ഏലിയാ ശ്ലീവാ മൂശേക്കാലം ഒന്നാം ഞായർ
മാർക്കോ 9, 2-13

സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ, ഏലിയാ ഒന്നാം ഞായറാഴ്ച്ചയാണിന്ന്. ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ, മോശെയും ഏലിയായും പഴയനിയമത്തെയും, സ്ലീവാ എല്ലാത്തിന്റെയും പൂർത്തീകരണമായ ഈശോയെയും പ്രതിനിധാനം ചെയ്യുന്നു. സ്ലീവായുടെ വിജയവും, ഈശോയുടെ രണ്ടാമത്തെ ആഗമനവും, അന്ത്യവിധിയുമാണ് ഈ കാലത്തിലെ വിചിന്തനവിഷയങ്ങൾ. ദൈവത്തിന്റെ രൂപത്തിൽ ആയിരുന്നുവെങ്കിലും ദൈവവുമായുള്ള സമാനത മുറുകെപ്പിടിക്കാതെ തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് മനുഷ്യനെപ്പോലെ കാണപ്പെട്ട് മരണം വരെ, കുരിശുമരണംവരെ അനുസരണമുള്ളവനായ ക്രിസ്തു, തന്റെ കുരിശുമരണത്തിലൂടെ രക്ഷാകരമാക്കിയ (ഫിലിപ്പി 2, 6-9) കുരിശിന്റെ പുകഴ്ചയുടെ തിരുനാളാണ് സ്ലീവക്കാലത്തിന്റെ കേന്ദ്രബിന്ദു. ക്രിസ്തുവിലുള്ള വിശ്വാസവും, പ്രതീക്ഷയും, സ്നേഹവും വീണ്ടെടുത്തുകൊണ്ട്, ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനായി ഒരുങ്ങാൻ ഈ കാലത്തിൽ തിരുസ്സഭ നമ്മെ ക്ഷണിക്കുകയാണ്. ഇന്നത്തെ സുവിശേഷഭാഗവും ഈയൊരു സന്ദേശവുമായിട്ടാണ് നമ്മുടെ മുൻപിലുള്ളത്. ക്രിസ്തുവിലുള്ള വിശ്വാസവും, പ്രതീക്ഷയും, സ്നേഹവും ഹൃദയത്തിൽ നിറച്ചുകൊണ്ട്, ക്രൈസ്തവസഭയും ക്രൈസ്തവരും ഉള്ളിലുള്ള ദൈവരാജ്യം ജീവിക്കുന്നവരും, പ്രഘോഷിക്കുന്നവരും, ഉള്ളിലുള്ള ദൈവത്തിന്റെ പ്രകാശം വിതറുന്നവരും, ഉള്ളിലുള്ള ദൈവത്തിന്റെ ചൈതന്യം പ്രസരിപ്പിച്ചുകൊണ്ട് ജീവിക്കുന്നവരും ആകണമെന്നാണ് ഇന്നത്തെ ദൈവവചന സന്ദേശം.
വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിലെ ഏകദേശം മദ്ധ്യഭാഗത്തായിട്ടാണ് ഈശോയുടെ രൂപാന്തരീകരണം സുവിശേഷകൻ അവതരിപ്പിക്കുന്നത്. അതുവരെ അത്ഭുതങ്ങളും, അടയാളങ്ങളുമൊക്കെ പ്രവർത്തിച്ചിരുന്നെങ്കിലും, തന്നിലെ ദൈവികത അതിന്റെ സർവ്വപ്രതാപത്തിൽ ലോകത്തിനുമുൻപിൽ ഈശോ വെളിവാക്കിയിരുന്നില്ല. വെളിവാക്കിക്കഴിഞ്ഞാൽ പിന്നെ രക്ഷാകരകർമങ്ങൾക്കുള്ള സമയമായിയെന്ന്, അതിന്റെ തുടക്കമായെന്ന് ഈശോയ്ക്കറിയാമായിരുന്നു. അതുകൊണ്ടാണ് രൂപാന്തരീകരണം ഈശോയുടെ ജീവിതത്തിലെ Turning Point ആകുന്നത്. ഈ സംഭവത്തിനുശേഷം, കുരിശുമരണത്തിലൂടെ ലോകരക്ഷ സാധിതമാക്കാൻ ഈശോ ജെറുസലേമിലേക്ക് യാത്രയാകുകയാണ്.
