SUNDAY SERMON GOOD FRIDAY 2024

ദുഃഖവെള്ളി 2024

ക്രൂശിതനായ ക്രിസ്തുവിൽ വിശ്വസിക്കുന്ന സ്നേഹമുള്ള മാതാപിതാക്കളെ, സഹോദരീ സഹോദരന്മാരേ,

“ഏൽ ഏൽ ലമാ സബക്താനി! എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു എന്ന്, ആകാശത്തിനും ഭൂമിയ്ക്കും മദ്ധ്യേ കുരിശിൽ കിടന്നുകൊണ്ട് ലോകരക്ഷകനായി വന്ന ക്രിസ്തു കരഞ്ഞതിന്റെ അലയൊലികൾ നമ്മെ അസ്വസ്ഥമാക്കുന്ന ഒരു ദുഃഖവെള്ളിയാഴ്ച്ചകൂടി നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകുകയാണ്. സഹനത്തിന്റെ ശൂലമുനയിൽ കയറി, മനുഷ്യജീവിതത്തിലെ സഹനങ്ങളെ ക്രിസ്തു രക്ഷാകരമാക്കിയെങ്കിലും, സഹനങ്ങൾക്ക് പുതിയ അർഥം നൽകിയെങ്കിലും, ഇന്നും, സഹനങ്ങൾക്ക്, ദൈവമേ എന്നെ ഉപേക്ഷിച്ചോ എന്ന കരച്ചിലിന് ഒരു പഞ്ഞവുമില്ല. അന്ന് രണ്ടായിരത്തിനുമേറെ വർഷങ്ങൾക്ക് മുൻപേ കുരിശുമരണത്തിലൂടെ സഹനങ്ങളെ ക്രിസ്തു രക്ഷാകരമാക്കി. ഇന്ന് നമ്മൾ ക്രൈസ്തവരിലൂടെ, ക്രൈസ്തവരെ വേട്ടയാടുന്ന തീവ്ര വാദികളിലൂടെ, ക്രൈസ്തവമുക്ത ഭാരതം സ്വപ്നം കാണുന്നവരിലൂടെ ക്രിസ്തുവിന്റെ പീഡാനുഭവവും ക്രൂശുമരണവും തുടർക്കഥകളാകുമ്പോൾ, ക്രൈസ്തവസമൂഹത്തെ ജിഹാദുകളിലൂടെ ഇല്ലാതാക്കുവാൻ ക്രിസ്തുവിന്റെ ശത്രുക്കൾ ശ്രമിക്കുമ്പോൾ ജീവിതസഹനങ്ങളെ ദൈവകൃപകളാക്കിക്കൊണ്ട്, ജീവിതത്തിലെ കുരിശിന്റെ വഴികളിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ജീവിക്കുവാൻ തീരുമാനമെടുത്തുകൊണ്ട് ഈ ദുഖവെള്ളിയാഴ്ച്ച ആചരിക്കുവാൻ ക്രിസ്തു നമ്മോട് ആവശ്യപ്പെടുകയാണ്.

ഈശോമിശിഹായുടെ പീഡാസഹനവും മരണവുമാണ് നാമിന്ന് ധ്യാനവിഷയമാക്കുക. ഇസ്രായേൽ ജനത്തിന് വരാനിരിക്കുന്ന മിശിഹായെക്കുറിച്ച് രണ്ട് തരത്തിലുള്ള സങ്കല്പങ്ങളുണ്ടായിരുന്നു. ഒന്ന്, രാജകീയ മിശിഹാ. സാമുവേൽ പ്രവാചകന്റെ രണ്ടാം പുസ്തകം, ഏഴാം അദ്ധ്യായം ഒന്നുമുതൽ പതിനേഴുവരെയുള്ള വാക്കുകളിൽ നഥാൻ പ്രവാചകൻ, ദാവീദിന്റെ ഗോത്രത്തിൽപ്പെട്ട പ്രതാപവനായ ഒരു രാജാവായിരിക്കും മിശിഹായെന്ന് പ്രവചനം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെയാണ്, ഇസ്രായേൽ ജനം പലപ്പോഴും ഈശോയുടെ പരസ്യജീവിതകാലത്ത് അവിടുത്തെ രാജാവാക്കുവാൻ ശ്രമിക്കുന്നത്.

