ദനഹാക്കാലം ഒന്നാം ഞായർ
യോഹ 1, 45 – 51

ശുഭപ്രതീക്ഷകളോടെ, നിറയെ സ്വപ്നങ്ങളും പ്രാർത്ഥനകളുമായി നാം പുതുവർഷത്തിലേക്ക്, 2024 ലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 12 മാസങ്ങളും, 52 ആഴ്ചകളും, 365 ദിവസങ്ങളും, 8784 മണിക്കൂറുകളും, 527040 മിനിറ്റുകളും, 31622400 സെക്കന്റുകളും സമ്മാനിച്ച് കടന്നുവന്നിരിക്കുന്ന 2024 ദൈവാനുഗ്രഹത്താൽ സമ്പന്നമാകാൻ വേണ്ടി നമുക്ക് പരസ്പരം പ്രാർത്ഥിക്കാം.
സീറോ മലബാർ സഭയുടെ ആരാധനാക്രമ കലണ്ടർ അനുസരിച്ച് നാം ഈ ഞായറാഴ്ച്ച ദനഹാക്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഉദയം, പ്രത്യക്ഷവത്കരണം, ആവിഷ്കാരം, വെളിപാട് എന്നൊക്കെയാണ് “ദനഹാ” എന്ന വാക്കിന്റെ അർത്ഥം. മനുഷ്യാവതാരത്തിലൂടെ ദൈവം ഈ ലോകത്തിൽ ആഗതനായെങ്കിലും, അവിടുത്തെ പ്രത്യക്ഷവത്കരണം ആരംഭിക്കുന്നത് യോർദ്ദാൻ നദിയിൽ സ്നാപകയോഹന്നാനിൽ നിന്ന് മാമ്മോദ്ദീസ സ്വീകരിക്കുന്നതിലൂടെയാണ്. ഈശോ സ്വയം ലോകത്തിന് വെളിപ്പെടുത്തുകയും, പിതാവും പരിശുദ്ധാത്മാവും അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന ദനഹാത്തിരുനാൾ ജനുവരി ആറാം തീയതിയാണ് നാം ആഘോഷിക്കുന്നത്. എന്നാൽ, ‘ക്രിസ്തു തന്നെത്തന്നെ ഈ ലോകത്തിന് വെളിപ്പെടുത്തുന്നു’ എന്ന സന്ദേശം ഈ ഞായറാഴ്ച മുതൽ സഭ പ്രഘോഷിക്കുകയാണ്.
ജനുവരി ആറാം തീയതി ആഘോഷിക്കുന്ന കർത്താവിന്റെ ദനഹാതിരുനാൾ കേരളത്തിന്റെ വടക്കൻഭാഗങ്ങളിൽ പിണ്ടികുത്തിത്തിരുനാളെന്നും, തെക്കൻഭാഗങ്ങളിൽ രാക്കുളിതിരുനാളെന്നും അറിയപ്പെടുന്നു. ലോകത്തിന്റെ പ്രകാശമായ മിശിഹായെ (യോഹ 8, 12) ബഹുമാനിക്കുന്നതിനും സ്തുതിക്കുന്നതിനും, വാഴത്തടയിൽ പന്തംകൊളുത്തി അതിന് ചുറ്റും പ്രദക്ഷിണം വച്ചുകൊണ്ട് ദൈവം പ്രകാശമാകുന്നു എന്ന് ആർത്തുവിളിക്കുന്ന പതിവിൽ നിന്നാണ് പിണ്ടികുത്തിത്തിരുനാൾ രൂപപ്പെട്ടത്. ഈശോയുടെ മാമ്മോദീസായെ സ്മരിച്ചുകൊണ്ട് ഈ തിരുനാളിന്റെ തലേദിവസം അടുത്തുള്ള നദിയിലോ, കുളത്തിലോ പോയി നമ്മുടെ പൂർവികർ നടത്തിയിരുന്ന ആചാരക്കുളിയിൽ നിന്നാണ് രാക്കുളി എന്നപേര് ഈ തിരുനാളിന് ലഭിച്ചത്.
