SUNDAY SERMON JN 9, 1-12

കൈത്താക്കാലം മൂന്നാം  ഞായർ

യോഹ 9, 1 – 12

ഇന്ന് കൈത്താക്കാലം മൂന്നാം ഞായറാഴ്ചയാണ്. ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദേശം ഇതാണ്: മനുഷ്യജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവത്തിന്റെ പ്രവര്‍ത്തികള്‍ നമ്മില്‍ പ്രകടമാകുന്നതിനുവേണ്ടിയാണ്, ദൈവമഹത്വത്തിനുവേണ്ടിയാണ്.

നാലാം സുവിശേഷത്തെ, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തെ അടയാളങ്ങളുടെ പുസ്തകമായിട്ടാണ് ബൈബിൾ പണ്ഡിതന്മാർ വിശേഷിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും വിശേഷപ്പെട്ടത് ഈശോ ലോകത്തിന്റെ വെളിച്ചമാകുന്നു, പ്രകാശമാകുന്നു എന്നതാണ്. നാലാം സുവിശേഷത്തിന്റെ ഒന്നാം അദ്ധ്യായം മുതല്‍ ഇരുപത്തിയൊന്നാം അദ്ധ്യായം വരെ നീളുന്ന ഒരു Thread ഉണ്ട് .  അത് ഈശോ വെളിച്ചമാണ് എന്നതാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്ന് മറിച്ചു നോക്കിയാൽ, ഒന്നാം അധ്യായത്തില്‍ പറയുന്നു: “എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചം ലോകത്തിലേക്ക് വരുന്നുണ്ടായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു, അതിനെ കീഴടക്കുവാന്‍ ഇരുളിന് കഴിഞ്ഞില്ല. (1, 5) ആരാണ് ഈ വെളിച്ചം? ക്രിസ്തു-ക്രിസ്തുവാണ് വെളിച്ചം. മൂന്നാം അധ്യായത്തില്‍, ഫരിസേയനായ നിക്കോദേമോസ് രാത്രിയില്‍ യേശുവിന്റെ അടുത്ത് വരുന്നുണ്ട്.  രാത്രിയില്‍? ആരുടെ അടുത്ത്? ക്രിസ്തുവിന്റെ, പ്രകാശത്തിന്റെ അടുത്ത്. (3, 2) ഇതാണ് ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യന്‍ അന്ധകാരത്തെ സ്നേഹിച്ചു. (3, 19) ആരാണ് പ്രകാശം? ക്രിസ്തു. എട്ടാം അധ്യായത്തില്‍ ഈശോ പറയുന്നു: “ഞാന്‍ ലോകത്തിന്റെ പ്രാകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയില്ല”. (8, 12) ആരാണീ ഞാന്‍? ക്രിസ്തു. എന്താണ് ക്രിസ്തു? വെളിച്ചം. ഒമ്പതാം അധ്യായത്തില്‍ വീണ്ടു ഈശോ പറയുന്നു: “ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്.” (9, 5) പതിനൊന്നാം അധ്യായത്തിൽ ലാസർ മരണത്തിന്റെ അന്ധകാരത്തിൽ നിന്ന് ജീവന്റെ പ്രകാശത്തിലേക്ക് വരുന്നു. പന്ത്രണ്ടാം അധ്യായത്തില്‍ ഈശോ പറയുന്നു: അന്ധകാരം നിങ്ങളെ കീഴടക്കാതിരിക്കാന്‍ പ്രകാശമുള്ളപ്പോള്‍ നടക്കുക. വീണ്ടും, നിങ്ങള്‍ പ്രകാശത്തിന്റെ മക്കളാകേണ്ടതിനു പ്രകാശത്തില്‍ വിശ്വസിക്കുവിന്‍. (12, 35-36) പ്രകാശം ക്രിസ്തുവാണ്‌. വീണ്ടും ഈശോ: ഞാന്‍ വെളിച്ചമായി ലോകത്തിലേക്ക് വന്നിരിക്കുന്നു. (12, 46) ആരായി? വെളിച്ചമായി. പതിമൂന്നാം അധ്യായത്തിൽ യൂദാസ് വെളിച്ചമായ ക്രിസ്തുവിൽ നിന്ന് ഇരുട്ടിലേക്ക് പോകുന്നു. വചനം പറയുന്നു. “അപ്പോൾ രാത്രിയായിരുന്നു.” (13, 30) 18 ൽ പത്രോസ് ഇരുളിൽ നിന്നുകൊണ്ട് പ്രകാശത്തെ (പ്രകാശമായ ക്രിസ്തുവിനെ) തള്ളിപ്പറയുന്നു. (18, 18) ഇരുപതാം അധ്യായത്തില്‍ ഇരുട്ടയിരിക്കുമ്പോള്‍ തന്നെ മഗ്ദലമറിയം ഓടി. എങ്ങോട്ട എങ്ങോട്ട്? പ്രകാശത്തിലേക്ക്, ക്രിസ്തുവിലേക്ക്. ഇരുപത്തൊന്നാം അധ്യായത്തില്‍ തീ കൂട്ടിയിരിക്കുന്നത് അവര്‍ കണ്ടു. വീണ്ടും, പ്രകാശം.

അന്ധന്റെ കണ്ണുകൾക്ക് കാഴ്ച നൽകുന്ന പാശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ശിഷ്യരുടെ മനസ്സിന്, അതുവഴി ലോകത്തിനു മുഴുവനും വെളിച്ചം നൽകുന്ന, ലോകത്തിന്റെ മുഴുവൻ അന്ധത മാറ്റുന്ന ക്രിസ്തുവിനെക്കുറിച്ചു പറയുവാനാണ് ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. ഓരോ ഫ്രയിമിലൂടെ വികസിച്ചുവരുന്ന ഒരു സിനിമ പോലെയാണ് ഇന്നത്തെ ഈ സംഭവം. ആദ്യം ക്യാമറ ഫോക്കസ് ചെയ്യുന്നത് ഒരു റോഡിലേക്കാണ്. ഉടനെ തന്നെ കാണുന്നത് ഈശോയും ശിഷ്യരും നടന്നു വരുന്നതാണ്. നടന്നുവരുന്ന അവരിൽ നിന്ന് പതുക്കെ പതുക്കെ ക്യാമറ വഴിയരുകിൽ നിൽക്കുന്ന അന്ധനായ ഒരു മനുഷ്യനിലേക്ക് തിരിയുകയാണ്. ശിഷ്യർക്ക് അയാളെ അറിയാം. പലപ്പോഴും അവർ അയാളെ അവിടെ കണ്ടിട്ടുണ്ട്. അയാളെക്കുറിച്ചു അവർക്കു അറിയാം. ജനിച്ചപ്പോഴേ അന്ധനായ ആ മനുഷ്യനോട് പലപ്പോഴും അവർക്കു സഹതാപം തോന്നിയിട്ടുണ്ടാകണം.  വചനം കൃത്യമായി പറയുന്നു, ‘അവൻ ജന്മനാ അന്ധനായിരുന്നു’. അടുത്ത സീൻ ശിഷ്യന്മാർ ഒരുമിച്ചു ഈശോയുടെ അടുത്ത് ചെന്ന് ചോദിക്കുകയാണ്: റബ്ബീ, ഇവൻ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്റെയോ, ഇവന്റെ മാതാപിതാക്കന്മാരുടെയോ?” ഈശോ ഞെട്ടിപ്പോയിക്കാണും. തീർച്ച! O’ my God! ഇവരെല്ലാവരും അന്ധരാണോ? ഇവരിൽ, ജന്മനാ അന്ധനായ മനുഷ്യനാണോ, അതോ ശിഷ്യരാണോ ശരിക്കും അന്ധർ? ഈശോ അന്ധനെനോക്കി, പിന്നെ ശിഷ്യരുടെ മുഖത്തേക്കും. ഇപ്പോൾ ക്യാമറ ഈശോയുടെ മുഖത്ത് വിടരുന്ന വിവിധ ഭാവങ്ങളിൽ ഫോക്കസ് ചെയ്തിരിക്കുകയാണ്.  ആ മുഖത്ത് വിടരുന്ന വിവിധ ഭാവങ്ങൾ നിങ്ങൾക്ക് നിങ്ങളുടെ കഴിവിനനുസരിച്ചു ഭാവനചെയ്യാം. 

സാവകാശം ശിഷ്യരുടെ അന്ധത ഈശോ മനസ്സിലാക്കുകയാണ്. അവരുടെ ചോദ്യത്തിൽ തന്നെ അവരുടെ അന്ധത ഒളിഞ്ഞിരിപ്പുണ്ട്. അന്ധനായ മനുഷ്യന്റെ ശാരീരിക അന്ധതയേക്കാള്‍ ഈശോയെ അസഹ്യപ്പെടുത്തുന്നതു ശിഷ്യരുടെ ഈ മാനസിക, ആത്മീയ അന്ധതയാണ്. ശാരീരിക അന്ധത പാപത്തിന്റെ, അയാളുടെ പിതാക്കന്മാരുടെ പാപത്തിന്റെ, അയാളുടെ തന്നെ പാപത്തിന്റെ ഫലമാണെന്ന ചിന്ത മാനസിക, ആത്മീയ അന്ധതയല്ലാതെ മറ്റെന്താണ്? എന്റെ ജീവിതത്തില്‍ തകര്‍ച്ചകള്‍ ഉണ്ടാകുന്നത്, ബിസ്സിനസ്സ് വിജയിക്കാത്തത്, കുഞ്ഞുങ്ങളുണ്ടാകാത്തത്, ക്യാന്‍സര്‍പോലുള്ള രോഗങ്ങള്‍ വരുന്നത് പിതാക്കന്മാരുടെ പാപങ്ങള്‍ കാരണമോ, അതോ എന്റെ പാപങ്ങളോ? ഈ ചോദ്യത്തിന് മനുഷ്യനോളം തന്നെ പ്രായമുണ്ട്. ബഹിരാകാശത്തേക്ക് ഈസിയായിട്ട് പിക്‌നിക്കിന് പോയിത്തുടങ്ങിയിട്ടും മനുഷ്യന്‍ ഇന്നും അങ്ങനെ തന്നെ ചിന്തിക്കുന്നു. ക്രിസ്തു കരുണയായി ഇന്നും ജീവിച്ചിട്ടും മനുഷ്യന്‍ അങ്ങനെ തന്നെ ചിന്തിക്കുന്നു. എന്നാല്‍ ഈശോ പറയുന്നു: ഇവന്റെയോ, ഇവന്റെ മാതാപിതാക്കളുടെയോ പാപം നിമിത്തം അല്ല. ദൈവത്തിന്റെ പ്രവര്‍ത്തികള്‍ ഇവനില്‍ പ്രകടമാകുന്നതുവേണ്ടിയാണ്, ദൈവത്തിന്റെ മഹത്വം പ്രകടമാകുന്നതിനുവേണ്ടിയാണ്.’

എന്നെ   കേട്ടുകൊണ്ടിരിക്കുന്ന നിങ്ങളിൽ ചിലരുടെ മനസ്സിലെങ്കിലും ഒരു ചോദ്യം ഉയരുന്നുണ്ടാകും. അപ്പോള്‍ പഴയനിയമത്തില്‍ പറയുന്നതോ? ധ്യാനഗുരുക്കന്മാര്‍ പറയുന്നതോ? നമ്മുടെ ജീവിതത്തിൽ തകർച്ചകൾ കടന്നുവരുന്നത് പൂർവ പിതാക്കളുടെ പാപത്തിന്റെ സ്വാധീനം മൂലമാണെന്ന് പറയുന്നതോ?

ഈ ചിന്തയ്ക്ക് ഒരു പരിണാമ ചരിത്രമുണ്ട്. മനുഷ്യൻ ബുദ്ധിപരമായി വളർന്നു വരുന്നതോടുകൂടി അവന്റെ ചിന്തകൾക്കും, വിശ്വാസങ്ങൾക്കുമെല്ലാം മാറ്റം വരുന്നുണ്ട്. ഇക്കാര്യത്തിലും ഒരു പരിണാമം നമുക്ക് കാണാവുന്നതാണ്. പുറപ്പാടിന്റെ പുസ്തകം പറയുന്നു: “എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറ വരെ ഞാന്‍ ശിക്ഷിക്കും”. (പുറ 20, 5) അതായിരുന്നു അന്നത്തെ ജനങ്ങളുടെ വിശ്വാസം. സംഖ്യയുടെ പുസ്തകത്തില്‍ പതിനാലാം അദ്ധ്യായം പതിനെട്ടാം വാക്യം: “കുറ്റക്കാരെ വെറുതെ വിടാതെ പിതാക്കന്മാരുടെ ആകൃത്യങ്ങള്‍ക്ക് മക്കളെ മൂന്നും നാലും തലമുറ വരെ  ശിക്ഷിക്കുന്നവന്നാണ് കര്‍ത്താവ്”. ഇവിടെയും അതെ ചിന്താഗതി തന്നെ. ഇനി നിയമാവര്‍ത്തന കാലഘട്ടം നോക്കൂ: “മക്കള്‍ക്കുവേണ്ടി പിതാക്കന്മാരെയോ, പിതാക്കന്മാര്‍ക്കുവേണ്ടി മക്കളെയോ വധിക്കരുത്. പാപത്തിനുള്ള മരണശിക്ഷ അവനവതന്നെ അനുഭവിക്കണം.” ഇവിടെ ചിന്താഗതി മാറി. മനുഷ്യന്‍ വളരുന്നതിനനുസരിച്ച് ദൈവത്തെക്കുറിച്ചുള്ള അവന്റെ/അവളുടെ ചിന്തയും മാറുന്നു. ഇനി കാലങ്ങളേറെ കഴിഞ്ഞ് എസക്കിയേല്‍ പ്രവാചകന്റെ കാലം വരുമ്പോള്‍ മനോഭാവം മാറുന്നു. “കര്‍ത്താവ് അരുളിച്ചെയ്തു: “പിതാക്കന്മാര്‍ പുളിക്കുന്ന മുന്തിരിങ്ങതിന്നു മക്കളുടെ പല്ല് പുളിക്കുന്നതെങ്ങനെ?” (എസ 18,2) “പാപം ചെയ്യുന്നവന്‍ മാത്രമായിരിക്കും മരിക്കുക. പുത്രന്‍ പിതാവിന്റെ തിന്മകള്‍ക്കുവേണ്ടിയോ, പിതാവ് പുത്രന്റെ തിന്മകള്‍ക്കുവേണ്ടിയോ, ശിക്ഷിക്ക പ്പെടുന്നില്ല. നീതിമാന്‍ തന്റെ നീതിയുടെ ഫലവും, ദുഷ്ടന്‍ തന്റെ ദുഷ്ടതയുടെ ഫലവും അനുഭവിക്കും” (എസ 18, 20) നോക്കൂ, ഒരു ചിന്തക്ക് പരിണാമം സംഭവിക്കുന്നത്‌! പഴയനിയമത്തിലെ പുസ്തകങ്ങള്‍ തമ്മില്‍ നല്ല അന്തരമുണ്ടെന്നും മനസ്സിലാക്കുക. അതായത്, ഒരു പുസ്തകം കഴിഞ്ഞു അടുത്ത പുസ്തകത്തിൽ എത്തുന്നവരെയുള്ള സമയദൈർഘ്യം വളരെ കൂടുതലാണ്. പഞ്ചഗ്രന്ഥിയിൽ നിന്ന് പ്രാവാചക കാലഘട്ടത്തിൽ എത്തുമ്പോൾ ധാരാളം മാറ്റങ്ങൾ, സാമൂഹിക, സാംസ്കാരിക, ബൗദ്ധിക മാറ്റങ്ങൾ ഉണ്ടാകുമെന്നതിൽ സംശയമില്ലല്ലോ.   

