SUNDAY SERMON MT 6, 1-8; 16-18

നോമ്പുകാലം മൂന്നാം ഞായർ

മത്തായി 6, 1-8; 16-18

ഈ വർഷത്തെ അൻപത് നോമ്പിന്റെ വഴികളിൽ, ക്രിസ്തുവിന്റെ യാതനകളോട് ചേർത്തുവച്ച് ധ്യാനിക്കുവാൻ, പ്രാർത്ഥിക്കുവാൻ ധാരാളം സംഭവങ്ങളാണ് നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്. കരിഷകരുടെ ദുരിതങ്ങളും, കഷ്ടപ്പാടും സർക്കാരിന്റെ ശ്രദ്ധയിലെത്തിക്കുവാനുള്ള കർഷക മാർച്ച് ഈശോയുടെ കുരിശിന്റെ വഴികളെ ഓർമിപ്പിക്കുന്നു. അവർക്ക് വേണ്ടി മാത്രമല്ലല്ലോ, ഭാരതത്തിലെ ഓരോ കർഷകനുംവേണ്ടിയാണ് അവർ പീഡകൾ സഹിക്കുന്നത്. വയനാടുപോലുള്ള മലയോര പ്രദേശങ്ങൾ കാട്ടുമൃഗങ്ങളെ പേടിച്ച് വിറങ്ങലിച്ചു നിൽക്കുകയാണ്. ഒരു കരിയില അനങ്ങുന്നതുപോലും ഞെട്ടലുണ്ടാക്കുന്ന സാഹചര്യത്തെ ഭാവനചെയ്യാന്പോലും കഴിയുന്നില്ല. ഛത്തീസ്ഗഡിലെ ജയിലിൽ കഴിയുന്ന സിസ്റ്റർ മേഴ്സിയുടെ സങ്കടങ്ങളും കുരിശിന്റെ വഴിയോട് നാം ചേർത്തുവയ്ക്കണം. കഴിഞ്ഞ വെള്ളിയാഴ്ച പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട സംഭവവും കുരിശിന്റെ വഴികളിലെ ചാട്ടവാറടികളാണ്. ഭാരതത്തിലെ സുവിശേഷ പ്രവർത്തനങ്ങൾക്ക് തടയിടാൻ നിയമസഭകൾ ബില്ലവതരിപ്പിക്കുന്നതും പീഡാ നുഭവത്തിന്റെ പുതിയ വഴികളാണ്.

ക്രിസ്തുവിന്റെ ചുടുചോരയാൽ നനഞ്ഞ കാൽവരി വഴികളെ ഓർമിപ്പിക്കുന്ന വഴികളിലൂടെ നാം കടന്നുപോകുന്ന ഇക്കാലത്ത്, ഇന്നത്തെ സുവിശേഷം, നമ്മുടെ ക്രൈസ്തവ ജീവിതങ്ങളെ ശക്തിപ്പെടുത്തുവാനുള്ള മാർഗങ്ങളെക്കുറിച്ച് നമുക്ക് പറഞ്ഞു തരികയാണ്. നമ്മുടെ ഓരോരുത്തരുടെയും ക്രൈസ്തവ വിശ്വാസത്തെയും, ക്രൈസ്തവ ജീവിതത്തെയും ശക്തിപ്പെടിത്തുമ്പോൾ മാത്രമേ, ക്രിസ്തുവിന്റെ രക്ഷയുടെ അനുഭവം നമുക്കും, നമ്മിലൂടെ ലോകം മുഴുവനും അനുഭവിക്കുവാൻ സാധിക്കൂ. അതുകൊണ്ട്, പീഡനങ്ങളുടെ കാലത്ത് ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുവാൻ നമുക്കാകണം.

വിശുദ്ധ മത്തായി യഹൂദക്രൈസ്തവർക്കുവേണ്ടി സുവിശേഷം തയ്യാറാക്കിയതുകൊണ്ടാകാം ദാനത്തെക്കുറിച്ചും പ്രാർത്ഥനയെക്കുറിച്ചും, ഉപവാസത്തെക്കുറിച്ചും ഈശോ പഠിപ്പിച്ച കാര്യങ്ങൾ വലിയ പ്രാധാന്യത്തോടെ സംസാരിക്കുന്നത്. വളരെ കാർക്കശ്യത്തോടെ നിയമങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്ന യഹൂദരോട് ഈ മൂന്ന് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, ദാനത്തിന്റെയും, പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ശരിയായ ആത്മീയത എന്തെന്ന് ഈശോ അവരെ പഠിപ്പിക്കുകയാണ്. കാരണം, ക്രിസ്തുവിന് മനുഷ്യരുടെ ഹൃദയമെന്തെന്ന് അറിയാമായിരുന്നു. ഈശോയ്ക്കറിയാം, മനുഷ്യർ കപടനാട്യക്കാരാണെന്ന്. പേരിനും പെരുമയ്ക്കുംവേണ്ടി അവർ എന്തും ചെയ്യും. അവർ ചെറിയൊരു ദാനം ചെയ്‌താൽ പോലും കാഹളം മുഴക്കുന്നവരാണ്. പ്രാർത്ഥിക്കുമ്പോൾ പോലും അത് വലിയ ഷോ ആക്കുന്നവരാണ്. ആത്മീയതയെപ്പോലും വിറ്റ് കാശാക്കുന്നവരാണ്. സ്വാർത്ഥരാണവർ. വെള്ളയടിച്ച കുഴിമാടങ്ങളാണവർ. ആക്രാന്തവും ആർത്തിയും അവരുടെ കൂടെപ്പിറപ്പുകളാണ്. ഇങ്ങനെയുള്ളവരെ ആത്മീയതയിലേക്ക്, ക്രിസ്തുവിലേക്ക് ക്ഷണിക്കുമ്പോൾ ഈശോ അവരെ ശരിയായ മനോഭാവത്തിലേക്ക് നയിക്കുകയാണ്.

ഇന്നും മനുഷ്യർ വ്യത്യസ്തരല്ല. ഇന്ന് ഈ നിമിഷം വരെ ആഗ്രഹങ്ങളാണ്, അത്യാഗ്രഹങ്ങളാണ് മനുഷ്യന്റെ ജീവിതത്തെ മലിനമാക്കുന്നത്; നമ്മുടെ ജീവിതത്തെ നശിപ്പിക്കുന്നത്. എന്താ സംശയമുണ്ടോ? കഴിഞ്ഞകാലങ്ങളിലെ ചെറുതും വലുതുമായ യുദ്ധങ്ങൾ, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ നടന്നത് എന്തിന് വേണ്ടിയായിരുന്നു? മൂന്നാം ലോകമഹായുദ്ധത്തിന്റെ കൊടിയേറ്റമെന്നോണം ഇന്നും തുടരുന്ന യുക്രയിൻ-റഷ്യ യുദ്ധം എന്തിന് വേണ്ടിയാണ്? നമ്മുടെ കുടുംബങ്ങളിൽ, ഇടവകയിൽ, രൂപതയിൽ, സഭയിൽ നടക്കുന്ന തർക്കങ്ങളും വഴക്കുകളും എന്തിന് വേണ്ടിയാണ്? പൂഞ്ഞാറിൽ കഴിഞ്ഞ ദിവസം ഒരു വൈദികൻ ആക്രമിക്കപ്പെട്ടത് എന്തിനുവേണ്ടിയാണ്? എന്തിന് വേണ്ടിയാണ് ഇന്നും മനുഷ്യരക്തത്തിനുവേണ്ടി മനുഷ്യൻ കൊലവിളി നടത്തുന്നത്? തട്ടിപ്പറിക്കാൻ വേണ്ടി, വെട്ടിപ്പിടിക്കാൻ വേണ്ടി, മണ്ണിന് വേണ്ടി, പെണ്ണിന് വേണ്ടി, കാർന്നോന്മാരുടെ സ്വത്തിനുവേണ്ടി, ദൈവങ്ങൾക്കുവേണ്ടി, മതത്തിനുവേണ്ടി, അധികാരത്തിനുവേണ്ടി …. .ആഗ്രഹം ഒരു വിഷമാണ്. അധികാരം പണം, മറ്റുള്ളവരെക്കാൾ ഉയരത്തിലെത്താനുള്ള മനസ്സിന്റെ വെമ്പൽ, ഇവയെല്ലാം മനുഷ്യനെ കൊല്ലുന്ന വിഷമാണ്.

ഇങ്ങനെയുള്ള മനുഷ്യനെ, നമ്മെ ഓരോരുത്തരെയും, ജീവനിലേക്ക്, രക്ഷയിലേക്ക് ദൈവത്തിലേക്ക് കൊണ്ടുവരാൻ, നമ്മുടെ ക്രൈസ്തവ സാക്ഷ്യജീവിതത്തെ ശോഭയുള്ളതാക്കുവാൻ, ഈ നോമ്പുകാലത്ത് പ്രത്യേകിച്ച്, ഈശോ നൽകുന്ന മൂന്ന് വഴികളാണ് ദാനം, പ്രാർത്ഥന, ഉപവാസം.

വളരെപ്പഴയ ഒരു കഥ ഓർമ്മവരുന്നു. ഒരു രാജാവ് തോട്ടത്തിൽ ഉലാത്താൻ ഇറങ്ങി. അവിടെനിന്ന് പുറത്തേക്കിറങ്ങിയപ്പോൾ ഒരു യാചകനെക്കണ്ടു. യാചകനാകട്ടെ, രാജാവിന്റെ അടുത്തേക്ക് ഓടിയെത്തി. “നിനക്ക് എന്തുവേണം?”രാജാവ് ചോദിച്ചു. യാചകന് സന്തോഷമായി. “അധികമൊന്നും വേണ്ട. ചെറിയ പിച്ചപ്പാത്രത്തിൽ അങ്ങേയ്ക്ക് കഴിയുന്നത് തരിക. എന്നെ നോക്കേണ്ട. ഞാനൊരു തെണ്ടിയാണ്. അങ്ങാണെങ്കിൽ രാജാവും. എന്ത് തന്നാലും എന്റെയീ പിച്ചപ്പാത്രം നിറയണം.” രാജാവ് സമ്മതിച്ചു. പ്രധാനമന്ത്രിയോട് രത്നങ്ങളും, സ്വർണവും, ധാന്യങ്ങളും കൊണ്ടുവരുവാൻ കല്പിച്ചു. രത്നക്കല്ലുകൾ പാത്രത്തിലിട്ടു. എന്നാൽ അവ അപ്രത്യക്ഷമായി. പിന്നെ, സ്വർണംധാന്യം….എല്ലാം അപ്രത്യക്ഷമായി. അവസാനം രാജാവ് ഒന്നുമില്ലാത്തവനായി. പിച്ചപ്പാത്രമാകട്ടെ ശൂന്യവും. ജനങ്ങളിത് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് രാജാവ് യാചകനോട് പറഞ്ഞു: ഞാൻ തോറ്റിരിക്കുന്നു. എന്താണ് ഇതിന്റെ രഹസ്യം?” യാചകൻ പറഞ്ഞു: ഞാനൊരു മന്ത്രികനല്ല. ഒരു പിച്ചപ്പാത്രം വാങ്ങാൻ പോലും പൈസ എനിക്കില്ലായിരുന്നു. വഴിയിൽ കിടന്ന് ഒരു മനുഷ്യന്റെ തലയോട്ടി എനിക്ക് കിട്ടി. അതുകൊണ്ടാണ് ഞാനിത് ഉണ്ടാക്കിയത്. ഇതിൽ എന്തിട്ടാലും മറഞ്ഞുപോകും. ആഗ്രഹം മാത്രം ബാക്കിയാകും.

മരിച്ചാലും തീരാത്ത ആഗ്രഹങ്ങളുടെ കുട്ടയും ചുമന്നല്ലേ പ്രിയപ്പെട്ടവരേ നാമും നടക്കുന്നത്? അത്യാഗ്രഹികളായ, ആർത്തിപ്പണ്ടാരങ്ങളായ നമ്മോട് ഈശോ പറയും, നിങ്ങൾ വിശുദ്ധരാകാൻ, ദൈവമക്കളാകാൻ, ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കാൻ യോഗ്യതയുള്ളവരാകാൻ ആദ്യമായി ചെയ്യേണ്ടത്, നിങ്ങൾക്കുള്ളവ ദാനം ചെയ്യുവിൻ. ദാനം ചെയ്യുമ്പോൾ, അപരനിലുള്ള ദൈവത്തിനാണ് കൊടുക്കുന്നത് എന്ന ചിന്തയിൽ ദാനം കൊടുക്കുക. ദൈവത്തിനാണ് കൊടുക്കുന്നതെങ്കിൽ പിന്നെ എന്തിനാണ് ഒച്ചപ്പാടും  ബഹളവും!

