ദനഹാക്കാലം ഏഴാം ഞായർ
മത്താ 8, 5 – 13

നിങ്ങൾക്കറിയാമോ എന്നെനിക്കറിയില്ല. ബഹുസ്വരതയിൽ അഭിമാനിക്കുന്ന, ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിൽ ഊറ്റംകൊള്ളുന്ന, നമ്മുടെ ജനാധിപത്യ ഇന്ത്യയിൽ ഇക്കഴിഞ്ഞ ആഴ്ച്ച, 2025 ഫെബ്രുവരി 4-ന് രാജസ്ഥാൻ സർക്കാർ, “രാജസ്ഥാൻ നിയമവിരുദ്ധ മതപരിവർത്തന നിരോധന ബിൽ, 2025” (Rajasthan’s Anti-Conversion Bill, 2025) നിയമ സഭയിൽ അവതരിപ്പിച്ചു. പാസായാൽ, മതപരിവർത്തന വിരുദ്ധ നിയമങ്ങൾ പാസാക്കിയ മറ്റ് 11 സംസ്ഥാനങ്ങളിൽ രാജസ്ഥാനും ചേരും – ഉത്തർപ്രദേശ്, ഒഡീഷ, അരുണാചൽ പ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാന, കർണാടക, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്. ഭീഷണി, വഞ്ചന, ബലപ്രയോഗം, വിവാഹം എന്നിവയിലൂടെയുള്ള മതപരിവർത്തനം കുറ്റകരമാക്കാൻ ബിൽ ശ്രമിക്കുന്നു. ബില്ലിന് കീഴിലുള്ള വിവിധ കുറ്റകൃത്യങ്ങൾ ജാമ്യം ലഭിക്കാത്തതും കുറ്റകരവുമാണ്. തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ, പ്രത്യേകിച്ച് ക്രൈസ്തവർക്കെതിരെ ഈ നിയമം ദുരുപയോഗിക്കപ്പെട്ടേക്കാം.
നിങ്ങൾ അറിഞ്ഞോ എന്നെനിക്കറിയില്ല. അറിഞ്ഞെങ്കിലും, നിങ്ങൾ മറന്നുപോയോയെന്നും എനിക്കറിയില്ല. ഉത്തർപ്രദേശിലെ അംബേദ്‌കർ നഗറിൽ മതപരിവർത്തന ശ്രമങ്ങൾ നടത്തിയെന്ന് കുറ്റം ചുമത്തി ജോസ് പാപ്പച്ചൻ, ഷീജ പാപ്പച്ചൻ എന്നീ ദമ്പതികൾക്ക് ജനുവരി 24 ന് പ്രത്യേക കോടതി അഞ്ച് വർഷം തടവ് ശിക്ഷയും, 25, 000 രൂപ പിഴയും ചുമത്തുകയുണ്ടായി.
അച്ചൻ രാഷ്ട്രീയം പറയുകയല്ല; വർഗീയത പ്രചരിപ്പിക്കുകയുമല്ല. ഇന്നത്തെ സുവിശേഷഭാഗം വായിച്ച് പ്രസംഗക്കുറിപ്പെഴുതുവാൻ തുടങ്ങിയപ്പോൾ ഓർമയിലേയ്ക്കോടി വന്നത് ഈ സംഭവങ്ങളാണ്. ക്രിസ്തുവിൽ ഉറച്ച് വിശ്വസിക്കുവാനും, ആ വിശ്വാസം ധൈര്യപൂർവം ഏറ്റുപറയുവാനും ഇന്ത്യൻ ഭരണഘടന നമുക്ക് അവകാശം തന്നിട്ടും, ആ അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ, കൂടുതൽ കരുത്തോടെ, വിശ്വാസത്തോടെ ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ ക്രൈസ്തവർ തയ്യാറാകേണ്ടതല്ലേയെന്ന് ഞാൻ ചിന്തിച്ചുപോയി! ആ ചങ്കൂറ്റം നഷ്ടപ്പെട്ടുപോയിട്ടുണ്ടെങ്കിൽ, അത് വീണ്ടെടുക്കുവാൻ ഇന്നത്തെ സുവിശേഷം നമ്മെ പ്രചോദിപ്പിക്കും.