മനസ്സിലുയരുന്ന മറ്റൊരു ചോദ്യം എന്തുകൊണ്ട് ഈശോയോടൊപ്പം മോശയും ഏലിയായും? പഴയനിയമത്തിന്റെയും, പുതിയനിയമത്തിന്റെയും കണ്ടുമുട്ടലാണെന്നും, പഴയനിയമം പുതിയനിയമത്തിലേക്ക് അലിഞ്ഞുചേർന്ന് ക്രിസ്തുമാത്രമാകുന്ന സംഭവമെന്നും ഇതിനെ വിശദീകരിക്കാം. എന്നിട്ടും ഒരു സംതൃപ്തി ലഭിക്കുന്നില്ല എന്നൊരു തോന്നൽ! ഗലീലി തടാകത്തിന്റെ 15 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന Mount Tabor ന് ഗലീലിയുടെ താഴ്ന്ന പ്രദേശത്തുനിന്ന് 600 മീറ്റർ ഉയരമുണ്ട്. ഇവിടെ മൂന്ന് ശിഷ്യന്മാരെമാത്രം കൂട്ടിക്കൊണ്ടുപോയി ഈശോ രൂപാന്തരപ്പെട്ടതും, അവിടേയ്ക്ക് മോശെയും, ഏലിയായും വന്നതും, “ഇവൻ എന്റെ പ്രിയപ്പെട്ടവൻ ഇവനെ ശ്രവിക്കുക” എന്ന് സ്വർഗത്തിൽ നിന്ന് സ്വരമുണ്ടായതും ഫ്രീക്കന്മാർ പറയുമ്പോലെ വെറുതെ ഒരു സീൻ ഉണ്ടാക്കാൻ അല്ലായിരുന്നു ബ്രോ. അത് ചരിത്രത്തിൽ നഷ്ടപ്പെട്ടുപോയ നന്മകളെ, മൂല്യങ്ങളെ വീണ്ടെടുക്കാനും, ദൈവത്തിന്റെ രക്ഷാകര പദ്ധതിയെ മനുഷ്യനുമുൻപിൽ തുറന്നുകാണിക്കുവാനുമായിരുന്നു.
ക്രിസ്തുവിന്റെ രൂപാന്തരീകരണം രക്ഷാകരചരിത്രത്തിൽ വെറുതെ സംഭവിച്ച ഒരു കാര്യമല്ല. ചരിത്രത്തിന്റെ ആത്മികവും ധാർമികവുമായ പ്രതിസന്ധിഘട്ടങ്ങളിൽ സ്വർഗം കനിഞ്ഞു നൽകുന്ന മഹാവിരുന്നുകളാണ് ക്രിസ്തുവിന്റെ രൂപാന്തരീകരണം പോലെയുള്ള സംഭവങ്ങൾ. റോമൻ സാമ്രാജ്യത്വത്തിന്റെ പിടിയിൽപ്പെട്ട് വിശ്വാസം, പ്രതീക്ഷ, സ്നേഹം എന്നീ മൂന്ന് മൂല്യങ്ങളും അന്യംനിന്നുപോയ ഒരു മനുഷ്യാവസ്ഥയിലേക്കാണ് ക്രിസ്തുവിന്റെ കടന്നുവരവെന്നത് നാം മറക്കരുത്. സാക്ഷരതയില്ലാത്തവരായിരുന്നു ശിഷ്യരെന്ന് പറയാമെങ്കിലും അവരുടെ അതിജീവനത്തിന്റെ വഴികളിൽ വിശ്വാസവും, പ്രതീക്ഷയും, സ്നേഹവും