ദനഹാക്കാലം നാലാം ഞായർ
യോഹ 4, 1-26

തിരിച്ചറിവുകളുടെയും, തിരിച്ചുവരവുകളുടെയും സുവിശേഷം എന്ന് നാം വായിച്ചുകേട്ട സുവിശേഷഭാഗത്തെ വിശേഷിപ്പിക്കാം. ക്രിസ്തു സാന്നിധ്യത്തിന്റെ മാന്ത്രികത, ക്രിസ്തുവിനെ അറിയാത്ത വരിൽപോലും വരുത്തുന്ന മാറ്റം കണ്ട് അത്ഭുതം നിറഞ്ഞ മിഴികളോടെ നിൽക്കുവാനേ ഈ സുവിശേഷഭാഗം വായിക്കുന്ന ഭക്തന് സാധിക്കൂ. ചെറുപ്പത്തിൽ സൺഡേ സ്കൂൾ വാർഷികത്തിന് മുതിർന്ന കുട്ടികൾ നട്ടുച്ച നേരത്ത് കിണറിന്റെ തീരത്ത് …എന്ന ഗാനത്തിന്റെ സ്റ്റേജ് ആവിഷ്ക്കാരം നടത്തിയപ്പോൾ വിടർന്ന മിഴികളോടെ അത് കണ്ടിരുന്നത് ഓർത്തുപോകുന്നു. ബഹു. ആബേലച്ചന്റെ സുന്ദരമായ വരികൾക്ക് ശ്രീ കെ.ജെ. യശുദാസും, ബി. വസന്തയും ശബ്ദം നൽകിയപ്പോൾ കേൾക്കാൻ എന്തൊരു ഇമ്പമാണ്. സാധാരണ ക്രൈസ്തവർക്ക് ഈ ഗാനം ഒരു നൊസ്റ്റാൾജിയ (Nostalgia) ആണ്.
ക്രിസ്തുവിനെ അറിയുന്നവർ ക്രിസ്തുവിനുവേണ്ടി ജീവിക്കുവാൻ തീരുമാനമെടുക്കുന്ന, അതിനുശേഷം ലോകവും അത് നൽകുന്ന സുഖങ്ങളും പുല്ലുപോലെ വലിച്ചെറിയുവാൻ അവർക്ക് കരുത്തുലഭിക്കുന്ന, ഒടുവിൽ ക്രിസ്തുവിന്റെ പ്രേഷിതരാകുന്ന രൂപാന്തരത്തിന്റെ വലിയ അത്ഭുതമാണ് ഈ സുവിശേഷഭാഗം ആവിഷ്കരിക്കുന്നത്.
ഈശോ, “മിശിഹാ” ആണെന്ന് വ്യക്തികളിലൂടെയും സംഭവങ്ങളിലൂടെയും വെളിപ്പെടുന്ന ദനഹാക്കാലത്തിന്റെ ചൈതന്യവുമായി നിൽക്കുന്ന നമ്മോട്, ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ തന്നെ, താൻ “മിശിഹാ” ആണെന്ന് വെളിപ്പെടുത്തുകയാണ്. ശമരിയക്കാരി സ്ത്രീ, “മിശിഹാ-ക്രിസ്തു വരുമെന്ന് എനിക്കറിയാം. അവൻ വരുമ്പോൾ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും” എന്ന് പറഞ്ഞപ്പോൾ ഈശോ പറയുകയാണ്: “നിന്നോട് സംസാരിക്കുന്ന ഞാൻ തന്നെയാണ് അവൻ.” മിശിഹാ ആവിഷ്കാരം, ദനഹാ സംഭവിക്കുകയാണ് ഇവിടെ. ഈശോ, “മിശിഹാ” യാണെന്നും, ലോക രക്ഷയ്ക്കായി, മനുഷ്യ രക്ഷയ്ക്കായി “ദൈവത്തിന്റെ ദാനം” നൽകുവാൻ വന്നവനാണെന്നും, ആ ദാനം സ്വീകരിക്കുവാൻ മനുഷ്യൻ ഒരുങ്ങണമെന്നും, ആ ദാനം സ്വീകരിക്കുന്നവർ ക്രിസ്തുവിന്റെ സുവിശേഷത്തിന് സാക്ഷികളാകണമെന്നും ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത്.
