ഉയിർപ്പുകാലം ആറാം ഞായർ
യോഹ 5, 19-29

ഉയിർപ്പുകാലത്തിന്റെ ആറാം ഞായറാഴ്ചയിലേക്ക് നാം കടന്നിരിക്കുകയാണ്. നമുക്കറിയാവുന്നതുപോലെ, വിശുദ്ധ യോഹന്നാന്റെ സുവിശേഷം ക്രിസ്തുവിന്റെ ദൈവത്വത്തിന്റെ വിപുലീകരണത്തിന്റെയും, അവിടുത്തെ മഹത്വത്തിന്റെ വെളിപ്പടുത്തലിന്റെയും ഉത്തമ ഉദാഹരണമാണ്. ക്രിസ്തുവിന്റെ പരസ്യജീവിത പ്രവർത്തനങ്ങളിൽ ഊന്നിനിന്നുകൊണ്ട് ക്രിസ്തുവിന്റെ വ്യക്തിത്വ രൂപവത്ക്കരണമാണ് ഇന്നത്തെ സിവിശേഷഭാഗത്തിലൂടെ വിശുദ്ധ യോഹന്നാൻ സാധ്യമാക്കുന്നത്. സുവിശേഷ ഭാഗത്തിന്റെ കാലിക പ്രസക്തിയും, നമ്മുടെ ജീവിതത്തിൽ ഈ വചനസന്ദേശത്തിന്റെ സാധ്യതകളുമാണ് നാമിന്ന് അന്വേഷിക്കുക.
ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ പശ്ചാത്തലമായി നിലകൊള്ളുന്നത് തൊട്ട് മുൻപ് നടന്ന ബെത് സൈദാ യിലെ രോഗശാന്തിയും, അതിനുശേഷം യഹൂദർക്കിടയിൽ നടന്ന സംഭാഷണവുമാണ്. സാബത്തിൽ ഈശോ രോഗിയെ സുഖപ്പെടുത്തിയതിൽ അമർഷംപൂണ്ട യഹൂദരോട് ഈശോ പറഞ്ഞത് തന്റെ പിതാവ് എപ്പോഴും പ്രവർത്തന നിരതനാണ് എന്നാണ്. ഇങ്ങനെയൊരു statement യഹൂദരെ കോപാകുലരാക്കിയതിൽ അത്ഭുതപ്പെടേണ്ടതില്ല. ദൈവത്തെ പിതാവ് എന്ന് വിളിച്ചതിൽ ദൈവദൂഷണമാണ് അവർ കാണുന്നത്. യഹോവയുടെ നാമം അത്രയും ബഹുമാനത്തോടെയാണ് അവർ കണ്ടിരുന്നത്. തങ്ങളുടെ എതിരാളിയായ ഈശോയിൽ നിന്ന് ഇങ്ങനെയൊരു പ്രസ്‌താവന വന്നപ്പോൾ അതവർ ഈശോയ്‌ക്കെതിരായി ഉപയോഗിച്ചു. സാബത്ത് ലംഘിക്കുക മാത്രമല്ല, ദൈവത്തെ പിതാവെന്ന് വിളിച്ചെന്നും, അതുമൂലം ഈശോ തന്നെത്തന്നെ ദൈവതുല്യനാക്കിയെന്നും അവർ വിളിച്ചു പറഞ്ഞു. ആ യഹൂദരുടെ മുൻപിലാണ് ഈശോ ഇന്നത്തെ സുവിശേഷഭാഗം അവതരിപ്പിക്കുന്നത്.
