SUNDAY SERMON JN 3, 14-21

ദനഹാക്കാലം അഞ്ചാം ഞായർ

യോഹ 3, 15-21

ദൈവത്തിന്റെ വെളിപാടുകളാണ് ദനഹാക്കാലത്തിലൂടെ നമ്മുടെ മുൻപിൽ അനാവരണം ചെയ്യപ്പെടുന്നത്. ദനഹാക്കാലം അഞ്ചാം ഞായറാഴ്ച്ചത്തെ സുവിശേഷത്തിലൂടെയും ഒരു വെളിപാടാണ് നമുക്ക് ലഭിക്കുന്നത്. വെളിപാട് ഇതാണ്: “ദൈവം സ്നേഹമാകുന്നു. സ്നേഹം ദൈവമാകുന്നു.”

ലോകത്തിന് അന്നുവരെ പരിചിതമായവയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ദൈവസങ്കല്പമാണ് വിശുദ്ധ യോഹന്നാൻ തനിക്ക് ലഭിച്ച വെളിപാടിലൂടെ ലോകത്തെ പരിചയപ്പെടുത്തിയത്.  ” അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകർ ഈ ദൈവത്തിലേക്ക് ആകർഷിതരായി ക്രിസ്തുമാർഗത്തിലേക്കെത്തി. ക്രിസ്തുവിൽ അടിയുറച്ച് വിശ്വസിച്ച ക്രൈസ്തവർ, തിരുസഭയിൽ അംഗങ്ങളായി. തിരുസ്സഭയോട് ചേർന്ന് നിന്നുകൊണ്ട്, തങ്ങൾ അനുഭവിച്ച സ്നേഹത്തെ, തങ്ങളിലൂടെ ആത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ദൈവത്തെ തങ്ങളുടെ ജീവിതത്തിലൂടെയും, ജീവൻ കൊടുത്തും ലോകത്തിന്റെ വിവിധ വേദികളിൽ അവതരിപ്പിച്ചു. ദൈവസ്നേഹത്തിന്റെ തികഞ്ഞ പര്യായമായി അവർ മാറി.  

അപൂർവതകളുള്ള ആ സ്നേഹത്തെ നമ്മുടെ മുൻപിൽ അവതരിപ്പിക്കുകയാണ് ഇന്നത്തെ സുവിശേഷം. എന്നിട്ട്, ഇന്നത്തെ സുവിശേഷം, ദൈവം, നമ്മോടു പറയുന്നത്, “മകളേ, മകനേ നിന്നിലൂടെ എന്റെ സ്നേഹം വെളിപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു.” നമ്മിലൂടെ ദൈവത്തിന്റെ സ്നേഹം, ക്രിസ്തുവിന്റെ സ്നേഹം വെളിവാക്കപ്പെടുന്നവിധം ജീവിക്കുക എന്നതാണ് ഇന്നത്തെ സുവിശേഷ സന്ദേശം

ഇന്നത്തെ സുവിശേഷത്തിലെ പതിനാറാം വാക്യം ബൈബിളിലെ ഏറ്റവും മനോഹരമായ വാക്യമാണ്. ക്രിസ്തുമതത്തിന്റെ സകല ദൈവശാസ്ത്രവും, ക്രിസ്തുമതത്തിന്റെ കാമ്പും കാതലും ഈ വാക്യത്തിൽ അടങ്ങിയിരിക്കുന്നു. ‘ക്രിസ്തുവായി ഈ ഭൂമിയിൽ അവതരിക്കത്തക്കവിധം ദൈവം ഈ ലോകത്തെ അത്രയധികമായി സ്നേഹിച്ചു. തന്നിൽ വിശ്വസിക്കുന്നരാരും നശിച്ചുപോകാതെ രക്ഷപ്രാപിക്കേണ്ടതിനു അവിടുന്ന് നമുക്ക് വേണ്ടി മരിച്ചു; ഉത്ഥാനം ചെയ്തു; ഇന്നും ജീവിക്കുന്നു.  സുവിശേഷങ്ങളുടെ Summary ആണ് ഈ ദൈവ വചനം. തുടർന്നുവരുന്ന വചനങ്ങളോ ദൈവസ്നേഹത്തിന്റെ സ്വഭാവത്തെ വെളിവാക്കുന്നതും.

ബൈബിൾ മുഴുവൻ, ഉത്പത്തി മുതൽ വെളിപാടുവരെ, വരച്ചുകാണിക്കുന്നതു ദൈവം സ്നേഹമാകുന്നു എന്നാണ്. വിശുദ്ധ യോഹന്നാൻ ശ്ലീഹായാണ് ഈ സത്യം വളരെ വ്യക്തമായി നമ്മോടു പറയുന്നത്. “…സ്നേഹം ദൈവത്തിൽ നിന്നുള്ളതാണ്. സ്നേഹിക്കുന്ന ഏവനും ദൈവത്തിൽനിന്നു ജനിച്ചവനാണ്; അവൻ ദൈവത്തെ അറിയുകയും ചെയ്യുന്നു. സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്നേഹമാകുന്നു.” (1യോഹ 4, 7-8) ഈ സ്നേഹത്തിന്റെ സവിശേഷത എന്താണ്? നാം ദൈവത്തെ സ്‌നേഹിക്കുന്നതുകൊണ്ട് അവിടുന്ന് നമ്മെയും സ്നേഹിക്കുന്നു എന്നതല്ല ഈ സ്നേഹത്തിന്റെ പ്രത്യേകത. ദൈവം നമ്മെ സ്നേഹിക്കുകയും, നമ്മുടെ പാപങ്ങൾക്ക് പരിഹാര ബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതാണ് ഈ സ്നേഹത്തിന്റെ പ്രത്യേകത.  (1യോഹ 4, 10) എങ്ങനെയാണ് ദൈവത്തിന്റെ സ്നേഹം നമുക്ക് വെളിവായത്? “തന്റെ ഏകപുത്രൻ വഴി നാം ജീവിക്കേണ്ടതിനായി ദൈവം അവനെ ലോകത്തിലേക്കയച്ചു. അങ്ങനെയാണ് ദൈവത്തിന്റെ സ്നേഹം നമ്മുടെ ഇടയിൽ വെളിവാക്കപ്പെട്ടത്.  (1യോഹ 4, 9)

‘ദൈവമായിരുന്നിട്ടും ദൈവത്തിന്റെ സമാനത മുറുകെപ്പിടിക്കാതെ, തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ചു, ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ട്, മരണവരെ, കുരിശുമരണംവരെ അനുസരണമുള്ളവനായിക്കൊണ്ട്’ (ഫിലിപ്പി 2, 6-8) ഈശോ ദൈവത്തിന്റെ സ്നേഹം ലോകത്തിനു കാണിച്ചുകൊടുത്തു. അതിരുകളില്ലാത്ത, അളവുകളില്ലാത്ത ദൈവത്തിന്റെ സ്നേഹം ക്രിസ്തുവിലൂടെ വെളിവായപ്പോൾ മനുഷ്യന് സ്വപ്നപോലും കാണാൻ കഴിയാത്തത്ര മഹത്വമുള്ളതായിത്തീർന്നു ദൈവത്തിന്റെ സ്നേഹം! എന്തെന്ത് രൂപങ്ങളാണ്, എന്തെന്ത് ഭാവങ്ങളാണ് ദൈവത്തിന്റെ സ്നേഹത്തിനു ഉള്ളത്? പ്രപഞ്ചത്തെ സൃഷ്ടിച്ച, തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച ഉദാരതയാണ്  ദൈവത്തിന്റെ സ്നേഹം; ഇസ്രായേൽ ജനത്തെ ഈജിപ്തിലെ അടിമത്വത്തിൽ നിന്ന് രക്ഷിച്ച സ്വാതന്ത്ര്യമാണ്  ദൈവത്തിന്റെ സ്നേഹം; ഇസ്രായേൽ ജനത്തോടൊപ്പം മരുഭൂമിയിലും, വനത്തിലും, അവർ പോയിടത്തെല്ലാം അവരോടൊപ്പം കൂടാരമടിച്ച ത്യാഗമാണ് ദൈവത്തിന്റെ സ്നേഹം; ദൈവജനത്തിന് രക്ഷകനെ വാഗ്ദാനംചെയ്ത, സമയത്തിന്റെ പൂർണതയിൽ കാലിത്തൊഴുത്തിൽ മനുഷ്യനായി പിറന്ന എളിമയാണ് ദൈവത്തിന്റെ സ്നേഹം; പീഡകൾ സഹിച്ചു കാൽവരിയിൽ ലോകരക്ഷയ്ക്കായി മരിച്ച സഹനമാണ് ദൈവത്തിന്റെ സ്നേഹം; വിശുദ്ധ കുർബാനയായി, ഇന്നും മനുഷ്യനോടൊത്ത് വസിക്കുന്ന വലിയ കാരുണ്യമാണ് ദൈവത്തിന്റെ സ്നേഹം; എന്നും എപ്പോഴും എന്നെ നയിക്കുന്ന, എന്നെ കാക്കുന്ന എന്റെ ക്രിസ്തുവാണ് ദൈവത്തിന്റെ സ്നേഹം! 

എങ്ങനെയാണ് ദൈവസ്നേഹത്തിൽ നിലനിൽക്കുവാൻ, ആ സ്നേഹം അനുഭവിക്കുവാൻ നമുക്ക് സാധിക്കുക? മുന്തിരിച്ചെടിയുടെയും ശാഖകളുടെയും ഉയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഈശോ ഇതിനുള്ള ഉത്തരം നമുക്ക് തരുന്നുണ്ട്. പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാൻ നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ. ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പാലിച്ചു അവിടുത്തെ സ്നേഹത്തിൽ നിലനിൽക്കുന്നതുപോലെ, നിങ്ങൾ എന്റെ കൽപ്പനകൾ പാലിച്ചാൽ എന്റെ സ്നേഹത്തിൽ നിലനിൽക്കും.” (യോഹ 15, 9-10)

ദൈവത്തിന്റെ ഈ സ്നേഹം രക്ഷിക്കുന്ന സ്നേഹമാണ്, ശിക്ഷിക്കുന്ന സ്നേഹമല്ല. സ്നേഹമുള്ളവരേ, എപ്പോഴും ഓർമയിൽ സൂക്ഷിക്കുക: “ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യത, അവൻ വഴി ലോകം രക്ഷപ്രാപിക്കാനാണ്.” (യോഹ 3, 17) നമ്മുടെ ദൈവം ശിക്ഷിക്കുന്ന ദൈവമല്ല, രക്ഷിക്കുന്ന ദൈവമാണ്. എന്നാൽ, പ്രകാശമായ ദൈവം ലോകത്തിലേക്ക് വന്നിട്ടും, ആ പ്രകാശത്തെ സ്വീകരിക്കുന്നില്ലെങ്കിൽ, നിങ്ങൾ അന്ധകാരത്തിൽ ജീവിക്കേണ്ടിവരും; നന്മയായ ദൈവം നിങ്ങളുടെ അടുത്തേക്ക് വന്നിട്ടും ആ നന്മയെ ജീവിതത്തിൽ സ്വീകരിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് തിന്മയിൽ ജീവിക്കേണ്ടിവരും; സൗഖ്യമായ ദൈവം ലോകത്തിലേക്ക് വന്നിട്ടും, ആ സൗഖ്യത്തെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നില്ലെങ്കിൽ, തീർച്ചയായും നിങ്ങൾക്ക് രോഗത്തിൽ ജീവിക്കേണ്ടിവരും. എന്താണ് വചനം പറയുന്നത്? “ഇതാ ഞാൻ നിന്റെ മുൻപിൽ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു. ” (നിയമ 30, 15) “…നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവൻ തിരഞ്ഞെടുക്കുക. നിന്റെ ദൈവമായ കർത്താവിനെ സ്നേഹിച്ചു, അവിടുത്തെ വാക്കു കേട്ട്, അവിടുത്തോടു ചേർന്ന് നിൽക്കുക; നിനക്ക് ജീവനും ദീർഘായുസ്സും ലഭിക്കും.” (നിയമ 30, 19-20)

സ്നേഹമുള്ളവരേ, ദൈവസ്നേഹത്തിൽ വസിച്ച്, ആ സ്നേഹത്തിന്റെ Spark ഉള്ള നല്ല ക്രൈസ്തവരായി ജീവിക്കുവാൻ ശ്രമിക്കുക! സ്നേഹമായിരിക്കട്ടെ നമ്മിലെ അഗ്നിജ്വാല; നമ്മുടെ ജീവിതത്തിന്റെ ഭാഷ.; നമ്മുടെ ജീവിതത്തിന്റെ സ്വാദ്!! വിശുദ്ധ പൗലോശ്ലീഹാ പറയുന്ന ഗുണങ്ങളുള്ള സ്നേഹമായിരിക്കണം, ദൈവസ്നേഹത്തിന്റെ Spark ആയിരിക്കണം നമ്മിൽ നിറയേണ്ടത്. എന്തും വിലകൊടുത്തു വാങ്ങുന്നത് മനുഷ്യൻ ശീലമാക്കിയതുകൊണ്ടു, സ്നേഹവും വിലകൊടുത്തു വാങ്ങാമെന്നാണ് മനുഷ്യൻ ചിന്തിക്കുന്നത്. ഭാര്യയെ നിങ്ങൾക്ക് വിലകൊടുത്തു വാങ്ങാൻ പറ്റിയേക്കാം. എന്നാൽ അവളിലെ സ്നേഹം? അത് വിലകൊടുത്തു വാങ്ങാൻ കഴിയില്ല. നിങ്ങൾക്ക് സുഹൃത്തുക്കളെ വിലകൊടുത്ത് വാങ്ങാൻ കഴിയുമായിരിക്കും. എന്നാൽ, നിങ്ങൾക്കിടയിലെ സ്നേഹം?? സ്നേഹത്തിലേക്ക് വില കടന്നുവരുന്ന നിമിഷം സ്നേഹം മരിക്കുന്നു. സ്നേഹം ചന്തയിൽ ലഭ്യമല്ല എന്നോർക്കുക!  

സ്നേഹം പരമോന്നതമായ മൂല്യമാണ്. അതുകൊണ്ടാണ് സ്നേഹം ദൈവമാകുന്നു എന്ന് നാം പറയുന്നത്.

സ്നേഹമുണ്ടെങ്കിൽ എല്ലാം സ്വന്തമാക്കാൻ നമുക്ക് കഴിയും. ഒരു കഥ കേട്ടിട്ടില്ലേ?

