SUNDAY SERMON FEAST OF CHRIST THE KING

ക്രിസ്തുവിന്റെ രാജത്വ തിരുനാൾ 2024

ആയിരത്തി തൊള്ളായിരത്തിന്റെ ആദ്യദശകങ്ങൾ! യുദ്ധങ്ങളും, കലഹങ്ങളും, ലോകത്തിന്റെയും മനുഷ്യന്റെയും സമാധാനം തല്ലിക്കെടുത്തിയ കാലഘട്ടം!! അടിമത്തം (Slavery), ചൂഷണം (Exploitation) കോണ്സെന്ട്രേഷൻ ക്യാമ്പുകൾ (Concentration camps), ഹോളോകാസ്റ്റ് (Holocaust) തുടങ്ങിയപദങ്ങൾ രാജാക്കന്മാർക്ക് വിനോദവും, സാധാരണമനുഷ്യർക്ക് മരണവും നൽകിയിരുന്ന കാലം!!!  ഇങ്ങനെ ലോകത്തിൽ അരാജകത്വം നിറഞ്ഞു നിന്നിരുന്നൊരു കാലഘട്ടത്തിൽ, ലോകത്തിന്റെ നേതാക്കൾ ദൈവങ്ങളായി നാട് ഭരിച്ചിരുന്നൊരു സാഹചര്യത്തിൽ, അന്നത്തെ മാർപാപ്പ പയസ് പതിനൊന്നാമൻ പ്രഖ്യാപിച്ചു: ഈ പ്രപഞ്ചത്തെ, ലോകത്തെ, മനുഷ്യമനസ്സുകളെ ഭരിക്കുന്നത്, സ്നേഹമുള്ള മക്കളേ , ക്രിസ്തുവാണ്, രാജാക്കന്മാരുടെ രാജാവായ ക്രിസ്തു; ലോകത്തിനു സമാധാനം നൽകുന്നത് രാജാക്കന്മാരുടെ രാജാവായ ക്രിസ്തു; ലോകത്തെ നയിക്കുന്നത് രാജാക്കന്മാരുടെ രാജാവായ ക്രിസ്തു.  അങ്ങനെയാണ് നാമിന്ന് ആഘോഷിക്കുന്ന ക്രിസ്തുവിന്റെ രാജത്വ തിരുനാളിന്റെ തുടക്കം.  1925 ൽ സാർവത്രിക സഭയിൽ ക്രിസ്തുവിന്റെ രാജത്വ തിരുനാൾ നടപ്പിലാക്കിയ കാലം മുതൽ ഇന്നോളം ക്രൈസ്തവ ലോകം ക്രിസ്തുവിനെ ഈ ലോകത്തിന്റെ, ക്രൈസ്തവകുടുംബങ്ങളുടെ, തങ്ങളുടെ ജീവിതത്തിന്റെ രാജാവായി സ്വീകരിച്ചിരിക്കുകയാണ്.  

ക്രിസ്തുവിനെക്കുറിച്ചു ഓർക്കുമ്പോൾ ഓരോ ക്രൈസ്തവനും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന വിശേഷണവും ഇതുതന്നെയാണ്: രാജാക്കന്മാരുടെ രാജാവായ ക്രിസ്തു! ഇന്ന് പള്ളിക്കൂദാശാകാലത്തിന്റെ നാലാം ഞായറാഴ്ച്ച ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ നാം വീണ്ടും ഈ വിശേഷണം ഓർത്തെടുക്കുകയാണ്. കുഞ്ഞുന്നാളിൽ സൺ‌ഡേ സ്കൂൾ കുട്ടിയായിരുന്ന കാലത്ത് ഒരു മുദ്രാവാക്യമായി, ഉള്ളിൽ തട്ടുന്ന ഒരു സങ്കീർത്തനമായി ജയ് ജയ് ക്രിസ്തുരാജൻ എന്ന് ഏറ്റുപറഞ്ഞത് ഞാനിപ്പോൾ ഓർത്തെടുക്കുകയാണ്. സുപ്രസിദ്ധ ഗായകനായ ശ്രീ കെ. ജെ. യേശുദാസിന്റെ ശബ്ദത്തിൽ “രാജാക്കന്മാരുടെ രാജാവേ…എന്ന സുന്ദരമായ ഗാനം കേൾക്കുമ്പോഴും, ദേവാലയത്തിരുനാളുകളിൽ ബാൻഡ് സെറ്റുകാർ ആ ഗാനം മീട്ടുമ്പോഴും ഉള്ളിൽ സന്തോഷം തോന്നാത്തവരായി ആരാണുള്ളത്? ആ ഗാനം ഒന്ന് മൂളാത്തവരായും നമ്മിൽ ആരുമുണ്ടാകില്ല. നിഷ്കളങ്കമായ ഈ ഓർമകളിൽ നിന്നുകൊണ്ട് ഈ വർഷത്തെ ക്രിസ്തുരാജത്തിരുനാൾ ആഘോഷിക്കുവാൻ തിരുസ്സഭ നമ്മെ ക്ഷണിക്കുകയാണ്. എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ!  

