കൈത്താക്കാലം ഏഴാം യർ
മത്താ 6, 19-24

ഭാരതത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനവും, പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളും ആഘോഷിച്ചശേഷം, കൈത്താക്കാലത്തിന്റെ ഏഴാമത്തെ ഞായറാഴ്ച വളരെ മനോഹരമായൊരു വചന സന്ദേശവുമായാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷം നമ്മെ സന്ദർശിക്കുന്നത്. സുവിശേഷങ്ങളിലെ ഏറ്റവും ഫലഭൂയിഷ്ഠമായ ഈശോയുടെ മലയിലെ പ്രസംഗത്തിൽ ഉയർന്നുകേട്ട വലിയൊരു സന്ദേശമാണിത്. ഈശോയുടെ മലയിലെ പ്രസംഗമെന്നത് വെറുതെയൊരു പറച്ചിലല്ല. ഒരു ആത്മീയ സംസ്കാരത്തിന്റെ വെളിപ്പെടുത്തലാണത്. ഇത്രയും മനോഹരമായ ഈശോയുടെ മലയിലെ പ്രസംഗത്തെ ആകർഷകമാക്കുന്നതിന്റെയും, അനുഭവപരമാക്കുന്നതിന്റെയും പൊരുൾ എന്താണ്? എനിക്ക് തോന്നുന്നത് ഇന്നത്തെ സുവിശേഷ ഭാഗത്ത് ഈശോ പറയുന്ന മനോഹരമായ വാക്യമാണ് മലയിലെ പ്രസംഗത്തിന്റെ പൊരുൾ – “നിന്റെ നിക്ഷേപം എവിടെയോ, അവിടെയാണ് നിന്റെ ഹൃദയവും”. അസാധാരണമാണ് ഈ വചനത്തിന്റെ അർത്ഥവും, ഇതിന്റെ നിയോഗവും.
ഈശോയുടെ മലയിലെ പ്രസംഗത്തിൽ ദൈവരാജ്യത്തിന്റെ സുവിശേഷം മുഴുവനും ഉൾച്ചേർന്നിരിക്കുന്നുണ്ട്. ക്രിസ്തുവിന്റെ എല്ലാ സന്ദേശങ്ങളെയും പുഷ്ടിപ്പെടുത്തുന്നതും, ക്രിസ്തു ശിഷ്യർക്ക് യശസ്സുണ്ടാക്കുന്നതും ഈശോയുടെ മലയിലെ പ്രസംഗമാണ്; അതിന്റെ പൊരുളായ “നിന്റെ നിക്ഷേപം എവിടെയോ, അവിടെയാണ് നിന്റെ ഹൃദയവും“ എന്ന വചനമാണ്. ഇന്നത്തെ നമ്മുടെ ചിന്തയുടെ കേന്ദ്രബിന്ദുവും ഈ വചനം തന്നെയാണ്.
“Location is everything” “ലൊക്കേഷൻ ആണ് എല്ലാം!” ബിസിനസ്സ് സംഭാഷണങ്ങളിൽ പലപ്പോഴും ആവർത്തിക്കുന്ന ഒരു പദമാണിത്. ഒരു ബിസിനസ്സ് വളർന്നുവരുന്നതിൽ location ഏറ്റവും പ്രധാനപെട്ടതാണ്. സ്ഥാപനം സ്ഥിതി ചെയ്യുന്ന തെരുവ്, റോഡ്, ആളുകളുടെ വരവും പോക്കും, അവിടുത്തെ ട്രാഫിക് പാറ്റേൺ, എന്നിവയാണ് ഒരു ബിസിനസിനെ നിർണയിക്കുന്നതിൽ പ്രധാന ഘടകങ്ങൾ. ഒരു ബിസിനസ്സിന്റെ location എവിടെയാണെന്നത് ആ ബിസിനസ്സിന്റെ വിജയവും പരാജയവും നിർണയിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ഈശോയുടെ ഇന്നത്തെ സുവിശേഷത്തിലെ “നിന്റെ നിക്ഷേപം എവിടെയോ, അവിടെയാണ് നിന്റെ ഹൃദയവും” എന്ന തിരുവചനത്തിന്റെ ബിസിനസ്സ് മാനേജ്‌മന്റ് version ആണ് Business management ക്ളാസുകളിൽ അധ്യാപകർ ഉപയോഗിക്കുന്നത്.
