കൈത്താക്കാലം നാലാം ഞായർ
മത്താ 13, 44-52

നിധിയുടെയും, രത്നത്തിന്റെയും, വലയുടെയും കഥയാണ് ഇന്നത്തെ സുവിശേഷം. ജീവിതത്തിൽ ഓരോ സെക്കന്റിനും വിലയുണ്ടെന്നും, ജീവിതത്തിൽ നാം കണ്ടെത്തുന്നതും നേടിയെടുക്കുന്നതും ഏറ്റവും നല്ലതായിരിക്കണമെന്നും, ലോകത്തിലെ നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുന്ന വിഡ്ഢികളാകരുത് നാമെന്നും സൂചിപ്പിക്കുന്ന വളരെ മനോഹമായ ഒരു സുവിശേഷഭാഗമാണ് ഈ ഞായറാഴ്ച തിരുസ്സഭ നമുക്കായി അവതരിപ്പിക്കുന്നത്. മനുഷ്യാ, ഈ ലോകം മുഴുവൻ നീ നേടിയാലും, നിന്റെ ഭാഗം ജയിക്കുവാൻ വേണ്ടി ഏത് മാർഗം നീ സ്വീകരിച്ചാലും ക്രിസ്തുവിനെ നിന്റെ ജീവിതത്തിന്റെ നിധിയായി, രത്നമായി, മാർഗമായി നീ കണ്ടെത്തുന്നില്ലെങ്കിൽ നിനക്കെന്ത് ഫലം എന്ന ചങ്കിൽ തട്ടുന്ന ചോദ്യമാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ നമ്മുടെ മുൻപിൽ വയ്ക്കുന്നത്.
വിശുദ്ധ മത്തായിയുടെ സുവിശേഷം അദ്ധ്യായം 13 അറിയപ്പെടുന്നത് ഉപമകളുടെ അദ്ധ്യായമായിട്ടാണ്. ഈ അദ്ധ്യായത്തിലെ അവസാനത്തെ ഉപമകളായിട്ടാണ് നിധിയുടെയും, രത്നത്തിന്റെയും, വലയുടെയും ഉപമകൾ ഈശോ പറയുന്നത്. നമുക്കറിയാവുന്നതുപോലെ, തന്റെ അടുക്കലേക്ക് വന്ന ജനങ്ങളുടെ മനസ്സറിഞ്ഞ ഈശോ, അവരെ ഉപകളിലൂടെയാണ് ദൈവരാജ്യത്തിന്റെ വലിയ സത്യങ്ങൾ ലളിതമായി പഠിപ്പിച്ചുകൊണ്ടിരുന്നത്. ഉപമകൾ തന്നെ വലിയസത്യങ്ങൾ ചെറിയ, എന്നാൽ മനോഹരമായ കഥകളിലൂടെ അവതരിപ്പിക്കുന്ന ഒരു technique ആണ്, സാഹിത്യശൈലി ആണ്. ഈശോ ബോധപൂർവം ഉപമയുടെ വിശദീകരണം പലപ്പോഴും ഒഴിവാക്കുന്നുണ്ട്. ഇന്നത്തെ സുവിശേഷത്തിലെ ഉപമകളുടെ വിശദീകരണം ഈശോ നൽകുന്നില്ല. അതുകൊണ്ടുതന്നെ അവയ്ക്ക് വ്യാഖ്യാനം, വിശദീകരണം ആവശ്യമാണ്.
സ്വർഗ്ഗരാജ്യത്തിന്റെ, ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാൻ വന്ന ഈശോ, ഉപമകളിലൂടെ എന്താണ് സ്വർഗ്ഗരാജ്യമെന്നും, എന്താണ് സ്വർഗ്ഗരാജ്യത്തിന്റെ മൂല്യമെന്നും, ഈ ഭൂമിയിൽ മനുഷ്യൻ എന്തെല്ലാം നേടിയാലും സ്വർഗ്ഗരാജ്യം നേടുന്നില്ലെങ്കിൽ അതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും വളരെ വ്യക്തമായി നമ്മെ പഠിപ്പിക്കുകകയാണ്.മൂന്ന് മഹത്തായ കാര്യങ്ങളാണ് ഇന്ന് ഈശോ നമ്മുടെ കാതുകളിൽ ഓതുന്നത്.
