ഏലിയാ സ്ലീവാ മൂശേക്കാലം ഒമ്പതാം ഞായർ
മിഷൻ ഞായർ
മത്തായി 10, 1-15

ഇന്ന് സീറോമലബാർ സഭ മിഷൻ ഞായർ ആഘോഷിക്കുകയാണ്. തിരുസ്സഭ സ്വഭാവത്താലേ മിഷനറിയാണെന്നും, ദൈവരാജ്യത്തിന്റെ സുവിശേഷം ലോകത്തിന്റെ അതിർത്തികളോളം പ്രസംഗിക്കുവാൻ അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവരെന്നും നാമിന്ന് ലോകത്തോട് പ്രഖ്യാപിക്കുകയാണ്. മടികൂടാതെ ക്രിസ്തുവിന്റെ മിഷനറിമാരായി ജീവിക്കുവാൻ ആഹ്വാനം ചെയ്യുന്ന മിഷൻ ഞായർ നൽകുന്ന സന്ദേശം അഭിമാനത്തോടെ ഏറ്റെടുക്കുവാൻ നാം തയ്യാറാകണം. കാരണം, ക്രിസ്തു ഇന്നും ജീവിക്കുന്ന ദൈവമാണ്. തിരുസ്സഭയിലൂടെ ക്രിസ്തു നൽകുന്ന ദൗത്യം, തൊരുസഭയോടൊപ്പം ചേർന്ന് നിന്ന് പൂർത്തീകരിക്കുവാൻ നാം തയ്യാറാകണം. അതിന് നമ്മെ പ്രേരിപ്പിക്കുന്നതാകട്ടെ ഇന്നത്തെ വചനസന്ദേശം.
തിരുസ്സഭയുടെ ചരിത്രം, അവൾ എങ്ങനെയാണ് ക്രിസ്തുവിന്റെ Mandate പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നത് എന്നൊക്കെ നാം മനസ്സിലാക്കിയിരിക്കണം. ക്രിസ്തുവിന്റെ ഉത്ഥാനത്തിനുശേഷം പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ശ്ലീഹന്മാർ നടത്തിയ സുവിശേഷ പ്രഘോഷണവും, ക്രിസ്തു സ്ഥാപിച്ച ക്രൈസ്തവ സഭയുടെ വളർച്ചയും വെറും ഭൗതിക വിപ്ലവ മുന്നേറ്റമായിരുന്നില്ല. അത് ക്രിസ്തുവിനാൽ കേന്ദ്രീകൃതമായതും, ക്രിസ്തുവാകുന്ന പാറമേൽ പണിതുയർത്തിയതുമാണ്. അത് ദൈവികമായതുകൊണ്ടും, ദൈവാത്മാവിനാൽ നയിക്കപ്പെടുന്നതുകൊണ്ടും മതമർദ്ദനങ്ങളെയും, ശീശ്‌മകളെയും, പാഷണ്ഡതകളെയും, യുദ്ധങ്ങളെയും, വിഘടനങ്ങളെയും, വിവാദങ്ങളെയും, വിമതപ്രവർത്തനങ്ങളേയും അതിജീവിച്ചവളാണ് തിരുസ്സഭ; ഓട്ടോമൻ ചക്രവർത്തിയുടെ പാർടയോട്ടത്തെയും അതിജീവിച്ച് ഇന്നും ദൈവവരപ്സദത്തിന്റെ തിളക്കത്തിൽ നിൽക്കുന്നവളാണ് തിരുസ്സഭ. വിശുദ്ധ കുർബാനയെച്ചൊല്ലി ഉയർന്നുവന്ന എല്ലാ വിവാദങ്ങളെയും തോൽപ്പിച്ചുകൊണ്ട്, വിശുദ്ധ കുർബാനയെ തിരുസ്സഭയുടെ, ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമാക്കി നിലനിർത്തുന്നവളാണ് തിരുസ്സഭ. ക്രിസ്തുവിന്റെ രക്ഷാകരപ്രവർത്തനങ്ങളെ കഴിഞ്ഞുപോയ ഒരു ചരിത്രമായിട്ടല്ല, ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഒരു ദൈവിക, ആധ്യാത്മിക പ്രക്രിയയായിട്ടാണ് നാം വിലയിരുത്തുന്നത്. അതിന് വളവും, ജലവും നൽകാൻ ജീവിതം സമർപ്പിക്കുന്ന മിഷനറിമാരേ, സുവിശേഷംപ്രസംഗിക്കുന്ന നിങ്ങളുടെ പാദങ്ങൾ എത്ര സുന്ദരങ്ങൾ എന്ന് പ്രഘോഷിച്ചുകൊണ്ടാണ് നാമിന്ന് മിഷൻ ഞായർ ആഘോഷിക്കുന്നത്.
