SUNDAY SERMON JN 14, 15-20, 25-26

ശ്ളീഹാക്കാലം ഏഴാം ഞായർ

യോഹന്നാൻ 14, 15-20, 25-26

സീറോമലബാർ സഭയുടെ ആരാധനാക്രമത്തിലെ ശ്ളീഹാക്കാലം ഏഴാം ഞായറാണിന്ന്. ഭൂമിയിലെ ജീവിതത്തിൽ ക്രിസ്തു സാക്ഷ്യത്തിന്റെ നേര് കണ്ടെത്താൻ, ആ നേരിന്റെ ജീവിതം നയിക്കുവാൻ ക്രൈസ്തവരെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണെന്ന് വിശ്വസിക്കാൻ ഇന്നത്തെ സുവിശേഷത്തിലൂടെ ക്രിസ്തു നമ്മോട് ആഹ്വാനം ചെയ്യുകയാണ്. സാധാരണ, പരിശുദ്ധാത്മാവിനെക്കുറിച്ച്, ആത്മാവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അധികമൊന്നും നാം പ്രസംഗിക്കാറില്ല. ഇന്നത്തെ സുവിശേഷം പരിശുദ്ധാത്മാവിനെക്കുറിച്ച് കൂടുതൽ അറിയുവാൻ നമ്മെ ക്ഷണിക്കുകയാണ്.

എന്തുകൊണ്ടാണ് തിരുസ്സഭയെ പടുത്തുയർത്തിയ അപ്പസ്തോലന്മാർ, ആദ്യകാല ക്രൈസ്തവർ, രക്തസാക്ഷികൾ, വിശുദ്ധർ, ജീവൻ കൊടുത്തും ജീവിതംകൊണ്ടും ക്രിസ്തുവിന് സാക്ഷ്യം വഹിച്ച അനേകം ക്രൈസ്തവർ ഇത്രയും വിപ്ലവാത്മകമായി ക്രൈസ്തവജീവിതം നയിച്ചത്? അതിനുള്ള ഉത്തരമാണ് ഇന്നത്തെ സുവിശേഷത്തിലെ ക്രിസ്തുവിന്റെ വാഗ്ദാനം. ഇതാണാ വാഗ്ദാനം: ‘മക്കളെ, എന്നെ അനുഗമിച്ച്, എനിക്ക് സാക്ഷ്യം നൽകി ജീവിക്കുവാൻ നിങ്ങളെ ധൈര്യപ്പെടുത്തുവാൻ ഒരു സഹായകനെ നിങ്ങൾക്ക് ഞാൻ നൽകും. ഞാൻ അയയ്ക്കുന്ന സഹായകൻ, പരിശുദ്ധാത്മാവ് നിങ്ങളെമാത്രമല്ല, ലോകത്തെത്തന്നെ അത്ഭുതപ്പെടുത്തുമാറ് നിങ്ങളിലൂടെ, ലോകാവസാനംവരെയുള്ള ക്രൈസ്തവരിലൂടെ പ്രവർത്തിക്കും.’ ഈ സുവിശേഷ വചനം വിശ്വസനീയമാണോ എന്നറിയാൻ, 100% ശരിയാണോയെന്നറിയാൻ തെളിവന്വേഷിച്ച് ഓടിനടക്കേണ്ട ആവശ്യമൊന്നുമില്ല. തിരുസ്സഭാ ചരിത്രം ഒന്ന് മറിച്ചുനോക്കിയാൽ മതി.  

അവിടെ, ക്രിസ്തുവിന്റെ ഉത്ഥാനശേഷം, ക്രൈസ്തവരെ ഏറ്റവും അധികം പ്രചോദിപ്പിച്ച, ശക്തിപ്പെടുത്തിയ, സ്വന്തം രക്തം നൽകിക്കൊണ്ടും ക്രിസ്തുവിനെ പ്രഘോഷിപ്പിക്കുവാൻ ക്രൈസ്തവരെ പ്രേരിപ്പിച്ച ഒരു ദൈവിക വിസ്മയത്തെ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. അത്, ക്രിസ്തു അയയ്ക്കുമെന്ന് വാഗ്ദാനം ചെയ്ത സഹായകനാണ്, പരിശുദ്ധാത്മാവാണ്. 2024 വർഷങ്ങൾ കഴിഞ്ഞിട്ടും, പിളർപ്പിന്റെയും, കുരിശുയുദ്ധങ്ങളുടെയും, വിവാദങ്ങളുടെയും, വിപ്ലവങ്ങളുടെയും, ശീശ്മയുടെയും, പാഷാണ്ഡതയുടേയുമൊക്കെ ഘോരസർപ്പങ്ങളാൽ ആക്രമിക്കപ്പെട്ടിട്ടും, സീറോമലബാർ സഭയിൽ വിശുദ്ധ കുർബാനയുടെ പേരിൽ പൈശാചികത നിറഞ്ഞാടിയിട്ടും, ഇന്നും തകരാതെ, തളരാതെ തിരുസ്സഭ നിലനിൽക്കുന്നതിന്റെ പ്രധാന കാരണം, തിരുസ്സഭയോടൊപ്പം ഈ സഹായകൻ ഉണ്ടെന്നതാണ്, തിരുസ്സഭയോടൊപ്പം പരിശുദ്ധാത്മാവ് ഉണ്ടെന്നതാണ്.  

ക്രിസ്തു വാഗ്‌ദാനം ചെയ്ത ഈ സഹായകൻ, പരിശുദ്ധാത്മാവ് ഇന്നും സജീവമായി പ്രവർത്തിക്കുന്നുണ്ട് എന്നതിന്റെ വലിയൊരു അടയാളമാണ് ഭാരതത്തിലെ ഈയിടെ പൂർത്തിയായ പൊതുതിരഞ്ഞെടുപ്പ് 2024. എല്ലാ എക്സിറ്റ് പോൾ പ്രവചനങ്ങളെയും, ചില നേതാക്കളുടെ അമിത പ്രതീക്ഷകളെയും പാടേ തെറ്റിച്ചുകൊണ്ട് ഇന്ത്യൻ ജനത അതിന്റെ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടമാക്കിയിരിക്കുകയാണ്. ഇതിന്റെ പുറകിലെ രാഷ്ട്രീയ ബോധത്തെക്കുറിച്ച് പറയാനല്ല ഞാൻ ആഗ്രഹിക്കുന്നത്. മറിച്ച്, ഇതെങ്ങനെ സംഭവിച്ചു എന്ന് പറയാനാണ്. ഇന്ത്യയിലെ സാധാരണ ജനങ്ങൾ തങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തി ശരിയായി പ്രകടിപ്പിച്ചത് അവർക്ക് ഉന്നതമായ രാഷ്ട്രീയ അറിവ് ഉണ്ടായതുകൊണ്ടല്ല. രാഷ്ട്രീയ പാർട്ടികളുടെ തന്ത്രങ്ങളും, കുതന്ത്രങ്ങളും അറിഞ്ഞിട്ടുമല്ല.  അവരിലൂടെ പരിശുദ്ധാത്മാവ് പ്രവർത്തിച്ചതുകൊണ്ടാണ് അത്രമാത്രം രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കുവാൻ അവർക്ക് സാധിച്ചത്.. ചിരിക്കേണ്ട. അച്ചൻ പൊട്ടത്തരം പറയുകയല്ല. അച്ചന്റെ ഈ തിരഞ്ഞെടുപ്പ് വിശകലനം ഒരു ടീവി ചാലനിലും നിങ്ങൾ കേട്ടെന്നു വരില്ല. ഒരു നേതാവിന്റെ വായിൽ നിന്ന് ഇങ്ങനെയൊരു വിശകലനം വീണുകാണില്ല. അതെ പ്രിയപ്പെട്ടവരേ, ഇത് ക്രിസ്തുവിന്റെ വാഗ്ദാനമായ സഹായകന്റെ, പരിശുദ്ധാത്മാവിന്റെ പ്രവൃത്തി ആയിരുന്നു. കാരണമെന്തെന്നോ, ലോകത്തിലെ, പ്രത്യേകിച്ച് ഇന്ത്യയിലെ എല്ലാ സന്യാസഭവനങ്ങളിലും ഇലക്ഷൻ പ്രഖ്യാപിച്ചപ്പോൾ മുതൽ വിശുദ്ധ കുർബാനയുടെ മുൻപിൽ ആരാധന നടത്തി ക്രൈസ്തവർ പ്രാർത്ഥിക്കുകയായിരുന്നു. എന്തായിരുന്നു പ്രാർത്ഥന? ഇന്ത്യയുടെ ചൈതന്യം കാത്തുസൂക്ഷിക്കുന്ന, ഭരണഘടന കാത്തുസൂക്ഷിക്കുന്ന, ബഹുസ്വരത കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള ഒരു ഗവൺമെന്റ് ഞങ്ങൾക്ക് നൽകണേ! പരിശുദ്ധാത്മാവേ, ഇന്ത്യയിലെ വോട്ടർമാരെ അതിനായി പ്രചോദിപ്പിക്കണമേ.

പരിശുദ്ധാത്മാവ് പ്രവർത്തിച്ചില്ലേ പ്രിയപ്പെട്ടവരേ?  തീർച്ചയായും. എല്ലാ പ്രവചനങ്ങളെയും, പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് കാലത്തിനാവശ്യമായ ഒരു തിരഞ്ഞെടുപ്പ് ഫലമാണ് ജൂൺ 4 ന് നാം കണ്ടത്.

ഇന്നത്തെ സുവിശേഷത്തിലൂടെ, താൻ അയയ്ക്കുന്ന സഹായകൻ ഏത് രീതിയിലൊക്കെ നമ്മെ സഹായിക്കുമെന്ന് ഈശോ എണ്ണിയെണ്ണി പറയുന്നുണ്ട്. 1. ഈശോയേ സ്‌നേഹിച്ചുകൊണ്ട് അവിടുത്തെ കൽപ്പനകൾ പാലിക്കുവാൻ ഈ സഹായകൻ നമ്മെ സഹായിക്കും. 2. അനാഥരായി അലഞ്ഞു നടക്കുന്ന ദൈവമക്കളാകാതിരിക്കുവാൻ ഈ സഹായകൻ പ്പോഴും നമ്മോടൊത്തുണ്ടാകും. 3. ദൈവത്തെ അറിയാനും, പരിശുദ്ധ ത്രിത്വത്തെ മനസ്സിലാക്കാനും ഈ സഹായകൻ നമ്മെ സഹായിക്കും. 4. ഈ സഹായകൻ എല്ലാ കാര്യങ്ങളും നമ്മെ പഠിപ്പിക്കും. 5. ജീവിത സാഹചര്യങ്ങളിൽ നന്മ ചെയ്യുവാൻ ക്രിസ്തുവിന്റെ വചനം ഈ സഹായകൻ നമ്മെ അനുസ്മരിപ്പിക്കും. അതുകൊണ്ട്, ഈ സഹായകനായി ആഗ്രഹിക്കുകയും, ഈ സഹായകനായി നാം പ്രാർത്ഥിക്കുകയും ചെയ്യണം.