അതിനുശേഷം ഈശോ വരുന്നു. അവിടുന്ന് പറയുന്നു: മനുഷ്യന്റെ ബുദ്ധിമുട്ടുകള്‍, അവന്റെ വേദന, സഹനം, മനുഷ്യൻ നേരിടുന്ന അനീതികൾ, തുടങ്ങിയവ അവന്റെ/അവളുടെ മാതാപിതാക്കളുടെ പാപം നിമിത്തം അല്ല. ദൈവത്തിന്റെ പ്രവര്‍ത്തികള്‍ മനുഷ്യനില്‍ പ്രകടമാകുന്നതുവേണ്ടിയാണ്. ‘ പിന്നീട് ശ്ലീഹന്മാരുടെ കാലത്തും ക്രിസ്തുവിന്റെ മനോഭാവമാണ് അവരും വച്ച് പുലർത്തിയത്. വിശുദ്ധ യാക്കോബിന്റെ ലേഖനം (AD 62 ന് മുൻപ് രചിക്കപ്പെട്ടതാണ് ഈ ലേഖനം) ഒന്നാം അദ്ധ്യായം 14, 15 വചനങ്ങൾ ഇങ്ങനെയാണ്: “അവിടുന്ന് (ദൈവം) ആരെയും പരീക്ഷിക്കുന്നില്ല. ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നത് സ്വന്തം ദുർമോഹങ്ങളാൽ വശീകരിക്കപ്പെട്ട് കുടുക്കിലാകുമ്പോഴാണ്. ദുർമോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂർണ വളർച്ചയെത്തുമ്പോൾ മരണത്തെ ജനിപ്പിക്കുന്നു.”

ഈശോ പറയുന്നത് ലോകത്തിലായിരിക്കുമ്പോൾ നാം ലോകത്തിന്റെ പ്രകാശമായി ജീവിക്കണമെന്നാണ്. ലോകത്തിലായിരിക്കുമ്പോൾ നാം ദൈവത്തിന്റെ പ്രവർത്തികൾ ചെയ്യണമെന്നാണ്. നാം ചെയ്യുന്നതിനനുസരിച്ചാണ് നമുക്ക് പ്രതിഫലം. ലോകത്തിൽ പ്രകാശമായി ജീവിക്കുമ്പോൾ നമ്മുടെ ജീവിതവും പ്രകാശപൂർണമാകും. അന്ധകാരത്തിന്റെ പ്രവർത്തികൾ ചെയ്യുമ്പോഴോ, നാം ഇരുട്ടിലായിരിക്കും, നമ്മുടെ കുടുംബവും ഇരുട്ടിലാകും. ഉള്ളിൽ വെളിച്ചമില്ലാതെ ജീവിച്ചാൽ നാം അന്ധരാകും.

അതെ പ്രിയപ്പെട്ടവരേ, ഉള്ളിൽ പ്രകാശമില്ലാതെ അന്ധരായി ജീവിക്കുന്നവരാണോ നാമെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.

സമകാലീന ചരിത്രം പരിശോധിച്ചാൽ ധാരാളം ഉദാഹരണങ്ങൾ നമുക്ക് ലഭിക്കും. സ്വർണക്കള്ളക്കടത്തിലൂടെ സമ്പന്നരാകാൻ ശ്രമിക്കുന്നവർ, വർഗീയ വിദ്വേഷം ആളിക്കത്തിക്കുന്നവർ, ആൾക്കൂട്ട കൊലപാതകങ്ങൾ നടത്തുന്നവർ, മതത്തിന്റെ പേരിൽ ആളുകളെ തമ്മിൽ തല്ലിക്കുന്നവർ, രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ തെങ്ങിൻ പൂക്കുല ചിതറുന്നപോലെ കൊലനടത്തുമെന്ന് ഭീഷണിപ്പെടുത്തുന്നവർ – ഇവരൊക്കെ അന്ധരല്ലാതെ മറ്റെന്താണ്?  മാസങ്ങളായി മണിപ്പൂരിൽ നടക്കുന്ന കലാപങ്ങളും, കൊലപാതകങ്ങളും, മാനഭംഗപ്പെടുത്തലുകളും കണ്ടില്ലെന്ന് നടിക്കുന്ന ഭരണസംവിധാനങ്ങൾ അന്ധരല്ലാതെ മറ്റെന്താണ്?

ഇതിനെതിരെ ഒന്നും ശബ്ദിക്കാതെ, ഒന്നും സംഭവിക്കാത്ത രീതിയിൽ മുന്നോട്ട് പോകുന്ന ഭരണാധിപന്മാരും അന്ധരല്ലാതെ മറ്റെന്താണ്?

നമ്മുടേത് അന്ധന്മാരുടെ ലോകമാണോ?  നമ്മുടേത് അന്ധരുള്ള, അന്ധർ മാത്രമുള്ള കുടുംബമാണോ? അന്ധനെ അന്ധൻ നയിക്കുന്ന ഒരു ലോകം എത്ര ഭയാനകമാണ്! വർഗീതയാൽ അന്ധനായവൻ യുദ്ധക്കൊതിയാൽ അന്ധനായവനോട് എന്ത് പറയും? അസൂയയാൽ അന്ധരായവർ അഹങ്കാരത്താൽ അന്ധരായവരോട് എന്ത് പറയും? ഭാരതീയ ആധ്യാത്മികതയിൽ ‘തന്ത്ര ദർശന’ത്തിൽ ശരാഹൻ എന്ന ബുദ്ധ ആചാര്യൻ രചിച്ച ഗീതങ്ങൾ താന്ത്രിക ദർശനത്തിന്റെ അടിസ്ഥാന ശിലകളാണ്. ഇതിൽ ഒരു ഗീതത്തിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “വീട്ടുവിളക്കുകൾ കൊളുത്തപെട്ടിട്ടുണ്ട്. എങ്കിൽ പോലും കുരുടൻ ഇരുട്ടിൽ തന്നെ ജീവിച്ചുകൊണ്ടേയിരിക്കുന്നു…ഒരു സൂര്യനിവിടെ പ്രത്യക്ഷപ്പെടുമ്പോൾ, ഇരുട്ട്, അതെത്രതന്നെ ഗഹനമെങ്കിലും അപ്രത്യക്ഷമാകും.”

ഒരുവൻ അന്ധനാണെങ്കിൽ നല്ല വിളക്കുകൾ, പ്രകാശം നിറഞ്ഞ നല്ല വ്യക്തികൾ, വിശുദ്ധ ഗ്രന്ഥങ്ങൾ കൊളുത്തപ്പെട്ടിട്ടുണ്ടെങ്കിലും അയാൾ ഇരുട്ടിലായിരിക്കും. വിളക്കുകളിവിടെ ഇല്ലാഞ്ഞിട്ടല്ല. എന്നാൽ, അയാളുടെ കണ്ണുകൾ അടഞ്ഞിരിക്കുകയാണ്. ക്രിസ്തുവാകുന്ന പ്രകാശത്തിന്റെ സ്പർശനത്തിനായി നമുക്ക് ആഗ്രഹിക്കാം. കണ്ണുകൾ തുറന്നു തരണേ എന്ന് പ്രാർത്ഥിക്കാം. 

നമ്മിലെ അന്ധതക്കെല്ലാം പൂർവികരെ കുറ്റം പറഞ്ഞു രക്ഷപ്പെടുവാൻ ശ്രമിക്കുന്നവരെ നോക്കി ഈശോ പറയും ഹേ, മനുഷ്യരേ നിങ്ങൾ അന്ധരാണ്. പ്രകാശത്തിലേക്ക് വരിക! ക്രിസ്തുവാണ് വെളിച്ചം. ക്രിസ്തുവിലേക്ക് മാനസാന്തരപ്പെടുക. ക്രിസ്തുവാകുന്ന വെളിച്ചത്തിൽ ജീവിക്കുക!

നമ്മുടെ ജീവിതത്തിലെ കുറവുകളെ, ഇല്ലായ്മകളെ, ദുഃഖങ്ങളെ, പൂർവികരുടെ പാപമായിക്കാണാതെ, ജീവിതത്തെ അതായിരിക്കുന്ന പോലെ സ്വീകരിക്കുവാനും, ജീവിതം എങ്ങനെയായിരുന്നാലും അത് ദൈവത്തിന്റെ ഇഷ്ടമായിക്കാണാനും ശ്രമിച്ചാൽ സ്നേഹമുള്ളവരേ, നമ്മുടെ ജീവിതവഴികളിൽ ക്രിസ്തു നടന്നെത്തും. നമ്മുടെ കുറവുകളെ അവൻ പരിഹരിക്കും. നമ്മുടെ അന്ധത കഴുകിക്കളഞ്ഞു അവിടുന്ന് നമുക്ക് കാഴ്ച്ച നൽകും. നമ്മുടെ കണ്ണീരിനെ അവിടുന്ന് തുടച്ചുമാറ്റും. നമ്മുടെ ബലഹീനതയെ അവൻ ശക്തിപ്പെടുത്തും.  നമ്മുടെ നെടുവീർപ്പുകൾ കേൾക്കുന്നവൻ, നമ്മുടെ മുറിവുകളെ തൈലം പുരട്ടി സുഖപ്പെടുത്തുന്നവൻ നമ്മുടെ ജീവിതം തന്റെ കൃപകൊണ്ട് നിറയ്ക്കും.  നമ്മുടെ ജീവിതം ദൈവത്തിന്റെ മഹത്വം പ്രകടമാകുന്ന ഒന്നാക്കി അവൻ തീർക്കും.

ഓർക്കുക: മനുഷ്യജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവത്തിന്റെ പ്രവര്‍ത്തികള്‍ നമ്മില്‍

പ്രകടമാകുന്നതിനുവേണ്ടിയാണ്, ദൈവമഹത്വത്തിനുവേണ്ടിയാണ്. ആമ്മേൻ!

SUNDAY SERMON LK 15, 11-32

കൈത്താക്കാലം രണ്ടാം ഞായർ

ലൂക്കാ 15, 11-32

ഈശോ പറഞ്ഞ ഉപമകളിലും കഥകളിലും വച്ച് സാഹിത്യപരമായും സന്ദേശപരമായും ഏറ്റവും സുന്ദരമായ ഉപമയാണ് ഇന്നത്തെ നമ്മുടെ വിചിന്തന വിഷയം. കുഞ്ഞുന്നാൾ മുതലേ കേട്ടുപരിചയിച്ച ഈ ധൂർത്ത പുത്രന്റെ ഉപമയിൽ നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്ന പല മുഹൂർത്തങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടെങ്കിലും ഇന്നത്തെ സുവിശേഷ വ്യാഖ്യാനത്തിന് അതിലെ ഒരു മുഹൂർത്തം മാത്രമേ ഞാൻ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നുള്ളു. അത് ധൂർത്തുപുത്രന്റെ തിരിച്ചുവരവിന് കാരണമായ സന്ദർഭമാണ്.  ഈ കഥയെ വഴിതിരിച്ചു വിടുന്ന സന്ദർഭമാണത്. വിശുദ്ധ ലൂക്കായുടെ സുവിശേഷം അധ്യായം 15, വാക്യം 17: “അപ്പോൾ അവന് സുബോധമുണ്ടായി.”  ഈ കഥയുടെ പോക്കിനെ, അതിന്റെ ഗതിയെ തിരിച്ചു വിടുന്ന ഒരു രംഗമാണിത്. വായനക്കാരന്റെ കണ്ണുകളെ ഈറനണിയിക്കുന്ന, മനസ്സിനെ തരളിതമാക്കുന്ന, ഹൃദയത്തിൽ മാറ്റങ്ങളുടെ സ്പോടനങ്ങൾ ഉണ്ടാക്കാവുന്ന ഒരു രംഗം!

ധൂർത്തപുത്രന്റെ അവസ്ഥയെ ഇങ്ങനെ വായിച്ചെടുക്കാം. ചെറുപ്പം മുതലേ വീടിന്റെ ഭ്രമണപഥങ്ങളിലൂടെ കറങ്ങിയിരുന്ന, അതിൽ ആനന്ദവും, സന്തോഷവും അനുഭവിച്ചിരുന്ന ഒരുവന് ഒരുനാളിൽ വീടിനോട്, വീട്ടുകാരോട്, അതിന്റെ പരിസരങ്ങളോട് മടുപ്പ് തോന്നുന്നു. ജീവിതത്തിലെ ഏറ്റവും അപകടം നിറഞ്ഞ ഒരു അവസ്ഥയാണത്. ഓർത്തുനോക്കൂ, നമ്മുടെ മക്കൾക്ക് അവരുടെ വീടിനോട് മടുപ്പുതോന്നിയാലുള്ള അവസ്ഥ! സ്കൂളിലേക്ക് പോയ, മകൾക്കോ, മകനോ, പല കാരണങ്ങൾ കൊണ്ടാകാം,  തിരിച്ചുവരാൻ തോന്നിയില്ലെങ്കിലോ? അയ്യോ! ചിന്തിക്കാൻ പോലും വയ്യ എന്നായിരിക്കും നിങ്ങൾ ഉള്ളിൽ പറയുന്നത്.  അങ്ങനെ ഉണ്ടാകാതിരിക്കട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. ഏതായാലും, വീടിനോട് മടുപ്പുതോന്നിയ കഥയിലെ ഇളയപുത്രൻ വീടിന്റെ ഭ്രമണ പഥത്തിൽ നിന്ന് പുറത്തുകടക്കുകയാണ്. ലോകത്തിന്റെ നിറങ്ങളിൽ ഭ്രമിച്ചിട്ടാകാം, സ്വാതന്ത്ര്യത്തെ തെറ്റായി മനസ്സിലാക്കിയിട്ടാകാം, ചങ്ങാതിക്കൂട്ടത്തിന്റെ, ലഹരിയുടെ, മദ്യപാനത്തിന്റെ പ്രേരണകളാകാം – അവൻ ആഘോഷങ്ങളുടെ വഴികളിലൂടെ ആടിപ്പാടി നടക്കുകയാണ്. അപ്പോഴാണ് ഒരു ക്ഷാമകാലം വരുന്നത്. ചുരുക്കിപ്പറഞ്ഞാൽ, ഒട്ടും കാമ്പില്ലാത്ത പന്നിക്ക് കൊടുക്കുന്ന തവിടെങ്കിലും കിട്ടിയാൽ മതിയെന്നായി അയാൾക്ക്. പന്നികളെ മേയ്ക്കാൻ പോയ അവന് ആർത്തിയോടെ പന്നികൾ തവിടുതിന്നുന്നതുകണ്ടപ്പോൾ, കൊതിയായി. എന്നാൽ, അതുപോലും ആരും അവന് കൊടു ത്തില്ല. പിന്നെയാണ് സുന്ദരമായ ആ വാചകം: “അപ്പോൾ അയാൾക്ക് സുബോധമുണ്ടായി.”