മറ്റൊന്ന്, സഹിക്കുന്ന ദാസനാണ് മിശിഹാ എന്നതാണ്. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ 42, 49, 50, 53 അദ്ധ്യായങ്ങളിലായി സഹിക്കുന്ന ദാസനെക്കുറിച്ച് പറയുന്നുണ്ട്. “അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. നമ്മുടെ വേദനകളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവൻ ചുമന്നത്. അവൻ മുറിവേൽപ്പിക്കപ്പെട്ടു, ക്ഷതമേല്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷനൽകി. അവന്റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു.” ബി സി എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഏശയ്യാ പ്രവാചകൻ പറഞ്ഞത് സഹിക്കുന്ന ക്രിസ്തുവിൽ പൂർത്തിയാകുകയാണ്. സഹനത്തിലൂടെ രക്ഷനേടിത്തന്ന, സ്നേഹം ത്യാഗമാണെന്നും, ത്യാഗം സഹനമാണെന്നും, സഹനം രക്ഷയാണെന്നും പ്രഖ്യാപിച്ച ക്രിസ്തുവിനുള്ള ശാശ്വത സ്മാരകമാണ് ദുഃഖവെള്ളി!

സ്നേഹമുള്ള ക്രൈസ്തവരേ, ദുഃഖവെള്ളിയാഴ്ച്ചകൾ ക്രിസ്തുവിന്റെ സഹനത്തിന്റെ മഹത്വം മനസ്സിലാക്കാനുള്ളതാണ്. ദുഃഖവെള്ളിയാഴ്ചയിൽ ക്രിസ്തുവിന്റെ രക്ഷാകരമായ പീഡാസഹനങ്ങളിലൂടെ, അവയെക്കുറിച്ചുള്ള ധ്യാനത്തിലൂടെ നാം കടന്നുപോകുമ്പോൾ, നമ്മുടെ സഹനങ്ങളെ രക്ഷാകരമാക്കുവാൻ എന്തുചെയ്യണമെന്ന് ക്രിസ്തുവിൽ നിന്ന് നാം പഠിക്കണം. അതോടൊപ്പം, അവനെ സഹനത്തിലേക്ക് നയിച്ച അന്യായമായ ആ ന്യായ വിധിയെക്കുറിച്ച് നാം അറിയണം.

പീലാത്തോസിന്റെ അരമന മുറ്റം. കുറ്റമില്ലാത്തവൻ കുറ്റക്കാരനായി വിധിക്കപ്പെട്ടു. ജനം മുഴുവൻ ആക്രോശിച്ചപ്പോഴും, നീതിപീഠം കുറ്റം വിധിച്ചപ്പോഴും മനുഷ്യരക്ഷയ്ക്കുവേണ്ടി മനുഷ്യനായിപ്പിറന്നവൻ മൗനിയായിരുന്നു. ചെമന്ന മേലങ്കിയും ധരിച്ചപ്പോഴും, സ്ഥാനമുറപ്പിക്കുവാൻ വേണ്ടി നീതിയെ പണയപ്പെടുത്തിയ പീലാത്തോസ് ക്രിസ്തുവിനെ നോക്കി “ഇതാ മനുഷ്യൻ” എന്ന് പറഞ്ഞപ്പോഴും ക്രിസ്തു അക്ഷ്യോഭ്യനായി നിൽക്കുകയാണ്. പ്രിയപ്പെട്ടവരേ, ആരാണവൻ! സത്രത്തിപോലും സ്ഥലം ലഭിക്കാഞ്ഞ്, കാലിത്തൊഴുത്തിൽ പിറന്നവനാണവൻ! പ്രഭുക്കന്മാരെയും, നിയമജ്ഞ-ഫരിസേയ കൂട്ടുകെട്ടുകളെയും വിട്ട് അക്ഷരാഭ്യാസമില്ലാത്ത മുക്കുവരെ തന്റെ ശിഷ്യരാക്കിയവനാണവൻ! വേലക്കാരൻ കൂലിക്കർഹനാനും പറഞ്ഞ് ലോകചരിത്രത്തിലാദ്യമായി തൊഴിലാളികളോട് പക്ഷം ചേർന്നവനാണവൻ! വിധവയുടെ ചില്ലിക്കാശിന് മൂല്യം കല്പിച്ചതും, ഹേറോദോസിനെ കുറുക്കായെന്ന് വിളിച്ചാക്ഷേപിച്ചതും ഇവാൻ തന്നെ. ഇവനാണ് മീനിന്റെ ഉളുമ്പുനാറ്റം തികട്ടിവരുന്ന തോണിയുടെ അമരത്തും, മുക്കുവക്കുടിലുകളിലും അന്തിയുറങ്ങിയവൻ! ഇവനാണ് ചുംബനത്തിലൂടെ ഒറ്റിക്കൊടുക്കുവാൻ വന്ന യൂദാസിന് കവിൾത്തടം കാണിച്ചുകൊടുത്തത്. ഇവൻ തന്നെയാണ് സെഹിയോൻ ശാലയിൽ ലോകത്തിനുവേണ്ടി തന്നെത്തന്നെ പകുത്തു നൽകിയത്!

