SUNDAY SERMON LK 1, 5-25

മംഗളവാർത്താക്കാലം ഒന്നാം ഞായർ

ലൂക്കാ 1, 5-25

ഇന്ന്, 2024 ഡിസംബർ 1 ഞായറാഴ്ച്ച, സീറോ മലബാർ സഭയുടെ ആരാധനാക്രമവത്സരം വീണ്ടും തുടങ്ങുകയാണ്. മിശിഹാ രഹസ്യങ്ങൾ ക്രമമായി അവതരിപ്പിച്ചുകൊണ്ടാണ് സീറോ മലബാർ സഭയുടെ ആരാധനാക്രമം രൂപപ്പെടുത്തിയിരിക്കുന്നത്. അതായത്, തിരുസഭയിലൂടെ ക്രിസ്തു നമുക്ക് നൽകിയിരിക്കുന്ന, മിശിഹായുടെ രക്ഷാകര രഹസ്യങ്ങളുടെ ആഘോഷമായ വിശുദ്ധ കുർബാന, ആരാധനാക്രമവത്സരത്തിലൂടെയും അവതരിപ്പിക്കപ്പെടുകയാണ്. നമ്മുടെ ആരാധനാവത്സരത്തിലെ ഒന്നാമത്തെ കാലം മംഗള വാർത്താക്കാലമാണ്. ഈ കാലഘട്ടത്തിൽ നാം ധ്യാനവിഷയമാക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ പൂർണത അവിടുത്തെ മനുഷ്യാവതാരത്തിലാണ്. രണ്ട്, ‘സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്തയായ (ലൂക്കാ 1, 11) ലോക രക്ഷകനായ ക്രിസ്തുവിന്റെ ജനനം പ്രഘോഷിക്കുക. ഈ കാലത്തിന്റെ കേന്ദ്രമായി നിലകൊള്ളുന്നത് ക്രിസ്തുവിന്റെ പിറവിത്തിരുനാളാണ്.

മംഗളവാർത്തക്കാലത്തിന്റെ പേര് അന്വർത്ഥമാക്കുംവിധം ഈ കാലത്തിലെ നാല് ഞായറാഴ്ചകളിൽ സദ്വാർത്തകളാണ്, മംഗളവാർത്തകളാണ് നാം കേൾക്കുന്നത്. ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചുകേട്ടതുപോലെ, സഖറിയായ്ക്കും എലിസബത്തിനും ദൈവം സദ്വാർത്ത നൽകുകയാണ്. മംഗളവാർത്താക്കാലം ആദ്യ ഞായറാഴ്ചത്തെ സന്ദേശം, വൈകാരികമായി അങ്ങേയറ്റത്തെ അടിമത്തം അനുഭവിക്കാതെ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട്, ജീവിതത്തിലെ ദൈവത്തിന്റെ ഇടപെടലുകളെ മനസ്സിലാക്കിക്കൊണ്ട്, അവയോട് സഹകരിച്ചുകൊണ്ട് ജീവിക്കുക.

ഇന്നത്തെ സുവിശേഷ ഭാഗത്തിലെ പ്രതിപാദ്യവിഷയം അബിയായുടെ ഗണത്തിൽപ്പെട്ട പുരോഹിതനായ സഖറിയായുടെയും, അദ്ദേഹത്തിന്റെ ഭാര്യ അഹറോന്റെ പുത്രിമാരിൽപ്പെട്ട എലിസബത്തിന്റെയും ജീവിതത്തിലുണ്ടായ, കുടുംബത്തിലുണ്ടായ   ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലുകളാണ്. ചരിത്രപരമായ ഒരു സാഹചര്യത്തിലാണ് വൃദ്ധ ദമ്പതികളായ സഖറിയായെയും എലിസബത്തിനെയും ലൂക്കാസുവിശേഷകൻ അവതരിപ്പിച്ചിരിക്കുന്നത്. ഹേറോദേസ് രാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തിൽ പെട്ട, അഹരോന്റെ പുത്രിമാരിൽപെട്ട എന്നൊക്കെ അവതരിപ്പിക്കുന്നത് നൂറ്റാണ്ടുകൾക്കു മുന്പ് നടന്ന സംഭവത്തിന് വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും, ചരിത്രത്തിൽ ഇടപെടുന്നവനാണ് ദൈവം എന്ന് ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ്.

ദൈവത്തിന്റെ ഇടപെടലുകളോടുള്ള ഇവരുടെ പ്രതികരണം, ജീവിതത്തിൽ ദൈവിക ഇടപെടലുകളുടെ മുൻപിൽ എങ്ങനെയാണ് നിൽക്കേണ്ടതെന്ന് നമ്മെ പഠിപ്പിക്കും.

നമ്മുടെ ജീവിതത്തിൽ മൂന്ന് തരത്തിലുള്ള സാഹചര്യങ്ങളാണ് ഉണ്ടാകാറുള്ളത്. ഒന്ന്, പരീക്ഷണപരം അഥവാ നാം നേരിടേണ്ടിവരുന്നത്. നാം പോലും പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതത്തിൽ ചില സാഹചര്യങ്ങൾ ഉടലെടുക്കും. അവയെ നാം നേരിടുകതന്നെ ചെയ്യണം. കാരണം, അവയെ നാം നേരിട്ടില്ലെങ്കിൽ നമ്മുടെ ഈ ജീവിതം മുന്നോട്ട് പോകില്ല. രണ്ട്, സൃഷ്ടിപരം അഥവാ നാം നിലനിർത്തുന്നത്. എന്നുപറഞ്ഞാൽ ചില പ്രശ്നങ്ങൾ, സാഹചര്യങ്ങൾ എപ്പോഴും നമ്മോടൊത്ത് ഉണ്ടാകും. നാം മാറ്റാൻ ശ്രമിച്ചാലും, മിക്കവാറും അവ മാറിപ്പോകില്ല. മൂന്നാമത്തേത്, മനോഭാവപരമാണ്. അതായത്, ചില ജീവിത സാഹചര്യങ്ങളോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അവയുടെ നിലനിൽപ്പും, അവ ഇല്ലാതാകുന്നതും. ജീവിത പ്രശ്നങ്ങൾ, സാഹചര്യങ്ങൾ എങ്ങനെത്തന്നെയായാലും, ജീവിതത്തിൽ നമുക്കുണ്ടാകുന്ന അനുഭവങ്ങളോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം.   

പരീക്ഷണപരവും, സൃഷ്ടിപരവും, മനോഭാവപരവുമായി സാഹചര്യങ്ങളോട് മനുഷ്യൻ പ്രതികരിക്കുമ്പോൾ, രണ്ട് തരത്തിലാണ് ഇത് സംഭവിക്കുന്നത്. മറ്റൊരുവാക്കിൽ, സാഹചര്യങ്ങളോട് പ്രതികരിക്കുമ്പോൾ രണ്ട് തരം വ്യക്തിത്വങ്ങൾ രൂപപ്പെടുന്നു.

ഒന്ന്, കർമ്മോദ്യുക്തർ (Pro-active Persons). ഇവർ സാഹചര്യങ്ങളെ പഴിക്കുന്നില്ല. ദൈവത്തിലുള്ള വിശ്വാസം തുടങ്ങിയ മൂല്യങ്ങളാണ് ഇവരെ നയിക്കുന്നത്. മഴയും വെയിലും ഇവരെ സ്വാധീനിക്കുന്നില്ല.

രണ്ട്, പ്രതികർമികൾ (Re-active Persons) സാമൂഹിക മാറ്റങ്ങൾ ഇവരെ സ്വാധീനിക്കും. പ്രതികാർമ്മിയെ നയിക്കുന്നത് വികാരങ്ങളും, വിചാരങ്ങളും, വ്യവസ്ഥകളും യുക്തിയുമാണ്. നമ്മുടെ കുടുംബങ്ങളിലും, ഈ രണ്ട് തരത്തിലുള്ള വ്യക്തികളെയും നമുക്ക് കണ്ടെത്താൻ സാധിക്കും.

ഇനി, ദൈവിക ഇടപെടലുകൾക്ക് മുൻപിൽ സഖറിയായും, എലിസബത്തും എങ്ങനെയാണ് വർത്തിച്ചത്? എങ്ങനെയാണ് പ്രതികരിച്ചത്? എങ്ങനെയുള്ള വ്യക്തിത്വങ്ങളാണ് ഇവർ? തീർച്ചയായും, Pro-active Persons ആണിവർ. ദൈവത്തിന്റെ മുൻപിൽ കുറ്റമറ്റവരായി, നീതിനിഷ്ഠരായി ജീവിച്ചവരാണിവർ. കർത്താവിന്റെ കല്പനകളും, പ്രമാണങ്ങളും ജീവിതമൂല്യമായി സ്വീകരിച്ചുകൊണ്ട്, അവയെ കുറ്റമറ്റവിധം അനിസരിക്കുന്നവരാണിവർ. പ്രായം കവിഞ്ഞുപോയ ഞങ്ങൾക്കിനി മക്കളുണ്ടാകുകയില്ലായെന്ന് കരുതി ദൈവത്തെ പഴിച്ചിരുന്നവരല്ല അവർ. ദൈവത്തിനു അസാധ്യമായി ഒന്നുമില്ലായെന്നു ചിന്തിച്ചുകൊണ്ട്, തങ്ങളുടെ ജീവിതത്തിൽ ദൈവം അത്ഭുതം പ്രവർത്തിക്കുമെന്ന് (അത് എങ്ങനെയാണെന്ന് അറിയില്ലെങ്കിലും) ഉറച്ചുവിശ്വസിച്ചുകൊണ്ട് പ്രാർത്ഥനയോടെ ജീവിച്ചവരാണവർ. ജീവിതത്തിലെ പ്രയാസമേറിയ സാഹചര്യങ്ങളെ ദൈവവിശ്വാസം പോലുള്ള മൂല്യങ്ങൾകൊണ്ട്   കീഴടക്കാനുള്ള കഴിവാണ്   Pro-active Persons നുള്ളത്.  

സഖറിയാ എന്ന വാക്കിനർത്ഥം ദൈവം ഓർത്തു എന്നാണ്.  ദൈവം സഖറിയയെ ഓർത്തുകൊണ്ട് കർത്താവിന്റെ ദൂതൻ വഴി സന്ദേശം അറിയിച്ചപ്പോൾ, “ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീപസ്ഥനാണെന്നും, മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുമെന്നും” (സങ്കീ 34, 18) സഖറിയായും ഓർത്തുകാണും.  “കർത്താവിൽ ആശ്രയിക്കുന്നവനെ അവിടുത്തെ സ്നേഹം വലയം ചെയ്യുമെന്ന്” അദ്ദേഹം മനസ്സിൽ പറഞ്ഞുകാണണം. “കർത്താവിനെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാകുകയില്ലെന്നും” (സങ്കീ 34, 9) അദ്ദേഹം ചിന്തിച്ചുകാണും. പക്ഷേ, സ്വർഗം മുൻപിൽ വന്നു നിന്നപ്പോൾ, ദൈവം വെളിപാടുമായി സഖറിയയുടെ മുൻപിൽ നിന്നപ്പോൾ അദ്ദേഹത്തിന് ആ സ്വർഗത്തെ, ദൈവത്തെ മനസ്സിലാക്കുവാൻ കഴിഞ്ഞില്ല. എന്നുപറഞ്ഞാൽ, പരീക്ഷണപരവും, സൃഷ്ടിപരവുമായ തന്റെ ജീവിത സാഹചര്യത്തിന് മനോഭാവപരമായ ഒരു മാറ്റം വരുത്തുവാനുള്ള സമയം വന്നിരിക്കുന്നു എന്ന് മനസ്സിലാക്കാതെ, അദ്ദേഹം തന്റെ പഴയ അവസ്ഥയെത്തന്നെ കെട്ടിപ്പിടിച്ചിരിക്കുകയാണ്. “ഞാൻ വൃദ്ധനാണ്. എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്.” (1, 18) ഇത് ദൈവത്തെ വേദനപ്പെടുത്തി. അതുകൊണ്ടാണ് അദ്ദേഹം മൂകനായിത്തീർന്നത്.

ഇവിടെ സംസാരശേഷി നഷ്ടപ്പെടുകയെന്നത് ഒരു പ്രതീകമാണ്. ദൈവത്തിന്റെ വെളിപാടിന്റെ മുൻപിൽ, പരീക്ഷണപരവും, സൃ ഷ്ടിപരവുമായ തന്റെ ജീവിതത്തെ,  മനോഭാവപരമായ ഒരു മാറ്റത്തിലേക്ക് ദൈവം കൊണ്ടുവരുമ്പോൾ, പഴയജീവിതത്തെ തന്നെ മുറുകെപ്പിടിച്ചിരിക്കുന്നത് എന്തൊരു ദുരന്തമാണ്!!  ആ മാറ്റത്തെ ദൈവത്തിന്റെ ഇടപെടലായി കാണാൻ കഴിയാത്തത് എന്തൊരു കഷ്ടമാണ്!!!

മദ്യപിക്കുന്ന ഒരാളുടെ ജീവിതമെടുക്കുക. മദ്യപിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് ദൈവത്തിന്റെ ദൂതൻ പലരൂപത്തിൽ, പല ആളുകളിലൂടെ, പല സംഭവങ്ങളിലൂടെ കടന്നുവരും. ചിലപ്പോൾ, മദ്യപാനം മൂലം കുടുംബത്തിന് നഷ്ടമുണ്ടായാലും ദൈവം അയാളെ വീണ്ടും വീണ്ടും അനുഗ്രഹിക്കും. മറ്റുചിലപ്പോൾ എന്തെങ്കിലും അത്യാഹിതത്തിലൂടെ ദൈവം സംസാരിക്കും. ഈ തരത്തിലുള്ള ദൈവിക ഇടപെടലുകളെ അവഗണിക്കുമ്പോൾ, മനസ്സിലാക്കാതെ വരുമ്പോൾ ഒരുവൻ എത്തിച്ചേരുക വലിയ ദുരന്തത്തിലേക്കായിരിക്കും! ദൈവത്തിന്റെ ഇടപെടലുകളെ കണ്ടില്ലെന്നു നടിക്കുക എന്നത് വലിയ ദുരന്തഫലങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കും. ജീവിതം മൂകമായിത്തീരും!!!