എന്താണ് ഒരാളുടെ ജീവിതത്തിന്റെ സുബോധം? ഒരു വ്യക്തി, താൻ തട്ടിത്തെറിപ്പിച്ച് കടന്നുപോന്ന ജീവിതത്തിന് തികച്ചും വിപരീതമായ, വിഷമകരമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ, താൻ കടന്നുപോകുന്ന അവസ്ഥയുടെ ദൈന്യതയിൽ നിന്നുകൊണ്ട് കഴിഞ്ഞകാല ജീവിത സൗഭാഗ്യങ്ങൾ ഓർത്തെടുക്കുന്നു. ഓർത്തെടുക്കുക മാത്രമല്ല, തിരികെപ്പോകാൻ തീരുമാനമെടുക്കുന്നു. ഇതാണ് സുബോധം.

ഇളയമകൻ തന്നെ പൊതിഞ്ഞു നിന്ന സ്നേഹാനുഭാവത്തെ ഓർത്തെടുക്കുകയാണ്; തന്റെ കുടുംബത്തിലെ ദൈവപരിപാലനയെ, പിതാവിന്റെ സ്നേഹത്തെ, ദാസർപോലും സമൃദ്ധമായി ഭക്ഷിക്കുന്ന മേശയെ ഓർത്തെടുക്കുകയാണ്. അതോടുകൂടി അയാളുടെ ലോകം തന്നെ പുതിയതാകുന്നു. അപ്പോൾ സംഭവിച്ചത് ഇതാണ്:

കീറിപ്പറിഞ്ഞ മുഷിഞ്ഞ വസ്ത്രങ്ങളും, എല്ലിച്ച ശരീരവുമായി മകൻ തിരികെ എത്തുകയാണ്. അലച്ചലിന്റെ ദൈന്യതയിലും, അയാൾ, മുറ്റത്തു തന്നെയും കാത്തു നിൽക്കുന്ന അപ്പനെ കണ്ടു. തന്റെ വീട്ടിലേക്ക് മടങ്ങിവരുന്ന മകനെ അപ്പനും കണ്ടു. വർഷങ്ങളായി, മാസങ്ങളായി മകനെ കാത്തിരിക്കുന്ന ഒരു പിതാവിന്റെ ഹൃദയവേദനയോടെ, അതിന്റെ വിറയലോടെ പിതാവ് പുത്രനെ സമീപിക്കുകയാണ്. അകലെവച്ചു കണ്ടപ്പോൾ തന്നെ, ഓടിച്ചെല്ലുകയാണ്. അടുത്തുചെന്ന പിതാവ് മറ്റൊന്നും ആലോചിക്കാതെ അവനെ കെട്ടിപ്പുണരുകയാണ്. കെട്ടിപ്പുണർന്നിട്ട് അവന്റെ നെറുകയിൽ ചുംബിക്കുന്നതിനിടയിൽ “മകനെ, എന്റെ പൊന്നു മകനെ” എന്ന് ഒരു ഭ്രാന്തനെപ്പോലെ പുലമ്പുകയാണ്. മകനാകട്ടെ, കണ്ണിൽനിന്ന് കുടുകുടെ ഒഴുകുന്ന കണ്ണീർ ഇടതുകൈകൊണ്ട് തുടച്ചുനീക്കുന്നതിനിടയിൽ, വലതുകൈകൊണ്ട് അപ്പന്റെ. കവിളിൽ തൊട്ടുകൊണ്ട് പറയുകയാണ്: “മാപ്പ്! അങ്ങയുടെ മകനെന്ന് വിളിക്കപ്പെടാൻ ഞാൻ യോഗ്യനല്ല. ദാസരിൽ ഒരുവനായി എന്നെ കരുതണേ അപ്പാ!”  അപ്പൻ ഒന്നുകൂടെ അവനെ തന്നിലേക്ക് ചേർത്തുപിടിച്ചു. മാപ്പു നൽകിയതിന്റെ സ്പർശം മകൻ അനുഭവിച്ചറിഞ്ഞു!

നഷ്ടപ്പെടലിന്റെയും വീണ്ടെടുക്കലിന്റെയും കാണാതാകലിന്റെയും കണ്ടെത്തലിന്റെയും, ഓടിപ്പോകലിന്റെയും മടങ്ങിവരവിന്റെയും മാപ്പപേക്ഷിക്കുന്നതിന്റെയും, മാപ്പുനൽകലിന്റെയും വികാരഭരിതമായ ദൃശ്യാവിഷ്കാരങ്ങൾക്ക് ദൈവിക ചൈതന്യം ലഭിക്കുന്നത് ഇളയ മകന്റെ സുബോധത്തിൽ നിന്നാണ്. ദൈവത്തിൽ നിന്നകലുന്ന ദൈവത്തോട് മറുതലിക്കുന്ന മനുഷ്യന്റെ അവസ്ഥ എങ്ങനെയായിരിക്കുമെന്നതിന്റെ നേർചിത്രമാണ് ധൂർത്തപുത്രന്റെ കഥ. ഒപ്പം സുബോധം നേടി ദൈവത്തിലേക്ക് നടന്നടുക്കുന്ന മനുഷ്യന്റെയും കഥയാണ് ധൂർത്തപുത്രന്റെ കഥ.

ഈ കഥയ്ക്ക് രണ്ടായിരം വർഷത്തിലേറെ പഴക്കമുണ്ടെങ്കിലും, ദൈവത്തിൽ നിന്നകലുന്ന മനുഷ്യന്റെ കഥകൾക്ക് യാതൊരു പഞ്ഞമില്ലെങ്കിലും, ദൈവത്തിൽ നിന്ന് അകലുന്ന, അങ്ങനെ നാശത്തിലേക്ക് വീഴുന്ന ധൂർത്തപുത്രന്മാരുടെ എണ്ണം കൂടിവരികയാണ്. കുടുംബസ്വത്തിന്റെ കാര്യത്തിൽ പിണങ്ങി നിൽക്കുന്ന, മൊബൈൽ ഉപയോഗം നിയന്ത്രിച്ചതിന്റെ പേരിൽ മാതാപിതാ ക്കളോട് സംസാരിക്കാതിരിക്കുന്ന, വലിയ വിലയുടെ മൊബൈലോ, ലാപ്ടോപ്പോ, വസ്ത്രങ്ങളോ, ബൈക്കോ  വാങ്ങിക്കൊടുക്കാത്തതുകൊണ്ട് മാതാപിതാക്കളോട് മറുതലിച്ചു നിൽക്കുന്ന മക്കൾ ധൂർത്ത പുത്രന്റെ വഴിയിലാണ്. കുടുംബം നോക്കാത്ത, മദ്യപാനിയായി നടക്കുന്ന കുടുംബനാഥന്മാർ, കുടുംബത്തിൽ ഏഷണിയുമായി നടക്കുന്ന അമ്മമാർ – ഇവരും ധൂർത്തപുത്രന്റെ വഴിയിലാണ്. തിരുസ്സഭയോടൊത്ത് നിൽക്കാത്ത ക്രൈസ്തവർ, ദൈവമില്ലായെന്ന് വിശ്വസിക്കുന്ന നിരീശ്വരന്മാർ, നിരീശ്വര പ്രസ്ഥാനങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്നവർ – ഇവരും ധൂർത്ത പുത്രന്റെ വഴിയിലാണ്. ലക്ഷക്കണക്കിന് മനുഷ്യർ ആഹാരം കിട്ടാതെ മരിക്കുമ്പോൾ, വീടില്ലാതെ അലയുമ്പോൾ, നാം ആഡംബരങ്ങൾക്കും, ആഘോഷങ്ങൾക്കും പിന്നാലെ പോകുമ്പോൾ നാമും ധൂർത്തപുത്രന്റെ വഴിയിലാണ്.  പാപത്തിന്റെ വഴിയാണ് ധൂർത്തപുത്രന്റെ വഴി!  

മനുഷ്യന്റെ സരളമായ ഹൃദയം എപ്പോൾ കഠിനമാകുന്നുവോ, അവന്റെ അവളുടെ നിർമലമായ, നിഷ്കളങ്കമായ ഹൃദയം എപ്പോൾ കളങ്കിതമാകുന്നുവോ, എപ്പോൾ സ്വാർത്ഥതയും, സുഖപോലുപതയും അവന്റെ അവളുടെ ഹൃദയത്തെ മലിനപ്പെടുത്തുന്നുവോ അപ്പോൾ മനുഷ്യന് ദൈവത്തെ നഷ്ടപ്പെടും. ആധുനിക മനുഷ്യൻ ചന്ദ്രയാൻ ദൗത്യത്തിന്റെ ആഘോഷത്തിലായിരിക്കുമ്പോഴും ദൈവത്തിൽ നിന്ന് അകലുന്നതിന്റെ ചിത്രങ്ങളാണ് നാം കാണുന്നത്. ദൈവത്തെ ധിക്കരിക്കുന്നതിന്റെ കഥകളാണ് നാം കേൾക്കുന്നത്. ദൈവമായിത്തീരാനുള്ള അഹന്തയുടെ പടപ്പുറപ്പാടുകൾക്ക് ജീവിതം തന്നെ കൊടുക്കുവാൻ മനുഷ്യൻ ഇന്ന് തയ്യാറാണ്.   തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച ദൈവത്തെ, തന്റെ ആത്മാവിനെ മനുഷ്യനിലേക്ക് ഒഴുക്കിയ ദൈവത്തെ നഷ്ടപ്പെടുത്തുകയെന്ന ഏറ്റവും വലിയ മണ്ടത്തരത്തിലൂടെ ഭൂമിയിലെ മനുഷ്യൻ ജീവിതം ക്ലേശകരമാക്കുകയാണ്. ഇന്നോളം നടത്തിയിട്ടുള്ള യുദ്ധങ്ങളും, ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധങ്ങളും കലാപങ്ങളും ചൂഷണങ്ങളും ഇനിയും നടത്താനിരിക്കുന്നവയും വഴി മനുഷ്യൻ ദൈവത്തിൽ നിന്ന് അകന്നിരിക്കുകയാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യന്റെ ആരംഭം മുതൽ മനുഷ്യൻ ഇങ്ങനെയായിരുന്നു. വിശുദ്ധ ബൈബിൾ മനുഷ്യൻ ദൈവത്തെ നഷ്ടപ്പെടുത്തിയ കഥകളല്ലേ പറയുന്നത്?  ഐതിഹ്യങ്ങളും, വേദഗ്രന്ഥങ്ങളുമെല്ലാം മനുഷ്യന്റെ ഈയൊരവസ്ഥ പല രീതിയിൽ പ്രതിപാദിക്കുന്നുണ്ട്.

“അപ്പോൾ അവന് സുബോധമുണ്ടായി” എന്നത് വായിച്ചെടുക്കേണ്ടത് ഇങ്ങനെയാണ്: ‘അപ്പോൾ വീണുപോയ അവന് വീണ്ടും എഴുന്നേൽക്കുവാനുള്ള ദൈവത്തിന്റെ ക്ഷണം കിട്ടി.’ വീഴ്ചകൾ സാധാരണമാണ്; പാപം ചെയ്ത്, പാപാവസ്ഥയിൽ ജീവിക്കുകയെന്നത് മനുഷ്യന്റെ ബലഹീനതയുടെ വശമാണ്. എന്നാൽ, സുബോധമുണ്ടാകുക എന്നത് ദൈവകൃപയുടെ വസന്തമാണ്. സുബോധത്തിലേക്കുള്ള ദൈവത്തിന്റെ ക്ഷണം നേരിട്ടായിരിക്കണമെന്നില്ല. മനുഷ്യരിലൂടെ, സംഭവങ്ങളായിലൂടെ, പ്രകൃതിയുടെ, അത്ഭുതങ്ങളായിലൂടെ പോലും, ദൈവം നമ്മെ നിരന്തരം സുബോധത്തിലേക്ക്, അനുതാപത്തിലേക്ക് ക്ഷണിക്കുന്നുണ്ട്.

ഒന്ന് ചിന്തിച്ചാൽ ധൂർത്തപുത്രൻ ഭാഗ്യവാനാണ്. ഒന്നാമതായി, ദൈവം അവനെ വീണ്ടും ക്ഷണിച്ചു എന്നതാണ്. രണ്ടാമതായി, ആ ക്ഷണം മനസ്സിലാക്കി അതിനോട് പോസിറ്റീവായി പ്രതികരിക്കാൻ അയാൾക്ക് സാധിച്ചു. ധൂർത്തപുത്രന്റെ കാര്യത്തിൽ ദൈവം അയാളെ ക്ഷണിച്ചത് പ്രകൃതിയിലെ ഒരു ചിത്രത്തിലൂടെയാണ്: പന്നികൾ ആക്രാന്തത്തോടെ, ശബ്ദമുണ്ടാക്കി തവിട് തിന്നുന്നു. അതുപോലും ലഭിക്കാത്ത ശപ്തനായ താൻ!! അയാൾക്ക് സുബോധമുണ്ടായി.

