കൈത്താക്കാലം ഏഴാം ഞായർ
ലൂക്ക 18, 1-8

ഐറീഷ് കവിയായ തോമസ് മൂർ (Thomas Moore) തന്റെ ജീവിതത്തിന്റെ ദുരിത കാലങ്ങളിൽ ആശ്വാസത്തിനായി മണിക്കൂറുകൾ പ്രാർത്ഥനയിൽ ചിലവഴിക്കുമായിരുന്നു. ഇപ്പോഴും പ്രാർത്ഥിക്കുന്ന തോമസ് മൂറിനെ എന്നാൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ കളിയാക്കി. ഇങ്ങനെ കുറെ നേരം ഇരുന്ന് പ്രാർത്ഥിച്ചിട്ട് എന്ത് കാര്യം? ദൈവത്തിന് എന്ത് ചെയ്യാൻ കഴിയുമെന്നാ നിങ്ങളുടെ വിചാരം? ഇങ്ങനെപോയി കൂട്ടുകാരുടെ ചോദ്യങ്ങൾ. ഒരിക്കൽ തന്നെ കളിയാക്കിയ സുഹൃത്തിനോട് തോമസ് മൂർ പറഞ്ഞു: ” സ്നേഹിതാ, “സ്വർഗത്തിന് സുഖപ്പെടുത്താൻ കഴിയാത്ത ഒരു ദുഃഖവും ഈ ഭൂമിക്കില്ല” (Earth has no sorrow that heaven cannot heal.)
കൈത്താക്കാലത്തിന്റെ ഈ അവസാന ഞായറാഴ്ച്ച ഭഗ്നാശരാകാതെ നിരന്തരം പ്രാർത്ഥിക്കണമെന്ന സുവിശേഷ സന്ദേശം വായിച്ചു ധ്യാനിക്കാനിരുന്നപ്പോൾ മനസ്സിലൂടെ കടന്നുപോയ ചിത്രം ഈ ഐറീഷ് കവിയുടേതാണ്. കാരണം, എന്തിനു പ്രാർത്ഥിക്കണമെന്ന ഒരു ചിന്ത, അത് സാത്താന്റെ പണിയാണെന്ന് അറിയാമെങ്കിലും, ഈ സുവിശേഷ ഭാഗം വായിച്ചപ്പോൾ മനസ്സിൽ കടന്നുകൂടി. “എന്തുമാത്രം ഉപവസിച്ചും, പരിത്യാഗം ചെയ്തും പ്രാർഥിച്ചതാ, എത്ര തിരികൾ കത്തിച്ചതാ, എത്ര വിശുദ്ധ കുർബാനകൾ അർപ്പിച്ചതാ …. എന്നിട്ടും, ജീവിത ദുരിതങ്ങൾ മുന്നോട്ട് തന്നെ, യുക്രയ്‌നിൽ റഷ്യ യുദ്ധം തുടരുകയാണ്; മണിപ്പൂർ നിന്ന് കത്തുകയാണ്; വിശുദ്ധ കുർബാന പ്രശ്നം വഷളായിക്കൊണ്ടിരിക്കുകയാണ്. അതിനിടയ്ക്ക് കുടുംബത്തിൽ സാമ്പത്തിക ഞെരുക്കങ്ങളും മറ്റ് പ്രശ്നങ്ങളും…. ദൈവത്തിനുപോലും ഈ പ്രശ്നങ്ങളെ മാറ്റുവാൻ കഴിയുന്നില്ലല്ലോ!” ഇങ്ങനെയൊക്കെ ചിന്തിച്ചപ്പോഴാണ് ഈ ഐറീഷ് കവിയുടെ പ്രസ്താവന ഓർമയിലെത്തിയത്. – സ്നേഹിതാ, “സ്വർഗത്തിന് സുഖപ്പെടുത്താൻ കഴിയാത്ത ഒരു ദുഃഖവും ഈ ഭൂമിക്കില്ല”
ഇന്നത്തെ സുവിശേഷ ഭാഗം മനോഹരമായ ഈ സന്ദേശത്തിന്റെ ക്രിസ്തു ഭാഷ്യമാണ്. ജീവിത വഴികളിലൂടെ മുന്നോട്ട് പോകുമ്പോൾ ഈശോ നമ്മോട് പറയുന്നതിങ്ങനെയാണ്: ” മകളേ, മകനേ, നിരന്തരം നിരാശപ്പെടാതെ കാരുണ്യം, സ്നേഹം മാത്രമായ നിന്റെ ദൈവത്തോട് എപ്പോഴും പ്രാർത്ഥനയിൽ ആയിരിക്കുക, ബന്ധത്തിൽ ആയിരിക്കുക അവിടുന്ന് നിന്റെ ജീവിതത്തിന് ആവശ്യമായുള്ളതെല്ലാം നൽകും.” പ്രാർത്ഥന എന്താണെന്നും, എങ്ങനെ പ്രാർത്ഥിക്കണമെന്നും, പ്രാർത്ഥനയിൽ സ്വീകരിക്കേണ്ട മനോഭാവമെന്താണെന്നും ഈശോ ഇന്ന് നമ്മെ പഠിപ്പിക്കുകയാണ്. നമുക്കറിയാവുന്ന കാര്യങ്ങൾ നമ്മെ ഓർമപ്പെടുത്തുകയാണ്.