പ്രപഞ്ചം വെളിപ്പെടുത്തുന്ന വലിയ സത്യം ഇതാണ്, അതിന്റെ നിലനിൽപ്പ് കൊടുക്കൽ വാങ്ങലിലൂടെയാണ്. ഇതിന്റെ പ്രതിരൂപമാണ് ശരീരത്തിലെ രക്ത ചംക്രമണം. ഹൃദയം വിശ്രമമില്ലാതെ രക്തം നൽകുന്നതോടൊപ്പം സ്വീകരിക്കുകയും ചെയ്യുന്നു.  കൊടുക്കുക എന്നതും, അതിന്റെ ഫലമായ സ്വീകരിക്കലും ദൈവിക നിയമം മാത്രമല്ല, അത് പ്രപഞ്ചത്തിന്റെ രീതിയും കൂടിയാണ്. ദാനത്തിന്റെ പിന്നിലുള്ള പ്രമാണം വളരെ ലളിതമാണ്. നിങ്ങൾ കൊടുക്കുന്നത് നിങ്ങൾക്ക് തിരികെ ലഭിക്കും. സ്നേഹമാണ് നിങ്ങൾ കൊടുക്കുന്നതെങ്കിൽ നിങ്ങൾക്ക് സ്നേഹം ലഭിക്കും. സുഖവും   സമൃദ്ധിയുമാണെങ്കിൽ അത് ലഭിക്കും. നിങ്ങളുടെ ജീവിതം ധാന്യവും അനുഗ്രഹീതവുമാകണമെങ്കിൽ അവ മറ്റുള്ളവർക്കും ലഭ്യമാകാൻ പ്രാർത്ഥിക്കുകയും, ശ്രമിക്കുകയും ചെയ്യുക.

ചിന്തകനും എഴുത്തുകാരനുമായ ഖലീൽ ജിബ്രാൻ തന്റെ പ്രവാചകൻ എന്ന ഗ്രന്ഥത്തിൽ ദാനത്തെക്കുറിച്ച് പറയുന്നു: “നിങ്ങളുടെ സമ്പാദ്യം കൊടുക്കുമ്പോൾ ഒന്നും കൊടുക്കുന്നില്ല. നിങ്ങൾ നിങ്ങളെത്തന്നെ ദാനം ചെയ്യുമ്പോഴത്രേ യഥാർത്ഥത്തിൽ കൊടുക്കുന്നത്.” സ്നേഹമുള്ളവരേ, എങ്ങനെ ദാനം ചെയ്യുന്നു എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സന്തോഷത്തോടെ കൊടുക്കുന്നവരുണ്ട്. ആ സന്തോഷമാണ് അവരുടെ പ്രതിഫലം. വേദനയോടെ കൊടുക്കുന്നവരുണ്ട്. ആ വേദനയത്രേ അവരുടെ ജ്ഞാനസ്നാനം. പൂക്കൾ സുഗന്ധം പരത്തുന്നതുപോലെ ദാനം ചെയ്യണം. കാറ്റ് എവിടെ പോകുന്നുവോ അവിടെയെല്ലാം സുഗന്ധം പരക്കും. ആർക്ക് നൽകിയെന്ന് പൂക്കൾ അന്വേഷിക്കാറില്ല. പ്രതിഫലമോ നന്മയോ നോക്കാതെ അവർ സുഗന്ധം, സ്നേഹം നൽകുന്നു. ജിബ്രാൻ പറയുന്നത്, ഇവരെപ്പോലുള്ളവരുടെ കരങ്ങളിലൂടെയാണ് ദൈവം സംസാരിക്കുന്നത്. ഈ ലോകത്തിൽ ദൈവത്തിന്റെ കരങ്ങളാകുക, ദൈവത്തിന്റെ കണ്ണുകളാകുക, ദൈവത്തിന്റെ ഹൃദയമാകുക.

നല്കുന്നതിനെക്കുറിച്ച് വിഷമിക്കാതിരിക്കുക. കാരണം ഒരിക്കൽ മരണം എല്ലാം കൊണ്ടുപോകും. അതുകൊണ്ട് ദൈവത്തിന്റെ കരങ്ങളാകാനുള്ള അവസരം പാഴാക്കാതിരിക്കുക.

മനുഷ്യന് തന്നെത്തന്നെ വിശുദ്ധീകരിക്കുവാനുള്ള രണ്ടാമത്തെ ഉപാധിയായി ഈശോ പറയുന്നത് പ്രാർത്ഥനയാണ്. ഈശോയ്ക്ക് പ്രാർത്ഥനയെന്നത് പിതാവായ ദൈവവുമായുള്ള ബന്ധമാണ്. അത് നടക്കുന്നതോ നിശ്ശബ്ദതയിലാണ്. പ്രാർത്ഥിക്കാനിരിക്കുന്ന സ്ഥലം നിശ്ശബ്ദതയിലായിരിക്കണം. നിന്റെ ശരീരം നിശ്ശബ്ദതയിലായിരിക്കണം. നിന്റെ മനസ്സും ഹൃദയവും നിശ്ശബ്ദതയിലായിരിക്കണം. നിശബ്ദതയിൽ ആയിരിക്കാൻ കഴിഞ്ഞാൽ ദൈവം നിന്റെ ജീവിതത്തിന്റെ, ഹൃദയത്തിന്റെ വാതിലിൽ മുട്ടും. ഹൃദയകവാടം തുറക്കുമ്പോൾ ദൈവം നിന്നിലെത്തുക തന്നെ ചെയ്യും.

ഖലീൽ ജിബ്രാൻ പറയുന്നത് നാം നമ്മുടെ ആത്മാവിന്റെ നിശ്ശബ്ദതകളിൽ പ്രാർത്ഥിക്കണം എന്നാണ്. ധാരാളം ആളുകൾ ദിവസവും പ്രാർത്ഥിക്കുന്നുണ്ട് . നമ്മളും പ്രാർത്ഥിക്കുന്നുണ്ട്. പക്‌ഷേ ആത്മാവിന്റെ നിശബ്ദതകളിൽ അല്ലെന്ന് മാത്രം. വെറും വാക്കുകൾ മാത്രം. ക്രിസ്ത്യൻ വാക്കുകൾ….ഹിന്ദു വാക്കുകൾ….മുസ്‌ലിം വാക്കുകൾ!!   സാധാരണ നാം നിശബ്ദത എന്നാണ് പറയാറ്. എന്നാൽ, ജിബ്രാൻ പറയുന്നത് നിശ്ശബ്ദതകളിൽ എന്നാണ്.

നമ്മുടെ ശരീരത്തിൽ ഏഴ് കേന്ദ്രങ്ങൾ ഉണ്ട്. ഓരോ കേന്ദ്രവും നിശബ്ദമാകണം. നമ്മിലെ ലൈംഗികതയുടെ, വികാരങ്ങളുടെ, ശക്തിയുടെ, ഹൃദയത്തിന്റെ, സംഭാഷണത്തിന്റെ, അവബോധത്തിന്റെ, ധ്യാനത്തിന്റെ – ഏഴ് കേന്ദ്രങ്ങൾ നിശ്ശബ്ദതമാകേണ്ടിയിരിക്കുന്നു. ഓരോ നിശ്ശബ്ദതയ്ക്കും തനതായ സുഗന്ധമുണ്ട്, രുചിയുണ്ട്. അതായത്, വെറുതെ കണ്ണടച്ചാൽ മാത്രം നിശ്ശബ്ദതയിലേക്ക്, പ്രാർത്ഥനയിലേക്ക് വന്നെത്തുവാൻ സാധിക്കുകയില്ല. ആത്മാവിന്റെ നിശ്ശബ്ദതകളിൽ പ്രാർത്ഥിക്കുമ്പോഴാണ് ദൈവത്തിന്റെ ഇഷ്ടം നമ്മിൽ ഒരാഘോഷമാകുന്നത്.

ജീവിത നവീകരണത്തിന്, വിശുദ്ധീകരണത്തിന് ഉതകുന്ന മൂന്നാമത്തെ മാർഗം ഉപവാസമാണ്. ഉപവാസമെന്നത് ദുഃഖത്തിന്റെ, വിഷാദഭാവം നടിക്കുന്നതിന്റെ അനന്തരഫലമല്ല. വിഷാദം ഉള്ള ഒരാൾക്കും ഉപവസിക്കുവാൻ കഴിയില്ല. ഉപവാസമെന്നത് ആനന്ദത്തിന്റെ, ആത്മാവിലുള്ള ആനന്ദത്തിന്റെ അനന്തരഫലമാണ്.

ഉപവസിക്കുക എന്നതിന് അടുത്തിരിക്കുക, അടുത്ത വസിക്കുക എന്നൊക്കെയാണ് വാച്യാർത്ഥം. എന്നുവച്ചാൽ, ഒരാൾ തൻറെ തന്നെ ആന്തരിക ലോകത്തോട്, ആത്മീയ ജീവിതത്തോട് ഏറ്റവും കൂടുതൽ അടുത്ത് ഇരിക്കുക എന്നാണർത്ഥം. ആത്മാവിൽ അടുത്തിരിക്കാൻ ശ്രമിക്കുമ്പോൾ ഒരാൾ ശാരീരികത മറക്കുന്നു. ആത്മീയതയിലേക്കുള്ള ഈ ആന്തരിക യാത്രയാണ് ഉപവാസം. ഉപവാസത്തിലൂടെയുള്ള ഈ ആന്തരിക യാത്രയിൽ ഒരാൾ തന്നിലുള്ള ക്രിസ്തുവിനെ കണ്ടെത്തുകയാണ്. തന്നോട് അടുത്ത ആയിരിക്കുമ്പോൾ അയാൾ മനസ്സിലാക്കുന്നു തൻറെ ഉള്ളിൽ ക്രിസ്തു ഉണ്ട് എന്ന്. വിശുദ്ധ പൗലോസ് ശ്ലീഹ പറഞ്ഞതുപോലെ പോലെ “ഇനി ഞാനല്ല ക്രിസ്തു എന്നിൽ ജീവിക്കുന്നു” എന്ന അവബോധത്തിലേക്ക്, അനുഭവത്തിലേക്ക് ഒരു വ്യക്തി കടന്നു വരുന്നു.  ഈ അനുഭവത്തിന്റെ, ആനന്ദത്തിന്റെ നിറവിൽ അയാൾ വിശപ്പ് പോലുമറിയാത്ത അവസ്ഥയിലെത്തുന്നു. മാത്രമല്ല, തന്നിൽ കണ്ടെത്തിയ ക്രിസ്തുവിനെ അവൾ / അവൻ അയൽക്കാരരിലും കണ്ടെത്തുന്നു. ഉപവസിക്കുമ്പോൾ, തന്റെ ആത്മീയതയോട്, ദൈവത്തോട്, സഹോദരരിലെ ക്രിസ്തുവിനോട് അടുത്തായിരിക്കുമ്പോൾ കിട്ടുന്ന വലിയ ആനന്ദത്തിൽ വിശപ്പ് മറക്കുന്നു. ഈ അവസ്ഥയാണ് ഉപവാസം.

പട്ടിണി കിടക്കലല്ല ഉപവാസം. പട്ടിണി കിടക്കുക എന്നാൽ ശരീരത്തെ പീഡിപ്പിക്കൽ ആണ്. അത് ഹിംസയാണ്.  ഉപവാസം എന്നതിന് ഭക്ഷണം കഴിക്കാതിരിക്കുക എന്ന് അർത്ഥമില്ല. വിശപ്പ് പോലുമറിയാത്ത വിധത്തിൽ ഒരാൾ ആനന്ദത്തിൽ ആകുക എന്നതാണ് ഉപവാസത്തിൽ സംഭവിക്കുന്നത്.  തന്നിൽ, തന്റെ സഹോദരങ്ങളിൽ, പ്രപഞ്ചത്തിൽ ദൈവത്തെ കണ്ടുമുട്ടുന്ന, ആ ദൈവത്തോടൊത്തായിരിക്കുന്ന അയാൾ ഭക്ഷണത്തെപ്പറ്റി ചിന്തിക്കുന്നില്ല. ഉദാഹരണത്തിന്, നിങ്ങൾ സന്തോഷത്തിലാണെങ്കിൽ നിങ്ങൾക്ക് അധികം ഭക്ഷണം കഴിക്കാൻ സാധിക്കുകയില്ല. നിങ്ങൾ ആനന്ദംകൊണ്ട് നിറയുമ്പോൾ നിങ്ങൾ അധികം ഭക്ഷണം കഴിക്കുകയില്ല.   എന്നാൽ ഭക്ഷണം ദുഃഖിതനാണെങ്കിൽ കൂടുതൽ ഭക്ഷണം കഴിക്കും. ടെൻഷൻ ഉള്ള ആളുകൾ കൂടുതൽ ഭക്ഷണം കഴിക്കും, കൂടുതൽ തിന്നാൻ തുടങ്ങും.  കൂടുതൽ ഭക്ഷിക്കുന്നത് ഒരാൾ ദുഃഖിതനാണെന്നതിന്റെ പ്രഖ്യാപനമാണ്.