ഒന്ന്, സ്വർഗ്ഗരാജ്യം നാം കണ്ടെത്തേണ്ട, കണ്ടെത്തിക്കഴിഞ്ഞാൽ നേടിയെടുക്കേണ്ട അമൂല്യ നിധിയാണ്, വിലയേറിയ രത്നമാണ്. എന്താണ് സ്വർഗ്ഗരാജ്യം? ദൈവത്തോടോത്തുള്ള, ക്രിസ്തുവിനോടൊത്തുള്ള ജീവിതം. എന്താണ് ഈ പ്രപഞ്ചത്തിൽ, നമ്മിൽ ദൈവം ഒളിപ്പിച്ചിരിക്കുന്ന നിധി? ക്രിസ്തുവാണ് നാം കണ്ടെത്തേണ്ട, നേടിയെടുക്കേണ്ട നിധി! ഈ ഭൂമിയിലുള്ളവയെക്കാളും വിലയേറിയ രത്നമേതാണ്? ക്രിസ്തുവാണ് നമുക്കുള്ളതെല്ലാം വിറ്റ് നാം വാങ്ങിച്ചെടുക്കേണ്ട രത്നം!
തമ്പുരാനാണ് എന്റെ നിധിയെന്ന് കണ്ടെത്തുന്ന, അത് വാങ്ങുന്ന വ്യക്തിയാണ് ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവാൻ! തമ്പുരാനോടുള്ള പ്രണയമൊഴികെ, ഈ ഭൂമിയിലുള്ളതെല്ലാം മടു ക്കുന്ന ഒരു കാലം മകളേ, മകനേ നിന്റെ ജീവിതത്തിൽ വരികയാണെങ്കിൽ നീയപ്പോൾ സ്വർഗ്ഗരാജ്യത്തിലായിരിക്കും. “കർത്താവാണ് എന്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടുത്തെ കാര്യങ്ങളിലാണ്” (സങ്കീ 16, 5) എന്ന് പാടിയ സങ്കീർത്തകൻ ദൈവത്തെ നിധിയായി കണ്ടെത്തിയവനാണ്, ആ നിധി സ്വന്തമാക്കിയവനാണ്. ജീവിതത്തിലെ ദുരന്തങ്ങളുടെ ലിസ്റ്റ്, ഇല്ലായ്‍മയുടെ ലിസ്റ്റ് നിരത്തിയതിനുശേഷം “ഞാൻ കർത്താവിൽ ആനന്ദിക്കും, എന്റെ രക്ഷകനായ ദൈവത്തിൽ ഞാൻ സന്തോഷിക്കും, കർത്താവാണ് എന്റെ ബലം” (ഹബക്കുക്ക് 3, 18-19) എന്ന് ഉദ്‌ഘോഷിച്ച ഹബക്കുക്ക് പ്രവാചകൻ ദൈവത്തെ നിധിയായി കണ്ടെത്തിയവനാണ്, സർവ്വതും വിറ്റ് ആ രത്നം നേടിയവനാണ്. ദാരിദ്ര്യത്തെ ഉപാസിച്ചുകൊണ്ട്, ദൈവമേ എന്റെ സർവ്വസ്വമെ എന്ന് പാടി നൃത്തം ചെയ്ത അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് ക്രിസ്തുവിനെ നിധിയായി കണ്ടെത്തിയവനാണ്. കഴിഞ്ഞ പതിനൊന്നാം തീയതി തിരുനാളാഘോഷിച്ച വിശുദ്ധ ക്‌ളാര പറഞ്ഞത് എനിക്ക് ക്രിസ്തുമാത്രം മതിയെന്നാണ്. പട്ടുമെത്തയിൽ കിടന്നവൾ വൈക്കോലിൽ കിടക്കുവാൻ തയ്യാറായെങ്കിൽ, സ്വർണ്ണാഭരണങ്ങൾക്ക് പകരം അരയിൽ കയർ ധരിക്കുവാൻ, വിഭവസമൃദ്ധമായ ഭക്ഷണങ്ങൾ ഉപേക്ഷിച്ചു് പച്ചിലകൊണ്ടുള്ള സൂപ്പ് ഭക്ഷിക്കുവാൻ, വിലകൂടിയ ചെരുപ്പുപേക്ഷിച്ചു് നഗ്‌ന പാദയായി നടക്കുവാൻ ക്ലാര തയ്യാറായെങ്കിൽ അതിന്റെ കാരണം, അതിന്റെ ഒരേയൊരു കാരണം ഈ ഭൂമിയിൽ, ജീവിതവഴികളിൽ ഒളിഞ്ഞിരുന്ന നിധിയെ അവൾ കണ്ടെത്തിയെന്നതാണ്.