നഷ്ടപ്പെട്ടവർ തന്നെയായിരുന്നു ശിഷ്യർ. ഈ മൂന്ന് മൂല്യങ്ങളെയും റോമൻ സീസറിന്റെ ഭരണം തകർത്തുകളഞ്ഞു. ജീവിതം അടിമത്വത്തിന്റെ വേദനകളുടെ കൂമ്പാരമായി. ഇങ്ങനെയൊരവസ്ഥയിൽ ശിഷ്യരെ ശാക്തീകരിക്കുവാൻ താബോർ എപ്പിസോഡ് ആവശ്യമായിരുന്നു. അവിടെ അവർ വിശ്വാസത്തിന്റെ പ്രതീകമായി മോസസ്സിനെയും, പ്രതീക്ഷയുടെ അടയാളമായി ഏലിയായെയും, സ്നേഹമായി ക്രിസ്തുവിനെയും ദർശിച്ചു. വിശ്വാസവും, പ്രതീക്ഷയും സ്നേഹത്തോട് സംസാരിച്ചുകൊണ്ടിരുന്നതായി അവർ കാണുകയാണ്. ഈജിപ്തിലെ അടിമത്തകാലംമുതൽ, ബാബിലോൺ പ്രവാസംവരെയുണ്ടായ ചരിത്ര സംഭവങ്ങൾ വിശ്വാസത്തെയും, പ്രതീക്ഷയേയും, സ്നേഹത്തെയും എത്രത്തോളം പ്രതികൂലമായി ബാധിച്ചു എന്നതിന്റെ ഒരു കഥാർസിസ് (Catharsis=വികാരങ്ങളുടെ കുത്തൊഴുക്ക്) ആണ് പത്രോസിന്റെ പറച്ചിൽ! “ഗുരോ നാമിവിടെയായിരിക്കുന്നത് നല്ലതാണ്. ഞങ്ങൾ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം. ഒന്ന് നിനക്ക്, ഒന്ന് മോശയ്ക്ക്, ഒന്ന് ഏലിയയ്ക്ക്. മോശെയിൽ വിശ്വാസത്തിന്റെയും, ഏലിയായിൽ പ്രതീക്ഷയുടെയും, ക്രിസ്തുവിൽ സ്നേഹത്തിന്റെയും വിശ്വരൂപങ്ങൾ കണ്ട ശിഷ്യന്മാർ ഒരു വിഭ്രാന്തിയിലെന്നപോലെ വിളിച്ചുപറഞ്ഞതാണ് ഈ വാക്കുകൾ! അവരിലെ സ്വപ്നങ്ങൾക്ക് ജീവൻവയ്ക്കുന്നതായി അവർക്ക് തോന്നുകയാണ്, അവരുടെ വിശ്വാസം ദൃഢമാകുന്നതായി അവർക്ക് തോന്നുകയാണ്; അവരിലെ സ്നേഹം ജീവൻ വയ്ക്കുന്നതായി അവർക്ക് തോന്നുകയാണ്. മാത്രമല്ല, അല്പം കഴിയുമ്പോൾ, ഈ മൂന്ന് മൂല്യങ്ങളും ക്രിസ്തുവിൽ ഒന്നായിത്തീരുകയാണ്. “അവർ ചുറ്റും നോക്കി, യേശുവിനെയല്ലാതെ മറ്റാരെയും തങ്ങളോടുകൂടെ അവർ കണ്ടില്ല.”
ബാക്കിയുള്ള സംഭാഷണങ്ങളെല്ലാം ഈ മഹാസംഭവത്തിന്റെ വിവരണങ്ങളാണ്, പ്രതിഫലനങ്ങളാണ്.
