SUNDAY SERMON JN 12, 27-36

ഏലിയാ സ്ലീവാ മൂശേക്കാലം ആറാം ഞായർ

സ്ലീവാ മൂന്നാം ഞായർ

യോഹന്നാൻ 12, 27-36

വിശുദ്ധ യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 12 വായിച്ചുകഴിയുമ്പോൾ നമ്മുടെയൊക്കെ മനസ്സിൽ സ്വതവേ തോന്നുന്ന ചിന്ത ഇതായിരിക്കും: ജീവിതത്തിന്റെ പെരുവഴിയിൽ വലിച്ചെറിയപ്പെടുന്നവന്റെ വികാരം! ശരിയാണ്, ഈശോ വിഷമിക്കുന്നുണ്ട്.  തന്റെ ആത്മാവ് അസ്വസ്ഥമാണെന്ന് ഈശോ തന്നെ പറയുന്നുണ്ട്. എങ്കിലും, സഹനത്തിലൂടെ മാത്രമേ തന്നിലെ ദൈവത്വം ലോകത്തിന് മുന്നിൽ പ്രകടമാകുകയുള്ളു എന്ന് ഈശോയ്ക്കറിയാമായിരുന്നു. അതുകൊണ്ടാണല്ലോ ‘ആ മണിക്കൂറിലേക്ക് പ്രവേശിക്കുന്നതിന് താൻ തയ്യാറാണെന്ന്’ ഈശോ പറയുന്നത്. അതുതന്നെയാണ് ഈ അധ്യായത്തിന്റെ വൈശിഷ്ട്യവും.

ഈശോ ഈ ലോകത്തിലേക്ക് വന്നത് ലോകത്തെ, മനുഷ്യവർഗത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല, രക്ഷയിലേക്ക് വീണ്ടെടുക്കുവാനാണ്. രക്ഷയ്ക്കായി ഈശോ നമുക്ക് നൽകുന്ന മാർഗം സഹനമാണ്. ബുദ്ധമതസ്ഥാപകനായ ശ്രീ ബുദ്ധൻ രക്ഷയ്ക്കായി നൽകുന്നത് ധ്യാനമെന്ന മാർഗമാണ്. ധ്യാനത്തിലൂടെ രക്ഷ, Enlightenment എന്നതായിരുന്നു ബുദ്ധൻ നിർദ്ദേശിച്ച മാർഗം. ഭാരതത്തിന്റെ രക്ഷ, സ്വാതന്ത്ര്യം എന്ന ലക്‌ഷ്യം നേടിയെടുക്കുവാൻ മഹാത്മാഗാന്ധി നിർദ്ദേശിച്ചത് അഹിംസയുടെ മാർഗമാണ്. കമ്മ്യൂണിസത്തിന്റെ ആചാര്യനായ കാറൽമാർക്‌സാകട്ടെ ഹിംസയുടെ മാർഗമാണ് നിർദ്ദേശിച്ചത്. മനുഷ്യരക്ഷയ്ക്കായി ക്രിസ്തു നിർദ്ദേശിക്കുന്നത് സഹനമാണ്. മഹത്വത്തിലേക്ക്, നന്മയിലേക്ക് പ്രവേശിക്കണമെങ്കിൽ നാം സഹനത്തിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ ചൈതന്യമെന്നത്ഗോതമ്പുമണിപോലെ അഴിയുക, ഇല്ലാതായിത്തീരുക എന്നതാണ്.” ഇവിടെ സഹനമെന്നത് ഭൂമിയിലെ ജീവിതത്തെ മഹത്വപ്പെടുത്തുന്ന ചവിട്ടുപടികളായി മാറുകയാണ്. പരാതികളില്ലാത്ത, പരിദേവനങ്ങളില്ലാത്ത സഹനമാണ് ക്രിസ്തുവിൽ നാം കാണുക. പ്രപഞ്ചത്തിന്റെ തുടിപ്പും പരിഭവമില്ലാത്ത, പിറുപിറുപ്പുകളില്ലാത്ത സഹനമാണ്. അമ്മയുടെ ഈറ്റുനോവിന്റെ നിലവിളികളിൽ എവിടെയാണ് പരിഭവം? ശിശുവിനെ പ്രസവിച്ച ശേഷം സന്തോഷം നിമിത്തം ആ വേദന പിന്നീടവൾ ഓർക്കുന്നതേയില്ല.

വിശുദ്ധ യോഹന്നാന്റെ സുവിശേഷം പന്ത്രണ്ടാം അധ്യായത്തിന്റെ essence, ചൈതന്യം ജീവിതത്തിന്റെ പെരുവഴിയിൽ വലിച്ചെറിയപ്പെടുന്നവന്റെ വികാരമല്ല, ഈശോയുടെ മഹത്വപ്പെടലാണ്; അതിലൂടെ പിതാവായ ദൈവത്തിന്റെ മഹത്വമാണ്. പന്ത്രണ്ടാം അധ്യായത്തിന്റെ ആരംഭത്തിലെ പാപിനിയായ സ്ത്രീയുടെ തൈലാഭിഷേകവും, ഒലിവില ചില്ലകളും ഓശാനവിളികളുമായി ഈശോയെ സ്വീകരിച്ചാനയിക്കലും ഈശോയെ ദൈവമായി, രാജാവായി സ്വീകരിക്കുന്നതിന്റെ വിവരണങ്ങളാണ്. അതിനുശേഷമാണ് ഈശോ തന്റെ തന്നെ മഹത്വപ്പെടലിനെക്കുറിച്ചു് പറയുന്നത്. ഈശോ ഉടനെ കൂട്ടിച്ചേർക്കുന്നത് “പിതാവേ, നിന്റെ നാമത്തെ നീ മഹത്വപ്പെടുത്തണമേ” എന്നാണ്. അപ്പോൾ സ്വർഗം അതിനെ സ്ഥിരീകരിക്കുകയാണ്. സ്വർഗത്തിൽ നിന്ന് ഒരു സ്വരമുണ്ടാകുന്നു. ഈശോയുടെ ജീവിതത്തിന്റെ പ്രത്യേക സാഹചര്യങ്ങളിൽ സ്വർഗ്ഗത്തിന്റെ സവിശേഷ ഇടപെടലുകൾ ഉണ്ടാകുന്നുണ്ട്. ഈശോയുടെ മാമ്മോദീസാവേളയിൽ, താബോർമലയിലെ രൂപാന്തരീകരണവേളയിൽ, ഇതാ ഇപ്പോൾ തന്നിലൂടെയുള്ള പിതാവായ ദൈവത്തിന്റെ മഹത്വീകരണത്തെക്കുറിച്ചു് പറയുമ്പോൾ സ്വർഗം അതിനെ സ്ഥിരപ്പെടുത്തുകയാണ്. ഈശോയുടെ സാന്നിധ്യത്തെ, അവിടുത്തെ പ്രവർത്തനങ്ങളെ, സുവിശേഷ പ്രഘോഷണത്തെ സാധൂകരിക്കുന്നതാണ് ഈ ശബ്ദം. പിതാവായ ദൈവത്തിന്റെ ഉറപ്പാണ് ഈ ശബ്ദം. ഈശോ കന്യകയിൽ നിന്ന് ജനിക്കണമെന്നുള്ള ദൈവത്തിന്റെ പദ്ധതിയുടെ, അവിടുത്തെ അത്ഭുതപ്രവൃത്തികൾ ദൈവരാജ്യത്തിന്റെ അടയാളങ്ങളാണെന്ന പദ്ധതിയുടെ ഉറപ്പിക്കലാണ് ഈ ശബ്ദം. ഈശോയെ റോമൻ കുരിശിൽ തറയ്ക്കുകയെന്നത് രക്ഷാകരപദ്ധതിയിൽപെട്ടതാണ്. ഈശോയെ ഒരു കുഴിമാടത്തിൽ സംസ്കരിക്കുകയെന്നതും, മൂന്നാം ദിവസം ഈശോ ഉയിർത്തെഴുന്നേൽക്കുകയെന്നതും പിതാവിന്റെ പദ്ധതിയാണ്. ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ സഹനം മഹത്വത്തിലേക്കുള്ള വഴിയാണ്. സഹനത്തിന് എന്നും ഇപ്പോഴും ഒരു സ്വഭാവം തന്നെയാണെങ്കിലും ക്രൈസ്തവരതിനെ രക്ഷാകരമാക്കുകയാണ്.