സ്നേഹമുള്ളവരേ, സ്വാഭാവിക പ്രവണതകളുടെ, ലൗകിക മോഹങ്ങളുടെ പ്രലോഭനങ്ങളിൽ പെടാതെ, ജീവിതത്തെ വിശുദ്ധീകരിച്ചുകൊണ്ട് ദൈവാനുഭവത്തിൽ ജീവിക്കുവാൻ സുവിശേഷം അവതരിപ്പിക്കുന്ന ഈ മൂന്ന് മനോഭാവങ്ങളും നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. ലോകം ഇന്ന് നേരിടുന്ന, ക്രൈസ്തവർ ഇന്ന് നേരിടുന്ന പീഡാനുഭവങ്ങളെ തരണം ചെയ്യണമെങ്കിൽ, അവയെ രക്ഷാകരമാക്കണമെങ്കിൽ, ഈ മൂന്ന് മാർഗങ്ങളിലൂടെ നമ്മുടെ ക്രൈസ്തവ ജീവിതം ശക്തമാക്കണം. അതാണ് പ്രഥമവും പ്രധാനവുമായ നമ്മുടെ ദൗത്യം. നാം ചെയ്യുന്ന എല്ലാ ജോലികളിലും, ആരംഭിക്കുന്ന എല്ലാ പ്രവർത്തികളിലും ദൈവാനുഗ്രഹമുണ്ടാകാൻ ദാനധർമ്മം ചെയ്യേണ്ടിയിരിക്കുന്നു, ക്രിസ്തുവുമായി പ്രാർത്ഥനയിൽ ജീവിക്കേണ്ടിയിരിക്കുന്നു, ഉപവസിക്കേണ്ടിയിരിക്കുന്നു. അപ്പോൾ തിരുസഭയുടെ ശത്രുക്കൾ ചിതറിപ്പോകും.

നമ്മുടെ ക്രൈസ്തവജീവിതങ്ങൾക്ക് സുഗന്ധമുണ്ടാകും; നമ്മുടെ ക്രൈസ്തവസാക്ഷ്യത്തിനുമുന്പിൽ ലോകം തോറ്റുപോകും.  അപ്പോൾ, ഈ നോമ്പുകാലം ആനുഗ്രഹീതമാകും. ആമേൻ!

SUNDAY SERMON LK 19, 1-10

നോമ്പുകാലം രണ്ടാം ഞായർ

ലൂക്കാ 19, 1-10

നോമ്പുകാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ച്ച നാം വായിച്ചുകേട്ട സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്, ക്രിസ്തുവിന്റെ കാലത്ത് ഇസ്രായേലിൽ ഉണ്ടായിരുന്ന ചുങ്കക്കാരിൽ പ്രധാനനും, ധനികനുമായിരുന്ന സക്കേവൂസ്, തന്റെ ജീവിതത്തിന്റെ പ്രതിസന്ധിഘട്ടത്തിൽ ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ എടുത്ത ഒരു തീരുമാനത്തേയും അതിന്റെ പരിണതഫലങ്ങളെയും ആണ്. നമുക്കറിയാവുന്നതുപോലെ, ജീവിതത്തിന്റെ ഓരോ നിമിഷവും നാമെടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെയും, നമുക്ക് ചുറ്റും ജീവി ക്കുന്നവരുടെയും, എന്തിന്, ചിലപ്പോൾ ഈ ലോകത്തിന്റെയും ഭാവി നിശ്ചയിക്കുന്നത്.

ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ, ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് ഒരാൾ എടുക്കുന്ന ഒരു തീരുമാനത്തിന് അദ്ദേഹത്തെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെ മാത്രമല്ല, അദ്ദേഹത്തോട് ചേർന്ന് ജീവിക്കുന്നവരെയും രക്ഷിക്കുവാൻ സാധിക്കുമെന്നതിന് ശക്തമായ ഉദാഹരണമാണ് ഇന്നത്തെ സുവിശേഷത്തിലെ സക്കേവൂസിന്റെ ജീവിതം.

മനുഷ്യജീവിതം തീരുമാനങ്ങളുടെ ആകെത്തുകയാണ്. രാവിലെ ഉണരുമ്പോൾ മുതൽ രാത്രിയിൽ ഉറങ്ങുന്നതുവരെ എത്രയോ തീരുമാനങ്ങളാണ് നാം എടുക്കുന്നത്! രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ നടത്തണമോ വേണ്ടയോ, ചായയാണോ, കാപ്പിയാണോ  കുടിക്കേണ്ടത്? ജോലിക്കു പോകുമ്പോൾ, സ്കൂളിൽ പോകുമ്പോൾ ഏത് വസ്ത്രം ധരിക്കണം? സ്കൂട്ടറിലോ ബസ്സിലോ, കാറിലോ – ഏതിലാണ് ജോലിക്ക് പോകേണ്ടത്? ഇന്ന് ഞായറാഴ്ച്ച ആയതുകൊണ്ട് പള്ളിയിൽ പോകണമോ, വേണ്ടയോ? Online കുർബാന പോരേ? ഇപ്പോൾ – അച്ചന്റെ പ്രസംഗം കേൾക്കണോ വേണ്ടയോ? …. ഇങ്ങനെ ഓരോ നിമിഷവും നാം തീരുമാനങ്ങളെടുത്തുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. ഇങ്ങനെ തീരുമാനങ്ങളുടെ ഒരു ഘോഷയാത്രയാണ് നമ്മുടെ ജീവിതം. ജീവിതത്തിൽ നാമെടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെ ജീവിതത്തിന്റെ ഗതി നിർണയിക്കുന്നത്. സക്കേവൂസിന്റെ ജീവിതം ഉചിതമായ, നല്ല തീരുമാനങ്ങൾ ജീവിതത്തിൽ എടുക്കേണ്ടതെങ്ങനെയെന്ന് ഇന്ന് നമ്മെ പഠിപ്പിക്കുകയാണ്.

നമ്മുടെ ജീവിതങ്ങളുമായി സക്കേവൂസിന്റെ ജീവിതത്തിന് എന്തെങ്കിലും സാമ്യങ്ങളുണ്ടോ എന്ന് അറിയുന്നത് വളരെ നല്ലതാണ്. ഞാൻ നേരത്തെ പറഞ്ഞതുപോലെ, അയാൾ ഒരു ചു ങ്കക്കാരനായിരുന്നു. എന്ന് പറഞ്ഞാൽ റോമാചക്രവർത്തിക്കുവേണ്ടി പണിയെടുക്കുന്ന ആൾ. യഹൂദരുടെ വിരോധി. മാത്രമല്ല, ചക്രവർത്തി 5% നികുതിയാണ് ചുമത്തുന്നതെങ്കിൽ, സക്കേവൂസ് ആളുകളിൽനിന്ന് 10% പിരിക്കും. ഇങ്ങനെ തട്ടിപ്പറിക്കുന്നതുകൊണ്ട് അയാൾ ധനികനാണ്. റോമാചക്രവർത്തിയുടെ ആളായതുകൊണ്ട് നല്ല സ്വാധീനവും ഉണ്ടായിരുന്നു. പക്ഷേ, അയാൾ ജീവിതത്തിൽ സംതൃപ്തനായിരുന്നില്ല. ജീവിതത്തിന്റെ ഏകാന്ത നിമിഷങ്ങളിൽ താൻ ഒന്നുമില്ലാത്തവനാണെന്ന് അയാൾക്ക്‌ തോന്നും. തന്റെ പ്രവർത്തികളിൽ എവിടെയോ ഒക്കെ തെറ്റുകളില്ലേയെന്ന ചിന്ത അയാളുടെ ഉറക്കം കെടുത്തിയിരുന്നു. താൻ തട്ടിപ്പറിക്കുന്നതുകൊണ്ട് അനേകരുടെ കണ്ണീരും   ശാപവും തന്റെ ജീവിതത്തിന്മേൽ ഇല്ലേയെന്ന് അയാൾ പലവട്ടം തന്നോട് തന്നെ ചോദിക്കുന്നുണ്ടായിരുന്നു. സാധാരണമനുഷ്യർക്ക് തന്നെ ഇഷ്ടമല്ലെന്നും, തന്നോട് വെറുപ്പും വിദ്വേഷവും മാത്രമേ ഉണ്ടാകുകയുള്ളുവെന്നും അയാൾ ചിന്തിച്ചു. ഈ ചിന്തകൾ ചിലപ്പോഴൊക്കെ അയാളെ ഒരു ഭ്രാന്തനെപ്പോലെയാക്കി. സമ്പത്ത് ഉണ്ടായിട്ട് മാത്രം എന്ത് കാര്യം എന്ന് അയാളുടെ മനഃസാക്ഷി അയാളോട് ചോദിച്ചുകൊണ്ടേയിരുന്നു.

നമുക്ക് എന്ത് ഉണ്ട് എന്നതിനേക്കാൾ, നാം ആരാണ് എന്നതാണ് പ്രധാനപ്പെട്ടത്; നാം എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്; നാം എന്ത് ചെയ്യുന്നു എന്നതാണ് പ്രധാനപ്പെട്ടത്. നമ്മുടെ സ്വത്തിനോ, നാം നേടിയെടുക്കുന്ന ഡിഗ്രികൾക്കോ, തട്ടിയെടുക്കുന്ന ഭൂമിക്കോ, രാജ്യത്തിനോ, ഒരു വിലയുമില്ലാത്ത രാജ്യത്തിലേക്കുള്ള യാത്രയിലാണ് നാം പ്രിയപ്പെട്ടവരേ. അവിടെ ചെല്ലുമ്പോൾ ക്രൈസ്തവരായ നമ്മോട് ഒരു ചോദ്യമേ ചോദിക്കൂ. “ഈ ചെറിയവർക്ക് നീ എന്താണ് ചെയ്തത്?” ഇന്നത്തെ ലേഖനത്തിൽ പൗലോശ്ലീഹാ നമ്മെ ഓർമപ്പെടുത്തുന്നതും ശ്രദ്ധിക്കുക: “നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും നമുക്ക് സാധിക്കുകയില്ല.” നമ്മുടെ സുകൃതം നിറഞ്ഞ ജീവിതമല്ലാതെ മറ്റൊന്നും സ്വർഗത്തിന് വേണ്ട.

ജീവിതത്തിന്റെ ചില നിമിഷങ്ങളിൽ ഈ ചിന്തകൾ നമ്മെ അലട്ടും. അപ്പോഴാണ് ദൈവത്താൽ സൃഷ്ടിക്കപ്പെട്ട നാം നമ്മുടെ ഉള്ളിലുള്ള ദൈവാംശത്തെ അന്വേഷിക്കുന്നത്. സക്കേവൂസും അങ്ങനെയൊരവസ്ഥയിലായി. അയാൾ തന്നോട് തന്നെ ഒരു നൂറുവട്ടം പറഞ്ഞു കാണും: ” എനിക്ക് ഈശോയെ കാണണം.” ആ ആഗ്രഹത്തിന്റെ പരിസമാപ്തിയാണ് ഈശോ അയാളുടെ വീട്ടിൽ വിരുന്നെത്തുന്നതും, ജീവിതത്തിന്റെ ഏതോ ഒരു ഭാഗ്യപ്പെട്ട നിമിഷത്തിൽ എന്ന് ഞാൻ പറയും, അയാൾ ഒരു തീരുമാനത്തിലെത്തുന്നതും.     

അതുകൊണ്ടല്ലേ, ആളുകൾ കൂടിയിരുന്നിട്ടും, അതിൽ തന്റെ ശത്രുക്കൾ ധാരാളം ഉണ്ടെന്നറിഞ്ഞിട്ടും, കുടുംബാംഗങ്ങൾ ഉണ്ടായിട്ടും സക്കേവൂസിന് തന്റെ തീരുമാനം ഉറക്കെ വിളിച്ചുപറയാൻ സാധിച്ചത്. ജനത്തിന്റെ പിറുപിറുപ്പുകളൊഴിച്ചാൽ അവിടം ശാന്തമായിരുന്നു. അയാൾ ഒരു നിമിഷം ദീർഘമായി ഒന്ന് ശ്വാസോച്ഛാസം ചെയ്തുകാണണം. ആ നിമിഷം ദൈവകൃപ അയാളിൽ നിറഞ്ഞിട്ടുണ്ടാകും.  എന്നിട്ട് അയാൾ ചാടിയെഴുന്നേറ്റിട്ടുണ്ടാകും. മറ്റൊന്നും ചിന്തിക്കാതെ അയാൾ ഉറക്കെ തന്റെ തീരുമാനം പറഞ്ഞു: കർത്താവേ, ഞാനിതാ നല്ല മനുഷ്യനാകാൻ തീരുമാനിച്ചു. ദൈവത്തിന്റെ മകനാകാൻ തീരുമാനിച്ചു. ഇതാ, എന്റെ സ്വത്തിൽ പകുതി ഞാൻ ദരിദ്രർക്ക് കൊടുക്കുന്നു.  ആരുടെയെങ്കിലും വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ, നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു.