ഈശോയുടെ രൂപാന്തരീകരണത്തിൽ അനേകകാലങ്ങളുടെ മുഴക്കമുണ്ട്. ഗ്രീക്ക്, റോമൻ, ഈജിപ്ഷ്യൻ, ഏഷ്യൻ സംസ്കാരങ്ങളുടെ മുഴക്കങ്ങൾ താബോർമലയിൽനിന്ന് കേൾക്കുന്നുണ്ട്. ഈ സംസ്കാരങ്ങളെല്ലാം തന്നെ മനുഷ്യന്റെ ആദ്ധ്യാത്മികവും ധാർമികവുമായ മൂല്യങ്ങൾ തകർത്തുകൊണ്ടാണ് മുന്നോട്ട് പോയിട്ടുള്ളത്. മനുഷ്യന് ദൈവത്തിലുള്ള വിശ്വാസം, മനുഷ്യർ തമ്മിലുള്ള വിശ്വാസം തകർന്ന കഥകൾ സംസ്കാരങ്ങളുടെ ജീർണതയുടെ താളുകളിൽനിന്ന് നമുക്ക് വായിച്ചെടുക്കാവുന്നതേയുള്ളു. പ്രതീക്ഷയറ്റ മനുഷ്യ സമൂഹമല്ലേ യുദ്ധങ്ങൾക്കും, പിടിച്ചെടുക്കലുകൾക്കും ഇറങ്ങിത്തിരിക്കുന്നത്? മനുഷ്യചരിത്രം തന്നെ പ്രതീക്ഷയറ്റ, നിരാശരായ മനുഷ്യരുടെ രക്തച്ചൊരിച്ചിലിന്റെ കഥകളല്ലേ പറയുന്നത്? സ്നേഹം വെറുപ്പാകുന്നതും, ചതിയുടെയും, അവിശ്വസ്തതയുടെയും രൂപം സ്വീകരിക്കുന്നതുമല്ലേ നമ്മുടെ സാഹിത്യകൃതികൾ അന്നും ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നത്? ഈ സംസ്കാരധാരകളുടെയെല്ലാം മുഴക്കങ്ങൾക്ക് മറുപടിയായിട്ടാണ് ക്രിസ്തുവും, മോശയും, ഏലിയായും ഇവിടെ നിലകൊള്ളുന്നത്.
അത് മാത്രമല്ല. ഇന്നത്തെ കാലഘട്ടവും കടന്നുപോകുന്നത്, പോയിക്കൊണ്ടിരിക്കുന്നത് ഈ മൂല്യങ്ങളെ തകർത്തുകൊണ്ടാണെന്നത് ഈശോയുടെ രൂപാന്തരീകരണത്തിന്റെ കാലിക പ്രസക്തിയെ വ്യക്തമാക്കുന്നു. ഈ കാലഘട്ടത്തിൽ അരങ്ങേറുന്ന തീവ്രവാദപ്രവർത്തനങ്ങളും, വർഗീയ വീക്ഷണങ്ങളും, വർഗീയ ലഹളകളും, കോർപ്പറേറ്റ് ചൂഷണങ്ങളും മുന്നേറുന്നത് പ്രധാനമായും ഈ മൂന്ന് മൂല്യങ്ങളെ തകർത്തുകൊണ്ടാണ്. വർഗീയ ലഹളകളും, ശാസ്ത്രത്തിന്റെ വളർച്ച ശുഷ്കമായിരിക്കുക്കുന്നതും, പ്രകൃതിക്ഷോഭങ്ങളും, സമയംതെറ്റിയുള്ള മഴയും, മഴക്കെടുതികളും കാലാവസ്ഥാവ്യതിയാനങ്ങളും ഈ മൂല്യതകർച്ചയുടെ പ്രതിഫലനങ്ങളായി ആരും കാണുന്നില്ലായെന്നത് വലിയ വിരോധാഭാസം തന്നെ. വിശ്വാസം, പ്രതീക്ഷ, സ്നേഹം മുതലായ മൂല്യങ്ങൾക്ക് വിലയില്ലാത്തവിധം നാം “Waste Land” കളായി മാറിയിരിക്കുന്നു.
ഇവിടെ ഇന്ന് ക്രിസ്തുവിന്റെ രൂപാന്തരീകരണം നടക്കേണ്ടിയിരിക്കുന്നു.
