SUNDAY SERMON LK 2, 21-24

പിറവിക്കാലം രണ്ടാം ഞായർ

ലൂക്കാ 2, 21-24

2023-ന്റെ 365 ദിവസങ്ങളിൽ ദൈവം കനിഞ്ഞു നൽകിയ എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് നന്ദിപറഞ്ഞുകൊണ്ടും, നാളെ പിറന്നുവീഴുന്ന പുതുവർഷം, 2024, ദൈവാനുഗ്രഹപ്രദമാകാൻ പ്രാർഥിച്ചുകൊണ്ടും വിശുദ്ധ കുർബാന അർപ്പിക്കുന്ന നമ്മോട് സുവിശേഷം പറയുന്നത് തിരുസ്സഭയോട്, സീറോമലബാർ സഭയോട് ചേർന്ന് ചിന്തിക്കുവാനും, ജീവിക്കുവാനും, സഭയോടൊപ്പം നടക്കുവാനുമാണ്.

ഞാനിത് പറയുന്നത് ഇന്നത്തെ ആനുകാലിക സംഭവങ്ങളോട് ചേർത്ത് വായിക്കുവാനും കേൾക്കുവാനും ആഗ്രഹിക്കുന്നവരുണ്ടാകും. വിശുദ്ധ കുർബാനയെച്ചൊല്ലിയുള്ള ഇന്നത്തെ വിവാദങ്ങളിൽ ഏത് പക്ഷത്തോട് ചേർന്നുനിൽക്കുന്നവനാണാവോ ഈ അച്ചൻ എന്നും ചിന്തിക്കുന്നവരുണ്ടാകും. എന്നാൽ, വിവാദങ്ങൾക്കുമുപരി, ഇന്നത്തെ സുവിശേഷത്തിലെ ഈശോയുടെ മാതാപിതാക്കളെ, പരിശുദ്ധ കന്യകാമറിയത്തെയും, വിശുദ്ധ യൗസേപ്പിതാവിനെയും കൂടുതൽ മനസ്സിലാക്കിയപ്പോൾ, അവരുടെ മതജീവിതത്തിനോടുള്ള പ്രതിബദ്ധത അറിഞ്ഞപ്പോൾ, മതാചാരങ്ങൾ വളരെ കൃത്യമായി അനുഷ്ഠിക്കുന്നത് കണ്ടപ്പോൾ ഞാനും എന്റെ സഭയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഞാൻ ഓർത്തുപോയി. അത്രമാത്രം.

