ദനഹാക്കാലം എട്ടാം ഞായർ
മർക്കോ 1, 7-11

ദനഹാക്കാലത്തിന്റെ അവസാന ഞായറാഴ്ചയാണിന്ന്. ദനഹാക്കാലം നമ്മെ ആഹ്വാനം ചെയ്യുന്നത് ഈ ഭൂമിയിൽ ക്രിസ്തുവിന്റെ ദനഹാ, വെളിപ്പെടുത്തൽ ആകുക എന്ന ദൗത്യത്തിലേക്കാണ്. ക്രിസ്തുവിനെ ജീവിതത്തിലൂടെ വെളിപ്പെടുത്തുക എന്ന സന്ദേശവുമായി കടന്നുപോയ ഏഴാഴ്ചകൾക്കു ശേഷം, ദനഹാക്കാലം എട്ടാം ഞായറാഴ്ച്ച, ആ ദൗത്യത്തിലേക്ക് കാലെടുത്ത് വയ്ക്കേണ്ടത് എങ്ങനെയെന്ന് നമ്മെ പഠിപ്പിക്കുകയാണ്. ഇന്നത്തെ സുവിശേഷം അതാണ് നമ്മോട് പറയുന്നത്. ഈ ഭൂമിയിൽ ജീവിതം എങ്ങനെ നിറവോടെ ജീവിക്കണം എന്ന്, ദൈവമഹത്വത്തിനായി എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിച്ച ഈശോ, അതിനായി തയ്യാറെടുപ്പ് നടത്തിയതെങ്ങനെയെന്നാണ് ഇന്നത്തെ സുവിശേഷം നമ്മെ വിവരിക്കുന്നത്.
നമുക്കറിയാവുന്നതുപോലെ, AD 65 നും 70 നും ഇടയ്ക്ക് റോമിൽ വച്ച് റോമായിലെ ക്രൈസ്തവർക്കുവേണ്ടിയാണ് വിശുദ്ധ മർക്കോസ് സുവിശേഷം എഴുതുന്നത്. സുവിശേഷത്തിന്റെ, പ്രത്യേകിച്ച് ആദ്യഭാഗത്തിന്റെ മുഖ്യപ്രമേയം യേശുക്രിസ്തു ദൈവപുത്രനാണെന്ന ആദിമസഭയുടെ വിശ്വാസം റോമിലെ ക്രൈസ്തവരെ പഠിപ്പിക്കുക എന്നതാണ്. വിശുദ്ധ മർക്കോസ് സുവിശേഷം തുടങ്ങുന്നത് തന്നെ ഈ ലക്‌ഷ്യം അവതരിപ്പിച്ചുകൊണ്ടാണ്: “ദൈവ പുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം.” (മർക്കോ 1, 1)
ഈശോ തന്റെ സുവിശേഷം പ്രസംഗിക്കാനും, പഠിപ്പിക്കാനും, ആ സുവിശേഷം ജീവിക്കാനും തന്നെത്തന്നെ initiate ചെയ്യുന്ന സുവിശേഷഭാഗം റോമിലെ ക്രൈസ്തവർക്കായി, സുവിശേഷത്തിന്റെ തുടക്കത്തിൽ തന്നെ വിശുദ്ധ മാർക്കോസ് അവതരിപ്പിക്കുകയാണ്. Initiation Ceremony റോമക്കാർക്ക് അന്യമല്ല. അവർ, മല്ലയുദ്ധക്കാർ തുടങ്ങി, തത്വചിന്തകർ, റോമൻ അക്കാദമികളിലെ പ്രൊഫസർമാർ, രാജാക്കന്മാർ, രാജകുമാരന്മാർ തുടങ്ങിയവരുടെ ആഘോഷമായ തുടക്കങ്ങൾ, സ്ഥാനാരോഹണങ്ങൾ കണ്ട് വളർന്നവരാണ്. അന്നത്തെ ദിവസം അവരുടെ ഗ്രാമങ്ങൾക്ക്, നഗരങ്ങൾക്ക്, രാജ്യത്തിന് തന്നെ വലിയ ഉത്സവമായിരിക്കും. Initiate ചെയ്യപ്പെടുന്ന വ്യക്തിയെ അവരുടെ നേതാവായി, ഗുരുവായി, രാജാവായി അവർ ഹൃദയത്തിൽ സ്വീകരിക്കും. പിന്നെ, അവർ പറയുന്നത് കേൾക്കാനും, അവരോട് ഉപദേശങ്ങൾ തേടാനും, രാജാക്കന്മാരാണെങ്കിൽ അവർക്കുവേണ്ടി മരിക്കുവാനും അവർ തയ്യാറാകും. അതുകൊണ്ടുതന്നെ, Initiation Ceremony റോമക്കാർക്ക് വളരെ പ്രധാനപ്പെട്ടതാണ്.