പ്രസിദ്ധ ബ്രസീലിയൻ നോവലിസ്റ്റായ പൗലോ കൊയ്‌ലോയുടെ സുന്ദരമായൊരു നോവലാണ് ആൽക്കെമിസ്റ്റ് (The Alchemist, Paulo Coelho).

നോവലിലെ സാന്റിയാഗോ എന്ന ഇടയബാലൻ ഒരു രാത്രിയിൽ സ്വപ്നം കാണുകയാണ്. സ്വപ്നം എന്തായിരുന്നെന്നോ? വലിയൊരു നിധി, സ്വർണങ്ങളും രത്നങ്ങളുമടങ്ങുന്ന വലിയൊരു നിധി. അതായിരുന്നു സ്വപ്നം. എന്നാൽ അത് എവിടെയാണെന്നോ, എങ്ങനെയാണ് കണ്ടെത്തേണ്ടതെന്നോ അവന് അറിയില്ല. ഈ നിധി കണ്ടെത്തണം. അതായിരുന്നു പിന്നെ അവന്റെ ചിന്ത. അതിനായുള്ള അന്വേഷണമാണ് ഈ നോവൽ. നിധി കണ്ടെത്തുവാൻ അവൻ ധാരാളം സഞ്ചരിക്കുന്നുണ്ട്. അതിന്റെ ചിലവിലേക്കായി കഠിനമായി അധ്വാനിക്കുന്നുണ്ട്. മാത്രമല്ല, ജീവിതത്തിന്റെ ഓരോ നിമിഷവും അവന്റെ ഒരേയൊരു ചിന്ത ഈ നിധി മാത്രമായിരുന്നു. ഇടിഞ്ഞുപൊളിഞ്ഞ ഒരു പള്ളിയിൽ തന്റെ ആടുകളോടൊത്ത് അന്തിയുറങ്ങിയപ്പോഴാണ് അവന് ഈ സ്വപ്നം ഉണ്ടാകുന്നത്. അവിടെ നിന്ന് അവൻ മരുഭൂമികളിലൂടെ, പട്ടണങ്ങളിലൂടെ ധാരാളം യാത്രചെയ്യുന്നുണ്ട്. അവസാനം, തിരികെ പഴയ പള്ളിയിൽ എത്തുമ്പോൾ അവിടെ അവൻ ആ നിധി കണ്ടെത്തുകയാണ്. നമ്മിൽത്തന്നെ, നമ്മുടെ ജീവിതസാഹചര്യങ്ങളിൽ തന്നെ നിധി കണ്ടെത്താനാകുമെന്ന സന്ദേശമാണ്, നമ്മിൽത്തന്നെ ദൈവമാകുന്ന, നന്മയാകുന്ന നിധിയുണ്ടെന്ന സന്ദേശമാണ് ഈ നോവൽ.