യഹൂദ പാരമ്പര്യമനുസരിച്ച്, യഹൂദമതത്തിന്റെ സംവിധാനത്തെ പിഞ്ചെന്ന് ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കിയവരാണ്, അങ്ങനെ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കിയവരാണ് ഈശോയുടെ മാതാപിതാക്കൾ. ഇന്ന് നാം വായിച്ചുകേട്ട സുവിശേഷഭാഗത്തുനിന്ന് തന്നെ ഇത് സുതരാം വ്യക്തമാണ്. യഹൂദ പാരമ്പര്യമനുസരിച്ച് “ശിശുവിന്റെ പരിച്ഛേദനത്തിനുള്ള എട്ടാം ദിവസം ആയപ്പോൾ” അവർ ശിശുവിന് ഈശോ എന്ന പേര് നൽകി. വീട്ടുകാരുടെ സൗകര്യമനുസരിച്ച്, കേറ്ററിംഗ്കാരനെ കിട്ടുന്നതിനനുസരിച്ച്, പള്ളിയുടെ ഹാളിന്റെ ലഭ്യതയനുസരിച്ച്, ഫോട്ടോഗ്രാഫറുടെ അഭിപ്രായമനുസരിച്ച് മാമ്മോദീസായുടെയോ, മറ്റ് കൂദാശസ്വീകരണങ്ങളുടെയോ date മുന്നോട്ടോ, പിന്നോട്ടോ മാറ്റുവാൻ ശ്രമിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഇതൊരു തമാശയായി തോന്നാം. ഇത്ര കൃത്യമായി പാലിക്കേണ്ടതുണ്ടോ ഇവയൊക്കെ, മതാചാരമനുസരിച്ച്, മതം പറയുന്ന രീതിയിൽ നടത്തിയില്ലെങ്കിൽ എന്താ കുഴപ്പം, അല്ലെങ്കിൽ തന്നെ, നമ്മളോടൊക്കെ ചോദിച്ചിട്ടാണോ ഇവർ ഇങ്ങനെയൊക്കെ തീരുമാനിച്ചത്, ഇവർ തീരുമാനിക്കുന്നതിനനുസരിച്ചൊക്കെ തുള്ളാൻ നടക്കേണ്ട ആവശ്യമുണ്ടോ  എന്നൊക്കൊ തോന്നാം. വീണ്ടും, മോശയുടെ നിയമമനുസരിച്ച് ശുദ്ധീകരണത്തിനുള്ള ദിവസങ്ങൾ പൂർത്തിയായപ്പോൾ” ഈശോയെ കർത്താവിന് സമർപ്പിക്കുവാൻ അവർ ജെറുസലേമിലേക്ക് കൊണ്ടുപോയി. ഓർക്കണം, ഇന്നത്തെപ്പോലെ വാഹനസൗകര്യങ്ങളൊന്നുമില്ലാതിരുന്ന ഒരു കാലത്ത്, Uber, Ola തുടങ്ങിയ modern possibilities ഇല്ലാതിരുന്ന സമയത്താണ് അവർ കൃത്യമായി നടന്നോ, കഴുതപ്പുറത്തോ ജെറുസലേമിലേക്ക് പോയത്. ഇനിയും, കർത്താവിന്റെ നിയമത്തിൽ പറഞ്ഞതനുസരിച്ച് ഒരു ജോഡി ചങ്ങാലികളെയോ, രണ്ട് പ്രാവിൻ കുഞ്ഞുങ്ങളെയോ” സമർപ്പിക്കണം. ഇത് വീട്ടിൽ നിന്ന് കൊണ്ടു വന്നാൽ പോരാ. അവിടെ കച്ചവടം നടത്തുന്നവരിൽ നിന്നു തന്നെ വാങ്ങണം. ഇതിനൊക്കെ പണം ആവശ്യമാണ്. മതത്തിന്റെ ചട്ടക്കെട്ടുകളോട് ചേർന്ന് കച്ചവടശൈലികൾ അന്നും ഉണ്ടായിരുന്നു.

ഞാൻ പറഞ്ഞുവരുന്നത്, ഈശോയുടെ മാതാപിതാക്കൾ അവർ അംഗങ്ങളായുള്ള മതത്തിന്റെ നിയമങ്ങൾക്കനുസരിച്ച്, പാരമ്പര്യങ്ങൾക്കനുസരിച്ച്, സംവിധാനങ്ങൾക്കനുസരിച്ച് അവയിലെല്ലാം ദൈവത്തിന്റെ ഇഷ്ടംകണ്ടുകൊണ്ട് ജീവിച്ചവരായിരുന്നു എന്നാണ്. ദൈവനിയമങ്ങളെയും, മതനിയമങ്ങളെയും വിഭജിക്കുന്ന ഭൗതിക സംസ്കാരത്തിൽ നിന്ന് വേറിട്ട്, ഇവ രണ്ടും രണ്ടല്ലെന്നും പൂവും മണവും പോലെ രണ്ടിനെയും പരസ്പരം സ്വീകരിച്ചും, സംയോജിപ്പിച്ചുമാണ് കൊണ്ടുപോകേണ്ടതെന്നും ഈശോയുടെ മാതാപിതാക്കൾ പഠിച്ചിരുന്നു. അവർക്ക് വേണമെങ്കിൽ തർക്കിക്കാമായിരുന്നു…ആരോട് ചോദിച്ചിട്ടാണ് ഈ നിയമങ്ങളെല്ലാം ഉണ്ടാക്കിയത്? എത്ര പേരുടെ ഭൂരിപക്ഷമുണ്ടായിരുന്നു ഈ നിയമങ്ങൾ പാസ്സാക്കിയപ്പോൾ?  ഞങ്ങളോട് ചോദിക്കാത്ത, ഞങ്ങളറിയുകപോലുമില്ലാത്ത, ഞങ്ങൾക്ക് താത്പര്യമില്ലാത്ത ഈ നിയമങ്ങൾ ഞങ്ങൾ അനുവർത്തിക്കുകയില്ലയെന്ന് ഒരു ടാർപ്പായയും വലിച്ചുകെട്ടി, മൈക്കും കൈയ്യിൽ പിടിച്ച് അവർക്ക് ആക്രോശിക്കാമായിരുന്നു. എന്നാൽ, മതനിയമങ്ങളെ ദൈവിക നിയമങ്ങളായി കണ്ട്, അവയിൽ ദൈവത്തിന്റെ ഹിതം ദർശിക്കുവാൻ ‘അമ്മ പഠിപ്പിച്ച വേദപാഠം അവർക്ക് അധികമായിരുന്നു!!   