ഇന്നത്തെ സുവിശേഷത്തിന്റെ മുഖ്യ സന്ദേശം മനുഷ്യപുത്രൻ ഉയർത്തപ്പെടണം എന്നതാണ്. ഈ “ഉയർത്തപ്പെടൽ” പക്ഷേ, സഹനത്തിലൂടെ, കുരിശുമരണത്തിലൂടെ മാത്രമേ നടക്കുകയുള്ളൂ. “ഞാൻ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാ ആളുകളെയും എന്നിലേക്ക് ആകർഷിക്കും” എന്ന ഈശോയുടെ വചനത്തിനുശേഷം, സുവിശേഷകൻ ഉടനെ കൂട്ടിച്ചേർക്കുന്നത് “തൻ ഏതുതരം മരണത്താൽ മരിക്കാൻ പോകുന്നുവെന്ന് കാണിക്കാനാണ് അവൻ ഇത് പറഞ്ഞത് എന്നാണ്. ഈശോയുടെ കാര്യത്തിൽ ഉയർത്തപ്പെടുക എന്നത് ക്രൂശിയ്ക്കപ്പെടുക എന്നതാണ് അർത്ഥം. എന്നാൽ, ഇന്ന് നാം മനസിലാക്കുക ഈശോയുടെ ദൈവത്വം ഇതൾവിടർന്നത് കുരിശുമരണമെന്ന യാഥാർഥ്യംകൊണ്ട് മാത്രമല്ല എന്നാണ്. സഹനത്തിന്റെ വഴിയിൽ ദൈവത്തിന്റെ ഇഷ്ടത്തോടൊപ്പം നടന്നപ്പോഴാണ് ഈശോയുടെ സഹനങ്ങൾ രക്ഷാകരമായിത്തീർന്നത്. അല്ലെങ്കിൽ കുരിശുമരണംപോലും വ്യർത്ഥമായിപ്പോകുമായിരുന്നു!!!

ഉയർത്തപ്പെടലിന്റെ, നന്മയുടെ, ഉത്തമമായ സന്തോഷത്തിന്റെ, സമൃദ്ധിയുടെ വഴി സഹനത്തിന്റെ വഴിയാണെന്ന് ഈശോ നമ്മെ പഠിപ്പിച്ചതിനെ ശരിവയ്ക്കുകയാണ് ഈ പ്രപഞ്ചം, പ്രപഞ്ചത്തിലെ വിസ്മയങ്ങൾ.പ്രപഞ്ചത്തെ ഒന്ന് വീക്ഷിക്കൂ … മനോഹരമായതെന്തും ഫലപ്രദമായതെന്തും ഈ ഭൂമിയിലേക്ക് കടന്നുവരുന്നത് വളരെ ക്ലേശം നിറഞ്ഞ പ്രയത്നത്തിലൂടെയാണ്. ഒരു പുതു നാമ്പ്, വിടർന്നു നിൽക്കുന്ന ഒരു പൂവ്, ഫലം ചൂടി നിൽക്കുന്ന ഒരു വൃക്ഷം – ചോദിച്ചു നോക്കൂ അവർ കടന്നു വന്ന വാതിലുകളെക്കുറിച്ച്! അവർക്കു പറയാനുള്ളത് ഇടുങ്ങിയ വാതിലുകളുടെ കഥകളായിരിക്കും. ഇനി, നമ്മുടെ തന്നെ നേട്ടങ്ങളെക്കുറിച്ചു, വിജയങ്ങളെക്കുറിച്ചു, നമ്മുടെ കുടുംബത്തിന്റെ വളർച്ചയെക്കുറിച്ചു ഓർത്താലും കടന്നുവന്ന ഇടുങ്ങിയ വാതിലുകളുടെ കഥകളായിരിക്കും നമുക്കും പറയാനുണ്ടാവുക. മഹാകവി ഉള്ളൂർ തന്റെ “നവയുഗോദയം” എന്ന കവിതയിൽ ജലത്തിന്റെയും, സ്വർണത്തിന്റെയും ഇടുങ്ങിയ വാതിലുകളെക്കുറിച്ച് പാടുന്നുണ്ട്. “പാറയ്ക്കുമേൽ തട്ടിയുടഞ്ഞുവേണം/പാനാർഹമായി സരിതാംബു തീരാൻ/ഇരുട്ട് തിങ്ങും ഖനി വിട്ടുവേണം/ഹീരം നൃപൻ തൻ മകുടത്തിൽ മിന്നാൻ.” “ (ഫാ. സാജു പൈനാടത്ത്, ദൈവത്തിന്റെ  ഭാഷ-വിശുദ്ധ കുർബാന, 5, 59, പേജ് 103)

സഹനം അവസാനമല്ല, ആരംഭമാണ്- ദൈവമഹത്വത്തിന്റെ, പുതുജീവിതത്തിന്റെ ആരംഭം. സഹനം തകർച്ചയല്ല, ആദ്യപടിയാണ് – ഉയർത്തപ്പെടലിന്റെ ആദ്യപടി. മരണം, സഹനം അവസാനമല്ലെന്നും, ഉത്ഥാനമാണ്, ഉയിർപ്പാണ്, മഹത്വപ്പെടലാണ് അവസാനവാക്കെന്നും അറിയുന്ന ക്രൈസ്തവരാണ് യഥാർത്ഥ ക്രൈസ്തവർ. വിശുദ്ധരുടെ, രാക്ഷസാക്ഷികളുടെ ജീവിതങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് നാമെല്ലാവരും ഉയർത്തപ്പെടുമെന്ന് തന്നെയാണ്.

എന്നാൽ, ഉയർത്തപ്പെടണമെങ്കിൽ, തകർച്ചയിലൂടെ കടന്നുപോകുമ്പോൾ, ക്രൂശുമരണത്തിൽപോലും ദൈവമഹത്വം പ്രകടമാക്കണമെങ്കിൽ എന്താണ് വേണ്ടത്? ഉത്തരം പഴയനിയമത്തിലെ ജോസഫിന്റെ ജീവിതത്തിലുണ്ട്. ഇന്നത്തെ ഒന്നാം വായനയിൽ നാം കണ്ട ജോസഫ് തകർച്ചയുടെ, സഹനത്തിലൂടെ കടന്നുപോയവനാണ്. വചനം പറയുന്നു: ‘ദൈവത്തിന്റെ ആത്മാവ് ഉണ്ടായിരുന്നതുകൊണ്ട് ദൈവം അവനെ ഉയർത്തി.’ സഹനത്തിന്റെ, കുരിശിന്റെ വഴികളിലൂടെ കടന്നുപോകുമ്പോഴും, അവയെ രക്ഷാകരമാക്കണമെങ്കിൽ നാം ദൈവാത്മാവിനാൽ നിറഞ്ഞവരാകണം. ദാവീദ് ദൈവാത്മാവിനാൽ നിറഞ്ഞ വേളകളിലെല്ലാം ദൈവം അദ്ദേഹത്തെ ഉയർത്തുകയും, ദൈവാത്മാവ് ഇല്ലാതെ ജീവിച്ചപ്പോൾ ദൈവം അദ്ദേഹത്തെ താഴ്ത്തുകയും ചെയ്തു.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം ഉയർത്തപ്പെടലിന്റെ സുവിശേഷമാണ്. അതിനുള്ള മാർഗം സഹനത്തിന്റെ, കുരിശിന്റെ മാർഗമാണ്. നാലപ്പാട്ട് നാരായണമേനോൻ തന്റെ കണ്ണുനീർത്തുള്ളി എന്ന കവിതയിൽ പാടുന്നപോലെ,

“ഉരുക്കിടുന്നു മിഴിനീരിലിട്ട് / മുക്കുന്നു മുറ്റും ഭുവനൈക ശില്പി / മനുഷ്യഹൃത്താം കനകത്തെയേതോ / പണിത്തരത്തിന്നു പയുക്തമാക്കാൻ.” 

മനുഷ്യഹൃത്താകുന്ന സ്വർണം അഗ്നിയിലൂടെ, സഹനത്തിലൂടെ, കുരിശിലൂടെ കടന്നുപോയെങ്കിൽ മാത്രമേ, ദൈവമഹത്വം പ്രകടമാക്കുന്ന ഒന്നായി മാറുകയുള്ളുവെന്ന സത്യം ഒരിക്കലും മറക്കാതിരിക്കാം.

നമ്മുടെ ജീവിതത്തെ, ജീവിതത്തിലെ സഹനങ്ങളെ രക്ഷാകരമാക്കുവാൻ ഇന്നത്തെ സുവിശേഷ സന്ദേശം നമ്മെ സഹായിക്കട്ടെ. ആമേൻ!