സ്നേഹമുള്ളവരേ, ദൈവം താനാകുന്ന നിധിയെ സ്നേഹത്തോടെ ഒളിപ്പിച്ചുവച്ചിരിക്കുന്നത് നമ്മിൽ തന്നെയാണ്; നമ്മുടെ കുടുംബങ്ങളിലാണ്; നമ്മുടെ തിരുസ്സഭയിലാണ്; നമ്മുടെ സൗഹൃദങ്ങളിലാണ്, ബന്ധങ്ങളിലാണ്; നാം എന്നും അർപ്പിക്കുന്ന വിശുദ്ധ കുർബാനയിലാണ്, നാം നടത്തുന്ന പ്രാർത്ഥനകളിലാണ്, കുടുംബപ്രാർത്ഥനകളിലാണ്. ഈ നിധിയെ കണ്ടെത്തുവാൻ നാം അന്വേഷിക്കേണ്ടത് ഇവിടെയൊക്കെത്തന്നെയാണ്. കുട്ടികൾ നടത്തുന്ന ഒരു കളിയില്ലേ? Treasure Hunting -നിധി കണ്ടെത്തൽ. നമ്മുടെ ക്രൈസ്തവ ജീവിതം ഈ നിധി കണ്ടെത്താനുള്ള അലച്ചിലാകണം. ദൈവത്താൽ നല്കപ്പെട്ടിട്ടുള്ളവയിൽ ദൈവത്തെ തേടാതെ, നിധി അന്വേഷിക്കാതെ, നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തരുത് നാം. ക്രിസ്തുവാണ് നിധിയെന്നറിഞ്ഞിട്ടും, ക്രിസ്തുവാണ് ഏറ്റവും വിലയേറിയ രത്നമെന്നറിഞ്ഞിട്ടും, എന്തേ, ആ നിധി, രത്നം സ്വന്തമാക്കുവാൻ നാം മടിക്കുന്നു? ഭൂതത്താൻ നിധി കാക്കുന്ന പോലെയാണ് ഭൂമിയിൽ അധികം പേരും. ജീവിച്ചിരിക്കുന്നവർക്കെല്ലാം ജീവിച്ചു് കൊതിതീരുന്നില്ല. വാശി പിടിച്ചു് വെട്ടിപ്പിടിക്കുന്നതെല്ലാം നിധിയെന്ന മട്ടിൽ, രത്നമെന്ന മട്ടിൽ പൊത്തിപ്പിടിച്ചുകൊണ്ടിരിക്കുകയാണ്. ചിലർക്ക് അധികാരമാണ് നിധി; ചിലർക്ക് ലഹരി മരുന്നുകളാണ് രത്നം. ചിലർക്ക് നശ്വരമായ സമ്പത്താണ് നിധി! ഇന്നത്തെ സുവിശേഷം പറയുന്നു, വ്യക്തമായി നമുക്ക് കാണിച്ചു തരുന്നു, ക്രിസ്തുവാണ്, ക്രിസ്തുമാത്രമാണ് നമ്മുടെ നിധിയെന്ന്!
ഈരേഴു പതിനാല് ലോകങ്ങളിൽ നിറഞ്ഞു നിൽക്കുന്ന യഥാർത്ഥ നിധിയായ ദൈവത്തെ തേടിപ്പോകുകയും, ആ നിധി കണ്ടെത്തിയപ്പോൾ തനിക്കുള്ളതെല്ലാം കൊടുത്ത് ആ നിധി സ്വന്തമാക്കുകയും ചെയ്ത വലിയ വ്യക്തിയാണ് കെ. അരവിന്ദാക്ഷമേനോൻ. ഹൈന്ദവനായി ജനിച്ചുവളർന്ന,