സ്നേഹമുള്ളവരേ, ഈ തീരുമാനത്തിന്റെ വിശുദ്ധി എന്താണെന്നറിയാൻ, ക്രിസ്തുവിന്റെ പ്രതികരണം കേൾക്കണം. ഈ തീരുമാനത്തിന്റെ range, ഈ തീരുമാനത്തിന്റെ reach അറിയണമെങ്കിൽ ഈശോ എന്താണ് പറയുന്നതെന്ന് അറിയണം. ഈശോ പറയുന്നു: “ഇന്ന് ഈ ഭവനം രക്ഷ പ്രാപിച്ചിരിക്കുന്നു. സക്കേവൂസ്, ദൈവത്തിൽ വിശ്വസിച്ചപ്പോൾ, തന്നിലുള്ള ദൈവത്തെ അന്വേഷിച്ച്, കണ്ടെത്തിയപ്പോൾ, ആ ദൈവത്തിന്റെ സാന്നിധ്യത്തിലായപ്പോൾ, അയാൾ എടുത്ത തീരുമാനം അയാളുടെയും, അയാളുടെ കുടുംബത്തിന്റെയും രക്ഷയായിത്തീർന്നു. മാത്രമല്ല. ഈശോ വീണ്ടും പറഞ്ഞു: ഇവനും അബ്രാഹത്തിന്റെ പുത്രനാണ്. സക്കേവൂസിന്റെ ജീവിതത്തിന്റെ അലകും പിടിയും മാറുകയാണ്. ഇതുവരെ അയാളുടെ Identity എന്തായിരുന്നു? പേര്: സക്കേവൂസ്, സ്ഥലം ജെറീക്കോ, ജോലി tax collector, income tax അടയ്ക്കുന്നുണ്ട്. ദൈവത്തിൽ വിശ്വസിച്ച്, ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിച്ചപ്പോൾ അയാളുടെ identity തന്നെ മാറുകയാണ്. അയാൾ അബ്രാഹത്തിന്റെ പുത്രനാവുകയാണ്.

ഇങ്ങനെയാണ് പ്രിയപ്പെട്ടവരേ നാം ക്രൈസ്തവർ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടത്. ദൈവത്തിൽ വിശ്വസിച്ച്, ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ, പ്രാർത്ഥനയുടെ നിമിഷങ്ങളിൽ, പരിശുദ്ധാത്മാവിനാൽ നിറഞ്ഞാകണം നമ്മുടെ തീരുമാനങ്ങൾ. നാട്ടിലെ കള്ളുഷാപ്പിലിരുന്നോ, ക്ളബുകളിലിരുന്നോ, ദേഷ്യം നിറഞ്ഞ, വെറുപ്പുനിറഞ്ഞ മനസ്സോടെയോ, തെരുവിൽ ധർണ നടത്തിയോ ഒന്നും ആകരുത് നാം തീരുമാനങ്ങൾ എടുക്കേണ്ടത്. നമ്മുടെ തീരുമാനങ്ങളുടെമേൽ സ്വർഗ്ഗത്തിന്റെ, ക്രിസ്തുവിന്റെ കൈയൊപ്പുണ്ടായിരിക്കണം.

ഉചിതവും, നല്ലതും, വേഗത്തിലുള്ളതുമായ തീരുമാനങ്ങൾ എടുക്കുക എന്നത് തികച്ചും വെല്ലുവിളിയാണ്. അനിശ്ചിതത്വത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലാണ് ഒരാൾ തീരുമാനങ്ങൾ എടുക്കേണ്ടതെങ്കിൽ തളർച്ചയ്ക്കുള്ള സാധ്യതയേറും! ജീവിതം അനിശ്ചിതത്വത്തിലാകുമ്പോൾ, അടിയന്തരവും അപൂർണങ്ങളുമായ വിവരങ്ങൾ മനുഷ്യ ജീവിതസാഹചര്യങ്ങളെ നിർവചിക്കുമ്പോൾ, തീരുമാനത്തെ കാത്തിരിക്കുന്നത് കലങ്ങിമറയുന്ന തിരമാലകളായിരിക്കും. ദൈവപരിപാലനയുടെ സ്നേഹകരങ്ങളിൽ പിടിച്ചാണ് നമ്മുടെ യാത്രയെങ്കിൽ ഇന്നത്തെ ഒന്നാം വായനയിലെ അബ്രാഹത്തിന്റെ ജീവിതത്തിലെന്നപോലെ ദൈവത്തിന്റെ അനുഗ്രഹം കൂടെയുണ്ടാകും.

പ്രതിസന്ധികളുടെ മൂടൽ മഞ്ഞ് നമ്മുടെ വീക്ഷണത്തെ ഭാഗികമായിട്ടെങ്കിലും മറയ്ക്കാൻ ശക്തമെങ്കിലും, ശാന്തതയോടെ ദീർഘമായി ശ്വാസോച്ഛാസം നടത്തുവാൻ നാം എടുക്കുന്ന സമയം ദൈവകൃപയുടെ അനുഗ്രഹീത നിമിഷമായിട്ട് മാറും. ആ നിമിഷം നമ്മിൽ നടക്കുന്നത് അത്ഭുതമാണോ, യാഥാർഥ്യമാണോയെന്ന് വേർതിരിച്ചറിയാൻ വയ്യാത്തവിധം നാം ദൈവത്തിന്റെ കരങ്ങളിലായിരിക്കും. ഉടനെ എടുക്കുന്ന തീരുമാനം നമുക്ക് മാത്രമല്ല നമ്മോടൊത്തുള്ളവർക്കും രക്ഷയായിഭവിക്കും. 

2009 ജനുവരി 15 ന് ന്യൂയോർക്കിലെ ലാ ഗാർഡിയ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന യു എസ് എയർവേസ് ഫ്ലൈറ്റ് 1549. പതിവുപോലെ യാത്രക്കാരെയെല്ലാം സുരക്ഷിതരാക്കിയശേഷം ലക്ഷ്യസ്ഥാനത്തേക്ക് റൺവേയിലൂടെ വിമാനം കുതിച്ചു. പറന്നുയർന്ന് ഏകദേശം ഒരു മിനിറ്റിനുശേഷം വ്യോമയാന വ്യവസായത്തിലെ ശത്രുക്കളായ കാനറി ഗീസുകൾ എന്ന പക്ഷിക്കൂട്ടത്തിൽ ഇടിച്ചു. പക്ഷികളുടെ പ്രഹരത്തിൽ രണ്ട് എൻജിനുകളും തകരാറിലായി, ശക്തി നഷ്ടപ്പെട്ട് നിശബ്ദമായി. ഉടനെ കൺട്രോൾ റൂമിൽ നിന്ന് ക്യാപ്റ്റൻ സുല്ലൻ ബെർഗറിനോട് അടിയന്തര ലാൻഡിംഗ് നടത്തുവാൻ ആവശ്യപ്പെട്ടു. എയർ ട്രാഫിക് കൺട്രോളർമാർ പൈലറ്റിനോട് അടുത്തുള്ള എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ പറഞ്ഞെങ്കിലും, പരിചയസമ്പന്നനായ ഈ പൈലറ്റ് വിമാനം അവിടംവരെ എത്തുകയില്ല എന്ന് മറുപടി പറഞ്ഞു. എന്നിട്ട് സുല്ലൻബെർഗെർ ഒന്ന് ദീർഘമായി ശ്വസിച്ചശേഷം, വളരെ ശാന്തമായി അവരെ അറിയിച്ചു: ” വാട്ടർ ലാൻഡിംഗ് നടത്തുവാൻ പോകുന്നു. ഞങ്ങൾ ഹഡ്‌സണിൽ ആയിരിക്കും.” വിമാനത്തിലുണ്ടായിരുന്ന 150 യാത്രക്കാരെയും ലാൻഡിംഗ് നേരിടാൻ ഒരുക്കി.

തൊണ്ണൂറ് സെക്കൻഡുകൾക്ക് ശേഷം, സല്ലൻബെർഗർ, ഫ്ലൈറ്റ് 1549 ജോർജ്ജ് വാഷിംഗ്ടൺ പാലത്തിന് മുകളിലൂടെ ഹഡ്‌സൺ നദിയുടെ തണുത്ത പ്രതലത്തിലേക്ക് തെറിപ്പിച്ചു. അവിടെ അത് മാൻഹട്ടനും ന്യൂജേഴ്‌സിക്കും ഇടയിൽ മധ്യഭാഗത്ത് ലാൻഡ് ചെയ്തു. ഫ്ലൈറ്റ് അറ്റൻഡന്റുകൾ യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ നൽകി, യാത്രക്കാർ എമർജൻസി എക്സിറ്റുകളിലൂടെ, ബോബിംഗ് ജെറ്റിന്റെ വെള്ളം നിറഞ്ഞ ചിറകുകളിലേക്കും കയറ്റിയപ്പോൾ, യാത്രാ ബോട്ടുകളുടെയും, രക്ഷായാനങ്ങളുടെയും ഒരു നിര സംഭവസ്ഥലത്തേക്ക് കുതിച്ചു. എല്ലാവരെയും രക്ഷപ്പെടുത്താനായി. അതിജീവിച്ചവരിൽ ഒരാൾക്ക് രണ്ട് കാലുകൾക്ക് ഒടിവുണ്ടായി, മറ്റുള്ളവർക്ക് ചെറിയ പരിക്കുകൾക്കോ ​​ഹൈപ്പോതെർമിയക്കോ ചികിത്സ നൽകി. പക്ഷേ മരണങ്ങളൊന്നും സംഭവിച്ചില്ല. പൂർണ്ണമായ ഒഴിപ്പിക്കൽ ഉറപ്പാക്കാൻ വിമാനത്തിന്റെ ഇടനാഴിയിലൂടെ രണ്ടുതവണ മുകളിലേക്കും താഴേക്കും നടന്ന ശേഷം, മുങ്ങുന്ന വിമാനം അവസാനമായി ഉപേക്ഷിച്ചത് സുല്ലൻബർഗറായിരുന്നു.

അന്ന്, ആ പ്രതിസന്ധിഘട്ടത്തിൽ ക്യാപ്റ്റൻ ചെൽസി സല്ലൻബെർഗർ എടുത്ത തീരുമാനത്തിന് 150 മനുഷ്യജീവനുകളുടെ വിലയുണ്ടായിരുന്നു.  വലിയ പ്രതിസന്ധിഘട്ടത്തിൽ അദ്ദേഹം എടുത്ത തീരുമാനം അദ്ദേഹത്തിന്റെ നൈപുണ്യത്തിന്റെയും, ശാന്തതയുടെയും, പ്രകടനമായിമാറി. ഉചിതമായ സമയത്ത്, പാകതയോടെ എടുക്കുന്ന തീരുമാനങ്ങൾക്ക് ദൈവത്തിന്റെ കൈയൊപ്പ് ഉണ്ടായിരിക്കും!

ഒരു തീരുമാനം എടുക്കുക. ആ തീരുമാനമാകട്ടെ നിങ്ങളുടെ ജീവിതം. ആ തീരുമാനത്തെക്കുറിച്ച് എപ്പോഴും ആലോചിക്കുക; അതിനെക്കുറിച്ച് സ്വപ്നം കാണുക. നിങ്ങളുടെ തലച്ചോറും, പേശികളും, നാഡികളും, നിങ്ങളുടെ ശരീരത്തിന്റെ ഓരോ ഭാഗവും ആ തീരുമാനം കൊണ്ട് നിറയട്ടെ. ആ തീരുമാനമാണ് ജീവിതവിജയത്തിലേക്കുള്ള പാത. അങ്ങനെയാണ് മഹാന്മാർ ജനിക്കുന്നത്. അങ്ങനെയാണ് നമ്മുടെ കുടുംബങ്ങൾ ദൈവത്തിന്റെ രക്ഷകൊണ്ട് നിറയുന്നത്.