പ്രാർത്ഥനയുടെ സവിശേഷതകളെ നമ്മെ പഠിപ്പിക്കുന്ന ഒരു സുവിശേഷഭാഗമാണിത് എന്നതിന് ഒരു തർക്കവുമില്ല. വിശുദ്ധ ലൂക്കായുടെ സുവിശേഷം തന്നെ പ്രാർത്ഥനയുടെ സുവിശേഷം എന്നാണു അറിയപ്പെടുന്നത്. ലൂക്കായുടെ സുവിശേഷത്തിന്റെ ഒന്നാം അദ്ധ്യായം മുതൽ പ്രാർത്ഥനയുടെ വിവിധ രൂപങ്ങളും സവിശേഷതകളും നമുക്ക് കാണാവുന്നതാണ്. ഒന്നാമത്തെ അദ്ധ്യായത്തിൽ സഖറിയാ എന്ന പുരോഹിതനെ അവതരിപ്പിച്ചുകൊണ്ട് വിശുദ്ധ ലൂക്കാ പറയുന്നു ധൂപാർച്ചനയാണ് പ്രാർത്ഥന. അദ്ദേഹത്തിന്റെ പ്രാർത്ഥനക്കു ദൈവം ഉത്തരം കൊടുക്കുന്നുണ്ട്. ആ അധ്യായത്തിൽ തന്നെ മാതാവിന്റെ പ്രാർത്ഥനയും ഉണ്ട്. അത് ഒരു സ്തോത്രഗീതമായിട്ടാണ് മാതാവ് അവതരിപ്പിച്ചത്. രണ്ടാം അധ്യായത്തിലെ ശിമെയോന്റെയും അന്നായുടെയും പ്രാർത്ഥന, മൂന്നാം അധ്യായത്തിൽ ജ്ഞാനസ്നാന സമയത്തെ പ്രാർത്ഥന, നാലാം അധ്യായത്തിലെ ഉപവസിച്ചുള്ള പ്രാർത്ഥന…ഇങ്ങനെ ലൂക്കായുടെ സുവിശേഷം മുഴുവൻ പ്രാർത്ഥയുടെ രൂപങ്ങളും പ്രത്യേകതകളുമാണ്. വീട്ടിൽ ചെന്ന് ലൂക്കായുടെ സുവിശേഷം ഈ ചിന്തവച്ച് ഒന്ന് വായിച്ചു നോക്കിയാൽ നിങ്ങൾ വിസ്മയിച്ചു പോകും, തീർച്ച!
