SUNDAY SERMON EASTER 2024

ഈസ്റ്റർ ഞായർ 2024

അവൻ ഇവിടെ ഇല്ല. സത്യമായും അവിടുന്ന് ഉയിർത്തെഴുന്നേറ്റു. ഹാലേലൂയ! “

ലോകത്തിനുമുഴുവൻ പ്രകാശം നൽകുന്ന, ലോകരക്ഷകനായ, ലോകത്തിന്റെ പ്രതീക്ഷയായ ക്രിസ്തുവിന്റെ ഉയിർപ്പുതിരുനാൾ നാമിന്നു ആഘോഷിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ നാം ആചരിച്ച തിരുക്കർമങ്ങളും, വായിച്ചു കേട്ട വിശുദ്ധ ഗ്രന്ഥവായനകളും, ദുഃഖവെള്ളിയാഴ്ച്ച കാൽവരിയിൽ സംഭവിച്ചതിന്റെ ഓർമകളും ദൈവം നമ്മെ, ഈ ലോകത്തെ എത്രമാത്രം സ്നേഹിച്ചു, സ്നേഹിക്കുന്നു എന്നതിന്റെ അടയാളങ്ങളായിരുന്നു. ഭൂമുഖത്ത് ഞാൻ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും, ദൈവം തന്റെ ഏകജാതനെ ലോകത്തിലേയ്ക്ക് അയയ്ക്കുകയും, എനിക്ക് രക്ഷനേടിത്തരികയും ചെയ്യുമായിരുന്നു എന്ന വിശുദ്ധ അമ്മത്രേസ്യായുടെ സാക്ഷ്യപ്പെടുത്തൽ ദൈവസ്നേഹത്തിന്റെ വെളിപ്പെടുത്തലാണ്. ഈ ഭൂമുഖത്ത് ഞാൻ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിൽ പോലും ദൈവം ഈ ഭൂമിയിൽ ജനിക്കുമായിരുന്നു, പീഡകൾ സഹിക്കുമായിരുന്നു, കുരിശിൽ മരിക്കുമായിരുന്നു, ഉത്ഥാനം ചെയ്യുമായിരുന്നു എന്ന ചിന്ത തന്നെ ഹൃദയത്തെ സ്നേഹംകൊണ്ട് നിറയ്ക്കുന്നു.  കാൽവരിയിൽ കർത്താവായ ക്രിസ്തു തന്റെ കൈകൾ വിരിച്ചു പിടിച്ചിരിക്കുന്നത് മകളേ, മകനേ നിന്നെ കെട്ടിപ്പിടിക്കുവാനാണെന്നും, കുരിശിൽ അവിടുന്ന് മുഖം കുനിച്ച് നിൽക്കുന്നത് നിന്നെ ചുംബിക്കുവാനാണെന്നും, അവിടുത്തെ ഹൃദയം പിളർന്നു നിൽക്കുന്നത് നിന്നിലേക്ക് തന്റെ സ്നേഹം ഒഴുക്കുവാനാണ് എന്നും, അവിടുന്ന് മരിച്ചവരിൽ നിന്ന് ഉത്ഥിതനായത് എന്നും എപ്പോഴും നിന്നോടൊത്തായിരിക്കുവാനാണെന്നും വിശുദ്ധ അഗസ്തീനോസ് പറയുമ്പോൾ, ഈ ഉത്ഥാന തിരുനാളിൽ “ദൈവമേ, നിന്റെ സ്നേഹം എത്ര അപാരം എന്ന് പറയുവാനാണ്, “God’s love is so wonderful” എന്ന് പാടുവാനാണ് എനിക്ക് തോന്നുന്നത്.

എല്ലാവർക്കും ഉത്ഥാനത്തിരുനാളിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു!