രണ്ട് കാര്യങ്ങളാണ് ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത്. ഒന്ന്, ഈശോയ്ക്ക് പോലും അത്ഭുതം തോന്നുംവിധം, ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ വിജാതീയനായ ശതാധിപന്റെ വിശ്വാസവും, ഏറ്റുപറച്ചിലും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും, ഇന്ത്യയിലും, നമ്മുടെ കേരളത്തിലും, നാം ജീവിക്കുന്ന സാഹചര്യങ്ങളിലും, നാം ക്രൈസ്തവർ അനീതിപരമായി Target ചെയ്യപ്പടുമ്പോൾ ഈ ശതാധിപനെപ്പോലെ, ജീവിതംകൊണ്ടും, ജീവൻ കൊടുത്തും ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുവാൻ നമുക്കാകണം. മറ്റൊരുവാക്കിൽ, ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം, നമ്മുടെ ജീവിതത്തിന്റെ മൂല്യമായി മാറണം.

ഇന്നത്തെ സുവിശേഷസന്ദേശത്തിന്റെ വാതായനം തുറന്നു തരുന്ന ഉദ്ഘാടക പദമാണ് വിശ്വാസം. ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തുന്നതിന്റെ ഒറ്റമൂലിയും അതുതന്നെയാണ്. ഈശോ അത്ഭുതങ്ങളെ, സുഖപ്പെടുത്തലുകളെ വീക്ഷിച്ചിരുന്നത് ദൈവസ്നേഹത്തിന്റെ മറ്റൊരു ആവിഷ്കാരമെന്ന നിലയിലും, ദൈവമഹത്വത്തിന്റെ വെളിപ്പെടുത്തൽ എന്ന രീതിയിലും മനുഷ്യാവശ്യങ്ങളുടെ മുൻപിൽ ദൈവത്തിന്റെ കാരുണ്യം കാണിക്കൽ എന്ന നിലയിലുമൊക്കെയാണ്. തന്നിലൂടെ ദൈവമഹത്വം വെളിപ്പെടുമെന്നും, തന്നിലൂടെ ദൈവത്തിന്റെ സൗഖ്യം ദൃശ്യമാകുമെന്നും ഈശോയ്ക്കറിയാമായിരുന്നു. ഈക്കാര്യം ഈശോ എപ്പോഴും പ്രകടമാക്കുന്നില്ലെങ്കിലും “എനിക്ക് മനസ്സുണ്ട്, നിനക്ക് ശുദ്ധിവരട്ടെ” എന്ന് പറയുന്നതിലൂടെ, “ഞാൻ വന്ന് അവനെ സുഖപ്പെടുത്താം” എന്ന് പറയുന്നതിലൂടെ വ്യക്തമാണ്. കാരണം, ദൈവം നൽകുമെന്ന് ഈശോയ്ക്ക് അറിയാമായിരുന്നു.
ദൈവത്തെക്കുറിച്ചുള്ള ഇസ്രായേൽക്കാരുടെ വിവരണങ്ങളിലൊന്ന് “യാഹ്‌വെ -യിറെ” (Yahweh-yi-reh) എന്നാണ്. കർത്താവ് നൽകും എന്നാണ് ഇതിനർത്ഥം. ദൈവത്തിന്റെ നൽകൽ സൂര്യോദയം പോലെ നൈസർഗികം ആണ്. പൂവ് വിരിയുന്നപോലെ സ്വാഭാവികമാണ്. ‘അവിടുന്ന് ദുഷ്ടൻറെയും ശിഷ്ടന്റെയും മേൽ ഒരുപോലെ സൂര്യനെ ഉദിപ്പിക്കുകയും, മഴപെയ്യിക്കുകയും ചെയ്യുന്നു.’ (മത്താ 5, 45) അവിടുന്ന് ‘അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്.’ (യോഹ 3, 34) ‘ഒരിക്കലും കുറുകിപ്പോകാത്തതാണ് അവിടുത്തെ കരങ്ങൾ. (ഏശയ്യാ 59, 1) അവിടുന്ന് സകലതും ‘സമൃദ്ധമായി നല്കുന്നവനാണ്.’ (ജെറമിയ 29, 11)
ഈശോ, ഈ ദൈവമഹത്വത്തിന്റെ, ദൈവത്തിന്റെ നൽകലിന്റെ അതിഗംഭീരനായ ഒരു പ്രദർശനക്കാരനായിരുന്നു. കാരണം, അവിടുത്തേക്ക് ഗാഢമായും അന്തിമമായും ഈ സത്യം അറിയാമായിരുന്നു – ദൈവം നൽകും എന്ന സത്യം. ഈശോയുടെ അത്ഭുതങ്ങൾ ഇന്ദ്രജാലങ്ങൾ ആയിരുന്നില്ല. അവ ഗാഢവും സഹജവുമായ സത്യത്തിന്റെ, ദൈവം നൽകുമെന്ന സത്യത്തിന്റെ സ്വാഭാവിക വികാസമായിരുന്നു.