ഈ ഞായറാഴ്ചയിലെ സുവിശേഷഭാഗം സുതരാം വെളിപ്പെടുത്തുന്ന സത്യം ഇതാണ്: ഭൂമിയിലെ ക്രൈസ്തവ സഭ സ്വഭാവത്താലേ മിഷനറിയാണ്. ക്രിസ്തുവിലും, ക്രിസ്തുവിനോടുകൂടിയും, ക്രിസ്തുവിലൂടെയും മുന്നോട്ട് പോകുന്ന ഒരു മഹാപ്രസ്ഥാനമാണ് ഇത്. പ്രസ്ഥാനമെന്നത് രാഷ്ട്രീയക്കാർ വിവക്ഷിക്കുന്നതുപോലെ ആളുകളുടെ ഒരു കൂട്ടമോ, ഒരുമിച്ചുള്ള പ്രവർത്തനമോ അല്ല. അത് ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റമാണ്. ഒരു സ്ഥലം വിട്ട്, ഒരു പുതിയ ലക്ഷ്യത്തോടെയുള്ള യാത്രയാണ്. ഭൗതികമായതെല്ലാം ഉപേക്ഷിച്ചു് ക്രിസ്തുവിനെ സ്വീകരിച്ചു്, ക്രിസ്തുവിനോടൊപ്പമുള്ള യാത്രയാണത്. സ്വർഗത്തിലേക്ക്, ക്രിസ്തുവിലേക്ക് തീർത്ഥാടനം നടത്തുന്നവരാണ് ക്രൈസ്തവർ. ക്രിസ്തുവിനോടൊപ്പമുള്ള എല്ലാ യാത്രയും തീർത്ഥാടനമാണ്.
ഈശോ ശിഷ്യരെ തിരഞ്ഞെടുക്കുന്ന സംഭവത്തോടെയാണ് ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത്. അന്നുവരെയുണ്ടായിരുന്ന ഗുരുക്കന്മാരെല്ലാം, നേതാക്കന്മാരെല്ലാം തങ്ങളുടെ ശിഷ്യരായി സ്വീകരിച്ചിരുന്നത് ഉയർന്ന കുടുംബങ്ങളിൽ നിന്നുള്ളവരെയും, വിദ്യാഭ്യാസമുള്ളവരെയും, സവർണ സമുദായങ്ങളിൽ നിന്നുള്ളവരെയും ആയിരുന്നെങ്കിൽ, ഈശോ തന്റെ ശിഷ്യരെ തിരഞ്ഞെടുക്കുന്നത് സമൂഹത്തിന്റെ താഴെത്തട്ടിൽ, ജീവിതവുമായി മൽപ്പിടുത്തം നടത്തുന്ന മുക്കുവരെയാണ്. വിദ്യാഭ്യാസമില്ലാത്ത, നിരക്ഷരരായ ഈ ശിഷ്യന്മാരെ ഈശോ ഏൽപ്പിക്കുന്ന ജോലിയോ വലുതാണുതാനും. അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കുവാനും, എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തുവാനും ഈശോ അവരെ ചുമതലപ്പെടുത്തുകയാണ്. ചുമതലപ്പെടുത്തുക മാത്രമല്ല, അവരെ അതിനായി അയയ്ക്കുകയാണ്; അവർ മിഷനറിമാർ ആകുകയാണ്.