നമ്മുടെ ക്രൈസ്തവജീവിതത്തിന്റെ, ആത്മീയ ജീവിതത്തിന്റെ, കുടുംബജീവിതത്തിന്റെ വിജയവും പരാജയവും നിർണയിക്കുന്നതിൽ, നമ്മുടെ ഹൃദയം, നമ്മുടെ കുടുംബം ഏത് location ൽ ആണ് കേന്ദ്രീകരിച്ചിരിക്കുന്നത്, ഏത് അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത് എന്നതിന് വലിയ പങ്കുണ്ട്. മനുഷ്യജീവിതത്തിൽ, ഒരു വ്യക്തി എന്താണ് അമൂല്യമായി സൂക്ഷിക്കുന്നതെന്ന് കണ്ടെത്തുവാൻ, ആ വ്യക്തിയുടെ ഹൃദയം എവിടെയാണെന്ന് അറിയുവാൻ അദ്ദേഹത്തിന്റെ location ഏതാണെന്ന് അന്വേഷിച്ചാൽ മതി. ഒരു വ്യക്തിയുടെ ഹൃദയത്തിലുള്ളത് നമുക്ക് കാണാൻ കഴിയാത്തതിനാൽ, അവന്റെ നിധികളും മൂല്യങ്ങളും നിർണ്ണയിക്കാൻ, ആ വ്യക്തിയുടെ ഹൃദയത്തിന്റെ ഭാഷ എന്താണെന്നറിഞ്ഞാൽ മതി. കാരണം, “നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെ നിങ്ങളുടെ ഹൃദയവും ഉണ്ടാകും” (മത്തായി 6:21).
എന്താണ് ഹൃദയം? Anatomy ഭാഷയിൽ പറഞ്ഞാൽ, നമ്മുടെ ശരീരത്തിലുടനീളം രക്തം പമ്പ് ചെയ്യുന്ന ഒരു മുഷ്ടി വലിപ്പമുള്ള അവയവമാണ് ഹൃദയം. It is a non-stop pumping set. ഇത് നമ്മുടെ

രക്തചംക്രമണ വ്യവസ്ഥയുടെ പ്രാഥമിക അവയവമാണ്. ഹൃദയത്തിന്റെ പ്രവർത്തനം എന്താണ്? നമ്മുടെ ഹൃദയത്തിന്റെ പ്രധാന പ്രവർത്തനം നമ്മുടെ ശരീരത്തിലുടനീളം രക്ത സഞ്ചാരം സുഗമമാക്കുക എന്നതാണ്. നമ്മുടെ ഹൃദയം ഹൃദയമിടിപ്പിന്റെ താളവും വേഗതയും നിയന്ത്രിക്കുന്നുണ്ട്. രക്തസമ്മർദ്ദം കൃത്യമായി നിലനിർത്തുന്നതും ഹൃദയത്തിന്റെ പ്രവർത്തനത്തിൽ പെടുന്നതാണ്. നമ്മുടെ ഹൃദയത്തിൽ പേശികൾ കൊണ്ട് നിർമ്മിച്ചതും വൈദ്യുത പ്രേരണകളാൽ പ്രവർത്തിക്കുന്നതുമായ നാല് പ്രധാന ഭാഗങ്ങൾ (അറകൾ) അടങ്ങിയിരിക്കുന്നു. നമ്മുടെ തലച്ചോറും നാഡീവ്യവസ്ഥയും നിങ്ങളുടെ ഹൃദയത്തിന്റെ പ്രവർത്തനത്തെ നയിക്കുന്നു. എന്താണ് നമ്മുടെ ഹൃദയത്തിലുള്ളത് എന്ന് ഒരു ഡോക്ടറോട് ചോദിച്ചാൽ അദ്ദേഹം പറയുന്ന വാക്കുകൾ നമുക്ക് പെട്ടെന്ന് മനസ്സിലായെന്ന് വരില്ലെങ്കിലും, നമ്മുടെ ജീവൻ നിലനില്കുന്നു എന്ന് പറയുന്നതും, ഇപ്പോഴും ഹൃദയമിടിപ്പുണ്ട് എന്ന് പറയുന്നതും മനസ്സിലാക്കാൻ നമുക്ക് എളുപ്പമാണ്.
