SUNDAY SERMON LK 1, 5-25

മംഗളവാർത്താക്കാലം ഒന്നാം ഞായർ

ലൂക്കാ 1, 5-25

ഇന്ന്, 2024 ഡിസംബർ 1 ഞായറാഴ്ച്ച, സീറോ മലബാർ സഭയുടെ ആരാധനാക്രമവത്സരം വീണ്ടും തുടങ്ങുകയാണ്. മിശിഹാ രഹസ്യങ്ങൾ ക്രമമായി അവതരിപ്പിച്ചുകൊണ്ടാണ് സീറോ മലബാർ സഭയുടെ ആരാധനാക്രമം രൂപപ്പെടുത്തിയിരിക്കുന്നത്. അതായത്, തിരുസഭയിലൂടെ ക്രിസ്തു നമുക്ക് നൽകിയിരിക്കുന്ന, മിശിഹായുടെ രക്ഷാകര രഹസ്യങ്ങളുടെ ആഘോഷമായ വിശുദ്ധ കുർബാന, ആരാധനാക്രമവത്സരത്തിലൂടെയും അവതരിപ്പിക്കപ്പെടുകയാണ്. നമ്മുടെ ആരാധനാവത്സരത്തിലെ ഒന്നാമത്തെ കാലം മംഗള വാർത്താക്കാലമാണ്. ഈ കാലഘട്ടത്തിൽ നാം ധ്യാനവിഷയമാക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ പൂർണത അവിടുത്തെ മനുഷ്യാവതാരത്തിലാണ്. രണ്ട്, ‘സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്തയായ (ലൂക്കാ 1, 11) ലോക രക്ഷകനായ ക്രിസ്തുവിന്റെ ജനനം പ്രഘോഷിക്കുക. ഈ കാലത്തിന്റെ കേന്ദ്രമായി നിലകൊള്ളുന്നത് ക്രിസ്തുവിന്റെ പിറവിത്തിരുനാളാണ്.

മംഗളവാർത്തക്കാലത്തിന്റെ പേര് അന്വർത്ഥമാക്കുംവിധം ഈ കാലത്തിലെ നാല് ഞായറാഴ്ചകളിൽ സദ്വാർത്തകളാണ്, മംഗളവാർത്തകളാണ് നാം കേൾക്കുന്നത്. ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചുകേട്ടതുപോലെ, സഖറിയായ്ക്കും എലിസബത്തിനും ദൈവം സദ്വാർത്ത നൽകുകയാണ്. മംഗളവാർത്താക്കാലം ആദ്യ ഞായറാഴ്ചത്തെ സന്ദേശം, വൈകാരികമായി അങ്ങേയറ്റത്തെ അടിമത്തം അനുഭവിക്കാതെ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട്, ജീവിതത്തിലെ ദൈവത്തിന്റെ ഇടപെടലുകളെ മനസ്സിലാക്കിക്കൊണ്ട്, അവയോട് സഹകരിച്ചുകൊണ്ട് ജീവിക്കുക.

ഇന്നത്തെ സുവിശേഷ ഭാഗത്തിലെ പ്രതിപാദ്യവിഷയം അബിയായുടെ ഗണത്തിൽപ്പെട്ട പുരോഹിതനായ സഖറിയായുടെയും, അദ്ദേഹത്തിന്റെ ഭാര്യ അഹറോന്റെ പുത്രിമാരിൽപ്പെട്ട എലിസബത്തിന്റെയും ജീവിതത്തിലുണ്ടായ, കുടുംബത്തിലുണ്ടായ   ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലുകളാണ്. ചരിത്രപരമായ ഒരു സാഹചര്യത്തിലാണ് വൃദ്ധ ദമ്പതികളായ സഖറിയായെയും എലിസബത്തിനെയും ലൂക്കാസുവിശേഷകൻ അവതരിപ്പിച്ചിരിക്കുന്നത്. ഹേറോദേസ് രാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തിൽ പെട്ട, അഹരോന്റെ പുത്രിമാരിൽപെട്ട എന്നൊക്കെ അവതരിപ്പിക്കുന്നത് നൂറ്റാണ്ടുകൾക്കു മുന്പ് നടന്ന സംഭവത്തിന് വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും, ചരിത്രത്തിൽ ഇടപെടുന്നവനാണ് ദൈവം എന്ന് ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ്.

