ഏലിയാ സ്ലീവാ മൂശേക്കാലം ഏഴാം ഞായർ
സ്ലീവാ നാലാം ഞായർ
മത്താ 11, 25-30

ലോകം ഇന്നുവരെ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരവും, പ്രതീക്ഷാ നിർഭരവും, ദൈവിക ചൈതന്യം നിറഞ്ഞതുമായ ഒരു പ്രഖ്യാപനമാണ് ഇന്നത്തെ സുവിശേഷത്തിൽ നിന്ന് നാം കേട്ടത്. “അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽ നിന്ന് പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ, നിങ്ങൾക്ക് ആശ്വാസം ലഭിക്കും.” (28-30)
ലോകചരിത്രത്തിൽ വളരെ മനോഹരങ്ങളായ, വിപ്ലവാത്മകമായ, മനുഷ്യമനസ്സിനെ ത്രസിപ്പിക്കുന്ന ധാരാളം പ്രസംഗങ്ങളും, പ്രഖ്യാപനങ്ങളും ഉണ്ടായിട്ടുണ്ട്. അമേരിക്കയുടെ പതിനാറാമത് പ്രസിഡന്റായ എബ്രഹാം ലിങ്കൺന്റെ (Abraham Lincoln 1809-1865) ഏറ്റവും വിഖ്യാതമായ പ്രസംഗം എന്നറിയപ്പെടുന്നത് 19 ആം നൂറ്റാണ്ടിൽ അദ്ദേഹം നടത്തിയ ഗെറ്റിസ്ബർഗ് പ്രസംഗമാണ്. അതിന്റെ തുടക്കം ഇങ്ങനെയായിരുന്നു. “Four score and seven years ago our fathers brought forth on this continent, a new nation, conceived in Liberty, and dedicated to the proposition that all men are created equal.” ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു 1947 ആഗസ്റ്റ് 15 ന്റെ ആദ്യനിമിഷത്തിൽ നടത്തിയ പ്രസംഗവും പ്രസിദ്ധമാണ്. “”Long years ago, we made a tryst with destiny… At the stroke of the midnight hour, when the world sleeps, India will awake to life and freedom.”
ലോകചരിത്രത്തിൽ വലിയ പ്രസംഗങ്ങളും, പ്രഖ്യാപനങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ക്രിസ്തുവിന്റെ ഇന്നത്തെ “നസ്രത്ത് പ്രസംഗം” പോലെ ശക്തവും, പൂർണവുമായ മറ്റൊരു പ്രസംഗമോ, പ്രഖ്യാപനമോ ഇന്നുവരെ നാം കേട്ടിട്ടില്ല. ഈ പ്രഖ്യാപനം ഒരേ സമയം ആത്മികവും, ഭൗതികവുമാണ്. ഇത് വിപ്ലവാത്മകവും, മനുഷ്യന്റെ വേദനിക്കുന്ന ആത്മാവിനെ തൊട്ടുണർത്തുന്നതുമാണ്. ഇത് ഇന്നത്തെ രാഷ്ട്രീയക്കാരെപ്പോലെ, തരത്തിനൊത്ത്, താളത്തിനൊത്ത് നടത്തിയ ഒരു പ്രഖ്യാപനമല്ല. വളരെ determined ആയ, പറയുന്നതിന്റെ മുഴുവൻ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന, നല്ല Integrity യുള്ള, ആർജ്ജവത്വം നിറഞ്ഞ ഒരു നേതാവിന്റെ, ഗുരുവിന്റെ പ്രഖ്യാപനമാണിത്. ഇത് ഇന്നാട്ടിലെ സാധാരണക്കാരായ തൊഴിലാളികളോട് അമേരിക്കൻ സാമ്രാജ്യത്വത്തെപ്പറ്റി പറയുന്നപോലെയുള്ള വഞ്ചിക്കൽ പ്രഖ്യാപനമല്ല. ഇത് മനുഷ്യനെ ആശ്വസിപ്പിക്കുന്ന, അവന്റെ, അവളുടെ കണ്ണീരൊപ്പുന്ന അവരെ കൈപിടിച്ചുയർത്തുന്ന ക്രിസ്തുവിന്റെ ആഹ്വാനമാണ്; ചരിത്രത്തിലൊന്നും കാണാൻ സാധിക്കാത്ത അമൂല്യമായ, അനന്യമായ ഒരു പ്രഖ്യാപനമാണിത്.