ക്രിസ്തു രാജാവാണ് എന്നത് തിരുസഭയിൽ വൈകിവന്ന ഒരാശയമല്ല. ഗബ്രിയേൽ ദൂതൻ പരിശുദ്ധ അമ്മയോട് മംഗളവാർത്ത അറിയിച്ചപ്പോൾ തന്നെ ക്രിസ്തുവിന്റെ രാജത്വം പ്രഖ്യാപിച്ചിരുന്നു. “നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും… അവൻ വലിയവൻ ആയിരിക്കും. അത്യുന്നതന്റെ പുത്രനെന്ന് വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും.  യാക്കോബിന്റെ ഭവനത്തിന്മേൽ അവൻ എന്നേയ്ക്കും ഭരണം നടത്തും.” (ലൂക്കാ 1, 31-32) വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം വാക്യം 49 ൽ നഥാനിയേൽ ഈശോയെ രാജാവായി ഏറ്റുപറയുന്നുണ്ട്. “റബ്ബി അങ്ങ് ദൈവപുത്രനാണ്, ഇസ്രയേലിന്റെ രാജാവാണ്.”വിശുദ്ധ പൗലോശ്ലീഹ തിമോത്തിയോസിനെഴുതിയ ഒന്നാം ലേഖനത്തിൽ ക്രിസ്തുവിനെ “രാജാക്കന്മാരുടെ രാജാവും, പ്രഭുക്കന്മാരുടെ പ്രഭുവും” (King of kings and lord of lords) എന്ന് വിശേഷിപ്പിക്കുന്നുണ്ട് (6, 15). AD 314 ൽ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരനായ എവുസേബിയൂസ് (Eusebius) ക്രിസ്തുവിനെ രാജാവായി അവതരിപ്പിക്കുന്നുണ്ട്.

ഇസ്രായേൽ ജനത്തിന് രാജാവുണ്ടായത് എങ്ങനെയെന്ന് ഓർത്തെടുക്കുന്നത് നല്ലതാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ആശയമാണ് രാജത്വം. മനുഷ്യചരിത്രത്തിലെ ആദ്യകാലങ്ങൾമുതൽ ഗോത്രരാജാക്കന്മാരും നാട്ടുരാജാക്കന്മാരും, മറ്റും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. മനുഷ്യ ചരിത്രം തന്നെ രാജാക്കന്മാരുടെ പടയോട്ടങ്ങളുടെ വിജയപരാജയങ്ങളുടെ ചരിത്രമാണല്ലോ. ആദ്യകാലം മുതലേ കൊന്നും കൊലവിളിച്ചും രാജാക്കന്മാർ നടത്തിയ തേരോട്ടങ്ങളുടെ കഥകളിൽ ചതഞ്ഞരഞ്ഞ മനുഷ്യർ അനവധിയാണ്. എങ്കിലും, കാലങ്ങൾ പലതു കഴിഞ്ഞിട്ടും, തലമുറകൾ അനേകം കടന്നുപോയിട്ടും ഇസ്രായേൽ ജനത്തിന് രാജാവില്ലായിരുന്നു എന്നത് മറ്റ് ഗോത്രങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. ദൈവം ആയിരുന്നു അവർക്കെല്ലാം. അവരെ നയിക്കുകയും, പരിപാലിക്കുകയും, രക്ഷിക്കുകയും ചെയ്തിരുന്നത് ദൈവമാണെന്ന് അവർ വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്തിരുന്നു. തന്നെയുമല്ല, മറ്റ് ഗോത്രങ്ങൾ, രാജാവില്ലാത്ത, ദൈവത്താൽ മാത്രം നയിക്കപ്പെടുന്ന ഇസ്രായേൽ ജനങ്ങളെ അസൂയയോടെയാണ് നോക്കിയിരുന്നത്! എന്നാൽ, സാമുവേൽ പ്രവാചകന്റെ അവസാന നാളുകളിൽ ഇസ്രായേൽ ജനം അദ്ദേഹത്തോട് പറഞ്ഞു: ” മറ്റു ജനതകൾക്കുള്ളതുപോലെ ഞങ്ങൾക്കും ഒരു രാജാവിനെ നിയമിച്ചു തരിക.” തങ്ങളുടെ ദൈവത്തെയാണ് അവർ നിരാകരിക്കുന്നത് എന്നറിഞ്ഞിട്ടും ദൈവം സാമുവേലിനോട് പറഞ്ഞു: ‘ജനം പറയുന്നത് കേൾക്കുക…എന്നാൽ അവരെ ഭരിക്കാനിരിക്കുന്ന രാജാക്കന്മാരുടെ രീതി സൂക്ഷ്മമായി അവർക്കു വിവരിച്ചുകൊടുക്കുക”. സാമുവേൽ ജനത്തോടു പറഞ്ഞു: ‘നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവ് നിങ്ങളോട് ഇങ്ങനെ ചെയ്യും. തന്റെ രഥത്തിന്റെ മുൻപിൽ ഓടാൻ തേരാളികളായി നിങ്ങളുടെ പുത്രന്മാരെ അവൻ നിയമിക്കും. ഉഴവുകാരും, നെയ്ത്തുകാരും ആയുധപണിക്കാരും രഥോപകരണ നിർമാതാക്കളായും അവരെ നിയമിക്കും. നിങ്ങളുടെ പുത്രിമാരെ സുഗന്ധതൈലക്കാരികളും പാചകക്കാരികളും അപ്പക്കാരികളുമാക്കും. നിങ്ങളുടെ തോട്ടങ്ങളിലെ നല്ലതെല്ലാം സ്വന്തമാക്കും. അവൻ നിങ്ങളുടെ ആട്ടിൻപറ്റത്തിന്റെ ദശാംശം എടുക്കും. നിങ്ങൾ അവന്റെ അടിമകളായിരിക്കും. നിങ്ങൾ തിരഞ്ഞെടുക്കുന്ന രാജാവ് നിമിത്തം അന്ന് നിങ്ങൾ വിലപിക്കും.’ (1 സാമുവേൽ 8, 1 – 18) ഇത്രയും പറഞ്ഞിട്ട് പ്രവാചകൻ അവരോടു ചോദിച്ചു: ‘ജനങ്ങളേ, നിങ്ങൾക്കു രാജാവിനെ വേണോ?” ജനം ഒന്നടങ്കം പറഞ്ഞു: “ഞങ്ങൾക്ക് രാജാവിനെ വേണം”.എന്നിട്ടെന്തായി?? സ്വയംകൃതാനർത്ഥം എന്നല്ലാതെ എന്തുപറയാൻ!

