SUNDAY SERMON MT 25, 1-13

പള്ളിക്കൂദാശാക്കാലം ഒന്നാം ഞായർ

മത്തായി 25, 1-13

സീറോ മലബാർ സഭയുടെ ആരാധനക്രമ വത്സരത്തിലെ അവസാനത്തെ കാലമായ പള്ളിക്കൂദാശാക്കാലത്തിലേക്ക് നാമിന്ന് പ്രവേശിക്കുകയാണ്. ഇന്ന് പള്ളിക്കൂദാശാക്കാലം ഒന്നാം ഞായർ. ഈ ഭൂമിയിൽ സ്ഥാപിതമായ ക്രിസ്തുവിന്റെ സഭയെ ഓർത്ത് ദൈവത്തിന് നന്ദിപറയുക, മിശിഹാ തന്റെ മണവാട്ടിയായി സഭയെ അവസാന വിധിക്കുശേഷം സ്വർഗ്ഗസ്ഥനായ പിതാവിന് സമർപ്പിക്കുന്നത് അനുസ്‌മരിക്കുക, യുഗാന്തത്തിൽ സഭ അവളുടെ മക്കളോടൊപ്പം സ്വർഗീയ ജറുസലേമാകുന്ന നിത്യസൗഭാഗ്യത്തിൽ എത്തിച്ചേരുന്നതിന്റെ മുന്നാസ്വാദനം അനുഭവിക്കുക എന്നീ ലക്ഷ്യങ്ങളാണ് പള്ളിക്കൂദാശാക്കാലത്ത് നാം മനസ്സിൽ സൂക്ഷിക്കുന്നത്.  

പള്ളിക്കൂദാശാക്കാലത്തിന്റെ ഈ ഒന്നാം ഞായറാഴ്ച്ച സഭാസമർപ്പണത്തിരുനാളായിട്ടാണ് തിരുസ്സഭ ആഘോഷിക്കുന്നത്. തിരുസ്സഭയെ മനസ്സിൽ കണ്ടുകൊണ്ടെന്നോണം “നീ പത്രോസാണ്. ഈ പാറമേൽ ഞാൻ സഭ സ്ഥാപിക്കും.” എന്ന് പറഞ്ഞുകൊണ്ട് ഈശോ തിരുസ്സഭയ്ക്ക് രൂപം കൊടുത്തതിനെയാണ് ഇന്ന് നാം പ്രത്യേകം ഓർക്കുന്നത്. ക്രിസ്തുവിന്റെ സ്നേഹ സന്ദേശവുമായി ലോകം മുഴുവനും നിറഞ്ഞു നിൽക്കുന്ന തിരുസ്സഭയോടൊപ്പം വചനം ധ്യാനിച്ചും, കൂദാശകൾ സ്വീകരിച്ചും വിശുദ്ധ കുർബാനയർപ്പിച്ചും സഭാത്മകമായി ജീവിക്കുവാനാണ്, ഈശോയുടെ വരവിനായി ഒരുക്കത്തോടെ കാത്തിരിക്കുവാനാണ് പള്ളിക്കൂദാശാക്കാലം നമ്മോട് ആഹ്വാനംചെയ്യുന്നത്. ഈ ഒന്നാം ഞായറാഴ്ചയിലെ സന്ദേശമാകട്ടെ, മനുഷ്യജീവിതസാഹചര്യങ്ങളിൽ എല്ലാ തയ്യാറെടുപ്പോടുംകൂടി ക്രിസ്തുവിനായി കാത്തിരിക്കുക എന്നതാണ്.   

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പ്രധാനമായും രണ്ട് പ്രഭാഷണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്നാമത്തേത്, തന്റെ പരസ്യജീവിതത്തിന്റെ ആരംഭത്തിൽ ഈശോ നടത്തിയ, പിന്നീട്   മലയിലെ പ്രസംഗമെന്ന് വിശ്വ വിഖ്യാതമായ പ്രഭാഷണമാണ്.  വിശുദ്ധ മത്തായിയുടെ സുവിശേഷം 5, 6, 7 അദ്ധ്യായങ്ങളിൽ നമുക്കിത് വായിക്കാം. രണ്ടാമത്തേത്, 23, 24, 25 അദ്ധ്യായങ്ങളിലായി നാം വായിക്കുന്ന ഈശോയുടെ അന്ത്യവിധിയെക്കുറിച്ചുള്ള പ്രഭാഷണമാണ്. ഇരുപത്തിയാറാം അദ്ധ്യായംമുതലാകട്ടെ, ഈശോയുടെ രക്ഷാകര ദൗത്യത്തിന്റെ സമാപന രംഗങ്ങളാണ് നാം വായിക്കുന്നത്. ഇന്നത്തെ സുവിശേഷഭാഗം തന്റെ മരണത്തിന് മുൻപ് ഈശോ ലോകത്തോട് നടത്തുന്ന അന്ത്യപ്രഭാഷണമായി കാണുമ്പോൾ, ഈ സുവിശേഷഭാഗത്തിന്റെ, പത്ത് കന്യകകളുടെ ഉപമയുടെ പ്രസക്തി വർധിക്കുകയാണ്. ദൈവം നമ്മുടെ ജീവിതത്തിലേക്ക് എപ്പോൾ വരുമെന്ന് അറിയാത്ത അവസരങ്ങളിൽപോലും തയ്യാറെടുപ്പോടെ കാത്തിരിക്കുവാൻ, കാത്തിരിപ്പിന്റെ കഥയിലൂടെ, ഇന്ന് ഈശോ നമ്മെ പഠിപ്പിക്കുകയാണ്.

കാത്തിരിപ്പ് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ജീവിതത്തിന്റെ ഭാഗം മാത്രമല്ല, ജീവിതംതന്നെയാണ്. കാത്തിരിപ്പിന് സ്നേഹത്തിന്റെ സ്പർശമുണ്ട്; വേദനയുടെ നനവുണ്ട്; ക്ഷമയുടെ, സഹിഷ്ണതയുടെ നിറമുണ്ട്. ആർക്കെങ്കിലുമൊക്കെ ചങ്കിലൊരിടംകൊടുക്കാൻ ചങ്കൂറ്റമുള്ളവർക്കേ കാത്തിരിക്കുവാനാകൂ. പിന്നെ, പതിയെപ്പതിയെ അവർക്കുവേണ്ടി ചാവേറായി മാറാനാവൂ.  പ്രകൃതിയിലും കാത്തിരിപ്പിന്റെ മുഹൂർത്തങ്ങളാണ് കാണാൻ കഴിയുക. പ്രതീക്ഷയുടെ സുഖവും ദുഃഖവും നുണഞ്ഞ്, പത്തുമാസത്തെ കാത്തിരിപ്പിന് ശേഷമാണല്ലോ ഒരു ശിശു ഈ ലോകത്തിലേക്ക് വരുന്നത്! കൂരിരുൾ പുലരിവെട്ടത്തിനായി കാത്തിരിക്കുന്നത്, വേഴാമ്പൽ മഴയെ കാത്തിരിക്കുന്നത്, കർഷകൻ വിത്തുവിതച്ചശേഷം വിളവിനായി കാത്തിരിക്കുന്നത് …എല്ലാം എല്ലാം കാത്തിരിപ്പിന്റെ പ്രതീകങ്ങളാണ്. ഫാ.ബിബിൻ എംസിബിഎസ് തന്റെ “കടലാസ്” എന്ന ഓൺലൈൻ പേജിൽ “കാത്തിരിപ്പിനേക്കാളവൃത്തി വായിച്ചു തഴമ്പിച്ചൊരു കവിതയും രചിക്കപ്പെട്ടിട്ടില്ല” എന്ന് പറയുമ്പോൾ കാത്തിരിപ്പ് എന്ന ആശയം ഒരു വികാരമായി മനുഷ്യനിൽ നിറഞ്ഞു നിൽക്കുന്നുണ്ട് എന്ന് നാം മനസിലാക്കുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലെ ടി. എസ് എലിയറ്റിന്റെ (T.S. Eliot) “വെയ്സ്റ്റ് ലാൻഡ്” (The Waste Land) രക്ഷകനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ കഥയാണ്. സാമുവേൽ ബക്കറ്റിന്റെ (Samuel Beckett) “വെയ്റ്റിംഗ് ഫോർ ഗോദോ” (Waiting for Godot) എന്ന നാടകം, ദൈവത്തിനുവേണ്ടിയുള്ള വ്യക്തിയുടെ മാത്രമല്ല, മാനവസമൂഹത്തിന്റെ മുഴുവൻ കാത്തിരിപ്പാണ്. മലയാളത്തിൽ ശ്രീ മുരുകൻ കാട്ടാക്കട എഴുതിയ “കാത്തിരിപ്പ്” എന്ന കവിത, ഓരോ കാത്തിരിപ്പിലും മനുഷ്യൻ ഒറ്റയ്ക്കാണെന്ന് പറയുന്നു. “കാത്തിരിപ്പൊറ്റയ്ക്ക് കൺപാർത്തിരിക്കുന്നു; കാത്തിരിപ്പൊറ്റയ്ക്ക് കാതോർത്തി രിക്കുന്നു.” അതെ, ഓരോ മനുഷ്യന്റെയും ദൈവാനുഭവം, ദൈവത്തെ കണ്ടുമുട്ടൽ ഒറ്റയ്ക്കാണ്.  

നമ്മുടെ ക്രൈസ്തവ ആധ്യാത്മികതയിൽ, ദൈവം തനിക്കുവേണ്ടി ഉറച്ച വിശ്വാസത്തോടെ, പ്രതീക്ഷയോടെ, യോഗ്യമായ തയ്യാറെടുപ്പോടെ, കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തുന്നില്ല എന്നത് വളരെ മനോഹരമായ ഒരു വിശ്വാസമാണ്. 2015 ൽ പുറത്തിറങ്ങിയ “എന്ന് നിന്റെ മൊയ്തീൻ” എന്ന സിനിമയിലെ ഒരു ഗാനം സാധാരണ മനുഷ്യന്റെ പ്രതീക്ഷയില്ലാത്ത കാത്തിരിപ്പിനെയാണ് വരച്ചുകാട്ടുന്നത്. ഗാനം ഇങ്ങനെയാണ്:

കാത്തിരുന്ന് കാത്തിരുന്ന്

പുഴ മെലിഞ്ഞു കടവൊഴിഞ്ഞു

കാലവും കടന്നുപോയ് 

വേനലിൽ ദലങ്ങൾ പോയ്

വളകളൂർന്നുപോയ്.

കാത്തിരിപ്പിൽ പ്രതീക്ഷയില്ലെങ്കിൽ അതിന്റെ നോവ് ഭയങ്കരമാണ്. എന്നാൽ, ക്രൈസ്തവന്റെ കാത്തിരിപ്പ് അങ്ങനെയല്ല. അതിൽ പ്രതീക്ഷയുണ്ട്. അതിൽ സ്നേഹമുണ്ട്. എന്റെ ദൈവം എന്റെ ജീവിതത്തിൽ വസന്തം വിരിയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. ആദത്തിന്റെ ഒരു കൂട്ടിനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉത്തരമാണ് ഹവ്വ. നോഹയുടെ കാത്തിരിപ്പിന് പ്രതീക്ഷയേകാനായി മഴവില്ല്, ഇസ്രായേൽ ജനത്തിന്റെ വേദനയോടെയുള്ള കാത്തിരിപ്പിന് ഈജിപ്തിൽനിന്നുള്ള മോചനം. വീണ്ടും ഇസ്രായേൽ ജനത്തിന്റെ 40 വർഷത്തെ അലഞ്ഞുള്ള കാത്തിരിപ്പിന് കാനാൻ ദേശം. ഇങ്ങനെ തയ്യാറെടുപ്പോടെ കാത്തിരിക്കുന്നവർക്ക് ദൈവം തന്റെ അനുഗ്രഹങ്ങൾ നൽകുന്നതായി ബൈബിളിൽ നാം കാണുന്നുണ്ട്. ബെത്‌സയ്ദ കുളക്കരയിൽ 38 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തളർവാത രോഗിക്ക് ലഭിക്കുന്നത് സൗഖ്യമാണ്. നൂറ്റാണ്ടുകളുടെ മനുഷ്യന്റെ കാത്തിരിപ്പിന് കിട്ടിയ സമ്മാനമാണല്ലോ രക്ഷകൻ, കർത്താവായ യേശുക്രിസ്തു. ക്രൈസ്തവന്റെ ദൈവം, തയ്യാറെടുപ്പോടെ തന്നെ കാത്തിരിക്കുന്ന മക്കൾക്കുവേണ്ടി അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന സ്നേഹ ദൈവമാണ്. ആ ദൈവത്തെക്കുറിച്ചു് നമ്മെ പഠിപ്പിക്കുവാനും, മനസ്സിലാക്കിത്തരുവാനും വന്ന ഈശോ ഉപകളിലൂടെയും, കഥകളിലൂടെയും, വചനങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും ദൈവത്തെ വെളിപ്പെടുത്തുവാൻ ശ്രമിക്കുകയാണ്. ഈ പിതാവായ ദൈവത്തിനുവേണ്ടിയുള്ള കാത്തിരിപ്പ് എങ്ങനെയായിരിക്കണമെന്നാണ് പത്തു കന്യകകളുടെ ഉപമയിൽ ഈശോ പറഞ്ഞു വയ്ക്കുന്നത്.

യഹൂദരുടെ വിവാഹാഘോഷങ്ങളുടെ ചുവടുപിടിച്ചുകൊണ്ടാണ് ഈശോ പത്തു കന്യകകളുടെ ഉപമ രൂപപ്പെടുത്തിയിരിക്കുന്നത്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വിവാഹാഘോഷങ്ങൾക്കുശേഷം മണവാട്ടിയുടെ വീട്ടിൽ നിന്ന് പുതുമണവാളനും, മണവാട്ടിയും, അവരുടെ പുതിയ വീട്ടിലേക്ക് യാത്രയാകും. യാത്ര എന്നുപറഞ്ഞാൽ, താലപ്പൊലിയും വെഞ്ചാമരവുമൊക്കെയായുള്ള ഒരു യാത്ര. അതെപ്പോഴാണ് അവരുടെ പുതിയ വീട്ടിൽ എത്തിച്ചേരുക എന്ന് മുൻകൂട്ടി പറയുക വയ്യ. തെളിഞ്ഞ ദീപങ്ങൾ പിടിച്ചു് അവരെ എതിരേൽക്കുകയെന്ന ദൗത്യം കന്യകകളാണ് ഏറ്റെടുക്കുക. വിളക്കുകളിൽ എണ്ണപകർന്ന്, തിരിനാളങ്ങൾ ഒരുക്കി രാത്രിയുടെ യാമങ്ങളെണ്ണി അവർ കാത്തിരിക്കും. കാരണം, എപ്പോഴാണ് അദ്ദേഹം വരിക എന്നറിയില്ലല്ലോ. അവർ എത്തുമ്പോൾ സേവകരിൽ ആരെങ്കിലും സിഗ്നൽ കൊടുക്കും. അപ്പോൾ കന്യകമാർ പുതുമണവാളനെയും, മണവാട്ടിയെയും സ്വീകരിക്കുവാൻ പുത്തേക്കെറിങ്ങിവരും.

തികച്ചും സാധാരണമായ ഈയൊരു സാഹചര്യത്തിലെ വളരെ രസകരമായ ഒരു twist ആണ് ഉപമയുടെ മനോഹാരിത. Twist ഇതാണ്: ഒരുങ്ങിയിരുന്ന പത്തുകന്യകകളിൽ അഞ്ചുപേരുടെ വിളക്കുകളിൽ എണ്ണ ഇല്ലാതാകുന്നു. എണ്ണ വിളക്കുകളിൽ നിറയ്ക്കുവാൻ അവർ മറന്നുപോയിരുന്നു. ആഘോഷത്തിന്റെ പൊലിമ നഷ്ടപ്പെടുന്നു. മാത്രമല്ല, പുതുമണവാളനോടും, മണവാട്ടിയോടുമൊപ്പം മണവറയിലേക്ക് പ്രവേശിക്കാൻ ആ അഞ്ചുപേർക്കും അവസരം കിട്ടാതെപോകുന്നു!