മിശിഹാ രഹസ്യങ്ങൾക്ക്, മിശിഹായുടെ ജനനത്തിനും, പരസ്യജീവിതത്തിനും, പീഡാസഹനത്തിനും, മരണത്തിനും ദൈവികതയും അർത്ഥവും നൽകുന്നത് നാം ഇന്ന് ആഘോഷിക്കുന്ന ക്രിസ്തുവിന്റെ ഉത്ഥാനമാണ്. സുവിശേഷം എന്നത്, ഉത്ഥിതനായ ക്രിസ്തുവിന്റെ സുവിശേഷമാണ്. അത് പാവങ്ങളുടെയും, പാപികളുടെയും സുവിശേഷമാകുന്നത്, അവർക്ക് ശുഭപ്രതീക്ഷയേകുന്ന സുവാർത്തയാകുന്നത് സുവിശേഷം ഉത്ഥാനത്തിന്റെ സുവിശേഷമായതുകൊണ്ടാണ്!

അതുകൊണ്ടാണ് വിശുദ്ധ പൗലോശ്ലീഹാ കോറിന്തോസുകാരോട് ഇങ്ങനെ പ്രഘോഷിക്കുന്നത്. അല്ലയോ കോറിന്തോസുകാരേ, “ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം. ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുകയും, സംസ്കരിക്കപ്പെടുകയും, എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാൾ ഉയിർപ്പിക്കപ്പെടുകയും ചെയ്തു. അവൻ കേപ്പയ്ക്കും, പിന്നീട് പന്ത്രണ്ടുപേർക്കും പ്രത്യക്ഷനായി. ഒടുവിൽ അകാലജാതന് എന്നതുപോലെ എനിക്കും പ്രത്യക്ഷനായി. അതിനാൽ, ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങൾ ദൈവത്തിനുവേണ്ടി കപടസാക്ഷ്യം വഹിക്കുന്നവരാകും.” (1 കോറി 15)

പന്തക്കുസ്താദിനത്തിൽ അവിടെകൂടിയിരുന്ന ജനങ്ങളോട് വിശുദ്ധ പത്രോശ്ലീഹാ   പറഞ്ഞതിങ്ങനെയാണ്: ” “ഇസ്രായേൽ ജനങ്ങളേ കേൾക്കുവിൻ. നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കപ്പെട്ട നസ്രായനായ യേശുവിനെ നിങ്ങൾ കുരിശിൽ തറച്ചുകൊന്നു. എന്നാൽ ദൈവം മൃത്യുപാശത്തിൽ നിന്ന് വിമുക്തനാക്കി അവിടുത്തെ ഉയിർപ്പിച്ചു.. ഞങ്ങളെല്ലാവരും അതിനു സാക്ഷികളാണ്.” (അപ്പ 2, 22-) അതോടൊപ്പം, വിശുദ്ധ പത്രോശ്ലീഹാ വെളിപ്പെടുത്തി. “ആകാശത്തിനുകീഴിൽ, മനുഷ്യരുടെയിടയിൽ രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല, ക്രിസ്തുവിന്റെ നാമമല്ലാതെ.”  (അപ്പ 4, 12) ഉത്ഥിതനായ ക്രിസ്തു മനുഷ്യന്റെ രക്ഷകനായി, ജീവിക്കുന്ന ദൈവമായി നമ്മുടെ ഇടയിലുണ്ട് എന്ന സത്യം പ്രഘോഷിക്കുകയായിരുന്നു വിശുദ്ധ പത്രോസ്. വിശുദ്ധ പൗലോസ് റോമക്കാരോട് ഈ സത്യം ഒന്നുകൂടി ഉറപ്പിച്ച് പറയുന്നുണ്ട്.  അതിങ്ങനെയാണ്:” റോമാക്കാരേ, യേശു കർത്താവാണെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും, ദൈവം മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്‌താൽ നിങ്ങൾ രക്ഷപ്രാപിക്കും.” (റോമാ 10, 9) ആരിലാണ് രക്ഷ? ഉത്ഥിതനായ ക്രിസ്തുവിലാണ് രക്ഷ! വിശുദ്ധ പൗലോസും, സീലാസും തടവറയിൽ നിന്ന് രക്ഷപ്പെട്ടെന്ന് വിചാരിച്ച്ആത്മഹത്യചെയ്യാൻ ഒരുങ്ങിയ കാവൽക്കാരനെ തടഞ്ഞ പൗലോസിനോട് കാവൽക്കാരൻ ചോദിക്കുകയാണ്: “രക്ഷപ്രാപിക്കാൻ ഞാൻ എന്തുചെയ്യണം?” പൗലോസിന്റെ മറുപടി വളരെ പ്രസിദ്ധമാണ്. അദ്ദേഹം പറഞ്ഞു: ” കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക.  നീയും, നിന്റെ കുടുംബവും രക്ഷപ്രാപിക്കും.” (അപ്പ 16, 31) ഉത്ഥിതനായ ക്രിസ്തുവിൽ വിശ്വസിക്കുക. നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.