ഇസ്രായേൽ ജനത്തിന്റെ ചരിത്രം മാത്രമല്ല രക്ഷാകര ചരിത്രം പോലും രാജാക്കന്മാർ ഇസ്രായേൽ ജനത്തിനോട് കാണിച്ച അനീതിയുടെ, ക്രൂരതകളുടെ, അടിച്ചമർത്തലുകളുടെ ചരിത്രമാണ്. ആദ്യരാജാവായ സാവൂൾ തുടങ്ങി, ദാവീദ്, ആഹാബ് തുടങ്ങിയ രാജാക്കന്മാരെല്ലാം ഇസ്രായേൽ ജനത്തോട്ട് കാണിച്ച ചതിയുടെയും, അധർമ്മത്തിന്റെയും ചരിത്രവും കൂടിയാണ് രക്ഷാകര ചരിത്രം! നാം ഓർക്കണം, പഴയനിയമ ചരിത്രത്തിലെങ്ങും താൻ രാജാവാണെന്നു ദൈവം പറഞ്ഞിട്ടില്ല. ലൗകികരായ രാജാക്കന്മാരുടെ മഹത്വവും, പ്രതാപവും കണ്ട ജനമാണ് ദൈവത്തിനു രാജാവ് എന്ന പട്ടം ചാർത്തിക്കൊടുത്ത്. ദൈവം രാജാവാണെന്നു പറഞ്ഞപ്പോൾ ഇസ്രായേൽക്കാർ പക്ഷെ, തങ്ങളെ ശത്രുക്കളിൽ നിന്ന് രക്ഷിക്കുന്ന, തങ്ങളെ പച്ചയായ മേച്ചിൽപ്പുറങ്ങളിലേക്കു നയിക്കുന്ന, തങ്ങളോടൊത്തു വസിക്കുന്ന ഏറ്റവും ഉത്തമനായ ഒരു രാജാവായാണ് ദൈവത്തെ കണ്ടത്.

