SUNDAY SERMON LK 1, 26-38

മംഗളവാർത്താക്കാലം – ഞായർ 2

ലൂക്കാ 1, 26 – 38

ഇന്നത്തെ സുവിശേഷഭാഗം വായിച്ച് ധ്യാനിച്ചപ്പോൾ മനസ്സിലേക്കോടി വന്നത് അരുന്ധതിറോയുടെ (Arundhati Roy) “ചെറുതുകളുടെ ദൈവം” (God of small things) എന്ന നോവലാണ്. ആ നോവലിലെ, ‘പപ്പച്ചിയുടെ നിശാശലഭം ‘ എന്ന രണ്ടാം അധ്യായത്തിൽ നമുക്കൊക്കെ സുപരിചിതയായ ഭൂമിദേവിയെക്കുറിച്ച്, ഭൂമിപ്പെണ്ണിനെക്കുറിച്ച് അമ്മാവനായ ചാക്കോ ഇരട്ടക്കുട്ടികളായ റാഹേലിനും, എസ്തയ്ക്കും പരിചയപ്പെടുത്തുന്നുണ്ട്. സർവം സഹയായ, വിനീതയായ, ഭൂമിപ്പെണ്ണ്, Earth Woman.  ഈ ഭൂമിപ്പെണ്ണിന് മുന്നിൽ നാമെല്ലാവരും തന്നെ എത്ര ചെറുത്! മനുഷ്യനും, ജീവജാലങ്ങളും, ചരിത്രവും, ലോകമഹായുദ്ധങ്ങളും, അഹങ്കാരവും, സ്വാർത്ഥതയും, ശാസ്ത്രവും, സാഹിത്യവും, രാഷ്ട്രീയവും എല്ലാം ഈ ഭൂമിപ്പെണ്ണിന് മുന്നിൽ എത്രയായ ചെറുത് എന്ന് ചാക്കോയിൽ നിന്ന് കേട്ട് കുട്ടികളിൽ ഭൂമിപ്പെണ്ണിനോടുള്ള ആദരവും, സ്നേഹവും നിറയുന്നു. അരുന്ധതിറോയ് എഴുതുന്നു: “It was an awe-inspiring and humbling thought!”

ഇന്നത്തെ സുവിശേഷത്തിലെ, ദൈവവചനത്തോട് ആമ്മേൻ പറയുന്ന, ദൈവത്തിന്റെ ഇഷ്ടത്തിന് മുൻപിൽ തന്നെത്തന്നെ സമർപ്പിക്കുന്ന പരിശുദ്ധ അമ്മയെ കണ്ടപ്പോൾ, ഈ ഭൂമിപ്പെണ്ണിനെക്കാളും എത്രയോ ഉയരത്തിലാണ്, വലിപ്പത്തിലാണ് മറിയം നിൽക്കുന്നത് എന്ന് ഞാൻ ചിന്തിച്ചുപോയി. ദൈവത്തിന്റെ കൃപയിൽ ജീവിച്ച, ദൈവകൃപനിറഞ്ഞവളായ പരിശുദ്ധ കന്യകാമറിയത്തിന് “ഇതാ കർത്താവിന്റെ ദാസി, നിന്റെ വചനംപോലെ എന്നിൽ സംഭവിക്കട്ടെയെന്ന് പറയുവാൻ, ദൈവഹിതത്തിന് പൂർണമായി സമർപ്പിക്കുവാൻ, അങ്ങനെയൊരു ജീവിതവീക്ഷണത്തിലെത്തിച്ചേരുവാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നുകാണില്ല. മാതാപിതാക്കളോട് ബഹുമാനവും ആദരവും, അനുസരണവും പുലർത്തിക്കൊണ്ട് ജീവിതച്ചതിനാലാകണം, ദൈവത്തിന്റെ ഇഷ്ടത്തിനോട് YES പറയുവാൻ, ദൈവത്തിന്റെ ആഗ്രഹത്തെ അനുസരിക്കുവാൻ അവൾക്ക് എളുപ്പം തോന്നിയത്. മംഗളവർത്തക്കാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ച്ച, പരിശുദ്ധ അമ്മയുടെ “ഇതാ കർത്താവിന്റെ ദാസി, നിന്റെ വചനംപോലെ എന്നിൽ സംഭവിക്കട്ടെ” യെന്ന സമർപ്പണ മനോഭാവം ക്രൈസ്തവരുടെ മുൻപിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.  