പത്രോസിന്റെ കാര്യത്തിൽ അത് കോഴി കൂവലായിരുന്നു; ഒപ്പം ഈശോയുടെ നോട്ടവും. “… പത്രോസ് പറഞ്ഞു: മനുഷ്യാ, നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞുകൂടാ. അവൻ ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ കോഴി കൂവി. കർത്താവ് പത്രോസിന്റെ നേരെ തിരിഞ്ഞ് അവനെ നോക്കി.” അവന് സുബോധമുണ്ടായി. വിശുദ്ധ ലൂക്കാ അതിനുപകരം എഴുതിവച്ചിരിക്കുന്നത് മനോഹരമാണ്. “അവൻ പുറത്തുപോയി മനം നൊന്ത് കരഞ്ഞു.” (ലൂക്കാ 22, 60-62)

മുംബയിൽ ചെറുപ്പക്കാരനായ ഒരു മലയാളി ഒരിക്കൽ നിരാശനായി, ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിച്ചുകൊണ്ട് റെയിൽവേ ട്രാക്കിലേക്ക് നടക്കുകയാണ്. അല്പദൂരം നടന്നുകഴിഞ്ഞപ്പോൾ അയാളുടെ മുന്നിൽ ആരോ വലിച്ചെറിഞ്ഞ ഒരു ന്യൂസ് പേപ്പർ കഷണം. അല്പം എണ്ണ പുരണ്ടിട്ടുണ്ടെങ്കിലും അയാളതെടുത്തു.  അയാൾ അത്ഭുതപ്പെട്ടുപോയി. അതൊരു മലയാള പത്രത്തിന്റെ കഷണമായിരുന്നു. ചുമ്മാ അതിലെഴുതിയിരുന്നതിലൂടെ അയാൾ കണ്ണോടിച്ചു. കുറച്ചു വായിച്ചു കഴിഞ്ഞപ്പോൾ അയാളൊരു മരത്തിന്റെ ചുവട്ടിലിരുന്ന് അത് മുഴുവൻ വായിച്ചു. വായന കഴിഞ്ഞ് അയാൾ തിരിച്ച് വീട്ടിലേക്ക്, ജീവിതത്തിലേക്ക് നടന്നു. അയാൾക്ക് സുബോധമുണ്ടായി. മുംബയിൽ … ഒരു മലയാളി …. മലയാള പത്രത്തിന്റെ കഷണം… അത്ഭുതം തോന്നുന്നില്ലേ?  ദൈവത്തിന്റെ ക്ഷണമായിരുന്നു ആ പേപ്പർ കഷണം.

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത്, 2015 ൽ ഇറങ്ങിയ ഒരു മലയാളം സിനിമയുണ്ട് ചന്ദ്രേട്ടൻ എവിടെയാ എന്ന പേരിൽ. മനുഷ്യനെ സുബോധത്തിലേക്ക് കൊണ്ടുവരാൻ ദൈവം പ്രകൃതിയിൽ പലതും ഒളിപ്പിച്ചുവച്ചിട്ടുണ്ട് എന്ന കാര്യം വളരെ മനോഹരമായി ഈ സിനിമയിൽ കാണിക്കുന്നുണ്ട് ഈ സിനിമയുടെ Climax scene ൽ ആണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. നായകന് ഭാര്യയും ഒരു മകനുമുണ്ട്. നല്ല സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുന്ന കുടുംബം. സര്‍ക്കാര്‍ ജോലിയിലുള്ള നായകന് ക്ലാസ്സിക്കല്‍ ഡാന്‍സിനെക്കുറിച്ച് നന്നായി അറിയാം. ഔദ്യോഗികജോലിയുടെ ഭാഗമായിത്തന്നെ അദ്ദേഹം ഒരു സ്ത്രീയെ, നര്‍ത്തകിയെ പരിചയപ്പെടുന്നു. അവളുമായി ഇഷ്ടത്തിലാകുന്നു. അവള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. നര്‍ത്തകി വിദേശത്തേക്ക് പോകുന്നതിന്റെ തലേദിവസം രാത്രി അവള്‍ നായകനെ അവളുടെ വീട്ടിലേക്കു ക്ഷണിക്കുകയാണ്. ഇതറിഞ്ഞ ഭാര്യ നേരത്തേകൂട്ടി നര്‍ത്തകിയുടെ വീട്ടിലെത്തി അവളുമായി സംസാരിക്കുന്നുണ്ട്. ഈ സമയത്താണ് നായകന്‍റെ വരവ്. അണിഞ്ഞൊരുങ്ങി വരുന്ന നായകന്‍ നര്‍ത്തകിയുടെ വീട്ടിലേയ്ക്കുള്ള stair cases കയറുമ്പോള്‍ അടുത്തവീട്ടില്‍ നിന്നും ഒരു കുഞ്ഞിന്റെ കരച്ചില്‍. നായകന്‍ നോക്കുമ്പോള്‍ വീടിന്റെ വരാന്തയില്‍ കരയുന്ന കുഞ്ഞിനേയും പിടിച്ചു ഒരമ്മ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. ഒപ്പം അദ്ദേഹം ആകാശത്തേക്ക് നോക്കി. നറും നിലാവില്‍ കുളിച്ചു പൂര്‍ണചന്ദ്രന്‍. അടുത്ത ഷോട്ട് ആശുപത്രി കിടക്കയില്‍ വെളുത്ത ഉടുപ്പണിഞ്ഞ നായകന്റെ ഭാര്യയും, വെളുത്ത തുണിയില്‍ പൊതിഞ്ഞു കുഞ്ഞ്, വെളുത്ത ഷര്‍ട്ടും മുണ്ടുമണിഞ്ഞു നായകനും. മുറി മുഴുവന്‍ പ്രകാശം.  വെളുപ്പിന്റെ വിശുദ്ധിയുടെ, നന്മയുടെ, ഒരാഘോഷം സംവിധായകന്‍ അവിടെ ഒരുക്കിയിരിക്കുകയാണ്. ക്യാമറ നായകന്‍റെ ഭാര്യയിലേക്ക്. താലിയും ചേര്‍ത്ത് പിടിച്ചു സര്‍വ ദൈവങ്ങളോടും അവള്‍ പ്രാര്‍ഥിക്കുകയാണ്. കാരണം, നായകന്‍ അകത്തു കയറിയാല്‍ അവരുടെ ദാമ്പത്യം തകരും. ഷോട്ട് വീണ്ടും നായകനിലേക്ക്. അയാള്‍ പതുക്കെ ചുവടുകള്‍ പിന്നിലേക്ക്‌ വയ്ക്കുകയാണ്. അപ്പോൾ അയാൾക്ക് സുബോധമുണ്ടായി. അയാള്‍ മാനസാന്തരത്തിലേക്ക്, നന്മയിലേക്ക്, പാശ്ചാത്തപത്തിലേക്ക് ചുവടുകള്‍ വയ്ക്കുകയാണ്. അയാള്‍ ഗെയിറ്റ്‌ കടന്നപ്പോള്‍ mobile റിംഗ് ചെയ്തു. “ചന്ദ്രേട്ടന്‍ എവിടെയാ” ഭാര്യയാണ്. “ദേ ഞാന്‍ വീട്ടിലേക്കു വന്നുകൊണ്ടിരിക്കുകയാണ്”, അയാള്‍ പറഞ്ഞു.

സ്നേഹമുള്ളവരെ, നമുക്ക് സുബോധമുണ്ടാകണം. നാം എഴുന്നേല്‍ക്കണം. ജീവനിലേക്കു പ്രവേശിക്കണം. ദൈവസ്നേഹത്തിന്റെ, ദൈവകാരുണ്യത്തിന്റെ മഹാസമുദ്രത്തിലാണ്  നില്‍ക്കുന്നത് എന്ന് നാം അറിയണം. പാപം മൂലം അകലെയാണെങ്കിലും നാം ദൈവത്തിലാണ്. നാം ജനിക്കുന്നതും, ജീവിക്കുന്നതും ദൈവത്തിലാണ്; മരിക്കുന്നതും ഉയിര്‍ക്കുന്നതും ദൈവത്തിലാണ്. ദൈവത്തെ സ്വന്തമാക്കാതിരുന്നിട്ടും, ദൈവത്തെ നഷ്ടപ്പെടുത്തിയിട്ടും നമ്മെ, നമ്മുടെ കുടുംബത്തെ, നമ്മുടെ ഇടവകയെ, രൂപതയെ, ഈ ലോകത്തെ തന്റെ സ്നേഹത്തില്‍, കാരുണ്യത്തില്‍ ഇന്നും പരിപാലിക്കുന്ന, കൂദാശകളിലൂടെ പുതുവസ്ത്രമണിയിക്കുന്ന, നമുക്കുവേണ്ടി എന്നും വിരുന്നൊരുക്കുന്ന ദൈവത്തിന്റെ ധാരാളിത്തത്തെ നാം സ്തുതിക്കണം. ദൈവത്തെ സ്വന്തമാക്കുന്ന നന്മനിറഞ്ഞ ഒരു ജീവിതത്തിലേക്ക് നാം പ്രവേശിക്കണം. ഈ ലോകത്തോടൊത്തുള്ള യാത്രകളിൽ നാം നമ്മുടെ നല്ല ഹൃദയം നഷ്ടപ്പെടുത്തുമ്പോഴാണ് നാം ദൈവത്തിൽ നിന്ന് അകലുന്നത്. പിന്നീട്, നമ്മെ തേടിയെത്തുന്ന ദൈവം തന്നെ നമുക്ക് അവിടുത്തെ കണ്ടെത്താൻ നല്ലൊരു ഹൃദയം നൽകും. അതാണ് പിതാവായ ദൈവത്തിന്റെ സ്നേഹം.

ഒരു നിമിഷവും ക്രിസ്തുവേ, ഞാൻ നിന്നെ നഷ്ടപ്പെടുത്തുകയില്ലെന്ന പ്രാർത്ഥനയോടെ, ദൈവത്തെ സ്വന്തമാക്കുന്ന ദൈവമകനായി, ദൈവമകളായി നമുക്ക് ജീവിക്കാം. ആമേൻ!

SUNDAY SERMON LK,

കൈത്താക്കാലം ഒന്നാം ഞായർ

ലൂക്കാ 14, 7 – 14

സന്ദേശം

ശ്ലീഹന്മാരുടെ സുവിശേഷ പ്രഘോഷണത്തിന്റെ ഫലമായി ലോകമെങ്ങും ദൈവ വചനമാകുന്ന വിത്ത് വിതച്ചതിലൂടെ ക്രിസ്തുവിന്റെ സഭ വളർന്ന് പുഷ്പങ്ങളും ഫലങ്ങളും പുറപ്പെടുവിക്കുന്ന കാലത്തെ ഓർക്കുന്നതാണ് കൈത്താക്കാലം അഥവാ ഫലാഗമകാലം. ക്രിസ്തുവിന്റെ 12 ശ്ലീഹന്മാരെ അനുസ്മരിച്ചു കൊണ്ടാണ് നാം കൈത്താക്കാലം ആരംഭിക്കുന്നത്. പൂർവ പിതാവായ യാക്കോബിന്റെ 12 പുത്രൻമാരെ മനസ്സിൽ കണ്ടുകൊണ്ടാകണം ഈശോ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തത്. യാക്കോബിന്റെ പന്ത്രണ്ട് മക്കൾ പിന്നീട് പന്ത്രണ്ട് ഗോത്രങ്ങളുടെ തലവന്മാരായതുപോലെ, പന്തക്കുസ്താ തിരുനാളിനുശേഷം ഈ പന്ത്രണ്ട് ശ്ലീഹന്മാരും “പുതിയ ഇസ്രയേലിന്റെ”, തിരുസഭയുടെ തലവന്മാരായി. ക്രിസ്തുവിന്റെ തിരുസഭയുടെ തലവന്മാരായി ക്രിസ്തു തിരഞ്ഞെടുത്ത ശ്ലീഹന്മാരുടെ തിരുനാൾ ഇന്ന് ആഘോഷിക്കുമ്പോൾ, ഇന്നും ശക്തമായി നിലനിൽക്കുന്ന അപ്പസ്തോലിക, ശ്ലൈഹിക പിന്തുടർച്ചയെ ഓർത്ത് അഭിമാനിക്കുകയും ക്രിസ്തുവിന് നന്ദിപറയുകയും ചെയ്യുകയാണ്. ഈ അപ്പസ്തോലിക, ശ്ലൈഹിക പാരമ്പര്യമാണ് ക്രിസ്തുവിന്റെ ശുശ്രൂഷാ പൗരോഹിത്യത്തിലും, അജപാലന ദൗത്യത്തിലും പങ്കുപറ്റുവാൻ നമ്മെ പ്രാപ്തരാക്കുന്നത്. വിശുദ്ധ കുർബാനയിൽ നാം പ്രാർത്ഥിക്കുന്നതുപോലെ “സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് ഫലം ചൂടി നിൽക്കുന്ന” അപ്പസ്തോലിക ശ്ലൈഹിക പാരമ്പര്യമുള്ള തിരുസഭയിൽ ക്രിസ്തുവിനെ മഹത്വപ്പെടുത്തുകയും, അവിടുത്തേക്ക് നന്ദിപ്രകാശിപ്പിക്കുകയുമാണ് കൈത്താക്കാലത്തിലൂടെ നാം ചെയ്യുന്നത്.  

ഏഴ് ആഴ്ചകളാണ് ഈ കാലത്തിനുള്ളത്. ക്രിസ്തു സാക്ഷികളായ ക്രൈസ്തവരുടെ ജീവിതത്തിലൂടെ സംജാതമാകുന്ന സഭയുടെ വളർച്ചയും, ക്രൈസ്തവമൂല്യങ്ങളുടെ ഫലം ചൂടലുമാണ് ഈ ഏഴ് ആഴ്ചകളിൽ നാം അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്.

വ്യാഖ്യാനം

കൈത്താക്കാലത്തിന്റെ ആദ്യ ഞായറാഴ്ച തന്നെ, ഈശോ ദൈവരാജ്യത്തിന്റെ, ഭൂമിയിലെ ക്രിസ്തുവിന്റെ സഭയുടെ മനോഹരമായ ഒരു ചിത്രം വരച്ചിടുകയാണ്. ലോകസംസ്കാരത്തോടു ചേരാതെ, അന്നത്തെ യഹൂദ സംസ്കാരത്തോടു ചേരാതെ ഒരു പ്രതിസംസ്കാരം (Counter Culture) ഈശോ പ്രഖ്യാപിക്കുകയാണ്. ക്രൈസ്തവ സാക്ഷ്യത്തിന്റെ, ക്രൈസ്തവ ജീവിതത്തിന്റെ വലിയ ദർശനമാണ് ഈശോ ഇവിടെ പറയുന്നത്.