നമ്മുടെ ആത്മീയ വീക്ഷണത്തിൽ, ഹൃദയം ദൈവം വസിക്കുന്ന വസിക്കുന്ന സ്ഥലമാണ്, ദൈവത്തിന്റെ വാസസ്ഥലമാണ്. ബൈബിൾ പദപ്രയോഗമനുസരിച്ച്, “ഞാൻ പിന്മാറുന്ന” “ഞാൻ ദൈവത്തിലേക്ക് നീങ്ങുന്ന” സ്ഥലമാണ് ഹൃദയം. വെറും മാംസളമായ ഒരു അവയവമാണെങ്കിലും, നന്മയും തിന്മയുമായ എല്ലാ വികാരങ്ങളുടെയും കേന്ദ്രം ഹൃദയമാണ്. ഹൃദയം നമ്മുടെ മറഞ്ഞിരിക്കുന്ന കേന്ദ്രമാണ്, നമ്മുടെ യുക്തിയുടെയും മറ്റുള്ളവരുടെയും ഗ്രാഹ്യത്തിനപ്പുറം ആണത്. ദൈവത്തിന്റെ ആത്മാവിന് മാത്രമേ മനുഷ്യഹൃദയത്തെ ഗ്രഹിക്കാനും പൂർണ്ണമായി അറിയാനും കഴിയൂ. ഹൃദയം തീരുമാനത്തിന്റെ സ്ഥലമാണ്. അത് സത്യത്തിന്റെ സ്ഥലമാണ്, അവിടെ നാം നന്മയുടെ, മരണത്തിന്റെ ജീവിതം തിരഞ്ഞെടുക്കുന്നു. ഇത് കണ്ടുമുട്ടുന്ന സ്ഥലമാണ്, കാരണം ദൈവത്തിന്റെ ഒരു പ്രതിച്ഛായ എന്ന നിലയിൽ നമ്മൾ ദൈവവുമായി ബന്ധപ്പെടുന്ന സ്ഥലമാണ്.
അതായത്, ദൈവമാണ് എന്റെ നിക്ഷേപം എന്ന് വിശ്വസിക്കുന്ന, അതിനനുസരിച്ചു് ജീവിതം ക്രമീകരിക്കുന്ന ഓരോരുത്തരുടെയും ഹൃദയം ദൈവത്താൽ നിറയപ്പെട്ടതായിരിക്കും. ഈശോ പറയുന്നപോലെ അപ്പോൾ, ഹൃദയത്തിന്റെ നിറവിൽ മനുഷ്യൻ സംസാരിക്കുമ്പോൾ, അവളിൽ നിന്ന്, അവനിൽ നിന്ന് വരുന്നത് ദൈവത്തിന്റെ ചിന്തകളും, വാക്കുകളും ആയിരിക്കും. അല്ലെങ്കിലോ, മനുഷ്യന്റെ നിക്ഷേപം ഈതെന്നനുസരിച്ചുള്ള ചിന്തകളും വാക്കുകളും ആയിരിക്കും; തേളുകളും പഴുതാരകളുമായിരിക്കും മനുഷ്യന്റെ ഉള്ളിൽ നിന്ന് വരിക. കാരണം, നിന്റെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിന്റെ ഹൃദയവും.
പഴയനിയമപുസ്തകങ്ങളിലൂടെ ഒന്ന് സഞ്ചരിച്ചാൽ ദൈവത്തിൽ നിക്ഷേപം കണ്ടെത്തിയവരേയും, ഹൃദയങ്ങൾ ആ നിക്ഷേപത്തിൽ സ്ഥാപിച്ചവരേയും, അതിനാൽത്തന്നെ, കർത്താവാണ് ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാകുകയില്ല (സങ്കീ 23) എന്ന് ഹൃദയം നിറയെ സന്തോഷത്താൽ പാടിയവരെയും കണ്ടെത്താൻ സാധിക്കും. ഒപ്പം, തങ്ങളുടെ ഹൃദയങ്ങളെ മറ്റ് നിക്ഷേപങ്ങളിൽ സമർപ്പിച്ചതിന്റെ ഫലമായി തട്ടിവീണവരേയും നമുക്ക് കണ്ടെത്താൻ സാധിക്കും. വീണ്ടും പശ്ചാത്തപിച്ചു് തങ്ങളുടെ നിക്ഷേപമായി ദൈവത്തെ സ്വീകരിച്ചവരെയും നാം വിശുദ്ധ ഗ്രന്ഥത്തിൽ കണ്ടുമുട്ടുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടവ ഒന്ന് ഓർത്തെടുക്കുന്നത് നല്ലതാണ്. അബ്രഹാം ഈ ഭൂമിയിൽ ഒരനുഗ്രഹമായി തീർന്നത്, അദ്ദേഹം വഴി ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗ്രഹീതമായിത്തീർന്നത് അദ്ദേഹത്തിന്റെ നിക്ഷേപം ദൈവമായിരുന്നതുകൊണ്ടാണ്. (ഉത്പത്തി 12) ഉത്പത്തി പുസ്തകത്തിലെത്തന്നെ മറ്റൊരു തിളങ്ങുന്ന വ്യക്തിത്വമായ ജോസഫിന്റെ ഹൃദയം എവിടെയായിരുന്നു? പ്രപഞ്ച സ്രഷ്ടാവായ യഹോവയാകുന്ന നിക്ഷേപത്തിലായിരുന്നു. (ഉത്പത്തി 45)
സാമുവേൽ പ്രവാചകന്റെ പുസ്തകത്തിൽ നാം കണ്ടുമുട്ടുന്ന സാവൂൾ, ദൈവം ഒരു പുതിയ ഹൃദയം നൽകി അനുഗ്രഹിച്ചവനായിരുന്നു. എന്തിനാണ് പുതിയഹൃദയം കൊടുത്തത്? ദൈവത്തിൽ, ദൈവത്തിൽ മാത്രം തന്റെ നിക്ഷേപം കണ്ടെത്തുവാനായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ഹൃദയം ദൈവമാകുന്ന നിക്ഷേപത്തിൽ നിന്നകന്ന് ലൗകിക തൃഷ്ണകൾക്ക് പിന്നാലെ പോയി. ആദ്യം തന്റെ ഹൃദയം ദൈവമാകുന്ന നിക്ഷേപത്തിൽ കേന്ദ്രീകരിച്ച ദാവീദ് എന്നാൽ പിന്നീട് തട്ടിവീഴുകയാണ്. പക്ഷേ, അയാൾക്ക് വീണ്ടും ദൈവത്തിൽ നിക്ഷേപം കണ്ടെത്തുവാൻ ദൈവം കൃപ നൽകി. ജോബിന്റെ ഹൃദയം എവിടെയായിരുന്നു? എന്തായിരുന്നു ജോബിന്റെ നിക്ഷേപം? ദൈവമായിരുന്നു. സാംസന്റെ ഹൃദയത്തെ ദൈവമാകുന്ന നിക്ഷേപത്തിലായിരുന്നപ്പോൾ, ഹാ എന്തായിരുന്നു അദ്ദേഹത്തിന്റെ ശക്തി; എന്തിലും വിജയം മാത്രമായിരുന്നു അയാളുടെ മുൻപിൽ. നിക്ഷേപം മാറിയപ്പോൾ, ഹൃദയം പുതിയ നിക്ഷേപത്തിലേക്ക് നീങ്ങിയപ്പോൾ ജീവിതം തകർന്നുപോയി അദ്ദേഹത്തിന്റെ. (ന്യായാധിപന്മാർ 16) ഇസ്രായേൽൽ ജനം തന്നെ, ഹൃദയത്തിന്റെ തോന്നലുകൾക്കനുസരിച്ചു് തങ്ങളുടെ ഇഷ്ടമനുസരിച്ചു് ജീവിച്ച ഒരു ജനതയായിരുന്നു.