ഈ Twist നെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈശോ പറയുന്നു, സ്വർഗ്ഗരാജ്യം, ജീവിതത്തിന്റെ എല്ലാമണിക്കൂറിലും, ക്രിസ്തുവാകുന്ന മണവാളനെയും, തിരുസ്സഭയാകുന്ന മണവാട്ടിയെയും സ്വീകരിക്കുവാൻ ഒരുങ്ങിരിക്കുന്നവരുടേതാണ്. അലക്ഷ്യമായി ജീവിക്കുന്ന, താലന്തുകൾ ഉപയോഗിക്കാതെ അലസമായി ജീവിക്കുന്ന മനുഷ്യരുടേതല്ല സ്വർഗ്ഗരാജ്യം. ജീവിതത്തിൽ ദൈവം നൽകുന്ന അവസരങ്ങളെ ഏറ്റവും നന്നായി ഉപയോക്കുന്നവരുള്ള സ്ഥലമാണ് സ്വർഗ്ഗരാജ്യം. ജീവിതത്തിന്റെ ഓരോ നിമിഷവും ക്രിസ്തുവിനായി കാത്തിരിക്കുന്നവരുടേതാണ് സ്വർഗ്ഗരാജ്യം.

ഒത്തിരി സ്നേഹത്തോടെ നാം ആരെയെങ്കിലും കാത്തിരിക്കുന്നുണ്ടെങ്കിൽ നമ്മുടെ ചിന്തകൾ ആരെക്കുറിച്ചായിരിക്കും? നമ്മുടെ സംസാരം ആരെക്കുറിച്ചായിരിക്കും? നമ്മുടെ നമ്മുടെ കണ്ണുകൾ ആരെ കാണുവാനാഗ്രഹിക്കും? സംശയമില്ല, നാം ആരെ കാത്തിരിക്കുന്നുവോ, ആ വ്യക്തിയെക്കുറിച്ചായിരിക്കും. ക്രിസ്തുവിനായി ജീവിതത്തിന്റെ ഓരോ നിമിഷവും കാത്തിരിക്കുന്നവരുടെ ചിന്തയിൽ എന്നും എപ്പോഴും ക്രിസ്തുവായിരിക്കും; ഹൃദയത്തിൽ ക്രിസ്തുവായിരിക്കും; സംസാരത്തിൽ ക്രിസ്തുവായിരിക്കും; കാഴ്ച്ചയിൽ എപ്പോഴും ക്രിസ്തുവായിരിക്കും. പ്രവൃത്തികളിൽ നിഴലിക്കുന്നതോ ക്രിസ്തു മാത്രമായിരിക്കും. എല്ലാ തയ്യാറെടുപ്പോടുംകൂടി ക്രിസ്തുവിനായി വിശ്വാസത്തോടെ, പ്രാർത്ഥനയോടെ കാത്തിരിക്കുന്നവർ എന്നും എപ്പോഴും സ്വർഗ്ഗരാജ്യത്തിലായിരിക്കും; സ്വർഗ്ഗരാജ്യം അങ്ങനെയുള്ളവരുടേതാകുന്നു.

ഈശോയുടെ ഓർമ്മപ്പെടുത്തൽ ഇങ്ങനെയാണ്: “നിങ്ങൾ ഒരുങ്ങിയിരിക്കുവിൻ. എന്തെന്നാൽ, പ്രതീക്ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രൻ വരുന്നത്.” (ലൂക്കാ 12, 40) ക്രിസ്തു നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് ഇപ്പോൾ ഈ നിമിഷത്തിലാകാം; നാം ദേവാലയത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവേളയിലാകാം; വീട്ടിലെ ജോലികൾക്കിടയിലാകാം. അതുമല്ലെങ്കിൽ അന്ത്യവിധിയുടെ നാളിലാകാം. എപ്പോഴാണെങ്കിലും ഒരുങ്ങിയിരിക്കുവാൻ നമുക്കാകണം. “സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാൽ നിങ്ങളുടെ മനസ്സ് ദുർബലമാകാതെ” (ലൂക്കാ 21, 34) മനുഷ്യപുത്രന്റെ മുൻപിൽ പ്രത്യക്ഷപ്പെടാൻവേണ്ട കരുത്തു ലഭിക്കുവാൻ സദാ പ്രാർത്ഥിച്ചുകൊണ്ട് ജാഗരൂകരായിരിക്കുവാൻ (36) ഈശോ നമ്മോട് പറയുന്നു. വിശുദ്ധ പൗലോശ്ലീഹാ പറയുന്നത്, സത്യംകൊണ്ട് അരമുറുക്കി നീതിയുടെ കവചം ധരിച്ച് സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകൾ ധരിച്ച്, വിശ്വാസത്തിൻറെ പരിച എടുത്ത്, രക്ഷയുടെ പടത്തൊപ്പി അണിഞ്ഞ്  , ദൈവവചനമാകുന്ന ആത്മാവിൻറെ വാൾ എടുത്ത് (എഫേസോസ് 6, 13-17) ഓരോ നിമിഷവും നാം ഒരുങ്ങിയിരിക്കണം എന്നാണ്.

പ്രിയപ്പെട്ടവരേ, കാത്തിരിപ്പ് ഒരു തപസ്സാണ്; അതൊരു പുണ്യമാണ്. അതുകൊണ്ടാണ്, ഈശോ പറയുന്നത്, ഒരുങ്ങിയിരിക്കുവിൻ. തയ്യാറെടുപ്പോടെ കാത്തിരിക്കുവാൻ നമുക്കാകണം. നമ്മുടെ ക്രിസ്തുവിനുവേണ്ടിയുള്ള, അവിടുത്തെ അനുഗ്രഹങ്ങൾക്കുവേണ്ടിയുള്ള, ഈശോയെ കണ്ടുമുട്ടാനുള്ള കാത്തിരിപ്പ് എങ്ങനെയാണ് എന്ന് നാം പരിശോധിക്കേണ്ടിയിരിക്കുന്നു. നല്ല ഒരുക്കത്തോടെ കാത്തിരിക്കുക. കുമ്പസാരിച്ച്, വിശുദ്ധ കുർബാന സ്വീകരിച്ച് ഇപ്പോഴും വിശുദ്ധിയോടെ ഒരുങ്ങിരിക്കുക. നമ്മുടെ ജീവിതത്തിലേക്ക് ക്രിസ്തു എപ്പോഴാണ് കടന്നുവരുന്നതെന്ന് നമുക്കറിയില്ലല്ലോ!

സ്നേഹമുള്ളവരേ, എല്ലാവിധ തയ്യാറെടുപ്പോടെ, ജീവിതത്തിന്റെ എല്ലാനിമിഷവും ക്രിസ്തുവിനായി കാത്തിരിക്കുന്നവരുടെ സ്വർഗ്ഗരാജ്യമായി ഈ ലോകത്തെ മാറ്റിയെടുക്കുവാനുള്ള ആഹ്വാനവുമായി ഇന്നത്തെ സുവിശേഷഭാഗം, പത്തു കന്യകകളുടെ ഉപമ നമ്മെ സന്ദർശിക്കുമ്പോൾ, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ നാം പരിശോധിക്കേണ്ടിയിരിക്കുന്നു. ഈ ഉപമയിലെ മണവാളൻ ക്രിസ്തുവാണ്. മണവാളൻ വരുവാനുള്ള കാലതാമസം ദൈവത്തിന്റെ പ്രവർത്തനരീതിയെയാണ് കാണിക്കുന്നത്. The Grace of God has its own pace എന്നാണ് പറയുന്നത്. ദൈവത്തിന്റെ പ്രസാദവരത്തിന്, പ്രസാദവരത്തിന്റെ പ്രവർത്തനത്തിന് അതിന്റെതായ ചുവടുണ്ട്. ആ ചുവട് നമ്മുടെ അടുക്കലേക്കെത്തുന്നത് എപ്പോഴാണെന്ന് നമുക്കറിയില്ല. നാം കാത്തിരിക്കണം. വാതിൽ അടയ്ക്കുന്നത് അന്ത്യവിധിയെയാണ് സൂചിപ്പിക്കുന്നത്. ഉപമയുടെ വെളിച്ചത്തിൽ നമ്മുടെ ജീവിതങ്ങളെ പരിശോധിക്കുകയും, ക്രിസ്തുവിനായി കാത്തിരിക്കുന്ന ചൈതന്യം സ്വന്തമാക്കുകയും വേണം. 

ഈ ഭൂമിയിൽ ഓരോ നിമിഷവും ക്രിസ്തുവിനെ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പോടെ ജീവിക്കുക അതാണ് ക്രൈസ്തവരുടെ ജീവിതദൗത്യം. വിവേകമതികളായ അഞ്ചുകന്യകമാരെപ്പോലെ നമ്മുടെ ജീവിതമാകുന്ന വിളക്കിൽ, എണ്ണയൊഴിച്ചു്, തിരികൾ ഒരുക്കി നാം കാത്തിരിക്കണം. മാർട്ടിൻ ലൂഥർ പറയുന്നത് വിശ്വാസമാകുന്ന എണ്ണയൊഴിച്ചു് കാത്തിരിക്കണമെന്നാണ്. വിശുദ്ധ അഗസ്തീനോസ് പറയുന്നത്, നന്മപ്രവൃത്തികളാകുന്ന എണ്ണയൊഴിച്ചു കാത്തിരിക്കണം എന്നാണ്.

അങ്ങനെകാത്തിരിക്കുമ്പോൾ നമ്മുടെയൊക്കെ ജീവിതങ്ങൾ ക്രിസ്തുവിന്റെ മനോഭാവം നിറഞ്ഞതാകും. ക്രിസ്തുവിന്റെ ചൈതന്യം നിറഞ്ഞു തുളുമ്പുന്നതാകും. ഈ ഭൂമിതന്നെ സ്വർഗ്ഗരാജ്യമായി മാറും. ആമേൻ!

SUNDAY SERMON MT 12, 22-32

ഏലിയാ സ്ലീവാ മൂശേക്കാലം പത്താം ഞായർ

മത്താ 12, 22-32

സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലം പത്താം  ഞായറാഴ്ചയിലേക്ക്, നാമിന്ന് പ്രവേശിക്കുകയാണ്. നമുക്കറിയാവുന്നതുപോലെ, സ്ലീവായുടെ വിജയവും, ഈശോയുടെ രണ്ടാമത്തെ ആഗമനവും, അന്ത്യവിധിയുമാണ് ഈ കാലത്തിലെ വിചിന്തനവിഷയങ്ങൾ. കഴിഞ്ഞ ഞായറാഴ്ചകളിൽ നാം പരിചിന്തനം ചെയ്തതും ഈ വിഷയങ്ങളൊക്കെ ആയിരുന്നു. ഇന്നത്തെ ഞായറാഴ്ച്ച തിരുസ്സഭ നമ്മുടെ പരിചിന്തനത്തിനായി നൽകുന്നത് ക്രിസ്തുവിന്റെ ശക്തിയെക്കുറിച്ചും, സ്വർഗംപോലും ക്ഷമിക്കുവാൻ മടികാണിക്കുന്ന പരിശുദ്ധാത്മാവിനെതിരെ മനുഷ്യർ ചെയ്തുകൂട്ടുന്ന പാപങ്ങളെയും കുറിച്ചാണ്.

പൈശാചിക ശക്തികൾ എത്രമാത്രം മനുഷ്യനെ കീഴടക്കുന്നു എന്നുള്ളതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് നാം ഓരോ ദിവസവും, കേൾക്കുന്ന, ദിനപത്രങ്ങളിൽ വായിക്കുന്ന, ടിവിയിലും, സാമൂഹ്യമാധ്യമങ്ങളിലും കാണുന്ന കാര്യങ്ങളും, കാഴ്ചകളും. അതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്, ലഹരിയുടെ പൈശാചിക പിടിയിലമർന്നിരുന്നുകൊണ്ട് സ്വയം നശിക്കുന്ന ഒരു വലിയ കൂട്ടം മനുഷ്യർ നമ്മുടെ നാട്ടിലുണ്ട് എന്നുള്ളത്. നിങ്ങൾക്കറിയോ, ഇന്റർനെറ്റിൽ, ക്രൈം ആൻഡ് സോഷ്യൽ മീഡിയ എന്ന് സേർച്ച് ചെയ്യുമ്പോൾ 94 കോടിയിലേറെ റിസൾട്ടുകളാണ് വരുന്നത്. പൈശാചികതയിലേക്ക് കൂപ്പുകുത്തുന്ന ലോകത്തിന്റെ അവസ്ഥയെക്കുറിച്ചു് പറയുമ്പോൾ, ഫ്രാൻസിസ് മാർപാപ്പ നമ്മെ  ഓർമപ്പെടുത്തുന്നത്, “ക്രിസ്തുവിന്റെ ശക്തി, the power of Jesus ക്രൈസ്തവരിലൂടെ ലോകത്തിൽ പ്രകടമാകുന്നില്ല; മനുഷ്യൻ പരിശുദ്ധാത്മാവിനെതിരായ പാപങ്ങൾ ചെയ്തുകൊണ്ട്  തങ്ങളെത്തന്നെ, ലോകത്തെ ഇരുട്ടിലാക്കുന്നു ” എന്നാണ്.  കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം ലക്ഷക്കണക്കിന് കേസുകളാണ് ലഹരിയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ യാഥാർഥ്യങ്ങളും, പെരുകി വരുന്ന ക്രിമിനലുകളും, അത്താഴം മുടക്കുന്ന കൃമികളും മനുഷ്യത്വമില്ലാത്ത തട്ടിപ്പുകാരും ഇന്നത്തെ സുവിശേഷസന്ദേശത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നു.

രണ്ട് കാര്യങ്ങളാണ് ഇന്നത്തെ സുവിശേഷത്തിൽ നിന്ന് ചികഞ്ഞെടുക്കാനായി ഞാൻ ആഗ്രഹിക്കുക. ഒന്ന്, ദൈവാത്മാവിനാൽ നിറഞ്ഞ ഈശോയുടെ ശക്തി (The Power of Jesus).

 രണ്ട്, പരിശുദ്ധാത്മാവിനെതിരായ പാപങ്ങൾ.

ഇതിൽ ഒന്നാമത്തേത് വിശദീകരണം അധികം ആവശ്യമില്ലാത്ത ഒരു ചിന്തയാണ്. സുവിശേഷങ്ങളിൽ നിന്ന് സുതരാം വ്യക്തമാകുന്നതും, നമ്മുടെ ജീവിതത്തിൽ ഏതെങ്കിലുമൊക്കെ സമയങ്ങളിൽ നാം അനുഭവിച്ചറിഞ്ഞിട്ടുള്ളതുമാണ് ഈശോയുടെ ശക്തി. രണ്ടാമത്തേതാകട്ടെ, കൂടുതൽ വ്യക്തത ആവശ്യമുള്ള ഒരു വിഷയമാണ്.  