സ്നേഹമുള്ളവരേ, ക്രൈസ്തവമതജീവിതത്തിന്റെ പക്വത എന്ന് പറയുന്നത് –   തിരുസ്സഭയെന്നത് ക്രിസ്തുവിന്റെ, ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ പിന്തുടർച്ചയാണെന്നന്നും, ക്രിസ്തുവിന്റെ പഠനങ്ങളെന്നത് തിരുസഭയുടെ പഠനങ്ങളാണെന്നും, ക്രിസ്തുവിന് വിധേയപ്പെടുക എന്നത് തിരുസ്സഭയ്ക്ക് വിധേയപ്പെടലാണെന്നും, ക്രിസ്തുവിന്റെ ശബ്ദമാകുക എന്നാൽ തിരുസഭയുടെ ശബ്ദമാകുകയാണെന്നും മനസ്സിലാക്കലാണ്. അതായത്, ക്രിസ്തുവിനെ പിന്തുടരുന്നു എന്ന് പറയുകയും, തിരുസഭയുടെ പഠനങ്ങൾക്കും, തീരുമാനങ്ങൾക്കും പുല്ലുവില കൽപ്പിക്കുകയും ചെയ്യുന്നത് ക്രിസ്തുവിനെ കബളിപ്പിക്കലാണ്. നമ്മോട് തന്നെ, നമ്മുടെ ക്രൈസ്തവജീവിതത്തോട് തന്നെ നാം കാണിക്കുന്ന ആത്മാർത്ഥതയില്ലായ്മയാണ്.

ക്രിസ്തുവിലൂടെ പൂർത്തിയായ ദൈവത്തിന്റെ രക്ഷാകര പദ്ധതി ഇന്നും തുടർന്നുകൊണ്ട് പോകുന്നത് തിരുസ്സഭയിലൂടെയാണ് എന്ന് വിശ്വസിക്കുന്നവരാണ് നാം. തിരുസഭയിൽ കൂദാശകളിലൂടെയും, കൂദാശാനുകരണങ്ങളിലൂടെയും ഇന്നും ഈശോ തന്റെ രക്ഷ നമുക്ക് നൽകുന്നു എന്ന് നാം വിവിശ്വസിക്കുന്നു. ‘സ്നേഹത്തിന്റെ കൂദാശയും, ഐക്യത്തിന്റെ അടയാളവും, ഉപവിയുടെ ഉടമ്പടിയുമായ വിശുദ്ധ കുർബാന’ (രണ്ടാം വത്തിക്കാൻ കൗൺസിൽ) നല്കപ്പെട്ടിരിക്കുന്നത് തിരുസ്സഭയ്ക്കാണ്; തിരുസ്സഭയിലാണ് അത് പരികർമ്മം ചെയ്യപ്പെടുന്നത്. ഓരോ വിശുദ്ധ കുർബാനയർപ്പണവും തിരുസ്സഭയോടൊപ്പമാണ് നാം പ85രികർമ്മം ചെയ്യുന്നത്.  കാറോസൂസാ പ്രാർത്ഥനയിലും, കൂദാശാവചനത്തിനുശേഷമുള്ള മധ്യസ്ഥ പ്രാർത്ഥനയിലും, മാർപാപ്പയുടെയും, സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പിന്റെയും, നമ്മുടെ രൂപതയുടെ മെത്രാന്റെയും പേര് പറഞ്ഞ് പ്രാർത്ഥിക്കുന്നത്, തിരുസ്സഭയോട് ചേർന്നാണ് നാം ബലിയർപ്പിക്കുന്നത് എന്നതിന്റെ സൂചനയാണ്.