ഈശോയും ഇസ്രായേൽ ജനത്തെക്കുറിച്ചു് പറഞ്ഞത് എത്രയോ ശരിയാണ്: “ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന് വളരെ അകലെയാണ്.” (മത്തായി 15, 8) ഉപമകളിലൂടെ ദൈവരാജ്യത്തിന്റെ സുവിശേഷം വിവരിച്ചുകൊടുത്തപ്പോ മനസ്സിലാകാതിരുന്ന മനുഷ്യരെപ്പറ്റി ഈശോ പറഞ്ഞത് “നിങ്ങൾ കണ്ണുകൊണ്ട് കണ്ട്, കാതുകൊണ്ട് കേട്ട്, ഹൃദയംകൊണ്ട് മനസ്സിലാക്കി മനസാന്തരപ്പെടുകയും, ഞാൻ നിങ്ങളെ സുഖപ്പെടുത്തുകയും അസാധ്യമാകുമാറ് നിങ്ങളുടെ ഹൃദയം കഠിനമായിത്തീർന്നിരിക്കുന്നു” എന്നാണ്. (മത്തായി 13, 15)
ഒരു യഥാർത്ഥ ക്രൈസ്തവന്റെ ജീവിതത്തിന് എന്നും വലിയൊരു ദൃശ്യസമ്പന്നത (Visual Richness) ഉണ്ട്. ആ ദൃശ്യസമ്പന്നതയുടെ ഏക കാരണം ക്രൈസ്തവന്റെ ഹൃദയം ക്രിസ്തുവിലാണെന്നതാണ്. വിശുദ്ധ മദർ തെരേസായുടെ ജീവിതം നോക്കൂ … വിശുദ്ധ മദർ തെരേസ തെരുവിൽ നിന്ന് കിട്ടിയ ഒരു മനുഷ്യനെ ശുശ്രൂഷിക്കുന്ന ചിത്രമൊന്ന് നോക്കൂ …എന്തൊരു ദിവ്യതയാണ്, സ്വർഗീയ സൗന്ദര്യമാണ് ആ ചിത്രത്തിന്. അച്ചൻ വർഗീയത പറയുന്നതല്ല… ഒരു ക്രൈസ്തവൻ നന്മപ്രവർത്തികൾ ചെയ്യുമ്പോൾ അതിന് എന്തെന്നില്ലാത്ത, മറ്റെങ്ങും കാണാൻ പറ്റാത്ത ഒരു സൗന്ദര്യമുണ്ട്, ദൈവികതയുണ്ട്. കാരണം മറ്റൊന്നുമല്ല. ക്രൈസ്തവന്റെ നിക്ഷേപം ക്രിസ്തുവാണ്, അവളുടെ, അവന്റെ ഹൃദയം ക്രിസ്തുവിലാണ്. നേരെ തിരിച്ചും ചിന്തിക്കൂ…ഒരു ക്രൈസ്തവൻ ഒരു തിന്മ പ്രവൃത്തി ചെയ്യുമ്പോൾ അതിൽ കാണുന്ന വൈകൃതവും, ക്രൂരതയും വളരെ വലുതായിരിക്കും. കേട്ടിട്ടില്ലേ, നല്ല സാധനങ്ങൾ ചീത്തയായാൽ അതിന്റെ ദുർഗന്ധം വലുതായിരിക്കും. മുട്ട, പാൽ തുടങ്ങി നല്ല സാധനങ്ങൾ ചീത്തയായാൽ!!!
ബഹുമാന്യനായ സാധു ഇട്ടിയവരയുടെ ജീവിതം നോക്കൂ … എന്തിന് അങ്ങോട്ടേയ്ക്കൊക്കെ പോകണം? നമ്മുടെയൊക്കെ അമ്മച്ചിമാരെ ഒന്ന് അടുത്ത് വീക്ഷിക്കൂ … എന്തൊരു ദൃശ്യസമ്പന്നതയാണ് അവരുടെ ജീവിതങ്ങൾക്ക്! ഒരു വീട്ടിൽ ആദ്യം ഉണരുന്നതും അവസാനം ഉറങ്ങുന്നതും ആരാണെന്നൊക്കെ ചോദിച്ചുകൊണ്ട് Whats App ൽ സംസാരിക്കുന്നവർ അത് അമ്മയാണെന്നൊക്കെ ഉത്തരം തരുമ്പോൾ നാം കാണുന്നത് അമ്മയുടെ ജീവിതത്തിന്റെ ദൃശ്യസമ്പന്നതയാണ്. അധികമൊന്നും സംസാരിക്കാതെ, കുടുംബത്തിന്റെ കാര്യങ്ങളെല്ലാം ഉള്ളിലൊതുക്കി, മനക്കണക്കുകൾക്കൂട്ടി വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ ഉറക്കമില്ലാത്ത രാത്രികളിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുന്ന, എന്നിട്ട് വീണ്ടും ജോലികൾക്കായി പോകുന്ന നമ്മുടെ അപ്പച്ചന്മാരെ നോക്കുക! കുടുംബത്തിനുവേണ്ടി ഇല്ലാതാകുന്ന, കുർബാന യാകുന്ന അവരിലെ ദൃശ്യസമ്പന്നത അപാരമാണ്. എന്താണ് കാരണം? അവരുടെ ഹൃദയം ക്രിസ്തുവിലാണെന്നതാണ്. മറ്റൊരുവാക്കിൽ അവരുടെ നിക്ഷേപം ക്രിസ്തുവാണ് എന്നതാണ്. അവരുടെ ഹൃദയം ക്രിസ്തുവിലായതുകൊണ്ട്, അവരുടെ ഹൃദയത്തിൽ നിന്ന് വരുന്നതെല്ലാം ക്രിസ്തുവിന്റെ ചൈതന്യമായിരിക്കും.