പരസ്യജീവിത കാലത്ത് ഈശോയിലെ ദൈവിക ശക്തി ഏറെ പ്രകടമായിരുന്നു. അവിടുത്തെ സാന്നിധ്യത്തിന്, ഒരു നോട്ടത്തിന്, വാക്കുകൾക്ക് എന്തൊരു ശക്തിയായിരുന്നു! ലാസറിന്റെ മരണത്തിൽ ഒരു വീട് മുഴുവനും, നാടുമുഴുവനും വിറങ്ങലിച്ചു നിന്നപ്പോൾ, ലാസറിന്റെ മൃതദേഹത്തേക്കാൾ മരവിച്ചു നിന്നപ്പോൾ, ലാസറേ പുറത്തുവരിക എന്ന ഈശോയുടെ ശബ്ദം…ആ ശബ്ദം കേട്ട് ശവത്തിനുപോലും ജീവൻവച്ചു! ഈശോയെക്കാണുവാൻ ആഗ്രഹിച്ചു് മരത്തിന്മേലിരുന്ന സക്കേവൂസ്…സക്കേവൂസേ ഇറങ്ങിവരിക എന്ന ക്രിസ്തുവിന്റെ സ്വരം കേട്ടമാത്രയിൽ സക്കേവൂസ് ഊർന്നിറങ്ങി ഈശോയുടെ മുൻപിൽ നിന്നു. എന്നെ അനുഗമിക്കുക എന്ന ഈശോയുടെ ക്ഷണം മനുഷ്യന്റെ സ്വാഭാവികപ്രവണതൾക്കുംമേലെ ത്രസിച്ചുനിന്നു. കാറ്റിനെയും കടലിനെയും, ശാസിച്ചപ്പോൾ കടൽ ശാന്തമായി…ബാലികേ, എഴുന്നേൽക്കുക എന്ന വചനത്തിന് ജീവൻ നൽകുവാനുള്ള, സൗഖ്യം നൽകുവാനുള്ള ശക്തിയുണ്ടായിരുന്നു. മുടന്തനായ മനുഷ്യനോട് എഴുന്നേറ്റ് നടക്കുക എന്ന് പറഞ്ഞപ്പോൾ ശാസ്ത്രംപോലും കണ്മിഴിച്ചു നിന്നു. സാത്താനേ ദൂരപ്പോകുക, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസയിലായിരിക്കും – ഈ ശബ്ദങ്ങളൊക്ക പ്രപഞ്ചത്തിനും, സാത്താനും, തിന്മയ്ക്കും പിടിച്ചുനിൽക്കാൻ കഴിയാത്ത ഇടിമുഴക്കങ്ങളായി മാറിയത് അവിടുത്തെ സ്വർഗീയ ശക്തിയുടെ മഹത്വംകൊണ്ടായിരുന്നു! അത്രമാത്രം powerful ആണ് ഈശോ, ഈശോയിലെ ദൈവികത!

ഇന്നത്തെ സുവിശേഷത്തിലെ അന്ധനും, ഊമനുമായ പിശാചുബാധിതൻ സുഖമുള്ളവനായി, സംസാരിക്കുവാനും കാണുവാനും തുടങ്ങിയപ്പോൾ ഈശോയുടെ ശക്തിയുടെ പ്രാഭവം അറിഞ്ഞ ജനക്കൂട്ടം ഏറ്റവും കുറഞ്ഞത് ഒന്ന് അതുതപ്പെടുകയെങ്കിലും ചെയ്തു. അല്ലെങ്കിലും ജനക്കൂട്ടം പലപ്പോഴും ഈശോയുടെ അത്ഭുതകൃത്യങ്ങൾ കണ്ട് വിസ്മയപ്പെടുകയും, “ഇവന് ഇതെല്ലാം എവിടുന്ന് കിട്ടി” എന്നൊക്കെ പറഞ്ഞ് നടക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഫരിസേയരും, നിയമജ്ഞരുമാകട്ടെ അന്ധരും മൂകരുമായി. കാണേണ്ടത് കാണാതെ, കേൾക്കേണ്ടത് കേൾക്കാതെ അവർ പിശാചുബാധിതനെപ്പോലെയായി. കാഴ്ചയില്ലാത്തവൻ കാഴ്ചയുള്ളവനാകുകയും, കാഴ്ചയുള്ളവർ അന്ധരാകുകയും, സംസാരിക്കാത്തവൻ സംസാരിക്കുകയും, സംസാരിക്കുവാൻ കഴിവുള്ളവർ മൂകരാകുകയും ചെയ്യുന്ന വിരോധാഭാസമാണ് ഇവിടെ നാം കാണുന്നത്. അവരുടെ സ്വാർത്ഥതാത്പര്യങ്ങൾക്കനുസരിച്ചുള്ളവയാണ് അവർ ഈശോയിൽ കണ്ടത്. മഞ്ഞപ്പിത്തമുള്ളവൻ എല്ലാം മഞ്ഞയായി കാണുന്നപോലെ, അപരനെ നശിപ്പിക്കണം എന്ന ആഗ്രഹവുമായി നടക്കുന്നവർ, മറ്റുള്ളവരിൽ കാണുന്നത് നശിപ്പിക്കാനുള്ള ഉപായങ്ങളായിരിക്കും. ഫരിസേയരും ഇതേ മനോഭാവത്തോടെയാണ് ഈശോയെ കണ്ടത്. ഈശോ പറയുന്നതെല്ലാം തെറ്റ്, ഈശോ നോക്കുന്നതും, നടക്കുന്നതും തെറ്റ്, ഈശോ ചെയ്യുന്നതും, ചെയ്യിക്കുന്നതും തെറ്റ്, ഈശോ ഭക്ഷണം കഴിക്കുന്നതും, സുഹൃത്തുക്കളോടൊത്ത് നടക്കുന്നതും തെറ്റ്. ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റമായിരിക്കുമല്ലോ! ഈശോയെ പിശാചുബാധയുള്ളവനെന്നും, പിശാചുക്കളോടുത്താണ് ക്രിസ്തുവിന്റെ ജീവിതമെന്നും വരുത്തിത്തീർക്കുവാൻ എന്ത് തിടുക്കമാണവർക്ക്!!  അവരുടെ ബാലിശമായ, logic ഒട്ടുമില്ലാത്ത arguments തന്നെ ഫരിസേയരുടെ അല്പത്തം വ്യക്തമാക്കുന്നുണ്ട്.

ഫരിസേയരുടെ arguments ൽ അവരുടെ അല്പത്തവും, നശീകരണമനോഭാവവും ആണ് നമ്മൾ കാണുന്നത്. എന്നാൽ, ഈശോയുടെ തിരിച്ചുള്ള arguments ൽ നാം കാണുന്നത് അവിടുത്തെ വാക്കുകളുടെ ശക്തിയാണ്, ദൈവികതയുടെ വിസ്മയമാണ്.

ഈശോയുടെ ശക്തി അവിടുത്തെ വാക്കുകളിലും, പ്രവർത്തികളിലും മാത്രമല്ല, അവിടുത്തെ നിലപാടിലും, മനോഭാവത്തിലും ഉണ്ട്. ഈശോ പറയുന്നത് കേൾക്കൂ…”എന്നോട് കൂടെയല്ലാത്തവൻ എന്റെ എതിരാളിയാണ്; എന്നോട് കൂടെ ശേഖരിക്കാത്തവൻ ചിതറിച്ചുകളയുന്നു.” (30) എന്തൊരു ശക്തിയാണ് ആ നിലപാടിന്! ശത്രുക്കൾപോലും കേൾക്കുമ്പോൾ വിറച്ചുപോകുന്ന പ്രസ്തവനയാണിത്, എതിരാളികൾപോലും പിന്നോട്ട് വലിയുന്ന നിലപാടാണിത്. ഇതിനെതിരെ കുരിശുകാണിച്ചും, കുരിശുമരണം വച്ചുനീട്ടിയും പീഡിപ്പിക്കാൻ നോക്കിയെങ്കിലും, ഈശോയുടെ നിലപാടിന്റെ ഉറപ്പ് അത്ര ശക്തമായിരുന്നു.

ഇന്ന് ക്രൈസ്തവർക്കുപോലും ക്രിസ്തുവിന്റെ compromise ഇല്ലാത്ത നിലപാടുകളോട് പുച്ഛമാണ്. ക്രിസ്തുവിന്റെ മുൻപിൽ നിന്ന്, ക്രിസ്തുവിനുവേണ്ടി പൗരോഹിത്യാഭിഷേക സമയത്തോ, വൃതസമർപ്പണവേളയിലോ, വിവാഹവാഗ്‌ദാന നിമിഷങ്ങളിലോ നാം ക്രൈസ്തവർ എടുക്കുന്ന പ്രതിജ്ഞയ്ക്ക്, നിലപാടിന് ആ സമയങ്ങളിലെ ആഘോഷങ്ങളോളംപോലും ആയുസ്സില്ലെന്നത് വർത്തമാനകാലചരിത്രമാണ്

വർധിച്ചുകൊണ്ടിരിക്കുന്ന വിവാഹമോചനക്കേസുകളും, ക്രൈസ്തവസഭയെത്തന്നെ തളർത്തുന്ന ക്രൈസ്തവരുടെ പ്രവർത്തനങ്ങളും, തെരുവിലൂടെ നടന്ന് രാഷ്ട്രീയക്കാരെ തോൽപ്പിക്കുംവിധം സഭയ്‌ക്കെതിരെ മുഴക്കുന്ന മുദ്രാവാക്യങ്ങളും, ക്രിസ്തുവിന്റെ വചനം പറയുമ്പോഴുള്ള ഞഞ്ഞാ പിഞ്ഞാ വർത്തമാനങ്ങളും എല്ലാം വളരെ ബലഹീനമായ, തീർത്തും വികൃതമായ ക്രൈസ്തവജീവിതത്തെയാണ് പ്രകടമാക്കുന്നത്. ക്രിസ്തുവിന്റെ നിലപാടുകൾക്ക് ക്രൈസ്തവർ പുല്ലുവിലയേ കല്പിക്കുന്നുള്ളു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ഇവ. ഓർക്കണം, ക്രിസ്തുവിന്റെ നിലപാടിൽ വെള്ളം ചേർക്കാതിരുന്നതുകൊണ്ടാണ് ക്രിസ്തുമതത്തിൽ ഇത്രമാത്രം വിശുദ്ധരും, രക്തസാക്ഷികളും ഉണ്ടായത്. രക്തസാക്ഷികളുടെ രക്തംകൊണ്ട് വളർന്നുവന്ന തിരുസ്സഭ ഇന്നും ലോകത്തിൽ ആത്മീയ ശക്തിയായി, ധാർമിക ശക്തിയായി നിലകൊള്ളുന്നത് ക്രിസ്തുവിന്റെ ശക്തി അവളിൽ ഉള്ളതുകൊണ്ടാണ്. ക്രിസ്തുവിന്റെ നിലപാടിൽ അവൾ ഉറച്ചു നിൽക്കുന്നതുകൊണ്ടാണ്; തിരുസ്സഭ പരിശുദ്ധാത്മാവിനാൽ നയിയ്ക്കപ്പെടുന്നതുകൊണ്ടാണ്.

തിരുസ്സഭയും ക്രൈസ്തവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരും, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവരുമായതുകൊണ്ട്, ഈശോയുടെ ഇന്നത്തെ സുവിശേഷത്തിലെ പരാമർശം വളരെ പ്രധാനപ്പെട്ടതാണ്. “പരിശുദ്ധാത്മാവിനെതിരായ പാപങ്ങൾ ക്ഷമിക്കപ്പെടുകയില്ല.” പരിശുദ്ധാത്മാവിനെതിരായ ആറ് പാപങ്ങളെക്കുറിച്ചാണ് സഭ പ്രധാനമായും പഠിപ്പിക്കുന്നത്. 1. മോക്ഷം കിട്ടുകയില്ലെന്നുള്ള വിചാരം. 2. സത്യപ്രവർത്തി കൂടാതെ മോക്ഷം പ്രാപിക്കാമെന്ന മിഥ്യാ പ്രതീക്ഷ. 3. ഒരു കാര്യം സത്യമാണെന്നറിഞ്ഞിട്ടും, അതിനെ നിഷേധിക്കുന്നത്. 4. അന്യരുടെ നന്മയിലുള്ള അസൂയ 5. പാപം ചെയ്തതിനുശേഷം അനുതപിക്കാതെ അതിൽത്തന്നെ തുടരുന്നത് 6. അന്ത്യ സമയത്തുപോലും അനുതപിക്കാതെ പാപത്തോടുകൂടി മരിക്കുന്നത്.

വിശുദ്ധ പയസ് അഞ്ചാമൻ മാർപാപ്പയിലൂടെ ദൈവം വെളിപ്പെടുത്തിയതാണ് ഈ 6 കാര്യങ്ങൾ. ഇത്തരത്തിലൂടെയുള്ള പാപാവസ്ഥകളിലൂടെ നാം പലപ്പോഴും കടന്നുപോകാറുണ്ട്. കുമ്പസാരക്കൂട്ടിലിരിക്കുമ്പോൾ, പാപമോചനത്തിനായി അണയുന്ന സഹോദരർ പലപ്പോഴും പറയുന്ന ഒന്നാണ്, അച്ചാ, ദൈവം പോലും എന്നെ കൈവിട്ടിരിക്കുകയാണ്. എനിക്കിനി രക്ഷയില്ല. ” സഹോദരരേ, പാപികളെ രക്ഷയ്ക്കുവാൻ ഈ ലോകത്തിലേക്ക് വന്ന ക്രിസ്തു, ക്രിസ്തു മരണത്തിലൂടെ, ഉത്ഥാനത്തിലൂടെ, ഇന്നും വിശുദ്ധ കുർബാനയിലൂടെ നമ്മോടൊത്തായിരിക്കുന്നത് നമ്മെ രക്ഷിക്കുവാനാണ്. ‘ഈ ലോകത്തെ ശിക്ഷിക്കുവാനല്ല രക്ഷിക്കുവാനാണ്’ (യോഹ 3, 17 ) ക്രിസ്തു യേശു ഈ ലോകത്തിലേക്ക് വന്നത്. ക്രിസ്തുവിന്റെ രക്ഷയെ നിരാകരിക്കുന്നത്, നിരാശയിൽ ജീവിക്കുന്നത് ദൈവത്തിന്റെ ആത്മാവിനെ വേദനിപ്പിക്കലാണ് എന്ന് നാമറിയണം. ക്രിസ്തുവിൽ ആയിരിക്കുവാനും, മരണശേഷം സ്വർഗത്തിൽ ക്രിസ്തുവിനോടൊത്തായിരിക്കാനും നാം സത് പ്രവൃത്തികൾ ചെയ്യണം. വിശുദ്ധ ആഗസ്തീസിന്റെ വചനം ഓർക്കുക:”നിന്നെക്കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവത്തിന് പക്ഷേ, നിന്നെക്കൂടാതെ നിന്നെ രക്ഷിക്കുവാൻ സാധിക്കുകയില്ല. നന്മ ചെയ്യാതെ, നന്മയിൽ ആയിരിക്കാതെ സ്വർഗ്ഗത്തിലെത്താം എന്നത് പരിശുദ്ധാത്മാവിനെതിരായ പാപം ആകുന്നത് അതുകൊണ്ടാണ്. ആത്മാവിന്റെ പ്രവർത്തനങ്ങളോട് ചേർന്ന് നിൽക്കുവാൻ മനുഷ്യർക്ക് കഴിയണം. ദൈവത്തിനെതിരെ മർക്കടമുഷ്ടി പ്രയോഗിക്കുന്നവർ, ധാർഷ്ട്യത്തോടെ, അഹങ്കാരത്തോടെ ജീവിക്കുന്നവർ ആത്മാവിനെതിരെ പ്രവർത്തിക്കുന്നവരാണ്. കർത്താവിന്റെ അഭിഷിക്തർക്കെതിരെ പ്രാർത്ഥിക്കുന്നതും, അനീതിപരമായി, അനാവശ്യമായി, അകാരണമായി അവരെ വേദനിപ്പിക്കുന്നതും, തിരുസ്സഭയ്‌ക്കെതിരെ പ്രവർത്തിക്കുന്നതും പരിശുദ്ധാത്മാവിനെതിരെയുള്ള പാപമാകുന്നത്, സത്യമെന്തെന്നറിഞ്ഞിട്ടും അതിനെ നിഷേധിക്കുന്നതുകൊണ്ടാണ്. 

സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ ശക്തി നമ്മിലും, നമ്മുടെ കുടുംബങ്ങളിലും, ഇടവകയിലും നിറയുവാൻ നമുക്ക് ആഗ്രഹിച്ചു് പ്രാർത്ഥിക്കാം. പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്യാതെ, ആത്മാവിനാൽ നയിക്കപ്പെടുന്നവരാകാൻ നമുക്ക് ശ്രമിക്കാം. വിശുദ്ധ പൗലോശ്ലീഹാ പറയുന്നതുപോലെ നമ്മിലെ പരിശുദ്ധാത്മാവിനെ നാം നിർവീര്യമാക്കരുത്. (1 തെസ 5, 19) നമ്മിലെ പരിശുദ്ധാത്മാവിനെ നാം വേദനിപ്പിക്കരുത്. (എഫേ 4, 30)

പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്യാതെ ആത്മാവിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ഒരു ക്രൈസ്തവജീവിതം. അതായിരിക്കട്ടെ നമ്മുടെ ജീവിതലക്ഷ്യം. ആമേൻ!

