെ, മനുഷ്യർ ഗുരുക്കന്മാരെ കണ്ടിരുന്നത് സത്യത്തിലേക്കുള്ള, ജ്ഞാനത്തിലേക്കുള്ള വഴി കാണിച്ചുതരുന്ന ദൈവമനുഷ്യരായിട്ടാണ്. ഭാരതത്തിലും അങ്ങനെത്തന്നെയായിരുന്നു ഗുരുക്കന്മാരെ കണ്ടിരുന്നത്. ഗുരു വഴികാണിക്കുന്നവനാണ്; വെളിച്ചത്തിലേക്ക് നയിക്കുന്നവനാണ് എന്ന ശക്തമായ പാരമ്പര്യം ഇപ്പോഴും നമുക്ക് ഉണ്ട്. സംസ്കൃതത്തിൽ പറയുന്നത്, ഗു ശബ്ദം അന്ധകാരം. രു ശബ്ദം തത് നിരോധകം എന്നാണ്.  എന്നുവച്ചാൽ, അന്ധകാരത്തെ മാറ്റി വെളിച്ചം നൽകുന്നവൻ ആരോ, അവനാണ് ഗുരു. തോമസും അങ്ങനെത്തന്നെയാണ് വിചാരിച്ചിരുന്നത്. അതുകൊണ്ടല്ലേ അദ്ദേഹം പറഞ്ഞത്, “വഴി ഞങ്ങൾ എങ്ങനെ അറിയും. ഞങ്ങൾക്ക് വഴി കാണിച്ചു താ.” അപ്പോഴാണ് അയാൾ അറിയുന്നത് ക്രിസ്തു വഴി കാണിച്ചു തരുന്നവൻ മാത്രമല്ല. അവിടുന്ന് വഴി തന്നെയാണ്. സത്യം പറയുന്നവൻ മാത്രമല്ല, സത്യം തന്നെയാണ്. ജീവൻ നൽകുന്നവൻ മാത്രമല്ല, ജീവൻ തന്നെയാണ്.  അപ്പം നൽകുന്നവൻ മാത്രമല്ല, അപ്പം തന്നെയാണ്. സൗഖ്യം നൽകുന്നവൻ മാത്രമല്ല, സൗഖ്യം തന്നെയാണ്. പ്രകാശം കാണിക്കുന്നവൻ മാത്രമല്ല, പ്രകാശം തന്നെയാണ്.

അന്നുവരെ ഉണ്ടായിരുന്ന ഗുരു സങ്കല്പങ്ങളെല്ലാം ക്രിസ്തുവിൽ മാറി മറിയുകയാണ്. ക്രിസ്തു അന്നുവരെയുണ്ടായിരുന്ന ഗുരു സങ്കല്പങ്ങളുടെയെല്ലാം പൂർത്തീകരണമാകുകയാണ്. തോമസിൽ രൂപാന്തരം സംഭവിക്കുകയാണ്. അപ്പോൾ മുതൽ അയാൾ കാണുന്ന വഴികളെല്ലാം ക്രിസ്തുവായി മാറി. അയാൾ കേൾക്കുന്ന, കാണുന്ന സത്യമെല്ലാം ക്രിസ്തുവായി മാറി. അയാൾ കാണുന്ന ജീവനെല്ലാം, ജീവനുള്ളതെല്ലാം എന്തായി മാറി അയാൾക്ക്? ക്രിസ്തുവായി മാറി. അതാ, ജറുസലേമിലെ വഴിയും, ഇങ്ങു ഭാരതത്തിലെ വഴിയും അയാൾക്ക് സമം. എല്ലാം ക്രിസ്തുവാണ്. ജെറുസലേമിലുള്ളതും, ജെറുസലേമിലുള്ളവരും, ഭാരതത്തിലുള്ളതും, ഭാരതത്തിലുള്ളവരും അയാൾക്ക്‌ സമം. എല്ലാം ക്രിസ്തുവാണ്. അങ്ങനെയാണ് അയാളിൽ ഒരു മിഷനറി, പ്രേഷിതൻ രൂപപ്പെട്ടത്. അങ്ങനെയാണ് നമ്മിൽ ഒരു ക്രൈസ്തവ, ക്രൈസ്തവൻ, ഒരു മിഷനറി, പ്രേഷിതൻ രൂപപ്പെടേണ്ടത്, പിറവിയെടുക്കേണ്ടത്. സ്നേഹമുള്ളവരേ, നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ വിശ്വാസ വ്യക്തിത്വം എത്രയോ ധന്യമാണ്! എത്രയോ മഹനീയമാണ്!