ഈശോ പലപ്പോഴായി പ്രാർത്ഥനയുടെ സവിശേഷതകൾ എന്തൊക്കെയാണെന്ന് നമ്മെ പഠിപ്പിക്കുന്നുണ്ട്. ലൂക്കായുടെ സുവിശേഷം അദ്ധ്യായം 10 ൽ പരിശുദ്ധാത്മാവിൽ ആനന്ദിച്ചു ഈശോ പ്രാർത്ഥിക്കുന്നുണ്ട്. (21 -24) പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പ്രാർത്ഥിക്കുക എന്നത് പ്രാർത്ഥനയുടെ ഉന്നതരൂപം തന്നെയാണ്. അദ്ധ്യായം 11 ൽ ഈശോ ശിഷ്യന്മാരെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്നുണ്ട്. ഇവിടെ ഒരു പ്രാർത്ഥനയുടെ ഘടന എങ്ങനെയായിരിക്കണം എന്ന് ഈശോ നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്. (1 – 4) ഇതേ അധ്യായത്തിൽ തന്നെ പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ചു ഈശോ പറയുന്നുണ്ട്. (5 – 13) അദ്ധ്യായം 22 ൽ ഈശോയുടെ ഗത്സെമെൻ പ്രാർത്ഥനയുണ്ട്. രക്തം വിയർക്കേ പ്രാർത്ഥിക്കുന്ന ഈശോ, പ്രാർത്ഥനയുടെ മറ്റൊരു രൂപം അവതരിപ്പിക്കുകയാണ്. അദ്ധ്യായം 23 ൽ, കാൽവരിയിൽ കുരിശിൽ മരിക്കുന്നതിന് മുൻപ് വളരെ മനോഹരമായ ഒരു പ്രാർത്ഥന ഈശോ നമുക്കായി നൽകുന്നു: “പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.” (46)
ഇന്നത്തെ സുവിശേഷത്തിൽ പ്രാർത്ഥനയുടെ മൂന്ന് സവിശേഷതകളാണ് ഈശോ അവതരിപ്പിക്കുന്നത്. ഒന്ന്, ഭഗ്നാശരാകാതെ, നിരാശരാകാതെ പ്രാർത്ഥിക്കണം. രണ്ട്, എപ്പോഴും പ്രാർത്ഥിക്കണം. മൂന്ന്, പ്രാർത്ഥനയ്ക്ക് നീതിപൂർവകമായി ദൈവം ഉത്തരം നൽകും.
നമ്മുടെ ജീവിതത്തിൽ, നിരാശരാകാതെ, എന്റെ ദൈവം എന്റെ ജീവിതത്തിനു ആവശ്യമുള്ളതെല്ലാം നൽകും എന്ന ഉറച്ച വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം. ജീവിതമെന്നു പറയുന്നത് നമ്മുടെ ചിന്തയുടെ, നമ്മുടെ വിശ്വാസങ്ങളുടെ, നമ്മുടെ സ്വഭാവത്തിന്റെ, നമ്മുടെ മാനസികാവസ്ഥയുടെ പ്രതിഫലനങ്ങളാണ് എന്ന് ആധുനിക മാനേജ്‌മെന്റ് Trainers പറയും. എന്നാൽ ഈശോ പറയുന്നത്, ജീവിതമെന്നത് നമ്മുടെ പ്രാർത്ഥനയുടെ പ്രതിഫലനമാണെന്നാണ്. കാരണം പ്രാർത്ഥന എന്നത് ദൈവവും മനുഷ്യനും ഒന്നായിത്തീരുന്ന അവസ്ഥയാണ്. പ്രാർത്ഥനയെന്നത് ദൈവത്തോട് നമുക്ക് ആവശ്യമുള്ള കാര്യങ്ങളുടെ ഒരു ലിസ്റ്റ് നിരത്തലല്ല. പ്രാർത്ഥന എന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നിറയപ്പെടാൻ എന്നെത്തന്നെ സമർപ്പിക്കുന്ന സമയമാണ്. പ്രാർത്ഥന എന്നത് പരിശുദ്ധാത്മാവിനാൽ നിറഞ്ഞു ദൈവം നൽകിയ ജീവിതത്തിനു നന്ദി പറയുന്ന നിമിഷമാണ്. ഈ പ്രാർത്ഥന സന്തോഷത്തോടെ, നന്ദിയോടെ, കൃതജ്ഞതയോടെ ചെയ്യേണ്ട ഒരു കർമമാണ്. ക്രൈസ്തവന്റെ ഏറ്റവും വലിയ പ്രാർത്ഥനയായ വിശുദ്ധ കുർബാനയിലെ ഓരോ പ്രാർത്ഥനയും ശ്രദ്ധിച്ചിട്ടില്ലേ? “ഞങ്ങൾ അങ്ങേക്ക് സ്തുതിയും, കൃതജ്ഞതയും, ആരാധനയും സമർപ്പിക്കുന്നു എന്ന് എത്രയോ വട്ടമാണ് നാം ചെല്ലുന്നത്!
