ദനഹാക്കാലം മൂന്നാം ഞായർ
മാർക്കോസ് 3, 7 -19

സീറോമലബാർ സഭയുടെ വിശുദ്ധ കുർബാന തക്സയിൽ (Holy Qurbana Text) കാർമ്മികൻ ചൊല്ലുന്ന പ്രാർത്ഥനയിൽ പറയുന്നപോലെ, ‘സകല സൗഭാഗ്യങ്ങളും നന്മകളും മുടിചൂടി നിൽക്കുന്ന തിരുസ്സഭ” ഇന്ന് വലിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. കത്തോലിക്കാ സഭയുടെ വിശ്വാസ പ്രമാണത്തിൽ നാം ഏറ്റുപറയുന്ന ‘സാർവത്രികവും, ശ്ലൈഹികവും, അപ്പസ്തോലികവുമായ സഭ’ യുടെ അടിത്തറ ഇളകുകയാണോയെന്ന് ലോകം സംശയിക്കുന്നു. ക്രിസ്തുവിനെ ഇകഴ്ത്തിക്കാട്ടുവാനും, തിരുസ്സഭയുടെ നന്മകളെ തമസ്കരിക്കുവാനും ശ്രമിക്കുന്ന സഭാശത്രുക്കൾ കോടാലിക്കൈ പ്രയോഗത്തിലാണ്. സഭയുടെ മക്കളെക്കൊണ്ട് തന്നെ സഭയെ നശിപ്പിക്കുവാൻ അവർ ശ്രമിക്കുന്നു. വലിയ കൊടുംങ്കാറ്റുകളിലൂടെ കടന്നുപോയിട്ടും തകരാതെ ഇന്നും നിലനിൽക്കുന്ന തിരുസഭയുടെ ഉറപ്പേറിയ സംവിധാനം ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ, തിരുസ്സഭയെക്കുറിച്ചും, സഭയുടെ പ്രവർത്തനരീതികളെക്കുറിച്ചും ധാരാളം ചർച്ചകൾ നടക്കുന്ന ഈ കാലഘട്ടത്തിൽ ഇന്നത്തെ സുവിശേഷഭാഗം നമ്മെ പഠിപ്പിക്കുന്നത് തിരുസ്സഭ ശ്ലൈഹികമാണ്, അപ്പസ്തോലികമാണ് എന്നാണ്.
ഇന്ന് നാം വായിച്ചുകേട്ട സുവിശേഷത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന്, കടൽത്തീരത്ത് സംഭവിച്ച കാര്യങ്ങൾ. ഈശോ ചെയ്ത പ്രവൃത്തികളെക്കുറിച്ച് കേട്ട് ധാരാളം ആളുകൾ വന്നപ്പോൾ ഈശോ അവരെ പഠിപ്പിച്ചു. അവരുടെ രോഗങ്ങളിൽ നിന്ന് അവരെ സുഖപ്പെടുത്തി. പിശാചുക്കളെ പുറത്താക്കി. അവരുടെ ജീവിതത്തിന് പ്രത്യാശ നൽകി. അവരെ ദൈവമക്കളാക്കി. അവരെ ക്രിസ്തു ദൈവപുത്രനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സമൂഹമാക്കി മാറ്റി. രണ്ട്, അപ്പസ്തോലന്മാരെ തിരഞ്ഞെടുക്കുന്നു. ക്രിസ്തുവിന്റെ പ്രവൃത്തികൾ തുടർന്നുകൊണ്ടുപോകുന്നതിനായി, ക്രിസ്തു പന്ത്രണ്ട് പേരെ തിരഞ്ഞെടുക്കുന്നു; അവരെ അപ്പസ്തോലരാക്കി മാറ്റുന്നു. ഇന്നത്തെ സുവിശേഷത്തിലെ ഒന്നാം ഭാഗത്ത് സംഭവിച്ച കാര്യങ്ങൾ തുടരാനായി, ക്രിസ്തു സംഭവങ്ങൾ തുടരാനായി ഈശോ അപ്പസ്തോലരെ തിരഞ്ഞെടുക്കുന്നു. അവരിലൂടെ രൂപപ്പെട്ട സമൂഹത്തിന് തിരുസ്സഭ എന്ന പേരും ഉണ്ടാകുന്നു. ക്രിസ്തുവിനാൽ തിരഞ്ഞെടുക്കപ്പെട്ടവരിലൂടെ ക്രിസ്തു സംഭവങ്ങൾ തുടർന്നുകൊണ്ട് പോകുന്നതുകൊണ്ട് തിരുസ്സഭ അപ്പസ്തോലികമായി.