സ്നേഹമുള്ളവരേ, ഈ സഹായകനെ ലഭിക്കുക എന്നതാണ്, പരിശുദ്ധാത്മാവിനെ സ്വീകരിക്കുക എന്നതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.  ഈശോ നമ്മിലേക്ക് ഈ സഹായകനെ അയയ്ക്കുമ്പോൾ, നമ്മുടെ ജീവിതത്തിന്റെ വാതിലുകൾ നാം അടയ്ക്കരുത്. കൂദാശകളിലൂടെ നാം സ്വീകരിക്കുന്ന പരിശുദ്ധാത്മാവ് വളർന്ന്, വളർന്ന് നമുക്കൊരു അനുഭവമായി മാറുന്നതാണ് നമ്മിൽ സംഭവിക്കുന്ന പന്തക്കുസ്ത.  

ക്രിസ്തുവിന്റെ പ്രവൃത്തികൾ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താലാണ് നടക്കുന്നത്. തന്റെ പരസ്യ ജീവിതകാലത്ത് ഈശോ തന്റെ ദൗത്യം ആരംഭിച്ചപ്പോൾ പറഞ്ഞത്, “കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്” (ലൂക്ക 4, 18) എന്നാണ്. നസ്രായനായ ഈശോയെ “പരിശുദ്ധാത്മാവിനാലും, ശക്തിയാലും” (അപ്പ 10, 38) ദൈവം അഭിഷേകം ചെയ്തപ്പോൾ അത്ഭുതങ്ങളും, രോഗശാന്തികളും ഉണ്ടായി; ലോകത്തിന് രക്ഷ കൈവന്നു. നന്മ പ്രവർത്തിക്കാൻ നമുക്ക് ഈ അഭിഷേകം വേണം. നല്ല കുടുംബനാഥനാകാൻ, നാഥയാകാൻ, വൈദികനാകാൻ, സന്യസ്തയാകാൻ, സന്യസ്തനാകാൻ നമുക്ക് അഭിഷേകം വേണം. പരിശുദ്ധാത്മാവാകുന്ന തൈലം നമ്മുടെ തലയിൽ വീഴാൻ നാം ആഗ്രഹിക്കണം. അപ്പോൾ നാം പുതിയ മനുഷ്യരാകും. അതോടൊപ്പം നമുക്ക് എല്ലാം ലഭിക്കും. ദൈവം നമ്മുടെ ജീവിതത്തെ തിരിച്ചു പിടിക്കും. നിന്റെ  ആവശ്യങ്ങളിൽ, ജീവിതത്തിലേക്ക്  ദൈവം ആളുകളെ അയയ്ക്കും. അഭിഷേക തൈലം നിന്റെ തലയിൽ വീണാൽ നിന്നെക്കുറിച്ചുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ മാറും. നിനക്ക് സമൃദ്ധി ഉണ്ടാകും. എത്തിച്ചേരാൻ പറ്റില്ല എന്ന് നീ വിചാരിച്ചിടത്തൊക്കെ നീ എത്തും. ദൈവത്തെ തേടാൻ നീ അവസരം കണ്ടെത്തും. നിനക്കൊരു പുതിയ ഹൃദയം ലഭിക്കും. ആത്മാവ് നിന്നിൽ ഉണ്ടെങ്കിൽ ഒരു ശക്തിക്കും നിന്നെ പരാജയപ്പെടുത്താൻ കഴിയില്ല.   

പരിശുദ്ധാത്മാവിന്റെ നിറവ് കിട്ടുവാൻ നാം എന്തുചെയ്യണം? 1. വിശ്വസിക്കണം. (യോഹ 7, 39; 14, 1) 2. സ്നേഹിക്കണം. (യോഹ 14, 15) 3. അനുസരിക്കണം. (അപ്പ 5, 32) 4. ചോദിക്കണം. (ലൂക്ക 11, 13) 5. കാത്തിരിക്കണം. (അപ്പ 1, 4)

കൂദാശകളിലൂടെ നമുക്ക് ലഭിക്കുന്ന പരിശുദ്ധാത്മാവിനെ, ഓരോ വിശുദ്ധ കുർബാനയിലൂടെയും നമുക്ക് ലഭിക്കുന്ന പരിശുദ്ധാത്മാവിനെ നാം ഉജ്ജ്വലിപ്പിക്കണം. അപ്പോൾ ദൈവത്തിന്റെ ശക്തി നമുക്ക് ലഭിക്കും. നിങ്ങൾക്കറിയോ, ചില കാര്യങ്ങൾ ചെയ്യുവാൻ നമുക്ക് ശക്തി നൽകുന്നത് പരിശുദ്ധാത്മാവാണ്. ചില ഇടങ്ങളിലേക്ക് നമ്മെ അയയ്ക്കുന്നതും പരിശുദ്ധാത്മാവാണ്. മാത്രമല്ല, ചില ഇടങ്ങളിലേക്ക് പോകാതെ നമ്മെ തടയുന്നതും പരിശുദ്ധാത്മാവ് തന്നെയാണ്.  

ക്രിസ്തുവാണ് നമുക്ക് ആത്മാവിനെ, സഹായകനെ നല്കുന്നതതെന്ന് വചനം വളരെ വ്യക്തമായി പറയുന്നുണ്ട്. എന്തിനൊക്കെവേണ്ടിയിട്ടാണ് ക്രിസ്തു നമുക്ക് ആത്മാവിനെ നൽകുന്നത്?

1. നമ്മുടെ ജീവിതത്തെ രൂപപ്പെടുത്താൻ. രൂപരഹിതമായിരുന്ന, ക്രമമില്ലാതിരുന്ന, ശൂന്യമായിരുന്ന, ഭംഗിയില്ലാതിരുന്ന അവസ്ഥയിൽ (ഉത്പത്തി 1, 1-2) ഭൂമിക്ക് രൂപം നൽകിയത്, ക്രമം നൽകിയത്, നിറവ് കൊടുത്തത്, ഭംഗി നൽകിയത് പരിശുദ്ധാത്മാവായിരുന്നു. അതുപോലെ നമ്മുടെ ജീവിതങ്ങളെ, കുടുംബങ്ങളെ ഭംഗിയുള്ളതാക്കുന്നത്, രൂപമുള്ളതാക്കുന്നത്, ക്രമമുള്ളതാക്കുന്നത് പരിശുദ്ധാത്മാവാണ്.

 2. പടുത്തുയർത്താൻ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്. പുറപ്പാടിന്റെ പുസ്തകത്തിൽ സമാഗമകൂടാരവും മറ്റും നിർമിക്കാൻ യൂദാഗോത്രത്തിൽപെട്ട ഹൂറിന്റെ പുത്രനായ ഊറിയുടെ മകൻ ബസാലേലിനെ കർത്താവ് ദൈവിക ചൈതന്യംകൊണ്ട് നിറയ്ക്കുന്നുണ്ട്. (പുറ 31, 1-6) നന്മയായി എന്തെങ്കിലും നമ്മുടെ ജീവിതത്തിൽ പടുത്തുയർത്താൻ പരിശുദ്ധാത്മാവിനേ കഴിയൂ. അത് നമ്മുടെ വ്യക്തി ജീവിതമായിക്കൊള്ളട്ടെ, കുടുംബമായിക്കൊള്ളട്ടെ, ഒരു ബിസ്സിനസ്സായിക്കോട്ടെ, ഒരു വീടായിക്കൊള്ളട്ടെ, എന്തായാലും, ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ പടുത്തുയർത്താൻ നമ്മെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്.

3.നമ്മിലെ ഭയം മാറ്റുന്നത് പരിശുദ്ധാത്മാവാണ്. നമ്മുടെ ഉള്ളിൽ ഭയമുണ്ട്. കാരണവന്മാർ ചെയ്ത പാപത്തെക്കുറിച്ച് ഭയം, നാം ചെയ്ത, ചെയ്യുന്ന പാപങ്ങളെക്കുറിച്ചുള്ള ഭയം, എന്തെങ്കിലും ആപത്ത് വരുമോ എന്ന ഭയം, ക്യാൻസർ പോലുള്ള രോഗങ്ങൾ വരുമോയെന്ന ഭയം, പെട്ടെന്ന് മരിക്കുമോയെന്ന ഭയം, അയൽവാസികൾ കൂടോത്രം ചെയ്യുമോ എന്ന ഭയം. ഓർക്കുക, ഭയത്തിലേക്ക് നയിക്കുന്ന ആത്മാവിനെയല്ല, ക്രിസ്തു നമുക്ക് നൽകുന്നത്. (റോമാ 8, 1-)

4. ക്രിസ്തുവുമായി നാം ചെയ്യുന്ന പ്രതിജ്ഞകളെ പാലിക്കാൻ നമ്മെ സഹായിക്കുന്നത് ആത്മാവാണ്. ഒരു ചെറിയ പാപം ചെയ്താൽപോലും ഉള്ളിൽ നിന്ന് വിളി വരും. അത് ശരിയല്ല, ചെയ്യരുത്. കർത്താവിന്റെ വഴിയേ നടക്കൂ. ഇത് തോന്നിപ്പിക്കുന്നത് ആത്മാവാണ്, സഹായകനാണ്.

5. ബന്ധനങ്ങളെ തകർക്കുന്നത് ആത്മാവാണ്. നാം പാപത്തിലും, ശാപത്തിലും കഴിയാനല്ല ഈശോ കുരിശിൽ മരിച്ചത്. പരിശുദ്ധാത്മാവിന്റെ അഭിഷേകം സ്വീകരിച്ചവന്റെ തലയ്ക്ക് മേൽ ശാപമില്ല. അവനിൽ ബന്ധനങ്ങളില്ല. എന്നാൽ തോന്നിയപോലെ ജീവിച്ചാൽ പറ്റില്ല. ശിക്ഷാവിധിയുണ്ട്. ബന്ധനത്തിൽ കഴിയാനല്ല, സ്വാതന്ത്ര്യത്തിൽ കഴിയാനാണ് ഈശോ നമ്മെ വിളിക്കുന്നത്.  

