SUNDAY SERMON JN 3, 14-21

ദനഹാക്കാലം അഞ്ചാം ഞായർ

യോഹ 3, 15-21

ദൈവത്തിന്റെ വെളിപാടുകളാണ് ദനഹാക്കാലത്തിലൂടെ നമ്മുടെ മുൻപിൽ അനാവരണം ചെയ്യപ്പെടുന്നത്. ദനഹാക്കാലം അഞ്ചാം ഞായറാഴ്ച്ചത്തെ സുവിശേഷത്തിലൂടെയും ഒരു വെളിപാടാണ് നമുക്ക് ലഭിക്കുന്നത്. വെളിപാട് ഇതാണ്: “ദൈവം സ്നേഹമാകുന്നു. സ്നേഹം ദൈവമാകുന്നു.”

ലോകത്തിന് അന്നുവരെ പരിചിതമായവയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ദൈവസങ്കല്പമാണ് വിശുദ്ധ യോഹന്നാൻ തനിക്ക് ലഭിച്ച വെളിപാടിലൂടെ ലോകത്തെ പരിചയപ്പെടുത്തിയത്.  ” അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകർ ഈ ദൈവത്തിലേക്ക് ആകർഷിതരായി ക്രിസ്തുമാർഗത്തിലേക്കെത്തി. ക്രിസ്തുവിൽ അടിയുറച്ച് വിശ്വസിച്ച ക്രൈസ്തവർ, തിരുസഭയിൽ അംഗങ്ങളായി. തിരുസ്സഭയോട് ചേർന്ന് നിന്നുകൊണ്ട്, തങ്ങൾ അനുഭവിച്ച സ്നേഹത്തെ, തങ്ങളിലൂടെ ആത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ദൈവത്തെ തങ്ങളുടെ ജീവിതത്തിലൂടെയും, ജീവൻ കൊടുത്തും ലോകത്തിന്റെ വിവിധ വേദികളിൽ അവതരിപ്പിച്ചു. ദൈവസ്നേഹത്തിന്റെ തികഞ്ഞ പര്യായമായി അവർ മാറി.  

അപൂർവതകളുള്ള ആ സ്നേഹത്തെ നമ്മുടെ മുൻപിൽ അവതരിപ്പിക്കുകയാണ് ഇന്നത്തെ സുവിശേഷം. എന്നിട്ട്, ഇന്നത്തെ സുവിശേഷം, ദൈവം, നമ്മോടു പറയുന്നത്, “മകളേ, മകനേ നിന്നിലൂടെ എന്റെ സ്നേഹം വെളിപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു.” നമ്മിലൂടെ ദൈവത്തിന്റെ സ്നേഹം, ക്രിസ്തുവിന്റെ സ്നേഹം വെളിവാക്കപ്പെടുന്നവിധം ജീവിക്കുക എന്നതാണ് ഇന്നത്തെ സുവിശേഷ സന്ദേശം

ഇന്നത്തെ സുവിശേഷത്തിലെ പതിനാറാം വാക്യം ബൈബിളിലെ ഏറ്റവും മനോഹരമായ വാക്യമാണ്. ക്രിസ്തുമതത്തിന്റെ സകല ദൈവശാസ്ത്രവും, ക്രിസ്തുമതത്തിന്റെ കാമ്പും കാതലും ഈ വാക്യത്തിൽ അടങ്ങിയിരിക്കുന്നു. ‘ക്രിസ്തുവായി ഈ ഭൂമിയിൽ അവതരിക്കത്തക്കവിധം ദൈവം ഈ ലോകത്തെ അത്രയധികമായി സ്നേഹിച്ചു. തന്നിൽ വിശ്വസിക്കുന്നരാരും നശിച്ചുപോകാതെ രക്ഷപ്രാപിക്കേണ്ടതിനു അവിടുന്ന് നമുക്ക് വേണ്ടി മരിച്ചു; ഉത്ഥാനം ചെയ്തു; ഇന്നും ജീവിക്കുന്നു.  സുവിശേഷങ്ങളുടെ Summary ആണ് ഈ ദൈവ വചനം. തുടർന്നുവരുന്ന വചനങ്ങളോ ദൈവസ്നേഹത്തിന്റെ സ്വഭാവത്തെ വെളിവാക്കുന്നതും.