ഇന്നത്തെ സുവിശേഷം തിരുസ്സഭയോടൊത്തുള്ള നമ്മുടെ ക്രൈസ്തവ ജീവിതത്തെപ്പറ്റി വിചിന്തനം ചെയ്യുവാനാണ് നമ്മെ ക്ഷണിക്കുന്നത്. നമ്മുടെ വിചിന്തനത്തിന് കൂട്ടായി സഭ ചൂണ്ടിക്കാണിക്കുന്നത് പരിശുദ്ധ അമ്മയെയും, വിശുദ്ധ യൗസേപ്പിതാവിനെയുമാണ്. മതത്തോടും, മതാചാരങ്ങളോടും, മതത്തിന്റെ സംവിധാനത്തോടും പരിശുദ്ധ അമ്മയും വിശുദ്ധ യൗസേപ്പിതാവും യോജിച്ചു നിന്നതുപോലെ – എന്നാണ് സഭ ഇന്ന് നമ്മോട് പറയുന്നത്.

ക്രിസ്തു സ്ഥാപിച്ച സഭയുടെ, (ക്രിസ്തു സഭ സ്ഥാപിച്ചുവോ? ഇന്നുള്ള രീതിയിലുള്ള ഒരു സഭാസംവിധാനത്തെ ക്രിസ്തു വിഭാവനം ചെയ്തിരുന്നോ? ഇന്ന് കാണുന്ന സഭാസംവിധാനങ്ങളും, അധികാരശ്രേണികളും, ഹയരാർക്കിക്കൽ ഭരണസംവിധാനവും ക്രിസ്തു ആഗ്രഹിച്ചിരുന്നോ? ഉചിതമായൊരു ഉത്തരം, മതിയായ ഉത്തരം ലഭിക്കാത്ത, ആവശ്യമായിടത്തോളം തെളിവുകൾ നിരത്താൻ സാധിക്കാത്ത ചോദ്യങ്ങളാണിവ. എങ്കിലും, സുവിശേഷാടിസ്ഥാനത്തിലുള്ള ഒരു സംവിധാനം തന്നെയാണ് തിരുസഭയിൽ രൂപപ്പെട്ട് വന്നിരിക്കുന്നത്. തന്നെയുമല്ല, ഇത്രയും നാൾ സഭാസംവിധാനം ക്രിസ്തുവിനെ പ്രഘോഷിച്ച് മുന്നോട്ട് പോയത് പരിശുദ്ധാത്മാവിന്റെ കൈയൊപ്പോടുകൂടി തന്നെയാണ്. അതുകൊണ്ട്, വിശ്വാസത്തിന്റെ വെളിച്ചത്തിൽ ക്രിസ്തു സ്ഥാപിച്ച സഭ എന്ന് പറയുവാൻ തന്നെയാണ് എന്റെ ആഗ്രഹം) ക്രിസ്തു സ്ഥാപിച്ച സഭയുടെ ശ്ലൈഹിക പിന്തുടർച്ചയാണ് കത്തോലിക്കാ തിരുസ്സഭ. ഇന്ന് കത്തോലിക്കാ തിരുസ്സഭയിലൂടെയാണ് ക്രിസ്തു തന്റെ രക്ഷാകര പദ്ധതി കൗദാശികമായി തുടരുന്നത്. കത്തോലിക്കാ തിരുസ്സഭയുടെ പാരമ്പര്യത്തെയും, ഭരണസംവിധാനത്തെയും, ദൈവികമായി, ദൈവത്തിന്റെ ഇഷ്ടത്തിന്റെ വെളിപ്പെടുത്തലുകളായിക്കണ്ട് സ്വീകരിക്കുവാൻ ഓരോ ക്രൈസ്തവനും ദൈവത്താൽ വിളിക്കപ്പെട്ടിരിക്കുന്നു. പരിശുദ്ധ അമ്മയെപ്പോലെ, വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ നാം അംഗങ്ങളായിരിക്കുന്ന തിരുസ്സഭയെസഭയുടെ ഭരണസംവിധാനങ്ങളേയും പിന്തുടരുവാൻ നാം തയ്യാറാകേണ്ടതുണ്ട്.