വലിയൊരു പരിശീലന പദ്ധതിയാണ് ഈശോ ഇവിടെ ആവിഷ്കരിക്കുന്നത്.ക്രിസ്തുവിനെ ദൈവമായി, രക്ഷകനായി സ്വീകരിക്കുന്ന ഓരോ ക്രൈസ്തവനും എങ്ങനെയാണ് തങ്ങളുടെ ജീവിതങ്ങളെ രൂപപ്പെടുത്തേണ്ടതെന്ന് ഈശോ അന്ന് ശിഷ്യന്മാരെ, ഇന്ന് നാം ഓരോരുത്തരെയും പഠിപ്പിക്കുകയാണ്. രണ്ട് തലങ്ങളിലൂടെയാണ് ഈശോയുടെ പഠനം, പരിശീലന പദ്ധതി മുന്നോട്ട് പോകുന്നത്.
ഒന്ന്, ക്രൈസ്തവരുടെ ആത്മീയജീവിത തലമാണ്. ഈ ഭൂമിയിൽ ജീവിക്കുമ്പോൾ, ദൈവത്താൽ അയയ്ക്കപ്പെട്ടവരാണ് തങ്ങൾ എന്ന ബോധ്യത്തോടെ ജീവിക്കേണ്ടവരാണ് ക്രൈസ്തവർ. നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക്, ജീവിതത്തിന്റെ പാപമേഖലകളിൽ, നിരാശയുടെ മേഖലകളിൽ, ഇല്ലായ്മകളുടെ സാഹചര്യങ്ങളിൽ ജീവിക്കുന്നവരുടെ അടുത്തേക്ക് അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവർ. ദൈവത്താൽ അയയ്ക്കപ്പെട്ടവരായിക്കൊണ്ട്, ക്രിസ്തുവിന്റെ പ്രേഷിതരായിക്കൊണ്ട് സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കേണ്ടവരാണ് ക്രൈസ്തവർ. ശാരീരിക, മാനസിക, ആത്മീയ തലങ്ങളിൽ രോഗികളായി കഴിയുന്നവരെ, അഹങ്കാരത്തിന്റെ, ആഡംബരത്തിന്റെ, പിശുക്കിന്റെ, മറ്റുള്ളവരിൽ തിന്മമാത്രം കാണുന്നതിന്റെ രോഗങ്ങളുമായി കഴിയുന്നവരെ സുഖപ്പെടുത്തുവാൻ അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവർ. ലഹരിയുടെ, മദ്യപാനത്തിന്റെ, പുകവലിയുടെ, അലസതയുടെ അശുദ്ധാത്മാക്കളുടെ അടിമത്വത്തിൽ കഴിയുന്നവരെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കേണ്ടവരാണ് ക്രൈസ്തവർ.
ക്രിസ്തുമതത്തിന്റെ ആദ്യകാലങ്ങളിൽ നമ്മുടെ ക്രൈസ്തവ സഹോദരീസഹോരരർ അങ്ങനെയായിരുന്നു ജീവിച്ചിരുന്നത്. ആദിമക്രൈസ്തവരുടെ ജീവിതവിശുദ്ധിയും, അവരിലെ നന്മയും കണ്ട് അക്രൈസ്തവർ വിസ്മയത്തോടെ ക്രൈസ്തവരെ നോക്കിനിന്നിട്ടുണ്ട്. എന്തിന്, നമ്മുടെ കൊച്ചുകേരളത്തിൽ, ചാതുർവർണ്യം കൊടികുത്തിവാണിരുന്ന കാലത്തു്, ഏതെങ്കിലും, ബ്രാഹ്‌മണൻ അശുദ്ധനയാൽ, ഒരു ക്രൈസ്തവൻ തൊട്ടാൽ അവർ ശുദ്ധിയുള്ളവരാകും എന്ന് വിശ്വസിച്ചിരുന്ന ഹൈന്ദവപാരമ്പര്യം ഇവിടെയുണ്ടായിരുന്നു.