ബൈബിൾ മുഴുവൻ, ഉത്പത്തി മുതൽ വെളിപാടുവരെ, വരച്ചുകാണിക്കുന്നതു ദൈവം സ്നേഹമാകുന്നു എന്നാണ്. വിശുദ്ധ യോഹന്നാൻ ശ്ലീഹായാണ് ഈ സത്യം വളരെ വ്യക്തമായി നമ്മോടു പറയുന്നത്. “…സ്നേഹം ദൈവത്തിൽ നിന്നുള്ളതാണ്. സ്നേഹിക്കുന്ന ഏവനും ദൈവത്തിൽനിന്നു ജനിച്ചവനാണ്; അവൻ ദൈവത്തെ അറിയുകയും ചെയ്യുന്നു. സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്നേഹമാകുന്നു.” (1യോഹ 4, 7-8) ഈ സ്നേഹത്തിന്റെ സവിശേഷത എന്താണ്? നാം ദൈവത്തെ സ്‌നേഹിക്കുന്നതുകൊണ്ട് അവിടുന്ന് നമ്മെയും സ്നേഹിക്കുന്നു എന്നതല്ല ഈ സ്നേഹത്തിന്റെ പ്രത്യേകത. ദൈവം നമ്മെ സ്നേഹിക്കുകയും, നമ്മുടെ പാപങ്ങൾക്ക് പരിഹാര ബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതാണ് ഈ സ്നേഹത്തിന്റെ പ്രത്യേകത.  (1യോഹ 4, 10) എങ്ങനെയാണ് ദൈവത്തിന്റെ സ്നേഹം നമുക്ക് വെളിവായത്? “തന്റെ ഏകപുത്രൻ വഴി നാം ജീവിക്കേണ്ടതിനായി ദൈവം അവനെ ലോകത്തിലേക്കയച്ചു. അങ്ങനെയാണ് ദൈവത്തിന്റെ സ്നേഹം നമ്മുടെ ഇടയിൽ വെളിവാക്കപ്പെട്ടത്.  (1യോഹ 4, 9)

‘ദൈവമായിരുന്നിട്ടും ദൈവത്തിന്റെ സമാനത മുറുകെപ്പിടിക്കാതെ, തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ചു, ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ട്, മരണവരെ, കുരിശുമരണംവരെ അനുസരണമുള്ളവനായിക്കൊണ്ട്’ (ഫിലിപ്പി 2, 6-8) ഈശോ ദൈവത്തിന്റെ സ്നേഹം ലോകത്തിനു കാണിച്ചുകൊടുത്തു. അതിരുകളില്ലാത്ത, അളവുകളില്ലാത്ത ദൈവത്തിന്റെ സ്നേഹം ക്രിസ്തുവിലൂടെ വെളിവായപ്പോൾ മനുഷ്യന് സ്വപ്നപോലും കാണാൻ കഴിയാത്തത്ര മഹത്വമുള്ളതായിത്തീർന്നു ദൈവത്തിന്റെ സ്നേഹം! എന്തെന്ത് രൂപങ്ങളാണ്, എന്തെന്ത് ഭാവങ്ങളാണ് ദൈവത്തിന്റെ സ്നേഹത്തിനു ഉള്ളത്? പ്രപഞ്ചത്തെ സൃഷ്ടിച്ച, തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച ഉദാരതയാണ്  ദൈവത്തിന്റെ സ്നേഹം; ഇസ്രായേൽ ജനത്തെ ഈജിപ്തിലെ അടിമത്വത്തിൽ നിന്ന് രക്ഷിച്ച സ്വാതന്ത്ര്യമാണ്  ദൈവത്തിന്റെ സ്നേഹം; ഇസ്രായേൽ ജനത്തോടൊപ്പം മരുഭൂമിയിലും, വനത്തിലും, അവർ പോയിടത്തെല്ലാം അവരോടൊപ്പം കൂടാരമടിച്ച ത്യാഗമാണ് ദൈവത്തിന്റെ സ്നേഹം; ദൈവജനത്തിന് രക്ഷകനെ വാഗ്ദാനംചെയ്ത, സമയത്തിന്റെ പൂർണതയിൽ കാലിത്തൊഴുത്തിൽ മനുഷ്യനായി പിറന്ന എളിമയാണ് ദൈവത്തിന്റെ സ്നേഹം; പീഡകൾ സഹിച്ചു കാൽവരിയിൽ ലോകരക്ഷയ്ക്കായി മരിച്ച സഹനമാണ് ദൈവത്തിന്റെ സ്നേഹം; വിശുദ്ധ കുർബാനയായി, ഇന്നും മനുഷ്യനോടൊത്ത് വസിക്കുന്ന വലിയ കാരുണ്യമാണ് ദൈവത്തിന്റെ സ്നേഹം; എന്നും എപ്പോഴും എന്നെ നയിക്കുന്ന, എന്നെ കാക്കുന്ന എന്റെ ക്രിസ്തുവാണ് ദൈവത്തിന്റെ സ്നേഹം! 