പരിശുദ്ധ കന്യകാമറിയത്തിന്റെ സമർപ്പണമനോഭാവം നമ്മുടെ ആനുകാലിക ജീവിത സാഹചര്യങ്ങളോട്, അവയോട് നാം പുലർത്തുന്ന മനോഭാവങ്ങളോട് എന്ത് പറയുന്നു എന്ന് പരിശോധിക്കുവാനുള്ളതാണ് ഇന്നത്തെ സുവിശേഷം.

ഇന്നത്തെ സുവിശേഷത്തിൽ, രക്ഷാകര പദ്ധതിയുടെ പണിപ്പുരയിൽ നിന്ന് ദൈവം ഗബ്രിയേൽ ദൂതനെ അയയ്‌ക്കുന്നത്‌ പരിശുദ്ധ അമ്മയെക്കുറിച്ചുള്ള സ്വർഗ്ഗത്തിന്റെ മനസ്സ് തുറക്കുവാനാണ്. ഓരോ മാലാഖയും ഭൂമിയിലേക്ക് വരുന്നത് ഇത്തരമൊരു ദൗത്യവുമായിട്ടാണ്. ഇതാ ദൈവത്തിന്റെ ശക്തിയായ ഗബ്രിയേൽ ദൂതൻ വെറുമൊരു സാധാരണ യഹൂദ സ്ത്രീയുടെ മുൻപിൽ വന്നു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കുകയാണ്. സ്നേഹമുള്ളവരേ, സ്വർഗ്ഗവും ഭൂമിയും കണ്ടുമുട്ടുന്ന മനോഹര ദൃശ്യമാണിത്. ഒരു മഹാസമാഗമം! ഇന്നുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായത്. ഇന്നുവരെ മനുഷ്യൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഹൃദ്യമായ, ആത്മാർഥത നിറഞ്ഞ അഭിവാദ്യങ്ങളാണ് മാലാഖയിൽ നിന്ന് ഉതിർന്നുവീണത്! ഇത് കേട്ട് ഭൂമി കോരിത്തരിച്ചിട്ടുണ്ടാകണം! പക്ഷികൾ ചിറകടിച്ചു പറന്നു ആഹ്ലാദിച്ചിട്ടുണ്ടാകണം! വൃക്ഷങ്ങൾ പുഷ്പവൃഷ്ടി നടത്തിയിട്ടുണ്ടാകണം! അത്രമാത്രം സ്വർഗീയമായിരുന്നു ദൂതന്റെ അറിയിപ്പ്.