ഈശോയുടെ രൂപാന്തരീകരണമെന്നത് പുതിയതിലേക്കുള്ള ഒരു മാറ്റമല്ലായിരുന്നു; ഒരു രൂപം മാറി വേറൊന്ന് സ്വീകരിക്കലല്ലായിരുന്നു. ഫാ. സാജു പൈനാടത്ത് MCBS ന്റെ “ദൈവത്തിന്റെ ഭാഷ-വിശുദ്ധ കുർബാന” എന്ന പുസ്തകത്തിൽ പറയുന്നപോലെ, “അന്തരത്തിന്റെ (അകത്തുള്ളതിന്റെ) രൂപമാണ് രൂപാന്തരം. പ്രത്യക്ഷത്തിൽ വരാത്തത് രൂപമായി വരുന്നു. ഉള്ളടക്കത്തെ ഗാഢമായി അവതരിപ്പിക്കുകയാണ് രൂപം.” (പേജ് 71) ക്രിസ്തുവിന്റെ ഉള്ളിലുള്ളതിന്റെ മഹിമയോടെയുള്ള പ്രകാശിപ്പിക്കലാണ് താബോർ മലയിലെ അവിടുത്തെ രൂപാന്തരീകരണം. ഉള്ളിലുള്ളതിനെ പ്രകാശിപ്പിക്കലായിരുന്നു അത്. Uncovering of what is within! ഈ മരമെവിടെനിന്ന് വന്നു എന്ന് കുട്ടികൾ ചോദിക്കുമ്പോൾ, വിത്തിനകത്തുണ്ടായിരുന്നത് പ്രത്യക്ഷമായതാണ് എന്ന് വല്യപ്പൻ കുഞ്ഞുങ്ങളോട് പറയുന്നപോലെയാണത്. കൊക്കൂണിനകത്തുണ്ടായിരുന്നത് പ്രത്യക്ഷമായതാണ് വർണശബളിതയാർന്ന ചിത്രശലഭമെന്ന് പറയുന്നപോലെയാണത്. ഈശോയുടെ ഉള്ളിലുണ്ടായിരുന്ന ദൈവം സർവ്വപ്രതാപത്തോടെ, സകല മഹിമയോടുകൂടെ പ്രത്യക്ഷമായതാണ്, പ്രകാശിതമായതാണ് ഈശോയുടെ രൂപാന്തരീകരണം.
ഉള്ളിലുള്ള ദൈവത്തെ പ്രകാശിപ്പിക്കുകയാണ് രൂപാന്തരീകരണംകൊണ്ട് ഈശോ അർത്ഥമാക്കുന്നത്. ഈ ചിന്തയോടെ ഇന്നത്തെ സുവിശേഷത്തെ സമീപിക്കുമ്പോൾ നമുക്ക് മനസിലാകും, ഈ സുവിശേഷഭാഗത്തിന് എന്നോട് എന്തൊക്കെയോ പറയാനുണ്ടെന്ന്. ക്രൈസ്‌തമൂല്യങ്ങൾക്ക് ക്ഷയം സംഭവിച്ചിരിക്കുന്ന, ക്രൈസ്തവജീവിതത്തിന് ഭീഷണിനേരിട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മോട് ക്രിസ്തുവിന്റെ രൂപാന്തരീകരണം വിളിച്ചു പറയുന്നത് മകളേ, മകനേ, നിന്റെ ഉള്ളിലുള്ള ദൈവത്തെ പ്രകാശിപ്പിക്കുക എന്നാണ്. അതിന് മുന്നോടി എന്നോണമാണ് ഈശോ പറഞ്ഞത് ദൈവരാജ്യം നിന്നിൽ തന്നെയാണെന്ന്. (ലൂക്കാ 17, 21) ഉള്ളിലുള്ള ക്രിസ്തുവിനെ ഖനനം ചെയ്യുകയാണ് ക്രൈസ്തവജീവിതത്തിന്റെ ഉദ്ദേശ്യവും, ലക്ഷ്യവും. ആ ക്രിസ്തുവിനെ നമ്മുടെ ഉടലിൽ പ്രകാശിപ്പിക്കുകയാണ് നമ്മുടെ ദൗത്യം.