ഇത്തരത്തിലുള്ള ഒരു വിശ്വാസത്തിലേക്ക് ഉയരുമ്പോഴാണ് നമ്മുടെ വിശ്വാസം ജീവിതത്തിന്റെ മൂല്യമായിത്തീരുന്നത്. ക്രിസ്തുവിലുള്ള വിശ്വാസത്തെ ജീവിതമാക്കി, ജീവിതത്തിന്റെ മൂല്യമാക്കിത്തീർക്കുകയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. ക്രിസ്തുവിലുള്ള വിശ്വാസമെന്നത് വെറും ആചാരങ്ങളോ, അനുഷ്ടാനങ്ങളോ, വെറുതെയുള്ള അലങ്കാരങ്ങളോ ആകരുത്. അത് നമ്മുടെ ജീവിതമാകണം; ജീവിതമൂല്യമാകണം. ഇന്ന്, ക്രിസ്തു, ക്രിസ്തുമതം ആക്രമിക്കപ്പെടുമ്പോൾ, ക്രൈസ്തവമുക്ത ഭാരതമെന്നൊക്കെ തീവ്രവാദികൾ വിളിച്ചുപറയുമ്പോൾ, ക്രിസ്തുവിനെയും, ക്രിസ്തുവിന്റെ പ്രതിനിധികളെയും സമൂഹത്തിൽ താറടിച്ചു കാണിക്കുമ്പോൾ, ആചാരങ്ങൾക്കും, പാരമ്പര്യങ്ങൾക്കും പിന്നാലെ പോകുമ്പോൾ, ക്രൈസ്തവർതന്നെ ക്രിസ്തുവിന്റെ മുഖം വികൃതമാക്കുമ്പോൾ, ചോദ്യമിതാണ്: ക്രിസ്തുവിലുള്ള എന്റെ വിശ്വാസം വെറും ആചാരമോ, അതോ മൂല്യമോ? വിശുദ്ധ ജോൺ പോൾ രണ്ടാമൻ പറയുന്നത് ശ്രദ്ധിക്കുക: ‘ജീവിതത്തിന്റെ സാഹചര്യങ്ങളോട് – അത് സന്തോഷമേറിയതോ, കയ്‌പ്പേറിയതോ ആകാം – വിശ്വാസം പൊരുത്തപ്പെടുമ്പോഴാണ് വിശ്വാസം മൂല്യമുള്ളതായിത്തീരുന്നത്.’
ക്രിസ്തുവിലുള്ള വിശ്വാസം മൂല്യമുള്ളതാകുമ്പോൾ, നാം ഒന്നാം സ്ഥാനം നൽകുന്നത് ക്രിസ്തുവിനായിരിക്കും. ലോകത്തിലുള്ള ശക്തികൾക്കായിരിക്കുകയില്ല. ക്രിസ്തുവിന് ഒന്നാം സ്ഥാനം നൽകി ജീവിക്കുമ്പോൾ നമ്മെ തകർക്കുവാൻ ഒരു ശക്തിക്കും സാധിക്കുകയില്ല. പക്ഷേ, ഒന്നാം സ്ഥാനം നല്കാൻ തയ്യാറാകണം. ഈശോ പറഞ്ഞൊരു കുഞ്ഞിക്കഥ ഓർമയില്ലേ? നിധിമറഞ്ഞിരിക്കുന്ന വയലുവാങ്ങാൻ തനിക്കുള്ളതെല്ലാം വിറ്റ മനുഷ്യന്റെ കഥ! ക്രിസ്തു നിന്റെ നിധിയാകണം. സകലതും വിറ്റ്, ആ പൈസകൊണ്ട് വിലയേറിയ രത്നം സ്വന്തമാക്കിയ മനുഷ്യന്റെ കഥയും ഈശോ പറഞ്ഞു. ക്രിസ്തു നിന്റെ വിലയേറിയ രത്നമാകണം. ശതാധിപന്റെ വിശ്വാസത്തിന്റെ BASIS അതായിരുന്നു!!!
