ഏലിയാ സ്ലീവാ മൂശേക്കാലം രണ്ടാം ഞായർ
മത്തായി 17, 9-13

ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ, ഏലിയാ രണ്ടാം ഞായറാഴ്ചത്തെ സുവിശേഷഭാഗം, കഴിഞ്ഞ ഞായറാഴ്ച്ച നാം കേട്ട ഈശോയുടെ രൂപാന്തരീകരണത്തിന്റെ തുടർച്ചയാണ്. കഴിഞ്ഞ ഞായറാഴ്ച്ച വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിൽ നിന്നാണ് ഈശോയുടെ രൂപാന്തരീകരണം നാം ശ്രവിച്ചത്. ഇന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ ഈശോയുടെ രൂപാന്തരീകരണത്തെ തുടർന്ന് വരുന്ന ഭാഗമാണ് വിചിന്തനത്തിനായി തിരുസ്സഭ നമുക്ക് നൽകിയിരിക്കുന്നത്. ഈശോയുടെ രൂപാന്തരീകരണത്തിനുശേഷം ശിഷ്യരോടൊപ്പം മലയിറങ്ങി വരുന്ന ഈശോ അവരോട് സംസാരിക്കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ പശ്ചാത്തലം. സന്ദേശം ഇതാണ്: ദൈവത്തിന്റെ നമുക്കുവേണ്ടിയുള്ള രക്ഷാകരപദ്ധതിയോട് സഹകരിച്ചുകൊണ്ട്, തിരുസ്സഭയോട് ചേർന്ന് നിന്ന് ഈശോ നമുക്കായി നേടിയെടുത്ത രക്ഷ സ്വന്തമാക്കുക.
എന്തുകൊണ്ടായിരിക്കാം ഈശോ അവരോട് നിങ്ങൾ താബോർമലയിൽ ദർശിച്ച രൂപാന്തരീകരണം ആരോടും പറയരുതെന്ന് പറഞ്ഞത്? എന്തുകൊണ്ടായിരിക്കും മനുഷ്യപുത്രൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെടുന്നതുവരെ ഈ ദർശനത്തെപ്പറ്റി ആരോടും പറയരുതെന്ന് അവരോട് നിർദ്ദേശിച്ചത്? അത് യഹൂദന്മാരെ പേടിച്ചിട്ടായിരിക്കുമോ? അവർ എന്തെങ്കിലും ചെയ്യുമോയെന്ന് ഭയന്നിട്ടായിരിക്കുമോ? ഏയ്, അങ്ങനെയാകാൻ വഴിയില്ല. പിന്നെ എന്തുകൊണ്ടായിരിക്കും ഈശോ അങ്ങനെ പറഞ്ഞത്? കാരണം ഇതായിരിക്കണം. ഈശോയുടെ കൂടെയാണ് നടക്കുന്നതെങ്കിലും, ശിഷ്യന്മാർക്ക് ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ പൊരുൾ മനസ്സിലായിട്ടില്ലായിരുന്നു. പഴയനിയമകാലത്തു നിന്ന് തുടങ്ങുന്ന ദൈവത്തിന്റെ രക്ഷാകരപദ്ധതി എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് അവർ ചിന്തിച്ചിട്ടില്ലായിരുന്നു. എന്തിന്, ക്രിസ്തുവിനെക്കുറിച്ചുതന്നെ അവർക്ക് ശരിയായ ഗ്രാഹ്യമില്ലായിരുന്നു. ക്രിസ്തു വന്ന് ദൈവമക്കളെ തന്റെ രാജ്യത്തിലേക്ക് കൊണ്ടുപോകുമെന്ന് അവർക്കറിയില്ലായിരുന്നു. (മത്താ 4, 17, യോഹ 18, 36) ക്രിസ്തു കുരിശിൽ തറയ്ക്കപ്പെടുമെന്ന് അവർക്കറിയില്ലായിരുന്നു. (മത്താ 27, 26-50) ലോകത്തിന്റെ രക്ഷയ്ക്കുവേണ്ടി ക്രിസ്തു മരിക്കണമെന്നും അവർക്കറിയില്ലായിരുന്നു. (1 യോഹ 2, 2) മൂന്ന് ദിവസം കല്ലറയ്ക്കുള്ളിലായിരിക്കുമെന്നും അവർ ചിന്തിച്ചിട്ടില്ലായിരുന്നു. (മത്താ 27, 57-66) മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുമെന്ന് അവരുടെ സ്വപ്നത്തിൽപ്പോലും അവർ നിനച്ചിട്ടില്ലായിരുന്നു. (മത്താ 28, 6) സ്വർഗത്തിലേക്ക് ആരോഹണം ചെയ്യപ്പെടുമെന്നും, (അപ്പ 1, 5) ലോകം മുഴുവൻ സുവിശേഷം അറിയിക്കാൻ തന്റെ ശിഷ്യരെ അവൻ അയയ്ക്കുമെന്നും (മത്താ 28,18-20) അവർക്കറിയില്ലായിരുന്നു. ചുരുക്കത്തിൽ, ദൈവത്തിന്റെ രക്ഷാകര പദ്ധതിയെക്കുറിച്ച് അവർ അജ്ഞരായിരുന്നു. അതുകൊണ്ടാണ് ഈശോ അവരോട് പറഞ്ഞത്, “ഈ ദർശനത്തെപ്പറ്റി നിങ്ങൾ ആരോടും പറയരുത്.”
