SUNDAY SERMON EASTER 2024

ഈസ്റ്റർ ഞായർ 2024

അവൻ ഇവിടെ ഇല്ല. സത്യമായും അവിടുന്ന് ഉയിർത്തെഴുന്നേറ്റു. ഹാലേലൂയ! “

ലോകത്തിനുമുഴുവൻ പ്രകാശം നൽകുന്ന, ലോകരക്ഷകനായ, ലോകത്തിന്റെ പ്രതീക്ഷയായ ക്രിസ്തുവിന്റെ ഉയിർപ്പുതിരുനാൾ നാമിന്നു ആഘോഷിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ നാം ആചരിച്ച തിരുക്കർമങ്ങളും, വായിച്ചു കേട്ട വിശുദ്ധ ഗ്രന്ഥവായനകളും, ദുഃഖവെള്ളിയാഴ്ച്ച കാൽവരിയിൽ സംഭവിച്ചതിന്റെ ഓർമകളും ദൈവം നമ്മെ, ഈ ലോകത്തെ എത്രമാത്രം സ്നേഹിച്ചു, സ്നേഹിക്കുന്നു എന്നതിന്റെ അടയാളങ്ങളായിരുന്നു. ഭൂമുഖത്ത് ഞാൻ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും, ദൈവം തന്റെ ഏകജാതനെ ലോകത്തിലേയ്ക്ക് അയയ്ക്കുകയും, എനിക്ക് രക്ഷനേടിത്തരികയും ചെയ്യുമായിരുന്നു എന്ന വിശുദ്ധ അമ്മത്രേസ്യായുടെ സാക്ഷ്യപ്പെടുത്തൽ ദൈവസ്നേഹത്തിന്റെ വെളിപ്പെടുത്തലാണ്. ഈ ഭൂമുഖത്ത് ഞാൻ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിൽ പോലും ദൈവം ഈ ഭൂമിയിൽ ജനിക്കുമായിരുന്നു, പീഡകൾ സഹിക്കുമായിരുന്നു, കുരിശിൽ മരിക്കുമായിരുന്നു, ഉത്ഥാനം ചെയ്യുമായിരുന്നു എന്ന ചിന്ത തന്നെ ഹൃദയത്തെ സ്നേഹംകൊണ്ട് നിറയ്ക്കുന്നു.  കാൽവരിയിൽ കർത്താവായ ക്രിസ്തു തന്റെ കൈകൾ വിരിച്ചു പിടിച്ചിരിക്കുന്നത് മകളേ, മകനേ നിന്നെ കെട്ടിപ്പിടിക്കുവാനാണെന്നും, കുരിശിൽ അവിടുന്ന് മുഖം കുനിച്ച് നിൽക്കുന്നത് നിന്നെ ചുംബിക്കുവാനാണെന്നും, അവിടുത്തെ ഹൃദയം പിളർന്നു നിൽക്കുന്നത് നിന്നിലേക്ക് തന്റെ സ്നേഹം ഒഴുക്കുവാനാണ് എന്നും, അവിടുന്ന് മരിച്ചവരിൽ നിന്ന് ഉത്ഥിതനായത് എന്നും എപ്പോഴും നിന്നോടൊത്തായിരിക്കുവാനാണെന്നും വിശുദ്ധ അഗസ്തീനോസ് പറയുമ്പോൾ, ഈ ഉത്ഥാന തിരുനാളിൽ “ദൈവമേ, നിന്റെ സ്നേഹം എത്ര അപാരം എന്ന് പറയുവാനാണ്, “God’s love is so wonderful” എന്ന് പാടുവാനാണ് എനിക്ക് തോന്നുന്നത്.

എല്ലാവർക്കും ഉത്ഥാനത്തിരുനാളിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു!

മിശിഹാ രഹസ്യങ്ങൾക്ക്, മിശിഹായുടെ ജനനത്തിനും, പരസ്യജീവിതത്തിനും, പീഡാസഹനത്തിനും, മരണത്തിനും ദൈവികതയും അർത്ഥവും നൽകുന്നത് നാം ഇന്ന് ആഘോഷിക്കുന്ന ക്രിസ്തുവിന്റെ ഉത്ഥാനമാണ്. സുവിശേഷം എന്നത്, ഉത്ഥിതനായ ക്രിസ്തുവിന്റെ സുവിശേഷമാണ്. അത് പാവങ്ങളുടെയും, പാപികളുടെയും സുവിശേഷമാകുന്നത്, അവർക്ക് ശുഭപ്രതീക്ഷയേകുന്ന സുവാർത്തയാകുന്നത് സുവിശേഷം ഉത്ഥാനത്തിന്റെ സുവിശേഷമായതുകൊണ്ടാണ്!

അതുകൊണ്ടാണ് വിശുദ്ധ പൗലോശ്ലീഹാ കോറിന്തോസുകാരോട് ഇങ്ങനെ പ്രഘോഷിക്കുന്നത്. അല്ലയോ കോറിന്തോസുകാരേ, “ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം. ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുകയും, സംസ്കരിക്കപ്പെടുകയും, എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാൾ ഉയിർപ്പിക്കപ്പെടുകയും ചെയ്തു. അവൻ കേപ്പയ്ക്കും, പിന്നീട് പന്ത്രണ്ടുപേർക്കും പ്രത്യക്ഷനായി. ഒടുവിൽ അകാലജാതന് എന്നതുപോലെ എനിക്കും പ്രത്യക്ഷനായി. അതിനാൽ, ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങൾ ദൈവത്തിനുവേണ്ടി കപടസാക്ഷ്യം വഹിക്കുന്നവരാകും.” (1 കോറി 15)

പന്തക്കുസ്താദിനത്തിൽ അവിടെകൂടിയിരുന്ന ജനങ്ങളോട് വിശുദ്ധ പത്രോശ്ലീഹാ   പറഞ്ഞതിങ്ങനെയാണ്: ” “ഇസ്രായേൽ ജനങ്ങളേ കേൾക്കുവിൻ. നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കപ്പെട്ട നസ്രായനായ യേശുവിനെ നിങ്ങൾ കുരിശിൽ തറച്ചുകൊന്നു. എന്നാൽ ദൈവം മൃത്യുപാശത്തിൽ നിന്ന് വിമുക്തനാക്കി അവിടുത്തെ ഉയിർപ്പിച്ചു.. ഞങ്ങളെല്ലാവരും അതിനു സാക്ഷികളാണ്.” (അപ്പ 2, 22-) അതോടൊപ്പം, വിശുദ്ധ പത്രോശ്ലീഹാ വെളിപ്പെടുത്തി. “ആകാശത്തിനുകീഴിൽ, മനുഷ്യരുടെയിടയിൽ രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല, ക്രിസ്തുവിന്റെ നാമമല്ലാതെ.”  (അപ്പ 4, 12) ഉത്ഥിതനായ ക്രിസ്തു മനുഷ്യന്റെ രക്ഷകനായി, ജീവിക്കുന്ന ദൈവമായി നമ്മുടെ ഇടയിലുണ്ട് എന്ന സത്യം പ്രഘോഷിക്കുകയായിരുന്നു വിശുദ്ധ പത്രോസ്. വിശുദ്ധ പൗലോസ് റോമക്കാരോട് ഈ സത്യം ഒന്നുകൂടി ഉറപ്പിച്ച് പറയുന്നുണ്ട്.  അതിങ്ങനെയാണ്:” റോമാക്കാരേ, യേശു കർത്താവാണെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും, ദൈവം മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്‌താൽ നിങ്ങൾ രക്ഷപ്രാപിക്കും.” (റോമാ 10, 9) ആരിലാണ് രക്ഷ? ഉത്ഥിതനായ ക്രിസ്തുവിലാണ് രക്ഷ! വിശുദ്ധ പൗലോസും, സീലാസും തടവറയിൽ നിന്ന് രക്ഷപ്പെട്ടെന്ന് വിചാരിച്ച്ആത്മഹത്യചെയ്യാൻ ഒരുങ്ങിയ കാവൽക്കാരനെ തടഞ്ഞ പൗലോസിനോട് കാവൽക്കാരൻ ചോദിക്കുകയാണ്: “രക്ഷപ്രാപിക്കാൻ ഞാൻ എന്തുചെയ്യണം?” പൗലോസിന്റെ മറുപടി വളരെ പ്രസിദ്ധമാണ്. അദ്ദേഹം പറഞ്ഞു: ” കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക.  നീയും, നിന്റെ കുടുംബവും രക്ഷപ്രാപിക്കും.” (അപ്പ 16, 31) ഉത്ഥിതനായ ക്രിസ്തുവിൽ വിശ്വസിക്കുക. നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.

2024 ലെ ഉത്ഥാനത്തിരുനാളിന്റെ സന്ദേശവും ഇതുതന്നെയാണ്: ഇന്നും ജീവിക്കുന്ന ഉത്ഥിതനായ ക്രിസ്തുവാണ് ലോകത്തിന്റെ രക്ഷകൻ. വിശുദ്ധ ലൂക്കയുടെ സുവിശേഷം രണ്ടാം അദ്ധ്യായം പത്താം വാക്യം തികച്ചും പൂർണമാകുന്നത് ഉത്ഥാനത്തിരുനാളിലാണ്. ” ഭയപ്പെടേണ്ട. ഇതാ സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു.

ഈശോ മരിച്ചവരിൽ നിന്ന് ഉത്ഥാനം ചെയ്ത നിമിഷം, പരിശുദ്ധാത്മാവാൽ നിറഞ്ഞ ദൈവം ജനിക്കുകയാണ്. ഇന്നും ജീവിക്കുന്ന പൂർണ ദൈവം ജനിക്കുകയാണ്. പ്രപഞ്ചസൃഷ്ടിയിലൂടെ പിതാവായ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയെങ്കിൽ, പുത്രനായ ദൈവം മനുഷ്യാവതാരത്തിലൂടെ നമുക്ക് വെളിപ്പെട്ടെങ്കിൽ, ഉത്ഥാനത്തിലൂടെ പരിശുദ്ധാത്മാവായ ദൈവം ഭൂമിയിൽ നിറയുകയാണ്. “ലോകാവസാനംവരെ ഞാൻ നിങ്ങളോട് കൂടെ ഉണ്ടായിരിക്കു”മെന്ന് പറയുന്നത് പരിശുദ്ധാത്മാവായ, ഉത്ഥിതനായ ദൈവമാണ്.

സ്നേഹമുള്ളവരേ, ഇന്നും ജീവിക്കുന്ന ഉത്ഥിതനായ ഈശോയാണ് നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. ക്രൈസ്തവർക്ക് പീഡാസഹനമല്ല, ക്രൂശാരോഹണമല്ല, മരണമല്ല അവസാന വാക്ക്. അവസാനവാക്ക് ഉത്ഥാനമാണ്. ആത്മാവായ ദൈവമായാണ് ഈശോ ഉയിർത്തെഴുന്നേറ്റത്. നമ്മൾ പാടുന്നില്ലേ? “ആത്മാവാം ദൈവമേ വരണേ ….” ഉത്ഥിതനായ ദൈവം, ഇന്നും ജീവിക്കുന്ന ദൈവം, വിശുദ്ധ കുർബാനയായി വാഴുന്ന ദൈവം ആത്മാവാണ്. ഉത്ഥിതനായ കർത്താവാണ് രക്ഷിക്കുന്ന ദൈവം. ഉത്ഥിതനായ കർത്താവാണ് സുഖപ്പെടുത്തുന്ന ദൈവം. ഉത്ഥിതനായ കർത്താവാണ് നമ്മെ ബലപ്പെടുത്തുന്ന ദൈവം. ഉത്ഥിതനായ കർത്താവാണ് നമ്മെ ആശ്വസിപ്പിക്കുന്ന ദൈവം. ഉത്ഥിതനായ കർത്താവാണ് നമ്മുടെ കണ്ണീരൊപ്പുന്ന ദൈവം. ഉത്ഥിതനായ കർത്താവാണ് നമ്മുടെ കുടുംബത്തിന്റെ നാഥൻ.

ഈ സ്നേഹമായ, കാരുണ്യമായ ഉത്ഥിതനായ ദൈവം. ഇന്നും നമ്മുടെ ഇടയിൽ വസിക്കുന്നത്, നമ്മോടൊപ്പം നടക്കുന്നത് നമ്മെ ശിക്ഷിക്കാനല്ല, രക്ഷിക്കാനാണ് പ്രിയപ്പെട്ടവരേ. നാം ചിന്തിക്കുന്നതിലുമപ്പുറം, നാം പോലും അറിയാതെ നമ്മെ രക്ഷിക്കുന്ന, നമുക്കായി പ്ലാനുകളും, പദ്ധതികളുമൊരുക്കുന്ന ദൈവത്തെ പാടിസ്തുതിക്കുവാനുള്ളതാണ്, ഹല്ലേലൂയാ പാടി സ്‌തുതിക്കുവാനുള്ളതാണ് ഈ ഉത്ഥാനത്തിരുനാൾ.

ഒരു കുടുംബം അവരുടെ ഗ്രാമത്തിൽ വലിയ ക്ഷാമമുണ്ടായപ്പോൾ, അടുത്തുള്ളൊരു ദ്വീപിലേക്ക് യാത്രയായി. വിവാഹം കഴിഞ്ഞ് കുറച്ചുനാളുകളേയായുള്ളുവെങ്കിലും, ദൈവത്തിൽ ആശ്രയിച്ച്, പ്രതീക്ഷയോടെ തന്നെ അവർ യാത്രപുറപ്പെട്ടു. ആ ദ്വീപിലേക്ക് പോകുവാൻ പഴകി ദ്രവിച്ച ഒരു പാ ലമാണുള്ളത്. അതിലൂടെ ദ്വീപിലെത്തിയാൽ പിന്നെ തിരിച്ചുവരവുണ്ടാകയില്ലയെന്ന് അവർ തിരിച്ചറിഞ്ഞു. അത്രയും പഴകിയ പലമാണത്. വീഴാറായ ആ പാലത്തിലൂടെ ഒരു കണക്കിന് അവർ അക്കരെയെത്തി. ഏകദേശം ഒരു ദിവസത്തോളമെടുത്തു ആൾപാർപ്പുള്ള സ്ഥലത്തെത്താൻ. എത്തിക്കഴിഞ്ഞപ്പോൾ അവർക്ക് സന്തോഷമായി. അവർ അവിടെ ഒരു സ്ഥലത്ത് വീട് വച്ച് താമസം തുടങ്ങി.  ഒട്ടും വൈകാതെ തന്നെ അവർക്കൊരു കുഞ്ഞുണ്ടായി. ജീവിതം സന്തോഷപ്രദമായ മുന്നോട്ടു നീങ്ങി. എന്നാൽ, കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ, ആ ദ്വീപിലും ക്ഷാമം വിരുന്നുവന്നു. ജനങ്ങളെല്ലാം വലഞ്ഞു. എന്തുചെയ്യണമെന്നറിയാതെ ഈ ചെറുപ്പക്കാരനും, ചെറുപ്പക്കാരിയും ദുഃഖിതരായി. ദ്വീപിൽ നിന്ന് പുറത്തുകടക്കുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോൾ അവർക്ക് പേടിയായി. ആ പാലം അവിടെയുണ്ടോ എന്ന് പോലും അവർക്കറിയില്ല. ആരും അതിനെക്കുറിച്ച് സംസാരിച്ചതായി അവർ ഓർക്കുന്നില്ല. എത്രയോ വർഷങ്ങളായി. ആ പാലം അവിടെ ഉണ്ടാകില്ല എന്ന് തന്നെ അവർ കരുതി.ഉൺടെങ്കിൽ തന്നെ അതിലൂടെ കടക്കുമ്പോൾ, കുഞ്ഞിനെ തങ്ങൾക്ക് നഷ്ടപ്പെട്ടാലോ? അവർക്കതിനെക്കുറിച്ച് ഓർക്കാനേ കഴിഞ്ഞില്ല.  പക്ഷേ, ക്ഷാമം വർധിച്ചപ്പോൾ, തിരികെ പോകാൻ തന്നെ അവർ തീരുമാനിച്ചു. അങ്ങനെ എല്ലാം കെട്ടിപ്പെറുക്കി അവർ യാത്രയായി.  ഒരു പകലോളം നടന്ന് അവർ ആ പാലത്തിനടുത്തെത്തി. അവരുടെ കണ്ണുകളെ അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. പഴയ പാലത്തിന് പകരം മനോഹരമായൊരു പാലം. തങ്ങൾക്കുവേണ്ടി അത്ഭുതം പ്രവർത്തിച്ച, തങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങളെ മാറ്റിത്തന്ന ദൈവത്തിന് അവർ നന്ദി പറഞ്ഞു.

പ്രിയപ്പെട്ടവരേ, ഉത്ഥിതനായ ഈശോ നമുക്കായി രക്ഷയുടെ വഴികൾ ഒരുക്കുന്നവനാണ്. നാം പോലുമറിയാതെ, നമ്മുടെ ഇരുളടഞ്ഞ ജീവിതവഴികളെ നക്ഷത്ര ശോഭയുള്ളതാക്കുന്നവനാണ് ഉത്ഥിതനായ ദൈവം. ഈ ഉയിർപ്പുതിരുനാളിൽ ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസം നമുക്ക് ഏറ്റുപറയാം. നമ്മെ ശിക്ഷിക്കുന്നവനല്ല, രക്ഷിക്കുന്നവനാണ് നമ്മുടെ ദൈവം എന്ന് മനസ്സിൽ ഉരുവിടാം. അങ്ങനെ ഈ തിരുനാൾ അർത്ഥവത്തായി ആഘോഷിക്കാം.  

സ്നേഹമുള്ളവരേ, ഉത്ഥാനത്തിരുനാൾ നമ്മെ ക്ഷണിക്കുന്നത് ക്രിസ്തുവിലേക്കാണ്, അവിടുത്തെ രക്ഷയിലേക്കാണ്, അവിടുത്തെ സ്നേഹത്തിലേക്കാണ്. ഈ ഉത്ഥാനത്തിരുനാൾ നമ്മുടെ ജീവിതത്തെ, കുടുംബത്തെ ഉത്ഥിതന്റെ രക്ഷകൊണ്ട്  സ്നേഹംകൊണ്ട്, നിറയ്ക്കുവാൻ നമ്മെ പ്രേരിപ്പിക്കട്ടെ.  ജീവിതത്തിൽ, സ്വാർത്ഥതകൾ, അഹന്ത, ഇഷ്ടങ്ങളുടെ വൈരുധ്യങ്ങൾ, മദ്യാസക്തി, ലഹരിയോടുള്ള ആഗ്രഹം, മൊബൈൽ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളോടുള്ള ആസക്തി തുടങ്ങിയവ അന്ധകാരം നിറയ്ക്കുമ്പോൾ ഉത്ഥിതനായ ക്രിസ്തു നിങ്ങളുടെ, നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരട്ടെ. കടന്നു വന്ന് നമുക്ക് രക്ഷ നൽകട്ടെ. ഹൃദയം നിറയെ സ്നേഹത്തോടെ ഉത്ഥിതനായ ക്രിസ്തുവാണ്

എന്റെ ദൈവം എന്ന് പ്രഘോഷിച്ചുകൊണ്ട് എന്റെ ക്രൈസ്തവജീവിതം ഞാൻ നയിക്കും എന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. അതിനുള്ള കൃപയ്ക്കാകട്ടെ ഇന്നത്തെ നമ്മുടെ ഉത്ഥാനത്തിരുനാളിലെ വിശുദ്ധ കുർബാന.

എല്ലാവർക്കും ഉത്ഥാനത്തിരുനാളിന്റെ മംഗളങ്ങൾ ആശംസിക്കുന്നു! ആമേൻ!

SUNDAY SERMON GOOD FRIDAY 2024

ദുഃഖവെള്ളി 2024

ക്രൂശിതനായ ക്രിസ്തുവിൽ വിശ്വസിക്കുന്ന സ്നേഹമുള്ള മാതാപിതാക്കളെ, സഹോദരീ സഹോദരന്മാരേ,

“ഏൽ ഏൽ ലമാ സബക്താനി! എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു എന്ന്, ആകാശത്തിനും ഭൂമിയ്ക്കും മദ്ധ്യേ കുരിശിൽ കിടന്നുകൊണ്ട് ലോകരക്ഷകനായി വന്ന ക്രിസ്തു കരഞ്ഞതിന്റെ അലയൊലികൾ നമ്മെ അസ്വസ്ഥമാക്കുന്ന ഒരു ദുഃഖവെള്ളിയാഴ്ച്ചകൂടി നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകുകയാണ്. സഹനത്തിന്റെ ശൂലമുനയിൽ കയറി, മനുഷ്യജീവിതത്തിലെ സഹനങ്ങളെ ക്രിസ്തു രക്ഷാകരമാക്കിയെങ്കിലും, സഹനങ്ങൾക്ക് പുതിയ അർഥം നൽകിയെങ്കിലും, ഇന്നും, സഹനങ്ങൾക്ക്, ദൈവമേ എന്നെ ഉപേക്ഷിച്ചോ എന്ന കരച്ചിലിന് ഒരു പഞ്ഞവുമില്ല. അന്ന് രണ്ടായിരത്തിനുമേറെ വർഷങ്ങൾക്ക് മുൻപേ കുരിശുമരണത്തിലൂടെ സഹനങ്ങളെ ക്രിസ്തു രക്ഷാകരമാക്കി. ഇന്ന് നമ്മൾ ക്രൈസ്തവരിലൂടെ, ക്രൈസ്തവരെ വേട്ടയാടുന്ന തീവ്ര വാദികളിലൂടെ, ക്രൈസ്തവമുക്ത ഭാരതം സ്വപ്നം കാണുന്നവരിലൂടെ ക്രിസ്തുവിന്റെ പീഡാനുഭവവും ക്രൂശുമരണവും തുടർക്കഥകളാകുമ്പോൾ, ക്രൈസ്തവസമൂഹത്തെ ജിഹാദുകളിലൂടെ ഇല്ലാതാക്കുവാൻ ക്രിസ്തുവിന്റെ ശത്രുക്കൾ ശ്രമിക്കുമ്പോൾ ജീവിതസഹനങ്ങളെ ദൈവകൃപകളാക്കിക്കൊണ്ട്, ജീവിതത്തിലെ കുരിശിന്റെ വഴികളിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ജീവിക്കുവാൻ തീരുമാനമെടുത്തുകൊണ്ട് ഈ ദുഖവെള്ളിയാഴ്ച്ച ആചരിക്കുവാൻ ക്രിസ്തു നമ്മോട് ആവശ്യപ്പെടുകയാണ്.

ഈശോമിശിഹായുടെ പീഡാസഹനവും മരണവുമാണ് നാമിന്ന് ധ്യാനവിഷയമാക്കുക. ഇസ്രായേൽ ജനത്തിന് വരാനിരിക്കുന്ന മിശിഹായെക്കുറിച്ച് രണ്ട് തരത്തിലുള്ള സങ്കല്പങ്ങളുണ്ടായിരുന്നു. ഒന്ന്, രാജകീയ മിശിഹാ. സാമുവേൽ പ്രവാചകന്റെ രണ്ടാം പുസ്തകം, ഏഴാം അദ്ധ്യായം ഒന്നുമുതൽ പതിനേഴുവരെയുള്ള വാക്കുകളിൽ നഥാൻ പ്രവാചകൻ, ദാവീദിന്റെ ഗോത്രത്തിൽപ്പെട്ട പ്രതാപവനായ ഒരു രാജാവായിരിക്കും മിശിഹായെന്ന് പ്രവചനം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെയാണ്, ഇസ്രായേൽ ജനം പലപ്പോഴും ഈശോയുടെ പരസ്യജീവിതകാലത്ത് അവിടുത്തെ രാജാവാക്കുവാൻ ശ്രമിക്കുന്നത്.

മറ്റൊന്ന്, സഹിക്കുന്ന ദാസനാണ് മിശിഹാ എന്നതാണ്. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ 42, 49, 50, 53 അദ്ധ്യായങ്ങളിലായി സഹിക്കുന്ന ദാസനെക്കുറിച്ച് പറയുന്നുണ്ട്. “അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. നമ്മുടെ വേദനകളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവൻ ചുമന്നത്. അവൻ മുറിവേൽപ്പിക്കപ്പെട്ടു, ക്ഷതമേല്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷനൽകി. അവന്റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു.” ബി സി എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഏശയ്യാ പ്രവാചകൻ പറഞ്ഞത് സഹിക്കുന്ന ക്രിസ്തുവിൽ പൂർത്തിയാകുകയാണ്. സഹനത്തിലൂടെ രക്ഷനേടിത്തന്ന, സ്നേഹം ത്യാഗമാണെന്നും, ത്യാഗം സഹനമാണെന്നും, സഹനം രക്ഷയാണെന്നും പ്രഖ്യാപിച്ച ക്രിസ്തുവിനുള്ള ശാശ്വത സ്മാരകമാണ് ദുഃഖവെള്ളി!

സ്നേഹമുള്ള ക്രൈസ്തവരേ, ദുഃഖവെള്ളിയാഴ്ച്ചകൾ ക്രിസ്തുവിന്റെ സഹനത്തിന്റെ മഹത്വം മനസ്സിലാക്കാനുള്ളതാണ്. ദുഃഖവെള്ളിയാഴ്ചയിൽ ക്രിസ്തുവിന്റെ രക്ഷാകരമായ പീഡാസഹനങ്ങളിലൂടെ, അവയെക്കുറിച്ചുള്ള ധ്യാനത്തിലൂടെ നാം കടന്നുപോകുമ്പോൾ, നമ്മുടെ സഹനങ്ങളെ രക്ഷാകരമാക്കുവാൻ എന്തുചെയ്യണമെന്ന് ക്രിസ്തുവിൽ നിന്ന് നാം പഠിക്കണം. അതോടൊപ്പം, അവനെ സഹനത്തിലേക്ക് നയിച്ച അന്യായമായ ആ ന്യായ വിധിയെക്കുറിച്ച് നാം അറിയണം.