ദൈവത്തിന്റെ ഇടപെടലുകളോടുള്ള ഇവരുടെ പ്രതികരണം, ജീവിതത്തിൽ ദൈവിക ഇടപെടലുകളുടെ മുൻപിൽ എങ്ങനെയാണ് നിൽക്കേണ്ടതെന്ന് നമ്മെ പഠിപ്പിക്കും.

നമ്മുടെ ജീവിതത്തിൽ മൂന്ന് തരത്തിലുള്ള സാഹചര്യങ്ങളാണ് ഉണ്ടാകാറുള്ളത്. ഒന്ന്, പരീക്ഷണപരം അഥവാ നാം നേരിടേണ്ടിവരുന്നത്. നാം പോലും പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതത്തിൽ ചില സാഹചര്യങ്ങൾ ഉടലെടുക്കും. അവയെ നാം നേരിടുകതന്നെ ചെയ്യണം. കാരണം, അവയെ നാം നേരിട്ടില്ലെങ്കിൽ നമ്മുടെ ഈ ജീവിതം മുന്നോട്ട് പോകില്ല. രണ്ട്, സൃഷ്ടിപരം അഥവാ നാം നിലനിർത്തുന്നത്. എന്നുപറഞ്ഞാൽ ചില പ്രശ്നങ്ങൾ, സാഹചര്യങ്ങൾ എപ്പോഴും നമ്മോടൊത്ത് ഉണ്ടാകും. നാം മാറ്റാൻ ശ്രമിച്ചാലും, മിക്കവാറും അവ മാറിപ്പോകില്ല. മൂന്നാമത്തേത്, മനോഭാവപരമാണ്. അതായത്, ചില ജീവിത സാഹചര്യങ്ങളോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അവയുടെ നിലനിൽപ്പും, അവ ഇല്ലാതാകുന്നതും. ജീവിത പ്രശ്നങ്ങൾ, സാഹചര്യങ്ങൾ എങ്ങനെത്തന്നെയായാലും, ജീവിതത്തിൽ നമുക്കുണ്ടാകുന്ന അനുഭവങ്ങളോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം.   

പരീക്ഷണപരവും, സൃഷ്ടിപരവും, മനോഭാവപരവുമായി സാഹചര്യങ്ങളോട് മനുഷ്യൻ പ്രതികരിക്കുമ്പോൾ, രണ്ട് തരത്തിലാണ് ഇത് സംഭവിക്കുന്നത്. മറ്റൊരുവാക്കിൽ, സാഹചര്യങ്ങളോട് പ്രതികരിക്കുമ്പോൾ രണ്ട് തരം വ്യക്തിത്വങ്ങൾ രൂപപ്പെടുന്നു.

ഒന്ന്, കർമ്മോദ്യുക്തർ (Pro-active Persons). ഇവർ സാഹചര്യങ്ങളെ പഴിക്കുന്നില്ല. ദൈവത്തിലുള്ള വിശ്വാസം തുടങ്ങിയ മൂല്യങ്ങളാണ് ഇവരെ നയിക്കുന്നത്. മഴയും വെയിലും ഇവരെ സ്വാധീനിക്കുന്നില്ല.