SUNDAY SERMON MT 24, 39-46

ഏലിയാ സ്ലീവാ മൂശേക്കാലം അഞ്ചാം ഞായർ

സ്ലീവാ രണ്ടാം ഞായർ  

മത്താ 24, 29-36

ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ ചൈതന്യത്തിനനുസരിച്ചുള്ള ഒരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചു കേട്ടത്. ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനവും അന്ത്യവിധിയുമെക്കെ ഈ കാലത്തിന്റെ വിചിന്തനത്തിനുള്ള വിഷയങ്ങളാണ്. കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണം കാണാതെ പഠിച്ച കാലം മുതൽ, വിശുദ്ധ കുർബാനയുടെ വേളയിലും, കുടുംബപ്രാർത്ഥനാസമയത്തും, മറ്റ് പ്രാർത്ഥനാവേളകളിലും “ക്രിസ്തു മരിച്ചവരെയും, ജീവിക്കുന്നവരെയും വിധിക്കുവാൻ വീണ്ടും വരുമെന്നും ഞാൻ വിശ്വസിക്കുന്നു” എന്ന് ഏറ്റുപറയുന്നവരാണ് നാമെല്ലാവരും. ആ വിശ്വാസത്തിന്റെ ബൈബിളധിഷ്ഠിതമായ വിവരണമാണ് ഇന്നത്തെ സുവിശേഷത്തിലുള്ളത്.

മനുഷ്യ ചരിത്രത്തിന്റെ ആദ്യകാലം മുതലേ, മനുഷ്യൻ ബുദ്ധി ക്രമമായി ഉപയോഗിക്കുവാൻ തുടങ്ങിയ കാലം മുതലേ മനുഷ്യന്റെ മുൻപിലെ സമസ്യകളാണ് മരണശേഷം എന്ത്, ഈ ലോകത്തിന് ഒരവസാനം ഉണ്ടായിരിക്കുമോ, അങ്ങനെയൊന്നുണ്ടെങ്കിൽ അത് എങ്ങനെയായിരിക്കും എന്നിവ. ഒരിക്കലും മറികടക്കാനാകാത്ത സംഭവമായി മരണം മനുഷ്യന്റെ മുൻപിൽ നിൽക്കുമ്പോൾ, മരണശേഷം എന്ത്, ഈ ലോകത്തിന് ഒരവസാനം ഉണ്ടായിരിക്കുമോ, അങ്ങനെയൊന്നുണ്ടെങ്കിൽ അത് എങ്ങനെയായിരിക്കും, എന്നിവ ഇന്നും കടംകഥകളായി, ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കുകയാണ്.

ഈ ഉത്തരംകിട്ടാ ചോദ്യങ്ങൾക്ക് മറുപടിയുമായി എല്ലാ മതങ്ങളും രംഗത്തുണ്ടെങ്കിലും, വെളിപ്പെടുത്തപ്പെട്ട സത്യവിശ്വാസമായി ഇന്നും സജീവമായി നിൽക്കുന്ന ക്രിസ്തുമതം, ക്രിസ്തുവിന്റെ യുഗാന്ത്യോന്മുഖ ദർശനം അവതരിപ്പിക്കുകയാണ് ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ. തങ്ങളെ സൃഷ്ടിച്ച ദൈവത്തെപ്പറ്റിയോ, ഓരോ നിമിഷവും കൈപിടിച്ച് നടത്തുന്ന ദൈവത്തിന്റെ പരിപാലനയെപ്പറ്റിയോ, ദൈവം നല്കിയതല്ലാതെ തങ്ങൾക്ക് ഒന്നുമില്ലയെന്ന സത്യത്തെപ്പറ്റിയോ ചിന്തിക്കുവാൻ സമയമില്ലാതെ നെട്ടോട്ടമോടുന്ന മനുഷ്യന്റെ മുൻപിൽ വലിയൊരു ഓർമപ്പെടുത്തലായാണ് ഈ സുവിശേഷഭാഗം നിൽക്കുന്നത് – ഹേ, മനുഷ്യാ നീ ഒരുനാൾ മരിക്കും എന്നതാണ് ആ ഓർമ്മപ്പെടുത്തൽ! ഹേ, മനുഷ്യാ, ഈ ഭൂമിയിലെ നിന്റെ ജീവിതത്തിന് നീ കണക്ക് കൊണ്ടുക്കേണ്ടിവരും. അത് നീ ഒരു മാസം ജീവിച്ചാലും, ഒരു ദിവസം ജീവിച്ചാലും, ആയുസ്സിന്റെ ദൈർഘ്യം മുഴുവനും ജീവിച്ചാലും നീ കണക്കുകൊടുക്കേണ്ടിവരും. അതിനായി നിനക്ക് അന്ത്യവിധിയുണ്ടായിരിക്കും എന്നതാണാ ഓർമ്മപ്പെടുത്തൽ. അതിനായി നിന്റെ ദൈവം, ക്രിസ്തു വീണ്ടും വരും എന്നതാണ് ആ ഓർമ്മപ്പെടുത്തൽ. ക്രിസ്തുവിന്റെ വീണ്ടും വരവ്, രണ്ടാമത്തെ ആഗമനം മനസ്സിലാക്കുവാനുള്ള അടയാളങ്ങൾ ഇവയായിരിക്കും എന്നതാണാ ഓർമ്മപ്പെടുത്തൽ. 

ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ഒരു പ്രത്യേകത അവിടുന്ന് എന്തെങ്കിലും പദ്ധതി നടപ്പാക്കുന്നതിന് മുൻപ് അടയാളമോ, അടയാളങ്ങളോ നൽകും. ഉദാഹരണത്തിന്, ജലപ്രളയം വന്ന് ഭൂമി മുഴുവൻ നശിക്കുന്നതിന് മുൻപ് ദൈവം ഒരടയാളം നൽകി. പെട്ടകമായിരുന്നു അടയാളം. ഇസ്രായേൽ ജനത്തെ ഈജിപ്തിൽ നിന്ന് മോചിപ്പിക്കുന്നതിന് മുൻപ് അടയാളങ്ങൾ നൽകി. മഹാമാരികളായിരുന്നു അടയാളങ്ങൾ. ഇസ്രായേൽ ജനം ബാബിലോണിലെ അടിമത്വത്തിലേക്ക് നീങ്ങുന്നതിന് മുൻപ് ദൈവം അടയാളങ്ങൾ നൽകി. ഏലിയാ-ഏലീഷാ പ്രവാചകന്മാരുടെ അത്ഭുതങ്ങളായിരുന്നു അടയാളങ്ങൾ. പരിശുദ്ധ കന്യകാമറിയത്തിൽ നിന്ന് ഈശോ ജനിച്ചപ്പോൾ അടയാളം നൽകി. അത്ഭുത നക്ഷത്രമായിരുന്നു അടയാളം. ഇതുപോലെ മനുഷ്യപുത്രന്റെ രണ്ടാമത്തെ ആഗമനത്തിന് മുൻപും ഈശോ അടയാളങ്ങൾ നൽകും. എന്താണാ അടയാളങ്ങൾ ഈശോ പറയുന്നു: “നോഹയുടെ ദിവസങ്ങൾപോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം.”

നോഹയുടെ കാലത്ത് ജനസംഖ്യാവിസ്ഫോടനം (population Explosion) ഉണ്ടായിരുന്നു. (ഉതപ്ത്തി 1, 27) ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്നോടിയായും ഒരു ജനസംഖ്യ വിസ്ഫോടനം ഉണ്ടാകും. നോഹയുടെ കാലത്ത് അറിവിന്റെ, സാങ്കേതിക വിദ്യയുടെ (Information Technological Revolution) വിപ്ലവം ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്നോടിയാണ് അറിവിന്റെ, സാങ്കേതിക വിദ്യയുടെ വിപ്ലവം ഉണ്ടായിരിക്കും. നോഹയുടെ കാലത്ത് ധാർമിക അധഃപതനം (Moral Degradation) ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്നോടിയായും ധാർമിക അധഃപതനം ഉണ്ടായിരിക്കും.