സമരിയായിൽ,യാക്കോബ് തന്റെ മകൻ ജോസഫിന് നൽകിയ വയലിന് അടുത്തുള്ള അടുത്തുള്ള പട്ടണമായ സിക്കാറിലുള്ള യാക്കോബിന്റെ കിണർക്കരയിൽ വച്ചാണ് യേശുവും ശമരിയക്കാരി സ്ത്രീയും തമ്മിലുള്ള നടക്കുന്നത്. ചരിത്രപരമായി പൂർവപിതാവായ യാക്കോബ് അവിടെയുള്ള, അതിലേ കടന്ന്നുപോകുന്ന ജനങ്ങൾക്കും, ആടുമാടുകൾക്കും സ്ഥാപിച്ചതാണ് ഈ കിണർ.
മറ്റൊരു തലത്തിൽ ചിന്തിച്ചാൽ, യാക്കോബിന്റെ കിണർ ഒരു പ്രതീകമാണ്. ഇത് പാരമ്പര്യത്തിന്റെ കിണറാണ്; പഴയനിയമങ്ങളുടെ കിണറാണ്; ഐതിഹ്യങ്ങളുടെ കിണറാണ്. ആചാരാനുഷ്ഠാനങ്ങളുടെ, പള്ളിപ്പെരുന്നാളുകളുടെ, കൺവെൻഷനുകളുടെ കിണറാണ്. ഇവിടെയാണ് ജനങ്ങൾ വരുന്നത്. ജനങ്ങളെ കണ്ടുമുട്ടണമെങ്കിൽ ഈശോയ്ക്ക് ഈ കിണറുകളുടെ വക്കത്ത് കാത്തിരിക്കേണ്ടിയിരിക്കുന്നു.
കിണറ്റിൽ കരയിൽ ഈശോയെ കണ്ടുമുട്ടുന്ന ശമരിയക്കാരി സ്ത്രീ നമ്മുടെ പ്രതീകമാണ്. നീയും, ഞാനുമാണ് അവിടെ നിൽക്കുന്നത്. സമരിയക്കാരും, യാഹൂന്നോടാരും എന്ന രീതിയിൽ വിഭജനത്തിന്റെ രാഷ്ട്രീയം സംസാരിക്കുന്ന സ്ത്രീ. ഭൗതിക ലാഭത്തിനുവേണ്ടി, അതിനുവേണ്ടി മാത്രം വിശുദ്ധ കുര്ബാനയ്ക്കും, ധ്യാനങ്ങൾക്കും, മറ്റ് പ്രാർത്ഥനകൾക്കും പോകുന്നവർ. തിന്മയുടെ വഴിയിലൂടെയാണ് യാത്രയെങ്കിലും അതിനെ മറച്ചുവെച്ച് മാന്യതയുടെ മുഖംമൂടി അണിയുന്നവർ. ആധ്യാത്മിക വ്യക്തികളെ കാണുമ്പോൾ വിശുദ്ധ കുർബാനയെക്കുറിച്ചും, ദൈവത്തെക്കുറിച്ചും, സഭയെക്കുറിച്ചുമൊക്കെ സംസാരിക്കുന്നവർ. എന്തെല്ലാം കാര്യങ്ങളെക്കുറിച്ചാണ് അവൾ ക്രിസ്തുവിനെയോട് സംസാരിക്കുന്നത്!! യഹൂദരും, ശമര്യക്കാരുമായുള്ള ശത്രുതയെക്കുറിച്ച്, ജെറുസലേമിനെക്കുറിച്ച്, ദൈവത്തിൽ നിന്നുള്ള രക്ഷയെക്കുറിച്ച്, യഥാർത്ഥ ആരാധനയെക്കുറിച്ച്, നമ്മളൊക്കെ, ഏതെങ്കിലും വൈദികനെക്കണ്ടാൽ, കന്യാസ്ത്രീയെക്കണ്ടാൽ സാധാരണ സംസാരിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അവളും സംസാരിക്കുകയാണ്. അതെ ആ സ്ത്രീ, ശമരിയക്കാരി, ഞാൻ തന്നെയാണ്!