എന്തൊക്കെയാണ് ഈശോ അന്ന് യഹൂദരോട് പറയാൻ ആഗ്രഹിച്ചത്? ഇന്ന് നമ്മോട് പറയുവാൻ ആഗ്രഹിക്കുന്നത്? ശരിയാണ്, ഈ സുവിശേഷഭാഗം അത്ര പെട്ടെന്ന് നമുക്ക് മനസ്സിലായെന്ന് വരില്ല. എങ്കിലും, അല്പമൊന്ന് ധ്യാനിച്ചാൽ, ഈ ഭാഗത്തെ പ്രധാന ആശയങ്ങൾ നമുക്ക് കൊത്തിപ്പെറുക്കിയെടുക്കുവാൻ സാധിക്കും. അവ ഇങ്ങനെയാണ്: ഒന്ന്, ഈശോ തന്നെത്തന്നെ വെളിപ്പെടുത്തുകയാണ്; തന്റെ വ്യക്തിത്വം expand ചെയ്യുകയാണ്. രണ്ട്, താനും പിതാവും ഒന്നാണെന്ന് ഈശോ പ്രഖ്യാപിക്കുന്നു മൂന്ന്, പിതാവായ ദൈവത്തിൽ വിശ്വസിക്കുന്നവന് നിത്യജീവനുണ്ട്. അവൾ / അവൻ മരിച്ചാലും ജീവിക്കും. നാല്, താൻ ചെയ്യുന്ന എല്ലാ പ്രവൃത്തികളും പിതാവിന്റെ പ്രവൃത്തികളാണെന്നും, പിതാവിന്റെ ഇഷ്ടമാണ് താൻ പ്രവർത്തികമാക്കുന്നതെന്നും ഈശോ വെളിപ്പെടുത്തുന്നു. ഈശോയുടെ വ്യക്തിത്വം പിതാവായ ദൈവത്തിന്റെ പ്രതിഫലനമാകുന്നു.
ഇതിൽ ഒന്നും രണ്ടും ഈ സുവിശേഷഭാഗത്തിന്റെ ദൈവിക മാനമാണ് (Divine Dimension). മൂന്നാമത്തേതാകട്ടെ, ഇതിന്റെ ആത്മീയമാനമാണ് (Spiritual Dimension). നാലാമത്തേതാകട്ടെ, ക്രൈസ്തവജീവിതത്തിന്റെ പ്രായോഗിക മാനവും (Practical Dimension). ഇവ മൂന്നും ദൈവിക മാനവും, ആത്മീയമാനവും, പ്രായോഗികമാനവും – ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളാകുമ്പോഴാണ് ക്രൈസ്തവജീവിതം ഫലം ചൂടുന്ന വൻവൃക്ഷമാകുന്നത്. ക്രിസ്തുവിനെ ദൈവമായി ഏറ്റുപറയുകയും, ക്രിസ്തു എന്റെ കർത്താവും ദൈവവുമാണെന്ന് വിശ്വസിക്കുകയും ചെയ്യുക എന്ന ക്രൈസ്തവ ചൈതന്യത്തെ ഒരു ഉന്നതമായ ചിന്താസരണിയായി ഉയർത്തിയെടുക്കുക എന്നത് നമ്മുടെ ക്രൈസ്തവ സ്വഭാവമാകണം. വിശുദ്ധ പൗലോസിന് അങ്ങനെ ഉന്നതമായ ചിന്തയുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത്, ‘യേശു കർത്താവാണെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും, ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്‌താൽ നീ രക്ഷപ്രാപിക്കുമെന്ന്.’ (റോമാ 10, 9) ക്രിസ്തുവിന്റെ വചനങ്ങളിലും, സഭയുടെ പഠനങ്ങളിലും, സഭയുടെ പാരമ്പര്യത്തിലുമുള്ളവയെ ആത്മീയമായ ആർജവത്തോടെ സ്വാംശീകരിക്കുവാൻ ക്രൈസ്തവന് കഴിഞ്ഞാൽ, ജീവിതാനുഭവങ്ങളെയും, ക്രൈസ്തവ മൂല്യങ്ങൾക്കനുസരിച്ചുള്ള ജീവിതത്തെയും വിശ്വാസ വെളിച്ചത്തിൽ വിലയിരുത്തുവാൻ ക്രൈസ്തവന് സാധിക്കും.