പീലാത്തോസിന്റെ അരമന മുറ്റം. കുറ്റമില്ലാത്തവൻ കുറ്റക്കാരനായി വിധിക്കപ്പെട്ടു. ജനം മുഴുവൻ ആക്രോശിച്ചപ്പോഴും, നീതിപീഠം കുറ്റം വിധിച്ചപ്പോഴും മനുഷ്യരക്ഷയ്ക്കുവേണ്ടി മനുഷ്യനായിപ്പിറന്നവൻ മൗനിയായിരുന്നു. ചെമന്ന മേലങ്കിയും ധരിച്ചപ്പോഴും, സ്ഥാനമുറപ്പിക്കുവാൻ വേണ്ടി നീതിയെ പണയപ്പെടുത്തിയ പീലാത്തോസ് ക്രിസ്തുവിനെ നോക്കി “ഇതാ മനുഷ്യൻ” എന്ന് പറഞ്ഞപ്പോഴും ക്രിസ്തു അക്ഷ്യോഭ്യനായി നിൽക്കുകയാണ്. പ്രിയപ്പെട്ടവരേ, ആരാണവൻ! സത്രത്തിപോലും സ്ഥലം ലഭിക്കാഞ്ഞ്, കാലിത്തൊഴുത്തിൽ പിറന്നവനാണവൻ! പ്രഭുക്കന്മാരെയും, നിയമജ്ഞ-ഫരിസേയ കൂട്ടുകെട്ടുകളെയും വിട്ട് അക്ഷരാഭ്യാസമില്ലാത്ത മുക്കുവരെ തന്റെ ശിഷ്യരാക്കിയവനാണവൻ! വേലക്കാരൻ കൂലിക്കർഹനാനും പറഞ്ഞ് ലോകചരിത്രത്തിലാദ്യമായി തൊഴിലാളികളോട് പക്ഷം ചേർന്നവനാണവൻ! വിധവയുടെ ചില്ലിക്കാശിന് മൂല്യം കല്പിച്ചതും, ഹേറോദോസിനെ കുറുക്കായെന്ന് വിളിച്ചാക്ഷേപിച്ചതും ഇവാൻ തന്നെ. ഇവനാണ് മീനിന്റെ ഉളുമ്പുനാറ്റം തികട്ടിവരുന്ന തോണിയുടെ അമരത്തും, മുക്കുവക്കുടിലുകളിലും അന്തിയുറങ്ങിയവൻ! ഇവനാണ് ചുംബനത്തിലൂടെ ഒറ്റിക്കൊടുക്കുവാൻ വന്ന യൂദാസിന് കവിൾത്തടം കാണിച്ചുകൊടുത്തത്. ഇവൻ തന്നെയാണ് സെഹിയോൻ ശാലയിൽ ലോകത്തിനുവേണ്ടി തന്നെത്തന്നെ പകുത്തു നൽകിയത്!

ഈ ക്രിസ്തുവിനെയാണ് പീലാത്തോസിന്റെ അരമനമുറ്റത്തുവച്ച് തങ്ങളുടെ വളർച്ചയ്ക്ക് ഇവൻ ഭീഷണിയാകുമെന്നറിഞ്ഞ് പുരോഹിത പ്രമുഖന്മാരും, നിയമജ്ഞ-ഫരിസേയ കൂട്ടുകെട്ടും കൂടി ചതിയിൽ കൊല്ലുവാൻ ശമിച്ചത്.

കാരണം, ഞാഞ്ഞൂലിന് പോലും ഗ്രഹണസമയത്ത് വിഷമുണ്ടാകുമല്ലോ. ആശാരി യൗസേപ്പിന്റെയും ആശാരിച്ചി മറിയത്തിന്റെയും മകനെ, ഈ തച്ചനെ ഇങ്ങനെവിട്ടാൽ ശരിയാകില്ലെന്ന് അവരുറപ്പിച്ചു. നീതിന്യായ കോടതികളെ പിൻവാതിലിലൂടെ സ്വാധീനിച്ച് അവർ അവനെ കുരിശിൽ തറച്ചു കൊല്ലുവാനുള്ള വിധി നേടിയെടുത്തു. അങ്ങനെയാണ് തന്നേക്കാൾ ഭാരമുള്ള കുറിച്ചും വഹിച്ചുകൊണ്ട്, നഗ്നപാദനായി ഈശോ കാൽവരി കയറിയത്. അവിടെ കാൽവരിയിൽ ആകാശത്തിനും ഭൂമിക്കും മദ്ധ്യേ, കുരിശിൽ കിടന്നുകൊണ്ട് “പിതാവേ, ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേ” എന്ന വിശ്വ സാഹോദര്യത്തിന്റെ മന്ത്രധ്വനി മുഴക്കിയത്. എന്നിട്ട്, “പിതാവേ, നിന്റെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” എന്നും പറഞ്ഞ് പ്രാണൻ വെടിഞ്ഞത്.

സ്നേഹമുള്ളവരേ, ദുഃഖവെള്ളിയാഴ്ച്ചകൾ സഹനസംസ്കാരത്തിലേക്ക് വളരാനുള്ള ക്രിസ്തുവിന്റെ ആഹ്വാനമാണ്. ക്രിസ്തുവിനെ അറിയാൻ നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഗത്സമെനിയുടെ, കാൽവരിയുടെ സഹനത്തിന്റെ സന്ദേശം നാം സ്വീകരിക്കണം. എന്തിന്, ക്രിസ്തുവിനെ അറിയാനുള്ള അളവുകോൽ മറ്റൊന്നല്ല അത് സഹനമാണ്. ലോകത്തിന്റെ അളവുകോൽ അനുസരിച്ച് മനസ്സിലാക്കുവാൻ സാധിക്കുന്ന ഒരാളല്ല ക്രിസ്തു. ലോകത്തിന്റെ മാനദണ്ഡങ്ങൾ വച്ച് ഈശോയുടെ അടുത്തുചെന്നാൽ നമുക്ക് ക്രിസ്തുവിന്റെ നിറമെന്താണെന്ന്, രുചിയെന്താണെന്ന്, അറിയുവാൻ, മനസ്സെന്താണെന്ന്, നോട്ടത്തിന്റെ അർത്ഥമെന്താണെന്ന്, പുഞ്ചിരിയുടെ പൊരുളെന്താണെന്ന് വായിച്ചെടുക്കുവാൻ ആകില്ല. ക്രിസ്തുവിനെ മനസ്സിലാക്കുവാൻ, അറിയുവാൻ, അവിടുത്തെ രക്ഷയിൽ പങ്കുപറ്റുവാൻ ആഗ്രഹിക്കുന്നവന് സ്വർഗം നൽകുന്ന അളവുകോൽ എന്താണ്?  സഹനം. ആരെങ്കിലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്താതെ ക്രിസ്തുവിനെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആരെങ്കിലും ക്രിസ്തുവിനുവേണ്ടി, സുവിശേഷത്തിനുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവൾക്കു /അവന് സ്വർഗം കൊടുക്കുന്ന അടയാളം എന്താണ്?  സഹനം. ആരെങ്കിലും ലോകത്തിന് പുറകെ പോകാതെ, ക്രിസ്തുവിനെ നേടുവാൻ സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നുണ്ടെങ്കിൽ അവൾക്ക് / അവന് ദൈവം നൽകുന്ന ഉത്തരം എന്താണ്? സഹനം. ആരെങ്കിലും ദൈവമഹത്വത്തിനുവേണ്ടി, കുടുംബത്തിന്റെ, മക്കളുടെ നന്മയ്ക്കുവേണ്ടി ആത്മാർത്ഥമായി ജീവിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവൾക്ക്/ അവന് ക്രിസ്തു വച്ചുനീട്ടുന്ന offer എന്താണ്? സഹനം. ക്രിസ്തുവിന്റെ സഹന സംസ്കാരത്തിലൂടെയല്ലാതെ ക്രിസ്തുവിനെ നേടുവാൻ ആർക്കും സാധിക്കുകയില്ല. സഹനത്തിലാണ് രക്ഷ! സഹനത്തിലൂടെ, കുരിശിലൂടെ, കുരിശുമരണത്തിലൂടെയാണ് രക്ഷ!

ക്രൈസ്തവജീവിതത്തിൽ ജീവിതവിജയം നേടുന്നതിന്, നന്മയിൽ ജീവിക്കുന്നതിന്, ജീവിതസന്തോഷത്തിലേക്കും, സംതൃപ്തിയിലേക്കും പ്രവേശിക്കുന്നതിന് ക്രിസ്തു കാണിച്ചു തരുന്ന മാർഗം സഹനത്തിന്റേതാണ്. ഓർക്കണം, ആർഭാടത്തിന്റെയും, ആഘോഷത്തിന്റെയും ജീവിതം നയിച്ചിരുന്ന ക്രൈസ്തവരുടെ മുന്പിലേക്കല്ല, ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട ക്രൈസ്തവരുടെ മുന്പിലേക്കാണ് ശ്ലീഹന്മാർ ക്രിസ്തുവിന്റെ ഈ സന്ദേശം വച്ചുനീട്ടിയത്. അവരിൽ ചിലരെങ്കിലും നമ്മെപ്പോലെ തന്നെ ചോദിച്ചു കാണും, അല്ലെങ്കിൽ ചിന്തിച്ചുകാണും. ക്രിസ്തു ദൈവമായിരുന്നിട്ടും, ആ ദൈവത്തിൽ വിശ്വസിക്കുന്ന ഞങ്ങളെ ഈ സഹനങ്ങളിൽ നിന്ന് രക്ഷിക്കാത്തതെന്ത്? എന്തുകൊണ്ടാണ് ജീവിതത്തിൽ ഇത്രമാത്രം സഹനം ഉണ്ടാകുന്നത്? പ്രാർത്ഥനയിൽ, വിശുദ്ധിയിൽ, അയൽക്കാരനോടുള്ള സ്നേഹത്തിൽ വളരുമ്പോഴും സഹനത്തിന് യാതൊരു കുറവും ഇല്ലാത്തതെന്ത്? ഒന്നിന് പുറകെ ഒന്നായി സഹനങ്ങൾ ഓട്ടോറിക്ഷയിലല്ല, ട്രെയിനിലാണ് വരുന്നത്! എവിടെ ദൈവം? മനുഷ്യനെ സ്നേഹിക്കുന്ന ദൈവം?

ഒരിക്കൽ ഒരാൾ തന്റെ കൂട്ടുകാരുടെ കൂടെ ഒരു കപ്പൽ യാത്ര പ്ലാൻ ചെയ്തു. ഏറെ നാളത്തെ ആഗ്രഹമായിരുന്നതുകൊണ്ടുതന്നെ അദ്ദേഹം വളരെ സന്തോഷത്തിലായിരുന്നു. യാത്ര തുടങ്ങുന്നതിന്റെ തലേന്ന് ഭാര്യയോടും, മക്കളോടും യാത്ര പറഞ്ഞു. വീണ്ടും കാണുമ്പോൾ സമ്മാനങ്ങളുമായിട്ടായിരിക്കും താൻ വരുന്നതെന്ന് പറഞ്ഞ് അവരെ ആലിംഗനം ചെയ്തു. പിറ്റേന്ന് രാവിലെ കപ്പൽ പുറപ്പെട്ടു. യാത്രയാക്കാൻ വന്ന കുടുംബാംഗങ്ങളോട് കൈ വീശി യാത്രപറഞ്ഞ് യാത്ര തുടങ്ങി. നിർഭാഗ്യമെന്ന് പറയട്ടെ, യാത്രയുടെ രണ്ടാം ദിവസം കപ്പൽ അപകടത്തിൽപ്പെട്ടു. കപ്പൽ തകർന്നുപോയി. എല്ലാവരും രക്ഷപ്പെടാനുള്ള തിടുക്കത്തിലായിരുന്നു. ഈ മനുഷ്യനും സർവ്വശക്തിയുമെടുത്ത് നീന്തി. ഇടയ്ക്കൊക്കെ അവശനായെങ്കിലും, അവസാനം രക്ഷപ്പെട്ട് ഒരു ദ്വീപിലെത്തി.

ദ്വീപിലെത്തിയിട്ടും അയാളുടെ കരച്ചിൽ നിന്നില്ല. വാവിട്ടുകരയുമ്പോഴും, അകലേക്ക് പ്രതീക്ഷയോടെ അയാൾ നോക്കിക്കൊണ്ടിരുന്നു. വിശപ്പ്…തണുപ്പ്….ഒരു ദിവസം കഴിഞ്ഞപ്പോൾ അയാളുടെ പ്രതീക്ഷയെല്ലാം അസ്തമിച്ചു. കണ്ണിൽ കണ്ടതെല്ലാം കൂട്ടിച്ചേർത്ത് അയാൾ ഒരു വീടുണ്ടാക്കി, പകൽ ചൂടിൽ നിന്നും, രാത്രി തണുപ്പിൽ നിന്നും, രക്ഷപ്പെടുവാനായി. അന്ന് രാത്രി തണുപ്പ് തുടങ്ങിയപ്പോൾ, അയാൾ വീടിനുമുന്പിൽ തീ കൂട്ടി. എന്നാൽ, പെട്ടെന്ന് വന്ന കാറ്റ് എല്ലാം നശിപ്പിച്ചു. തീ വീട്ടിലേക്ക് പടർന്നു പിടിച്ചു.  വീട് കത്തി നശിച്ചു. അയാൾ വാവിട്ട കരഞ്ഞു…ദൈവമേ നീ എവിടെ എന്ന് ആകാശത്തിലേക്ക് നോക്കി ഉറക്കെ ചോദിച്ചു. പിറ്റേ ദിവസം, വൈകുന്നേരമായപ്പോൾ, തളർന്ന് അവശനായ ആ മനുഷ്യൻ കടലിലേക്ക് നോക്കിയപ്പോൾ ഒരു കപ്പൽ ആ ദ്വീപിനെ സമീപിക്കുന്നതായിക്കണ്ടു. തീരത്തോടടുത്ത കപ്പലിൽ നിന്ന് കാപ്പിത്താനും മറ്റുള്ളവരും ഇറങ്ങി അദ്ദേഹത്തെ രക്ഷിച്ചു. അയാൾ തിടുക്കത്തിൽ ചോദിച്ചു: എങ്ങനെയാണ് ഞാൻ ഇവിടെയുണ്ടെന്ന് നിങ്ങൾക്ക് മനസ്സിലായത്? അപ്പോൾ കപ്പിത്താൻ പറഞ്ഞു: ഇന്നലെ രാത്രി ദ്വീപിൽ തീ കണ്ടു. അപ്പോൾ .ഞങ്ങൾക്ക് തോന്നി ആരെങ്കിലും ഈ ദ്വീപിലുണ്ടാകുമെന്ന്.” അയാൾ ഉറക്കെ കരഞ്ഞു. കരച്ചിലിനിടയിൽ അയാൾ പുലമ്പി: “ഞാനുണ്ടാക്കിയ ആ വീട് കത്തിയില്ലായിരുന്നെങ്കിലോ? അയാൾ ആകാശത്തിലേക്ക് കൈകൾ കൂപ്പി…!

ഈ പ്രപഞ്ചത്തിന്റെ, ഈ ഭൂമിയുടെ, ഭൂമിയിലെ മനുഷ്യജീവിതത്തിന്റെ സ്വഭാവം സഹനമാണ്. ജീവിതം ബുദ്ധിമുട്ടേറിയതാണ്. എന്തുകൊണ്ട് എന്ന ചോദ്യത്തിന് നമ്മെ തൃപ്തിപ്പെടുത്തുന്ന ഉത്തരം കിട്ടിയെന്ന് വരില്ല? എന്തുകൊണ്ടാണ് ഇലകൾക്ക് പച്ച നിറം? എന്തുകൊണ്ടാണ് പാവയ്ക്കയ്ക്ക് കയ്പ്?  മാമ്പഴത്തിന് മധുരം? റോസാച്ചെടിയിൽ മുള്ളുകൾ? ഉത്തരം വളരെ ലളിതമാണ്. ഇലകൾക്ക് പച്ചനിറം അവയുടെ സ്വഭാവമാണ്; പാവയ്ക്കയ്ക്ക് കയ്പ് അതിന്റെ സ്വഭാവമാണ്. മാമ്പഴത്തിന്റെ മധുരം അതിന്റെ സ്വഭാവമാണ്; റോസാച്ചെടിക്ക് മുള്ളുകൾ, അതിന്റെ സ്വഭാവമാണ്. ഓരോ സഹനവും, ദൈവകൃപ നമ്മിലേക്ക് കടന്നുവരുന്ന ചാലുകളാണ് പ്രിയപ്പെട്ടവരേ!

മനുഷ്യജീവിതത്തിന്റെ സ്വഭാവം സഹനമാണ്. ഈ പ്രപഞ്ചത്തിലുള്ളതെല്ലാം ജന്മം എടുക്കുന്നത് സഹനത്തിലൂടെയല്ലേ? പൊട്ടിത്തകർന്നെങ്കിലല്ലേ വിത്തുകൾക്ക് മുളപൊട്ടുകയുള്ളു? ഈറ്റുനോവിലൂടെയല്ലേ ഒരു പുതുജീവൻ ഈ ഭൂമിയിലേക്കെത്തുന്നത്? നാം ധരിക്കുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ സഹനത്തിലൂടെ കടന്നുവരുന്നതുകൊണ്ടല്ലേ ഇത്രയും തിളക്കമേറിയതാകുന്നത്? മയമുള്ള രോമക്കിടക്കയിൽ ഉറങ്ങുവാൻ എന്ത് സുഖമാണ്! എന്നാൽ, എങ്ങനെയാണ് രോമക്കിടക്ക രൂപപ്പെടുന്നത്? മെത്തയുണ്ടാക്കുന്നവരെ വിളിച്ച് രോമം അവരെ ഏൽപ്പിക്കുന്നു. അവർ രോമം തല്ലി തല്ലി പതപോലെയാക്കുന്നു. കൂടുതൽ ശക്തിയായി തല്ലുമ്പോൾ രോമം കൂടുതൽ വൃത്തിയുള്ളതും, മയമുള്ളതുമായിത്തീരുന്നു.  തല്ലുന്നതിനനുസരിച്ച് രോമം വൃത്തിയുള്ളതും മയമുള്ളതും ആകുന്നു. സിൽക്ക് നൂലെടുക്കുന്ന കക്കൂണും വേദന സഹിക്കുന്നു. തിളച്ചവെള്ളത്തിലിട്ട് പുഴുങ്ങിയശേഷം, പരുക്കൻ ബ്രഷും, മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് പിഴിഞ്ഞാണ് അതിൽ നിന്ന് നൂലെടുക്കുന്നത്. സഹനത്തിലാണ് രക്ഷ! സഹനത്തിലൂടെ, കുരിശിലൂടെ, കുരിശുമരണത്തിലൂടെയാണ് രക്ഷ!

ജനിക്കുന്ന നിമിഷം മുതൽ മരിക്കുന്ന നിമിഷം വരെയും മനുഷ്യൻ പലതരത്തിലുള്ള സഹനങ്ങളിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ഈ സഹനങ്ങളെ മൂല്യമുള്ളതാക്കുവാൻ, രക്ഷാകരമാക്കുവാൻ, ദൈവികമാക്കുവാൻ ക്രൈസ്തവന് സാധിക്കുന്നത് ക്രിസ്തുവിന്റെ സഹനങ്ങളുടെ അർത്ഥം മനസ്സിലാക്കുമ്പോഴാണ്. മനുഷ്യൻ എന്തുമാത്രം സഹിക്കുന്നു എന്നതിന്റെ കണക്കെടുക്കുക സാധ്യമല്ല. നാം ഈ ദേവാലയത്തിൽ ആയിരിക്കുമ്പോഴും, ഓരോ മിനിട്ടിലും ധാരാളം മനുഷ്യർ കൊല്ലപ്പെടുന്നുണ്ട്; വളരെയേറെ ഗർഭസ്ഥ ശിശുക്കൾ അമ്മയുടെ ഉദരത്തിൽ വച്ച് തന്നെ പിടഞ്ഞ് പിടഞ്ഞ് മരിക്കുന്നുണ്ട്. വലിയൊരു ശതമാനം മനുഷ്യർ പട്ടിണിയും രോഗങ്ങളാലും സഹിച്ചു സഹിച്ചു ദിനങ്ങൾ മുന്നോട്ട് നീക്കുന്നവരുണ്ട്. ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും ദുരിതങ്ങൾക്ക് മീതെ ദുരിതങ്ങളുമായി തളരുന്ന മനസ്സുകളുണ്ട്. വേദനകളിൽ, ഏകാന്തതയിൽ, ദാരിദ്ര്യത്തിൽ, ദുരന്തങ്ങളിൽ, രോഗങ്ങളിൽ ദൈവത്തിന്റെ പ്ലാനും പദ്ധതിയും ദർശിക്കാൻ കഴിഞ്ഞാൽ സഹനത്തെ മൂല്യവത്താക്കുവാൻ, രക്ഷാകരമാക്കുവാൻ നമുക്ക് സാധിക്കും. 

സ്നേഹമുള്ളവരേ, ഈ വർഷത്തെ ദുഃഖവെള്ളിയാഴ്ച്ച ആചരണം ഓരോ ക്രൈസ്തവനും പ്രധാനപ്പെട്ടതും ഗൗരവമേറിയതുമാണ്. ക്രൈസ്തവസമൂഹം ചുറ്റും ശത്രുക്കളാൽ വലയംചെയ്യപ്പെട്ടു നിൽക്കുന്ന ഈ കാലഘട്ടത്തിൽ, ചക്രവ്യൂഹങ്ങൾ തകർത്ത്, പുറത്തുകടന്ന് ക്രിസ്തുവിനുവേണ്ടി സഹിക്കുന്ന പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ക്രൈസ്തവരായി മാറുവാൻ നാം തയ്യാറാകണം. കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ദുഃഖവെള്ളിയാഘോഷിക്കുവാൻ ക്രൈസ്തവരുണ്ടാകില്ലാ എന്ന് പറയുന്നവരോട് വാക്കുകൾകൊണ്ട് പ്രതികരിച്ചിട്ട് കാര്യമില്ല; സമരങ്ങൾ നടത്തി പ്രതിരോധിച്ചിട്ടും കാര്യമില്ല. നമ്മുടെ ക്രൈസ്തവജീവിതങ്ങളെ, ക്രൈസ്തവ വിശ്വാസത്തെ ശക്തിപ്പെടുത്തിക്കൊണ്ട് പ്രതികരിക്കണം, പ്രതിരോധിക്കണം. നാമൊക്കെ, വെറും ബോൺസായി ക്രൈസ്തവരായിട്ട് കാര്യമില്ല പ്രിയപ്പെട്ടവരേ! ബോൺസായി മരങ്ങളെ നോക്കൂ! കാഴ്ചയിൽ അതൊരു മരമാണ്. ഇലകളുണ്ടോ? ഉണ്ട്. നിറമുണ്ടോ? ഉണ്ട്. രൂപമുണ്ടോ? ഉണ്ട്.  എന്നാൽ ഫലം മാത്രം ലഭിക്കില്ല. ഇനി അഥവാ ലഭിച്ചാലും, വളരെ ശുഷ്കമായവ മാത്രം. അ യഥാർത്ഥ ജീവിതമില്ല. ഒരു ഷോ പീസായി വയ്ക്കാൻ നല്ലതാണ്.

ഇന്ന് ശരാശരി ക്രൈസ്തവരും ഇങ്ങനെയായിരിക്കുന്നു. അവരുടെ ക്രൈസ്തവ സാക്ഷ്യത്തിന് തിളക്കമില്ലാതായിരിക്കുന്നു. ക്രൈസ്തവരാണോ? അതെ. പള്ളിയിൽ പോകുന്നുണ്ടോ? ഉവ്വ്. കൂദാശകൾ സ്വീകരിക്കുന്നുണ്ടോ? ഉണ്ട്. കുടുംബ പ്രാർത്ഥനയുണ്ടോ? ഉണ്ടേ, വളരെ കൃത്യമായി. ഭരണസംവിധാനങ്ങളുണ്ടോ? ഉണ്ട്. പിതാക്കന്മാരും, വൈദികരും, സിസ്റ്റേഴ്സും ഉണ്ടോ? ഉണ്ട്. അത്മായ നേതാക്കളുണ്ടോ? ഉണ്ട്. പക്ഷേ, ഫലങ്ങളൊന്നുമില്ല. ഭരണസംവിധാനങ്ങളുണ്ടോ? ഉണ്ട്. പിതാക്കന്മാരും, വൈദികരും, സിസ്റ്റേഴ്സും ഉണ്ടോ? ഉണ്ട്. അത്മായ നേതാക്കളുണ്ടോ? ഉണ്ട്. ക്രിസ്തുവിന്റെ സാക്ഷികളാണെന്ന് വീമ്പ് പറയുമെങ്കിലും സ്വന്തം കാര്യങ്ങൾ വരുമ്പോൾ, ക്രിസ്തു പുറത്ത്. നല്ലൊരു ഷോ പീസ്!!