ഒരിക്കൽ ഒരു യുവതി അവളുടെ വീടിന്റെ മുൻവാതിൽ തുറന്ന് പുറത്തേക്കു ഇറങ്ങുകയായിരുന്നു. തന്റെ വീടിന്റെ മുൻപിൽ മൂന്ന് വൃദ്ധരായ മനുഷ്യർ നിൽക്കുന്നത് അവൾ കണ്ടു. അവൾക്കു അവർ അപരിചിതരായിരുന്നു. എന്നാൽ അവർ വളരെ ക്ഷീണിതരാണെന്ന് അവൾക്കു തോന്നി. അവൾ അവരോടു പറഞ്ഞു: “എനിക്ക് നിങ്ങളെ പരിചയമില്ല. എന്നാൽ, നിങ്ങൾ മൂന്നുപേർക്കും നല്ല വിശപ്പുണ്ടെന്നു തോന്നുന്നു. അകത്തേക്ക് വരൂ. ഞാൻ നിങ്ങൾക്ക് എന്തെങ്കിലും ഭക്ഷിക്കുവാൻ തരാം.” “നിങ്ങളുടെ ഭർത്താവ് വീട്ടിലുണ്ടോ?” അവർ ചോദിച്ചു. അവൾ ഇല്ല എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു:”ഭർത്താവ് വീട്ടിൽ ഇല്ലെങ്കിൽ ഞങ്ങൾക്ക് അകത്തുവരുവാൻ ബുദ്ധിമുട്ടുണ്ട്.” കുറേക്കഴിഞ്ഞ്, ഭർത്താവ് തിരികെയെത്തിയപ്പോൾ നടന്നതെല്ലാം അവൾ അയാളോട് പറഞ്ഞു. “പോയി, അവരെ വിളിച്ചുകൊണ്ടു വരൂ. ഇപ്പോൾ ഞാൻ വീട്ടിലുണ്ടല്ലോ” അവൾ പുറത്തേക്കു പോയി അവരെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു. “ക്ഷമിക്കണം, ഞങ്ങൾ ഒരുമിച്ചു ഒരു വീട്ടിലേക്കു പോകാറില്ല. ഞങ്ങളിൽ ഒരാളെ നിങ്ങൾക്ക് ക്ഷണിക്കാം” എന്നായിരുന്നു അവരുടെ മറുപടി. ഇതുകേട്ട് ആ യുവതി അത്ഭുതപ്പെട്ടു. “എന്താണ് പുതിയ പ്രശ്നം? ഇപ്പോൾ എന്റെ ഭർത്താവു വീട്ടിലുണ്ട്. വരൂ, എന്തെങ്കിലും ഭക്ഷിക്കൂ.” അപ്പോൾ അവരിൽ ഒരാൾ പറഞ്ഞു: “എന്റെ പേര് ധനം എന്നാണ്.’ അടുത്ത് നിന്ന ആളെ ചൂണ്ടിയിട്ടു അയാൾ പറഞ്ഞു: “ഇദ്ദേഹം വിജയം.” അതിനപ്പുറം നിന്നയാളെ കാണിച്ചിട്ട് പറഞ്ഞ:”ഇയാൾ സ്നേഹം.” “നിങ്ങൾ അകത്തേക്ക് പോയി ഭർത്താവിനോട് ചോദിക്കൂ, ഞങ്ങളിൽ ആര് അകത്തു വരാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന്.” അവൾ അകത്തുപോയി ഭർത്താവിനോട് എല്ലാം പറഞ്ഞു. വിസ്മയത്തോടെ ഭർത്താവ് പറഞ്ഞു: “അങ്ങനെയെങ്കിൽ നമുക്ക് ധനത്തെ വിളിക്കാം. നമ്മുടെ വീട് ധനംകൊണ്ടു നിറയുമല്ലോ.” യുവതിക്ക് അത് ഇഷ്ടപ്പെട്ടില്ല. അവൾ പറഞ്ഞു: നമുക്ക് വിജയത്തെ വിളിക്കാം”. ഇതെല്ലം കേട്ടിരുന്ന അവരുടെ കൊച്ചുമകൾ പറഞ്ഞു: “നമുക്ക് സ്നേഹത്തെ അകത്തേക്ക് വിളിക്കാം, നമ്മുടെ വീട് അപ്പോൾ സ്നേഹംകൊണ്ട് നിറയും.” അവർക്കു അത് സമ്മതമായിരുന്നു. യുവതി പറത്തുപോയി ആ വൃദ്ധരോടു പറഞ്ഞു: “ഞങ്ങൾ സ്നേഹത്തെ അകത്തേക്ക് വിളിക്കാൻ തീരുമാനിച്ചു. ആരാണ് നിങ്ങളിൽ സ്നേഹം. ദയവായി അകത്തേക്ക് വരൂ.”  അപ്പോൾ സ്നേഹം അകത്തേക്ക് പ്രവേശിക്കുവാൻ നടന്നു നീങ്ങി. പുറകെ മറ്റു രണ്ടുപേരും അദ്ദേഹത്തെ അനുഗമിച്ചു. യുവതിക്ക് അത്ഭുതമായി. അവൾ ചോദിച്ചു: “ഞാൻ സ്നേഹത്തെ മാത്രമേ ക്ഷണിച്ചിട്ടുള്ളു.” അതിൽ ഒരാൾ പറഞ്ഞു: “നിങ്ങൾ ധനത്തെയോ, വിജയത്തെയോ ക്ഷണിച്ചിരുന്നെങ്കിൽ മറ്റു രണ്ടുപേർ പുറത്തു നിന്നേനെ. പക്ഷെ നിങ്ങൾ സ്നേഹത്തെ ക്ഷണിച്ചു. സ്നേഹം എങ്ങോട്ടു പോകുന്നുവോ, ഞങ്ങൾ രണ്ടുപേരും സ്നേഹത്തെ പിന്തുടരും.

സ്നേഹമുള്ളവരേ, എവിടെ സ്‌നേഹമുണ്ടോ, അവിടെ ധനവും, വിജയവും സമാധാനവും എല്ലാമുണ്ട്. കാരണം, സ്നേഹം ദൈവമാണ്. സ്നേഹം വെറും കാമമല്ല. കാമം നിങ്ങളെ സംതൃപ്തമാക്കില്ല. സ്നേഹമാണ് സംതൃപ്തി നൽകുന്നത്. സ്നേഹം അധികാര യാത്രയല്ല. അത് വിനീതവും നിഷ്കളങ്കവുമായ ഒരനുഭവമാണ്. ഖലീൽ ജിബ്രാൻ പറയുന്നു: “സ്നേഹം നിങ്ങളെ കിരീടമണിയിക്കുന്നപോലെതന്നെ നിങ്ങളെ കുരിശിൽ തറയ്ക്കുകയും ചെയ്യും.” പ്രിയപ്പെട്ടവരേ, നിങ്ങളിലെ നന്മയെ സ്നേഹം കിരീടമണിയിക്കും. നിങ്ങളിലെ കപടതയെ അത് കുരിശിൽ തറയ്ക്കും. സ്നേഹം ലഭിക്കണമെങ്കിൽ നിങ്ങൾ എല്ലാം എല്ലാം അപകടപ്പെടുത്തണം. എല്ലാ മുറുകെപ്പിടിത്തങ്ങളും, വാശിയും, ഭാവി സുരക്ഷിതത്വങ്ങളും ബലികൊടുക്കണം. അപ്പോൾ സ്നേഹം നമ്മെ, നമ്മുടെ കുടുംബങ്ങളെ കിരീടമണിയിക്കും. അപ്പോൾ ദൈവമാകും നമ്മുടെ ജീവിതം നിറയെ. കടുംബം നിറയെ. സ്നേഹം ദൈവമാകുന്നു.

ദൈവത്തിന്റെ സ്നേഹം നമ്മുടെ ജീവിതത്തെ ദീപങ്ങളുടെ ഉത്സവമാക്കി മാറ്റട്ടെ. ദൈവത്തിന്റെ സ്നേഹം ക്രിസ്തുവായി, വിശുദ്ധ കുർബാനയായി നമ്മിൽ നിറയട്ടെ.

ദൈവസ്നേഹത്തിന്റെ ആഘോഷമായ വിശുദ്ധ കുർബാനയിൽ വിശുദ്ധിയോടെ പങ്കെടുത്ത്, നമ്മുടെ സ്നേഹത്തെ, സ്നേഹബന്ധങ്ങളെ പവിത്രമാക്കാം.  ആമേൻ!  

SUNDAY SERMON JN 2, 1-11

നഹാക്കാലം നാലാം ഞായർ

യോഹ 2, 1-12

അമേരിക്കയുടെ സുവർണയുഗത്തിന് ഇന്ന് തുടക്കമാകുകയാണെന്നും, 2025 ജനുവരി 20 അമേരിക്കയുടെ മോചനദിനമാണെന്നും പറഞ്ഞ്, അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റായി Ronald Trump പ്രതിജ്ഞയെടുത്തത് നാമെല്ലാവരും ടീവിയിൽ കണ്ടതാണ്.   ഈ സ്ഥാനാരോഹണവേളയിൽ എന്നെ കൂടുതൽ ആകർഷിച്ചത് സത്യപ്രതിജ്ഞാ ചടങ്ങാണ്.  1861 ൽ സത്യപ്രതിജ്ഞയ്ക്കായി എബ്രഹാം ലിങ്കൺ ഉപയോഗിച്ച ബൈബിളും , തനിക്ക് ‘അമ്മ നൽകിയ ബൈബിളും ചേർത്ത് പിടിച്ചുകൊണ്ടാണ് Donald  Trump സത്യപ്രതിജ്ഞ മനോഹരമാക്കിയത്.  എനിക്കിത് ദൈവത്തിന്റെ വലിയ വെളിപാടായിട്ടാണ് തോന്നിയത്. അമേരിക്കയുടെ, അമേരിക്കൻ ജനതയുടെ ജീവിതത്തിന്റെ അടിസ്ഥാനം ദൈവമാണെന്ന്, തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും, രാഷ്ട്രീയ പദ്ധതികളുടെയും, രാഷ്ട്രനിർമാണത്തിന്റെയും അടിസ്ഥാനം ദൈവമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് Donald Trump നടത്തിയ ഉദ്‌ഘാടന പ്രസംഗത്തിൽ നാമൊരിക്കലും ദൈവത്തെ മറക്കാൻ പാടില്ല എന്ന് പറഞ്ഞതും ദൈവമഹത്വത്തിന്റെ വലിയ വെളിപാടായിട്ടാണ് ലോകം കണ്ടത്. ദനഹാക്കാലത്തിലൂടെ കടന്നുപോകുന്ന നമുക്ക്, ലോകം മുഴുവനും കണ്ട ഈ ദൈവിക വെളിപാടിന്റെ മനസ്സിൽ സൂക്ഷിച്ചുകൊണ്ട്, ഇന്നത്തെ സുവിശേഷ വിചിന്തനത്തിലേക്ക് പ്രവേശിക്കാം.

ഇന്നത്തെ സുവിശേഷത്തിൽ വിശുദ്ധ യോഹന്നാൻ ക്രിസ്തുവിലെ ദൈവിക മഹത്വം വെളിപ്പെടുത്തുന്ന ഒരു അത്ഭുതത്തിലേക്കാണ്, കാനായിലെ കല്യാണവിരുന്നിൽ നടന്ന അത്ഭുതത്തിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. വെള്ളം വീഞ്ഞാക്കി മാറ്റിയ ഈശോയുടെ ഈ പ്രവൃത്തി എങ്ങനെ, എന്തുകൊണ്ട് ദൈവമഹത്വം പ്രകടമാക്കുന്ന അത്ഭുതമായി മാറി എന്നാണ് നാമിന്ന് വിചിന്തനം ചെയ്യുക. ഈശോയുടെ ഈ പ്രവൃത്തി ദൈവമഹത്വം പ്രകടമാക്കുന്ന ഒന്നായി മാറിയതുപോലെ, ഈ ഭൂമിയിൽ മനുഷ്യന്റെ, ക്രൈസ്തവന്റെ പ്രവർത്തികളെല്ലാം ക്രിസ്തുവിലുള്ള ദൈവമഹത്വം പ്രകടമാക്കുന്നവ ആകണം എന്നാണ് സുവിശേഷം നമ്മോടു പറയുന്നത്.

മൂന്നാം ദിവസം വിവാഹം നടന്നു എന്നാണ്‌ വിശുദ്ധ യോഹന്നാൻ രേഖപ്പെടുത്തുന്നത്. ഈ മൂന്നാം ദിവസം ഈശോയുടെ മാമ്മോദീസായ്ക്കു ശേഷമുള്ള മൂന്നാം ദിവസമല്ല. ഇത് യഹൂദപാരമ്പര്യത്തിൽ കണക്കാക്കുന്ന മൂന്നാം ദിവസമാണ്. സാബത്തിനോട് ചേർന്നാണ് യഹൂദർ മൂന്നാം ദിവസം കണക്കുകൂട്ടിയിരുന്നത്. അവർ, ഒന്നാദിനം ഞായർ, രണ്ടാം ദിനം തിങ്കൾ, മൂന്നാം ദിനം ചൊവ്വ എന്ന രീതിയിയിലായിരുന്നു മനസ്സിലാക്കിയിരുന്നത്. മൂന്നാം ദിനത്തിന്റെ പ്രത്യേകത പ്രപഞ്ച സൃഷ്ടിയുടെ വിവരണവുമായി ബന്ധപ്പെടുത്തിയിട്ടുള്ളതാണ്. പ്രഞ്ചസൃഷ്ടിയുടെ വേളയിൽ മൂന്നാദിനം എല്ലാം നല്ലതായി ദൈവം കണ്ടു എന്നാണ് പറഞ്ഞിരിക്കുന്നത്. മൂന്നാം ദിനത്തിൽ രണ്ടുപ്രാവശ്യം ദൈവം എല്ലാം നല്ലതെന്നു പറയുന്നുണ്ട്. അതുകൊണ്ടു, യഹൂദപാരമ്പര്യത്തിൽ എല്ലാ നല്ല കാര്യങ്ങളും പ്രത്യേകിച്ച് വിവാഹം നടന്നിരുന്നത് ആഴ്ചയുടെ മൂന്നാം ദിവസമാണ്. കാനായിലെ കല്യാണവും ആഴ്ചയുടെ മൂന്നാം ദിനത്തിലാണ് നടക്കുന്നത്. ഇന്നും യഹൂദവിവാഹങ്ങൾ ആഴ്ച്ചയുടെ മൂന്നാം ദിവസമാണ് നടക്കുന്നത്.

മറ്റൊന്ന്, കാനായിലെ കല്യാണ വീട് ഈശോയുടെ മഹത്വം വെളിപ്പെടുത്തുന്ന അടയാളങ്ങളുടെ ആരംഭം കുറിക്കുന്ന ഇടമായി മാറുകയാണ്. നാം ക്രൈസ്തവർ, നമ്മുടെ ജീവിതവും, നാം ആയിരിക്കുന്ന സ്ഥലങ്ങളും – നമ്മുടെ കുടുംബം, നാം ജോലിചെയ്യുന്ന സ്ഥലങ്ങൾ, നാം പഠിക്കുന്ന സ്ഥലങ്ങൾ, നമ്മുടെ ഇടവക, എന്ന് തന്നെയല്ല, നാം എവിടെയായാലും, എന്തായായാലും, എങ്ങനെയായാലും, ആ സ്ഥലങ്ങളെല്ലാം ഈശോയുടെ മഹത്വം വെളിപ്പെടുത്തുന്ന, ദൈവമഹത്വം വെളിപ്പെടുന്ന ഇടങ്ങളായി മാറ്റണം. കല്യാണം പോലെ, വലിയ ആഘോഷങ്ങൾക്കായി നാം കാത്തിരിക്കണമെന്നില്ല. നാം ആയിരിക്കുന്ന സ്ഥലങ്ങൾ വലിയ ആഘോഷത്തിന്റെ ഇടങ്ങളായി മാറണം; ദൈവമഹത്വം വെളിപ്പെടുന്ന ഇടങ്ങളായി മാറണം. വെടിക്കെട്ടുകൾ കൊണ്ടല്ല, ശിങ്കാരിമേളങ്ങൾകൊണ്ടല്ല, വലിയ ബാൻഡ്സെറ്റുകൾകൊണ്ടല്ല, കണ്ണഞ്ചിപ്പിക്കുന്ന ദീപാലങ്കാരങ്ങൾകൊണ്ടല്ല ക്രൈസ്തവർ ആഘോഷങ്ങൾ നടത്തേണ്ടത്. ആ ആഘോഷവേളകൾ ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്ന ഇടങ്ങളാക്കിക്കൊണ്ടായിരിക്കണം നാം ആഘോഷങ്ങൾ നടത്തേണ്ടത്!!!! ഇന്നത്തെ നമ്മുടെ ആഘോഷങ്ങൾ എങ്ങനെ എന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും! ദൈവമഹത്വം വെളിപ്പെടുത്താത്ത ഒരു തിരുനാളും, തിരുനാളാകുകയില്ല എന്നത് സംശയമില്ലാത്ത കാര്യമാണ്!

