ദനഹാക്കാലം രണ്ടാം ഞായർ
യോഹ 8, 21-30

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തെക്കുറിച്ച് സാധാരണയായി പറയുന്ന ഒരു നിരീക്ഷണമുണ്ട്. “വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒരു ജലാശയമാണ്. അതിൽ ഒരു കൊച്ചു കുട്ടിക്ക് കുസൃതിയോടെ നടക്കുവാൻ സാധിക്കും; ഒപ്പം, ഒരു ആനയ്ക്ക് നീന്തുവാനും സാധിക്കും.” ഇന്നത്തെ സുവിശേഷം വായിച്ച് ധ്യാനിച്ചപ്പോൾ ആദ്യമേതന്നെ മനസ്സിലെത്തിയത് ഈ നിരീക്ഷണമാണ്.
പ്രതീകങ്ങളും, ഉപമകളും, രൂപകങ്ങളും ഒക്കെ ചേർത്ത് കാര്യങ്ങൾ വിവരിക്കുമ്പോൾ, മനസ്സിലാക്കാൻ വളരെ പ്രയാസമാണ് വിശുദ്ധ യോഹന്നാന്റെ സുവിശേഷം. ഒന്നോർത്താൽ, ഒരു കൊച്ചുകുട്ടിക്ക് ഓടിക്കളിക്കാവുന്നതുപോലെ വളരെ ലളിതമാണ് അത്. എന്നാൽ, ഒരു ആനയ്ക്ക് നീന്തിക്കുളിക്കാവുന്നതുപോലെ വിശാലവും, ആഴമേറിയതുമാണ് വിശുദ്ധ യോഹന്നാന്റെ സുവിശേഷം. ഇന്നത്തെ സുവിശേഷഭാഗം ഇതിൽ രണ്ടാമത്തെ ഗണത്തിൽ പെടുന്നതാണ്. അതെ, അല്പം ആഴമേറിയതാണ് ഈ സുവിശേഷഭാഗം.
എങ്കിലും, ദനഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ച ഈ സുവിശേഷഭാഗം നമ്മോട് പറയുന്നത് ക്രിസ്തുവിനെക്കുറിച്ചുള്ള വെളിപാടാണ്. എട്ടുദിവസം നീണ്ടുനിൽക്കുന്ന കൂടാരത്തിരുനാളിന് വന്ന യഹൂദരോടാണ് ഈശോ താൻ ആരാണെന്ന് വെളിപ്പെടുത്തുന്നത്. ഇസ്രായേൽ ജനം മരുഭൂമിയിൽ വസിച്ച നാളുകളുടെ അനുസ്മരണമാണ് കൂടാരത്തിരുനാൾ. താൽക്കാലികമായി പണിതുണ്ടാക്കിയ കൂടാരങ്ങളിൽ 7 ദിവസം താമസിച്ചാണ് യഹൂദർ ഈ തിരുനാൾ ആഘോഷിച്ചിരുന്നത്. ഈശോയും തിരുനാളിൽ പങ്കെടുത്തത് യഹൂദ അധികാരികളോടും, നിയമജ്ഞരോടും, ഫരിസേയരോടും, സാധാരണ ജനങ്ങളോടും വചനം പങ്കുവച്ചും, അവരോടൊത്ത് ഭക്ഷണം കഴിച്ചൊക്കെയാണ്. അങ്ങനെയൊരു

സംവാദത്തിനിടയിലാണ് ഈശോ യഹൂദർക്ക് താൻ ആരാണെന്നും, തന്റെ Identity എന്തെന്നും വെളിപ്പെടുത്തുന്നത്.
ഇവിടെ ഒരു കാര്യം നാം മനസ്സിൽ സൂക്ഷിക്കണം. ഈശോ സംസാരിക്കുന്നത് താൻ തിരഞ്ഞെടുത്ത തന്റെ ശിഷ്യരോടല്ല; സ്വന്തം മനസ്സോടെ ഈശോയെ പിഞ്ചെല്ലുന്ന സാധാരണ ജനത്തോടുമല്ല. മറിച്ച്, ഈശോയെ കൊല്ലുവാൻ ആഗ്രഹിക്കുന്ന, ദൈവം ലോകത്തിലേക്കയച്ച ദൈവത്തിന്റെ പുത്രനായിരുന്നിട്ടും ആ ദൈവപുത്രനെ മനസ്സിലാക്കാത്ത, അവനിൽ ഭ്രാന്താരോപിക്കുന്ന, ആത്മഹത്യചെയ്യാൻ മാത്രം മാനസിക അസ്വസ്ഥതയുള്ള വ്യക്തിയായിക്കാണുന്ന ഒരു ജനത്തോടാണ് ഈശോ തന്നെക്കുറിച്ച് പറയുന്നത്. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചിട്ടും ആ പുത്രനെ സ്വീകരിക്കാത്ത ജനത്തോട് തൻ സ്വമേധയാ ഒന്നും പ്രവർത്തിക്കുന്നില്ലെന്നും, തന്നെ അയച്ച അപിതാവിന്റെ ഇഷ്ടമാണ് തൻ പൂർത്തിയാക്കുന്നതെന്നും പറയാൻ അല്പം ധൈര്യം മാത്രം പോരാ. ഒരു കടുത്തപോരാട്ടമായിരുന്നിരിക്കണം ഈശോയുടെ മനസ്സിൽ അപ്പോൾ നടന്നത്. യഹൂദർക്കൊന്നും മനസ്സിലായില്ലെങ്കിലും, നീ ആരാണ് എന്ന് ചോദിക്കുമ്പോൾ ഈശോ ഉത്തരം പറയണമല്ലോ.
ഈശോ പറയുന്ന ഉത്തരത്തിന് രക്ഷാകര ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ഹോറെബ് മലയിൽ പ്രത്യക്ഷനായ ദൈവത്തോട് അങ്ങയുടെ പേരെന്താണ് എന്ന് മോശെ ചോദിച്ചപ്പോൾ മേഘങ്ങൾക്കിടയിൽ തിളങ്ങിപ്രകാശിച്ചിരുന്ന ദൈവം പറഞ്ഞത് “ഞാൻ, ഞാൻ തന്നെ” എന്നാണ്. (പുറ 3, 14) “നീ ആരാണ്” എന്ന് യഹൂദർ ഈശോയോട് ചോദിച്ചപ്പോൾ, അന്ന് ഹോറെബ് മലയിൽ ദൈവം മോശയോട് വെളിപ്പടുത്തിയ അതെ പേര് തന്നെ പറഞ്ഞുകൊണ്ട് ഈശോ തന്റെ ദൈവത്വം, ദൈവ മഹത്വം വെളിപ്പെടുത്തടുകയാണ്.

യഹൂദർക്ക് മനസ്സിലാകുന്നില്ലെങ്കിലും, ഈ ഭൂമിയിലെ സകല മനുഷ്യർക്കുംവേണ്ടി ഈശോ പറയുകയാണ് ‘താൻ ഉന്നതത്തിൽ നിന്നുള്ളവനാണ് എന്ന്. ഈശോ മുകളിൽ നിന്നുള്ളവനാണ്. മനുഷ്യരോ താഴെ നിന്നുള്ളവരും. ക്രിസ്തു സ്വർഗത്തിൽ നിന്നുള്ളവനാണ്; മനുഷ്യരോ ലോകത്തിൽ നിന്നുള്ളവരും.