ലളിതമായി പറഞ്ഞാൽ, അപ്പസ്തോലരുടെ പിന്തുടർച്ചയുള്ള വിളിക്കപ്പെട്ട സമൂഹമായി.
തീർച്ചയായും, പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തതിലെ ഈശോയുടെ ഉദ്ദേശ്യം വളരെ Clear ആണ്. അധികാരം നൽകുന്നതിനാണ് ഈശോ പന്ത്രണ്ട് പേരെ തിരഞ്ഞെടുത്തത്. എന്തിനൊക്കെയുള്ള അധികാരം? 1. ഈശോയോടുകൂടി ആയിരിക്കുവാൻ. അതായത്, എപ്പോഴും ഈശോയുടെ പക്ഷത്ത് നിൽക്കുവാൻ, ഈശോയുടെ ലക്‌ഷ്യം പൂർത്തിയാക്കുവാൻ, ഈശോ ഉദ്ദേശിക്കുന്നകാര്യം നടപ്പിലാക്കാൻ. 2. പ്രസംഗിക്കാൻ അയയ്ക്കുന്നതിന്. എന്നുവച്ചാൽ, ഈശോയുടെ സന്ദേശം, സുവിശേഷം, ദൈവരാജ്യം മറ്റുള്ളവരെ അറിയിക്കുവാൻ. 3. പിശാചുക്കളെ ബഹിഷ്കരിക്കുവാൻ. ഈശോയുടെ ശക്തികൊണ്ട്, പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ട് ഈശോയ്‌ക്കെതിരെയുള്ള ശക്തികളെ ഇല്ലാതാക്കുവാൻ. ക്രിസ്തുവിന്റെ അംബാസഡർ (Ambassador) മാരായി പോകുന്നവർ ക്രിസ്തുവിനോട് അടുത്തിരിക്കണമല്ലോ; ഈശോയുടെ മനസ്സ് പറയണമല്ലോ; ഈശോയുടെ പ്രവൃത്തികൾ ചെയ്യണമല്ലോ. പിന്നെ, ഈശോയാണ് ശിഷ്യരെ വിളിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഈശോയുടെതാണ്. Church, പള്ളി എന്നതിന്റെ ഗ്രീക്ക് – എക്ലേസിയ – (Ekklesia, ἐκκλησία) പദത്തിന് അക്ഷരാർത്ഥത്തിൽ വിളിക്കപ്പവർ എന്നാണ് അർഥം.
യൂത്ത് കാറ്റക്കിസം (YouthCathechism, YouCat) ഇതിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:
തന്റെ ഏറ്റവും അടുത്ത സഹകാരികളായിരിക്കാൻ യേശു അപ്പസ്തോലന്മാരെ വിളിച്ചു. അവർ അവന്റെ ദൃക്‌സാക്ഷികളായിരുന്നു. പുനരുത്ഥാനത്തിനുശേഷം, അവൻ അവർക്ക് ആവർത്തിച്ച് പ്രത്യക്ഷപ്പെട്ടു. അവൻ അവർക്ക് പരിശുദ്ധാത്മാവിനെ നൽകുകയും ലോകമെമ്പാടുമുള്ള തന്റെ ആധികാരിക സന്ദേശവാഹകരായി അവരെ അയയ്ക്കുകയും ചെയ്തു. ആദിമ സഭയിലെ ഐക്യം അവർ ഉറപ്പുനൽകി. അവർ തങ്ങളുടെ ദൗത്യവും അധികാരവും തങ്ങളുടെ പിൻഗാമികളായ ബിഷപ്പുമാർക്ക് കൈവയ്പ്പിലൂടെ നൽകി. ഈ പ്രക്രിയയെ അപ്പസ്തോലിക പിന്തുടർച്ച എന്ന് വിളിക്കുന്നു. (YouCat 137)
CCC (Catechism of the Catholic Church) യിൽ പറയുന്നത് തിരുസഭ മൂന്ന് തരത്തിൽ അപ്പസ്തോലികമാണ് എന്നാണ്:
1. ക്രിസ്തു തിരഞ്ഞെടുത്ത സാക്ഷികളായ “അപ്പസ്തോലന്മാരുടെ” അടിത്തറയിലാണ് തിരുസ്സഭ പണിയപ്പെട്ടിരിക്കുന്നത്.
2. അപ്പസ്തോലന്മാരുടെ പഠിപ്പിക്കൽ സഭ കൈക്കൊള്ളുന്നു.