ഇവയോടൊപ്പമായിരിക്കും പ്രപഞ്ചത്തിലെ ശക്തികളിലുണ്ടാകുന്ന മാറ്റം. സൂര്യൻ ഇരുണ്ടുപോകും;ചന്ദ്രൻ പ്രകാശം തരികയില്ല. നക്ഷത്രങ്ങള ആകാശത്തിൽ നിന്ന് നിപതിക്കും. ആകാശശക്തികൾ ഇളകും. ഈശോ ഇവിടെ ആലങ്കാരിക ഭാഷയാണ് ഉപയോഗിക്കുന്നത്. ഇത് AD 70 ൽ നടന്ന ജറുസലേം ദേവാലയത്തിന്റെ തകർച്ചയെക്കുറിച്ചല്ല ഈശോ പറയുന്നത്. ഇത് കഴിഞ്ഞുപോയ സൂര്യ-ചന്ദ്ര ഗ്രഹങ്ങളെക്കുറിച്ചുമല്ല ഈശോ സൂചിപ്പിക്കുന്നത്. ഇത് വരാനിരിക്കുന്ന ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചാണ് ഈശോ പറയുന്നത്. കർത്താവിന്റെ ദിനത്തിൽ സൂര്യൻ ഇരുണ്ടുപോകുമെന്നും, നക്ഷത്രങ്ങൾ പ്രകാശം മറച്ചുകളയുമെന്നും ജോയേൽ പ്രവാചകൻ പറയുന്നുണ്ട്. (2, 10) വെളിപാടിന്റെ പുസ്തകത്തിൽ ചന്ദ്രൻ രക്തവർണമാകുന്നതും, ആകാശം തെറുത്തുമാറ്റിയ ചുരുൾപോലെ അപ്രത്യക്ഷമാകുന്നതും അത്തിവൃക്ഷത്തിൽ നിന്ന് പച്ചക്കായ്‌കൾ പൊഴിയുന്നതുപോലെ നക്ഷത്രങ്ങൾ നിപതിക്കുന്നതും വിശുദ്ധ യോഹന്നാൻ വിവരിക്കുന്നുണ്ട്. (6, 13) അത് എന്നായിരിക്കുമെന്നതിന് ഒരു സൂചനയും ഈശോ നൽകുന്നില്ല. നൽകുന്നില്ലെന്ന് മാത്രമല്ല പിതാവായ ദൈവത്തിനല്ലാതെ മറ്റാർക്കും അറിയില്ലയെന്നും ഈശോ പറഞ്ഞുവയ്ക്കുന്നു.

സ്നേഹമുള്ളവരേ, ലോകം എന്ന് അവസാനിക്കുമെന്നതിനെക്കുറിച്ചു് ചിന്തിച്ചു് സമയം കളയുവാനല്ല, ആകാശശക്തികളുടെ ചലനങ്ങൾ നിരീക്ഷിച്ചു് വെറുതെ ഇരിക്കാനല്ല, ഇവയെല്ലാം എന്ന്, എപ്പോൾ, എങ്ങനെ സംഭവിക്കുമെന്നോർത്ത് ആകുലപ്പെട്ടിരിക്കുവാനല്ല ഈശോ ഇക്കാര്യങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നത്. ക്രൈസ്തവരായി ഈ ഭൂമിയിലൂടെ നാം നടക്കുമ്പോൾ, ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിൽ, അന്ത്യവിധിയുടെ നാളിൽ അർഹതയുള്ളവരായി, യോഗ്യതയുള്ളവരായി ദൈവത്തിന്റെ മുൻപിൽ കണ്ടെത്തക്കവിധത്തിൽ ജീവിക്കുവാൻ നാം തയ്യാറാകണമെന്ന് ഓർമിപ്പിക്കുവാനാണ് ഈശോ ഈ ഞായറാഴ്ച്ച ഈ സുവിശേഷഭാഗം നമുക്ക് നൽകുന്നത്. അതിന്, പ്രകൃതിയിൽ നിന്ന് കാലങ്ങൾ നിരീക്ഷിച്ചു് മനസ്സിലാക്കുവാൻ നമുക്ക് കഴിയുന്നതുപോലെ ഈ കാലഘട്ടത്തിന്റെ, വർത്തമാനകാലത്തിലെ മനുഷ്യരുടെ ചലനങ്ങൾ നിരീക്ഷിച്ചുകൊണ്ട് ക്രിസ്തുവിന്റെ വരവിനായി ഒരുങ്ങി നിൽക്കുവാൻ നമുക്ക് സാധിക്കട്ടെ.

ക്രിസ്തു നമുക്ക് തരുന്ന ഒരേയൊരു ലക്ഷണം ഇതാണ്: നോഹയുടെ ദിവസങ്ങൾ പോലെയുള്ള അവസ്ഥയിലൂടെ ലോകം കടന്നുപോകുമ്പോൾ ഓർക്കുക തകർച്ചയുടെ കാലം അകലെയല്ലെന്ന്.

നമ്മുടെ ജീവിതത്തിൽ നന്മയുടെ, ധാർമികതയുടെ, ക്രൈസ്തവമൂല്യങ്ങളുടെ അധഃപതനങ്ങൾ ഉണ്ടാകുമ്പോൾ ക്രിസ്തുവിലേക്ക് തിരിയുവാൻ നകുക്കാകട്ടെ. ആമേൻ! 

SUNDAY SERMON MT 10, 34-42

ഏലിയാ സ്ലീവാ മൂശേക്കാലം നാലാം ഞായർ   

സ്ലീവാക്കാലം ഒന്നാം ഞായർ

മത്താ 10, 34- 42

ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ മൂന്നാം ഞായറാഴ്ചയാണിന്ന്.   നമ്മുടെ സീറോമലബാർ ആരാധനാക്രമ കലണ്ടർ അനുസരിച്ച് കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ കഴിഞ്ഞുവരുന്ന ഞായറാഴ്ച മുതൽ സ്ലീവക്കാലമാണ് നാം ചരിക്കുന്നത്. ഇന്ന് സ്ലീവാക്കാലം ഒന്നാം ഞായറാണ്.  കുരിശിനാലേ ലോകമൊന്നായ് ക്രിസ്തു വീണ്ടെടുത്തതിന്റെ ഓർമയാണ് ഈ കാലഘട്ടത്തിൽ പ്രത്യേകമായി നാം സ്മരിക്കുന്നത്. കുരിശ് രക്ഷയുടെ പ്രതീകമാണെന്നും, ക്രിസ്തുവിന്റെ കുരിശിൽ അഭിമാനിക്കുന്നവരാണ് ക്രൈസ്തവർ എന്നും പ്രഖ്യാപിച്ചുകൊണ്ടാണ്, നമ്മുടെ ക്രൈസ്തവ സാക്ഷ്യം ഏറ്റുപറഞ്ഞുകൊണ്ടാണ് ഇന്ന് വിശുദ്ധ കുർബാനയിൽ നാം പങ്കെടുക്കുന്നത്.

ലോകമിന്ന് ക്രിസ്തുവിനെ, ക്രിസ്തുവിന്റെ കുരിശിനെ സ്വീകരിക്കുകയും, അതോടൊപ്പംതന്നെ, ക്രിസ്തുവിനെ, ക്രിസ്തുവിന്റെ കുരിശിനെ, ക്രൈസ്തവരെ തള്ളിപ്പറയുകയും, അധിക്ഷേപിക്കുകയും, അവഹേളിക്കുകയും ചെയ്യുന്നുണ്ട്. ഈയിടെ ഇന്തോനേഷ്യയിലും, കിഴക്കൻ തിമോറിലും, പപ്പാന്യൂഗിനിയയിലും പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയ്ക്ക് ലഭിക്കുന്ന സ്വീകരണവും, വർണോജ്വലമായ വരവേൽപ്പും, ക്രിസ്തുവിനെ ലോകം സ്വീകരിക്കുന്നു, ഇഷ്ടപ്പെടുന്നു എന്നതിന്റെ അടയാളങ്ങളാണ്. എന്നാൽ, ലോകത്തിന്റെ പലഭാഗങ്ങളിലും ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നുണ്ട്. അഭിമാനത്തോടെ, കുരിശും വഹിച്ച് ധാരാളം ക്രൈസ്തവർ ക്രിസ്തുവിനായി സാക്ഷ്യം വഹിക്കുന്നുണ്ട്. ആഗോള ഇസ്ലാമിക ഭീകരതയും, ക്രൈസ്തവ വേട്ടയും ഇന്ന് സർവ സാധാരണമാകുമ്പോൾ ക്രൈസ്തവന്റെ കുരിശുകൾക്കും, കുരിശിന്റെ വഴികൾക്കും കാഠിന്യമേറുകയാണ്. ഇപ്പോൾ ചർച്ചയായിരിക്കുന്ന വഖഫ് അധിനിവേശങ്ങളും, മണിപ്പൂരിൽ തുടരുന്ന അസ്വസ്ഥതകളും ഭാരതത്തിലെ ക്രൈസ്തവരും തങ്ങളുടെ കുരിശുകൾ വഹിച്ച് ഈശോയെ പിന്തുടരുന്ന ക്രൈസ്തവരാണെന്ന് പ്രഘോഷിക്കുകയാണ്.