സ്നേഹമുള്ളവരേ, നാമെടുക്കുന്ന, നമ്മുടെ യുവജനങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ പലതും പാളിപ്പോകുന്നുണ്ട്. ചിലപ്പോഴൊക്കെ നമ്മുടെ തീരുമാനങ്ങൾ നമ്മെ ബിവറേജസിന്റെ മുൻപിൽ എത്തിക്കും. മറ്റുചിലപ്പോൾ stuff (ലഹരി) കിട്ടുന്ന ഇടങ്ങളിലേക്ക്. ചില തീരുമാനങ്ങൾ നമ്മുടെയും കുടുംബത്തിന്റെയും തകർച്ചയായിത്തീരും. നാമെടുക്കുന്ന ഓരോ തീരുമാനത്തിനും രണ്ടു കാര്യങ്ങൾ ചെയ്യുവാൻ കഴിയും. ഒന്നുകിൽ your decision can break everything. അല്ലെങ്കിൽ the very decision of yours can make everything! ഒന്നാമത്തേത്, വളരെ സ്വാർത്ഥവും, സ്വന്തം ലാഭം മാത്രം ലക്ഷ്യമാക്കിയുള്ളതും വൃത്തികെട്ടതുമാണ്. അത് എല്ലാം, നമ്മുടെ വ്യക്തി ജീവിതം, കുടുംബജീവിതം, നമ്മുടെ ജോലി, ബന്ധങ്ങൾ എല്ലാം തകർത്തുകളയും. രണ്ടാമത്തേത്, നമ്മിലുള്ള നന്മയെല്ലാം പകർന്നുകൊടുത്തു പടുത്തുയർത്തുന്നതാണ്. ഓർത്തുനോക്കിക്കോളൂ …. എപ്പോഴാണ് നിങ്ങളുടെ ജീവിതം താളം തെറ്റിയത്? എപ്പോഴാണ് വലിയ ഉയർച്ചയിൽ നിന്ന് നിങ്ങൾ താഴേക്കു പതിച്ചത്? നിങ്ങൾ തെറ്റായ, തകർക്കുന്ന, break ചെയ്യുന്ന തീരുമാനം എടുത്തപ്പോഴല്ലേ? മദ്യപിക്കണം എന്ന തീരുമാനത്തിന്റെ പരിണിതഫലങ്ങളായിരുന്നില്ലേ നിങ്ങളുടെ accident? നിങ്ങളുടെ വീട്ടിലുണ്ടായ കലഹം? അമിതലാഭമുണ്ടാക്കണമെന്ന തീരുമാനമല്ലേ കൂട്ടുകാരനെ/ കൂട്ടുകാരിയെ വഞ്ചിക്കുന്നതിലേക്കു നയിച്ചത്? നിങ്ങളുടെ ചീത്തകൂട്ടുകെട്ടു, മയക്കുമരുന്നുപയോഗം, ഉചിതമല്ലാത്ത പ്രണയ കൂട്ടുകൾ – എല്ലാം തീരുമാനത്തിന്റെ ഫലമല്ലേ? മറിച്ച്, സ്നേഹം നിറഞ്ഞ, സമാധാനം നിറഞ്ഞ, വളർച്ചയുടെ, ഉയർച്ചയുടെ വിജയത്തിന്റെ നിമിഷങ്ങൾ – അതും നിങ്ങളുടെ തീരുമാനത്തിന്റെ ഫലമല്ലേ?

ജീവിതനവീകരണത്തിലേക്കുള്ള, ക്രിസ്തുവിന്റെ രക്ഷയിലേക്കുള്ള തീരുമാനങ്ങൾ എടുക്കുവാൻ സക്കേവൂസ് നമ്മെ പഠിപ്പിക്കട്ടെ. ജീവിതം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ, നമ്മെ സൃഷ്ടിച്ച, നമ്മിൽ വസിക്കുന്ന ക്രിസ്തുവിലേക്ക് തിരിയുവാൻ നമുക്ക് സാധിക്കട്ടെ. ക്രിസ്തുവിന് മാത്രമേ എന്റെ ജീവിതം നന്മയിലേക്ക് നയിക്കുവാൻ സാധിക്കൂ എന്ന് വിശ്വസിക്കുക. ആ ക്രിസ്തുവിന്റെ സാന്നിധ്യം വ്യക്തിജീവിതത്തിലും, കുടുംബത്തിലും വിശുദ്ധ കുർബാനയിലും അനുഭവിക്കുക. എന്നിട്ട് ഓരോ നിമിഷവും തീരുമാനങ്ങളെടുക്കുക. ആ തീരുമാനങ്ങൾ നമ്മെ രക്ഷയിലേക്ക്, ജീവിത വിജയത്തിലേക്ക് നയിക്കും. ഈ നോമ്പുകാലത്ത് നാമെടുക്കുന്ന തീരുമാനങ്ങളെ,

നാമെടുത്തിരിക്കുന്ന തീരുമാനങ്ങളെ ഇന്നത്തെ വിശുദ്ധ കുർബാനയിൽ അപ്പത്തിനോടും വീഞ്ഞിനോടുമൊപ്പം ഈശോയ്ക്ക് സമർപ്പിക്കാം. ജീവിതനവീകരണത്തിനായി വിശുദ്ധ കുമ്പസാരത്തിനായി അണയാം.

അപ്പോൾ ഈശോ നമ്മോട് പറയും, ഇന്ന് നീയും നിന്റെ ഭവനവും രക്ഷപ്രാപിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ ഈ വചനം കേൾക്കാൻ നമുക്കാകട്ടെ. ആമേൻ!

SUNDAY SERMON LK 4, 1-13

നോമ്പുകാലം ഒന്നാം ഞായർ

ലൂക്കാ 4, 1-13

സീറോ മലബാർ സഭയുടെ ആരാധനാക്രമ കലണ്ടർ അനുസരിച്ച് ഇന്ന് നോമ്പുകാലം ഒന്നാം ഞായറാണ്. ലത്തീൻ സഭയിൽ നിന്ന് വ്യത്യസ്തമായി നാളെയാണ് സീറോ മലബാർ സഭാ മക്കളായ നമ്മൾ കുരിശുവരത്തിരുനാൾ ആചരിക്കുന്നത്. പ്രലോഭനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ, മാനസാന്തരത്തിലേക്ക് കടന്നുവരാൻ, കുടുംബങ്ങളെ വിശുദ്ധീകരിക്കുവാൻ, പൊതുവേ ജീവിതനവീകരണത്തിന്റെ ആഹ്വാനവുമായി വീണ്ടും ഒരു നോമ്പുകാലത്തിലേക്ക് നാം പ്രവേശിക്കുകയാണ്.

ക്രൈസ്തവമതത്തിലുൾപ്പെടെ, എല്ലാ ലോകമതങ്ങളിലും സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ള ഒന്നാണ് നോമ്പാചരണവും ഉപവാസവും. ആഗോള കത്തോലിക്കാസഭയിൽ പ്രധാനമായും ആചരിക്കുന്ന വലിയ നോമ്പിന് അഥവാ അൻപത് നോമ്പിന് പുറമെ, പൗരസ്ത്യ പാരമ്പര്യങ്ങളിൽ വിവിധങ്ങളായ നോമ്പുകൾ പ്രാബല്യത്തിലുണ്ട്. ഈശോയുടെ പിറവിതിരുനാളിന് ഒരുക്കമായി ഇരുപത്തിയഞ്ച് നോമ്പ്, മാതാവിന്റെ സ്വർഗ്ഗാരോപണത്തിന് മുൻപ് പതിനഞ്ച് നോമ്പ്, മാതാവിന്റെ ജനനതിരുനാളിന് ഒരുക്കമായ എട്ടുനോമ്പ്, യോനാപ്രവാചകന്റെ പ്രസംഗം കേട്ട് അനുതപിച്ച നിനിവേ നിവാസികളുടെ മനസാന്തരത്തെ അനുസ്മരിക്കുന്ന മൂന്ന് നോമ്പ് എന്നിങ്ങനെ പലതരത്തിലുള്ള നോമ്പാചരണങ്ങൾ നമ്മുടെ സഭയിലുണ്ട്.  

ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ, ഏതെങ്കിലും ലക്‌ഷ്യം നേടിയെടുക്കുന്നതിനുവേണ്ടി നോമ്പാചരിക്കുക എന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. “നോവ്+അൻപ്” എന്ന രണ്ട് പദങ്ങൾ ചേർന്നതാണ് നോമ്പ്. തമിഴ് ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് കടംകൊണ്ട വാക്കാണിത്. നോവിന് നൊയ് എന്നും പറയും. അതിൽ നിന്നാണ് നൊയമ്പ് വരുന്നത്. നൊയ് എന്നാൽ വേദന, അൻപ് എന്നാൽ സ്നേഹം. നൊന്തു സ്നേഹിക്കുക എന്നാണ് നോമ്പ് എന്ന വാക്കിന്റെ അർഥം. സഹോദരങ്ങളെ, സ്നേഹിതരെ നൊന്തു സ്നേഹിക്കുന്നതാണ് നോമ്പ്. സ്നേഹത്തിന്റെ ഭാഷ സമർപ്പണമാണ്, ത്യാഗമാണ്. അവരുടെ നന്മയ്ക്കുവേണ്ടി, അവരുടെ വളർച്ചയ്ക്കുവേണ്ടി ഭക്ഷണപാനീയങ്ങളും, മറ്റുജീവിതസുഖങ്ങളും പരിത്യജിച്ചുകൊണ്ട്, വർജിച്ചുകൊണ്ട് (abstinence) നോമ്പാചരിക്കുക എന്നത് ഈ സ്നേഹത്തിന്റെ ബാഹ്യപ്രകടനം മാത്രമാണ്. സ്നേഹം എന്നും ഇപ്പോഴും വേദനാക്ഷമമാണ്. നൊന്തു സ്‌നേഹിക്കുമ്പോൾ, ജീവിതത്തിന്റെ ഓരോ നിമിഷവും നോമ്പായിരിക്കും നമുക്ക്. അത് മറ്റുള്ളവരുടെയും, നമ്മുടെയും ജീവിതത്തിലേക്ക് ദൈവാനുഗ്രഹം കടന്നുവരുന്ന ചാലുകളായി മാറും. 

ഉപവസിക്കുക എന്നതിന് അടുത്തിരിക്കുക, അടുത്ത വസിക്കുക എന്നൊക്കെയാണ് വാച്യാർത്ഥം. എന്നുവച്ചാൽ, ഒരാൾ തൻറെ തന്നെ ആന്തരിക ലോകത്തോട്, ആത്മീയ ജീവിതത്തോട് ഏറ്റവും കൂടുതൽ അടുത്ത് ഇരിക്കുക എന്നാണർത്ഥം. ആത്മാവിൽ അടുത്തിരിക്കാൻ ശ്രമിക്കുമ്പോൾ ഒരാൾ ശാരീരികത മറക്കുന്നു. ആത്മീയതയിലേക്കുള്ള ഈ ആന്തരിക യാത്രയാണ് ഉപവാസം. ഉപവാസത്തിലൂടെയുള്ള ഈ ആന്തരിക യാത്രയിൽ ഒരാൾ തന്നിലുള്ള ക്രിസ്തുവിനെ കണ്ടെത്തുകയാണ്. തന്നോട് അടുത്ത ആയിരിക്കുമ്പോൾ  അയാൾ മനസ്സിലാക്കുന്നു തൻറെ ഉള്ളിൽ ക്രിസ്തു ഉണ്ട് എന്ന്. വിശുദ്ധ പൗലോസ് ശ്ലീഹ പറഞ്ഞതുപോലെ പോലെ “ഇനി ഞാനല്ല ക്രിസ്തു എന്നിൽ ജീവിക്കുന്നു” എന്ന അവബോധത്തിലേക്ക്, അനുഭവത്തിലേക്ക് ഒരു വ്യക്തി കടന്നു വരുന്നു.  ഈ അനുഭവത്തിന്റെ, ആനന്ദത്തിന്റെ നിറവിൽ അയാൾ വിശപ്പ് പോലുമറിയാത്ത അവസ്ഥയിലെത്തുന്നു. മാത്രമല്ല, തന്നിൽ കണ്ടെത്തിയ ക്രിസ്തുവിനെ അവൾ / അവൻ അയൽക്കാരരിലും കണ്ടെത്തുന്നു. ഉപവസിക്കുമ്പോൾ, തന്റെ ആത്മീയതയോട്, ദൈവത്തോട്, സഹോദരരിലെ ക്രിസ്തുവിനോട് അടുത്തായിരിക്കുമ്പോൾ കിട്ടുന്ന വലിയ ആനന്ദത്തിൽ വിശപ്പ് മറക്കുന്നു. ഈ അവസ്ഥയാണ് ഉപവാസം.