പന്ത്രണ്ടാം നൂറ്റാണ്ടിൽ ക്രൈസ്തവ വിശ്വാസത്തിനും,ധാർമിക മൂല്യങ്ങൾക്കും ക്ഷയം സംഭവിച്ചപ്പോൾ, വിശുദ്ധ ഫ്രാൻസിസ് അസീസി, ലൗകികതയ്ക്കുപിന്നാലെ, സമ്പത്തിനുപിന്നാലെ അന്ധമായി ഓടിക്കൊണ്ടിരുന്ന ലോകത്തിനുമുന്പിൽ നടത്തിയ രൂപാന്തരീകരണം ലോകത്തിന്റെ കണ്ണുതുറപ്പിച്ചു. അദ്ദേഹത്തെ നോക്കിക്കൊണ്ട് ലോകം വിളിച്ചു പറഞ്ഞു:

“ഇതാ, രണ്ടാമത്തെ ക്രിസ്തു കടന്നുപോകുന്നു.” അദ്ദേഹത്തിലുണ്ടായ ദൈവികമാറ്റം ലോകം മനസ്സിലാക്കിയെന്നത് വലിയ കൃപയാണ്. ഇന്ന് നമ്മിൽ രൂപാന്തരീകരണങ്ങൾ ഉണ്ടാകുന്നില്ല എന്നതാണ് വർത്തമാനകാലത്തിൽ ഏറ്റവും വലിയ ദുരന്തം! നമ്മുടെ ക്രൈസ്തവ സാക്ഷ്യജീവിതത്തെ അടച്ചാക്ഷേപിക്കുകയല്ല. മനുഷ്യന്റെ സാധാരണ ജീവിതസാഹചര്യങ്ങളിൽ നിന്ന് അടർത്തിയെടുക്കാവുന്ന രൂപാന്തരീകരണങ്ങൾ ഇന്നും നടക്കുന്നുണ്ട്. അവയെ മനസ്സിലാക്കുവാൻ പക്ഷേ ലോകമനസ്സ് ഒന്നുകിൽ പാകമായിട്ടില്ല, അല്ലെങ്കിൽ അവയെ കണ്ടില്ലെന്ന് നടിക്കുന്നു. അതുമല്ലെങ്കിൽ അവയെ അവഗണിക്കുന്നു. ക്രിസ്തുവിന്റെ രൂപാന്തരീകരണം വെറുമൊരു ചരിത്രസംഭവമായോ, അമാനുഷിക പ്രവർത്തിയായോ നിൽക്കേണ്ട ഒന്നല്ല. അത് ഇന്ന് നിന്നിലും, എന്നിലും സംഭവിക്കേണ്ട ദൈവിക മാറ്റമാണ്.
കഴിഞ്ഞ തിങ്കളാഴ്ച്ച ആഗസ്റ്റ് 19 2024

പ്രകൃതിയുടെ ഒരു രൂപാന്തരം നമ്മൾ കണ്ടുകാണും – Super Bluemoon!! Super Bluemoon ന്റെ പ്രകാശം, സൗന്ദര്യം ഗംഭീരമായിരുന്നു! നമ്മിൽ ക്രിസ്തു രൂപപ്പെട്ടുകഴിഞ്ഞാൽ അതിലും വലിയ പ്രകാശമായിരിക്കും നമ്മുടെ ഉടലിൽ, ജീവിതത്തിൽ മറ്റുള്ളവർ കാണുക!
ടോക്കിയോ ഒളിമ്പിക്സിൽ (2020) പുരുഷന്മാരുടെ ഹൈജമ്പ് (Highjump) മത്സരത്തിന്റെ ഫൈനൽ നടക്കുകയാണ്. ഖത്തറിന്റെ മുത്താസ് ഈസാ ബർഷിമും, (Mutaz Essa Barshim) ഇറ്റലിയുടെ ജിയാൻ മാർക്കോ തമ്പേരിയുമാണ് (Gianmarco Thamberi) ഫൈനലിൽ മത്സരിക്കുന്നത്. രണ്ടുപേരുടെയും ഉയരം വ്യത്യസ്തമായിരുന്നെങ്കിലും,

