പള്ളിക്കൂദാശാക്കാലം ഒന്നാം ഞായർ
മത്തായി 25, 1-13

സീറോ മലബാർ സഭയുടെ ആരാധനക്രമ വത്സരത്തിലെ അവസാനത്തെ കാലമായ പള്ളിക്കൂദാശാക്കാലത്തിലേക്ക് നാമിന്ന് പ്രവേശിക്കുകയാണ്. ഇന്ന് പള്ളിക്കൂദാശാക്കാലം ഒന്നാം ഞായർ. ഈ ഭൂമിയിൽ സ്ഥാപിതമായ ക്രിസ്തുവിന്റെ സഭയെ ഓർത്ത് ദൈവത്തിന് നന്ദിപറയുക, മിശിഹാ തന്റെ മണവാട്ടിയായി സഭയെ അവസാന വിധിക്കുശേഷം സ്വർഗ്ഗസ്ഥനായ പിതാവിന് സമർപ്പിക്കുന്നത് അനുസ്‌മരിക്കുക, യുഗാന്തത്തിൽ സഭ അവളുടെ മക്കളോടൊപ്പം സ്വർഗീയ ജറുസലേമാകുന്ന നിത്യസൗഭാഗ്യത്തിൽ എത്തിച്ചേരുന്നതിന്റെ മുന്നാസ്വാദനം അനുഭവിക്കുക എന്നീ ലക്ഷ്യങ്ങളാണ് പള്ളിക്കൂദാശാക്കാലത്ത് നാം മനസ്സിൽ സൂക്ഷിക്കുന്നത്.
പള്ളിക്കൂദാശാക്കാലത്തിന്റെ ഈ ഒന്നാം ഞായറാഴ്ച്ച സഭാസമർപ്പണത്തിരുനാളായിട്ടാണ് തിരുസ്സഭ ആഘോഷിക്കുന്നത്. തിരുസ്സഭയെ മനസ്സിൽ കണ്ടുകൊണ്ടെന്നോണം “നീ പത്രോസാണ്. ഈ പാറമേൽ ഞാൻ സഭ സ്ഥാപിക്കും.” എന്ന് പറഞ്ഞുകൊണ്ട് ഈശോ തിരുസ്സഭയ്ക്ക് രൂപം കൊടുത്തതിനെയാണ് ഇന്ന് നാം പ്രത്യേകം ഓർക്കുന്നത്. ക്രിസ്തുവിന്റെ സ്നേഹ സന്ദേശവുമായി ലോകം മുഴുവനും നിറഞ്ഞു നിൽക്കുന്ന തിരുസ്സഭയോടൊപ്പം വചനം ധ്യാനിച്ചും, കൂദാശകൾ സ്വീകരിച്ചും വിശുദ്ധ കുർബാനയർപ്പിച്ചും സഭാത്മകമായി ജീവിക്കുവാനാണ്, ഈശോയുടെ വരവിനായി ഒരുക്കത്തോടെ കാത്തിരിക്കുവാനാണ് പള്ളിക്കൂദാശാക്കാലം നമ്മോട് ആഹ്വാനംചെയ്യുന്നത്. ഈ ഒന്നാം ഞായറാഴ്ചയിലെ സന്ദേശമാകട്ടെ, മനുഷ്യജീവിതസാഹചര്യങ്ങളിൽ എല്ലാ തയ്യാറെടുപ്പോടുംകൂടി ക്രിസ്തുവിനായി കാത്തിരിക്കുക എന്നതാണ്.