ഇന്ന് കാലം മാറി, കഥ മാറി! അക്രൈസ്തവർ നമ്മെ ഇപ്പോൾ വിസ്മയത്തോടെയല്ല, വിഷമത്തോടെയാണ് നോക്കുന്നത്. അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കേണ്ടവർ അശുദ്ധാത്മാക്കളാൽ അടിമപ്പെട്ട് തെരുവിൽ കിടന്ന് അലമുറയിടുകയാണ്; മറ്റുള്ളവരെ ഉപദ്രവിക്കുകയാണ്; നശിപ്പിക്കുകയാണ്. ക്രിസ്തുസ്നേഹത്തിന്റെയും, ക്രിസ്തുവിന്റെ കാരുണ്യത്തിന്റെയും വിശുദ്ധ ഇടങ്ങളായിരുന്ന നമ്മുടെ കുടുംബങ്ങൾക്ക് ഇന്ന് രോഗം പിടിച്ചിരിക്കുകയാണ്; വളർച്ച നിലച്ചു് മുരടിച്ചു പോകുകയാണ്. സിനിമകളിലൊക്കെ, വില്ലന്മാരെയും, പിടിച്ചുപറിക്കാരെയും, ചീത്തവഴികളിലൂടെയൊക്കെ നടക്കുന്ന കഥാപാത്രങ്ങളെയും അവതരിപ്പിക്കുമ്പോൾ, എന്തുകൊണ്ടാണ് അവർക്കൊക്കെ ക്രൈസ്തവ നാമങ്ങൾ കിട്ടുന്നത്? മറ്റു പല കാരണങ്ങൾ ഉണ്ടാകാമെങ്കിലും, നമ്മുടെ യഥാർത്ഥ ജീവിതങ്ങൾ അങ്ങനെയായതുകൊണ്ടും കൂടിയല്ലേ? നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ക്രൈസ്തവ ജീവിതങ്ങളുടെ വിശുദ്ധി, നന്മ വീണ്ടെടുക്കേണ്ടിയിരിക്കുന്നു!
സ്നേഹമുള്ളവരേ, ക്രിസ്തു ഇന്ന് നമ്മെ വീണ്ടും പഠിപ്പിക്കുകയാണ്. ക്രൈസ്തവർ എങ്ങനെയുള്ളവരായിരിക്കണം, ഈ ഭൂമിയിൽ എങ്ങനെ അവർ ജീവിക്കണം എന്ന് ഈശോ നമുക്ക് പറഞ്ഞു തരികയാണ്.