ഒരിക്കൽ ഒരു രാജാവ് തന്റെ പ്രജകളോട് പറഞ്ഞു: “നാളെ സൈറൺ മുഴങ്ങുമ്പോൾ ഓടിവന്ന് ഈ രാജകൊട്ടാരത്തിലെ എന്തിൽ തൊട്ടാലും അത് നിങ്ങളുടേതാകും.” പിറ്റേദിവസം സൈറൺ കേട്ട് ആളുകൾ ഓടിവന്ന് ഓരോ വസ്തുവിലും തൊടാൻ തുടങ്ങി. ആ സമയം സമർത്ഥയായ ഒരു പെൺകുട്ടി ഓടി അവിടേക്ക് വന്നു. അവൾ നോക്കിയപ്പോൾ ആളുകൾ ഓരോ വസ്തുവിലും തൊടുകയാണ്. അവൾ ഓടിച്ചെന്ന് രാജാവിനെ തൊട്ടു. രാജാവ് അവളെ അത്ഭുതത്തോടെ നോക്കിയപ്പോൾ അവൾ പറഞ്ഞു: ” രാജാവ് സ്വന്തമായാൽ രാജാവിനുളളതെല്ലാം സ്വന്തമാകുമല്ലോ.”

സ്നേഹമുള്ളവരേ, തിരുസഭയിൽ ദൈവാനുഭവം നേടുവാൻ, നല്ല ആത്മീയജീവിതം നയിക്കുവാൻ ധാരാളം സാധ്യതകളുണ്ട്. പല തരത്തിലുള്ള ഭക്തികളും, ഭക്തകൃത്യങ്ങളുമുണ്ട്. അവയെല്ലാം നല്ലതുതന്നെ. പക്ഷേ, പരിശുദ്ധാത്മാവിനെ സ്വന്തമാക്കിയാൽ ദൈവത്തിനുള്ളതെല്ലാം നമ്മുടേതാകും. അതുകൊണ്ട്, സഹായകനെ, പരിശുദ്ധാത്മാവിനെ സ്വന്തമാക്കുക; പരിശുദ്ധാത്മാവിന്റെ സ്വന്തമാകുക. അതാണ് ദൈവത്തെ സ്വന്തമാക്കുവാനുള്ള ഏറ്റവും നല്ല മാർഗം.  

സ്നേഹമുള്ളവരേ, ഈശോ നമുക്ക് നൽകുന്ന സഹായകനോടൊപ്പം ജീവിക്കാൻ നമുക്ക് ശ്രമിക്കാം.  ആത്മാവിനാൽ നയിക്കപ്പെടുന്നില്ലെങ്കിൽ, നമുക്ക് ദൈവരാജ്യത്തിൽ ആയിരിക്കുവാൻ കഴിയില്ല.

കാത്തിരിക്കുന്നവർക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ഒരു ദൈവം, സ്വർഗം നമുക്കുണ്ട്. കാത്തിരുന്നാൽ മതി. സഹായകൻ നമ്മിൽ ആവസിക്കും. അഗ്നിജ്വാലകളായി ആത്മാവ് വരും. ആമേൻ!  

SUNDAY SERMON MT 9, 27-38

ശ്ളീഹാക്കാലം ആറാം ഞായർ

മത്തായി 9, 27-38

2024 ജൂൺ 9 ന് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഒരു ചെറിയ കവിതയുണ്ട്. കവിതയുടെ പേര്: പൊടി. കവിതയുടെ ആദ്യഭാഗം ഇങ്ങനെയാണ്:

“പൊടിയാണ് എവിടെയും.

വിഗ്രഹങ്ങളിൽ വിളക്കുകളിൽ,

പതാകകളിൽ, തിരശീലകളിൽ,

ഛായാചിത്രങ്ങളിൽ പുസ്തകങ്ങളിൽ

വിചാരങ്ങളിൽ വികാരങ്ങളിൽ

എവിടെയും പൊടി.

ഈ ലോകത്തിന്റെ ഓരോ മൂലയിലും അടിഞ്ഞുകൂടിയിരിക്കുന്ന സ്വാർത്ഥതയുടെ, അഹങ്കരത്തിന്റെ, അസൂയയുടെ, യുദ്ധത്തിന്റെ, പൊടി കഴുകിക്കളയുവാൻ ഏത് കാറ്റിന് കഴിയുമെന്ന് കവി പറയുന്നില്ല. എന്നാൽ, ഇന്നത്തെ സുവിശേഷം, ലോകത്തിൽ, നമ്മുടെ മനസ്സുകളിൽ, ജീവിതത്തിൽ, കുടുംബങ്ങളിൽ, തിരുസഭയിൽ, വിശുദ്ധമായ അൾത്താരകളിൽ, സഭയിലെ സംവിധാനങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന പൊടി കഴുകിക്കളയുവാൻ ദൈവകൃപ ആവശ്യമുണ്ടെന്ന്, ആ ദൈവ കൃപ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒഴുക്കുവാൻ വേലക്കാരെ ആവശ്യമുണ്ടെന്ന് നമ്മോട് പറയുകയാണ്. പൊടിയാണ് എവിടെയും. ദൈവകൃപയിൽ കുളിച്ചുകയറി ശുദ്ധമാകുവാൻ ദൈവവചന വ്യാഖ്യാനം നമുക്ക് ശ്രവിക്കാം.

എവിടെനിന്നാണ്, എങ്ങനെയാണ് ദൈവകൃപ നമ്മെ സ്പർശിക്കുന്നത്? വിശുദ്ധ മത്തായിയുടെ സുവിശേഷം ഒൻപതാം അദ്ധ്യായം ഈ ചോദ്യത്തിന് ഉത്തരം നൽകുന്നുണ്ട്. ഈ അധ്യായത്തിൽ വിവരിക്കുന്ന ആദ്യ സംഭവം ഈശോ തളർവാതരോഗിയെ സുഖപ്പെടുത്തുന്നതാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തോടെ തന്നെയാണ് അയാളുടെ വീട്ടുകാരും, സുഹൃത്തുക്കളുംകൂടി തളർവാതരോഗിയെ ഈശോയുടെ മുൻപിൽ കൊണ്ടുവന്നത്. അവരുടെ വിശ്വാസം കണ്ട്, മകനേ, ധൈര്യമായിരിക്കുക, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് ഈശോ പറഞ്ഞപ്പോൾ സ്വർഗ്ഗത്തിന്റെ കൃപ അയാളിലേയ്ക്കൊഴുകി. അടുത്തസംഭവം ചുങ്കക്കാരനായ മത്തായിയെ വിളിക്കുന്നതാണ്. ചുങ്കസ്ഥലത്തിരുന്ന്, ആളുകളെ പേടിപ്പിച്ചും, ആക്രമിച്ചും റോമക്കാർക്ക് വേണ്ടി ചുങ്കം പിരിച്ചിരുന്ന മത്തായിയുടെ തോളിൽ പിടിച്ച് അവന്റെ കണ്ണുകളിലേക്ക് കാരുണ്യത്തോടെ നോക്കി, ഈശോ പറഞ്ഞു: “എന്നെ അനുഗമിക്കുക.” ആ നിമിഷം ക്രിസ്തു തന്റെ കൃപ അയാളിലേയ്ക്കൊഴുക്കി. പിന്നെ, ക്രിസ്തുവിന്റെ വസ്ത്രത്തിന്റെ വിളുമ്പിലും സൗഖ്യമുണ്ടെന്ന് വിശ്വസിച്ച രക്തസ്രാവക്കാരിയിലേക്ക്, അതും കഴിഞ്ഞ്, ഭരണാധിപന്റെ മരിച്ചെന്ന് കരുതിയ മകളിലേയ്ക്ക് ദൈവത്തിന്റെ കൃപ ഒഴുകിയെത്തി. അതും കഴിഞ്ഞാണ് ഇന്നത്തെ സുവിശേഷത്തിലെ സംഭവങ്ങൾ അരങ്ങേറുന്നത്. വിശ്വാസത്തോടെ, ദാവീദിന്റെ പുത്രാ എന്നിൽ കനിയണമേ എന്ന് കരഞ്ഞപേക്ഷിച്ച അന്ധരിലേക്ക്, പിശാചുബാധിതനായ ഊമനിലേക്ക് ക്രിസ്തുവിന്റെ കൃപ ഒഴുകുകയാണ്. അതിനുശേഷം, ഈശോയുടെ വചനപ്രഘോഷണത്തിലൂടെ, രോഗശാന്തികളിലൂടെ അനേകരിലേക്ക് ദൈവകൃപയുടെ പെരുമഴക്കാലം!

അപ്പോഴാണ്, ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും, നിസ്സഹായരുമായ മനുഷ്യരെ കണ്ടപ്പോൾ, അവരിൽ ദൈവകൃപ ഒട്ടും ഇല്ലായെന്ന് കണ്ടപ്പോൾ അവരോട് അനുകമ്പ തോന്നിയത്. ഈ ലോകത്തിലുള്ള പരിഭ്രാന്തരും, നിസ്സഹായരുമായ ദൈവമക്കൾക്ക് എങ്ങനെ ദൈവകൃപ എത്തിച്ചുകൊടുക്കുവാൻ സാധിക്കും, ആരിലൂടെ ദൈവത്തിന്റെ കൃപ അവരിലേക്കൊഴുക്കുവാൻ സാധിക്കും എന്ന് ചിന്തിച്ചപ്പോൾ ഈശോ ഉറക്കെ പറഞ്ഞു: ‘വിളവധികം വേലക്കാരോ ചുരുക്കം. അതിനാൽ, തന്റെ വിളഭൂമിയിലേക്ക് വേലക്കാരെ അയയ്ക്കുവാൻ വിളവിന്റെ നാഥനോട് പ്രാർത്ഥിക്കുവിൻ!”