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പ്രധാനമായും രണ്ട് പ്രഭാഷണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്നാമത്തേത്, തന്റെ പരസ്യജീവിതത്തിന്റെ ആരംഭത്തിൽ ഈശോ നടത്തിയ, പിന്നീട് മലയിലെ പ്രസംഗമെന്ന് വിശ്വ വിഖ്യാതമായ പ്രഭാഷണമാണ്. വിശുദ്ധ മത്തായിയുടെ സുവിശേഷം 5, 6, 7 അദ്ധ്യായങ്ങളിൽ നമുക്കിത് വായിക്കാം. രണ്ടാമത്തേത്, 23, 24, 25 അദ്ധ്യായങ്ങളിലായി നാം വായിക്കുന്ന ഈശോയുടെ അന്ത്യവിധിയെക്കുറിച്ചുള്ള പ്രഭാഷണമാണ്. ഇരുപത്തിയാറാം അദ്ധ്യായംമുതലാകട്ടെ, ഈശോയുടെ രക്ഷാകര ദൗത്യത്തിന്റെ സമാപന രംഗങ്ങളാണ് നാം വായിക്കുന്നത്. ഇന്നത്തെ സുവിശേഷഭാഗം തന്റെ മരണത്തിന് മുൻപ് ഈശോ ലോകത്തോട് നടത്തുന്ന അന്ത്യപ്രഭാഷണമായി കാണുമ്പോൾ, ഈ സുവിശേഷഭാഗത്തിന്റെ, പത്ത് കന്യകകളുടെ ഉപമയുടെ പ്രസക്തി വർധിക്കുകയാണ്. ദൈവം നമ്മുടെ ജീവിതത്തിലേക്ക് എപ്പോൾ വരുമെന്ന് അറിയാത്ത അവസരങ്ങളിൽപോലും തയ്യാറെടുപ്പോടെ കാത്തിരിക്കുവാൻ, കാത്തിരിപ്പിന്റെ കഥയിലൂടെ, ഇന്ന് ഈശോ നമ്മെ പഠിപ്പിക്കുകയാണ്.
കാത്തിരിപ്പ് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ജീവിതത്തിന്റെ ഭാഗം മാത്രമല്ല, ജീവിതംതന്നെയാണ്. കാത്തിരിപ്പിന് സ്നേഹത്തിന്റെ സ്പർശമുണ്ട്; വേദനയുടെ നനവുണ്ട്; ക്ഷമയുടെ, സഹിഷ്ണതയുടെ നിറമുണ്ട്. ആർക്കെങ്കിലുമൊക്കെ ചങ്കിലൊരിടംകൊടുക്കാൻ ചങ്കൂറ്റമുള്ളവർക്കേ കാത്തിരിക്കുവാനാകൂ. പിന്നെ, പതിയെപ്പതിയെ അവർക്കുവേണ്ടി ചാവേറായി മാറാനാവൂ. പ്രകൃതിയിലും കാത്തിരിപ്പിന്റെ മുഹൂർത്തങ്ങളാണ് കാണാൻ കഴിയുക. പ്രതീക്ഷയുടെ സുഖവും ദുഃഖവും നുണഞ്ഞ്, പത്തുമാസത്തെ കാത്തിരിപ്പിന് ശേഷമാണല്ലോ ഒരു ശിശു ഈ ലോകത്തിലേക്ക് വരുന്നത്! കൂരിരുൾ പുലരിവെട്ടത്തിനായി കാത്തിരിക്കുന്നത്, വേഴാമ്പൽ മഴയെ കാത്തിരിക്കുന്നത്, കർഷകൻ വിത്തുവിതച്ചശേഷം വിളവിനായി കാത്തിരിക്കുന്നത് …എല്ലാം എല്ലാം കാത്തിരിപ്പിന്റെ പ്രതീകങ്ങളാണ്. ഫാ.ബിബിൻ എംസിബിഎസ് തന്റെ “കടലാസ്” എന്ന ഓൺലൈൻ പേജിൽ “കാത്തിരിപ്പിനേക്കാളവൃത്തി വായിച്ചു തഴമ്പിച്ചൊരു കവിതയും രചിക്കപ്പെട്ടിട്ടില്ല” എന്ന് പറയുമ്പോൾ കാത്തിരിപ്പ് എന്ന ആശയം ഒരു വികാരമായി മനുഷ്യനിൽ നിറഞ്ഞു നിൽക്കുന്നുണ്ട് എന്ന് നാം മനസിലാക്കുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലെ ടി. എസ് എലിയറ്റിന്റെ (T.S. Eliot) “വെയ്സ്റ്റ് ലാൻഡ്” (The Waste Land) രക്ഷകനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ കഥയാണ്. സാമുവേൽ ബക്കറ്റിന്റെ (Samuel Beckett) “വെയ്റ്റിംഗ് ഫോർ ഗോദോ” (Waiting for Godot) എന്ന നാടകം, ദൈവത്തിനുവേണ്ടിയുള്ള വ്യക്തിയുടെ മാത്രമല്ല, മാനവസമൂഹത്തിന്റെ മുഴുവൻ കാത്തിരിപ്പാണ്. മലയാളത്തിൽ ശ്രീ മുരുകൻ കാട്ടാക്കട എഴുതിയ “കാത്തിരിപ്പ്” എന്ന കവിത, ഓരോ കാത്തിരിപ്പിലും മനുഷ്യൻ ഒറ്റയ്ക്കാണെന്ന് പറയുന്നു. “കാത്തിരിപ്പൊറ്റയ്ക്ക് കൺപാർത്തിരിക്കുന്നു; കാത്തിരിപ്പൊറ്റയ്ക്ക് കാതോർത്തി രിക്കുന്നു.” അതെ, ഓരോ മനുഷ്യന്റെയും ദൈവാനുഭവം, ദൈവത്തെ കണ്ടുമുട്ടൽ ഒറ്റയ്ക്കാണ്.