സ്നേഹമുള്ളവരേ, ക്രിസ്തുവിനെ ജീവിതത്തിന്റെ മൂല്യമാക്കാതെ, നമ്മുടെ കുടുംബങ്ങളിൽ, ഇടവകകളിൽ, നമ്മുടെ പ്രവർത്തനങ്ങളിൽ ക്രിസ്തുവിനെ പുറത്തു നിർത്തുമ്പോൾ നാം സഹനവഴികളെ ഉപേക്ഷിക്കുകയാണ്; ക്രിസ്തു വീണ്ടും കുരിശിലേറുകയാണ്. സഹനത്തെ മൂല്യമായി നാം കാണുന്നില്ല.  അധികാരത്തിനുവേണ്ടി, സമ്പത്തിനുവേണ്ടി, താത്ക്കാലിക നേട്ടങ്ങൾക്കുവേണ്ടി, സുഖങ്ങൾക്കുവേണ്ടി ക്രൈസ്തവ മൂല്യങ്ങളെ ബലികഴിക്കുമ്പോൾ നമ്മുടെ ക്രൈസ്തവജീവിതം ആർഭാടം നിറഞ്ഞതാകുന്നു!! ത്യാഗം നമുക്ക് അന്യമായിത്തീരുന്നു!

ജീവിത പങ്കാളിയെ തേടുമ്പോൾ കത്തോലിക്കാ വിശ്വാസമുള്ള ക്രൈസ്തവയാകണമെന്ന്, ക്രൈസ്തവനാകണമെന്ന് നിർബന്ധമില്ലെന്നും, രാഷ്ട്രീയ നിലപാടുകളിൽ നിരീശ്വര പ്രസ്ഥാനങ്ങാളായാലും, വർഗീയ പാർട്ടികളായാലും കുഴപ്പമില്ലെന്നും, കുർബാനയുടെ പേരിൽ തങ്ങളുടെ ഭാഗം ജയിക്കുവാൻ വേണ്ടി എന്ത് കോലാഹലങ്ങൾ കാണിച്ചാലും പ്രശ്‌നമില്ലെന്നും പറയുമ്പോൾ, ഓർക്കുക പ്രിയപ്പെട്ടവരേ, ക്രിസ്തു ക്രൂശിക്കപ്പെടുകയാണ് –   വീണ്ടും! നമ്മുടെ കൈകളിൽ ചോര നിറയുന്നു!!! എന്റെ ജീവിത സാഹചര്യങ്ങളിൽ എന്റെ ദൈവത്തെ ഇല്ലാതാക്കുക എന്ന ദുഷ്കൃത്യം ചെയ്യുന്നതിനേക്കാൾ വലിയ അപരാധം മറ്റെന്തുണ്ട് സ്നേഹിതരേ!!?? താലത്തിൽ വെള്ളമെടുത്ത്, വെൺകച്ചയും അരയിൽ ചുറ്റി ശിഷ്യരുടെ പാദം കഴുകിയ   ക്രിസ്തു ഇന്ന് അധികാരത്തിന്റെ നടുത്തളങ്ങളിൽ തമാശയായി മാറിയിരിക്കുന്നു! ഇതെന്റെ ശരീരമാകുന്നു, ഇതെന്റെ രക്തമാകുന്നു എന്നും പറഞ്ഞ് ലോകത്തിന്റെ ജീവനുവേണ്ടി തന്നെത്തന്നെ പകുത്തു നൽകിയ ഒടുവിലത്തെ അത്താഴം ഇന്ന് ആർഭാടമായ നമ്മുടെ ഊട്ടുമുറികളിലെ മനോഹരമായ ചിത്രം മാത്രം!! ദൈവമായിരുന്നിട്ടും, ദൈവത്തോടുള്ള സമാനത മുറുകെപ്പിടിക്കാതെ മനുഷ്യനായി, മരണത്തോളം, അതേ കുരിശുമരണത്തോളം അനുസരണമുള്ളവനായ ക്രിസ്തു ഈ ന്യൂജൻ സംസ്കാരത്തിൽ ഒരു കോമാളി!!

ക്രൂശിതനായ ക്രിസ്തുവിൽ അഭിമാനിക്കുന്ന ക്രൈസ്തവരേ, ദുഃഖവെള്ളിയാഴ്ചയുടെ സന്ദേശം ഞാൻ ഇവിടെ അവസാനിപ്പിക്കുകയാണ്. വിശുദ്ധ പൗലോസിനോടൊപ്പം ഞാൻ ഏറ്റുപറയുകയാണ്: “നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസ്സാരമാണെന്ന് ഞാൻ കരുതുന്നു. (റോമാ 8, 18) “ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക്, അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു.” (റോമാ 8, 28)

കുരിശിനാലെ ലോകമൊന്നായ് വീണ്ടെടുത്ത് രക്ഷിച്ച ക്രിസ്തു,

മിശിഹാ നമ്മുടെ ജീവിതവഴികളിലെ പ്രകാശമാകട്ടെ. നമ്മുടെ ജീവിതങ്ങളെ, കുടുംബങ്ങളെ വിശുദ്ധീകരിക്കട്ടെ, നമ്മുടെ സഹനങ്ങളെ ദൈവകൃപകളാക്കട്ടെ.. ആമേൻ!

SUNDAY SERMON MAUNDY THURSDAY2024

പെസഹാവ്യാഴം 2024

ഇന്ന് ലോകമെങ്ങും ക്രൈസ്തവർ പെസഹാവ്യാഴം ആചരിക്കുന്നു. ക്രൈസ്തവർക്കിനി പങ്കുവയ്ക്കലിന്റെയും, എളിമപ്പെടലിന്റെയും, പീഡാനുഭവത്തിന്റെയും, പ്രതീക്ഷ നിറഞ്ഞ ഉത്ഥാനത്തിന്റെയും പരിശുദ്ധ നാളുകളാണ്.  നമ്മുടെ ഇക്കൊല്ലത്തെ പെസഹാതിരുനാൾ ആഘോഷത്തിൽ വലിയൊരു വൈരുധ്യം ഞാൻ കാണുന്നുണ്ട്. പരസ്പരം പോരടിച്ച് രാജ്യങ്ങളൊന്നായി വെട്ടിപ്പിടിക്കാനുള്ള വെമ്പൽ ലോകത്തിന്റെ പലഭാഗങ്ങളിലായി നടക്കുമ്പോൾ, പലസ്തീനയിലെ ഗാസയിലെപ്പോലെയുള്ള സ്ഥലങ്ങളിൽ ദാരിദ്ര്യത്തിന്റെയും, അനാഥത്വത്തിന്റെയും ദുരിതഭൂമിയിൽ പിഞ്ചു കുഞ്ഞുങ്ങളടക്കം അപ്പത്തിനായി പാ ത്രങ്ങൾ നീട്ടുമ്പോൾ, ദൈവം മനുഷ്യന്റെ പാദങ്ങൾ കഴുകിയ, ദൈവം അപ്പമായി മാറിയ, അപ്പം ദൈവമായി മാറിയ ഈ മഹാതിരുനാൾ നാം ആഘോഷിക്കുന്നത് വലിയ വിരോധാഭാസം തന്നെയാണ്. എങ്കിലും, ലോകാവസാനംവരെ ദൈവമക്കളോടൊത്ത് വസിക്കുവാൻ ആഗ്രഹിച്ചുകൊണ്ട് വിശുദ്ധ കുർബാന സ്ഥാപിച്ച ഈശോയുടെ അനന്ത സ്നേഹത്തെ വാഴ്ത്തിപ്പാടുവാൻ, അവിടുന്ന് വിശുദ്ധ കുർബാന സ്ഥാപിച്ച ദിവസമല്ലാതെ മറ്റൊന്ന് കണ്ടെത്തുക അസാധ്യമാണ്.

ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാമും, പെസഹാ തിരുനാൾ, അപ്പമെടുത്തു ഇതെന്റെ ശരീരമാകുന്നു വെന്ന് ഉച്ചരിച്ചപ്പോൾ ദൈവം അപ്പമായി മാറിയ, അപ്പം ദൈവമായി മാറിയ മഹാത്ഭുതം നടന്നതിന്റെ ഓർമ, രക്ഷാകര ചരിത്രത്തിന്റെ തോടും പുഴയും കൈവഴികളും ഒരു ബിന്ദുവിൽ, വിശുദ്ധ കുർബാന എന്ന ബിന്ദുവിൽ സംഗമിച്ചതിന്റെ ഓർമ ആഘോഷിക്കുമ്പോൾ, ഈ തിരുനാളിന്റെ സന്ദേശം ഉൾക്കൊള്ളാനും, ജീവിക്കുവാനും നമുക്കാകട്ടെ എന്ന പ്രാർത്ഥനയോടെ, വചന വിചിന്തനത്തിലേക്ക് കടക്കാം. ഈ വർഷത്തെ പെസഹാതിരുനാളിന്റെ സന്ദേശം, ദൈവം എന്നും എപ്പോഴും നമ്മോടൊത്തുണ്ട് എന്നതാണ്.  

നമുക്കറിയാവുന്നതുപോലെ, പഴയനിയമത്തിലെ പെസ്സഹായല്ല നാമിന്ന് ആചരിക്കുന്നത്. ഈജിപ്തിലെ ഫറവോയ്‌ക്കെതിരെ മോശയുടെ നേതൃത്വത്തിൽ ഇസ്രായേൽ ജനം നടത്തിയ ബഹുജനമുന്നേറ്റ സമരത്തിന്റെ അവസരത്തിൽ രക്ഷകനായ ദൈവം ഈജിപ്തുകാരെ ശിക്ഷിച്ചും, ഇസ്രായേൽക്കാരെ രക്ഷിച്ചും കടന്നുപോയതിന്റെ ആഘോഷത്തിൽ കഴിച്ച ആദ്യപെസഹായുടെ ഓർമയല്ല നാമിന്ന് ആചരിക്കുന്നത്. പകൽ മേഘസ്തംഭവും രാത്രി അഗ്നിത്തൂണുമായി ദൈവത്താൽ നയിക്കപ്പെട്ട ഇസ്രായേൽ ജനം, സ്വദേശത്തുവച്ചും വിദേശത്തുവച്ചും, ആദ്യപെസഹായുടെ ഓർമയിൽ നടത്തിയ പെസ്സഹാകർമങ്ങളുടെ തുടർച്ചയുമല്ല നാം നടത്തുന്നത്. പിന്നെയോ, പുതിയ നിയമത്തിലെ സ്നേഹത്തിന്റെ പുതിയഭാഷ്യവുമായി ചരിത്രത്തിന്റെ നെഞ്ചിലൂടെ പെസഹാ നടത്തിയ ഈശോ – പെസഹാ എന്ന വാക്കിന് കടന്നുപോകൽ എന്നർത്ഥം – ചരിത്രത്തിന്റെ നെഞ്ചിലൂടെ കടന്നുപോയ ഈശോ, ലോകത്തിന്റെ ജീവനുവേണ്ടി തന്റെ ശരീരവും രക്തവും നൽകിക്കൊണ്ട് വിശുദ്ധ കുർബാനയായിത്തീർന്നതിന്റെ ഓർമയാണ് ഈ പെസഹാ വ്യാഴാഴ്ച്ച നാം ആഘോഷിക്കുന്നത്. 

ഓർമകളുണ്ടായിരിക്കണമെന്നത് വെറുമൊരു സിനിമാപ്പേര് മാത്രമല്ലല്ലോ! ഓർമകളിലൂടെയാണ് മരിച്ചവർപോലും നമ്മിൽ ജീവിക്കുന്നത്. ഓർമകളാണ്, സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ, തോൽവിയുടെ, വിജയത്തിന്റെ, കാരുണ്യത്തിന്റെ ഓർമകളാണ്, ജീവിക്കുവാൻ നമുക്ക് ഊർജം നൽകുന്നത്. കഴിഞ്ഞകാലങ്ങളിലെ നമ്മുടെ ജീവിതത്തിൽ നാം പോലുമറിയാതെ ദൈവം കൈ പിടിച്ചു നടത്തിയതിന്റെ ഓർമകളാണ്, നാം പോലുമറിയാതെ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ട് നമ്മുടെ ജീവിതത്തിൽ ഇടപെട്ടതിന്റെ ഓർമകളാണ് നമ്മെ എളിമയുള്ളവരാക്കുന്നതും, ക്രിസ്തു ദൈവമാണെന്നും, ആ ദൈവം രക്ഷകനാണെന്നും ഏറ്റുപറയുവാൻ നമ്മെ പ്രാപ്തരാക്കുന്നതും. ഓർമകളാണ് നാം പറയുന്നതിനും, ചെയ്യുന്നതിനും, ആചരിക്കുന്നതിനുമെല്ലാം അർഥം നൽകുന്നതും, പ്രസക്തി നൽകുന്നതും. 

ഓർമകളുണ്ടായിരിക്കണം നമുക്ക്. ഒറ്റപ്പെടലിന്റെ വേദനകൾക്കിടയിലും ദൈവേഷ്ടം പൂർത്തിയാക്കുവാൻ സെഹിയോൻ ശാലയിലെ യാഗവേദിയിലേക്ക് നടന്ന മനുഷ്യപുത്രൻ കാൽകഴുകലിന്റെ അഗ്നിയൊരുക്കി വചനമന്ത്രങ്ങളുച്ചരിച്ച്, സ്വയം യാഗമായത് വിശുദ്ധ കുർബാനയായിത്തീരുവാനായിരുന്നു എന്ന ഓർമ നമുക്കുണ്ടായിരിക്കണം; മനുഷ്യന്റെ ശാരീരിക-മാനസിക-ആത്മീയ വിശപ്പുകളകറ്റാൻ അപ്പമായിത്തീരുവാനായിരുന്നു ക്രിസ്തു സെഹിയോൻ ശാലയിലേക്കും, തുടർന്ന് കാൽവരിയിലേക്കും നടന്നതെന്ന ഓർമ നമുക്കുണ്ടായിരിക്കണം. ഓർമകളുണ്ടായിരിക്കണം നമുക്ക്. ഈ ഓർമകളുണ്ടെങ്കിൽ പെസഹാവ്യാഴാഴ്ചയുടെ ദൈവശാസ്ത്രം ക്രൈസ്തവന്റെ മനസ്സിൽ ഒരു മഴവില്ലുപോലെ വിരിഞ്ഞുനിൽക്കും. ഈ ഓർമകളുണ്ടെങ്കിൽ രക്ഷാകരചരിത്രത്തിന്റെ കേന്ദ്രം, ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രം വിശുദ്ധ കുർബാനയാണെന്ന് മനസ്സിലാക്കുവാൻ ക്രൈസ്തവന് മറ്റുമതങ്ങളെ തേടിപ്പോകേണ്ടിവരില്ല. ഈ ഓർമകളുണ്ടെങ്കിൽ സഭയോടൊത്ത് ഏകമനസ്സായി വിശുദ്ധ കുർബാന അർപ്പിക്കുവാൻ നമുക്ക് ബുദ്ധിമുട്ടുണ്ടാകില്ല. ഈ ഓർമകളുണ്ടെങ്കിൽ ജീവിതത്തിൽ വിശുദ്ധ കുർബാനയിലേക്ക്, കുർബാനയുടെ ചൈതന്യത്തിലേക്ക് ചുവടൊന്ന് മാറ്റിചവിട്ടുവാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല. ഈ ഓർമകളുണ്ടെങ്കിൽ, വിശുദ്ധ കുർബാനയെന്നത് ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെയാണെന്നുള്ള, ദൈവത്തിന്റെ ലോകാവസാനംവരെയുള്ള സാന്നിധ്യത്തിന്റെ ജീവനുള്ള, കൗദാശിക സാന്നിധ്യമാണ് വിശുദ്ധകുർബാനയെന്നുള്ള സത്യം നമുക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകയില്ല.

വിശുദ്ധ കുർബാനയെന്നത്, നമ്മോടൊത്ത്, മനുഷ്യരോടൊത്ത് എന്നും വസിക്കുവാനുള്ള ദൈവത്തിന്റെ ആഗ്രഹത്തിന്റെ അടയാളമാണെന്നറിയുമ്പോൾ, നമ്മുടെ കൂടെയായിരിക്കുവാനുള്ള ഈശോയുടെ വലിയ സ്നേഹത്തിന്റെ പ്രകടനമാണെന്നറിയുമ്പോൾ, വിശുദ്ധ കുർബാനയെ പ്രണയിക്കുവാൻ നമുക്ക് തോന്നും; എപ്പോഴും വിശുദ്ധ കുർബാനയോടൊത്തായിരിക്കുവാൻ, വിശുദ്ധ കുർബാനയെത്തന്നെ നോക്കിയിരിക്കുവാൻ, വിശുദ്ധ കുർബാനയുടെ കണ്ണോടെ ജീവിതത്തെ, ലോകത്തെ നോക്കിക്കാണുവാൻ നമുക്ക് തോന്നും.

സ്നേഹമുള്ളവരേ, പെസഹാ വ്യാഴാഴ്ച്ച ആഘോഷത്തിലൂടെ ദൈവത്തിന്റെ രക്ഷ, സാന്നിധ്യം ഇന്നും തുടിച്ചുനിൽക്കുന്നത് വിശുദ്ധ കുർബാനയിലാണ്‌ എന്ന് നാം പ്രഖ്യാപിക്കുകയാണ്. വിശുദ്ധ കുർബാന ക്രൈസ്തവന് വെറുമൊരു ആചാരമോ അനുഷ്ഠാനമോ അല്ല. അത് ജീവിതമാണ്, ജീവിത ബലിയാണ്, ജീവിതമൂല്യമാണ് ക്രൈസ്തവന്. ഈ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുയരുന്ന “ആര് ഞങ്ങളെ രക്ഷിക്കുമെന്ന” മനുഷ്യന്റെ ആർത്തനാദത്തിന് ഉത്തരം നൽകുന്ന ഏക മതഗ്രന്ഥമാണ് ബൈബിൾ. ആ ഉത്തരമാകട്ടെ, വിശുദ്ധ കുർബാനയിലെ ഈശോ എന്നാണ്. വിശുദ്ധ കുർബാന നമ്മുടെ കാതുകളിൽ മൊഴിയുന്നത്, നിന്നെ രക്ഷിക്കാൻ ഞാൻ കൂടെയുണ്ട് മകനെ, മകളെ എന്നാണ്. (ജെറ 1, 19) മകളേ, മകനേ, നിന്റെ ജീവിതം സമുദ്രത്തിലൂടെ കടന്നുപോകുമ്പോൾ, നിന്റെ ജീവിതം അഗ്നിയിലൂടെ കടന്നുപോകുമ്പോൾ, രോഗത്തിന്റെ, സാമ്പത്തിക ബാധ്യതകളുടെ വഴിയിലൂടെ കടന്നുപോകുമ്പോൾ ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്. വിശുദ്ധ കുർബാനയിൽ ഇന്നും ജീവിക്കുന്ന ഈശോയുടെ ഉറപ്പാണത്. ഇന്നത്തെ രാഷ്ട്രീയക്കാർ നൽകുന്ന ഉറപ്പ് പോലെയല്ല ഇത്. നാഴികയ്ക്ക് നാൽപ്പത് വട്ടം മൈക്ക് കെട്ടി രാഷ്ട്രീയക്കാർ പറയുന്ന ഗ്യാരന്റി പോലെയല്ല ഇത്. ഇത് ദൈവത്തിന്റെ ഉറപ്പാണ്. പെസഹാവ്യാഴാഴ്ചയുടെ സൗന്ദര്യമെന്ന് പറയുന്നത് ഈ ഉറപ്പാണ്.

കാരണം, നമ്മുടെ ഓരോരുത്തരുടെയും ജീവിതവുമായി ഒട്ടിച്ചേർന്നു നിൽക്കുന്ന ഒരു ദൈവമാണ് വിശുദ്ധ കുർബാനയിൽ നമ്മോടൊത്ത് വസിക്കുന്നത്. വിശുദ്ധ കുർബാനയിൽ നിങ്ങളുടെയും, എന്റെയും ജീവിതത്തിന്റെ അടങ്ങാത്ത കടലിരമ്പങ്ങളുണ്ട്. പാവപ്പെട്ടവന്റെ വേദനയുണ്ടതിൽ; തകർന്ന കുടുംബങ്ങളുടെ തകരുന്ന ദാമ്പത്യങ്ങളുടെ മുറിപ്പാടുകളുണ്ടതിൽ. അക്രമത്തിന്റെ ആക്രോശങ്ങൾക്കിടയിൽ, വർഗീയതയുടെ അമർത്തലുകൾക്കിടയിൽ ചതഞ്ഞരയുന്ന ജീവിതങ്ങളുണ്ടതിൽ. ലഹരിയുടെ, രതിയുടെ, സ്വാർത്ഥതയുടെ ഭ്രാന്തിൽ പൊലിഞ്ഞുപോകുന്ന ബാല്യങ്ങളുടെ സ്ത്രീകളുടെ കരച്ചിലുകളുണ്ടതിൽ. സാമ്പത്തിക തകർച്ചമൂലം ഇനിയെന്തുചെയ്യണമെന്നറിയാത്തവരുടെ കരച്ചിലുണ്ടതിൽ. നിങ്ങളെയും എന്നെയും ചേർത്ത് നിർത്തുന്ന കാരുണ്യവാനായ ദൈവത്തിന്റെ സ്നേഹഭാവങ്ങളുണ്ടതിൽ. മഹാമാരികൾ വന്നാലും നമ്മെ സുഖപ്പെടുത്തുന്ന ദൈവം, കണ്ണിലെ കൃഷ്ണമണിപോലെ നമ്മെ പരിപാലിക്കുന്ന ദൈവം, പാവപ്പെട്ടവനും ദരിദ്രനായ എന്നെ കരുതുന്ന ദൈവം, ഭയപ്പെടേണ്ട ഞാൻ നിന്നോടു കൂടെയുണ്ട് എന്ന് പറഞ്ഞു കൈ നീട്ടി എന്നെ രക്ഷിക്കുന്ന ദൈവം … അങ്ങനെ എന്നെ കാക്കുന്ന, കരുതുന്ന, എന്റെ ജീവിതവുമായി താദാത്മ്യപ്പെട്ടു നിൽക്കുന്ന ദൈവത്തിന്റെ മഹാസാന്നിധ്യമാണ്, സാന്നിധ്യത്തിന്റെ ആഘോഷമാണ് പ്രിയപ്പെട്ടവരേ വിശുദ്ധ കുർബാന.

നമ്മുടെ ജീവിതവുമായി ഒട്ടിച്ചേർന്നു നിൽക്കുന്ന ഒരു ദൈവമാണ് വിശുദ്ധ കുർബാനയിൽ ഉള്ളത്. എന്താ സംശയമുണ്ടോ? സുവിശേഷങ്ങൾ തുറന്നു നോക്കുന്നോ…

വിശുദ്ധ മത്തായിയുടെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം 9 മുതലുള്ള വാക്യങ്ങൾ. സിനഗോഗിൽ ഇതുപോലെ വചനം കേട്ടുകൊണ്ടിരുന്ന ജനങ്ങൾക്കിടയിൽ കൈശോഷിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. ഈശോ അവനോടു പറഞ്ഞു:” നിന്റെ കൈ നീട്ടുക. സുഖപ്പെടട്ടെ”. ആരും യേശുവിനോടു ചോദിച്ചില്ല. ആരും യേശുവിനോടു പറഞ്ഞില്ല. മനുഷ്യന്റെ വേദന അറിയുമ്പോൾ അവളുടെ / അവന്റെ വേദനകളുമായി താദാത്മ്യപ്പെടുകയാണ് ഈശോ!

വിശുദ്ധ യോഹന്നാന്റെ സുവിശേഷം അഞ്ചാം അധ്യായത്തിൽ 38 വർഷമായി തളർവാതം പിടിപെട്ട് കിടക്കുന്ന ഒരു മനുഷ്യനെ നാം കാണുന്നുണ്ട്. ഈശോ അവനെ സമീപിക്കുകയാണ്. അവന്റെ അടുത്ത് ചെന്നിട്ട്, അവിടെ അയാളോടൊത്തു ഇരുന്നിട്ട്, ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ചോദിക്കുകയാണ്: ‘സുഖപ്പെടുവാൻ നിനക്ക് ആഗ്രഹമുണ്ടോ?’ ആ മനുഷ്യൻ അമ്പരക്കുകയാണ്. ജീവിതത്തിന്റെ അങ്ങേയറ്റത്തുപോലും ഇവനെങ്ങനെ ഒരു സാധ്യത ഭാവന ചെയ്തിട്ടില്ല. തന്റെ ദുരിതത്തെക്കുറിച്ചല്ലാതെ കണക്കുകൂട്ടലും അയാൾ നടത്തിയിട്ടില്ല. ഒരു സെക്കന്റുപോലും നഷ്ടപ്പെടുത്താതെ അയാൾ പറയുകയാണ്: ‘ഉവ്വ് കർത്താവേ.’ അവിടുന്ന് അവനെ സുഖപ്പെടുത്തുകയാണ്. ആരും യേശുവിനോട് പറഞ്ഞില്ല. ആരും യേശുവിനോടു ചോദിച്ചില്ല. ഒരു മെമ്മോറണ്ടംപോലും ആരും യേശുവിനുമുന്പിൽ വച്ചില്ല. മനുഷ്യന്റെ നോവ് മനസ്സിലാക്കി അവനിലേക്ക്‌ കടന്നുചെല്ലുകയാണ് ഈശോ.