ദൈവ വിശ്വാസമില്ലാതിരുന്ന അദ്ദേഹം ഹൈന്ദവ പുരാണഗ്രന്ഥങ്ങളെല്ലാം വായിച്ചുപഠിച്ചിട്ടും യാഥാർത്ഥനിധിയായ ദൈവത്തെ കണ്ടെത്താൻ സാധിച്ചില്ല. പിന്നെ, അദ്ദേഹം കണ്ടെത്തിയ ഒരു ആചാര്യൻ പറഞ്ഞതനുസരിച്ച് ഹിന്ദു മതത്തിന്റെ ആധികാരിക ഗ്രന്ഥങ്ങളായ വേദങ്ങൾ വായിക്കാൻ ആരംഭിച്ചു. എഴുതപ്പെട്ട നാലു വേദങ്ങൾ! ഇതിൽ ആദ്യത്തെ 3 വേദത്തിൽ പ്രത്യക്ഷമായും, നാലാമത്തേതിൽ പരോക്ഷമായും ആരാണ് ദൈവം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നാലുവേദങ്ങളിലെ ഋഗ്വേദം അദ്ദേഹം വായിക്കാൻ തുടങ്ങി. വായിക്കുന്തോറും അദ്ദേഹത്തിന് വെളിച്ചം കിട്ടാൻ തുടങ്ങി. തന്റെ കഷ്ടപ്പാടിന്റെ കാലത്ത് പ്രാർത്ഥിച്ചു നടന്ന ഹിന്ദുദൈവങ്ങളൊന്നും, യഥാർത്ഥ ദൈവമല്ലായെന്നതായിരുന്നു ആദ്യത്തെ വെളിച്ചം. പ്രപഞ്ച സ്രഷ്ടാവായ ബ്രഹ്മം മാത്രമാണ് ദൈവമെന്നത് രണ്ടാമത്തെ വെളിച്ചം. ദൈവത്തെക്കുറിച്ചുള്ള നിർവചനം അദ്ദേഹം ഋഗ്വേദം പത്താം മണ്ഡലത്തിലെ ആദ്യ 10 അധ്യായങ്ങളൊന്നിൽ കണ്ടെത്തി. മൂന്നാമത്തെ വെളിച്ചം! അതിപ്രകാരമായിരുന്നു: താത പുത്ര ആത്മ സംയുക്തം ബ്രഹ്മം. (तातपुत्रात्मा संयुक्थं ब्रह्मं).
പിതാവും, പുത്രനും, ആത്മാവും ചേരുന്നതാണ് ദൈവമെന്ന വെളിപാട് ലഭിച്ച അദ്ദേഹം, പിതാവിന്റെ അംശമായ ആത്മാവിലൂടെ പുത്രൻ ജനിക്കുന്നു എന്നറിഞ്ഞപ്പോൾ, കൂടുതൽ അറിവിനായി വായന തുടർന്നു. അപ്പോൾ, പുത്രന്റെ ലോകത്തെ രക്ഷിക്കാനുള്ള യജ്ഞത്തിന്റെ, യാഗത്തിന്റെ കാര്യങ്ങൾ വായിച്ചപ്പോൾ അദ്ദേഹത്തിന് യാഥാർത്ഥ ദൈവത്തെ, നിധിയെ കണ്ടെത്താനായി. ദൈവത്തോടൊപ്പം അരൂപിയായി നിലനിൽക്കുന്ന ക്രിസ്തു യജ്ഞയോഗ്യമായ ശരീരം സ്വീകരിച്ച്, കന്യകയിൽ നിന്ന് പിറക്കുമെന്നും, മനുഷ്യന്റെ പാപങ്ങൾ മോചിച്ച്, മനുഷ്യകുലത്തെ രക്ഷിക്കാൻ കുരിശിൽ മരിക്കുമെന്നും, മരണത്തെ മറികടന്ന് ഉയിർക്കുമെന്നും വായിച്ചപ്പോൾ അദ്ദേഹം തൻ കണ്ടെത്തിയ നിധിയെ ദൈവത്തെ, തനിക്കുളളതെല്ലാം ഉപേക്ഷിച്ച് ഹൃദയത്തിൽ സ്വീകരിച്ചു. സ്വീകരിക്കുക മാത്രമല്ല, ആ ദൈവത്തെ, തന്റെ ജീവിതത്തിലൂടെ, വാക്കുകളിലൂടെ പ്രഘോഷിച്ച്, ക്രിസ്തുവിന് സാക്ഷിയായി. വായിക്കണം സ്നേഹമുള്ളവരേ, അദ്ദേഹത്തിന്റെ സാക്ഷ്യങ്ങൾ. കേൾക്കണം സ്നേഹമുള്ളവരേ അദ്ദേഹത്തിന്റെ സുവിശേഷ പ്രഭാഷണങ്ങൾ. ക്രിസ്തുവിനെ തേടാനും, ആ നിധിയെ, രത്നത്തെ സ്വന്തമാക്കാനും ഈ ഭൂമിയിലെ ജീവിതംകൊണ്ട് നമുക്കാകണം.(https://www.youtube.com/watch?v=CszoC6R68AE&t=89s)