ഇങ്ങനെയൊരു സാഹചര്യത്തിലാണ് തിരുസ്സഭ യഥാർത്ഥ ക്രിസ്തുശിഷ്യന്റെ ജീവിതരീതികളെപ്പറ്റി പ്രതിപാദിക്കുന്ന സുവിശേഷഭാഗം നമ്മുടെ പരിചിന്തനത്തിനായി നൽകിയിരിക്കുന്നത്.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ പത്താം അദ്ധ്യായം ക്രിസ്തു ശിഷ്യത്തെക്കുറിച്ച് വിവരിക്കുന്ന അധ്യായമാണ്. ഈശോ ശിഷ്യരെ തിരഞ്ഞെടുക്കുന്നതും, അവരെ മിഷൻ പ്രവർത്തനത്തിനയയ്ക്കുന്നതും വളരെ ദീർഘമായിത്തന്നെ അവതരിപ്പിക്കുന്നുണ്ട്. ക്രിസ്തുവിന് സാക്ഷ്യം വഹിക്കുമ്പോഴുണ്ടാകുന്ന പീഡനങ്ങളെക്കുറിച്ചും ഇവിടെ ഈശോ മുന്നറിയിപ്പ് നൽകുന്നുണ്ട്. ചെന്നായ്ക്കളുടെ ഇടയിലേക്കാണ് ഞാൻ നിങ്ങളെ അയയ്ക്കുന്നതെന്നും, നിങ്ങൾ സർപ്പങ്ങളെപ്പോലെ വിവേകികളായിരിക്കണമെന്നും, പ്രാവുകളെപ്പോലെ നിഷ്കളങ്കരായിരിക്കണമെന്നും ഈശോ ശിഷ്യന്മാരോട് നിഷ്കർഷിക്കുന്നുണ്ട്. പീഡനങ്ങൾക്കിടയിലും, കുരിശുകൾക്കിടയിലും പരിശുദ്ധാത്മാവ് നിങ്ങളോട് കൂടെ ഉണ്ടായിരിക്കുമെന്നും ഈശോ പറയുന്നുണ്ട്. എന്നിട്ട് ഈശോ പറയും, പീഡനങ്ങൾക്കിടയിലും, കുരിശുകൾക്കിടയിലും നിങ്ങൾ എനിക്ക് നിർഭയം സാക്ഷ്യം നൽകണം. എന്നിട്ടാണ് ഈശോ ക്രിസ്തു ശിഷ്യന്റെ ജീവിതരീതികളെപ്പറ്റി പറയുന്നത്. 

ക്രിസ്തുശിഷ്യന്റെ ജീവിതരീതിയുടെ ആദ്യത്തെ പ്രത്യേകത അത് സമാധാനത്തിന്റേതായിരിക്കുകയില്ല ഭിന്നിപ്പിന്റേതായിരിക്കും എന്നതാണ്. ഇവിടെ നല്കപ്പെട്ടിരിക്കുന്ന പ്രതീകങ്ങൾ രണ്ടാണ്: സമാധാനവും വാളും. നമ്മുടെ ദൈവം സമാധാനം നൽകുന്ന ദൈവമാണ്. ക്രിസ്തുവിന്റെ ജനനവേളയിൽ മാലാഖമാർ ആശംസിച്ചത് ഭൂമിയിൽ നന്മനസ്സുള്ളവർക്ക് സമാധാനമുണ്ടാകട്ടെ എന്നാണ്. ഉത്ഥാനത്തിനുശേഷം, ഈശോയുടെ പ്രത്യക്ഷീകരണവേളകളിലും, നിങ്ങൾക്ക് സമാധാനം എന്നാണ് ഈശോ പറഞ്ഞത്.

സമാധാനം ദൈവികകൃപയുടെ പ്രതീകമാണെങ്കിൽ, വാൾ അങ്ങനെയല്ല. അത്, ഭിന്നിപ്പിന്റെ, സംഹാരത്തിന്റെ പ്രതീകമാണ്. ക്രിസ്തുവും, ക്രിസ്തുവിന്റെ സന്ദേശവും സമാധാനത്തിന്റേതാണെങ്കിലും, അത് സ്വീകരിക്കുവാൻ ലോകം തയ്യാറാവുകയില്ല. അതറിയുവാനുള്ള ഉൾക്കണ്ണിന്റെ തുറവി അവർക്കുണ്ടാകുകയില്ല. അതുകൊണ്ട്, ക്രിസ്തു സമാധാനമാണെങ്കിലും, ഫലത്തിൽ ക്രിസ്തുവിന്റെ വചനങ്ങളും, സന്ദേശവും, ജീവിതവും മനുഷ്യമനസ്സിൽ, സമൂഹത്തിൽ ഭിന്നത സുഷ്ടിക്കും.

ക്രിസ്തുവിന്റെ സന്ദേശത്തിന് ഒരു പ്രത്യേകതയുണ്ട്. അത് വിശുദ്ധമാണ്. അതിന് നന്മയുടെ നിറവും മണവുമുണ്ട്. അതിന് അന്ധകാരത്തെ നീക്കിക്കളയുവാനുള്ള ശക്തിയുണ്ട്. അത് പക്ഷേ, സ്വാർത്ഥത നിറഞ്ഞ മനസ്സുകളെ അസ്വസ്ഥമാക്കും; അസ്സോയാനിറഞ്ഞ ഹൃദയങ്ങളെ അന്ധമാക്കും. ഹിഡൻ അജണ്ടകൾ ഉള്ളവരെ വിദ്വേഷം കൊണ്ട് നിറയ്ക്കും. അങ്ങനെ സമാധാനം നിറഞ്ഞ, പുണ്യം നിറഞ്ഞ ക്രിസ്തു സന്ദേശത്തെ, ക്രിസ്തുവിന്റെ സമാധാനത്തെ അവർ വികൃതമാക്കും. ജനം കേൾക്കുന്നത് അവരെയായിരിക്കും. മാധ്യമങ്ങൾ ചർച്ചചെയ്യുന്നത് അവർ പറയുന്ന കാര്യങ്ങളായിരിക്കും. ക്രിസ്തു സന്ദേശം അങ്ങനെ വികൃതമാക്കപ്പെട്ട, ഭിന്നത സൃഷ്ടിക്കുന്ന ഒന്നാകും. അപ്പോൾ, രക്തബന്ധങ്ങൾ അകന്നു നിൽക്കും. കുടുംബബന്ധങ്ങൾക്ക് ഒരു വിലയുമുണ്ടാകില്ല. ആത്മാർത്ഥതയ്ക്കും, വിശ്വസ്തതയ്ക്കും മാർക്കറ്റുണ്ടാകില്ല. ക്രിസ്തുവിനറിയാം, അവിടുത്തെ സന്ദേശം ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കുമെന്ന്. അതുകൊണ്ടാ ഈശോ പറഞ്ഞത്: സമാധാനമല്ല ഭിന്നത എന്ന്.

ക്രിസ്തുവിന്റെ ജീവിതരീതിയുടെ രണ്ടാമത്തെ പ്രത്യേകത,

അതിന് മുൻഗണനാക്രമം (Priority) ഉണ്ടെന്നതാണ്. ദൈവത്തിന്, ക്രിസ്തുവിന് ഒന്നാം സ്ഥാനം നൽകുക. നിന്റെ priority List ൽ ഒന്നാം സ്ഥാനം ക്രിസ്തുവിന്!!! സ്നേഹിതരേ, നിങ്ങൾക്ക് നിങ്ങളുടെ ജീവൻ നേടിയെടുക്കാൻ താത്പര്യമുണ്ടോ, ഒന്നാം സ്ഥാനം ക്രിസ്തുവിന് നൽകുക. നിങ്ങളുടെ കുടുംബത്തെ ദൈവകൃപയിൽ നിലനിർത്താൻ ആഗ്രഹമുണ്ടോ? ഒന്നാം സ്ഥാനം ക്രിസ്തുവിന് നൽകുക. നിങ്ങളുടെ മക്കൾക്ക് ഉന്നതമായ വിജയം നേടിയെടുക്കുവാൻ ആഗ്രഹമുണ്ടോ? ഒന്നാം സ്ഥാനം ക്രിസ്തുവിന് നൽകുക. അപകടങ്ങളിൽ നിന്നും, രോഗങ്ങളിൽ നിന്നും സുരക്ഷാ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഒന്നാം സ്ഥാനം ക്രിസ്തുവിന് നൽകുക.  എല്ലാത്തരത്തിലുമുള്ള ഭയത്തിൽ നിന്ന് രക്ഷപ്പെടുവാൻ ആഗ്രഹമുണ്ടോ? ഒന്നാം സ്ഥാനം ക്രിസ്തുവിന് നൽകുക.  അങ്ങനെ ഒന്നാം സ്ഥാനം നൽകുമ്പോൾ, ദൈവം നിന്റെ ജീവിതത്തെ തിരിച്ചുപിടിക്കും. നീ എവിടെ വച്ച് തകർക്കപ്പെട്ടുവോ, അവിടെവച്ച് തന്നെ അവിടുന്ന് നിന്നെ ഉയർത്തും. നിന്റെ ആവശ്യങ്ങളിൽ നിന്റെ ജീവിതത്തിലേക്ക് ആളുകളെ അയയ്ക്കും. അപ്പോൾ നിന്നെക്കുറിച്ചുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ മാറും. ആളുകളുടെ മുൻപിൽ നീ സ്വീകൃതനാകും. എത്തിച്ചേരാൻ പറ്റില്ലായെന്ന് നീ വിചാരിച്ചിടത്തൊക്കെ നീ എത്തിച്ചേരും. അപ്പോൾ നീ മറ്റുള്ളവർക്ക് കൊടുക്കുന്ന ഒരു ഗ്ലാസ് പച്ചവെള്ളത്തിനുപോലും നിനക്ക് പ്രതിഫലം ലഭിക്കും. മനുഷ്യരിൽ നിന്നല്ല, ദൈവത്തിൽ നിന്ന്!!