എല്ലാവർഷവും വേനൽ അവധിക്കാലത്ത് മാതാപിതാക്കളുടെ കൂടെ അകലെയുള്ള മുത്തശ്ശിയെ കാണാൻ പോകുന്ന ഒരു കുട്ടിയുണ്ടായിരുന്നു. മാതാപിതാക്കളോടൊത്തുള്ള ആ യാത്ര എന്നും അവൻ ആസ്വദിച്ചിരുന്നു. അവന് പന്ത്രണ്ട് വയസ്സായപ്പോൾ തനിയെ യാത്രചെയ്യാൻ അവനൊരു മോഹം. പരീക്ഷയെല്ലാം കഴിഞ്ഞ്, ആ വർഷത്തെ അവധിക്കാലം അടുത്തപ്പോൾ അവൻ മാതാപിതാക്കളോട് ചോദിച്ചു: “ഇപ്രാവശ്യം മുത്തശ്ശിയെകാണാൻ ഞാൻ തനിച്ച് പൊയ്ക്കോട്ടേ?” മാതാപിതാക്കൾ സമ്മതിച്ചു. അവധിക്കാലം വന്നപ്പോൾ അമ്മ അവന്റെ പെട്ടി ഒരുക്കിക്കൊടുത്തു. യാത്രയിൽ കഴിക്കാനുള്ള ഭക്ഷണവും ‘അമ്മ അവന്റെ ബാഗിൽ വെച്ചു. അവന്റെ പപ്പ അവനെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി. പ്ലാറ്റുഫോമിൽ ട്രെയിൻ കാത്ത് നിന്നപ്പോൾ, പപ്പ അവനോട് പറഞ്ഞു: മോനെ, നീ ആദ്യമായിട്ടല്ലേ തനിച്ച് പോകുന്നത്. ” അതെയെന്ന് അവൻ തലകുലുക്കി. പപ്പ തന്റെ പോക്കറ്റിൽ നിന്ന് മടക്കിയ ഒരു കടലാസെടുത്ത് അവന്റെ പോക്കറ്റിൽ ഇട്ടു. എന്നിട്ട് അവനോട് പറഞ്ഞു: “നിനക്ക് ട്രെയിനിൽ വച്ച് എന്തെങ്കിലും പേടിയോ, മറ്റെന്തെങ്കിലും അസ്വസ്ഥതയോ ഉണ്ടാകുകയാണെങ്കിൽ ഈ കടലാസെടുത്ത് നോക്കണം.” മടക്കിയ കടലാസ് ഭദ്രമായിട്ടാണ് പോക്കറ്റിലുള്ളത് എന്ന് അവൻ കൈതൊട്ട് ഉറപ്പാക്കി. അപ്പോഴേക്കും ട്രെയിൻ വന്നു. കുട്ടി സന്തോഷത്തോടെ യാത്രയായി.

കുട്ടി ജനലിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു. അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ കുറച്ചാളുകൾ അവനിരുന്ന ബോഗിയിൽ കയറി. ആദ്യമൊന്നും ഒരു കുഴപ്പവും അവന് തോന്നിയില്ല. അല്പം കഴിഞ്ഞപ്പോൾ, കയറിയ ആളുകൾ അവനെ തുറിച്ചുനോക്കുന്നതായി അവന് തോന്നി. അവന്റെയുള്ളിൽ പേടി പനച്ചിറങ്ങി. കൈകൾ വിറയ്ക്കുന്നതായി അവനു തോന്നി. ഉടനെ, അവൻ പപ്പ പറഞ്ഞതോർത്തു. എന്നിട്ട്, പോക്കറ്റിൽ കിടന്ന് പേപ്പർ എടുത്ത് അതിന്റെ മടക്കു തുറന്നു. അതിൽ എഴുതിയിരുന്നത് അവൻ വായിച്ചു: “മകനേ, ഒട്ടും പേടിക്കേണ്ട. നീ യാത്ര ചെയ്യുന്ന ട്രെയിനിന്റെ അടുത്ത ബോഗിയിൽ ഞാനുണ്ട്.” അവന് ഉള്ളിൽ ധൈര്യം തോന്നി. അവന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. ആളുകളെ ഒട്ടും തന്നെ ശ്രദ്ധിക്കാതെ, അവൻ പുറത്തേക്ക് നോക്കി ട്രെയിൻ യാത്ര ആസ്വദിച്ചു.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതയാത്രയിൽ, ഈശോ നമ്മുടെ ജീവിതത്തിൽ ഉണ്ട്. നമുക്ക് പേടിയുണ്ടാകുമ്പോൾ, ജീവിതം വിറക്കുന്നതായി തോന്നുമ്പോൾ, ജീവിത സാഹചര്യം മോശമാകുമ്പോൾ ഓർക്കുക, ഈശോ അടുത്ത ബോഗിയിൽ ഉണ്ട്. വിശുദ്ധ കുർബാനയാണ് ഈശോ നമുക്ക് നൽകിയിരിക്കുന്ന കടലാസ്. അതിൽ എഴുതിയിട്ടുണ്ട്: “ഭയപ്പെടേണ്ട, മകളേ, മകനേ ഞാൻ നിന്റെ കൂടെയുണ്ട്.” പെസഹാവ്യാഴം ഈ ഓർമപ്പെടുത്തലാണ്.  സ്നേഹം കരകവിഞ്ഞൊഴുകിയ ആ മുഹൂർത്തത്തിലെ ഈശോയുടെ സ്നേഹത്തിൽ ചാലിച്ച വാക്കുകളെ നാം മറക്കാതിരിക്കുക: “ഇതെന്റെ ശരീരമാണ്. നിങ്ങൾ വാങ്ങി ഭക്ഷിക്കുവിൻ. ഇതെന്റെ രക്തമാണ്, നിങ്ങൾ വാങ്ങി പാനം ചെയ്യുവിൻ.” ഈ വചനങ്ങളെ ധ്യാനിക്കുമ്പോൾ സ്നേഹമിങ്ങനെ നമ്മുടെ ഹൃദയത്തിൽ തുടിക്കട്ടെ.

സ്നേഹമുള്ളവരേ, വിശുദ്ധ കുർബാനയെ നാം കൂടുതായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിശുദ്ധ കുർബാനയോട് സ്നേഹമല്ല, പ്രണയം തോന്നേണ്ടിയിരിക്കുന്നു. എന്നോടുള്ള ദൈവത്തിന്റെ അതിവിസ്മയകരമായ പ്രതിഭാസം എന്നൊക്കെ വേണമെങ്കിൽ നമുക്ക് വിശുദ്ധ കുർബാനയെ വിശേഷിപ്പിക്കാം.

ഈ പെസഹാവ്യാഴം വിശുദ്ധ കുർബാനയോട് കൂടുതൽ അടുത്തിരിക്കാം. എന്നിട്ട് വിശുദ്ധ കുർബാനയിലെ ഈശോയോട് സ്നേഹസംഭാഷണം നടത്താം. വിശുദ്ധ കുർബാനയുടെ കൂട്ടുകാരാകാം. ഈ പെസഹാവ്യാഴാഴ്‌ചത്തെ പ്രാർത്ഥനകളും, ആചാരങ്ങളും അതിനായി നമ്മെ സഹായിക്കട്ടെ. ആമേൻ!

SUNDAY SERMON PALM SUNDAY 2024

ഓശാന ഞായർ – 2024

കേരള സഭയിൽ പാരമ്പര്യമായി നടത്തപ്പെടുന്ന നാല്പതാം വെള്ളി ആചരണത്തിനുശേഷം, ഈശോയുടെ കഷ്ടാനുഭവ ആഴ്ചയിലേക്ക് പ്രവേശിക്കുന്നതിന്റെ ആമുഖമായി ഓശാനഞായർ നാമിന്ന് ആഘോഷിക്കുകയാണ്. നസ്രാണി പാരമ്പര്യത്തിലുള്ള കൊഴുക്കൊട്ട ശനിയാഴ്ച ഗൃഹാതുരത്വമുണർത്തുന്ന ഒരനുഭവമായിട്ടാണ് നാം ആചരിക്കുന്നത്. വിജയശ്രീലാളിതനായി കഴുതപ്പുറത്ത് ജറുസലേമിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, ഈശോ ബഥാനിയായിൽ ലാസറിന്റെ ഭവനം സന്ദർശിക്കുകയും മർത്തായും മറിയവും ഈശോയ്ക്ക് കൊഴുക്കൊട്ട കൊടുത്തു് സത്ക്കരിക്കുകയും ചെയ്തതിന്റെ ഓർമയാണ് കൊഴുക്കൊട്ട ശനിയാഴ്ച്ച. ഇന്നലെ നമ്മുടെയെല്ലാവരുടെയും കുടുംബങ്ങളിൽ കൊഴുക്കൊട്ടയുണ്ടാക്കിയെന്ന് ഞാൻ വിശ്വസിക്കുകയാണ്. 

യോഹന്നാന്റെ സുവിശേഷമനുസരിച്ച്   ലാസറിന്റെയും മർത്തായുടെയും, മറിയത്തിന്റെയും ഗ്രാമമായ ബേഥാനിയായിൽ നിന്നാണ് ഈശോ ജറുസലേമിലേക്ക് പോകുന്നത്. യഹൂദരുടെ പെസഹാത്തിരുനാൾ അടുത്തിരുന്നതുകൊണ്ട് ധാരാളം ആളുകൾ തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നതിനായി ജെറുസലേമിലേക്ക് പോകുന്നുണ്ടായിരുന്നു. പുരോഹിതപ്രമുഖന്മാരും, ഫരിസേയരും ആലോചനാസംഘംകൂടി തന്നെ വധിക്കുവാൻ പദ്ധതിയിടുന്നുണ്ടെന്നും, ജനം മുഴുവൻ നശിക്കാതിരിക്കുവാൻ അവർക്കുവേണ്ടി ഒരുവൻ മരിക്കുന്നതു യുക്തമാണെന്നു പറഞ്ഞുകൊണ്ട് കയ്യഫാസ് തന്നെ വധിക്കുവാനുള്ള പദ്ധതിയ്ക്ക് എരിവും പുളിയും ചേർത്തെന്നും അറിഞ്ഞതുകൊണ്ട് ഈശോ പരസ്യമായി യഹൂദരുടെയിടയിൽ ആ സമയങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ, പെസഹാത്തിരുനാളിന് ജനം മുഴുവൻ ജറുസലേമിൽ തിങ്ങിക്കൂടിയപ്പോൾ, സ്വർഗത്തിൽ നിന്നെന്നപോലെ, വലിയൊരു അത്ഭുതം പോലെ, അന്നുവരെയുണ്ടായിരുന്ന, ലോകത്തിന്റെ അവസാനവരെയുള്ള ജനത്തിന്റെ ഓശാനവിളികൾക്ക്, കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ എന്ന ജനത്തിന്റെ ഹൃദയം തകർന്നുള്ള കരച്ചിലുകൾക്ക്, മിശിഹായേ വരണമേ എന്ന കണ്ണീരൊഴുക്കിയുള്ള പ്രാർത്ഥനയ്ക്ക് മറുപടിയെന്നോണം, ഉത്തരമെന്നോണം, ദാവീദിന്റെ പുത്രനായ ഈശോ, ജീവിത ദൗത്യം പൂർത്തീകരിക്കുവാൻ, ദൈവത്തിന്റെ ഇഷ്ടം പൂർത്തീയാക്കുവാൻ, ദൈവത്തിന്റെ ഇഷ്ടം മാത്രം പൂർത്തീയാക്കുവാൻ ജറുസലേം പട്ടണത്തിൽ ജനങ്ങളുടെ ഇടയിൽ പ്രത്യക്ഷപ്പെടുകയാണ്.

നമുക്കറിയാവുന്നതുപോലെ ഇന്നത്തെ റോഡ് ഷോകളുടെ ആർഭാടവും പത്രാസുമൊന്നും ആ റോഡ് ഷോയ്ക്കുണ്ടായിരുന്നില്ല. തുറന്ന ജീപ്പുകൾക്കും, സ്പോർട്സ് കാറുകൾക്കും പകരം കഴുതയായിരുന്നു ഈശോയുടെ വാഹനം. വഴിയിൽ കാത്തുനിൽക്കാൻ ജനത്തെ തയ്യാറാക്കി നിറുത്തിയിരുന്നില്ല. കൊടിതോരണങ്ങളൊന്നും കരുതിയിരുന്നില്ല. എഴുതിത്തയ്യാറാക്കിയ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും ഒന്നും ഇല്ലായിരുന്നു!

ഈശോ ജറുസലേമിലേക്ക് വളരെ സാധാരണമായി ഒരു കഴുതയുടെ പുറത്തു പ്രവേശിക്കുകയാണ്. ഇതുകണ്ട ജനം, എന്തോ ഒരു അത്ഭുതം നടന്നാലെന്നപോലെ, അതൊരു ഉത്സവമാക്കി മാറ്റുകയാണ്. റെഡ് കാർപറ്റിനുപകരം തങ്ങളുടെ വസ്ത്രങ്ങൾ, കൊടികൾക്കുപകരം മരച്ചില്ലകൾ, മുദ്രാവാക്യങ്ങൾക്കുപകരം ഈശോ ചെയ്ത അത്ഭുതങ്ങൾ …. തങ്ങൾ എന്താണ് വിളിച്ചുപറയുന്നതെന്നുപോലും അറിയാതെ, ഈശോയെ നീ ദാവീദിന്റെ പുത്രനാണെന്ന ഏറ്റുപറച്ചിലുകൾ, ഒരു രാജാവിനോടെന്നപോലെ, ഹോസാന, ഞങ്ങളെ രക്ഷിക്കണമേയെന്ന വിളികൾ! “ദാവീദിന്റെ പുത്രന് ഹോസാന; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ! ഉന്നതങ്ങളിൽ ഹോസാന!” (മത്താ 21, 9) സുവിശേഷകന്മാർ ഒരേ സ്വരത്തിൽ പറയുന്നത്, ജനം മുഴുവൻ ആനന്ദത്തിലാറാടി, നഗരം മുഴുവൻ ഇളകിവശായി എന്നാണ്. (മത്താ 20, 10) അന്ന് റോഡ് ഷോകൾക്ക് അവാർഡ് ഉണ്ടായിരുന്നെങ്കിൽ ഒരു പരിസ്ഥിതി സൗഹൃദ റോഡ് ഷോ അവാർഡ് ഈശോയുടെ ജറുസലേം പ്രവേശത്തിന് ലഭിക്കുമായിരുന്നു!

സ്നേഹമുള്ളവരേ, എന്താണ് നാമിന്ന് ആചരിക്കുന്നത്? ബോധ്യമുണ്ടാകണം നമുക്ക്! ഉയർത്തിപ്പിടിച്ച കുരുത്തോലകളും, ആലപിക്കുന്ന ഓശാനഗീതങ്ങളുമായി നാമിന്ന് ആചരിക്കുന്ന ഓശാനഞായർ ഇന്നത്തെ റോഡ് ഷോകൾപോലെ വെറുമൊരു രാഷ്ട്രീയ നാടകമായിരുന്നില്ല. ജറുസലേം പ്രവേശംഈശോയുടെ ജീവിതത്തിലേക്ക് വൈകിയെത്തിയ ഒരാശയമായിരുന്നില്ല അത്. അത് രക്ഷാകരചരിത്രത്തിന്റെ ഭാഗമായി ജറുസലേമിൽ അരങ്ങേറേണ്ട രക്ഷാകര സംഭവങ്ങളുടെ കൊടിയേറ്റമായിരുന്നു. അത്, “സീയോൻ പുത്രിയോട് പറയുക, ഇതാ നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്റെ അടുത്തേക്ക് വരുന്നുഎന്ന സഖറിയ പ്രവാചകന്റെ പ്രവചനത്തിന്റെ (സഖ 9, 9) പൂർത്തീകരണമായിരുന്നു. അത് പിതാവായ ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ ഈശോ എടുത്ത തീരുമാനത്തിന്റെ വലിയ പ്രകടനമായിരുന്നു. ആഘോഷത്തിനുവേണ്ടിയോ, ആചരണത്തിനുവേണ്ടിയോ, സമൂഹത്തിൽ മാനിക്കപ്പെടുവാൻവേണ്ടിയോ, വെറുമൊരു ജീവിതാന്തസ്സിൽ പ്രവേശിക്കുവാൻ വേണ്ടിയോ, സ്വന്തം സ്വാർത്ഥതാത്പര്യങ്ങൾക്കുവേണ്ടി മറന്നുകളയാൻവേണ്ടിയോ നാമൊക്കെ  നടത്തുന്ന  വെറുതെ ഒരു  പ്രതിജ്ഞപോലെയല്ല, “ദൈവമേ നിന്റെ ഇഷ്ടം നിറവേറ്റുവാൻ ഞാനിതാ വന്നിരിക്കുന്നുഎന്ന് പിതാവായ ദൈവത്തിന് കൊടുത്ത വാക്കിന്റെ പൂർത്തീകരണമായിരുന്നു ഈശോയുടെ ജറുസലേം  പ്രവേശം!

അതുകൊണ്ട് കഴുതപ്പുറത്തേറി വരുന്ന ഒരു ചെറുപ്പക്കാരനെ കണ്ടതിന്റെ ഭ്രാന്തമായ ഒരാവേശംകൊണ്ടായിരുന്നില്ല ഇസ്രായേൽ ജനം അവിടെ അരങ്ങുതകർത്തത്. തിരുനാളാഘോഷത്തിന്റെ ഭാഗമായ ഒരു ആഹ്ലാദപ്രകടനവും അല്ലായിരുന്നു അത്. പിന്നെയോ, ഒലിവിലച്ചില്ലകൾക്കും, ഓശാനഗീതങ്ങൾക്കും, നൃത്തചുവടുകൾക്കും അപ്പുറം, ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ, ദൈവത്തിന്റെ ഇഷ്ടം മാത്രം പൂർത്തിയാക്കുവാൻ നിശ്ചയദാർഢ്യത്തോടും, ഉറച്ച കാൽവയ്പുകളോടും കൂടി വന്ന ശക്തമായ ഒരു മനസ്സിനോടൊത്തുള്ള, വ്യക്തിയോടൊത്തുള്ള ദൈവത്തിന്റെ, മനുഷ്യന്റെ, പ്രകൃതിയുടെ ആഘോഷമായിരുന്നു അത്! ദൈവാനുഭവത്താൽ നിറഞ്ഞ്, ദൈവത്തിന്റെ വാക്കുകൾ പ്രഘോഷിക്കുവാൻ, ദൈവത്തിന്റെ പ്രവർത്തികൾ ചെയ്യുവാൻ ഒരു വ്യക്തി തയ്യാറായി വരുമ്പോൾ – ആ വ്യക്തി ആരുമായിക്കൊള്ളട്ടെ സ്ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ, ഭാര്യയോ ഭർത്താവോ, വൈദികനോ സന്യാസിയോ, മെത്രാനോ ആയിക്കൊള്ളട്ടെ – ആ വ്യക്തിയെ ആരവങ്ങളോടെയല്ലാതെ, ആഘോഷങ്ങളോടെയല്ലാതെ, ആനന്ദനൃത്തങ്ങളോടെയല്ലാതെ പിന്നെ എങ്ങനെയാണ് സ്വീകരിക്കേണ്ടത്?  

ബുദ്ധമത പാരമ്പര്യത്തിൽ ബുദ്ധനായിത്തീർന്ന ഗൗതമനെ പ്രപഞ്ചം സ്വീകരിക്കുന്ന ഒരു വിവരണമുണ്ട്. പ്രബുദ്ധത നിറഞ്ഞു ബുദ്ധനായിത്തീർന്നശേഷം അദ്ദേഹം താൻ ഉൾക്കൊണ്ട ധർമ്മം പഠിപ്പിക്കാൻ, താൻ അനുഭവിച്ചറിഞ്ഞ ചൈതന്യം ജീവിക്കാൻ, ചൈതന്യത്തിന്റെ ഇഷ്ടം മാത്രം പൂർത്തീകരിക്കാൻ യാത്ര തിരിക്കുകയാണ്. അങ്ങനെ കടന്നു വരുന്ന ബുദ്ധനെ പ്രപഞ്ചം, അസ്ത്വിത്വം മുഴുവൻ ആഹ്ലാദാരവങ്ങളോടെയാണ് സ്വീകരിക്കുന്നത്. ആകാശങ്ങളിൽ പല ദിക്കുകളിൽനിന്ന് പക്ഷികൾ വന്ന് ചുറ്റും പറന്നുനടന്ന് ആഹ്ളാദം പങ്കുവയ്ക്കുകയാണ്. ഉണങ്ങിനിന്ന മരങ്ങളെല്ലാം പൂവണിയുകയാണ്. വരണ്ടുകിടന്ന അരുവികളിൽ ജലം നിറഞ്ഞു അവ കളകളാരവത്തോടെ ഒഴുകുകയാണ്. വീശിയടിച്ച കാറ്റിൽ മരങ്ങളെല്ലാം നൃത്തം ചെയ്തപ്പോൾ ബുദ്ധൻ കടന്നുപോയ വഴികളിലെല്ലാം പുഷ്പവൃഷ്ടിയുണ്ടാകുകയാണ്. വെറും ഗൗതമൻ ബുദ്ധനായി വരുമ്പോൾ, ഇങ്ങനെയല്ലാതെ പിന്നെയെങ്ങനെയാണ് അദ്ദേഹത്തെ പ്രപഞ്ചം സ്വീകരിക്കേണ്ടത്?

എന്തുകൊണ്ടാണ് വിശുദ്ധരുടെ തിരുനാളുകൾ നാം മഹാമഹം ആഘോഷിക്കുന്നത്? വിശുദ്ധരുടെ ജീവിതങ്ങൾ ദൈവത്തിന്റെ ഇഷ്ടത്തിന്റെ ആഘോഷമായിരുന്നു. തിരുസ്സഭയോട് ചേർന്ന് നിന്നുകൊണ്ട്, തിരുസ്സഭയിലൂടെ വെളിപ്പെടുന്ന ദൈവത്തിന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ചുകൊണ്ട്, സ്വന്തം താത്പര്യങ്ങളും, സൗകര്യങ്ങളും, ഇഷ്ടങ്ങളും ത്യജിച്ചുകൊണ്ട് തിരുസ്സഭയിലൂടെ, സീറോമലബാർ സഭയിലൂടെ, മറ്റ് വ്യക്തിഗതസഭകളിലൂടെ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ജീവിച്ചപ്പോഴാണ് അവരുടെ ജീവിതങ്ങൾ വിശുദ്ധമായത്. നോക്കൂ വിശുദ്ധ പാദ്രെ പിയോയെ?  വിശുദ്ധിയുടെ വഴികളിലൂടെ ഈ ഭൂമിയിലൂടെ നടന്നുപോയപ്പോൾ, തിരുസഭയിൽ നിന്ന് കിട്ടിയ ശിക്ഷണ നടപടികൾ പോലും ദൈവത്തിന്റെ ഇഷ്ടമായിട്ടാണ് അദ്ദേഹം കണ്ടത്. ഈ ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റിക്കൊണ്ട് കടന്നുപോയ അവരെ ഇങ്ങനെയല്ലാതെ പിന്നെയെങ്ങനെയാണ് ഓർമിക്കേണ്ടത്?

എന്തുകൊണ്ടാണ് വിവാഹം നമ്മൾ ആഘോഷമാക്കുന്നത്? രണ്ടു ചെറുപ്പക്കാർ, അവളും, അവനും, അവരുടെ യൗവ്വനത്തിന്റെ കാലഘട്ടത്തിൽ, ചെറുപ്പത്തിന്റെ പ്രസരിപ്പോടെ ദൈവത്തിന്റെ മുൻപിൽ നിന്നുകൊണ്ട് തിരുസ്സഭയെ സാക്ഷിയാക്കി,നീ നൽകിയ ജീവിതപങ്കാളിയോടൊത്ത്  ദൈവമേ നിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ തയ്യാറാണ് എന്ന് പറയുമ്പോൾ ആ വിവാഹം, ആ ദാമ്പത്യം ആഘോഷിക്കുവാൻ മാത്രമുള്ളതാണ്. ദൈവത്തിന്റെ ഇഷ്ടത്തിന്റെ ആഘോഷമാണ് ഓരോ വിവാഹവും, ദാമ്പത്യജീവിതവും, കുടുംബജീവിതവും! പിന്നീടങ്ങോട്ട് ദൈവത്തിന്റെ മുൻപിലും മനുഷ്യരുടെ മുൻപിലും എടുത്ത് പ്രതിജ്ഞ നിറവേറ്റുവാനുള്ള അവരുടെ നിശ്ചയദാർഢ്യമാണ് അവരുടെ ജീവിതത്തെ ദൈവത്തിന്റെ ഇഷ്ടമാക്കി മാറ്റുന്നത്!   