എന്താണ് വിളവ്? ദൈവത്തിന്റെ കൃപയാണ് വിളവ്.  എന്താണ് വിളഭൂമി? ദൈവത്തിന്റെ ഹൃദയം. ആരാണ് വിളവിന്റെ, കൃപയുടെ നാഥൻ? കർത്താവായ യേശുക്രിസ്തു! ദൈവത്തിന്റെ ഹൃദയമാകുന്ന വിളഭൂമിയിൽ ചെന്ന്, കൃപയുടെ ഉറവയിൽച്ചെന്ന്, കൃപ ശേഖരിച്ച്, പരിഭ്രാന്തരും, നിസ്സാരരുമായ മക്കൾക്ക് കൊടുക്കുവാൻ, പൊടിപിടിച്ചുകിടക്കുന്ന മനസ്സുകളെ ദൈവകൃപയാൽ കഴുകി വെടിപ്പാക്കുവാൻ, ക്രിസ്തു ക്രൈസ്തവരെ ക്ഷണിക്കുകയാണ്. ഈ ചിന്തയോട് ചേർന്ന് പോകുന്നതാണ് പത്താം അദ്ധ്യായം ഒന്നാം വാക്യം. “അവൻ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്ക്കരിക്കാനും, എല്ലാ രോഗങ്ങളും, വ്യാധികളും സുഖപ്പെടുത്താനും അവർക്ക് അധികാരം നൽകി.” മറ്റൊരു വാക്കിൽ, അവൻ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ വിളിച്ച്, ദൈവകൃപ ജനങ്ങൾക്ക് കൊടുക്കുവാൻ അധികാരം നൽകി.

സ്നേഹമുള്ളവരേ, ദൈവത്തിന്റെ കൃപയാണ്, കൃപയുടെ നിറവാണ് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം. വിശുദ്ധ പൗലോശ്ലീഹായും ഇതേ അഭിപ്രായക്കാരനാണ്. “മനുഷ്യന്റെ ആഗ്രഹമോ, പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയയാണ്, കൃപയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.” (റോമാ 9, 16) ആ കൃപയാകട്ടെ, വിളവാകട്ടെ അധികമാണ്. അധികമെന്ന് മാത്രമല്ല അളവുകളില്ലാത്തതാണ്. എഫേസോസുകാരോട് ശ്ലീഹ പറയുന്നു: അല്ലയോ എഫേസോസുകാരേ, ദൈവം തന്റെ രക്ഷാകര പദ്ധതിയിലൂടെ നമ്മെ നയിച്ചത്, അനുസരണക്കേടിന്റെ മക്കളായ നമ്മെ രക്ഷിച്ചത്, ജഡമോഹങ്ങളിൽ ജീവിച്ചിരുന്ന നമ്മെ മോചിപ്പിച്ചത്, മരണശേഷം, യേശുക്രിസ്തുവിനോടുകൂടെ നമ്മെ സ്വർഗത്തിൽ ഇരുത്തുന്നത് എല്ലാം, ഇവയെല്ലാം ദൈവം ചെയ്തത്, വരാനിരിക്കുന്ന കാലങ്ങളിൽ തന്റെ അപരിമേയമായ കൃപാസമൃദ്ധിയെ വ്യക്തമാക്കാനാണ്. (2, 1-7) വീണ്ടും ശ്ലീഹ പറയുന്നു: “വിശ്വാസം വഴി കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്. അത് നിങ്ങൾ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്.” (2, 8)

ആചാരാനുഷ്ടാനങ്ങളിൽ തളച്ചിടപ്പെട്ട മതജീവിതത്തിലൂടെ മനുഷ്യൻ മുന്നോട്ട് പോകുമ്പോഴും, ദൈവവിശ്വാസത്തെ അധികാരമുറപ്പിക്കാനുള്ള ആയുധമായി മനുഷ്യൻ മാറ്റുമ്പോഴും, ഭീകരാക്രമണങ്ങളും, യുദ്ധങ്ങളും, ആണവായുധഭീഷണിയും ജീവിതത്തെ സംഘർഷഭരിതമാക്കുമ്പോഴും, ക്രൈസ്തവമൂല്യങ്ങളും, ക്രൈസ്തവ വിശ്വാസവും വലിയ വെല്ലുവിളികൾ നേരിടുമ്പോഴും, ഓർക്കണം സ്നേഹമുള്ളവരേ, ഉറപ്പേറിയതും മാറ്റമില്ലാത്തതും ഒന്നുണ്ട് ഈ ലോകത്തിൽ: അത് ക്രിസ്തുവാണ്, ക്രിസ്തുവിലുള്ള വിശ്വാസമാണ്, ക്രിസ്തുവിലുള്ള കൃപയാണ്. ഹെബ്രായർക്കെഴുതിയ ലേഖനം ഇത് നമ്മെ ഓർമിപ്പിക്കുന്നുണ്ട്. ” നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്ത് സഹതപിക്കാൻ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ, …നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവൻ. അതിനാൽ, വേണ്ട സമയത്ത് കരുണയും കൃപയും ലഭിക്കുന്നതിനായി നമുക്ക് പ്രത്യാശയോടെ കൃപാവരത്തിന്റെ ആ സിംഹാസനത്തെ സമീപിക്കാം.” (4, 15-16)

ഇനി, ഈശോയോട് ചോദിച്ചു നോക്കൂ…ഈശോയെ, ഈ ലോകത്തിൽ സന്തോഷത്തോടെ, സമാധാനത്തോടെ, പാപത്തിൽ നിന്നകന്ന് ജീവിക്കുവാൻ ഞാൻ എന്ത് ചെയ്യണം? ഈ ചോദ്യം നമുക്ക് മുൻപ് ചോദിച്ച ഒരു വ്യക്തിയുണ്ട്. അദ്ദേഹത്തിന്റെ ആദ്യത്തെ പേര് സാവൂൾ എന്നായിരുന്നു. അഹന്തയുടെ കുതിരപ്പുറത്ത് ക്രൈസ്തവരെ കൊല്ലാൻ പടപ്പുറപ്പാട് നടത്തിയ സാവൂൾ. പിന്നീട്, പൗലോസായപ്പോൾ, വിശുദ്ധിയിൽ ജീവിക്കുവാൻ വിഷമിച്ചപ്പോൾ, ഒന്നല്ല, മൂന്ന് പ്രാവശ്യം ക്രിസ്തുവിനോട് ചോദിച്ചു: “ഞാൻ എന്ത് ചെയ്യണം?” ഈശോ പറഞ്ഞത് ഇതാണ്: ” നിനക്ക് എന്റെ കൃപ മതി.” (2 കോറി 12, 9) ഈശോയുടെ കൃപ ഇടതടവില്ലാതെ നമ്മുടെ ജീവിതത്തിലേക്ക് പെയ്തിറങ്ങുമ്പോഴാണ് പ്രിയപ്പെട്ടവരേ, നമ്മുടെ ക്രൈസ്തവജീവിതങ്ങൾ മനോഹരമാകുന്നത്. കൃപയില്ലാത്ത ക്രൈസ്തവജീവിതങ്ങൾ ഈ ഭൂമിക്ക് തന്നെ ശാപമായിരിക്കും.

‘യേശു ക്രിസ്തു വഴി കൃപയും സത്യവും ഈ ലോകത്തിൽ വന്നിട്ടും, ക്രിസ്തുവിന്റെ പൂർണതയിൽ നിന്നും നാമെല്ലാവരും കൃപയ്ക്കുമേൽ കൃപ സ്വീകരിച്ചിട്ടും,’ (യോഹ 1, 16) ലോകമിന്ന് ദൈവകൃപയിലല്ല ജീവിക്കുന്നത്. ലോകമഹായുദ്ധങ്ങളുടെ കാലത്തേ ഓർമിപ്പിക്കുംവിധം ഭയവും ആശങ്കയും സർവത്ര പരന്നുകൊണ്ടിരിക്കുന്നു. രണ്ടിടത്തെങ്കിലും തുറന്ന യുദ്ധം നടക്കുന്നു. ഭീകരാക്രമണങ്ങൾ, ആണവായുധങ്ങൾ കാട്ടിയുള്ള വെല്ലുവിളികൾ, ബോംബുവർഷങ്ങളുടെ തീയും പുകയും വേറൊരിടത്ത്. ഫാസിസവും, സിയോണിസവും, ഇസ്ലാമിസവും ശക്തമായി തിരിച്ചുവരുന്നു. എഴുപത്തഞ്ച് കൊല്ലങ്ങൾക്ക് ശേഷവും ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികൾ നേരിടുന്നു. വർഗീയതയുടെ കണ്ണിലൂടെയാണ് എല്ലാവരും എല്ലാം കാണുന്നത്. ക്രൈസ്തവമുക്ത ഭാരതത്തിനായി അണിയറയിൽ കത്തികൾ രാകിമിനുക്കുന്നു. വിശുദ്ധ കുർബാനപോലെ പരിശുദ്ധമായയെ വെറും നാടകമായി കാണുന്നു. കൃപയ്ക്കുമേൽ കൃപയായി ക്രിസ്തുവിനെ സ്വീകരിക്കുന്നവരും അല്ലാത്തവരും തമ്മിലുള്ള ദൂരം കുറയുന്നു!!!

നിങ്ങൾക്കറിയോ, നാം വസിക്കുന്ന ഈ ഭൂമിയിൽ 16000 വ്യത്യസ്ത ഗ്രൂപ്പിലുള്ള/വർഗങ്ങളിലുള്ള/തരത്തിലുള്ള മനുഷ്യരുള്ളതിൽ വെറും 7000 ഗ്രൂപ്പുകൾക്ക് മാത്രമാണ് ക്രിസ്തുവിനെ അറിയാവുന്നത്. ബാക്കിയുള്ളവർ ഇനിയും ക്രിസ്തുവിന്റെ കൃപ രുചിച്ചിട്ടില്ല. ലോകത്തിലെ പ്രധാനപ്പെട്ട മതങ്ങളിൽ അംഗങ്ങളായിട്ടുള്ളത് ജനസംഖ്യയിൽ പകുതിപ്പേർ മാത്രമാണ്. 86% മുസ്ലിമുകൾ, ഹിന്ദുക്കൾ, ബുദ്ധമതക്കാർ ഇനിയും ക്രിസ്തുവിനെ വ്യക്തിപരമായി അറിഞ്ഞിട്ടില്ല. ക്രിസ്തുവിന്റെ കൃപ എന്തെന്ന് ഇവർക്കറിയില്ല. ലോകത്തിന്റെ മൂന്നിലൊന്നിന് സുവിശേഷം കേൾക്കാൻ അവസരമില്ല. ക്രിസ്തുവിനെ അറിഞ്ഞവർക്ക് സഹനമാണ് കിട്ടുന്നത്. ലോകത്ത് 140 മില്യൺ അനാഥക്കുട്ടികളുണ്ട്. 150 മില്യൺ തെരുവ് മക്കളുണ്ട്. നിങ്ങൾ ഈ ദൈവവചന വ്യാഖ്യാനം വായിക്കുന്നതിന് ഒരു മണിക്കൂർ മുൻപ്: 72 സ്ത്രീകളും കുട്ടികളും അടിമകളായി വിൽക്കപ്പെട്ടു. HIV/AIDS മൂലം 237 പേർ മരിച്ചു. 869 പേർ കാളുന്ന വിശപ്പുമൂലം മരിച്ചു. ഇവർക്കൊക്കെ ക്രിസ്തുവിന്റെ കൃപ എത്തിച്ചുകൊടുക്കുവാൻ ക്രിസ്തുവിന് നിങ്ങളെ വേണം പ്രിയപ്പെട്ടവരേ.