ഈശോ പ്രഖ്യാപിച്ച പ്രതിസംസ്കാരത്തിന്റെ, ക്രിസ്തു സംസ്കാരത്തിന്റെ വക്താക്കളായതുകൊണ്ടുതന്നെ, ക്രിസ്തുവിന്റെ പന്ത്രണ്ട് ശ്ലീഹന്മാരിൽ പതിനൊന്ന് പേർക്കും കട്ടിലിൽ കിടന്ന് ശാന്തമായി മരിക്കുവാനുള്ള അവസരം കിട്ടിയില്ലെന്നതും നമ്മുടെ ഓർമയിൽ ഉണ്ടാകുന്നത് നല്ലതാണ്. കാരണം, ഈ പ്രതിസംസ്കാരത്തിന്റെ, ദൈവരാജ്യ സംസ്കാരത്തിന്റെ അവസാനം രാക്ഷസാക്ഷിത്വമായിരിക്കും. ഇനി നമുക്ക് സുവിശേഷത്തിലേക്ക് വരാം.

ഈശോയുടെ പ്രവർത്തന ശൈലിയുടെ പ്രധാനപ്പെട്ട ഒരു ഘടകമാണ് വിരുന്നുകളിൽ സംബന്ധിക്കുക എന്നത്. വിരുന്നിനിടയിൽ വീണു കിട്ടുന്ന ഏതെങ്കിലും ഒരു സാഹചര്യത്തിന്റെ തണലിൽ നിന്നുകൊണ്ട് ഈശോ തനിക്കു പറയുവാനുള്ളത് വളരെ ശാന്തമായി, എന്നാൽ മനോഹരമായി അവതരിപ്പിക്കും. ഇവിടെയും ഈശോയ്ക്ക് ഒരവസരം വീണു കിട്ടുകയാണ്. ക്ഷണിക്കപ്പെട്ടവരുടെ പ്രമുഖ സ്ഥാനത്തിനുവേണ്ടിയുള്ള ആക്രാന്തം. വിരുന്നിനു ക്ഷണിക്കപ്പെട്ടവരുടെ പ്രമുഖസ്ഥാനത്തിനു വേണ്ടിയുള്ള ആക്രാന്തം വിമർശിച്ചുകൊണ്ട് ഈശോ ദൈവരാജ്യത്തിന്റെ സുവിശേഷം പറയുവാനുള്ള അവസരം ഒരുക്കുകയായിരുന്നു. എന്നിട്ടു അവസാനം തന്നെ ക്ഷണിച്ചവനോടെന്നപോലെ ഈശോ തന്റെ ഐഡിയ, തന്റെ മനോഭാവം, ദൈവ രാജ്യത്തിന്റെ സ്വഭാവം, ശിഷ്യന്മാർ ജീവിതത്തിൽ ഉൾക്കൊള്ളേണ്ട ചൈതന്യം, സംസ്കാരം അവതരിപ്പിക്കുകയാണ്, പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ സുവിശേഷം പ്രസംഗിക്കുകയാണ്. നീ സദ്യ നടത്തുമ്പോൾ ദരിദ്രർ, വികലാംഗർ, മുടന്തർ, കുരുടർ എന്നിവരെ ക്ഷണിക്കുക. അപ്പോൾ നീ ഭാഗ്യവാനായിരിക്കും.”

ലോകത്തിന്റെ പിന്നാലെ പോകാതെ, ആഡംബരങ്ങളിൽ ഭ്രമിക്കാതെ, സമ്പത്തിനു പുറകെ പായാതെ, അവഗണിക്കപ്പെട്ടവരെ പരിഗണിക്കാൻ, ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ, നീതിയിലേക്കു, സ്വാതന്ത്ര്യത്തിലേക്ക്, സൗഖ്യത്തിലേക്കു നടന്നടുക്കുവാൻ കഴിയാത്തവരുടെ ചലനമാകാൻ, ഭവനമില്ലാത്തവർക്ക് ഭവനമാകാൻ, നഗ്നരായവരെ ഉടുപ്പിക്കാൻ, അഭയാർത്ഥികൾക്ക് അഭയമാകാൻ അന്ന് യഹൂദരെ, ഇന്ന് നമ്മെ, ഈശോ സെൻസിറ്റയിസ് (senitize) ചെയ്യുകയാണ്

സംവേദനക്ഷമമാക്കുക എന്നാണ് sensitize എന്ന വാക്കിന്റെ അർഥം. എന്ന്   പറഞ്ഞാൽ കണ്ടുമുട്ടുന്നവരോട് മാനുഷികമായി പെരുമാറുക, അവരോട് സ്നേഹത്തോടെ ബഹുമാനത്തോടെ വർത്തിക്കുക, അവരുടെ വിഷമതകളെയും, ബുദ്ധിമുട്ടുകളെയും മനസ്സിലാക്കുകയും അവരെ സഹായിക്കുകയും ചെയ്യുക എന്നൊക്കെയാണ് sensitize എന്ന വാക്കിന്റെ വിപുലമായ അർഥം. നമ്മുടെ ജനമൈത്രി പോലീസ് എന്നത് പോലീസ് സേനയെ sensitize ചെയ്തതിന്റെ ഫലമാണ്. ജനങ്ങളോട് അവരുടെ വിഷമങ്ങളോട് പോസിറ്റിവായി സംവദിക്കുവാൻ, അവരുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുവാനുള്ള നല്ല മനസ്സിന് ഉടമകളാക്കുക എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ഇന്ന് വലിയ സ്വപ്നമായി പലരും കാണുന്ന സോഷ്യലിസത്തിനും മേലെയാണ് ഈശോയുടെ ദൈവരാജ്യമെന്ന ആശയം. (ഈശോയുടെ ദൈവരാജ്യ സങ്കൽപ്പത്തിൽ നിന്നാണ് സോഷ്യലിസം രൂപപ്പെടുന്നത് തന്നെ.) എല്ലാവരും ദൈവമക്കളാണെന്നും അതുകൊണ്ടുതന്നെ വർഗ വർണ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും തന്നെപ്പോലെ മറ്റുള്ളവരെയും സ്നേഹിക്കുന്ന, പരിഗണിക്കുന്ന ഒരു സമൂഹ സൃഷ്ടിയിലേക്കാണ് ഈശോ യഹൂദരെ sensitize ചെയ്യാൻ ശ്രമിക്കുന്നത്.  

എല്ലാ മനുഷ്യർക്കും സ്വതന്ത്രരായി ജീവിക്കുവാനും അന്തസ്സാർന്ന സ്വത്വ പ്രകാശനത്തിലൂടെ മനുഷ്യ മഹത്വത്തിൽ ജീവിക്കുവാനും അവകാശമുണ്ടെന്നാണ് ക്രിസ്തുവിന്റെ തത്വശാസ്ത്രം. തങ്ങളാഗ്രഹിക്കുന്ന മനുഷ്യ ജീവിതാവസ്ഥയിൽ ജീവിക്കാനാകാതെ സമൂഹത്തിലെ മാടമ്പിമാരാൽ തിരസ്കരിക്കപ്പെട്ട് സമൂഹത്തിന്റെ, ജീവിതത്തിന്റെ അതിർവരമ്പുകളിലേക്ക് ഓടിപ്പോയവർക്കുവേണ്ടിയാണ് ഈശോ സംസാരിക്കുന്നത്. യഹൂദരല്ലാത്തതിന്റെ പേരിൽ ദൈവവും മതവും നിഷേധിക്കപ്പെട്ടവർക്കുവേണ്ടി ശബ്ദമാകുകയാണ് ഈശോ. പരിഹാസങ്ങളേറ്റ് മാറിനിൽക്കുന്നവരെ പരിഗണിക്കണമെന്നും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികമാത്രമല്ല, ഒരേ മേശയിൽ ഇരുത്തുകയും ചെയ്യണമെന്നുള്ള ബോധ്യത്തിലേക്ക് അവരെ സെൻസിറ്റയിസ് (Sensitize) ചെയ്യുകയാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ.

ഈശോയുടെ കാലത്തെ സമൂഹത്തിൽ രണ്ടു തരത്തിലുള്ള വിള്ളൽ (Rift) ഈശോ ദർശിച്ചിരുന്നു. ഒന്നാമത്തേത് ആധ്യാത്മിക വിള്ളൽ (Spiritual Rift) ആണ്. ഈശോയുടെ കാലത്ത് യഹൂദ സമുദായത്തിന്റെ പ്രാമാണ്യത്തം നിലനിന്ന കാലമായിരുന്നു. മാത്രമല്ല, ആത്മീയതയുടെ കുത്തക തങ്ങളുടേതാണെന്ന്, തങ്ങളുടേത് മാത്രമാണെന്ന് ലോകത്തെ വിശ്വസിപ്പിച്ചു വന്ന സമയവും കൂടിയായിരുന്നു അത്. എന്നാൽ, യഹൂദർക്ക് മാത്രം കുത്തകയായിരുന്ന ആത്മീയതയ്ക്ക് വിജാതീയരും അർഹരാണെന്ന വാദത്തിലൂടെ എല്ലാവരും ദൈവത്തിന്റെ മക്കളാണെന്ന വലിയ ആത്‌മീയവിപ്ലവത്തിന് തുടക്കമിട്ടത് ഈശോയാണ്. ഈ ആത്മീയ വിപ്ലവത്തിന് ചെവികൊടുക്കാതെ, ഇസ്രായേൽ ജനം തിരഞ്ഞെടുക്കപ്പെട്ട ജനമായതുകൊണ്ട്, ദൈവത്തിന്റെ പരിപാലനയും, ദൈവികമായവയെല്ലാം, എന്തിന് ദൈവത്തിന്റെ രക്ഷ പോലും മറ്റു സമൂഹങ്ങൾക്ക് അവർ നിഷേധിച്ചിരുന്നു.  ഇത്തരത്തിലുള്ളൊരു മനോഭാവം വലിയൊരു ആത്മീയ വിള്ളൽ സമൂഹത്തിൽ ഉണ്ടാക്കിയിരുന്നതായി ഈശോ കണ്ടു.  

രണ്ടാമത്തേത്, സാമൂഹ്യ വിള്ളൽ (Social Rift) ആണ്.  യഹൂദരുടെ, പ്രത്യേകിച്ച്, യഹൂദപ്രമാണിമാരുടെ സാമൂഹ്യ, സാമ്പത്തിക തലത്തിലുണ്ടായിരുന്ന ചൂഷണങ്ങളും, വലിയ രീതിയിലുള്ള അസമത്വങ്ങളും മറ്റും സാമൂഹ്യ ജീവിതത്തിന്റെ സ്വാഭാവിക ചംക്രമണത്തെ തടഞ്ഞിരുന്നു. ഇതിനെതിരെ ഈശോ ഉറക്കെ സംസാരിക്കുകയും ചെയ്തിരുന്നു. (മത്താ 23) ഈശോ സമൂഹത്തിൽ കണ്ട ഈ വിള്ളലുകൾ താൻ കൊണ്ടുവരുന്ന ആത്മീയ വിപ്ലവത്തിന്, ദൈവരാജ്യ വിപ്ലവത്തിന് തടസ്സമാകുമെന്ന് കണ്ടിട്ടാണ് ഈശോ ഇന്നത്തെ സുവിശേഷത്തിൽ യഹൂദരെ, ജനങ്ങളെ സെൻസിറ്റയിസ് (Sensitize) ചെയ്യുന്നത്.

അന്നത്തെ സമൂഹത്തിന്റെ Metabolism എന്തെന്നും വളരെ വ്യക്തമായി ഈശോ മനസ്സിലാക്കിയിരുന്നു. വളരേ മോശമായ ഒരു ചയാപചയം (Metabolism) ആയിരുന്നു അന്നത്തെ സമൂഹത്തിന് ഉണ്ടായിരുന്നത്. നമുക്കറിയാവുന്നതുപോലെ, ശരീരത്തില്‍ ആഹാര രസങ്ങള്‍ ധാതുരൂപേണ ഓജസ്സായും മാംസമായും പരിണമിക്കുന്ന അവസ്ഥ ഒരു മെറ്റബോളിക് പ്രക്രിയയാണ്. Metabolism എന്നത്            ഒരു കോശത്തിലോ, ഒരു അവയവത്തിന്റെ നടക്കുന്ന സാധാരണമായ, സ്വാഭാവിക പ്രക്രിയയാണ്. ഇതിനെ സ്വാഭാവിക ചയാപചയം (Natural Metabolism) എന്ന് വിളിക്കുന്നു. ശ്വാസോച്ഛാസം ഒരു സ്വാഭാവിക ചയാപചയ പ്രക്രിയയാണ്. ഇവിടെ വളരെ സ്വാഭാവികമായി ഓക്സിജനെ സ്വീകരിക്കുകയും, കാർബൺ ഡയോക്സൈഡിനെ പുറംതള്ളുകയും ചെയ്യുന്നു. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളെ ഉർജ്ജമാക്കി മാറ്റുന്നത് ഒരു metabolic പ്രവർത്തനമാണ്. ഇത്തരം അനവധി മെറ്റബോളിക് പ്രവർത്തനങ്ങൾ കൃത്യമായി നടന്നില്ലെങ്കിൽ നമ്മുടെ ജീവിതം പ്രയാസമാകും. ശാരീരിക പ്രവർത്തനങ്ങൾ താളം തെറ്റും. ഇന്ന് സമൂഹത്തിൽ കാണുന്ന obiesity (അമിതവണ്ണം) യുടെ പ്രശ്നം metabolism ത്തിന്റെ തകരാറാണ്.  

ഞാൻ ഇപ്പോൾ പറഞ്ഞ ആന്തരിക മെറ്റബോളിക് പ്രവർത്തനങ്ങൾക്കപ്പുറം മനുഷ്യൻ സമൂഹത്തിലേക്ക് കടക്കുമ്പോൾ മനുഷ്യനും തൊട്ടടുത്ത മനുഷ്യനും തമ്മിലും ബന്ധങ്ങളിൽ പ്രവർത്തന പ്രതി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതിനെ ബന്ധങ്ങളിലെ ചയാപചയം (Relational Metabolism) എന്ന് വിളിക്കുന്നു. ഈശോയുടെ സമയത്ത് relational metabolism വളരെ മോശമായിരുന്നു. അതിൽ പാവപ്പെട്ടവർ, കുഷ്ഠരോഗികൾ, സ്ത്രീകൾ, വിധവകൾ, ഭിക്ഷാടകർ, വിജാതീയർ തുടങ്ങിയവരോടുള്ള പെരുമാറ്റം വളരെ വികൃതമായിരുന്നു. അവിടെ നടന്നുകൊണ്ടിരുന്നത് സ്വാഭാവികമായ, മനുഷ്യത്വപരമായ കൊടുക്കൽ വാങ്ങലുകൾ ആയിരുന്നില്ല. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനെ, സ്വന്തം സഹോദരിയെ, സഹോദരനെ മൃഗങ്ങളെക്കാൾ നികൃഷ്ടരായാണ് യഹൂദർ പരിഗണിച്ചിരുന്നത്. അതുകൊണ്ടുതന്നെ സമൂഹജീവിതം താളം തെറ്റിയതായിരുന്നു. Relational metabolism വെറും സീറോ ആയിരുന്നു. ആത്മീയ ജീവിതം പൊള്ളയായിരുന്നു. ഈയൊരു അവസ്ഥയിൽ നിന്ന് മാറി ക്രിസ്തുവിന്റെ പ്രതിസംസ്കാരത്തിലേക്ക് ജനത്തെ സെൻസിറ്റയിസ് (Sensitize) ചെയ്യാനാണ് ഈശോ ഇവിടെ ശ്രമിക്കുന്നത്.