ഭാരതത്തിൽ ഇന്ന് ക്രൈസ്തവർ ധാരാളം പീഡനം അനുഭവിക്കുന്നുണ്ട്. ശരിയായിരിക്കാം, നമുക്കത് അനുഭവപ്പെടുന്നില്ല. ഇവിടെ നാം സുരക്ഷിതരായിരിക്കാം. പക്ഷേ, കാലത്തിന്റെ ചുവരെഴുത്തു് വായിച്ചാൽ മനസ്സിലാകും, ഈ സുരക്ഷിതത്വത്തിന് ആയുസ്സ് കുറവാണ്. തോമാശ്ലീഹായിലൂടെ ലഭിച്ച വിശ്വാസം ജീവിക്കുവാനും, ഏറ്റുപറയുവാനും സാധിക്കാത്തത്ര ബുദ്ധിമുട്ടുകൾ നേരിടുന്ന കാലം വിദൂരമല്ല. തോമാശ്ലീഹായെപ്പോലെ നാം ധൈര്യമുള്ളവരാകണം. ക്രിസ്തുവിനുവേണ്ടി ജീവിക്കുവാൻ താത്പര്യമുള്ളവരാകണം. ഇരിക്കുന്ന കമ്പ് മുറിക്കുന്ന വിഡ്ഢികളാകാതെ പരസ്പരം സഹായിച്ചും, സഹകരിച്ചും ക്രൈസ്തവജീവിതങ്ങളെ നിർമ്മലമാക്കിയും നാം മുന്നേറേണ്ടിയിരിക്കുന്നു. സ്വന്തം സ്വാർത്ഥ ലാഭങ്ങൾക്കുവേണ്ടി നിലകൊള്ളാതെ, ക്രിസ്തുവിനോടൊപ്പം, തിരുസ്സഭയോടൊപ്പം നിന്നുകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ തയ്യാറാകേണ്ടിയിരിക്കുന്നു.

എന്റെ ആശ്രമത്തിന്റെ മുറ്റത്തുനിന്ന് കിഴക്കോട്ട് നോക്കിയാൽ തട്ടുപാറപ്പള്ളി കാണാം. അവിടെ തോമാശ്ലീഹാ ധ്യാനിച്ചിരുന്ന ഒരു ഗുഹയുണ്ട്. അടുത്തായതുകൊണ്ടും, തോമാശ്ലീഹായുടെ പ്രേഷിത ചൈതന്യം നിറഞ്ഞും നിൽക്കുന്ന ഇടമായതുകൊണ്ടും ഇടയ്ക്കൊക്കെ ഞാനവിടെ പോകാറുണ്ട്. (ഇവിടുന്ന് മലയാറ്റൂർക്ക് ഒരു 12 കിലോമീറ്റർ കാണും) തോമാശ്ലീഹാ കേരളത്തിൽ വന്നോ ഇല്ലയോ എന്ന സംശയമൊന്നും ഇവിടെ വരുമ്പോൾ എന്നെ അലട്ടാറില്ല. വാദമുഖങ്ങൾ നിരത്തി അത് തെളിയിക്കണമെന്നും എനിക്ക് തോന്നാറില്ല. പക്ഷേ, ലോകരക്ഷകനായ ക്രിസ്തുവിനെ പൂർവികർക്ക് പകർന്നുകൊടുക്കാനും, ആ വിശ്വാസം ഇന്നുവരെ ശക്തമായി നിലനിർത്താനും തോമാശ്ലീഹാ ഉപകരണമായതിൽ ഞാൻ സന്തോഷിക്കുന്നു. ആരെങ്കിലും പകർന്നു തരാതെ നമുക്കിത് ലഭിക്കില്ലല്ലോ. ആ മഹാ വ്യക്തിത്വം തോമാശ്ലീഹായാണ് എന്ന് വിശ്വസിക്കുവാനാണ് എനിക്കിഷ്ടം!

സമാപനം

സ്നേഹമുള്ളവരേ, ഈ ജൂലൈ മൂന്ന് നമുക്കൊരു പ്രത്യേക ദിവസമാകട്ടെ. നമ്മുടെ ക്രൈസ്തവ ജീവിതം സമഗ്രമായ ഒരു ചിന്താമാറ്റത്തിന് വിധേയമാകട്ടെ. അതിന് തോമാശ്ലീഹായുടെ വ്യക്തിത്വം നമുക്ക് പ്രചോദനം നല്കട്ടെ. വിശുദ്ധ തോമാശ്ലീഹാ പകർന്നു തന്ന ക്രിസ്തുവിലുള്ള വിശ്വാസദീപം ഇന്നും ജ്വലിച്ചു നിൽക്കുന്നപോലെ, കൂടുതൽ ശോഭയോടെ പ്രോജ്വലിച്ചു നിൽക്കുവാൻ നാം തോമാശ്ലീഹായിൽ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു. കുറച്ചു കാര്യങ്ങൾ സമഗ്രമായി പഠിപ്പിക്കുന്ന സ്കൂൾ ആണ് വിശുദ്ധ തോമാശ്ലീഹാ. തോമാശ്ലീഹാ ചൊല്ലിത്തരുന്ന പാഠങ്ങൾ ഇവയാണ്: പാഠം ഒന്ന്, ഹൃദയം നിറയെ ക്രിസ്തുവിനോടുള്ള സ്നേഹമുണ്ടായിരിക്കണം. പാഠം രണ്ട്, ക്രിസ്തു ആരെന്ന് വ്യക്തമായി അറിയണം. പാഠം മൂന്ന്, ജീവിത സാഹചര്യങ്ങളിൽ ക്രിസ്തുവിനെ കർത്താവും ദൈവവുമായി ഏറ്റുപറയണം. പാഠം നാല്, പ്രേഷിത ധൈര്യത്തോടെ ക്രിസ്തുവിനുവേണ്ടി മരിക്കാൻ തയ്യാറാകണം. ഈ നാല് പാഠങ്ങളിലും Full A+ ഉണ്ടെങ്കിൽ നമ്മുടെ ക്രൈസ്തവ ജീവിതം മനോഹരമാകും. നാം ചെയ്യുന്ന എല്ലാ പ്രവൃത്തികളും ദൈവാനുഗ്രഹം നിറഞ്ഞതാകും. നമ്മുടെ കുടുംബവും, കുടുംബത്തിലുള്ളവരും ക്രിസ്തുവാകുന്ന വഴിയിലൂടെ, സത്യത്തിലൂടെ ജീവനിലൂടെ നടക്കും. വിശുദ്ധ തോമാശ്ലീഹായെപ്പോലെ നാം നമുക്ക്, നമ്മുടെ കുടുംബത്തിന്, ഈ ലോകത്തിന് ഒരു അനുഗ്രഹമാകും.