നാമെല്ലാവരും കത്തോലിക്കരാണെങ്കിൽ, ആഗോള കത്തോലിക്കാസഭയുടെ രീതികൾ പിന്തുടരുകയല്ലേ വേണ്ടത്? ഈ കാലഘട്ടത്തിൽ പല കോണുകളിൽനിന്നും ഉയരുന്ന ഒരു ചോദ്യമാണിത്. അല്ല എന്നാണ് ഇതിനുള്ള ഉത്തരം. കാരണം, കത്തോലിക്കാ സഭയെന്നത് വ്യക്തിഗതസഭകളുടെ കൂട്ടായ്മയാണ്. 24 വ്യക്തിഗത സഭകളുടെ കൂട്ടായ്മയാണ് കത്തോലിക്കാസഭ. ലത്തീൻ സഭയും, 23 പൗരസ്ത്യ കത്തോലിക്കാ സഭകളും അടങ്ങുന്നതാണ് ഈ കൂട്ടായ്മ. ഇതിലെ 23 വ്യക്തിഗത പൗരസ്ത്യ സഭകളിൽ ഒന്നാണ് സീറോ മലബാർ സഭ. സീറോമലബാർ സഭാംഗങ്ങൾ സ്വയാധികാരമുള്ള വ്യക്തിഗതസഭയായ സീറോമലബാർ സഭയുടെ ചൈതന്യവും, സ്വഭാവവും, ആരാധനാരീതികളും ഉൾക്കൊണ്ടുകൊണ്ട്, അവയെ സ്വന്തമാക്കിക്കൊണ്ട് കത്തോലിക്കാ സഭയോട് ചേർന്ന് നിൽക്കുന്നവരാണ്, നിൽക്കേണ്ടവരാണ്. വ്യക്തിഗതസഭകളുടെ സ്വഭാവവും, വ്യത്യസ്തതയും ഉൾക്കൊണ്ടുകൊണ്ട് ബഹുത്വത്തിലെ ഏകത്വം അനുഭവിച്ചുകൊണ്ടാണ് കത്തോലിക്കാ സഭ മുന്നോട്ട് പോകുന്നത്.