സ്നേഹമുള്ളവരേ, എല്ലാം നല്കുന്നവനാണ് നമ്മുടെ ദൈവം. ‘വിളിക്കും മുൻപേ ഉത്തരം അരുളുന്നവനാണ് നമ്മുടെ ദൈവം; പ്രാർത്ഥിച്ചു തീരും മുൻപേ അത് കേൾക്കുന്നവനാണ് നമ്മുടെ ദൈവം’. (ഏശയ്യാ 65, 24) അതുകൊണ്ടു നിരാശരാകാതെ നാം പ്രാർത്ഥിക്കണം, ദൈവത്തോടൊത്തു ആയിരിക്കണം.
ഒരിക്കൽ ഒരു സ്കൂളിൽ ബാൻഡ് സെറ്റിൽ ചേർന്ന് സംഗീതോപകരണം പഠിക്കാൻ ആഗ്രഹിച്ച ഒരു കൊച്ചുകുട്ടി ഉണ്ടായിരുന്നു. ഒരു ദിവസം സ്കൂളിൽ നിന്ന് വീട്ടിലേക്ക് ചെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞു: “എനിക്ക് Flute പഠിക്കാൻ ആഗ്രഹമുണ്ട്. ഒരു ഓടക്കുഴൽ വാങ്ങിത്തരുമോ?” അവന്റെ മാതാപിതാക്കൾ വാങ്ങിക്കൊടുക്കാമെന്നും പറഞ്ഞില്ല, വാങ്ങിത്തരില്ലന്നും പറഞ്ഞില്ല. “ഞങ്ങൾക്ക് അതിനെക്കുറിച്ച് ചിന്തിക്കണം. നല്ലൊരു ഓടക്കുഴലിന് ധാരാളം പണം ചിലവാകും, നീ അതിൽ ഉറച്ചുനിൽക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പില്ലല്ലോ.” കുറച്ച് ദിവസങ്ങൾ കടന്നുപോയി, കുട്ടിയുടെ മാതാപിതാക്കൾ ഒന്നും പറഞ്ഞില്ല, അതിനാൽ വീണ്ടും അവൻ മാതാപിതാക്കളോട് ചോദിച്ചു. അവർ പറഞ്ഞു, “ഞങ്ങൾ ഇപ്പോഴും അതേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്.”
അടുത്ത ദിവസം സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ, അവനൊരു Music ഷോപ്പിൽ കയറി, പഴയൊരു Flute ന്റെ വില ചോദിച്ചു. അവനത് ഇഷ്ടപ്പെട്ടു. അവൻ ആഗ്രഹിച്ചത് അത് മാത്രമായിരുന്നു.
അന്ന് രാത്രി അത്താഴസമയത്ത് കുട്ടി മാതാപിതാക്കളോട് വീണ്ടും പറഞ്ഞു. “ഞാൻ ഇന്ന് സ്കൂൾ കഴിഞ്ഞ് മ്യൂസിക് സ്റ്റോർ വഴി പോയി. അവിടെ നല്ലൊരു ഉപയോഗിച്ച Flute ഞാൻ കണ്ടു. എനിക്ക് വേണ്ടത് അതാണ്, അതിന് 500 രൂപ മാത്രം മതി.” കുട്ടിയുടെ പപ്പാ മമ്മിയോട് പറഞ്ഞു, “ഇവാൻ ഉറച്ച തീരുമാനത്തിലാണെന്ന് തോന്നുന്നു. നമുക്ക് ആ ഫ്‌ലൂടെ വാങ്ങിച്ചുകൊടുക്കാം അല്ലേ?” മമ്മി തലകുലുക്കി. അടുത്ത ദിവസം, കുട്ടി മാതാപിതാക്കളോടൊപ്പം സംഗീത സ്റ്റോറിലേക്ക് പോയി, അവർ ആ ഓടക്കുഴൽ വാങ്ങി. അവന് സന്തോഷമായി. അവൻ സ്കൂളിലെ ബാൻഡിൽ ചേർന്നു. അവൻ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി കോളേജിൽ പോയി സംഗീതം പഠിച്ചു. കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം അദ്ദേഹം സംഗീത അധ്യാപകനായി. പിന്നീട്, വലിയൊരു സംഗീതജ്ഞനായി. ചെറുപ്പത്തിൽ വീണ്ടും വീണ്ടും മാതാപിതാക്കളോട് അവൻ ഒരു Flute ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് അവന് Flute കിട്ടിയതും, അവൻ ഇത്ര ഉയരങ്ങളിൽ എത്തിയതും.