ഓർക്കുക, ഭാരതസഭയും, ക്രൈസ്തവരും അവരുടെ പ്രേഷിത ധീരത വീണ്ടെടുക്കുന്നില്ലെങ്കിൽ അടുത്ത ദശാബ്ദത്തിൽ ഭാരത ക്രൈസ്തവർക്ക്, കേരള ക്രൈസ്തവർക്ക് പിടിച്ചു നില്ക്കാൻ ഒന്നുമില്ലാതെയായിത്തീരും. ആമേൻ!

SUNDAY SERMON LK 12, 57-13, 5

ശ്ളീഹാക്കാലം ആറാം ഞായർ

ലൂക്ക 12, 57 – 13, 5

നമ്മുടെ ആരാധനാക്രമത്തിലെ ശ്ളീഹാക്കാലത്തിന്റെ ആറാം ഞായറാഴ്ചയാണിന്ന്. മെല്ലെ ഭയപ്പെടുത്തുന്ന സ്വരത്തിലാണെങ്കിലും, അന്ന് ഈശോയെ ശ്രവിച്ചുകൊണ്ടിരുന്ന ഇസ്രായേൽ ജനത്തിനെന്നപോലെ, ഇന്ന് നമുക്കും പശ്ചാത്താപം ആവശ്യമുണ്ടെന്നും, പശ്ചാത്തപിച്ചില്ലെങ്കിൽ നാമും നശിക്കുമെന്നും ദൈവ വചനത്തിലൂടെ ഈശോ നമ്മെ ഓർമപ്പെടുത്തുകയാണ്. കാലിക പ്രസക്തിയുണ്ടായിരുന്ന രണ്ട് സംഭവങ്ങളെ മുൻനിർത്തിയാണ് ഈശോ അന്നത്തെ ഇസ്രായേൽ ജനത്തിനും ഇന്ന് നമുക്കും warning തരുന്നത്. “പശ്ചാത്തപിച്ചില്ലെങ്കിൽ നിങ്ങളും മരിക്കും.”

വായിച്ചുകേട്ട സുവിശേഷത്തിൽ പ്രതിപാദിക്കപ്പെടുന്ന ഒന്നാമത്തെ സംഭവം ഗലീലിക്കാരുടെ ബലിയിൽ പീലാത്തോസ് രക്തം കലർത്തിയതാണ്. വർഷങ്ങൾക്ക് മുൻപ് സംഭവിച്ച ടൈറ്റാനിക് തകർച്ചയും, ആ കപ്പലിനെ അന്വേഷിച്ചിറങ്ങിയ അഞ്ചാംഗയാത്രക്കാരുടെ Titan Submercible ന്റെ ദുരന്തവും, ഇന്ന് ജനങ്ങൾക്കിടയിൽ സംസാരവിഷയമായിരിക്കുന്നതുപോലെ, ഈശോയുടെ കാലത്തെ ഗലീലിക്കാരുടെ ബലിയിൽ പീലാത്തോസ് രക്തം കലർത്തിയ സംഭവവും ജനങ്ങൾക്കിടയിൽ ഒരു talk ആയിരുന്നു. ഇതിങ്ങനെ സംസാരവിഷയമാകാൻ കാരണം ഈ കൃത്യം റോമൻ പോലീസിന്റെ, പടയാളികളുടെ ഒരു ക്രൂരവിനോദമായിരുന്നതിനാലാണ്. ജറുസലേമിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ട റോമൻ പടയാളികൾ ഗലീലിയിൽ നിന്ന് വന്ന കുറച്ചുപേരെ സംശയാസ്പദമായി കാണുകയും കൊന്നുകളയുകയും ചെയ്തു. മാത്രമല്ലാ, ഹെബ്രായ മതങ്ങളിലുണ്ടായിരുന്ന പോലെ, ഈ ഗലീലിയക്കാരെവച്ചു രക്തബലി നടത്തുകയും ചെയ്തു. ഹെബ്രായ മതങ്ങളിൽ രക്തബലിക്കുള്ള ഇര (Victim) കൊല്ലപ്പെടേണ്ടതുണ്ട്. ഈ മതങ്ങളിൽ രക്തബലി യഹോവയോടുള്ള സമ്പൂർണ സമർപ്പണത്തിന്റെ പ്രതീകമാണ്, ദൈവത്തോടുള്ള അടിയറവു പറയലിന്റെ പ്രതീകമാണ്. ഇവിടെ പടയാളികളുടെ ലക്‌ഷ്യം മറ്റൊന്നായിരുന്നു. പടയാളികൾ തങ്ങൾ കൊന്ന ഗലീലിക്കാരോടൊപ്പം അവരുടെ രക്തവും കൂടി കലർത്തി ഒരു ബലി നടത്തിയതുവഴി യഹൂദരെ കളിയാക്കുകയായിരുന്നു. ഒപ്പം, സീസറിന്റെ അധികാരം ഉറപ്പിക്കുകയും ചെയ്തു.