എണ്ണിത്തീർക്കാനാവാത്ത ജീവിത നിരീക്ഷണങ്ങളിലൊന്ന്, ഈ പ്രപഞ്ചം മുഴുവനും, നമ്മുടെ സാധാരണ ജീവിതം മുഴുവനും ദൈവത്തിന്റെ വെളിപ്പെടുത്തലുകളാണ് എന്നാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ കാനായിലെ അത്ഭുതം പോലെ ഒന്ന് നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിലും സംഭവിക്കുന്നുണ്ട്. കാനായിലെ കല്യാണവിരുന്നിലെ വെള്ളം വീഞ്ഞാക്കിയ അത്ഭുതം വിവരിച്ചശേഷം സുവിശേഷകൻ പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. “യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിന് പ്രവർത്തിച്ച അടയാളങ്ങളുടെ ആരംഭമാണ് ഗലീലിയിലെ കാനായിൽ ചെയ്ത ഈ അത്ഭുതം.” (യോഹ 2, 11) ഈശോയുടെ മഹത്വം വെളിവാകുന്ന അത്ഭുതങ്ങളുടെ, വെളിപാടുകളുടെ ദനഹാ യാണ് സ്നേഹമുള്ളവരേ, ഈ പ്രപഞ്ചവും നമ്മുടെ ഈ ഭൂമിയിലെ ജീവിതവും.
രാത്രിയുടെ ഇരുളിനെ വകഞ്ഞുമാറ്റി ഉദിച്ചുയരുന്ന സൂര്യൻ മുതൽ സൗരയൂഥങ്ങളും, ആകാശങ്ങളും എന്തെന്ത് വിസ്മയങ്ങളൊരുക്കിയാണ് ദൈവിക വെളിപാടുകളുടെ അടയാളങ്ങളാകുന്നത്!! വിത്തിനകത്ത് ഒളിച്ചിരിക്കുന്ന വൃക്ഷവും, ചെടികളിൽ വിടരുന്ന പുഷ്പങ്ങളും, ഫലങ്ങളും ഓരോ നിമിഷവും നടക്കുന്ന ജന്മങ്ങളും …ഓരോന്നും ക്രിസ്തുവിന്റെ വെളിപാടുകളാണ്. മനുഷ്യനിലെ അത്ഭുതങ്ങളിലൂടെ വിടരുന്ന ദൈവത്തിന്റെ വെളിപാടുകൾ അനവധിയാണ്! നമ്മുടെ അപ്പച്ചന്മാരും അമ്മച്ചിമാരും ദൈവത്തിന്റെ വെളിപാടുകളല്ലേ? നാം അറിഞ്ഞും അറിയാതെയും എത്രയോ വട്ടമാണ് ക്രിസ്തു നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്! ദൈവത്തിന്റെ വെളിപാടുകളായി ജീവിതത്തെ മുഴുവൻ കാണുവാൻ സാധിക്കുക – അതാണ് ദനഹാക്കാലത്തിന്റെ ചൈതന്യമെന്ന് പറയുന്നത്.
ദനഹാക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച്ച നാം വായിച്ചുകേട്ട സുവിശേഷഭാഗം മൂന്ന് സന്ദേശങ്ങളാണ് നമ്മോട് പറയുന്നത്.
1. ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തിക്കൊണ്ട് നമ്മുടെ ജീവിതത്തിന് മുൻപിൽ നിൽക്കുമ്പോൾ, നമ്മോട് എന്നെ അനുഗമിക്കുക എന്ന് പറയുമ്പോൾ, ആ ക്രിസ്തുവിനെ മനസ്സിലാക്കുവാനും ക്രിസ്തുവിനെ അനുഗമിക്കുവാനും നമുക്കാകണം.