മൂന്നാമതായി, ക്രിസ്തുശിഷ്യന്റെ ജീവിതരീതിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയാണ് സ്വന്തം കുരിശെടുത്ത് അവിടുത്തെ അനുഗമിക്കുക

എന്നത്. എന്തുകൊണ്ടാണ് ഇത് ഏറ്റവും പ്രധാനപ്പെട്ടതാകുന്നത്? അതിന് കുരിശ് എന്താണെന്ന് നാം അറിയണം. എന്താണ് കുരിശ്? ഈശോ ഈ വചനം പറയുമ്പോൾ, കുരിശ് രക്ഷയുടെ അടയാളമായിട്ടില്ല. കുരിശ് മനുഷ്യന്റെ ജീവിത ബുദ്ധിമുട്ടുകളല്ല. മനുഷ്യരുടെ കണ്ണീരല്ല. മനുഷ്യരുടെ രോഗങ്ങളല്ല. നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാകും! അച്ചനെന്താണീ പറഞ്ഞുവരുന്നത്? സ്നേഹമുള്ളവരേ, കുരിശെന്ന് പറയുന്നത്, നമ്മുടെ തീരുമാനങ്ങളാണ്. ഈശോ പറയുന്നു, “മകളേ, മകനേ നിന്റെ തീരുമാനമാകുന്ന കുരിശ് നിന്റെ ജീവിതത്തിന്റെ തോളത്തും വച്ചുകൊണ്ട് എന്റെ പിന്നാലെ വരിക. മനുഷ്യന്റെ തീരുമാനമാണ് കുരിശ്. ജീവിതമെന്നു പറയുന്നതോ, തീരുമാനങ്ങളുടെ ആകെത്തുക. ഓരോ നിമിഷവും ചെറുതും വലുതുമായ തീരുമാനങ്ങളെടുത്തുംകൊണ്ടാണ് നാം മുന്നോട്ട് പോകുന്നത്. ഈ തീരുമാനങ്ങളുടെ പരിണിതഫലമായി വരുന്നവയാണ്, സന്തോഷവും ദുഃഖവും. ചിരിയും, കണ്ണീരും. അപ്പോൾ നിന്റെ കുരിശ് നിന്റെ തീരുമാനമാണ്. നീ നൈറ്റിനെ തീരുമാനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. നിന്റെ തീരുമാനത്തോട് ആത്മാർത്ഥത പുലർത്തണം. വിശ്വസ്ത പുലർത്തണം. അത് നീ വൈദികനായാലും, സന്യാസിയായാലും, കുടുംബജീവിതം നയിക്കുന്നവരായാലും, യുവജനങ്ങളായാലും തീരുമാനങ്ങളോട് വിശ്വസ്തത പുലർത്തണം. അത് നീ മാമ്മോദീസയിൽ എടുത്ത് തീരുമാനമായാലും, വൈദികനായപ്പോൾ എടുത്ത തീരുമാനമായാലും, വിവാഹത്തിലെടുത്ത തീരുമാനമായാലും, സാധാരണ ജീവിത സാഹചര്യങ്ങളിലെടുക്കുന്ന തീരുമാനങ്ങളായാലും – മകളേ, മകനേ വിശ്വസ്തത പുലർത്തുക. അപ്പോൾ, അപ്പോൾ മാത്രമേ നീ ക്രിസ്തു ശിഷ്യനാകുകയുള്ളു.

സ്നേഹമുള്ളവരേ, ക്രിസ്തു ശിഷ്യന്റെ ജീവിതരീതികൾ നമ്മിൽ നിന്ന്, ക്രൈസ്തവരിൽ നിന്ന് അന്യം നിന്നുപോകുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ക്രിസ്‌തുവിന്റെ വചനം പ്രസംഗിക്കുന്ന ഞാൻ തന്നെ, മറ്റുള്ളവരാൽ പീഡിപ്പിക്കപ്പെടുമെന്ന ഭീതിയിൽ, മറ്റുള്ളവരാൽ അവഹേളിക്കപ്പെടുമെന്ന പേടിയിൽ പലപ്പോഴും ക്രിസ്തുവിന്റെ വചനം, അവിടുത്തെ സന്ദേശം ഉറക്കെ പറയാറില്ല. ചിലപ്പോഴൊക്കെ, ക്രിസ്തുവിന്റെ വചന സന്ദേശത്തിൽ ഞാൻ വെള്ളം ചേർക്കുന്നു. എന്റെ കുരിശുകളോട് ഞാൻ ആത്മാർത്ഥത കാണിക്കുന്നില്ല. എന്റെ കുരിശുകളെ ചിലപ്പോൾ എന്റെ തോളിൽ വഹിക്കുവാൻ താത്പര്യപ്പെടുന്നില്ല. അതിനാൽ, എന്റെ പുഞ്ചിരിപോലും, മറ്റുള്ളവരിൽ ദൈവകൃപ നിറയ്ക്കുന്നില്ല. എന്റെ സാന്നിധ്യം മറ്റുള്ളവർക്ക് അരോചകമാകുന്നു.

പ്രിയപ്പെട്ടവരേ, ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യരായി നമ്മുടെ ജീവിതസാഹചര്യങ്ങളിൽ നമ്മുടെ തീരുമാനങ്ങളെ

മറക്കാതെ ജീവിക്കാം. നമ്മുടെ ജീവിതത്തിൽ ക്രിസ്തു ശിഷ്യന്റെ ജീവിത രീതിയുടെ പ്രത്യേകതകൾ വിളങ്ങിനിൽക്കട്ടെ. അതിനായി, വിശുദ്ധബലിയിൽ നമുക്ക് പരസ്പരം പ്രാർത്ഥിക്കാം. ആമ്മേൻ!

SUNDAY SERMON MT 1, 1-17

ഏലിയാ സ്ലീവാ മൂശേക്കാലം മൂന്നാം ഞായർ

പരിശുദ്ധമാതാവിന്റെ ജനനത്തിരുനാൾ

മത്താ 1, 1-17

ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന്, മരിയഭക്തരോട് ചേർന്ന് പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ നാമിന്ന് ആഘോഷിക്കുകയാണ്. സെപ്റ്റംബർ മാസത്തിന്റെ ആത്മീയ ഭംഗി മാതാവിന്റെ ജനനത്തിരുനാൾ തന്നെയാണ്. ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ പങ്കുചേരാനും, ക്രിസ്തുവിന്റെ വംശാവലിയുടെ ഓരംചേർന്ന് നടക്കാനും പരിശുദ്ധ അമ്മയ്ക്ക് ഭാഗ്യം ലഭിച്ചത് വലിയ അത്ഭുതത്തോടെതന്നെയാണ് തിരുസ്സഭ, ലോകം നോക്കിക്കാണുന്നത്. അമലോത്ഭവയായി ഈ ഭൂമിയിൽ പിറന്നുവീണത് അമ്മയെ അനന്യയും, കൃപനിറഞ്ഞവളുമാക്കി. തന്നെയുമല്ല, കുരിശിൽ ചുവട്ടിൽ ഇതാ നിന്റെ ‘അമ്മ എന്നും പറഞ്ഞ് വിശുദ്ധ യോഹന്നാന് മറിയത്തെ നൽകിയപ്പോൾ മുതൽ അവൾ ലോകം മുഴുവന്റെയും അമ്മയായി മാറി. വിശുദ്ധ ഒൻപതാം പീയൂസ് മാർപാപ്പ പറഞ്ഞതുപോലെ മറിയമേ, എത്ര പരിശുദ്ധം നിന്റെ ജനനം; എത്ര മനോഹരം നിന്റെ ജീവിതം! എല്ലാവർക്കും പരിശുദ്ധ അമ്മയുടെ ജനനതിരുനാളിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു.