SUNDAY SERMON MT 10, 1-15

ഏലിയാ സ്ലീവാ മൂശേക്കാലം ഒമ്പതാം ഞായർ

മിഷൻ ഞായർ  

മത്തായി 10, 1-15

ഇന്ന് സീറോമലബാർ സഭ മിഷൻ ഞായർ ആഘോഷിക്കുകയാണ്. തിരുസ്സഭ സ്വഭാവത്താലേ  മിഷനറിയാണെന്നും, ദൈവരാജ്യത്തിന്റെ സുവിശേഷം ലോകത്തിന്റെ അതിർത്തികളോളം പ്രസംഗിക്കുവാൻ അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവരെന്നും നാമിന്ന് ലോകത്തോട് പ്രഖ്യാപിക്കുകയാണ്. മടികൂടാതെ ക്രിസ്തുവിന്റെ മിഷനറിമാരായി ജീവിക്കുവാൻ ആഹ്വാനം ചെയ്യുന്ന മിഷൻ ഞായർ നൽകുന്ന സന്ദേശം അഭിമാനത്തോടെ ഏറ്റെടുക്കുവാൻ നാം തയ്യാറാകണം. കാരണം, ക്രിസ്തു ഇന്നും ജീവിക്കുന്ന ദൈവമാണ്. തിരുസ്സഭയിലൂടെ ക്രിസ്തു നൽകുന്ന ദൗത്യം, തൊരുസഭയോടൊപ്പം ചേർന്ന് നിന്ന് പൂർത്തീകരിക്കുവാൻ നാം തയ്യാറാകണം. അതിന് നമ്മെ പ്രേരിപ്പിക്കുന്നതാകട്ടെ ഇന്നത്തെ വചനസന്ദേശം.

തിരുസ്സഭയുടെ ചരിത്രം, അവൾ എങ്ങനെയാണ് ക്രിസ്തുവിന്റെ Mandate പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നത് എന്നൊക്കെ നാം മനസ്സിലാക്കിയിരിക്കണം.  ക്രിസ്തുവിന്റെ ഉത്ഥാനത്തിനുശേഷം പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ശ്ലീഹന്മാർ നടത്തിയ സുവിശേഷ പ്രഘോഷണവും, ക്രിസ്തു സ്ഥാപിച്ച ക്രൈസ്തവ സഭയുടെ വളർച്ചയും വെറും ഭൗതിക വിപ്ലവ മുന്നേറ്റമായിരുന്നില്ല. അത് ക്രിസ്തുവിനാൽ കേന്ദ്രീകൃതമായതും, ക്രിസ്തുവാകുന്ന പാറമേൽ പണിതുയർത്തിയതുമാണ്. അത് ദൈവികമായതുകൊണ്ടും, ദൈവാത്മാവിനാൽ നയിക്കപ്പെടുന്നതുകൊണ്ടും മതമർദ്ദനങ്ങളെയും, ശീശ്‌മകളെയും, പാഷണ്ഡതകളെയും, യുദ്ധങ്ങളെയും, വിഘടനങ്ങളെയും, വിവാദങ്ങളെയും, വിമതപ്രവർത്തനങ്ങളേയും അതിജീവിച്ചവളാണ് തിരുസ്സഭ; ഓട്ടോമൻ ചക്രവർത്തിയുടെ പാർടയോട്ടത്തെയും അതിജീവിച്ച് ഇന്നും ദൈവവരപ്സദത്തിന്റെ തിളക്കത്തിൽ നിൽക്കുന്നവളാണ് തിരുസ്സഭ. വിശുദ്ധ കുർബാനയെച്ചൊല്ലി ഉയർന്നുവന്ന എല്ലാ വിവാദങ്ങളെയും തോൽപ്പിച്ചുകൊണ്ട്, വിശുദ്ധ കുർബാനയെ തിരുസ്സഭയുടെ, ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമാക്കി നിലനിർത്തുന്നവളാണ് തിരുസ്സഭ. ക്രിസ്തുവിന്റെ രക്ഷാകരപ്രവർത്തനങ്ങളെ കഴിഞ്ഞുപോയ ഒരു ചരിത്രമായിട്ടല്ല, ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഒരു ദൈവിക, ആധ്യാത്മിക പ്രക്രിയയായിട്ടാണ് നാം വിലയിരുത്തുന്നത്. അതിന് വളവും, ജലവും നൽകാൻ ജീവിതം സമർപ്പിക്കുന്ന മിഷനറിമാരേ, സുവിശേഷംപ്രസംഗിക്കുന്ന നിങ്ങളുടെ പാദങ്ങൾ എത്ര സുന്ദരങ്ങൾ എന്ന് പ്രഘോഷിച്ചുകൊണ്ടാണ് നാമിന്ന് മിഷൻ ഞായർ ആഘോഷിക്കുന്നത്.

ഈ ഞായറാഴ്ചയിലെ സുവിശേഷഭാഗം സുതരാം വെളിപ്പെടുത്തുന്ന സത്യം ഇതാണ്: ഭൂമിയിലെ ക്രൈസ്തവ സഭ സ്വഭാവത്താലേ മിഷനറിയാണ്. ക്രിസ്തുവിലും, ക്രിസ്തുവിനോടുകൂടിയും, ക്രിസ്തുവിലൂടെയും മുന്നോട്ട് പോകുന്ന ഒരു മഹാപ്രസ്ഥാനമാണ് ഇത്. പ്രസ്ഥാനമെന്നത് രാഷ്ട്രീയക്കാർ വിവക്ഷിക്കുന്നതുപോലെ ആളുകളുടെ ഒരു കൂട്ടമോ, ഒരുമിച്ചുള്ള പ്രവർത്തനമോ അല്ല. അത് ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റമാണ്. ഒരു സ്ഥലം വിട്ട്, ഒരു പുതിയ ലക്ഷ്യത്തോടെയുള്ള യാത്രയാണ്. ഭൗതികമായതെല്ലാം ഉപേക്ഷിച്ചു് ക്രിസ്തുവിനെ സ്വീകരിച്ചു്, ക്രിസ്തുവിനോടൊപ്പമുള്ള യാത്രയാണത്. സ്വർഗത്തിലേക്ക്, ക്രിസ്തുവിലേക്ക് തീർത്ഥാടനം നടത്തുന്നവരാണ് ക്രൈസ്തവർ. ക്രിസ്തുവിനോടൊപ്പമുള്ള എല്ലാ യാത്രയും തീർത്ഥാടനമാണ്.

ഈശോ ശിഷ്യരെ തിരഞ്ഞെടുക്കുന്ന സംഭവത്തോടെയാണ് ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത്. അന്നുവരെയുണ്ടായിരുന്ന ഗുരുക്കന്മാരെല്ലാം, നേതാക്കന്മാരെല്ലാം തങ്ങളുടെ ശിഷ്യരായി സ്വീകരിച്ചിരുന്നത് ഉയർന്ന കുടുംബങ്ങളിൽ നിന്നുള്ളവരെയും, വിദ്യാഭ്യാസമുള്ളവരെയും, സവർണ സമുദായങ്ങളിൽ നിന്നുള്ളവരെയും ആയിരുന്നെങ്കിൽ, ഈശോ തന്റെ ശിഷ്യരെ തിരഞ്ഞെടുക്കുന്നത് സമൂഹത്തിന്റെ താഴെത്തട്ടിൽ, ജീവിതവുമായി മൽപ്പിടുത്തം നടത്തുന്ന മുക്കുവരെയാണ്. വിദ്യാഭ്യാസമില്ലാത്ത, നിരക്ഷരരായ ഈ ശിഷ്യന്മാരെ ഈശോ ഏൽപ്പിക്കുന്ന ജോലിയോ വലുതാണുതാനും. അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കുവാനും, എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തുവാനും ഈശോ അവരെ ചുമതലപ്പെടുത്തുകയാണ്. ചുമതലപ്പെടുത്തുക മാത്രമല്ല, അവരെ അതിനായി അയയ്ക്കുകയാണ്; അവർ മിഷനറിമാർ ആകുകയാണ്.

വലിയൊരു പരിശീലന പദ്ധതിയാണ് ഈശോ ഇവിടെ ആവിഷ്കരിക്കുന്നത്.ക്രിസ്തുവിനെ ദൈവമായി, രക്ഷകനായി സ്വീകരിക്കുന്ന ഓരോ ക്രൈസ്തവനും എങ്ങനെയാണ് തങ്ങളുടെ ജീവിതങ്ങളെ രൂപപ്പെടുത്തേണ്ടതെന്ന് ഈശോ അന്ന് ശിഷ്യന്മാരെ, ഇന്ന് നാം ഓരോരുത്തരെയും പഠിപ്പിക്കുകയാണ്. രണ്ട്തലങ്ങളിലൂടെയാണ് ഈശോയുടെ പഠനം, പരിശീലന പദ്ധതി മുന്നോട്ട് പോകുന്നത്.

ഒന്ന്, ക്രൈസ്തവരുടെ ആത്മീയജീവിത തലമാണ്. ഈ ഭൂമിയിൽ ജീവിക്കുമ്പോൾ, ദൈവത്താൽ അയയ്ക്കപ്പെട്ടവരാണ് തങ്ങൾ എന്ന ബോധ്യത്തോടെ ജീവിക്കേണ്ടവരാണ് ക്രൈസ്തവർ. നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക്, ജീവിതത്തിന്റെ പാപമേഖലകളിൽ, നിരാശയുടെ മേഖലകളിൽ, ഇല്ലായ്മകളുടെ സാഹചര്യങ്ങളിൽ ജീവിക്കുന്നവരുടെ അടുത്തേക്ക് അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവർ.  ദൈവത്താൽ അയയ്ക്കപ്പെട്ടവരായിക്കൊണ്ട്, ക്രിസ്തുവിന്റെ പ്രേഷിതരായിക്കൊണ്ട് സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കേണ്ടവരാണ് ക്രൈസ്തവർ. ശാരീരിക, മാനസിക, ആത്മീയ തലങ്ങളിൽ രോഗികളായി കഴിയുന്നവരെ, അഹങ്കാരത്തിന്റെ, ആഡംബരത്തിന്റെ, പിശുക്കിന്റെ, മറ്റുള്ളവരിൽ തിന്മമാത്രം കാണുന്നതിന്റെ രോഗങ്ങളുമായി കഴിയുന്നവരെ സുഖപ്പെടുത്തുവാൻ അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവർ. ലഹരിയുടെ, മദ്യപാനത്തിന്റെ, പുകവലിയുടെ, അലസതയുടെ അശുദ്ധാത്മാക്കളുടെ അടിമത്വത്തിൽ കഴിയുന്നവരെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കേണ്ടവരാണ് ക്രൈസ്തവർ.

ക്രിസ്തുമതത്തിന്റെ ആദ്യകാലങ്ങളിൽ നമ്മുടെ ക്രൈസ്തവ സഹോദരീസഹോരരർ അങ്ങനെയായിരുന്നു ജീവിച്ചിരുന്നത്. ആദിമക്രൈസ്തവരുടെ ജീവിതവിശുദ്ധിയും, അവരിലെ നന്മയും കണ്ട് അക്രൈസ്തവർ വിസ്മയത്തോടെ ക്രൈസ്തവരെ നോക്കിനിന്നിട്ടുണ്ട്. എന്തിന്, നമ്മുടെ കൊച്ചുകേരളത്തിൽ, ചാതുർവർണ്യം കൊടികുത്തിവാണിരുന്ന കാലത്തു്, ഏതെങ്കിലും, ബ്രാഹ്‌മണൻ അശുദ്ധനയാൽ, ഒരു ക്രൈസ്തവൻ തൊട്ടാൽ അവർ ശുദ്ധിയുള്ളവരാകും എന്ന് വിശ്വസിച്ചിരുന്ന ഹൈന്ദവപാരമ്പര്യം ഇവിടെയുണ്ടായിരുന്നു.

ഇന്ന് കാലം മാറി, കഥ മാറി! അക്രൈസ്തവർ നമ്മെ ഇപ്പോൾ വിസ്മയത്തോടെയല്ല, വിഷമത്തോടെയാണ് നോക്കുന്നത്. അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കേണ്ടവർ അശുദ്ധാത്മാക്കളാൽ അടിമപ്പെട്ട് തെരുവിൽ കിടന്ന് അലമുറയിടുകയാണ്; മറ്റുള്ളവരെ ഉപദ്രവിക്കുകയാണ്; നശിപ്പിക്കുകയാണ്. ക്രിസ്തുസ്നേഹത്തിന്റെയും, ക്രിസ്തുവിന്റെ കാരുണ്യത്തിന്റെയും വിശുദ്ധ ഇടങ്ങളായിരുന്ന നമ്മുടെ കുടുംബങ്ങൾക്ക് ഇന്ന് രോഗം പിടിച്ചിരിക്കുകയാണ്; വളർച്ച നിലച്ചു് മുരടിച്ചു പോകുകയാണ്. സിനിമകളിലൊക്കെ, വില്ലന്മാരെയും, പിടിച്ചുപറിക്കാരെയും, ചീത്തവഴികളിലൂടെയൊക്കെ നടക്കുന്ന കഥാപാത്രങ്ങളെയും അവതരിപ്പിക്കുമ്പോൾ, എന്തുകൊണ്ടാണ് അവർക്കൊക്കെ ക്രൈസ്തവ നാമങ്ങൾ കിട്ടുന്നത്? മറ്റു പല കാരണങ്ങൾ ഉണ്ടാകാമെങ്കിലും, നമ്മുടെ യഥാർത്ഥ ജീവിതങ്ങൾ അങ്ങനെയായതുകൊണ്ടും കൂടിയല്ലേ? നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ക്രൈസ്തവ ജീവിതങ്ങളുടെ വിശുദ്ധി, നന്മ വീണ്ടെടുക്കേണ്ടിയിരിക്കുന്നു!

സ്നേഹമുള്ളവരേ, ക്രിസ്തു ഇന്ന് നമ്മെ വീണ്ടും പഠിപ്പിക്കുകയാണ്. ക്രൈസ്തവർ എങ്ങനെയുള്ളവരായിരിക്കണം, ഈ ഭൂമിയിൽ എങ്ങനെ അവർ ജീവിക്കണം എന്ന് ഈശോ നമുക്ക് പറഞ്ഞു തരികയാണ്.