വിശുദ്ധ പീലിപ്പോസിന്റെ മുൻപിൽ ക്രിസ്തു വന്നു നിന്നപ്പോൾ, എന്നെ അനുഗമിക്കുക എന്ന് പറഞ്ഞപ്പോൾ ക്രിസ്തുവിനെ അറിയുവാനും, തൻ അറിഞ്ഞ ക്രിസ്തുവിനെ പിൻചെല്ലാനുമുള്ള ദൈവകൃപ പീലിപ്പോസിനുണ്ടായി. ശരിയാണ്. മോശയുടെ നിയമങ്ങളെക്കുറിച്ച് അറിവുള്ള ആളായിരുന്നു പീലിപ്പോസ്. പ്രവാചക ഗ്രന്ഥങ്ങളെക്കുറിച്ചും, അവയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും നല്ല അവഗാഹമുണ്ടായിരുന്നു അദ്ദേഹത്തിന് . എന്നാലും ക്രിസ്തു ആരെന്ന് അറിയാനും, ക്രിസ്തുവിനെ അനുഗമിക്കാനും മാത്രം വിശ്വാസം അദ്ദേഹത്തിന് ഉണ്ടാകണമെന്നില്ല. ദൈവശാസ്ത്രത്തിലും, ബൈബിളിലും ഡോക്ടറേറ്റ് ഉള്ളവർ പോലും, വിശുദ്ധ കുർബാനയെക്കുറിച്ചും, തിരുസ്സഭയെക്കുറിച്ചും മണ്ടത്തരങ്ങൾ വിളിച്ചുപറയുന്ന ഇക്കാലത്ത്, Qualifications ഉം Certificates ഉം ഉള്ളതുകൊണ്ട് മാത്രം ഒരു വ്യക്തി ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യനാകണമെന്നില്ല. പീലിപ്പോസ് എന്ന വാക്കിന്റെ അർഥം കുതിരയെ സ്നേഹിക്കുന്നവൻ എന്നാണ്. ക്രിസ്തുവിന്റെ കുതിരക്കാരനാകാൻ, പടയാളിയാകുവാൻ പീലിപ്പോസിന് സാധിച്ചതിൽ അദ്ദേഹത്തെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.
പീലിപ്പോസിന്റെ ജീവിത്തിൽ സംഭവിച്ചതുപോലെയല്ലെങ്കിലും, എത്രയോ വട്ടമാണ് ഈശോ നമ്മുടെ ജീവിതത്തിൽ, കുടുംബത്തിൽ തന്നെത്തന്നെ വെളിപ്പെടുത്തിയിട്ടുള്ളത്!!
2. നമുക്ക് വെളിപ്പെടുത്തിക്കിട്ടിയ ക്രിസ്തുവിനെ മറ്റുള്ളവർക്ക്, വെളിപ്പെടുത്തിക്കൊടുക്കുക, കാണിച്ചുകൊടുക്കുക.
ക്രിസ്തുവിനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുക, വെളിപ്പെടുത്തിക്കൊടുക്കുക എന്നത് പീലിപ്പോസിന് ജീവിത വൃതമായിരുന്നു. സമാന്തര സുവിശേഷങ്ങൾ അപ്പസ്തോല ഗണത്തിൽ പീലിപ്പോസിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. യോഹന്നാനാകട്ടെ ക്രിസ്തുവിനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന ഉത്തമനായ ഒരു ക്രിസ്തു ശിഷ്യനായിട്ടാണ് പീലിപ്പോസിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ സുവിശേഷം ഒന്നുകൂടി ഓർത്തെടുക്കുവാൻ കഴിഞ്ഞാൽ നമുക്ക് മനസ്സിലാകും, നഥാനിയേലിനോടാണ് ക്രിസ്തുവിനെക്കുറിച്ച് പീലിപ്പോസ് പറയുന്നത്. വെളിപാട് ഇതാണ്: ‘നഥാനിയേലേ, മോശയുടെ നിയമത്തിലും, പ്രവാചകന്മാരിലും, ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ, ആ മിശിഹായെ, നസ്രത്തിലെ നിന്നുള്ള ക്രിസ്തുവിനെ ഞാൻ കണ്ടു.’ അഞ്ചപ്പവും രണ്ടുമീനും കൈവശമുണ്ടായിരുന്ന ബാലനെ ഈശോയുടെ അടുത്തേക്ക് കൊണ്ടുവരുന്നത് ആരാണ്? പീലിപ്പോസാണ്. ഗ്രീക്കുകാരെ ഈശോയുടെ അടുത്തേക്ക് ആനയിക്കുന്നത് ആരാണ്? പീലിപ്പോസാണ്. അപ്പസ്തോലപ്രവർത്തനങ്ങൾ, അദ്ധ്യായം 8 ൽ എത്യോപ്യക്കാരനായ ഷണ്ഡനോട് ക്രിസ്തുവിനെക്കുറിച്ച് പറയുനനതും, അവനെ ജ്ഞാനസ്നാനപ്പെടുത്തുന്നതും ആരാണ്? പീലിപ്പോസാണ്.