ക്രിസ്തുവിൽ നിന്ന് അകന്നു നിൽക്കുന്നവളെങ്കിലും, ഈ ശമരിയക്കാരിയുടെ ഉള്ളിലെ ചോദ്യം കർത്താവെ, അങ്ങ് ആരാണ് എന്നതാണ്. ക്രിസ്തുമാർഗത്തിൽ ജീവിക്കുന്നവരെ നശിപ്പിക്കുവാൻ തീരുമാനിച്ച് പടയ്ക്ക് പുറപ്പെട്ട സാവൂൾ ചോദിച്ചതും ഇതുതന്നെ. “കർത്താവേ നീയാരാണ്?” ക്രിസ്തുവിനെതള്ളിപ്പറഞ്ഞ ശേഷം ഹൃദയം നൊന്ത് കരഞ്ഞ പത്രോസിന്റെ ഉള്ളിലെ ചോദ്യം ഇതുതന്നെയായിരുന്നിരിക്കണം: “കർത്താവേ, നീയാരാണ്? ക്രിസ്തുവിൽ നിന്ന് അകന്ന് നിൽക്കുന്നവർ ഡമാസ്കസിലേക്ക് പോകുന്നവരാണ്. സ്വന്തം സുരക്ഷയ്ക്കുവേണ്ടി ക്രിസ്തുവിനെ തള്ളിപ്പറയുന്നവരാണ്. തങ്ങളുടെ പാപങ്ങൾ മറച്ചുവച്ച്, മാന്യതയുടെ മുഖംമൂടി അണിഞ്ഞ് കിണറ്റിൻകരകളിലേക്ക് ദാഹശമനത്തിന് വെള്ളത്തിനായി പോകുന്നവരാണ്.
എന്നാൽ, ജീവജലത്തിന്റെ ഉറവ ക്രിസ്തുവാണ്. ക്രിസ്തുവിൽ വരുന്നവർക്ക്, ക്രിസ്തുവിൽ നിന്ന് ദൈവത്തിന്റെ ദാനം സ്വീകരിക്കുന്നവർക്ക് ഒരിക്കലും ദാഹിക്കുകയില്ല. മറ്റൊരു വാക്കിൽ പറഞ്ഞാൽ, സംതൃപ്തി ലഭിക്കും. ജീവിതത്തിൽ സംതൃപ്തി ലഭിക്കുവാൻ മനുഷ്യൻ ഇന്ന് നെട്ടോട്ടമോടുകയാണ്. ഒരു ധ്യാനകേന്ദ്രത്തിൽ നിന്ന് അടുത്ത ധ്യാനകേന്ദ്രത്തിലേക്ക്, ഒരു മാളിൽ നിന്ന് അടുത്ത മാളിലേക്ക്; കൈനോട്ടക്കാരന്റെ അടുക്കലേക്ക്, ലഹരിയിലേക്ക്, മദ്യപാനത്തിലേക്ക്, അധാർമിക മാർഗങ്ങളിലേക്ക് നിർത്താതെ ഓടുകയാണ്. എന്നിട്ടും സംതൃപ്തി ലഭിക്കാഞ്ഞിട്ട് മൊബൈൽ എടുത്ത് തോണ്ടലോട് തോണ്ടലാണ്. മനുഷ്യൻ ജീവിതത്തിൽ സംതൃപ്തി ലഭിക്കാതെ യഥാർത്ഥത്തിൽ അലയുകയാണ്.
മാത്രമല്ല, ജീവജലത്തിന്റെ, ദൈവദാനത്തിന്റെ ഉറവയായി ക്രിസ്തുവിനെ സ്വീകരിക്കുന്നവരും, ക്രിസ്തുവിൽ വിശ്വസിക്കുന്നവരും, ജീവജലത്തിന്റെ ഉറവയായ ക്രിസ്തുവിൽ നിന്ന് ജീവജലം നുകരുന്നവരും, കണ്ടുമുട്ടുന്നവർക്ക് ജീവജലം നല്കുന്നവരാകും, ജീവജലത്തിന്റെ അരുവികളാകും. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഏഴാം അദ്ധ്യായം 37 മുതലുള്ള വചനം പറയുന്നു: “തിരുനാളിന്റെ അവസാനത്തെ മഹദിനത്തിൽ യേശു എഴുന്നേറ്റുനിന്ന് ശബ്ദമുയർത്തി പറഞ്ഞു: “ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൾ /അവൻ എന്റെ അടുക്കൽ വന്ന് കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന്, വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികൾ ഒഴുകും.””