ഈശോ തന്റെ മഹത്വം വെളിപ്പെടുത്താൻ പ്രവർത്തിച്ച ആദ്യ അടയാളത്തിനു സാക്ഷ്യം വഹിച്ചവർ വളരെയാണ്. യേശുവിനെ വിവാഹവിരുന്നിനു ക്ഷണിച്ച മണവാളന്റെ കുടുംബം, അവരുടെ വീഞ്ഞ് തീർന്നുപോയതറിഞ്ഞു അവരെ സഹായിക്കാൻ സന്നദ്ധത കാണിച്ച പരിശുദ്ധ ‘അമ്മ, അമ്മയുടെ നിർദ്ദേശ പ്രകാരം യേശുവിന്റെ വാക്കുകൾ അനിസരിച്ചു പ്രവർത്തിച്ച പരിചാരകർ, വീഞ്ഞ് മേൽത്തരമാണെന്ന് രുചിച്ചറിഞ്ഞു സാക്ഷ്യപ്പെടുത്തിയ കലവറക്കാരൻ, യേശു പ്രവർത്തിച്ച ആദ്യ അടയാളം കണ്ടു അവനിൽ വിശ്വസിച്ച ശിഷ്യന്മാർ തുടങ്ങി ക്ഷണിക്കപ്പെട്ട ധാരാളം അതിഥികളും ഈ പ്രവൃത്തിക്കു സാക്ഷികളാണ്. എന്നാൽ, ഇവരെക്കുറിച്ചൊന്നും ഇന്ന് നാം വിചിന്തനം ചെയ്യുന്നില്ല. ഇവരെക്കുറിച്ചൊക്കെ നാം ധാരാളം വിചിന്തനം ചെയ്തിട്ടുള്ളതാണ്. അവയെല്ലാം മനസ്സിൽ സൂക്ഷിച്ചുകൊണ്ടുതന്നെ ഈശോ വെള്ളം വീഞ്ഞാക്കുന്നു എന്ന പ്രവൃത്തി മാത്രം നമുക്കിന്നു വിശകലനം ചെയ്യാം.     

ഈശോയുടെ ആ പ്രവൃത്തി, വെള്ളം വീഞ്ഞാക്കുന്നു എന്ന പ്രവൃത്തി – അതൊരു അത്ഭുതമായിരുന്നു. ദൈവപുത്രനായ ഈശോയുടെ പ്രവൃത്തികൾ അത്ഭുതങ്ങളാകാതെ മറ്റെന്താകാനാണ്! അത് ക്രിസ്തുവിലുള്ള ദൈവ മഹത്വം വെളിപ്പെടുത്തുന്ന അടയാളമായിരുന്നു. ഈശോയുടെ പ്രവൃത്തികൾ ദൈവമഹത്വം വെളിപ്പെടുത്തുന്ന അടയാളങ്ങളാകാതെ മറ്റെന്താകാനാണ്!  ഈശോയുടെ ഈ പ്രവൃത്തി മനുഷ്യനിൽ രൂപാന്തരം ഉണ്ടാകണം എന്ന് പറയുന്ന സന്ദേശമായിരുന്നു. ഈശോയുടെ പ്രവൃത്തികൾ, അവിടുത്തെ വചനങ്ങൾ മനുഷ്യനെ രൂപാന്തരപ്പെടുത്തുന്നവയാകാതെ മറ്റെന്താകാനാണ്! ഈശോയുടെ വെള്ളം വീഞ്ഞാക്കുന്നു എന്ന പ്രവൃത്തി ഒരു സൂചികയാണ് – ഓരോ മനുഷ്യനും അവന്റെ ജീവിത പ്രവൃത്തികളെ ദൈവമഹത്വം വെളിപ്പെടുത്തുന്ന അടയാളങ്ങളാക്കി മാറ്റണം എന്നതിന്റെ സൂചിക!

ഇന്നത്തെ സുവിശേഷത്തിലെ ഈ ആദ്യ അടയാളം മാത്രമല്ല, ഈശോയുടെ ഓരോ പ്രവൃത്തിയും, സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളവയും അല്ലാത്തവയും, പരസ്യ ജീവിതകാലത്തു ഈശോ ചെയ്തവ മാത്രമല്ല ഇന്നും ഈശോ ചെയ്യുന്നതും ഇനിയും ചെയ്യാനിരിക്കുന്നവയുമായ എല്ലാ പ്രവൃത്തികളും ദൈവ മഹത്വത്തിന്റെ അടയാളങ്ങളാണ്. സംശയമുണ്ടെങ്കിൽ, സുവിശേഷങ്ങളിലൂടെ കടന്നുപോകൂ… നിങ്ങൾ വിസ്മയിച്ചുപോകും … മനുഷ്യജീവിതങ്ങളിൽ അവിടുന്ന് ചെയ്ത പ്രവൃത്തികളെ ഒന്ന് വിശകലനം ചെയ്തു നോക്കൂ…നിങ്ങൾ   കണ്ണുകൾ തുറന്ന്, വാ പൊളിച്ചങ്ങനെ നിന്നുപോകും…എന്തിനു നിങ്ങളുടെ തന്നെ, ജീവിതത്തിലേക്ക്, കുടുംബജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ… ജീവിതത്തിൽ വീഞ്ഞു തീർന്നുപോയ എത്രയെത്ര സന്ദർഭങ്ങൾ! ആവശ്യത്തിന് പണമില്ലാതെ, ചെയ്യുന്ന ബിസിനസ്സെല്ലാം തകരുന്ന അവസരങ്ങൾ, സമൂഹത്തിന്റെ മുൻപിൽ നാണംകെടുന്ന സമയങ്ങൾ, പഠിക്കാൻ കഴിയാതെ, ജോലിയില്ലാതെ അലഞ്ഞ നിമിഷങ്ങൾ, പാപത്തിൽ നടന്ന വഴികൾ …ഇവിടെയെല്ലാം ഈശോ അത്ഭുതങ്ങൾ പ്രവർത്തിച്ചതോർക്കുമ്പോൾ നിങ്ങൾ അത്ഭുതംകൊണ്ടു സംസാരിക്കാൻ പറ്റാത്തവരാകും…കാരണം, വിശുദ്ധ കുർബാനയിൽ നാം പ്രാർത്ഥിക്കുന്നതുപോലെ, “നന്ദി പ്രകാശിപ്പിക്കുവാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹങ്ങളാണ്” ക്രിസ്തു നമുക്ക് നൽകിയിരിക്കുന്നത്, ദൈവം നമ്മിൽ വർഷിച്ചിരിക്കുന്നത്! ക്രിസ്തു അത്ഭുതത്തിൽ കുറഞ്ഞതൊന്നും പ്രവർത്തിക്കുന്നില്ല എന്നോർക്കുക!

എങ്ങനെ ഈശോ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു? എന്തുകൊണ്ട് ഈശോ അത്ഭുതങ്ങൾ മാത്രം പ്രവർത്തിക്കുന്നു? ദൈവപുത്രനായ ക്രിസ്തു ദൈവവുമായി ഒന്നായിരുന്നതുകൊണ്ട്.  തന്നെ മുഴുവനും ദൈവത്തിൽ ഉറപ്പിച്ചു നിർത്തിയിരുന്നതുകൊണ്ട്. ദൈവമേ, നിന്റെ ഇഷ്ടം മാത്രം ചെയ്തുകൊണ്ട് ജീവിക്കാൻ ഞാൻ തയ്യാറാണ് എന്ന് പറഞ്ഞു ജീവിച്ചതുകൊണ്ട്! പിതാവായ ദൈവം ഈശോയെ ഏല്പിച്ച ജോലി പൂർത്തിയാക്കിക്കൊണ്ടാണ് ഈശോ ഈ ഭൂമിയിൽ ദൈവത്തെ മഹത്വപ്പെടുത്തിയത്. (യോഹ 17, 4) ഓരോ ക്രൈസ്തവനും ക്രിസ്തുവിൽ ജീവിച്ചുകൊണ്ട്, ക്രിസ്തു അവളെ, അവനെ ഏൽപ്പിച്ച ജോലികൾ ചെയ്യുമ്പോഴാണ് ദൈവം മഹത്വപ്പെടുന്നത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം, പതിനഞ്ചാം അദ്ധ്യായം അഞ്ചാം വാക്യം ഓർക്കുക: “ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെക്കൂടാതെ നിങ്ങൾക്കു ഒന്നും ചെയ്യാൻ കഴിയുകയില്ല.”

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നത് ഈ ഭൂമിയിൽ നാം ചെയ്യുന്നതെല്ലാം ദൈവമഹത്വത്തിനായി ചെയ്യുവാനാണ്. ഈശോ ദൈവത്തിലും, ദൈവത്തോടുമൊപ്പം ആയിരുന്നത്കൊണ്ട് അവിടുത്തെ പ്രവൃത്തികൾ ദൈവമഹത്വത്തിനുള്ളവയായതുപോലെ, “കർത്താവാണ് എന്റെ അവകാശവും പാനപാത്രവുമെന്നു” (സങ്കീ 16, 5) വിശ്വാസത്തോടെ, ആ വിശ്വാസം ഏറ്റുപറഞ്ഞു ജീവിച്ചാൽ നമ്മുടെ ജീവിതത്തിൽ നാം ചെയ്യുന്നവയെല്ലാം അത്ഭുതങ്ങളായിത്തീരും. അവ ദൈവമഹത്വം വെളിപ്പെടുത്തുന്നവയാകും. ‘നാം ധാരാളം ഫലം പുറപ്പെടുവിക്കുകയും, അങ്ങനെ ക്രിസ്തുവിന്റെ ശിഷ്യരാകുകയും ചെയ്യുമ്പോഴാണ് പിതാവ് മഹത്വപ്പെടുന്നത്.’ (യോഹ 15, 8)

ഇതാണ് ഇന്നത്തെ കാലഘട്ടത്തിൽ ക്രൈസ്തവ ജീവിതം നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്. ഈ ലോകമാകുന്ന കാനായിൽ ക്രിസ്തുവിന്റെ മഹത്വം നമ്മുടെ ജീവിത്തിലൂടെ, ജീവിത പ്രവൃത്തികളിലൂടെ വെളിപ്പെടണം. നമ്മുടെ ക്രൈസ്തവജീവിതങ്ങൾ – അത് കുടുംബത്തിലാണെങ്കിലും, വൈദിക -സന്യാസ അന്തസ്സിലൂടെയാണെങ്കിലും, ജോലിസ്ഥലത്താണെങ്കിലും, സ്കൂളിലോ കോളേജിലോ ആണെങ്കിലും – കാര്യക്ഷമതയുള്ള, ദൈവമഹത്വം വെളിപ്പെടുത്തുന്ന അടയാളങ്ങളാകണമെന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. ഫ്രാൻസിസ് മാർപാപ്പ ഇന്ത്യയിൽ വരുമോ ഇല്ലയോ എന്നതല്ല നമ്മുടെ പ്രശ്നം? പരിശുദ്ധ പിതാവ് വരുന്നത് നല്ലതാണ്. അതിലൂടെ ദൈവമഹത്വം പ്രകടമാക്കുകയും ചെയ്യും. പക്ഷേ, അതിനല്ല പരമപ്രാധാന്യം നൽകേണ്ടത്. എന്റെ ജീവിതത്തിലെ പ്രവർത്തികൾ ദൈവമഹത്വത്തിനു ഇടയാകുന്നുണ്ടോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. നാടിന്റെ പ്രധാനമന്ത്രിയെ കാണുന്നതും നല്ലതാണ്. പക്ഷേ, അതല്ല പ്രധാനപ്പെട്ടത്. പ്രധാനപ്പെട്ടത്‌ ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തിൽ ആഴപ്പെടുക എന്നതാണ്, ആഴപ്പെടുവാൻ വേണ്ടി ദൈവജനത്തെ ഒരുക്കുക എന്നതാണ്.

ക്രൈസ്തവരായ നമ്മിലൂടെ ഈ ലോകത്തെ ദൈവം എത്രമാത്രം മനോഹരമാക്കിയെന്ന് ലോകചരിത്രം നമുക്ക് പറഞ്ഞു തരുന്നുണ്ട്. നമ്മുടെ പ്രേഷിത പ്രവർത്തനങ്ങളിലൂടെ എന്തെന്ത് അത്ഭുതങ്ങളാണ് ക്രിസ്തു ചെയ്തത്!! വെള്ളംപോലെ നശ്വരമായ തിനെ വീഞ്ഞുപോലെ അനശ്വരമാക്കി മാറ്റി ക്രിസ്തു നമ്മിലൂടെ! മിഷനറിപ്രവർത്തനങ്ങളിലൂടെ നമ്മുടെ വിദ്യാലങ്ങളിലൂടെ, ആശുപത്രികളിലൂടെ, വെള്ളത്തെ വീഞ്ഞാക്കുന്ന അത്ഭുതങ്ങൾ എത്രയെത്ര നടന്നു!! പക്ഷേ, കാലം കുറേ കഴിഞ്ഞപ്പോൾ നമ്മളോർത്തു, ഇതെല്ലാം നമ്മുടെ കഴിവുകൊണ്ടാണെന്ന്! എന്നിട്ട്, നമ്മളെന്ത് ചെയ്തു? ക്രിസ്തുവിനെ അങ്ങ് കൊന്നുകളഞ്ഞു. പൊൻമുട്ടയിട്ട താറാവിനെ കർഷകൻ കൊന്നുകളഞ്ഞതുപോലെ!

നമ്മുടെ ക്രൈസ്തവ ജീവിതത്തിലൂടെ ലോകത്തുണ്ടായ, രാജ്യത്തുണ്ടായ വലിയ അനുഗ്രഹങ്ങൾ കണ്ട്, ആ പൊൻമുട്ടകളിൽ ആകർഷിതരായി, സ്വയം മറന്ന് നാമെന്തു ചെയ്തു? താറാവിനെയങ്ങു കൊന്നു! ദൈവത്തിലുള്ള വിശ്വാസം അങ്ങ് മാറ്റി വച്ചു. വിശുദ്ധ കുർബാന നമ്മുടെ കയ്യിലെ കളിപ്പന്തായി മാറി. വിശുദ്ധ കൂദാശകൾക്ക് നമ്മുടെ വ്യാഖ്യാനങ്ങൾ നൽകി! ലോകകാര്യങ്ങളാണ്, സമ്പത്താണ്, അധികാരമാണ്, രാഷ്ട്രീയ പാർട്ടികളാണ് നമ്മുടെതന്നെ കഴിവുകളാണ് നന്മകളാകുന്ന, മിഷനറിപ്രവർത്തനങ്ങളാകുന്ന പൊൻമുട്ടകളിടുവാൻ നമ്മെ പ്രാപ്തരാക്കുന്നതെന്നു വെറുതെയങ്ങു നാം വിശ്വസിച്ചു. അപ്പോൾ നമ്മുടെ പ്രവർത്തികൾ, നമ്മുടെ ജീവിതം എങ്ങനെയുള്ളതായി? അത്ഭുതങ്ങളല്ലാതെയായി. അടയാളങ്ങളാകാതെ പോയി; സന്ദേശങ്ങളാകാതെ പോയി. ഇതല്ലേ ഇന്ന് നമുക്ക് വന്നു ഭവിച്ചിരിക്കുന്ന ദുരന്തം? ഈ ദുരന്തത്തിൽ നിന്ന് കരകയറാൻ പ്രധാനമന്ത്രിയെ കണ്ടതുകൊണ്ട്, രാഷ്ട്രീയ പാർട്ടികളുമായി ഞങ്ങൾക്ക് തൊട്ടുകൂടായ്മയില്ല എന്ന് പറഞ്ഞതുകൊണ്ട് വല്ല ഗുണമുണ്ടോ? ഇല്ല. ദൈവത്തിൽ അടിയുറച്ച ക്രൈസ്തവ ജീവിതങ്ങളെ രൂപപ്പെടുത്തുകയാണ് വേണ്ടത്. നമ്മുടെ ക്രൈസ്തവജീവിതങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയാണ് വേണ്ടത്. അതിനായി സഭയുടെ എല്ലാ സംവിധാനങ്ങളെയും ഒരുക്കുകയാണ് ശക്തിപ്പെടുത്തുകയാണ് വേണ്ടത്! അമേരിക്കൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാചടങ്ങു മാത്രമല്ല സകല മനുഷ്യരുടെയും എല്ലാ പ്രവർത്തികളും ദൈവമഹത്വം വെളിപ്പെടുത്തുന്നവയാകണമെന്നതായിരിക്കണം നമ്മുടെ പ്രാർത്ഥന!