രണ്ടാമത്തെ സംഭവം ഒരു ദുരന്തമായിരുന്നു. മനുഷ്യനിർമിതമല്ലാത്ത ഒരു ദുരന്തം. പതിനെട്ടുപേർ മരണപ്പെട്ട ആ ദുരന്തവും അന്ന് ജനങ്ങളുടെ സംസാരവിഷയമായിരുന്നു. നമ്മിൽ ഏറെപ്പേർ ഇന്നും കരുതുന്നതുപോലെ, അന്നത്തെ സാധാരണ മനുഷ്യരും, ആ പതിനെട്ടു പേരുടെ പാപത്തിന്റെ ഫലമായിരിക്കാം അവർക്ക് ഇങ്ങനെ സംഭവിച്ചത് എന്ന് ചിന്തിച്ചവരായിരുന്നു.

റോമൻ പടയാളികളാൽ കൊല്ലപ്പെട്ട ഗലീലിക്കാരും, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണ പതിനെട്ടുപേരും ഇസ്രായേൽ ജനത്തിന്റെ ദൃഷ്ടിയിൽ പാപികളും, പാപത്തിന്റെ ഫലമനുഭവിച്ചവരുമായിരുന്നു. എന്നാൽ, യഹൂദകാഴ്ചപ്പാടുകളിലെ കുറവുകളെ നിരീക്ഷിച്ചും അവ ചൂണ്ടിക്കാട്ടിയും പുതിയൊരു ആത്മീയ വിപ്ലവത്തിന് തുടക്കം കുറിച്ച ക്രിസ്തു ഈ രണ്ടു സംഭവങ്ങളെയും കാണുന്നത് വളരെ വ്യത്യസ്തമായാണ്. റോമൻ പടയാളികളാൽ കൊല്ലപ്പെട്ട ഗലീലിക്കാരും, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണ പതിനെട്ടുപേരും മാത്രമല്ല, അതിന് കാരണക്കാരായവരും, അതിന്റെ സാഹചര്യങ്ങളും എല്ലാം ഈശോയ്ക്ക് പ്രധാനപ്പെട്ടതാണ്.  ഗലീലിയക്കാരെ കൊന്ന റോമാക്കാരും അതിനു എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്ന പീലാത്തോസും, ഗോപുരങ്ങളുടെ ഉറപ്പു പരിശോധിക്കേണ്ട ഉദ്യോഗസ്ഥരും, അതിനെ നവീകരിക്കേണ്ടവരും എല്ലാം ക്രിസ്തുവിന്റെ പഠനത്തിന് വിഷയമാകുകയാണ്. ഈ രണ്ടു സംഭവങ്ങളെയും ഈശോ ജനത്തിന്റെ ആത്മീയ വളർച്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റുകയാണ്. ഈശോ പറയുന്നത് ശ്രദ്ധിക്കുക, ‘പശ്ചാത്തപിക്കുന്നില്ലെങ്കിൽ, നിങ്ങളും നശിക്കും, പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളും വീഴും. ഗോപുരം വീണതിനെക്കാൾ ഭയാനകമായിരിക്കും ആ വീഴ്ച്ച!’

പശ്ചാത്താപത്തിന്റെ മേഖലകൾ വളരെ വിശാലമാണ്. പശ്ചാത്താപം എന്നുപറയുന്നത് വ്യക്തിയുടെ, സമൂഹത്തിന്റെ സമഗ്രമായ മാറ്റമാണ്; നന്മയിലേക്കുള്ള, രക്ഷയിലേക്കുള്ള രൂപാന്തരമാണ്.