ഈ ക്രിസ്തുവിനെയാണ് പീലാത്തോസിന്റെ അരമനമുറ്റത്തുവച്ച് തങ്ങളുടെ വളർച്ചയ്ക്ക് ഇവൻ ഭീഷണിയാകുമെന്നറിഞ്ഞ് പുരോഹിത പ്രമുഖന്മാരും, നിയമജ്ഞ-ഫരിസേയ കൂട്ടുകെട്ടും കൂടി ചതിയിൽ കൊല്ലുവാൻ ശമിച്ചത്.

കാരണം, ഞാഞ്ഞൂലിന് പോലും ഗ്രഹണസമയത്ത് വിഷമുണ്ടാകുമല്ലോ. ആശാരി യൗസേപ്പിന്റെയും ആശാരിച്ചി മറിയത്തിന്റെയും മകനെ, ഈ തച്ചനെ ഇങ്ങനെവിട്ടാൽ ശരിയാകില്ലെന്ന് അവരുറപ്പിച്ചു. നീതിന്യായ കോടതികളെ പിൻവാതിലിലൂടെ സ്വാധീനിച്ച് അവർ അവനെ കുരിശിൽ തറച്ചു കൊല്ലുവാനുള്ള വിധി നേടിയെടുത്തു. അങ്ങനെയാണ് തന്നേക്കാൾ ഭാരമുള്ള കുറിച്ചും വഹിച്ചുകൊണ്ട്, നഗ്നപാദനായി ഈശോ കാൽവരി കയറിയത്. അവിടെ കാൽവരിയിൽ ആകാശത്തിനും ഭൂമിക്കും മദ്ധ്യേ, കുരിശിൽ കിടന്നുകൊണ്ട് “പിതാവേ, ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേ” എന്ന വിശ്വ സാഹോദര്യത്തിന്റെ മന്ത്രധ്വനി മുഴക്കിയത്. എന്നിട്ട്, “പിതാവേ, നിന്റെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” എന്നും പറഞ്ഞ് പ്രാണൻ വെടിഞ്ഞത്.

സ്നേഹമുള്ളവരേ, ദുഃഖവെള്ളിയാഴ്ച്ചകൾ സഹനസംസ്കാരത്തിലേക്ക് വളരാനുള്ള ക്രിസ്തുവിന്റെ ആഹ്വാനമാണ്. ക്രിസ്തുവിനെ അറിയാൻ നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഗത്സമെനിയുടെ, കാൽവരിയുടെ സഹനത്തിന്റെ സന്ദേശം നാം സ്വീകരിക്കണം. എന്തിന്, ക്രിസ്തുവിനെ അറിയാനുള്ള അളവുകോൽ മറ്റൊന്നല്ല അത് സഹനമാണ്. ലോകത്തിന്റെ അളവുകോൽ അനുസരിച്ച് മനസ്സിലാക്കുവാൻ സാധിക്കുന്ന ഒരാളല്ല ക്രിസ്തു. ലോകത്തിന്റെ മാനദണ്ഡങ്ങൾ വച്ച് ഈശോയുടെ അടുത്തുചെന്നാൽ നമുക്ക് ക്രിസ്തുവിന്റെ നിറമെന്താണെന്ന്, രുചിയെന്താണെന്ന്, അറിയുവാൻ, മനസ്സെന്താണെന്ന്, നോട്ടത്തിന്റെ അർത്ഥമെന്താണെന്ന്, പുഞ്ചിരിയുടെ പൊരുളെന്താണെന്ന് വായിച്ചെടുക്കുവാൻ ആകില്ല. ക്രിസ്തുവിനെ മനസ്സിലാക്കുവാൻ, അറിയുവാൻ, അവിടുത്തെ രക്ഷയിൽ പങ്കുപറ്റുവാൻ ആഗ്രഹിക്കുന്നവന് സ്വർഗം നൽകുന്ന അളവുകോൽ എന്താണ്?  സഹനം. ആരെങ്കിലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്താതെ ക്രിസ്തുവിനെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആരെങ്കിലും ക്രിസ്തുവിനുവേണ്ടി, സുവിശേഷത്തിനുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവൾക്കു /അവന് സ്വർഗം കൊടുക്കുന്ന അടയാളം എന്താണ്?  സഹനം. ആരെങ്കിലും ലോകത്തിന് പുറകെ പോകാതെ, ക്രിസ്തുവിനെ നേടുവാൻ സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നുണ്ടെങ്കിൽ അവൾക്ക് / അവന് ദൈവം നൽകുന്ന ഉത്തരം എന്താണ്? സഹനം. ആരെങ്കിലും ദൈവമഹത്വത്തിനുവേണ്ടി, കുടുംബത്തിന്റെ, മക്കളുടെ നന്മയ്ക്കുവേണ്ടി ആത്മാർത്ഥമായി ജീവിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവൾക്ക്/ അവന് ക്രിസ്തു വച്ചുനീട്ടുന്ന offer എന്താണ്? സഹനം. ക്രിസ്തുവിന്റെ സഹന സംസ്കാരത്തിലൂടെയല്ലാതെ ക്രിസ്തുവിനെ നേടുവാൻ ആർക്കും സാധിക്കുകയില്ല. സഹനത്തിലാണ് രക്ഷ! സഹനത്തിലൂടെ, കുരിശിലൂടെ, കുരിശുമരണത്തിലൂടെയാണ് രക്ഷ!