ശമര്യക്കാരി സ്ത്രീയുടെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായം തുറക്കുകയായിരുന്നു അവിടെ. ഇന്നലെവരെ ദൈവഹിതത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും, ജീവിക്കുകയും ചെയ്ത അവൾ അന്ന് ദൈവത്തെ അറിഞ്ഞു. ദൈവസ്നേഹം എന്തെന്നറിഞ്ഞു. അവർ അറിഞ്ഞു. ക്രിസ്തുവിലേക്കുള്ള അവളുടെ യാത്ര അവിടെ ആരംഭിച്ചു. അന്ന് ഈശോയുടെ മുൻപിൽ, ആ കിണറ്റിൻക രയിൽ വച്ച് അവളുടെ മാനസാന്തരം നടന്നെങ്കിലും, എത്രയോ വർഷങ്ങൾക്ക് ശേഷമാണ് പുറംലോകം ആ മാനസാന്തരകഥ അറിയുന്നത്!!
സ്നേഹമുള്ളവരേ, ദൈവദാനത്തിന്റെ, ജീവജലത്തിന്റെ അരുവികളാകുവാൻ ഇന്ന് ക്രിസ്തു നമ്മെ ക്ഷണിക്കുകയാണ്. ഇതിനായി, രണ്ട് കാര്യങ്ങളാണ് ഈശോ ആവശ്യപ്പെടുന്നത്. ഒന്ന്, നിന്റെ തിന്മയുടെ, അവിശ്വസ്തതയുടെ, ഉടലിന്റെ കാമനകളുടെ, അഹങ്കാരത്തിന്റെ, ധാർഷ്ട്യത്തിന്റെ പഴയജീവിതം ഉപേക്ഷിക്കണം. എന്നിട്ട്, രണ്ട്, ദൈവത്തിന്റെ യഥാർത്ഥ ആരാധകരാകണം. ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്നവരാകണം. അപ്പോൾ മാത്രമേ, ജീവിതത്തിൽ സംതൃപ്തി ലഭിക്കുകയുള്ളു. ഈ ലോകത്തിന്റേതായ ഒന്നിനും, സാമ്പത്തിനോ, സ്വർണത്തിനോ, കോടികൾ മുടക്കി പണിയുന്ന വീടുകൾക്കോ, ആഡംബരകാറുകൾക്കോ, വർണശബളമായ വസ്ത്രങ്ങൾക്കോ ഒന്നിനും നമുക്ക് സംതൃപ്തി നൽകുവാൻ സാധിക്കുകയില്ല.
സ്നേഹമുള്ളവരേ, ക്രിസ്തുവാകുന്ന, ക്രിസ്തു സ്നേഹമാകുന്ന കിണറിൽ നിന്ന് വെള്ളം കുടിക്കുക. ക്രിസ്തുവിന്റെ കാരുണ്യമാകുന്ന, നന്മയാകുന്ന കിണറിൽ നിന്ന് നുകരുക. നമ്മുടെ ജീവിതം, ജീവിത പ്രവർത്തികൾ ക്രിസ്തുവിൽ നിന്ന് ആരംഭിക്കട്ടെ, ക്രിസ്തുവിൽ നിലനിൽക്കട്ടെ. അപ്പോൾ നമ്മുടെ ജീവിതം ക്രിസ്തുവിന്റെ സംതൃപ്തിയിൽ നിറയും.
പ്രിയപ്പെട്ടവരേ, നമ്മുടെ ജീവിതത്തിന്റെ കിണറ്റിൻകരയിലിരിക്കുന്ന ഈശോയെ കാണാനും, ആ ഈശോയെ നമ്മുടെ ജീവിതത്തിന്റെ കർത്താവും ദൈവവുമായി സ്വീകരിക്കുവാനും ക്രിസ്തുവിലേക്ക് മനസാന്തരപ്പെടുവാനും നമുക്ക് സാധിക്കട്ടെ. ക്രിസ്തുവാകുന്ന ജീവന്റെ ഉറവയിൽ നിന്ന് ദൈവത്തിന്റെ ദാനം സ്വീകരിക്കുക. ക്രിസ്തുവാകുന്ന ഉറവയിൽ നിന്ന് നിങ്ങളുടെ പ്രവർത്തികൾ ചെയ്യുക.

അപ്പോൾ, നിങ്ങൾക്ക് വീണ്ടും ദഹിക്കുകയില്ല. ജീവിത സന്തോഷത്തിന്റെ, സംതൃപ്തിയുടെ അരുവികളായി നിങ്ങൾ മാറും. അതിനായി, ഈ ദിവ്യബലി നമ്മെ സഹായിക്കട്ടെ. ആമേൻ!