രണ്ടുപേരും ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഒരേ hight ൽ അവർ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഒന്നാമത്തെ Round, രണ്ടാമത്തെ Round …. മൂന്നാമത്തെ Round ….അവർ മത്സരിച്ച് ചാടുകയാണ്. മൂന്നാമത്തെ Round കഴിഞ്ഞപ്പോഴും ഇറ്റലിയുടെയും, ഖത്തറിന്റെയും hight ഒരേപോലെ!!!! ആരും ജയിക്കുന്നുമില്ല, ആരും തോൽക്കുന്നുമില്ല. നാലാമത്തെ Round നായി അവർ ഒരുങ്ങുകയാണ്. പക്ഷേ, നാലാമത്തെ Round ന് തൊട്ട് മുൻപ് ഇറ്റലിയുടെ തമ്പേരിയുടെ കാലിന് വയ്യാതെയായി. അദ്ദേഹം വേദനകൊണ്ട് പുളഞ്ഞു. എന്തായാലും ഈ Round ൽ മത്സരിക്കാൻ പറ്റില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. അപ്പോൾ സ്വാഭാവികമായും ഖത്തറിന്റെ ബർഷിം വിജയിക്കും. ജിയാൻ മാർക്കോ തമ്പേരി കഴിഞ്ഞ കുറെ വർഷങ്ങളായി കൊണ്ട് നടന്ന സ്വപ്നം തകരുകയാണ്. ഇതാ ഇവിടെ ഇപ്പോൾ എല്ലാം നഷ്ടപ്പെടുകയാണ് അയാൾക്ക്! ആ നിമിഷത്തിൽ, താൻ ജയിക്കുമെന്ന് ഉറപ്പായ ആ നിമിഷത്തിൽ ബർഷിം അധികാരികളോട് ഒരു ചോദ്യം ചോദിച്ചു. ലോകത്തെത്തന്നെ ഞെട്ടിച്ച ഒരു ചോദ്യമായിരുന്നു അത്. “ഞാൻ ഇപ്പോൾ പിന്മാറിയാൽ ഞങ്ങൾക്ക് രണ്ടുപേർക്കും സ്വർണം കിട്ടുമോ?” Olympics officials പറഞ്ഞു: “കിട്ടും”. അങ്ങനെ ബർഷിം പിന്മാറി. തമ്പേരിയും, ബർഷിമും സ്വർണം പങ്കിട്ടെടുക്കാൻ പ്രഖ്യാപനമായി! ആ നിമിഷത്തിൽ കാല് വയ്യാതിരുന്ന തമ്പേരി ചാടിയെഴുന്നേറ്റ് ബാർഷിമിനെ കെട്ടിപ്പിടിക്കുന്ന ഒരു രംഗമുണ്ട്. ആ രംഗം കണ്ടു നിന്ന എല്ലാവരുടെയും കൺകോണുകളിൽ നനവുപടർന്നു. മാത്രമല്ല, ലോകം ബർഷിമിന്റെ ഉടലിൽ ദൈവത്തിന്റെ പ്രകാശം ദർശിച്ചു.
(https://www.google.com/search? q=muthaas+isha+barshim&sca_esv=a526368c5945871d&sca_upv=1&source=hp&ei=n1TEZoDcCtemseMP84XwuQk&iflsig=AL9hbdgAAAAAZsRir4uT2)
സ്നേഹമുള്ളവരേ, ദൈവം നമ്മോട് ഇപ്പോഴും ചോദിക്കുക, മകളേ, മകനേ നിന്റെ ജീവിതത്തിൽ, നിന്നിൽ രൂപാന്തരീകരണത്തിന്റെ വേളകൾ ഉണ്ടോ എന്നായിരിക്കും. നീ സഞ്ചരിക്കുന്നത് ഏത് കാറിലാണെന്ന് ദൈവം ചോദിക്കില്ല. യാത്രാസൗകര്യമില്ലാത്ത എത്രപേരെ യാത്രചെയ്യാൻ സഹായിച്ചു എന്ന് അവിടുന്ന് ചോദിക്കും. കാരണം, അതായിരുന്നു നിന്നിൽ രൂപാന്തരീകരണം സംഭവിച്ച, നിന്റെ ഉള്ളിലെ ദൈവികത നിന്റെ ഉടലിൽ പ്രകാശിച്ച നിമിഷം.