നിരാശരാകാതെ,പ്രതീക്ഷയോടെ, വീണ്ടും, വീണ്ടും ഈശോയുടെ മുൻപിൽ നമ്മുടെ ഹൃദയം തുറക്കണം. ഒരു ജലധാരപോലെ നമ്മുടെ ഹൃദയം ഈശോയുടെ മുൻപിൽ ചൊരിയണം. നമ്മുടെ ഹൃദയമറിയുന്ന ഈശോ അപ്പോൾ നമുക്ക് അനുഗ്രഹങ്ങൾ നൽകും.
രണ്ട്, നാം എപ്പോഴും പ്രാർത്ഥിക്കണം.

കാരണം, നമ്മുടെ ജീവിതം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റലിന്റെ ഒരാഘോഷമാകണം. ദൈവത്തിന്റെ ഇഷ്ടം അറിയണമെങ്കിലോ, നാം ദൈവവുമായി എപ്പോഴും പ്രാർത്ഥനയിൽ ആയിരിക്കണം. രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ, രാത്രി കിടക്കുന്ന നിമിഷം വരെ നാം പ്രാർത്ഥനയിൽ ആയിരിക്കണം. ജീവിതത്തിലെ ചെറുതും വലുതുമായ കാര്യങ്ങളെല്ലാം പ്രാർത്ഥിച്ചുകൊണ്ട് തുടങ്ങാവൂ. ഭക്ഷണം കഴിക്കുന്നതിനു മുൻപ് ആ ഭക്ഷണം നൽകിയ നല്ല ദൈവത്തിനു നന്ദി പറയുന്നവർ എത്ര പേരുണ്ട്? വീട്ടിൽ നിന്ന് എന്തെങ്കിലും കാര്യത്തിനായി ഇറങ്ങി പുറപ്പെടുമ്പോൾ ആദ്യമേ സുഹൃത്തേ, നീ നിന്റെ ദൈവവുമായി പ്രാർത്ഥനയിലാകണം. Be in tune with your God always! Be in prayer with your God always!
മൂന്ന്, നമ്മുടെ പ്രാർത്ഥനയ്ക്ക് നീതിപൂർവകമായി ദൈവം ഉത്തരം നൽകും. ഈ സുവിശേഷഭാഗം ആ വിധവയ്ക്ക് ലഭിക്കാതെപോയ നീതിയെക്കുറിച്ചു പറയാനല്ല ഈശോ ആഗ്രഹിച്ചത്. പിന്നെയോ, രാവും പകലും തന്നെ വിളിച്ചു കരയുന്നവർക്കു, താനുമായി പ്രാർത്ഥനയിൽ ആകുന്നവർക്കു നീതിപൂർവം ഉത്തരം നല്കുന്നവനാണ് ദൈവം എന്ന് പഠിപ്പിക്കുവാനാണ്. ദൈവത്തെ ഭയപ്പെടാത്ത, മനുഷ്യനെ മാനിക്കാത്ത ഒരു ന്യായാധിപന് ആ വിധവയ്ക്ക് നീതിനടത്തി കൊടുക്കുവാൻ മനസ്സുണ്ടായിരുന്നെങ്കിൽ, ഹേ മനുഷ്യാ, നിന്നെ സ്നേഹിക്കുന്ന, പേരുചൊല്ലി വിളിക്കുന്ന, സമുദ്രത്തിലൂടെ കടന്നുപോകുമ്പോഴും, നദികളിലൂടെ സഞ്ചരിക്കുമ്പോഴും നിന്നെ കാക്കുന്ന, അഗ്നിയിലൂടെ നടന്നാലും പൊള്ളലേൽക്കാതെ സംരക്ഷിക്കുന്ന, തന്റെ കൈകളിൽ നിന്നെ താങ്ങുന്ന നിന്റെ ദൈവം നിനക്ക് അർഹതപ്പെട്ടത് നല്കാതിരിക്കുമോ? (Pause)
ശരിയാണ്, ദൈവം നമുക്ക് നീതിയേ നടത്തി തരൂ. എന്ന് പറഞ്ഞാൽ, നമുക്ക് അർഹതപ്പെട്ടതേ നൽകൂ. ഒരുവന് അർഹതപ്പെട്ടത് നല്കുന്നതാണല്ലോ നീതി! അതുകൊണ്ടു നമുക്ക് അർഹതപ്പെട്ടത് മാത്രമേ നല്കപ്പെടുകയുള്ളൂ.