2024 ലെ ഉത്ഥാനത്തിരുനാളിന്റെ സന്ദേശവും ഇതുതന്നെയാണ്: ഇന്നും ജീവിക്കുന്ന ഉത്ഥിതനായ ക്രിസ്തുവാണ് ലോകത്തിന്റെ രക്ഷകൻ. വിശുദ്ധ ലൂക്കയുടെ സുവിശേഷം രണ്ടാം അദ്ധ്യായം പത്താം വാക്യം തികച്ചും പൂർണമാകുന്നത് ഉത്ഥാനത്തിരുനാളിലാണ്. ” ഭയപ്പെടേണ്ട. ഇതാ സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു.

ഈശോ മരിച്ചവരിൽ നിന്ന് ഉത്ഥാനം ചെയ്ത നിമിഷം, പരിശുദ്ധാത്മാവാൽ നിറഞ്ഞ ദൈവം ജനിക്കുകയാണ്. ഇന്നും ജീവിക്കുന്ന പൂർണ ദൈവം ജനിക്കുകയാണ്. പ്രപഞ്ചസൃഷ്ടിയിലൂടെ പിതാവായ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയെങ്കിൽ, പുത്രനായ ദൈവം മനുഷ്യാവതാരത്തിലൂടെ നമുക്ക് വെളിപ്പെട്ടെങ്കിൽ, ഉത്ഥാനത്തിലൂടെ പരിശുദ്ധാത്മാവായ ദൈവം ഭൂമിയിൽ നിറയുകയാണ്. “ലോകാവസാനംവരെ ഞാൻ നിങ്ങളോട് കൂടെ ഉണ്ടായിരിക്കു”മെന്ന് പറയുന്നത് പരിശുദ്ധാത്മാവായ, ഉത്ഥിതനായ ദൈവമാണ്.

സ്നേഹമുള്ളവരേ, ഇന്നും ജീവിക്കുന്ന ഉത്ഥിതനായ ഈശോയാണ് നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. ക്രൈസ്തവർക്ക് പീഡാസഹനമല്ല, ക്രൂശാരോഹണമല്ല, മരണമല്ല അവസാന വാക്ക്. അവസാനവാക്ക് ഉത്ഥാനമാണ്. ആത്മാവായ ദൈവമായാണ് ഈശോ ഉയിർത്തെഴുന്നേറ്റത്. നമ്മൾ പാടുന്നില്ലേ? “ആത്മാവാം ദൈവമേ വരണേ ….” ഉത്ഥിതനായ ദൈവം, ഇന്നും ജീവിക്കുന്ന ദൈവം, വിശുദ്ധ കുർബാനയായി വാഴുന്ന ദൈവം ആത്മാവാണ്. ഉത്ഥിതനായ കർത്താവാണ് രക്ഷിക്കുന്ന ദൈവം. ഉത്ഥിതനായ കർത്താവാണ് സുഖപ്പെടുത്തുന്ന ദൈവം. ഉത്ഥിതനായ കർത്താവാണ് നമ്മെ ബലപ്പെടുത്തുന്ന ദൈവം. ഉത്ഥിതനായ കർത്താവാണ് നമ്മെ ആശ്വസിപ്പിക്കുന്ന ദൈവം. ഉത്ഥിതനായ കർത്താവാണ് നമ്മുടെ കണ്ണീരൊപ്പുന്ന ദൈവം. ഉത്ഥിതനായ കർത്താവാണ് നമ്മുടെ കുടുംബത്തിന്റെ നാഥൻ.