രണ്ട്, ക്രൈസ്തവ മനോഭാവത്തിന്റെ തലം. ക്രൈസ്തവരുടെ ജീവിതത്തോടുള്ള മനോഭാവം എങ്ങനെയായിരിക്കണമെന്ന് ഈശോ നമ്മോട് പറയുകയാണ്: “ദാനമായി നിങ്ങൾക്ക് കിട്ടി. ദാനമായിത്തന്നെ കൊടുക്കുവിൻ.” ഇത് മിഷനറി പ്രവർത്തനത്തിന് പോകുന്ന വൈദികരോടും, സിസ്റേഴ്സിനോടും മാത്രം പറയുന്നതല്ല. ഓരോ ക്രൈസ്തവന്റെയും ജീവിത മനോഭാവം ഇതായിരിക്കണം. നാമെല്ലാവരും സ്വീകർത്താക്കളാണ്. നല്കപ്പെട്ടിട്ടുള്ളതല്ലാതെ, സ്വീകരിച്ചിട്ടുള്ളതല്ലാതെ എന്താണ് നമ്മുടെ ജീവിതത്തിലുള്ളത്? നമ്മുടെ ഈ കൊച്ചു ജീവിതം, ജീവൻ നിലനിർത്തുന്ന പ്രാണവായു, നാം കുടിക്കുന്ന ജലം, തിന്നുന്ന ഭക്ഷ്യധാന്യങ്ങൾ, പഴവർഗങ്ങൾ, സൂര്യനിൽ നിന്ന് ലഭിക്കുന്ന ചൂട്, ചന്ദ്രനക്ഷത്രാദികൾ, ഉള്ളിലേക്ക് വലിക്കുന്ന ഓക്സിജൻ, പുറത്തേക്ക് വിടുന്ന കാർബൺ ഡയോക്സൈഡ്…എല്ലാം പ്രിയപ്പെട്ടവരേ, ദൈവം നമുക്ക് നൽകിയതാണ്. നാം ആമസോൺ വഴി ഓർഡർ ചെയ്തതല്ല, ഫ്ലിപ്കാർട്ടിന്റെ പ്ലാറ്റഫോമിൽ പരസ്യം കണ്ടിട്ട് ബുക്ക് ചെയ്തതല്ല. എല്ലാം ദാനമാണ്. ഇതെല്ലം എന്റേതാണ് എന്ന അഹങ്കാരം പറച്ചിൽ പാടില്ല. അത് അപരാധമാണ്. വിശുദ്ധ പൗലോശ്ലീഹാ വിജ്ഞാനത്തിൽ, സമ്പത്തിൽ, സൈന്യബലത്തിൽ, മസിൽ പവറിൽ അഹങ്കരിച്ച റോമക്കാരോട് എന്താണ് പറഞ്ഞത്? ” മനുഷ്യന്റെ ആഗ്രഹമോ, പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.” (9, 16)
നമ്മുടെ ശ്വാസകോശത്തിൽ എത്ര സുഷിരങ്ങളുണ്ട്? ഏതാണ്ട് ആറായിരം ചെറിയ സുഷിരങ്ങളുണ്ട്. എങ്കിലും വളരെ അപൂർവമായേ ഒരാൾ തന്റെ മുഴുവൻ ശ്വാസകോശങ്ങളും ഉപയോഗിക്കുന്നുള്ളൂ. നല്ല ആരോഗ്യമുള്ളയാൾപോലും രണ്ടായിരം സുഷിരങ്ങളിലൂടെയേ ശ്വസിക്കുന്നുള്ളു. ബാക്കി നാലായിരം സുഷിരങ്ങൾ ഓടുമ്പോഴോ, നീന്തുമ്പോഴോ, വലിയ ജോലികൾ ചെയ്യുമ്പോഴോ കൂടുതൽ ശ്വസിക്കുവാനുള്ളതാണ്. ശ്വസിക്കുന്നതിന് മുൻപ് കാർബൺ ഡയോക്സൈഡ് ശ്വാസ കോശത്തിൽ നിന്ന് പുറന്തള്ളണം. ശ്വാസകോശത്തിൽ കാർബൺ ഡയോക്സൈഡ് നിറഞ്ഞാൽ മരണം സംഭവിക്കും. നമുക്ക് ചുറ്റുമുള്ള മരങ്ങളും ശ്വസിക്കുന്നുണ്ട്. അവ ശ്വസിക്കുന്നത് കാർബൺ ഡയോക്സൈഡ് ആണ്. അവർക്കിത് കിട്ടുന്നത് നമ്മിൽ നിന്നാണ്. നമ്മളില്ലെങ്കിൽ അവ മരിക്കും. മരങ്ങളില്ലെങ്കിൽ ഓക്സിജൻ നമുക്ക് ലഭിക്കില്ല. അപ്പോൾ നാം മരിക്കും.