എന്നാൽ, Pro-active ആയതുകൊണ്ട് അദ്ദേഹം ആ സാഹചര്യത്തെ സ്വീകരിക്കുകയാണ്. ദൈവത്തിനെതിരെ തിരിയാതെ, അദ്ദേഹം തന്റെ ശുശ്രൂഷ തുടരുകയാണ്. സാഹചര്യങ്ങളെ കുറ്റം പറയാതെ, ദൈവത്തെ പഴിക്കാതെ ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെയെന്ന് പറഞ്ഞുകൊണ്ട്, ജീവിതസാഹചര്യങ്ങളെ നേരിടാൻ സഖറിയാ തയ്യാറായി എന്നത്, സ്നേഹമുള്ളവരേ, നമുക്കൊരു വെല്ലുവിളിയാണ്. ജീവിതത്തിൽ നമുക്കുണ്ടാകുന്ന അനുഭവങ്ങളോട്, സാഹചര്യങ്ങളോട്, പ്രശ്നങ്ങളോട് നാമെങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ദൈവത്തിന്റെ കൃപ നമ്മിൽ പ്രവർത്തിക്കുന്നത്. ദൈവത്തിന്റെ കൃപയുടെ ആഘോഷമായി, ക്രിസ്തുമസായി ദൈവം നമ്മിൽ നിറയണമെങ്കിൽ നാമൊക്കെ നമ്മുടെ മനോഭാവങ്ങളിൽ മാറ്റം വരുത്തേണ്ടിയിരിക്കുന്നു.

എലിസബത്ത്   എന്ന വാക്കിനർത്ഥം എന്റെ ദൈവം വാഗ്ദാനമാണ് (My God is oath), എന്റെ ദൈവം സമൃദ്ധിയാണ് (My God is abundance) എന്നാണ്. എലിസബത്തും ഒരു Pro-active Person ആണ്.   ദൈവം തന്റെ വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്ന്, ദൈവം ജീവൻ സമൃദ്ധിയായി നല്കുന്നവനാണെന്ന് എലിസബത്തും വിശ്വസിച്ചതുകൊണ്ടാണ് എലിസബത്തിന് ഇങ്ങനെ പറയാൻ കഴിഞ്ഞത്: “മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാൻ കർത്താവ് എന്നെ കടാക്ഷിച്ച് എനിക്ക് ഇത് ചെയ്തു തന്നിരിക്കുന്നു.” (1, 25) ഇവരുടെ ഈ Pro-active മനോഭാവത്തിന്റെ Result നോക്കൂ … സഖറിയായെ ദൈവം ഓർത്തു; ദൈവം തന്റെ വാഗ്ദാനം അനുസ്മരിച്ചു. അവിടുന്ന് അവർക്കു ദൈവത്തിന്റെ സമ്മാനം കൊടുത്തു. (യോഹന്നാൻ എന്ന പേരിനർത്ഥം ദൈവത്തിന്റെ സമ്മാനം, the gift of God എന്നാണ്.)

സ്നേഹമുള്ളവരേ, ഈ ക്രിസ്മസ് ഒരുക്കക്കാലത്ത് എന്റെ ജീവിതത്തിലും ദൈവത്തിന്റെ ഇടപെടലുകളുണ്ടാകുമെന്നും, ആ ഇടപെടലുകളെ മനസ്സിലാക്കുവാൻ ഞാൻ ശ്രമിക്കുമെന്നും നമുക്ക് തീരുമാനമെടുക്കണം. മാത്രമല്ല, നമ്മുടെ ജീവിതത്തിലെ ദൈവത്തിന്റെ അത്ഭുതമെന്ന് പറയുന്നത്, മനോഭാവപരമായ ഒരു മാറ്റത്തിലേക്കുള്ള ദൈവത്തിന്റെ ക്ഷണമാണ്. ആ ക്ഷണം മനസ്സിലാക്കുവാൻ നമുക്കാകട്ടെ. പഴയകാല ജീവിതത്തിൽ കെട്ടിക്കിടക്കാനല്ല, എന്റെ തകർന്ന ജീവിതത്തെ തന്റെ സമ്മാനങ്ങൾകൊണ്ട് നിറയ്ക്കാനാണ്

ദൈവം എന്റെ ജീവിതത്തിൽ ഇടപെടുന്നതെന്ന് മറക്കാതിരിക്കുക. അപ്പോൾ മാത്രമേ മംഗളവാർത്താക്കാലത്തെ സംഭവങ്ങളുടെ അർഥം മനസ്സിലാക്കാൻ നമുക്ക് സാധിക്കൂ. ഒപ്പം, നമ്മുടെ ജീവിതത്തിലെ സംഭവങ്ങളുടെയും!!! ആമ്മേൻ!  

SUNDAY SERMON FEAST OF CHRIST THE KING

ക്രിസ്തുവിന്റെ രാജത്വ തിരുനാൾ 2024

ആയിരത്തി തൊള്ളായിരത്തിന്റെ ആദ്യദശകങ്ങൾ! യുദ്ധങ്ങളും, കലഹങ്ങളും, ലോകത്തിന്റെയും മനുഷ്യന്റെയും സമാധാനം തല്ലിക്കെടുത്തിയ കാലഘട്ടം!! അടിമത്തം (Slavery), ചൂഷണം (Exploitation) കോണ്സെന്ട്രേഷൻ ക്യാമ്പുകൾ (Concentration camps), ഹോളോകാസ്റ്റ് (Holocaust) തുടങ്ങിയപദങ്ങൾ രാജാക്കന്മാർക്ക് വിനോദവും, സാധാരണമനുഷ്യർക്ക് മരണവും നൽകിയിരുന്ന കാലം!!!  ഇങ്ങനെ ലോകത്തിൽ അരാജകത്വം നിറഞ്ഞു നിന്നിരുന്നൊരു കാലഘട്ടത്തിൽ, ലോകത്തിന്റെ നേതാക്കൾ ദൈവങ്ങളായി നാട് ഭരിച്ചിരുന്നൊരു സാഹചര്യത്തിൽ, അന്നത്തെ മാർപാപ്പ പയസ് പതിനൊന്നാമൻ പ്രഖ്യാപിച്ചു: ഈ പ്രപഞ്ചത്തെ, ലോകത്തെ, മനുഷ്യമനസ്സുകളെ ഭരിക്കുന്നത്, സ്നേഹമുള്ള മക്കളേ , ക്രിസ്തുവാണ്, രാജാക്കന്മാരുടെ രാജാവായ ക്രിസ്തു; ലോകത്തിനു സമാധാനം നൽകുന്നത് രാജാക്കന്മാരുടെ രാജാവായ ക്രിസ്തു; ലോകത്തെ നയിക്കുന്നത് രാജാക്കന്മാരുടെ രാജാവായ ക്രിസ്തു.  അങ്ങനെയാണ് നാമിന്ന് ആഘോഷിക്കുന്ന ക്രിസ്തുവിന്റെ രാജത്വ തിരുനാളിന്റെ തുടക്കം.  1925 ൽ സാർവത്രിക സഭയിൽ ക്രിസ്തുവിന്റെ രാജത്വ തിരുനാൾ നടപ്പിലാക്കിയ കാലം മുതൽ ഇന്നോളം ക്രൈസ്തവ ലോകം ക്രിസ്തുവിനെ ഈ ലോകത്തിന്റെ, ക്രൈസ്തവകുടുംബങ്ങളുടെ, തങ്ങളുടെ ജീവിതത്തിന്റെ രാജാവായി സ്വീകരിച്ചിരിക്കുകയാണ്.  

ക്രിസ്തുവിനെക്കുറിച്ചു ഓർക്കുമ്പോൾ ഓരോ ക്രൈസ്തവനും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന വിശേഷണവും ഇതുതന്നെയാണ്: രാജാക്കന്മാരുടെ രാജാവായ ക്രിസ്തു! ഇന്ന് പള്ളിക്കൂദാശാകാലത്തിന്റെ നാലാം ഞായറാഴ്ച്ച ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ നാം വീണ്ടും ഈ വിശേഷണം ഓർത്തെടുക്കുകയാണ്. കുഞ്ഞുന്നാളിൽ സൺ‌ഡേ സ്കൂൾ കുട്ടിയായിരുന്ന കാലത്ത് ഒരു മുദ്രാവാക്യമായി, ഉള്ളിൽ തട്ടുന്ന ഒരു സങ്കീർത്തനമായി ജയ് ജയ് ക്രിസ്തുരാജൻ എന്ന് ഏറ്റുപറഞ്ഞത് ഞാനിപ്പോൾ ഓർത്തെടുക്കുകയാണ്. സുപ്രസിദ്ധ ഗായകനായ ശ്രീ കെ. ജെ. യേശുദാസിന്റെ ശബ്ദത്തിൽ “രാജാക്കന്മാരുടെ രാജാവേ…എന്ന സുന്ദരമായ ഗാനം കേൾക്കുമ്പോഴും, ദേവാലയത്തിരുനാളുകളിൽ ബാൻഡ് സെറ്റുകാർ ആ ഗാനം മീട്ടുമ്പോഴും ഉള്ളിൽ സന്തോഷം തോന്നാത്തവരായി ആരാണുള്ളത്? ആ ഗാനം ഒന്ന് മൂളാത്തവരായും നമ്മിൽ ആരുമുണ്ടാകില്ല. നിഷ്കളങ്കമായ ഈ ഓർമകളിൽ നിന്നുകൊണ്ട് ഈ വർഷത്തെ ക്രിസ്തുരാജത്തിരുനാൾ ആഘോഷിക്കുവാൻ തിരുസ്സഭ നമ്മെ ക്ഷണിക്കുകയാണ്. എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ!  

ക്രിസ്തു രാജാവാണ് എന്നത് തിരുസഭയിൽ വൈകിവന്ന ഒരാശയമല്ല. ഗബ്രിയേൽ ദൂതൻ പരിശുദ്ധ അമ്മയോട് മംഗളവാർത്ത അറിയിച്ചപ്പോൾ തന്നെ ക്രിസ്തുവിന്റെ രാജത്വം പ്രഖ്യാപിച്ചിരുന്നു. “നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും… അവൻ വലിയവൻ ആയിരിക്കും. അത്യുന്നതന്റെ പുത്രനെന്ന് വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും.  യാക്കോബിന്റെ ഭവനത്തിന്മേൽ അവൻ എന്നേയ്ക്കും ഭരണം നടത്തും.” (ലൂക്കാ 1, 31-32) വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം വാക്യം 49 ൽ നഥാനിയേൽ ഈശോയെ രാജാവായി ഏറ്റുപറയുന്നുണ്ട്. “റബ്ബി അങ്ങ് ദൈവപുത്രനാണ്, ഇസ്രയേലിന്റെ രാജാവാണ്.”വിശുദ്ധ പൗലോശ്ലീഹ തിമോത്തിയോസിനെഴുതിയ ഒന്നാം ലേഖനത്തിൽ ക്രിസ്തുവിനെ “രാജാക്കന്മാരുടെ രാജാവും, പ്രഭുക്കന്മാരുടെ പ്രഭുവും” (King of kings and lord of lords) എന്ന് വിശേഷിപ്പിക്കുന്നുണ്ട് (6, 15). AD 314 ൽ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരനായ എവുസേബിയൂസ് (Eusebius) ക്രിസ്തുവിനെ രാജാവായി അവതരിപ്പിക്കുന്നുണ്ട്.

ഇസ്രായേൽ ജനത്തിന് രാജാവുണ്ടായത് എങ്ങനെയെന്ന് ഓർത്തെടുക്കുന്നത് നല്ലതാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ആശയമാണ് രാജത്വം. മനുഷ്യചരിത്രത്തിലെ ആദ്യകാലങ്ങൾമുതൽ ഗോത്രരാജാക്കന്മാരും നാട്ടുരാജാക്കന്മാരും, മറ്റും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. മനുഷ്യ ചരിത്രം തന്നെ രാജാക്കന്മാരുടെ പടയോട്ടങ്ങളുടെ വിജയപരാജയങ്ങളുടെ ചരിത്രമാണല്ലോ. ആദ്യകാലം മുതലേ കൊന്നും കൊലവിളിച്ചും രാജാക്കന്മാർ നടത്തിയ തേരോട്ടങ്ങളുടെ കഥകളിൽ ചതഞ്ഞരഞ്ഞ മനുഷ്യർ അനവധിയാണ്. എങ്കിലും, കാലങ്ങൾ പലതു കഴിഞ്ഞിട്ടും, തലമുറകൾ അനേകം കടന്നുപോയിട്ടും ഇസ്രായേൽ ജനത്തിന് രാജാവില്ലായിരുന്നു എന്നത് മറ്റ് ഗോത്രങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. ദൈവം ആയിരുന്നു അവർക്കെല്ലാം. അവരെ നയിക്കുകയും, പരിപാലിക്കുകയും, രക്ഷിക്കുകയും ചെയ്തിരുന്നത് ദൈവമാണെന്ന് അവർ വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്തിരുന്നു. തന്നെയുമല്ല, മറ്റ് ഗോത്രങ്ങൾ, രാജാവില്ലാത്ത, ദൈവത്താൽ മാത്രം നയിക്കപ്പെടുന്ന ഇസ്രായേൽ ജനങ്ങളെ അസൂയയോടെയാണ് നോക്കിയിരുന്നത്! എന്നാൽ, സാമുവേൽ പ്രവാചകന്റെ അവസാന നാളുകളിൽ ഇസ്രായേൽ ജനം അദ്ദേഹത്തോട് പറഞ്ഞു: ” മറ്റു ജനതകൾക്കുള്ളതുപോലെ ഞങ്ങൾക്കും ഒരു രാജാവിനെ നിയമിച്ചു തരിക.” തങ്ങളുടെ ദൈവത്തെയാണ് അവർ നിരാകരിക്കുന്നത് എന്നറിഞ്ഞിട്ടും ദൈവം സാമുവേലിനോട് പറഞ്ഞു: ‘ജനം പറയുന്നത് കേൾക്കുക…എന്നാൽ അവരെ ഭരിക്കാനിരിക്കുന്ന രാജാക്കന്മാരുടെ രീതി സൂക്ഷ്മമായി അവർക്കു വിവരിച്ചുകൊടുക്കുക”. സാമുവേൽ ജനത്തോടു പറഞ്ഞു: ‘നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവ് നിങ്ങളോട് ഇങ്ങനെ ചെയ്യും. തന്റെ രഥത്തിന്റെ മുൻപിൽ ഓടാൻ തേരാളികളായി നിങ്ങളുടെ പുത്രന്മാരെ അവൻ നിയമിക്കും. ഉഴവുകാരും, നെയ്ത്തുകാരും ആയുധപണിക്കാരും രഥോപകരണ നിർമാതാക്കളായും അവരെ നിയമിക്കും. നിങ്ങളുടെ പുത്രിമാരെ സുഗന്ധതൈലക്കാരികളും പാചകക്കാരികളും അപ്പക്കാരികളുമാക്കും. നിങ്ങളുടെ തോട്ടങ്ങളിലെ നല്ലതെല്ലാം സ്വന്തമാക്കും. അവൻ നിങ്ങളുടെ ആട്ടിൻപറ്റത്തിന്റെ ദശാംശം എടുക്കും. നിങ്ങൾ അവന്റെ അടിമകളായിരിക്കും. നിങ്ങൾ തിരഞ്ഞെടുക്കുന്ന രാജാവ് നിമിത്തം അന്ന് നിങ്ങൾ വിലപിക്കും.’ (1 സാമുവേൽ 8, 1 – 18) ഇത്രയും പറഞ്ഞിട്ട് പ്രവാചകൻ അവരോടു ചോദിച്ചു: ‘ജനങ്ങളേ, നിങ്ങൾക്കു രാജാവിനെ വേണോ?” ജനം ഒന്നടങ്കം പറഞ്ഞു: “ഞങ്ങൾക്ക് രാജാവിനെ വേണം”.എന്നിട്ടെന്തായി?? സ്വയംകൃതാനർത്ഥം എന്നല്ലാതെ എന്തുപറയാൻ!