ക്രിസ്തുവിന്റെ കൃപ മറ്റുള്ളവർക്ക് കൈമാറാനുള്ള നല്ല ഉപകരണങ്ങൾ ആകുവാനാണ് ഈശോ നമ്മെ ക്ഷണിക്കുന്നത്. സ്വർഗ്ഗരാജ്യത്തിലെ വേലക്കാരാകുക എന്ന് പറഞ്ഞാൽ ക്രിസ്തുവിന്റെ കൈയ്യിലെ നല്ല ഉപകരണങ്ങൾ ആകുക എന്നർത്ഥം. പരിശുദ്ധ അമ്മയെപ്പോലെ. ക്രിസ്തുവിനെ ഈ ലോകത്തിലേക്ക് നൽകാനുള്ള നല്ല ഉപകരണമായിത്തീർന്നു   പരിശുദ്ധ ‘അമ്മ.   ‘ഞാൻ ക്രിസ്തുവിന്റെ കയ്യിലെ പേനയാകുന്നു. ഞാനാകുന്ന പേനകൊണ്ട് ഈ ലോകമാകുന്ന ചുമരിൽ ക്രിസ്തു എഴുതട്ടെ’ എന്നാണ് വിശുദ്ധ മദർ തെരേസ പറഞ്ഞുകൊണ്ടിരുന്നത്. മദർതെരേസയാകുന്ന പേനകൊണ്ട് ക്രിസ്തു ലോകമാകുന്ന ചുമരിൽ എഴുതി, ദൈവം കൃപയാകുന്നു, കരുണയാകുന്നു എന്ന്. നാമും ക്രിസ്തുവിന്റെ കയ്യിലെ നല്ല ഉപകാരണങ്ങളാകണം. എന്നിട്ട് നമ്മിലൂടെ ക്രിസ്തു മറ്റുള്ളവർക്ക് തന്റെ കൃപ നൽകട്ടെ.

സ്നേഹമുള്ളവരേ, ദൈവകൃപയുടെ പ്രവർത്തനം അത്ഭുതാവഹമാണ്. അത് നാമറിയാതെ, നമ്മിലേക്ക്, നമ്മുടെ പ്രാർത്ഥനയിലൂടെ, നാം അറിയുന്ന ഏതെങ്കിലും വ്യക്തിയിലൂടെ, അതുമല്ലെങ്കിൽ സംഭവങ്ങളിലൂടെ, നല്ല ആശയങ്ങളിലൂടെ, വിശുദ്ധ ബലിയിൽ പങ്കെടുക്കുമ്പോൾ, കുടുംബപ്രാർത്ഥന ചൊല്ലുമ്പോൾ ദൈവത്തിന്റെ കൃപ പ്രവഹിക്കും. ദൈവകൃപ വഹിക്കുന്ന, അത് മറ്റുള്ളവർക്ക് നൽകുന്ന കൃപയുടെ ജോലിക്കാരായി നമുക്ക് ജീവിക്കാം.

ദൈവകൃപയുടെ ആഘോഷമായ ഈ വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ട് കൃപനിറഞ്ഞ ജീവിതം നയിക്കുവാൻ നമുക്കാകട്ടെ. നമ്മിലുള്ള, നമ്മുടെ കുടുംബത്തിലുള്ള, ഇടവകയിലുള്ള, രൂപതയിലുള്ള പൊടി മുഴുവനും ക്രിസ്തുവിന്റെ കൃപയാൽ കഴുകിക്കളയുവാൻ നമുക്കാകട്ടെ. പൊടി മുഴുവനും നീങ്ങുമ്പോൾ, ക്രിസ്തുവിനെ നല്ല തെളിച്ചത്തിൽ മറ്റുള്ളവർക്ക് കാണാനാകും. ആമേൻ!

SUNDAY SERMON MT 10, 16-33

ശ്ളീഹാക്കാലം അഞ്ചാം ഞായർ

മത്തായി 10, 16-33

സീറോമലബാർ സഭയുടെ ആരാധനാക്രമത്തിലെ ശ്ളീഹാക്കാലം അഞ്ചാം ഞായറാഴ്ചത്തെ സുവിശേഷഭാഗം പ്രേഷിത പ്രവർത്തനത്തിന്റെ ചാലകമാണ്. ക്രൈസ്തവപ്രേഷിത പ്രവർത്തനങ്ങളുടെ ശൈലിയും, ചൈതന്യവും മനസ്സിലാക്കാനുള്ള, അതിനായി സ്വയം സമർപ്പിക്കാനുള്ള ആളുന്ന ചിന്തകൾക്ക് തീകൊടുക്കുവാൻ ഈ സുവിശേഷഭാഗം നമ്മെ സഹായിക്കും.

വിശുദ്ധ മത്തായിയുടെ സുവിശേഷം പത്താം അധ്യായത്തിലെ 16 മുതലുള്ള വാക്യങ്ങളാണ് നാം വായിച്ചുകേട്ടത്. പത്താം അധ്യായത്തിലെ ഒന്നാം വാക്യം ഇങ്ങനെയാണ്: “അവൻ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ വിളിച്ച് അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കാനും, എല്ലാ രോഗങ്ങളും, വ്യാധികളും, സുഖപ്പെടുത്താനും, അവർക്ക് അധികാരം നൽകി.” (മത്താ 10, 1) ആ ദൃശ്യത്തിലേക്ക് നോക്കൂ…അവിടെ ക്രിസ്തുവുണ്ട്. ക്രിസ്തുവിന്റെ ശിഷ്യരുണ്ട്. അധികാരത്തോടെ പ്രേഷിത പ്രേഷിതപ്രവർത്തനത്തിനായി ശിഷ്യരെ യാത്രയാക്കുന്ന ഗുരുവുണ്ട്. അയയ്ക്കപ്പെടുന്നവർ ചെയ്തുതീർക്കേണ്ട ദൗത്യമുണ്ട്. –  ആ ദൃശ്യത്തിൽ ക്രിസ്തുവിന്റെ പ്രേഷിതപ്രവർത്തനശൈലിയുണ്ട്.

പതിനാറാം വാക്യത്തിലേക്ക് വരുമ്പോൾ പക്വതയാർന്ന, കരുതലും, ശ്രദ്ധയുമുള്ള ഒരു ഗുരുവിന്റെ മനസ്സ് നമുക്ക് കാണാൻ കഴിയും. താൻ ആരെയാണ് അയയ്ക്കുന്നത് എന്നറിയുന്ന, താൻ അവരെ എങ്ങോട്ടാണ് അയയ്ക്കുന്നത് എന്നറിയുന്ന നല്ലൊരു ഗുരുവിന്റെ ചിത്രം, ഉയർന്ന കാഴ്ചപ്പാടുകളും, ഉറച്ച ബോധ്യങ്ങളുമുള്ള ക്രിസ്തുവിന്റെ ചിത്രം ഈശോയിൽ നമുക്ക് കാണാം. മാത്രമല്ല, ഓരോ ക്രൈസ്തവനും ക്രിസ്തുവിനാൽ അയയ്ക്കപ്പെടുന്നവനാണ്, അയയ്ക്കപ്പെടുന്നവളാണ് എന്നൊരു സത്യവും ഇതിനോട് ചേർത്ത് വായിക്കുവാൻ നമുക്ക് സാധിക്കണം. “നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ” (മാർക്കോ 16, 15) എന്ന ക്രിസ്തുവിന്റെ ആഹ്വാനം നമ്മുടെ മുൻപിലുണ്ട്. സുവിശേഷത്തിനുവേണ്ടി ജീവൻ ത്യജിക്കുവാൻ അനേകം രക്തസാക്ഷികളെ ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവ് നമ്മിലുണ്ട്. ആകാശത്തിന് കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല (അപ്പ 4, 12) എന്ന വിശുദ്ധ പത്രോസിന്റെ പ്രസംഗം നമ്മുടെ കാതുകളിൽ ഇരമ്പുന്നുണ്ട്. വിശുദ്ധ കുർബാനയിലെ ഈശോ ഇന്നും ജീവിക്കുന്ന ദൈവമാണെന്ന് ഈ കമ്പ്യൂട്ടർ യുഗത്തിൽ പ്രഘോഷിക്കുവാൻ, ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ, കലാസൃഷ്ടികളിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുവാൻ വാഴ്ത്തപ്പെട്ട കാർലോസ് അക്യൂറ്റിസ് (Bl. Carlos Acutis) നമ്മോട് പറയുന്നുണ്ട്.

തിരുസ്സഭയും, സഭാ മക്കളും, സ്വഭാവത്താലേ മിഷനറിയാണെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ (Ad Gentes) നമ്മെ പഠിപ്പിക്കുന്നുണ്ട്. അതെ, പ്രിയപ്പെട്ടവരേ, നാം മിഷനറിമാരാണ്, അയയ്ക്കപ്പെടുന്നവരാണ്.

ക്രിസ്തു ആരെയാണ് അയയ്ക്കുന്നത്? ആടിന്റെ മനസ്സുള്ളവരെ, സ്വഭാവമുള്ളവരെ. വളരെ നിഷ്കളങ്കരാണ് ആടുകൾ. അവർക്ക് തങ്ങളെത്തന്നെ സംരക്ഷിക്കാനറിയില്ല. ഒരിക്കലും അവർ ഉപദ്രവകാരികളല്ല. ആടുകൾ പരസ്പരം തമ്മിൽ വഴക്കിടാറില്ല. നല്ല ഇണക്കമുള്ള മൃഗങ്ങളാണവർ. എളിമയുള്ളവരാണ്. അവർക്ക് 20 വാരയിലധികം കാഴ്ചയില്ല. ഇങ്ങനെ ആടുകളെപ്പോലെ, നിഷ്കളങ്കരായ, സ്വയം Defend ചെയ്യാൻ കഴിവില്ലാത്ത, സൗമ്യരായ, മുന്നോട്ട് അധികം കാണാൻ കഴിവില്ലാത്ത, അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നറിയാത്ത, അതുകൊണ്ട് തന്നെ ഇടയന്റെ സംരക്ഷണം ആവശ്യമുള്ള ശിഷ്യരെയാണ് ഈശോ അയയ്ക്കുന്നത്.