രണ്ട് സത്യങ്ങളാണ് ഇവിടെ വെളിപ്പെടുന്നത്. ഒന്ന്, ക്രിസ്തുവിനെക്കുറിച്ച്. അവിടുന്ന് ദൈവമാണ്. ഉന്നതത്തിൽ നിന്നുള്ളവനാണ്. മനുഷ്യനുമായി അവിടുത്തെ താരതമ്യപ്പെടുത്തിയാൽ, അവിടുത്തെ നമ്മുടെ ലെവൽ വച്ച് മനസ്സിലാക്കുവാൻ ശ്രമിച്ചാൽ, യഥാർത്ഥ ക്രിസ്തു ആരെന്ന് നമുക്ക് പിടികിട്ടുകയില്ല. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ ദൈവം ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്. “കർത്താവ് അരുളിച്ചെയ്യുന്നു: എന്റെ ചിന്ത നിങ്ങളുടേത് പോലെയല്ല; നിങ്ങളുടെ വഴികൾ എന്റേതുപോലെയുമല്ല. ആകാശം ഭൂമിയെക്കാൾ ഉയർന്നു നിൽക്കുന്നു. അതുപോലെ, എന്റെ വഴികളും, ചിന്തകളും നിങ്ങളുടേതിനേക്കാൾ ഉന്നതമത്രെ.” (ഏശയ്യാ 55, 8-9) ക്രിസ്തുവിന്റെ DNA വ്യത്യസ്തമാണ്; അത് ദൈവികമാണ്, Divine ആണ്.
രണ്ട്, മനുഷ്യരെക്കുറിച്ച്. മനുഷ്യർ താഴെ നിന്നുള്ളവരാണ്; ഭൂമിയിൽ നിന്നുള്ളവരാണ്. അവർ മണ്ണാണ്. മണ്ണിലേക്ക് മടങ്ങുന്നവരാണ്. അവരുടെ genetic വെറും മാനുഷികമാണ്.
സ്നേഹമുള്ളവരേ, ഈശോ ആരെന്ന് അറിയുകയാണ് രക്ഷയിലേക്കുള്ള ആദ്യത്തെ Step. ഈശോ ഉന്നതത്തിൽ നിന്നുള്ളവനാണ്. ഈശോ മനുഷ്യപുത്രനാണ്. അവിടുന്ന് ദൈവപുത്രനാണ്. ക്രിസ്തുവിനെ ദൈവമായി സ്വീകരിക്കാത്തവർ, ക്രിസ്തുവിനെ രക്ഷകനായി ഏറ്റുപറയാത്തവർ പാപത്തിൽ മരിക്കും. ക്രിസ്തുവിനെ നാം സ്വീകരിക്കുന്നില്ലെങ്കിൽ, ക്രിസ്തു ദൈവമാണെന്ന് നാം അറിയുന്നില്ലെങ്കിൽ, ക്രിസ്തുവിൽ നാം വിശ്വസിക്കുന്നില്ലെങ്കിൽ നാം നമ്മുടെ പാപങ്ങളിൽ മരിക്കും. കാരണം, “യേശുക്രിസ്തു ലോകത്തിലേക്ക് വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്‌താവം വിശ്വസിനീയവും, തികച്ചും സ്വീകാര്യവുമാണ്.” (1 തിമോ 1, 15)
ഈ സുവിശേഷഭാഗത്തിന്റെ പ്രസക്തി ഇന്ന് ഏറെ വലുതാണ്. ഇന്ന് സുവിശേഷങ്ങളിലൂടെ, തിരുസ്സഭയിലൂടെ നമുക്ക് ലഭിക്കുന്ന വെളിപാടുകൾ ഹൃദയപൂർവം സ്വീകരിക്കുവാൻ നാം തയ്യാറാകുന്നില്ല. അന്നത്തെ യഹൂദരെപ്പോലെതന്നെ, ക്രിസ്തുവിനെ നാം ചോദ്യം ചെയ്യുന്നു. കേവലം ഒരു മനുഷ്യനെപ്പോലെ Treat ചെയ്യുന്നു. അവിടുത്തെ വചനങ്ങളിലെ ദൈവികത നാം കാണുന്നില്ല. ക്രിസ്തു ആര് എന്ന് ഇന്നും നാം ചോദിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിന്റെ അറിവുകൾ വച്ചുകൊണ്ട്, ശാസ്ത്രത്തിന്റെ പുരോഗതിയിൽ അഹങ്കരിച്ചുകൊണ്ട് നാം ദൈവിക വെളിപാടുകൾ അവഗണിക്കുന്നു. ഇന്ന്, ക്രിസ്തു ദൈവമാണെന്നും, അവിടുന്നാണ് ലോകരക്ഷകനെന്നും പ്രഘോഷിക്കുവാൻ മടിക്കുന്ന ക്രൈസ്തവരുണ്ട്. ഈ ലോകത്തുള്ള മതങ്ങളിലെ പല ദൈവങ്ങളിൽ ഒരു ദൈവമാണ് ഈശോ എന്ന് പറയുന്ന ക്രൈസ്തവരുണ്ട്. എന്നാൽ, “യേശു കർത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും, ദൈവം അവനെ മരിച്ചവരിൽ നിന്നുയിർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും” (റോമാ 10, 9) ചെയ്താലേ നീ രക്ഷപ്പെടുകയുള്ളു എന്ന് പ്രഘോഷിക്കുന്നവരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

രണ്ടാമതായി, സുവിശേഷങ്ങളിൽ വെളിപ്പെടുന്ന ക്രിസ്തുവിനെയും, തിരുസഭയിൽ വെളിപ്പെടുന്ന ക്രിസ്തുവിനെയും രണ്ടായി നാം കാണുന്നു. തിരുസ്സഭയിൽ വെളിപ്പെടുന്ന, തിരുസ്സഭയിൽ വിശുദ്ധ കുർബാനയിലൂടെ ഇന്നും ജീവിക്കുന്ന ക്രിസ്തു ചോദ്യംചെയ്യപ്പെടുന്നു. വിശുദ്ധ യോഹന്നാൻ ശ്ലീഹായിലൂടെ, ഈശോ നമ്മെ ഓർമിപ്പിക്കുന്നു: “ഞാൻ, ഞാൻ തന്നെ എന്ന് വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും.” (യോഹ 8, 24)
മൂന്നാമതായി, ശരാശരി ക്രൈസ്തവരിന്ന്, ജെറെമിയ പ്രവാചകന്റെ പുസ്തകത്തിൽ പറയുന്നപോലെ, ‘തങ്ങൾക്ക് തോന്നുന്നതുപോലെ ചെയ്യുന്നു; ഓരോരുത്തനും അവനവന്റെ ദുഷ്ടഹൃദയത്തിന്റെ പ്രേരണയ്‌ക്കൊത്ത് പ്രവർത്തിക്കുന്നു.’ (18, 12) എന്നാൽ, ഈശോ അങ്ങനെയല്ലായിരുന്നു. “ഞാൻ എപ്പോഴും അവിടുത്തേക്ക് ഇഷ്ടമുള്ളത് പ്രവർത്തിക്കുന്നു.” (യോഹ 8, 29)
പ്രിയപ്പെട്ടവരേ, ക്രിസ്തുവിനെ മനസ്സിലാക്കാൻ, ക്രിസ്തുവിന്റെ വെളിപാടുകൾ മനസ്സിലാക്കുവാൻ നമുക്കാകട്ടെ. ഓരോ വിശുദ്ധ കുർബാനയിലും ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തുന്നുണ്ട്. നമുക്കറിയാവുന്നതുപോലെ, ഈ പ്രപഞ്ചത്തിലെ ദൈവത്തിന്റെ ആവിഷ്കാരങ്ങളിൽ, വെളിപാടുകളിൽ

ഏറ്റവും മനോഹരമായത് വിശുദ്ധ കുർബാനയാണ്. ഈ വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ട് ക്രിസ്തുവിനെ അറിഞ്ഞ് നമുക്കും ക്രിസ്തുവിന്റെ വെളിപാടുകളാകാം. ആമേൻ!