പഴയനിയമത്തിന്റെയും, പ്രവചനങ്ങളുടെയും പൂർത്തീകരണമായി (Fulfilment), ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ പൂർണതയായി (Pleroma) ക്രിസ്തുവിനെ കാണുവാൻ അന്നത്തെ ജനത്തിന് സാധിച്ചില്ല. യഹൂദ പരമ്പര്യത്തിന്റെ ഒരു ഉപോത്പന്നമായിട്ടായി രിക്കാം ക്രിസ്തുവിനെ യഹൂദജനം കണ്ടിരുന്നത്. ശിഷ്യന്മാരാകട്ടെ, ഈശോയെ ഒരു വിപ്ലവകാരിയായിട്ടാണ്, റോമാസാമ്രാജ്യത്വത്തിന്റെ പിടിയിൽ നിന്ന് തങ്ങളെ വിമോചിപ്പിക്കുന്ന നേതാവായിട്ടാണ് കണ്ടത്. ക്രിസ്തുവിന്റെ മഹാത്ഭുതങ്ങളിലൊന്നും, അവിടുത്തെ ദൈവത്വം ദർശിക്കുവാൻ യഹൂദജനത്തിന് സാധിച്ചില്ല. എന്നാൽ, കാൽവരിയിൽ ആകാശത്തിനും ഭൂമിയ്ക്കും മദ്ധ്യേ, മൂന്നാണികളിൽ കുരിശിന്മേൽ കിടന്നപ്പോൾ, പ്രപഞ്ചം ഞെട്ടുമാറ് ഉച്ചത്തിൽ നിലവിളിച്ച് ജീവൻ വെടിഞ്ഞപ്പോൾ, ഒരു ശതാധിപൻ വിളിച്ചുപറയുന്നുണ്ട്, “ഇവൻ സത്യമായും ദൈവപുത്രനായിരുന്നു ” (മാർക്കോ 15,39) എന്ന്. പിന്നീട്, ഈശോയുടെ ഉത്ഥാനത്തിനുശേഷമാണ് ശിഷ്യന്മാർ ഈശോയെ കർത്താവും, ദൈവവും, രക്ഷകനുമായി മനസ്സിലാക്കുന്നതും, അനുഭവിക്കുന്നതും, ജീവിതംകൊണ്ട് സാക്ഷ്യം നൽകുന്നതും. മതമർദ്ദനത്തിന്റെ ഭീകരതകൾ അവരെ ഭയപ്പെടുത്തിയില്ല. നീണ്ടുനിൽക്കുന്ന മർദ്ദനങ്ങളുടെ വേളയിലും, “ദൈവത്തിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല. അത് ഓരോ പ്രഭാതത്തിലും പുതിയതാണ്” (വിലാപങ്ങൾ 3 , 22) എന്ന് പാടുവാൻ, “ആകാശത്തിനും ഭൂമിക്കും മദ്ധ്യേ രക്ഷപ്പെടുവാൻ ഒരു നാമമേ നല്കപ്പെട്ടിട്ടുള്ളു -ക്രിസ്തുവിന്റെ നാമം” (അപ്പ 4, 12) എന്ന് ധൈര്യത്തോടെ ഏറ്റുപറയുവാൻ അവർക്ക് സാധിച്ചത് ക്രിസ്തുവിൽ ദൈവത്തെ കണ്ടതുകൊണ്ടാണ്, അനുഭവിച്ചതുകൊണ്ടാണ്.
സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷത്തിന്റെ കാലികപ്രസക്തി ഇവിടെയാണ്. ഈശോയെ കർത്താവായി, ദൈവമായി, ക്രിസ്തുവായി, മിശിഹായായി ജീവിതത്തിന്റെ ഏതുസാഹചര്യത്തിലും ഏറ്റുപറയുവാൻ നമുക്കാകണം. നമ്മുടെ സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി, ഭരണസംവിധാനങ്ങളുടെ ഭീഷണി പേടിച്ച്, ലോകത്തിന്റെ രീതികൾക്ക് വഴങ്ങി ക്രിസ്തു ദൈവമാണെന്ന് ഏറ്റുപറയുവാൻ നാം മടിക്കുന്നുണ്ടെങ്കിൽ ഓർത്തുകൊള്ളുക, നാം അലയേണ്ടിവരും, ജീവിതത്തിന്റെ മരുഭൂമികളിലൂടെ സംവത്സരങ്ങളിൽ നിന്ന് സംവത്സരങ്ങളിലേക്ക് നാം അലയേണ്ടിവരും.