പട്ടിണി കിടക്കലല്ല ഉപവാസം. പട്ടിണി കിടക്കുക എന്നാൽ ശരീരത്തെ പീഡിപ്പിക്കൽ ആണ്. അത് ഹിംസയാണ്.  ഉപവാസം എന്നതിന് ഭക്ഷണം കഴിക്കാതിരിക്കുക എന്ന് അർത്ഥമില്ല. വിശപ്പ് പോലുമറിയാത്ത വിധത്തിൽ ഒരാൾ ആനന്ദത്തിൽ ആകുക എന്നതാണ് ഉപവാസത്തിൽ സംഭവിക്കുന്നത്.  തന്നിൽ, തന്റെ സഹോദരങ്ങളിൽ, പ്രപഞ്ചത്തിൽ ദൈവത്തെ കണ്ടുമുട്ടുന്ന, ആ ദൈവത്തോടൊത്തായിരിക്കുന്ന അയാൾ ഭക്ഷണത്തെപ്പറ്റി ചിന്തിക്കുന്നില്ല. ഉദാഹരണത്തിന്, നിങ്ങൾ സന്തോഷത്തിലാണെങ്കിൽ നിങ്ങൾക്ക് അധികം ഭക്ഷണം കഴിക്കാൻ സാധിക്കുകയില്ല. നിങ്ങൾ ആനന്ദംകൊണ്ട് നിറയുമ്പോൾ നിങ്ങൾ അധികം ഭക്ഷണം കഴിക്കുകയില്ല.   എന്നാൽ നിങ്ങൾ ദുഃഖിതനാണെങ്കിൽ കൂടുതൽ ഭക്ഷണം കഴിക്കും. ടെൻഷൻ ഉള്ള ആളുകൾ കൂടുതൽ ഭക്ഷണം കഴിക്കും, കൂടുതൽ തിന്നാൻ തുടങ്ങും.  കൂടുതൽ ഭക്ഷിക്കുന്നത് ഒരാൾ ദുഃഖിതനാണെന്നതിന്റെ പ്രഖ്യാപനമാണ്.

അതുകൊണ്ടാണ് ഏശയ്യാ പ്രവാചകൻ ചോദിക്കുന്നത്: “ഇതാണോ നിങ്ങളുടെ ഉപവാസം? ദുഷ്ടതയില്ലാത്ത, മറ്റുള്ളവരെ മർദ്ദിക്കാത്ത, മറ്റുള്ളവരിൽ ദൈവത്തെക്കണ്ട് അവരെ സ്നേഹിക്കുന്ന മനസ്സുമായി ഈ ഭൂമിയിൽ ജീവിക്കുന്നതല്ലേ ശരിയായ ഉപവാസം? ഈ ചെറിയവരിൽ ക്രിസ്തുവിനെക്കണ്ട്, അവരുമായി ആഹാരം പങ്കുവയ്ക്കുന്നതും, വീടില്ലാത്തവന് വീടാകുന്നതും, വസ്ത്രമില്ലാത്തവന് വസ്ത്രം കൊടുക്കുന്നതുമല്ലേ ഉപവാസം? എന്താണ് ഇവ ഉപവാസമാകാൻ കാരണം? അപ്പോൾ നിന്റെ ജീവിതം ആനന്ദംകൊണ്ട് നിറയും, നിന്റെ ജീവിതത്തിൽ വെളിച്ചം പ്രഭാതംപോലെ വിരിയും. നീ സൗഖ്യമുള്ളവനാകും. അപ്പോൾ നീ ഭക്ഷണത്തെക്കുറിച്ച് ഓർക്കുകയില്ല.

ഭക്ഷണം ആനന്ദമാണ്. മറ്റൊരു വശംകൂടി ഇതിനുണ്ട്. ആനന്ദം ഭക്ഷണമാണ്. വെള്ളത്തിന് മഞ്ഞുകട്ടയാകാൻ കഴിയുമെങ്കിൽ, മഞ്ഞുകട്ടയ്ക്ക് വെള്ളവുമാകാം. ദൈവത്തോട് അടുത്തായിരിക്കുമ്പോൾ ലഭിക്കുന്ന ആനന്ദമാണ് ഉപവാസം.

നൊന്ത് സ്നേഹിക്കുന്ന നോമ്പും, ദൈവത്തിന്റെ അടുത്തായിരിക്കുമ്പോൾ ലഭിക്കുന്ന ആനന്ദവും പ്രലോഭനങ്ങളെ അതിജീവിക്കുവാൻ, ജീവിതം വിശുദ്ധീകരിക്കുവാൻ നമ്മെ സഹായിക്കും. അതാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മോടു പറയുന്നത്.

ഈശോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി ജോർദാനിൽ നിന്ന് മടങ്ങി. ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു … ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല. ഇങ്ങനെയാണ് വചനം ആമുഖമായി പറഞ്ഞുവയ്ക്കുന്നത്. ആത്മാവിൽ നിറഞ്ഞവനായി, ആത്മാവിൽ ആനന്ദിച്ച ഈശോ ഭക്ഷണം മറന്നു. എന്നാൽ, പ്രലോഭനങ്ങൾ അവിടുത്തെ വിട്ടുപോയില്ല. ദൈവത്തോടൊത്ത് ആയിരിക്കുമ്പോഴും, ദൈവിക ആനന്ദത്തിൽ ആയിരിക്കുമ്പോഴും പ്രലോഭനങ്ങൾ ഇല്ലാതാകുന്നില്ല. കാരണം, മനുഷ്യൻ പ്രലോഭനങ്ങൾക്ക് അതീതനല്ല. പച്ചയായ മനുഷ്യന്റെ സ്വാഭാവിക പ്രവണതകൾ എന്നും അവളെ / അവനെ പ്രലോഭനത്തിലേക്ക് വലിച്ചുകൊണ്ടിരിക്കും. പരിശുദ്ധാത്മാവിൽ നിറഞ്ഞവളായി/ നിറഞ്ഞവനായി നിങ്ങൾ ജീവിക്കുമ്പോഴും നിങ്ങളുടെ സ്വാഭാവിക പ്രവണതകളെ ഒഴിവാക്കാൻ നിങ്ങൾക്കാകില്ല.

എന്താണ് പ്രലോഭനം? ബഹുമാനപ്പെട്ട ബോബി ജോസ് കട്ടികാട് അച്ഛൻ തന്റെ “നിലത്തെഴുത്ത്” എന്ന പുസ്തകത്തിൽ പറയുന്നത് ഇങ്ങനെയാണ്:” ഒരുവന്റെ അവസ്ഥയും നിയോഗവുമായി പൊരുത്തമില്ലാത്ത ഘടകങ്ങളോട് ഓരോ മനസ്സിലും രൂപപ്പെടാവുന്ന ആഭിമുഖ്യവും ഉദ്ദീപനവുമാണ്” പ്രലോഭനം. അത് നമ്മുടെ ജീവിതാവസ്ഥയനുസരിച്ചു വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. വിവാഹജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിയുടെ പ്രലോഭനങ്ങൾ ആയിരിക്കില്ല, ഒരു പുരോഹിതന്റേത്. ഒരു പുരോഹിതന്റെ പ്രലോഭനങ്ങൾ ആയിരിക്കില്ല, ഒരു സന്യാസിയുടേത്. ഒരു യുവാവിന്റെയും സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെയും പ്രലോഭനങ്ങൾക്കും അവയുടെ സാഹചര്യങ്ങൾക്കും വ്യത്യാസമുണ്ട്. ഒരമ്മയുടെ, അപ്പച്ചന്റെ ശരികൾ മക്കൾക്ക് ശരികളാകണമെന്നില്ല. സാമൂഹ്യമായി അനുവദനീയമായവ പോലും ചിലപ്പോൾ ജീവിതാവസ്ഥകളോട് ചേർന്ന് ചിന്തിക്കുമ്പോൾ പ്രലോഭനങ്ങളാകാം, തെറ്റുകളാകാം. ഓരോരുത്തരുടെയും ജീവിതക്രമങ്ങളുമായി സമരസപ്പെടാത്തതുകൊണ്ടാണ് ഓരോന്നും തിന്മയാകുന്നത്. ദൂരക്കാഴ്ച്ചകളെ, ദൂരെയുള്ള ശരിയെ, യാഥാർഥ്യത്തെ മറയ്ക്കുന്നതാണ് പ്രലോഭനം.

മനുഷ്യന്റെ അടിസ്ഥാന പ്രവണതകളോട് (Basic Instincts) ബന്ധപ്പെട്ട വിശപ്പ് ഒരു വലിയ പ്രലോഭനമാണ്. ഈശോ അഭിമുഖീകരിക്കുന്ന മൂന്ന് പ്രലോഭനങ്ങളെ ഒറ്റവാക്കിൽ പറഞ്ഞാൽ വിശപ്പ് എന്ന് പറയേണ്ടിവരും. വിശപ്പിന് പല ഭാവങ്ങളുണ്ട്. ഭക്ഷണത്തോട് ചേർന്നത് മാത്രമല്ല വിശപ്പ്. സമ്പത്തിനോട്, ശാരീരിക സുഖങ്ങളോട്, മദ്യപാനത്തോട്, ലഹരികളോട്, ചീത്തകൂട്ടുകെട്ടുകളോട് – തുടങ്ങിയവയോടൊക്കെ നമുക്ക് അതിയായ വിശപ്പുണ്ട്. പ്രലോഭനമാണത്. രണ്ടാമത്തേത്, അധികാരവും മഹത്വവും. എല്ലാം വെട്ടിപ്പിടിക്കാനുള്ള ആഗ്രഹം, ഭാര്യയുടെ മുൻപിൽ, ഭർത്താവിന്റെ മുൻപിൽ അധികാരം സ്ഥാപിക്കാനുള്ള അഭിനിവേശം, മറ്റുള്ളവരുടെ അഭിപ്രായങ്ങളെ തള്ളിക്കളയുവാനുള്ള പ്രവണത, ഇവയ്ക്കായി ദൈവത്തെപ്പോലും ഉപേക്ഷിക്കുവാനുള്ള തയ്യാറെടുപ്പ് – എല്ലാം മനുഷ്യന്റെ ഒരുതരം വിശപ്പാണ്. മൂന്നാമത്തേത്, പേരിനും പെരുമയ്ക്കും വേണ്ടിയുള്ള നെട്ടോട്ടം. അതിനായി നല്ല മൂല്യങ്ങളെ വലിച്ചെറിയുവാൻ ഒരു മടിയുമില്ല. ഇതും  ഒരുതരം വിശപ്പാണ്. ഇതെല്ലം പലർക്കും പലരീതിയിൽ ആയിരിക്കും എന്നുമാത്രം. ഇത്തരം വിശപ്പുകൾ ഒരത്താഴംകൊണ്ട് ശമിക്കാവുന്നതുമല്ല.

സ്നേഹമുള്ളവരേ, ഇക്കൊല്ലത്തെ അൻപത് നോമ്പ് വ്യക്തിജീവിതത്തെയും, ജീവിതസാഹചര്യങ്ങളെയും, കുടുംബത്തെയും കുടുംബസാഹചര്യത്തെയും, ഇടവകയേയും, ഇടവക സാഹചര്യങ്ങളെയും നവീകരിക്കുവാനുള്ളതാകട്ടെ. നമ്മുടെ ജീവിതാവസ്ഥകളിൽ കടന്നുവരുന്ന പ്രലോഭനങ്ങളെ നോമ്പാചരിച്ചും, ഉപവാസമിരുന്നും അതിജീവിക്കുവാനാകണം നമ്മുടെ ശ്രമം. ഇതിനായി മൂന്ന് കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഒന്ന്, പ്രലോഭനങ്ങളുടെ ആകർഷണത്തിൽ പെട്ട് ജീവിതം തകർക്കരുത്. (പഴയനിയമത്തിലെ ദാവീദിന്റെ ജീവിതം ഓർക്കുക.)

രണ്ട്, ജീവിതാവസ്ഥകളോട് ചേർന്ന് വരുന്ന ഒരു പ്രലോഭനത്തെയും നിസ്സാരമായി, ചെറുതായി കാണരുത്.

മൂന്ന്, ജീവിതത്തിൽ കടന്നുവരുന്ന പ്രലോഭനങ്ങളോട് നിസംഗത (Indifference) പുലർത്തരുത്.

സുഡാനിലെ കഠിനമായ ഒരു വരൾച്ചാക്കാലം. ഭക്ഷണം ലഭിക്കാതെ മനുഷ്യരും മൃഗങ്ങളും തെരുവിൽ മരിച്ചുവീഴുന്ന അതിവേദനാജനകമായ കാലം.