രണ്ട്, അന്ത്യോന്മുഖമായ ഒരു ദർശനം (Eschatological vision) ഈശോ വലയുടെ ഉപമയിലൂടെ, ഉപമയിലെ നല്ല മത്സ്യങ്ങളെ ശേഖരിക്കുകയും,

ചീത്ത മത്സ്യങ്ങളെ പുറത്തെറിയുകയുംചെയ്യുന്ന മുക്കുവരുടെ പ്രവർത്തിയിലൂടെ ആവിഷ്കരിക്കുകയാണ്. മനുഷ്യജീവിതം ഹൃസ്വമാണെന്നും, ലോകത്തിലുള്ളതെല്ലാം നശ്വരങ്ങളാണെന്നും, ഭൂമിയിൽ മനുഷ്യജീവിതം ധന്യമാകുന്നത് ക്രിസ്തുവിനെ സ്വന്തമാക്കുമ്പോഴാണെന്നും മനസ്സിലാക്കി, വിശുദ്ധ പൗലോശ്ലീഹാ പറയുന്ന പോലെ “ക്രിസ്തുവിനെ മനോഭാവം പുലർത്തിക്കൊണ്ട് മനുഷ്യൻ ജീവിക്കണമെന്നും ക്രിസ്തു നമ്മെ പഠിപ്പിക്കുകയാണ്. കാരണം, ചെമ്മരിയാടുകളെ കോലാടുകളിൽ നിന്ന് വേർതിരിക്കുന്ന അന്ത്യദിനമുണ്ട്. അന്ന് ഒരു വലയിൽ അകപ്പെട്ട നല്ലതും ചീത്തയുമായ മത്സ്യങ്ങളെപോലെ, ചെറുതും, വലുതുമായ മത്സ്യങ്ങളെപ്പോലെ എല്ലാവരും ഒരുമിച്ചു ചേർക്കപ്പെടും. ചെമ്മരിയാടുകളെ വലതുവശത്തേക്കും കോലാടുകളെ ഇടതുവശത്തേയ്ക്കും മാറ്റിനിർത്തുന്ന രക്ഷാകരമായ സംഭവത്തിന് സാക്ഷികളാകേണ്ടവരാണ് ഭൂമിയിലൂടെ കടന്നുപോകേണ്ട മനുഷ്യരെല്ലാവരും. ദൈവദൂതന്മാർ ദുഷ്ടരെ നീതിമാന്മാരിൽ നിന്ന് വേർതിരിക്കും, മുക്കുവർ ചീത്ത മത്സ്യങ്ങളെ നല്ല മത്സ്യങ്ങളിൽ നിന്ന് വേർതിരിക്കുന്നതുപോലെ.
സ്നേഹമുള്ളവരേ, നാമെല്ലാവരും മരിക്കും. മരണശേഷം ഒരു വിധിയുണ്ട്. മരണം വഴി ദൈവത്തിങ്കലെത്തുന്ന ഓരോ മനുഷ്യനും തന്റെ ഭൂമിയിലെ ജീവിതത്തിന് കണക്കുകൊടുക്കേണ്ടിവരും. അത് ഒരു നിമിഷം ജീവിച്ചാലും, ഒരു മണിക്കൂർ ജീവിച്ചാലും, ഒരു ദിവസം ജീവിച്ചാലും, ആയുസ്സിന്റെ ദൈർഘ്യം മുഴുവനും ജീവിച്ചാലും – നാമെല്ലാവരും കണക്കുകൊടുക്കേണ്ടി വരും. അവിടെ വിധിയുടെ അളവുകോൽ ഒന്നുമാത്രം. ക്രിസ്തുവിനെ നിധിയായി, രത്നമായി നീ സ്വന്തമാക്കിയോ? അങ്ങനെ സ്വന്തമാക്കിയിട്ട് “ഈ ചെറിയവരിൽ ക്രിസ്തുവിനെക്കണ്ട് അവർക്കുവേണ്ടി നന്മപ്രവർത്തികൾ ചെയ്തുവോ? നിധിയായ ക്രിസ്തുവിനെ സ്വന്തമാക്കുവാൻ അവരെ സഹായിച്ചുവോ? അന്ന്, വിലാപത്തിന്റെയും പല്ലുകടിയുടെയും അവസ്ഥകളിൽപെട്ടുപോകാതിരിക്കുവാൻ ഒരു മുന്നറിയിപ്പാണ് ഇന്നത്തെ സുവിശേഷ സന്ദേശം!