ഒന്ന് വിശകലനം ചെയ്താൽ നമുക്ക് ഇങ്ങനെ പറയാൻ കഴിയും: നിങ്ങൾ കണ്ട ദർശനത്തെപ്പറ്റി ഇപ്പോൾ നിങ്ങൾക്കൊന്നും മനസ്സിലായിട്ടില്ല. നിങ്ങൾ അത് മറ്റുള്ളവരോട് പറഞ്ഞാലും അവർക്കും അത് മനസ്സിലാകില്ല. ഇത്രയും മനോഹരമായൊരു കാര്യം വെറുതെ വിവാദങ്ങൾക്കും, വിമർശനങ്ങൾക്കും വഴിവെക്കും. അതുകൊണ്ട് നിങ്ങളിത് ഇപ്പൊ ആരോടും പറയണ്ട. വിശുദ്ധമായത് നായ്ക്കൾക്ക് കൊടുക്കരുതല്ലോ. പിന്നെ, മുത്തുകൾ പന്നികളുടെ മുൻപിൽ വിതറിയാൽ അവരത് ചവുട്ടിയരച്ച് വികൃതമാക്കിക്കളയുമല്ലോ. (മത്താ 7, 6)

എന്നാൽ, ദൈവത്തിന്റെ രക്ഷാകര പദ്ധതിയോട് സഹകരിച്ചുകൊണ്ട്, ആ രക്ഷാകര പദ്ധതി പൂർത്തീകരിക്കുവാൻ, ദൈവനിയോഗവുമായി വന്നവരോട്, വരുന്നവരോട് ഈ ലോകം, യഹൂദർ എന്താണ് ചെയ്തതെന്ന് ഈശോ അവരെ ഓർമപ്പെടുത്തുന്നുണ്ട്.. ദൈവം അയയ്ക്കുന്ന പ്രവാചകരെ, നീതിമാന്മാരെ മനസ്സിലാക്കാതെ തങ്ങൾക്കിഷ്ടമുള്ളതെല്ലാം അവരോട് മനുഷ്യർ ചെയ്തു. തീർന്നില്ല, ദൈവപുത്രനോടും അവർ അങ്ങനെതന്നെ ചെയ്യുമെന്ന് ഈശോ അവരോട് മുൻകൂട്ടി പറയുകയാണ്. എന്നാലും ശിഷ്യർക്ക് അതൊന്നും അത്രയ്ക്കങ്ങ് മനസ്സിലാകുന്നില്ല. അതോർത്തുള്ള ഈശോയുടെ ദുഃഖമാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷം 13 ആം അധ്യായത്തിൽ നാം കാണുന്നത്. “ജറുസലേം, ജറുസലേം, പ്രവാചകന്മാരെ കൊല്ലുകയും, നിന്റെ അടുത്തേയ്ക്ക് അയയ്ക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴ് ചേർത്ത് നിർത്തുന്നതുപോലെ നിന്റെ സന്താനങ്ങളെ ഒന്നിച്ചു ചേർക്കുന്നതിന് ഞാൻ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു. പക്ഷേ, നിങ്ങൾ സമ്മതിച്ചില്ല. ഇതാ നിങ്ങളുടെ ഭവനം പരിത്യക്തമായിരിക്കുന്നു. (13, 34-35)
സ്നേഹമുള്ളവരേ, ക്രിസ്തുവിൽ പൂർത്തിയായ രക്ഷാകര പദ്ധതി നമ്മിൽ ഓരോരുത്തരിലും പൂർത്തിയാകണമെന്നതാണ് ദൈവഹിതം. അതിന് നമ്മിൽ നടക്കേണ്ട ദൈവത്തിന്റെ പദ്ധതിയെ നാം അറിയണം. തങ്ങളുടെ അഹന്തകൊണ്ടും, സ്വാർത്ഥതകൊണ്ടും, അധികാരപ്രമത്തതകൊണ്ടും, അന്ധതകൊണ്ടും ദൈവത്തിന്റെ രക്ഷാകര പദ്ധതിയെ പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിച്ച ഇസ്രായേൽ ജനത്തിന്റെ ദുർഗതി നമുക്ക് വരാതിരിക്കുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നത് ഇതാണ്: മകളേ, മകനേ നിന്നിൽ നടക്കേണ്ട ദൈവത്തിന്റെ രക്ഷാകര പദ്ധതിയെക്കുറിച്ച് അറിവുള്ളവളാകുക, അറിവുള്ളവനാകുക. പിടക്കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൽ ചേർത്തുപിടിക്കുന്നതുപോലെ, നമ്മെ ഓരോരുത്തരെയും ചേർത്തുപിടിച്ചുകൊണ്ട് തന്റെ രക്ഷ നമുക്ക് നല്കാൻ ഈശോ ആഗ്രഹിക്കുന്നു.
ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നാം അറിഞ്ഞിരിക്കണം. 1. ദൈവത്തിന്റെ രക്ഷാകരപദ്ധതി ദൈവത്തിന്റെ കൃപയുടെ പ്രവർത്തനമാണ്. ദൈവത്തിന്റെ കൃപകൊണ്ട്, കൃപ ഒന്നുകൊണ്ട് മാത്രമാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. ആ രക്ഷ സ്വന്തമാക്കുവാൻ ദൈവം തന്റെ കരുണയിൽ നമ്മെ വിളിച്ചിരിക്കുന്നു. ദൈവത്തിന്റെ കൃപ, ദൈവത്തിന്റെ രക്ഷ സ്വന്തമാക്കുവാൻ നാം എന്തെല്ലാം ചെയ്യണമെന്ന് നമ്മെ പഠിപ്പിക്കും. 2. നമ്മുടെ ആഗ്രഹമോ, നമ്മുടെ പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയയാണ് നമ്മുടെ രക്ഷയുടെ അടിസ്ഥാനം. നമ്മുടെ പ്രവൃത്തികളോ, വിശ്വാസമോ ഒന്നുമല്ല. എന്തിന് വിശ്വാസം പോലും ദൈവത്തിന്റെ സമ്മാനമാണ്. ദൈവ സന്നിധിയിൽ, ദൈവമേ നിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെയെന്ന മനസ്സുമായി നിൽക്കുക. അതുമാത്രം മതി. നീ അവിടുത്തെ രക്ഷയാൽ നിറയും. നീ മാത്രമല്ല, നിന്റെ കുടുംബവും. 3. ദൈവത്തിന്റെ പരിശുദ്ധാത്മാവാണ് നമ്മിൽ രക്ഷ നിറയ്ക്കുന്നത്.

ദൈവത്തിന്റെ രക്ഷാകര പദ്ധതി ഇന്ന് തുടരുന്നത് തിരുസ്സഭയിലൂടെയാണ്. ഒന്നുകൂടി, വ്യക്തമായിപ്പറഞ്ഞാൽ, തിരുസ്സഭയിലെ വിശുദ്ധ കുർബാനയിലൂടെയാണ്. മിശിഹാ രഹസ്യങ്ങളുടെ ആഘോഷമായ വിശുദ്ധ കുർബാന, ഈശോയുടെ ജനന, പരസ്യജീവിത, പീഡാനുഭവ, മരണ, ഉത്ഥാന രഹസ്യങ്ങളുടെ ആഘോഷമായ വിശുദ്ധ കുർബാന ക്രിസ്തുവിന്റെ രക്ഷയുടെ നിറവാണ്. അത് രക്ഷാകരമാണ്, രക്ഷാദായകമാണ്. പോപ്പ് ഫ്രാൻസിസ് തന്റെ അപ്പസ്തോലിക കത്തിൽ ഇക്കാര്യം വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു, “വിശുദ്ധ കുർബാന ഇന്നിന്റെ രക്ഷാകര പദ്ധതിയാണ്.” (Desiderio Desideravi, Apostolic Letter, Pope Francis, 2022) ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ അന്തിമ ലക്‌ഷ്യം വിശുദ്ധ കുർബാനയാണ്. ദൈവത്തിന്റെ രക്ഷാകര പദ്ധതി പൂത്തുലഞ്ഞ് ഫലം ചൂടി നിൽക്കുന്നത് വിശുദ്ധ കുർബാനയിലാണ്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ, ചെങ്കടലിലൂടെ ഇസ്രായേൽ ജനത്തിനായി വഴിവെട്ടിയ ദൈവം ഇന്നും ജീവിക്കുന്നത് വിശുദ്ധ കുർബാനയിലാണ്. ഇസ്രായേൽ ജനത്തിനായി മന്നാ പൊഴിച്ച ദൈവം ഇന്നും വസിക്കുന്നത് വിശുദ്ധ കുർബാനയിലാണ്. ദൈവജനത്തിന് മോചനമായി, രക്ഷയായി, സമാധാനമായി, സമൃദ്ധിയായി ഇന്നും ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് വിശുദ്ധ കുർബാനയിലാണ്.