കെവിൻ കാർട്ടർ എന്നുപേരുള്ള ഒരു ഫോട്ടോ ജേർണലിസ്റ്റ് സുഡാന്റെ തെരുവിലൂടെ യാത്രചെയ്തപ്പോൾ കണ്ട ഒരു ദൃശ്യം അദ്ദേഹത്തിന്റെ ക്യാമറാക്കണ്ണുകൾക്ക് വലിയ വിരുന്നായിരുന്നു. അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകൾ ഒട്ടു താമസിയാതെ അത് ഒപ്പിയെടുത്തു. ചിത്രമിതായിരുന്നു: തെരുവിൽ വിശന്ന് പൊരിഞ്ഞ് അവശയായ ഒരു കൊച്ചു കുട്ടി. തൊട്ടടുത്ത് തന്നെ ഒരു കഴുകൻ! ആ കുട്ടി മരിച്ചിട്ടുവേണം അതിനെ കൊത്തി തിന്നുവാൻ – എന്ന് കാത്തിരിക്കുകയാണ് അടുത്ത് അക്ഷമനായി കഴുകൻ. കെവിൻ കാർട്ടർ 1993 ലാണ് സുഡാന്റെ തെരുവിൽ നിന്ന് ഈ ചിത്രം പകർത്തിയത്. ചിത്രത്തിന് അദ്ദേഹം പേരിട്ടു: The Vulture and the Little Girl. എല്ലാവരും അദ്ദേഹത്തിന്റെ കഴിവിനെ പുകഴ്ത്തി. അന്താരാഷ്ട്ര ബഹുമതികൾ തന്നെ തേടിവരുമെന്ന് അദ്ദേഹം ഉറപ്പിച്ചു. തെറ്റിയില്ല.   ചിത്രത്തിന് ആ വർഷത്തെ പുലിറ്റ്സർ പ്രൈസ് ലഭിക്കുകയുണ്ടായി. എന്നാൽ, നിർഭാഗ്യവശാൽ, കെവിൻ കാർട്ടർ അയാളുടെ 33 മത്തെ വയസ്സിൽ ആത്മഹത്യചെയ്തു. എന്തുകൊണ്ട് കെവിൻ കാർട്ടർ ആത്മഹത്യചെയ്തു? അതായിരുന്നു അന്ന് ലോകം മുഴുവൻ ചോദിച്ചതും. അദ്ദേഹത്തിന് ലഭിച്ച അവാർഡിന്റെ ഉത്സവ ആഹ്ലാദത്തിൽ മതിമറന്നു നിൽക്കുകയായിരുന്ന കെവിനോട് ഒരാൾ ഫോണിൽ ഒരു ചോദ്യമുന്നയിച്ചു: ” എന്താണ് ആ പിഞ്ചു പൈതലിന്റെ ഇപ്പോഴത്തെ അവസ്ഥ?” കാർട്ടർ മറുപടി പറഞ്ഞത്, എനിക്കറിയില്ല. ഞാനന്ന് തിരക്കിലായിരുന്നു. ഫ്ലൈറ്റ് പിടിക്കേണ്ടതുണ്ടായിരുന്നു. പിന്നെ അന്വേഷിച്ചില്ല എന്നാണ്. അത് കേട്ടതും വിളിച്ചയാൾ കെവിനോട് ഒന്നുകൂടി ചോദിച്ചു: “എത്ര കഴുകന്മാർ ഉണ്ടായിരുന്നു അവിടെ?” കെവിൻ മറുപടി പറഞ്ഞു: “ഒന്ന്” മറ്റെയാൾ ഉടനെ പറഞ്ഞു: ” അല്ല, രണ്ട്.  ഒന്നിന്റെ കയ്യിൽ ഒരു ക്യാമറയും കൂടിയുണ്ടായിരുന്നു”, കെവിൻ ഞെട്ടിപ്പോയി. ഈ ഒരൊറ്റ ഉത്തരമാണ് കെവിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചത്. അനന്തരം അയാൾ തടുക്കാനാവാത്ത മനോവ്യഥയാൽ ആത്മഹത്യചെയ്യുകയായിരുന്നു.

പ്രിയപ്പെട്ടവരേ, ജീവിതത്തിലെ പ്രലോഭനങ്ങളെ തിരിച്ചറിയുക, ജീവിതം നഷ്ടപ്പെടാതിരിക്കാൻ അവയിൽ നിന്ന് പിന്മാറുക! ജീവിതത്തിന്റെ വിശപ്പുകളുടെ പിന്നാലെ ഓടുന്ന തിരക്കിൽ നമ്മിലും, സഹോദരങ്ങളിലും, ഈ പ്രപഞ്ചത്തിലുമുള്ള ദൈവത്തെ കണ്ടുമുട്ടാൻ മടിക്കരുത്. ജീവിത സാഹചര്യങ്ങളിൽ, പൗരോഹിത്യ, സന്യാസ കുടുംബ ജീവിതാവസ്ഥകളുടെ പരിസരങ്ങളിൽ വന്നുവീഴുന്ന പ്രലോഭനങ്ങളുടെ വേളകളിൽ വെറും മൃഗങ്ങളാകാതെ മനുഷ്യരാകാൻ നമുക്ക് കഴിയണം. വിശപ്പുകളുടെ പിന്നാലെ പോയി നമ്മുടെ ജീവിതവും, മറ്റുള്ളവരുടെ ജീവിതവും തകർക്കുന്നവരാകാതെ, നൊന്തുസ്നേഹിച്ചും, ഉപവസിച്ചും ജീവിതത്തെ നന്മയുള്ളതാക്കാൻ നമുക്ക് സാധിക്കട്ടെ. അൻപത് നോമ്പിന്റെ പുണ്യം നിറഞ്ഞ ദിനങ്ങളെ ദൈവ കൃപയാൽ

നിറച്ച് നമ്മുടെ ക്രൈസ്തവ ജീവിതങ്ങളെ, കുടുംബങ്ങളെ ശക്തമാക്കാം. നാളെ നെറ്റിയിൽ കുരിശ് വരച്ച് നോമ്പിലേക്ക് പ്രവേശിക്കുവാൻ ദൈവം നമ്മെയെല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമേൻ!

SUNDAY SERMON MK 2, 1-12

ദനഹാക്കാലം അഞ്ചാം ഞായർ

മാർക്കോ 2, 1-12

ക്രിസ്തുവിനെ, അവിടുത്തെ വചനങ്ങളെ വളരെ മനോഹരമായി, അവതരിപ്പിച്ചിരിക്കുന്ന ഒരു സുവിശേഷഭാഗമാണ് ദനഹാക്കാലത്തിന്റെ ഈ ആറാം ഞായറാഴ്ച്ച നാം ശ്രവിച്ചത്.. ചരിത്രം പരിശോധിച്ചാൽ, ക്രിസ്തുവിനെപ്പോലെ വാക്കുകൾക്ക് ഇത്രമാത്രം കനം നൽകിയ മറ്റൊരാളില്ല. സാധാരണമായ വാക്കുകൾ അവിടുത്തെ അധരങ്ങളിൽ രത്നങ്ങളായി മാറി; പാപങ്ങൾ മോചിക്കുന്ന ദൈവിക വചസ്സുകളായി അവ മാറി.  ഇന്നത്തെ സുവിശേഷഭാഗം അതിന് ഉദാഹരണമാണ്. സുവിശേഷത്തിന്റെ സന്ദേശം ഇതാണ്. മനുഷ്യാ, നിന്റെ പാപങ്ങൾ മോചിക്കുന്ന, നിനക്ക് രോഗശാന്തി നൽകുന്ന ദൈവമാണ് ക്രിസ്തു!

ഈശോയുടെ അത്ഭുത രോഗശാന്തികൾക്ക് വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട് വിശുദ്ധ മർക്കോസിന്റെ സുവിശേഷം. ആദ്യത്തെ പത്ത് അധ്യായങ്ങൾ ഓരോന്നിലും ഒന്നുകിൽ ഒരു രോഗശാന്തി അല്ലെങ്കിൽ ഒരത്ഭുതം നമുക്ക് കാണാൻ കഴിയും. മറ്റു മൂന്ന് സുവിശേഷങ്ങളേക്കാൾ അത്ഭുതങ്ങൾക്കും, രോഗശാന്തിക്കും വിശുദ്ധ മാർക്കോസ് പ്രത്യേകം ശ്രദ്ധ നൽകുന്നു. വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിലെ 678 വചനങ്ങളിൽ, 198 ഉം അത്ഭുതസംഭവങ്ങളുടെ നാൾ വഴികളാണ്. അവയിൽത്തന്നെ വലിയൊരു ഭാഗം രോഗശാന്തി വിവരണങ്ങളാണ്. വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിലെ ഈ രോഗശാന്തികൾ പ്രധാനമായും നടക്കുന്നത് ഗലീലിയിൽ വച്ചാണ്.   

അന്ന് ഗലീലിയിൽ ധാരാളം മാന്ത്രികരുണ്ടായിരുന്നു. അവർ യഹൂദരോ, ഗ്രീക്കുകാരോ റോമക്കാരോ ആയിരുന്നു. അവർ കള്ളത്തരങ്ങളിലൂടെയോ, കൺകെട്ടുവിദ്യകളിലൂടെയോ, മറ്റ് ചെപ്പടിവിദ്യകളിലൂടെയോ ആണ് അത്ഭുതങ്ങൾ, മാജിക്കുകൾ നടത്തിയിരുന്നത്.  എന്നാൽ ഈശോയുടെ രോഗശാന്തികൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. അത് വെറുമൊരു ഷോ മാത്രമായിരുന്നില്ല. ശാരീരികമായ സൗഖ്യം മാത്രമായിരുന്നില്ല അത്. ആളുകളിൽ നിന്ന് കയ്യടി ലഭിക്കുവാനുള്ള കള്ളത്തരങ്ങളുമായിരുന്നില്ല ഈശോയുടെ അത്ഭുതങ്ങൾ! ഈശോയുടെ രോഗശാന്തികൾ മനുഷ്യന്റെ സമഗ്രമായ വിമോചനത്തെ ലക്‌ഷ്യംവച്ചുള്ളതായിരുന്നു; മനുഷ്യന്റെ ആന്തരിക മാറ്റത്തെ ലക്‌ഷ്യം വച്ചുള്ളതായിരുന്നു. വെറും ശാരീരികമെന്നതിനേക്കാൾ, മനസികമെന്നതിനേക്കാൾ ഈശോ ശ്രദ്ധിച്ചിരുന്നത് മനുഷ്യന്റെ ആത്മീയ വിമോചനമായിരുന്നു, ആത്മാവിന്റെ രക്ഷയായിരുന്നു.

ഇന്നത്തെ സുവിശേഷഭാഗത്ത് സുതരാം വ്യക്തമാണ് ഈശോയുടെ ഈ പ്രവർത്തന ശൈലി. ആധുനിക സാമൂഹ്യ മനഃശാസ്ത്രം പറയുന്നപോലെ വെറും Psychosomatic രോഗശാന്തികളായിരുന്നില്ല ഈശോയുടേത്. അവിടുത്തെ രോഗശാന്തിയുടെ പ്രത്യേകതകൾ നോക്കുക: 1. ജനക്കൂട്ടത്തിന്റെ മുൻപിൽ വച്ചാണ് അവിടുന്ന് രോഗശാന്തി നൽകുന്നത്. 2. രോഗശാന്തിക്ക് സാക്ഷ്യം വഹിക്കുന്നത് ക്രിസ്തുവിൽ വിശ്വസിക്കുന്നവരായിരുന്നില്ല. 3. രോഗശാന്തി ലഭിച്ചവരെ സമൂഹത്തിന് പരിശോധിക്കാമായിരുന്നു. 4. ഈശോ മനുഷ്യന്റെ ആത്മാവിന്റെ സൗഖ്യമാണ് ആദ്യമായി ആഗ്രഹിക്കുന്നത്. 5. രോഗിയുടെയോ, രോഗിയുടെ അടുത്തുനിൽക്കുന്നവരുടെയോ വിശ്വാസം ഈശോ പരിഗണിച്ചിരുന്നു. തളർവാതരോഗിയെ സുഖപ്പെടുത്തുമ്പോൾ ഈശോ പിന്തുടരുന്ന pattern ഇത് തന്നെയാണ്. ആദ്യം രോഗിയുടെ പാപങ്ങൾ മോചിക്കുന്നു, പിന്നെ രോഗിയെ സുഖപ്പെടുത്തുന്നു.

ഗലീലി കടൽത്തീരത്തിന്റെ വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന കഫർണാം എന്ന ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഇന്നത്തെ സുവിശേഷത്തിൽ അവതരിപ്പിക്കുന്ന സംഭവം നടക്കുന്നത്. വിശുദ്ധ പത്രോസിന്റെ വീട് കേന്ദ്രീകരിച്ചാണ് ഈശോ തന്റെ സുവിശേഷ ദൗത്യം കഫെർണാമിൽ നടത്തിയിരുന്നത്. അതുകൊണ്ട് സുവിശേഷഭാഗത്ത് പറയുന്ന വീട് വിശുദ്ധ പത്രോസിന്റേതായിരിക്കണം. ആ വീട് അത്ര വലുതൊന്നുമായിരുന്നില്ല. അതിന്റേത് താഴ്ന്ന മച്ചുമായിരുന്നു. ഈശോയുടെ പ്രവർത്തനശൈലിയുടെ പ്രത്യേകതകൊണ്ടും, ഈശോ ആ പ്രദേശത്ത് സാമാന്യം പ്രശസ്തനായതുകൊണ്ടും ആയിരിക്കണം, മുറ്റം   നിറയെയും, വീടിന്റെ അകം നിറയെയും ആളുകൾ അവിടെ കൂടിയത്. അല്പം സാഹസപ്പെട്ടിട്ടാണെങ്കിലും ഒരു തളർവാത രോഗി അവിടെ ഈശോയുടെ മുൻപിൽ എത്തുകയാണ്.