ഇസ്രായേൽ ജനത്തിന്റെ ചരിത്രം മാത്രമല്ല രക്ഷാകര ചരിത്രം പോലും രാജാക്കന്മാർ ഇസ്രായേൽ ജനത്തിനോട് കാണിച്ച അനീതിയുടെ, ക്രൂരതകളുടെ, അടിച്ചമർത്തലുകളുടെ ചരിത്രമാണ്. ആദ്യരാജാവായ സാവൂൾ തുടങ്ങി, ദാവീദ്, ആഹാബ് തുടങ്ങിയ രാജാക്കന്മാരെല്ലാം ഇസ്രായേൽ ജനത്തോട്ട് കാണിച്ച ചതിയുടെയും, അധർമ്മത്തിന്റെയും ചരിത്രവും കൂടിയാണ് രക്ഷാകര ചരിത്രം! നാം ഓർക്കണം, പഴയനിയമ ചരിത്രത്തിലെങ്ങും താൻ രാജാവാണെന്നു ദൈവം പറഞ്ഞിട്ടില്ല. ലൗകികരായ രാജാക്കന്മാരുടെ മഹത്വവും, പ്രതാപവും കണ്ട ജനമാണ് ദൈവത്തിനു രാജാവ് എന്ന പട്ടം ചാർത്തിക്കൊടുത്ത്. ദൈവം രാജാവാണെന്നു പറഞ്ഞപ്പോൾ ഇസ്രായേൽക്കാർ പക്ഷെ, തങ്ങളെ ശത്രുക്കളിൽ നിന്ന് രക്ഷിക്കുന്ന, തങ്ങളെ പച്ചയായ മേച്ചിൽപ്പുറങ്ങളിലേക്കു നയിക്കുന്ന, തങ്ങളോടൊത്തു വസിക്കുന്ന ഏറ്റവും ഉത്തമനായ ഒരു രാജാവായാണ് ദൈവത്തെ കണ്ടത്.

ലോകചരിത്രത്തിൽ തന്നെ മറക്കാനാവാത്ത ഒരു കാലഘട്ടമാണ് രാജാക്കന്മാരുണ്ടായിരുന്ന കാലം. യുദ്ധങ്ങളുടെയും, അടിച്ചമർത്തലുകളുടെയും, വെട്ടിപ്പിടിക്കലിന്റെയും കഥകൾക്ക് എന്നും രക്തത്തിന്റെ നിറമുണ്ടായിരുന്നു, മണമുണ്ടായിരുന്നു. മനുഷ്യത്വം ഇല്ലാത്ത വിധത്തിലുള്ള ഒരു വിധേയത്വം, കാരുണ്യം ലവലേശമില്ലാത്ത അടിമത്വം ഈ കാലത്തിന്റെ പ്രത്യേകതകളായിരുന്നു. നമ്മുടെ കേരളത്തിലും രാജാക്കന്മാരുടെയും പ്രഭുക്കളുടെയും കാലം വളരെ ഭയാനകമായിരുന്നു. പ്രത്യേകിച്ചും, പത്തൊൻപതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും!

ഭാഷയുടെ പരിമിതികൊണ്ടോ എന്തോ, എല്ലാ ഭാഷകളിലും രാജാവ് എന്ന വാക്കു പൂർണമായും പോസറ്റീവ് അർത്ഥങ്ങളല്ല നൽകുന്നത്. എന്തുകൊണ്ടോ അടിമത്വം എന്നത് രാജാവ് എന്ന വാക്കിന്റെ പര്യായമായി ഇന്നും ഭാഷയിൽ നിലനിൽക്കുന്നു.

ഇക്കാരണങ്ങളാൽ തന്നെ, ക്രിസ്തുവിനു ഒട്ടും തന്നെ ചേരാത്ത ഒരു വിശേഷണമാണ് രാജാവ് എന്നുള്ളത്. അതുകൊണ്ടുതന്നെയാവണം, ഈശോ ഒരിക്കൽപോലും ഈ ലോകത്തിന്റെ രാജാവാകാൻ ആഗ്രഹിച്ചില്ല.

രാജത്വം അതിന്റെ സർവ മഹത്വത്തിലും ക്രൂരതയിലും നിലനിന്ന കാലത്തായതുകൊണ്ടാവാം ഈശോയെ രാജാവാക്കുവാൻ ജനത്തിനു വലിയ താത്പര്യമായിരുന്നു. ‘മിശിഹാ രാജാവായി വരുമ്പോൾ തങ്ങളെ അടിമത്തത്തിൽ നിന്ന് രക്ഷിക്കുമെന്ന’ ഒരു വിശ്വാസം ഇസ്രായേൽ ജനത്തിനുണ്ടായിരുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിൽ അയ്യായിരത്തിലധികം വരുന്ന ജനതയ്ക്കു അപ്പം വർധിപ്പിച്ചു കഴിഞ്ഞപ്പോൾ, അവരെല്ലാം ഭക്ഷിച്ചു തൃപ്തരായപ്പോൾ ജനങ്ങൾ ഈശോയെ പിടിച്ചു രാജാവാക്കാൻ ശ്രമിക്കുന്നുണ്ട്. (യോഹ 6, 15) ഒലിവുശാഖകളുമായി ജനം ഈശോയെ എതിരേറ്റപ്പോൾ മിശിഹായുടെ രാജത്വത്തിന്റെ പൂവിടലായിട്ടാണ് അവർ ഈശോയെ കണ്ടത്. (യോഹ 12, 12 -19) ചുവന്ന മേലങ്കിയും മുൾക്കിരീടവും അണിയിച്ചു “യൂദന്മാരുടെ രാജാവേ സ്വസ്തി” എന്ന് ക്രിസ്തുവിനെ അധിക്ഷേപിച്ചപ്പോഴും ക്രൂരമായിട്ടാണെങ്കിലും മിശിഹായുടെ രാജത്വമെന്ന ആശയം അവർ ആഘോഷിക്കുകയായിരുന്നു. (യോഹ 19, 3) ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചുകേട്ടതുപോലെ, പീലാത്തോസും ചോദിക്കുന്നുണ്ട് ഒരു ചോദ്യം: “നീ യൂദന്മാരുടെ രാജാവാണോ?” (യോഹ 18, 33) ഉന്നത അധികാരികൾപോലും മിശിഹായുടെ രാജത്വം പ്രതീക്ഷിച്ചിരുന്നു. അവസാനം, കാൽവരിയിൽ നല്ലകള്ളനും ഈശോയുടെ രാജത്വം പ്രഘോഷിക്കുന്നുണ്ട്: ‘ഈശോയെ നിന്റെ രാജ്യത്തിൽ ആയിരിക്കുമ്പോൾ എന്നെയും ഓർക്കണമേ.’ (ലൂക്ക 23, 43)

ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഭരിക്കപ്പെടുന്ന ജനാധിപത്യത്തിന്റെ ഈ കാലഘട്ടത്തിൽ ഈശോയെ രാജാവായിക്കാണുക അത്ര എളുപ്പമല്ല. അതുമാത്രമല്ല, നല്ല രാജാക്കന്മാർ ധാരാളം ചരിത്രത്തിൽ ഉണ്ടെങ്കിലും, രാജാവെന്നു കേൾക്കുമ്പോൾ അടിമത്തത്തിന്റെ, ക്രൂരതയുടെ ഒരു ചിത്രമാണ് നമ്മുടെ മനസ്സിലേക്ക് വരിക. അതിനാൽ, ഈശോയെ അത്തരത്തിൽ ഒരു രാജാവായിട്ടല്ല, എന്റെ ദൈവമായി കാണാനാണ് എനിക്കിഷ്ടം. അവിടുന്നെന്റെ രക്ഷകനാണ്. എന്നെത്തേടി വരുന്ന, എന്നെ തോളിലേറ്റുന്ന എന്റെ നല്ല ഇടയനാണ്. അവിടുന്ന് ആരെയും അടിമകളാക്കിയിട്ടില്ല. ഒരു തുണ്ടു ഭൂമിപോലും ആരിൽനിന്നും തട്ടിയെടുത്തിട്ടില്ല. അധികാരം നിലനിർത്താൻ പടയോട്ടങ്ങൾ നടത്തിയിട്ടില്ല, അളിഞ്ഞ രാഷ്ട്രീയം കളിച്ചിട്ടില്ല. കോടികൾ മുടക്കി ദേവാലയങ്ങൾ പണിതിട്ടില്ല. സാധാരണക്കാരുടെ, പാവപ്പെട്ടവരുടെ നികുതിമുടക്കി വിദേശ രാജ്യങ്ങളിൽ പോയിട്ടില്ല. ലക്ഷങ്ങളുടെ വിലയുള്ള വസ്ത്രങ്ങൾ ധരിച്ചിട്ടില്ല. AD 412 മുതൽ 444 വരെ അലക്‌സാൻഡ്രിയയുടെ പാത്രിയർക്കീസ് (Patriarch) ആയിരുന്ന അലക്‌സിയാൻഡ്രിയയുടെ സിറിൽ (Cyril of Alexandria) പറയുന്നതുപോലെ തീവ്രവാദപ്രവർത്തനം നടത്തിയിട്ടല്ല, ആയിരങ്ങളെ കൊലചെയ്തിട്ടല്ല ക്രിസ്തു രാജാവായി ജനഹൃദയങ്ങളിൽ വസിക്കുന്നത്. അവിടുത്തെ സത്തയിൽ, സ്വഭാവത്തിൽ സ്നേഹത്തിന്റെയും കരുണയുടെയും പരിപാലനത്തിന്റെയും മഹത്വമുള്ളതുകൊണ്ടാണ് ഈശോ രാജാവായി വാഴുന്നത്.

 സ്നേഹമുള്ളവരേ, മനുഷ്യ ഹൃദയങ്ങളെ ദേവാലയങ്ങളാക്കാനാണ് അവിടുന്ന് വന്നത്. ലോകത്തെ ശിക്ഷിക്കാനല്ല രക്ഷിക്കാനാണ് ക്രിസ്തു വന്നത്. മനുഷ്യനോടൊത്ത് വാഴാനാണ് ക്രിസ്തുവന്നത്. ഈ ഭൂമിയിൽ രാജാവാകാനല്ല, അനേകർക്ക് രക്ഷയ്ക്കായി മോചനദ്രവ്യമാകാനാണ് ഈശോ വന്നത്. അവിടുന്ന് തന്നെ പറഞ്ഞു; “എന്റെ രാജ്യം ഐഹികമല്ല.”  (യോഹ 18, 36) അല്ലെങ്കിൽത്തന്നെ, ഭൂമിയിലെ രാജാക്കന്മാരുടേയോ, പ്രഭുക്കന്മാരുടെയോ ച്ത്രങ്ങളിൽ കാണാറുള്ള അടയാളങ്ങളോ, ഭാവങ്ങളോ ഉണ്ടോ ക്രിസ്തുവിന്റെ മുഖത്ത്? ഞാൻ നിങ്ങളേക്കാൾ വലുത് എന്ന ഭാവമോ, എല്ലാവരും എന്റെ കാൽക്കീഴിലാണ് എന്ന അഹന്തയോ ഉണ്ടോ ആ മുഖത്ത്?