എങ്ങനെയാണ് ദൈവസ്നേഹത്തിൽ നിലനിൽക്കുവാൻ, ആ സ്നേഹം അനുഭവിക്കുവാൻ നമുക്ക് സാധിക്കുക? മുന്തിരിച്ചെടിയുടെയും ശാഖകളുടെയും ഉയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഈശോ ഇതിനുള്ള ഉത്തരം നമുക്ക് തരുന്നുണ്ട്. പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാൻ നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ. ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പാലിച്ചു അവിടുത്തെ സ്നേഹത്തിൽ നിലനിൽക്കുന്നതുപോലെ, നിങ്ങൾ എന്റെ കൽപ്പനകൾ പാലിച്ചാൽ എന്റെ സ്നേഹത്തിൽ നിലനിൽക്കും.” (യോഹ 15, 9-10)

ദൈവത്തിന്റെ ഈ സ്നേഹം രക്ഷിക്കുന്ന സ്നേഹമാണ്, ശിക്ഷിക്കുന്ന സ്നേഹമല്ല. സ്നേഹമുള്ളവരേ, എപ്പോഴും ഓർമയിൽ സൂക്ഷിക്കുക: “ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യത, അവൻ വഴി ലോകം രക്ഷപ്രാപിക്കാനാണ്.” (യോഹ 3, 17) നമ്മുടെ ദൈവം ശിക്ഷിക്കുന്ന ദൈവമല്ല, രക്ഷിക്കുന്ന ദൈവമാണ്. എന്നാൽ, പ്രകാശമായ ദൈവം ലോകത്തിലേക്ക് വന്നിട്ടും, ആ പ്രകാശത്തെ സ്വീകരിക്കുന്നില്ലെങ്കിൽ, നിങ്ങൾ അന്ധകാരത്തിൽ ജീവിക്കേണ്ടിവരും; നന്മയായ ദൈവം നിങ്ങളുടെ അടുത്തേക്ക് വന്നിട്ടും ആ നന്മയെ ജീവിതത്തിൽ സ്വീകരിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് തിന്മയിൽ ജീവിക്കേണ്ടിവരും; സൗഖ്യമായ ദൈവം ലോകത്തിലേക്ക് വന്നിട്ടും, ആ സൗഖ്യത്തെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നില്ലെങ്കിൽ, തീർച്ചയായും നിങ്ങൾക്ക് രോഗത്തിൽ ജീവിക്കേണ്ടിവരും. എന്താണ് വചനം പറയുന്നത്? “ഇതാ ഞാൻ നിന്റെ മുൻപിൽ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു. ” (നിയമ 30, 15) “…നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവൻ തിരഞ്ഞെടുക്കുക. നിന്റെ ദൈവമായ കർത്താവിനെ സ്നേഹിച്ചു, അവിടുത്തെ വാക്കു കേട്ട്, അവിടുത്തോടു ചേർന്ന് നിൽക്കുക; നിനക്ക് ജീവനും ദീർഘായുസ്സും ലഭിക്കും.” (നിയമ 30, 19-20)