ക്രൈസ്തവജീവിതത്തിൽ ജീവിതവിജയം നേടുന്നതിന്, നന്മയിൽ ജീവിക്കുന്നതിന്, ജീവിതസന്തോഷത്തിലേക്കും, സംതൃപ്തിയിലേക്കും പ്രവേശിക്കുന്നതിന് ക്രിസ്തു കാണിച്ചു തരുന്ന മാർഗം സഹനത്തിന്റേതാണ്. ഓർക്കണം, ആർഭാടത്തിന്റെയും, ആഘോഷത്തിന്റെയും ജീവിതം നയിച്ചിരുന്ന ക്രൈസ്തവരുടെ മുന്പിലേക്കല്ല, ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട ക്രൈസ്തവരുടെ മുന്പിലേക്കാണ് ശ്ലീഹന്മാർ ക്രിസ്തുവിന്റെ ഈ സന്ദേശം വച്ചുനീട്ടിയത്. അവരിൽ ചിലരെങ്കിലും നമ്മെപ്പോലെ തന്നെ ചോദിച്ചു കാണും, അല്ലെങ്കിൽ ചിന്തിച്ചുകാണും. ക്രിസ്തു ദൈവമായിരുന്നിട്ടും, ആ ദൈവത്തിൽ വിശ്വസിക്കുന്ന ഞങ്ങളെ ഈ സഹനങ്ങളിൽ നിന്ന് രക്ഷിക്കാത്തതെന്ത്? എന്തുകൊണ്ടാണ് ജീവിതത്തിൽ ഇത്രമാത്രം സഹനം ഉണ്ടാകുന്നത്? പ്രാർത്ഥനയിൽ, വിശുദ്ധിയിൽ, അയൽക്കാരനോടുള്ള സ്നേഹത്തിൽ വളരുമ്പോഴും സഹനത്തിന് യാതൊരു കുറവും ഇല്ലാത്തതെന്ത്? ഒന്നിന് പുറകെ ഒന്നായി സഹനങ്ങൾ ഓട്ടോറിക്ഷയിലല്ല, ട്രെയിനിലാണ് വരുന്നത്! എവിടെ ദൈവം? മനുഷ്യനെ സ്നേഹിക്കുന്ന ദൈവം?

ഒരിക്കൽ ഒരാൾ തന്റെ കൂട്ടുകാരുടെ കൂടെ ഒരു കപ്പൽ യാത്ര പ്ലാൻ ചെയ്തു. ഏറെ നാളത്തെ ആഗ്രഹമായിരുന്നതുകൊണ്ടുതന്നെ അദ്ദേഹം വളരെ സന്തോഷത്തിലായിരുന്നു. യാത്ര തുടങ്ങുന്നതിന്റെ തലേന്ന് ഭാര്യയോടും, മക്കളോടും യാത്ര പറഞ്ഞു. വീണ്ടും കാണുമ്പോൾ സമ്മാനങ്ങളുമായിട്ടായിരിക്കും താൻ വരുന്നതെന്ന് പറഞ്ഞ് അവരെ ആലിംഗനം ചെയ്തു. പിറ്റേന്ന് രാവിലെ കപ്പൽ പുറപ്പെട്ടു. യാത്രയാക്കാൻ വന്ന കുടുംബാംഗങ്ങളോട് കൈ വീശി യാത്രപറഞ്ഞ് യാത്ര തുടങ്ങി. നിർഭാഗ്യമെന്ന് പറയട്ടെ, യാത്രയുടെ രണ്ടാം ദിവസം കപ്പൽ അപകടത്തിൽപ്പെട്ടു. കപ്പൽ തകർന്നുപോയി. എല്ലാവരും രക്ഷപ്പെടാനുള്ള തിടുക്കത്തിലായിരുന്നു. ഈ മനുഷ്യനും സർവ്വശക്തിയുമെടുത്ത് നീന്തി. ഇടയ്ക്കൊക്കെ അവശനായെങ്കിലും, അവസാനം രക്ഷപ്പെട്ട് ഒരു ദ്വീപിലെത്തി.