ഇങ്ങനെയൊരു സാംസ്ക്കാരിക, സാമൂഹ്യ പശ്ചാത്തലത്തിലാണ് വിശുദ്ധ മാർക്കോസ് ദൈവപുത്രനായ ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം, Initiation അവതരിപ്പിക്കുന്നത്.
ഈ ഭൂമിയിലെ തന്റെ ദൗത്യം എന്തെന്ന് മനസ്സിലാക്കിയ ഈശോ, ആ ദൗത്യം അതിന്റെ പൂർണതയിൽ ജീവിക്കുവാൻ വേണ്ടി, തന്നെത്തന്നെ Initiate ചെയ്യുകയാണ്. ദൈവപുത്രനായതുകൊണ്ട്, പരിശുദ്ധാത്മാവിനാൽ ലോകത്തെയും, മനുഷ്യഹൃദയങ്ങളെയും സ്നാനം നൽകുവാൻ വന്ന ദൈവപുത്രനായതുകൊണ്ട്, അതിന് യോജിച്ചവിധത്തിൽ ഒരു Initiation Ceremony യാണ് വിശുദ്ധ മാർക്കോസ് ഇവിടെ ഒരുക്കിയിരിക്കുന്നത്!
തുടക്കം തന്നെ എത്ര മനോഹരമാണ്: “അന്നൊരിക്കൽ“. ചരിത്രത്തിൽ സംഭവിച്ച ഒരു മഹാസംഭവത്തെ പൊടിതട്ടിയെടുക്കുകയാണ് വിശുദ്ധ മാർക്കോസ്. അന്നൊരിക്കൽ. വിശുദ്ധ ലൂക്കാ സുവിശേഷകനെ കടമെടുത്തു പറഞ്ഞാൽ: തിബേരിയൂസ് സീസറിന്റെ പതിനഞ്ചാം ഭരണവർഷം, പൊന്തിയോസ് പീലാത്തോസ് യൂദയായുടെ ദേശാധിപതിയും, ഹേറോദേസ് ഗലീലിയയുടെയും, അവന്റെ സഹോദരൻ പീലിപ്പോസ്…അനനിയാസും, കയ്യഫാസും പ്രധാനപുരോഹിതന്മാരും ആയിരിക്കേ. അന്നൊരിക്കൽ. ദൈവം തന്റെ പുത്രനെ നൽകുവാൻ തക്കവിധം ഈ ലോകത്തെ സ്നേഹിച്ചുകൊണ്ട് പുത്രനായി, ലോകത്തിന്റെ രക്ഷകനായി ചിരിത്രത്തിലേക്ക് ഇറങ്ങിവന്ന .. അന്നൊരിക്കൽ!! വിശുദ്ധ മാർക്കോസ് ഈ ചെറിയ വാക്കിലൂടെ ഓർമിച്ചെടുക്കുകയാണ് ആ ചരിത്ര സംഭവത്തെ സ്നേഹമുള്ളവരേ!