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിന്റെ കാരണം ക്രിസ്തുവാണ്. നമ്മുടെ ജീവിത പ്രവൃത്തികളുടെ പ്രചോദനം ക്രിസ്തുവാണ്. നമ്മുടെ പ്രവർത്തികളിലൂടെ വെളിപ്പെടുന്നതും ക്രിസ്തുവാണ്. കാനായിലെ കല്യാണ വിരുന്നിൽ ഈശോ പ്രവർത്തിച്ച അത്ഭുതം നമ്മിലെ ഉറങ്ങിക്കിടക്കുന്ന ക്രൈസ്തവജീവിതത്തെ ഉണർത്തുവാൻ ഇടയാക്കട്ടെ. അപ്പോൾ നാം പറയുന്ന പ്രവർത്തിക്കുന്ന കാര്യങ്ങൾ അത്ഭുതങ്ങളിലേക്ക് വഴിതുറക്കും. നമ്മുടെ പ്രവർത്തികൾ മൂലം നമ്മുടെ ജീവിതത്തിൽ, ഈ ലോകത്തിൽ ദൈവാനുഗ്രഹം വക്കോളം നിറയും. നമ്മുടെ പ്രവർത്തികളെ രുചിച്ചുനോക്കുന്നവർ അത്ഭുതപ്പെടും. കാനായിലെ കല്യാണ വിരുന്നിൽ അത്ഭുതംകണ്ടു ശിഷ്യന്മാർ ഈശോയിൽ വിശ്വസിച്ചതുപോലെ, അപ്പോൾ ലോകം ക്രിസ്തുവിൽ വിശ്വസിക്കും. ഈ ഭൂമിയിൽ ക്രിസ്തു മഹത്വപ്പെടുവാൻ കുറുക്കുവഴികളില്ല എന്ന് മനസ്സിലാക്കിക്കൊണ്ട്,

നമ്മുടെ ക്രൈസ്തവജീവിതങ്ങളെ കാര്യക്ഷമമാക്കാൻ, ഫലം പൃപ്പെടുവിക്കുന്നവയാക്കാൻ നമുക്ക് ശ്രമിക്കാം. ഇന്നത്തെ വിശുദ്ധ കുർബാന നമ്മെ ശക്തിപ്പെടുത്തട്ടെ. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം നമുക്ക് ഉണ്ടാകട്ടെ. ആമേൻ!

SUNDAY SERMON JN 1, 29-34

ദനഹാക്കാലം മൂന്നാം ഞായർ

യോഹ 1, 29 – 34

സന്ദേശം

ഇന്നത്തെ സുവിശേഷം മഹാത്യാഗമാണ് ക്രിസ്തു എന്ന് വെളിപ്പെടുത്തുകയാണ്. ദനഹാക്കാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച, ത്യാഗനിർഭരമായ ജീവിതത്തിലൂടെ ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തുവാൻ സുവിശേഷം നമ്മെ ക്ഷണിക്കുകയാണ്.

വ്യാഖ്യാനം

ദനഹാക്കാലത്തിന്റെ ആദ്യഞായറാഴ്ച്ച പ്രവചനങ്ങളുടെ പൂർത്തീകരണമായാണ് ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തിയത്. (ലൂക്ക 4, 16-21) ദനഹാതിരുനാളിൽ ഇവനെന്റെ പ്രിയപുത്രൻ” (മത്താ 3, 17) എന്ന വെളിപാട് സ്വർഗത്തിൽ നിന്നുണ്ടായി. രണ്ടാം ഞായറാഴ്ച്ച ദൈവത്തിന്റെ വചനമാണ് ക്രിസ്തു എന്ന വെളിപാടാണ് സുവിശേഷം പ്രഘോഷിച്ചത്. (യോഹ 1, 1-18) ഇന്ന്, മൂന്നാം ഞായറാഴ്ച്ച സുവിശേഷം പ്രഖ്യാപിക്കുന്നത് “ക്രിസ്തു ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്എന്നാണ്. (യോഹ 1, 29)

വിശുദ്ധ സ്നാപക യോഹന്നാനാണ് ഈശോയെ ലോകത്തിനു പരിചയപ്പെടുത്തുന്നത്. ലോകരക്ഷകനാണ് നിങ്ങളുടെ മുൻപിൽ നിൽക്കുന്നത് എന്ന് പ്രഘോഷിക്കുവാൻ, ജനത്തിന് ചൂണ്ടിക്കാണിച്ചുകൊടുക്കുവാൻ നിയുക്തനായത് സ്നാപകനാണ്. ക്രൈസ്തവന് രണ്ട് നിയോഗങ്ങളാണ് ഈ ഭൂമിയിൽ ചെയ്തുതീർക്കുവാനുള്ളത്. 1. ലോകത്തിൽ വെളിപ്പെടുന്ന ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തിക്കൊടുക്കുക, സ്നാപകയോഹന്നാനെപ്പോലെ! ക്രിസ്തു പലരീതിയിൽ, വ്യക്തികളിലൂടെയും, സംഭവങ്ങളിലൂടെയും, പ്രകൃതിയിലൂടെയും വെളിപ്പെടുമ്പോൾ, ആ വെളിപാട് വിളിച്ചുപറയുവാൻ ക്രൈസ്തവവർക്കാകണം. ദേ ലോകരേ, ഇതാ ക്രിസ്തു, അവളിലൂടെ, അവനിലൂടെ, ഈ സംഭവത്തിലൂടെ,  വെളിപ്പടുത്തപ്പെട്ടിരിക്കുന്നു എന്ന് വിളിച്ചു പറയേണ്ടവരാണ് ക്രൈസ്തവർ. സ്നാപകനെപ്പോലെ അത്രമാത്രം ജീവിതവിശുദ്ധിയും, വിശ്വാസവും, സത്യം അറിയുവാനും, അത് വിളിച്ചുപറയുവാനുമുള്ള ചങ്കൂറ്റവും ഉണ്ടായെങ്കിൽ മാത്രമേ ഈ ലോകത്തു നടക്കുന്ന ദൈവിക വെളിപാടുകളെ മനസ്സിലാക്കുവാൻ ക്രൈസ്തവർക്കാകൂ.

2. തങ്ങളുടെ ജീവിതത്തിലൂടെ ക്രിസ്തുവിനെ ലോകത്തിന് കാണിച്ചുകൊടുക്കുവാൻ, വെളിപ്പെടുത്തിക്കൊടുക്കുവാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവർ. കുടുംബജീവിതക്കാർ, പുരോഹിതർ, സന്യാസിനീസന്യാസികൾ, അവരുടെ ജീവിതാന്തസ്സുകളിലൂടെ, സാധാരണ ജീവിതസാഹചര്യങ്ങളിലൂടെ ക്രിസ്തുവിനെ വെളിപ്പെടുത്തി കൊടുക്കേണ്ടവരാണ്.  ഇന്ന് നമ്മുടെ പ്രവൃത്തികൾ ലോകം 24 മണിക്കൂറും ലോകം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. Privacy എന്ന വാക്കിന് അർത്ഥവ്യത്യാസങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ശരീരത്തിൽ ചിപ്പുകൾ വച്ച് പിടിപ്പിച്ച് മനുഷ്യരെ Monitor ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും ലോകത്തിന്റെ കണ്ണുകളിലുണ്ട്. അപ്പോൾ, നമ്മുടെ പ്രവൃത്തികൾ കാണുന്ന ലോകത്തിന് മുൻപിൽ നാം വെളിപ്പെടുത്തന്നത് ക്രിസ്തുവിനെയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു! നമ്മുടെ ചെയ്തികൾ വഴി ക്രിസ്തു വെളിപ്പെടുത്തപ്പെടുകയാണോ? അതോ, ക്രിസ്തു അവഹേളിക്കപ്പെടുകയാണോ? ക്രിസ്തുവിന്റെ വെളിപാട്, ദനഹാ ആകേണ്ട ക്രൈസ്തവർ ഗൗരവത്തോടെ ചോദിക്കേണ്ട ചോദ്യം!

‘കർത്താവിനു വഴിയൊരുക്കുവിൻ” (ലൂക്ക 3, 4) എന്ന് മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമായ‘ സ്നാപകൻ ഉപയോഗിക്കുന്ന പേര് “ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്നാണ്‌.

യോഹന്നാൻ സുവിശേഷകൻ രൂപകങ്ങളും പ്രതീകങ്ങളും ഉപയോഗിച്ചാണ് ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുന്നത്.  അദ്ദേഹം, രൂപകങ്ങളുടെ, പ്രതീകങ്ങളുടെ, വാക്കുകളുടെ ബാഹ്യമായ വിശകലനത്തിലും വിവരണത്തിലും തങ്ങിനിൽക്കാതെ ആന്തരാർത്ഥത്തിലേക്ക് ചൂഴ്ന്നിറങ്ങി ഈശോയിൽ പൂർത്തിയാകുന്ന രക്ഷാകര രഹസ്യത്തെ അനാവരണം ചെയ്തുകൊണ്ടാണ് ഈ വെളിപ്പെടുത്തൽ സാധ്യമാക്കുന്നത്. ഇന്നത്തെ സുവിശേഷത്തിലെ ഈശോ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന രൂപകത്തിന്റെ ആന്തരാർത്ഥം ത്യാഗം ചെയ്യുന്നവൻ, ബലിയർപ്പിക്കപ്പെടുന്നവൻ ക്രിസ്തു എന്നാണ്‌. 

ആട് എല്ലാ സംസ്കാരത്തിലും മനുഷ്യന് ഇഷ്ടപ്പെട്ട മൃഗമായിരുന്നു. മെസപ്പെട്ടോമിയൻ, ഏഷ്യൻ, യൂറോപ്യൻ സംസ്കാരങ്ങളിലെല്ലാം കാലഘട്ടങ്ങളുടെ വ്യത്യാസത്തിൽ ആട് പ്രധാനപ്പെട്ട വളർത്തുമൃഗമായിത്തീരുന്നുണ്ട്. ആദ്യകാല വളർത്തുമൃഗങ്ങളിൽപെട്ട ആട് പിൽക്കാലത്ത് മതങ്ങളുടെ പ്രതീകമായി മാറുന്നുണ്ട്. Middle East പ്രദേശങ്ങളിൽ വ്യാപകമായുണ്ടായിരുന്ന ആട് പിന്നീട് അവിടെയുള്ള മതങ്ങളിലെ ബലിമൃഗമായി പരിഗണിക്കപ്പെടുന്നുണ്ട്. യഹൂദസംസ്കാരത്തിൽ അത് പെസഹാക്കുഞ്ഞാടായിട്ട് ചിത്രീകരിക്കപ്പെട്ടു. ഉത്പത്തി പുസ്തകത്തിൽ ആബേലിന്റെ ബലിയർപ്പണം മുതൽ ആട് ബലിമൃഗമായി കാണപ്പെടുന്നുണ്ട്. മോറിയ മലയിൽ ഇസഹാക്കിനു പകരം ദൈവത്തിനു അബ്രാഹം ബലിയർപ്പിക്കുന്നതു ഒരു ആടിനെയാണ്. (ഉത്പ 22, 13) പുറപ്പാടിന്റെ പുസ്തകത്തിലെ ആദ്യത്തെ പെസഹായുടെ സമയത്താണ് ആടിനെ ബലിയർപ്പിക്കുന്നതു ദൈവികവും, ആചാരബന്ധിതവുമാകുന്നത്. ഇവിടംമുതലാണ് കുഞ്ഞാടിനെ (പുറ 12, 5) അർപ്പിക്കുന്നത് കർത്താവിനു സമർപ്പിക്കുന്ന പെസഹാബലി (പുറ 12, 27) ആകുന്നതും, കുഞ്ഞാട് ലോകത്തിന്റെ പാപങ്ങൾനീക്കുന്ന, മരണത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്ന, ജീവൻ രക്ഷിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി പ്രതീകവത്ക്കരിക്കപ്പെടുന്നതും. പിന്നീട് അനുദിനബലികളിൽ കുഞ്ഞാടിനെ ബലിയർപ്പിക്കൽ യഹൂദസംസ്കാരത്തിൽ ഒരു സാധാരണ ആചാരമായിത്തീർന്നു.

ക്രിസ്തുവിനു ശേഷം 500 ൽ ഏറെ വർഷങ്ങൾ കഴിഞ്ഞു രൂപംകൊണ്ട ഇസ്‌ലാം മതത്തിലും ബലിമൃഗം ആടുതന്നെയായാണ്. ഇതിനു പല കാരണങ്ങളുണ്ടാകാം. ഒന്ന്, ഈ മതം മധ്യ പൗരസ്ത്യദേശത്തു ഉടലെടുത്തതുകൊണ്ടാകാം. രണ്ട്, യഹൂദ പാരമ്പര്യത്തിന്റെ തുടർച്ചയാണ് തങ്ങളെന്ന് കാണിക്കാൻ നൂറ്റാണ്ടുകൾ പഴക്കമുള്ള യഹൂദ മത സംസ്കാരത്തിൽ നിന്ന് കടം കൊണ്ടതാകാം. അബ്രഹാം തന്റെ പുത്രനെ ബലിയർപ്പിക്കുവാൻ ഒരുങ്ങുന്നതും, പിന്നീട് ദൈവിക ഇടപെടലിന് ശേഷം ആട്ടിൻകുട്ടിയെ ബലിയർപ്പിച്ചതുമായ പാരമ്പര്യം യഹൂദ മത സംസ്കാരത്തിൽ നിന്ന് അവർ സ്വീകരിച്ചതാണ്. മൂന്ന്, ഇസ്‌ലാം മതം ഏതു മതത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് വളർന്നുവന്നോ, ആ മതത്തിന്റെ ബലിമൃഗത്തിന്റെ തുടർച്ചയായി ആടിനെ സ്വീകരിച്ചതാകാം. എന്തായാലും ഒന്ന് തീർച്ചയാണ്: ഇസ്‌ലാം മതം യഹൂദമതത്തിന്റെ തുടർച്ചയല്ല. മാത്രമല്ല, ഇസ്‌ലാം മതത്തിനു യഹൂദമതവുമായോ, ക്രിസ്തുമതവുമായോ, അതിന്റെ പ്രതീകങ്ങളുമായോ, യാതൊരു ബന്ധവുമില്ല.

‘കുഞ്ഞാട്’ എന്ന രൂപകം യഹൂദമത പാരമ്പര്യത്തിൽ നിലനിൽക്കുന്നതാണ്. അത് യഹോവായ്ക്കുള്ള ബലിയർപ്പണവുമായി ബന്ധപെട്ടാണ് നിൽക്കുന്നതും. യഹൂദ പശ്ചാത്തലത്തിൽ വിവിധതരം ബലിയർപ്പണങ്ങൾ ഉണ്ട്, ദഹനബലി, സമാധാനബലി, പാപപരിഹാരബലി എന്നിങ്ങനെ. ബലിയായി അർപ്പിക്കപ്പെടുന്നതിനു മുൻപ്, കുഞ്ഞാടിന്റെ തലയിൽ കൈവച്ചതിനുശഷമാണ് കുഞ്ഞാടിനെ അർപ്പിക്കുന്നത്. പുരോഹിതൻ അത് ദഹിപ്പിച്ച് പാപങ്ങൾക്ക് പരിഹാരം ചെയ്യണം. അപ്പോൾ കുറ്റങ്ങൾ ക്ഷമിക്കപ്പെടും. (ലേവ്യർ 4, 35)

അതായത്, അന്നത്തെ മൃഗബലിയുടെ ലക്ഷ്യങ്ങൾ പാപപരിഹാരവും അതുവഴിയുള്ള വിശുദ്ധീകരണവുമായിരുന്നു. ഹെബ്രായരുടെ പുസ്തകത്തിൽ പറയുന്നത് “നിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണ് ശുദ്ധീകരിക്കപ്പെടുന്നത്. രക്തം ചിന്താതെ പാപമോചനമില്ല”. (ഹെബ്രാ 9, 22) എന്നാണ്.