നമ്മുടെ പാപം നിറഞ്ഞ അവസ്ഥയിൽ തകർന്നടിയുന്നത് നാം മാത്രമായിരിക്കില്ല. ചിലപ്പോൾ നമ്മുടെ കുടുംബം ഒന്നടങ്കം ആയിരിക്കും. കുടുംബനാഥന്റെ അമിതമായ, കിട്ടുന്നതെല്ലാം നശിപ്പിക്കുന്ന മദ്യപാനത്തിന് ഇരകളാകുന്നത് അദ്ദേഹത്തിന്റെ ഭാര്യയും, നിഷ്കളങ്കരായ മക്കളും ആയിരിക്കും. ഗവൺമെന്റിന്റെ അഴിമതിയും, അനീതിയും, നേതാക്കളുടെ ആർത്തിയും, രാഷ്ട്രീയ കരുനീക്കങ്ങളുടെ ഭാഗമായുണ്ടാകുന്ന കലാപങ്ങളും തകർക്കുന്നത് ഒരു ജനതയെത്തന്നെയായിരിക്കും. നമ്മുടെ വീഴ്ചയിൽ, തകർച്ചയിൽ നാം മാത്രമായിരിക്കില്ല നമ്മോടൊപ്പം അനേകർ, അനേകം നിഷ്കളങ്കരും തകർക്കപ്പെട്ടേക്കാം. നമ്മുടെ ക്രൂരവിനോദങ്ങളിൽ നാം മാത്രമല്ല മറ്റനേകരും കൊല്ലപ്പെട്ടേക്കാം.

ഈസോപ്പുകഥകളിലെ കുട്ടികളെപ്പോലെയാണ് ചിലപ്പോൾ നാം മനുഷ്യർ. രു കുളത്തിന്റെ കരയിൽ കുറച്ചു കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. കളിച്ചു മടുത്തപ്പോൾ കുട്ടികളിലൊരാൾ പറഞ്ഞു: ” നമുക്കിനി കുളത്തിലേക്ക് കല്ലെറിഞ്ഞു കളിക്കാം.” കുട്ടികൾ കല്ലെറിഞ്ഞു കളിക്കാൻ തുടങ്ങി. കുളത്തിലേക്ക് കല്ലുകൾ വീഴുമ്പോഴുള്ള ബ്ലും ബ്ലും ശബ്ദം അവർക്ക് ഒത്തിരി ആനന്ദം നൽകി. എന്നാൽ ആ കുളത്തിലുണ്ടായിരുന്ന കുറച്ചു തവളകൾ വെള്ളത്തിനടിയിൽ ഭയന്ന്

വിറച്ചിരിക്കുകയായിരുന്നു. കുറെ കഴിഞ്ഞപ്പോൾ ഒരു തവള ധൈര്യം സംഭരിച്ചു തല വെള്ളത്തിന് മീതെ ഉയർത്തി കുട്ടികളോട് പറഞ്ഞു: “കുട്ടികളെ, നിങ്ങളുടെ ഈ ക്രൂരവിനോദം ഒരുപക്ഷെ, നിങ്ങൾക്ക് വിനോദമായിരിക്കാം. എന്നാൽ ഞങ്ങൾക്കത് മരണമാണ്.” എന്റെ ജീവിതം, പ്രവർത്തികൾ, സംസാരങ്ങൾ ഒന്നും മറ്റുള്ളവർക്ക് മരണമാകരുതെന്ന് ഈശോ നമ്മോട് പറയുന്നുണ്ട്. ഇന്ന് നാം പത്രങ്ങളിലും, ടിവിയിലും കാണുന്ന ദാരുണ മരണ കഥകൾ ക്രിസ്തുവിന്റെ വചനങ്ങൾ നമ്മെ ഓർമപെടുത്തണം: “പശ്ചാത്തപിക്കുന്നില്ലെങ്കിൽ നീയും നശിക്കും.”

സ്നേഹമുള്ളവരേ, സ്വഭാവ രീതികളെ നാം മനസ്സിലാക്കിയില്ലെങ്കിൽ, നാം മാറ്റുന്നില്ലെങ്കിൽ അത് നമുക്ക് നാശമായിരിക്കും. മാത്രമല്ല, മറ്റുള്ളവർക്കും അത് മരണമായിരിക്കും. നാമാകുന്ന ഗോപുരത്തെ സമയാസമയങ്ങളിൽ നവീകരിച്ചില്ലെങ്കിൽ, അനുതാപത്തിലൂടെ നമ്മെത്തന്നെ നിർമലമാക്കിയില്ലെങ്കിൽ നാമും വീഴും. ഓരോ വീഴ്ചയ്ക്കും ഒരു കാരണമുണ്ട്. അത് എപ്പോഴും ക്രിസ്തു നിന്നിലില്ലാത്ത അവസ്ഥയായിരിക്കും. ക്രിസ്തുവിൽ, അവിടുത്തെ വചനത്തിൽ, അവിടുത്തെ ബലിയിൽ പദമൂന്നിയല്ലാ നീ നടക്കുന്നതെങ്കിൽ മകളേ, മകനേ നീ വീഴും. ഇത് ഭീഷണിപ്പെടുത്തുന്ന ക്രിസ്തു വചനമല്ല. നിന്റെ ജീവിതമറിയുന്ന, നിന്നെ അറിയുന്ന, നിന്നെ സ്നേഹിക്കുന്ന ദൈവത്തിന്റെ സ്നേഹോപദേശമാണ്.