ദ്വീപിലെത്തിയിട്ടും അയാളുടെ കരച്ചിൽ നിന്നില്ല. വാവിട്ടുകരയുമ്പോഴും, അകലേക്ക് പ്രതീക്ഷയോടെ അയാൾ നോക്കിക്കൊണ്ടിരുന്നു. വിശപ്പ്…തണുപ്പ്….ഒരു ദിവസം കഴിഞ്ഞപ്പോൾ അയാളുടെ പ്രതീക്ഷയെല്ലാം അസ്തമിച്ചു. കണ്ണിൽ കണ്ടതെല്ലാം കൂട്ടിച്ചേർത്ത് അയാൾ ഒരു വീടുണ്ടാക്കി, പകൽ ചൂടിൽ നിന്നും, രാത്രി തണുപ്പിൽ നിന്നും, രക്ഷപ്പെടുവാനായി. അന്ന് രാത്രി തണുപ്പ് തുടങ്ങിയപ്പോൾ, അയാൾ വീടിനുമുന്പിൽ തീ കൂട്ടി. എന്നാൽ, പെട്ടെന്ന് വന്ന കാറ്റ് എല്ലാം നശിപ്പിച്ചു. തീ വീട്ടിലേക്ക് പടർന്നു പിടിച്ചു.  വീട് കത്തി നശിച്ചു. അയാൾ വാവിട്ട കരഞ്ഞു…ദൈവമേ നീ എവിടെ എന്ന് ആകാശത്തിലേക്ക് നോക്കി ഉറക്കെ ചോദിച്ചു. പിറ്റേ ദിവസം, വൈകുന്നേരമായപ്പോൾ, തളർന്ന് അവശനായ ആ മനുഷ്യൻ കടലിലേക്ക് നോക്കിയപ്പോൾ ഒരു കപ്പൽ ആ ദ്വീപിനെ സമീപിക്കുന്നതായിക്കണ്ടു. തീരത്തോടടുത്ത കപ്പലിൽ നിന്ന് കാപ്പിത്താനും മറ്റുള്ളവരും ഇറങ്ങി അദ്ദേഹത്തെ രക്ഷിച്ചു. അയാൾ തിടുക്കത്തിൽ ചോദിച്ചു: എങ്ങനെയാണ് ഞാൻ ഇവിടെയുണ്ടെന്ന് നിങ്ങൾക്ക് മനസ്സിലായത്? അപ്പോൾ കപ്പിത്താൻ പറഞ്ഞു: ഇന്നലെ രാത്രി ദ്വീപിൽ തീ കണ്ടു. അപ്പോൾ .ഞങ്ങൾക്ക് തോന്നി ആരെങ്കിലും ഈ ദ്വീപിലുണ്ടാകുമെന്ന്.” അയാൾ ഉറക്കെ കരഞ്ഞു. കരച്ചിലിനിടയിൽ അയാൾ പുലമ്പി: “ഞാനുണ്ടാക്കിയ ആ വീട് കത്തിയില്ലായിരുന്നെങ്കിലോ? അയാൾ ആകാശത്തിലേക്ക് കൈകൾ കൂപ്പി…!

ഈ പ്രപഞ്ചത്തിന്റെ, ഈ ഭൂമിയുടെ, ഭൂമിയിലെ മനുഷ്യജീവിതത്തിന്റെ സ്വഭാവം സഹനമാണ്. ജീവിതം ബുദ്ധിമുട്ടേറിയതാണ്. എന്തുകൊണ്ട് എന്ന ചോദ്യത്തിന് നമ്മെ തൃപ്തിപ്പെടുത്തുന്ന ഉത്തരം കിട്ടിയെന്ന് വരില്ല? എന്തുകൊണ്ടാണ് ഇലകൾക്ക് പച്ച നിറം? എന്തുകൊണ്ടാണ് പാവയ്ക്കയ്ക്ക് കയ്പ്?  മാമ്പഴത്തിന് മധുരം? റോസാച്ചെടിയിൽ മുള്ളുകൾ? ഉത്തരം വളരെ ലളിതമാണ്. ഇലകൾക്ക് പച്ചനിറം അവയുടെ സ്വഭാവമാണ്; പാവയ്ക്കയ്ക്ക് കയ്പ് അതിന്റെ സ്വഭാവമാണ്. മാമ്പഴത്തിന്റെ മധുരം അതിന്റെ സ്വഭാവമാണ്; റോസാച്ചെടിക്ക് മുള്ളുകൾ, അതിന്റെ സ്വഭാവമാണ്. ഓരോ സഹനവും, ദൈവകൃപ നമ്മിലേക്ക് കടന്നുവരുന്ന ചാലുകളാണ് പ്രിയപ്പെട്ടവരേ!