സ്ഥാനാരോഹണത്തിനായി രാജാക്കന്മാർ വരുന്നപോലെയുള്ള ഒരു വിവരണമാണ് ഈശോയുടെ മാമ്മോദീസാ സ്വീകരിക്കുവാനുള്ള വരവിനും വിശുദ്ധ മാർക്കോസ് നൽകിയിരിക്കുന്നത്. ആനയും അമ്പാരിയുമൊന്നും വിവരണത്തിലില്ലെങ്കിലും ഈശോയുടെ വരവ് അദ്ദേഹം വിവരിക്കുന്നുണ്ട്. ഈശോ ഗലീലിയയിലെ നസറത്തിലേക്ക്, താൻ വളർന്നുവന്ന ഗ്രാമത്തിലേക്ക് എത്തുകയാണ് ആദ്യം. അവിടെനിന്ന് ജോർദാനിലേക്ക്. ജോർദാനിലെത്തിയശേഷം, സ്നാപകയോഹന്നാൻ സ്നാനം നല്കിക്കൊണ്ടിരിരുന്ന ജോർദാൻ നദിയിലേക്ക് …! അവിടെയെത്തിയശേഷം, മാമ്മോദീസ സ്വീകരിക്കാൻ നിന്ന ജനങ്ങളോടൊപ്പം സ്നാപന്റെ അടുത്തേക്ക്! ഈശോയുടെ ഊഴം വന്നപ്പോൾ സ്നാപകന്റെ അലർച്ച: ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്! സ്നാനം കഴിഞ്ഞപ്പോഴാകട്ടെ സ്വർഗ്ഗത്തിന്റെ ഇടപെടൽ! ജനം ഒന്നടങ്കം ഈശോയെ നോക്കി! ഇതാ ദൈവപത്രൻ! ഇതാ മിശിഹാ! ഇത് പ്രവാചകൻ! ഈശോ പരിശുദ്ധാത്മാവിനാൽ നിറഞ്ഞവനായി, തന്റെ ജീവിത ദൗത്യം മനസ്സിലാക്കിയവനായി അവിടെ നിന്ന് ജനങ്ങളുടെ ഇടയിലേക്ക്! ബാക്കി ചരിത്രമാണ് പ്രിയപ്പെട്ടവരേ!
ദനഹാക്കാലത്തിന്റെ ഈ അവസാനത്തെ ഞായറാഴ്ച്ച, ജീവിതം ഒരു ദനഹയാക്കി മാറ്റുവാൻ ആഗ്രഹമുണ്ടെങ്കിൽ, അതിലൂടെ ക്രിസ്തുവിനെ മറ്റുള്ളവർക്ക് നൽകുവാൻ നിനക്ക് ആഗ്രഹമുണ്ടെങ്കിൽ, മറ്റൊരുവാക്കിൽ, ഒരു യഥാർത്ഥ ക്രൈസ്തവനായി, ക്രൈസ്തവയായി ജീവിക്കുവാൻ ആഗ്രഹമുണ്ടെങ്കിൽ, മക്കളേ, നമ്മുടെ ജീവിതത്തെ, ജീവിത ദൗത്യത്തെ മനസ്സിലാക്കുവാൻ നാം ശ്രമിക്കണം. ക്രൈസ്തവർ അതിനായി, ഹോസ്പിറ്റലുകളിലൂടെ അലഞ്ഞുതിരിയണമെന്നില്ല; ജയിലുകൾ സന്ദർശിക്കണമെന്നുമില്ല; സിമിത്തേരികളെ ധ്യാനിക്കണമെന്നുമില്ല. ക്രൈസ്‌തവർ ചെയ്യേണ്ടത് പരിശുദ്ധാത്മാവിന്റെ നിറവിൽ ജീവിതത്തിന്റെ ജോർദാനുകളിൽ മുങ്ങിനിവരുകയാണ്!! ദൈവത്തിന്റെ, സ്വർഗ്ഗത്തിന്റെ പുത്രനും, പുത്രിയുമായി മാറുകയാണ്!!
അതിനായി ഒന്നാമതായി നാം ചെയ്യേണ്ടത്: പരിശുദ്ധാത്മാവിൽ ജ്ഞാനസ്നാനപ്പെടുക.

ക്രിസ്തുവിനെപ്പോലെ ജീവിത ദൗത്യത്തിലേക്ക് ദൈവാത്മാവിന്റെ നിറവോടെ കടന്നുചെല്ലുവാൻ കഴിയുന്ന ക്രിസ്തീയത നേടിയെടുക്കുകയാണ് ഇന്നിന്റെ ആവശ്യം. അപ്പോഴാണ് ദൈവജനത്തിന്റെ മുൻപിൽ ധൈര്യപൂർവം നിന്നുകൊണ്ട്, ആകാശം മുഴുന്ന സ്വരത്തിൽ “കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്” പ്രഘോഷിക്കുവാൻ നമുക്കാകുകയുള്ളു. അപ്പോൾ മാത്രമേ, ദരിദ്രർക്ക് സുവിശേഷം പ്രഘോഷിക്കുവാൻ നാം പാ കമാകുകയുള്ളു. അപ്പോൾ മാത്രമേ, അടിച്ചമർത്തപ്പെട്ടവന്റെ അടിമത്തത്തിന്റെ വേദന നമ്മുടേതാക്കാൻ കഴിയൂ. അപ്പോൾ മാത്രമേ ജീവിതത്തിൽ തപ്പിത്തടയുന്നവന്റെ കൈ പിടിച്ച് അവനെ പ്രകാശത്തിലേക്ക് നയിക്കുവാൻ നമുക്കാകൂ. അല്ലാത്തതെല്ലാം വെറും പൊള്ളയാണ്.