പഴയനിയമത്തിലെ സാവൂൾ രാജാവ് – ഇസ്രായേൽ രാജ്യത്തിന്റെ ആദ്യരാജാവിന്റെ പതനം എത്ര വലുതായിരുന്നു! (1 സാമുവൽ 15, 26) ദാവീദ് രാജാവിന്റെ കഥ അറിയില്ലേ? വീഴ്ച്ച എത്ര ഭയാനകമായിരുന്നു! (2 സാമുവേൽ 7, 13-17) ബൈബിളിലെ, ചരിത്രത്തിലെ ഓരോ വീഴ്ചയ്ക്കും കാരണമുണ്ട്, കാരണങ്ങളുണ്ട്. പ്രധാനമായത്, തിന്മയുടെ വഴിയിൽ നിന്ന് മാറാൻ, മനുഷ്യൻ തയ്യാറാകുന്നില്ല എന്നത് തന്നെയാണ്.  പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളും നശിക്കും!”

മഹാഭാരതത്തിലെ ധർമപുത്രരുടെയും, ഭീമൻ, അർജുനൻ, നകുലൻ, സഹദേവൻ, ദ്രൗപദി എന്നിവരുടെ അവസാന യാത്ര വളരെ ഹൃദയ സ്പർശിയാണ്. എന്തിനുവേണ്ടിയാണോ തങ്ങൾ യുദ്ധം ചെയ്തത് ആ രാജ്യം കിട്ടിയപ്പോൾ അവർ ദുഃഖിതരായി. രാജ്യം പരീക്ഷത്തിനെ ഏൽപ്പിച്ചിട്ടു അവർ മഹാപ്രസ്ഥാനം തുടങ്ങി. അഞ്ച് സഹോദരരും, ദ്രൗപദിയും കൊട്ടാരംവിട്ട് യാത്രയാരംഭിച്ചു. അവരുടേത് ഭൂപ്രദക്ഷിണമായിരുന്നു; ഭൂമിയെ വെടിഞ്ഞവരായി നടത്തുന്ന പ്രദക്ഷിണം. വടക്കോട്ട് നടന്നു ദൂരെ ഹിമാലയം ദൃഷ്ടിയിൽപ്പെട്ടു. അപ്പോൾ ആദ്യം ദ്രൗപദി വീണു. ഭീമൻ ധർമപുത്രരോട് ചോദിച്ചു: “ഒരധർമവും ചെയ്യാത്ത ഇവൾ എന്താണ് വീണത്? യുധിഷ്ഠരൻ പറഞ്ഞു: ” ഇവൾ പക്ഷപാതം കാണിച്ചു,” കൃഷ്ണയെ ഉപേക്ഷിച്ചു നീങ്ങിയ സംഘത്തിലെ സഹദേവൻ വീണു. ഭീമന്റെ ചോദ്യത്തിന് ഉത്തരം വന്നു: ” തന്നെപ്പോലെ അറിവുള്ളവരാരും ഇല്ലെന്ന് കരുതിയവനാണിവൻ. അഹങ്കാരമാണ് ഇവനെ വീഴ്ത്തിയത്.” കുറെ മുന്നോട്ട് പോയപ്പോൾ നകുലൻ വീണു. “ഇവനെന്താണ് പറ്റിയത്? ഭീമൻ ചോദിച്ചു. ” സൗന്ദര്യത്തിൽ തനിക്ക് തുല്യനായി ആരുമില്ലെന്ന് കരുതിയാവാനാണിവൻ.” പിന്നെ വില്ലാളിവീരൻ അർജുനൻ വീണു. ” വാക്ക് പാലിക്കാത്തവനാണിവൻ. അതാണ് ഇവന്റെ വീഴ്ചയുടെ കാരണം.” അവസാനം ഭീമൻ വീണു. ഭീമൻ ചോദിച്ചു: “നിനക്കേറ്റവും ഇഷ്ടപെട്ട ഞാൻ വീണുപോയി. എന്തുകൊണ്ട്? യുധിഷ്ഠിരൻ പറഞ്ഞു: “നീ മറ്റുള്ളവരേക്കാളധികം ഭക്ഷിച്ചു. സ്വന്തം മെയ്യൂക്കിനെ കുറിച്ച് മേനി പറഞ്ഞു. അതുകൊണ്ടാണ് നീ വീണത്.” ധർമ്മപുത്രർ മുന്നോട്ട് നടന്നു, കൂടെ നായയും.