നമ്മുടെ ക്രൈസ്തവ ആധ്യാത്മികതയിൽ, ദൈവം തനിക്കുവേണ്ടി ഉറച്ച വിശ്വാസത്തോടെ, പ്രതീക്ഷയോടെ, യോഗ്യമായ തയ്യാറെടുപ്പോടെ, കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തുന്നില്ല എന്നത് വളരെ മനോഹരമായ ഒരു വിശ്വാസമാണ്. 2015 ൽ പുറത്തിറങ്ങിയ “എന്ന് നിന്റെ മൊയ്തീൻ” എന്ന സിനിമയിലെ ഒരു ഗാനം സാധാരണ മനുഷ്യന്റെ പ്രതീക്ഷയില്ലാത്ത കാത്തിരിപ്പിനെയാണ് വരച്ചുകാട്ടുന്നത്. ഗാനം ഇങ്ങനെയാണ്:
കാത്തിരുന്ന് കാത്തിരുന്ന്
പുഴ മെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നുപോയ്
വേനലിൽ ദലങ്ങൾ പോയ്
വളകളൂർന്നുപോയ്.
കാത്തിരിപ്പിൽ പ്രതീക്ഷയില്ലെങ്കിൽ അതിന്റെ നോവ് ഭയങ്കരമാണ്. എന്നാൽ, ക്രൈസ്തവന്റെ കാത്തിരിപ്പ് അങ്ങനെയല്ല. അതിൽ പ്രതീക്ഷയുണ്ട്. അതിൽ സ്നേഹമുണ്ട്. എന്റെ ദൈവം എന്റെ ജീവിതത്തിൽ വസന്തം വിരിയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. ആദത്തിന്റെ ഒരു കൂട്ടിനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉത്തരമാണ് ഹവ്വ. നോഹയുടെ കാത്തിരിപ്പിന് പ്രതീക്ഷയേകാനായി മഴവില്ല്, ഇസ്രായേൽ ജനത്തിന്റെ വേദനയോടെയുള്ള കാത്തിരിപ്പിന് ഈജിപ്തിൽനിന്നുള്ള മോചനം. വീണ്ടും ഇസ്രായേൽ ജനത്തിന്റെ 40 വർഷത്തെ അലഞ്ഞുള്ള കാത്തിരിപ്പിന് കാനാൻ ദേശം. ഇങ്ങനെ തയ്യാറെടുപ്പോടെ കാത്തിരിക്കുന്നവർക്ക് ദൈവം തന്റെ അനുഗ്രഹങ്ങൾ നൽകുന്നതായി ബൈബിളിൽ നാം കാണുന്നുണ്ട്. ബെത്‌സയ്ദ കുളക്കരയിൽ 38 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തളർവാത രോഗിക്ക് ലഭിക്കുന്നത് സൗഖ്യമാണ്. നൂറ്റാണ്ടുകളുടെ മനുഷ്യന്റെ കാത്തിരിപ്പിന് കിട്ടിയ സമ്മാനമാണല്ലോ രക്ഷകൻ, കർത്താവായ യേശുക്രിസ്തു. ക്രൈസ്തവന്റെ ദൈവം, തയ്യാറെടുപ്പോടെ തന്നെ കാത്തിരിക്കുന്ന മക്കൾക്കുവേണ്ടി അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന സ്നേഹ ദൈവമാണ്. ആ ദൈവത്തെക്കുറിച്ചു് നമ്മെ പഠിപ്പിക്കുവാനും, മനസ്സിലാക്കിത്തരുവാനും വന്ന ഈശോ ഉപകളിലൂടെയും, കഥകളിലൂടെയും, വചനങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും ദൈവത്തെ വെളിപ്പെടുത്തുവാൻ ശ്രമിക്കുകയാണ്. ഈ പിതാവായ ദൈവത്തിനുവേണ്ടിയുള്ള കാത്തിരിപ്പ് എങ്ങനെയായിരിക്കണമെന്നാണ് പത്തു കന്യകകളുടെ ഉപമയിൽ ഈശോ പറഞ്ഞു വയ്ക്കുന്നത്.