മനുഷ്യജീവിതത്തിന്റെ സ്വഭാവം സഹനമാണ്. ഈ പ്രപഞ്ചത്തിലുള്ളതെല്ലാം ജന്മം എടുക്കുന്നത് സഹനത്തിലൂടെയല്ലേ? പൊട്ടിത്തകർന്നെങ്കിലല്ലേ വിത്തുകൾക്ക് മുളപൊട്ടുകയുള്ളു? ഈറ്റുനോവിലൂടെയല്ലേ ഒരു പുതുജീവൻ ഈ ഭൂമിയിലേക്കെത്തുന്നത്? നാം ധരിക്കുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ സഹനത്തിലൂടെ കടന്നുവരുന്നതുകൊണ്ടല്ലേ ഇത്രയും തിളക്കമേറിയതാകുന്നത്? മയമുള്ള രോമക്കിടക്കയിൽ ഉറങ്ങുവാൻ എന്ത് സുഖമാണ്! എന്നാൽ, എങ്ങനെയാണ് രോമക്കിടക്ക രൂപപ്പെടുന്നത്? മെത്തയുണ്ടാക്കുന്നവരെ വിളിച്ച് രോമം അവരെ ഏൽപ്പിക്കുന്നു. അവർ രോമം തല്ലി തല്ലി പതപോലെയാക്കുന്നു. കൂടുതൽ ശക്തിയായി തല്ലുമ്പോൾ രോമം കൂടുതൽ വൃത്തിയുള്ളതും, മയമുള്ളതുമായിത്തീരുന്നു.  തല്ലുന്നതിനനുസരിച്ച് രോമം വൃത്തിയുള്ളതും മയമുള്ളതും ആകുന്നു. സിൽക്ക് നൂലെടുക്കുന്ന കക്കൂണും വേദന സഹിക്കുന്നു. തിളച്ചവെള്ളത്തിലിട്ട് പുഴുങ്ങിയശേഷം, പരുക്കൻ ബ്രഷും, മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് പിഴിഞ്ഞാണ് അതിൽ നിന്ന് നൂലെടുക്കുന്നത്. സഹനത്തിലാണ് രക്ഷ! സഹനത്തിലൂടെ, കുരിശിലൂടെ, കുരിശുമരണത്തിലൂടെയാണ് രക്ഷ!

ജനിക്കുന്ന നിമിഷം മുതൽ മരിക്കുന്ന നിമിഷം വരെയും മനുഷ്യൻ പലതരത്തിലുള്ള സഹനങ്ങളിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ഈ സഹനങ്ങളെ മൂല്യമുള്ളതാക്കുവാൻ, രക്ഷാകരമാക്കുവാൻ, ദൈവികമാക്കുവാൻ ക്രൈസ്തവന് സാധിക്കുന്നത് ക്രിസ്തുവിന്റെ സഹനങ്ങളുടെ അർത്ഥം മനസ്സിലാക്കുമ്പോഴാണ്. മനുഷ്യൻ എന്തുമാത്രം സഹിക്കുന്നു എന്നതിന്റെ കണക്കെടുക്കുക സാധ്യമല്ല. നാം ഈ ദേവാലയത്തിൽ ആയിരിക്കുമ്പോഴും, ഓരോ മിനിട്ടിലും ധാരാളം മനുഷ്യർ കൊല്ലപ്പെടുന്നുണ്ട്; വളരെയേറെ ഗർഭസ്ഥ ശിശുക്കൾ അമ്മയുടെ ഉദരത്തിൽ വച്ച് തന്നെ പിടഞ്ഞ് പിടഞ്ഞ് മരിക്കുന്നുണ്ട്. വലിയൊരു ശതമാനം മനുഷ്യർ പട്ടിണിയും രോഗങ്ങളാലും സഹിച്ചു സഹിച്ചു ദിനങ്ങൾ മുന്നോട്ട് നീക്കുന്നവരുണ്ട്. ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും ദുരിതങ്ങൾക്ക് മീതെ ദുരിതങ്ങളുമായി തളരുന്ന മനസ്സുകളുണ്ട്. വേദനകളിൽ, ഏകാന്തതയിൽ, ദാരിദ്ര്യത്തിൽ, ദുരന്തങ്ങളിൽ, രോഗങ്ങളിൽ ദൈവത്തിന്റെ പ്ലാനും പദ്ധതിയും ദർശിക്കാൻ കഴിഞ്ഞാൽ സഹനത്തെ മൂല്യവത്താക്കുവാൻ, രക്ഷാകരമാക്കുവാൻ നമുക്ക് സാധിക്കും. 