സ്നേഹമുള്ളവരേ, ദൈവസ്നേഹത്തിൽ വസിച്ച്, ആ സ്നേഹത്തിന്റെ Spark ഉള്ള നല്ല ക്രൈസ്തവരായി ജീവിക്കുവാൻ ശ്രമിക്കുക! സ്നേഹമായിരിക്കട്ടെ നമ്മിലെ അഗ്നിജ്വാല; നമ്മുടെ ജീവിതത്തിന്റെ ഭാഷ.; നമ്മുടെ ജീവിതത്തിന്റെ സ്വാദ്!! വിശുദ്ധ പൗലോശ്ലീഹാ പറയുന്ന ഗുണങ്ങളുള്ള സ്നേഹമായിരിക്കണം, ദൈവസ്നേഹത്തിന്റെ Spark ആയിരിക്കണം നമ്മിൽ നിറയേണ്ടത്. എന്തും വിലകൊടുത്തു വാങ്ങുന്നത് മനുഷ്യൻ ശീലമാക്കിയതുകൊണ്ടു, സ്നേഹവും വിലകൊടുത്തു വാങ്ങാമെന്നാണ് മനുഷ്യൻ ചിന്തിക്കുന്നത്. ഭാര്യയെ നിങ്ങൾക്ക് വിലകൊടുത്തു വാങ്ങാൻ പറ്റിയേക്കാം. എന്നാൽ അവളിലെ സ്നേഹം? അത് വിലകൊടുത്തു വാങ്ങാൻ കഴിയില്ല. നിങ്ങൾക്ക് സുഹൃത്തുക്കളെ വിലകൊടുത്ത് വാങ്ങാൻ കഴിയുമായിരിക്കും. എന്നാൽ, നിങ്ങൾക്കിടയിലെ സ്നേഹം?? സ്നേഹത്തിലേക്ക് വില കടന്നുവരുന്ന നിമിഷം സ്നേഹം മരിക്കുന്നു. സ്നേഹം ചന്തയിൽ ലഭ്യമല്ല എന്നോർക്കുക!  

സ്നേഹം പരമോന്നതമായ മൂല്യമാണ്. അതുകൊണ്ടാണ് സ്നേഹം ദൈവമാകുന്നു എന്ന് നാം പറയുന്നത്.

സ്നേഹമുണ്ടെങ്കിൽ എല്ലാം സ്വന്തമാക്കാൻ നമുക്ക് കഴിയും. ഒരു കഥ കേട്ടിട്ടില്ലേ?