എന്തിനുവേണ്ടിയാണ് അയയ്ക്കുന്നത്?  പിശാചുക്കളെ ബഹിഷ്ക്കരിക്കാൻ, എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താൻ, ദരിദ്രരെയും, മർദ്ദിതരെയും, മോചിപ്പിക്കാൻ, അന്ധർക്ക് കാഴ്ച നല്കാൻ, ക്രിസ്തുവിന്റെ സമാധാനം ആശംസിക്കുവാൻ. എല്ലാറ്റിലുമുപരി, ദൈവരാജ്യം പ്രഘോഷിക്കാൻ. ദൈവരാജ്യം ഭൂമിയിൽ സംജാതമാകുന്നതിന് വേണ്ടിയാണ് ഈശോ ശിഷ്യരെ അയയ്ക്കുന്നത്. മനുഷ്യന്റെ ജീവിതസാഹചര്യങ്ങളിലേക്ക് കടന്നുചെല്ലാനും, ജീവിതയാഥാർഥ്യങ്ങളെ സത്യസന്ധമായി അറിയുന്നതിനും, ക്രിസ്തുവിന്റെ സമാധനം ആശംസിച്ചുകൊണ്ട് മനുഷ്യരെ വിമോചനത്തിലേക്ക് നയിക്കുവാനും പ്രേഷിതപ്രവർത്തനങ്ങൾക്ക് സാധിക്കണം എന്ന് തന്നെയാണ് ഈശോ ആഗ്രഹിച്ചത്.

എങ്ങോട്ടേയ്ക്കാണ് ഈശോ അയയ്ക്കുന്നത്?ചെന്നായ്ക്കളുടെ ഇടയിലേക്ക്. കടിച്ചു കീറാൻ തക്കം പാർത്തിരിക്കുന്നവരാണ് ചെന്നായ്ക്കൾ. ക്രൂരതയാണ് അവരുടെ ഭാഷ. തങ്ങളുടെ വിശപ്പിന്റെ ശമനം, സുഖം, സന്തോഷം അത് മാത്രം ലക്ഷ്യംവയ്ക്കുന്നവരാണവർ. അപരന്റെ വേദന കണ്ട് ആർത്തുല്ലസിക്കുന്നവർ. അപരന്റെ മുറിവിനെ നക്കി രക്തം കുടിക്കുന്നവർ. ക്രിസ്തു ശിഷ്യരായതുകൊണ്ട് മാത്രം നിങ്ങളെ അവർ ന്യായാധിപ സംഘങ്ങൾക്ക് ഏല്പിച്ചുകൊടുക്കും. നിങ്ങളെ അവർ മർദ്ദിക്കും. നിങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കും. ഇങ്ങനെയുള്ള ചെന്നായ്ക്കളുടെ ഇടയിലേക്കാണ് ഈശോ ക്രൈസ്തവരെ അയയ്ക്കുന്നത്.

എല്ലാ ക്രൈസ്തവരെയുമാണോ അയയ്ക്കുന്നത്? അതെ. ഈശോയുടെ ആഗ്രഹം അതാണ്. പക്ഷേ, എല്ലാവരും അതിന് യോഗ്യരാകുകയില്ലല്ലോ! ‘യേശുക്രിസ്തു കർത്താവാണെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും, ദൈവം അവിടുത്തെ ഉയിർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന ക്രൈസ്തവരാണ് ഇപ്രകാരം അയയ്ക്കപ്പെടുന്നവരും, പീഡസഹിക്കുന്നവരും. 

നാമെന്താണ് ചെയ്യേണ്ടത്? ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട്, ആ വിശ്വാസം ജീവൻ കൊടുത്തും, ജീവിതം കൊണ്ടും സാക്ഷ്യപ്പെടുത്തി മുന്നേറണം. വചനം പറയുന്നു, നിർഭയം ക്രിസ്തുവിന് സാക്ഷ്യം നൽകുക.

പ്രിയപ്പെട്ടവരേ, ക്രിസ്തു സാക്ഷ്യത്തിന്റെ അലയൊലികൾ ലോകമെങ്ങും മുഴങ്ങേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നമുക്ക് ചുറ്റും നമ്മൾ ക്രൈസ്തവരെ Target ചെയ്ത് “ചെന്നായ്ക്കൾ” ധാരാളം പദ്ധതികൾ മെനയുന്നുണ്ട്. അതിൽ, ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്ന തീവ്രവാദ മതരാഷ്ട്രീയമുണ്ട്. അതിൽ നമ്മെ നികൃഷ്ടജീവികളെന്നും, വിവരദോഷികളെന്നും വിളിക്കുന്നവരുണ്ട്. അതിൽ നമ്മുടെ സ്കൂളുകളെ, വിശുദ്ധരുടെ രൂപങ്ങളെ തകർത്തുകളയുന്നവരുണ്ട്. അതിൽ നമ്മുടെ കുരിശുകളെ അവഹേളിക്കുന്നവരുണ്ട്.  നമ്മെ കേസുകളിൽ കുടുക്കി ഇല്ലായ്മചെയ്യാൻ ശ്രമിക്കുന്നവരുണ്ട്. അതിൽ അധികാരികളുണ്ട്. നമ്മുടെ സാമ്പത്തിക സ്രോതസ്സുകളെ ഇല്ലാതാക്കുന്നവരുണ്ട്.  സംഘടനാ നേതാക്കളുണ്ട്. നമ്മുടെ വൈദികരും, സമർപ്പിതരും ധരിക്കുന്ന വസ്ത്രങ്ങളോട് വെറുപ്പുള്ളവരുണ്ട്.

നമ്മുടെ ബൈബിൾ കത്തിക്കുന്നവരുണ്ട്. മോർഫുചെയ്ത് ക്രിസ്തുവിന്റെ രൂപത്തെ വികലമാക്കുന്നവരുണ്ട്. സിനിമയിലൂടെ, സാമൂഹ്യമാധ്യമങ്ങളിലൂടെ, ലേഖനങ്ങളിലൂടെ നമ്മെ കടിച്ചു കീറുന്ന ചെന്നായ്ക്കളുണ്ട്…!

എന്നാൽ, ഈ കാലഘട്ടത്തിലും, തങ്ങളുടെ ജീവിതസാഹചര്യങ്ങളിൽ ധൈര്യപൂർവം ക്രിസ്തുവിന് സാക്ഷ്യം നൽകുന്ന ധാരാളം ജീവിതങ്ങളുണ്ട്. നിങ്ങൾക്കറിയോ? എല്ലാ മത്സരങ്ങളിലും തന്നെ “100% ജീസസ്” എന്ന ബാൻഡ് തന്റെ നെറ്റിയിൽ അണിഞ്ഞ് സ്റ്റേഡിയത്തെ വലംവച്ച് തന്റെ ക്രൈസ്തവവിശ്വാസം പരസ്യമായി പ്രഘോഷിക്കുന്ന, ഒരു ഫുടബോൾ താരമുണ്ട്. ആരെന്നറിയോ? ഫുട്ബോൾ ഇതിഹാസം നെയ്മർ, നെയ്മർ ജൂനിയർ!

യേശുവിലുള്ള വിശ്വാസം പരസ്യമായി പ്രഘോഷിക്കുവാൻ, തന്റെ ഫുട്ബോൾ കളിയിലൂടെ ക്രിസ്തുവിന് സാക്ഷ്യം നൽകുവാൻ യാതൊരു  മടിയും കാണിക്കാത്ത ഈ സൂപ്പർ താരം  ബൈബിൾ വചനങ്ങൾ നവമാധ്യമങ്ങളിൽ കുറിച്ചും ക്രിസ്തുവിനെ പ്രഘോഷിക്കുന്നുണ്ട്. അതിലും രസകരം, എക്‌സിൽ (മുൻപ് ട്വിറ്റർ) “ബയോ” സെക്ഷനിൽ തന്നെക്കുറിച്ച് അദ്ദേഹം വിശേഷണം നല്കിയിരിക്കുന്നത് “ദൈവത്തിന്റെ മകൻ” എന്നാണ്.

നെയ്മറിന്റെ ധൈര്യമെങ്കിലും നമുക്കുണ്ടെങ്കിൽ, സാഹചര്യം അനുകൂലമായാലും, പ്രതികൂലമായാലും നാം ക്രിസ്തുവിന് സാക്ഷ്യം നൽകും, ക്രിസ്തുവിനെ പ്രഘോഷിക്കും!

2009 ജനുവരി 8 ന് നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കവേ, കണ്ണിന് താഴെ Eye Black ൽ ജോൺ 3:16 എന്നെഴുതി കളിയ്ക്കിറങ്ങിയ ഒരു അമേരിക്കൻ ബേസ്ബാൾ – ഫുട്ബാൾ താരമുണ്ട് – ടിം റിച്ചാർഡ് റ്റെബോ (Tim Richard Tebow). അന്ന് 94 മില്യൺ ജനങ്ങളാണ് ഗൂഗിളിൽ (Google) ജോൺ 3:16 എന്തെന്നറിയാൻ Search ചെയ്തത്.

അതുകഴിഞ്ഞ്, 3 വര്ഷം പിന്നിട്ടപ്പോൾ, 2012 ജനുവരി 8 ന് സ്റ്റീലേർസുമായി കളി ജയിച്ച് പ്രസ് കോൺഫറൻസിന് പോകവേ, അദ്ദേഹത്തിന്റെ PRO Mr. Patrick പറഞ്ഞു: “നിങ്ങൾക്കറിയോ, ഇന്ന് 90 മില്യൺ ആളുകളാണ് ജോൺ 3:16 എന്തെന്നറിയാൻ ഗൂഗിൾ ചെയ്തത്.” പത്രസമ്മേളനത്തിൽ Tim പറഞ്ഞതിങ്ങനെ:” നമ്മൾ ഒരു step വയ്ക്കാൻ തയ്യാറായാൽ, ഇത്തിരി ധൈര്യം കാണിച്ചാൽ, ക്രിസ്തു നമ്മുടെ ജീവിതങ്ങളിലൂടെ അത്ഭുതം പ്രവർത്തിക്കും.” നമ്മുടെ ചെറിയ പ്രവർത്തികളിലൂടെ വലിയ കാര്യങ്ങൾ ചെയ്യുന്നവൻ ദൈവം. നാം ഒരു കാര്യം മാത്രം ചെയ്താൽ മതി – നമ്മുടെ ജീവിതസാഹചര്യങ്ങളായിൽ ക്രിസ്തുവിനെ പ്രഘോഷിക്കുക.