3. സഭയെ നയിക്കുന്നത് അപ്പസ്തോലന്മാരുടെ പിൻഗാമികളായ ബിഷപ്പുമാർ മാർപ്പാപ്പയുമായുള്ള ഐക്യത്തിലാണ്.
സ്നേഹമുള്ളവരേ, നമ്മുടെ സഭ അപ്പസ്തോലികമാണ്. കാരണം, അത് ക്രിസ്തു തിരഞ്ഞെടുത്ത പന്ത്രണ്ട് അപ്പസ്തോലന്മാർ പഠിപ്പിച്ചതുപോലെ വിശ്വാസം മുറുകെപ്പിടിച്ച് മുന്നോട്ട് പോകുന്നു. ക്രിസ്തു തന്റെ സഭയുടെ നേതൃത്വം അപ്പസ്തോലനായ പത്രോസിനെ ഏൽപ്പിച്ചു, “നീ പത്രോസാണ്, ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും, ലോകത്തിന്റെ കവാടങ്ങൾ അതിനെ ജയിക്കുകയില്ല” (മത്തായി 16:18). അങ്ങനെ പീറ്റർ ആദ്യത്തെ ബിഷപ്പും മാർപ്പാപ്പയുമായി. ഈ പ്രവർത്തനങ്ങളിലൂടെ, യേശു തന്റെ സഭയുടെ മിഷനറിമാരായി സേവനജീവിതത്തിലേക്ക് അവരെ വിളിക്കുകയായിരുന്നു. ഇന്നുവരെ പിന്തുടരുന്ന എല്ലാ മെത്രാന്മാരും മാർപാപ്പമാരും ഈ ദൗത്യം പങ്കിടുന്നു.
നമ്മുടെ സഭയുടെ അപ്പസ്തോലിക സ്വഭാവം ക്രിസ്തുവിൽ വേരൂന്നിയതാണ്; അത് കൂദാശകളിൽ പങ്കുചേരുന്നതിലൂടെ ലഭിക്കുന്ന ദൈവകൃപയിൽ അടിസ്ഥാനമിട്ടതാണ്; അപ്പസ്തോലപിന്തുടർച്ചയിൽ നിലനിൽക്കുന്നതുമാണ്. ഈ അപ്പസ്തോലിക സ്വഭാവത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ പറയുന്നത് നാം കേൾക്കണം. ” അപ്പസ്തോലന്മാരെ യേശു വിളിച്ചത് പോലെ നാമെല്ലാവരും “പുറപ്പെടാൻ” വിളിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ വിശ്വാസം യേശുവിന്റെ അപ്പസ്തോലന്മാരുടെ പ്രഘോഷണത്തിലും സാക്ഷ്യത്തിലും നങ്കൂരമിട്ടിരിക്കുന്നു. അത് അവിടെ നിന്ന് വരുന്ന ഒരു നീണ്ട ചങ്ങലയാണ്; അതിനായി, ക്രിസ്തുവിൽ, അപ്പസ്തോലന്മാരുടെ പിൻഗാമികളുമായുള്ള കൂട്ടായ്മയിൽ, നാം നിയുക്തരായിരിക്കുന്നു.”
തിരുസഭയുടെ മക്കളേ, തിരുസ്സഭ അപ്പസ്തോലികമെന്നത് വെറും അറിവ് മാത്രമായി ചുരുങ്ങാതെ അത് നമ്മുടെ വികാരമാകണം. അതിൽ അഭിമാനിക്കാൻ നമുക്കാകണം. കത്തോലിക്കാ സഭയുടെ അപ്പസ്തോലിക പാരമ്പര്യം ഇന്നും തുടർന്നുകൊണ്ട് പോകുന്നതിൽ സന്തോഷിക്കാൻ നമുക്കാകണം. ക്രിസ്തുമാകുന്ന മുന്തിരിച്ചെടിയോട് ചേർന്ന് നിന്നാണ് അപ്പസ്തോലന്മാർ ഫലം പുറപ്പെടുവിച്ചത്. അവർക്ക് കൽപ്പനയും (Mandate), ശക്തിയും (Power) ലഭിച്ചത് ക്രിസ്തുവിൽ നിന്നാണ്. അവർ “ക്രിസ്തുവിന്റെ സ്ഥാനപതികളും” (2 കോറി 6: 4) “ദൈവത്തിന്റെ രഹസ്യങ്ങളുടെ കാര്യവിചാരകരും” (1 കോറി 4:1) ആണെന്ന് അവർക്ക് അറിയാമായിരുന്നു. സഭയെ മേയിക്കാനുള്ള അപ്പസ്തോലന്മാരുടെ ദൗത്യം “മെത്രാന്മാരുടെ വിശുദ്ധ ക്രമത്താൽ തടസ്സമില്ലാതെ നിർവഹിക്കപ്പെടാൻ വിധിക്കപ്പെട്ടതാണ്” (രണ്ടാം വത്തിക്കാൻ കൗൺസിൽ).