രണ്ട്, പ്രതികർമികൾ (Re-active Persons) സാമൂഹിക മാറ്റങ്ങൾ ഇവരെ സ്വാധീനിക്കും. പ്രതികാർമ്മിയെ നയിക്കുന്നത് വികാരങ്ങളും, വിചാരങ്ങളും, വ്യവസ്ഥകളും യുക്തിയുമാണ്. നമ്മുടെ കുടുംബങ്ങളിലും, ഈ രണ്ട് തരത്തിലുള്ള വ്യക്തികളെയും നമുക്ക് കണ്ടെത്താൻ സാധിക്കും.

ഇനി, ദൈവിക ഇടപെടലുകൾക്ക് മുൻപിൽ സഖറിയായും, എലിസബത്തും എങ്ങനെയാണ് വർത്തിച്ചത്? എങ്ങനെയാണ് പ്രതികരിച്ചത്? എങ്ങനെയുള്ള വ്യക്തിത്വങ്ങളാണ് ഇവർ? തീർച്ചയായും, Pro-active Persons ആണിവർ. ദൈവത്തിന്റെ മുൻപിൽ കുറ്റമറ്റവരായി, നീതിനിഷ്ഠരായി ജീവിച്ചവരാണിവർ. കർത്താവിന്റെ കല്പനകളും, പ്രമാണങ്ങളും ജീവിതമൂല്യമായി സ്വീകരിച്ചുകൊണ്ട്, അവയെ കുറ്റമറ്റവിധം അനിസരിക്കുന്നവരാണിവർ. പ്രായം കവിഞ്ഞുപോയ ഞങ്ങൾക്കിനി മക്കളുണ്ടാകുകയില്ലായെന്ന് കരുതി ദൈവത്തെ പഴിച്ചിരുന്നവരല്ല അവർ. ദൈവത്തിനു അസാധ്യമായി ഒന്നുമില്ലായെന്നു ചിന്തിച്ചുകൊണ്ട്, തങ്ങളുടെ ജീവിതത്തിൽ ദൈവം അത്ഭുതം പ്രവർത്തിക്കുമെന്ന് (അത് എങ്ങനെയാണെന്ന് അറിയില്ലെങ്കിലും) ഉറച്ചുവിശ്വസിച്ചുകൊണ്ട് പ്രാർത്ഥനയോടെ ജീവിച്ചവരാണവർ. ജീവിതത്തിലെ പ്രയാസമേറിയ സാഹചര്യങ്ങളെ ദൈവവിശ്വാസം പോലുള്ള മൂല്യങ്ങൾകൊണ്ട്   കീഴടക്കാനുള്ള കഴിവാണ്   Pro-active Persons നുള്ളത്.  

സഖറിയാ എന്ന വാക്കിനർത്ഥം ദൈവം ഓർത്തു എന്നാണ്.  ദൈവം സഖറിയയെ ഓർത്തുകൊണ്ട് കർത്താവിന്റെ ദൂതൻ വഴി സന്ദേശം അറിയിച്ചപ്പോൾ, “ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീപസ്ഥനാണെന്നും, മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുമെന്നും” (സങ്കീ 34, 18) സഖറിയായും ഓർത്തുകാണും.  “കർത്താവിൽ ആശ്രയിക്കുന്നവനെ അവിടുത്തെ സ്നേഹം വലയം ചെയ്യുമെന്ന്” അദ്ദേഹം മനസ്സിൽ പറഞ്ഞുകാണണം. “കർത്താവിനെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാകുകയില്ലെന്നും” (സങ്കീ 34, 9) അദ്ദേഹം ചിന്തിച്ചുകാണും. പക്ഷേ, സ്വർഗം മുൻപിൽ വന്നു നിന്നപ്പോൾ, ദൈവം വെളിപാടുമായി സഖറിയയുടെ മുൻപിൽ നിന്നപ്പോൾ അദ്ദേഹത്തിന് ആ സ്വർഗത്തെ, ദൈവത്തെ മനസ്സിലാക്കുവാൻ കഴിഞ്ഞില്ല. എന്നുപറഞ്ഞാൽ, പരീക്ഷണപരവും, സൃഷ്ടിപരവുമായ തന്റെ ജീവിത സാഹചര്യത്തിന് മനോഭാവപരമായ ഒരു മാറ്റം വരുത്തുവാനുള്ള സമയം വന്നിരിക്കുന്നു എന്ന് മനസ്സിലാക്കാതെ, അദ്ദേഹം തന്റെ പഴയ അവസ്ഥയെത്തന്നെ കെട്ടിപ്പിടിച്ചിരിക്കുകയാണ്. “ഞാൻ വൃദ്ധനാണ്. എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്.” (1, 18) ഇത് ദൈവത്തെ വേദനപ്പെടുത്തി. അതുകൊണ്ടാണ് അദ്ദേഹം മൂകനായിത്തീർന്നത്.