ഈ കാലഘട്ടത്തിന്റെ ദുരന്തം എന്നത് തീവ്രവാദപ്രവർത്തനങ്ങളല്ല. അവയുണ്ടാക്കുന്ന ബോംബാക്രമണങ്ങളല്ല. അവയിൽ ചിതറിത്തെറിക്കുന്ന മനുഷ്യ ജീവനുകളല്ല. ഈ കാലഘട്ടത്തിന്റെ ദുരന്തം എന്നത് പരിശുദ്ധാത്മാവിൽ നിറയാതെ മനുഷ്യൻ ജീവിതാന്തസ്സുകളിലേക്ക് പ്രവേശിക്കുന്നതാണ്. അത്, കുടുംബജീവിതമായാലും, സന്യാസ പൗരോഹിത്യ ജീവിതമായാലും ശരിതന്നെ. ഇന്ന്, കുടുംബജീവിതക്കാർക്ക് അവരുടെ ദൗത്യമെന്തെന്ന് അറിയില്ല; അവർ സ്വീകരിച്ച ജീവിതത്തിനോട് ആത്മാർത്ഥത പുലർത്തേണ്ടത് എങ്ങനെയെന്നറിയില്ല. അവരുടെ ജീവിതാന്തസ്സിനനുസരിച്ച് വ്യാപരിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ല. ഇന്ന് സന്യസ്തർക്ക് അവരുടെ ദൗത്യമെന്തെന്ന് അറിയില്ല; അവർ സ്വീകരിച്ച ജീവിതത്തിനോട് ആത്മാർത്ഥത പുലർത്തേണ്ടത് എങ്ങനെയെന്നറിയില്ല. അവരുടെ ജീവിതാന്തസ്സിനനുസരിച്ച് വ്യാപരിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ല. ഇന്ന് പുരോഹിതർക്ക് അവരുടെ ദൗത്യമെന്തെന്ന് അറിയില്ല; അവർ സ്വീകരിച്ച ജീവിതത്തിനോട് ആത്മാർത്ഥത പുലർത്തേണ്ടത് എങ്ങനെയെന്നറിയില്ല. അവരുടെ ജീവിതാന്തസ്സിനനുസരിച്ച് വ്യാപരിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ല. എന്തുകൊണ്ട്? പരിശുദ്ധാത്മാവിന്റെ നിറവിൽ ജീവിതത്തിന്റെ ജോർദാനുകളിൽ മുങ്ങി നിവരുവാൻ ഇവർക്കാകുന്നില്ല. ദൈവം പ്രസാദിച്ച പുത്രനും, പുത്രിയുമാണെന്ന ബോധ്യമില്ല.