മാത്രമല്ല, ഞാൻ നേരത്തെ പറഞ്ഞതുപോലെ, ലോകത്തിന്റെ ഭാഷയിൽ ഈശോയെ വിശേഷിപ്പിച്ചാൽ അത് അവിടുത്തേക്ക്‌ യോജിക്കുകയില്ല. അത് ഒരുതരം പരിമിതിയായിരിക്കും സൃഷ്ടിക്കുക. അല്ലെങ്കിൽ, തീർത്തും പോസിറ്റിവായ വാക്കുകൾ ഉപയോഗിക്കണം. രാജാവെന്ന വാക്കു നമ്മുടെ ഭാഷയിൽ, സംസ്കാരത്തിൽ ഇപ്പോൾ നെഗറ്റിവായ ഒരു വാക്കാണ്. കാരണം, ഈ ഭൂമിയിലെ രാജാക്കന്മാർ, നേതാക്കന്മാർ ഉത്തമരായവരല്ല. ചുറ്റുമൊന്നു നോക്കൂ…

പിഞ്ചുകുഞ്ഞുങ്ങൾ, ചെറുപ്പക്കാർ മൃഗീയമായി കൊലചെയ്യപ്പെട്ടാലും കൊലയാളികളെ രക്ഷിക്കുവാൻ ശ്രമിക്കുന്ന, കൊലയാളികൾക്കുവേണ്ടി ലക്ഷങ്ങൾമുടക്കി വക്കീലന്മാരെ നിയമിക്കുന്ന, അന്വേഷണങ്ങളെ അട്ടിമറിക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… കോടികൾ മുടക്കി ഷോപ്പിംഗ് മാളുകളും, പള്ളികളും, ഗവണ്മെന്റ് ചിലവിൽ തന്നെ വലിയ വലിയ കെട്ടിടങ്ങളും പണിയുമ്പോൾ പാവപ്പെട്ടവർക്ക് വലിയ വാക്കുകളിൽ ലൈഫ് മിഷൻ പദ്ധതിയെന്നൊക്കെ പറഞ്ഞു അതിന്റെ വിഹിതത്തിലും കയ്യിട്ട് വാരിക്കളിക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… ഒന്നും രണ്ടും മൂന്നും പെൻഷനുകളും, ഫ്രീയായി യാത്രകളും, ചികിത്സകളും മറ്റു പലതും പാവം ജനങ്ങളുടെ നികുതിപ്പണത്തിലൂടെ കൈപ്പറ്റുകയും, പാവപ്പെട്ടവന്റെ ചുമലിൽ വിലക്കയറ്റമെന്ന ഭാരം കയറ്റിവയ്ക്കുകയും ചെയ്യുന്ന, ജനങ്ങളെ സേവിക്കുന്നു എന്ന് പറയുന്ന ജനങ്ങളുടെ രാജാക്കന്മാർ, ലഹരിയിൽ മയങ്ങുന്ന ഒരു തലമുറയെ കണ്ടില്ലെന്ന് നടിച്ചു്, ലഹരിമാഫിയാകൾക്ക് വാതിൽ തുറന്നിടുന്ന രാജാക്കന്മാർ, നേതാക്കന്മാർ, സ്വന്തം പിണിയാളുകൾക്കായി മാത്രം ജോലികൾ മാറ്റിവയ്ക്കുന്ന രാജാക്കന്മാർ, നേതാക്കന്മാർ…എന്തതിക്രമം നടന്നാലും, അഴിമതി നടന്നാലും എനിക്കൊന്നുമറിയില്ല എന്നുപറഞ്ഞു കൈകഴുകുന്ന നേതാക്കന്മാർ, രാജാക്കന്മാർ, നാട്ടിൽ തൊഴിലില്ലാത്തതുകൊണ്ടുമാത്രം, രാജാക്കന്മാർക്ക്,  ജനത്തിന് തൊഴിൽ നൽകാൻ നേതാക്കന്മാർക്ക് കഴിയാത്തതുകൊണ്ട് മാത്രം ലോകത്തിന്റെ പലഭാഗത്തേക്കും പോകുന്ന നമ്മുടെ സഹോദരീസഹോദരരെ നോക്കി ലോകത്തിലെങ്ങും മലയാളികളുണ്ടെന്ന് അഭിമാനിക്കുന്ന (സത്യത്തിൽ അതൊരു അപമാനമല്ലേ?) രാജാക്കന്മാർ, നേതാക്കന്മാർ … ചെറുതും വലുതുമായ തിരഞ്ഞെടുപ്പുകളെ കുത്സിത മാർഗങ്ങളിലൂടെ അട്ടിമറിക്കുന്ന നമ്മുടെ മത രാഷ്ട്രീയ രാജാക്കന്മാർ, നേതാക്കന്മാർ… സ്നേഹമുള്ളവരേ, രാജാവെന്ന വാക്കു വളരെ വികൃതമായി തീർന്നിരിക്കുകയാണ്!

ഈ കാലഘട്ടത്തിൽ പോലും രാജാവെന്ന വാക്കു അത്ര ഭംഗിയുള്ളതല്ല. എങ്കിലും, രാജാവെന്ന വാക്കിന്റെ പരിമിതിക്കപ്പുറം നിന്നുകൊണ്ട് ക്രിസ്തുവിനെ നമുക്ക് സ്നേഹരാജാവായി, കാരുണ്യം നിറഞ്ഞ രാജാവായി, നീതിയുള്ള രാജാവായി കാണണം. വിശുദ്ധ പോൾ ആറാമൻ മാർപ്പാപ്പ പറയുന്നത്, “ക്രിസ്തു ആദിയും അന്തവുമാണ്. അവിടുന്ന് പുതുലോകത്തിന്റെ രാജാവാണ്. അവിടുന്നാണ് ചരിത്രത്തിന്റെ നായകൻ. അവിടുന്നാണ് നമ്മുടെ ജീവിതത്തിന്റെ ഭാഗധേയം നിർണയിക്കുന്ന താക്കോൽ” എന്നാണ്.

ഫ്രാൻസിസ് മാർപ്പാപ്പാ ചോദിക്കുകയാണ്: “എപ്പോഴാണ് ക്രിസ്തു തന്നെത്തന്നെ രാജാവായി വെളിപ്പെടുത്തിയത്?” അദ്ദേഹം തന്നെ ഉത്തരം പറഞ്ഞു: “കാൽവരിയിൽ വിശുദ്ധകുരിശിൽ! എവിടെയാണ് ക്രിസ്തു രാജാവായി വാഴുന്നത്? മനുഷ്യഹൃദയങ്ങളിൽ!”

അതെ പ്രിയപ്പെട്ടവരേ, കാനായിലെ വെള്ളം വീഞ്ഞാക്കിയപ്പോഴല്ല, കുരുടനെ സുഖപ്പെടുത്തിയപ്പോഴല്ല, അഞ്ചപ്പംകൊണ്ടു അയ്യായിരങ്ങളെ തൃപ്തിപ്പെടുത്തിയപ്പോഴല്ല അവിടുന്ന് രാജാവായത്.  സഹനങ്ങളുടെ മദ്ധ്യേ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ മന്ത്രം ഉച്ചരിച്ചുകൊണ്ട്, ക്ഷമയുടെ വലിയ സന്ദേശം നൽകിക്കൊണ്ട് കുരിശിൽ മരിച്ചപ്പോഴാണ്. മറ്റൊരുവാക്കിൽ, നമുക്കുവേണ്ടി, നമ്മുടെ രക്ഷയ്ക്കുവേണ്ടി, നാം സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുവാൻ വേണ്ടി ക്രിസ്തുവിന്റെ ഹൃദയം നമുക്കായി മിടിച്ചപ്പോഴാണ്, തുടിച്ചപ്പോഴാണ് ക്രിസ്തു രാജാവായിത്തീർന്നത്. ആ ഹൃദയമിടിപ്പ് നമ്മുടെ ജീവിതത്തിന്റെ താളമായപ്പോഴാണ്, ആ ഹൃദയമിടിപ്പ് നമ്മുടെ കണ്ണുനീര് തുടച്ചപ്പോഴാണ്, ആ ഹൃദയമിടിപ്പ് നമുക്ക് സൗഖ്യം നൽകിയപ്പോഴാണ്, ആ ഹൃദയമിടിപ്പ് നമ്മെ ധൈര്യപ്പെടുത്തിയപ്പോഴാണ് ക്രിസ്തു നമ്മുടെ രാജാവായത്. അല്ലാതെ, സാധാരണക്കാരന്റെ നികുതിപ്പണത്തിന്മേൽ സ്വന്തം സാമ്രാജ്യങ്ങൾ പണിതുയർത്തിയല്ല ഈശോ ഇന്നും രാജാവായി വാഴുന്നത്! ജനങ്ങൾക്കൊപ്പമായിരിക്കാൻ, ലക്ഷങ്ങൾമുടക്കി (അതോ കോടികളോ?) ശീതീകരിച്ച, ആധുനിക സൗകര്യങ്ങളുള്ള, ബസ്സിൽ യാതചെയ്തല്ല ഇന്നും ഈശോ മനുഷ്യരോടൊപ്പം വസിക്കുന്നത്. ആ ഹൃദയമിടിപ്പുകേട്ടാൽ നമ്മുടെ കരച്ചിൽ നിൽക്കും; ആ ഹൃദയമിടിപ്പനുഭവിച്ചാൽ നമ്മുടെ ഭയം നീങ്ങിപ്പോകും; ഈ ഹൃദയമിടിപ്പിൽ മുഖം അമർത്തിയാൽ നമ്മുടെ മനസ്സ് സ്വസ്ഥമാകും. ആ ഹൃദയമിടിപ്പിന്റെ ഉടമയാണ് നമ്മുടെ സർവ്വവും!!! ക്രിസ്തുവിന്റെ ഹൃദയം മകളേ, മകനേ നിനക്കായി തുടിക്കുന്നു!  

പതിനെട്ടാം നൂറ്റാണ്ടിലെ ജർമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന Kingdom of Prussia യുടെ ചക്രവർത്തിയായിരുന്ന ഫ്രഡറിക് ദ ഗ്രേറ്റ് (Frederick the Great) ഒരു ദിവസം ബ്രാൻഡ്‌സ്‌ബെർഗ് (Brandesberg) നഗരത്തിലെ ഒരു വിദ്യാലയത്തിലെത്തി. അവിടെ ഭൂമിശാസ്ത്രം പഠിപ്പിക്കുകയായിരുന്ന ഒരു ക്‌ളാസിൽ കയറി. ആകാംക്ഷയോടെ ചക്രവർത്തിയെ നോക്കിയിരുന്ന കുട്ടികളിൽ ഒരാളോട് അദ്ദേഹം ചോദിച്ചു: “ബ്രാൻഡ്‌സ്‌ബെർഗ് നഗരം ഏതു രാജ്യത്താണ്?” “ജർമനിയിൽ”, കുട്ടി ഉത്തരം പറഞ്ഞു. “ജർമനി എവിടെയാണ്”? ചക്രവർത്തിയുടെ ചോദ്യത്തിന് കുട്ടിയുടെ ഉത്തരം ഉടനെ വന്നു:”ജർമനി യൂറോപ്പിൽ”. “അപ്പോൾ, യൂറോപ്പ് എവിടെയാണ്” ചക്രവർത്തി വീണ്ടും ചോദിച്ചു. “ലോകത്തിൽ”. ഇത്രയും കുട്ടി വളരെ സമർത്ഥമായി പറഞ്ഞപ്പോൾ ചക്രവർത്തിയുടെ അടുത്ത ചോദ്യം വന്നു: “ഈ ലോകം എവിടെയാണ്?” ഒട്ടും സംശയിക്കാതെ മിടുക്കനായ ആ കുട്ടി പറഞ്ഞു: “ലോകം ക്രിസ്തുവിന്റെ കരങ്ങളിലാണ്”. ജർമൻ സാമ്രാജ്യത്തിലെ ചക്രവർത്തിയുടെ കൈകളിൽ എന്നുള്ള ഉത്തരം പ്രതീക്ഷിച്ച ചക്രവർത്തി ഇളിഭ്യനായിപ്പോയി. അതെ, ഈ ലോകം, നിങ്ങളും ഞാനും, നമ്മുടെ കുടുംബങ്ങളും എല്ലാം ദൈവത്തിന്റെ, ക്രിസ്തുവിന്റെ കരങ്ങളിലാണ്.

രാജാവെന്ന വാക്കിന്റെ പരിമിതികൾക്കപ്പുറം നിന്നുകൊണ്ട് ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിന്റെ രാജാവായി സ്വീകരിക്കാം. അവിടുന്ന് എന്റെ ദൈവമാണ്. ഈ പ്രപഞ്ചത്തിന്റെ നാഥനാണ് എനിക്ക് അവിടുന്ന്.  എനിക്ക് അതുമതി എന്ന് നമുക്ക് ഏറ്റുപറയാം. ഈ ദൈവത്തെ അറിയുവാൻ, ക്രിസ്തു ആരെന്നു മനസ്സിലാക്കുവാൻ, അവിടുത്തെ രാജ്യത്തിന്റെ സ്വഭാവം അറിയുവാൻ ഒന്നുകിൽ നാം ജ്ഞാനികളാകണം, അല്ലെങ്കിൽ കുഞ്ഞുങ്ങളുടെ നിർമലതയുള്ള മനുഷ്യരാകണം, അതുമല്ലെങ്കിൽ, മാനസാന്തരപ്പെടുന്ന സക്കേവൂസാകണം, സമരിയാക്കാരിയാകണം, നല്ല കള്ളനാകണം.

സ്നേഹമുള്ളവരെ, ക്രിസ്തു നമ്മുടെ ദൈവമാണ്. അവിടുത്തേയ്ക്കു സകല മഹത്വവും ആരാധനയും. കരങ്ങൾ ചേർത്ത് പിടിച്ചു നമുക്ക് പ്രാർത്ഥിക്കാം:

ഈശോയെ, അങ്ങെന്റെ ദൈവമാണ്, രാജാവാണ്. എന്റെ തകർന്ന ജീവിതത്തെ ക്രമപ്പെടുത്തണമേ. എന്റെ കണ്ണുകൾക്ക് വെളിച്ചം നൽകണമേ. നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ. നിന്റെ സമാധാനം നിറഞ്ഞ, സന്തോഷം നിറഞ്ഞ രാജ്യം വരണമേ! ആമ്മേൻ!