ഇവിടെ സംസാരശേഷി നഷ്ടപ്പെടുകയെന്നത് ഒരു പ്രതീകമാണ്. ദൈവത്തിന്റെ വെളിപാടിന്റെ മുൻപിൽ, പരീക്ഷണപരവും, സൃ ഷ്ടിപരവുമായ തന്റെ ജീവിതത്തെ,  മനോഭാവപരമായ ഒരു മാറ്റത്തിലേക്ക് ദൈവം കൊണ്ടുവരുമ്പോൾ, പഴയജീവിതത്തെ തന്നെ മുറുകെപ്പിടിച്ചിരിക്കുന്നത് എന്തൊരു ദുരന്തമാണ്!!  ആ മാറ്റത്തെ ദൈവത്തിന്റെ ഇടപെടലായി കാണാൻ കഴിയാത്തത് എന്തൊരു കഷ്ടമാണ്!!!

മദ്യപിക്കുന്ന ഒരാളുടെ ജീവിതമെടുക്കുക. മദ്യപിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് ദൈവത്തിന്റെ ദൂതൻ പലരൂപത്തിൽ, പല ആളുകളിലൂടെ, പല സംഭവങ്ങളിലൂടെ കടന്നുവരും. ചിലപ്പോൾ, മദ്യപാനം മൂലം കുടുംബത്തിന് നഷ്ടമുണ്ടായാലും ദൈവം അയാളെ വീണ്ടും വീണ്ടും അനുഗ്രഹിക്കും. മറ്റുചിലപ്പോൾ എന്തെങ്കിലും അത്യാഹിതത്തിലൂടെ ദൈവം സംസാരിക്കും. ഈ തരത്തിലുള്ള ദൈവിക ഇടപെടലുകളെ അവഗണിക്കുമ്പോൾ, മനസ്സിലാക്കാതെ വരുമ്പോൾ ഒരുവൻ എത്തിച്ചേരുക വലിയ ദുരന്തത്തിലേക്കായിരിക്കും! ദൈവത്തിന്റെ ഇടപെടലുകളെ കണ്ടില്ലെന്നു നടിക്കുക എന്നത് വലിയ ദുരന്തഫലങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കും. ജീവിതം മൂകമായിത്തീരും!!!

എന്നാൽ, Pro-active ആയതുകൊണ്ട് അദ്ദേഹം ആ സാഹചര്യത്തെ സ്വീകരിക്കുകയാണ്. ദൈവത്തിനെതിരെ തിരിയാതെ, അദ്ദേഹം തന്റെ ശുശ്രൂഷ തുടരുകയാണ്. സാഹചര്യങ്ങളെ കുറ്റം പറയാതെ, ദൈവത്തെ പഴിക്കാതെ ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെയെന്ന് പറഞ്ഞുകൊണ്ട്, ജീവിതസാഹചര്യങ്ങളെ നേരിടാൻ സഖറിയാ തയ്യാറായി എന്നത്, സ്നേഹമുള്ളവരേ, നമുക്കൊരു വെല്ലുവിളിയാണ്. ജീവിതത്തിൽ നമുക്കുണ്ടാകുന്ന അനുഭവങ്ങളോട്, സാഹചര്യങ്ങളോട്, പ്രശ്നങ്ങളോട് നാമെങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ദൈവത്തിന്റെ കൃപ നമ്മിൽ പ്രവർത്തിക്കുന്നത്. ദൈവത്തിന്റെ കൃപയുടെ ആഘോഷമായി, ക്രിസ്തുമസായി ദൈവം നമ്മിൽ നിറയണമെങ്കിൽ നാമൊക്കെ നമ്മുടെ മനോഭാവങ്ങളിൽ മാറ്റം വരുത്തേണ്ടിയിരിക്കുന്നു.