ഈശോയുടെ കാലത്ത് പലസ്തീനയിൽ സാധാരണമായ ഒരു രോഗമായിരുന്നു തളർവാതം. എന്തുകൊണ്ട് തളർവാതം? ചിലപ്പോൾ ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾകൊണ്ടാകാം; കാലാവസ്ഥയുടെ സ്വഭാവംകൊണ്ടാകാം; പരിസരം വൃത്തിയില്ലാത്തതായതുകൊണ്ടാകാം; അനാരോഗ്യകരമായ ഭക്ഷണരീതികൾകൊണ്ടാകാം. എന്തായാലും, ആ ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു മഹാരോഗമായി തളർവാതം രൂപപ്പെട്ടിരുന്നു.   ഈ അസുഖത്തിന്റെ ആരംഭത്തിൽ കാലുകൾക്കാണ് തളർച്ച അനുഭവപ്പെടുക. പിന്നെ കൈത്തണ്ടകളിലേക്ക് വ്യാപിക്കുകയും, പതുക്കെ കഴുത്തിന് ചുറ്റും വരെ എത്തുകയും ചെയ്യും. മൂന്ന് ആഴ്ചയോടെ രോഗി പൂർണമായും തളർന്നുപോകും. ഒരു ന്യൂറോളജിക്കൽ അസുഖമാണിത്.

എന്നാൽ, ഈശോയുടെ കാഴ്ചപ്പാടിൽ ഈ രോഗത്തിന്റെ കാരണം ന്യൂറോളജിക്കൽ പഠനങ്ങൾക്കും അപ്പുറമായിരുന്നു. മനുഷ്യന്റെ കണക്കുകൂട്ടലുകൾക്കും അപ്പുറം ജീവിതാവസ്ഥകളെ കാണാൻ ക്രിസ്തുവിന് കഴിയുമായിരുന്നു. അന്നത്തെ മനുഷ്യന്റെ ആത്മീയ ജീവിതത്തിലെ, മതജീവിതത്തിലെ പുഴുക്കുത്തുകളെ, ദൈവത്തെ, ദൈവത്തിലുള്ള വിശ്വാസത്തെ സ്വന്തം സുഖത്തിനും, വളർച്ചയ്ക്കും, അധികാരത്തിനും പണത്തിനും പാരമ്പര്യത്തിനുവേണ്ടി ഉപയോഗിക്കുന്ന മനുഷ്യന്റെ അഹങ്കാരത്തെ, സ്വാർത്ഥതയെ കാണാൻ, അതുവഴി നശിച്ചുപോകുന്ന ആത്മാക്കളെ കാണാൻ ക്രിസ്തുവിന് സാധിച്ചു. ഈശോ തളർവാതരോഗിയെ നോക്കിയപ്പോൾ കണ്ടത്, ദൈവവുമായി അനുരജ്ഞനപ്പെടാതെ നിൽക്കുന്ന, ദൈവത്തിന്റെ പ്രസാദവരങ്ങളുമായി സഹകരിക്കാതെ നിൽക്കുന്ന, ആവശ്യമായ പോഷണങ്ങൾ നൽകാതെ തളർന്നു നിൽക്കുന്ന അവന്റെ ആത്മാവിനെയായിരുന്നു.  പാപത്തിന്റെ വഴികളിലൂടെ നടന്ന് തളർന്നുപോയ അവന്റെ കാലുകളേക്കാൾ, തിന്മയുടെ ലഹരിയിൽ തളർന്നുപോയ ശരീരത്തേക്കാൾ ഈശോ കണ്ടത്, തിന്മയുടെ ബന്ധനത്തിൽ കിടക്കുന്ന അവന്റെ ആത്മാവിനെയാണ്. സ്വർഗ്ഗപിതാവിന്റെ പുത്രനായ ക്രിസ്തു, ദൈവാത്മാവ് നിറഞ്ഞ ദൈവപുത്രൻ, സർവ്വാധികാരത്തോടെ, അതിലുമുപരി കരുണയോടെ, സ്നേഹത്തോടെ പറയുന്നു: “മകനേ, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു.”  ഈശോ ആ രോഗിയെ ആത്മീയമായി സ്വതന്ത്രനാക്കുകയാണ്. തുടർന്ന് ഈശോയുടെ പ്രവർത്തിയെ ദൈവദൂഷണമായിക്കണ്ട് ജനക്കൂട്ടം ബഹളം വയ്ക്കുകയും അതിന്റെ അവസാനം ആ തളർവാതരോഗി ശാരീരികമായും സുഖപ്പെടുകയാണ്.

സ്നേഹമുള്ളവരേ, വായിച്ചുകേട്ട സുവിശേഷ ഭാഗത്തെ വീണ്ടും വിസ്തരിച്ച് നിങ്ങളുടെ സമയം നഷ്ടപ്പെടുത്തുവാനല്ല ഞാൻ ശ്രമിച്ചത്. നിങ്ങളുടെയും, എന്റെയും ദൈവമായ, ഈ ലോകത്തിന്റെ ഏക രക്ഷകനായ, രണ്ടാം വായനയിൽ ദാ നിയേൽ പ്രവാചകൻ പറയുന്ന കരുണയും പാപമോചനവും നിറഞ്ഞു നിൽക്കുന്ന, (ദാനിയേൽ 9, 9) ലേഖനത്തിൽ വായിച്ചുകേട്ടതുപോലെ നമുക്ക് രക്ഷയും പാപമോചനവും നൽകുന്ന കർത്താവായ ക്രിസ്തുവിന്റെ പ്രവർത്തനശൈലി, കാഴ്ചപ്പാട് നിങ്ങളെ ഓർമപ്പെടുത്തുവാനാണ് ഞാൻ ശ്രമിച്ചത്. നിങ്ങളുടെയും എന്റെയും കണ്ണുകളിലൂടെ നോക്കിക്കൊണ്ട് നിങ്ങളുടെയും എന്റെയും ഹൃദയത്തെ കാണുന്നവനാണ്, ആത്മാവിനെ കാണുന്നവനാണ്, നിങ്ങളുടെയും എന്റെയും ജീവിതാവസ്ഥ മനസ്സിലാക്കുന്നവനാണ് ഈശോ എന്ന് ഒരിക്കൽക്കൂടി പറയുവാനാണ്, ആ ഈശോയാണ് നിങ്ങളുടെയും എന്റെയും ആത്മാവിനെ, ജീവിതത്തെ എല്ലാവിധ തിന്മകളിൽ നിന്നും പാപത്തിൽ നിന്നും രക്ഷിക്കുന്നവനെന്ന് പ്രഘോഷിക്കുവാനാണ് ഞാൻ ശ്രമിച്ചത്.

മനുഷ്യൻ വെറും ശരീരം മാത്രമല്ല; മനുഷ്യൻ വെറും മനസ്സും മാത്രമല്ല. മനുഷ്യൻ ശരീരവും മനസ്സും കൂടിയവനും മാത്രമല്ല.നിരീശ്വരവാദികളും, യുക്തിവാദികളും, ഭൗതികവാദികളും മനുഷ്യൻ ശരീരം മാത്രമെന്നും, ശരീരവും മനസ്സുമെന്നുമൊക്കെ സൗകര്യപൂർവം വാദിച്ചുകൊണ്ടിരിക്കും. എന്നാൽ, ക്രിസ്തുവിന്റെ മനുഷ്യ ദർശനം എന്നും ഇവർക്കെല്ലാം ഉപരിയായിരിക്കും. കാരണം, ക്രിസ്തുവിന് മനുഷ്യൻ മനുഷ്യൻ വെറും ശരീരം മാത്രമല്ല; മനുഷ്യൻ വെറും മനസ്സും മാത്രമല്ല. മനുഷ്യൻ ശരീരവും മനസ്സും കൂടിയവനും മാത്രമല്ല. മനുഷ്യൻ ക്രിസ്തുവിന് ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവനാണ്. അതുകൊണ്ടു തന്നെ, മനുഷ്യൻ ശരീരവും മനസ്സും ആത്മാവും ഉള്ളവനാണ്. മനുഷ്യാ നിന്നിൽ ദൈവത്തിന്റെ ആത്മാവുണ്ടെന്നും, നീ ദൈവത്തിന്റെ ആലയമാണെന്നും, നിന്നിലുള്ള ആത്മാവിന്റെ ജീവിതമാണ് നീ നയിക്കേണ്ടതെന്നും നമ്മെ ഓർമിപ്പിക്കുവാനും, പഠിപ്പിക്കുവാനുമാണ് ഈശോ ഈ ഭൂമിയിലേക്ക് വന്നത്. അതുകൊണ്ടാണ് ഈശോ ഒരിക്കൽ പറഞ്ഞത്: “ഹേ മനുഷ്യാ, നീ ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നശിഹാൾ നിനക്ക് എന്ത് പ്രയോജനം? ആത്മാവിന് പകരമായി നീ എന്ത് കൊടുക്കും?”

എന്നാൽ, ഇന്ന് ക്രൈസ്തവർ ഈ ആത്മാവിനെ മറന്ന് ജീവിക്കുകയാണ്. ഈ കാലഘട്ടത്തിന്റെ ദുരന്തമെന്ന് പറയുന്നത് കൊറോണ വൈറസുമൊന്നുമല്ല പ്രിയപ്പെട്ടവരേ. വർഗീയതയുമല്ല. ക്രിസ്ത്യാനികളെ ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന തീവ്രവാദവും അല്ല. ഈ കാലഘട്ടത്തിന്റെ ദുരന്തമെന്ന് പറയുന്നത് ഉള്ളിലുള്ള ആത്മാവിനെ മറന്നുള്ള ജീവിതമാണ്. ഞാൻ ഒന്നുക്കൂടി പറയട്ടെ: ഈ കാലഘട്ടത്തിന്റെ ദുരന്തമെന്ന് പറയുന്നത് ഉള്ളിലുള്ള ആത്മാവിനെ മറന്നുള്ള ജീവിതമാണ്. ശരീരത്തിനുവേണ്ടി മാത്രം ഒരു വ്യക്തി ജീവിക്കുമ്പോൾ അത് പാപത്തിലുള്ള ജീവിതമാണ്. മനസ്സിനുവേണ്ടി മാത്രം പലതരത്തിലുള്ള ലഹരിയ്ക്കുവേണ്ടി മാത്രം ഉള്ള ജീവിതമാണ് നീ നയിക്കുന്നതെങ്കിൽ അത് തിന്മയിലുള്ള ജീവിതമാണ്. അത് നിന്നെ തളർവാതത്തിലേക്ക് നയിക്കും. നിന്റെ ജീവിതത്തെ, നിന്റെ കുടുംബത്തെ, നിന്റെ ഇടവകയെ, നിന്റെ രൂപതയെ, നിന്റെ സഭയെ തകർത്തുകളയുന്ന തളർവാതത്തിലേക്ക് നയിക്കും.

സമാപനം

ഈ കാലഘട്ടത്തിന്റെ ദുരന്തമെന്ന് പറയുന്നത് ഉള്ളിലുള്ള ആത്മാവിനെ മറന്നുള്ള ജീവിതമാണ്. സ്നേഹമുള്ളവരേ, നമ്മെ, നമ്മുടെ കുടുംബത്തെ തളർവാതമെന്ന രോഗം അലട്ടുന്നുണ്ടെങ്കിൽ ക്രിസ്തുവിന്റെ സന്നിധിയിൽ അണയുക. നമ്മുടെ ഹൃദയങ്ങൾ, ജീവിതങ്ങൾ കാണുന്ന ക്രിസ്തു നമ്മുടെ ആത്മാവിനെ വീണ്ടെടുക്കും. നാം തയ്യാറാണെങ്കിൽ ഇന്ന്, ഇപ്പോൾ, ഈ വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ സ്വരം നാം ശ്രവിക്കും:

“മകളേ, മകനേ, നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു.” അതിനായി അതിയായി ആഗ്രഹിച്ചുകൊണ്ട് വിശുദ്ധ കുർബാന നമുക്ക് തുടർന്ന് അർപ്പിക്കാം. ആമേൻ!