രണ്ട്‌, ക്രൈസ്തവ മനോഭാവത്തിന്റെ തലം. ക്രൈസ്തവരുടെ ജീവിതത്തോടുള്ള മനോഭാവം എങ്ങനെയായിരിക്കണമെന്ന് ഈശോ നമ്മോട് പറയുകയാണ്: “ദാനമായി നിങ്ങൾക്ക് കിട്ടി. ദാനമായിത്തന്നെ കൊടുക്കുവിൻ.” ഇത് മിഷനറി പ്രവർത്തനത്തിന് പോകുന്ന വൈദികരോടും, സിസ്റേഴ്സിനോടും മാത്രം പറയുന്നതല്ല. ഓരോ ക്രൈസ്തവന്റെയും ജീവിത മനോഭാവം ഇതായിരിക്കണം. നാമെല്ലാവരും സ്വീകർത്താക്കളാണ്. നല്കപ്പെട്ടിട്ടുള്ളതല്ലാതെ, സ്വീകരിച്ചിട്ടുള്ളതല്ലാതെ എന്താണ് നമ്മുടെ ജീവിതത്തിലുള്ളത്? നമ്മുടെ ഈ കൊച്ചു ജീവിതം, ജീവൻ നിലനിർത്തുന്ന പ്രാണവായു, നാം കുടിക്കുന്ന ജലം, തിന്നുന്ന ഭക്ഷ്യധാന്യങ്ങൾ, പഴവർഗങ്ങൾ, സൂര്യനിൽ നിന്ന് ലഭിക്കുന്ന ചൂട്, ചന്ദ്രനക്ഷത്രാദികൾ, ഉള്ളിലേക്ക് വലിക്കുന്ന ഓക്സിജൻ, പുറത്തേക്ക് വിടുന്ന കാർബൺ ഡയോക്സൈഡ്…എല്ലാം പ്രിയപ്പെട്ടവരേ, ദൈവം നമുക്ക് നൽകിയതാണ്. നാം ആമസോൺ വഴി ഓർഡർ ചെയ്തതല്ല, ഫ്ലിപ്കാർട്ടിന്റെ പ്ലാറ്റഫോമിൽ പരസ്യം കണ്ടിട്ട് ബുക്ക് ചെയ്തതല്ല. എല്ലാം ദാനമാണ്. ഇതെല്ലം എന്റേതാണ് എന്ന അഹങ്കാരം പറച്ചിൽ പാടില്ല. അത് അപരാധമാണ്. വിശുദ്ധ പൗലോശ്ലീഹാ വിജ്ഞാനത്തിൽ, സമ്പത്തിൽ, സൈന്യബലത്തിൽ, മസിൽ പവറിൽ അഹങ്കരിച്ച റോമക്കാരോട് എന്താണ് പറഞ്ഞത്? ” മനുഷ്യന്റെ ആഗ്രഹമോ, പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.” (9, 16)

നമ്മുടെ ശ്വാസകോശത്തിൽ എത്ര സുഷിരങ്ങളുണ്ട്? ഏതാണ്ട് ആറായിരം ചെറിയ സുഷിരങ്ങളുണ്ട്. എങ്കിലും വളരെ അപൂർവമായേ ഒരാൾ തന്റെ മുഴുവൻ ശ്വാസകോശങ്ങളും ഉപയോഗിക്കുന്നുള്ളൂ. നല്ല ആരോഗ്യമുള്ളയാൾപോലും രണ്ടായിരം സുഷിരങ്ങളിലൂടെയേ ശ്വസിക്കുന്നുള്ളു. ബാക്കി നാലായിരം സുഷിരങ്ങൾ ഓടുമ്പോഴോ, നീന്തുമ്പോഴോ, വലിയ ജോലികൾ ചെയ്യുമ്പോഴോ കൂടുതൽ ശ്വസിക്കുവാനുള്ളതാണ്. ശ്വസിക്കുന്നതിന് മുൻപ് കാർബൺ ഡയോക്സൈഡ് ശ്വാസ കോശത്തിൽ നിന്ന് പുറന്തള്ളണം. ശ്വാസകോശത്തിൽ കാർബൺ ഡയോക്സൈഡ് നിറഞ്ഞാൽ മരണം സംഭവിക്കും. നമുക്ക് ചുറ്റുമുള്ള മരങ്ങളും ശ്വസിക്കുന്നുണ്ട്. അവ ശ്വസിക്കുന്നത് കാർബൺ ഡയോക്സൈഡ് ആണ്. അവർക്കിത് കിട്ടുന്നത് നമ്മിൽ നിന്നാണ്. നമ്മളില്ലെങ്കിൽ അവ മരിക്കും. മരങ്ങളില്ലെങ്കിൽ ഓക്സിജൻ നമുക്ക് ലഭിക്കില്ല. അപ്പോൾ നാം മരിക്കും.

എന്നാൽ, എല്ലാം വളരെ കൃത്യമായി നൽകപ്പെടുന്നു. ആരാണ് തരുന്നത്? അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ? റഷ്യൻ ഭീമൻ വ്ളാദിമിർ പുടിൻ? ഇന്ത്യൻ പ്രധാനമന്ത്രി നരേദ്ര മോദി? എല്ലാത്തിന്റെയും അടിസ്ഥാനം ദൈവത്തിന്റെ ദയയാണ്.

എങ്കിൽ, ഞാൻ കൊടുക്കുകയില്ല, പങ്കുവയ്ക്കുകയില്ല എന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? ദൈവം അങ്ങനെ പറയുന്നുണ്ടോ? ഇല്ല. നിങ്ങളുടെ തോട്ടത്തിലെ, വൃക്ഷങ്ങളോ, നിങ്ങളുടെ തൊഴുത്തിലെ കന്നുകാലികളോ അങ്ങനെ പറയുന്നുണ്ടോ? ഇല്ല. പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്ന വായു അങ്ങനെ പറയുന്നുണ്ടോ? നിങ്ങളുടെ കിണറിലെ, പുഴയിലെ, കുളത്തിലെ വെള്ളം അങ്ങനെ പറയുന്നുണ്ടോ? ഇല്ല. അപ്പോൾ പിന്നെ? എല്ലാം ദാനമായി കിട്ടിയതുകൊണ്ട്, ഹേ, മനുഷ്യാ, ദാനമായിത്തന്നെ നീ കൊടുക്കണം. ഇതാണ് ക്രിസ്തുവിന്റെ ഹൃദയം! ക്രൈസ്തവ മനോഭാവം. 

കുട്ടിയായിരുന്നപ്പോൾ വീട്ടിലെ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. ഓരോ നേരവും ചോറുവയ്ക്കുവാനായി അരിയെടുക്കുമ്പോൾ എന്റെ അമ്മച്ചി ഒരു പിടി അരി അതിൽ  നിന്നെടുത്തു് മാറ്റിവയ്ക്കും. വിൻസെന്റ് ഡി പോൾ സംഘടനയിലെ അംഗങ്ങൾ വരുമ്പോൾ കൊടുക്കുവാനാണ്. ഒരു കാലത്തു് നമ്മുടെ എല്ലാ അമ്മമാരും ഇങ്ങനെ ചെയ്തിരുന്നു. എന്നാൽ, എന്റെ അമ്മച്ചിയുടെ കാര്യത്തിൽ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത് ഇതാണ്. ഒരു പിടി അരിയെടുത്തിട്ട് അതിൽ നോക്കി അമ്മച്ചി ഒന്ന് പുഞ്ചിരിക്കും. എന്നിട്ടത് വേറൊരു  പാത്രത്തിലേക്ക് മാറ്റിവയ്ക്കും. ഒരിക്കൽ ഞാൻ അമ്മച്ചിയോട് ചോദിച്ചു:” അമ്മച്ചീ, അമ്മച്ചി എന്തിനാണ് പിടിയരി നോക്കി പുഞ്ചിരിക്കുന്നത്?” അപ്പോൾ അമ്മച്ചി പറഞ്ഞു: “ഈ ലോകത്തിലെ ഏതെങ്കിലും ഒരു വ്യക്തി ഈ അരി ഭക്ഷിക്കും. ആ വ്യക്തിയുടെ മുഖത്തെ അപ്പോഴത്തെ സംതൃപ്തി ഓർത്തിട്ടാണ് ഞാൻ പുഞ്ചിരിക്കുന്നത്”. ധാരാളം ഉണ്ടായിട്ടല്ല, ഉള്ളത് ദാനമായി കിട്ടിയതുകൊണ്ട്, ദാനമായി കൊടുക്കുവാനുള്ള അമ്മച്ചിയുടെ മനസ്സായിരുന്നു ആ പുഞ്ചിരി എന്ന് ഇപ്പോൾ ഞാൻ മനസിലാക്കുന്നു.    

നമുക്ക് ഉള്ളത് നല്കപ്പെട്ടിട്ടുള്ളതാണ്. ദാനമായി ലഭിച്ചിട്ടുള്ളതാണ്. ഉള്ളതിൽ നിന്ന് കൊടുക്കുമ്പോഴുണ്ടാകുന്ന വേദനയാണ് ക്രൈസ്തവന്റെ ജ്ഞാനസ്നാനം. ആ വേദനയാണ് നമുക്ക് ദൈവത്തിന്റെ കൃപയായി, സമൃദ്ധിയായി വീണ്ടും നമ്മുടെ ജീവിതത്തിൽ നിറയുന്നത്. എല്ലാം ദാനമായി കിട്ടിയതായതുകൊണ്ട് കൊടുക്കുക എന്നത് ഒരു സ്വാഭാവിക പ്രവൃത്തിയാകണം. പൂക്കൾ സുഗന്ധം പരത്തുന്നതുപോലെയാണത്. ആർക്ക് നൽകുന്നതെന്ന് അവർ അറിയുന്നില്ല. അവർക്കതിൽ താത്പര്യമില്ല. കാറ്റ് എവിടെ പോകുന്നുവോ അവിടെയെല്ലാം സുഗന്ധം പരക്കും. ഇങ്ങനെയുള്ളവർ നല്കുന്നതിനെക്കുറിച്ചു് അറിയുന്നുപോലുമില്ല. ഇവരെപ്പോലുള്ളവരുടെ കരങ്ങളിലൂടെയാണ് ദൈവം സംസാരിക്കുന്നത്. മഹാനായ, ചിന്തകനായ ഖലീൽ ജിബ്രാൻ പറയുന്നത് കേൾക്കുക: ചോദിക്കുമ്പോൾ കൊടുക്കുന്നത് നല്ലതുതന്നെ. എന്നാൽ ചോദിക്കാതെ, മനസ്സിലാക്കിക്കൊടുക്കുന്നത് ഏറെ നന്ന്. കാരണം, ചോദിക്കാതെയല്ലേ നമുക്കെല്ലാം ലഭിക്കുന്നത്!!!”

സ്നേഹമുള്ളവരേ, കോവിഡനന്തര കാലത്തിന്റെ ബുദ്ധിമുട്ടുകളും, കർക്കിടകത്തിന്റെ കഷ്ടങ്ങളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന നമ്മോട് ഇന്നത്തെ സുവിശേഷം പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ. രണ്ട് കാര്യങ്ങളാണ് പ്രധാനമായും നാം ശ്രദ്ധിക്കേണ്ടത്. നമ്മുടെ ക്രൈസ്തവ ആത്മീയ ജീവിതത്തിന്റെ തലങ്ങൾ നാം ശക്തിപ്പെടുത്തണം. എല്ലാം ദാനമാണ്, ദൈവം നൽകിയതാണ്. ദാനമായിത്തന്നെ കൊടുക്കുക.

ഇന്നത്തെ വചന സന്ദേശം അവസാനിപ്പിക്കുന്നതിന് മുൻപ്  നിങ്ങളോടൊരു ചോദ്യം ചോദിക്കട്ടെ. What are you passionate about? എന്തിനോടാണ് നിങ്ങൾക്ക് അഭിനിവേശമുളളത്? അല്ലെങ്കിൽ എന്തിനോടാണ് ഏറ്റവും ആവേശം ഉള്ളത്? തീർച്ചയായും, ഒരു ക്രൈസ്തവനെന്ന നിലയിൽ, ഒരു ക്രൈസ്തവ എന്ന നിലയിൽ? പണത്തിനോട്? വീടിനോട്? ലോകസുഖങ്ങളോട്? അധികാരത്തോട്? ഫാഷനോട്? ഇൻസ്റ്റഗ്രാമിനോട്, വാട്സ്ആപ്പിനോട്? വിശുദ്ധ പൗലോശ്ലീഹാ തന്റെ അഭിനിവേശത്തെക്കുറിച്ച് റോമാക്കാരോട് പറയുന്നുണ്ട്. “…ക്രിസ്തുവിനെ അറിയാത്ത സ്ഥലങ്ങളിൽ സുവിശേഷം പ്രസംഗിക്കുന്നതിൽ ഞാൻ അത്യധികം ഉത്സാഹം കാണിച്ചു.” വിശുദ്ധ പൗലോസിന്റെ ഉത്സാഹം, ആവേശം, ക്രിസ്തുവിനെ അറിയാത്ത സ്ഥലങ്ങളിൽ സുവിശേഷം പ്രസംഗിക്കുന്നതിൽ ആയിരുന്നു. ഈ മിഷൻ ഞായറാഴ്ച്ച What are you passionate about? എന്ന് ചോദിക്കുമ്പോൾ, പൗലോശ്ലീഹായെപ്പോലെ “My ambition is to proclaim the good news not where Christ has been named”എന്ന് പറയുന്ന ക്രൈസ്തവരായിത്തീരുവാൻ തിരുസ്സഭ നമ്മെ ക്ഷണിക്കുകയാണ്.

ക്രിസ്തുമതം മറ്റേതൊരു മതത്തെയും പോലെ ഒരു മതമാണ് എന്നും, മറ്റ് സംഘടനകളെപ്പോലെ ഒരു സംഘടനയാണെന്നുമൊക്കെ വരുത്തി തീർക്കുവാനുള്ള പരിശ്രമങ്ങൾ ലോകം മുഴുവനും നടക്കുന്നുണ്ട്. എന്നാൽ, ക്രിസ്തുമതത്തിന് ഒരു പ്രത്യേകതയുണ്ട്. ക്രൈസ്തവ ആത്മീയതയ്ക്ക് ഒരു പ്രത്യേക സുഗന്ധമുണ്ട്. ക്രൈസ്തവരുടെ മനോഭാവങ്ങൾക്ക് പ്രത്യേക സൗന്ദര്യമുണ്ട്. ഇക്കാര്യം ലോകത്തോട് പ്രഘോഷിക്കുവാനാണ് ദൈവം നമ്മെ ഈ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. അതാണ് മിഷനറി ജീവിതം!

അത്, നഷ്ടപ്പെടുന്നുണ്ട് എന്ന് സാമാന്യമായി പറയാമെങ്കിലും, ഈ പ്രത്യേകതയും, സുഗന്ധവും, സുന്ദര്യവും ഒട്ടും കുറയാതെ കാത്തുസൂക്ഷിക്കുന്ന ധാരാളം ക്രൈസ്തവരുണ്ട് എന്നത് നാം മറക്കരുത്. നമ്മുട ജീവിതങ്ങളും, കുടുംബങ്ങളും ക്രൈസ്തവ ചൈതന്യത്താൽ നിറയട്ടെ. ക്രിസ്തു ഇന്ന് പഠിപ്പിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ വിശുദ്ധ കുർബാന നമ്മെ ശക്തിപ്പെടുത്തട്ടെ.

നൽകുന്നവനും സ്വീകരിക്കുന്നവനും ദൈവത്തിന്റെ മുൻപിൽ അവിടുത്തെ മക്കളാണ്. നാം സ്വഭാവത്താലേ മിഷനറിമാരാണ് എന്ന് നമുക്ക് മറക്കാതിരിക്കാം. ലോകം മുഴുവനിലും പ്രവർത്തിക്കുന്ന മിഷനറി മാർക്കുവേണ്ടി ഇന്നേ ദിവസം പ്രത്യേകം പ്രാർത്ഥിക്കാം. ആമേൻ!

SUNDAY SERMON MT 25, 31-46

ഏലിയാ സ്ലീവാ മൂശേക്കാലം എട്ടാം ഞായർ

മൂശെ ഒന്നാം ഞായർ  

മത്തായി 25, 31-46

ഏലിയാ സ്ലീവാ മൂശേക്കാലം എട്ടാം ഞായറാഴ്ച, മനോഹരമായ ഈ ദേവാലയത്തിൽ, സ്വച്ഛമായ, ദൈവാനുഗ്രഹം നിറഞ്ഞ അന്തരീക്ഷത്തിൽ, വിശുദ്ധ കുർബാന ഏറ്റവും ആഘോഷപൂർവ്വമായി അർപ്പിച്ചുകൊണ്ട്, നാം ഈ ഞായറാഴ്ചയുടെ നിമിഷങ്ങളെ വിശുദ്ധമാക്കുകയാണ്. ജനനവും, മരണവും അതിരിട്ട ഈ ഭൂമിയിലെ ജീവിതത്തിൽ എത്ര ജനനങ്ങൾ നാം കണ്ടു? എത്ര മരണങ്ങൾ നാം കണ്ടു? എന്നാൽ വേണ്ടവിധം കാണേണ്ട കാഴ്ചകൾ നാം കണ്ടുവോ? കണ്ട കാഴ്ചകൾ പറഞ്ഞുതന്നവ നാം കേട്ടുവോ? കാണേണ്ട കാഴ്ചകളിലേക്ക് കണ്ണുതുറക്കാനുള്ള ക്ഷണമാണ് ഈ ഞായറാഴ്ചയിലെ സുവിശേഷഭാഗം.   