ഈ സുവിശേഷ ഭാഗത്തിന്റെ ആത്മീയ മാനമാണ് ക്രിസ്തുവിൽ വിശ്വസിക്കുക എന്നത്. ക്രിസ്തുവിലുള്ള ഉറച്ച വിശ്വാസമാണ് നമുക്ക് നിത്യജീവൻ, നിത്യരക്ഷ പ്രദാനം ചെയ്യുന്നത്. അതുകൊണ്ടാണ് വിശുദ്ധ പൗലോശ്ലീഹാ വിശ്വാസാധിഷ്ഠിതമായ നീതിയെക്കുറിച്ച് സംസാരിക്കുന്നത്. കാരണം, വിശ്വാസമാണ് രക്ഷയിലേക്ക്, നിത്യജീവനിലേക്ക് നയിക്കുന്നത്. അദ്ദേഹം പറയുന്നതിങ്ങനെയാണ്. ‘ക്രിസ്തു നിനക്ക് സമീപസ്ഥമാണ്. അവൻ നിന്റെ അധരത്തിലുണ്ട്; നിന്റെ ഹൃദയത്തിലുണ്ട്.’ (റോമാ 10, 8)
ക്രിസ്തുവിൽ വിശ്വസിക്കുന്നവൻ നിത്യംജീവിക്കും എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് വിശുദ്ധരുടെ ജീവിതങ്ങൾ. ഏറ്റവും അടുത്ത് വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ ദൈവസഹായം പിള്ളയുടെ ജീവിതം നോക്കൂ… വിശുദ്ധ ദൈവ സഹായം പിള്ള വെറുമൊരു സാധാരണക്കാരനായിരുന്നില്ല ക്രിസ്തുവിനെ സ്വീകരിച്ച നീലകണ്ഠ പിള്ള.

സംസ്കൃതമറിയാമായിരുന്ന, വേദങ്ങളിലും, ഉപനിഷത്തുക്കളിലും പ്രാവീണ്യമുണ്ടായിരുന്ന, ഹൈന്ദവ ആചാരങ്ങളെല്ലാം കൃത്യമായി പാലിച്ചിരുന്ന നീലകണ്ഠ പിള്ളയാണ് ക്രിസ്തുവിനെ കർത്താവും ദൈവവുമായി സ്വീകരിച്ചത്. തിരുവതാംകൂർ രാജാവിന്റെ കൊട്ടാരം മേലന്വേഷകനായിരുന്ന നീലകണ്ഠ പിള്ളയാണ്, തനിക്ക് സ്വന്തമാക്കാൻ കഴിയുന്നതിനെയെല്ലാം തുച്ഛമായി കരുതിക്കൊണ്ട്, ക്രിസ്തുവിനെ ഹൃദയത്തിൽ വിശ്വസിക്കുകയും, അധരംകൊണ്ട് ഏറ്റുപറയുകയും ചെയ്തുകൊണ്ട് നിത്യജീവൻ നേടിയെടുത്തത്. അദ്ദേഹമാണ് മരിച്ച് 272 വർഷങ്ങൾ കഴിഞ്ഞിട്ടും ജീവനുള്ളവനായി നിലകൊള്ളുന്നത്.
സ്നേഹമുള്ളവരേ, കർത്താവായ ഈശോയിൽ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും രക്ഷാപാപിക്കും. (അപ്പ 16, 31) കർത്താവായ ഈശോയിൽ വിശ്വസിക്കുക, നീ സൗഖ്യം പ്രാപിക്കും. കാരണം, മരുന്നോ, ലേപനമോ അല്ല കർത്തായ ഈശോയാണ്, ഈശോയുടെ വചനമാണ് നിന്നെ സുഖപ്പെടുത്തുന്നത്. (ജ്ഞാനം 16, 12) കർത്താവായ ഈശോയിൽ വിശ്വസിക്കുക, നീ ശക്തിയുള്ളവളാകും, ശക്തിയുള്ളവനാകും. കർത്താവാണ് നിന്റെ ബലം. (ഹബകുക്ക് 3, 19) കർത്താവായ ഈശോയിൽ വിശ്വസിക്കുക, നിനക്ക് സമൃദ്ധിയുണ്ടാകും, അളവുകളില്ലാതെ ആത്മാവിനെ കൊടുക്കുന്നവനാണ് ക്രിസ്തു. (യോഹന്നാൻ 3, 34) കർത്താവായ ഈശോയിൽ വിശ്വസിക്കുക, നിങ്ങൾക്ക് സമാധാനം ഉണ്ടാകും, കാരണം അവൻ സമാധാനത്തിന്റെ രാജാവാണ്. കർത്താവായ ഈശോയിൽ വിശ്വസിക്കുക, നിങ്ങൾക്ക് ജീവൻ ഉണ്ടാകും, ജീവനുണ്ടാകുവാനും, അത് സമൃദ്ധമായി നല്കുവാനുമാണ് അവൻ വന്നത്. (യോഹന്നാൻ 10, 10)