ക്രൈസ്തവ പ്രേഷിത പ്രവർത്തനത്തെക്കുറിച്ച് ക്രിസ്തുവിന്റെ വീക്ഷണം വച്ചുപുലർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു സ്നേഹമുള്ളവരേ. നാം സർപ്പങ്ങളെപ്പോലെ വിവേകികളാകേണ്ടിയിരിക്കുന്നു; പ്രാവുകളെപ്പോലെ നിഷ്കളങ്കരും. വാദപ്രതിവാദങ്ങളിലൂടെ നമ്മുടെ താത്പര്യങ്ങളെ സ്ഥാപിക്കാനല്ല നാം ശ്രമിക്കേണ്ടത്. എന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനും, എന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനുമല്ല ക്രിസ്തു നമ്മെ അയയ്ക്കുന്നത്. പിന്നെയോ, ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കാനാണ്. പരിശുദ്ധാത്മാവ് നമ്മോട് പറയുന്നതിനനുസരിച്ച് സംസാരിക്കാനാണ് നാം പഠിക്കേണ്ടത്. അതിനായി, നമ്മുടെ ക്രിസ്തുവിലുള്ള വിശ്വാസത്തെ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.  ദൈവപരിപാലനയിൽ ആശ്രയിക്കേണ്ടിയിരിക്കുന്നു. ക്രിസ്തു പ്രഘോഷിക്കപ്പെടാത്ത ഒരു പ്രവർത്തനവും, പ്രേഷിത പ്രവർത്തനമാവില്ല; അതിപ്പോൾ, മാർപാപ്പ ചെയ്താലും!!

നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ ദൃഢമാക്കാനും, നമ്മുടെ ക്രൈസ്തവ സാക്ഷ്യത്തെ

മനോഹരമാക്കാനും, ക്രിസ്തുവിനോടൊപ്പം, തിരുസ്സഭയോടൊപ്പം നമുക്ക് മുന്നോട്ട് പോകാം. സുവിശേഷം പ്രസംഗിക്കുന്ന, നമ്മുടെ പാദങ്ങൾ മാത്രമല്ല, ജീവിതവും സുന്ദരമാകട്ടെ. ആമേൻ! 

SUNDAY SERMON JN 6, 60-69

ശ്ളീഹാക്കാലം നാലാം ഞായർ

യോഹ 6, 60-69

ഈശോയുടെ ജീവിതത്തെ സംഗ്രഹിക്കുവാൻ ഏറ്റവും യോജിച്ച വിശേഷണം ‘ഉപേക്ഷിക്കപെട്ടവൻ’ എന്നായിരിക്കും. വിശുദ്ധ യോഹന്നാൻ തന്റെ സുവിശേഷത്തിലെ ആദ്യത്തെ അധ്യായത്തിൽ തന്നെ അത് മുൻകൂട്ടി കാണുന്നുണ്ട്. “അവൻ സ്വജനത്തിന്റെ അടുക്കലേക്ക് വന്നു. എന്നാൽ, സ്വജനം അവനെ സ്വീകരിച്ചില്ല.” (യോഹ 1, 9) മുഴുവൻ ലോകത്തെയും സ്വീകരിക്കാനായി തുറന്നിട്ട ഈശോയുടെ തിരുഹൃദയത്തിനെതിരെ ഭൂമിയിലെ മനുഷ്യർ അവരുടെ ചെറു ഹൃദയങ്ങൾ കൊട്ടിയടച്ചു. അതുകൊണ്ടാണ്, “സത്രത്തിൽ അവന് ഇടം കിട്ടിയില്ല” (ലൂക്കാ 2, 7) എന്ന ചെറുവാചകം നമ്മെ ഇന്നും ഭാരപ്പെടുത്തുന്നത്. പിന്നീടുള്ളതെല്ലാം അതിന്റെ തനിയാവർത്തനങ്ങളായിരുന്നു, ഇന്നത്തെ സുവിശേഷത്തിലെ സംഭവമടക്കം. അവനെ പരിക്ത്യക്തനായ മനുഷ്യനെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ വിശേഷിപ്പിച്ച ഏശയ്യാപ്രവാചകനെ സമ്മതിക്കണം! ക്രിസ്തുവാണെങ്കിൽ അത് മനക്കണ്ണിൽ കണ്ടിട്ടുണ്ടാകണം. അതുകൊണ്ടാണല്ലോ “പണിക്കാർ ഉപേക്ഷിച്ചു കളഞ്ഞ കല്ലെന്ന്” അവിടുന്ന് തന്നെത്തന്നെ വിശേഷിപ്പിച്ചത്!

ഇന്നത്തെ സുവിശേഷത്തിന്റെ പ്രധാനപ്പെട്ട Attraction ഈശോയെ ഉപേക്ഷിച്ചുപോകുന്ന ശിഷ്യന്മാരാണ്. കാലങ്ങളായി ഒരു പ്രസ്ഥാനത്തിൽ നിന്നിട്ട്, ആ പ്രസ്ഥാനത്തിൽ നിന്ന് സാധിക്കാവുന്നതെല്ലാം ഊറ്റിയെടുത്ത് ആകാശംമുട്ടേ വളർന്നിട്ട്, വെറും സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി പ്രസ്ഥാനത്തെ, അത് പിന്തുടരുന്ന ആശയത്തെ തള്ളിപ്പറയുന്നത്, അതിനെ ഉപേക്ഷിക്കുന്നത് വർത്തമാനകാലത്തിന്റെ വെറും തമാശകളായി മാറുന്ന ഇക്കാലത്ത്, ‘നിന്റെ ആശയങ്ങൾ, നീ പറയുന്ന കാര്യങ്ങൾ കഠിനമാണ്‘ എന്നും പറഞ്ഞ്, ഈശോയെ ഉപേക്ഷിച്ചുപോകുന്ന ശിഷ്യന്മാരെക്കുറിച്ചു് കേൾക്കുമ്പോൾ ആധുനിക മനുഷ്യന് പ്രത്യേകിച്ച് മലയാളിക്ക് ഒരു വികാരവും തോന്നാൻ സാധ്യതയില്ല.

എങ്കിലും, ഈ സുവിശേഷഭാഗം വായിക്കുമ്പോൾ, വായിച്ചു കേൾക്കുമ്പോൾ മനസ്സിലുയരുന്ന കുറച്ചു ചോദ്യങ്ങളുണ്ട്. ഒന്ന്, ആരാണ് ഈശോയെ ഉപേക്ഷിച്ചു പോയത്? ശിഷ്യന്മാരാണ്. ജനക്കൂട്ടവും ശിഷ്യന്മാരും തമ്മിൽ വ്യത്യാസമുണ്ട്. ശിഷ്യന്മാർ പ്രത്യേകമാംവിധം, പ്രത്യേക ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടവരാണ്. അതിനായി സമർപ്പണം ചെയ്യാൻ തയ്യറായി വന്നിട്ടുള്ളവരാണ്. ഈശോ തന്റെ ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോൾ, അവരെ ധാരാളം കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്തു. ജനക്കൂട്ടത്തിന്റെ മനസ്സെന്ന് പറയുന്നത് ബോധ്യങ്ങളില്ലാത്ത മനസ്സാണ്. അവരോട് സംസാരിക്കുമ്പോൾ ഉറക്കെ സംസാരിക്കണം. രാഷ്ട്രീയക്കാരെ കണ്ടിട്ടില്ലേ? അതുപോലെ. എന്നാൽ ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. ഗുരുവും ശിഷ്യരും തനിച്ചാകുമ്പോൾ കൂടുതൽ ആഴത്തിലുള്ള കാര്യങ്ങൾ ഗുരു വെളിപ്പെടുത്തും. അത്രയ്ക്കും സ്നേഹത്തോടെയാണ് ഈശോ ശിഷ്യരെ വളർത്തിയെടുത്തത്. ആ ശിഷ്യരിൽ ഒരു ഭാഗമാണ് ഈശോയെ ഉപേക്ഷിച്ചു പോയത്.

രണ്ട്, ആരെയാണ് ഉപേക്ഷിച്ചു പോയത്? ക്രിസ്തുവിനെ. ദൈവമായിരുന്നിട്ടും ദൈവത്തിന്റെ സമാനത മുറുകെപ്പിടിക്കാതെ, മനുഷ്യനായി നമ്മോടൊത്തു് വസിക്കുന്ന ദൈവത്തെ.

മൂന്ന്, എന്തുകൊണ്ടാണ് ഉപേക്ഷിച്ചുപോയത്? രക്ഷാകര പദ്ധതിയുടെ പൂർത്തീകരണമായി, പരിസമാപ്തിയായി വിശുദ്ധ കുർബാനയെ അവതരിപ്പിച്ചപ്പോൾ. “ഞാൻ സ്വർഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു” (യോഹ 6, 51) എന്ന് പറഞ്ഞപ്പോൾ അത് മനസ്സിലാക്കുവാൻ മാത്രം അവരുടെ മനസ്സിന് വലിപ്പമുണ്ടായില്ല. അവരുടെ ഹൃദയത്തിന് വിശാലതയുണ്ടായിരുന്നില്ല. “നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രൻ നൽകുന്ന അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിൻ” (യോഹ 6, 27) എന്ന് പറഞ്ഞപ്പോൾ അവരതിനെ ഒരു ഭ്രാന്തൻജൽപനമായി തള്ളിക്കളഞ്ഞു. “ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്നത് എന്റെ ശരീരമാകുന്നു” (യോഹ 6, 51) എന്ന് പറഞ്ഞപ്പോൾ ആ സത്യത്തിലേക്ക് കണ്ണുകൾ തുറക്കുവാൻ അവർക്ക് കഴിഞ്ഞില്ല. അവരുടെ പിതാമഹന്മാർ ചെയ്തതുപോലെ അവർ അവരുടെ ഹൃദയം കഠിനമാക്കി. മെരീബായിൽ ചെയ്തതുപോലെ, മരുഭൂമിയിലെ മാസ്സായിൽ ചെയ്തതുപോലെ, അവർ ഹൃദയം കഠിനമാക്കി. ദൈവത്തിന്റെ ആത്മാവിന്റെ പ്രവർത്തികളെ വിവരിച്ചപ്പോൾ അതിനെ ഉൾക്കൊള്ളുവാൻ മാത്രം അവർ വളർന്നില്ല. അല്ലെങ്കിൽ, അവരുടെ ഇഷ്ടങ്ങൾക്കും, തോന്നലുകൾക്കുമപ്പുറം ദൈവത്തിന്റെ വെളിപാടുകളിലേക്ക് ഹൃദയം തുറക്കുവാൻ അവർക്കു കഴിഞ്ഞില്ല.