വീഴ്ചകൾ ധാരാളമുണ്ട്. നമ്മുടെ വീഴ്ചകൾ മറ്റുള്ളവർക്ക് ദുരന്തമാകുമ്പോൾ നമ്മുടെ ജീവിതം എത്ര ഭയാനകമാണ്! “പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളും നശിക്കും!”

ചരിത്രത്തിലെ വലിയ വലിയ വീഴ്ചകൾ നല്ല ധ്യാനവിഷയമാണ്. ലോകം മുഴുവൻ വെട്ടിപ്പിടിക്കുവാൻ നടന്ന അലക്‌സാണ്ടർ ചക്രവർത്തി മുതൽ ഇങ്ങോട്ട് ഇന്നലെയും ഇന്നുമൊക്കെ വീഴുന്നവരും, ആ വീഴ്ച്ചകൾക്കു കാരണമാകുന്നവരും, പശ്ചാത്താപത്തിന്റെ വഴിതേടുകയാണെങ്കിൽ വലിയ വലിയ ദുരന്തങ്ങൾ വഴിമാറിപ്പോകും.

അപ്പോൾ പശ്ചാത്താപം ആവശ്യമാണ്. എന്നിലെ ദൈവികതയിലേക്കു ഉണരുന്നതാണ് പശ്ചാത്താപം. ‘എനിക്ക് തെറ്റിപ്പോയി’ എന്നും പറഞ്ഞു കരയുന്നതിനപ്പുറം “എന്നിലെ ദൈവത്തെ പറ്റി ബോധവാനാകാതെ ഞാൻ ജീവിച്ചുപോയി” എന്ന് പറയുവാൻ നമുക്കാകണം. അതാണ് യഥാർത്ഥ പശ്ചാത്താപം. വിശുദ്ധ അഗസ്റ്റിൻ പറഞ്ഞത് അതല്ലേ? ‘നിത്യ നൂതന സൗന്ദര്യമേ, നിന്നെ കണ്ടെത്താൻ ഞാനെന്തേ ഇത്ര വൈകിപ്പോയി?’ അദ്ദേഹം എന്നിട്ട് ചങ്കു പൊട്ടി കരഞ്ഞു. വിശുദ്ധ തോമാശ്ലീഹായുടെ “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന എന്ന വിളി ദൈവത്തിന്റെപോലും കണ്ണുകളെ നനയിക്കുന്ന പശ്ചാത്താപത്തിന്റെ സ്വരമാണ്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ “എന്റെ ദൈവമേ, എന്റെ സർവസ്വവുമേ” എന്ന ഏറ്റുപറച്ചിൽ പശ്ചാത്താപത്തിന്റെതല്ലാതെ മറ്റെന്താണ്? “പശ്ചാത്തപിക്കുന്നില്ലെങ്കിൽ …” എന്ന് ഈശോ പറയുന്നതിന്റെ റേഞ്ച് നാം വിചാരിക്കുന്നതിലും അപ്പുറമാണ്.

നമ്മുടെ ജീവിതാന്തസ്സുകളുടെ മുറ്റങ്ങളിൽ പാപത്തിന്റെ, അവിശ്വസ്തതയുടെ, ആഡംബരങ്ങളുടെ കരിയിലകൾ വീണ് വൃത്തികേടായിരിക്കുകയാണ്. ദൈവത്തിന്റെ സമാധാനം, സമൃദ്ധി നമ്മുടെ ക്രൈസ്തവജീവിതങ്ങളിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. ദൈവത്തിന്റെ ഐശ്വര്യം കെട്ടുപോയിരിക്കുന്നു. ദൈവത്തിന്റെയും, ദൈവ ജനത്തിന്റെയും മുൻപിൽ നിന്നെടുത്ത പ്രതിജ്ഞകളിലെ കൃപ വറ്റിപ്പോയിരിക്കുന്നു. ക്രൈസ്തവ വിവാഹത്തിന്റെയും, പൗരോഹിത്യത്തിന്റെയും, സന്യാസത്തിന്റെയും ശോഭ മങ്ങിപ്പോയിരിക്കുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കിൽ, ജീവിതാന്തസ്സുകൾ സ്വീകരിച്ചിരിക്കുന്നവർ മാത്രമല്ല, അവരോട് ചേർന്നുനിൽക്കുന്നവർ മാത്രമല്ല ഈ ദേശം മുഴുവനും നാശത്തിലേക്ക് നിപതിക്കും. കാരണം, വാക്കുകൾക്ക് ദൈവികതയുടെ, വിശ്വസ്തതയുടെ, വിശുദ്ധിയുടെ കൃപ ലഭിക്കുന്നതാണ് പ്രതിജ്ഞകൾ. ആ പ്രതിജ്ഞകൾ ലംഘിക്കപ്പെട്ടാൽ….!!!!