സ്നേഹമുള്ളവരേ, ഈ വർഷത്തെ ദുഃഖവെള്ളിയാഴ്ച്ച ആചരണം ഓരോ ക്രൈസ്തവനും പ്രധാനപ്പെട്ടതും ഗൗരവമേറിയതുമാണ്. ക്രൈസ്തവസമൂഹം ചുറ്റും ശത്രുക്കളാൽ വലയംചെയ്യപ്പെട്ടു നിൽക്കുന്ന ഈ കാലഘട്ടത്തിൽ, ചക്രവ്യൂഹങ്ങൾ തകർത്ത്, പുറത്തുകടന്ന് ക്രിസ്തുവിനുവേണ്ടി സഹിക്കുന്ന പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ക്രൈസ്തവരായി മാറുവാൻ നാം തയ്യാറാകണം. കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ദുഃഖവെള്ളിയാഘോഷിക്കുവാൻ ക്രൈസ്തവരുണ്ടാകില്ലാ എന്ന് പറയുന്നവരോട് വാക്കുകൾകൊണ്ട് പ്രതികരിച്ചിട്ട് കാര്യമില്ല; സമരങ്ങൾ നടത്തി പ്രതിരോധിച്ചിട്ടും കാര്യമില്ല. നമ്മുടെ ക്രൈസ്തവജീവിതങ്ങളെ, ക്രൈസ്തവ വിശ്വാസത്തെ ശക്തിപ്പെടുത്തിക്കൊണ്ട് പ്രതികരിക്കണം, പ്രതിരോധിക്കണം. നാമൊക്കെ, വെറും ബോൺസായി ക്രൈസ്തവരായിട്ട് കാര്യമില്ല പ്രിയപ്പെട്ടവരേ! ബോൺസായി മരങ്ങളെ നോക്കൂ! കാഴ്ചയിൽ അതൊരു മരമാണ്. ഇലകളുണ്ടോ? ഉണ്ട്. നിറമുണ്ടോ? ഉണ്ട്. രൂപമുണ്ടോ? ഉണ്ട്.  എന്നാൽ ഫലം മാത്രം ലഭിക്കില്ല. ഇനി അഥവാ ലഭിച്ചാലും, വളരെ ശുഷ്കമായവ മാത്രം. അ യഥാർത്ഥ ജീവിതമില്ല. ഒരു ഷോ പീസായി വയ്ക്കാൻ നല്ലതാണ്.

ഇന്ന് ശരാശരി ക്രൈസ്തവരും ഇങ്ങനെയായിരിക്കുന്നു. അവരുടെ ക്രൈസ്തവ സാക്ഷ്യത്തിന് തിളക്കമില്ലാതായിരിക്കുന്നു. ക്രൈസ്തവരാണോ? അതെ. പള്ളിയിൽ പോകുന്നുണ്ടോ? ഉവ്വ്. കൂദാശകൾ സ്വീകരിക്കുന്നുണ്ടോ? ഉണ്ട്. കുടുംബ പ്രാർത്ഥനയുണ്ടോ? ഉണ്ടേ, വളരെ കൃത്യമായി. ഭരണസംവിധാനങ്ങളുണ്ടോ? ഉണ്ട്. പിതാക്കന്മാരും, വൈദികരും, സിസ്റ്റേഴ്സും ഉണ്ടോ? ഉണ്ട്. അത്മായ നേതാക്കളുണ്ടോ? ഉണ്ട്. പക്ഷേ, ഫലങ്ങളൊന്നുമില്ല. ഭരണസംവിധാനങ്ങളുണ്ടോ? ഉണ്ട്. പിതാക്കന്മാരും, വൈദികരും, സിസ്റ്റേഴ്സും ഉണ്ടോ? ഉണ്ട്. അത്മായ നേതാക്കളുണ്ടോ? ഉണ്ട്. ക്രിസ്തുവിന്റെ സാക്ഷികളാണെന്ന് വീമ്പ് പറയുമെങ്കിലും സ്വന്തം കാര്യങ്ങൾ വരുമ്പോൾ, ക്രിസ്തു പുറത്ത്. നല്ലൊരു ഷോ പീസ്!!