എന്നാൽ, എല്ലാം വളരെ കൃത്യമായി നൽകപ്പെടുന്നു. ആരാണ് തരുന്നത്? അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ? റഷ്യൻ ഭീമൻ വ്ളാദിമിർ പുടിൻ? ഇന്ത്യൻ പ്രധാനമന്ത്രി നരേദ്ര മോദി? എല്ലാത്തിന്റെയും അടിസ്ഥാനം ദൈവത്തിന്റെ ദയയാണ്.
എങ്കിൽ, ഞാൻ കൊടുക്കുകയില്ല, പങ്കുവയ്ക്കുകയില്ല എന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? ദൈവം അങ്ങനെ പറയുന്നുണ്ടോ? ഇല്ല. നിങ്ങളുടെ തോട്ടത്തിലെ, വൃക്ഷങ്ങളോ, നിങ്ങളുടെ തൊഴുത്തിലെ കന്നുകാലികളോ അങ്ങനെ പറയുന്നുണ്ടോ? ഇല്ല. പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്ന വായു അങ്ങനെ പറയുന്നുണ്ടോ? നിങ്ങളുടെ കിണറിലെ, പുഴയിലെ, കുളത്തിലെ വെള്ളം അങ്ങനെ പറയുന്നുണ്ടോ? ഇല്ല. അപ്പോൾ പിന്നെ? എല്ലാം ദാനമായി കിട്ടിയതുകൊണ്ട്, ഹേ, മനുഷ്യാ, ദാനമായിത്തന്നെ നീ കൊടുക്കണം. ഇതാണ് ക്രിസ്തുവിന്റെ ഹൃദയം! ക്രൈസ്തവ മനോഭാവം.
കുട്ടിയായിരുന്നപ്പോൾ വീട്ടിലെ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. ഓരോ നേരവും ചോറുവയ്ക്കുവാനായി അരിയെടുക്കുമ്പോൾ എന്റെ അമ്മച്ചി ഒരു പിടി അരി അതിൽ നിന്നെടുത്തു് മാറ്റിവയ്ക്കും. വിൻസെന്റ് ഡി പോൾ സംഘടനയിലെ അംഗങ്ങൾ വരുമ്പോൾ കൊടുക്കുവാനാണ്. ഒരു കാലത്തു് നമ്മുടെ എല്ലാ അമ്മമാരും ഇങ്ങനെ ചെയ്തിരുന്നു. എന്നാൽ, എന്റെ അമ്മച്ചിയുടെ കാര്യത്തിൽ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത് ഇതാണ്. ഒരു പിടി അരിയെടുത്തിട്ട് അതിൽ നോക്കി അമ്മച്ചി ഒന്ന് പുഞ്ചിരിക്കും. എന്നിട്ടത് വേറൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കും. ഒരിക്കൽ ഞാൻ അമ്മച്ചിയോട് ചോദിച്ചു:” അമ്മച്ചീ, അമ്മച്ചി എന്തിനാണ് പിടിയരി നോക്കി പുഞ്ചിരിക്കുന്നത്?” അപ്പോൾ അമ്മച്ചി പറഞ്ഞു: “ഈ ലോകത്തിലെ ഏതെങ്കിലും ഒരു വ്യക്തി ഈ അരി ഭക്ഷിക്കും. ആ വ്യക്തിയുടെ മുഖത്തെ അപ്പോഴത്തെ സംതൃപ്തി ഓർത്തിട്ടാണ് ഞാൻ പുഞ്ചിരിക്കുന്നത്”. ധാരാളം ഉണ്ടായിട്ടല്ല, ഉള്ളത് ദാനമായി കിട്ടിയതുകൊണ്ട്, ദാനമായി കൊടുക്കുവാനുള്ള അമ്മച്ചിയുടെ മനസ്സായിരുന്നു ആ പുഞ്ചിരി എന്ന് ഇപ്പോൾ ഞാൻ മനസിലാക്കുന്നു.