നാം കാണേണ്ട കാഴ്ചകളിൽ ഏറ്റവും മനോഹരമായ, ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മരണം.

ഒരുപാട് സ്വപ്നങ്ങളുമായി ഓടിക്കൊണ്ടിരിക്കുന്ന ഈ ജീവിതത്തിൽ സ്വന്തം മരണത്തെപ്പറ്റിയോ, സ്വന്തക്കാരുടെ മരണത്തെപ്പറ്റിയോ അല്പനേരമെങ്കിലും ചിന്തിക്കാത്തവരായി നമ്മളിൽ ആരുമുണ്ടാകില്ല.  അപ്രതീക്ഷിതമായി കടന്നുവരുന്ന നമ്മുടെ മരണത്തെക്കുറിച്ചു്, വീടിന്റെ ഹാളിലോ, ഉമ്മറത്തോ ഒരു കട്ടിലിലോ, ഫ്രീസറിലോ നമ്മൾ കിടക്കുന്നത്, ആത്മാവ് സ്വർഗത്തിലേക്ക് യാത്രയായപ്പോൾ അത് നോക്കി നിന്ന തുറന്ന കണ്ണുകൾ വീട്ടുകാരോ, നാട്ടുകാരോ അടയ്ക്കുന്നത്, തുറന്നുപോയ നമ്മുടെ വായ തുറന്നിരിക്കാതിരിക്കാൻ ഒരു ശീലകൊണ്ട്  കുടുംബക്കാരും, നാട്ടുകാരും ചേർന്ന് കൂട്ടി ക്കെട്ടുന്നത്, വിടർന്നുപോയ കാലുകൾ അകന്നുപോകാതിരിക്കുവാൻ രണ്ടുകാലിന്റെയും തള്ളവിരലുകൾ കൂട്ടിക്കെട്ടുന്നത്, വിവരമറിഞ്ഞ് കടന്നുവരുന്ന സ്വന്തക്കാരും ബന്ധുക്കളും കൂട്ടുകാരും വന്ന് നമ്മെ നോക്കി കരയുന്നത്…അവസാനം നമ്മൾ ഒറ്റയ്ക്കാകുന്ന കുഴിമാടവും അവിടെയുള്ള ജീവിതവും.. എല്ലാം അല്പനേരമെങ്കിലും ജീവിതത്തിരക്കിനിടയ്ക്ക് നാം ഭാവന ചെയ്യുന്നുണ്ടാകും!  

ആർക്കൊക്കെ വെറുപ്പുണ്ടെങ്കിലും, ആരൊക്കെ ഇഷ്ടപ്പെടുന്നില്ലെങ്കിലും മരണം നമ്മെ തിരിച്ചുകൊണ്ടുപോകുകയാ. ഒരിക്കലും നമ്മുടെ ആഗ്രഹങ്ങളും, ഇഷ്ടങ്ങളും പൂർത്തീകരിച്ചിട്ടല്ല ദൈവം നമ്മെ തിരിച്ചുവിളിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ നാമൊന്നും മരിക്കുകപോലുമില്ലായിരുന്നു. കാരണം, അത്രയും സ്വപ്നങ്ങളും, ആഗ്രഹങ്ങളുമായിട്ടാണ് നാം നടക്കുന്നത്. ഇന്നും, പെട്ടെന്നുള്ള മരണവാർത്തകൾ കേൾക്കുമ്പോൾ, നമ്മുടെ പ്രാർത്ഥന, ഈശോയെ എന്റെ മക്കളെ ഒന്നൊരു കരയ്‌ക്കെത്തിച്ചിട്ട് എന്നെ അങ്ങോട്ട് വിളിച്ചാ മതികെട്ടോ എന്നായിരിക്കും. എന്നാൽ, അതൊന്നും പരിഗണിക്കാതെ, ഈ ഭൂമിയിലെ നമ്മുടെ ജീവിതം അവസാനിച്ചാൽ നാം തിരികെപോകേണ്ടിവരും. അത്, കുട്ടിയായിരുന്നാലും, യുവത്വത്തിലായിരുന്നാലും, എഴുപത് കഴിഞ്ഞാലും നാം തിരിച്ചുപോകേണ്ടിവരും. ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും നെഞ്ചിൽപേറി അവസാനം ചിലതൊക്കെ നേടി, ചിലതൊക്കെ നേടാതെ ഈ മണ്ണിലേക്ക് പോകുമ്പോൾ ആ യാത്രയെക്കുറിച്ച് ആയുസ്സിന്റെ ഓരോ സെക്കണ്ടും ഞാനും നിങ്ങളും ചിന്തിക്കേണ്ടതുണ്ട്.

എന്നാൽ, ഓരോ മനുഷ്യനിലേക്കും അവശ്യം വന്നെത്തുന്ന മരണത്തെക്കുറിച്ചല്ല ഇന്നത്തെ സുവിശേഷം നമ്മെ ഓർമിപ്പിക്കുന്നത്. പിന്നെയോ, ഓരോ മനുഷ്യനും, മരണശേഷം അഭിമുഖീകരിക്കേണ്ട അന്ത്യവിധിയെക്കുറിച്ചാണ്. ഈ ലോകത്തിന് ഒരവസാനമുണ്ടെന്നും, മനുഷ്യപുത്രൻ തന്റെ മഹത്വത്തിൽ വനമേഘങ്ങളിൽ വീണ്ടും വരുമെന്നും, അപ്പോൾ അവിടുന്ന് ഭൂമിയിലെ ആദ്യംമുതലുള്ള, ഒരറ്റം മുതൽ മറ്റേയറ്റംവരെയുള്ള മനുഷ്യരെയെല്ലാം ഒരുമിച്ചുകൂട്ടി, നല്ലവരെ തന്റെ വലതുവശത്തും, ദുഷ്ടരെ തന്റെ ഇടതുവശത്തും നിർത്തി അവരുടെ ചെയ്തികളെ വിധിക്കുമെന്നും നാം വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ലോകാവസാനത്തിന് മൂന്ന് കാര്യങ്ങൾ പൂർത്തീകരിക്കപ്പെടേണ്ടതുണ്ടെന്നാണ് ഈശോ പറയുന്നത്. ഒന്ന്, ‘ദൈവരാജ്യത്തിന്റെ സുവിശേഷം ലോകത്തിന്റെ എല്ലാ അതിർത്തികളിലും പ്രസംഗിക്കപ്പെടണം. അപ്പോൾ അന്ത്യമാകും. രണ്ട്, എല്ലാ ആടുകളും തന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിൻപറ്റവും ഒരിടയനുമാകും. (യോഹ 10, 16) മൂന്ന്, സകല ജനങ്ങളും (യഹൂദരടക്കം) ക്രിസ്തു ദൈവമാണെന്ന് ഏറ്റുപറയും. ഈ മൂന്ന് കാര്യങ്ങൾ സംഭവിക്കുമ്പോൾ ലോകാവസാനമാകും. ലോകാവസാനത്തിൽ അന്ത്യവിധിയുമുണ്ടാകും.

മരണം എല്ലാ മനുഷ്യരെയും ബാധിക്കുന്ന ഒരു യാഥാർഥ്യമായതുകൊണ്ട് അതിനെക്കുറിച്ച് ഈശോ സംസാരിക്കുന്നില്ല. അന്ത്യവിധിയെക്കുറിച്ചാണ് ഈശോ പറയുന്നത്. എല്ലാ സ്വപ്നങ്ങളെയും തകർത്തുകൊണ്ട് കടന്നുവരുന്ന മരണത്തെയാണോ, അതോ, സംഭവിക്കാനിരിക്കുന്ന അന്ത്യവിധിയെയാണോ മനുഷ്യൻ ഭയക്കുന്നത്? അന്ത്യവിധിയെക്കുറിച്ചു് മതഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നതല്ലാതെ, അതിൽ വിശ്വസിക്കുന്നതല്ലാതെ ഒന്നും അറിയാൻ പാടില്ലാത്തതുകൊണ്ടാകും അന്ത്യവിധിയെക്കുറിച്ചു് നാം അധികം ചിന്തിക്കാത്തത്.

കോട്ടയം വടവാതൂർ സെമിനാരിയിൽ എന്നെ പഠിപ്പിച്ച അദ്ധ്യാപകൻ അച്ചനെ അദ്ദേഹത്തിന്റെ അവസാനനാളുകളിൽ ഞാൻ കാണുവാൻ ചെന്നു. പലതും സംസാരിച്ച കൂട്ടത്തിൽ മരണത്തെക്കുറിച്ചും അദ്ദേഹം തന്റെ ചിന്തകൾ പങ്കുവച്ചു. അതിനിടയിൽ അദ്ദേഹം കരയുവാൻ തുടങ്ങി. ഒട്ടു പ്രതീക്ഷിക്കാത്ത ഒരു രംഗമായതുകൊണ്ടും, ഞാൻ ഏറെ ബഹുമാനിക്കുന്ന വൈദികനായതുകൊണ്ടും, ആധ്യാത്മികമായി വളരെ ഉന്നതിൽ നിൽക്കുന്ന അച്ചനായതുകൊണ്ടും എന്നെ അത് അത്ഭുതപ്പെടുത്തി. ” എന്താ, അച്ചന് മരിക്കുവാൻ പേടിയാണോ?” എന്ന് ഞാൻ ചോദിച്ചപ്പോൾ, കരച്ചിലടക്കി വെറുതെ ഒന്ന് ചിരിച്ചിട്ട്, അദ്ദേഹം പറഞ്ഞു: “മരിക്കാൻ എനിക്ക് ഒട്ടും പേടിയില്ല.”  – നമുക്കൊക്കെ മരണം പേടിയാണ്. മരണത്തെ ഞാനും നിങ്ങളും പേടിക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം ആഞ്ഞുവലിക്കുന്ന ശ്വാസത്തോടൊപ്പം വാരിയെല്ലിന്റെ ഉള്ളിലൂടെ കൊത്തിപ്പറിക്കുന്ന ഒരു വേദന തോന്നിയാൽ നമ്മളിൽ പലരും പകുതി മരിക്കാൻ തുടങ്ങും. അടുത്തുള്ള ആശുപത്രിയിൽ ചെന്ന് ECG തുടങ്ങിയ എല്ലാ ടെസ്റ്റുകളും, സ്കാനിംഗും കഴിഞ്ഞ്, കുഴപ്പമൊന്നുമില്ല, ഗ്യാസാണ് എന്ന് ഡോക്ടർ പറയുന്നതുവരെ എത്രപ്രാവശ്യം നമ്മൾ മരിച്ചുകാണും! നമുക്കൊക്കെ മരണത്തെ പേടിയാണ്.  – ആ വൈദികൻ പറഞ്ഞു:  “മരിക്കാൻ എനിക്ക് ഒട്ടും പേടിയില്ല. ഞാൻ ഭയക്കുന്നത് അന്ത്യവിധിയെയാണ്? അച്ചൻ കയ്യിലിരുന്ന തോർത്തുകൊണ്ട് തന്റെ കണ്ണീർ തുടച്ചു.

വിശുദ്ധനായ ഒരു വൈദികനെപ്പോലും അന്ത്യവിധി ഭയപ്പെടുത്തുന്നുണ്ടെങ്കിൽ, നാം, സാധാരണക്കാരായ ക്രൈസ്തവർ എത്രമാത്രം അന്ത്യവിധിയെ ഭയക്കണം? അവസാന യാത്രതുടങ്ങിയശേഷം ദൈവപുത്രന്റെ സന്നിധിയിൽ എത്തുന്നതുവരെയുള്ള യാത്ര അവസാനിക്കുന്നത് സ്വർഗ്ഗമോ നരകമോ എന്ന വലിയ ചോദ്യത്തിന്റെ മുൻപിലാണ്. അതേ, പ്രിയപ്പെട്ടവരേ, അമ്മയുടെ ഗർഭപാത്രത്തിന്റെ ഇരുട്ടിൽ നിന്ന് നിശ്ചയിക്കപ്പെട്ട ആറടിമണ്ണിന്റെ ഇരുട്ടിലേക്കുള്ള യാത്രയ്ക്കിടയിലെ തുച്ഛമായ ഒരു ലോകം. അത് മാത്രമാണ് ഈ ജീവിതം. ആ ഇരുട്ടുകൾക്കിടയിലുണ്ടായിരുന്ന വെളിച്ചം അവസാനിക്കുന്ന മരണത്തിനുശേഷം അന്ത്യവിധിയായി! വിശുദ്ധനായ വൈദികനെപ്പോലും അന്ത്യവിധി ഭയപ്പെടുത്തുന്നുണ്ടെങ്കിൽ, അന്ത്യവിധിയുടെ യാത്രയിലേക്കുള്ള മരണം ഏത് സെക്കന്റിലും നമ്മെയും തേടിയെത്തും. മരണം നമ്മുടെ വാതിൽക്കലുണ്ട്, മരണം നമ്മുടെ ചെരിപ്പിനടിയിലുണ്ട്. മരണം നമ്മുടെ പിന്നാലെയുണ്ട്. മരണം ഞാൻ ഓടിക്കുന്ന വാഹനത്തിന്റെ പിന്നാലെയുണ്ട്. മരണം ഞാൻ കഴിക്കുന്ന ഭക്ഷണത്തോടൊപ്പമുണ്ട്. മരണം ഞാൻ കുടിക്കുന്ന വെള്ളത്തോടൊപ്പമുണ്ട്. ആ മരണത്തിനുശേഷം, നമ്മുടെ വീട്ടുകാരും അയൽവക്കക്കാരും നമ്മോട് ചെയ്യാനുള്ള കടമകളെല്ലാം ചെയ്യും. അടഞ്ഞുപോയ നമ്മുടെ കണ്ണുകളിലേക്ക് അവരൊന്ന് നോക്കും. നമ്മുടെ സഹോദരങ്ങളെ, മക്കളെ തോളിൽ തട്ടി ആശ്വസിപ്പിക്കും. എന്നിട്ട് വലിച്ചുകെട്ടിയ ടാർപായയുടെ അടിയിലെ കസേരയിലിരുന്ന് അവർ നമുക്ക് വേണ്ടി പ്രാർത്ഥിക്കും. “കർത്താവേ, അന്ത്യവിധിയുടെ നാളിൽ ഈ ആത്മാവിനോട് കരുണകാണിയ്ക്കണമേ. നീ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുവാൻ കഴിവ് കൊടുക്കണേ കർത്താവേ”

സ്നേഹമുള്ളവരേ, മരണം നമ്മെ ഭയപ്പെടുത്തേണ്ടതില്ല. ഇന്നത്തെ സുവിശേഷത്തിൽ വായിച്ചുകേട്ടതുപോലെ, ഭയക്കേണ്ടത് അന്ത്യവിധിയെയാണ്. മനുഷ്യരേ, ഈ കാണാവുന്ന പവറും പത്രാസും ഈ ലോകത്തിലേയുള്ളു. പണംകൊണ്ടും, അധികാരംകൊണ്ടും, ശക്തികൊണ്ടും എഴുന്നേറ്റുനിൽക്കാനുള്ള പവർ ഈ മണ്ണിന്റെ മുകളിലേയുള്ളു. ആറടിമണ്ണിൽ വച്ചാൽ ഒന്ന് എഴുന്നേറ്റിരിക്കാൻപോലും സാധിക്കില്ല. അന്ത്യവിധിനാളിൽ ക്രിസ്തു ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം കൊടുക്കുവാൻ കഴിവ് കിട്ടണമെങ്കിൽ അവിടുത്തെ കരുണയുണ്ടാകണം.