ലോകചരിത്രത്തിൽ തന്നെ മറക്കാനാവാത്ത ഒരു കാലഘട്ടമാണ് രാജാക്കന്മാരുണ്ടായിരുന്ന കാലം. യുദ്ധങ്ങളുടെയും, അടിച്ചമർത്തലുകളുടെയും, വെട്ടിപ്പിടിക്കലിന്റെയും കഥകൾക്ക് എന്നും രക്തത്തിന്റെ നിറമുണ്ടായിരുന്നു, മണമുണ്ടായിരുന്നു. മനുഷ്യത്വം ഇല്ലാത്ത വിധത്തിലുള്ള ഒരു വിധേയത്വം, കാരുണ്യം ലവലേശമില്ലാത്ത അടിമത്വം ഈ കാലത്തിന്റെ പ്രത്യേകതകളായിരുന്നു. നമ്മുടെ കേരളത്തിലും രാജാക്കന്മാരുടെയും പ്രഭുക്കളുടെയും കാലം വളരെ ഭയാനകമായിരുന്നു. പ്രത്യേകിച്ചും, പത്തൊൻപതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും!

ഭാഷയുടെ പരിമിതികൊണ്ടോ എന്തോ, എല്ലാ ഭാഷകളിലും രാജാവ് എന്ന വാക്കു പൂർണമായും പോസറ്റീവ് അർത്ഥങ്ങളല്ല നൽകുന്നത്. എന്തുകൊണ്ടോ അടിമത്വം എന്നത് രാജാവ് എന്ന വാക്കിന്റെ പര്യായമായി ഇന്നും ഭാഷയിൽ നിലനിൽക്കുന്നു.

ഇക്കാരണങ്ങളാൽ തന്നെ, ക്രിസ്തുവിനു ഒട്ടും തന്നെ ചേരാത്ത ഒരു വിശേഷണമാണ് രാജാവ് എന്നുള്ളത്. അതുകൊണ്ടുതന്നെയാവണം, ഈശോ ഒരിക്കൽപോലും ഈ ലോകത്തിന്റെ രാജാവാകാൻ ആഗ്രഹിച്ചില്ല.

രാജത്വം അതിന്റെ സർവ മഹത്വത്തിലും ക്രൂരതയിലും നിലനിന്ന കാലത്തായതുകൊണ്ടാവാം ഈശോയെ രാജാവാക്കുവാൻ ജനത്തിനു വലിയ താത്പര്യമായിരുന്നു. ‘മിശിഹാ രാജാവായി വരുമ്പോൾ തങ്ങളെ അടിമത്തത്തിൽ നിന്ന് രക്ഷിക്കുമെന്ന’ ഒരു വിശ്വാസം ഇസ്രായേൽ ജനത്തിനുണ്ടായിരുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിൽ അയ്യായിരത്തിലധികം വരുന്ന ജനതയ്ക്കു അപ്പം വർധിപ്പിച്ചു കഴിഞ്ഞപ്പോൾ, അവരെല്ലാം ഭക്ഷിച്ചു തൃപ്തരായപ്പോൾ ജനങ്ങൾ ഈശോയെ പിടിച്ചു രാജാവാക്കാൻ ശ്രമിക്കുന്നുണ്ട്. (യോഹ 6, 15) ഒലിവുശാഖകളുമായി ജനം ഈശോയെ എതിരേറ്റപ്പോൾ മിശിഹായുടെ രാജത്വത്തിന്റെ പൂവിടലായിട്ടാണ് അവർ ഈശോയെ കണ്ടത്. (യോഹ 12, 12 -19) ചുവന്ന മേലങ്കിയും മുൾക്കിരീടവും അണിയിച്ചു “യൂദന്മാരുടെ രാജാവേ സ്വസ്തി” എന്ന് ക്രിസ്തുവിനെ അധിക്ഷേപിച്ചപ്പോഴും ക്രൂരമായിട്ടാണെങ്കിലും മിശിഹായുടെ രാജത്വമെന്ന ആശയം അവർ ആഘോഷിക്കുകയായിരുന്നു. (യോഹ 19, 3) ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചുകേട്ടതുപോലെ, പീലാത്തോസും ചോദിക്കുന്നുണ്ട് ഒരു ചോദ്യം: “നീ യൂദന്മാരുടെ രാജാവാണോ?” (യോഹ 18, 33) ഉന്നത അധികാരികൾപോലും മിശിഹായുടെ രാജത്വം പ്രതീക്ഷിച്ചിരുന്നു. അവസാനം, കാൽവരിയിൽ നല്ലകള്ളനും ഈശോയുടെ രാജത്വം പ്രഘോഷിക്കുന്നുണ്ട്: ‘ഈശോയെ നിന്റെ രാജ്യത്തിൽ ആയിരിക്കുമ്പോൾ എന്നെയും ഓർക്കണമേ.’ (ലൂക്ക 23, 43)

ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഭരിക്കപ്പെടുന്ന ജനാധിപത്യത്തിന്റെ ഈ കാലഘട്ടത്തിൽ ഈശോയെ രാജാവായിക്കാണുക അത്ര എളുപ്പമല്ല. അതുമാത്രമല്ല, നല്ല രാജാക്കന്മാർ ധാരാളം ചരിത്രത്തിൽ ഉണ്ടെങ്കിലും, രാജാവെന്നു കേൾക്കുമ്പോൾ അടിമത്തത്തിന്റെ, ക്രൂരതയുടെ ഒരു ചിത്രമാണ് നമ്മുടെ മനസ്സിലേക്ക് വരിക. അതിനാൽ, ഈശോയെ അത്തരത്തിൽ ഒരു രാജാവായിട്ടല്ല, എന്റെ ദൈവമായി കാണാനാണ് എനിക്കിഷ്ടം. അവിടുന്നെന്റെ രക്ഷകനാണ്. എന്നെത്തേടി വരുന്ന, എന്നെ തോളിലേറ്റുന്ന എന്റെ നല്ല ഇടയനാണ്. അവിടുന്ന് ആരെയും അടിമകളാക്കിയിട്ടില്ല. ഒരു തുണ്ടു ഭൂമിപോലും ആരിൽനിന്നും തട്ടിയെടുത്തിട്ടില്ല. അധികാരം നിലനിർത്താൻ പടയോട്ടങ്ങൾ നടത്തിയിട്ടില്ല, അളിഞ്ഞ രാഷ്ട്രീയം കളിച്ചിട്ടില്ല. കോടികൾ മുടക്കി ദേവാലയങ്ങൾ പണിതിട്ടില്ല. സാധാരണക്കാരുടെ, പാവപ്പെട്ടവരുടെ നികുതിമുടക്കി വിദേശ രാജ്യങ്ങളിൽ പോയിട്ടില്ല. ലക്ഷങ്ങളുടെ വിലയുള്ള വസ്ത്രങ്ങൾ ധരിച്ചിട്ടില്ല. AD 412 മുതൽ 444 വരെ അലക്‌സാൻഡ്രിയയുടെ പാത്രിയർക്കീസ് (Patriarch) ആയിരുന്ന അലക്‌സിയാൻഡ്രിയയുടെ സിറിൽ (Cyril of Alexandria) പറയുന്നതുപോലെ തീവ്രവാദപ്രവർത്തനം നടത്തിയിട്ടല്ല, ആയിരങ്ങളെ കൊലചെയ്തിട്ടല്ല ക്രിസ്തു രാജാവായി ജനഹൃദയങ്ങളിൽ വസിക്കുന്നത്. അവിടുത്തെ സത്തയിൽ, സ്വഭാവത്തിൽ സ്നേഹത്തിന്റെയും കരുണയുടെയും പരിപാലനത്തിന്റെയും മഹത്വമുള്ളതുകൊണ്ടാണ് ഈശോ രാജാവായി വാഴുന്നത്.

 സ്നേഹമുള്ളവരേ, മനുഷ്യ ഹൃദയങ്ങളെ ദേവാലയങ്ങളാക്കാനാണ് അവിടുന്ന് വന്നത്. ലോകത്തെ ശിക്ഷിക്കാനല്ല രക്ഷിക്കാനാണ് ക്രിസ്തു വന്നത്. മനുഷ്യനോടൊത്ത് വാഴാനാണ് ക്രിസ്തുവന്നത്. ഈ ഭൂമിയിൽ രാജാവാകാനല്ല, അനേകർക്ക് രക്ഷയ്ക്കായി മോചനദ്രവ്യമാകാനാണ് ഈശോ വന്നത്. അവിടുന്ന് തന്നെ പറഞ്ഞു; “എന്റെ രാജ്യം ഐഹികമല്ല.”  (യോഹ 18, 36) അല്ലെങ്കിൽത്തന്നെ, ഭൂമിയിലെ രാജാക്കന്മാരുടേയോ, പ്രഭുക്കന്മാരുടെയോ ച്ത്രങ്ങളിൽ കാണാറുള്ള അടയാളങ്ങളോ, ഭാവങ്ങളോ ഉണ്ടോ ക്രിസ്തുവിന്റെ മുഖത്ത്? ഞാൻ നിങ്ങളേക്കാൾ വലുത് എന്ന ഭാവമോ, എല്ലാവരും എന്റെ കാൽക്കീഴിലാണ് എന്ന അഹന്തയോ ഉണ്ടോ ആ മുഖത്ത്?