യഹൂദരുടെ വിവാഹാഘോഷങ്ങളുടെ ചുവടുപിടിച്ചുകൊണ്ടാണ് ഈശോ പത്തു കന്യകകളുടെ ഉപമ രൂപപ്പെടുത്തിയിരിക്കുന്നത്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വിവാഹാഘോഷങ്ങൾക്കുശേഷം മണവാട്ടിയുടെ വീട്ടിൽ നിന്ന് പുതുമണവാളനും, മണവാട്ടിയും, അവരുടെ പുതിയ വീട്ടിലേക്ക് യാത്രയാകും. യാത്ര എന്നുപറഞ്ഞാൽ, താലപ്പൊലിയും വെഞ്ചാമരവുമൊക്കെയായുള്ള ഒരു യാത്ര. അതെപ്പോഴാണ് അവരുടെ പുതിയ വീട്ടിൽ എത്തിച്ചേരുക എന്ന് മുൻകൂട്ടി പറയുക വയ്യ. തെളിഞ്ഞ ദീപങ്ങൾ പിടിച്ചു് അവരെ എതിരേൽക്കുകയെന്ന ദൗത്യം കന്യകകളാണ് ഏറ്റെടുക്കുക. വിളക്കുകളിൽ എണ്ണപകർന്ന്, തിരിനാളങ്ങൾ ഒരുക്കി രാത്രിയുടെ യാമങ്ങളെണ്ണി അവർ കാത്തിരിക്കും. കാരണം, എപ്പോഴാണ് അദ്ദേഹം വരിക എന്നറിയില്ലല്ലോ. അവർ എത്തുമ്പോൾ സേവകരിൽ ആരെങ്കിലും സിഗ്നൽ കൊടുക്കും. അപ്പോൾ കന്യകമാർ പുതുമണവാളനെയും, മണവാട്ടിയെയും സ്വീകരിക്കുവാൻ പുത്തേക്കെറിങ്ങിവരും.
തികച്ചും സാധാരണമായ ഈയൊരു സാഹചര്യത്തിലെ വളരെ രസകരമായ ഒരു twist ആണ് ഉപമയുടെ മനോഹാരിത. Twist ഇതാണ്: ഒരുങ്ങിയിരുന്ന പത്തുകന്യകകളിൽ അഞ്ചുപേരുടെ വിളക്കുകളിൽ എണ്ണ ഇല്ലാതാകുന്നു. എണ്ണ വിളക്കുകളിൽ നിറയ്ക്കുവാൻ അവർ മറന്നുപോയിരുന്നു. ആഘോഷത്തിന്റെ പൊലിമ നഷ്ടപ്പെടുന്നു. മാത്രമല്ല, പുതുമണവാളനോടും, മണവാട്ടിയോടുമൊപ്പം മണവറയിലേക്ക് പ്രവേശിക്കാൻ ആ അഞ്ചുപേർക്കും അവസരം കിട്ടാതെപോകുന്നു!
ഈ Twist നെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈശോ പറയുന്നു, സ്വർഗ്ഗരാജ്യം, ജീവിതത്തിന്റെ എല്ലാമണിക്കൂറിലും, ക്രിസ്തുവാകുന്ന മണവാളനെയും, തിരുസ്സഭയാകുന്ന മണവാട്ടിയെയും സ്വീകരിക്കുവാൻ ഒരുങ്ങിരിക്കുന്നവരുടേതാണ്. അലക്ഷ്യമായി ജീവിക്കുന്ന, താലന്തുകൾ ഉപയോഗിക്കാതെ അലസമായി ജീവിക്കുന്ന മനുഷ്യരുടേതല്ല സ്വർഗ്ഗരാജ്യം. ജീവിതത്തിൽ ദൈവം നൽകുന്ന അവസരങ്ങളെ ഏറ്റവും നന്നായി ഉപയോക്കുന്നവരുള്ള സ്ഥലമാണ് സ്വർഗ്ഗരാജ്യം. ജീവിതത്തിന്റെ ഓരോ നിമിഷവും ക്രിസ്തുവിനായി കാത്തിരിക്കുന്നവരുടേതാണ് സ്വർഗ്ഗരാജ്യം.