ചോദ്യങ്ങൾ വലതുവശത്തു നിൽക്കുന്നവർക്കും, ഇടതുവശത്തുനിൽക്കുന്നവർക്കും ഒരുപോലെയാണ്. നീ പാശ്ചാത്യനാണോ, പൗരസ്ത്യനാണോ എന്നതായിരിക്കല്ല ചോദ്യം; നീ യൂറോപ്പ്യനാണോ, ചൈനക്കാരനാണോ, ഏഷ്യാക്കാരനാണോ എന്നുമായിരിക്കില്ല ചോദ്യം; നീ മലയാളിയോ, ബംഗാളിയോ, തമിഴ്നാട്ടുകാരനോ, ആന്ധ്രാക്കാരനോ എന്നൊന്നും ചോദ്യമുണ്ടാകില്ല. നീ നേടിയെടുത്ത ഡിഗ്രികളെക്കുറിച്ചോ, നീ വെട്ടിപ്പിടിച്ച രാജ്യങ്ങളെക്കുറിച്ചോ, നീ നടത്തിയ വിപ്ലവങ്ങളെക്കുറിച്ചോ ചോദ്യമുണ്ടാകില്ല. വിധിയാളനായ ക്രിസ്തു നമ്മോട് ചോദിക്കുന്ന ഒരേയൊരു ചോദ്യം, ഉത്തരങ്ങൾക്ക് multiple choice ഇല്ലാത്ത ഒരേയൊരു ചോദ്യം ഇതായിരിക്കും: “എന്റെ ഈ എളിയവരിൽ എന്നെക്കണ്ട് അവർക്ക് നന്മചെയ്തുവോ? എന്റെയീ എളിയവർ, കാരാഗൃഹത്തിലായിരുന്നപ്പോൾ അവരെ സന്ദർശിച്ചുവോ? എന്റെയീ എളിയവർ നഗ്നരായിരുന്നപ്പോൾ അവരെ ഉടുപ്പിച്ചുവോ? അവർ വിശന്നപ്പോൾ അവർക്ക് ഭക്ഷണം കൊടുത്തുവോ? അവർ ദാഹിച്ചു നടന്നപ്പോൾ അവർക്ക് കുടിക്കാൻ കൊടുത്തുവോ? എന്നൊക്കെ വിശദീകരിച്ചു് ചോദിക്കുമ്പോൾ, ഈശോയേ, ഈ ലോകത്തിന്റെ പിന്നാലെ പോയതുകൊണ്ട്, സിനിമാക്കാരുടെ പളപളപ്പിന്റെ പിന്നാലെ പോയതുകൊണ്ട്, രാഷ്ട്രീയക്കാരന്റെ വിടുവായത്തത്തിന്റെ പിന്നാലെ പോയതുകൊണ്ട്, മൊബൈലിൽ തോണ്ടിക്കൊണ്ടിരുന്നതുകൊണ്ട്, ജോഷ്‌, സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം തുടങ്ങിയയ്ക്ക് പിന്നാലെ പോയതുകൊണ്ട് ഇതൊന്നും എനിക്ക് ചെയ്യാൻ സാധിച്ചില്ല എന്ന് പറയുവാൻ ഇടവന്നാൽ അന്ത്യവിധി ഭയാനകമായിരിക്കും പ്രിയപ്പെട്ടവരേ!

അപ്പോൾ നാം ആരെ വിളിച്ചാലും ഒരു കാര്യവുമുണ്ടാകില്ല. നീ നിന്റെ സൈന്യത്തെ വിളി, നിന്റെ കയ്യിലുണ്ടായിരുന്ന പണത്തെ, അധികാരത്തെ വിളി, ആരെയൊക്കെയോ തോൽപ്പിക്കുവാൻ വേണ്ടി, ആരെയൊക്കെയോ നശിപ്പിക്കുവാൻവേണ്ടി, നിന്നെ അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ കോടി ഉയരങ്ങളിൽ ഉയർത്തുവാൻവേണ്ടി നിന്നോടൊപ്പം നിന്നവരെ വിളി. ആരെ വിളിച്ചാലും നിന്റെ വിളികളെല്ലാം നിഷ്ഫലമാകുന്ന ദാരുണ മുഹൂർത്തമാണത്. അവിടെ നിന്നെ രക്ഷിക്കുവാൻ നീ ഈ ഭൂമിയിൽ ചെയ്ത നന്മകൾക്കുമാത്രമേ സാധിക്കൂ. ഈ ഭൂമിയിൽ സന്തോഷത്തോടെ ജീവിക്കുന്നതിനും, അന്ത്യ വിധി നാളിൽ ഈശോയുടെ മുൻപിൽ ധൈര്യത്തോടെ നിൽക്കുന്നതിനും, സുകൃതങ്ങൾ ചെയ്ത് നാം ജീവിക്കണം.

ഉ​​​പ്പുതൊ​​​ട്ട് സോ​​​ഫ്റ്റ്‌​​വേ​​​ർ വ​​​രെ ന​​​ൽ​​​കു​​​ന്ന ടാ​​​റ്റാ ഗ്രൂ​​​പ്പി​​​നെ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​യി​​​ച്ച രത്തൻ നവൽ ടാറ്റയുടെ (Ratan Naval Tata 1937-2024) മരണം കഴിഞ്ഞ ആഴ്ചയിലെ പ്രധാന

സംഭവമായിരുന്നു. വ്യവസായികൾക്കിടയിലെ ജീവകാരുണ്യമുഖമായിരുന്നു രത്തൻ ടാറ്റ.  ഒരിക്കൽ ഒരു അഭിമുഖത്തിൽ രത്തൻ ടാറ്റയോട് അവതാരകൻ ചോദിച്ചു:

 “ജീവിതത്തിൽ താങ്കൾക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ നിമിഷമേതാണ്?”

അദ്ദേഹം പറഞ്ഞു: ജീവിതത്തിൽ സന്തോഷത്തിൻ്റെ നാലു വ്യത്യസ്ത ഘട്ടങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്.

ധാരാളം പണവും സ്വത്തും സമ്പാദിച്ചുകൂട്ടിയതാണ് ഒന്നാമത്തെ ഘട്ടം. പക്ഷെ അവിടെ എനിക്ക് ഞാൻ ആഗ്രഹിച്ച സന്തോഷം കിട്ടിയില്ല. പിന്നെ രണ്ടാമത്തെ ഘട്ടം വന്നു.

വളരെ വിലപിടിപ്പുള്ള വസ്തുക്കൾ ഞാൻ ശേഖരിക്കാൻ തുടങ്ങി.അതിൽ നിന്നും ലഭിച്ച സന്തോഷവും  താൽക്കാലികം മാത്രമാണെന്ന് വളരെ പെട്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.

തുടർന്ന് മൂന്നാമത്തെ ഘട്ടമായി. അവിടെ ഞാൻ പുതിയ കുറെ പ്രൊജക്ടുകൾ ആരംഭിച്ചു. എന്നിട്ടും എനിക്ക് ഞാൻ സ്വപ്നം കാണുന്ന സന്തോഷം കണ്ടെത്താൻ കഴിഞ്ഞില്ല.

അവസാനം നാലാമത്തെ ഘട്ടം വന്നു. അതിങ്ങനെയാണ്:

ഒരിക്കൽ 200 ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വീൽചെയറുകൾ വാങ്ങി നൽകണമെന്ന്  എൻ്റെ ഒരു സുഹൃത്ത് എന്നോട് ആവശ്യപ്പെട്ടു .ഉടൻ തന്നെ അത് വാങ്ങി കൊടുക്കാനുള്ള ഏർപ്പാട് ചെയ്തു. അത് വിതരണം ചെയ്യുന്ന പരിപാടിയിലേക്ക് ഞാൻ തന്നെ എത്തണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചു. അതിനും ഞാൻ സന്നദ്ധനായി. അങ്ങനെ ആ 200 കുട്ടികൾക്കും ഞാൻ തന്നെ നേരിട്ട് എൻ്റെ കൈകൾ കൊണ്ട് വീൽചെയറുകൾ വിതരണം ചെയ്തു. അത് സ്വീകരിക്കുമ്പോൾ അവരുടെ മുഖത്ത് സന്തോഷത്തിൻ്റെ ഏതോ വന്യമായ വെളിച്ചം പ്രകാശിക്കുന്നത് ഞാൻ കണ്ടു. ഏതോ ഒരു കാഴ്ച ബംഗ്ലാവിലേക്ക് (Picnic Spot) എത്തിയതു പോലെയായിരുന്നു അപ്പോൾ അവരുടെ എല്ലാവരുടെയും അവസ്ഥ. എൻ്റെ ഉള്ളിലെ യഥാർഥ സന്തോഷമെന്താണെന്ന് അന്നത്തെ ആ ദിവസമാണ് ഞാൻ മനസ്സിലാക്കിയത് !

 അവിടെ നിന്ന് തിരിച്ചുപോരാൻ നേരം ഒരു കുട്ടി എൻ്റെ കാലുകൾ മുറുക്കിപ്പിടിച്ചു. എത്ര കുതറാൻ നോക്കിയിട്ടും എനിക്കതിന് കഴിഞ്ഞില്ല. അവസാനം ഞാൻ അവനോട് ചോദിച്ചു: ”നിനക്ക് വേറെ എന്തെങ്കിലും ആവശ്യമുണ്ടോ?” എൻ്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ആ കുട്ടി പറഞ്ഞു:

 “എനിക്ക് താങ്കളുടെ മുഖം നന്നായി ഓർത്തു വക്കണം.  നാളെ സ്വർഗത്തിൽ വച്ച് നാം പരസ്പരം കണ്ടുമുട്ടുമ്പോഴും എനിക്ക് താങ്കളോട് നന്ദി പറയണം.”

സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

അധികാരത്തിലോ പണത്തിലോ പ്രശസ്തിയിലോ അല്ല മറ്റുള്ളവരെക്കൂടി നമ്മളോട് ചേർത്തു പിടിക്കുന്നതിലാണ് യഥാർത്ഥ സന്തോഷമെന്ന് ആ കുഞ്ഞിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞു. അന്ന് യഥാർത്ഥ സന്തോഷം എന്തെന്ന് ഞാൻ അനുഭവിച്ചു. ഇത്തരം നന്മകൾ ചെയ്‌താൽ ഞാൻ സ്വർഗ്ഗത്തിലെത്തുമായിരിക്കും.”

ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ ചൈതന്യവുമായി ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്ന അന്ത്യവിധിയെക്കുറിച്ചുള്ള ചിന്തകൾ സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാൻ കെൽപ്പുള്ളതാണ്. ദൈവത്തിന്റെ വചനത്തിന്റെ സന്ദേശം നമ്മുടെ ജീവിതത്തെ ചിട്ടപ്പെടുത്തുവാൻ, നമ്മെ നന്മയിലൂടെ നടത്തുവാൻ ഉദ്ദേശിച്ചുള്ളതാണ്. ഞാൻ എന്റെ തോന്നലുകൾക്കനുസരിച്ചു് ജീവിക്കുമെന്ന പൈശാചികമായ ചിന്താഗതി ഉപേക്ഷിച്ചു് അന്ത്യവിധിയിൽ ഈശോയുടെ ചോദ്യത്തിന് നല്ല ഉത്തരം നൽകുന്നതിനുള്ള പുറപ്പാടുകളായിരിക്കട്ടെ ഇനിയുള്ള നമ്മുടെ ജീവിതം. അന്ത്യവിധി നാളിൽ ഈശോ ചോദിക്കുന്ന ഈയൊരു ചോദ്യം എപ്പോഴും നമ്മുടെ മനസ്സിലുണ്ടായിരിക്കട്ടെ. നമുക്ക് ദൈവം നൽകുന്ന എല്ലാ അനുഗ്രഹങ്ങളും,

കഴിവുകളും, സമ്പത്തും, സ്ഥാനമാനങ്ങളും, അവസരങ്ങളും ഈയൊരു ചോദ്യത്തിന് നല്ല ഉത്തരം കൊടുക്കുവാൻ നാം ഉപയോഗിക്കണം. അതിനുള്ള അനുഗ്രഹം വിശുദ്ധ കുർബാനയുടെ ഈശോ നമുക്ക് നൽകട്ടെ. ആമേൻ!

SUNDAY SERMON MT 11, 25-30

ഏലിയാ സ്ലീവാ മൂശേക്കാലം ഏഴാം ഞായർ

സ്ലീവാ നാലാം ഞായർ

മത്താ 11, 25-30

ലോകം ഇന്നുവരെ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരവും, പ്രതീക്ഷാ നിർഭരവും, ദൈവിക ചൈതന്യം നിറഞ്ഞതുമായ ഒരു പ്രഖ്യാപനമാണ് ഇന്നത്തെ സുവിശേഷത്തിൽ നിന്ന് നാം കേട്ടത്. “അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽ നിന്ന് പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ, നിങ്ങൾക്ക് ആശ്വാസം ലഭിക്കും.” (28-30)

ലോകചരിത്രത്തിൽ വളരെ മനോഹരങ്ങളായ, വിപ്ലവാത്മകമായ, മനുഷ്യമനസ്സിനെ ത്രസിപ്പിക്കുന്ന ധാരാളം പ്രസംഗങ്ങളും, പ്രഖ്യാപനങ്ങളും ഉണ്ടായിട്ടുണ്ട്. അമേരിക്കയുടെ പതിനാറാമത് പ്രസിഡന്റായ എബ്രഹാം ലിങ്കൺന്റെ (Abraham Lincoln 1809-1865) ഏറ്റവും വിഖ്യാതമായ പ്രസംഗം എന്നറിയപ്പെടുന്നത് 19 ആം നൂറ്റാണ്ടിൽ അദ്ദേഹം നടത്തിയ ഗെറ്റിസ്ബർഗ് പ്രസംഗമാണ്. അതിന്റെ തുടക്കം ഇങ്ങനെയായിരുന്നു. “Four score and seven years ago our fathers brought forth on this continent, a new nation, conceived in Liberty, and dedicated to the proposition that all men are created equal.” ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു 1947 ആഗസ്റ്റ് 15 ന്റെ ആദ്യനിമിഷത്തിൽ നടത്തിയ പ്രസംഗവും പ്രസിദ്ധമാണ്.  “”Long years ago, we made a tryst with destiny… At the stroke of the midnight hour, when the world sleeps, India will awake to life and freedom.”

ലോകചരിത്രത്തിൽ വലിയ പ്രസംഗങ്ങളും, പ്രഖ്യാപനങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ക്രിസ്തുവിന്റെ ഇന്നത്തെ “നസ്രത്ത് പ്രസംഗം” പോലെ ശക്തവും, പൂർണവുമായ മറ്റൊരു പ്രസംഗമോ, പ്രഖ്യാപനമോ ഇന്നുവരെ നാം കേട്ടിട്ടില്ല. ഈ പ്രഖ്യാപനം ഒരേ സമയം ആത്മികവും, ഭൗതികവുമാണ്. ഇത് വിപ്ലവാത്മകവും, മനുഷ്യന്റെ വേദനിക്കുന്ന ആത്മാവിനെ തൊട്ടുണർത്തുന്നതുമാണ്. ഇത് ഇന്നത്തെ രാഷ്ട്രീയക്കാരെപ്പോലെ, തരത്തിനൊത്ത്, താളത്തിനൊത്ത് നടത്തിയ ഒരു പ്രഖ്യാപനമല്ല. വളരെ determined ആയ, പറയുന്നതിന്റെ മുഴുവൻ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന, നല്ല Integrity യുള്ള, ആർജ്ജവത്വം നിറഞ്ഞ ഒരു നേതാവിന്റെ, ഗുരുവിന്റെ പ്രഖ്യാപനമാണിത്. ഇത് ഇന്നാട്ടിലെ സാധാരണക്കാരായ തൊഴിലാളികളോട് അമേരിക്കൻ സാമ്രാജ്യത്വത്തെപ്പറ്റി പറയുന്നപോലെയുള്ള വഞ്ചിക്കൽ പ്രഖ്യാപനമല്ല. ഇത് മനുഷ്യനെ ആശ്വസിപ്പിക്കുന്ന, അവന്റെ, അവളുടെ കണ്ണീരൊപ്പുന്ന അവരെ കൈപിടിച്ചുയർത്തുന്ന ക്രിസ്തുവിന്റെ ആഹ്വാനമാണ്; ചരിത്രത്തിലൊന്നും കാണാൻ സാധിക്കാത്ത അമൂല്യമായ, അനന്യമായ ഒരു പ്രഖ്യാപനമാണിത്. 