വിശുദ്ധ മത്തായിയുടെ സുവിശേഷം ഒൻപതാം അധ്യായം ആരംഭിക്കുന്നത് “യേശു തോണിയിൽ കയറി കടൽ കടന്ന് സ്വന്തം പട്ടണത്തിലെത്തി” (1) എന്നും പറഞ്ഞുകൊണ്ടാണ്. തുടർന്നുള്ള അദ്ധ്യായങ്ങളിൽ ഈശോയുടെ പ്രവർത്തങ്ങളാണ് വിവരിക്കുന്നത്. പതിനൊന്നാം അധ്യായത്തിലേക്ക് വരുമ്പോഴാണ് ഈശോയുടെ നസ്രത്ത് പ്രസംഗം അരങ്ങേറുന്നത്. സ്നാപകനെക്കുറിച്ചെല്ലാം പറഞ്ഞശേഷം, അനുതപിക്കാത്ത നഗരങ്ങൾക്കെതിരെ വലിയ വാഗ്വിലാസത്തോടെ ദൈവത്തിന്റെ സ്വരമുയർത്തിയ ശേഷം, ആ പ്രസംഗത്തിന്റെ അവസാനമാണ് മനോഹരമായ പ്രഖ്യാപനം ഈശോ നടത്തുന്നത്. ഈ ഭാഗത്തിന്റെ തുടക്കംതന്നെ നോക്കൂ.. “യേശു ഉദ്ഘോഷിച്ചു.” (25) പിന്നീട്, പിതാവായ ദൈവത്തിങ്കലേക്ക് കണ്ണുകളുയർത്തിയൊരു പ്രാർത്ഥനയാണ്. അത് കഴിഞ്ഞ്, സ്വല്പമൊന്ന് നിർത്തി, ജനങ്ങളെയെല്ലാം ഒന്ന് നോക്കിയശേഷമാകണം ഈശോ ഈ വചനങ്ങൾ മൊഴിഞ്ഞത്. വളരെ ഉച്ചത്തിൽ, Rhetoric syle ൽ ഈശോ പറഞ്ഞു: അധ്വാനിക്കുന്നവരും….! ജനം കൈയടിച്ചുകാണണം !!!!
മറ്റ് സുവിശേഷങ്ങളിലൊന്നും കാണാത്ത ഈ പ്രഖ്യാപനം വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ കാണുന്നതിന്റെ കാരണം എന്താണ്? മറ്റൊന്നുമല്ല. രക്ഷാകര പദ്ധതിയുടെ പൂർത്തീകരണമായി ഇസ്രായേൽ ജനം പ്രതീക്ഷിക്കുന്ന ക്രിസ്തു, മിശിഹാ, ആരാണെന്നും, എന്താണെന്നും, എങ്ങനെയുള്ളവനാണെന്നും ഇസ്രായേൽ ജനത്തിന്റെ മുൻപിൽ അവതരിപ്പിക്കുകയാണ് വിശുദ്ധ മത്തായി ഇവിടെ ചെയ്യുന്നത്. മിശിഹായെക്കുറിച്ചുള്ള വലിയൊരു വെളിപ്പെടുത്തലാണ് വിശുദ്ധ മത്തായി ഇവിടെ നടത്തുന്നത് – ഈശോ കർത്താവും മിശിഹായും മാത്രമല്ല, അവിടുന്ന് എല്ലാവരെയും ആശ്വസിപ്പിക്കുന്ന ദൈവമാണെന്ന വലിയ വെളിപ്പെടുത്തൽ; നാം ഇന്നത്തെ ഒന്നാം വായനയിൽ കേട്ടപോലെ, “ഞാൻ തന്നെ നിന്നോട് കൂടെ വരികയും, നിനക്ക് ആശ്വാസം നൽകുകയും ചെയ്യും” (പുറ 33, 14) എന്ന് ദൈവം മോശയോട് പറഞ്ഞതിന്റെ പൂർത്തീകരണം ക്രിസ്തുവിലാണ് എന്നതിന്റെ വെളിപ്പെടുത്തൽ.