ഒത്തിരി സ്നേഹത്തോടെ നാം ആരെയെങ്കിലും കാത്തിരിക്കുന്നുണ്ടെങ്കിൽ നമ്മുടെ ചിന്തകൾ ആരെക്കുറിച്ചായിരിക്കും? നമ്മുടെ സംസാരം ആരെക്കുറിച്ചായിരിക്കും? നമ്മുടെ നമ്മുടെ കണ്ണുകൾ ആരെ കാണുവാനാഗ്രഹിക്കും? സംശയമില്ല, നാം ആരെ കാത്തിരിക്കുന്നുവോ, ആ വ്യക്തിയെക്കുറിച്ചായിരിക്കും. ക്രിസ്തുവിനായി ജീവിതത്തിന്റെ ഓരോ നിമിഷവും കാത്തിരിക്കുന്നവരുടെ ചിന്തയിൽ എന്നും എപ്പോഴും ക്രിസ്തുവായിരിക്കും; ഹൃദയത്തിൽ ക്രിസ്തുവായിരിക്കും; സംസാരത്തിൽ ക്രിസ്തുവായിരിക്കും; കാഴ്ച്ചയിൽ എപ്പോഴും ക്രിസ്തുവായിരിക്കും. പ്രവൃത്തികളിൽ നിഴലിക്കുന്നതോ ക്രിസ്തു മാത്രമായിരിക്കും. എല്ലാ തയ്യാറെടുപ്പോടുംകൂടി ക്രിസ്തുവിനായി വിശ്വാസത്തോടെ, പ്രാർത്ഥനയോടെ കാത്തിരിക്കുന്നവർ എന്നും എപ്പോഴും സ്വർഗ്ഗരാജ്യത്തിലായിരിക്കും; സ്വർഗ്ഗരാജ്യം അങ്ങനെയുള്ളവരുടേതാകുന്നു.
ഈശോയുടെ ഓർമ്മപ്പെടുത്തൽ ഇങ്ങനെയാണ്: “നിങ്ങൾ ഒരുങ്ങിയിരിക്കുവിൻ. എന്തെന്നാൽ, പ്രതീക്ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രൻ വരുന്നത്.” (ലൂക്കാ 12, 40) ക്രിസ്തു നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് ഇപ്പോൾ ഈ നിമിഷത്തിലാകാം; നാം ദേവാലയത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവേളയിലാകാം; വീട്ടിലെ ജോലികൾക്കിടയിലാകാം. അതുമല്ലെങ്കിൽ അന്ത്യവിധിയുടെ നാളിലാകാം. എപ്പോഴാണെങ്കിലും ഒരുങ്ങിയിരിക്കുവാൻ നമുക്കാകണം. “സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാൽ നിങ്ങളുടെ മനസ്സ് ദുർബലമാകാതെ” (ലൂക്കാ 21, 34) മനുഷ്യപുത്രന്റെ മുൻപിൽ പ്രത്യക്ഷപ്പെടാൻവേണ്ട കരുത്തു ലഭിക്കുവാൻ സദാ പ്രാർത്ഥിച്ചുകൊണ്ട് ജാഗരൂകരായിരിക്കുവാൻ (36) ഈശോ നമ്മോട് പറയുന്നു. വിശുദ്ധ പൗലോശ്ലീഹാ പറയുന്നത്, സത്യംകൊണ്ട് അരമുറുക്കി നീതിയുടെ കവചം ധരിച്ച് സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകൾ ധരിച്ച്, വിശ്വാസത്തിൻറെ പരിച എടുത്ത്, രക്ഷയുടെ പടത്തൊപ്പി അണിഞ്ഞ് , ദൈവവചനമാകുന്ന ആത്മാവിൻറെ വാൾ എടുത്ത് (എഫേസോസ് 6, 13-17) ഓരോ നിമിഷവും നാം ഒരുങ്ങിയിരിക്കണം എന്നാണ്.