മാത്രമല്ല, ഞാൻ നേരത്തെ പറഞ്ഞതുപോലെ, ലോകത്തിന്റെ ഭാഷയിൽ ഈശോയെ വിശേഷിപ്പിച്ചാൽ അത് അവിടുത്തേക്ക്‌ യോജിക്കുകയില്ല. അത് ഒരുതരം പരിമിതിയായിരിക്കും സൃഷ്ടിക്കുക. അല്ലെങ്കിൽ, തീർത്തും പോസിറ്റിവായ വാക്കുകൾ ഉപയോഗിക്കണം. രാജാവെന്ന വാക്കു നമ്മുടെ ഭാഷയിൽ, സംസ്കാരത്തിൽ ഇപ്പോൾ നെഗറ്റിവായ ഒരു വാക്കാണ്. കാരണം, ഈ ഭൂമിയിലെ രാജാക്കന്മാർ, നേതാക്കന്മാർ ഉത്തമരായവരല്ല. ചുറ്റുമൊന്നു നോക്കൂ…

പിഞ്ചുകുഞ്ഞുങ്ങൾ, ചെറുപ്പക്കാർ മൃഗീയമായി കൊലചെയ്യപ്പെട്ടാലും കൊലയാളികളെ രക്ഷിക്കുവാൻ ശ്രമിക്കുന്ന, കൊലയാളികൾക്കുവേണ്ടി ലക്ഷങ്ങൾമുടക്കി വക്കീലന്മാരെ നിയമിക്കുന്ന, അന്വേഷണങ്ങളെ അട്ടിമറിക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… കോടികൾ മുടക്കി ഷോപ്പിംഗ് മാളുകളും, പള്ളികളും, ഗവണ്മെന്റ് ചിലവിൽ തന്നെ വലിയ വലിയ കെട്ടിടങ്ങളും പണിയുമ്പോൾ പാവപ്പെട്ടവർക്ക് വലിയ വാക്കുകളിൽ ലൈഫ് മിഷൻ പദ്ധതിയെന്നൊക്കെ പറഞ്ഞു അതിന്റെ വിഹിതത്തിലും കയ്യിട്ട് വാരിക്കളിക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… ഒന്നും രണ്ടും മൂന്നും പെൻഷനുകളും, ഫ്രീയായി യാത്രകളും, ചികിത്സകളും മറ്റു പലതും പാവം ജനങ്ങളുടെ നികുതിപ്പണത്തിലൂടെ കൈപ്പറ്റുകയും, പാവപ്പെട്ടവന്റെ ചുമലിൽ വിലക്കയറ്റമെന്ന ഭാരം കയറ്റിവയ്ക്കുകയും ചെയ്യുന്ന, ജനങ്ങളെ സേവിക്കുന്നു എന്ന് പറയുന്ന ജനങ്ങളുടെ രാജാക്കന്മാർ, ലഹരിയിൽ മയങ്ങുന്ന ഒരു തലമുറയെ കണ്ടില്ലെന്ന് നടിച്ചു്, ലഹരിമാഫിയാകൾക്ക് വാതിൽ തുറന്നിടുന്ന രാജാക്കന്മാർ, നേതാക്കന്മാർ, സ്വന്തം പിണിയാളുകൾക്കായി മാത്രം ജോലികൾ മാറ്റിവയ്ക്കുന്ന രാജാക്കന്മാർ, നേതാക്കന്മാർ…എന്തതിക്രമം നടന്നാലും, അഴിമതി നടന്നാലും എനിക്കൊന്നുമറിയില്ല എന്നുപറഞ്ഞു കൈകഴുകുന്ന നേതാക്കന്മാർ, രാജാക്കന്മാർ, നാട്ടിൽ തൊഴിലില്ലാത്തതുകൊണ്ടുമാത്രം, രാജാക്കന്മാർക്ക്,  ജനത്തിന് തൊഴിൽ നൽകാൻ നേതാക്കന്മാർക്ക് കഴിയാത്തതുകൊണ്ട് മാത്രം ലോകത്തിന്റെ പലഭാഗത്തേക്കും പോകുന്ന നമ്മുടെ സഹോദരീസഹോദരരെ നോക്കി ലോകത്തിലെങ്ങും മലയാളികളുണ്ടെന്ന് അഭിമാനിക്കുന്ന (സത്യത്തിൽ അതൊരു അപമാനമല്ലേ?) രാജാക്കന്മാർ, നേതാക്കന്മാർ … ചെറുതും വലുതുമായ തിരഞ്ഞെടുപ്പുകളെ കുത്സിത മാർഗങ്ങളിലൂടെ അട്ടിമറിക്കുന്ന നമ്മുടെ മത രാഷ്ട്രീയ രാജാക്കന്മാർ, നേതാക്കന്മാർ… സ്നേഹമുള്ളവരേ, രാജാവെന്ന വാക്കു വളരെ വികൃതമായി തീർന്നിരിക്കുകയാണ്!