SUNDAY SERMON MT 25, 14-30

പള്ളിക്കൂദാശാക്കാലം മൂന്നാം ഞായർ

മത്തായി 25, 14-30

ടാലെന്റ്റ് ഷോകൾ (Talent Shows) ആടിത്തിമിർക്കുന്ന ഒരു കാലത്തിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്. റാമ്പുകളിലും, സ്റ്റേഡിയങ്ങളിലും, ക്ലാസ് മുറികളിലും കഴിവുകളുടെ ഉത്സവമാണ്. ജീവിതം തന്നെ ഒരു Talent Show ആണെന്ന Concept ആണ് മാധ്യമങ്ങളിലെ Reality Show കൾ കൈമാറുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ  കേരളത്തിൽ സമാപിച്ച സ്കൂൾ തല മേളകൾ – സമാപനം കൈയ്യാങ്കളിയിൽ അവസാനിച്ചെങ്കിലും – വളർന്നുവരുന്ന തലമുറയുടെ Talent ആഘോഷം തന്നെയായിരുന്നു.  എല്ലാ രംഗങ്ങളിലും കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ട് പ്രതിഭകൾ തിളങ്ങുന്നത് പത്രങ്ങളിലും, ടിവിയിലും കാണുന്ന നമ്മോട് ഇന്നത്തെ സുവിശേഷവും പറയുന്നത് ദൈവം മനുഷ്യന് നൽകുന്ന താലന്തുകൾ വികസിപ്പിക്കണമെന്നാണ്. ദൈവം നൽകിയിട്ടുള്ള ഈ ജീവിതം, അവിടുന്ന് നൽകുന്ന കഴിവുകൾ, അവസരങ്ങൾ മണ്ണിൽ കുഴിച്ചിടുവാനുള്ളതല്ലെന്നും, നന്ദി നിറഞ്ഞ ഹൃദയത്തോടെ അവയെ നന്നായി ഉപയോഗിക്കണമെന്നുമാണ് ഈശോ ഇന്ന് നമ്മോട് പറയുന്നത്. 

താലന്തുകളുടെ ഉപമ locate ചെയ്തിരിക്കുന്നത് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ ഈശോയുടെ യുഗാന്ത്യോന്മുഖ പ്രഭാഷണങ്ങളിലാണ് (Eschatological Discourses). യാത്രയ്ക്കുപോകുന്ന ഒരു വ്യക്തി തന്റെ ഭൃത്യന്മാർക്ക് അവന്റെ സമ്പത്ത് വീതം വച്ചുകൊടുക്കുന്ന ഒരു കഥ മാത്രമല്ല താലന്തുകളുടെ ഉപമ. സാമ്പത്തിക ശാസ്ത്രതത്വങ്ങൾ വിശകലനം ചെയ്യുന്ന ഒരു ഉപമയുമല്ല ഇത്. ഒരു താലന്ത് എന്ന് പറഞ്ഞാൽ ഏകദേശം ആറായിരം ദനാറ (6000 Denarii) കളോളം വരും. ഒരു ദനാറ (Denarius) എന്നാൽ സാധാരണക്കാരന്റെ ഒരു ദിവസത്തെ കൂലിയാണ്. അതായത്, ഒരു താലന്ത് എന്നത് ഒരു സാധാരണ ജോലിക്കാരന്റെ ഇരുപത് വർഷത്തെ സമ്പാദ്യത്തിന് തുല്യമാണ്. സാധാരണക്കാരന് സ്വപ്നം കാണാൻ പോലും കഴിയാത്ത തുകയാണ് മുതലാളി ആ ഭൃത്യർക്ക് നൽകിയത്. അഞ്ചും, രണ്ടും, ഒന്നും താലന്തുകൾ തുല്യതയില്ലാത്ത വിതരണത്തെയാണ് കാണിക്കുന്നത്. പക്ഷേ, തന്റെ ഓരോ ഭൃത്യനെയും വ്യക്തിപരമായി അറിയാവുന്ന മുതലാളി, ഓരോരുത്തരുടെയും കഴിവിനനുസരിച്ചാണ് നൽകിയത് എന്ന് പ്രത്യേകം പറയുന്നതുകൊണ്ട് അനീതിപരമായിട്ടല്ല മുതലാളി സമ്പത്ത് വിതരണം ചെയ്തതെന്ന് നമുക്കനുമാനിക്കാം. എന്തുതന്നെയായാലും, ഒരേ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളോട് വിവേചനം കാണിക്കുന്ന മുതലാളിയ്ക്കെതിരെ ശബ്ദമുയർത്തുന്ന തൊഴിലാളിപക്ഷ കഥയുമല്ല ഇത്. പ്രതീകാത്മകമായ അർത്ഥത്തിൽ താലന്ത് പണത്തെ മാത്രമല്ല, ദൈവം നമുക്ക് നൽകിയിരിക്കുന്ന ജീവിതത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാൽ, ദൈവം നൽകുന്ന താലന്തുകളെ, കഴിവുകളെ, അവസരങ്ങളെ വളരെ പോസിറ്റിവായി ഉപയോഗിക്കണമെന്ന് പറയുന്ന ഒരു മോട്ടിവേഷണൽ (Motivational) talk ആയിമാത്രം ഈ ഉപമയെ കാണരുത്.  ഗുരുക്കന്മാർ സംസാരിക്കുമ്പോൾ അവർ പറയുന്ന കാര്യങ്ങൾക്ക് വളരെ ഉന്നതമായൊരു ആത്മീയ തലം, ദൈവിക ഉൾക്കാഴ്ച്ച ഉണ്ടായിരിക്കും.

പത്തുകന്യകകളുടെ ഉപമപോലെതന്നെ, താലന്തുകളുടെ ഉപമയും സ്വർഗ്ഗരാജ്യത്തെ ചിത്രീകരിക്കുവാനാണ് ഈശോ ഉപയോഗിച്ചിരിക്കുന്നത്. സ്വർഗ്ഗരാജ്യത്തിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്ന ദൈവമക്കളുടെ, ജീവിതത്തോടുള്ള മനോഭാവവും (Attitude) ജീവിതത്തിൽ നല്കപ്പെട്ടിട്ടുള്ളവയോട് അവർ പുലർത്തുന്ന ആഭിമുഖ്യവും (Orientation) വ്യക്തമായി വരച്ചുകാട്ടുകയാണ് ഈശോ ഇവിടെ. സ്വർഗ്ഗരാജ്യത്തിന്റെ ഇടവഴികളിൽ പദമൂന്നുന്നവരോട് ഈശോ പറയുന്നു, ഇവിടുത്തെ മാനദണ്ഡങ്ങൾ ലോകത്തിന്റേതുപോലെയല്ല. ഇവിടെ, “ഉള്ളവന് നൽകപ്പെടും. അവന് സമൃദ്ധിയുണ്ടാകുകയും ചെയ്യും. ഇല്ലാത്തവനിൽ നിന്ന് ഉള്ളതു പോലും എടുക്കപ്പെടും.” അതോടൊപ്പം തന്നെ, ഒരുനാൾ ദൈവം നിന്റെ ജീവിതത്തിലേക്ക് കടന്നുവരുമെന്നും, അവിടുന്ന് നല്കിയതിന്റെയെല്ലാം, നൽകിയത് ഏത് രീതിയിലാണ് ഉപയോഗിച്ചത് എന്നതിന്റെയെല്ലാം കണക്ക് ബോധിപ്പിക്കേണ്ടിവരുമെന്നും ഈ ഉപമയിലൂടെ ഈശോ പറഞ്ഞുവയ്ക്കുന്നുണ്ട്.

സ്വർഗ്ഗരാജ്യത്തിന്റെ മനോഹരമായൊരു ചിത്രം വരച്ചു കാണിക്കുന്ന ഈ ഉപമയിൽ ഈശോ മൂന്ന് കാര്യങ്ങൾ നമ്മോട് പറയുന്നുണ്ട്. ഒന്ന്, നമുക്കുള്ളതെല്ലാം ദൈവം തരുന്നതാണ്.  അതുകൊണ്ട് തന്നെ, ഈ ഭൂമിയിലെ നമ്മുടെ ജീവിതം, ദൈവവുമൊത്തുള്ള, ദൈവത്തിന്റെ കൃപയിലുള്ള ജീവിതമാണ്.  ഈശോയോടൊത്ത് ജീവിക്കുവാൻ ക്ഷണിക്കുക മാത്രമല്ല, സ്വർഗ്ഗരാജ്യത്തിൽ ദൈവകൃപയിൽ ജീവിക്കുവാനുള്ള എല്ലാ അനുഗ്രഹങ്ങളും നൽകുകയും ചെയ്യുന്നു. കത്തോലിക്കാ വൈദികനും, സ്വിസ്സ് (സ്വിറ്റ്‌സർലൻഡ്) ദൈവശാസ്ത്രജ്ഞനുമായ ഫാ. ഹാൻസ് ബൽത്താസർ (Hans Urs von Balthasar) ഈ ദൈവ വചനഭാഗം വ്യാഖ്യാനിച്ചുകൊണ്ട് പറയുന്നത് “നീ എന്തായിരിക്കുന്നുവോ അത് ദൈവം നിനക്ക് നൽകുന്ന സമ്മാനമാണ്. എന്നാൽ, നീ എന്തായിത്തീരുന്നുവോ, അത് നീ ദൈവത്തിന് നൽകുന്ന സമ്മാനമാണ്.”

നമ്മുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഈശോ നമുക്ക്, താലന്തുകൾ, കൃപകൾ നൽകുകയാണ്. അവിടുന്ന് സ്നേഹത്തോടെ, താത്പര്യത്തോടെ നൽകുന്ന താലന്താണ്, സമ്മാനമാണ് നമ്മുടെ ജീവിതം. ജീവിതം മാത്രമല്ല, ജീവിതത്തിൽ നമുക്കുള്ള കഴിവുകൾ, ജീവിതസാഹചര്യങ്ങൾ, നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ …എല്ലാം ദൈവം നമുക്ക് നൽകുകയാണ്. നാം ആ സമ്മാനങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഫാദർ ബൽത്താസർ പറയുന്നപോലെ സമ്മാനങ്ങളുടെ കൈമാറ്റമാണ് ഈ ജീവിതം. ദൈവം നമുക്ക് സമ്മാനം തരുന്നു; നാമത് അവിടുത്തേക്ക് തിരികെ കൊടുക്കുന്നു. എങ്ങനെ? ഇരട്ടിയാക്കിക്കൊണ്ട്, മനോഹരമാക്കിക്കൊണ്ട്, സന്തോഷത്തോടെ.

എന്തുകൊണ്ട് ഈശോ ഒരാൾക്ക് അഞ്ചും, മറ്റൊരാൾക്ക് രണ്ടും, മൂന്നാമതൊരാൾക്ക് ഒന്നും താലന്തുകൾ നൽകുന്നു? പ്രത്യക്ഷത്തിൽ നീതിയില്ലാത്ത ഒരു വിതരണ രീതിയായി തോന്നുമെങ്കിലും, അത് ഒരിക്കലും അനീതിയല്ല. കാരണം വചനം ശ്രദ്ധിക്കുക: ഓരോരുത്തരുടെയും കഴിവിനനുസരിച്ചാണ് ദൈവം താലന്തുകൾ നൽകുന്നത്. ഓരോ വ്യക്തിക്കും ആവശ്യമുള്ളതെല്ലാം നല്കുന്നവനാണ് ദൈവം. ഈ ഭൂമിയിലെ നിന്റെ ജീവിതം നന്മയുള്ളതാക്കാൻ, സന്തോഷപ്രദമാക്കാൻ, ദൈവാനുഗ്രഹപ്രദമാക്കാൻ നിനക്കാവശ്യമുള്ളതെല്ലാം അവിടുന്ന് നിനക്ക് നൽകും. അതിൽ അസൂയപ്പെടേണ്ടതില്ല. അസ്വസ്ഥത പ്രകടിപ്പിക്കേണ്ടതില്ല. ദൈവത്തിന്റെ അനന്ത സ്നേഹമാണ്, കാരുണ്യമാണ് നമ്മെ ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം പരിപാലിക്കുന്നത്.

ഈ സത്യം അറിയാത്തവരാണ് ദൈവത്തിനെതിരെ പരാതി പറയുന്നത്; ഈശോയെ നിന്നെ എനിക്ക് ഭയമാണെന്ന് പറയുന്നത്; നീ കണ്ണ് തുറക്കാത്ത, കരയാനറിയാത്ത, ചിരിക്കാനറിയാത്ത ദൈവമാണ് എന്ന് പറയുന്നത്.

രണ്ടാമതായി ഈശോ പറയുന്നത് നോക്കൂ…നാമെല്ലാവരും ഒരുപോലെയല്ല സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, ഓരോരുത്തരും അനന്യരാണ് (Unique), Special ആണ്.

ഓരോ മനുഷ്യന്റെയും ജീവിതം ദൈവം സ്നേഹപൂർവ്വം, കാരുണ്യപൂർവം നൽകുന്ന സമ്മാനമാണ്. ഈ സമ്മാനം വളരെ സുന്ദരമാണ്; പ്രത്യേകതയുള്ളതാണ്. ഈ സമ്മാനത്തിന്റെ വലിയ പ്രത്യേകത മകളേ, മകനേ നിന്നെപ്പോലെ ഈ ഭൂമിയിൽ മറ്റൊരാളില്ല എന്നതാണ്. ഫാ. സാജു പൈനാടത്തിന്റെ “ദൈവത്തിന്റെ ഭാഷ -വിശുദ്ധ കുർബാന എന്ന പുസ്തകത്തിൽ ഇക്കാര്യം വിവരിക്കുന്നത് ഇങ്ങനെയാണ്: ‘ഭൂമിയിലുള്ള കടൽത്തീരങ്ങൾ മുഴുവനും പരതിയാലും ഒരേപോലെയുള്ള രണ്ട് മണൽത്തരികൾ കണ്ടെത്താനാകില്ല; ലക്ഷക്കണക്കിന് ഇലകളുള്ള ഒരു വൃക്ഷത്തിൽനിന്ന് പൂർണമായും ഒരേപോലുള്ള രണ്ടിലകൾ കണ്ടെത്താനാകില്ല; 800 കോടിയിലധികം വരുന്ന മനുഷ്യരിൽ പൂർണ സാദൃശ്യമുള്ള രണ്ടുപേരെ (സയാമീസ് ഇരട്ടകളെക്കൂടി ഉൾപ്പെടുത്തിയാൽ പോലും) കണ്ടെത്താനാകില്ല.’ (6, 20) 800 കോടി ജനങ്ങൾ ഈ ലോകത്തുണ്ടെങ്കിൽ എത്ര കണ്ണുകൾ ഉണ്ടാകും? 1600 കോടി കണ്ണുകൾ. 1600 കോടി കണ്ണുകൾ ഈ ലോകത്തുണ്ടെങ്കിലും, മകളേ, മകനേ നിന്റെ കണ്ണുകൾ പോലെയുള്ള കണ്ണുകൾ വേറേ ആർക്കും ഇല്ല. നിന്റെ Thumb Impression പോലെയുള്ളവ മറ്റാർക്കും ഇല്ല. ഈ ലോകത്തിൽ നിന്നെപ്പോലെ നീ മാത്രം. ഈ പുസ്തകത്തിലെ ഏറ്റവും ചെറിയ സൂക്തം നാമാകുന്ന സമ്മാനത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നുണ്ട്: “ദൈവം ഒരിക്കലും ആവർത്തിക്കുന്നില്ല.” (6, 21) നീ എന്തായിരിക്കുന്നുവോ അത് ദൈവം നിനക്ക് നൽകുന്ന സമ്മാനമാണ്. വിശുദ്ധ പൗലോസ് എത്രയോ പണ്ടേ മനസ്സിലാക്കിയതാണ് ഈ ദൈവിക രഹസ്യം! അദ്ദേഹം പറയുന്നു, “ഞാൻ എന്തായിരിക്കുന്നുവോ, അത് ദൈവകൃപയാലാണ്.” (1 കോറി 15, 10) Praise the Lord!