ഒരിക്കൽ ഒരു യുവതി അവളുടെ വീടിന്റെ മുൻവാതിൽ തുറന്ന് പുറത്തേക്കു ഇറങ്ങുകയായിരുന്നു. തന്റെ വീടിന്റെ മുൻപിൽ മൂന്ന് വൃദ്ധരായ മനുഷ്യർ നിൽക്കുന്നത് അവൾ കണ്ടു. അവൾക്കു അവർ അപരിചിതരായിരുന്നു. എന്നാൽ അവർ വളരെ ക്ഷീണിതരാണെന്ന് അവൾക്കു തോന്നി. അവൾ അവരോടു പറഞ്ഞു: “എനിക്ക് നിങ്ങളെ പരിചയമില്ല. എന്നാൽ, നിങ്ങൾ മൂന്നുപേർക്കും നല്ല വിശപ്പുണ്ടെന്നു തോന്നുന്നു. അകത്തേക്ക് വരൂ. ഞാൻ നിങ്ങൾക്ക് എന്തെങ്കിലും ഭക്ഷിക്കുവാൻ തരാം.” “നിങ്ങളുടെ ഭർത്താവ് വീട്ടിലുണ്ടോ?” അവർ ചോദിച്ചു. അവൾ ഇല്ല എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു:”ഭർത്താവ് വീട്ടിൽ ഇല്ലെങ്കിൽ ഞങ്ങൾക്ക് അകത്തുവരുവാൻ ബുദ്ധിമുട്ടുണ്ട്.” കുറേക്കഴിഞ്ഞ്, ഭർത്താവ് തിരികെയെത്തിയപ്പോൾ നടന്നതെല്ലാം അവൾ അയാളോട് പറഞ്ഞു. “പോയി, അവരെ വിളിച്ചുകൊണ്ടു വരൂ. ഇപ്പോൾ ഞാൻ വീട്ടിലുണ്ടല്ലോ” അവൾ പുറത്തേക്കു പോയി അവരെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു. “ക്ഷമിക്കണം, ഞങ്ങൾ ഒരുമിച്ചു ഒരു വീട്ടിലേക്കു പോകാറില്ല. ഞങ്ങളിൽ ഒരാളെ നിങ്ങൾക്ക് ക്ഷണിക്കാം” എന്നായിരുന്നു അവരുടെ മറുപടി. ഇതുകേട്ട് ആ യുവതി അത്ഭുതപ്പെട്ടു. “എന്താണ് പുതിയ പ്രശ്നം? ഇപ്പോൾ എന്റെ ഭർത്താവു വീട്ടിലുണ്ട്. വരൂ, എന്തെങ്കിലും ഭക്ഷിക്കൂ.” അപ്പോൾ അവരിൽ ഒരാൾ പറഞ്ഞു: “എന്റെ പേര് ധനം എന്നാണ്.’ അടുത്ത് നിന്ന ആളെ ചൂണ്ടിയിട്ടു അയാൾ പറഞ്ഞു: “ഇദ്ദേഹം വിജയം.” അതിനപ്പുറം നിന്നയാളെ കാണിച്ചിട്ട് പറഞ്ഞ:”ഇയാൾ സ്നേഹം.” “നിങ്ങൾ അകത്തേക്ക് പോയി ഭർത്താവിനോട് ചോദിക്കൂ, ഞങ്ങളിൽ ആര് അകത്തു വരാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന്.” അവൾ അകത്തുപോയി ഭർത്താവിനോട് എല്ലാം പറഞ്ഞു. വിസ്മയത്തോടെ ഭർത്താവ് പറഞ്ഞു: “അങ്ങനെയെങ്കിൽ നമുക്ക് ധനത്തെ വിളിക്കാം. നമ്മുടെ വീട് ധനംകൊണ്ടു നിറയുമല്ലോ.” യുവതിക്ക് അത് ഇഷ്ടപ്പെട്ടില്ല. അവൾ പറഞ്ഞു: നമുക്ക് വിജയത്തെ വിളിക്കാം”. ഇതെല്ലം കേട്ടിരുന്ന അവരുടെ കൊച്ചുമകൾ പറഞ്ഞു: “നമുക്ക് സ്നേഹത്തെ അകത്തേക്ക് വിളിക്കാം, നമ്മുടെ വീട് അപ്പോൾ സ്നേഹംകൊണ്ട് നിറയും.” അവർക്കു അത് സമ്മതമായിരുന്നു. യുവതി പറത്തുപോയി ആ വൃദ്ധരോടു പറഞ്ഞു: “ഞങ്ങൾ സ്നേഹത്തെ അകത്തേക്ക് വിളിക്കാൻ തീരുമാനിച്ചു. ആരാണ് നിങ്ങളിൽ സ്നേഹം. ദയവായി അകത്തേക്ക് വരൂ.”  അപ്പോൾ സ്നേഹം അകത്തേക്ക് പ്രവേശിക്കുവാൻ നടന്നു നീങ്ങി. പുറകെ മറ്റു രണ്ടുപേരും അദ്ദേഹത്തെ അനുഗമിച്ചു. യുവതിക്ക് അത്ഭുതമായി. അവൾ ചോദിച്ചു: “ഞാൻ സ്നേഹത്തെ മാത്രമേ ക്ഷണിച്ചിട്ടുള്ളു.” അതിൽ ഒരാൾ പറഞ്ഞു: “നിങ്ങൾ ധനത്തെയോ, വിജയത്തെയോ ക്ഷണിച്ചിരുന്നെങ്കിൽ മറ്റു രണ്ടുപേർ പുറത്തു നിന്നേനെ. പക്ഷെ നിങ്ങൾ സ്നേഹത്തെ ക്ഷണിച്ചു. സ്നേഹം എങ്ങോട്ടു പോകുന്നുവോ, ഞങ്ങൾ രണ്ടുപേരും സ്നേഹത്തെ പിന്തുടരും.