പ്രിയപ്പെട്ടവരേ, കാത്തിരിപ്പ് ഒരു തപസ്സാണ്; അതൊരു പുണ്യമാണ്. അതുകൊണ്ടാണ്, ഈശോ പറയുന്നത്, ഒരുങ്ങിയിരിക്കുവിൻ. തയ്യാറെടുപ്പോടെ കാത്തിരിക്കുവാൻ നമുക്കാകണം. നമ്മുടെ ക്രിസ്തുവിനുവേണ്ടിയുള്ള, അവിടുത്തെ അനുഗ്രഹങ്ങൾക്കുവേണ്ടിയുള്ള, ഈശോയെ കണ്ടുമുട്ടാനുള്ള കാത്തിരിപ്പ് എങ്ങനെയാണ് എന്ന് നാം പരിശോധിക്കേണ്ടിയിരിക്കുന്നു. നല്ല ഒരുക്കത്തോടെ കാത്തിരിക്കുക. കുമ്പസാരിച്ച്, വിശുദ്ധ കുർബാന സ്വീകരിച്ച് ഇപ്പോഴും വിശുദ്ധിയോടെ ഒരുങ്ങിരിക്കുക. നമ്മുടെ ജീവിതത്തിലേക്ക് ക്രിസ്തു എപ്പോഴാണ് കടന്നുവരുന്നതെന്ന് നമുക്കറിയില്ലല്ലോ!
സ്നേഹമുള്ളവരേ, എല്ലാവിധ തയ്യാറെടുപ്പോടെ, ജീവിതത്തിന്റെ എല്ലാനിമിഷവും ക്രിസ്തുവിനായി കാത്തിരിക്കുന്നവരുടെ സ്വർഗ്ഗരാജ്യമായി ഈ ലോകത്തെ മാറ്റിയെടുക്കുവാനുള്ള ആഹ്വാനവുമായി ഇന്നത്തെ സുവിശേഷഭാഗം, പത്തു കന്യകകളുടെ ഉപമ നമ്മെ സന്ദർശിക്കുമ്പോൾ, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ നാം പരിശോധിക്കേണ്ടിയിരിക്കുന്നു. ഈ ഉപമയിലെ മണവാളൻ ക്രിസ്തുവാണ്. മണവാളൻ വരുവാനുള്ള കാലതാമസം ദൈവത്തിന്റെ പ്രവർത്തനരീതിയെയാണ് കാണിക്കുന്നത്. The Grace of God has its own pace എന്നാണ് പറയുന്നത്. ദൈവത്തിന്റെ പ്രസാദവരത്തിന്, പ്രസാദവരത്തിന്റെ പ്രവർത്തനത്തിന് അതിന്റെതായ ചുവടുണ്ട്. ആ ചുവട് നമ്മുടെ അടുക്കലേക്കെത്തുന്നത് എപ്പോഴാണെന്ന് നമുക്കറിയില്ല. നാം കാത്തിരിക്കണം. വാതിൽ അടയ്ക്കുന്നത് അന്ത്യവിധിയെയാണ് സൂചിപ്പിക്കുന്നത്. ഉപമയുടെ വെളിച്ചത്തിൽ നമ്മുടെ ജീവിതങ്ങളെ പരിശോധിക്കുകയും, ക്രിസ്തുവിനായി കാത്തിരിക്കുന്ന ചൈതന്യം സ്വന്തമാക്കുകയും വേണം.
ഈ ഭൂമിയിൽ ഓരോ നിമിഷവും ക്രിസ്തുവിനെ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പോടെ ജീവിക്കുക – അതാണ് ക്രൈസ്തവരുടെ ജീവിതദൗത്യം. വിവേകമതികളായ അഞ്ചുകന്യകമാരെപ്പോലെ നമ്മുടെ ജീവിതമാകുന്ന വിളക്കിൽ, എണ്ണയൊഴിച്ചു്, തിരികൾ ഒരുക്കി നാം കാത്തിരിക്കണം. മാർട്ടിൻ ലൂഥർ പറയുന്നത് വിശ്വാസമാകുന്ന എണ്ണയൊഴിച്ചു് കാത്തിരിക്കണമെന്നാണ്. വിശുദ്ധ അഗസ്തീനോസ് പറയുന്നത്, നന്മപ്രവൃത്തികളാകുന്ന എണ്ണയൊഴിച്ചു കാത്തിരിക്കണം എന്നാണ്.

അങ്ങനെകാത്തിരിക്കുമ്പോൾ നമ്മുടെയൊക്കെ ജീവിതങ്ങൾ ക്രിസ്തുവിന്റെ മനോഭാവം നിറഞ്ഞതാകും. ക്രിസ്തുവിന്റെ ചൈതന്യം നിറഞ്ഞു തുളുമ്പുന്നതാകും. ഈ ഭൂമിതന്നെ സ്വർഗ്ഗരാജ്യമായി മാറും. ആമേൻ!