നമുക്ക് ഉള്ളത് നല്കപ്പെട്ടിട്ടുള്ളതാണ്. ദാനമായി ലഭിച്ചിട്ടുള്ളതാണ്. ഉള്ളതിൽ നിന്ന് കൊടുക്കുമ്പോഴുണ്ടാകുന്ന വേദനയാണ് ക്രൈസ്തവന്റെ ജ്ഞാനസ്നാനം. ആ വേദനയാണ് നമുക്ക് ദൈവത്തിന്റെ കൃപയായി, സമൃദ്ധിയായി വീണ്ടും നമ്മുടെ ജീവിതത്തിൽ നിറയുന്നത്. എല്ലാം ദാനമായി കിട്ടിയതായതുകൊണ്ട് കൊടുക്കുക എന്നത് ഒരു സ്വാഭാവിക പ്രവൃത്തിയാകണം. പൂക്കൾ സുഗന്ധം പരത്തുന്നതുപോലെയാണത്. ആർക്ക് നൽകുന്നതെന്ന് അവർ അറിയുന്നില്ല. അവർക്കതിൽ താത്പര്യമില്ല. കാറ്റ് എവിടെ പോകുന്നുവോ അവിടെയെല്ലാം സുഗന്ധം പരക്കും. ഇങ്ങനെയുള്ളവർ നല്കുന്നതിനെക്കുറിച്ചു് അറിയുന്നുപോലുമില്ല. ഇവരെപ്പോലുള്ളവരുടെ കരങ്ങളിലൂടെയാണ് ദൈവം സംസാരിക്കുന്നത്. മഹാനായ, ചിന്തകനായ ഖലീൽ ജിബ്രാൻ പറയുന്നത് കേൾക്കുക: “ചോദിക്കുമ്പോൾ കൊടുക്കുന്നത് നല്ലതുതന്നെ. എന്നാൽ ചോദിക്കാതെ, മനസ്സിലാക്കിക്കൊടുക്കുന്നത് ഏറെ നന്ന്. കാരണം, ചോദിക്കാതെയല്ലേ നമുക്കെല്ലാം ലഭിക്കുന്നത്!!!”
സ്നേഹമുള്ളവരേ, കോവിഡനന്തര കാലത്തിന്റെ ബുദ്ധിമുട്ടുകളും, കർക്കിടകത്തിന്റെ കഷ്ടങ്ങളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന നമ്മോട് ഇന്നത്തെ സുവിശേഷം പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ. രണ്ട് കാര്യങ്ങളാണ് പ്രധാനമായും നാം ശ്രദ്ധിക്കേണ്ടത്. നമ്മുടെ ക്രൈസ്തവ ആത്മീയ ജീവിതത്തിന്റെ തലങ്ങൾ നാം ശക്തിപ്പെടുത്തണം. എല്ലാം ദാനമാണ്, ദൈവം നൽകിയതാണ്. ദാനമായിത്തന്നെ കൊടുക്കുക.