ഈ കാലഘട്ടത്തിൽ പോലും രാജാവെന്ന വാക്കു അത്ര ഭംഗിയുള്ളതല്ല. എങ്കിലും, രാജാവെന്ന വാക്കിന്റെ പരിമിതിക്കപ്പുറം നിന്നുകൊണ്ട് ക്രിസ്തുവിനെ നമുക്ക് സ്നേഹരാജാവായി, കാരുണ്യം നിറഞ്ഞ രാജാവായി, നീതിയുള്ള രാജാവായി കാണണം. വിശുദ്ധ പോൾ ആറാമൻ മാർപ്പാപ്പ പറയുന്നത്, “ക്രിസ്തു ആദിയും അന്തവുമാണ്. അവിടുന്ന് പുതുലോകത്തിന്റെ രാജാവാണ്. അവിടുന്നാണ് ചരിത്രത്തിന്റെ നായകൻ. അവിടുന്നാണ് നമ്മുടെ ജീവിതത്തിന്റെ ഭാഗധേയം നിർണയിക്കുന്ന താക്കോൽ” എന്നാണ്.

ഫ്രാൻസിസ് മാർപ്പാപ്പാ ചോദിക്കുകയാണ്: “എപ്പോഴാണ് ക്രിസ്തു തന്നെത്തന്നെ രാജാവായി വെളിപ്പെടുത്തിയത്?” അദ്ദേഹം തന്നെ ഉത്തരം പറഞ്ഞു: “കാൽവരിയിൽ വിശുദ്ധകുരിശിൽ! എവിടെയാണ് ക്രിസ്തു രാജാവായി വാഴുന്നത്? മനുഷ്യഹൃദയങ്ങളിൽ!”

അതെ പ്രിയപ്പെട്ടവരേ, കാനായിലെ വെള്ളം വീഞ്ഞാക്കിയപ്പോഴല്ല, കുരുടനെ സുഖപ്പെടുത്തിയപ്പോഴല്ല, അഞ്ചപ്പംകൊണ്ടു അയ്യായിരങ്ങളെ തൃപ്തിപ്പെടുത്തിയപ്പോഴല്ല അവിടുന്ന് രാജാവായത്.  സഹനങ്ങളുടെ മദ്ധ്യേ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ മന്ത്രം ഉച്ചരിച്ചുകൊണ്ട്, ക്ഷമയുടെ വലിയ സന്ദേശം നൽകിക്കൊണ്ട് കുരിശിൽ മരിച്ചപ്പോഴാണ്. മറ്റൊരുവാക്കിൽ, നമുക്കുവേണ്ടി, നമ്മുടെ രക്ഷയ്ക്കുവേണ്ടി, നാം സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുവാൻ വേണ്ടി ക്രിസ്തുവിന്റെ ഹൃദയം നമുക്കായി മിടിച്ചപ്പോഴാണ്, തുടിച്ചപ്പോഴാണ് ക്രിസ്തു രാജാവായിത്തീർന്നത്. ആ ഹൃദയമിടിപ്പ് നമ്മുടെ ജീവിതത്തിന്റെ താളമായപ്പോഴാണ്, ആ ഹൃദയമിടിപ്പ് നമ്മുടെ കണ്ണുനീര് തുടച്ചപ്പോഴാണ്, ആ ഹൃദയമിടിപ്പ് നമുക്ക് സൗഖ്യം നൽകിയപ്പോഴാണ്, ആ ഹൃദയമിടിപ്പ് നമ്മെ ധൈര്യപ്പെടുത്തിയപ്പോഴാണ് ക്രിസ്തു നമ്മുടെ രാജാവായത്. അല്ലാതെ, സാധാരണക്കാരന്റെ നികുതിപ്പണത്തിന്മേൽ സ്വന്തം സാമ്രാജ്യങ്ങൾ പണിതുയർത്തിയല്ല ഈശോ ഇന്നും രാജാവായി വാഴുന്നത്! ജനങ്ങൾക്കൊപ്പമായിരിക്കാൻ, ലക്ഷങ്ങൾമുടക്കി (അതോ കോടികളോ?) ശീതീകരിച്ച, ആധുനിക സൗകര്യങ്ങളുള്ള, ബസ്സിൽ യാതചെയ്തല്ല ഇന്നും ഈശോ മനുഷ്യരോടൊപ്പം വസിക്കുന്നത്. ആ ഹൃദയമിടിപ്പുകേട്ടാൽ നമ്മുടെ കരച്ചിൽ നിൽക്കും; ആ ഹൃദയമിടിപ്പനുഭവിച്ചാൽ നമ്മുടെ ഭയം നീങ്ങിപ്പോകും; ഈ ഹൃദയമിടിപ്പിൽ മുഖം അമർത്തിയാൽ നമ്മുടെ മനസ്സ് സ്വസ്ഥമാകും. ആ ഹൃദയമിടിപ്പിന്റെ ഉടമയാണ് നമ്മുടെ സർവ്വവും!!! ക്രിസ്തുവിന്റെ ഹൃദയം മകളേ, മകനേ നിനക്കായി തുടിക്കുന്നു!  