എന്തുകൊണ്ടാണ് തിരുപ്പട്ടവും സന്യാസം സ്വീകരിക്കലും നാം ഉത്സവമാക്കുന്നത്? ദൈവമേ നീ നൽകിയ ജീവിതം മുഴുവനും നിന്റെ ഇഷ്ടം മാത്രം പൂർത്തീകരിക്കുവാൻ ഞാൻ തയ്യാറാണ് എന്നും പറഞ്ഞുകൊണ്ട്, അഭിവന്ദ്യ മെത്രാന്റെ മുൻപിൽ, സഭാ ശ്രേഷ്ഠന്റെ, സഭാ ശ്രേഷ്ഠയുടെ മുൻപിൽ, തിരുസഭയുടെ മുൻപിൽ, മുട്ടുകുത്തി നിന്നുകൊണ്ടോ, കമിഴ്ന്നുവീണ് കിടന്നുകൊണ്ടോ ഏറ്റുപറയുമ്പോൾ, ദൈവത്തിന്റെ ഇഷ്ടം ജീവിക്കുവാൻ തയ്യറായി നിൽക്കുന്ന ആ ചെറുപ്പക്കാരെ എങ്ങനെയാണ് പ്രിയപ്പെട്ടവരേ നാം സ്വീകരിക്കേണ്ടത്? എങ്ങനെയാണ് ആ മഹാ സംഭവം ആഘോഷിക്കേണ്ടത്? തിരുപ്പട്ടത്തിലൂടെ, സന്യാസജീവിതത്തിലൂടെ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ കടന്നുവരുന്ന ചെറുപ്പക്കാരെ ആഘോഷത്തോടെയല്ലേ സ്വീകരിക്കേണ്ടത്?  സന്തോഷത്തോടെയല്ലേ ജീവിതാന്തസ്സിന്റെ വഴികളിലേക്ക് ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ പറഞ്ഞുവിടേണ്ടത്? ദൈവത്തിന്റെ ഇഷ്ടം ഓരോ നിമിഷവും തങ്ങളിലൂടെ, തങ്ങളുടെ ജീവിതത്തിലൂടെ പൂർത്തിയാക്കുവാൻ അവർ ശ്രമിക്കുന്നതുകൊണ്ടല്ലേ ലോകം മുഴുവനും അവരെ ബഹുമാനിക്കുന്നത്!! ക്രിസ്തുവിനുവേണ്ടി, തിരുസ്സഭയ്ക്കുവേണ്ടി, ദൈവജനത്തിനുവേണ്ടി സ്വന്തം അഭിപ്രായങ്ങൾ, ആശയങ്ങൾ, ആഗ്രഹങ്ങൾ മാറ്റിവച്ചുകൊണ്ട്, ജീവിതം ദൈവത്തിന്റെ ഇഷ്ടത്തിന്റെ ആഘോഷമാക്കുന്ന മഹത് വ്യക്തിത്വങ്ങളെ ആഘോഷത്തോടും, ആരവങ്ങളോടുംകൂടി നാം സ്വീകരിക്കുമ്പോൾ അവരുടെ എളിമയിൽ, അവരുടെ സമർപ്പണത്തിൽ നാം ക്രിസ്തുവിനെ കാണുകയാണ്!!

ഓരോ ജീവിതാന്തസ്സിലേക്കുള്ള പ്രവേശവും ഓശാനഞായറിന്റെ ചൈതന്യവും ആഹ്ലാദവും നിറച്ചുകൊണ്ടാണ് ഭൂമിയിൽ പിറന്നുവീഴുന്നത്.

സ്നേഹമുള്ളവരേ, ഉള്ളിലേക്ക് വലിക്കുന്ന ഓക്സിജനും, പുറത്തേയ്ക്ക് വിടുന്ന കാർബൺ ഡയോക്സൈഡും, ഇവ രണ്ടുംകൊണ്ട് പ്രവർത്തിക്കുന്ന ഒരു ഹൃദയത്തോടെ ദൈവം കനിഞ്ഞു നൽകിയ ജീവിതവുമായി ഭൂമിയിലൂടെ കടന്നുപോകുമ്പോൾ ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുക എന്നതിൽ കവിഞ്ഞ്, മനുഷ്യന്, ക്രൈസ്തവന് എന്താണ് ഭൂമിയിൽ ചെയ്യുവാനുള്ളത്? അങ്ങനെ കടന്നുവരുന്ന ക്രൈസ്തവനെ കണ്ടെത്തുവാൻ, തിരിച്ചറിയുവാൻ ജെറുസലേമിലേക്കു രാജകീയ പ്രവേശം നടത്തുന്ന ക്രിസ്തുവിനെ നോക്കിയാൽ മതി. കാരണം, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിച്ചുകൊണ്ടു ജീവിക്കുന്ന ഒരു വ്യക്തിയിൽ അവശ്യം തെളിഞ്ഞു നിൽക്കുന്ന എല്ലാ ഗുണങ്ങളും കഴുതപ്പുറത്തേറിവരുന്ന ക്രിസ്തുവിൽ കണ്ടെത്തുവാൻ നമുക്ക് കഴിയും.

ഒന്നാമതായി, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ തീരുമാനിക്കുന്ന ഒരുവൻ എളിമപ്പെടുന്നു. ഈശോ വിനയാന്വിതനായി കഴുതപ്പുറത്താണ് തന്റെ രാജകീയ പ്രവേശം നടത്തുന്നത്. “ഞാൻ ശാന്തശീലനും വിനീതഹൃദയനുമാണ്’ (മത്താ 11, 29) എന്ന് മൊഴിഞ്ഞ ഈശോ ജീവിതത്തിന്റെ വഴികളിൽ തന്റെ വാക്കുകൾക്ക് ജീവൻ കൊടുക്കുകയാണ്. ഇന്നത്തെ രാഷ്ട്രീയ മത നേതാക്കളെപ്പോലെ ശീതീകരിച്ച വാഹനങ്ങളിലിരുന്ന് ജനത്തിനുനേരെ കൈവീശുന്ന, ശീതീകരിച്ച മുറികളിലിരുന്ന് പട്ടിണിപ്പാവങ്ങൾക്കുവേണ്ടി പ്രകടനപത്രികകളും, ലേഖനങ്ങളും, പ്രസ്താവനകളും പടച്ചുവിടുന്ന ഒരു നേതാവായിട്ടല്ല ഈശോ കഴുതപ്പുറത്തു എഴുന്നള്ളിയത്. ആ വൈരുധ്യങ്ങളുടെ രാജകുമാരനിൽ എളിമയുള്ള, ആത്മാർത്ഥതയുള്ള ഒരു ഹൃദയം കാണുവാൻ ജനങ്ങൾക്ക് സാധിച്ചു. 

ദൈവത്തിന്റെ ഇഷ്ടം ജീവിതവൃതമായി സ്വീകരിച്ചുകൊണ്ട് ഭാരതത്തിന്റെ രാഷ്ട്രപിതാവായ വളർന്ന മഹാത്മാഗാന്ധിജിയെ ആനന്ദത്തോടെ ഭാരതം ഏറ്റുവാങ്ങിയത് അദ്ദേഹത്തിന്റെ എളിമകൊണ്ടായിരുന്നു. മഹാത്മാവിനെ ദരിദ്രനായി കാണുവാൻ അന്നത്തെ പല സവർണ നേതാക്കൾക്കും താത്പര്യമില്ലായിരുന്നു. എന്നാൽ, ദരിദ്രന്റെ തേർഡ് ക്ലാസിലൂടെ ഗാന്ധി നടത്തിയ ഓരോ ട്രെയിൻ യാത്രയും ഭാരതത്തിലെ സാധാരണ ജനത്തിന്റെ ഹൃദയത്തിലേക്കുള്ള ഫസ്റ്റ് ക്ലാസ് യാത്രകളായിരുന്നു. ട്രെയിൻ നിറുത്തിയ സ്റ്റേഷനുകളിൽ അദ്ദേഹത്തിനുകിട്ടിയ സ്വീകരണങ്ങൾ ഈശ്വരഹിതം പൂർത്തിയാക്കുവാൻ നിശ്ചയദാർഢ്യത്തോടെ ഇറങ്ങിപ്പുറപ്പെട്ട ഒരു മനുഷ്യന് കിട്ടിയ ആദരവായിരുന്നു; അദ്ദേഹത്തിന്റെ എളിമയ്ക്ക് കിട്ടിയ സ്വീകാര്യതയായിരുന്നു!

രണ്ടാമതായി, ദൈവത്തിന്റെ ഇഷ്ടം ജീവിതമാക്കാൻ ഒരാൾ തീരുമാനിക്കുമ്പോൾ ദൈവത്തോടുള്ള, ദൈവിക കാര്യങ്ങളോടുള്ള തീക്ഷ്ണതയാൽ അയാൾ നിറയുന്നു. കഴുതപ്പുറത്തേറിവന്ന ഈശോ, ജനങ്ങളുടെ ഓശാനവിളികളും, ആഹ്ലാദവും കണ്ട് അഹങ്കരിക്കാതെ, ദൈവത്തോടുള്ള തീക്ഷ്ണതയാൽ നിറയുകയാണ്. അവിടുന്ന് പിതാവിന്റെ ഭവനം ശുദ്ധീകരിക്കുകയാണ്. (മത്താ 21, 12-14) ദൈവത്തിന്റെ ഹിതം നിറവേറ്റുവാൻ ആഗ്രഹിക്കുന്നവർ അങ്ങനെയാണ്. നാട്ടിലും, വീട്ടിലും കള്ളുകുടിയും, ചില്ലറ തരികിടകളുമായി കുടുംബം നോക്കാതെ നടന്ന ഒരാൾ, ഒരുനാൾ ധ്യാനത്തിനുപോയി ദൈവാനുഭവം നിറഞ്ഞു പുതിയമനുഷ്യനായി തിരിച്ചുവരുമ്പോൾ അവളിൽ / അവനിൽ ഉണ്ടാകുന്ന മാറ്റം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? പരിശുദ്ധ അമ്മയെപ്പോലെ, ധ്യാനത്തിന്റെ ഏതെങ്കിലും ഒരു നിമിഷം ഇതാ കർത്താവിന്റെ ദാസി/ ദാസൻ എന്നും പറഞ്ഞു ജീവിതം മുഴുവൻ ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുമ്പോൾ, പിന്നെ ദൈവത്തോടുള്ള തീക്ഷ്ണതയാൽ നിറയുകയാണ്. വീട്ടിലെത്തിയാൽ എല്ലാം clean ചെയ്യുകയാണ്. പൊടിപിടിച്ചു കിടന്ന കർത്താവിന്റെ രൂപം, മാറാലപിടിച്ചുകിടന്ന ക്രൂശിതരൂപം, വീട്ടിലെ മൊത്തം കാര്യങ്ങൾ എല്ലാം ശുദ്ധീകരിച്ചു അവൾ / അവൻ ദൈവത്തിന്റേതാക്കുകയാണ്. അവളുടെ / അവന്റെ പ്രവർത്തികളും, വാക്കുകളും, നടക്കുന്ന വഴികളും എല്ലാം ദൈവത്തോടുള്ള തീക്ഷ്ണതയുടെ പ്രകടനങ്ങളാകുകയാണ്.

മൂന്നാമതായി, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാനുള്ള ഒരാളുടെ തീരുമാനം അയാളെ സന്തോഷംകൊണ്ട് നിറയ്ക്കുന്നു; ഒപ്പം മറ്റുള്ളവരെയും. പിതാവിന്റെ ഹിതം നിറവേറ്റുവാനായി ജറുസലേമിലേക്ക് കടന്നുവന്ന ഈശോ ഉള്ളുനിറയെ ആനന്ദത്തോടും, സംതൃപ്തിയോടും കൂടിയാണ് ഇസ്രായേൽ ജനത്തിനുമുന്പിൽ നിന്നത്. ആ സന്തോഷം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്, പിന്നെ ആൾക്കൂട്ടത്തിലേക്ക് പടരുന്നതായിട്ടാണ് നാം കാണുന്നത്. കുടുംബത്തിന് തലവേദനയായിരുന്ന ഭർത്താവ്, നാണക്കേട് മാത്രമായിരുന്ന അപ്പൻ ധ്യാനം കൂടി നന്മയിലേക്ക് കടന്നുവന്നപ്പോൾ അയാളും കുടുംബം മുഴുവനും ആനന്ദത്താൽ ആർപ്പുവിളിക്കുന്നതു നിങ്ങൾ കണ്ടിട്ടില്ലേ? ഓശാന ഞായറാഴ്ച്ചയുടെ സന്തോഷം, ആഹ്ലാദം നമ്മിൽ, നമ്മുടെ കുടുംബങ്ങളിൽ നിറയാൻ നാം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരാകണം.

നാലാമതായി, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുന്ന വ്യക്തി അവൾ /അവൻ ആയിരിക്കുന്ന ഇടങ്ങളിൽ ഒരു അനുഗ്രഹമായിരിക്കും. ആ വ്യക്തിയുടെ സാന്നിധ്യം മാത്രമല്ല, ആ വ്യക്തിയുടെ വേദനയും, പീഡാസഹനവും എന്തിന് മരണംപോലും ഒരു അനുഗ്രഹമായിരിക്കും. ഈശോയുടെ സാന്നിധ്യം അവിടെ ജനത്തിന് അനുഗ്രഹമായി മാറുകയാണ്. സുവിശേഷം പറയുന്നതിങ്ങനെയാണ്: ” അന്ധന്മാരും മുടന്തന്മാരും ദേവാലയത്തിൽ അവന്റെ അടുത്തെത്തി. അവൻ അവരെ സുഖപ്പെടുത്തി.” (മത്താ 21, 15) പ്രിയപ്പെട്ടവരേ, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ തയ്യാറായി വരുന്നവന്റെ സാന്നിധ്യം മാത്രമല്ല, വാക്കുകൾ മാത്രമല്ല, അവളുടെ / അവന്റെ വേദനകൾ പോലും, പീഡാസഹനങ്ങൾ പോലും, എന്തിന് മരണംപോലും അനുഗ്രഹമായിത്തീരും. അതാണ് ഈശോയുടെ ജീവിതം.

സ്നേഹമുള്ളവരേ, ഓശാനഞായർ വെറുമൊരു റോഡ് ഷോ അല്ല. അത് നമ്മുടെ ജീവിതത്തിൽ ഓരോ നിമിഷവും സംഭവിക്കേണ്ട ദൈവിക പദ്ധതിയാണ്. അത് സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റ ലാണ്; ജീവിതം മുഴുവൻ ദൈവത്തിന്റെ ഇഷ്ടത്തിന്റെ ആഘോഷമാക്കിമാറ്റലാണത്. തിരുസ്സഭയിൽ, സീറോമലബാർ സഭയിൽ, നമ്മുടെ കുടുംബങ്ങളിൽ, നാം ക്രൈസ്തവരുടെ ഇടയിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക്, എതിർസാക്ഷ്യങ്ങൾക്ക് കാരണം നാമൊക്കെ ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ ശ്രമിക്കാതെ, നമ്മുടെ അഹന്തയുടെ കുതിരപ്പുറത്തുകയറി യാത്രചെയ്യുന്നു എന്നതാണ്. കുരുത്തോലകളുടെ നൈർമല്യത്തോടെ, നമുക്ക് ഉറക്കെ വിളിക്കാം, ഓശാന, കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ! കർത്താവേ,

നിന്റെ ഇഷ്ടം നിറവേറ്റുന്നവരാകാൻ ഞങ്ങളെ ശക്തരാക്കണമേ! വലിയ ആഴ്ചയിലെ സംഭവങ്ങൾ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നത് എങ്ങനെയെന്ന് നമ്മെ പഠിപ്പിക്കട്ടെ. നമ്മിൽ സ്വർഗ്ഗരാജ്യത്തിന്റെ സന്തോഷം, രക്ഷ നിറയട്ടെ. ആമേൻ!

SUNDAY SERMON MK 8, 31-9, 1

നോമ്പുകാലം ആറാം ഞായർ

മർക്കോസ് 8, 31-9,1

ശാസ്ത്രം നിർമിത ബുദ്ധിയിലൂടെയും (Artificial Intelligence), റോബോട്ടിക്സ് എഞ്ചിനീയറിംഗിലൂടെയും (Robotics Engineering) പുരോഗതിയിലേക്ക് കുതിക്കുമ്പോഴും മനുഷ്യന്റെ വേദനകൾ, സഹനങ്ങൾ കുറയുകയല്ല, നിമിഷംപ്രതി കൂടുകയാണ്. ജീവിതം മുഴുവനും സഹനചിത്രങ്ങളുമായി നിൽക്കുന്ന മനുഷ്യരോട് സഹനത്തിന്റെ മഹത്വത്തെക്കുറിച്ചു പറയുകയാണ് ഇന്നത്തെ സുവിശേഷം. സഹനത്തിലാണ് രക്ഷ! സഹനത്തിലൂടെ, കുരിശിലൂടെ, കുരിശുമരണത്തിലൂടെയാണ് രക്ഷ!

വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിൽ ഈശോയുടെ പീഡാനുഭവ-ഉത്ഥാന പ്രവചനങ്ങൾ മൂന്നാണ്. ഇവയിൽ ഒന്നാമത്തേതാണ് ഇന്നത്തെ സുവിശേഷത്തിന്റെ ആദ്യഭാഗത്ത് നാം വായിച്ചു കേട്ടത്. വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിലെ മറ്റ്, രണ്ടു മൂന്നും പ്രവചനങ്ങൾ ഒൻപതാം അദ്ധ്യായം 30-32 ലും, പത്താം അദ്ധ്യായം 32-34 ലും ആണ് നാം കാണുന്നത്. ഇന്നത്തെ സുവിശേഷത്തിന്റെ പരിസരം മനസ്സിലാക്കുവാൻ, തൊട്ട് മുൻപുള്ള പത്രോസിന്റെ വിശ്വാസപ്രഖ്യാപനം ഇതിനോട് ചേർത്ത് പറഞ്ഞുപോകേണ്ടതാണ്.

ഗലീലിക്കടലിന്റെ വടക്കൻ തീരത്തുള്ള ബെത്‌സയ്ദാ പട്ടണത്തിലായിരുന്ന (മർക്കോ 8, 22) ഈശോ, മുന്നോട്ടുള്ള യാത്രയ്ക്ക് കേസറിയാ ഫിലിപ്പി തിരഞ്ഞെടുക്കുകയാണ്. ഈ വിജാതീയ നഗരത്തിൽ വച്ചാണ് പത്രോസ് ഈശോയെ ക്രിസ്തുവായി തിരിച്ചറിയുന്നതും, “നീ ക്രിസ്തുവാണ്” എന്ന് ഏറ്റുപറയുന്നതും. ഈ ഏറ്റുപറച്ചിൽ ഈശോയ്ക്ക് ഒരു ദൈവിക വെളിപാടിന്റെ അനുഭവമായിരുന്നെങ്കിൽ, ശിഷ്യർക്കത് ഭാവിയിലേക്കുള്ള വലിയ വാതിലായിരുന്നു; ഭാവിയിൽ തുറക്കപ്പെടാനുള്ള സാധ്യതകളുടെ വലിയ വാതിൽ! അധികാരത്തിന്റെ, സമ്പത്തിന്റെ, നേട്ടങ്ങളുടെ വലിയ വാതിൽ! ശിഷ്യന്മാർ ചിന്തിച്ചു കാണും, ഈ വ്യക്തി ക്രിസ്തുവാണെങ്കിൽ, മിശിഹായാണെങ്കിൽ റോമാക്കാരെ തങ്ങളുടെ നാട്ടിൽ നിന്ന് ഓടിച്ചുവിട്ട്, ഇവിടെ ദൈവരാജ്യം സ്ഥാപിക്കുവാൻ സാധിക്കും. അങ്ങനെ ഒരു ദൈവാരാജ്യസംസ്ഥാപനം ഉണ്ടാകുകയാണെങ്കിൽ, തീർച്ചയായും, അതിന്റെ താക്കോൽസ്ഥാനങ്ങളിൽ തങ്ങളുണ്ടാകും. പിന്നെ, ക്രിസ്തുവിനെ മുന്നിൽ നിർത്തി അധികാരത്തിന്റെ സിംഹാസനങ്ങളിൽ തങ്ങൾക്ക് ഉപവിഷ്ഠരാകാം. ഞാനിത് പറയുന്നത് വെറും ഭാവനയുടെ വാചകക്കസർത്തായിട്ടല്ല. ഇങ്ങനെയുള്ള ചിന്തകൾ ഉണ്ടായിരുന്നതുകൊണ്ടായിരിക്കണം, പത്രോസ് ഈശോയെ മാറ്റിനിർത്തിക്കൊണ്ട് തടസ്സം പറയുന്നത്. “നിനക്കിത് സംഭവിക്കാതിരിക്കട്ടെ.” കാരണം, പ്രവചനം സംഭവിച്ചാൽ അവരുടേത് മലർപ്പൊടിക്കാരന്റെ സ്വപ്നമാകും! ശിഷ്യന്മാർ സ്വന്തം സാമ്രാജ്യം സ്ഥാപിക്കുന്നതിന്റെ, അതിൽ സ്വന്തം കസേരകൾ ഉറപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു – അവരുടെ ചിന്തയിൽ!

ശിഷ്യരുടെ ഇത്തരത്തിലുള്ള ചിന്തകളും അവയിൽ പതുങ്ങിയിരിക്കുന്ന അപകടവും മനസ്സിലാക്കിയ ക്രിസ്തു ഉടനെ മൊഴിയുകയാണ് തന്റെ പീഡാനുഭവ-ഉത്ഥാനത്തിന്റെ ഒന്നാം പ്രവചനം! “മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും, ജനപ്രമാണികൾ, പ്രധാന പുരോഹിതന്മാർ നിയമജ്ഞന്മാർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും, വധിക്കപ്പെടുകയും, മൂന്ന് ദിവസങ്ങൾക്കുശേഷം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും!” ഈശോ എങ്ങനെയാണ് ഇക്കാര്യം പറഞ്ഞത്? വചനം പറയുന്നു: ” അവൻ ഇക്കാര്യം തുറന്ന് പറഞ്ഞു.” ഈശോ തന്റെ  സന്ദേശം സാധാരണ രീതിയിൽ പറയുന്നത് ഉപമകളിലൂടെയും കഥകളിലൂടെയുമാണ്. എന്നാൽ, ലോകരക്ഷയ്ക്കായി ഭൂമിയിൽ വന്ന ക്രിസ്തു ലോകത്തിന് രക്ഷ നൽകുന്നത് എങ്ങനെയെന്ന് വളരെ വ്യക്തമായി തുറന്ന് പറയുകയാണ്. സഹനത്തിലാണ് രക്ഷ! സഹനത്തിലൂടെ, കുരിശിലൂടെ, കുരിശുമരണത്തിലൂടെയാണ് രക്ഷ!

മാനുഷികമായ ചിന്തയിൽ ഭ്രമിച്ചിരുന്ന ശിഷ്യരുടെ മുൻപിൽ, കൊന്നും കൊലവിളിച്ചും വിജയശ്രീലാളിതനായി ലോകത്തിലേക്ക് വരുന്ന ക്രിസ്തുവിനെ ഭാവന ചെയ്തിരുന്ന ശിഷ്യരുടെ മുൻപിൽ സഹനത്തിലൂടെ, കുരിശുമരണത്തിലൂടെ ദൈവരാജ്യം സ്ഥാപിക്കുവാൻ വന്നിരിക്കുന്ന മിശിഹായെ”ക്കുറിച്ചുള്ള യഥാർത്ഥ ചിത്രം അവതരിപ്പിക്കുകയാണ് ഈശോ. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ വിവരിക്കുന്ന സഹനദാസന്റെ, നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി ക്ഷതമേല്പിക്കപ്പെട്ട, നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി മുറിവേൽപ്പിക്കപ്പെട്ട, കൊല്ലാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും, രോമം കത്രി ക്കുന്നവരുടെ മുൻപിൽ നിൽക്കുന്ന ചെമ്മരിയാടിനെപ്പോലെയും മൗനമായി സഹിച്ച സഹനദാസന്റെ (ഏശയ്യാ 53, 5-7) ചിത്രം ഓർമിപ്പിക്കുകയാണ് ഈശോ. വലിയ വാഹനങ്ങളിൽ ഇരുപതും ഇരുപത്തിയഞ്ചും കാറുകളുടെ അകമ്പടിയോടെ ജനത്തെ കബളിപ്പിച്ച് മിന്നിപ്പായുന്ന ഇന്നത്തെ രാഷ്ട്രീയക്കാരെപ്പോലെ വിലകുറഞ്ഞ രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്ന ഒരു നേതാവായിട്ടല്ല, സ്നേഹത്തിലൂടെ, സഹനത്തിലൂടെ, ത്യാഗത്തിലൂടെ സ്വന്തം ജീവൻ സമർപ്പിച്ചും ലോകത്തിന് രക്ഷ നല്കുന്നവനായിട്ടാണ് ക്രിസ്തു വന്നിരിക്കുന്നത് എന്ന് ശിഷ്യന്മാരെ പഠിപ്പിക്കുകയാണ് ഈശോ.  