ദൈവത്തിന്റെ മാലാഖ ഈശോയുടെ ജനനത്തിന്റെ അറിയിപ്പിനായി മാതാവിന്റെ അടുത്ത് എത്തിയപ്പോൾ, അറിയിപ്പ് മാത്രമായിരുന്നില്ല മാലാഖയുടെ ലക്‌ഷ്യം. മാലാഖ ചോദിക്കാതെ ചോദിച്ചത്, Mary, are you ready for it? മറിയം, ഈ ദൗത്യത്തിന് നീ തയ്യാറാണോ? എന്നാണ്. ദൂതന്റെ അറിയിപ്പിനും, മാതാവിന്റെ തീരുമാനത്തിനും ഇടയ്ക്കുള്ള മൗനം, നിശബ്ദത – ആ ഇടവേള ധ്യാനിക്കേണ്ടതാണ് നാം. സ്നേഹമുള്ളവരേ, സ്വർഗം നിശ്ചലമായ നിമിഷമായിരുന്നു അത്! മാലാഖമാരെല്ലാം ഭൂമിയിലേയ്ക്ക്, മേരിയിലേക്കു മാത്രം നോക്കിയിരുന്ന   നിമിഷമായിരുന്നിരിക്കണം അത്! കാരണം, ഭൂമിക്ക്, ഭൂമിയിലെ മനുഷ്യർക്ക് അത്ര എളുപ്പത്തിൽ ഉത്തരം കൊടുക്കുവാൻ സാധിക്കാത്ത ഒരു ചോദ്യമാണ് സ്വർഗം ചോദിച്ചത്? ഇന്നുവരെയുള്ള പാരമ്പര്യമനുസരിച്ച്, വിവാഹംകഴിക്കാതെ ഗർഭവതിയാകുന്നതിനെക്കുറിച്ച് ചിന്തിക്കാനേ മറിയത്തിന് കഴിയില്ല. ഇന്നുവരെയുള്ള രീതിയനുസരിച്ച് പോകാനാണ് താത്പര്യമെന്ന് മറിയം വാശിപിടിച്ചാലോ? ആരും ഒന്നും പറയാൻ പോകുന്നില്ല. ഇതിന് സമ്മതം കൊടുത്താൽ എന്താണ് സംഭവിക്കാൻ പോകുന്നത്? അവൾക്കറിയില്ല. സമ്മതം കൊടുത്തില്ലെങ്കിൽ ദൈവം അവളെ, അവളെയെന്നല്ല ആരെയും, നിർബന്ധിക്കുവാനും പോകുന്നില്ല. ഇതെല്ലം സ്വർഗത്തിനറിയാം. അതുകൊണ്ടാണ് സ്വർഗത്തിന് ആകാംക്ഷ!! സ്വർഗം കാത്തിരിക്കുകയാണ്, മനുഷ്യന്റെ ഉത്തരത്തിന്!!!

മേരി നിശബ്ദയായി, മുട്ടുകുത്തി നിൽക്കുകയാണ്. ഒരു വലിയ നിശ്ശബ്ദതയ്ക്കുശേഷം മാതാവ്, ദൈവത്തിൽ പൂർണമായി വിശ്വസിച്ചുകൊണ്ട്, തന്നെത്തന്നെ പൂർണമായി സമർപ്പിച്ചുകൊണ്ട് പറഞ്ഞു: “ഞാൻ തയ്യാറാണ്”. ഞാൻ തയ്യാറാണ് എന്ന് പറഞ്ഞപ്പോൾ, നിങ്ങൾക്ക് ഊഹിക്കുവാൻ പറ്റുമോ, പ്രിയപ്പെട്ടവരേ, സ്വർഗം എത്രമാത്രം സന്തോഷിച്ചുകാണുമെന്ന്? മറിയത്തിന്റെ ഈ തീരുമാനമാണ്, ബാഹ്യസമ്മർദ്ദങ്ങളില്ലാത്ത, പുറമെനിന്നുള്ള നിർബന്ധങ്ങളില്ലാത്ത ഈ സമർപ്പണ മനോഭാവമാണ് ദൈവത്തിന്റെ രക്ഷ ഈ ഭൂമിയിൽ സാധ്യമാക്കിയത്! അപ്പോൾ, ആ നിമിഷത്തിൽ മറിയം സ്വർഗത്തോളം വലിപ്പമുള്ളവളായി. അപ്പോൾ, ആ നിമിഷത്തിൽ മറിയം ഈ ഭൂമിയിലെ എല്ലാ ചരാചരങ്ങളിലും വച്ച് ഉയരമുള്ളവളായി. അപ്പോൾ, ആ നിമിഷത്തിൽ മറിയത്തിന്റെ പാദങ്ങൾ ഭൂമിയിൽ നിന്നുയർന്ന് സ്വർഗത്തെ തൊട്ടു. അപ്പോൾ, ആ നിമിഷത്തിൽ മറിയം ദൈവിക ചൈതന്യം നിറഞ്ഞവളായി. അപ്പോൾ, ആ നിമിഷത്തിൽ മറിയത്തിന്റെ ശരീരത്തിലെ സർവ സെല്ലുകളും അവളറിയാതെ ദൈവത്തിന്റെ സങ്കീർത്തനം പാടി!!

ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യം ഉയരുന്നുണ്ടാകും. “എങ്കിൽ പിന്നെ എന്തിനാണ് മാതാവ് ദൂതനോട് ചോദ്യങ്ങൾ ചോദിച്ചത്?” ശരിയാണ് യുവതിയായ മറിയം ചോദ്യങ്ങൾ ചോദിച്ചു. പക്ഷെ, ചോദ്യം ചെയ്തില്ല സ്നേഹമുള്ളവരേ. ഹീലോളജി (Healology)എന്ന മോനോഹരമായൊരു പുസ്‌തകമുണ്ട്. ക്രിസ് ജാമി (Criss Jami) യാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്.  വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. അതിൽ മനോഹരമായൊരു ചിന്തയുണ്ട്. അദ്ദേഹം പറയുകയാണ്, “സുഹൃത്തുക്കൾ നിങ്ങളോട് ചോദ്യങ്ങൾ ചോദിക്കുന്നു, ശത്രുക്കളാകട്ടെ ചോദ്യം ചെയ്യുന്നു.” (“Friends ask you questions, enemies question you.”) ഉത്പത്തി പുസ്തകത്തിൽ സായാഹ്നങ്ങളിൽ ദൈവത്തോടൊത്തു ഉലാത്തിക്കൊണ്ടിരുന്ന ആദത്തെയും ഹവ്വയേയും പോലെ, ദൈവത്തോടൊത്തു സൗഹൃദത്തിൽ കഴിഞ്ഞിരുന്നൊരു യഹൂദ യുവതിയായ മറിയം ചോദ്യങ്ങൾ ചോദിക്കുന്നതിൽ എന്തിനു അത്ഭുതപ്പെടുന്നു? എത്രയോ വട്ടം ദൈവത്തോടൊത്തു മറിയം പ്രാർത്ഥനയിൽ ഇരുന്നിട്ടുണ്ട്? എത്രയോ വട്ടം അവർ സഹൃദ സംഭാഷണങ്ങൾ നടത്തിക്കാണണം? എത്രയോ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടാകണം. എത്രയോ വട്ടം ദൈവം ഉത്തരം കൊടുത്തിട്ടുണ്ടാകണം! – സുഹൃത്തുക്കൾ ചോദ്യങ്ങൾ ചോദിക്കുന്നു, ശത്രുക്കൾ ചോദ്യം ചെയ്യുന്നു!! – അവൾ സർവ സ്വാതന്ത്ര്യത്തോടും കൂടി ഒരു സങ്കീർത്തനം പാടുന്നതുപോലെ പറയുകയാണ്: “ഇതാ കർത്താവിന്റെ ദാസി, നിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ.”

പ്രിയപ്പെട്ടവരേ, ഈ സമർപ്പണ മനോഭാവമാണ് മറിയത്തെ മഹത്വമുള്ളവളാക്കിയത്; മറിയത്തെ വലിപ്പമുള്ളവളാക്കിയത്. ഇത്തരത്തിലുള്ള സമർപ്പണമനോഭാവത്തിലേക്ക് വളരുവാനാണ്, ഇന്നത്തെ സുവിശേഷം നമ്മെ, ക്രൈസ്തവരെ ക്ഷണിക്കുന്നത്. ആ മനോഭാവത്തെ വിശുദ്ധ പൗലോസ് വരച്ചുകാട്ടുന്നത് ഇങ്ങനെയാണ്: ദൈവമായിരുന്നിട്ടും, ആ സമാനത മുറുകെപ്പിടിക്കാതെ, മനുഷ്യനായി മരണത്തോളം, അതെ, കുരിശുമരണത്തോളം തന്നെത്തന്നെ താഴ്ത്തിയ ക്രിസ്തുവിനെപ്പോലെ ഓരോ ക്രൈസ്തവനും ആയിത്തീരണം. (ഫിലിപ്പി 2, 6-8) അപ്പോഴാണ് നമ്മിലൂടെ ദൈവം മഹത്വപ്പെടുന്നത്. ക്രൈസ്തവ ജീവിതം പരിശുദ്ധ അമ്മയുടേതുപോലെ ദൈവത്തെ മഹത്വപ്പെടുത്തുന്നതാകണം. ക്രിസ്തുവിനെ പ്രഘോഷിക്കുന്നതാകണം. നേരെമറിച്ചായാൽ, ക്രിസ്തു അവഹേളിക്കപ്പെടും; ക്രിസ്തു ചെറുതായിപ്പോകും. ക്രൈസ്തവർ പരിശുദ്ധ അമ്മയെപ്പോലെ വലിയവരാകുമ്പോൾ, ദൈവവും മഹത്വപ്പെടും.