ഒരു യഥാർത്ഥ ക്രിസ്തു ശിഷ്യൻ ആരായിരിക്കണമെന്നാണ് വിശുദ്ധ പീലിപ്പോസ് നമ്മോട് പറയുന്നത്.
3. നമ്മളിലൂടെ ക്രിസ്തുവിനെ പരിചയപ്പെട്ടവരിലൂടെ ദനഹ സംഭവിക്കുക; ക്രിസ്തുവിനെക്കുറിച്ചുള്ള വെളിപാടുണ്ടാകുക.
നഥാനിയേൽ ക്രിസ്തുവിനെ വെളിപ്പെടുത്തുകയാണ്: “ഗുരോ, അങ്ങ് ദൈവപുത്രനാണ്. ഇസ്രയേലിന്റെ രാജാവാണ്.” പീലിപ്പോസ് പോലും അത്ഭുതപ്പെട്ടുപോയിക്കാണും. അയാൾ ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല നഥാനിയേലിൽ നിന്ന് ഇങ്ങനെയൊരു വെളിപാടുണ്ടാകുമെന്ന്!! ഒരു ക്രൈസ്തവൻ തന്റെ ധർമ്മം നിർവഹിക്കുമ്പോൾ, കായലിലൂടെ മാത്രമല്ല ക്രിസ്തു വെളിപ്പെടുക, അയാൾ ആർക്ക് ക്രിസ്തുവിനെ വെളിപ്പെടുത്തിയോ അവരിലൂടെയും ക്രിസ്തു വെളിപ്പെടുകയാണ്; ക്രിസ്തു മഹത്വീകൃതനാകുകയാണ്.
സ്നേഹമുള്ളവരേ, നമ്മിലൂടെ, നമ്മുടെ കുടുംബങ്ങളിലൂടെ ക്രിസ്തു വെളിപ്പെടേണ്ടിയിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, കൽക്കട്ടയിലെ തെരുവീഥിയിൽ ആർക്കുംവേണ്ടാത്ത പീറക്കുഞ്ഞുങ്ങളെയും, മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ കിടക്കുന്ന മരണാസന്നരെയും, വെള്ളസാരിയിൽ നീലക്കരയുള്ള ഒരു സ്ത്രീ മാറോട് ചേർത്ത് പിടിച്ചപ്പോൾ അവളിലൂടെ ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തി. മധ്യപ്രദേശിലെ പാവങ്ങൾക്കുവേണ്ടി ജീവൻ സമർപ്പിച്ച, മുഖമില്ലാത്തവരുടെ മുഖമായി മാറിയ ഒരു കന്യകസ്ത്രീയിലൂടെ ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തി. എന്നാൽ, നമ്മിലൂടെ, നമ്മുടെ കുടുംബങ്ങളിലൂടെ, നാം ആഘോഷിക്കുന്ന തിരുനാളുകളിലൂടെ, നാം നടത്തുന്ന സ്ഥാപനങ്ങളിലൂടെ, നമ്മുടെ സഭാ സംവിധാനങ്ങളിലൂടെ ക്രിസ്തു വെളിപ്പെടുന്നുണ്ടോ? നാം ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.
സ്നേഹമുള്ളവരേ, നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിൽ വെളിവാകുന്ന അസാധാരണമായ ക്രിസ്തുവിന്റെ വെളിപാടുകളായി

നമ്മുടെ ജീവിതങ്ങളെ മാറ്റുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും ജീവിത ദൗത്യം. ആമേൻ!