നിന്റെ വീടിന്റെ വിസ്തൃതി എത്ര സ്‌ക്വയർ ഫീറ്റാണെന്ന് ദൈവം ചോദിക്കില്ല. എത്രപേരെ നിന്റെ ഭവനത്തിൽ നീ സ്വീകരിച്ചു എന്ന് അവിടുന്ന് ചോദിക്കും. കാരണം, അതായിരുന്നു നിന്നിൽ രൂപാന്തരീകരണം സംഭവിച്ച, നിന്റെ ഉള്ളിലെ ദൈവികത നിന്റെ ഉടലിൽ പ്രകാശിച്ച നിമിഷം. നിന്റെ അലമാരയിൽ എത്ര വസ്ത്രങ്ങളുണ്ടെന്ന് ദൈവം ചോദിക്കില്ല. എത്രപേരെ നീ ഉടുപ്പിച്ചു എന്ന് ചോദിക്കും. കാരണം, അതായിരുന്നു നിന്നിൽ രൂപാന്തരീകരണം സംഭവിച്ച, നിന്റെ ഉള്ളിലെ ദൈവികത നിന്റെ ഉടലിൽ പ്രകാശിച്ച നിമിഷം. നീ എന്തുതരം ജോലിയാണ് ചെയ്യുന്നത് എന്ന് ദൈവം ചോദിക്കില്ല. നീ എത്ര നന്നായി അവ ചെയ്‌തുതീർത്തെന്ന് അവിടുന്ന് ചോദിക്കും. കാരണം, അതായിരുന്നു നിന്നിൽ രൂപാന്തരീകരണം സംഭവിച്ച, നിന്റെ ഉള്ളിലെ ദൈവികത നിന്റെ ഉടലിൽ പ്രകാശിച്ച നിമിഷം. നിനക്ക് എത്ര സുഹൃത്തുക്കളുണ്ടെന്ന് ദൈവം ചോദിക്കില്ല. എത്രപേർക്ക് നല്ലൊരു സുഹൃത്താകാൻ നിനക്ക് കഴിഞ്ഞു എന്ന് ചോദിക്കും. നിന്റെ അയൽക്കാർ ആരെന്ന് ചോദിക്കില്ല. അവരോട് നീ എങ്ങനെ പെരുമാറി എന്ന് ചോദിക്കും. നിന്റെ തൊലിയുടെ നിറം എന്തെന്ന് ചോദിക്കില്ല. നിന്റെ സ്വഭാവത്തിന് നന്മയുടെ നിറമുണ്ടായിരുന്നോ എന്ന് ചോദിക്കും. കാരണം, അവയായിരുന്നു നിന്നിൽ രൂപാന്തരീകരണം സംഭവിച്ച, നിന്റെ ഉള്ളിലെ ദൈവികത നിന്റെ ഉടലിൽ പ്രകാശിച്ച നിമിഷങ്ങൾ.
സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്ന ദൈവിക കാഴ്ചയുടെ സമൃദ്ധിയിലേക്ക് നമ്മുടെ ചിന്തകളെ കൂട്ടിക്കൊണ്ടുപോകാനായി നമുക്കാകണം. നമ്മുടെ സ്വന്തം രൂപത്തിലെ, ഉടലിലെ, അതിനുള്ളിലെ ദൈവത്തെ തിരിച്ചറിയാനാകാത്ത, അപരന്റെ ഉടലിലെ ക്രിസ്തുവിനെ തിരിച്ചറിയാനാകാത്ത നമുക്ക് ഒരു രൂപാന്തരീകരണം ഇനിയും അന്യമാണ്! വിശ്വാസവും, പ്രതീക്ഷയും സ്നേഹവും നിറഞ്ഞ ജീവിതത്തിലേ രൂപാന്തരീകരണം സംഭവിക്കുകയുള്ളൂ എന്ന ബോധ്യത്തോടെ, ഇന്നത്തെ സുവിശേഷ സന്ദേശം സ്വീകരിക്കുവാനും, ഉള്ളിലെ ക്രിസ്തുവിനെ, ജീവിതത്തിലൂടെ പ്രകാശിതമാക്കുവാനും നമുക്ക് സാധിക്കട്ടെ.

നമ്മുടെ വിശ്വാസത്തിന്റെ പ്രഘോഷണമായ, ദൈവസ്നേഹത്തിന്റെ ആഘോഷമായ, നമുക്കെന്നും പ്രത്യാശ നൽകുന്ന വിശുദ്ധ കുർബാന യോഗ്യതയുടെ അർപ്പിച്ചു്, രൂപാന്തരീകരണത്തിന്റെ നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടാകുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ആമേൻ!