ഐറീനാ സെൻഡ്‌ലേറോവായെ (Irena Sendlerowa) ഓർക്കുന്നുണ്ടോ? രണ്ടാം ലോക മഹായുദ്ധകാലത്ത് പോളണ്ടിലെ ജർമൻ അധിനിവേശ പ്രദേശത്ത് നേഴ്‌സായും, സോഷ്യൽ വർക്കർ ആയും പ്രവർത്തിച്ചിരുന്ന അവർ ഹിറ്റ്ലറുടെ (Hitler) കോൺസെൻട്രേഷൻ ക്യാമ്പിൽ നിന്ന് 2500 കുഞ്ഞുങ്ങളെ ഒളിച്ചുകടത്തി രക്ഷിച്ചു. നാഡിയുടെ സീക്രട്ട് പോലീസ് (Gestapo) അവരെ അറസ്റ്റ് ചെയ്തപ്പോൾ കുഞ്ഞുങ്ങളെ ഒളിപ്പിച്ചിരുന്ന സ്ഥലം അവർ വെളിപ്പെടുത്തിയില്ല. ജീവൻ പണയം വച്ച് ദൈവത്തിന്റെ ജോലി ചെയ്ത ഐറീനാ, ഹിറ്റ്ലറിനെക്കാൾ എത്രയോ ഉയരത്തിലാണ്. ഐറീനാ സെൻഡ്‌ലേറോവായുടെ മുന്നിൽ ലോകം വളരെ ചെറുതാണ്.

ഫാദർ ബോബി ജോസ് കട്ടികാടിൻറെ “അവൾ” എന്ന പുസ്തകത്തിൽ ഒരു ചിത്രീകരണം ഉണ്ട്.

“കൊടിയ ദാമ്പത്യ അവിശ്വസ്ഥതകളിലൂടെ കടന്നുപോയ ഒരാൾ തന്റെ ഭാര്യയോട് എല്ലാം ഏറ്റുപറയാൻ തീരുമാനിക്കുന്നു. സ്നേഹം ഏകാഗ്രമാകുന്നിടത്താണ് ഏറ്റുപറച്ചിലുകളുടെ ആവശ്യകത.

ഒത്തിരി അലഞ്ഞ അയാൾക്ക് അവളെന്ന വീട്ടിലേക്ക് മടങ്ങിയെത്തണമായിരുന്നു. അതിന് ഈ കുമ്പസാരത്തിന്റെ പടിപ്പുര കടക്കേണ്ടിയിരിക്കുന്നു. അതവളെ ചില്ലുപാത്രംപോലെ ചിതറിക്കുമെന്ന് അയാൾക്ക് ഉറപ്പുണ്ട്.

എന്നാൽ, എപ്പോഴും എല്ലാ അർത്ഥത്തിലും അയാളേക്കാൾ ചെറിയവളായ അവൾ അയാളെ ചേർത്തുപിടിച്ചു. “ഞാൻ നിങ്ങൾക്ക് മാപ്പുനല്കിയില്ലെങ്കിൽ മറ്റാരാണ് അത് തരിക” എന്ന് അയാളുടെ കാതുകളിൽ അവൾ മന്ത്രിച്ചു.

അങ്ങനെ അയാളേക്കാൾ അവൾ വലിയവളായി.”