സ്‌നേഹമുള്ള ദൈവജനമേ, ദൈവം ബെത്ലെഹെമിൽ പിറന്നത്, വചനം പ്രഘോഷിച്ചത്, അത്ഭുതങ്ങൾ ചെയ്തത്, അഞ്ചപ്പംകൊണ്ട് അയ്യായിരങ്ങളെ തൃപ്തമാക്കിയത്, ഇതെന്റെ ശരീരം, ഇതെന്റെ രക്തമെന്ന് അരുളിച്ചെയ്തത്, കാൽവരിയിൽ മരിച്ചത്, മൂന്നാം ദിനം ഉത്ഥിതനായത് വിശുദ്ധ കുർബാന ആകുവാനായിരുന്നു. ലോകാവസാനംവരെയുള്ള ഓരോ വ്യക്തിയിലും ക്രിസ്തുവിന്റെ രക്ഷ സാധിതമാകുന്നതുവരെ ക്രിസ്തു തുടരാനാഗ്രഹിക്കുന്ന ഈ രക്ഷാകര പദ്ധതി ഇന്നും തുടരുന്നത് വിശുദ്ധ കുർബാനയിലൂടെയാണ്. ഇക്കാര്യം മനസ്സിലാകാത്തവർക്ക് ക്രിസ്തുവിന്റെ രക്ഷ അകലെയായിരിക്കും. ഇക്കാര്യം മനസ്സിലാകാത്തവർ, ഇസ്രായേൽ ജനം പ്രവാചകന്മാരോടും, ക്രിസ്തുവിനോടും ചെയ്തതുപോലെ, വിശുദ്ധ കുർബാനയോട് ചെയ്യും. ഇസ്രായേൽ ജനം പ്രവാചകന്മാരോടും, ക്രിസ്തുവിനോടും ചെയ്തതുപോലെ, ക്രിസ്തുവിന്റെ രക്ഷാകര പദ്ധതി മനസ്സിലാകാത്ത ഇന്നത്തെ ജനം തിരുസ്സഭയോടും ചെയ്യും. വിശുദ്ധ കുർബാനയുടെ എത്ര വലിയ അത്ഭുതങ്ങൾ നടന്നാലും അവർ വിശുദ്ധ കുർബാനയെ അവഹേളിച്ചുകൊണ്ടിരിക്കും.
ദൈവത്തിന്റെ രക്ഷാകര പദ്ധതി നമ്മിൽ നടക്കുന്നുണ്ടോ, നാം ദൈവത്തിന്റെ രക്ഷയിലാണോ എന്നറിയാൻ 7 അടയാളങ്ങൾ, നിദർശനങ്ങൾ നമ്മിലുണ്ടോ എന്ന് നോക്കിയാൽ മതി.
1. നിന്നിൽ ദൈവസ്നേഹവും പരസ്നേഹവും ഉണ്ടായിരിക്കണം.
2. ദൈവവചനം അനുസരിക്കണം.
3. തിരുസ്സഭയെ സ്നേഹിക്കുകയും, സഭയോടൊപ്പം ജീവിക്കുകയും ചെയ്യണം.
4. പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിക്കണം.
5. അനുതാപം നിറഞ്ഞ മനസ്സോടെ ജീവിക്കണം.
6. കൂദാശാജീവിതം നയിക്കണം.
7. തിരുസഭയുടെ പഠനങ്ങളോട് വിശ്വസ്തത പുലർത്തണം.