‘കുഞ്ഞാട്യഹൂദ ക്രൈസ്തവ പാരമ്പര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പ്രതീകവും കൂടിയാണ്. അത് വിശുദ്ധിയുടെ, നിർമലതയുടെ, സ്നേഹത്തിന്റെ പ്രതീകമാണ്. കുഞ്ഞാട് നിഷ്കളങ്കതയെ, ലാളിത്യത്തെ പ്രതിനിധാനം ചെയ്യുന്നു. അത് പൂർണമായും മറ്റുള്ളവർക്ക് സമർപ്പിതമാണ്. മറ്റൊരുവാക്കിൽ, കുഞ്ഞാട് ത്യാഗത്തിന്റെ പ്രതീകമാണ്. കുഞ്ഞാടിന്റെ തലയിൽ കൈവച്ചു പാപങ്ങളെല്ലാം അതിലേക്കു ആവേശിപ്പിച്ചശേഷമാണ് ബലിയർപ്പിക്കുന്നത്‌. അപ്പോൾ കുഞ്ഞാട് പാപപരിഹാരവുമായിത്തത്തീരുന്നു.

ഇത്തരത്തിലുള്ള പ്രതീകാത്മക ഘടകങ്ങൾ ക്രിസ്തുവിലേക്കു ചേർക്കുമ്പോൾ ക്രിസ്തു ദൈവത്തിന്റെ കുഞ്ഞാടാകുന്നു; അവിടുന്ന് ത്യാഗത്തിന്റെ ആൾരൂപമാകുന്നു. ക്രിസ്തു മനുഷ്യന്റെ പാപങ്ങൾക്ക് പരിഹാരമാകുന്നു.

ശരിയാണ്. നമുക്ക് മൃഗബലിയുടെ ഒരു സംസ്കാരത്തെ ഉൾക്കൊള്ളുവാൻ സാധിക്കുകയില്ല. എന്നാൽ, അന്നത്തെ സമൂഹത്തിന്റെ മത സാംസ്കാരിക വളർച്ചയെ മനസ്സിലാക്കുവാനും അംഗീകരിക്കുവാനും കഴിയണം. ബുദ്ധിപരമായി ഒട്ടും വളരാത്ത ഒരു സമൂഹത്തിൽ, ശാസ്ത്രീയമായി ഉയർച്ചയില്ലാത്ത കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ആചാരങ്ങളും രീതികളും ഉണ്ടാകുകയെന്നത് സ്വാഭാവികമാണ്. നമുക്കിന്നു അതിനും അപ്പുറം നിൽക്കാനും കുഞ്ഞാട് എന്ന രൂപകത്തിന്റെ ആന്താരാർത്ഥം ഉൾക്കൊള്ളാനും സാധിക്കണം.

ദൈവത്തിന്റെ മഹാത്യാഗമാണ് പ്രപഞ്ചസൃഷ്ടിയും, പ്രപഞ്ചവും. ദൈവത്തിന്റെ മഹാസ്നേഹമാണ്, മഹാത്യാഗമാണ് ക്രിസ്തു, ദൈവത്തിന്റെ കുഞ്ഞാട്. “സ്വന്തം ഏകജാതനെ നൽകുവാൻ തക്കവിധം ഈ ലോകത്തെ സ്നേഹിക്കുന്ന ദൈവ” (യോഹ 3, 16)  ത്തിന്റെ ത്യാഗമാണ് ക്രിസ്തു. ഈ ലോകത്തിന്റെ പാപപരിഹാരവും വിശുദ്ധീകരണവുമാണ് ക്രിസ്തു. ദൈവത്തിന്റെ മഹാത്യാഗമാണ് ദൈവമായിരുന്നിട്ടും അവിടുന്ന് മനുഷ്യനായത്. (ഫിലിപ്പി 2, 1 -6) ദൈവത്തിന്റെ അവർണ നീയമായ ത്യാഗമാണ് ഈശോയുടെ പീഢാസഹനവും മരണവും. ദൈവത്തിന്റെ അനന്തമായ, അതിരുകളില്ലാത്ത, മഹത്തായ ത്യാഗമാണ്, അപ്പത്തിന്റെ രൂപത്തിൽ അവിടുന്ന് നമ്മോടൊത്തു വസിക്കുന്ന വിശുദ്ധ കുർബാന. അവിടുത്തെ, വിവരിക്കാൻ പറ്റാത്തത്ര ത്യാഗമല്ലേ സ്നേഹമുള്ളവരേ നിങ്ങളും ഞാനും ഓരോ ബലിയിലും സ്വീകരിക്കുന്ന അവിടുത്തെ ശരീരവും രക്തവും! ഈ ത്യാഗത്തിന്റെ പ്രതീകമാണ് കുഞ്ഞാട്; ഈ ത്യാഗത്തിന്റെ ആൾ രൂപമാണ് ക്രിസ്തു! വിശുദ്ധ പൗലോശ്ലീഹാ തിമൊത്തെയോസിനോട് പറഞ്ഞതുപോലെ, ഈ ക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസിനീയവും തികച്ചും സ്വീകാര്യവുമാണ്. (1 തിമോ 1, 15) ഈ ക്രിസ്തു തന്നെയാണ് സ്നാപകൻ പറഞ്ഞതുപോലെ ദൈവത്തിന്റെ കുഞ്ഞാടും ആത്മാവിനാൽ നിറഞ്ഞവനും, പരിശുദ്ധാത്മാവിനാൽ നമ്മെ സ്നാനം ചെയ്യുന്നവനും.

സ്നേഹമുള്ളവരേ, ക്രിസ്തുവിനെപ്പോലെ ത്യാഗത്തിന്റെ ആൾരൂപങ്ങളാകാനാണ് ഇന്നത്തെ ദൈവവചനം നമ്മെ ക്ഷണിക്കുന്നത്. ത്യാഗം മനുഷ്യജീവിതത്തിന്റെ സ്വഭാവം ആയതുകൊണ്ടാണ് ദൈവം ത്യാഗത്തിന്റെ വസ്ത്രം ധരിച്ചു ഈ ലോകത്തിലേക്കു വന്നത്. ത്യാഗമാണ്, സ്നേഹത്തിൽ കുതിർന്ന ത്യാഗമാണ് നമ്മുടെ ജീവിതത്തെ ധന്യമാക്കുന്നത്, നമ്മുടെ പ്രാർത്ഥനകളെ മൂല്യമുള്ളതാക്കുന്നത്.

കുരുക്ഷേത്രയുദ്ധം അവസാനിച്ചതിനുശേഷം യുധിഷ്ഠിര രാജാവ് ഒരു യാഗം (യജ്ഞം) ചെയ്തു. പുരോഹിതർക്കും, ദരിദ്രർക്കും ധാരാളം ദാനം ചെയ്തു. രാജാവിന്റെ ത്യാഗം കണ്ടു എല്ലാവരും അദ്ദേഹത്തെ പുകഴ്ത്തി. അവർ പറഞ്ഞു: “നമ്മുടെ ജീവിതകാലത്തു ഇതുപോലെയൊരു ത്യാഗം നമ്മൾ കണ്ടിട്ടില്ല.” ആ സമയത്തു ഒരു ചെറിയ കീരി അവിടെ പ്രത്യക്ഷപ്പെട്ടു. അവന്റെ ശരീരത്തിന്റെ പകുതി സ്വർണ നിറവും, മറ്റേ പകുതി തവിട്ടുനിറവുമായിരുന്നു. യജ്ഞം നടന്ന സ്ഥലത്തു അത് കിടന്നു ഉരുണ്ടു. എന്നിട്ടു ദുഃഖത്തോടെ വിളിച്ചുപറഞ്ഞു:”ഇത് യജ്ഞമല്ല. എന്തിനാണ് ഈ ത്യാഗത്തെ നിങ്ങൾ പ്രശംസിക്കുന്നത്? നിങ്ങൾ കപടവിശ്വാസികളും നുണയന്മാരുമാണ്.” സദസ്സിലുണ്ടായിരുന്ന രാജാക്കന്മാരും മറ്റുള്ളവരും ദേഷ്യപ്പെട്ടു. അവർ പറഞ്ഞു: “ഇത്തരമൊരു അത്ഭുത കരമായ ത്യാഗം ഞങ്ങൾ കണ്ടിട്ടില്ല. നീ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്?”

കീരി മറുപടി പറഞ്ഞു: “പ്രിയപ്പെട്ടവരേ, എന്നോട് ദേഷ്യം തോന്നരുത്. എന്റെ വാക്കുകൾ ക്ഷമയോടെ കേൾക്കുക.”

ഒരു ചെറിയ ഗ്രാമത്തിൽ ഒരു ബ്രാഹ്മണനും, അദ്ദേഹത്തിന്റെ ഭാര്യ, മകൻ, മരുമകൾ എന്നിവർ ജീവിച്ചിരുന്നു. കൊടിയ ദാരിദ്ര്യമായിരുന്നു അവർക്കു. മാസങ്ങളോളം ഒന്നും ലഭിച്ചില്ല. ഒരിക്കൽ അവർക്കു കുറച്ചു ചോറും, പയറും കിട്ടി. അവർ അത് പാകം ചെയ്തു ഭക്ഷിക്കാൻ തുടങ്ങിയപ്പോൾ, വാതിലിൽ മുട്ട് കേട്ടു. വാതിൽ തുറന്നപ്പോൾ വിശന്നു വളഞ്ഞ ഒരു അതിഥിയെ കണ്ടെത്തി. ബ്രാഹ്മണർ അയാളെ അകത്തു വിളിച്ചു ഭക്ഷണത്തിന്റെ ഒരു ഭാഗം നൽകി. പക്ഷെ അയാൾക്ക്‌ തൃപ്തിയായില്ല. ” പതിനഞ്ചു ദിവസമായി ഞാൻ പട്ടിണിയിലാണ്. കുറച്ചുകൂടി തരുമോ?” അപ്പോൾ ബ്രാഹ്മണരുടെ ഭാര്യ അവളുടെ പങ്കു അയാൾക്ക് നൽകി. വീണ്ടും അയാൾക്ക് തൃപ്തിയായില്ല. മകൻ തന്റെ പങ്കു കൊടുത്തു. വീണ്ടും തൃപ്തിയാകാഞ്ഞു മരുമകളും അവളുടെ പങ്കു കൊടുത്തു.

ഭക്ഷിച്ചു തൃപ്തിയായി അയാൾ അവരെ അനുഗ്രഹിച്ചിട്ടു അവിടെനിന്നും പോയി. ഈ നാലുപേരും പിറ്റേദിവസം പട്ടിണിമൂലം മരിച്ചു. അവിടെയുണ്ടായിരുന്ന ഞാൻ ഈ കാഴ്ച്ചകണ്ട്‌ അമ്പരന്നു. ഉടനെ അവിടെ കിടന്നിരുന്ന അല്പം ചോറുവറ്റുകളിൽ കിടന്നു ഞാൻ ഉരുണ്ടു. അപ്പോൾ ആ ത്യാഗത്തിന്റെ മഹത്വംകൊണ്ട് എന്റെ ശരീരത്തിന്റെ ഒരു ഭാഗം സ്വർണ നിറമായി. മറ്റേഭാഗവും സ്വർണ നിറമാക്കുവാൻ അതുപോലെയൊരു യജ്ഞത്തിനായി ഞാൻ അലയുകയാണ്. ഇതുവരെ കണ്ടെത്തിയില്ല. ഇവിടെ വന്നും യജ്ഞസ്ഥലത്തു കിടന്നു ഞാൻ ഉരുണ്ടു. ഒന്ന് സംഭവിച്ചില്ല. ധാരാളിത്തത്തിൽ എവിടെയാണ് ത്യാഗം?” ഇതുകേട്ട് യുധിഷ്ഠിര രാജാവും, മറ്റുള്ളവരും ലജ്ജിച്ചു തലതാഴ്ത്തി.

ത്യാഗമാണ് നമ്മുടെ ജീവിതത്തെയും, ജീവിത പ്രവർത്തനങ്ങളെയും മഹത്വമുള്ളതാക്കുന്നത്, ദൈവികമാക്കുന്നത്. നമ്മുടെ കുടുംബമാകുന്ന അൾത്താരകളിൽ, ക്രിസ്തുവിന്റെ  വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്ന ബലിപീഠങ്ങളിൽ നിഷ്കളങ്കരായ ഏതെങ്കിലും മനുഷ്യർ ദൈവാനുഗ്രഹത്തിനായി കിടന്നുരുളുന്നുണ്ടാകുമോ, ആവോ? അവരുടെ ജീവിതങ്ങൾ സ്വർണ നിറമാകുന്നുണ്ടോ, അതോ, പൊടിപിടിക്കുന്നുണ്ടോ, ആവോ?

ഉത്തമമായ ത്യാഗജീവിതത്തിന് ഉദാഹരണങ്ങൾതേടി എങ്ങോട്ടും പോകേണ്ട. നമ്മുടെ കുടുംബത്തിൽ തന്നെയുണ്ട് ത്യാഗത്തിന്റെ മാതൃകകൾ! മാതാപിതാക്കൾ ഈ ലോകത്തിൽ ത്യാഗത്തിന്റെ ആൾ രൂപങ്ങളാണ്. കുടുംബത്തിനുവേണ്ടി, മക്കൾക്കുവേണ്ടി, അവർ സ്വയം ഇല്ലാതാകുകയാണ്. ഗർഭകാലത്തിലൂടെ കടന്നു ഒരമ്മ തന്റെ കുഞ്ഞിന് ജന്മം നൽകുന്ന അവസ്ഥ ത്യാഗത്തിന്റെ ഉന്നത രൂപമാണ്. പ്രകൃതിയിലെ വൃക്ഷങ്ങളും ത്യാഗത്തിന്റെ സൗന്ദര്യമാണ് പ്രഘോഷിക്കുന്നത്‌. മറ്റുള്ളവർക്കുവേണ്ടിയല്ലേ, വെയിലുദിക്കുന്നതും, മഴപെയ്യുന്നതും? ചന്ദ്രൻ നിലാവ് പൊഴിക്കുന്നത്? മരങ്ങൾ പുഷ്പിക്കുന്നത്? മൃഗങ്ങൾ പാല് തരുന്നത്? എല്ലാം ത്യാഗത്തിന്റെ പ്രതിഫലനങ്ങളാണ്!

ക്രിസ്തു, ലോകത്തിന്റെ കുഞ്ഞാട് എന്നതിന്റെ ആന്തരാർത്ഥം മനസ്സിലാക്കുവാനും ത്യാഗം നിറഞ്ഞ ക്രൈസ്തവ ജീവിതം നയിക്കുവാനും നാം ശ്രമിക്കണം.