നമ്മുടെ ഇന്നത്തെ സമൂഹത്തിന്റെ Metabolism, അതിന്റെ സംവിധാനങ്ങൾ, രാഷ്ട്രീയ, മത, കോർപ്പറേറ്റ് സംവിധാനങ്ങൾ എല്ലാം മനുഷ്യനെയും മനുഷ്യനെയും വേറിട്ട് നിർത്താനാണ് ശ്രമിക്കുന്നത്. ഇത് മനുഷ്യരുടെ ജീവിതത്തിലും അവയ്ക്കിടയിലുമുള്ള ബന്ധങ്ങളെ പലതരത്തിൽ തകരാനിടയാക്കുന്നു. മനുഷ്യനെ, മനുഷ്യ ബന്ധങ്ങളെ, വിവാഹ, കുടുംബ ബന്ധങ്ങളെ, മനുഷ്യ മനുഷ്യ ബന്ധങ്ങളെയെല്ലാം കച്ചവടക്കണ്ണുകളോടെ കാണുന്നത് മനുഷ്യ മനുഷ്യ ബന്ധങ്ങളിൽ വിള്ളലുകളുണ്ടാക്കും. ഇത് ലോകത്തിന്റെ സംസ്കാരമാണ്. ലോകത്തിന്റെ സംസ്കാരം പ്രമുഖസ്ഥാനത്തിന് വേണ്ടിയുള്ള നെട്ടോട്ടമാണ്. ലോകത്തിന്റെ സംസ്കാരം കഴുത്തറപ്പന്‍ മത്സരത്തിന്റെതാണ്. ലോകത്തിന്റെ സംസ്കാരം ധാര്‍മികത ലവലേശമില്ലാത്ത സുഖത്തിന്റെതാണ്. ലോകത്തിന്റെ സംസ്കാരം സമ്പത്തിനുവേണ്ടിയുള്ള ഓട്ടപ്പാച്ചിലിലാണ്. ഈ സംസ്കാരത്തില്‍ പ്രമുഖസ്ഥാനത്തിന് വേണ്ടി, സുഖത്തിന് വേണ്ടി, സമ്പത്തിനുവേണ്ടി കാലുമാറും, കാലുവാരും, വെട്ടിനിരത്തും, കള്ളസാക്ഷ്യങ്ങള്‍ നിരത്തും, ആരുമായും കൂട്ട്കൂടും, സ്വന്തം മാതാപിതാക്കള്‍ക്കെതിരെ വേണമെങ്കിലും കേസുകൊടുക്കും….ഇതെല്ലാം ലോകത്തിന്റെ സംസ്കാരമാണ്.

ലോകത്തിന്റെ സംസ്കാരത്തില്‍ സ്നേഹിതന്‍ സ്നേഹിതനെയേ അറിയൂ, ധനികന്‍ ധനികനെയേ വിരുന്നിനു ക്ഷണിക്കൂ, ബന്ധുക്കള്‍ ബന്ധുക്കളെയേ വിളിക്കൂ, ഭരണ കര്‍ത്താക്കള്‍ കോര്‍പറേറ്റ്കള്‍ക്ക് വേണ്ടിയേ നില്‍ക്കൂ, മതനേതാക്കള്‍ അവരുടെ സ്തുതി പാഠകര്‍ക്കുവേണ്ടിയേ പ്രാര്‍ഥിക്കൂ. ലോകത്തിന്റെ സംസ്കാരത്തില്‍ ആര്‍ക്ക് സ്ഥാനമില്ല? ദരിദ്രര്‍ക്ക്, വികലാംഗര്‍ക്ക്, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക്, വൃദ്ധര്‍ക്ക്, ചേരിനിവാസികള്‍ക്ക്…..! വിവാഹം തുടങ്ങിയ ആഘോഷങ്ങളിലേക്ക് ക്ഷണിക്കുന്നത് വിശേഷപ്പെട്ടവരെ മാത്രം!! ഏതെങ്കിലും പ്രമാണി പാവപ്പെട്ടവരെ പരിഗണിച്ചെന്നു വരും, അവരെ ക്ഷണിച്ചെന്ന് വരും, കിറ്റുകൾ നൽകി സന്തോഷിപ്പിച്ചെന്ന് വരും, സബ്‌സിഡി യായി പൈസ പാവപ്പെട്ടവന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചെന്നും വരും. എന്നാൽ, പുറകിലൂടെ അവരെ ചൂഷണം ചെയ്യും, കിറ്റുകൾ ഒരു വഴി, കള്ളക്കടത്തു വേറൊരു വഴി! സബ്‌സിഡി ഒരു വഴി, പെട്രോൾ, ഡീസൽ, നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വിലവർധിപ്പിച്ച്കൊണ്ട്, കൊടുത്ത സബ്‌സിഡി തിരിച്ചു വാങ്ങുന്നത് മറ്റൊരു വഴി!! ഇത്തരത്തിലുള്ള ആത്മീയ വിള്ളലുകളും സാമൂഹ്യവിള്ളലുകളും സൃഷ്ടിക്കുന്ന അവസ്ഥയെ കാലഘട്ടത്തിന്റെ പ്രതിസന്ധി (Epochal Crisis) ആയിട്ടാണ് ഈശോ കാണുന്നത്. അതുകൊണ്ടാണ്, ഇത്രയും ശക്തമായ ഒരു ഉദ്‌ബോധനം ഈശോ അന്നത്തെ ജനതയ്ക്കും, ഇന്ന് നമുക്കും നൽകുന്നത്.

സ്നേഹമുള്ളവരേ, ഈശോ നമുക്ക് വേണ്ടി ഒരു പ്രതിസംസ്കാരത്തെ വരച്ചുകാട്ടുകയാണ് ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ. ഒരു പ്രതി സംസ്കാരത്തിലേക്ക് ഈശോ നമ്മെ സെൻസിറ്റയ്‌സ് (Sensitize) ചെയ്യുകയാണ് ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ. ക്രിസ്തുവിന്റെ ചൈതന്യം ജീവിക്കുന്ന ഒരു പ്രതിസംസ്കാരത്തിന്റെ വക്താക്കളാകാന്‍ നമ്മെ ക്ഷണിക്കുകയാണ്.

ഈ പ്രതിസംസ്കാരത്തിന്റെ അടിസ്ഥാനം ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും, ഹൃദയത്തിലുള്ള എളിമയും ആണ്. ഈ പ്രതിസംസ്കാരത്തിന്റെ സ്വഭാവം ദൈവ ഹിതത്തിനു സ്വയം സമർപ്പിക്കലാണ്. ഈ പ്രതിസംസ്കാരത്തിന്റെ ചൈതന്യം സ്വയം മുറിയപ്പെടുന്ന, ചിന്തപ്പെടുന്ന വിശുദ്ധ കുർബാനയുടേതാണ്.

ഇന്നത്തെ ഒന്നാമത്തെ വായനയില്‍ ദൈവത്തിന്റെ സംസ്കാരത്തെ, പ്രതിസംസ്കാരത്തെ ഏറ്റെടുത്ത ഒരു വലിയ മനുഷ്യനെ അവതരിപ്പിക്കുന്നുണ്ട്, ഏലിയ പ്രവാചകനെ. പ്രതി സംസ്കാരത്തിന്റെ ഏറ്റവും പ്രാധാനപ്പെട്ട ചൈതന്യം ഒന്ന്, ദൈവത്തിലുള്ള വിശ്വാസമാണ്. രണ്ട്, ദൈവം കൂടെയുണ്ടെന്നുള്ള ഉറപ്പ്. മൂന്ന്, ദൈവത്തിന്റെ സ്വഭാവത്തിലുള്ള  ജീവിതം. ഇതെല്ലാമായിരുന്നു ഏലിയാ പ്രവാചകന്‍. യഥാര്‍ത്ഥ ക്രൈസ്തവന്റെ സംസ്കാരവുമായി, പ്രതിസംസ്കാരവുമായി ഏലിയാ പ്രവാചകന്‍ നിന്നപ്പോള്‍, ദൈവം ജയിച്ചു. പക്ഷെ ഇന്ന്, ദൈവം ജയിക്കുന്നില്ല. ഇന്നത്തെ ക്രൈസ്തവന്റെ സംസ്കാരം ദൈവത്തെപ്പോലും തോല്‍പ്പിക്കുന്നു.

രണ്ടാമത്തെ വായനയില്‍ ക്രൈസ്തവന്റെ പ്രതിസംസ്കാരവുമായി അപ്പസ്തോലന്‍മാരുണ്ട്. എന്ത് സംഭവിച്ചു? അവരുടെ കരങ്ങള്‍ വഴി അത്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. പ്രതിസംസ്കാരത്തിന്റെ ശക്തി!! നമ്മുടെ ജീവിതത്തില്‍, കുടുംബത്തില്‍, സഭയില്‍ ദൈവത്തിന്റെ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കാന്‍ ലോകത്തിന്റെ സംസ്കാരം നാം വെടിയണം. ദൈവിക കാര്യങ്ങള്‍ ലോകത്തിന്റെ സംസ്കാരത്തില്‍ നാം നോക്കിക്കാണരുത്!

ലേഖനവായന ശ്രദ്ധിക്കൂ, പ്രതിസംസ്കാരത്തിന്റെ സവിശേഷതകള്‍ എന്തൊക്കെയാണ്? സ്വരച്ചേര്‍ച്ച, ഐക്യം, ഏകമനസ്, ഏകാഭിപ്രായം, വിഭാഗീയതയില്ലായ്മ…… നമ്മുടെ ജീവിതം കണ്ട് ഈശോ കരയുന്നുണ്ടോ? ചിന്തിച്ച് നോക്കണം നാം.

സമാപനം

സ്നേഹമുള്ളവരെ, ക്രിസ്തുവിന്റെ സഭയുടെ metabolism, പ്രവർത്തന രീതി ഇന്ന് തകരാറിലായിരിക്കുന്നു. സഭയിന്ന് അമിതവണ്ണമുള്ള, ഊതിവീർപ്പിച്ച ബലൂണാണ്. ആത്മീയ വിള്ളലുകൾ അധികമായിരിക്കുന്നു. ഒന്നേയുള്ളു പ്രതിവിധി: ക്രിസ്തുവിന്റെ സെൻസിറ്റായിസേഷന് (Sensitization) വിധേയമാകുക.. ക്രിസ്തുവിന്റെ പ്രതിസംസ്കാരത്തിന്റെ മുഖമുള്ളവരാകുക. ഇന്നത്തെ വായനകളില്‍, പ്രത്യേകിച്ച് സുവിശേഷത്തില്‍ അവതരിക്കപ്പെടുന്ന ക്രൈസ്തവന്റെ പ്രതിസംസ്കാരം മരിച്ചുകൊണ്ടിരിക്കുന്നോയെന്നു നാം സംശയിക്കുന്നുണ്ടെങ്കില്‍ ഇതാ രക്ഷയുടെ സമയം. നമുക്ക് നമ്മെത്തന്നെ എളിമപ്പെടുത്താം. അപ്പോള്‍ ദൈവം നമ്മെ ഉയര്‍ത്തും.

ക്രിസ്തുവിന്റെ ചൈതന്യം ജീവിക്കുന്ന ഒരു പ്രതിസംസ്കാരത്തിന്റെ വക്താക്കളാകാം നമുക്ക്. അങ്ങനെ ലോകത്തിനു ദൈവത്തിന്റെ ഭാഗ്യം പകർന്നു നൽകുന്ന ഉത്തമ ക്രൈസ്തവരാകാം.  ആമേൻ!

SUNDAY SERMON LK 13, 22-35

ശ്ളീഹാക്കാലം ഏഴാം ഞായർ

ലൂക്ക 13, 22 – 35  

ഇടമുറിയാതെ, കോരിച്ചൊരിയുന്ന മഴയുടെ ഒരാഴ്ച സമ്മാനിച്ച മടിയും, ആകുലതകളും ഉണ്ടെങ്കിലും, നമ്മുടെ ദേവാലയത്തിൽ ഒരുമിച്ചുകൂടി ബലിയർപ്പിക്കുവാൻ നാം കാണിക്കുന്ന ഉത്സാഹത്തിനും, ആഗ്രഹത്തിനും ദൈവത്തിന് നന്ദി പറയുന്നു. ടിവിയിൽ കാണുന്ന മഴയുടെ ദുരിതചിത്രങ്ങൾ നമ്മെ വേദനിപ്പിക്കുന്നുണ്ടെങ്കിലും, വിശുദ്ധ കുർബാന അർപ്പിച്ച് ഈശോയേ, കാലാവർഷകെടുതികളിൽ നിന്ന്, അപകടങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേയെന്ന് പ്രാർത്ഥിക്കാം.

ശ്ലീഹാക്കാലത്തിന്റെ അവസാനത്തെ ഞായറാഴ്ചയാണിന്ന്. ഇന്നത്തെ സുവിശേഷം നമുക്ക് ഒരുക്കിയിരിക്കുന്ന വിരുന്നാണ് ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക എന്ന ക്രിസ്തുവിന്റെ സന്ദേശം. കഴിഞ്ഞ ആറ് ആഴ്ചയിലും ശ്ളീഹാക്കാലത്തിന്റെ ചൈതന്യം ഉൾക്കൊണ്ട്, പന്തക്കുസ്താദിനത്തിൽ പരിശുദ്ധാത്മാവിനാൽ പൂരിതരായി സുവിശേഷമറിയിക്കുവാൻ   ലോകത്തിന്റെ നാനാഭാഗത്തേക്കും അയയ്ക്കപ്പെട്ട ശ്ലീഹന്മാരെയാണ്, അവരുടെ പ്രവർത്തനങ്ങളെയാണ് നാം ധ്യാനിച്ചത്. പന്തക്കുസ്താനാളിൽ ശ്ലീഹന്മാരുടെ സുവിശേഷ പ്രഘോഷണം കേട്ട് ക്രൈസ്തവരായി തീർന്നവരുടേയും, അവർ കൈമാറിത്തന്ന വിശ്വാസത്തിന്റെ ദീപശിഖ ഏറ്റുവാങ്ങിക്കൊണ്ട് ഇന്ന് ജീവിക്കുന്ന നമ്മുടെയും, ക്രൈസ്തവ ജീവിതത്തിന്റെ സ്വഭാവം എന്താണെന്നാണ് ഈ ഞായറാഴ്ച്ചത്തെ സുവിശേഷം നമുക്ക് പറഞ്ഞു തരുന്നത്.