എലിസബത്ത്   എന്ന വാക്കിനർത്ഥം എന്റെ ദൈവം വാഗ്ദാനമാണ് (My God is oath), എന്റെ ദൈവം സമൃദ്ധിയാണ് (My God is abundance) എന്നാണ്. എലിസബത്തും ഒരു Pro-active Person ആണ്.   ദൈവം തന്റെ വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്ന്, ദൈവം ജീവൻ സമൃദ്ധിയായി നല്കുന്നവനാണെന്ന് എലിസബത്തും വിശ്വസിച്ചതുകൊണ്ടാണ് എലിസബത്തിന് ഇങ്ങനെ പറയാൻ കഴിഞ്ഞത്: “മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാൻ കർത്താവ് എന്നെ കടാക്ഷിച്ച് എനിക്ക് ഇത് ചെയ്തു തന്നിരിക്കുന്നു.” (1, 25) ഇവരുടെ ഈ Pro-active മനോഭാവത്തിന്റെ Result നോക്കൂ … സഖറിയായെ ദൈവം ഓർത്തു; ദൈവം തന്റെ വാഗ്ദാനം അനുസ്മരിച്ചു. അവിടുന്ന് അവർക്കു ദൈവത്തിന്റെ സമ്മാനം കൊടുത്തു. (യോഹന്നാൻ എന്ന പേരിനർത്ഥം ദൈവത്തിന്റെ സമ്മാനം, the gift of God എന്നാണ്.)

സ്നേഹമുള്ളവരേ, ഈ ക്രിസ്മസ് ഒരുക്കക്കാലത്ത് എന്റെ ജീവിതത്തിലും ദൈവത്തിന്റെ ഇടപെടലുകളുണ്ടാകുമെന്നും, ആ ഇടപെടലുകളെ മനസ്സിലാക്കുവാൻ ഞാൻ ശ്രമിക്കുമെന്നും നമുക്ക് തീരുമാനമെടുക്കണം. മാത്രമല്ല, നമ്മുടെ ജീവിതത്തിലെ ദൈവത്തിന്റെ അത്ഭുതമെന്ന് പറയുന്നത്, മനോഭാവപരമായ ഒരു മാറ്റത്തിലേക്കുള്ള ദൈവത്തിന്റെ ക്ഷണമാണ്. ആ ക്ഷണം മനസ്സിലാക്കുവാൻ നമുക്കാകട്ടെ. പഴയകാല ജീവിതത്തിൽ കെട്ടിക്കിടക്കാനല്ല, എന്റെ തകർന്ന ജീവിതത്തെ തന്റെ സമ്മാനങ്ങൾകൊണ്ട് നിറയ്ക്കാനാണ്

ദൈവം എന്റെ ജീവിതത്തിൽ ഇടപെടുന്നതെന്ന് മറക്കാതിരിക്കുക. അപ്പോൾ മാത്രമേ മംഗളവാർത്താക്കാലത്തെ സംഭവങ്ങളുടെ അർഥം മനസ്സിലാക്കാൻ നമുക്ക് സാധിക്കൂ. ഒപ്പം, നമ്മുടെ ജീവിതത്തിലെ സംഭവങ്ങളുടെയും!!! ആമ്മേൻ!