ഈ സ്നേഹമായ, കാരുണ്യമായ ഉത്ഥിതനായ ദൈവം. ഇന്നും നമ്മുടെ ഇടയിൽ വസിക്കുന്നത്, നമ്മോടൊപ്പം നടക്കുന്നത് നമ്മെ ശിക്ഷിക്കാനല്ല, രക്ഷിക്കാനാണ് പ്രിയപ്പെട്ടവരേ. നാം ചിന്തിക്കുന്നതിലുമപ്പുറം, നാം പോലും അറിയാതെ നമ്മെ രക്ഷിക്കുന്ന, നമുക്കായി പ്ലാനുകളും, പദ്ധതികളുമൊരുക്കുന്ന ദൈവത്തെ പാടിസ്തുതിക്കുവാനുള്ളതാണ്, ഹല്ലേലൂയാ പാടി സ്‌തുതിക്കുവാനുള്ളതാണ് ഈ ഉത്ഥാനത്തിരുനാൾ.

ഒരു കുടുംബം അവരുടെ ഗ്രാമത്തിൽ വലിയ ക്ഷാമമുണ്ടായപ്പോൾ, അടുത്തുള്ളൊരു ദ്വീപിലേക്ക് യാത്രയായി. വിവാഹം കഴിഞ്ഞ് കുറച്ചുനാളുകളേയായുള്ളുവെങ്കിലും, ദൈവത്തിൽ ആശ്രയിച്ച്, പ്രതീക്ഷയോടെ തന്നെ അവർ യാത്രപുറപ്പെട്ടു. ആ ദ്വീപിലേക്ക് പോകുവാൻ പഴകി ദ്രവിച്ച ഒരു പാ ലമാണുള്ളത്. അതിലൂടെ ദ്വീപിലെത്തിയാൽ പിന്നെ തിരിച്ചുവരവുണ്ടാകയില്ലയെന്ന് അവർ തിരിച്ചറിഞ്ഞു. അത്രയും പഴകിയ പലമാണത്. വീഴാറായ ആ പാലത്തിലൂടെ ഒരു കണക്കിന് അവർ അക്കരെയെത്തി. ഏകദേശം ഒരു ദിവസത്തോളമെടുത്തു ആൾപാർപ്പുള്ള സ്ഥലത്തെത്താൻ. എത്തിക്കഴിഞ്ഞപ്പോൾ അവർക്ക് സന്തോഷമായി. അവർ അവിടെ ഒരു സ്ഥലത്ത് വീട് വച്ച് താമസം തുടങ്ങി.  ഒട്ടും വൈകാതെ തന്നെ അവർക്കൊരു കുഞ്ഞുണ്ടായി. ജീവിതം സന്തോഷപ്രദമായ മുന്നോട്ടു നീങ്ങി. എന്നാൽ, കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ, ആ ദ്വീപിലും ക്ഷാമം വിരുന്നുവന്നു. ജനങ്ങളെല്ലാം വലഞ്ഞു. എന്തുചെയ്യണമെന്നറിയാതെ ഈ ചെറുപ്പക്കാരനും, ചെറുപ്പക്കാരിയും ദുഃഖിതരായി. ദ്വീപിൽ നിന്ന് പുറത്തുകടക്കുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോൾ അവർക്ക് പേടിയായി. ആ പാലം അവിടെയുണ്ടോ എന്ന് പോലും അവർക്കറിയില്ല. ആരും അതിനെക്കുറിച്ച് സംസാരിച്ചതായി അവർ ഓർക്കുന്നില്ല. എത്രയോ വർഷങ്ങളായി. ആ പാലം അവിടെ ഉണ്ടാകില്ല എന്ന് തന്നെ അവർ കരുതി.ഉൺടെങ്കിൽ തന്നെ അതിലൂടെ കടക്കുമ്പോൾ, കുഞ്ഞിനെ തങ്ങൾക്ക് നഷ്ടപ്പെട്ടാലോ? അവർക്കതിനെക്കുറിച്ച് ഓർക്കാനേ കഴിഞ്ഞില്ല.  പക്ഷേ, ക്ഷാമം വർധിച്ചപ്പോൾ, തിരികെ പോകാൻ തന്നെ അവർ തീരുമാനിച്ചു. അങ്ങനെ എല്ലാം കെട്ടിപ്പെറുക്കി അവർ യാത്രയായി.  ഒരു പകലോളം നടന്ന് അവർ ആ പാലത്തിനടുത്തെത്തി. അവരുടെ കണ്ണുകളെ അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. പഴയ പാലത്തിന് പകരം മനോഹരമായൊരു പാലം. തങ്ങൾക്കുവേണ്ടി അത്ഭുതം പ്രവർത്തിച്ച, തങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങളെ മാറ്റിത്തന്ന ദൈവത്തിന് അവർ നന്ദി പറഞ്ഞു.