ക്രിസ്തുവിന്റെ വംശാവലിയുടെ ഓരം ചേർന്ന് നടന്നവളാണ് മറിയം. ഇന്നത്തെ സുവിശേഷഭാഗം ക്രിസ്തുവിനെ വംശാവലിയുടെ പൂർണതയായി അവതരിപ്പിക്കുന്നതോടൊപ്പം, പരിശുദ്ധ മറിയത്തെ, ആ വംശാവലിയുടെ വഴിയിലെ സമർപ്പണത്തിന്റെ, ദൈവകൃപയുടെ മാതൃകയായി ചേർത്തുനിർത്തുകയാണ്. നമുക്ക് ആദ്യം തന്നെ ക്രിസ്തുവിന്റെ വംശാവലിയുടെ പ്രത്യേകതകൾ എന്തെന്ന് പരിശോധിക്കാം. 

മനുഷ്യ ജനിതകശാസ്ത്രത്തിൽ, (Human Genetics) വംശാവലികൾ (Genealogy) കുടുംബത്തിൻ്റെയും കുടുംബാംഗങ്ങളുടെയും ജനിതക വിവരങ്ങൾ നമുക്ക് നൽകും. ഇത് കുടുംബത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രത്യേക ജനിതക സ്വഭാവം കണ്ടെത്താൻ നമ്മെ സഹായിക്കും. വംശാവലികൾ വിശകലനം ചെയ്യുന്നതിലൂടെ അത്തരം മനുഷ്യ ജനിതക സവിശേഷതകൾ കണ്ടെത്താനാകും ഒരു ഗവേഷകൻ ശ്രമിക്കുക.  തലമുറകളിലുടനീളം മാതാപിതാക്കളെയും സന്താനങ്ങളെയും കാണിക്കുന്ന കുടുംബവൃക്ഷങ്ങളിൽ നിന്ന് ഈ പ്രത്യേക ജനിതക സ്വഭാവം കണ്ടെത്തുമ്പോൾ, ആ കുടുംബവൃക്ഷത്തിന്റെ സവിശേഷതകൾ മനസിലാക്കുവാൻ നമുക്കാകും.

ചരിത്രത്തിലൂടെ കടന്നുപോകുമ്പോൾ, ഈ കാലഘട്ടത്തിൽ വംശാവലിതേടിയുള്ള യാത്രകളെ തിരിച്ചുപിടിച്ച നോവലെഴുതിയത് അമേരിക്കക്കാരനായ അലക്സ് ഹാലിയാണ് (Alex Haley). നോവലിന്റെ പേര്: Roots: The Saga of an American Family. (1976) ഈ നോവൽ വംശാവലികളെ കണ്ടെത്താനും, അതിനെക്കുറിച്ച് അറിയാനും ലോകമെങ്ങുമുള്ള മനുഷ്യരിൽ ജിജ്ഞാസ ജനിപ്പിച്ചു.

ലോകപ്രശസ്തനായ കൊളംബിയൻ എഴുത്തുകാരനും, പത്രപ്രവർത്തകനും, എഡിറ്ററും, പ്രസാധകനും, രാഷ്ട്രീയ പ്രവർത്തകനുമായ ഗബ്രിയേൽ ഗാർസിയ മാർകേസ് (Gabriel Garcia Marquez) 1976 ൽ എഴുതിയ നോവലും വംശാവലിയുടെ കഥയാണ് പറയുന്നത്. നോവലിന്റെ പേര്: ഏകാന്തതയുടെ 100 വർഷങ്ങൾ (Hundred Years of Solitude). ബ്യുവെണ്ടിയാ കുടുംബത്തിന്റെ (Buendia Family) ഏഴ് തലമുറകളുടെ കഥയാണ് ഈ നോവൽ. തലമുറകളെക്കുറിച്ച് ഓർമയുണ്ടായിരിക്കണം എന്നാണ് ഈ നോവലിൽ മാർക്കേസ് പറയുന്നത്. “ഓർമയുടെ താക്കോൽ കളഞ്ഞുപോയ ഒരു ജനതയ്ക്ക് കാഴ്ചകളും, അനുഭവങ്ങളും നഷ്ടപ്പെടും. അവർ തെരുവിൽ അലയും; ചിതറിയ്ക്കപ്പെടും”.

മലയാള സാഹിത്യത്തിൽ തലമുറകളെക്കുറിച്ച് ഓ. വി. വിജയനാണ് (O.V. Vijayan) എഴുതിയിരിക്കുന്നത്. നോവലിന്റെ പേര്: “തലമുറകൾ.” അതിലെ ഒരു വാചകവും നമ്മെ ഓർമിപ്പിക്കുന്നത് തലമുറകളെക്കുറിച്ചാണ്. “എല്ലാം വീട്ടിൽ നിന്നാണ് ആരംഭിക്കുന്നത്. മനുഷ്യപ്പറ്റും, നന്മയും എല്ലാം വീട്ടിൽ നിന്നാണ് കിട്ടുന്നത്.”

സ്വിറ്റ്സർലൻഡുകാരനായ ലോകപ്രശസ്ത ചിന്തകനും വിശകലന മനഃശാസ്ത്രത്തിന്റെ പിതാവുമായ കാൾ യുങ് (Carl Jung) വംശാവലിയുടെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നുണ്ട്. “അനാഥമായ മനസ്സോടെ ആരും പിറക്കുന്നില്ല. എത്രയോ തലമുറകളുടെ ജനിതക ഘടനകൾ നമ്മിലുണ്ട്. തായ് വേരുകൾ മക്കുവാൻ കഴിയുന്നതല്ല.”

ക്രിസ്തുവിന്റെ വംശാവലി വിശകലനം ചെയ്യുമ്പോൾ നമുക്ക് ലഭിക്കുന്ന പ്രത്യേക ജനിതക സ്വഭാവം (Specific Genetic Trait) നമ്മെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. എന്താണ് ആ പ്രത്യേക ജനിതക സ്വഭാവം? കുടുംബചരിത്രത്തിന്റെ ആദ്യം മുതൽ, ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ പങ്കുപറ്റുന്ന തലമുറകളുടെ സംഗമമാണ് ക്രിസ്തുവിന്റെ വംശാവലി.

വളരെ മനോഹരമായിട്ടാണ് വിശുദ്ധ മത്തായി ഈ വിവരണം തുടങ്ങുന്നത്. “അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രൻ യേശുക്രിസ്തുവിന്റെ വംശാവലി ഗ്രന്ഥം.” (1, 1) കൃത്യതയോടെയാണ് വിശുദ്ധ മത്തായി വിവരിക്കുന്നത്. 42 തലമുറകളുടെ വിവരണമാണ് ക്രിസ്തുവിന്റെ വംശാവലിയിലുള്ളത്. (ലോകചരിത്രത്തിലെ ഏറ്റവും വലിയ വംശാവലി ചൈനീസ് ചിന്തകനായ കൺഫ്യൂഷ്യസിന്റേതാണ് (Confucious), 82 തലമുറകൾ!)

ഒന്നാമതായി, ഞാൻ ആദ്യം പറഞ്ഞതുപോലെ, ക്രിസ്തുവിന്റെ വംശാവലി ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ സഹകരിക്കുന്ന തലമുറകളുടെ സംഗമമാണ്. നമ്മുടെ ഓരോരുത്തരുടേയും ജീവിതവൃക്ഷങ്ങൾ പരിശോധിച്ചാൽ നമുക്കറിയുവാൻ സാധിക്കും, എത്രയോ വിശുദ്ധിയുടെയും, ത്യാഗത്തോടെയുമാണ് നമ്മുടെ പൂർവികർ തങ്ങളുടെ ജീവിതത്തിലെ ദൈവത്തിന്റെ പദ്ധതിയോട് സഹകരിച്ച് ജീവിച്ചതെന്ന്. അവരുടെ സഹനത്തിന്റെ, ബുദ്ധിമുട്ടിന്റെ, അവയ്ക്കിടയിലും ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്ന് പറഞ്ഞുകൊണ്ടുള്ള ക്രൈസ്തവ സാക്ഷ്യത്തിന്റെ നന്മയാണ് നമ്മുടെയൊക്കെ കുടുംബവൃക്ഷത്തിൽ നമുക്ക് കാണുവാൻ സാധിക്കുക.