ആ പാരമ്പര്യം ഇന്നും മാർപാപ്പയിലൂടെ, മെത്രാന്മാരിലൂടെ, അവരുടെ കൈവയ്പ്പ് ശുശ്രൂഷാവഴി വൈദികരിലൂടെ തുടരുകയാണ്. സീറോമലബാർ സഭയുടെ തിരുപ്പട്ട ശുശ്രൂഷയുടെ തുടക്കത്തിൽ, കൈവയ്പ്പ് ശുശ്രൂഷയിലൂടെ തിരുപ്പട്ടം നൽകുന്ന മെത്രാന്റെ മുൻപിൽ മുട്ടുകുത്തിനിന്ന്, ‘റോമിലെ മാർപാപ്പയും, മെത്രാൻ സംഘവും പഠിപ്പിക്കുന്ന കാര്യങ്ങൾ, നിയതമായി നിർവചിച്ചിട്ടില്ലെങ്കിൽപോലും അനുസരിച്ചുകൊള്ളാമെന്ന്’ ഡീക്കൻ പ്രതിജ്ഞചെയ്യുമ്പോൾ, അദ്ദേഹം ഈ അപ്പസ്തോലിക പിന്തുടർച്ചയുടെ ജീവിക്കുന്ന സാക്ഷിയാകുകയാണ്. തിരുസ്സഭയിലെ മാർപാപ്പയും, കർദ്ദിനാൾമാരും, മെത്രാന്മാരും, ഓരോ വൈദികനും തിരുസ്സഭ അപ്പസ്തോലികമാണ് എന്നതിന്റെ ജീവിക്കുന്ന സാക്ഷികളാണ്.
.
തിരുസഭ അപ്പസ്തോലികമാണ് എന്ന സത്യം ഒരിക്കൽക്കൂടി സഭ പ്രഘോഷിക്കുകയാണ് ഇന്നത്തെ സുവിശേഷത്തിലൂടെ. സഭയിലെ അപ്പസ്തോലിക പിന്തുടർച്ച സാധിതമാകുന്നതാകട്ടെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം വഴിയാണ്. സഭയുടെ വാതിലുകളും ജനലുകളും തുറന്നിട്ടുകൊണ്ട് രണ്ടാം വത്തിക്കാൻ കൗൺസിൽ വിളിച്ചുകൂട്ടിയ വിശുദ്ധ ജോൺ ഇരുപത്തിമൂന്നാം മാർപാപ്പ, താൻ പാപ്പയായി തിരഞ്ഞെടുക്കപ്പടെന്നതിന്റെ തലേരാത്രി, താനായിരിക്കും പാപ്പയാകുക എന്ന് ഉറപ്പായപ്പോൾ ഉറങ്ങാൻ കഴിയാതെ അസ്വസ്ഥനായി. ഒട്ടും ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന അദ്ദേഹം കട്ടിലിൽ എഴുന്നേറ്റിരുന്നു. എന്നിട്ട് അദ്ദേഹം തന്നോട് തന്നെ ചോദിച്ചു: “ജിയോവാനീ, നീ എന്തുകൊണ്ടാണ് ഉറങ്ങാത്തത്? നീയാണോ, പരിശുദ്ധാത്മാവാണോ സഭയെ നയിക്കുന്നത്?” ജിയോവാനീ പറഞ്ഞു: “അത് പരിശുദ്ധാത്മാവ് തന്നെ.” “എന്നാൽ നീ പോയി കിടന്നുറങ്ങുക.” അദ്ദേഹം സ്വയം ശാന്തനായി ഉറങ്ങുവാൻ പോയി.