നമ്മുടെയൊക്കെ വീടുകൾക്ക് മുൻപിലും, മതിലുകളിലും, പബ്ലിക് പരിസരങ്ങളിലുമുള്ള ചില ബോർഡുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? പട്ടിയുണ്ട് സൂക്ഷിക്കുക. അതിക്രമിച്ചു കടക്കുന്നത് ശിക്ഷാർഹം. പരസ്യം പതിക്കരുത്. ഇത് പൊതുവഴിയല്ല. അന്യർക്ക് പ്രവേശനമില്ല. അനുവാദം കൂടാതെ അകത്തുകടക്കരുത്. അന്യമതസ്ഥർക്ക് പ്രവേശനമില്ല….!! ഹൃദയങ്ങൾ ക്രിസ്തുവാകുന്ന നിക്ഷേപത്തിൽ അല്ലാത്തതുകൊണ്ടാണ്, ക്രിസ്തുവിന്റെ ചൈതന്യംകൊണ്ട് നിറയാത്തതുകൊണ്ടാണ് നമ്മുടെ നാട്ടിൽ ഇതുപോലുള്ള ബോർഡുകൾ കൂടുതലായി ഉയർന്നുവരുന്നത്. ഈയിടെയുണ്ടായ ശക്തമായ മഴയിൽ പുഴ ഒഴുക്കിക്കൊണ്ടുവന്ന ഇതുപോലുള്ള ബോർഡുകൾ നോക്കി കടൽ തലതല്ലി ചിരിച്ചത്രേ!!! കടലോളം ഹൃദയമുണ്ടാകണം നമുക്ക്. എന്ന് പറഞ്ഞാൽ, ക്രിസ്തുവിന്റേതുപോലുള്ള ഹൃദയം!!
സ്നേഹമുള്ളവരേ, ഈ ഞായറാഴ്ചത്തെ സുവിശേഷം സംസാരിക്കുന്നത് നമ്മുടെ ഹൃദയങ്ങളോടാണ്. ഈശോ ഇന്ന് നമ്മോട് ചോദിക്കുന്നത്, മകളേ, മകനേ എന്താണ് നിന്റെ നിക്ഷേപം? സമ്പത്താണോ? സ്ഥാനമാനങ്ങളാണോ? നിന്റെ തന്നെ അഹങ്കാരമാണോ, നിന്റെ അഭിപ്രായങ്ങളിലെ കടുംപിടുത്തമാണോ? എന്റെ ഹൃദയത്തിന്റെ തോന്നലുകൾക്കനുസരിച്ചു് മാത്രം ഞാൻ ചെയ്യും എന്ന പിടിവാശിയാണോ? ശരീരസുഖങ്ങളിലേക്കുള്ള ആസക്തിയാണോ? ലഹരിയാണോ? അതോ, ക്രിസ്തുവാണോ? എന്താണ് നിന്റെ നിക്ഷേപം? ഇനി, എവിടെയാണ് നിന്റെ ഹൃദയം?
നമുക്ക് നമ്മുടെ ഹൃദയങ്ങളെ ക്രിസ്തുവാകുന്ന യഥാർത്ഥ നിക്ഷേപത്തിൽ ചേർത്തുവച്ചിട്ട് വിശുദ്ധ കുർബാന തുടരാം. ക്രിസ്തുവാകുന്ന നിക്ഷേപത്തിലല്ല നമ്മുടെ ഹൃദയങ്ങളെങ്കിൽ, പ്രിയപ്പെട്ടവരേ, നമ്മുടെ ജീവിതങ്ങൾ തകർന്നുപോകും.

ഇവിടെ ചോദ്യം ഇതാണ്: രണ്ട് യജമാനന്മാരെ നീ സേവിക്കുകയാണോ? രണ്ടോ അതിൽ കൂടുതലോ നിക്ഷേപങ്ങൾ നിനക്കുണ്ടോ? ഈശോ പറയും: ദൈവത്തെയും, മാമോനെയും സേവിക്കാൻ നിനക്ക് സാധിക്കുകയില്ല. സത്യമാണത്! ആമേൻ!