ഇന്നത്തെ സുവിശേഷഭാഗത്തിന്റെ പ്രായോഗിക മാനമാണ് ക്രൈസ്തവരെല്ലാവരും തങ്ങളുടെ ജീവിതത്തിലൂടെ ക്രിസ്തുവിന്റെ പ്രവൃത്തികൾ പ്രകാശിപ്പിക്കുന്നവരാകണം എന്നത്. ഇന്നത്തെ സുവിശേഷത്തിൽ അന്തർലീനമായിരിക്കുന്ന ക്രിസ്തുവിന്റെ ശബ്ദമിതാണ്, നാം ക്രിസ്തുവിന്റെ പ്രവൃത്തികൾ ചെയ്യുന്നവരാകണം. ഇന്ന് ഭാരതത്തിൽ, കേരളത്തിൽ ക്രൈസ്തവസമൂഹം മാറ്റിനിർത്തപ്പെടുന്നുണ്ടെങ്കിൽ, ക്രൈസ്തവസമൂഹത്തിന് നീതി, അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ, കേരളത്തിൽ പ്രത്യേകിച്ചും രാഷ്ട്രീയമായി ഒതുക്കപ്പെടുന്നുണ്ടെങ്കിൽ അതിന്റെ കാരണം, നാം എണ്ണത്തിൽ കുറവായതുകൊണ്ട് മാത്രമല്ല, നമ്മുടെ ക്രൈസ്തവജീവിതങ്ങൾ ക്രിസ്തുവിന്റെ പ്രതിഫലനങ്ങൾ ആകാത്തതുകൊണ്ടുകൂടിയാണ്. നാം എണ്ണത്തിൽ കുറവാകുന്നു എന്നത് ഒരു യാഥാർഥ്യമാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ മുന്നണികൾ രാഷ്ട്രീയമായി നമ്മെ മാറ്റിനിർത്തുന്നു. നമ്മെ നശിപ്പിക്കുവാൻ, ഇല്ലാതാക്കുവാൻ ശ്രമിക്കുന്നു. ശരിതന്നെ. എങ്കിലും, നമ്മുടെ ക്രൈസ്തവജീവിതങ്ങൾ, കുടുംബജീവിതങ്ങൾ ശക്തമാണെങ്കിൽ, ക്രിസ്തു ചൈതന്യം നിറഞ്ഞതാണെങ്കിൽ പ്രിയപ്പെട്ടവരേ, ഒരിക്കലും നമ്മെ ഇല്ലാതാക്കുവാൻ ആകില്ല.
സ്നേഹമുള്ളവരേ, ക്രൈസ്തവജീവിതത്തിന്റെ ലാവണ്യമെന്നത്, സൗന്ദര്യമെന്നത് ക്രിസ്തുവിലുള്ള വിശ്വാസമാണ്. ക്രിസ്തുവിലുള്ള വിശ്വാസം നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന ഒരു പ്രക്രിയയാണ് എന്ന് നാം മറക്കരുത്. നമ്മുടെ ജീവിതത്തിന്റെ പരിസരങ്ങളിൽ ധാരാളം അപകടങ്ങൾ പതിയിരിക്കുന്ന ഒളിയിടങ്ങളുണ്ട്. എപ്പോഴാണ് ഈ അപകടങ്ങൾ മറനീക്കി പുറത്തുവരിക എന്ന് നമുക്ക് അറിയില്ല. നമ്മെ സഹായിക്കുമെന്ന് നാം കരുതുന്ന ഒന്നിനും അപ്പോൾ നമ്മെ സഹായിക്കുവാൻ കഴിഞ്ഞെന്നും വരില്ല. അവിടെ നമുക്ക് ഇപ്പോഴും സമീപസ്ഥമായ നമ്മുടെ ദൈവമാണ്, ക്രിസ്തുവാണ് നമ്മെ സഹായിക്കുവാൻ എത്തുക. ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ രൂപപ്പെടുന്ന ജീവിതദർശനം നമുക്ക് സഹായത്തിനെത്തും.
ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പ്രത്യക്ഷരൂപങ്ങളാണ് നമ്മുടെ ക്രൈസ്തവ വ്യക്തി, കുടുംബ,

ഇടവക ജീവിതങ്ങൾ എന്ന് മനസ്സിലാക്കി മുന്നോട്ട് പോകുവാൻ നമുക്കാകട്ടെ. നമ്മുടെ ക്രൈസ്തവജീവിതങ്ങൾ ക്രിസ്തുവിന്റെ ലാവണ്യത്തിൽ, മഹത്വത്തിൽ തിളങ്ങുവാൻ ഇന്നത്തെ വിശുദ്ധ കുർബാന നമ്മെ സഹായിക്കട്ടെ. ആമേൻ!