നീ എന്തായിത്തീരുന്നു എന്നത് ഈ സമ്മാനം നീ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ result ആണ്. ദൈവരാജ്യത്തിൽ ദൈവത്തിന്റെ മകളായി, മകനായി നാം ജീവിക്കുമ്പോൾ ദൈവം നമുക്ക് നൽകുന്ന താലന്തുകൾ നിരവധിയാണ്. കണ്ണുകൾ നൽകി, കാതുകൾ നൽകി, കൈകൾ, കാലുകൾ, ബുദ്ധി, ഹൃദയം, കുടുംബം, സമ്പത്ത്, ജോലി, ജോലി ചെയ്യാൻ ആരോഗ്യം …എല്ലാം നൽകി ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. സ്വർഗ്ഗരാജ്യം നന്മകൊണ്ട് നിറയ്ക്കാൻ, നല്കപ്പെട്ട അനുഗ്രഹങ്ങളെ ഇരട്ടിയാക്കിക്കൊണ്ട് സ്വർഗ്ഗരാജ്യം സമാധാനം, സന്തോഷം എന്നിവകൊണ്ട് നിറയ്ക്കാൻ ഈശോ നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. ഈശോ തന്റെ മലയിലെ പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട്, നൽകപ്പെട്ട അനുഗ്രഹങ്ങളെ എങ്ങനെ വിനിയോഗിക്കണമെന്ന്. മലയിലെ പ്രസംഗത്തിൽ ഈശോ പറഞ്ഞ കാര്യങ്ങളുടെ തുടർച്ചയായി ഈ ഉപമയെ കാണുവാൻ സാധിക്കുകയാണെങ്കിൽ ഉപമയുടെ അർഥം കൂടുതൽ ഗ്രഹിക്കുവാൻ സാധിക്കും. ദൈവം നൽകുന്ന താലന്തുകളെ എങ്ങനെ വിനിയോഗിക്കണമെന്നാണ് മലയിലെ പ്രസംഗത്തിൽ ഈശോ പറഞ്ഞത്. കുഴിച്ചുമൂടുവാനുള്ള വഴികളല്ല, ഇരട്ടിയാക്കാനുള്ള വഴികളാണ് ഈശോ അവിടെ പറഞ്ഞുവച്ചത്. ഒരു പഴയകാല കവിത ഇങ്ങനെയാണ്:

“ആർത്തസ്വരം കേട്ടൊരു കാത് കാത്

കാരുണ്യമാർന്നീടിന കണ്ണ് കണ്ണ്

സന്ത്വോക്തി ഓതീടിന ജിഹ്വ ജിഹ്വ

സാധുക്കളെ താങ്ങീടിന ബാഹു ബാഹു.”

ഈ രീതിയിൽ അവയെ വിനിയോഗിച്ചില്ലെങ്കിൽ, ഇവ വെറും മാംസക്കഷണങ്ങളാണ് പ്രിയപ്പെട്ടവരേ!   ഇങ്ങനെ ദൈവം തന്ന താലന്തുകൾ ഉപയോഗിക്കുമ്പോൾ നാം ദൈവത്തിലാണ്, സ്വർഗ്ഗരാജ്യത്തിലാണ്.

മൂന്നാമതായി, നമ്മൾ കണക്ക് കൊടുക്കേണ്ടിവരും. ദൈവം നൽകുന്ന അനുഗ്രഹങ്ങൾക്ക് നാം കണക്ക് കൊടുക്കേണ്ടിവരും. എപ്പോഴാണ് അതെന്ന് നമുക്കറിയില്ല. പക്ഷേ, മരണത്തിലൂടെ ഈ ഭൂമിയിലുള്ള ജീവിതം അവസാനിപ്പിച്ച്, നിത്യവിധിയാളനായ ക്രിസ്തുവിന്റെ മുൻപിൽ നാം നിൽക്കേണ്ടിവരും. അത്, ഒരു നിമിഷം ജീവിച്ചാലും, ഒരു ദിവസം ജീവിച്ചാലും, ഒരു മാസം ജീവിച്ചാലും, ഒരു വര്ഷം ജീവിച്ചാലും, ഒരു ആയുസ്സുമുഴുവൻ ജീവിച്ചാലും നാം കണക്ക് കൊടുക്കേണ്ടിവരും. നമ്മുടെ കഴിവിനനുസരിച്ച് നമുക്ക് നൽകിയ താലന്തുകൾകൊണ്ട് നാം എന്ത് ചെയ്‌തെന്ന് ഈശോ ചോദിക്കുക തന്നെ ചെയ്യും. കുഴിച്ചിടാനല്ലല്ലോ അവിടുന്ന് നമുക്ക് താലന്തുകൾ നൽകുന്നത്! സ്നേഹിക്കാനുള്ള താലന്ത്, നന്മ ചെയ്യാനുള്ള താലന്ത്, മറ്റുള്ളവരെ സഹായിക്കാനുള്ള താലന്ത്, ക്ഷമിക്കാനുള്ള താലന്ത്, വിട്ടുവീഴ്ച്ച ചെയ്യാനുള്ള താലന്ത് …. അങ്ങനെ നൽകുന്ന താലന്തുകൾ കൊണ്ട് നീ എന്ത് ചെയ്തുവെന്ന് വിധി ദിനത്തിൽ ഈശോ നമ്മോട് ചോദിക്കും.

സ്‌നേഹമുള്ളവരേ, ഈശോ നൽകുന്ന താലന്തുകൾ നന്നായി ഉപയോഗിക്കുവാനുള്ളതാണ് ഈ ഭൂമിയിലെ നമ്മുടെ ജീവിതം; നമുക്ക് നല്കപ്പെട്ടിട്ടുള്ള കുറച്ചു സമയം.

ഈ കുറച്ചു സമയത്തിൽ നിന്ന് ഒരു വർഷം കുറയുമ്പോൾ, നമ്മൾ അതൊക്കെ കേക്ക് മുറിച്ച് ആഘോഷിക്കുമ്പോഴും, ഓർക്കണം സ്നേഹമുള്ളവരേ, വിധിയുടെ കണക്കെടുക്കുമ്പോൾ നമ്മുടെ ജീവിതത്തിന്റെ കണക്ക് നാം ബോധിപ്പിക്കേണ്ടിവരുമെന്ന്!! ഈ ചുരുങ്ങിയ സമയം വഴക്കടിച്ചും, അസൂയപ്പെട്ടും, തമ്മിൽത്തല്ലിയും, വെട്ടിപ്പിടിച്ചും നഷ്ടപ്പെടുത്താതെ, നമുക്ക് നല്കപ്പെട്ടിട്ടുള്ള താലന്തുകളെ നന്നായി ഉപയോഗിക്കുവാൻ സാധിക്കട്ടെ.

സ്നേഹമുള്ളവരേ, ഒരു താലന്ത് ലഭിച്ചവന് അവന്റെ യജമാനന്റെ മനസ്സ് വായിക്കുവാൻ കഴിയാതെപോയി! ഞാനും എനിക്കുള്ളതെല്ലാം ദൈവത്തിന്റേതാണെന്നും, ക്രിസ്തുവാണ് സർവത്തിന്റെയും അധിപനെന്നും, പാവം ആ ഭൃത്യൻ മറന്നുപോയി. ഈ ഗതികേട് നമുക്ക് വരാതിരിക്കുവാനാണ് ഈശോ മുൻകൂട്ടി ഈ ഉപമ നമ്മോട് പറയുന്നത്. സ്വർഗ്ഗരാജ്യത്തിൽ ജീവിച്ചിട്ട്, ജീവിതം ഒരു സമ്മാനമായി ലഭിച്ചിട്ട്, മാമ്മോദീസയിലൂടെ ക്രിസ്തുവിന്റെ സഭയിൽ അംഗങ്ങളായി തീർന്നിട്ട്, കൂദാശകളിലൂടെ, പ്രത്യേകിച്ച് വിശുദ്ധ കുർബാനയിലൂടെ ഈശോ നമ്മെ ശക്തിപ്പെടുത്തിയിട്ട്, അവസാനം പ്രയോജനമില്ലാത്ത വ്യക്തികളായി തീരുകയും, പുറത്തുള്ള അന്ധകാരത്തിലേക്ക് എറിയപ്പെടുകയും ചെയ്യുന്ന അവസ്ഥ എത്ര ഭയാനകമായിരിക്കും! അന്ത്യവിധി നാളിൽ അല്ലെങ്കിൽ ജീവിതത്തിന്റെ ഓരോ നിമിഷവും ക്രിസ്തു നമ്മോട് നീ എന്തായിത്തീർന്നു എന്ന് ചോദിച്ചാൽ എന്ത് ഉത്തരം ഞാൻ കൊടുക്കുമെന്ന് ചിന്തിച്ചു് നോക്കുക പ്രിയപ്പെട്ടവരേ.

നീ എന്തായിരിക്കുന്നുവോ അത് ദൈവം നിനക്ക് നൽകുന്ന സമ്മാനമാണ്. എന്നാൽ, നീ എന്തായിത്തീരുന്നുവോ, അത് നീ ദൈവത്തിന് നൽകുന്ന സമ്മാനമാണ്.”  ആമ്മേൻ!

SUNDAY SERMON MT 19, 23-30

പള്ളിക്കൂദാശാക്കാലം രണ്ടാം ഞായർ

മത്തായി 19, 23-30

പള്ളിക്കൂദാശാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയാണിന്ന്. നമുക്കെല്ലാം സുപരിചിതവും, എന്നാൽ വ്യക്തമായി മനസ്സിലാക്കാൻ ഇതുവരെ സാധിക്കാത്തതുമായൊരു സുവിശേഷഭാഗമാണ് വിചിന്തനത്തിനായി തിരുസ്സഭ ഇന്ന് നമുക്ക് നൽകിയിരിക്കുന്നത്. ക്രിസ്തു സമ്പന്നർക്കെതിരാണെന്നും, അവർക്ക് സ്വർഗ്ഗരാജ്യം നേടാൻ സാധിക്കുകയില്ലെന്നുമൊക്കെ വ്യാഖ്യാതാക്കൾക്ക് പറയുവാൻ സാഹചര്യമൊരുക്കുന്ന ഒരു സുവിശേഷഭാഗമാണിത്. എന്നാൽ, ക്രിസ്തുവിനെ നേടുവാൻ, സ്വർഗ്ഗരാജ്യം സ്വന്തമാക്കുവാൻ, സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കുവാൻ നാം എന്തുചെയ്യണമെന്ന് വളരെ വ്യക്തമായി ഈശോ ഇവിടെ പഠിപ്പിക്കുകയാണ്. ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദേശം ഇതാണ്: ഉപേക്ഷിക്കുക. എല്ലാ ഭാരങ്ങളും, ചമയങ്ങളും, കൂടെകൊണ്ടുനടക്കുന്ന ചപ്പും ചവറുകളുമെല്ലാം ഉപേക്ഷിക്കുക. എന്നിട്ട്, സ്വയം ശൂന്യമാക്കിക്കൊണ്ട്, ക്രിസ്തുവിന്റെ ആത്മാവിനാൽ നിറഞ്ഞ് സ്വർഗ്ഗരാജ്യത്തിൽ ജീവിക്കുക, ഇവിടെ, ഈ ഭൂമിയിൽ തന്നെ.

ഈശോയുടെ ഇന്നത്തെ സുവിശേഷത്തിലെ വാക്കുകൾ അവിടുത്തെ ദൈവികതയുടെ, ആത്മീയതയുടെ മഹാശേഖരത്തിൽ നിന്നാണ് വരുന്നത്. അല്ലെങ്കിൽ ഈ വാക്കുകൾക്ക് ഇത്രയും മനോഹാരിതയുണ്ടാകുമായിരുന്നില്ല. അവ യുക്തിപരമാണ്, യുക്തിസഹമാണ്. അതോടൊപ്പംതന്നെ, സ്വർഗ്ഗത്തിന്റെ വഴികാട്ടിയുമാണ് ഈ വചനങ്ങൾ. ഈ സുവിശേഷഭാഗം മനസ്സിലാക്കുവാൻ ഈശോ നമ്മെ അനുഗ്രഹിക്കട്ടെയെന്ന പ്രാർത്ഥനയോടെ നമുക്ക് വിചിന്തനത്തിലേക്ക് കടക്കാം.