അപ്പോൾ എന്താണീ രക്ഷാകര പദ്ധതി? നമ്മുടെ ജീവിതയാത്ര തന്നെയാണ് ദൈവത്തിന്റെ രക്ഷാകര പദ്ധതി. നമ്മുടെ ജീവിതയാത്രയിൽ, നമ്മുടെ രക്ഷാകര പദ്ധതിയിൽ നാം പലപ്രാവശ്യം വീണപ്പോൾ നമുക്ക് എഴുന്നേൽക്കാനും വീണ്ടും നടക്കാനും സാധിച്ചത് സ്നേഹമുള്ളവരേ, ഈശോ നമ്മോടൊപ്പമുള്ളതുകൊണ്ടാണ്. നമ്മുടെ ജീവിതയാത്രയിൽ, നമ്മുടെ രക്ഷാകര പദ്ധതിയിൽ ശത്രുക്കൾ പലപ്രാവശ്യം നമ്മെ തകർക്കാൻ ശ്രമിച്ചപ്പോൾ, അവിടെയെല്ലാം നാം രക്ഷപ്പെട്ടത് നാം ദൈവത്തോടൊപ്പം ഉണ്ടായിട്ടല്ല, ദൈവം നമ്മുടെ കൂടെ ഉണ്ടായിരുന്നതുകൊണ്ടാണ്. നമ്മുടെ ജീവിതയാത്രയിൽ, നമ്മുടെ രക്ഷാകര പദ്ധതിയിൽ എത്തിച്ചേരാൻ കഴിയില്ലെന്ന് വിചാരിച്ചിടത്തൊക്കെ ചെന്നെത്താൻ നമുക്ക് സാധിച്ചത് നാം നമ്മെ നയിച്ചതുകൊണ്ടല്ല, ഈശോ നമ്മെ നയിച്ചതുകൊണ്ടാണ്. അതുകൊണ്ട് ഈ ജീവിതയാത്രയിലെ നല്ല നിമിഷങ്ങൾക്ക് Praise the Lord പറയുക. ബുദ്ധിമുട്ടേറുന്ന നിമിഷങ്ങളിൽ ഈശോയെ അന്വേഷിക്കുക. ശാന്തമായ അവസരങ്ങളിൽ ഈശോയെ ആരാധിക്കുക. വേദന നിറഞ്ഞ അവസരങ്ങളിൽ ഈശോയിൽ വിശ്വസിക്കുക. എല്ലാ നിമിഷത്തിലും ഈശോയ്ക്ക് നന്ദി പറയുക.
സ്നേഹമുള്ളവരേ, നമ്മുടെ ജീവിതയാത്രയിൽ, നമുക്കായുള്ള ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ വിജയിക്കുവാനുള്ളതെല്ലാം ഈശോ നമുക്കായി ഒരുക്കിയിട്ടുണ്ട്. അവിടുത്തെ രക്ഷ സ്വന്തമാക്കുവാൻ ആദ്യം ഈശോയെ നാം സ്വന്തമാക്കണം. ഏലിയായെ പീഡിപ്പിച്ച, സ്നാപകയോഹന്നാനെ കൊന്ന, ഈശോയെ കുരിശിലേറ്റിയ അന്നത്തെ ജനത്തെപ്പോലെയാകാതെ, തിരുസ്സഭയിലൂടെ, വിശുദ്ധ കുർബാനയുടെ നമ്മിലേക്ക് വരുന്ന ഈശോയുടെ രക്ഷ നമുക്ക് സ്വന്തമാക്കാം. ഈശോ നമ്മെ ചേർത്തുപിടിക്കുമ്പോൾ, കുതറിപ്പോകാതിരിക്കുവാൻ ശ്രദ്ധിക്കുക. നമ്മിലുള്ള ക്രിസ്തുവിനെ കൊല്ലാതിരിക്കുവാൻ സുകൃതം നിറഞ്ഞ ഒരു ജീവിതം നയിക്കുക. നമ്മെക്കുറിച്ചുള്ള ഈശോയുടെ

രക്ഷാകര പദ്ധതിയിൽ വിശ്വസിക്കുകയും, ജീവിതത്തിന്റെ ഏത് നിമിഷവും ഈശോയുടെ മകളാണ്, ഈശോയുടെ മകനാണ് എന്ന് ഏറ്റുപറയുക യും ചെയ്യുക.. അപ്പോൾ നാമും നമ്മുടെ കുടുംബവും രക്ഷ പ്രാപിക്കും. ആമേൻ!