ന്യായാധിപന്മാരുടെ പുസ്തകത്തിലെ സാംസന്റെ ജീവിതം നമുക്കൊരു പാഠമായിരിക്കണം. നാസീർവ്രതക്കാരനായിരുന്ന സാംസൺ മുടിമുറിച്ചിരുന്നില്ല. നീണ്ട മുടിയിലായിരുന്നു ദൈവികശക്തിയുടെ രഹസ്യം. അതാരോടും പറയാൻ പാടില്ലെന്നായിരുന്നു ദൈവത്തിന്റെ അരുളപ്പാട്. അതാരോടും പറയില്ലെന്നായിരുന്നു ദൈവത്തോടുള്ള അയാളുടെ പ്രതിജ്ഞ. എന്നാൽ ഒരുനാൾ എല്ലാം തെറ്റി. അതോടുകൂടി അയാൾ നിസ്സഹായനായിത്തീർന്നു. പിന്നെ അയാൾ ഒരു സാധാരണക്കാരനായിത്തീർന്നു. “ദേ, ഫിലിസ്ത്യർ വരുന്നു” എന്ന് കേട്ടപ്പോൾ അയാൾ ചാടി എഴുന്നേറ്റു.” പക്ഷെ, അയാൾ ബലഹീനനായി.  അദ്ധ്യായം 16 വചനം 20 ഞെട്ടിപ്പിക്കുന്നതാണ്. “കർത്താവ് തന്നെ വിട്ടുപോയകാര്യം അയാൾ അറിഞ്ഞില്ല.”

ഇന്ന് കത്തോലിക്കാ സഭ, സീറോമലബാർ സഭ, ക്രൈസ്തവകുടുംബങ്ങൾ, ക്രൈസ്തവർ നിസ്സഹായരായി തീർന്നിട്ടിട്ടുണ്ടെങ്കിൽ അതിന്റെ കാരണം ദൈവത്തോട് ചെയ്ത പ്രതിജ്ഞകൾ ലംഘിച്ചുകൊണ്ട്, പശ്ചാത്താപത്തിന്റെ അടയാളംപോലുമില്ലാതെ, ധിക്കാരത്തോടെ ജീവിക്കുന്നു എന്നതാണ്. ഇത്രയൊക്കെ സംഭവിച്ചിട്ടും, ഇത്രമാത്രം തകർച്ചകളുണ്ടായിട്ടും, മണിപ്പൂരിലെ ക്രൈസ്തവർ പീഡനങ്ങൾ അനുഭവിക്കുന്നത് Live ആയി കണ്ടിട്ടും, കർത്താവ് തങ്ങളെ വിട്ടുപോയ കാര്യംപോലും അവർ അറിയുന്നില്ല. ഈശോ പറയുന്നു: “പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളും നശിക്കും.” വിശുദ്ധ പൗലോശ്ലീഹാ  എത്ര കൃത്യമായിട്ടാണ് ഇക്കാര്യം പറഞ്ഞുവച്ചിരിക്കുന്നത്: “ഈ ലോകത്തിന്റെ ദേവന്‍ അവിശ്വാസികളായ (അവിശ്വസ്തരായ) അവരുടെ മനസ്‌സിനെ അന്‌ധമാക്കിയിരിക്കുന്നു. തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്‌തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല.” (2 കോറിന്തോസ്‌ 4 : 4)

സ്വാഭാവിക പ്രവണതകൾക്കനുസരിച്ചു ജീവിക്കാതെ, നമ്മിലെ ദൈവികത വിടർന്നു വിലസുന്ന പൂന്തോട്ടങ്ങളായി നാം മാറണം. ഒരു ചെടിയിലെ ദൈവികതയുടെ പ്രകാശനമാണ് അതിലെ പൂവും, ഫലങ്ങളുമെല്ലാം. പശ്ചാത്തപിക്കുക എന്നാൽ എന്നിലെ ദൈവികതയിൽ കുളിച്ചുകയറുക എന്നാണെന്നു അറിയുവാൻ ഈ ഞായറാഴ്ച്ച നമുക്കാകട്ടെ. അപ്പോൾ നാം മറ്റുള്ളവർക്ക് രക്ഷയാകും, ദുരന്തമാകില്ല.

സമാപനം

സ്നേഹമുള്ളവരേ, ഈശോയുടെ സ്നേഹം നിറഞ്ഞ Warning നമുക്ക് സ്വീകരിക്കാം. നന്മ നിറഞ്ഞ ജീവിതത്തിലേക്ക് കടന്നു വരാം. നമ്മുടെ വിശുദ്ധ കുർബാന, വചന വായന, പ്രാർത്ഥനകൾ ചാരം മൂടിക്കിടക്കുന്ന, പൊടിപിടിച്ചു മറഞ്ഞു കിടക്കുന്ന ആത്മാവിനെ കണ്ടെത്തുവാൻ നമ്മെ സഹായിക്കണം. ഒപ്പം, മറ്റുള്ളവരിലെ കുറ്റങ്ങളും കുറവുകളും

തിരയാതെ, അവരിലെ ആത്മാവിനെ, ക്രിസ്തുവിനെ തിരയാൻ അവരെ നാം സഹായിക്കണം. ഇതാണ് നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ ഉള്ളും ഉൾക്കാമ്പും. ആമേൻ!