സൺഡേ സ്ക്കൂളിൽ അദ്ധ്യാപകരെ ബുദ്ധിമുട്ടിക്കാൻ വിരുതന്മാരായ കുട്ടികൾ ചോദിക്കുന്ന പല ചോദ്യങ്ങളിൽ ഒന്നാണ് ഇന്നത്തെ സുവിശേഷത്തിലെ ഒട്ടകവും സൂചിക്കുഴയും. ക്ളാസിനിടയ്ക്ക് ഏതെങ്കിലും കുസൃതിചെറുക്കൻ ചാടിയെഴുന്നേറ്റ് ചോദിക്കും: “ടീച്ചറേ, സുവിശേഷത്തിൽ ഈശോ പറയുന്ന ഈ ഒട്ടകവും സൂചിക്കുഴയും എന്താണ്?” എന്റെയൊക്കെ കാലത്തുള്ള ടീച്ചർമാർ എല്ലാവരും തന്നെ സുല്ലിട്ടിട്ടേയുള്ളു ഈ ചോദ്യത്തിന് മുൻപിൽ. ദൈവശാസ്ത്രപഠനത്തിന് വടവാതൂർ സെമിനാരിയിൽ ചെന്ന് ബൈബിൾ പഠനം തുടങ്ങിയപ്പോഴാണ് ഇതിന്റെ വിശദീകരണം ഞാൻ ആദ്യം കേട്ടത്.

ജറുസലേം നഗരത്തിലേക്ക് പ്രവേശിക്കുവാനുള്ള വഴിയിൽ സൂചിക്കുഴ eye of the needle എന്നപേരിൽ ഒരു ഗെയ്റ്റ് ഉണ്ടത്രേ. (ജറുസലേമിലെ Holy Sepulchre ദൈവാലയത്തിനടുത്തുള്ള Russian Orthodox Church നടുത്ത് the eye of the needle എന്നൊരു ഗെയ്റ്റ് ഉണ്ട്.) നമ്മുടെയൊക്കെ ചില വീടുകളുടെയും, സ്ഥാപനങ്ങളുടെയും മുൻപിൽ വലിയഗെയ്റ്റിന് സൈഡിലായി ചെറിയ ഗെയ്റ്റ് ഉളളതുപോലെയൊന്ന്. വലിയ ഗെയ്റ്റ് മിക്കവാറും അടഞ്ഞുകിടക്കും. അപ്പോൾ ചെറിയ ഗെയ്റ്റിലൂടെ വേണം വരുവാനും പോകുവാനും.

ദേഹത്തുനിറയെ ചാക്കുകെട്ടുകളും, മറ്റ് സാധനസാമഗ്രികളുമായി വരുന്ന ഒട്ടകങ്ങൾക്ക് അവയുമായി ആ ഗെയ്റ്റിലൂടെ കടക്കുവാൻ സാധിക്കുകയില്ല. ചാക്കുകെട്ടുകളും, സാധനസാമഗ്രികളുമെല്ലാം താഴെ ഇറക്കിവച്ചാലേ ഒട്ടകങ്ങൾക്ക് അതിലൂടെ കടക്കാനാവൂ. ഓക്കെ …. ഇടുങ്ങിയ ഗെയ്റ്റ് ആകുമ്പോൾ വലിയ luggage മായി കടക്കുക പ്രയാസകരമായിരിക്കും. വിശദീകരണം reasonable ആയി തോന്നിയെങ്കിലും എന്തോ തൃപ്തി തോന്നിയില്ല. പിന്നീട് philosophy യിൽ ഉപരിപഠനം നടത്തിയപ്പോഴാണ് സുവിശേഷത്തിലെ ഈ പ്രയോഗത്തിന്റെ അർത്ഥം വ്യക്തമായി മനസ്സിലായത്.

ക്രിസ്തുവിന്റെ അതിശയോക്തിപരമായ (Hyperbolic) ഒരു പ്രയോഗമായിട്ടാണ് “ഒട്ടകവും സൂചിക്കുഴയും” എന്നതിനെ സാധാരണയായി അവതരിപ്പിക്കുന്നത്. എന്നാൽ, ഇതിനെ ഭാവാർത്ഥപരമായ (metaphoric) ഒന്നായി കാണുവാനാണ് ഞാൻ ആഗ്രഹിക്കുക. വാച്യാർത്ഥത്തിൽ, സൂചിക്കുഴയെ stitch ചെയ്യാൻ ഉപയോഗിക്കുന്ന സൂചിയായി മനസ്സിലാക്കാമെങ്കിലും, ആലങ്കാരികമായി അർത്ഥത്തിൽ ഇടുങ്ങിയ ഗെയ്റ്റായിട്ടാണ് വിവക്ഷിക്കുന്നത്. എന്നാൽ, ഭാവാർത്ഥത്തിൽ സ്വർഗ്ഗരാജ്യത്തിലേക്കുള്ള വാതിലായിട്ടാണ് ഈശോ ഇതിനെകാണുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ മലയിലെ പ്രസംഗം അവതരിപ്പിക്കുന്ന വേളയിൽ ഈശോ ഇടുങ്ങിയ വാതിലിനെക്കുറിച്ച് പറയുന്നുണ്ട്. “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക. വിനാശത്തിലേക്ക് നയിക്കുന്ന വാതിൽ വിസ്തൃതവും വഴി വിശാലവും ആണ്. അതിലെ കടന്നു പോകുന്നവർ വളരെയാണ്. എന്നാൽ, ജീവനിലേക്ക് നയിക്കുന്ന വാതിൽ ഇടുങ്ങിയതും വഴി വീതി കുറഞ്ഞതുമാണ്. അത് കണ്ടെത്തുന്നവരോ ചുരുക്കം.’ (7, 13-14) ദേഹത്തുനിറയെ ഭാരവുമായിപ്പോകുന്ന ഒട്ടകങ്ങളെപ്പോലെയാണ് നിങ്ങളെങ്കിൽ അതിലൂടെ കടക്കുവാൻ ബുദ്ധിമുട്ടാകും. ജെറുസലേമിലേക്ക് ഭാരവുമായിപ്പോകുന്ന ഒട്ടകങ്ങൾ അന്നത്തെ കേൾവിക്കാർക്ക് സുപരിചിതമായിരുന്നു. ഇതൊരു രൂപകമാണ് (Metaphor). ഒട്ടകങ്ങളെപ്പോലെ ജീവിതം നിറയെ ലോകവുമായി നടക്കുന്നവർക്ക്, ലോകത്തിന്റേതായ ഭാണ്ഡക്കെട്ടുകളുമായി നടക്കുന്നവർക്ക് സ്വർഗ്ഗരാജ്യത്തിലെ ഗെയ്റ്റിൽപോലും സ്ഥാനമുണ്ടാകുകയില്ല. തങ്ങളെത്തന്നെ ഭാരമില്ലാത്തവരാക്കി ആത്മാവിനാൽ നിറഞ്ഞവരായി ജീവിക്കുമ്പോൾ സ്വർഗരാജ്യത്തിലേക്ക് പ്രവേശിക്കുവാൻ നമുക്കാകുമെന്നാണ് ഈശോയുടെ പഠനം.

ഇവിടെ തുല്യതയുള്ള രണ്ട് കാര്യങ്ങളാണ് ഈശോ അവതരിപ്പിക്കുന്നത്. ഒന്ന് സമ്പന്നനും, രണ്ടാമത്തേത് ഒട്ടകവും. അയ്യേ, എന്ത് തുല്യതയാണ് ഇവർ തമ്മിലുള്ളത്? ശരിയാണ്, കാഴ്ച്ചയിൽ ഇവർ തമ്മിൽ ഒരു തുല്യതയുമില്ല. പക്ഷേ, ഇവരുടെ ജീവിതങ്ങൾ ഏതാണ്ട് ഒരുപോലെയാണ്. രണ്ട് കൂട്ടരും ഭാരം വഹിക്കുകയാണ്. നിറയെ ഭാരവുമായിട്ടാണ് ഇവരുടെ പോക്ക്! സമ്പന്നൻ നിറയെ പണവുമായിട്ടാണ് ജീവിക്കുന്നത്. അവളുടെ, അവന്റെ ചിന്ത മുഴുവൻ സമ്പത്തിനെപ്പറ്റിയായിരിക്കും. അതായത്, അവളുടെ, അവന്റെ മനസ്സും സമ്പത്തുകൊണ്ട് നിറഞ്ഞിരിക്കുകയാണ്. സമ്പത്തെങ്ങനെ സൂക്ഷിച്ചുവയ്ക്കും എന്ന ചിന്തയിൽ അവളുടെ, അവന്റെ ഹൃദയം നിറയെ ഭയവും, ആകുലതയുമായിരിക്കും. ഇനി, സമ്പന്നൻ എന്നതുകൊണ്ട് പണമുള്ള വ്യക്തി എന്ന് മാത്രമല്ല അർത്ഥം. വ്യക്തികളോടും, സമൂഹത്തിനോടുമൊക്കെ വെറുപ്പ് വിരോധം, അസൂയ വച്ചുപുലർത്തുന്നവരൊക്കെ ഈ സമ്പന്നരിൽപെടും. കാരണം, അവരൊക്കെ, വെറുപ്പുകൊണ്ട്, വിരോധംകൊണ്ട്, അസൂയകൊണ്ട്, അഹങ്കാരംകൊണ്ട് നിറഞ്ഞിരിക്കുന്നവരാണ്. ഇങ്ങനെ നിറഞ്ഞിരിക്കുമ്പോൾ, ദൈവത്തിന് അവരിലേക്ക് കടന്നുവരുവാൻ സാധിക്കുകയില്ല. ഇങ്ങനെയുള്ള സമ്പന്നർ അവരുടെ ജീവിതത്തിൽ ദൈവത്തിന്, ക്രിസ്തുവിന് ഇടം, സ്ഥലം ഒരുക്കുമ്പോഴേ അവർ സ്വർഗ്ഗരാജ്യം അനുഭവിക്കൂ. ഉപേക്ഷിക്കണം. നിന്റെ ഹൃദയം ശൂന്യമാകുമ്പോൾ ക്രിസ്തു നിന്നിലേക്ക് വരും. നിന്റെ മനസ്സ് empty ആകുമ്പോൾ ക്രിസ്തു നിന്നിൽ നിറയും. നിനക്കുള്ളതും, നീയും അപ്രത്യക്ഷമാകുമ്പോൾ ക്രിസ്തു നിന്നിൽ പ്രത്യക്ഷപ്പെടും. നീ സ്വർഗ്ഗരാജ്യത്തിലാകും. ക്രിസ്തു വിവക്ഷിക്കുന്ന രീതിയിൽ സമ്പന്നനാണോ ഞാൻ എന്ന് ചിന്തിക്കുക സ്നേഹമുള്ളവരേ.

ഒട്ടകവും, സമ്പന്നരെപ്പോലെ, നിറയെ സാധനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. ചാക്കുനിറയെ സാധനങ്ങൾ അതിന്റെ രണ്ടുവശത്തുമായി തൂക്കിയിട്ട്, നടക്കുവാൻ പോലും പറ്റാത്തരീതിയിൽ ഭാരവുമായിട്ടാണ് ഒട്ടകം ജീവിക്കുന്നത്. സാധാരണ വാതിലിലൂടെ കടക്കുവാൻ അതിന് ബിദ്ധിമുട്ടാണ്. അപ്പോൾപിന്നെ ഇടുങ്ങിയ വാതിലുകളുടെ, സൂചിക്കുഴ പോലുള്ള ഗെയ്റ്റുകളുടെ കാര്യം പറയാനുണ്ടോ? ജെറുസലേമിലേക്ക് കടക്കണമെങ്കിൽ, ഞാൻ നേരത്തെപറഞ്ഞപോലെ eye of the needle ലൂടെ തന്നെ കടന്നുപോകണം. ഭാരവുമായിട്ട് അതിലൂടെ കടക്കുവാൻ പറ്റാത്തതുകൊണ്ട് എല്ലാഭാരവും unload ചെയ്തതിനുശേഷം, ഭാരങ്ങളൊന്നുമില്ലാതെ, empty യായ ശരീരത്തോടെ അതിന് ഗെയ്റ്റ് കടക്കുവാൻ സാധിക്കും. അങ്ങനെ മാത്രമേ അതിന് കടക്കുവാൻ കഴിയൂ. ഭാരങ്ങളെല്ലാം ഉപേക്ഷിച്ചു്, ഒരുതരത്തിൽ പറഞ്ഞാൽ നഗ്നനായി മാത്രമേ ഒട്ടകത്തിന് ഗെയ്റ്റ് കടക്കുവാൻ സാധിക്കൂ.

ഈശോ പറയുന്നത് ഒന്ന് ശ്രദ്ധിക്കുക: “സമ്പന്നൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതിനേക്കാളും എളുപ്പം, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്. സമ്പന്നനെന്നാൽ, ഭാരങ്ങളുള്ളവൾ/ഭാരങ്ങളുള്ളവൻ. ഒട്ടകമെന്നാൽ, ചാക്കുകെട്ടുകളും, മറ്റ് സാധനസാമഗ്രികളുംപേറി നടക്കുന്നവൾ/ നടക്കുന്നവൻ. വീടിനോട് മടുപ്പുതോന്നുന്നതിന്റെ, മാതാപിതാക്കളോടെയും, മക്കളോടും പൊരുത്തപ്പെടാനാവാത്തതിന്റെ, കൂട്ടുകാരോട് ഇണങ്ങാനാവാത്തതിന്റെ, വീടിന്റെ, സ്‌കൂളിന്റെ, കോളേജിന്റെ, ജോലിസ്ഥലങ്ങളുടെ സാഹചര്യങ്ങളോട് പരിചയപ്പെടാനാകാത്തതിന്റെ, ഭാര്യയോട്, ഭർത്താവിനോട് ഒന്നും പറയാനാകാത്തതിന്റെ, തന്നോട് തന്നെ സമരസപ്പെടാനാവാത്തതിന്റെ ഭാരങ്ങളുംപേറി നടക്കുമ്പോൾ, വെറുപ്പിന്റെയും, വിരോധത്തിന്റെയും ചാക്കുകെട്ടുകളുമായി, മനസ്സുനിറയെ പാമ്പും, തേളും, പഴുതാരയും  തുടങ്ങി എല്ലാ വന്യജീവികളുമായി നടക്കുമ്പോൾ,  ലഹരിയുടെയും, മദ്യത്തിന്റെയും, കൊലപാതകത്തിന്റെയും സാധനങ്ങൾ കഴുത്തിൽകെട്ടി നടക്കുമ്പോൾ എങ്ങനെയാണ് സ്വർഗ്ഗരാജ്യത്തിലെത്തുക? എങ്ങനെയാണ് സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കുവാൻ കഴിയുക?  