രണ്ടാമതായി ദൈവവര പ്രസാദത്തിന്റെ ഭംഗി നിറഞ്ഞവരാകുക. കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട് എന്ന ബോധ്യത്തിൽ ജീവിക്കുന്നവന്, ജീവിക്കുന്നവൾക്ക്, ഈ ദർശനം ഉള്ളിൽകൊണ്ട് നടക്കുന്ന നിമിഷങ്ങളിൽ അവരിൽ നിറയുന്ന ഒരു പ്രകാശമുണ്ട്. നിങ്ങളുടെ മുഖം പ്രകാശിക്കുന്നു, നിങ്ങളുടെ കണ്ണുകൾ പ്രകാശിക്കുന്നു, നിങ്ങളുടെ ശരീരം പ്രകാശിക്കുന്നു. ഉള്ളിൽ ഇത്തരമൊരു ദർശനത്തിന്റെ വെളിച്ചം കൊണ്ട് നടക്കുന്നില്ലെങ്കിൽ ക്രൈസ്തവൻ എങ്ങനെയാണ് പ്രകാശിക്കുക. നിങ്ങൾ പ്രകാശമാകുന്നു എന്ന് ഈശോ പറഞ്ഞത് വെറുതെ ഒരു പ്രസംഗ ശൈലിയായിട്ടല്ല. ഏതെങ്കിലുമൊരു പ്രകാശം ആകാനുമല്ല. നിങ്ങൾ പോകുന്നിടത്തെല്ലാം പ്രകാശം പരത്തുവാനാണ് ഈശോ പറഞ്ഞത്. അല്ലെങ്കിൽ വിശുദ്ധ മദർ തെരേസയ്ക്ക് എവിടെയാണ് സൗന്ദര്യം? ലോകത്തിന്റെ മാനദണ്ഡങ്ങൾ വച്ച് നോക്കിയാൽ നിങ്ങൾ എത്രമാർക്ക് കൊടുക്കും? എന്നാൽ ദൈവവര പ്രസാദംകൊണ്ട് നിറഞ്ഞ, പരിശുദ്ധാത്മാവാൽ നിറയപ്പെട്ട വിശുദ്ധ മദർ തെരേസയുടെ സൗന്ദര്യം ലോകത്തിന്റെ മാനദണ്ഡങ്ങൾക്കും എത്രയോ അകലെയാണ്!!! ദൈവവര പ്രസാദത്തിന്റെ ഭംഗിയില്ലാത്ത ക്രൈസ്തവർക്ക് എങ്ങനെയാണ് ഈ ലോകത്തെ ക്രിസ്തുവിലേക്ക് ആകർഷിക്കുവാൻ കഴിയുക?! ഇന്ന് ലോകം, ലോകത്തിന്റെ മക്കൾ ക്രിസ്തുവിൽ നിന്ന് അകന്നുപോകുന്നുണ്ടെങ്കിൽ അതിന്റെ കാരണം ദൈവരപ്രസാദ മില്ലാത്ത ക്രൈസ്തവരാണ്.
സ്നേഹമുള്ളവരേ, എങ്ങനെയാണ് ജീവിതം നിറവുള്ളതാക്കണമെന്ന്, ജീവിതദൗത്യം ആരംഭിക്കേണ്ടതെന്ന് ക്രിസ്തുവിൽ നിന്ന് പഠിക്കുവാൻ നമുക്കാകട്ടെ. ക്രിസ്തുവിനെ ഇന്ന് ക്രൈസ്തവർ ശരിയായി കാണുന്നുണ്ടോ എന്ന് സംശയമാണ്. ഒരു പൂവ് അതെത്ര സൗന്ദര്യമുള്ളതായാലും ഒത്തിരി ദൂരത്താകുമ്പോൾ അത് നമ്മുടെ കാഴ്ചയുടെ പരിധിക്ക് പുറത്താകുന്നു. ഇനി അത് നമ്മുടെ കണ്ണോട് ചേർത്തുവയ്ക്കുമ്പോഴോ, വർണങ്ങൾ ചിതറുന്നു; കാഴ്ച്ച വീണ്ടും അവ്യക്തമാകുന്നു. ക്രിസ്തു ഒന്നുകിൽ നമ്മുടെ ദർശന പരിധിക്ക് പുറത്താണ്. അല്ലെങ്കിൽ വർണങ്ങൾ ചിതറിപ്പോകുന്നത്ര അടുത്താണ്. ക്രിസ്തുവിനെ കാണേണ്ട ദൂരത്തല്ല നമ്മൾ കാണുന്നത്. അതുകൊണ്ട് ഈശോ തന്റെ ദൗത്യത്തിന് തയ്യാറെടുത്തപോലെ, തയ്യാറെടുക്കുവാൻ നമുക്കാകുന്നില്ല.
പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, സ്നാനപ്പെട്ട്, ദൈവവര പ്രസാദത്തിന്റെ ഭംഗിയുള്ളവരായി നമുക്ക് നമ്മുടെ ക്രൈസ്തവജീവിതം വീണ്ടും പണിയാം.

ഈശോയേ, നിന്നെ ശരിയായി കാണുവാൻ ഞങ്ങളുടെ മിഴികളെ തുറക്കുക എന്ന് പ്രാർത്ഥിക്കാം. പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരായി ജീവിക്കുവാൻ അനുഗ്രഹിക്കണമേയെന്ന് ഇന്നത്തെ വിശുദ്ധ ബലിയിൽ നമുക്ക് പ്രാർത്ഥിക്കാം. ആമ്മേൻ!