ഇന്നത്തെ സാമൂഹ്യ സമ്പർക്കമാധ്യമങ്ങൾ നൽകുന്ന സന്ദേശം ഇതിനു കടകവിരുദ്ധമാണ്. അവർ പറയുന്നത്: മറ്റുള്ളവർക്കുവേണ്ടി, സ്വന്തം താത്പര്യങ്ങൾ മാറ്റിവച്ചു ത്യാഗപൂർവം ജീവിക്കുന്നവർ വിഡ്ഢികളാണ്” എന്നാണ്‌. ഇന്നത്തെ ലോകം അവരെ വിളിക്കുന്നത്, ‘ജീവിക്കാതെ മരിക്കുന്നവർ’ എന്നാണ്‌. ശരിയാകാം. മക്കൾക്കുവേണ്ടിമാത്രം ജീവിക്കുന്ന എത്രയോ മാതാപിതാക്കൾ പെരുവഴിയിലാകുന്നു? എത്രയോ പേരുടെ ജീവിതങ്ങൾ നരകതുല്യമാകുന്നു? മറ്റുള്ളവർക്കായി ത്യാഗം ചെയ്യുന്നവരെ ഒട്ടും പരിഗണിക്കാത്തവരുമുണ്ട്. പക്ഷേ, അത് ജീവിതത്തിന്റെ യഥാർത്ഥ ചിത്രമല്ല. ത്യാഗമാണ് നമ്മുടെ ജീവിതത്തെ മനോഹരമാക്കുന്നത് എന്ന്, ത്യാഗമാണ് നമ്മുടെ ജീവിതത്തെ ദൈവികമാക്കുന്നത്‌ എന്ന്, ത്യാഗമാണ് നമ്മുടെ യഥാർത്ഥ സ്വഭാവമെന്ന്‌ ഈ ലോകം നമ്മിലൂടെ, ക്രൈസ്തവരിലൂടെ അറിയണം.

സമാപനം  

സ്നേഹമുള്ളവരേ, നമ്മുടെ ക്രൈസ്തവ ജീവിതം ബലിയർപ്പിക്കപ്പെടുന്ന കുഞ്ഞാടിന്റെതുപോലെ ത്യാഗനിർഭരമായിരിക്കുവാൻ നമുക്ക് ശ്രമിക്കാം. ഓരോ വിശുദ്ധ കുർബാനയും നമ്മോടു പറയുന്നത് വിശുദ്ധ കുർബാന ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിന്റെ ത്യാഗത്തിന്റെ ആഘോഷമാണ് എന്നാണ്‌.

ഇന്നത്തെ വിശുദ്ധ കുർബാനയിൽ

ഭക്തിപൂർവ്വം പങ്കെടുത്തു ത്യാഗത്തിന്റെ ക്രൈസ്തവജീവിതത്തിലേക്കു കൂടുതൽ കരുത്തോടെ നമുക്ക് നടന്നു പോകാം.

SUNDAY SERMON JN 1, 14-18

ദനഹാക്കാലം രണ്ടാം ഞായർ

യോഹന്നാൻ 1, 14-18

പ്രധാന ആശയം

ദൈവം വചനമാണ്; വചനം ദൈവമാണ്. വചനമാകുന്ന ദൈവം മനുഷ്യരൂപമെടുത്ത് ഭൂമിയിൽ വന്നു. എന്തിന്? മനുഷ്യനെ രക്ഷിക്കുവാൻ. ആ വചനത്തിന്റെ പേരാണ്, രക്ഷയുടെ പേരാണ് ക്രിസ്തു. മിശിഹായായ ക്രിസ്തു വഴിയാണ് മനുഷ്യകുലത്തിന് ദൈവത്തിന്റെ കൃപ ലഭിക്കുന്നത്. വചനമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. ദനഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ച വചനത്തിലൂടെയുള്ള ദൈവിക വെളിപാടാണ് ചിന്താവിഷയം.

പശ്ചാത്തലം

പാശ്ചാത്യ ലോകത്തിൽ ഗ്രീക്ക് തത്വചിന്തയിലാണ് വചനത്തിന് ദൈവികപരിവേഷം ലഭിച്ചതായി നാം കാണുന്നത്. ഒരു പ്രാപഞ്ചിക ദൈവിക തത്വമായിട്ടാണ് (Universal Divine Principle) ഗ്രീക്കുകാർ വചനത്തെ മനസ്സിലാക്കിയിരുന്നത്. ഗ്രീക്ക് ഭാഷയിൽ ലോഗോസ് (Logos) ആണ് വചനം. ഗ്രീക്ക് തത്വചിന്തകനായ ഹെറാക്ളീറ്റസ് (Heraclitus) ആണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. അദ്ദേഹം Logos നെ യുക്തിപരമായ ദൈവിക ബുദ്ധിശക്തി (Rational Divine Intelligence), ദൈവത്തിന്റെ മനസ്സ് (Mind of God), ദൈവത്തിന്റെ ജ്ഞാനം (Wisdom of God’s Will) എന്നങ്ങനെയാണ് കണ്ടത്. Logos ലൂടെയാണ്, logos കാരണമാണ് സർവ്വതും ഈ ലോകത്തിൽ ഉണ്ടായത് എന്നതായിരുന്നു ഹെരാക്ലിറ്റസിന്റെ ചിന്ത.

വിശുദ്ധ ബൈബിളിലും, ദൈവത്തിന്റെ മനസ്സിന്റെ ഉണ്ടാകട്ടെ എന്ന വചനത്തിലൂടെയാണ്, വാക്കിലൂടെയാണ് പ്രപഞ്ചം ഉണ്ടാകുന്നത്. ഉത്പത്തി പുസ്തകത്തിന്റെ ആദ്യ ഭാഗംതന്നെ പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ചുള്ള വിവരണമാണ്. പൗരസ്ത്യ ചിന്തയിൽ വാക്ക് ബ്രഹ്മമാണ്. ശബ്ദത്തിലൂടെയാണ്, വചനത്തിലൂടെയാണ് സർവ്വതുമുണ്ടായതെന്ന് ഭാരതീയ ഭാഷാ പണ്ഡിതനായ ഭർതൃഹരി (Barthrhari) തന്റെ വാക്യപദീയം (വാക്യപദീയം) എന്ന പുസ്തകത്തിലൂടെ പറയുന്നുണ്ട്.   

വിശുദ്ധ യോഹന്നാൻ ഗ്രീക്ക് ക്രൈസ്തവർക്കായി സുവിശേഷം അറിയിച്ചപ്പോൾ ഗ്രീക്ക് ചിന്തയിലെ Logos എന്ന ദൈവിക തത്വത്തെ ദൈവമായി അവതരിപ്പിച്ചു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആരംഭിക്കുന്നതുതന്നെ ഈ ചിന്ത പങ്കുവച്ചുകൊണ്ടാണ്. ” ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു…സമസ്തവും അവനിലൂടെയുണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല.” (1, 1-2)   ഗ്രീക്കുകാരുടെ ചിന്തയ്ക്കും ജീവിതത്തിനും തത്വശാസ്ത്രത്തിന്റെ പിൻബലമുണ്ടായിരുന്നു, അവരുടെ സാധാരണജീവിതംപോലും സോക്രട്ടീസിന്റെയും (Socrates), പ്ലേറ്റോയുടെയും (Plato) ഒക്കെ ചിന്തകൾകൊണ്ട് മിനുസപ്പെടുത്തിയതായിരുന്നു. അതുകൊണ്ട്, LOGOS, വചനം അവർക്ക് എല്ലാമായിരുന്നു. വിശുദ്ധ യോഹന്നാൻ ആദിയിൽ വചനമുണ്ടായിരുന്നു, വചനം ദൈവമായിരുന്നു വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു, ആ വചനം ക്രിസ്തുവാണ് എന്ന് പറഞ്ഞപ്പോൾ അവർക്കത് പുതിയവെളിച്ചമായി മാറി.

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷഭാഗം യഥാർത്ഥത്തിൽ ദൈവം മനുഷ്യനായി അവതരിച്ചതിന്റെ, ദൈവം മനുഷ്യനായി തന്നെത്തന്നെ വെളിപ്പെടുത്തിയതിന്റെ വിവരണമാണ്. വിശുദ്ധ മത്തായിയെപ്പോലെയോ, വിശുദ്ധ ലൂക്കായെപ്പോലെയോ നീണ്ട വിവരണങ്ങളൊന്നും ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് വിശുദ്ധ യോഹന്നാൻ നൽകുന്നില്ല. മറിച്ച്, വളരെ മനോഹരമായ, കാച്ചിക്കുറുക്കിയ പരുവത്തിൽ വിശുദ്ധ യോഹന്നാൻ ക്രിസ്തുവിന്റെ ജനനം അവതരിപ്പിക്കുകയാണ് – വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. അവന്റെ മഹത്വം നമ്മൾ ദർശിച്ചുകൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റെതുമായ മഹത്വം.“ ശരിയാണ്, കഥകളിലൂടെ, സംഭവങ്ങളിലൂടെ ഒരു കാര്യം അവതരിപ്പിക്കുമ്പോൾ, അത് കേൾക്കാനും, വായിക്കാനും നമുക്കൊക്കെ എളുപ്പമാണ്, ഇഷ്ടവുമാണ്. എന്നാൽ, ഇത്ര ആഴമായി, അല്പം ഫിലോസോഫിക്കലായി അവതരിപ്പിക്കുമ്പോൾ, നമുക്കത് മനസ്സിലാക്കാൻ പ്രയാസമുണ്ട്. എങ്കിലും, അതിന്റെ സൗന്ദര്യം നമ്മെ ആകർഷിക്കും. ഇങ്ങനെയല്ലാതെ മറ്റൊരു രീതിയിൽ അത്ഭുതകരമായ ഈ രഹസ്യം അവതരിപ്പിക്കുവാൻ വിശുദ്ധ യോഹന്നാന് സാധിച്ചില്ല എന്നതാണ് യാഥാർഥ്യം.!

വിശുദ്ധ യോഹന്നാൻ നമ്മോട് പറയുവാൻ ആഗ്രഹിക്കുന്നത് ഇതാണ്: സ്നേഹിതരേ, വചനമായ ക്രിസ്തുവാണ് നിങ്ങളുടെ രക്ഷകൻ! ക്രിസ്തുവിലൂടെയാണ് കൃപയ്ക്കുമേൽ കൃപ നിങ്ങൾ സ്വീകരിക്കുന്നത്. വചനത്തിലൂടെയാണ് നിങ്ങളുടെ ജീവിതത്തിലേക്ക് കൃപ ഒഴുകിയെത്തുന്നത്. വചനമായ യേശുക്രിസ്തുവിലൂടെയാണ് നിങ്ങൾക്ക് കൃപയും സത്യവും ലഭിക്കുന്നത്. അതുകൊണ്ട്, വചനം വെറുമൊരു കളിപ്പാട്ടമല്ല. വെറുതെ അർഥം മാത്രം കൈമാറാനുള്ള, വിവരങ്ങൾ കൈമാറാനുള്ള ഒരു ഉപാധി മാത്രമല്ല വചനം, വാക്ക്, ശബ്ദം.. വചനം ദൈവമാണ്; വാക്ക് ദൈവമാണ്; ശബ്ദം ദൈവമാണ്. വചനം നമുക്ക് ക്രിസ്തുവാണ്. വചനത്തിലൂടെയാണ് നമുക്ക് കൃപ ലഭിക്കുന്നതും.

സന്ദേശം

നാം സംസാരിക്കുന്ന, ഉപയോഗിക്കുന്ന വാക്കുകൾ ദൈവ കൃപയുടെ നിറകുടങ്ങളാണ്. ദൈവം, ജ്ഞാനം, ദൈവകൃപ, ദൈവത്തിന്റെ അനുഗ്രഹങ്ങൾ സർവ്വതും നമ്മിലേക്ക് വരുന്നത് നാം ഉപയോഗിക്കുന്ന വാക്കുകളിലൂടെയാണ്. വാക്കുകൾ അത്രയ്ക്കും പരിശുദ്ധമാണ്. ഭാഷ തന്നെ വലിയൊരു രഹസ്യമാണ്. എങ്ങനെയാണ് വാക്കുകൾ നമ്മുടെ ഉള്ളിൽ രൂപപ്പെടുന്നത്, എങ്ങനെയാണ് വാക്കുകൾ നമ്മിൽ നിന്നും പുറപ്പെടുന്നത്, എങ്ങനെയാണ് നാമത് ഉച്ചരിക്കുന്നത്, എങ്ങനെയാണ് നാം ഉദ്ദേശിക്കുന്ന കാര്യങ്ങൾ വാക്കുകളിലൂടെ മറ്റുള്ളവർ മനസ്സിലാക്കുന്നത് … ഇതെല്ലാം – ധാരാളം സിദ്ധാന്തങ്ങളും, വ്യാഖ്യാനങ്ങളും ഇവയെപ്പറ്റി ഉണ്ടെങ്കിലും – ഇന്നും വലിയൊരു രഹസ്യം തന്നെയാണ്. എന്തുതന്നെയായാലും, വാക്കുകൾ ദൈവകൃപയുടെ വാഹകരാണ്.

അപ്പോൾ, ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദേശം നാം ഉപയോഗിക്കുന്ന വാക്കുകളെക്കുറിച്ച് ബോധമുള്ളവരാകുക എന്നതാണ്.

ഒരു സ്ത്രീ ഒരുദിവസം എത്ര വാക്കുകൾ ഉച്ചരിക്കുന്നുണ്ട്? ശാസ്ത്രീയമായി പറയുന്നത്, മുപ്പതിനായിരം വാക്കുകൾ. ഒരു പുരുഷനോ? പതിനയ്യായിരം വാക്കുകൾ. യുവജനങ്ങളും കുട്ടികളുമൊക്കെ ഏകദേശം ഇരുപത്തിയൊന്നായിരം വാക്കുകൾ ഉച്ചരിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഈ വാക്കുകളൊക്കെ ദൈവകൃപയുടെ ചാലുകളാണ് എന്നാണ് ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത്. നാം ഉപയോഗിക്കുന്ന നല്ല വാക്കുകകൾ, വചനങ്ങൾ നമ്മുടെ തലച്ചോറിനെ നന്മയിലേക്ക് ഉദ്ദീപിപ്പിക്കുകയും, ഹൃദയം വികസിക്കുകയും, നാം ഉപയോഗിക്കുന്ന ചീത്ത വാക്കുകൾ നമ്മിൽ തിന്മയുടെ ശക്തിയെ ക്ഷണിച്ചു വരുത്തുകയും ചെയ്യും. കാരണം, വാക്കുകൾ ശക്തിയുള്ളതാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു, ഇഷ്ടപ്പെടുന്നു എന്ന് പറയുമ്പോൾ കേൾക്കുന്നയാൾക്കും, പറയുന്ന ആൾക്കുമുണ്ടാകുന്ന മാറ്റങ്ങൾ, ഞാൻ നിന്നെ വെറുക്കുന്നു, നിന്നെ എനിക്ക് ഇഷ്ടമല്ല എന്ന് പറയുമ്പോഴും സംഭവിക്കുന്നുണ്ട്. ഒന്ന്, നല്ലതാണെങ്കിൽ, മറ്റേത് തിന്മയാണ് ഉണ്ടാക്കുന്നത്. വചനം എന്നും എപ്പോഴും നല്ലതാണെങ്കിലും അത് ഉച്ചരിക്കുന്ന ആളുടെ ദുഷ്ട മനോഭാവവും, ചീത്ത മനസ്സും ആ വചനത്തെ വിഷലിപ്തമാക്കുന്നു. വചനത്തിലെ ദൈവകൃപ ഉപയോഗ്യശൂന്യമാകുന്നു. നല്ല വൃത്തിയായ ഒരു പാത്രത്തിലേക്ക് ശുദ്ധമായ പാൽ ഒഴിക്കുക. പാത്രത്തിലെ പാൽ ശുദ്ധമായിത്തന്നെ ഇരിക്കും. എന്നാൽ, വൃത്തിയില്ലാത്ത ഒരു പാത്രത്തിലേക്ക് ശുദ്ധമായ പാൽ ഒഴിക്കൂ …ആ ശുദ്ധമായ പാൽ ചീത്തയാകും.    