പക്ഷേ, ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എങ്ങനെയാണ്? കഠിനഹൃദയനയാണോ ദൈവം മനുഷ്യനെ സൃഷ്ടിച്ചത്? വചനം പറയുന്നു, “ദൈവം മനുഷ്യനെ സരള ഹൃദയനായി” സൃഷ്ടിച്ചു (സഭാപ്രസംഗകൻ 7:29) | എന്ന്. ഒരു Responsive heart ഉള്ളവളായിട്ടാണ്, ഉള്ളവനായിട്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. എസെക്കിയേൽ പ്രവാചകനിലൂടെ ദൈവം നമ്മെ അറിയിച്ചതും ഇത് തന്നെയാണ്. ഇസ്രായേൽ ജനത്തിന് ദൈവം ഇതാ ഒരു പുതിയ ഹൃദയം നൽകുന്നു. (എസക്കിയേൽ 36, 26) ഒരു പുതിയ ഹൃദയം മാത്രമല്ല, പുതിയ ചൈതന്യവും നൽകുന്നു. അതിന്റെ operation എങ്ങനെയാണ്? നിങ്ങളുടെ ശരീരത്തിൽ നിന്ന് ശിലാഹൃദയം ദൈവം എടുത്തുമാറ്റും. എന്നിട്ട് മാംസളമായ ഒരു ഹൃദയം നിങ്ങൾക്ക് നൽകും. എന്തിനുവേണ്ടിയാണ് ഈ പുതിയ ഹൃദയം? പുതിയ ചൈതന്യം? അത് respond ചെയ്യാൻ വേണ്ടിയാണ്. സമുചിതമായി പ്രത്യുത്തരിക്കാൻ വേണ്ടിയാണ്. എപ്പോൾ? ദൈവം നിങ്ങളോട് സംസാരിക്കുമ്പോൾ. ദൈവം നമ്മോട് സ്വർഗ്ഗത്തിലെ കാര്യങ്ങൾ പറയുമ്പോൾ, ദൈവം നമ്മോട് നമ്മുടെ രക്ഷയ്ക്കായിട്ടുള്ള കാര്യങ്ങൾ പറയുമ്പോൾ.

നോക്കൂ, പന്ത്രണ്ട് ശിഷ്യന്മാരുടെ response …”ഞങ്ങൾ ആരുടെ പക്കൽ പോകും? നിത്യജീവന്റെ വചസ്സുകൾ നിന്റെ പക്കലുണ്ടല്ലോ”. ഹൃദയംകൊണ്ട് respond ചെയ്യുന്ന ശിഷ്യരുടെ, അന്നുമുതൽ ലോകത്തിന്റെ അവസാനംവരെ respond ചെയ്യുന്നവരുടെ പ്രതിനിധികളാണവർ!!!! നിങ്ങൾക്കുവേണ്ടിയും, എനിക്കുവേണ്ടിയും, ഇനിയും ജനിക്കാനിരിക്കുന്നവർക്കുംവേണ്ടിക്കൂടിയാണ് അവർ അന്ന് ഇങ്ങനെ ഹൃദയംകൊണ്ട് respond ചെയ്‌തത്.  

സ്നേഹമുള്ളവരേ, ദൈവം നമുക്കൊരു responsive heart, dynamic and organic heart നൽകിയിരിക്കുന്നത് അവിടുത്തെ ഉപേക്ഷിക്കുവാനായിട്ടല്ല. സമുചിതമായി ദൈവത്തോട് respond ചെയ്യുവാനായിട്ടാണ്; സമുചിതമായി ദൈവത്തോട് പ്രത്യുത്തരിക്കുവാനായിട്ടാണ്. ക്രിസ്തുവിനെ പിന്തുടർന്ന ശിഷ്യരേക്കാൾ, അവിടുത്തെ ഉപേക്ഷിച്ചു ഓടിപ്പോയവരായിരുന്നു കൂടുതൽ. ക്രിസ്തു പറയുന്നത് കേൾക്കാൻ വന്നവരേക്കാൾ, അവിടുന്ന് കുരിശേറുന്നത് കാണാൻ വന്നവരായിരുന്നു കൂടുതൽ.

ചരിത്രം ആവർത്തിക്കാതിരിക്കുവാൻ നമ്മുടെ ഹൃദയത്തെ നാം ഒരുക്കേണ്ടിയിരിക്കുന്നു. സ്നേഹമുള്ളവരേ, ഹൃദയംകൊണ്ട് ക്രിസ്തുവിനെ കാണാൻ നാം പഠിക്കണം. ഹൃദയംകൊണ്ട്, ക്രിസ്തുവിനെ കേൾക്കാൻ പഠിക്കണം. ഹൃദയംകൊണ്ട് ക്രിസ്തുവിനെ മനസ്സിലാക്കുവാൻ നാം പഠിക്കണം. മാത്രമല്ല, ഹൃദയത്തിൽ ക്രിസ്തുവിനെ ഗർഭം ധരിക്കാനും നമുക്കാകണം. ആണായാലും, പെണ്ണായാലും ഹൃദയത്തിൽ ക്രിസ്തുവിനെ ഗർഭം ധരിക്കുകയെന്ന ആധ്യാത്മിക secret പഠിക്കുക ആവശ്യമാണ്.

അല്ലെങ്കിൽ, ഈശോയുടെ കാലത്തേ ശിഷ്യരെപ്പോലെ നാമും, ക്രിസ്തുവിനെ തള്ളിപ്പറയും. ക്രിസ്തുവിന്റെ ആശയം, വചനം കഠിനമാണെന്ന് പറഞ്ഞു നാം അവനെ ഉപേക്ഷിക്കും. ചുള്ളിക്കമ്പുകൾ കൊണ്ട് ആളിക്കത്തുന്ന അഗ്നിയുടെ ചൂടിൽ ഈശോയെ നാം തള്ളിപ്പറയും. ലൗകികതയുടെ കിലുക്കത്തിൽ അവനെ നാം ഒറ്റിക്കൊടുക്കും.

അത് സംഭവിക്കാതിരിക്കട്ടെ. അത് സംഭവിക്കാതിരിക്കണമെങ്കിൽ, വിശുദ്ധ കുർബാനയിൽ, തി രുവോസ്തിയിൽ എഴുന്നള്ളിയിരിക്കുന്നത് ക്രിസ്തുവാണെന്ന് ഉറച്ച് വിശ്വസിക്കുവാൻ നമുക്കാകണം. വിശുദ്ധ കുർബാന വെറും ഷോ അല്ലെന്ന് വിളിച്ചുപറയുവാൻ, അത് വെറും ഷോ ആണെന്ന് പറയുന്നവരെ തിരിച്ചറിയുവാൻ നാം ശ്രമിക്കണം. വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ സജീവ സാന്നിധ്യം പ്രഘോഷിക്കുന്ന ക്രിസ്തു ശിഷ്യരാകുവാൻ നാം ശക്തരാകേണ്ടിയിരിക്കുന്നു. വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ തിരുഹൃദയത്തിന്റെ തുടിപ്പ് കേൾക്കുവാനും, ആ ഹൃദയത്തുടിപ്പിനനുസരിച്ച് നമ്മുടെ ഹൃദയം തുടിക്കുവാനും നാം നമ്മെത്തന്നെ പഠിപ്പിക്കണം. ഇറ്റലിയിലെ ലാൻസിയാനോ എന്ന പട്ടണത്തിൽ സെന്റ് ലോങിനോസിന്റെ പേരിലുള്ള ആശ്രമദേവാലയത്തിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന്റെ Result ശ്രദ്ധിച്ചിട്ടുണ്ടോ? അതിൽ പറഞ്ഞത്, ഈ മാംസക്കഷ്ണങ്ങൾ ഹൃദയപേശിയുടെ ഒരു ഭാഗമാണ് എന്നാണ്. അതായത്, തിരുവോസ്തിയിൽ ക്രിസ്തു തന്റെ ഹൃദയമാണ് നമുക്കായി നൽകുന്നത്. 1999 ൽ അർജന്റീനയിലെ ബ്യുനെസ് അയേഴ്സിൽ നടന്ന അത്ഭുതം ഓർക്കുന്നില്ലേ? ഇന്നത്തെ ഫ്രാൻസിസ് പപ്പാ ആയിരുന്നു അവിടുത്തെ മെത്രാൻ. അദ്ദേഹം മാംസമായി മാറിയ തിരുവോസ്തിയാണിതെന്ന് അറിയിക്കാതെ തന്നെ, മാംസക്കഷണത്തിന്റെ ഒരു ഭാഗം ലാബിലേക്കയച്ചു. Result ഞെട്ടിക്കുന്നതായിരുന്നു. ‘ഇത് ഒരു മനുഷ്യന്റെ ശരീരവും രക്തവുമാണ്. ഹൃദയത്തിന്റെ ഇടത് വെൻട്രിക്കിളിൽ വാൽവിനടുത്ത കോശമാണിത്. ഹൃദയസ്പന്ദനത്തെ നിയന്ത്രിക്കുന്ന പേശിയാണിത്.’

വിശുദ്ധ കുർബാനയിൽ ക്രിസ്തു അവിടെ സന്നിഹിതനായിരിക്കുന്നത്, തന്റെ ജീവൻ തുടിക്കുന്ന ഹൃദയവുമായാണ് പ്രിയപ്പെട്ടവരേ! വിശുദ്ധ കുർബാനയിൽ എഈശോയുടെ സജീവ സാന്നിധ്യം എങ്ങനെ തള്ളിപ്പറയുവാൻ സാധിക്കും? വിശുദ്ധ കുർബാനയിലെ നമുക്കായി തുടിക്കുന്ന ഈശോയുടെ തിരുഹൃദയത്തെ നമുക്കെങ്ങനെ ഉപേക്ഷിക്കുവാൻ സാധിക്കും?

വിശുദ്ധ കുർബാനയെ സ്‌നേഹിക്കാം നമുക്ക്. വിശുദ്ധ കുർബാന എന്നതാണെന്ന് പഠിക്കാൻ ശ്രമിക്കാം. തിരുസ്സഭയുടെ പഠനങ്ങളിലൂടെ വിശുദ്ധ കുർബാനയെ അറിയാൻ ശ്രമിക്കാം. നിർമലമായ, വിശുദ്ധമായ ഹൃദയത്തോടെ ബലി തുടർന്നു അർപ്പിക്കാം. ആമേൻ!