ഇന്ന് തിരുസ്സഭയെ വിമർശിക്കുന്ന സഭയ്ക്കുള്ളിലുള്ളവരും, പുറത്തുള്ളവരും, മാർപാപ്പയുടെ, മെത്രാൻ സംഘത്തിന്റെ, വൈദികരുടെ ശ്ലൈഹിക അധികാരത്തെയും, കൂദാശകളുടെ സാധുതയെയും ചോദ്യം ചെയ്യുന്നവരും ഓർമിക്കേണ്ട ഒരു സത്യമുണ്ട്: തിരുസ്സഭ അപ്പസ്തോലികമാണ്. തിരുസഭയുടെ ഈ അപ്പസ്തോലിക പിന്തുടർച്ച തിരുസ്സഭയിൽ പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനഫലമാണ്. അത് ഏതെങ്കിലും സർക്കാരിൽ നിന്ന് ലഭിച്ചതോ, മാളുകളിൽ നിന്ന് വാങ്ങാൻ കിട്ടുന്നതോ അല്ല. അത് ക്രിസ്തുവിനാൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക്, പരിശുദ്ധാത്മാവ് നൽകുന്ന ദാനമാണ്.
.
അപ്പസ്തോലന്മാരിലൂടെ പകർന്നുകിട്ടിയ വിശ്വാസപാരമ്പര്യം, കൂദാശയുടെ പാരമ്പര്യം മുറുകെപിടിച്ചുകൊണ്ട് മുന്നോട്ട് പോകുകയാണ് നാമെല്ലാവരും ചെയ്യേണ്ടത്. അല്ലെങ്കിൽ അത് നമ്മുടെ, നമ്മുടെ കുടുംബങ്ങളുടെ, ലോകത്തിന്റെ തന്നെ നാശമായിരിക്കും. യൂറോപ്പ് അപ്പസ്തോലിക പാരമ്പര്യത്തെ, എന്തിന് ക്രൈസ്തവമൂല്യങ്ങളെത്തന്നെ വിസ്മരിച്ചപ്പോൾ അന്നത്തെ മാർപാപ്പ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ, ഏറെ വിലപിച്ചു. സെക്കുലറിസത്തിന്റെപേരിൽ ഉയർന്നുവന്ന ക്രൈസ്തവ വിരോധം യൂറോപ്പിന്റെ നാശത്തിലെ അവസാനിക്കൂ എന്ന് മാർപാപ്പ മുൻകൂട്ടിക്കണ്ടു. പിന്നീട്, ഫ്രാൻസ് സന്ദര്ശിച്ച വേളയിൽ പാപ്പാ ഫ്രാൻസുകാരോട് ചോദിച്ചു:”ഫ്രാൻസ്, സഭയുടെ മൂത്തപുത്രി, തിരുസഭയിൽ നിന്ന് നീ സ്വീകരിച്ച മാമ്മോദീസ നീ എന്തുചെയ്തു?” അപ്പസ്തോലരിലൂടെ കൈവന്ന കൂദാശയുടെ സ്വീകരണം കൊണ്ട് സ്നേഹമുള്ളവരേ നാമും എന്ത് ചെയ്യുന്നു എന്ന് ചിന്തിച്ചു നോക്കേണ്ടതാണ്.
സ്നേഹമുള്ളവരേ, സഭ ഏകമാണ്, വിശുദ്ധവും അപ്പസ്തോലികവുമാണ്. ഈ സഭയുടെ മക്കളായതിൽ നമുക്ക് അഭിമാനിക്കാം. സഭയുടെ അപ്പസ്തോലിക പാരമ്പര്യം മുറുകെപ്പിടിച്ചുകൊണ്ട് ജീവിച്ചാൽ നമുക്ക് രക്ഷയുണ്ട് സഭയിലൂടെ. സഭയുടെ അപ്പസ്തോലിക പാരമ്പര്യം തള്ളിപ്പറഞ്ഞത് നമുക്കത് നാശത്തിന് കാരണമാകും. ക്രിസ്തുവിന്റെ ദൈവരാജ്യം നാം പ്രസംഗിക്കേണ്ടിയിരിക്കുന്നു. കാരണം, ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ അടിത്തറയിൽ, കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരുടെ പേരുകൾ എഴുതപ്പെട്ടിരിക്കുന്നു. (വെളി. 21:14). ഇന്നത്തെ കുർബാനയിൽ വവിശ്വാസപ്രമാണം ചെല്ലുമ്പോൾ സഭ ശ്ലൈഹികമാണ്,

അപ്പസ്തോലികമാണ് എന്ന് നമുക്ക് ഏറ്റുപറയാം. അങ്ങനെ തിരുസഭയുടെ നല്ല മക്കളായി ജീവിച്ചുകൊണ്ട് ഈശോയുടെ രക്ഷ സ്വന്തമാക്കാം. ആമേൻ!