രണ്ട്, ഈശോ സൗഖ്യം നൽകുന്ന ദൈവം.
സുഖപ്പെടുത്തലിന്റെ സുന്ദരമായ ഒരു ദൃശ്യാവിഷ്കാരമാണ് ഇന്നത്തെ സുവിശേഷഭാഗം. സുവിശേഷങ്ങളിലെ സൗഖ്യദായകനായ ഈശോ നമ്മെ ഓർമപ്പെടുത്തുന്നത് പുറപ്പാടിന്റെ പുസ്തകം പതിനഞ്ചാം അദ്ധ്യായം ഇരുപത്താറാം വാക്യമാണ്: “ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്”. സൗഖ്യം ഏറ്റവും ആവശ്യമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുനന്ത്. ഓരോ മനുഷ്യനും ധാരാളം മുറിവുകളും പേറിയാണ് നടക്കുന്നത്. എന്തിന്, ലോകത്തിന് തന്നെ രോഗം ബാധിച്ചിരിക്കുകയാണ്. യുദ്ധമായി അത് പടർന്നുകൊണ്ടിരിക്കുന്നു; ബോംബുകളായി അത് പൊട്ടിച്ചിതറുന്നു; വർഗീയതയായി അതിൽനിന്ന് ദുർഗന്ധം വമിക്കുന്നു. വിദ്വേഷമായി അത് പൊട്ടിയൊലിക്കുന്നു. മദ്യമായി, ലഹരിയായി അത് കുടുംബങ്ങളെ, വ്യക്തികളെ തകർക്കുന്നു. ആരാണ് ഈ ലോകത്തെ സുഖപ്പെടുത്തുക? ഈശോ പറയുന്നു: ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്. ഈശോയാണ് നിന്നെ സുഖപ്പെടുത്തുന്ന കർത്താവ്.
ശതാധിപൻ വിജാതീയനായിരുന്നെങ്കിലും, അയാളുടെ വിശ്വാസം ദൃഢമായിരുന്നു. അയാൾക്ക് വിശ്വാസം വെറുമൊരു ആചാരം മാത്രമായിരുന്നില്ല. ക്രിസ്തുവിലുള്ള വിശ്വാസം അയാളുടെ ജീവിതത്തിൽ നിന്ന് ഖനനം ചെയ്തെടുത്തതാണ്. ലോകത്തിൽ, സൈന്യങ്ങളെ നയിക്കുമ്പോൾ, ശതാധിപൻ, സർവ സൈന്യാധിപൻ എന്ത് പറയുന്നോ അത് അനുസരിച്ചായിരിക്കും ഓരോ പടയാളിയും പ്രതികരിക്കുക. ശതാധിപൻ പറയുന്നത് പടയാളികൾക്ക് വേദവാക്യമാണ്. അങ്ങനെയെങ്കിൽ, അയാൾ ചിന്തിച്ചു, സർവശക്തനായ ദൈവം പറഞ്ഞാൽ, സർവത്തിന്റെ അധിപനായ ദൈവം അരുളിച്ചെയ്താൽ, അനുസരിക്കാത്തതായി എന്തുണ്ട് ഈ ലോകത്തിൽ? ശതാധിപൻ പറയുകയാണ്, സർവ്വേശ്വരാ, ക്രിസ്തുവേ, നീ എന്റെ ഭവനത്തിലേക്ക് വരേണ്ടതില്ലല്ലോ, നിന്നെ സ്വീകരിക്കാൻ മാത്രം ഞാൻ യോഗ്യനല്ലല്ലോ, നിന്റെ വിലപ്പെട്ട സമയം മാറ്റിവയ്ക്കാൻ മാത്രം ഞാൻ ആരുമല്ലല്ലോ. ഈ പ്രപഞ്ചം മുഴുവനും അങ്ങയുടെ സൃഷ്ടികളാണല്ലോ. ഈ പ്രപഞ്ചത്തെ മുഴുവൻ കാണുന്നവനായ നീ എന്റെ ഭൃത്യനെയും കാണുന്നുണ്ടല്ലോ. അവന്റെ അവസ്ഥ അറിയുന്നുണ്ടല്ലോ. നാഥാ, നീ ഒരു വാക്ക് അരുളിച്ചെയ്താൽ മതി എന്റെ ഭൃത്യൻ സുഖം പ്രാപിക്കും.