പ്രിയപ്പെട്ടവരേ, ഉത്ഥിതനായ ഈശോ നമുക്കായി രക്ഷയുടെ വഴികൾ ഒരുക്കുന്നവനാണ്. നാം പോലുമറിയാതെ, നമ്മുടെ ഇരുളടഞ്ഞ ജീവിതവഴികളെ നക്ഷത്ര ശോഭയുള്ളതാക്കുന്നവനാണ് ഉത്ഥിതനായ ദൈവം. ഈ ഉയിർപ്പുതിരുനാളിൽ ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസം നമുക്ക് ഏറ്റുപറയാം. നമ്മെ ശിക്ഷിക്കുന്നവനല്ല, രക്ഷിക്കുന്നവനാണ് നമ്മുടെ ദൈവം എന്ന് മനസ്സിൽ ഉരുവിടാം. അങ്ങനെ ഈ തിരുനാൾ അർത്ഥവത്തായി ആഘോഷിക്കാം.  

സ്നേഹമുള്ളവരേ, ഉത്ഥാനത്തിരുനാൾ നമ്മെ ക്ഷണിക്കുന്നത് ക്രിസ്തുവിലേക്കാണ്, അവിടുത്തെ രക്ഷയിലേക്കാണ്, അവിടുത്തെ സ്നേഹത്തിലേക്കാണ്. ഈ ഉത്ഥാനത്തിരുനാൾ നമ്മുടെ ജീവിതത്തെ, കുടുംബത്തെ ഉത്ഥിതന്റെ രക്ഷകൊണ്ട്  സ്നേഹംകൊണ്ട്, നിറയ്ക്കുവാൻ നമ്മെ പ്രേരിപ്പിക്കട്ടെ.  ജീവിതത്തിൽ, സ്വാർത്ഥതകൾ, അഹന്ത, ഇഷ്ടങ്ങളുടെ വൈരുധ്യങ്ങൾ, മദ്യാസക്തി, ലഹരിയോടുള്ള ആഗ്രഹം, മൊബൈൽ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളോടുള്ള ആസക്തി തുടങ്ങിയവ അന്ധകാരം നിറയ്ക്കുമ്പോൾ ഉത്ഥിതനായ ക്രിസ്തു നിങ്ങളുടെ, നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരട്ടെ. കടന്നു വന്ന് നമുക്ക് രക്ഷ നൽകട്ടെ. ഹൃദയം നിറയെ സ്നേഹത്തോടെ ഉത്ഥിതനായ ക്രിസ്തുവാണ്

എന്റെ ദൈവം എന്ന് പ്രഘോഷിച്ചുകൊണ്ട് എന്റെ ക്രൈസ്തവജീവിതം ഞാൻ നയിക്കും എന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. അതിനുള്ള കൃപയ്ക്കാകട്ടെ ഇന്നത്തെ നമ്മുടെ ഉത്ഥാനത്തിരുനാളിലെ വിശുദ്ധ കുർബാന.

എല്ലാവർക്കും ഉത്ഥാനത്തിരുനാളിന്റെ മംഗളങ്ങൾ ആശംസിക്കുന്നു! ആമേൻ!

Leave a comment