പതിനെട്ടാം നൂറ്റാണ്ടിലെ ജർമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന Kingdom of Prussia യുടെ ചക്രവർത്തിയായിരുന്ന ഫ്രഡറിക് ദ ഗ്രേറ്റ് (Frederick the Great) ഒരു ദിവസം ബ്രാൻഡ്‌സ്‌ബെർഗ് (Brandesberg) നഗരത്തിലെ ഒരു വിദ്യാലയത്തിലെത്തി. അവിടെ ഭൂമിശാസ്ത്രം പഠിപ്പിക്കുകയായിരുന്ന ഒരു ക്‌ളാസിൽ കയറി. ആകാംക്ഷയോടെ ചക്രവർത്തിയെ നോക്കിയിരുന്ന കുട്ടികളിൽ ഒരാളോട് അദ്ദേഹം ചോദിച്ചു: “ബ്രാൻഡ്‌സ്‌ബെർഗ് നഗരം ഏതു രാജ്യത്താണ്?” “ജർമനിയിൽ”, കുട്ടി ഉത്തരം പറഞ്ഞു. “ജർമനി എവിടെയാണ്”? ചക്രവർത്തിയുടെ ചോദ്യത്തിന് കുട്ടിയുടെ ഉത്തരം ഉടനെ വന്നു:”ജർമനി യൂറോപ്പിൽ”. “അപ്പോൾ, യൂറോപ്പ് എവിടെയാണ്” ചക്രവർത്തി വീണ്ടും ചോദിച്ചു. “ലോകത്തിൽ”. ഇത്രയും കുട്ടി വളരെ സമർത്ഥമായി പറഞ്ഞപ്പോൾ ചക്രവർത്തിയുടെ അടുത്ത ചോദ്യം വന്നു: “ഈ ലോകം എവിടെയാണ്?” ഒട്ടും സംശയിക്കാതെ മിടുക്കനായ ആ കുട്ടി പറഞ്ഞു: “ലോകം ക്രിസ്തുവിന്റെ കരങ്ങളിലാണ്”. ജർമൻ സാമ്രാജ്യത്തിലെ ചക്രവർത്തിയുടെ കൈകളിൽ എന്നുള്ള ഉത്തരം പ്രതീക്ഷിച്ച ചക്രവർത്തി ഇളിഭ്യനായിപ്പോയി. അതെ, ഈ ലോകം, നിങ്ങളും ഞാനും, നമ്മുടെ കുടുംബങ്ങളും എല്ലാം ദൈവത്തിന്റെ, ക്രിസ്തുവിന്റെ കരങ്ങളിലാണ്.

രാജാവെന്ന വാക്കിന്റെ പരിമിതികൾക്കപ്പുറം നിന്നുകൊണ്ട് ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിന്റെ രാജാവായി സ്വീകരിക്കാം. അവിടുന്ന് എന്റെ ദൈവമാണ്. ഈ പ്രപഞ്ചത്തിന്റെ നാഥനാണ് എനിക്ക് അവിടുന്ന്.  എനിക്ക് അതുമതി എന്ന് നമുക്ക് ഏറ്റുപറയാം. ഈ ദൈവത്തെ അറിയുവാൻ, ക്രിസ്തു ആരെന്നു മനസ്സിലാക്കുവാൻ, അവിടുത്തെ രാജ്യത്തിന്റെ സ്വഭാവം അറിയുവാൻ ഒന്നുകിൽ നാം ജ്ഞാനികളാകണം, അല്ലെങ്കിൽ കുഞ്ഞുങ്ങളുടെ നിർമലതയുള്ള മനുഷ്യരാകണം, അതുമല്ലെങ്കിൽ, മാനസാന്തരപ്പെടുന്ന സക്കേവൂസാകണം, സമരിയാക്കാരിയാകണം, നല്ല കള്ളനാകണം.

സ്നേഹമുള്ളവരെ, ക്രിസ്തു നമ്മുടെ ദൈവമാണ്. അവിടുത്തേയ്ക്കു സകല മഹത്വവും ആരാധനയും. കരങ്ങൾ ചേർത്ത് പിടിച്ചു നമുക്ക് പ്രാർത്ഥിക്കാം:

ഈശോയെ, അങ്ങെന്റെ ദൈവമാണ്, രാജാവാണ്. എന്റെ തകർന്ന ജീവിതത്തെ ക്രമപ്പെടുത്തണമേ. എന്റെ കണ്ണുകൾക്ക് വെളിച്ചം നൽകണമേ. നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ. നിന്റെ സമാധാനം നിറഞ്ഞ, സന്തോഷം നിറഞ്ഞ രാജ്യം വരണമേ! ആമ്മേൻ!