പ്രിയപ്പെട്ടവരേ, ഒന്നുറക്കെ ഏറ്റുപറഞ്ഞേ. “കർത്താവേ, നീ എന്റെ ഭവനത്തിൽ പ്രവേശിക്കുവാൻ ഞാൻ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാൽ മാത്രം മതി, ഞാൻ സുഖപ്പെടും.” (മത്താ 8, 8) ഈ ദൈവ വചനം ജനം ഒന്നാകെ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? ഉണ്ട്. വിശുദ്ധ കുർബാനയിൽ. ഏത് വിശുദ്ധ കുർബാനയിൽ? ലത്തീൻ റീത്തിലെ വിശുദ്ധ കുർബാനയിൽ. വിശുദ്ധ കുർബാന സ്വീകരണത്തിന് മുൻപ് വൈദികൻ, ഈശോയുടെ തിരുശരീരമായി മാറിയ തിരുവോസ്തി ഉയർത്തിക്കാണിച്ചുകൊണ്ട് , ‘ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. ക്രിസ്തുവിന്റെ അത്താഴത്തിലേക്ക് വിളിക്കപ്പെട്ടവർ ഭാഗ്യവാന്മാർ’ (സ്വതന്ത്ര പരിഭാഷ) എന്നുപറയും. അപ്പോൾ, തിരുവോസ്തിയിലെ ഇന്നും ജീവിക്കുന്ന ഈശോയെകണ്ടുകൊണ്ട്, ആ ഈശോയിൽ വിശ്വസിച്ചുകൊണ്ട്, ദൈവജനം പറയുകയാണ്: “കർത്താവേ, നീ എന്റെ ഭവനത്തിൽ പ്രവേശിക്കുവാൻ ഞാൻ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാൽ മാത്രം മതി, ഞാൻ സുഖപ്പെടും.” ദൈവമക്കളുടെ ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുന്ന മഹനീയ മുഹൂർത്തം!!!
സ്നേഹമുള്ളവരേ, ഈ ഞായറാഴ്ച്ച അനുഗ്രഹം നിറഞ്ഞതാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ആഘോഷമായ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ നമുക്ക് ഭാഗ്യം ലഭിച്ചിരിക്കുകയാണ്. ഇന്ന് വിശ്വാസ പ്രമാണം ചൊല്ലുമ്പോൾ, നമ്മുടെ വിശ്വാസത്തിന്റെ ഏറ്റുപറച്ചിലാകട്ടെ അത്. വിശുദ്ധ കുർബാന തിരുസ്സഭയോടൊത്തുള്ള നമ്മുടെ വിശ്വാസത്തിന്റെ ആഘോഷമായതുകൊണ്ട് സഭയോടൊത്ത്, എല്ലാ ക്രൈസ്തവരോടൊത്ത് നാം ഏറ്റുപറയുമ്പോൾ തീർച്ചയായും ഈശോ പറയും, ഞാൻ നിന്റെ വീട്ടിലേക്ക് വരാം. നിന്നെ, നിന്റെ ഭവനത്തെ സുഖപ്പെടുത്താം. ഈ വിശുദ്ധ കുർബാനയുടെ സമയം ക്രിസ്തു തന്റെ സൗഖ്യത്തിലേക്കു നമ്മെ ക്ഷണിക്കുകയാണ്. വിശ്വാസം ജ്വലിക്കുന്ന ഹൃദയത്തോടെ നമുക്ക് ഈശോയുടെ മുൻപിൽ നിൽക്കാനാകണം. ശതാധിപന്റെ മനോഭാവം, അപേക്ഷ ക്രൈസ്തവ പ്രാർത്ഥനയുടെ മനോഹരമായൊരു രൂപമാണ്. ‘നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി ഞാൻ സുഖം പ്രാപിക്കും.’ നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി, എന്റെ സാമ്പത്തികപ്രശ്നങ്ങൾ മാറും. നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി എന്റെ കുടുംബത്തിൽ സമാധാനമുണ്ടാകും. നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി എന്റെ മകളുടെ അസുഖം, എന്റെ അമ്മയുടെ ക്യാൻസർ മാറും. നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി എന്റെ മകന്റെ ചീത്തകൂട്ടുകെട്ട് മാറും. എന്റെ അപ്പച്ചന്റെ മദ്യപാനം മാറും. ..