മൂന്ന്, സ്വർഗ്ഗരാജ്യത്തിലെ അന്ത്യവിധി നിന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും സംഭവിക്കണം. സ്വർഗ്ഗരാജ്യത്തിലെ ശിഷ്യനാണ് നീയെങ്കിൽ, തന്റെ നിക്ഷേപത്തിൽ നിന്ന് പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥനെപ്പോലെ, പുതിയത്, നല്ലത് സ്വീകരിച്ചിട്ട്, പഴയത് ആക്രിക്കാർക്ക് വിൽക്കുന്ന, കത്തിച്ചുകളയുന്ന വീട്ടുടമസ്ഥനെപ്പോലെ ജീവിതത്തിന്റെ സാഹചര്യങ്ങളിൽ അന്ത്യവിധി ഓരോ നിമിഷവും സംഭവിക്കേണ്ടിയിരിക്കുന്നു. പുതിയജീവിതത്തിലേക്ക് രാവിലെ ഉണ ർന്നെഴുന്നേൽക്കുമ്പോൾ, രാവിലെ മുതൽ ഓരോരോ കർമങ്ങളിൽ ഏർപ്പെടുമ്പോൾ, സംസാരിക്കുവാൻ വായ് തുറക്കുമ്പോൾ, സഹോദരീസഹോദരന്മാരെ കാണുമ്പോൾ, സ്വാഭാവിക പ്രവണതകൾ തിന്മയിലേക്ക് നയിക്കുമ്പോൾ ഓർക്കണം നാം നമ്മുടെ ജീവിതത്തെ അരിച്ചുപെറുക്കുന്ന അന്ത്യവിധിയെക്കുറിച്ചു്, നന്മതിന്മകളെ തിരിച്ചറിഞ്ഞ് ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു്.
സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നൽകുന്ന ഈ മൂന്ന് സന്ദേശങ്ങൾ ഇന്ന് നാം ജീവിക്കുന്ന കാലഘട്ടത്തിൽ പ്രസക്തമാണെന്നും, ജീവിതം നന്മയുള്ളതാക്കുവാൻ, ക്രൈസ്തവമാക്കുവാൻ ഉതകുന്നതാണെന്നും മനസ്സിലാക്കുവാൻ ദൈവത്തിന്റെ ആത്മാവ് നമുക്ക് കൃപനൽകട്ടെ. ക്രിസ്തുവിനെ നമ്മുടെ ജീവിതതിന്റെ നിധിയായി, രത്നമായി നമുക്ക് സ്വീകരിക്കാം. നശ്വരമായവയ്ക്ക് പിന്നാലെ ഓടാതെ, നൈമിഷിക സുഖങ്ങൾക്കുവേണ്ടി, ക്രിസ്തുവാകുന്ന രത്നത്തെ നഷ്ടപ്പെടുത്താതെ ജീവിക്കുവാൻ നമുക്കാകട്ടെ. നിസ്സാരമായവയ്ക്കുവേണ്ടി നഷ്ടപ്പെടുത്തുവാനല്ല ഈ ജീവിതം ദൈവം നമുക്ക് നൽകിയത് എന്നത് നാം മറക്കാതിരിക്കുക. ക്രിസ്തുവാകുന്ന നിധി കണ്ടെത്തിയ വിശുദ്ധരെപ്പോലെ, പ്രത്യേകിച്ച് ജൂലൈ 28 ന് നാം തിരുനാൾ ആഘോഷിക്കുന്ന

വിശുദ്ധ അൽഫോൻസായെപ്പോലെ ക്രിസ്തുവാകുന്ന നിധി നമുക്കും കണ്ടെത്താം. വിശുദ്ധ കുർബാന നൽകുന്ന കൃപയും ശക്തിയും സ്വീകരിച്ചുകൊണ്ട് നമ്മുടെ ജീവിതം ക്രിസ്തുവാകുന്ന നിധിയെ കണ്ടെത്തുവാനുള്ള അന്വേഷണമാക്കി മാറ്റാം. ആമേൻ!