സ്നേഹമുള്ളവരേ, ക്രിസ്തുവിനെ ജീവിതത്തിന്റെ മൂല്യമാക്കാതെ, നമ്മുടെ കുടുംബങ്ങളിൽ, ഇടവകകളിൽ, നമ്മുടെ പ്രവർത്തനങ്ങളിൽ ക്രിസ്തുവിനെ പുറത്തു നിർത്തുമ്പോൾ നാം സഹനവഴികളെ ഉപേക്ഷിക്കുകയാണ്; ക്രിസ്തു വീണ്ടും കുരിശിലേറുകയാണ്. സഹനത്തെ മൂല്യമായി നാം കാണുന്നില്ല.  അധികാരത്തിനുവേണ്ടി, സമ്പത്തിനുവേണ്ടി, താത്ക്കാലിക നേട്ടങ്ങൾക്കുവേണ്ടി, സുഖങ്ങൾക്കുവേണ്ടി ക്രൈസ്തവ മൂല്യങ്ങളെ ബലികഴിക്കുമ്പോൾ നമ്മുടെ ക്രൈസ്തവജീവിതം ആർഭാടം നിറഞ്ഞതാകുന്നു!! ത്യാഗം നമുക്ക് അന്യമായിത്തീരുന്നു!

ജീവിത പങ്കാളിയെ തേടുമ്പോൾ കത്തോലിക്കാ വിശ്വാസമുള്ള ക്രൈസ്തവയാകണമെന്ന്, ക്രൈസ്തവനാകണമെന്ന് നിർബന്ധമില്ലെന്നും, രാഷ്ട്രീയ നിലപാടുകളിൽ നിരീശ്വര പ്രസ്ഥാനങ്ങാളായാലും, വർഗീയ പാർട്ടികളായാലും കുഴപ്പമില്ലെന്നും, കുർബാനയുടെ പേരിൽ തങ്ങളുടെ ഭാഗം ജയിക്കുവാൻ വേണ്ടി എന്ത് കോലാഹലങ്ങൾ കാണിച്ചാലും പ്രശ്‌നമില്ലെന്നും പറയുമ്പോൾ, ഓർക്കുക പ്രിയപ്പെട്ടവരേ, ക്രിസ്തു ക്രൂശിക്കപ്പെടുകയാണ് –   വീണ്ടും! നമ്മുടെ കൈകളിൽ ചോര നിറയുന്നു!!! എന്റെ ജീവിത സാഹചര്യങ്ങളിൽ എന്റെ ദൈവത്തെ ഇല്ലാതാക്കുക എന്ന ദുഷ്കൃത്യം ചെയ്യുന്നതിനേക്കാൾ വലിയ അപരാധം മറ്റെന്തുണ്ട് സ്നേഹിതരേ!!?? താലത്തിൽ വെള്ളമെടുത്ത്, വെൺകച്ചയും അരയിൽ ചുറ്റി ശിഷ്യരുടെ പാദം കഴുകിയ   ക്രിസ്തു ഇന്ന് അധികാരത്തിന്റെ നടുത്തളങ്ങളിൽ തമാശയായി മാറിയിരിക്കുന്നു! ഇതെന്റെ ശരീരമാകുന്നു, ഇതെന്റെ രക്തമാകുന്നു എന്നും പറഞ്ഞ് ലോകത്തിന്റെ ജീവനുവേണ്ടി തന്നെത്തന്നെ പകുത്തു നൽകിയ ഒടുവിലത്തെ അത്താഴം ഇന്ന് ആർഭാടമായ നമ്മുടെ ഊട്ടുമുറികളിലെ മനോഹരമായ ചിത്രം മാത്രം!! ദൈവമായിരുന്നിട്ടും, ദൈവത്തോടുള്ള സമാനത മുറുകെപ്പിടിക്കാതെ മനുഷ്യനായി, മരണത്തോളം, അതേ കുരിശുമരണത്തോളം അനുസരണമുള്ളവനായ ക്രിസ്തു ഈ ന്യൂജൻ സംസ്കാരത്തിൽ ഒരു കോമാളി!!

ക്രൂശിതനായ ക്രിസ്തുവിൽ അഭിമാനിക്കുന്ന ക്രൈസ്തവരേ, ദുഃഖവെള്ളിയാഴ്ചയുടെ സന്ദേശം ഞാൻ ഇവിടെ അവസാനിപ്പിക്കുകയാണ്. വിശുദ്ധ പൗലോസിനോടൊപ്പം ഞാൻ ഏറ്റുപറയുകയാണ്: “നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസ്സാരമാണെന്ന് ഞാൻ കരുതുന്നു. (റോമാ 8, 18) “ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക്, അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു.” (റോമാ 8, 28)

കുരിശിനാലെ ലോകമൊന്നായ് വീണ്ടെടുത്ത് രക്ഷിച്ച ക്രിസ്തു,

മിശിഹാ നമ്മുടെ ജീവിതവഴികളിലെ പ്രകാശമാകട്ടെ. നമ്മുടെ ജീവിതങ്ങളെ, കുടുംബങ്ങളെ വിശുദ്ധീകരിക്കട്ടെ, നമ്മുടെ സഹനങ്ങളെ ദൈവകൃപകളാക്കട്ടെ.. ആമേൻ!

Leave a comment