സ്നേഹമുള്ളവരേ, ലോകത്തിന്റെ അളവുകോൽ അനുസരിച്ച് മനസ്സിലാക്കുവാൻ സാധിക്കുന്ന ഒരാളല്ല ക്രിസ്തു. ലോകത്തിന്റെ മാനദണ്ഡങ്ങൾ വച്ച് ഈശോയുടെ അടുത്തുചെന്നാൽ നമുക്ക് ക്രിസ്തുവിന്റെ നിറമെന്താണെന്ന്, രുചിയെന്താണെന്ന്, അറിയുവാൻ, മനസ്സെന്താണെന്ന്, നോട്ടത്തിന്റെ അർത്ഥമെന്താണെന്ന്, പുഞ്ചിരിയുടെ പൊരുളെന്താണെന്ന് വായിച്ചെടുക്കുവാൻ ആകില്ല. ക്രിസ്തുവിനെ മനസ്സിലാക്കുവാൻ, അറിയുവാൻ, അവിടുത്തെ രക്ഷയിൽ പങ്കുപറ്റുവാൻ ആഗ്രഹിക്കുന്നവന് സ്വർഗം നൽകുന്ന അളവുകോൽ എന്താണ്?  സഹനം. ആരെങ്കിലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്താതെ ക്രിസ്തുവിനെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആരെങ്കിലും ക്രിസ്തുവിനുവേണ്ടി, സുവിശേഷത്തിനുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവൾക്കു /അവന് സ്വർഗം കൊടുക്കുന്ന അടയാളം എന്താണ്?  സഹനം. ആരെങ്കിലും ലോകത്തിന് പുറകെ പോകാതെ, ക്രിസ്തുവിനെ നേടുവാൻ സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നുണ്ടെങ്കിൽ അവൾക്ക് / അവന് ദൈവം നൽകുന്ന ഉത്തരം എന്താണ്? സഹനം. ആരെങ്കിലും ദൈവമഹത്വത്തിനുവേണ്ടി, കുടുംബത്തിന്റെ, മക്കളുടെ നന്മയ്ക്കുവേണ്ടി ആത്മാർത്ഥമായി ജീവിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവൾക്ക്/ അവന് ക്രിസ്തു വച്ചുനീട്ടുന്ന offer എന്താണ്? സഹനം. ക്രിസ്തുവിന്റെ സഹന സംസ്കാരത്തിലൂടെയല്ലാതെ ക്രിസ്തുവിനെ നേടുവാൻ ആർക്കും സാധിക്കുകയില്ല. സഹനത്തിലാണ് രക്ഷ! സഹനത്തിലൂടെ, കുരിശിലൂടെ, കുരിശുമരണത്തിലൂടെയാണ് രക്ഷ!

ക്രൈസ്തവജീവിതത്തിൽ ജീവിതവിജയം നേടുന്നതിന്, നന്മയിൽ ജീവിക്കുന്നതിന്, ജീവിതസന്തോഷത്തിലേക്കും, സംതൃപ്തിയിലേക്കും പ്രവേശിക്കുന്നതിന് ക്രിസ്തു കാണിച്ചു തരുന്ന മാർഗം സഹനത്തിന്റേതാണ്. ഓർക്കണം, ആർഭാടത്തിന്റെയും, ആഘോഷത്തിന്റെയും ജീവിതം നയിച്ചിരുന്ന ക്രൈസ്തവരുടെ മുന്പിലേക്കല്ല, ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട ക്രൈസ്തവരുടെ മുന്പിലേക്കാണ് വിശുദ്ധ മാർക്കോസ് ക്രിസ്തുവിന്റെ ഈ സന്ദേശം വച്ചുനീട്ടിയത്. അവരിൽ ചിലരെങ്കിലും നമ്മെപ്പോലെ തന്നെ ചോദിച്ചു കാണും, അല്ലെങ്കിൽ ചിന്തിച്ചുകാണും. ക്രിസ്തു ദൈവമായിരുന്നിട്ടും, ആ ദൈവത്തിൽ വിശ്വസിക്കുന്ന ഞങ്ങളെ ഈ സഹനങ്ങളിൽ നിന്ന് രക്ഷിക്കാത്തതെന്ത്? എന്തുകൊണ്ടാണ് ജീവിതത്തിൽ ഇത്രമാത്രം സഹനം ഉണ്ടാകുന്നത്? പ്രാർത്ഥനയിൽ, വിശുദ്ധിയിൽ, അയൽക്കാരനോടുള്ള സ്നേഹത്തിൽ വളരുമ്പോഴും സഹനത്തിന് യാതൊരു കുറവും ഇല്ലാത്തതെന്ത്? ഒന്നിന് പുറകെ ഒന്നായി സഹനങ്ങൾ ഓട്ടോറിക്ഷയിലല്ല, ട്രെയിനിലാണ് വരുന്നത്! എവിടെ ദൈവം? മനുഷ്യനെ സ്നേഹിക്കുന്ന ദൈവം?

ഒരിക്കൽ ഒരാൾ തന്റെ കൂട്ടുകാരുടെ കൂടെ ഒരു കപ്പൽ യാത്ര പ്ലാൻ ചെയ്തു. ഏറെ നാളത്തെ ആഗ്രഹമായിരുന്നതുകൊണ്ടുതന്നെ അദ്ദേഹം വളരെ സന്തോഷത്തിലായിരുന്നു. യാത്ര തുടങ്ങുന്നതിന്റെ തലേന്ന് ഭാര്യയോടും, മക്കളോടും യാത്ര പറഞ്ഞു. വീണ്ടും കാണുമ്പോൾ സമ്മാനങ്ങളുമായിട്ടായിരിക്കും താൻ വരുന്നതെന്ന് പറഞ്ഞ് അവരെ ആലിംഗനം ചെയ്തു. പിറ്റേന്ന് രാവിലെ കപ്പൽ പുറപ്പെട്ടു. യാത്രയാക്കാൻ വന്ന കുടുംബാംഗങ്ങളോട് കൈ വീശി യാത്രപറഞ്ഞ് യാത്ര തുടങ്ങി. നിർഭാഗ്യമെന്ന് പറയട്ടെ, യാത്രയുടെ രണ്ടാം ദിവസം കപ്പൽ അപകടത്തിൽപ്പെട്ടു. കപ്പൽ തകർന്നുപോയി. എല്ലാവരും രക്ഷപ്പെടാനുള്ള തിടുക്കത്തിലായിരുന്നു. ഈ മനുഷ്യനും സർവ്വശക്തിയുമെടുത്ത് നീന്തി. ഇടയ്ക്കൊക്കെ അവശനായെങ്കിലും, അവസാനം രക്ഷപ്പെട്ട് ഒരു ദ്വീപിലെത്തി. ദ്വീപിലെത്തിയിട്ടും അയാളുടെ കരച്ചിൽ നിന്നില്ല. വാവിട്ടുകരയുമ്പോഴും, അകലേക്ക് പ്രതീക്ഷയോടെ അയാൾ നോക്കിക്കൊണ്ടിരുന്നു. വിശപ്പ്…തണുപ്പ്….ഒരു ദിവസം കഴിഞ്ഞപ്പോൾ അയാളുടെ പ്രതീക്ഷയെല്ലാം അസ്തമിച്ചു. കണ്ണിൽ കണ്ടതെല്ലാം കൂട്ടിച്ചേർത്ത് അയാൾ ഒരു വീടുണ്ടാക്കി, പകൽ ചൂടിൽ നിന്നും, രാത്രി തണുപ്പിൽ നിന്നും, രക്ഷപ്പെടുവാനായി. അന്ന് രാത്രി തണുപ്പ് തുടങ്ങിയപ്പോൾ, അയാൾ വീടിനുമുന്പിൽ തീ കൂട്ടി. എന്നാൽ, പെട്ടെന്ന് വന്ന കാറ്റ് എല്ലാം നശിപ്പിച്ചു. തീ വീട്ടിലേക്ക് പടർന്നു പിടിച്ചു.  വീട് കത്തി നശിച്ചു. അയാൾ വാവിട്ട കരഞ്ഞു…ദൈവമേ നീ എവിടെ എന്ന് ആകാശത്തിലേക്ക് നോക്കി ഉറക്കെ ചോദിച്ചു. പിറ്റേ ദിവസം, വൈകുന്നേരമായപ്പോൾ, തളർന്ന് അവശനായ ആ മനുഷ്യൻ കടലിലേക്ക് നോക്കിയപ്പോൾ ഒരു കപ്പൽ ആ ദ്വീപിനെ സമീപിക്കുന്നതായിക്കണ്ടു. തീരത്തോടടുത്ത കപ്പലിൽ നിന്ന് കാപ്പിത്താനും മറ്റുള്ളവരും ഇറങ്ങി അദ്ദേഹത്തെ രക്ഷിച്ചു. അയാൾ തിടുക്കത്തിൽ ചോദിച്ചു: എങ്ങനെയാണ് ഞാൻ ഇവിടെയുണ്ടെന്ന് നിങ്ങൾക്ക് മനസ്സിലായത്? അപ്പോൾ കപ്പിത്താൻ പറഞ്ഞു: ഇന്നലെ രാത്രി ദ്വീപിൽ തീ കണ്ടു. അപ്പോൾ ഞങ്ങൾക്ക് തോന്നി ആരെങ്കിലും ഈ ദ്വീപിലുണ്ടാകുമെന്ന്.” അയാൾ ഉറക്കെ കരഞ്ഞു. കരച്ചിലിനിടയിൽ അയാൾ പുലമ്പി: “ഞാനുണ്ടാക്കിയ ആ വീട് കത്തിയില്ലായിരുന്നെങ്കിലോ? അയാൾ ആകാശത്തിലേക്ക് കൈകൾ കൂപ്പി…!

ഈ പ്രപഞ്ചത്തിന്റെ, ഈ ഭൂമിയുടെ, ഭൂമിയിലെ മനുഷ്യജീവിതത്തിന്റെ സ്വഭാവം സഹനമാണ്. ജീവിതം ബുദ്ധിമുട്ടേറിയതാണ്. എന്തുകൊണ്ട് എന്ന ചോദ്യത്തിന് നമ്മെ തൃപ്തിപ്പെടുത്തുന്ന ഉത്തരം കിട്ടിയെന്ന് വരില്ല? എന്തുകൊണ്ടാണ് ഇലകൾക്ക് പച്ച നിറം? എന്തുകൊണ്ടാണ് പാവയ്ക്കയ്ക്ക് കയ്പ്?  മാമ്പഴത്തിന് മധുരം? റോസാച്ചെടിയിൽ മുള്ളുകൾ? ഉത്തരം വളരെ ലളിതമാണ്. ഇലകൾക്ക് പച്ചനിറം അവയുടെ സ്വഭാവമാണ്; പാവയ്ക്കയ്ക്ക് കയ്പ് അതിന്റെ സ്വഭാവമാണ്. മാമ്പഴത്തിന്റെ മധുരം അതിന്റെ സ്വഭാവമാണ്; റോസാച്ചെടിക്ക് മുള്ളുകൾ, അതിന്റെ സ്വഭാവമാണ്. ഓരോ സഹനവും, ദൈവകൃപ നമ്മിലേക്ക് കടന്നുവരുന്ന ചാലുകളാണ് പ്രിയപ്പെട്ടവരേ!

മനുഷ്യജീവിതത്തിന്റെ സ്വഭാവം സഹനമാണ്. ഈ പ്രപഞ്ചത്തിലുള്ളതെല്ലാം ജന്മം എടുക്കുന്നത് സഹനത്തിലൂടെയല്ലേ? പൊട്ടിത്തകർന്നെങ്കിലല്ലേ വിത്തുകൾക്ക് മുളപൊട്ടുകയുള്ളു? ഈറ്റുനോവിലൂടെയല്ലേ ഒരു പുതുജീവൻ ഈ ഭൂമിയിലേക്കെത്തുന്നത്? നാം ധരിക്കുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ സഹനത്തിലൂടെ കടന്നുവരുന്നതുകൊണ്ടല്ലേ ഇത്രയും തിളക്കമേറിയതാകുന്നത്? മയമുള്ള രോമക്കിടക്കയിൽ ഉറങ്ങുവാൻ എന്ത് സുഖമാണ്! എന്നാൽ, എങ്ങനെയാണ് രോമക്കിടക്ക രൂപപ്പെടുന്നത്? മെത്തയുണ്ടാക്കുന്നവരെ വിളിച്ച് രോമം അവരെ ഏൽപ്പിക്കുന്നു. അവർ രോമം തല്ലി തല്ലി പതപോലെയാക്കുന്നു. കൂടുതൽ ശക്തിയായി തല്ലുമ്പോൾ രോമം കൂടുതൽ വൃത്തിയുള്ളതും, മയമുള്ളതുമായിത്തീരുന്നു.  തല്ലുന്നതിനനുസരിച്ച് രോമം വൃത്തിയുള്ളതും മയമുള്ളതും ആകുന്നു. സിൽക്ക് നൂലെടുക്കുന്ന കക്കൂണും വേദന സഹിക്കുന്നു. തിളച്ചവെള്ളത്തിലിട്ട് പുഴുങ്ങിയശേഷം, പരുക്കൻ ബ്രഷും, മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് പിഴിഞ്ഞാണ് അതിൽ നിന്ന് നൂലെടുക്കുന്നത്. സഹനത്തിലാണ് രക്ഷ! സഹനത്തിലൂടെ, കുരിശിലൂടെ, കുരിശുമരണത്തിലൂടെയാണ് രക്ഷ!

ജനിക്കുന്ന നിമിഷം മുതൽ മരിക്കുന്ന നിമിഷം വരെയും മനുഷ്യൻ പലതരത്തിലുള്ള സഹനങ്ങളിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ഈ സഹനങ്ങളെ മൂല്യമുള്ളതാക്കുവാൻ, രക്ഷാകരമാക്കുവാൻ, ദൈവികമാക്കുവാൻ ക്രൈസ്തവന് സാധിക്കുന്നത് ക്രിസ്തുവിന്റെ സഹനങ്ങളുടെ അർത്ഥം മനസ്സിലാക്കുമ്പോഴാണ്. മനുഷ്യൻ എന്തുമാത്രം സഹിക്കുന്നു എന്നതിന്റെ കണക്കെടുക്കുക സാധ്യമല്ല. നാം ഈ ദേവാലയത്തിൽ ആയിരിക്കുമ്പോഴും, ഓരോ മിനിട്ടിലും ധാരാളം മനുഷ്യർ കൊല്ലപ്പെടുന്നുണ്ട്; വളരെയേറെ ഗർഭസ്ഥ ശിശുക്കൾ അമ്മയുടെ ഉദരത്തിൽ വച്ച് തന്നെ പിടഞ്ഞ് പിടഞ്ഞ് മരിക്കുന്നുണ്ട്. വലിയൊരു ശതമാനം മനുഷ്യർ പട്ടിണിയും രോഗങ്ങളാലും സഹിച്ചു സഹിച്ചു ദിനങ്ങൾ മുന്നോട്ട് നീക്കുന്നവരുണ്ട്. ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും ദുരിതങ്ങൾക്ക് മീതെ ദുരിതങ്ങളുമായി തളരുന്ന മനസ്സുകളുണ്ട്. വേദനകളിൽ, ഏകാന്തതയിൽ, ദാരിദ്ര്യത്തിൽ, ദുരന്തങ്ങളിൽ, രോഗങ്ങളിൽ ദൈവത്തിന്റെ പ്ലാനും പദ്ധതിയും ദർശിക്കാൻ കഴിഞ്ഞാൽ സഹനത്തെ മൂല്യവത്താക്കുവാൻ, രക്ഷാകരമാക്കുവാൻ നമുക്ക് സാധിക്കും. 

സഹനത്തെ മൂല്യമുള്ളതാക്കാൻ സാധിക്കുന്നത് ഈശോയുടെ മരണവുമായി അത് ഒത്തുപോകുമ്പോഴാണ്. ഒരുവൻ സഹിക്കുന്നത് ദൈവമഹത്വത്തിനും, മറ്റുള്ളവരുടെ നന്മയ്ക്കുംവേണ്ടിയാണെങ്കിൽ അത് ഈശോയുടെ മരണത്തിലുള്ള പങ്കുപറ്റലാണ്. ഈശോയുടെ മരണത്തെ ശരിയായി വിവരിക്കുന്ന വാക്ക് ചമ്മട്ടിയടിയല്ല, പീഡനങ്ങളല്ല, കുരിശും അല്ല, പിന്നെയോ സ്നേഹത്തോടെയുള്ള സഹനമാണ്.

സഹനത്തിൽ ഒരു വ്യക്തിയും ഏകാകിയല്ല. ഈശോയുടെ പുൽക്കൂടിന് ചുറ്റും, കുരിശിന് ചുറ്റും ദൂതഗണങ്ങളുണ്ടായിരുന്നു. പുൽക്കൂടും കുരിശും എന്നത് ഈശോയുടെ രക്ഷകൻ എന്ന ദൗത്യത്തിന്റെ പരിസരവും, സാക്ഷാത്ക്കാരവുമായിരുന്നു. അതുകൊണ്ടാണ് സഹായിക്കുവാനും, ആശ്വസിപ്പിക്കുവാനും സ്വർഗം ഈശോയോടൊപ്പം ഉണ്ടായിരുന്നത്.

മനുഷ്യന് സഹിക്കുവാൻ പറ്റാത്തവിധം ഒരു സഹനവും ദൈവം നൽകുന്നില്ല. ഒരു വ്യക്തിക്ക് എത്രമാത്രം സഹിക്കുവാൻ കഴിയുമെന്ന് ഈശോയ്ക്കറിയാം. മനുഷ്യന്റെ ദുഃഖത്തിന്റെ ഭാരം വളരെ അസാധാരണവും, മനുഷ്യനെ ഞെരിച്ചു കളയുന്നതുമായതിനാൽ അത് വഹിക്കുവാൻ മനുഷ്യനെ ശക്തിപ്പെടുത്തുവാൻ ദൈവം അസാധാരണമാർഗങ്ങൾ തന്നെ ഉപയോഗിക്കും. അതുകൊണ്ട്, അഗ്നിപരീക്ഷകൾ ഉണ്ടാകുമ്പോൾ നിങ്ങൾ പരിഭ്രമിക്കരുത്. ( 1 പത്രോ 4, 12) നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസ്സാരമാണെന്ന് ഞാൻ കരുതുന്നു. (റോമാ 8, 18)

ദൈവഹിതം നിറവേറ്റുവാൻ സഹനത്തിലൂടെ നാം കടന്നുപോകേണ്ടിയിരിക്കുന്നു.

ഓർക്കുക, വിശുദ്ധി, നന്മനിറഞ്ഞ ജീവിതം സഹനത്തെ ഒഴിവാക്കുന്നില്ല. ഈ ഭൂമിയിൽ മനുഷ്യന് നേടുവാൻ കഴിയുന്നതിന്റെ ഏറ്റവും ഉന്നതവമായ വിശുദ്ധി നേടുവാൻ പരിശുദ്ധ അമ്മയ്ക്ക് കഴിഞ്ഞിരുന്നു. മറ്റാർക്കും കഴിയാത്ത വിധത്തിൽ സ്നേഹിക്കാനും മറ്റുള്ളവരെ സഹായിക്കുവാനും അവൾക്ക് സാധിച്ചു. എന്നാൽ അവൾ അനുഭവിക്കാത്ത ദുഃഖങ്ങളുണ്ടായിരുന്നോ? അമലോത്ഭവ ആയതുകൊണ്ട് ആദത്തിന്റെ തെറ്റ് വരുത്തിയ പാപത്തിൽ നിന്ന്, ലോകത്തിന്റെ ദുഃഖ ദുരിതങ്ങളിൽ നിന്ന് അവൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. എന്നാൽ എത്ര വിലാപങ്ങൾ! എത്രയധികം കണ്ണീർ! അവളുടെ പിതാവ്, മാതാവ്, ഭർത്താവ്, പുത്രൻ എല്ലാവരെയും മരണം വഹിച്ചുകൊണ്ട് പോകുന്നത് അവൾ കണ്ടു.

സഹനത്തിന്റെ രഹസ്യത്തിൽ പങ്കുകൊള്ളുന്നവർക്ക് മാത്രമേ യഥാർത്ഥമായ ജ്ഞാനം നല്കപ്പെടുന്നുള്ളു. സഹനത്തിന്റെ രഹസ്യത്തിലേക്ക് കടക്കുവാൻ ഒരു വ്യക്തി സമ്മതിക്കാത്തിടത്തോളം കാലം ക്രിസ്തു രുചിച്ചറിഞ്ഞ വേദന ഗ്രഹിക്കുവാൻ സാധിക്കുകയില്ല. ഈശോ മരിയവർത്തോർത്തയോട് പറഞ്ഞത് സഹിക്കുന്ന വ്യക്തിയിലേക്ക് മുൾമുടിധരിക്കപ്പെട്ട അവിടുത്തെ നെറ്റിത്തടത്തിൽ നിന്ന് പ്രത്യേക പ്രകാശ രശ്മികൾ കടന്നു ചെല്ലും എന്നാണ്. തുറക്കപ്പെട്ട അവിടുത്തെ കരങ്ങളിൽ നിന്നും, പാദങ്ങളിൽ നിന്നും കുത്തിതുറക്കപ്പെട്ട ഹൃദയത്തിൽ നിന്നും പ്രത്യേക പ്രകാശ രശ്മികൾ സഹിക്കുന്നവരിലേക്ക്  കടന്നുവരും.

സ്നേഹമുള്ളവരേ, അൻപത് നോമ്പിന്റെ ആറാം ഞായറാഴയിലേക്ക് നാം പ്രവേശിക്കുകയാണ്. അൻപത് നോമ്പിലെ നാൽപ്പതാം വെള്ളി ഈ ആഴ്ചയിലാണ് നാം ആചരിക്കുന്നത്. ഈയാഴ്ച്ചത്തെ നമ്മുടെ ധ്യാനം ഈശോയുടെ സഹനത്തെക്കുറിച്ചാകട്ടെ. ഈശോയുടെ സഹനത്തെക്കുറിച്ചുള്ള, കുരിശുമരണത്തെക്കുറിച്ചുള്ള ധ്യാനം, നമ്മുടെ ജീവിതത്തിലെ സഹനങ്ങളെ മനസ്സിലാക്കുവാനും അവയെ വിശുദ്ധീകരിക്കുവാനും നമ്മെ സഹായിക്കും. ഓരോ വിശുദ്ധ കുർബാനയിലും നാം ഈശോയുടെ പീഡാസഹനവും, കുരിശുമരണവും ഓർക്കുന്നുണ്ട്, ആചരിക്കുന്നുണ്ട്. നമ്മുടെ വിശുദ്ധ കുർബാനയിലെ കൂദാശാവചനവേളയിൽ   ഈശോയുടെ കുരിശുമരണമാണ് നാം ആചരിക്കുന്നത്. ദൈവശാസ്ത്രജ്ഞന്മാർ the crowning point of his death എന്നാണ് ഈ സമയത്തെക്കുറിച്ച് പറഞ്ഞിരുന്നത്. വിശുദ്ധ കുർബാനയർപ്പണവേളയിൽ ഈ സമയത്ത് വി. പാദ്രേ പിയോ കരഞ്ഞിരുന്നു പ്രിയപ്പെട്ടവരേ. ഇന്നത്തെ ബലിയിൽ ഈ ചിന്തയോടെ നമുക്ക് പങ്കെടുക്കാം. നമ്മുടെ ജീവിത സഹനങ്ങളെ, വേദനകളെ, കണ്ണുനീരിനെ വിശുദ്ധ കുർബാനയോട് ചേർത്തുവയ്ക്കാം.

സഹനങ്ങളുടെ അർത്ഥം മനസ്സിലാക്കാൻ ഈശോ നമ്മെ അനുഗ്രഹിക്കട്ടെ.സഹനത്തിലാണ് രക്ഷ! സഹനത്തിലൂടെ, കുരിശിലൂടെ, കുരിശുമരണത്തിലൂടെയാണ് രക്ഷ!

ആമേൻ!

SUNDAY SERMON JN 8, 1-11

നോമ്പുകാലം അഞ്ചാം ഞായർ

യോഹന്നാൻ 8, 1-11

അൻപത് നോമ്പിന്റെ അഞ്ചാം ഞായറാഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നാം. നാമിന്ന് വായിച്ചുകേട്ട സുവിശേഷഭാഗം, സമാന്തര (വിശുദ്ധ മത്തായി, മാർക്കോസ്, ലൂക്കാ) സുവിശേഷങ്ങളിൽ കാണാത്ത, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ മാത്രം കാണുന്ന ഈ സംഭവം, ബൈബിൾ പണ്ഡിതന്മാർക്കിടയിൽ ഇന്നും തർക്കവിഷയമാണ്. ചില ബൈബിൾ വ്യാഖ്യാനങ്ങൾ ഈ സംഭവം മനഃപൂർവം വിട്ടുകളയുന്നുമുണ്ട്. കാരണം മറ്റൊന്നുമല്ല. ഈ സംഭവം വിശുദ്ധ യോഹന്നാൻ എഴുതിയതാണോ, അതോ, പിന്നീട് ആരെങ്കിലും എഴുതി ചേർത്തതാണോയെന്ന് പല കാരണങ്ങളാൽ പണ്ഡിതന്മാർ സംശയിക്കുന്നുണ്ട്. വിവാദത്തിന്റെ പിന്നാലെ പോകുന്നതിനേക്കാൾ, രണ്ട് കാര്യങ്ങൾകൊണ്ട് ഇത് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുവാനാണ് എനിക്ക് താത്പര്യം.