വിവരണം

1. ഒരു ക്രൈസ്തവ കുടുംബം. കുടുംബപ്രാർത്ഥനയൊക്കെ ഉണ്ടെങ്കിലും, രാത്രികളിൽ ഭാര്യയും, ഭർത്താവും തമ്മിലുള്ള വഴക്കിന് ഒരു പഞ്ഞവുമില്ല. അവർ തമ്മിൽ വഴക്കിടും എന്ന് മാത്രമല്ല, അവർ പരസ്പരം പറയുന്നത് പുഴുത്ത തെറിയാണ്. മുറ്റത്ത് നിന്നാണ് ഈ വികൃതികൾ നടക്കുന്നത്. അവസാനം ചേട്ടൻ ഉച്ചത്തിൽ ഒരു കലക്കുകലക്കും. “അകത്തേക്ക് കേറിപ്പോടീ  പിശാചേ” എന്ന്. അപ്പോൾ തന്നെ ചേടത്തി അകത്തേക്ക് കയറും. എന്നാൽ, യഥാർത്ഥത്തിൽ അകത്തേക്ക് കയറിയത് അദ്ദേഹത്തിന്റെ ഭാര്യയാണോ? അദ്ദേഹം ആഗ്രഹിച്ചതുപോലെ, പറഞ്ഞതുപോലെ പിശാചാണ് അകത്തേക്ക് കയറിയത്. നമ്മുടെ വാക്കുകളെ നാം സൂക്ഷിച്ച് ഉപയോഗിക്കണം. കാരണം, വചനം ശക്തിയുള്ളതാണ്. 

2. ഒരു കുടുംബം. കുടുംബനാഥനും, കുടുംബനാഥയും മക്കളും തമ്മിൽ മിക്കപ്പോഴും വഴക്കാണ്. മാത്രമല്ല, അവരുപയോഗിക്കുന്ന വാക്കുകൾ കേട്ട്, നാട്ടുകാർ പോലും ചെവിപൊത്തും. ചന്തയിൽ ഉപയോഗിക്കുന്ന വാക്കുകളേക്കാൾ ചീത്തവാക്കുകളാണ് അവർ ഉപയോഗിച്ചിരുന്നത്. ആ വീട്ടിലെ മകന് വിവാഹം നടക്കാത്തതുകൊണ്ട് വീട്ടിൽ ചെന്ന് പ്രാർത്ഥിക്കാമെന്ന് കരുതി അവിടേയ്ക്ക് കടന്നുചെന്നപ്പോൾ, അവരോട് സംസാരിച്ചപ്പോൾ, എനിക്ക് മനസ്സിലായി, അവരിലൂടെ, അവരുടെ വാക്കുകളിലൂടെ ദൈവത്തിന്റെ കൃപയല്ല ആ കുടുംബത്തിലേക്ക് ഒഴുകുന്നത് എന്ന്. ഒരു ധ്യാനത്തിലൂടെ, മാനസാന്തരത്തിലൂടെ ആ കുടുംബം കടന്നുപോയി. ഇന്ന് അവരിലൂടെ, അവരുടെ വാക്കുകളിലൂടെ ക്രിസ്തു, ക്രിസ്തുവിന്റെ കൃപ അവരിലേക്ക്, അവരുടെ കുടുംബത്തിലേക്ക് ഒഴുകുകയാണ്. രണ്ട് ആണ്മക്കളുടെ വിവാഹം കഴിഞ്ഞു; ഒരു മകൾക്ക് വിദേശത്ത് ജോലി ശരിയായി. ഇന്ന് അവരുടെ വാക്കുകൾ ദൈവകൃപയുടെ വാഹകരാണ്. നമ്മുടെ അധരങ്ങളിൽ ദൈവവചനം, ക്രിസ്തു നിറഞ്ഞു നിൽക്കുകയാണെങ്കിൽ, നമ്മുടെ ജീവിതവും, കുടുംബവും എല്ലാം ക്രിസ്തുവിന്റെ കൃപയാൽ നിറയും.

സമാപനം

സ്നേഹമുള്ളവരേ, സുഭാഷിതങ്ങളുടെ പുസ്തകം പറയുന്നു:”നീതിമാന്മാരുടെ ആധാരം ജീവന്റെ ഉറവയാണ്; ദുഷ്ടന്മാരുടേതോ അക്രമത്തെ മൂടിവയ്ക്കുന്നു.” (10, 11) വിശുദ്ധ പൗലോശ്ലീഹാ കൊളോസോസുകാരോട് പറയുന്നത് ‘അവരുടെ സംസാരം ഇപ്പോഴും കരുണാമസൃണവും, ഹൃദ്യവുമായിരിക്കട്ടെ എന്നാണ്. (4, 6) എഫേസോസുകാരോടും ശ്ലീഹ പറയുന്നത് വാക്കിനെ സൂക്ഷിക്കുക എന്ന് തന്നെയാണ്. “നിങ്ങളുടെ അധരങ്ങളിൽ നിന്ന് തിന്മയുടെ വാക്കുകൾ പുറപ്പെടാതിരിക്കട്ടെ. വചനം മാംസമായി നമ്മിലൂടെ ക്രിസ്തു ജനിക്കുവാൻ, ക്രിസ്തു വെളിപ്പെടുവാൻ നാം നമ്മുടെ വാക്കുകളെ, സംസാരത്തെ വിശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കുടുംബങ്ങളിൽ ചീത്തവാക്കുകൾ മുഴങ്ങാതിരിക്കട്ടെ. നമ്മിൽ നിന്ന് ചീത്ത വാക്കുകൾ പുറപ്പെടാതിരിക്കട്ടെ. നീതിമാൻറെമേലും, നീതിരഹിതന്റെമേലും ഒരുപോലെ ഒഴുകുന്ന ദൈവകൃപ മലിനമാക്കാതിരിക്കുവാൻ, വിഷലിപ്‌തമാക്കാതിരിക്കുവാൻ നമുക്ക് ശ്രമിക്കാം.

നമ്മുടെ ജീവിതങ്ങളെ നോക്കി, മറ്റുള്ളവർക്ക് പറയുവാൻ കഴിയണം, വചനം മാംസമായ, ക്രിസ്തുവായ ജീവിതങ്ങളെന്ന്. ആമേൻ! 

SUNDAY SERMON LK 4, 16-22

ദനഹാക്കാലം ഒന്നാം ഞായർ

ലൂക്ക 4, 16-22

Cheers to 2025!

സ്നേഹപൂർവ്വം നന്മനിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു!

2025 നിങ്ങളെ, നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് അടുപ്പിക്കുകയും, നിങ്ങളുടെ ദിവസങ്ങളെ സന്തോഷവും വിജയവുംകൊണ്ട് നിറയ്ക്കുകയും ചെയ്യട്ടെ.

ഇങ്ങനെ, Whatapp ലൂടെയും, നേരിട്ടും നവവത്സരമംഗളങ്ങളോടെ നമ്മൾ, ദൈവാനുഗ്രഹത്താൽ, 2025 ലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എല്ലാവർക്കും പുതുവത്സരാശംസകൾ സ്നേഹപൂർവ്വം നേരുന്നു!

2025 ന്റെ ആദ്യഞായറാഴ്ചയാണിന്ന്. സീറോ മലബാർ സഭയുടെ ആരാധനാക്രമ കലണ്ടർ അനുസരിച്ച് ഈ ഞായറാഴ്ച്ച നാം ദനഹാക്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഉദയം, പ്രത്യക്ഷവത്കരണം, ആവിഷ്കാരം, വെളിപാട് എന്നൊക്കെയാണ് “ദനഹാ” എന്ന വാക്കിന്റെ അർത്ഥം. ജനുവരി ആറാം തീയതിയാണ് കത്തോലിക്കാ സഭയിൽ ദനഹാതിരുനാൾ ആഘോഷിക്കുന്നത്. എന്നാൽ, 24 വ്യക്തിഗത സഭകളുടെ കൂട്ടായ്മയായ കത്തോലിക്കാ സഭയിൽ, ഈശോയുടെ വെളിപ്പെടുത്തൽ ആഘോഷിക്കുന്നതിന് വ്യത്യസ്ത ഭാവങ്ങളുണ്ട്. ഉദാഹരണത്തിന്, ലത്തീൻ സഭയിൽ പൂജ്യരാജാക്കന്മാർ ഈശോയെ സന്ദർശിക്കുന്നു എന്ന സംഭവത്തെ ആസ്പദമാക്കിയാണ് ഈശോയുടെ വെളിപ്പെടുത്തൽ ആഘോഷിക്കുന്നത് – മൂന്ന് രാജാക്കന്മാർ ലോകത്തെ മുഴുവനും പ്രതിനിധീകരിക്കുകയും,അവർ വന്ന് രാജാധിരാജനായ ക്രിസ്തുവിനെ ആരാധിക്കുകയും, സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. കത്തോലിക്കാ സഭയിലെ മറ്റൊരു വ്യക്തിഗത സഭയായ സീറോ മലബാർ സഭ ഈശോയുടെ മാമ്മോദീസായെ ആസ്പദമാക്കിയാണ് ഈശോയുടെ വെളിപ്പെടുത്തൽ, ദനഹാ ആഘോഷിക്കുന്നത്. ഇത് അനൈക്യത്തിന്റെ ലക്ഷണമല്ല. ഇത്, പാശ്ചാത്യ, പൗരസ്ത്യ വീക്ഷണത്തിലുള്ള (perspective), ആശയങ്ങൾ മനസ്സിലാക്കുന്നതിലുള്ള വ്യത്യാസം കൊണ്ടാണ്.

സീറോ മലബാർ സഭയുടെ ആരാധനാക്രമ ദൈവശാസ്ത്രമനുസരിച്ച് (Liturgical Theology), മനുഷ്യാവതാരത്തിലൂടെ ദൈവം ഈ ലോകത്തിൽ ആഗതനായെങ്കിലും, അവിടുത്തെ പ്രത്യക്ഷവത്കരണം ആരംഭിക്കുന്നത് യോർദ്ദാൻ നദിയിൽ സ്നാപകയോഹന്നാനിൽ നിന്ന് മാമ്മോദ്ദീസ സ്വീകരിക്കുന്നതിലൂടെയാണ്.  പൗരസ്ത്യ ആധ്യാത്മികത (Eastern Spirituality) എപ്പോഴും ദൈവിക കാര്യങ്ങളിൽ വലിയൊരു രഹസ്യാത്മകത (Mystical) കാത്തുസൂക്ഷിക്കുന്നുണ്ട്. ഈശോയുടെ മാമ്മോദീസയിൽ അതുണ്ട്. സ്വർഗം തുറക്കപ്പെടുന്നു, പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ വരുന്നു, സ്വർഗത്തിൽ നിന്ന് ഒരു സ്വരമുണ്ടാകുന്നു. ഇതെല്ലം സാധാരണ കാര്യങ്ങളല്ല. സ്വർഗത്തിന്റേതാണ് അവ; ദൈവത്തിന്റേതാണ് അവ. അതിൽ രഹസ്യാത്മകത ഉണ്ടാകണമല്ലോ. അതുകൊണ്ടാണ് പൗരസ്ത്യ സഭയായ സീറോ മലബാർ സഭ ഈശോയുടെ മാമ്മോദീസ ദനഹതിരുനാളായി സ്വീകരിച്ചിരിക്കുന്നത്. അപ്പോൾ ഒരു സംശയം! പിന്നെ, എന്തുകൊണ്ടാണ് ഈ ഞായറാഴ്ച്ച, ദനഹാ ഒന്നാം ഞായറിൽ മറ്റൊരു സുവിശേഷ ഭാഗം? ഉത്തരമിതാണ്. ഈശോ സ്വയം ലോകത്തിന് വെളിപ്പെടുത്തുകയും, പിതാവും, പരിശുദ്ധാത്മാവും അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന ദനഹാത്തിരുനാൾ ജനുവരി ആറാം തീയതിയാണ് നാം ആഘോഷിക്കുന്നതെങ്കിലും, ‘ക്രിസ്തു തന്നെത്തന്നെ ഈ ലോകത്തിന് വെളിപ്പെടുത്തുന്നു’ എന്ന സന്ദേശം ഈ ഞായറാഴ്ച മുതൽ സഭ പ്രഘോഷിക്കുകയാണ്.  

ജനുവരി ആറാം തീയതി ആഘോഷിക്കുന്ന കർത്താവിന്റെ ദനഹാതിരുനാൾ കേരളത്തിന്റെ വടക്കൻഭാഗങ്ങളിൽ പിണ്ടികുത്തിത്തിരുനാളെന്നും, തെക്കൻഭാഗങ്ങളിൽ രാക്കുളിതിരുനാളെന്നും അറിയപ്പെടുന്നു. ലോകത്തിന്റെ പ്രകാശമായ മിശിഹായെ (യോഹ 8, 12) ബഹുമാനിക്കുന്നതിനും സ്തുതിക്കുന്നതിനും, വാഴപ്പിണ്ടിയിൽ പന്തംകൊളുത്തി അതിന് ചുറ്റും പ്രദക്ഷിണം വച്ചുകൊണ്ട് ദൈവം പ്രകാശമാകുന്നു എന്ന് ആർത്തുവിളിക്കുന്ന പതിവിൽ നിന്നാണ് പിണ്ടികുത്തിത്തിരുനാൾ രൂപപ്പെട്ടത്. ഈശോയുടെ മാമ്മോദീസായെ സ്മരിച്ചുകൊണ്ട് ഈ തിരുനാളിന്റെ തലേദിവസം അടുത്തുള്ള നദിയിലോ, കുളത്തിലോ പോയി നമ്മുടെ പൂർവികർ നടത്തിയിരുന്ന ആചരക്കുളിയിൽ നിന്നാണ് രാക്കുളി എന്നപേര് തിരുനാളിന് ലഭിച്ചത്.  

നാളെ, ജനുവരി ആറിന് നാം ആചരിക്കുന്ന ദനഹാതിരുനാളിൽ മുഖ്യമായും ഈശോയുടെ മാമ്മോദീസായെയാണ് നമ്മൾ അനുസ്മരിക്കുന്നത്. യോഹന്നാനിൽ നിന്നും ഈശോ മാമ്മോദീസാ സ്വീകരിച്ച വേളയിൽ സ്വർഗം തുറക്കപ്പെടുകയും, പിതാവും പുത്രനും പരിശുദ്ധാത്മാവും, മാനവകുലത്തിന് വെളിപ്പെടുകയും, ചെയ്തു. ക്രിസ്തീയ മാമ്മോദീസായെന്നത് ഈശോയുടെ മരണത്തിലും ഉത്ഥാനത്തിലുമുള്ള പങ്കുചേരലാണെന്ന് (റോമാ 6, 3) ദനഹാതിരുനാൾ നമ്മെ ഓർമിപ്പിക്കുന്നു. ദനഹാക്കാലത്തിന്റെ സന്ദേശം ഇതാണ്: ഓരോ ക്രൈസ്തവനും, തിരുസ്സഭയോട് ചേർന്ന് ചിന്തയിലും, വാക്കിലും പ്രവർത്തിയിലും ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുക! ഇതാണ് ക്രൈസ്തവവരുടെ കടമയും, ദൗത്യവും!