രണ്ടാമതായി,വംശാവലിയുടെ പൂർണത ക്രിസ്തുവിലാണ്. “ഇങ്ങനെ, അബ്രഹാം മുതൽ ദാവീദുവരെ 14ഉം, ദാവീദുമുതൽ ബാബിലോൺ പ്രവാസം വരെ 14ഉം, ബാബിലോൺ പ്രവാസം മുതൽ ക്രിസ്‌തുവരെ 14ഉം തലമുറകളാണ് ആകെയുള്ളത്” (117) എന്ന് പറഞ്ഞുകൊണ്ട് വംശാവലി തീരുകയാണ്. കാരണം, Jesus is the Ultimate.” Jesus is the Ultimate Flowering.” He is the Pleroma (Fulfillment)

സ്നേഹമുള്ളവരേ, ഓരോ വംശാവലിയുടെയും, നിന്റെയും, എന്റെയും വംശാവലിയുടെ പൂർണത ക്രിസ്തുവിലാണ്. നമ്മുടെ കുടുംബങ്ങളുടെ, കുടുംബചരിത്രത്തിന്റെ പൂർണത ക്രിസ്തുവിലാണ് എന്ന ബോധ്യത്തിൽ ജീവിക്കുമ്പോൾ, വിശുദ്ധിയോടെ, ശ്രദ്ധയോടെ നമ്മുടെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാൻ നമുക്ക് സാധിക്കും. ഏത് കുടുംബവൃക്ഷത്തിന്റെ ചില്ലയിൽ ഞാൻ പൊടിച്ചു എന്നതല്ല പ്രധാനപ്പെട്ടത്. ആ കുടുംബവൃക്ഷത്തിന്റെ പൂർണത ക്രിസ്തുവാണെന്ന് അറിയുവാൻ എനിക്കാകുന്നുണ്ടോ എന്നതാണ് ചോദ്യം! നമ്മുടെ ക്രൈസ്തവ കുടുംബങ്ങളുടെ മഹത്വം അത് തന്നെയാണ്.

മൂന്നാമതായി, ഓരോ വംശാവലി ചരിത്രവും, ആ കുടുംബത്തിന്മേലുള്ള ദൈവത്തിന്റെ സ്നേഹത്തിന്റെ, കരുതലിന്റെ, കണക്കുകൂട്ടലുകളുടെ, പരിപാലനയുടെ കഥകളുടെ സമാഹാരമാണ്. ക്രിസ്തുവിന്റെ വംശാവലി ചരിത്രം നോക്കുക. അത് ദൈവമഹത്വത്തിന്റെ കഥയാണ് പറയുന്നത്. അബ്രഹാം മുതൽ ദാവീദുവരെയുള്ള 14 തലമുറകൾ – മഹത്വത്തിന്റെ കാലഘട്ടം. ദാവീദുമുതൽ ബാബിലോൺ പ്രവാസം വരെയുള്ള 14 തലമുറകൾ – കളഞ്ഞുപോയ മഹത്വത്തിന്റെ കാലഘട്ടം. ബിലോൺ പ്രവാസം മുതൽ ക്രിസ്‌തുവരെയുള്ള 14 തലമുറകൾ – വീണ്ടെടുക്കപ്പെട്ട മഹത്വത്തിന്റെ കാലഘട്ടം. നമ്മുടെ കുടുംബചരിത്രത്തിൽ നഷ്ടപ്പെടുത്തിയ, കളഞ്ഞുപോയ മഹത്വത്തിന്റെ കഥകൾ ഇല്ലാതിരിക്കുവാൻ നാം ശ്രദ്ധിക്കണം.

നാലാമതായി, ക്രിസ്തുവിന്റെ വംശാവലി All Inclusive ആണ്. ഈ വംശാവലിയിൽ സ്ത്രീകളുണ്ട്. താമാർ, Prostitute ആയ റാഹാബ്, പിന്നെ മറിയം. ഇത്രയും പേരെടുത്തു പറഞ്ഞ് ഉൾപ്പെടുത്തിയിട്ടുണ്ട്. വംശാവലിയിൽ, എല്ലാവരെയും പരിഗണിക്കണം. സമ്പന്നരെയു, ദരിദ്രരെയും, പാപികളെയും ഒക്കെ …പരിഗണിക്കണം. ഇടർച്ചയുണ്ടാകുമ്പോൾ ഉറ്റവരെ ഉപേക്ഷിക്കുന്നത് ശരിയല്ലല്ലോ. ചേർത്ത് നിർത്തുമ്പോഴാണ്, കൂടെ നിൽക്കുമ്പോഴാണ് മറ്റുള്ളവരെ നമുക്ക് രക്ഷയിലേക്ക് മടക്കിക്കൊണ്ടുവരുവാൻ സാധിക്കൂ. നമ്മുടെ കുടുംബവൃക്ഷങ്ങളിലും ചെറുതും വലുതുമായ ചില്ലകളുണ്ടാകാം. എല്ലാവരെയും ചേർത്ത് നിർത്തുവാൻ, ക്രിസ്തുവിന്റെ രക്ഷയിലേക്ക് കൊണ്ടുവരുവാൻ നമുക്കാകണം.

അഞ്ചാമതായി, സ്വപ്നങ്ങളുടെ പൂർത്തീകരണമാണ് വംശാവലി. ഓരോ വ്യക്തിയിലും തലമുറകളുടെ ജനിതകം ഉൾച്ചേർന്നിട്ടുണ്ട്. എത്രയോ തലമുറകളുടെ സ്വപ്നമാണ് ഈശോയിൽ മുളച്ചത്!! നമ്മിൽ മുളച്ചിരിക്കുന്നത്!!  തളിർത്തിരിക്കുന്നത്!! പൂ ചൂ ടിയിരിക്കുന്നത്!! പഴമായി മറ്റുള്ളവർ രുചിക്കുന്നത്!! ഞാനൊരു ക്രൈസ്തവ കുടുംബത്തിൽ ജനിക്കാൻ ഇടയായി എന്നതിൽ അഭിമാനിക്കുകയും, ദൈവത്തിന് നന്ദി പറയുകയും വേണം.

സ്നേഹമുള്ളവരേ,

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ ആഘോഷിക്കുമ്പോൾ, ക്രിസ്തുവിന്റെ വംശാവലിയിൽ പങ്കുപറ്റിയവളാണ് അമ്മയെന്നും, ക്രിസ്തുവിന്റെ വംശാവലിയുടെ സവിശേഷതകൾ അമ്മയിലും നിറഞ്ഞു നിൽക്കുന്നുവെന്ന് ഏറ്റുപറയുകയും ചെയ്യാം. ഇതാ കർത്താവിന്റെ ദാസി നിന്റെ ഇഷ്ടം എന്നിൽ സംഭവിക്കട്ടെയെന്ന് പറഞ്ഞ് ദൈവത്തിന്റെ രക്ഷാകര പദ്ധതിയോട് സഹകരിച്ചവളാണ് മറിയം. ക്രിസ്തുവിനെ ജീവിതത്തിന്റെ പൂർണതയായി സ്വീകരിച്ചവളാണ് മറിയം. എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു, എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു എന്നും പറഞ്ഞ് തന്നിലെ ദൈവ മഹത്വം എന്നും ഉയർത്തിപ്പിടിച്ചവളാണ് മറിയം. കണ്ടുമുട്ടുന്ന എല്ലാവരെയും, അവർ പാപികളായാലും, നല്ലവരായാലും, ചേർത്തുപിടിച്ചവളാണ് മറിയം. ദൈവത്തിന്റെ സ്വപ്നം തന്നിൽ പൂർത്തിയാകാൻവേണ്ടി സഹനത്തിലൂടെ കടന്നുപോയവളാണ് മറിയം. അതുകൊണ്ട്, വിശുദ്ധ ഒൻപതാം പീയൂസ് മാർപാപ്പയെപ്പോലെ നമുക്കും പറയാം, മറിയമേ, എത്ര പരിശുദ്ധം നിന്റെ ജനനം; എത്ര മനോഹരം നിന്റെ ജീവിതം ഈ ഭൂമിയിൽ!

പരിശുദ്ധ അമ്മയെപ്പോലെ ക്രിസ്തുവിന്റെ വംശാവലിയുടെ സവിശേഷതകൾ നമ്മിലും നിറഞ്ഞുനിൽക്കാൻ നമുക്ക് ശ്രമിക്കാം. കുടുംബമഹിമ എന്നത് വെറുതെ വീമ്പടിക്കാൻ മാത്രമുള്ളതല്ലെന്നും, കുടുംബത്തിന്റെ ആഢ്യത്തം എന്നത് ജീവിതത്തിലൂടെ കാണിക്കേണ്ടതാണെന്നും നമുക്ക് ബോധ്യമുണ്ടാകട്ടെ.

പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളിൽ ഈ ഭൂമിയിലെ നമ്മുടെ ജീവിതം, ക്രൈസ്തവജീവിതം മനോഹരമാക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം. പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥ്യം നമുക്കുണ്ടാകട്ടെ. ആമേൻ!