ഒന്ന്, ഈ സംഭവം പാപികളോടുള്ള ഈശോയുടെ മനോഭാവവുമായി ചേർന്നുപോകുന്നതാണ്. പാപത്തെ വെറുക്കുന്ന, പാപിയെ സ്നേഹിക്കുന്ന പാപമോചകനായ, രക്ഷകനായ ക്രിസ്തുവിന്റെ ചിത്രം മറ്റു സുവിശേഷങ്ങളിലെന്നപോലെ ഇവിടെയും തെളിഞ്ഞു നിൽക്കുന്നുണ്ട്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ (മത്താ 9, 9 -13 ) ചുങ്കക്കാരനായ മത്തായിയെ തന്റെ ശിഷ്യഗണത്തിന്റെ ഭാഗമാക്കുന്നതുവഴി പാപികളെ രക്ഷിക്കുവാൻ വന്നവനാണ് ഈശോ എന്ന ദൈവിക വെളിപാടിന് അടിവരയിടുകയാ ണ് വിശുദ്ധ മത്തായി.  വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലൂടെ സ്വർഗം മതിമറന്ന് സന്തോഷിക്കുന്ന അസുലഭ നിമിഷങ്ങൾ പാപികളുടെ മാനസാന്തത്തിന്റെ അവസരങ്ങളാണെന്ന് ഈശോ പറഞ്ഞിട്ടുണ്ട്. ഫരിസേയന്റെ വീട്ടിൽ ഭക്ഷണത്തിനിരുന്നപ്പോൾ നർദ്ദീൻ തൈലത്തിന്റെ പരിമളത്തോടൊപ്പം അനുതപിക്കുന്ന ഹൃദയവുമായെത്തിയ സ്ത്രീയെ, ഈശോ രക്ഷയിലേക്ക് ചേർത്തുനിർത്തുന്നത് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ കണ്ണുനനയിക്കുന്ന സുന്ദര ചിത്രമാണ്. വിശുദ്ധ മാർക്കോസാണെങ്കിൽ “”ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ടാവശ്യം. നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ് ഞാൻ വന്നിരിക്കുന്നത്” എന്ന് പറഞ്ഞുകൊണ്ട് ക്രിസ്തു പാപികളുടെ രക്ഷകനാണെന്ന് പ്രഖ്യാപിക്കുന്നുണ്ട്. സിക്കാറിലെ യാക്കോബിന്റെ കിണറ്റിൻ കരയിൽ കണ്ടുമുട്ടിയ ശമരിയക്കാരി സ്ത്രീയെ രക്ഷയിലേക്ക് കൈപിടിച്ചുകയറ്റുന്നത് വിശുദ്ധ യോഹന്നാൻ വിവരിക്കുന്നുണ്ടെങ്കിലും, അവിടെ പാപികളെ രക്ഷിക്കുവാൻ വന്നവനാണ് താൻ എന്നുള്ള സന്ദേശത്തിനല്ല ഈശോ പ്രാധാന്യം നൽകുന്നത്. “യേശുക്രിസ്തു പാപികളെ രക്ഷിക്കാനാണ് ലോകത്തിലേക്ക് വന്നത്” എന്നവതരിപ്പിക്കുവാൻ വിശുദ്ധ യോഹന്നാൻ തിരഞ്ഞെടുക്കുന്ന സുവിശേഷഭാഗമാണ് ഇന്നത്തേത്. അതുകൊണ്ടുതന്നെ, വിശുദ്ധ യോഹന്നാൻ ശ്ലീഹ ബോധപൂർവം തന്നെ എഴുതിച്ചേർത്തതായിരിക്കണം ഈ സംഭവം. 

രണ്ട്, ദൈവകൃപയുടെ വലിയ പ്രവാഹമാണ് ഈ സംഭവത്തിൽ നാം കാണുന്നത്. അടയാളങ്ങളുടെ പുസ്തകമായ വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായത്തിൽ വചനം പറയുന്നത്, ‘ക്രിസ്തുവിലൂടെ നാം കൃപയ്ക്കുമേൽ കൃപ സ്വീകരിച്ചിരിക്കുന്നു’ എന്നാണ്. വചനം, വെള്ളം, പ്രകാശം തുടങ്ങിയവയോടൊപ്പം വിശുദ്ധ യോഹന്നാൻ ഉപയോഗിക്കുന്ന ഒരു ദൈവിക അടയാളമാണ് കൃപ. “സ്ത്രീയേ, നിന്നെ ഞാനും വിധിക്കുന്നില്ല, പോകുക, ഇനിമേൽ പാപം ചെയ്യരുത്” എന്ന ഈശോയുടെ വചനത്തിലൂടെ ദൈവകൃപയുടെ നറുംനിലാവ് അവളുടെ ജീവിതത്തിൽ നിറയുകയായിരുന്നു. താൻ അറിയിക്കുന്ന സുവിശേഷം അടയാളങ്ങളുടെ പുസ്തകമാണ് എന്ന് ഓരോ സംഭവത്തിലൂടെയും വെളിപ്പെടുത്തുകയാണ് വിശുദ്ധ യോഹന്നാൻ.

ഈ രണ്ട് കാരണങ്ങൾ മതി ഇന്നത്തെ സുവിശേഷഭാഗം ആരും പിന്നീട് എഴുതിച്ചേർത്തതല്ല എന്ന് സമർത്ഥിക്കുവാൻ. ഇന്നത്തെ സുവിശേഷഭാഗം വിശുദ്ധ യോഹന്നാൻ അവതരിപ്പിക്കുന്നതാണെന്നതിൽ യാതൊരു സംശയവുമില്ല. മാത്രമല്ല, ഈശോയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണിത്. ഒരിക്കലും നാം miss ചെയ്യാൻ പാടില്ലാത്ത സംഭവം!

മൂന്ന് ചോദ്യങ്ങൾ ഉന്നയിക്കുന്നതിലൂടെ, അവയ്ക്ക് ഉത്തരങ്ങൾ കണ്ടെത്തുന്നതിലൂടെ ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദേശത്തിലേക്ക് എത്തിച്ചേരുവാനാണ് ഞാൻ ശ്രമിക്കുന്നത്.

ഒന്നാമത്തെ ചോദ്യം ഇതാണ്: പുരുഷനെവിടെ? അന്നത്തെ കാലത്തിന്റെ രീതികൾവച്ച് നോക്കുമ്പോൾ ഈ ചോദ്യം അസ്ഥാനത്താണ്.  കാരണം, പുരുഷമേധാവിത്വം സമൂഹത്തിന്റെ എല്ലാ തലങ്ങളേയും അടക്കി വാണിരുന്ന ഒരു കാലത്ത് എന്തിന് പുരുഷനെക്കുറിച്ച്, അവന്റെ ചെയ്തികളെക്കുറിച്ച് ചിന്തിക്കണം? സ്ത്രീകളെക്കുറിച്ച്, സമൂഹത്തിലെ താഴേക്കിടയിലുള്ളവരെക്കുറിച്ച്, അവരുടെ തിന്മകളെക്കുറിച്ച് ചിന്തിച്ചാൽ പോരേ?  എന്നാൽ, ഇന്ന് നാം ഈ ചോദ്യം ഉന്നയിക്കതന്നെ വേണം. പുരുഷനെവിടെ? ഇന്നത്തെ കപടസദാചാര പ്രവർത്തകരെപ്പോലെയായിരുന്നു അന്നത്തെ നിയമജ്ഞരും, ഫരിസേയരും. അന്നത്തെ സമൂഹത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ടവരായിരുന്നു ഫരിസേയരും നിയമജ്ഞരും. പുറമേ ധാർമികരായി കരുതപ്പെട്ടിരുന്നെങ്കിലും അവരുടെ മനസ്സുനിറയെ തേളുകളും പഴുതാരകളും ആയിരുന്നു. തങ്ങൾ ധാർമികരും, മറ്റുള്ളവരെല്ലാം അധാർമികരുമെന്ന ചിന്തയുള്ളവരായിരുന്നു അവർ. തങ്ങൾക്കില്ലാത്തത് പൊലിപ്പിച്ചുകാട്ടുകയും, മറ്റുള്ളവരെ കുറ്റക്കാരായി മുദ്രകുത്തുകയും ചെയ്യുന്ന കപടസദാചാരപ്രവർത്തകരായിരുന്നു അവർ. സമൂഹത്തെ നന്മയുള്ളതാക്കുക എന്നതായിരുന്നില്ല അവരുടെ ലക്‌ഷ്യം. തങ്ങളുടെ സ്വാർത്ഥമായ താത്പര്യങ്ങൾ സംരക്ഷിക്കുകയെന്നതായിരുന്നു അവരുടെ ലക്‌ഷ്യം.  സമൂഹത്തിലെ സ്ത്രീകളും വിജാതീയരുമടങ്ങുന്ന ബലഹീനരുടെ തെറ്റുകൾ ഇപ്പോഴും ഉയർത്തിക്കാട്ടിക്കൊണ്ട് തങ്ങളുടെ തിന്മകൾ മൂടിവയ്ക്കുകയെന്ന തികച്ചും അധാർമികമായ അടവുനയമായിരുന്നു അവർ അതിനായി ഉപയോഗിച്ചിരുന്നത്.

മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതിലൂടെ തങ്ങളെ മാന്യന്മാരായി അവതരിപ്പിക്കുവാനും, മറ്റുള്ളവരെ ചൂഷണംചെയ്യാനും അവർക്ക് കഴിയും. അതുകൊണ്ടാണ് പുരുഷനെ അവർ മറച്ചുവച്ചത്. ഒരു പുരുഷനെ രംഗത്തുകൊണ്ടുവന്നാൽ പിന്നെ തങ്ങളുടെ മുഖംമൂടികളും വലിച്ചുകീറപ്പെടുമെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു. അത്രയും കാപട്യം നിറഞ്ഞ സദാചാരപ്രവർത്തകരായിരുന്നു അവർ!

മനുഷ്യന്റെ മുഖംമൂടികൾ അഴിഞ്ഞു വീഴണമെങ്കിൽ, പലമുഖമുള്ളവരായി തങ്ങളെത്തന്നെ വഞ്ചിച്ചുകൊണ്ട് ജീവിക്കാതെ, ഒരൊറ്റ മുഖമുള്ളവരായി ക്രിസ്തുവിന്റെ മുഖമുള്ളവരായി ജീവിക്കണമെങ്കിൽ നാം ചോദിക്കണം, പുരുഷനെവിടെ? വ്യഭിചാരമെന്നത് പവിത്രമായ, വിശുദ്ധമായ ബന്ധങ്ങളിലെ വിള്ളലുകളാണ്; അപചയമാണ്; പൈശാചികതയാണ്. അവിടെ രണ്ട് പേരുണ്ടാകണം. ചിലപ്പോൾ അതിലധികവും. എങ്ങനെയാണ് മുഖംമൂടികൾ വച്ചുകൊണ്ട് ക്രിസ്തുവിനെ സമീപിക്കുവാൻ സാധിക്കുക? എങ്ങനെയാണ് മുഖംമൂടികൾ വച്ചുകൊണ്ട് നിന്റെ ഭാര്യയെ, ഭർത്താവിനെ സമീപിക്കുവാൻ സാധിക്കുക? എങ്ങനെയാണ് മുഖംമൂടികൾ വച്ചുകൊണ്ട് സഹോദരങ്ങളെ, സുഹൃത്തുക്കളെ സമീപിക്കുവാൻ സാധിക്കുക? എങ്ങനെയാണ് മുഖംമൂടികൾ വച്ചുകൊണ്ട് ദേവാലയത്തിൽ വരുവാൻ, കുമ്പസാരത്തിനണയുവാൻ, വിശുദ്ധ കുർബാന അർപ്പിക്കുവാൻ സാധിക്കുക?   

രണ്ടാമത്തെ ചോദ്യം: എന്തുകൊണ്ടാണ് ഈശോ കുനിഞ്ഞിരുന്നത്? എന്താണ് ഈശോ കുനിഞ്ഞിരുന്ന് നിലത്ത് എഴുതിക്കൊണ്ടിരുന്നത്? ഈ ചോദ്യത്തിന് സഭാപിതാക്കന്മാർ തുടങ്ങി പലരും ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. ദൈവശാസ്ത്രപരമായ, സാമാന്യബുദ്ധിക്കനുസരിച്ചുള്ള പല ഉത്തരങ്ങൾ ഈ ചോദ്യത്തിന് ഉണ്ടെങ്കിലും എനിക്കിഷ്ടപ്പെട്ടത് മനഃശാസ്ത്രപരമായ ഒരു ഉത്തരമാണ്. അത് ദൈവിക ചൈതന്യം നിറഞ്ഞ ഉത്തരവുമാണ്.

വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയുടെമേൽ, ഇവൾ കല്ലെറിഞ്ഞ് കൊല്ലപ്പെടേണ്ടവളാണ്” എന്ന   വിധിപ്രസ്താവിച്ചതിന്റെ ഹുങ്കും, അഹങ്കാരത്തിന്റെ കല്ലുമായി നിൽക്കുന്ന നിയമജ്ഞരുടെയും ഫരിസേയരുടെയും ലക്‌ഷ്യം സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുക, ക്രിസ്തുവിനെ കെണിയിൽ കുടുക്കി ഇല്ലാതാക്കുക എന്നതായിരുന്നു. സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുക എന്നത് അവർക്കൊരു വിനോദമായിരുന്നെങ്കിൽ, ക്രിസ്തുവിനെ ഇല്ലാതാക്കുക എന്നത് അവരുടെ നിലനിൽപ്പിന്റെ പ്രശ്നമായിരുന്നു. സ്ത്രീയെ ശിക്ഷിക്കുക എന്നതിനേക്കാൾ അവർക്ക് വേണ്ടത് ഈശോയെ വാക്കിൽകുടുക്കുക എന്നതായിരുന്നു. അതുകൊണ്ടാണ് അവരുടെ ചോദ്യം: നീ എന്ത് പറയുന്നു?” ഈശോ കുനിഞ്ഞിരിക്കുകയായിരുന്നു. കാരണം, എന്താണ് പറയേണ്ടതെന്ന തേങ്ങൽ അവിടുത്തേയ്ക്കുണ്ടായിരുന്നു. “മോശ പറഞ്ഞതാണ് ശരി അതുപോലെ ചെയ്യൂ”, എന്ന് പറഞ്ഞാൽ അവർ ചോദിക്കും, “അപ്പോൾ നിന്റെ കരുണ എവിടെ? സ്നേഹം എവിടെ? രക്ഷ എവിടെ?” മോശയ്ക്ക് എതിരായി എന്തെങ്കിലും പറഞ്ഞാൽ അപ്പോഴും അവർ ചോദിക്കും, ‘നീ മോശയെയും പ്രവാചകരെയും നശിപ്പിക്കാൻ വന്നവനാണല്ലേ?” എന്തുപറഞ്ഞാലും പെട്ടുപോകുന്ന ഒരു അവസ്ഥ. ഈശോയുടെ മനസ്സ് ഒരു ഉത്തരത്തിനുവേണ്ടി പരതുകയായിരുന്നു. അവന്റെ മനസ്സിന്റെ തേക്കത്തിനനുസരിച്ചു അവന്റെ വിരലുകൾ മണലിലൂടെ ഉദാസീനമായി നീങ്ങിക്കൊണ്ടിരുന്നു. അല്പം കഴിഞ്ഞ് തലയുയർത്തി ഈശോ പറഞ്ഞു: നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം കല്ലെറിയട്ടെ.” 

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം കുറ്റം ചെയ്യാത്തവൻ എന്നല്ല, പാപം ഇല്ലാത്തവൻ പാപം ചെയ്യാത്തവൻ എന്നാണ്. എന്താണ് പാപം? തെറ്റായ ഒരു പ്രവൃത്തി ചെയ്യാൻ മനസ്സിൽ ആലോചന നടത്തുന്നതാണ്. അതിനെപ്പറ്റി ചിന്തിക്കുന്നതാണ് പാപം. എന്താണ് കുറ്റം? ആ plan നടപ്പിലാക്കുന്നതാണ്, ആ പാപം ചെയ്യുന്നതാണ് കുറ്റം. ഒരാളെ തല്ലാനോ കൊല്ലാനോ   ചിന്തിച്ചാൽ അത് പാപമാണ്. ഒരു കോടതിയ്ക്കും അതിന് ആരെയും ശിക്ഷിക്കാനാകില്ല. എന്നാൽ കുറ്റം ചെയ്‌താൽ ശിക്ഷിക്കാം. കുറ്റം ചെയ്യാത്തവർ ഉണ്ടാകുമെങ്കിലും, പാപം ഇല്ലാത്ത, പാപം ചെയ്യാത്ത ആരും ഉണ്ടാകാൻ സാധ്യമല്ലെന്ന് ഈശോയ്ക്കറിയാം. അവിടുന്ന് വളരെ സമർത്ഥമായ, reasonable ആയ ഉത്തരമാണ് കൊടുത്തത്. നിങ്ങളിൽ പാപം ഇല്ലാത്തവർ ആദ്യം കല്ലെറിയട്ടെ. എന്നിട്ട് വീണ്ടും കുനിഞ്ഞ് നില ത്തെഴുതിക്കൊണ്ടിരുന്നു.

ഇപ്രാവശ്യം വലിയൊരു psaychological move ആണ് ഈശോ നടത്തിയത്. അഹങ്കാരത്തിന്റെ കല്ലുമായി വന്നവർ മുറിപ്പെട്ടു എന്ന് ഈശോയ്ക്കറിയാം. ഒരു നിമിഷംകൊണ്ട് അവർ ഒന്നുമല്ലാതായി. ഈശോയുടെ ഒരു നോട്ടംപോലും ചിലപ്പോൾ അവരെ provoke ചെയ്യാം. തല ഉയർത്തിപ്പിടിച്ച് ഒരു ഇന്നസെന്റ് സ്റ്റൈലിൽ എന്ത്യേ എന്ന് ചോദിച്ചാൽ …. ഏതെങ്കിലും ഒരുത്തൻ ഒരു കുഞ്ഞിക്കല്ല് എറിഞ്ഞാൽ മതി…തീർന്നു…പിന്നെ എല്ലാവരും ഏറിയും. അതാണ് ആൾക്കൂട്ടത്തിന്റെ മനശ്ശാസ്ത്രം. ഒരാൾ ചെയ്‌താൽ മതി … തെറ്റാണോ ശരിയാണോയെന്ന് ചിന്തിക്കാതെ എല്ലാവരും കൂടെച്ചേരും…ആൾക്കൂട്ടക്കൊലപാതകങ്ങളുടെ മനശ്ശാസ്ത്രമാണത്. ഈശോ മനഃപൂർവം പിൻവാങ്ങുകയാണ്. കുനിഞ്ഞിരുന്ന് അവരുടെ ego വീണ്ടും hurt ചെയ്യാതെ നോക്കുകയാണ്. ഈശോയ്ക്കറിയാം തന്റെ പറച്ചിൽ അവരെ വേദനിപ്പിച്ചെന്ന്. അതാഘോഷിക്കുകയല്ല ഈശോ ചെയ്തത്. അവിടുന്ന് അവർക്ക് മതിയായ അവസരം നൽകുകയാണ്. തനിക്കെതിരെ വന്നവരുടെയും feelings നെ പരിഗണിക്കുകയാണ്. നിയമപരമായി അവർക്ക് ഈ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാം. നിയമപരമായി തങ്ങൾ ധാർമികരാണെന്ന് മേനിനടിക്കാം.    പക്ഷേ അവരതെല്ലാം മറന്നുപോയി. ഈശോയുടെ പ്രസ്‌താവന എല്ലാം തെറ്റിച്ചുകളഞ്ഞു. ഈശോ അവരുടെ ചിന്ത ആ സ്ത്രീയിൽ നിന്ന് അവരിലേക്ക് തിരിച്ചു. അവൻ അവരെ മനസാന്തരപ്പെടുത്തി.  മുതിർന്നവർ തുടങ്ങി കല്ലുകൾ താഴെയിട്ട് മടങ്ങിപ്പോയി.

മൂന്നാമത്തെ ചോദ്യം ഇങ്ങനെയാണ്: ഈശോ എന്തുകൊണ്ട് ആ സ്ത്രീയെ വിധിച്ചില്ല? ഈശോ കണ്ണുകളുയർത്തി നോക്കിയപ്പോൾ ആ സ്ത്രീ തനിയെ! അവളുടെമേൽ കുറ്റമാരോപിച്ചവർ പോയിക്കഴിഞ്ഞിരുന്നു. കുറ്റമാരോപിച്ചവരുടെ കൂട്ടത്തിൽ ഈശോ ഉണ്ടായിരുന്നില്ല. സ്വർഗത്തിനെങ്ങനെ ഒരാളെ വിധിക്കുവാൻ സാധിക്കും? സ്വർഗത്തിനെങ്ങനെ ഒരാളെ, കുറ്റക്കാരനാണെങ്കില്പോലും കല്ലെറിഞ്ഞ് കൊല്ലാൻ കഴിയും? ക്രിസ്തു കരുണയോടെ, സ്നേഹത്തോടെ അവളെ കടാക്ഷിച്ചിട്ട് അവളോട് പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല…പോകുക ഇനിമേൽ പാപം ചെയ്യരുത്.” ഇതാണ് ദൈവികത…ആത്മീയത…നീ ചെയ്തതെല്ലാം ഇതാ സ്വർഗം, ദൈവം മറന്നിരിക്കുന്നു. The past is past. ഇത് ഒരനുഭവമായിട്ടുണ്ടെങ്കിൽ ഇനിമേൽ പാപത്തിലേക്ക് പോകരുത്.

സ്നേഹമുള്ളവരേ, ഇതാണ് ക്രിസ്തുവിന്റെ സന്ദേശത്തിന്റെ സത്ത -essence! പാപികളെ രക്ഷയിലേക്ക് വിളിക്കുവാൻ വന്നവൻ, വിധി പ്രസ്താവിച്ച് നാശത്തിലേക്ക് തള്ളിവിടാൻ വന്നവനല്ല. ഈശോയ്ക്കറിയാം, തെറ്റുചെയ്യുന്നവനോടൊപ്പം നിന്നെങ്കിലേ അവളെ /അവനെ രക്ഷിക്കുവാൻ സാധിക്കുകയുള്ളൂവെന്ന്. ഒരാൾ ഒരു തെറ്റ് ചെയ്‌താൽ എത്ര ശിക്ഷ അയാൾ ഏറ്റുവാങ്ങണം? എത്രപേരിൽ നിന്നുള്ള ശിക്ഷ സ്വീകരിക്കണം? എത്രനാൾ ശിക്ഷ സ്വീകരിക്കണം? നിന്റെ സൗഹൃദത്തിൽ നിന്ന്, കുടുംബത്തിൽ നിന്ന്, സമൂഹത്തിൽ നിന്ന് എത്രനാൾ മാറ്റിനിർത്തണം? നാമോരോരുത്തരും നമ്മുടെ മനസ്സിന്റെ കുടുസ്സുമുറിയിൽ നിർത്തി എത്രപ്രാവശ്യം വിധി പ്രസ്താവിക്കണം? ചേർത്ത് നിർത്തുകയാണ് ക്രിസ്തു -പാപിനിയെ മാത്രമല്ല, അവൾക്കെതിരെ ആരോപണങ്ങളുമായി വന്നവരെയും. പാപിനിയെ മാത്രമല്ല, തന്നെ വക്കിൽകുടുക്കി ഇല്ലാതാക്കുവാൻ വന്നവരെയും! ഈശോയുടെ argument നോക്കുക “നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം കല്ലെറിയട്ടെ.”

പാപത്തെ വെറുക്കുമ്പോഴും പാപിയെ സ്നേഹിക്കുവാൻ സാധിക്കുക – അതാണ് ഈശോയുടെ കരുണയുടെ പാഠം. ഇതാണ് നമ്മുടെ കുമ്പസാരത്തിന്റെ മഹനീയത! ഉയർന്ന മലയിൽ നിന്നേ, സമതലങ്ങളിലേക്ക് നദിക്കു ഒഴുകുവാൻ കഴിയൂ. ദൈവത്തിൽ നിന്നേ മനുഷ്യനിലേക്ക് ക്ഷമ, കരുണ ഒഴുകുവാൻ കഴിയൂ. ക്രിസ്തുവിന്റെ ഒരു നോട്ടം, ഒരു സ്പർശം…അത് മതി രൂപാന്തരത്തിന്റെ, ക്ഷമയുടെ പ്രസാദവരം നമ്മിലേക്കൊഴുകാൻ!

സ്നേഹമുള്ളവരേ, അൻപത് നോമ്പിന്റെ അഞ്ചാം ഞായറാഴ്ച്ച ഈശോ നമ്മെ, നമ്മുടെ മനഃസാക്ഷിയെ പിടിച്ചു കുലുക്കുകയാണ്. മുഖംമൂടികൾ വച്ചുകൊണ്ട്, കപട  സദാചാരത്തിൽ ജീവിക്കുവാൻ നമുക്കാകില്ല. വിശുദ്ധമായ ബന്ധങ്ങളെ വ്യഭിചാരിച്ചുകൊണ്ട് മുന്നോട്ട് പോകാൻ നമുക്കാകില്ല. നമ്മെ അപകീർത്തിപ്പെടുത്തുവാൻ വരുന്നവരുടെപോലും, നമ്മെ കെണിയിൽ കുടുക്കുവാൻ വരുന്നവരുടെപോലും മനസ്സിലെ മുറിപ്പെടുത്താതെ പെരുമാറുവാൻ നമുക്കാകണം. ആരെയും വിധിക്കാതെ, ബലഹീനരെ, പാപികളെ, തെറ്റിൽ വീഴുന്നവരെ കൈപിടിച്ചുയർത്താനും,

ചേർത്തുപിടിക്കാനും നമുക്കാകണം. വിശുദ്ധ യോഹന്നാൻ പറഞ്ഞതുപോലെ, ശിക്ഷിക്കാനല്ലോ രക്ഷിക്കാനല്ലേ ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്?! ആമേൻ!