വിശുദ്ധ മത്തായിയുടെ സുവിശേഷം ഒൻപതാം അധ്യായം ആരംഭിക്കുന്നത് “യേശു തോണിയിൽ കയറി കടൽ കടന്ന് സ്വന്തം പട്ടണത്തിലെത്തി” (1) എന്നും പറഞ്ഞുകൊണ്ടാണ്.  തുടർന്നുള്ള അദ്ധ്യായങ്ങളിൽ ഈശോയുടെ പ്രവർത്തങ്ങളാണ് വിവരിക്കുന്നത്. പതിനൊന്നാം അധ്യായത്തിലേക്ക് വരുമ്പോഴാണ് ഈശോയുടെ നസ്രത്ത് പ്രസംഗം അരങ്ങേറുന്നത്. സ്നാപകനെക്കുറിച്ചെല്ലാം പറഞ്ഞശേഷം, അനുതപിക്കാത്ത നഗരങ്ങൾക്കെതിരെ വലിയ വാഗ്വിലാസത്തോടെ ദൈവത്തിന്റെ സ്വരമുയർത്തിയ ശേഷം, ആ പ്രസംഗത്തിന്റെ അവസാനമാണ് മനോഹരമായ പ്രഖ്യാപനം ഈശോ നടത്തുന്നത്. ഈ ഭാഗത്തിന്റെ തുടക്കംതന്നെ നോക്കൂ.. “യേശു ഉദ്ഘോഷിച്ചു.” (25) പിന്നീട്,  പിതാവായ ദൈവത്തിങ്കലേക്ക് കണ്ണുകളുയർത്തിയൊരു പ്രാർത്ഥനയാണ്. അത് കഴിഞ്ഞ്, സ്വല്പമൊന്ന് നിർത്തി, ജനങ്ങളെയെല്ലാം ഒന്ന് നോക്കിയശേഷമാകണം ഈശോ ഈ വചനങ്ങൾ മൊഴിഞ്ഞത്. വളരെ ഉച്ചത്തിൽ, Rhetoric syle ൽ ഈശോ പറഞ്ഞു: അധ്വാനിക്കുന്നവരും….! ജനം കൈയടിച്ചുകാണണം !!!!

മറ്റ്‌ സുവിശേഷങ്ങളിലൊന്നും കാണാത്ത ഈ പ്രഖ്യാപനം വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ കാണുന്നതിന്റെ കാരണം എന്താണ്? മറ്റൊന്നുമല്ല. രക്ഷാകര പദ്ധതിയുടെ പൂർത്തീകരണമായി ഇസ്രായേൽ ജനം പ്രതീക്ഷിക്കുന്ന ക്രിസ്തു, മിശിഹാ, ആരാണെന്നും, എന്താണെന്നും, എങ്ങനെയുള്ളവനാണെന്നും ഇസ്രായേൽ ജനത്തിന്റെ മുൻപിൽ അവതരിപ്പിക്കുകയാണ് വിശുദ്ധ മത്തായി ഇവിടെ ചെയ്യുന്നത്. മിശിഹായെക്കുറിച്ചുള്ള വലിയൊരു വെളിപ്പെടുത്തലാണ് വിശുദ്ധ മത്തായി ഇവിടെ നടത്തുന്നത് – ഈശോ കർത്താവും മിശിഹായും മാത്രമല്ല, അവിടുന്ന് എല്ലാവരെയും ആശ്വസിപ്പിക്കുന്ന ദൈവമാണെന്ന വലിയ വെളിപ്പെടുത്തൽ; നാം ഇന്നത്തെ ഒന്നാം വായനയിൽ കേട്ടപോലെ, “ഞാൻ തന്നെ നിന്നോട് കൂടെ വരികയും, നിനക്ക് ആശ്വാസം നൽകുകയും ചെയ്യും” (പുറ 33, 14) എന്ന് ദൈവം മോശയോട് പറഞ്ഞതിന്റെ പൂർത്തീകരണം ക്രിസ്തുവിലാണ് എന്നതിന്റെ വെളിപ്പെടുത്തൽ.

സ്നേഹമുള്ളവരേ, ഈശോയുടെ ഈ നസ്രത്ത് പ്രസംഗത്തിലൂടെ ഈശോ തന്റെ സാമൂഹിക കാഴ്ചപ്പാട് (Social View) വ്യക്തമാക്കുകയാണ്. അവിടുത്തെ, സമൂഹത്തെക്കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാടിതാണ്: “അധ്വാനിക്കുന്നവരും ഭാരംവഹിക്കുന്നവരും.” എല്ലാ മനുഷ്യരെയും അവിടുന്ന് ഇതിൽ ഉൾപ്പെടുത്തുകയാണ്. All Inclusive കാഴ്ചപ്പാടാണിത്. രാഷ്ട്രീയത്തിന്റെ പേരിലോ, കൊടിയുടെ നിറത്തിന്റെ പേരിലോ, വർഗാധിപത്യത്തിന്റെ പേരിലോ അല്ല ഈശോ മനുഷ്യരെ കാണുന്നത്. വർഗ്ഗത്തിന്റെ, വർണത്തിന്റെ , ജാതിയുടെ, മതത്തി ന്റെ പേരിലോ അല്ല ഈശോ മനുഷ്യരെ കാണുന്നത്. അവിടുന്ന് അവരെ കാണുന്നത്, അധ്വാനിക്കുന്നവരും ഭാരംവഹിക്കുന്നവരുമായിട്ടാണ്. എല്ലാ മനുഷ്യരും, ചെറിയവനും, വലിയവനും, സമ്പന്നനും, ദരിദ്രനും, ആണും പെണ്ണും,  ചെറുതും,വലുതും, യുറോപ്യനും, ഏഷ്യക്കാരനും, മലയാളിയും, ബംഗാളിയും, തമിഴനും  ബംഗാളിയും, മറാത്തിയും എല്ലാവരും …. അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവവരും ആണ്. പ്രകൃതിയുടെ, മനുഷ്യന്റെ സ്വഭാവമാണിത്. ഈ ഭൂമിയിലെ നമ്മുടെ ജീവിതത്തിന്റെ പ്രത്യേകതയാണിത്. ക്രിസ്തുവിന് മാത്രമാണ്, നമ്മുടെ ദൈവത്തിന് മാത്രമാണ് ഇങ്ങനെ ഒരു സാമൂഹിക കാഴ്ചപ്പാടുള്ളത്.

ഈ പ്രസ്താവനയുടെ സമഗ്രത നോക്കുക. അധ്വാനിക്കുന്നവരും, ഭാരം വഹിക്കുന്നവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാൻ ശ്രമിക്കാം. ഈ വഴിയിലൂടെ പോയാൽ നിങ്ങൾക്ക് ആശ്വാസം കിട്ടും. എന്നല്ല ഈശോ പറയുന്നത്. അവിടുന്ന് മരുന്നൊന്നും Prescribe ചെയ്യുന്നില്ല. പകരം, നിങ്ങൾ എന്റെ അടുക്കൽ വരുമ്പോൾ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും എന്നാണ് ഈശോ പറയുന്നത്. ഈശോയുടെ ഉറപ്പാണിത്. നൂറ്റാണ്ടുകളായി തുടർന്നുപോരുന്ന, ഇന്നും ഓരോ വിശുദ്ധ കുർബാനയിലൂടെയും ആവർത്തിക്കുന്ന, വിശുദ്ധ ബൈബിളിലെ ഓരോ വചനവും ഏറ്റുപറയുന്ന ഉറപ്പ്.

സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയിൽ ഈശോയുടെ ഈ സാമൂഹിക കാഴ്ചപ്പാട് ഏറ്റുപറഞ്ഞുകൊണ്ട് നാം പ്രാർത്ഥിക്കുന്നുണ്ട്. നിങ്ങൾക്കറിയാവുന്നതുപോലെ, നമ്മുടെ കുർബാനയുടെ അനാഫൊറ ഉറപ്പിച്ചിരിക്കുന്നത് പ്രണാമജപങ്ങളെന്നറിയപ്പെടുന്ന നാല് തൂണുകളിലാണ്. അതിൽ മൂന്നാമത്തെ പ്രണാമജപ പ്രാർത്ഥന ഒന്ന് ശ്രദ്ധിക്കുക. വാതം, പിത്തം, കഫങ്ങൾ നിറഞ്ഞ മനുഷ്യസ്വഭാവമുള്ള, അധഃപതിച്ചുപോയ, മൃതരായ, പാപികളായ, ബുദ്ധിയിൽ ഇരുട്ടുബാധിച്ച, ശത്രുക്കളുള്ള, ബലഹീനമായ പ്രകൃതിയുള്ള ഞങ്ങളെ ആശ്വസിപ്പിക്കാൻ വന്ന കർത്താവേ, എങ്ങനെയാണ് ഞങ്ങൾ നന്ദി പ്രകാശിപ്പിക്കുക!!! മറ്റൊരുവാക്കിൽ, അധ്വാനിക്കുന്നവരും, ഭാരം വഹിക്കുന്നവരുമായ ഞങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കാൻ കഴിയാത്തവിധം എത്ര വലിയ ആശ്വാസങ്ങളാണ് അനുഗ്രഹങ്ങളാണ് നീ നൽകിയിരിക്കുന്നത്.

ഇത്രമാത്രം മനോഹരമായ ഈ പ്രണാമജപം പക്ഷേ നമ്മൾ, ഒരു ഗാനത്തിനുവേണ്ടി, ഒരു സ്തുതിഗീതത്തിനുവേണ്ടി ഉപേക്ഷിക്കുകയല്ലേ പ്രിയപ്പെട്ടവരേ??? ഇന്നത്തെ സുവിശേഷഭാഗത്തു കാണുന്ന ആശ്വസിക്കുന്ന ക്രിസ്തുവാണ് വിശുദ്ധ കുർബാനയിലെ ഇന്നും ജീവിക്കുന്ന ക്രിസ്തു എന്ന് വിശ്വാസത്തോടെ ഏറ്റുപറയുമ്പോൾ എങ്ങനെയാണ് ഈ പ്രണാമജപം ഉപേക്ഷിക്കുവാൻ നമുക്ക് തോന്നുക!!!!

എനിക്കറിയാം, നിങ്ങൾ ഓരോരുത്തർക്കും മനഃപാഠമാണ് ഈ ബൈബിൾ വചനം എന്ന്. മറ്റ് സുവിശേഷ വചനങ്ങൾ അറിഞ്ഞില്ലെങ്കിലും, ഈ സുവിശേഷ വചനം അറിയാത്ത ഒരു ക്രൈസ്തവനും ഈ ലോകത്തുണ്ടായിരിക്കുകയില്ലെന്ന് ഞാൻ വെറുതെ അങ്ങ് വിശ്വസിക്കുകയാണ്. കാരണം, നമ്മെ ആശ്വസിക്കുന്ന ഏകദൈവം ക്രിസ്തുവാണെന്ന് വിശ്വസിക്കുന്നവരാണ് നാം. ആകാശത്തിന് കീഴിൽ ഭൂമിക്ക് മീതെ നമ്മെ ആശ്വസിപ്പിക്കുന്ന ഏകനാമം ക്രിസ്തുവിന്റേതാണെന്ന് നാം വിശ്വസിക്കുന്നു. ആകാശത്തിന് കീഴിൽ ഭൂമിക്ക് മീതെ നമ്മെ ആശ്വസിപ്പിക്കുന്ന ഏക ദൈവം ക്രിസ്തുവാണെന്ന് നാം വിശ്വസിക്കുന്നു. നമ്മുടെ ധ്യാനകേന്ദ്രങ്ങളിലും, കുടുംബങ്ങളിലും, പ്രാർത്ഥനാ കൂട്ടായ്മകളിലും നാം പാടുന്ന ഒരു പാട്ടില്ലേ? എന്താണത്? “ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു ” അതെ അവിടുന്നാണ്, എന്റെ കണ്ണീരൊപ്പുന്ന, എന്നെ ആശ്വസിപ്പിക്കുന്ന, എന്റെ ഭാരങ്ങൾ വഹിക്കുന്ന, എന്റെ പാപങ്ങൾ നീക്കുന്ന, എന്നെ സുഖപ്പെടുത്തുന്ന ക്രിസ്തു. ആ ക്രിസ്തു എന്ത് ചെയ്യുന്നു? നിന്നെ വിളിച്ചീടുന്നു. നിന്നെ വിളിച്ചീടുന്നു. എല്ലാവരും ചേർന്ന് ഒന്ന് പേടിക്കേ: “ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു, നിന്നെ വിളിച്ചീടുന്നു. നിന്നെ വിളിച്ചീടുന്നു.”

അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽ നിന്ന് പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ, നിങ്ങൾക്ക് ആശ്വാസം ലഭിക്കും.”

സ്നേഹമുള്ളവരേ, നമ്മെ ആശ്വസിപ്പിക്കുന്ന നമ്മുടെ ദൈവം, ക്രിസ്തു ഓരോ നിമിഷവും തന്റെ ആശ്വാസത്തിലേക്ക്, തന്നിലേക്ക് നമ്മെ മാടിവിളിക്കുകയാണ്. ആ ക്രിസ്തുവിനെ സ്നേഹിക്കുകയെന്നാൽ അവിടുന്നിൽ വിശ്വസിക്കുകയാണ്. ആ ക്രിസ്തുവിനെ ഏറ്റുപറയുകയെന്നാൽ അവിടുത്തെ ആശ്വാസം മറ്റുള്ളവർക്കും പകർന്നു നൽകുകയാണ്. ആ ക്രിസ്തുവിന്റെ ശിഷ്യയാകുകയെന്നാൽ, ശിഷ്യനാകുകയെന്നാൽ അവിടുത്തെ എന്റെ കർത്താവായ, എന്റെ ദൈവമായി പ്രഖ്യാപിക്കുകയാണ്. അങ്ങനെ ഒരു നേരം നമ്മുടെ ജീവിതത്തിലും വരും. ഇന്നത്തെ ലോകത്തിന്റെ അടയാളങ്ങൾ അതാണ് നമ്മോട് പറയുന്നത്. കാരണം, നമ്മുടെ ജീവിതസാക്ഷ്യങ്ങൾ നമ്മെ ആശ്വസിപ്പിക്കുന്ന ക്രിസ്തുവിനെ ഏറ്റുപറയുവിധം ആകുന്നില്ല.  ഈ സുവിശേഷഭാഗം നമ്മുടെ ക്രൈസ്തവജീവിതത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുവാൻ നമ്മെ പ്രേരിപ്പിക്കട്ടെ.

പ്രിയപ്പെട്ടവരേ, വേദനിക്കുന്നവന് ആശ്വാസമാണ് ക്രിസ്തു; ഒറ്റയായിരിക്കുന്നവന് കൂട്ടാണ് ക്രിസ്തു. ആശങ്കകളുള്ളവർക്ക് പ്രതീക്ഷയാണ് ക്രിസ്തു. തോറ്റവനെയും ചേർത്തുപിടിക്കുന്ന ശക്തിയാണ് ക്രിസ്തു.

അങ്ങനെയെങ്കിൽ നമുക്ക് ആരാണ് ക്രിസ്തു. ഇന്നത്തെ സുവിശേഷം പറയുന്നു, നിന്റെ ആശ്വാസമാണ് ക്രിസ്തുവെന്ന്. നമുക്ക് വിശുദ്ധ കുർബാന തുടർന്ന് അർപ്പിക്കാം. ഈശോയുടെ ആശ്വാസം സ്വന്തമാക്കാം. മൂന്നാം പ്രമാണജപം Sense മനസ്സിലാക്കി ചൊല്ലി പ്രാർത്ഥിക്കാം. ആമ്മേൻ!