ഈ വരുന്ന ജനുവരിയിൽ 25 വർഷത്തിലേക്ക് കടക്കുന്ന ഒരു സംഭവംകൂടി ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കാം. 21 വർഷത്തോളം ഒഡിഷയിലെ ഒരു ഗ്രാമത്തിൽ കുഷ്ഠരോഗികളെ ചികിത്സിച്ചുകൊണ്ടിരുന്ന ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്‌റ്റെയ്‌നെയും (Grahamsteins) അദ്ദ്ദേഹത്തിന്റെ ഫിലിപ്പ് (10), തിമോത്തി (6) എന്ന രണ്ട് മക്കളെയും ബജ്രങ്ദൾ (Bajrangdal) പ്രവർത്തകർ ചുട്ടുകരിച്ചുകൊന്നു. എന്നാൽ, തന്റെ ഭർത്താവിന്റെയും, കുഞ്ഞുങ്ങളുടെയും, ചിതാഭസ്മം നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് തീവ്രഹിന്ദുത്വവാദികളായ ദാരാ സിംഗിനും (Dara singh) കൂട്ടർക്കും അവർ മാപ്പുകൊടുത്തപ്പോൾ തീവ്രഹിന്ദുത്വ വാദികളെക്കാളും, അവരുടെ രാഷ്ട്രീയ നേതാക്കളെക്കാളും എത്രയോ ഉയരത്തിലായി ഗ്രഹാംസ്റ്റെയിന്റെ ഭാര്യ ഗ്ലാഡിസ് സ്റ്റെയ്ൻസ്!!! (Gladis Steins)

ഈ ലോകത്തിൽ വച്ച് തന്നെ സ്വർഗത്തോളം വലുതാകാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? അങ്ങനെ ദൈവത്തിന്റെ പ്രകാശത്തിൽ ജീവിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ – പരിശുദ്ധ അമ്മയെപ്പോലെ ദൈവഹിതം, ദൈവത്തിന്റെ ഇഷ്ടം പ്രവർത്തിക്കുക. ക്രിസ്തുവിന്റെ മനോഭാവം ഉൾക്കൊള്ളുക.

സ്നേഹമുള്ളവരേ, പരിശുദ്ധ അമ്മയെപ്പോലെ നിങ്ങളുടെ, നമ്മുടെ സാധരണ ജീവിത സാഹചര്യങ്ങളിൽ, ‘ക്രിസ്തുവിനെ ഗർഭം ധരിക്കുവാനും, ഗർഭം ധരിച്ച ക്രിസ്തുവിനെ നിങ്ങളുടെ, നമ്മുടെ ജീവിതാന്തസ്സിലൂടെ ലോകത്തിന് നൽകുവാൻ തയ്യാറാണോ?  വിവാഹമെന്ന കൂദാശയിലൂടെ, ദാമ്പത്യ ജീവിതത്തിലേക്ക്, കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന നമുക്ക്, സന്യസ്ത ജീവിതത്തിലൂടെ സന്യാസികളാകുന്ന നമുക്ക്, പൗരോഹിത്യ സ്വീകരണത്തിലൂടെ പുരോഹിതരാകുന്ന നമുക്ക് നമ്മുടെ തീരുമാനങ്ങൾ, പ്രതിജ്ഞകൾ ഒരിക്കൽക്കൂടി ഓർക്കാം. ജീവിതത്തിന്റെ ഓരോ നിമിഷവും, മറിയത്തെപ്പോലെ, ഇതാ കർത്താവിന്റെ ദാസി നിന്റെ ഇഷ്ടംപോലെ എന്നിൽ സംഭവിക്കട്ടെയെന്ന് ഉറക്കെ പറയാം. അങ്ങനെ, സ്വർഗത്തോളം നമ്മെ, നമ്മുട ക്രൈസ്തവ വിശ്വാസത്തെ, ജീവിതത്തെ ഉയർത്തിനിർത്താം. 