സ്നേഹമുള്ളവരേ, ഈശോയുടെ ഈ നസ്രത്ത് പ്രസംഗത്തിലൂടെ ഈശോ തന്റെ സാമൂഹിക കാഴ്ചപ്പാട് (Social View) വ്യക്തമാക്കുകയാണ്. അവിടുത്തെ, സമൂഹത്തെക്കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാടിതാണ്: “അധ്വാനിക്കുന്നവരും ഭാരംവഹിക്കുന്നവരും.” എല്ലാ മനുഷ്യരെയും അവിടുന്ന് ഇതിൽ ഉൾപ്പെടുത്തുകയാണ്. All Inclusive കാഴ്ചപ്പാടാണിത്. രാഷ്ട്രീയത്തിന്റെ പേരിലോ, കൊടിയുടെ നിറത്തിന്റെ പേരിലോ, വർഗാധിപത്യത്തിന്റെ പേരിലോ അല്ല ഈശോ മനുഷ്യരെ കാണുന്നത്. വർഗ്ഗത്തിന്റെ, വർണത്തിന്റെ , ജാതിയുടെ, മതത്തി ന്റെ പേരിലോ അല്ല ഈശോ മനുഷ്യരെ കാണുന്നത്. അവിടുന്ന് അവരെ കാണുന്നത്, അധ്വാനിക്കുന്നവരും ഭാരംവഹിക്കുന്നവരുമായിട്ടാണ്. എല്ലാ മനുഷ്യരും, ചെറിയവനും, വലിയവനും, സമ്പന്നനും, ദരിദ്രനും, ആണും പെണ്ണും, ചെറുതും,വലുതും, യുറോപ്യനും, ഏഷ്യക്കാരനും, മലയാളിയും, ബംഗാളിയും, തമിഴനും ബംഗാളിയും, മറാത്തിയും എല്ലാവരും …. അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവവരും ആണ്. പ്രകൃതിയുടെ, മനുഷ്യന്റെ സ്വഭാവമാണിത്. ഈ ഭൂമിയിലെ നമ്മുടെ ജീവിതത്തിന്റെ പ്രത്യേകതയാണിത്. ക്രിസ്തുവിന് മാത്രമാണ്, നമ്മുടെ ദൈവത്തിന് മാത്രമാണ് ഇങ്ങനെ ഒരു സാമൂഹിക കാഴ്ചപ്പാടുള്ളത്.
ഈ പ്രസ്താവനയുടെ സമഗ്രത നോക്കുക. അധ്വാനിക്കുന്നവരും, ഭാരം വഹിക്കുന്നവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാൻ ശ്രമിക്കാം. ഈ വഴിയിലൂടെ പോയാൽ നിങ്ങൾക്ക് ആശ്വാസം കിട്ടും. എന്നല്ല ഈശോ പറയുന്നത്. അവിടുന്ന് മരുന്നൊന്നും Prescribe ചെയ്യുന്നില്ല. പകരം, നിങ്ങൾ എന്റെ അടുക്കൽ വരുമ്പോൾ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും എന്നാണ് ഈശോ പറയുന്നത്. ഈശോയുടെ ഉറപ്പാണിത്. നൂറ്റാണ്ടുകളായി തുടർന്നുപോരുന്ന, ഇന്നും ഓരോ വിശുദ്ധ കുർബാനയിലൂടെയും ആവർത്തിക്കുന്ന, വിശുദ്ധ ബൈബിളിലെ ഓരോ വചനവും ഏറ്റുപറയുന്ന ഉറപ്പ്.
സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയിൽ ഈശോയുടെ ഈ സാമൂഹിക കാഴ്ചപ്പാട് ഏറ്റുപറഞ്ഞുകൊണ്ട് നാം പ്രാർത്ഥിക്കുന്നുണ്ട്. നിങ്ങൾക്കറിയാവുന്നതുപോലെ, നമ്മുടെ കുർബാനയുടെ അനാഫൊറ ഉറപ്പിച്ചിരിക്കുന്നത് പ്രണാമജപങ്ങളെന്നറിയപ്പെടുന്ന നാല് തൂണുകളിലാണ്. അതിൽ മൂന്നാമത്തെ പ്രണാമജപ പ്രാർത്ഥന ഒന്ന് ശ്രദ്ധിക്കുക. വാതം, പിത്തം, കഫങ്ങൾ നിറഞ്ഞ മനുഷ്യസ്വഭാവമുള്ള, അധഃപതിച്ചുപോയ, മൃതരായ, പാപികളായ, ബുദ്ധിയിൽ ഇരുട്ടുബാധിച്ച, ശത്രുക്കളുള്ള, ബലഹീനമായ പ്രകൃതിയുള്ള ഞങ്ങളെ ആശ്വസിപ്പിക്കാൻ വന്ന കർത്താവേ, എങ്ങനെയാണ് ഞങ്ങൾ നന്ദി പ്രകാശിപ്പിക്കുക!!! മറ്റൊരുവാക്കിൽ, അധ്വാനിക്കുന്നവരും, ഭാരം വഹിക്കുന്നവരുമായ ഞങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കാൻ കഴിയാത്തവിധം എത്ര വലിയ ആശ്വാസങ്ങളാണ് അനുഗ്രഹങ്ങളാണ് നീ നൽകിയിരിക്കുന്നത്.
ഇത്രമാത്രം മനോഹരമായ ഈ പ്രണാമജപം പക്ഷേ നമ്മൾ, ഒരു ഗാനത്തിനുവേണ്ടി, ഒരു സ്തുതിഗീതത്തിനുവേണ്ടി ഉപേക്ഷിക്കുകയല്ലേ പ്രിയപ്പെട്ടവരേ??? ഇന്നത്തെ സുവിശേഷഭാഗത്തു കാണുന്ന ആശ്വസിക്കുന്ന ക്രിസ്തുവാണ് വിശുദ്ധ കുർബാനയിലെ ഇന്നും ജീവിക്കുന്ന ക്രിസ്തു എന്ന് വിശ്വാസത്തോടെ ഏറ്റുപറയുമ്പോൾ എങ്ങനെയാണ് ഈ പ്രണാമജപം ഉപേക്ഷിക്കുവാൻ നമുക്ക് തോന്നുക!!!!
എനിക്കറിയാം, നിങ്ങൾ ഓരോരുത്തർക്കും മനഃപാഠമാണ് ഈ ബൈബിൾ വചനം എന്ന്. മറ്റ് സുവിശേഷ വചനങ്ങൾ അറിഞ്ഞില്ലെങ്കിലും, ഈ സുവിശേഷ വചനം അറിയാത്ത ഒരു ക്രൈസ്തവനും ഈ ലോകത്തുണ്ടായിരിക്കുകയില്ലെന്ന് ഞാൻ വെറുതെ അങ്ങ് വിശ്വസിക്കുകയാണ്. കാരണം, നമ്മെ ആശ്വസിക്കുന്ന ഏകദൈവം ക്രിസ്തുവാണെന്ന് വിശ്വസിക്കുന്നവരാണ് നാം. ആകാശത്തിന് കീഴിൽ ഭൂമിക്ക് മീതെ നമ്മെ ആശ്വസിപ്പിക്കുന്ന ഏകനാമം ക്രിസ്തുവിന്റേതാണെന്ന് നാം വിശ്വസിക്കുന്നു. ആകാശത്തിന് കീഴിൽ ഭൂമിക്ക് മീതെ നമ്മെ ആശ്വസിപ്പിക്കുന്ന ഏക ദൈവം ക്രിസ്തുവാണെന്ന് നാം വിശ്വസിക്കുന്നു. നമ്മുടെ ധ്യാനകേന്ദ്രങ്ങളിലും, കുടുംബങ്ങളിലും, പ്രാർത്ഥനാ കൂട്ടായ്മകളിലും നാം പാടുന്ന ഒരു പാട്ടില്ലേ? എന്താണത്? “ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു ” അതെ അവിടുന്നാണ്, എന്റെ കണ്ണീരൊപ്പുന്ന, എന്നെ ആശ്വസിപ്പിക്കുന്ന, എന്റെ ഭാരങ്ങൾ വഹിക്കുന്ന, എന്റെ പാപങ്ങൾ നീക്കുന്ന, എന്നെ സുഖപ്പെടുത്തുന്ന ക്രിസ്തു. ആ ക്രിസ്തു എന്ത് ചെയ്യുന്നു? നിന്നെ വിളിച്ചീടുന്നു. നിന്നെ വിളിച്ചീടുന്നു. എല്ലാവരും ചേർന്ന് ഒന്ന് പേടിക്കേ: “ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു, നിന്നെ വിളിച്ചീടുന്നു. നിന്നെ വിളിച്ചീടുന്നു.”
“അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽ നിന്ന് പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ, നിങ്ങൾക്ക് ആശ്വാസം ലഭിക്കും.”
സ്നേഹമുള്ളവരേ, നമ്മെ ആശ്വസിപ്പിക്കുന്ന നമ്മുടെ ദൈവം, ക്രിസ്തു ഓരോ നിമിഷവും തന്റെ ആശ്വാസത്തിലേക്ക്, തന്നിലേക്ക് നമ്മെ മാടിവിളിക്കുകയാണ്. ആ ക്രിസ്തുവിനെ സ്നേഹിക്കുകയെന്നാൽ അവിടുന്നിൽ വിശ്വസിക്കുകയാണ്. ആ ക്രിസ്തുവിനെ ഏറ്റുപറയുകയെന്നാൽ അവിടുത്തെ ആശ്വാസം മറ്റുള്ളവർക്കും പകർന്നു നൽകുകയാണ്. ആ ക്രിസ്തുവിന്റെ ശിഷ്യയാകുകയെന്നാൽ, ശിഷ്യനാകുകയെന്നാൽ അവിടുത്തെ എന്റെ കർത്താവായ, എന്റെ ദൈവമായി പ്രഖ്യാപിക്കുകയാണ്. അങ്ങനെ ഒരു നേരം നമ്മുടെ ജീവിതത്തിലും വരും. ഇന്നത്തെ ലോകത്തിന്റെ അടയാളങ്ങൾ അതാണ് നമ്മോട് പറയുന്നത്. കാരണം, നമ്മുടെ ജീവിതസാക്ഷ്യങ്ങൾ നമ്മെ ആശ്വസിപ്പിക്കുന്ന ക്രിസ്തുവിനെ ഏറ്റുപറയുവിധം ആകുന്നില്ല. ഈ സുവിശേഷഭാഗം നമ്മുടെ ക്രൈസ്തവജീവിതത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുവാൻ നമ്മെ പ്രേരിപ്പിക്കട്ടെ.
പ്രിയപ്പെട്ടവരേ, വേദനിക്കുന്നവന് ആശ്വാസമാണ് ക്രിസ്തു; ഒറ്റയായിരിക്കുന്നവന് കൂട്ടാണ് ക്രിസ്തു. ആശങ്കകളുള്ളവർക്ക് പ്രതീക്ഷയാണ് ക്രിസ്തു. തോറ്റവനെയും ചേർത്തുപിടിക്കുന്ന ശക്തിയാണ് ക്രിസ്തു.

അങ്ങനെയെങ്കിൽ നമുക്ക് ആരാണ് ക്രിസ്തു. ഇന്നത്തെ സുവിശേഷം പറയുന്നു, നിന്റെ ആശ്വാസമാണ് ക്രിസ്തുവെന്ന്. നമുക്ക് വിശുദ്ധ കുർബാന തുടർന്ന് അർപ്പിക്കാം. ഈശോയുടെ ആശ്വാസം സ്വന്തമാക്കാം. മൂന്നാം പ്രമാണജപം Sense മനസ്സിലാക്കി ചൊല്ലി പ്രാർത്ഥിക്കാം. ആമ്മേൻ!