ഇന്നത്തെ വചന സന്ദേശം അവസാനിപ്പിക്കുന്നതിന് മുൻപ് നിങ്ങളോടൊരു ചോദ്യം ചോദിക്കട്ടെ. What are you passionate about? എന്തിനോടാണ് നിങ്ങൾക്ക് അഭിനിവേശമുളളത്? അല്ലെങ്കിൽ എന്തിനോടാണ് ഏറ്റവും ആവേശം ഉള്ളത്? തീർച്ചയായും, ഒരു ക്രൈസ്തവനെന്ന നിലയിൽ, ഒരു ക്രൈസ്തവ എന്ന നിലയിൽ? പണത്തിനോട്? വീടിനോട്? ലോകസുഖങ്ങളോട്? അധികാരത്തോട്? ഫാഷനോട്? ഇൻസ്റ്റഗ്രാമിനോട്, വാട്സ്ആപ്പിനോട്? വിശുദ്ധ പൗലോശ്ലീഹാ തന്റെ അഭിനിവേശത്തെക്കുറിച്ച് റോമാക്കാരോട് പറയുന്നുണ്ട്. “…ക്രിസ്തുവിനെ അറിയാത്ത സ്ഥലങ്ങളിൽ സുവിശേഷം പ്രസംഗിക്കുന്നതിൽ ഞാൻ അത്യധികം ഉത്സാഹം കാണിച്ചു.” വിശുദ്ധ പൗലോസിന്റെ ഉത്സാഹം, ആവേശം, ക്രിസ്തുവിനെ അറിയാത്ത സ്ഥലങ്ങളിൽ സുവിശേഷം പ്രസംഗിക്കുന്നതിൽ ആയിരുന്നു. ഈ മിഷൻ ഞായറാഴ്ച്ച What are you passionate about? എന്ന് ചോദിക്കുമ്പോൾ, പൗലോശ്ലീഹായെപ്പോലെ “My ambition is to proclaim the good news not where Christ has been named”എന്ന് പറയുന്ന ക്രൈസ്തവരായിത്തീരുവാൻ തിരുസ്സഭ നമ്മെ ക്ഷണിക്കുകയാണ്.
ക്രിസ്തുമതം മറ്റേതൊരു മതത്തെയും പോലെ ഒരു മതമാണ് എന്നും, മറ്റ് സംഘടനകളെപ്പോലെ ഒരു സംഘടനയാണെന്നുമൊക്കെ വരുത്തി തീർക്കുവാനുള്ള പരിശ്രമങ്ങൾ ലോകം മുഴുവനും നടക്കുന്നുണ്ട്. എന്നാൽ, ക്രിസ്തുമതത്തിന് ഒരു പ്രത്യേകതയുണ്ട്. ക്രൈസ്തവ ആത്മീയതയ്ക്ക് ഒരു പ്രത്യേക സുഗന്ധമുണ്ട്. ക്രൈസ്തവരുടെ മനോഭാവങ്ങൾക്ക് പ്രത്യേക സൗന്ദര്യമുണ്ട്. ഇക്കാര്യം ലോകത്തോട് പ്രഘോഷിക്കുവാനാണ് ദൈവം നമ്മെ ഈ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. അതാണ് മിഷനറി ജീവിതം!
അത്, നഷ്ടപ്പെടുന്നുണ്ട് എന്ന് സാമാന്യമായി പറയാമെങ്കിലും, ഈ പ്രത്യേകതയും, സുഗന്ധവും, സുന്ദര്യവും ഒട്ടും കുറയാതെ കാത്തുസൂക്ഷിക്കുന്ന ധാരാളം ക്രൈസ്തവരുണ്ട് എന്നത് നാം മറക്കരുത്. നമ്മുട ജീവിതങ്ങളും, കുടുംബങ്ങളും ക്രൈസ്തവ ചൈതന്യത്താൽ നിറയട്ടെ. ക്രിസ്തു ഇന്ന് പഠിപ്പിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ വിശുദ്ധ കുർബാന നമ്മെ ശക്തിപ്പെടുത്തട്ടെ.

നൽകുന്നവനും സ്വീകരിക്കുന്നവനും ദൈവത്തിന്റെ മുൻപിൽ അവിടുത്തെ മക്കളാണ്. നാം സ്വഭാവത്താലേ മിഷനറിമാരാണ് എന്ന് നമുക്ക് മറക്കാതിരിക്കാം. ലോകം മുഴുവനിലും പ്രവർത്തിക്കുന്ന മിഷനറി മാർക്കുവേണ്ടി ഇന്നേ ദിവസം പ്രത്യേകം പ്രാർത്ഥിക്കാം. ആമേൻ!