സ്നേഹമുള്ളവരേ, എവിടെ സ്‌നേഹമുണ്ടോ, അവിടെ ധനവും, വിജയവും സമാധാനവും എല്ലാമുണ്ട്. കാരണം, സ്നേഹം ദൈവമാണ്. സ്നേഹം വെറും കാമമല്ല. കാമം നിങ്ങളെ സംതൃപ്തമാക്കില്ല. സ്നേഹമാണ് സംതൃപ്തി നൽകുന്നത്. സ്നേഹം അധികാര യാത്രയല്ല. അത് വിനീതവും നിഷ്കളങ്കവുമായ ഒരനുഭവമാണ്. ഖലീൽ ജിബ്രാൻ പറയുന്നു: “സ്നേഹം നിങ്ങളെ കിരീടമണിയിക്കുന്നപോലെതന്നെ നിങ്ങളെ കുരിശിൽ തറയ്ക്കുകയും ചെയ്യും.” പ്രിയപ്പെട്ടവരേ, നിങ്ങളിലെ നന്മയെ സ്നേഹം കിരീടമണിയിക്കും. നിങ്ങളിലെ കപടതയെ അത് കുരിശിൽ തറയ്ക്കും. സ്നേഹം ലഭിക്കണമെങ്കിൽ നിങ്ങൾ എല്ലാം എല്ലാം അപകടപ്പെടുത്തണം. എല്ലാ മുറുകെപ്പിടിത്തങ്ങളും, വാശിയും, ഭാവി സുരക്ഷിതത്വങ്ങളും ബലികൊടുക്കണം. അപ്പോൾ സ്നേഹം നമ്മെ, നമ്മുടെ കുടുംബങ്ങളെ കിരീടമണിയിക്കും. അപ്പോൾ ദൈവമാകും നമ്മുടെ ജീവിതം നിറയെ. കടുംബം നിറയെ. സ്നേഹം ദൈവമാകുന്നു.

ദൈവത്തിന്റെ സ്നേഹം നമ്മുടെ ജീവിതത്തെ ദീപങ്ങളുടെ ഉത്സവമാക്കി മാറ്റട്ടെ. ദൈവത്തിന്റെ സ്നേഹം ക്രിസ്തുവായി, വിശുദ്ധ കുർബാനയായി നമ്മിൽ നിറയട്ടെ.

ദൈവസ്നേഹത്തിന്റെ ആഘോഷമായ വിശുദ്ധ കുർബാനയിൽ വിശുദ്ധിയോടെ പങ്കെടുത്ത്, നമ്മുടെ സ്നേഹത്തെ, സ്നേഹബന്ധങ്ങളെ പവിത്രമാക്കാം.  ആമേൻ!  

Leave a comment