മൂന്നാം അധ്യായത്തിലാണ് ഈശോയുടെ മാമ്മോദീസ ലൂക്കാ സുവിശേഷകൻ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, നാലാം അദ്ധ്യായത്തിൽ, വീണ്ടും, ജനങ്ങളുടെ മുൻപാകെ, രാജകീയ പ്രതാപത്തോടെ, പ്രവാചക ശബ്ദത്തോടെ, പുരോഹിതന്റെ മഹത്വത്തോടെ ഈശോയെ ലൂക്കാ സുവിശേഷകൻ വെളിപ്പെടുത്തുന്നു.  വളരെ നാടകീയമായും, തികഞ്ഞ സൗന്ദര്യത്തോടുംകൂടിയാണ് അദ്ദേഹം ഈ രംഗം അവതരിപ്പിച്ചിരിക്കുന്നത്. താൻ പിച്ചവച്ചു നടന്ന, കൂട്ടുകാരോടൊത്ത് കളിച്ചു നടന്ന സ്ഥലമായ നസ്രത്തിൽ ഈശോ, പൗരുഷ്യമുള്ള, അരോഗദൃഢഗാത്രനായ ചെറുപ്പക്കാരൻ സിനഗോഗിലേക്ക് പ്രവേശിക്കുകയാണ്. ഇത് ആദ്യമായിട്ടൊന്നും ആയിരിക്കില്ല ഈശോ അവിടേക്ക് പ്രവേശിക്കുന്നത്. എല്ലാർക്കും പരിചിതനാണ് ഈശോ. കാരണം, ഈശോ വായിക്കുവാൻ എഴുന്നേറ്റപ്പോൾ, ദൈവാലയ ശുശ്രൂഷകൻ അവന് പുസ്തകം നല്കുകയാണ്. എന്നാൽ, ആ ദിനത്തിന് എന്തോ പ്രത്യേകതയുള്ളതുപോലെ, ജനങ്ങൾക്ക് മാത്രമല്ല സിനഗോഗിലെ കല്ലുകൾക്കുപോലും തോന്നി. സ്വർഗീയ മഹത്വം അവിടെ നിറഞ്ഞു നിൽക്കുന്നതുപോലെ…അന്തരീക്ഷത്തിന് തന്നെ ഒരു മാറ്റം. മാലാഖമാർ വചനപീഠത്തിന് ചുറ്റും നിൽക്കുന്നതുപോലെ ജനങ്ങൾക്ക് തോന്നി. അത്രമാത്രം സ്വർഗീയമായിരുന്നു അവിടം. മുഖത്തു നിറഞ്ഞു നിൽക്കുന്ന പുഞ്ചിരിയോടെ ഈശോ വായിക്കുവാൻ ആരംഭിച്ചു. “കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്.” കൂടിയിരുന്നവർ പതിയെപ്പറഞ്ഞു: ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നാണല്ലോ വായന..” ഈശോ തുടരുകയാണ്. ജനം ഒന്നടങ്കം ശ്വാസമടക്കിപ്പിടിച്ച് അത് മുഴുവൻ കേട്ടു. എല്ലാവരും വിസ്മയത്തോടെ അവനെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ഈശോയാകട്ടെ, അവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് പറഞ്ഞു:

“നിങ്ങൾ കേൾക്കെത്തന്നെ ഈ തിരുവെഴുത്ത് നിറവേറിയിരിക്കുന്നു.” ഈശോയുടെ ദനഹായാണ്, ദൈവിക വെളിപ്പെടുത്തലാണ് ലൂക്കാ സുവിശേഷകൻ വളരെ മനോഹരമായി ഇവിടെ കുറിച്ച് വച്ചിരിക്കുന്നത്.

എണ്ണിത്തീർക്കാനാവാത്ത ജീവിത നിരീക്ഷണങ്ങളിലൊന്ന് ഈ പ്രപഞ്ചം മുഴുവനും, നമ്മുടെ സാധാരണ ജീവിതം മുഴുവനും ദൈവത്തിന്റെ വെളിപ്പെടുത്തലുകളാണ് എന്നാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ കാനായിലെ അത്ഭുതം പോലെ ഒന്ന് നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിലും സംഭവിക്കുന്നുണ്ട്. കാനായിലെ കല്യാണവിരുന്നിലെ വെള്ളം വീഞ്ഞാക്കിയ അത്ഭുതം വിവരിച്ചശേഷം സുവിശേഷകൻ പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. “യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിന് പ്രവർത്തിച്ച അടയാളങ്ങളുടെ ആരംഭമാണ് ഗലീലിയിലെ കാനയിൽ ചെയ്ത ഈ അത്ഭുതം.” (യോഹ 2, 11) ഈശോയുടെ മഹത്വം വെളിവാകുന്ന അത്ഭുതങ്ങളുടെ, വെളിപാടുകളുടെ ദനഹാ യാണ് സ്നേഹമുള്ളവരേ, ഈ പ്രപഞ്ചവും നമ്മുടെ ഈ ഭൂമിയിലെ ജീവിതവും.

രാത്രിയുടെ ഇരുളിനെ വകഞ്ഞുമാറ്റി ഉദിച്ചുയരുന്ന സൂര്യൻ മുതൽ സൗരയൂഥങ്ങളും, ആകാശങ്ങളും എന്തെന്ത് വിസ്മയങ്ങളൊരുക്കിയാണ് ദൈവിക വെളിപാടുകളുടെ അടയാളങ്ങളാകുന്നത്!! വിത്തിനകത്ത് ഒളിച്ചിരിക്കുന്ന വൃക്ഷവും, ചെടികളിൽ വിടരുന്ന പുഷ്പങ്ങളും, ഫലങ്ങളും ഓരോ നിമിഷവും നടക്കുന്ന ജന്മങ്ങളും …ഓരോന്നും ക്രിസ്തുവിന്റെ വെളിപാടുകളാണ്. മനുഷ്യനിലെ അത്ഭുതങ്ങളിലൂടെ വിടരുന്ന ദൈവത്തിന്റെ വെളിപാടുകൾ അനവധിയാണ്! നമ്മുടെ അപ്പച്ചന്മാരും അമ്മച്ചിമാരും ദൈവത്തിന്റെ വെളിപാടുകളല്ലേ? നാം അറിഞ്ഞും അറിയാതെയും എത്രയോ വട്ടമാണ് ക്രിസ്തു നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്! ദൈവത്തിന്റെ വെളിപാടുകളായി ജീവിതത്തെ മുഴുവൻ കാണുവാൻ സാധിക്കുക – അതാണ് ദനഹാക്കാലത്തിന്റെ ചൈതന്യമെന്ന് പറയുന്നത്.

ലോകരക്ഷകനായ ക്രിസ്തുവിന്റെ സുവിശേഷം ക്രിസ്തുമതത്തിന്റെ ചൈതന്യമായി, അലങ്കാരമായി തിളങ്ങി നിന്ന ആദിമകാലങ്ങളിലെ രക്തസാക്ഷികളുടെ ജീവിതങ്ങൾ ക്രിസ്തുവിന്റെ വെളിപാടുകളായിരുന്നു. ക്രിസ്തുമതത്തിലെ ആയിരക്കണക്കിന് വിശുദ്ധരുടെ ജീവിതങ്ങളും, ജീവിതത്തിന്റെ സാധാരണ സാഹചര്യങ്ങളിൽ ജീവിതംകൊണ്ടും, ജീവൻ കൊടുത്തും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന ക്രൈസ്തവരെല്ലാം ക്രിസ്തുവിന്റെ വെളിപാടുകളാണ്. ക്രിസ്തുമതത്തിൽ ഭൗതികതയുടെ, ലൗകികതയുടെ മാറാലകൾ നിറഞ്ഞു നിന്ന മധ്യകാലഘട്ടങ്ങളിൽ ഉദിച്ചുയർന്ന വിശുദ്ധ ഫ്രാൻസിസ് അസീസി (St. Francis Assissi), കച്ചവട താത്പര്യങ്ങളുടെയും, ആധുനിക സങ്കല്പ്പങ്ങളുടെയും പിന്നാലെ നടക്കുന്ന ആധുനിക ക്രിസ്തുമതത്തിൽ ക്രിസ്തുവിന്റെ വെളിപാടായി മാറിയ വിശുദ്ധ മദർ തെരേസ (St. Mother Teresa), സോഷ്യൽ മീഡിയയുടെ പിന്നാലെപോയി വഴിതെറ്റുന്ന ആധുനിക അവതലമുറയ്ക്കു മുന്നിൽ ഉയർന്നു നിൽക്കുന്ന ധന്യനായ കാർലോസ് അക്വിറ്റസ് (St. Carlos Acutis) തുടങ്ങിയവരെല്ലാം ക്രിസ്തുവിന്റെ വെളിപാടുകളാണ്.

എം. മോഹനന്റെ 2011 മേയ് മാസത്തിൽ പുറത്തിറങ്ങിയ “മാണിക്യക്കല്ല്” എന്ന മനോഹരമായ ഒരു ചിത്രമുണ്ട്. നിങ്ങൾ കണ്ടു കാണും ആ Film.  SSLC യ്ക്ക് എല്ലാ കുട്ടികളും തോൽക്കുന്ന, ഒരച്ചടക്കവുമില്ലാത്ത, ടീച്ചർമാർ തങ്ങളുടേതായ ജോലി നോക്കുന്ന ഒരു സ്കൂൾ. ഈ സ്കൂളിലേക്ക് വിനയചന്ദ്രൻ എന്ന ചെറുപ്പക്കാരനായ ഒരു മാഷ് വരുന്നു. ആ സ്കൂളിനെ നല്ല വിജയമുള്ള, അച്ചടക്കമുള്ള ഒരു സ്കൂളാക്കി മാറ്റാൻ അദ്ദേഹം ശ്രമിക്കുന്നു. ധരാളം പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോഴും, പത്താം ക്ലാസിലെ ഒരു കുട്ടി തന്നെ കളിയാക്കി ഒരു കാർട്ടൂൺ ചിത്രം വരച്ചപ്പോൾ, അദ്ദേഹം അവന്റെ കഴിവ് മനസ്സിലാക്കി അവന് പെയിന്റിംഗ് സാധനങ്ങൾ നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ബഷീറെന്ന ആ കുട്ടിക്ക് സംസ്ഥാന യുവജനോത്സവത്തിൽ ചിത്രരചനയ്ക്ക് ഒന്നാം കിട്ടിയപ്പോൾ അനുമോദിക്കാനായി ഗ്രാമത്തിലെ ത്രീ സ്റ്റാർ ക്ളബ്ബുകാർ ഒരു പ്രോഗ്രാം ഒരുക്കി. അതിൽ സമ്മാനം സ്വീകരിച്ചശേഷം ബഷീർ ഒരു നന്ദി പറയുന്നുണ്ട്. “ഞങ്ങൾക്ക് എല്ലാം വിനയചന്ദ്രൻ മാഷാ. പഠിക്കണമെന്നും, ജയിക്കണമെന്നും തോന്നിപ്പിച്ചത് മാഷാ. അരക്കൊല്ല പരീക്ഷയ്ക്ക് ഞങ്ങൾക്ക് നല്ല മാർക്കുണ്ട്. അത് കണ്ടപ്പോ ഉമ്മയും, ഉപ്പയും പറഞ്ഞു, മാഷെ ഇവിടെ കൊണ്ടെത്തിച്ചത് പടച്ചോനാന്ന്. പക്ഷേ, ഞങ്ങൾക്ക് …മാഷ്….മാഷ്..തന്നെയാ പടച്ചോൻ…! അത് പറഞ്ഞതും അവൻ വിതുമ്പിപ്പോയി.

പ്രിയപ്പെട്ടവരേ, ഒരു സിനിമാക്കഥപോലെ എത്രയോ വട്ടം ഇങ്ങനെയൊക്കെ നമ്മുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. നമ്മുടെ മാതാപിതാക്കളെ കെട്ടിപ്പിടിച്ച് പലപ്രാവശ്യം നാം പറഞ്ഞിട്ടില്ലേ. അമ്മേ, അമ്മയാണെന്റെ ദൈവമെന്ന്. അപ്പച്ചാ, അപ്പച്ചനാണെന്റെ ദൈവമെന്ന്. ദൈവങ്ങൾ പ്രത്യക്ഷപ്പെടാൻ മടിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അത്രമാത്രം ക്രൂരതകൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വിധി പറഞ്ഞ പെരിയ ഇരട്ടക്കൊലക്കേസ് പോലെ! എങ്കിലും, നാം ക്രൈസ്തവർ വിളിക്കപ്പെട്ടിരിക്കുന്നത് നമ്മുടെ ജീവിതസാഹചര്യങ്ങളിൽ ക്രിസ്തുവിനെ വെളിപ്പെടുത്തുവാനാണ്. എന്റെ ജീവിതത്തിലെ ഏറ്റവും തകർന്ന് നിന്ന ആ നിമിഷത്തിൽ എന്റെ അടുത്ത് വന്നിരുന്ന് “ഞങ്ങൾ കൂടെയുണ്ട്” എന്ന് എന്റെ കൈകൾ ചേർത്ത് പിടിച്ച് പറഞ്ഞ ആ സ്ത്രീ എനിക്കാരാണ്? ക്രിസ്തു അല്ലാതെ മറ്റാരുമല്ല. സാമ്ബത്തികമായി ഞാൻ തകർന്ന് വേളയിൽ, ഒട്ടും പ്രതീക്ഷയില്ലാതിരുന്ന സാഹചര്യത്തിൽ, ഫോൺ വിളിച്ച് എന്റെ GPay നമ്പർ ചോദിച്ച് എനിക്ക് പൈസ ഇട്ടു തന്ന ആ വ്യക്തി ക്രിസ്തു അല്ലാതെ മറ്റാരാണെനിക്ക്!!! വർഷങ്ങളായി, ആസ്ബസ്റ്റോസ് (Asbestos) ഷീറ്റിന്റെ വീട്ടിൽ കിടന്ന് കഷ്ടപ്പെട്ടപ്പോൾ, ഒരു നല്ല വീട് വേണമെന്നാഗ്രഹിച്ചപ്പോൾ “വീട് പണി തുടങ്ങൂ..ഞാൻ സഹായിക്കാം” എന്ന് പറഞ്ഞ ആ മനുഷ്യൻ എനിക്ക് ക്രിസ്തുവല്ലേ? അങ്ങനെ സ്നേഹമുള്ളവരേ, എത്രപ്രാവശ്യം ക്രിസ്തു നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്? നാം എത്രയോ വട്ടം മറ്റുള്ളവർക്ക് ക്രിസ്തു ആയിട്ടുണ്ട്? അതെ, ഓരോ ക്രൈസ്തവനും, തിരുസ്സഭയോട് ചേർന്ന്, ചിന്തയിലും, വാക്കിലും പ്രവർത്തിയിലും ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുക!  അതാണ് ഇന്നത്തെ സുവിശേഷ സന്ദേശം!

അതിനുള്ള പ്രചോദനമാണ് ഇന്നത്തെ സുവിശേഷത്തിലെ ക്രിസ്തു! എത്രമനോഹരമാണ് ആ Scene!! എത്ര സുന്ദരമാണ് ആ വാക്കുകൾ! കർത്താവിന്റെ ആത്മാവിനാൽ നിറഞ്ഞവരാകുമ്പോൾ, നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. ദരിദ്രർക്ക് സുവിശേഷമാകുമ്പോൾ നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. ബന്ധിതർക്ക് മോചനമാകുമ്പോൾ നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യമാകുമ്പോൾ, നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. ദൈവവചനം നമ്മിൽ പൂർത്തിയാകുമ്പോൾ, നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. “ഇന്ന് ദൈവവചനം എന്നിൽ പൂർത്തിയാകട്ടെ” എന്ന് നമുക്ക് ആശിക്കാം. നാം ദനഹാ ആകുമ്പോൾ, നമ്മിലൂടെ ക്രിസ്തു വെളിപ്പെടുമ്പോൾ, അപ്പോൾ മാത്രമാണ് സുവിശേഷം,ഈ സുവിശേഷ ഭാഗം വിമോചന ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനമാകുന്നത്.

സ്നേഹമുള്ളവരേ,

നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിൽ വെളിവാകുന്ന അസാധാരണമായ ക്രിസ്തുവിന്റെ വെളിപാടുകളായി നമ്മുടെ ജീവിതങ്ങളെ മാറ്റുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും ജീവിത ദൗത്യം. ആമേൻ!