ക്രിസ്തുവുമായി പ്രാർത്ഥനയിലായിരിക്കുമ്പോഴും, ഓർക്കുക, നിനക്ക് അർഹതപ്പെട്ടത് എന്തെന്ന് നന്നായി അറിയുന്ന നിന്റെ ദൈവം അർഹതപ്പെട്ടതേ നിനക്ക് നൽകൂ; അതും ഉചിതമായ സമയത്തേ നൽകൂ. അതുകൊണ്ടാണ് ആധ്യാത്മിക പിതാക്കന്മാർ പറയുന്നത്, the Grace of God has its own pace! ദൈവത്തിന്റെ ചുവടുവെപ്പുകൾക്കു അതിന്റേതായ താളമുണ്ട്, സമയമുണ്ട്. അപ്പോൾ പിന്നെ, പ്രാർഥിച്ചത് കിട്ടുന്നുണ്ടോ, എന്നതല്ല പ്രധാനപ്പെട്ടകാര്യം. നാളെ എന്ത് ചെയ്യുമെന്നോർത്തു ആകുലപ്പെടുകയല്ല വേണ്ടത്. പ്രധാനപ്പെട്ട കാര്യം Am I in tune with God, am I in prayer with my God എന്നതാണ്. ഞാൻ എന്റെ ഈശോയുമായി പ്രാർത്ഥനയിൽ ആണോ എന്നതാണ് പ്രധാനപ്പെട്ട കാര്യം!
സ്നേഹമുള്ളവരേ, ഈശോ ഇന്ന് നമ്മോട് ചോദിക്കുന്ന സുന്ദരമായ ചോദ്യം ഇതാണ്: സഹോദരി, സഹോദരാ, നീ ഞാനുമായി സന്തോഷത്തോടെ, എപ്പോഴും പ്രാർത്ഥനയിൽ ആണോ? ആണെങ്കിൽ തീർച്ചയായും, നമുക്ക് നീതി ലഭിക്കുകതന്നെ ചെയ്യും. നമ്മുടെ പ്രാർത്ഥന നമ്മുടെ ജീവിതാവസ്ഥയെ മാറ്റിമറിക്കും.
സ്നേഹമുള്ളവരേ, നിങ്ങളുടെ ഇപ്പോഴത്തെ ജീവിതാവസ്ഥ മാറി സന്തോഷമുള്ള, സമാധാനമുള്ള, നന്മയുള്ള ദൈവകൃപയാൽ നിറഞ്ഞ ഒരു ജീവിതാവസ്ഥ വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഭഗ്നാശരാകാതെ, നിരന്തരം പ്രാർത്ഥിക്കുക. വലിയൊരു മതിൽപോലെ നിന്ന ചെങ്കടൽ രണ്ടായി പിളർന്ന് വഴിയുണ്ടായതുപോലെ, കരയിലൂടെയെന്നവണ്ണം ഇസ്രായേൽ ജനം മറുകരെയെത്തിയതുപോലെ, നിങ്ങളുടെ ജീവിതാവസ്ഥ മാറാൻ ആഗ്രഹമുണ്ടെങ്കിൽ, ചെങ്കടൽ പോലെ നിൽക്കുന്ന പ്രശ്നങ്ങൾ മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നിരന്തരം പ്രാർത്ഥിക്കുക, പ്രതീക്ഷയോടെ. കുട്ടികളില്ലാതിരുന്ന ഹന്നയ്ക്ക്, ദൈവത്തിന്റെ മുൻപിൽ തന്റെ ഹൃദയം പകർന്നപ്പോൾ കുട്ടികളുണ്ടായതുപോലെ, അസാധ്യമെന്ന് കരുതുന്നതുപോലും നിങ്ങളുടെ ജീവിതത്തിൽ സാധ്യമാകണമെന്നുണ്ടെങ്കിൽ, ഹൃദയവിചാരങ്ങൾ പ്രാർത്ഥനയായി ഈശോയ്ക്ക് സമർപ്പിക്കുക.

ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേയെന്ന് അപേക്ഷിച്ചുകൊണ്ട് നമുക്ക് വിശുദ്ധ കുർബാന തുടരാം. ആമേൻ!!