ഇടുങ്ങിയ വഴികളെ ഇഷ്ടപ്പെടാത്തവരാണ് നമ്മിൽ അധികവും. അത് റോഡിന്റെ കാര്യത്തിലായാലും, മനഃസ്ഥിതിയുടെ കാര്യത്തിലായാലും അങ്ങനെത്തന്നെയാണ്. ഒരു ഇടവകയിൽ ബഹു. വികാരിയച്ചന്, കൊച്ചച്ചനും ഉണ്ടെങ്കിൽ, സാധാരണയായി ചെറുപ്പക്കാർ പറയുന്ന Comment എങ്ങനെയായിരിക്കും? “നമ്മുടെ കൊച്ചച്ചനോ? അടിപൊളിയാണ്. വളരെ ഓപ്പൺ ആണ്. ആള് Broad-minded ആണ്.” “അപ്പോ വികാരിയച്ചനോ?” “ഹേയ്, കുഴപ്പോന്നൂല്യ. ന്നാലും ആള് പഴഞ്ചനാ. very naroow-minded.”

സാധാരണജീവിതത്തിൽ ഇടുങ്ങിയ റോഡുകളെയും, വാതിലുകളെയും, ഇടുങ്ങിയ രീതികളെയും, ഇടുങ്ങിയ മനഃസ്ഥിതിയുള്ളവരെയും ഇഷ്ടപ്പെടാത്ത നമ്മോട് ഈശോ പറയുന്നത് ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക എന്നാണ്.

അത്രസ്വീകാര്യമല്ലെങ്കിലും, ഈശോ പറയുമ്പോൾ അതിന്റെ Range ഒന്ന് വേറെയായിരിക്കുമെന്നതാണ് സുവിശേഷങ്ങളുടെ പ്രത്യേകത! ക്രൈസ്തവജീവിതം അവശ്യം കടന്നുപോകേണ്ട ജീവിതാവസ്ഥയുടെ വളരെ സുന്ദരമായൊരു ചിത്രമാണ് ഈശോ ഇന്നത്തെ സുവിശേഷത്തിൽ വരച്ചുകാട്ടുന്നത്. ഇന്നത്തെ സുവിശേഷത്തിൽ ക്രിസ്തു ഉപയോഗിക്കുന്ന മനോഹരമായ രൂപകമാണ് വാതിൽ. വാതിലിനൊരു adjective, വിശേഷണവും ഈശോ നൽകുന്നുണ്ട്: ഇടുങ്ങിയ. അങ്ങനെ ഈശോ ഉപയോഗിക്കുന്ന രൂപകത്തിന്റെ പൂർണരൂപം ‘ഇടുങ്ങിയ വാതിൽ’ എന്നാണ്. എന്താണ് ഇടുങ്ങിയ വാതിൽ എന്നതുകൊണ്ട് ഈശോ അർത്ഥമാക്കുന്നത്? ഈ സുവിശേഷഭാഗം വായിയ്ക്കുമ്പോൾ എന്നെ എന്നും അത്ഭുതപ്പെടുത്തുന്ന ചോദ്യമിതാണ്: “ഈശോയ്ക്ക് ഈ expression എവിടെനിന്ന് കിട്ടി?”

വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ ജെറുസലേം ദൈവത്തിന്റെ രക്ഷയുടെ പട്ടണമാണ്; ദൈവത്തിന്റെ രക്ഷയുടെ പ്രതീകമാണ്; ദൈവത്തിന്റെ രക്ഷയുടെ നീർച്ചാൽ പെട്ടിപ്പുറപ്പെടുന്നത് ജറുസലേമിൽ നിന്നാണ്. പട്ടണങ്ങളിലും ഗ്രാമങ്ങളിലും, ചുറ്റി സഞ്ചരിച്ച ഈശോ ജെറുസലേമിനെ ലക്ഷ്യമാക്കിയുള്ള തന്റെ യാത്രയുടെ തുടക്കത്തിലാണ് ഒരുവന്റെ ചോദ്യം? “കർത്താവേ, രക്ഷ പ്രാപിക്കുന്നവർ ചുരുക്കമാണോ?” ചോദ്യത്തിനുള്ള ഉത്തരം പറയാതെ ഈശോ അവന് പറഞ്ഞുകൊടുക്കുന്നത് രക്ഷയിലേക്കുള്ള വഴിയാണ്; അതിന്റെ സ്വഭാവമാണ്; അതിന്റെ നീളവും വീതിയുമാണ്. മാത്രമല്ല, ഈ വഴിയിലൂടെ, വാതിലിലൂടെ കടന്നുവരുന്നവർക്ക് മാത്രമേ, രക്ഷയിലേക്ക് പ്രവേശിക്കുവാൻ സാധിക്കുകയുള്ളു എന്നും ഈശോ അവന് പറഞ്ഞുകൊടുക്കുകയാണ്.  

ഇങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു തോന്നും ഈശോയുടെ ഈ Answer ഉം അതിന്റെ Explanation നും കേട്ടാൽ. അതങ്ങനെത്തന്നെയാണ്. കാരണം ലോകത്തിന് രക്ഷ നൽകുവാൻ വന്ന ഈശോയ്ക്ക്, ആ രക്ഷയിലേക്കുള്ള വഴിയെപ്പറ്റി ലോകത്തോട് പറയുവാൻ ഇതില്പരം നല്ലൊരു അവസരം എനിടെനിന്ന് കിട്ടാനാണ്! രക്ഷയിലേക്കുള്ള വഴിയെന്താണ്, അതിന്റെ സ്വഭാവമെന്താണ്, അതിലൂടെ പ്രവേശിക്കുന്നതിന് മാനദണ്ഡങ്ങൾ എന്തൊക്കെയാണ്? ആരൊക്കെ അതിലൂടെ പ്രവേശിക്കും, ആരൊക്കെ അതിലൂടെ പ്രവേശിക്കുകയില്ല …എന്നിങ്ങനെ എല്ലാ കാര്യങ്ങളും വിശദമായിത്തന്നെ ഈശോ പറയുകയാണ്.

ഈശോ ഈ ലോകത്തിലേക്ക് വന്നത് മാനവ കുലത്തെ, നമ്മെ രക്ഷിക്കുന്നതിനായിട്ടാണ് എന്ന് ദൈവവചനം സംശയലേശ്യമെന്യേ നമ്മെ പഠിപ്പിക്കുന്നുണ്ട്. വിശുദ്ധ ലൂക്കായുടെ സുവിശേഷം ആരംഭത്തിൽ തന്നെ പ്രഖ്യാപിക്കുന്നു: ” ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു”. (ലൂക്ക 2, 10) ഈശോ നൽകുന്നതും ഈ രക്ഷയാണ്. സക്കേവൂസിന്റെ ഭവനത്തിൽ പ്രവേശിച്ച ഈശോ എന്താണ് പറയുന്നത്? ” ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു”. (ലൂക്ക 19, 9) വിശുദ്ധ യോഹന്നാൻ പറയുന്നത്, ” ദൈവം തന്റെ പുത്രനെ ഈ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല അവൻ വഴി ലോകം രക്ഷ പ്രാപിക്കാനാണ്”. (1 തിമോ 1, 15) പിന്നീട് കാലം കുറെ കഴിഞ്ഞപ്പോൾ, അഹന്തയുടെ കുതിരപ്പുറത്തു ക്രിസ്ത്യാനികളെ കൊന്നൊടുക്കാൻ, ക്രിസ്തുവിനെ ഇല്ലായ്മചെയ്യാൻ പുറപ്പെട്ട സാവൂൾ പൗലോസായപ്പോൾ, ക്രിസ്തുവിന്റെ അപ്പസ്തോലനായപ്പോൾ വിളിച്ചുപറയുന്നതും ഇത് തന്നെ. ” യേശു ക്രിസ്തു ലോകത്തിലേക്ക് വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും, തികച്ചും സ്വീകാര്യവുമാണ്.”

അങ്ങനെ രക്ഷ നൽകാൻ വന്ന ക്രിസ്തുവിനോട് “രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ”? എന്ന് ചോദിക്കുമ്പോൾ അയാൾക്ക്‌ ഒരു കാര്യം ഉറപ്പാണ്, ക്രിസ്തു രക്ഷ നൽകാൻ വന്നവനാണെന്നത്. എന്നാൽ ആരെല്ലാം രക്ഷ പ്രാപിക്കും? അതിനുള്ള വാതിലേത്? അതെങ്ങനെയിരിക്കും? എല്ലാവരും രക്ഷ പ്രാപിക്കുമോ? എന്നൊക്കെയാണ് അയാൾക്ക് അറിയേണ്ടത്. അതുകൊണ്ടു തന്നെ രക്ഷയെക്കുറിച്ചു ഈശോ പറയുന്നില്ല. രക്ഷ പ്രാപിക്കേണ്ട വാതിലിന്റെ സ്വഭാവത്തെക്കുറിച്ചും, അതിലൂടെ പോയാലേ രക്ഷപ്രാപിക്കുവാൻ സാധിക്കുകയുള്ളു എന്നും, അതിലൂടെ പോകുന്നവർക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ചുമാണ് ഈശോ പറയുന്നത്. മാത്രമല്ല, ഈ വാതിലിലൂടെ പോയാൽ ദൈവത്തിന്റെ അനുഗ്രഹത്തോടെ, സംരക്ഷണത്തോടെ രക്ഷയിലേക്കു എത്തിച്ചേരാനും സാധിക്കുമെന്ന് ഈശോ പറയുന്നു. 

വാതിലുകൾ പലതരത്തിലുണ്ട്. ഒന്നാമതായി, വിശാലമായ വാതിലുകൾ!! വിശാലമായ വാതിൽ കടക്കുവാനാണ് തീരുമാനിക്കുന്നതെങ്കിൽ ചെന്നെത്തുന്നത് വളരെ ആരവം നിറഞ്ഞ, ബഹളം നിറഞ്ഞ സാഹചര്യത്തിലേക്കായിരിക്കും. പക്ഷെ, അവിടെ നിങ്ങളുടെ മൂല്യങ്ങളെല്ലാം തകർക്കപ്പെടും. ധാരാളം സുഖങ്ങൾ കണ്ടെത്താം. നിങ്ങളുടെ ഏതു ലക്ഷ്യവും നേടാം. അതിനായി എന്ത് മാർഗവും സ്വീകരിക്കാം. 1978 ലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ ഡെങ് സിയാവോ പിങ് പറഞ്ഞപോലെ, “പൂച്ച കറുത്തതായാലും, വെളുത്തതായാലും കുഴപ്പമില്ല. എലിയെ പിടിച്ചാൽ മതി”. ഇതായിരിക്കും ഇവിടുത്തെ നീതി. സ്വർണക്കടത്തിന്റെ വഴി സ്വീകരിക്കാം. എതിരാളികളെ കൊന്നു തള്ളുന്നതിൽ രാഷ്ട്രീയ നീതി കണ്ടെത്താം. പണത്തിന്റെ അഹന്തയിൽ കാലിനടിയിൽ ചതഞ്ഞരയുന്നവരെ കാണേണ്ടതില്ല.  സ്വന്തം പ്രസ്ഥാനം തകർന്നടിഞ്ഞ് വേരറ്റു പോയതിന്റെ കഥകൾ ടിവിയിലൊക്കെ നിറഞ്ഞു നിൽക്കുമ്പോഴും ഇംഗ്ലണ്ടിലെ കത്തോലിക്കാ പള്ളികൾ വിൽക്കാൻ വച്ചിരിക്കുകയാണെന്ന് വിളിച്ചുപറയാം. സ്വന്തം ജനങ്ങൾ മണിപ്പൂർ പോലുള്ള സ്ഥലങ്ങളിൽ പിടഞ്ഞുവീഴുമ്പോൾ, വംശഹത്യയിലൂടെ ഇല്ലാതാകുമ്പോൾ ഒന്നും മിണ്ടാതെ വിദേശ ടൂറിന് പോകാം. അതിനെയൊക്കെ ന്യായീകരിക്കാം. ഇവിടെ എന്റെ സംസാരം, പെരുമാറ്റം ആരെ വേദനിപ്പിച്ചാലും കുഴപ്പമില്ല. എനിക്ക് സുഖിക്കണം, വളരണം, വലുതാകണം. പക്ഷെ അന്ത്യം ദാരുണമായിരിക്കും.

രണ്ടാമത്തെ വാതിൽ കടന്നു ചെല്ലുന്നത് അന്ധകാരത്തിലേക്കായിരിക്കും. ആരോടും, അനുരഞ്ജനപെടാതെ നിങ്ങളുടെ മാളങ്ങളിൽ ജീവിക്കാം. എല്ലാവരോടും പകയോടെ ജീവിച്ചു നിങ്ങളെ തന്നെ ഇരുട്ടിലേക്ക് തള്ളാം. അയൽവക്കക്കാരോട് പിണങ്ങിയിരിക്കുന്നതിൽ ഒരുതരത്തിലുള്ള മനസ്സുഖം അനുഭവിക്കാം. കുടുംബസ്വത്തിന്റെ പേരിൽ കലഹിക്കാം; വേണമെങ്കിൽ സ്വന്തം സഹോദരനെയോ, സഹോദരിയെയോ, മാതാപിതാക്കളെത്തന്നെ കോടതികയറ്റാം. ഇത്തരത്തിലുള്ള വാതിലുകൾ കടക്കുവാൻ എളുപ്പമാണെങ്കിലും എപ്പോഴും അവയുടെ മുൻപിൽ നീണ്ട ക്യൂ ആയിരിക്കും.. ആളുകളുടെ തിരക്കായിരിക്കും. ഈ വാതിലുകൾ എപ്പോഴും തുറന്നേ കിടക്കൂ.