നമുക്കറിയാവുന്നതുപോലെ, മൂന്ന് കാര്യങ്ങളിലാണ് ഈ 24 വ്യക്തിഗതസഭകളുടെ കൂട്ടായ്മയായ കത്തോലിക്കാസഭയിൽ ഐക്യമുള്ളത്. ഒന്ന്, വിശ്വാസം – ദൈവം ഏകനാണെന്നും, ദൈവത്തിൽ പരിശുദ്ധ ത്രിത്വം ഉൾക്കൊള്ളുന്നുവെന്നും ഉള്ള വിശ്വാസം. രണ്ട്,  കൂദാശകൾ – ഏഴ് കൂദാശകളിലൂടെയാണ് ക്രിസ്തുവിന്റെ അദൃശ്യമായ കൃപകളും, വരങ്ങളും നമുക്ക് ലഭിക്കുന്നത്. മൂന്ന്, ഭരണക്രമം – ഹയരാർക്കിക്കൽ ഭരണസംവിധാനം. മറ്റ് കാര്യങ്ങളിലെല്ലാം, ആരാധനാക്രമം, ആചാരരീതികൾ, സംസ്കാരം, ജീവിതരീതികൾ, വിശ്വാസജീവിതത്തിന്റെ പ്രഘോഷണങ്ങൾ, ഇവയെല്ലാം ഓരോ വ്യക്‌തിഗത സഭയിലും വ്യത്യസ്തമാണ്. ഈ യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ടേ സീറോ മലബാർ ക്രൈസ്തവർക്ക് തങ്ങളുടെ മാതൃസഭയെ മനസ്സിലാക്കിക്കൊണ്ട്, കത്തോലിക്കാ സഭയിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ജീവിക്കുവാൻ സാധിക്കൂ. ഈ ബഹുത്വത്തിലെ ഏകത്വം മനസ്സിലാക്കിയില്ലെങ്കിൽ, സീറോമലബാർ സഭയുടെ വ്യക്തിത്വവും സ്വഭാവവും നാം അറിയുന്നില്ലെങ്കിൽ അന്യോന്യം കലഹിച്ചുകൊണ്ടിരിക്കും. ഓരോ വ്യക്തിഗതസഭയ്ക്കും അവരവരുടേതായ ആരാധനാക്രമ രീതികളും, സംസ്കാരവും, ആചാരരീതികളും ഉണ്ട്. ഈ വ്യത്യസ്തത ഒരു യാഥാർഥ്യമാണ്.  ഒരു നാടൻചൊല്ല് പറയുന്നപോലെ, “നായ്ക്കോലം കെട്ടിയാൽ കുരച്ചേ തീരണം.” സീറോമലബാർ സഭയുടെ മകളാണെങ്കിൽ, മകനാണെങ്കിൽ ആ സഭയുടെ ചൈതന്യത്തിനനുസരിച്ചുള്ള ജീവിതം, ആരാധനാക്രമജീവിതം ആവശ്യമാണ്. പരിശുദ്ധ അമ്മയും, വിശുദ്ധ യൗസേപ്പിതാവും നമ്മെ പഠിപ്പിക്കുന്നതും അത് തന്നെയാണ്.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷത്തിലെ പരിശുദ്ധ അമ്മയുടെ, വിശുദ്ധ യൗസേപ്പിതാവിന്റെ സ്വന്തം മതാചാരങ്ങളോടുള്ള പ്രതിബദ്ധത, ആനുകാലിക സംഭവങ്ങളോട് ചേർത്തുവച്ച് ചിന്തിക്കുവാനും, ദൈവികനിയമങ്ങളും, തിരുസഭയുടെ നിയമങ്ങളും ഒന്നാണെന്ന് മനസ്സിലാക്കിക്കൊണ്ട് മുന്നോട്ട് പോകുവാനും നമ്മെ സഹായിക്കണം.. എങ്കിലേ നമ്മുടെ ക്രൈസ്തവജീവിതങ്ങൾ ദൈവകൃപ നിറഞ്ഞതാകൂ. തങ്ങളുടെ സ്വരം കേൾപ്പിക്കുവാനും, സ്വന്തം താത്പര്യങ്ങൾ പ്രാവർത്തികമാക്കാനും ശ്രമിക്കുന്നവർ അശാന്തതയിൽ ബഹളം വച്ചുകൊണ്ടിരിക്കും. സഭയോടും, സഭാസംവിധാനത്തോടും ചേർന്ന് നിൽക്കുന്നത്, ക്രിസ്തുവിനോടും, ക്രിസ്തുവിന്റെ സുവിശേഷമൂല്യങ്ങളോടും ചേർന്ന് നിൽക്കുന്നതിന് തുല്യമാണെന്ന് മനസ്സിലാക്കുവാനും നമുക്കാകട്ടെ. സഭാചരിത്രത്തിലെ വിടവുകളിലാണ്, കുറവുകളിലാണ്, സഭയുടെ ശത്രുക്കളും, അവരുടെ ആയുധങ്ങളും, ആയോധനങ്ങളും ഇരകാത്തിരിക്കുന്നത്

എന്ന് മനസ്സിലാക്കിക്കൊണ്ട്, ക്രിസ്തുവിന്റെ സ്വരം, തിരുസ്സഭയിലൂടെ ശ്രവിച്ചുകൊണ്ട് ഈ ഭൂമിയിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ജീവിക്കുവാൻ നമുക്കാകട്ടെ. അതിനായി പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റെയും ജീവിത മാതൃകയെ കൂട്ടുപിടിച്ചുകൊണ്ട് വിശുദ്ധ കുർബാന നമുക്ക് തുടർന്ന് അർപ്പിക്കാം. ആമേൻ!   

Leave a comment