അതുകൊണ്ട് ഈശോ പറയുന്നു, ഉപേക്ഷിക്കുക. ശൂന്യമാകുക. ദൈവികതകൊണ്ട്, ക്രിസ്തുവിനെക്കൊണ്ട് നിന്റെ ജീവിതം നിറയ്ക്കുക. കാരണം, ക്രിസ്തുവിന് ഭാരമില്ല; ആത്മാവിന് ഒരു തൂവലോളംപോലും ഭാരമില്ല. മകളേ, മകനേ നിന്നെ ഭാരപ്പെടുത്താനല്ല, നിന്റെ ഭാരങ്ങളെല്ലാം ഇല്ലാതാക്കാനാണ് ഞാൻ വന്നത് എന്ന് പറയുന്ന ഈശോയുടെ സ്നേഹശബ്ദം കേൾക്കുക. ഭാരങ്ങളെല്ലാം കളയുവാൻ, ഉപേക്ഷിക്കുവാൻ, കഴുകനെപ്പോലെ പഴയതെല്ലാം കൊത്തിപ്പറിച്ചു കളയുവാൻ നമുക്ക് ബുദ്ധിമുട്ടുണ്ടാകും. എന്നാൽ, ഈശോ പറയുന്നു. ദൈവത്തിനൊന്നും അസാധ്യമല്ല. എല്ലാം സാധ്യമാക്കുന്നവൻ ദൈവം! നമ്മിലെ ഭാരങ്ങളെല്ലാം എടുത്തുമാറ്റുവാനാണ് ഈശോ ഈ ഭൂമിയിലേക്ക് വന്നത്. നമ്മിലെ ചപ്പുചവറുകളെ കത്തിച്ചുകളയുവാൻ തീയുമായിട്ടാണ് ഈശോ വന്നത്. ഫാ. സാജു പൈനാടത്ത് MCBS ന്റെ “ദൈവത്തിന്റെ ഭാഷ വിശുദ്ധ കുർബാന എന്ന പുസ്തകത്തിലെ വിവരണം ശ്രദ്ധേയമാണ്.

“എന്തുകൊണ്ടാണിങ്ങനെ എന്ന് ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ മനസ്സിൽ തെളിഞ്ഞത് ലൂക്ക 12, 49 എന്നാണ്. അടുത്തിരുന്ന ബൈബിളെടുത്ത് ലൂക്കായുടെ സുവിശേഷമെടുത്ത് ഞാൻ വായിച്ചു: “ഭൂമിയിൽ തീയിടാനാണ് ഞാൻ വന്നത്. അത് ഇതിനകം കത്തിജ്വലിച്ചിരുന്നെങ്കിൽ!”

വചനത്തിന്റെ പൊരുൾ പതുക്കെ പതുക്കെ ഇതൾവിടരുന്നത് കണ്ട് ഞാൻ പേടിച്ചുപോയി! തീയിടുന്നുണ്ടെങ്കിൽ ചാമ്പലാക്കാൻ എന്തെങ്കിലും വേണമല്ലോ. എന്താണത്? ഒരു മിന്നൽ പോലെ ഉത്തരം എന്നിൽ തെളിഞ്ഞു. എന്നിലെ ചവറുകൾ! എന്നിലെ ചിത്തവൃത്തികളെ നിരോധിക്കാതെ, കത്തിച്ചുകളയാതെ വിശുദ്ധ കുർബാനയിലേക്ക് പ്രവേശിക്കുവാൻ എനിക്കാകുന്നതെങ്ങനെ? എനിക്ക് വിലപ്പെട്ടതായിത്തോന്നുന്ന പലതും കത്തിച്ചുകളയേണ്ടിയിരിക്കുന്നു! എന്റെ വിജ്ഞാനം, എന്റെ നിഗമനങ്ങൾ, എന്റെ തത്വശാസ്ത്രങ്ങൾ, എന്റെ വിധിന്യായങ്ങൾ, മുൻവിധികൾ, ആശയസംഹിതകൾ … അങ്ങനെ പലതും എനിക്ക് വിശിഷ്ടമായതാണ്. പക്ഷെ, ഗുരുവിനറിയാം അതെല്ലാം വെറും ചപ്പുചവറുകളാണെന്ന്! എനിക്ക് അവയെല്ലാം എന്റെ വലുപ്പമാണ്, എന്റെ ആടയാഭരണങ്ങളാണ്! എന്നാൽ ഗുരുവിനറിയാം അതെല്ലാം ചങ്ങലകളാണെന്ന്, ബന്ധനങ്ങളാണെന്ന്! അവയ്‌ക്കെല്ലാം തീയിടാനാണ് ക്രിസ്തു വന്നത്. അതിൽ ഞാൻ ജ്വലിച്ചുതീരുമ്പോൾ എന്നിൽ പാകപ്പെടുന്നതാണ്, ഉയിർത്തെഴുന്നേൽക്കുന്നതാണ് വിശുദ്ധ കുർബാന. അപ്പോൾ വിശുദ്ധ കുർബാനയിലേക്ക് ഞാൻ ക്ഷണിക്കപ്പെടുകയാണ്.”  (7, 22-23)

ശ്രീ ബുദ്ധനാണ് ഈ ഉപേക്ഷിക്കലിനെക്കുറിച്ച്, അതുവഴി സ്വയം ശൂന്യമാക്കുന്നതിനെക്കുറിച്ച്, അതിനുശേഷം ദൈവികചൈതന്യത്താൽ നിറയുന്നതിനെക്കുറിച്ച് academic ആയി പഠിപ്പിക്കുന്നത്. ധ്യാനത്തിലൂടെ സ്വയം ശൂന്യമാകുമ്പോൾ, ദൈവികവെളിച്ചം ഒരു വ്യക്തിയിൽ നിറയും. അങ്ങനെയുള്ളവർ ഇപ്പോഴും സ്വർഗ്ഗരാജ്യത്തിലായിരിക്കും.  

നമ്മുടെയൊക്കെ ക്ളാസുകളിൽ എപ്പോഴും ചോദ്യം ചോദിച്ചു് ടീച്ചർമാരെ ശല്യപ്പെടുത്തുന്ന കുട്ടികളെപ്പോലെ, പത്രോസ് ചോദിക്കുകയാണ് “ഈശോയെ ഞങ്ങളെല്ലാം ഉപേക്ഷിച്ചാണ് വന്നിരിക്കുന്നത്. ഞങ്ങൾക്ക് ഭാരങ്ങളൊന്നുമില്ല. ഈ ലോകത്തിന്റേതായ ഒന്നുമില്ലാത്തതാണ് ഞങ്ങളുടെ ഹൃദയങ്ങൾ. വെറുപ്പിന്റെ, അസൂയയുടെ, അഹങ്കാരത്തിന്റെ പാമ്പുകളും, തേളുകളും, പഴുതാരകളും ഒന്നുമില്ലാത്തതാണ് ഞങ്ങളുടെ മനസ്സുകൾ. വാദഗതികളൊന്നുമില്ലാത്ത, demands ഒന്നുമില്ലാത്ത ശുശ്രൂഷകരാണ് ഞങ്ങൾ. ഞങ്ങൾക്ക് എന്തുകിട്ടും? ഈശോ പറയുന്നു: അങ്ങനെയുള്ളവരാണ് നിങ്ങളെങ്കിൽ ഈ ആകാശം നിങ്ങളുടേതാണ്; ഈ ഭൂമി നിങ്ങളുടേതാണ്. ഈ സമുദ്രം മുഴുവനും നിങ്ങളുടേതാണ്. ഞാൻ നിങ്ങളുടേതാണ്.

നമ്മുടെ മനസ്സിനെ മാത്രമല്ല, നമ്മുടെ ആന്തരികതയെക്കൂടി, ആന്തരികസത്തയെക്കൂടി തൊടുന്ന മനഃശാസ്ത്രജ്ഞൻ സിഗ്മണ്ട് ഫ്രോയിഡല്ല, (Sigmund Freud) അത് ആൽഫ്രെഡ് ആഡ്ലറല്ല, (Alfred Adler) അത് കാൾ ഗുസ്താവ് യുങ്ങുമല്ല. (Carl Gustav Yung) അത് ക്രിസ്തുവാണ്. ജീവിതത്തിന്റെ ഭാരങ്ങളും, അസ്വസ്ഥതകളും സമാധാനത്തിലേക്ക്, സന്തോഷത്തിലേക്ക് പ്രവേശിക്കുവാൻ തടസ്സമായി നിൽക്കുമ്പോൾ ആ ഭാരങ്ങളെയെല്ലാം ഉപേക്ഷിക്കുക മാത്രമല്ല, അവയ്ക്കുപകരം ദൈവത്തെക്കൊണ്ട്, ക്രിസ്തുവിനെക്കൊണ്ട്, ക്രിസ്തുസ്നേഹത്തെക്കൊണ്ട്, ക്രിസ്തു മനോഭാവത്തെക്കൊണ്ട് ജീവിതം നിറയ്ക്കുക എന്ന് ഈശോ പറയുമ്പോൾ മനുഷ്യന്റെ ജീവിതത്തെ പൂർണമായി വിശുദ്ധീകരിക്കുകയാണ്, രക്ഷിക്കുകയാണ് ക്രിസ്തു ചെയ്യുന്നത്. ജീവിതത്തിന്റെ, യാതനയുടെ, ദുരിതത്തിന്റെ, കാമനകളുടെ, ലൗകികസുഖങ്ങളുടെ ഉത്കണ്ഠകളുടെ ഭാരം എങ്ങനെയാണ് ഞാൻ ഉപേക്ഷിക്കേണ്ടത്? എങ്ങനെ എന്നതുതന്നെ ചിലപ്പോൾ കൂടുതൽ ഭാരം സൃഷ്ടിക്കും. ഭാരം ഉപേക്ഷിക്കാൻ താത്പര്യമുണ്ടെങ്കിൽ അതുപേക്ഷിക്കാൻ ഒരു കാരണം വേണം. ഉപേക്ഷിക്കുക മാത്രമല്ല, ഉപേക്ഷിച്ച ശേഷം ആ ഇടത്തിലേക്ക് പരിശുദ്ധമായ, ഉന്നതമായ, ദൈവികമായ, വീണ്ടും ഭാരം സൃഷ്ടിക്കാത്ത ഒന്നിനെക്കൊണ്ട് ജീവിതം നിറയ്ക്കുവാൻ സാധിക്കണം. ഈശോ പറയുന്നത് സ്വർഗ്ഗരാജ്യത്തെക്കൊണ്ട് നിങ്ങളുടെ ജീവിതത്തെ നിറയ്ക്കുവാൻ നിങ്ങൾക്ക് സാധിക്കണം. കാരണം, നൂറിരട്ടിയായി സ്വർഗത്തെ നൽകുവാൻ ദൈവം കാത്തിരിക്കുകയാണ്.

നമ്മുടെ മുൻപിൽ രണ്ട് മാർഗങ്ങളേയുള്ളു. ഒന്നുകിൽ, ഒന്നും ഉപേക്ഷിക്കാതെ, ഗെയ്റ്റ് കടക്കാതെ തിരിച്ചുപോകുക. എന്നിട്ട് ഭാരങ്ങളുംപേറി ജീവിക്കുക. ഭാരങ്ങൾ നമ്മുടെ ജീവിതം നിശ്ചലമാക്കും. ചലനം നിൽക്കുന്ന മാത്രയിൽ അത് വൃത്തികെട്ടതും, ചെളിനിറഞ്ഞതുമാകും. അല്ലെങ്കിൽ സർവ്വതും ഉപേക്ഷിച്ചു് ആത്മാവാൽ നിറയുക. എന്നിട്ട് മുന്നോട്ട് പോകുക. പുതിയ ജീവിതത്തിൽ, കൂടുതൽ ഉയർന്ന ജീവിതത്തിൽ, മരണമറിയാത്ത ജീവിതത്തിൽ സ്വർഗത്തിൽ പ്രവേശിക്കുക. 

സ്നേഹമുള്ളവരേ, ഉപേക്ഷിക്കുക, ശൂന്യമാകുക. സ്വർഗ്ഗരാജ്യം നമ്മുടേതായിരിക്കും. കഴുകൻ സൂര്യന് കുറുകെ പറക്കുമ്പോൾ ഒന്നും കൂടെകൊണ്ടുപോകുന്നില്ല. കൂടെകൊണ്ടുപോകാൻ അതിന് കഴിയില്ല. എത്രയും ഭാരം കുറവാണോ, അത്രയും ഉയരങ്ങളിലേക്ക് അതിന് പറന്നുയരാൻ കഴിയും. നാം ചുമന്നുകൊണ്ട് നടക്കുന്ന ഭാരങ്ങൾ നമുക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുകയേയുള്ളു. ഒന്നുകിൽ ഉപേക്ഷിച്ച് സ്വർഗത്തിലേക്ക് പ്രവേശിക്കുക.  അല്ലെങ്കിൽ ഭാരം ചുമന്ന് തളർന്ന് ജീവിക്കുക.

ക്രിസ്തുവിന് middle way ഇല്ലെന്ന് ഓർക്കുക. ഇവിടെയുള്ളതെല്ലാം ഞാൻ ഇവിടെത്തന്നെ ഉപേക്ഷിക്കണം. മരണത്തിലൂടെ ഈ ജീവിതത്തിന്റെ അതിർത്തി കടക്കുന്ന നിമിഷംതന്നെ എല്ലാം പിന്നിൽ ഉപേക്ഷിക്കേണ്ട ഈ ജീവിതത്തിൽ, ജീവിച്ചിരിക്കുമ്പോൾ തന്നെ എല്ലാം വലിച്ചെറിയുക. എന്തിന് അവ ചുമന്ന് പ്രശ്നങ്ങൾ ഉണ്ടാക്കണം? ആമേൻ!