മൂന്നാമത്തേത് കടന്നു ചെല്ലുന്നത് രക്ഷയിലേക്കായിരിക്കും. പക്ഷെ വാതിൽ വളരെ ചെറുതാണ്. ഒരാൾക്ക് കഷ്ടിച്ചു കടന്നുപോകാവുന്ന വാതിൽ. ഈ വാതിൽ എപ്പോഴും തുറക്കുകയില്ല. തുറക്കപ്പെടുന്ന സമയത്തു് ചെന്നാൽ വാതിലിലൂടെ കടക്കാം. അടയ്ക്കപ്പെട്ടാൽ പിന്നെ തുറന്നു കിട്ടുക എപ്പോഴെന്നു പറയാനാകില്ല. എന്നാൽ ഇവിടെ തിരക്ക് കുറവായിരിക്കും. എല്ലാവരോടും അനുരഞ്ജനപ്പെട്ട്, ക്ഷമിച്ചു, മറക്കാനും പൊറുക്കാനും തയ്യാറായി ചെല്ലുമ്പോൾ, ആ വാതിലിലൂടെ കടക്കാനുള്ള ശാരീരിക രൂപം നിങ്ങൾക്ക് കിട്ടും. അഹന്തയുടെ, സ്വാർത്ഥതയുടെ, വെറുപ്പിന്റെ പൊണ്ണത്തടിയുമായി ചെന്നാൽ, ego യുടെ മസിലും പെരുപ്പിച്ചു ചെന്നാൽ കടന്നുപോകാനാകില്ല. ഈ ഭൂമിയിലെ നിന്റെ മഹത്വങ്ങൾ പറഞ്ഞ്, നീ അത് ചെയ്തു, ഇത് ചെയ്തു, ക്രിസ്തുവിന്റെ നാമത്തിൽ ആളുകൾക്ക് ഭക്ഷണം കൊടുത്തു, വീട് നിർമിച്ചു നൽകി എന്നൊക്കെയുള്ള സർട്ടിഫിക്കറ്റുകളുടെ അലങ്കാരങ്ങളുമായി ചെന്നാൽ, വാതിൽ ചെറുതാണേ, കടന്നുപോകാൻ പറ്റില്ല.

ഇതാണ് വാതിലുകളുടെ സ്വഭാവ സവിശേഷതകൾ. വാതിലിന്റെ നിറം പ്രശ്നമല്ല; എന്തുകൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്നും പ്രശ്നമല്ല; ആരാണ് നിർമിച്ചതെന്നതും പ്രശ്നമല്ല. പക്ഷേ, വാതിലിന്റെ വലിപ്പം….!! അതുകൊണ്ട്, ഈശോ പറയുന്നു, നന്മയിലേക്ക്, രക്ഷയിലേക്ക്, വിജയത്തിലേക്ക് ഉള്ള വാതിലുകൾ എന്നും ഇടുങ്ങിയതായിരിക്കും.

പ്രപഞ്ചത്തെ ഒന്ന് വീക്ഷിക്കൂ…മനോഹരമായതെന്തും ഫലപ്രദമായതെന്തും ഈ ഭൂമിയിലേക്ക് കടന്നുവരുന്നത് വളരെ ക്ലേശം നിറഞ്ഞ പ്രയത്നത്തിലൂടെയാണ്. ഒരു പുതു നാമ്പ്, വിടർന്നു നിൽക്കുന്ന ഒരു പൂവ്, ഫലം ചൂടി നിൽക്കുന്ന ഒരു വൃക്ഷം – ചോദിച്ചു നോക്കൂ അവർ കടന്നു വന്ന വാതിലുകളെക്കുറിച്ച്! അവർക്കു പറയാനുള്ളത് ഇടുങ്ങിയ വാതിലുകളുടെ കഥകളായിരിക്കും. ആത്മാർത്ഥമായി പഠിക്കുന്ന ഒരു വിദ്യാർത്ഥി SSLC ക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി വിജയിക്കുമ്പോൾ, അവൾ/ അവൻ ഓർക്കുക, ഉറക്കമിളച്ചിരുന്ന് പഠിച്ച രാവുകളെയും, ഉത്സാഹപൂർവ്വം പഠിച്ച മണിക്കൂറുകളെയും ആയിരിക്കില്ലേ? ഇനി, നമ്മുടെ തന്നെ നേട്ടങ്ങളെക്കുറിച്ചു, വിജയങ്ങളെക്കുറിച്ചു, നമ്മുടെ കുടുംബത്തിന്റെ വളർച്ചയെക്കുറിച്ചു ഓർത്താലും കടന്നുവന്ന ഇടുങ്ങിയ വാതിലുകളുടെ കഥകളായിരിക്കും നമുക്കും പറയാനുണ്ടാവുക. മഹാകവി ഉള്ളൂർ തന്റെ “നവയുഗോദയം” എന്ന കവിതയിൽ ജലത്തിന്റെയും, സ്വർണത്തിന്റെയും ഇടുങ്ങിയ വാതിലുകളെക്കുറിച്ച് പാടുന്നുണ്ട്. പാറയ്ക്കുമേൽ തട്ടിയുടഞ്ഞുവേണം/ പാനാർഹമായി സരിതാംബു തീരാൻ / ഇരുട്ട് തിങ്ങും ഖനി വിട്ടുവേണം / ഹീരം നൃപൻ തൻ മകുടത്തിൽ മിന്നാൻ.” ഇടുങ്ങിയ വാതിലുകളാണ്   എന്നും നമ്മെ മഹത്വത്തിലേക്കു നയിക്കുക. ഈ പ്രപഞ്ചത്തിലുള്ള സർവ്വതും ഓരോ നിമിഷവും തിരഞ്ഞെടുപ്പിന്റെ, തീരുമാനത്തിന്റെ വാതിലുകളിലൂടെയാണ് കടന്നുപോകുന്നത്.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതം തീരുമാനങ്ങളുടെ, തിരഞ്ഞെടുപ്പുകളുടെ ആകത്തുകയാണ്. ജീവിതത്തിന്റെ ഓരോ നിമിഷവും എത്രയോ തീരുമാനങ്ങളാണ് നാം എടുക്കുന്നത്? എത്രയോ തിരഞ്ഞെടുപ്പുകളാണ് നമ്മുടെ മുൻപിൽ എത്തുന്നത്. ഓരോ Choice ഉം ഓരോ വാതിലാണ്. ഓരോ Decision ഉം ഓരോ വാതിൽ ആണ്. മണിപ്പൂരിലെ ക്രൈസ്തവർ തങ്ങൾക്കെതിരെയുണ്ടാകുന്ന അക്രമങ്ങളെ ക്രിസ്തുവിന്റെ സഹനങ്ങളോട് ചേർത്ത് സഹിക്കുവാൻ തീരുമാനിക്കുന്നതുകൊണ്ട് അവർ ഇടുങ്ങി  യവാതിലിലൂടെ കടന്നുപോകുകയാണ്. രോഗങ്ങളെയും, തകർച്ചകളെയും, ദൈവഹിതമായി സ്വീകരിക്കുന്നവരെല്ലാം, ജീവിതത്തിന്റെ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കുന്നവരാണ്. ശരിയായ തീരുമാനമെടുക്കുവാൻ നമുക്കാകണം. ശരിയായ വാതിൽ കണ്ടെത്താനാകണം. ശരിയായ വാതിൽ ക്രിസ്തുവാണ്. മറ്റ് വാതിലുകൾ നാശത്തിലേക്കുള്ളതാണ്. ക്രിസ്തുവാകുന്ന വാതിൽ രക്ഷയിലേക്കുള്ളതാണ്.

നമ്മുടെ തിരഞ്ഞെടുപ്പിന്റെ, തീരുമാനത്തിന്റെ സമയത്തെ കൃപ നിറഞ്ഞതാക്കുവാൻ തീർച്ചയായും ദൈവം നമ്മോടൊപ്പമുണ്ടാകും. ഇടുങ്ങിയ വാതിലുകളെ, വലിപ്പമുള്ളതാക്കുവാനല്ല, അതിലൂടെ കടക്കുവാനുള്ള തീരുമാനത്തിന്റെ സമയത്തെ പ്രാസാദവരത്താൽ നിറയ്ക്കുവാൻ ദൈവം നമ്മോടൊപ്പമുണ്ടാകും. അവിടന്ന് തന്റെ മാലാഖമാരെ നമ്മുടെ അടുത്തേക്ക് അയയ്ക്കും. ഈശോയുടെ ജനന സമയം ഈശോയ്ക്കും, യൗസേപ്പിതാവിനും, മാതാവിനും ഇടുങ്ങിയ വാതിലുകളായിരുന്നു. എന്താണവിടെ സംഭവിച്ചത്? ദൈവം തന്റെ മാലാഖമാരെ അയച്ചു. സത്രത്തിൽപോലും സ്ഥലം ലഭിക്കാതെ തെരുവിൽ അലഞ്ഞു നടന്ന യൗസേപ്പിതാവിനും, മാതാവിനും, വൈയ്ക്കോലിന്റെ വേദനയിൽ, ഭൂമി സൃഷ്ടിച്ചവന് ഭൂമിയിൽ ഇടം ലഭിക്കാതിരുന്നതിന്റെ വേദനയിൽ കിടന്ന ഈശോയ്ക്കും സംരക്ഷണമായി മാലാഖമാർ എത്തിയില്ലേ? മരുഭൂമിയിൽ 40 ദിവസത്തെ ഉപവാസം കഴിഞ്ഞു പരീക്ഷണത്തിന്റെ ഇടുങ്ങിയ വഴികളിലൂടെ കടന്നുപോയപ്പോൾ ദൈവത്തിന്റെ സംരക്ഷണമായി മാലാഖമാർ വന്നില്ലേ? വചനം പറയുന്നു: “ദൈവ ദൂതന്മാർ അടുത്ത് വന്നു അവനെ ശുശ്രൂഷിച്ചു”. ഗെത്സമേൻ തോട്ടത്തിൽ രക്തം വിയർക്കേ വേദനിച്ച, അസ്വസ്ഥതയുടെ, ഒറ്റപ്പെടലിന്റെ ഇടുങ്ങിയ വഴികളിലൂടെ കടന്നുപോയ ക്രിസ്തുവിന്റെ വഴികളിൽ മാലാഖ വന്നില്ലേ?

വരും, സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിന്റെ ഇടുങ്ങിയ വാതിലുകൾക്കു മുൻപിൽ പകച്ചു നിൽക്കുമ്പോഴും ദൈവത്തിന്റെ സംരക്ഷണത്തിന്റെ, കൃപയുടെ, അനുഗ്രഹത്തിന്റെ മാലാഖമാർ വരും. എന്ത് ചെയ്യണം? നമ്മെത്തന്നെ ഒരുക്കണം. ജാഗ്രതയോടെ, നന്മയിൽ, അഹങ്കാരം വെടിഞ്ഞു അവിടുത്തെ സംരക്ഷണയിൽ കഴിയാൻ നാം യോഗ്യതയോടെ വ്യാപാരിക്കണം.

ഒരിക്കൽ വേദപാഠ ക്ലാസ്സിൽ അദ്ധ്യാപകൻ അബ്രാഹം ഇസഹാക്കിനെ ബലികഴിക്കുന്ന സംഭവം വളരെ നാടകീയമായി അവതരിപ്പിക്കുകയായിരുന്നു. അബ്രാഹവും കുട്ടിയും മോറിയാമലയിലേക്കു വരുന്നതും, വിറകടുക്കി വച്ച് കുട്ടിയെ അതിന്മേൽ കെട്ടുന്നതും കത്തിയെടുക്കുന്നതും ഒക്കെ അവിടെ നടക്കുന്നതുപോലെ തന്നെ അദ്ദേഹം പറയുകയാണ്. അദ്ദേഹം പറഞ്ഞു: അബ്രാഹം താൻ ഉയർത്തിയ കത്തി കുഞ്ഞിന്റെ ഇളം കഴുത്തിലേക്ക് താഴ്ത്തിയപ്പോൾ സ്വർഗത്തിൽ നിന്ന് ഒരു മാലാഖ വന്നു പറഞ്ഞു: “അരുത്”. 

പെട്ടെന്ന് ക്ളാസിലുണ്ടായിരുന്ന ഒരു പെൺകുട്ടി വാവിട്ടു കരഞ്ഞു. അപ്പോൾ അദ്ധ്യാപകൻ ചോദിച്ചു: “കരയാനെന്തിരിക്കുന്നു? മാലാഖ വന്നില്ലേ? കുഞ്ഞിനെ രക്ഷിച്ചില്ലേ?” കരച്ചിലിനിടയിൽ ആ പെൺകുട്ടി പറഞ്ഞു: “മാലാഖ വരാൻ അല്പം വൈകിയിരുന്നെങ്കിലോ?” ആ അദ്ധ്യാപകൻ ഒന്ന് പുഞ്ചിരിച്ചിട്ടു പറഞ്ഞു: ” മാലാഖമാർ ഒരിക്കലും വൈകാറില്ല. കാരണം, ദൈവമാണ് അവരെ അയയ്‌ക്കുന്നത്‌. അതുകൊണ്ടാണ് അവരെ മാലാഖമാർ എന്ന് വിളിക്കുന്നത്. A timely intervention of God – അതാണ് മാലാഖമാർ.

ഇടുങ്ങിയ വാതിലിലൂടെ കടക്കുവാൻ നമുക്കാകട്ടെ. പലതരത്തിലുള്ള വാതിലുകൾ, തീരുമാനങ്ങൾ, തിരഞ്ഞെടുപ്പുകൾ നമ്മുടെ മുന്പിലങ്ങനെ നിൽക്കും. ഏതാണ് രക്ഷയിലേക്കുള്ള വാതിൽ എന്ന് ഈശോ നമ്മെ പഠിപ്പിക്കുകയാണ്. ജീവിതത്തിന്റെ തകർച്ചയുടെ, മഹാമാരിയുടെ, ദാമ്പത്യ കുടുംബ ബന്ധങ്ങളുടെ തകർച്ചയുടെ, സാമ്പത്തിക ഞെരുക്കത്തിന്റെ കാലഘട്ടങ്ങളിൽ നാമെടുക്കുന്ന തീരുമാനങ്ങളിൽ കൃപയുടെ നിറവുണ്ടാകുവാൻ ഈശോ ഇപ്പോൾ നമ്മെ അനുഗ്രഹിക്കുകയാണ്.

ദുരന്തങ്ങളിലേക്ക്, അന്ധകാരത്തിലേക്ക് തുറക്കപ്പെടുന്ന വാതിലുകളിലൂടെ കടക്കുവാൻ ദൈവമേ ഞങ്ങൾക്ക് ഇടയാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. രക്ഷയുടെ വാതിലിലൂടെ കടക്കുവാൻ ഈശോയെ എന്നെ കൈപിടിച്ച് നടത്തണമേ. ആമേൻ!