പക്ഷേ, നമ്മുടെ ക്രൈസ്തവജീവിതങ്ങൾ, സ്വർഗത്തോളം, പോട്ടെ, നമ്മുടെ ഉയരത്തോളംപോലും ഉയരുന്നില്ലയെന്നത് എത്രയോ വൈരുധ്യമാണ്!!! എത്രയോ വട്ടമാണ് എടുത്ത പ്രതിജ്ഞ ലംഘിച്ചത്? നമ്മുടെ സുഖത്തിനും സൗകര്യത്തിനുവേണ്ടി എത്ര പ്രാവശ്യമാണ് നമ്മുടെ ഇഷ്ടം നിറവേറ്റിയത്? നാളുകൾ കഴിയുമ്പോൾ ദൈവേഷ്ടം തന്നിഷ്ടത്തിന് വഴിമാറുന്നു. അനുസരണം ന്യായീകരണങ്ങളിലൂടെ വലിച്ചെറിയപ്പെട്ടു. ബ്രഹ്‌മചര്യം സ്വന്തം മനഃസാക്ഷിയുടെ കോടതി മുറികളിൽ വിചാരണചെയ്യപ്പെടുന്നു! ജീവിതത്തിന്റെ സന്നിഗ്ദ്ധ ഘട്ടങ്ങളിൽ പോലും ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞു ഭൂമിയിൽ ക്രിസ്തുമസ് സംജാതമാകാൻ ജീവിതം സമർപ്പിച്ച മറിയമെവിടെ? ഇന്നത്തെ സന്യസ്തരെവിടെ? ക്രിസ്തുവിനുവേണ്ടി, ക്രിസ്തുവിന്റെ തിരുസ്സഭയ്ക്കുവേണ്ടി.  ദൗത്യംസ്വീകരിച്ചിട്ട് സ്വന്തം ഇഷ്ടം ചെയ്യുവാൻ ജാഥയായി ഇറങ്ങിപുറപ്പെടുമ്പോൾ ക്രിസ്തുവിന്റെ പൗരോഹിത്യം അപഹസിക്കപ്പെടുകയല്ലേ? ഇന്നത്തെ സുവിശേഷ ഭാഗം വെല്ലുവിളിയാണ്! ശരാശരി ക്രൈസ്തവനിന്ന് മറിയത്തെപ്പോലെ ഉയർന്നു നിൽക്കാതെ, മണ്ണിൽ കിടന്ന്, ചെളിയിൽ കിടന്ന് ഉരുളുകയാണ്! ചെളിപിടിച്ച ക്രൈസ്തവജീവിതങ്ങൾ!!

ജീവിതത്തിന്റെ ഓരോ  നിമിഷത്തിലും, സ്വർഗം നമ്മുടെ മുൻപിലെത്തുന്നുണ്ട്. എന്തിനെന്നോ? നാം സ്വർഗത്തോളം വലുതാകുന്നുണ്ടോ എന്നറിയാൻ!   കാരണം, നമ്മുട ഓരോ നിമിഷവും, ഈ ഭൂമിയിൽ ക്രിസ്തുമസ്സാകാൻ, ക്രിസ്തുമസിന്റെ സന്തോഷവും സമാധാനവും വിതറുന്നതാകാൻ ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ ഓരോ തീരുമാനവും ക്രിസ്തു നമ്മിൽ ഗർഭം ധരിക്കുന്നതുവേണ്ടിയുള്ള YES ആകാൻ സ്വർഗം ആഗ്രഹിക്കുന്നു.

സ്നേഹമുള്ളവരേ, ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവത്തിന്റെ ഇടപെടലുകൾ മനസ്സിലാക്കുവാനും, അറിയിപ്പുകൾ കേൾക്കാനും, ക്രിയാത്മകമായ തീരുമാനങ്ങൾ എടുക്കുവാനും, തീരുമാനങ്ങളോട്

ചേർന്ന് നന്മനിറഞ്ഞ ക്രൈസ്തവജീവിതം നയിക്കുവാനും നമുക്കാകട്ടെ. അപ്പോൾ നാം ഉയരമുള്ളവരാകും.അപ്പോൾ നമ്മിലൂടെ ക്രിസ്മസ് ആഗതമാകും. നാം അനുഗ്രഹീതരാകും. ഇതാ കർത്താവിന്റെ ദാസി / ദാസൻ. അവിടുത്തെ ഇഷ്ടം എന്നിൽ, എന്റെ കുടുംബത്തിൽ, സഭയിൽ, ഇടവകയിൽ നിറവേറട്ടെ. ആമേൻ!

Leave a comment