നമ്മുടെയൊക്കെ പ്രശ്നം, നമ്മുടെ വിശ്വാസം എങ്ങനെയുള്ളതാണ് എന്നതാണ്. കുഞ്ഞുണ്ണി മാഷ് പറയുന്ന പോലെ: “ഈശോയിലാണെൻ വിശ്വാസം; കീശയിലാണെൻ ആശ്വാസം!”
ഞാൻ വന്നു സുഖപ്പെടുത്താം എന്ന് പറഞ്ഞുകൊണ്ട് കടന്നുവരുന്ന ദൈവത്തിന്റെ ഇടപെടലുകളാകണം നമ്മുടെ ജീവിതം. ഭാവിയെക്കുറിച്ചു നാം ഭയപ്പെടുമ്പോൾ, ഓർത്തുനോക്കുക ദൈവം നൽകിയ അനുഗ്രഹങ്ങളെ. എന്നിട്ടും നിങ്ങൾ തളരുകയാണോ? നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിനു ചെയ്യാൻ കഴിയാത്ത കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക. ഞാൻ പറയുന്നു, ഒരു വാക്കുപോലും നിങ്ങൾക്ക് എഴുതാൻ കഴിയില്ല. കാരണം ദൈവം നല്കുന്നവനാണ്. വാരിക്കോരി, അമർത്തിക്കുലുക്കി അവിടുന്ന് നമുക്ക് നൽകും.
സ്നേഹമുള്ളവരേ, നമ്മൾ ക്രൈസ്തവർക്കെതിരെ അക്രമങ്ങൾ വർദ്ധിക്കുമ്പോൾ, തളരാതെ, നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തുവാൻ നമുക്കാകണം. അപ്പോൾ വിജാതീയർപോലും ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുന്ന അത്ഭുതം നടക്കും. ശതാധിപന്റെ ഭൃത്യനെപ്പോലെ അസുഖത്തിന്റെ, തളർച്ചയുടെ ജീവിതസാഹ്യചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും – ശാരീരിക മാനസിക മുറിവുകൾ, സാമ്പത്തിക ഞെരുക്കങ്ങൾ, സ്നേഹിതരുടെ, കൂടെയുള്ളവരുടെ ഒറ്റപ്പെടുത്തലുകൾ, ആരോടും പറയാൻ പറ്റാത്ത സ്വകാര്യ ദുഃഖങ്ങൾ, എത്ര ശ്രമിച്ചിട്ടും ഒന്നും നേടാനാകാത്ത അവസരങ്ങൾ, ബന്ധങ്ങളിലുള്ള വിള്ളലുകൾ – ശതാധിപന്റെ വിശ്വാസത്തോടെ, ദൈവം നൽകുമെന്ന പ്രത്യാശയോടെ, ‘നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി ഞാൻ സുഖം പ്രാപിക്കും.’ എന്ന പ്രാർത്ഥന നമുക്ക് ഓർക്കാം. “ഞാൻ വന്നു നിന്നെ സുഖപ്പെടുത്താമെന്ന” ഈശോയുടെ വാക്കുകൾ നമുക്ക് ശ്രവിക്കാം. ഇപ്പോൾ, ഈ വിശുദ്ധ ബലിയിൽ സുഖപ്പെടലിന്റെ

അനുഗ്രഹപ്രവാഹം നിന്നിലൂടെ കടന്നുപോകും. നമുക്ക് സൗഖ്യം നൽകുന്ന ശക്തിയാണ് ദൈവം. എന്ന വിശ്വാസത്തിൽ നീ ശക്തിപ്പെടും. ആമ്മേൻ!