SUNDAY SERMON MT 5, 27-32

നോമ്പുകാലം നാലാം ഞായർ

മത്തായി 5, 27-32

മനുഷ്യജീവിതത്തിന്റെ വ്യഭിചാര വഴികളെ ചൂണ്ടിക്കാണിച്ചുകൊണ്ട്, അൻപത് നോമ്പിന്റെ പുണ്യം നിറഞ്ഞ വഴികളെ ദൈവികമാക്കാൻ ഇന്നത്തെ സുവിശേഷം നമ്മെ വിശുദ്ധിയിലേക്ക് ക്ഷണിക്കുകയാണ്. ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്, കുരിശുമരണത്തിലൂടെ നമുക്ക് രക്ഷ നേടിത്തന്നത്, വിശുദ്ധ കുർബാനയിലൂടെ ഇന്നും നമ്മോടൊത്തു വസിക്കുന്നത്, നമ്മെ ശക്തിപ്പെടുത്തുന്നത് നമ്മെ വിശുദ്ധിയിലേക്ക് വിളിക്കുവാനാണ്, നമ്മെ വിശുദ്ധരാക്കുവാനാണ്. വിശുദ്ധ ബൈബിൾ നമുക്ക് വിശ്വാസത്തെക്കുറിച്ചും, ദൈവിക വെളിപാടുകളെക്കുറിച്ചുമെല്ലാം പറഞ്ഞു തരുന്നുണ്ടെങ്കിലും, വിശുദ്ധ പൗലോശ്ലീഹാ എഫേസോസുകാരോട് പറഞ്ഞതുപോലെ, ‘ദൈവത്തിന്റെ മുൻപാകെ എങ്ങനെ പരിശുദ്ധരായി, നിഷ്കളങ്കരായി ജീവിക്കാമെന്നാണ്’ വചനം നമ്മെ പഠിപ്പിക്കുന്നത്. വിശുദ്ധ കുർബാനയിലെ നാലാം പ്രണാമജപത്തിലും നാം ആഗ്രഹിച്ച്, പ്രാർത്ഥിക്കുന്നത് എന്താണ്? “… പരിശുദ്ധ കത്തോലിക്കാ സഭയുടെ സന്താനങ്ങളുമായ എല്ലാവർക്കുംവേണ്ടിയുള്ള നൈർമല്യവും വിശുദ്ധിയും ഞങ്ങളെ പഠിപ്പിച്ചെന്നും എല്ലാ മനുഷ്യരും അറിയട്ടെ” എന്നാണ്.

നോമ്പുകാലത്തിന്റെ ഈ നാലാം ഞായറാഴ്ച നാമെല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു എന്ന് ചിന്തിക്കുവാനും, വിശുദ്ധിയുടെ വഴിയിലൂടെ ജീവിക്കുവാൻ, അനുതാപത്തിലൂടെ ജീവിതനവീകരണത്തിലേക്ക് പ്രവേശിക്കുവാനും തിരുസഭ ആഗ്രഹിക്കുന്നു.

മനുഷ്യനും ദൈവവും തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലമാണ് വിശുദ്ധി. ലോകം പണിയപ്പെട്ടിരിക്കുന്നത് നാം കരുതുന്നപോലെ കല്ലും സിമന്റും വച്ചല്ല; ഭൗതികവാദ പ്രസ്ഥാനങ്ങൾ കരുതുന്നപോലെ, വർഗ്ഗസമരത്താലോ, വിപ്ലവം കൊണ്ടോ അല്ല. ലോകം പണിയപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ നന്മയെ പ്രകാശിപ്പിക്കുംവിധം മനുഷ്യനിലെ നന്മയും വിശുദ്ധിയും ചേർത്തുകെട്ടിയാണ്.

ഇന്നത്തെ വിശുദ്ധ കുർബാനയിലെ വായനകളെല്ലാം തന്നെ വിശുദ്ധിയെ പരാമർശിച്ചാണ് നിലകൊള്ളുന്നത്. ഒന്നാം വായന ഉത്പത്തി പുസ്തകത്തിലെ സോദോം ഗൊമോറയുടെ ധാർമിക പശ്ചാത്തലത്തിൽ നിന്നുള്ളതാണ്. മനുഷ്യനിൽ ദൈവം നിക്ഷേപിച്ചിട്ടുള്ള സ്നേഹം, നന്മ, വിശുദ്ധി വറ്റിപ്പോയാൽ, ശാരീരിക തൃഷ്ണകളാൽ ആസക്തരായാൽ വാതിൽ തപ്പി നടക്കുന്ന, വഴിതേടി നടക്കുന്ന വലിയ അന്ധതയിലേക്ക് മനുഷ്യൻ നിപതിക്കുമെന്ന, നമ്മെ ഭയപ്പെടുത്തുന്ന സന്ദേശമാണ് നാമിവിടെ കണ്ടുമുട്ടുന്നത്. രണ്ടാം വായന പഴയനിയമത്തിലെ വലിയൊരു ദുരന്തത്തെയാണ് വരച്ചുകാട്ടുന്നത്. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട, രാജാവായി അഭിഷിക്തനായ ദാവീദ് ലൈംഗിക ആസക്തിയാൽ അശുദ്ധിയിലേക്ക്, തിന്മയിലേക്ക് തലകുത്തി വീഴുന്ന സംഭവം ഒരുൾക്കിടിടലത്തോടെയല്ലാതെ നമുക്ക് ധ്യാനിക്കാൻ കഴിയില്ല! ഇവിടെയും, തൃഷ്ണകളുടെ, രതിയുടെ, അശുദ്ധിയുടെ, മനുഷ്യനിലെ ദൈവികത മരിക്കുന്നതിന്റെ ഫലമായുണ്ടാകുന്നവ നിലനിൽക്കുകയില്ലെന്ന് മാത്രമല്ല, ബാല്യത്തിലേ ഇല്ലാതാകുമെന്നുള്ള സന്ദേശമാണ് നാം കാണുന്നത്. നാഥാൻ പ്രവാചകൻ പറയുന്നത് കേൾക്കുക: “കർത്താവ് നിന്റെ പാപം ക്ഷമിച്ചിരിക്കുന്നു. നീ മരിക്കുകയില്ല. എങ്കിലും, പ്രവർത്തികൊണ്ട് നീ കർത്താവിനെ അവഹേളിച്ചതിനാൽ നിന്റെ കുഞ്ഞ് മരിച്ചുപോകും.” മനുഷ്യൻ അശുദ്ധികൊണ്ട് നേടുന്നതൊന്നും നിലനിൽക്കുകയില്ല.

നാം വായിച്ചുകേട്ട ലേഖനഭാഗത്ത് വിശുദ്ധ പൗലോശ്ലീഹാ വിശുദ്ധിയെ വിവിധ ഭാവങ്ങളിൽ അവതരിപ്പിക്കുകയാണ്. പരിശുദ്ധ ഹൃദയത്തോടെ കർത്താവിനെ വിളിക്കുന്നത്, നീതി പ്രവർത്തിക്കുന്നത്, സ്നേഹം, വിശ്വാസം, സമാധാനം എന്നിവ ലക്ഷ്യംവയ്ക്കുന്നത് സൗമ്യതയോടെ, ക്ഷമാശീലത്തോടെ വർത്തിക്കുന്നത് എല്ലാം വിശുദ്ധിയാണ് അദ്ദേഹത്തിന്. യുവസഹജമായ വ്യാമോഹങ്ങളും, മൂഢവും, ബാലിശവുമായ വാദപ്രതിവാദങ്ങൾ, കലഹിക്കൽ തുടങ്ങിയവയാകട്ടെ അശുദ്ധിയായാണ് പൗലോശ്ലീഹാ കാണുന്നത്.

സുവിശേഷത്തിലേക്ക് വരുമ്പോൾ ഈശോ വിശുദ്ധിക്ക് പുതിയൊരു ഭാഷ്യം, അർഥം നൽകുന്നുണ്ട്. ഈശോയുടെ വീക്ഷണത്തിൽ വിശുദ്ധി എന്നത് ശരിയായ ചര്യകളിലൂടെ, പ്രവൃത്തികളിലൂടെ  മുന്നോട്ട് പോകുന്നതാണ്. ചര്യ എന്നാൽ മര്യാദ എന്ന് അർത്ഥമുണ്ട്. ശരിയായ മര്യാദകളിൽ നിന്ന് വ്യതിചലിക്കുന്നത് (Deviate) പാപമാണ്, വ്യഭിചാരമാണ്, അശുദ്ധിയാണ്. ഈശോ പറയുന്ന ഉദാഹരണം ലൈംഗിക ആസക്തിയുമായി ബന്ധപ്പെട്ടതാണ്. അവിടെ, ആസക്തിയോടെ, തിന്മനിറഞ്ഞ മനസ്സോടെ സ്ത്രീയെ നോക്കുന്നതുപോലും, അങ്ങനെ ചിന്തിക്കുന്നതുപോലും തെറ്റായിട്ടാണ് ഈശോ പറയുന്നത്.  എന്നുവച്ചാൽ, നീ കണ്ടുമുട്ടുന്ന മനുഷ്യരെയും, വസ്തുക്കളെയും, വെറും ഭോഗവസ്തുക്കളായി നീ കണ്ടാൽ, മനസ്സിൽ വിചാരിച്ചാൽ, നീ കണ്ടുമുട്ടുന്ന മനുഷ്യരെയും, വസ്തുക്കളെയും നിന്റെ സുഖത്തിനായി മാത്രം,നിന്റെ  സംതൃപ്തിക്കായി മാത്രം, ഉപയോഗിച്ചാൽ, അങ്ങനെ നീ മനസ്സിൽ ചിന്തിച്ചാൽ നീ  അശുദ്ധനായി. അങ്ങനെ നിന്നെ അശുദ്ധനാക്കാൻ നിന്റെ കണ്ണ് കാരണമാകുന്നുണ്ടെങ്കിൽ, കൈകൾ കാരണമാകുന്നുണ്ടെങ്കിൽ, കാലുകൾ കാരണമാകുന്നുണ്ടെങ്കിൽ. ഈ അവയവങ്ങൾ ഇല്ലാത്തവരെപ്പോലെ ജീവിക്കണം. അശുദ്ധി അല്ല, വിശുദ്ധി ആയിരിക്കണം നിങ്ങളുടെ പ്രവൃത്തികളുടെ മാനദണ്ഡം, അളവുകോൽ.

അതുകൊണ്ടാണ് ഈശോ പറയുന്നത്, ആസക്തിയോടെ ഒരു സ്ത്രീയെ, പുരുഷനെ നീ നോക്കിയാൽ, അത് മതി, നീ ഹൃദയത്തിൽ വ്യഭിചാരം ചെയ്തുകഴിഞ്ഞു. ഇത് ലൈംഗികതയെ ക്കുറിച്ച് മാത്രമല്ല ഈശോ പറയുന്നത്. നീ നിന്റെ സ്വന്തം സുഖത്തിനായി ആസക്തിയോടെ എന്ത് ആഗ്രഹിച്ചാലും അത് വ്യഭിചാരമാകുന്നു. മര്യാദയില്ലാത്ത പ്രവൃത്തിയാകുന്നു. കാരണം, അത് നിന്നിലെ ദൈവസ്നേഹത്തിന് എതിരാകുന്നു. സ്‌നേഹിക്കുമ്പോൾ നാം, ഖലീൽജിബ്രാൻ പറയുന്നപോലെ, ദൈവത്തിന്റെ ഹൃദയത്തിലാണ്. അപ്പോൾ നമ്മുടെ സ്നേഹത്തിന്റെ ഗതിയെ നിയന്ത്രിക്കുന്നത് ദൈവമായിരിക്കും. അപ്പോൾ നമ്മുടെ പ്രവൃത്തികൾ വിശുദ്ധമായിരിക്കും.

നാം ഈ ലോകത്തിലാണ് ജീവിക്കുന്നതെങ്കിലും, ഈ ലോകത്തിന്റെ തൃഷ്ണകൾക്കും, ആസക്തികൾക്കും ഉപരിയായി നിൽക്കുവാൻ നമുക്കാകണം. ഈ ലോകത്തിന്റെ സമ്പത്തിനും ഉപരിയായി നമ്മുടെ ചിന്തകളെ ഉയർത്തി നിർത്തുവാൻ നമുക്കാകണം. നമ്മുടെ ജീവിതാന്തസ്സിന്റെ വിശുദ്ധിയെ നശിപ്പിക്കുന്ന എല്ലാറ്റിനും മുകളിലായി നമ്മുടെ ജീവിതത്തെ പ്രതിഷ്ഠിക്കുവാൻ നമുക്കാകണം. അപ്പോൾ നാം നമ്മെ വ്യഭിചാരത്തിന് വിട്ടുകൊടുക്കുകയില്ല. നിയമങ്ങളെക്കാൾ നമ്മുടെ ജീവിത വിശുദ്ധി ഉയർന്നു നിൽക്കണം.

ഡച്ച് ചിത്രകാരനായ വിൻസെന്റ് വാൻഗോഗ് (Vincent Van Gogh) ഒരിക്കൽ മനോഹരമായ ഒരു ചിത്രം വരച്ചു. ഭൂമിയിലെ ഏറ്റവും സുന്ദരമായ നാടായ ലെബനോനിലെ ദേവദാരുക്കളെയാണ് അദ്ദേഹം വരച്ചത്. തന്റെ ചിത്രത്തിൽ നക്ഷത്രങ്ങൾക്കും അപ്പുറം ഉയർന്നു നിൽക്കുന്ന ദേവദാരു മരങ്ങളെയാണ് വരച്ചത്. ചിത്രം ആളുകൾക്ക് കാണാനായി പ്രദർശിപ്പിച്ചപ്പോൾ, അവിടെയുണ്ടായിരുന്ന ചിത്രകാരന്മാർ പറഞ്ഞു: “ദേ, ഇയാൾക്ക് ഭ്രാന്താണ്. ദൂരെയുള്ള നക്ഷത്രങ്ങൾക്ക് മുകളിൽ വളരുന്ന മരങ്ങൾ നിങ്ങൾ എവിടെയാണ് കണ്ടിട്ടുള്ളത്?” വാൻഗോഗ് പറഞ്ഞു: “ഞാനും അങ്ങനെയുള്ള ദേവദാരു മരങ്ങളെ കണ്ടിട്ടില്ല. എന്നാൽ, ആ മരങ്ങൾക്കടിയിലിരുന്നപ്പോൾ അവരുടെ ആഗ്രഹം അവർ തമ്മിൽ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

സ്നേഹമുള്ളവരേ, ഈ ലോകത്തിലുള്ളവ നമ്മുടെ കണ്ണുകൾക്ക് സുന്ദരമായ നക്ഷത്രങ്ങളായിരിക്കാം; ഈ ലോകത്തിലെ ശബ്ദങ്ങൾ നമ്മുടെ കാതുകൾക്ക് സുന്ദരമായ നക്ഷത്രങ്ങൾ ആയിരിക്കാം. ഈ ലോകത്തിലെ സുഖങ്ങൾ ഇരുകൈകളും നീട്ടി ആലിംഗനം ചെയ്യാൻ തോന്നുന്ന മനോഹരങ്ങളായ നക്ഷത്രങ്ങളായിരിക്കാം. പക്‌ഷേ, അവയോടൊത്ത് രമിക്കാനല്ല, അവയോടൊത്ത് ചിന്തയിൽപോലും വ്യഭിചാരിക്കാനല്ല, അവയ്ക്ക് മുകളിലേക്ക് വളരുവാനാണ് ഈശോ നമ്മെ ക്ഷണിക്കുന്നത്. സ്നേഹം കച്ചവടമല്ല. പക്‌ഷേ, മനുഷ്യൻ സ്നേഹത്തെ കച്ചവടമാക്കി മാറ്റിയിരിക്കുന്നു!!

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷ സന്ദേശം മനസിലാക്കാൻ രണ്ട് കാര്യങ്ങൾ നാം അറിഞ്ഞിരിക്കണം. ഒന്ന്, വിശുദ്ധി എന്നത് ലൈംഗികതയെ മാത്രം ആശ്രയിച്ചല്ല നിലകൊള്ളുന്നത്. രണ്ട്, വിശുദ്ധി എന്നത് മനുഷ്യ ശരീരത്തോട് മാത്രം, മനുഷ്യ ബന്ധങ്ങളോട് മാത്രം ബന്ധപ്പെട്ട് നിൽക്കുന്ന ഒന്നല്ല. ഈ പ്രപഞ്ചവും, അതിലുള്ളതെല്ലാം ദൈവത്തിന്റെ വിശുദ്ധിയിൽ പങ്കുപറ്റുന്നവയാണ്.

വിശുദ്ധ മദർ തെരേസ (St. Mother Teresa) പറയുന്നത്, വിശുദ്ധി എന്നത് ജീവിതത്തെ ദൈവത്തിന്റെ ഇഷ്ടമായി സ്വീകരിക്കുക, അതിനനുസരിച്ച് ജീവിക്കുക എന്നതാണ്. ദൈവം നമുക്ക് തന്റെ വിശുദ്ധി സമ്മാനിക്കുമ്പോൾ, നാം എന്തിനാണ് ധനവും, ലോകവസ്തുക്കളും തേടിപോകുന്നത്? ദൈവം നമുക്ക് മഹത്വം, മൂല്യം നൽകുമ്പോൾ, നാം എന്തിനാണ് കീർത്തിയും, അധികാരവും തേടിപോകുന്നത്? ദൈവം നമുക്ക് അനശ്വരമായ സ്വർഗം നൽകുമ്പോൾ, നാമെന്തിനാണ് നശ്വരമായ ഈ ലോകം തേടിപ്പോകുന്നത്? വിശുദ്ധി എന്നത് നമ്മിലുള്ള ദൈവത്തിന്റെ സ്നേഹസാന്നിധ്യമാണ്. വിശുദ്ധി എന്നത് നമ്മിലെ നന്മയാണ്.

പ്രപഞ്ചത്തിന് വിശുദ്ധിയുണ്ട്. അത് ഈ പ്രപഞ്ചത്തിലുള്ളവയുടെയെല്ലാം വിശുദ്ധിയാണ്. മനുഷ്യൻ പ്രപഞ്ചത്തെ ഒരു ഉപഭോഗ വസ്തുവായി കാണുമ്പോൾ, അതിനനുസരിച്ച് പ്രകൃതിയെ ദുരുപയോഗിക്കുമ്പോൾ അതിന്റെ വിശുദ്ധി അപ്രത്യക്ഷമാകുകയാണ്. നാം മാലിന്യം വലിച്ചെറിയുമ്പോഴും, വനം നശിപ്പിക്കുമ്പോഴും, എൻഡോസൾഫാൻ ഉപയോഗിക്കുമ്പോഴും പ്രകൃതിയുടെ വിശുദ്ധി നശിക്കുകയുകയാണ്. മനുഷ്യനിലെ അശുദ്ധികൊണ്ട് പ്രകൃതി നിറയുകയാണ്.

നമ്മുടെ കുടുംബങ്ങൾക്കുമുണ്ട് വിശുദ്ധി. നമ്മുടെ കുടുംബങ്ങളുടെ വിശുദ്ധി എന്നത് മാതാപിതാക്കളുടെ, മക്കളുടെ കുടുംബത്തിലെ എല്ലാവരുടെയും ഹൃദയവിശുദ്ധിയുടെ പ്രകടനമാണ്, പ്രതിഫലനമാണ്. അത് മാതാപിതാക്കളുടെ ദാമ്പത്യസ്നേഹത്തിന്റെ വിശുദ്ധിയാകാം, ദാമ്പത്യബന്ധത്തിന്റെ വിശുദ്ധിയാകാം, കുടുംബത്തിനുവേണ്ടിയുള്ള സമർപ്പണത്തിന്റെ വിശുദ്ധിയാകാം, മക്കളുടെ നന്മനിറഞ്ഞ ജീവിതത്തിന്റെ വിശുദ്ധിയാകാം, അനുസരണത്തിന്റെ, ബഹുമാനത്തിന്റെ ഒക്കെ വിശുദ്ധിയാകാം. നമ്മുടെ ക്രൈസ്തവ കുടുംബങ്ങളുടെ വിശുദ്ധി കാത്തുസൂക്ഷിക്കുവാൻ കടമയുണ്ടെന്ന് ഇന്നത്തെ സുവിശേഷം പ്രത്യേകം നമ്മെ ഓർമിപ്പിക്കുന്നുണ്ട്.  ഈ വിശുദ്ധിയുടെ പ്രകടനമായിട്ടാകണം നമ്മുടെ കുടുംബത്തിലെ എല്ലാ പ്രവർത്തനങ്ങളും നടക്കുവാൻ. മാതാപിതാക്കളെ അനുസരിക്കാത്ത മക്കളുണ്ടെങ്കിൽ, കുടുംബപ്രാർത്ഥനയില്ലാത്ത കുടുംബങ്ങളുണ്ടെങ്കിൽ ഓർക്കുക നമ്മുടെ കുടുംബങ്ങൾ അശുദ്ധിയിലാണ്. അപ്പോൾ ഭീഷ്മപർവം മുതലായ സിനിമകൾ നമ്മുടെ ക്രൈസ്തവ കുടുംബങ്ങളെ സിനിമയിൽ ആവിഷ്കരിക്കുന്നതും അതുപോലെയാകും. അങ്ങനെയല്ലെങ്കിലും, നമ്മുടെ കുടുംബങ്ങളിലെ വിശുദ്ധിയെ തകർക്കുവാൻ മനഃപൂർവം സിനിമകളിൽ വിശുദ്ധിയില്ലാത്ത ക്രൈസ്തവകുടുംബങ്ങളെ കാണിക്കുവാൻ ചിലർ ശ്രമിക്കും.

നാം ജീവിക്കുന്ന സമൂഹത്തിനും വിശുദ്ധിയുണ്ട്. രാജ്യങ്ങൾ തമ്മിൽ സമാധാനത്തിലും സഹവർത്തിത്വത്തിലും ജീവിക്കുമ്പോൾ, മനുഷ്യർ പരസ്പരം സ്‌നേഹിക്കുമ്പോൾ, സഹായിക്കുമ്പോൾ, വളർത്തുമ്പോൾ സമൂഹത്തിന്റെ വിശുദ്ധിയാണത്. എന്നാൽ, യുദ്ധങ്ങൾ സമൂഹത്തിന്റെ വിശുദ്ധിയെ നഷ്ടപ്പെടുത്തുന്നു. യുക്രയിൻ-റഷ്യ യുദ്ധം, യമനിൽ നടക്കുന്ന നരഹത്യകൾ, പിന്നെ നമുക്കറിയാത്ത യുദ്ധങ്ങളും സമൂഹത്തെ അശുദ്ധമാക്കുന്നു. യുദ്ധമുണ്ടാകുമ്പോൾ ആദ്യം മരിക്കുന്നത് സമൂഹത്തിന്റെ വിശുദ്ധിയാണ്. വെട്ടിപ്പിടിക്കുവാനും, അയൽരാജ്യങ്ങളെ ശത്രുക്കളായിക്കണ്ട് ആക്രമിക്കുവാനും, സ്വന്തം അഹന്തയെ തൃപ്തിപ്പെടുത്തുവാൻ അപരന്റെമേൽ ബോംബിടാനും തുടങ്ങിയാൽ അശുദ്ധിയുടെ കൂമ്പാരമായിത്തീരും മാനവസമൂഹം! വർഗീയതയുടെ പേരിൽ സമൂഹങ്ങളെ ഒറ്റപ്പെടുത്തുമ്പോൾ, വ്യക്തികൾക്ക്, സമൂഹങ്ങൾക്ക് നീതി നിഷേധിക്കുമ്പോൾ, അഴിമതിയും, അസമത്വവും അഴിഞ്ഞാടുമ്പോൾ, സമൂഹത്തിന്റെ വിശുദ്ധി നഷ്ടപ്പെടുകയാണ്. സ്നേഹത്തിനുവേണ്ടി, ഭക്ഷണത്തിനുവേണ്ടി, മക്കൾ കാത്തിരിക്കുമ്പോൾ സമൂഹത്തിന്റെ വിശുദ്ധി നഷ്ടപ്പെടുകയാണ്.  എവിടെയെല്ലാം മനുഷ്യൻ വേദനിക്കുന്നുണ്ടോ, എവിടെയെല്ലാം മനുഷ്യൻ ആൾക്കൂട്ടക്കൊലപാതകത്തിൽപെടുന്നുവോ അവിടെയെല്ലാം സമൂഹത്തിന്റെ വിശുദ്ധി നഷ്ടപ്പെടുകയാണ്. സ്നേഹത്തെ നാം ജീവനോടെ കുഴിച്ചുമൂടുമ്പോൾ, മറവിയെ അതിനുമേൽ പുല്ലുപോലെ വളർത്തുമ്പോൾ സമൂഹത്തിന്റെ വിശുദ്ധി നഷ്ടപ്പെടുകയാണ്.

തിരുസ്സഭയ്ക്കും വിശുദ്ധിയുണ്ട്. നമ്മുടെ സീറോ മലബാർ സഭയ്ക്കും വിശുദ്ധിയുണ്ട്. ആ വിശുദ്ധിയെ നഷ്ടപ്പെടുത്തുന്ന പ്രവൃത്തികൾ, മനോഭാവങ്ങൾ ഒരിക്കലും സഭാമക്കളിൽ നിന്ന് ഉണ്ടാകരുത്.

മനുഷ്യ ബന്ധങ്ങൾക്കുമുണ്ട് വിശുദ്ധി. സൗഹൃദങ്ങളിൽ വിശുദ്ധിയുണ്ട്. മനുഷ്യന്റെ എല്ലാകാര്യങ്ങളിലും വ്യാപിച്ചു നിൽക്കുന്ന മനോഹരമായ ദൈവികാംശമാണ് വിശുദ്ധി. നമ്മുടെ സംഗീതത്തിന്, നൃത്തത്തിന്, നമ്മുടെ വസ്ത്രധാരണത്തിന് എല്ലാം വിശുദ്ധിയുണ്ട്.

സ്നേഹമുള്ളവരേ, വിശുദ്ധിയുടെ മഹത്തായ ഇടങ്ങളിലേക്ക് വിശുദ്ധിയെക്കുറിച്ചുള്ള ഈ ധ്യാനം നമ്മെ നയിക്കട്ടെ.  ആമേൻ!