SUNDAY SERMON

നോമ്പുകാലം അഞ്ചാം ഞായർ

യോഹ 7, 37- 39 +8, 12-20

അമ്പതു നോമ്പിന്റെ അഞ്ചാം ഞായറാഴ്ച്ചയിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. നോമ്പുകാലത്തെ ദൈവകൃപയാൽ നിറച്ച്, ക്രൈസ്തവജീവിതങ്ങളെ തിളക്കമുള്ളതാക്കി തീർക്കുവാനുള്ള ആഗ്രഹവുമായാണ് ഇന്നത്തെ സുവിശേഷം നമ്മെ സമീപിക്കുന്നത്. സുവിശേഷ സന്ദേശം ഇതാണ്: ദൈവം വസിക്കുന്ന ആലയങ്ങളാണ് നാം. പരിശുദ്ധാത്മാവിനാൽ നിറഞ്ഞു, ക്രിസ്തുവിന്റെ പ്രകാശങ്ങളായി ജീവിക്കുകയാണ് ക്രൈസ്തവ ധർമം.

ജറുസലേമിൽ കൂടാരത്തിരുനാളിന്റെ അവസാനദിനത്തിലും, പിറ്റേദിവസവുമായി ഈശോ നടത്തുന്ന രണ്ട്   പ്രഖ്യാപനങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ പ്രധാന ആകർഷണം. മൂന്ന് പ്രധാന തിരുനാളുകളാണ് യഹൂദപാരമ്പര്യത്തിലുള്ളത്. 1. പെസഹാതിരുനാൾ 2. പെന്തക്കുസ്ത 3. കൂടാരത്തിരുനാൾ. ഹെബ്രായ കലണ്ടറിലെ നീസാൻ മാസം പതിനഞ്ചാം തീയതി ആചരിക്കുന്ന തിരുനാളാണ് ഇസ്രായേൽക്കാരുടെ പെസഹാതിരുനാൾ. സീനായ് മലമുകളിൽ ദൈവം മോശയ്ക്ക് പത്തുകല്പനകൾ നൽകിയതിനെ അനുസ്‌മരിച്ചുകൊണ്ടുള്ള തിരുനാളാണ് പന്തക്കുസ്ത തിരുനാൾ. ദൈവം നൽകുന്ന ദാനങ്ങൾക്കുള്ള, ആദ്യഫലങ്ങൾക്കുള്ള നന്ദിപ്രകടനമായും ഈ തിരുനാൾ ആഘോഷിക്കുന്നുണ്ട്. കൂടാരത്തിരുനാളാകട്ടെ ഇസ്രായേൽ ജനം ഈജിപ്തിലെ അടിമത്വത്തിൽ നിന്ന് കാനൻ ദേശം ലക്ഷ്യമാക്കി പുറപ്പെടുന്നതിനെ അനുസ്മരിച്ചുള്ള ആഘോഷമാണ്. ഇസ്രായേല്യരുടെ വിളവെടുപ്പ് ഉത്സവവുംകൂടിയാണിത്.

ഇന്ന് നാം ശ്രവിച്ച സുവിശേഷ ഭാഗത്ത് രണ്ട് പ്രസ്താവനകളാണ് ഉള്ളത്. ഒന്ന് ഏഴാം അദ്ധ്യായം 38, 39 വാക്യങ്ങൾ. ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ    വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന്ജീവജലത്തിന്റെ അരുവികൾ ഒഴുകും.” കൂടാരത്തിരുനാളിന്റെ മഹാദിനത്തിലാണ് ഈശോ ജനങ്ങളോട് ഇങ്ങനെ പറഞ്ഞത്. കൂടാരത്തിരുനാളിന്റെ ആചാരങ്ങളെ മനസ്സിലാക്കുകയാണെങ്കിൽ ഈ ദൈവ വചനത്തിന്റെ ആന്തരാർത്ഥം ഗ്രഹിക്കുവാൻ എളുപ്പമുണ്ടാകും. പഴയനിയമത്തിലെ നെഹമിയായുടെ പുസ്തകം എട്ടാം അദ്ധ്യായം 13 മുതൽ 18 വരെയുള്ള വാക്യങ്ങളിൽ കൂടാരത്തിരുനാളിന്റെ ആചാരങ്ങളെക്കുറിച്ചു പറയുന്നുണ്ട്.

കൂടാരത്തിരുനാളിൽ ഇസ്രായേൽ ജനം ഒലിവ്, കാട്ടൊലിവ്, കൊളുന്ത്, ഈന്തപ്പന എന്നിവകൊണ്ട് കൂടാരങ്ങൾ ഉണ്ടാക്കും. ഉത്സവത്തിന്റെ ആദ്യദിനം മുതൽ അവസാനദിവസം വരെ നിയമ ഗ്രന്ഥം വായിക്കും. അവസാന ദിനത്തിൽ ജലം കൊണ്ടുള്ള ആചാരങ്ങളാണ്. പുരോഹിതൻ സീലോഹ കുളത്തിൽ നിന്ന് സ്വർണം കൊണ്ടുള്ള കുടത്തിൽ വെള്ളം കോരിക്കൊണ്ടുവന്ന് ബലിപീഠത്തിനടുത്തുള്ള വെള്ളികൊണ്ടുള്ള പാത്രത്തിൽ ഒഴിക്കും. അപ്പോൾ ഗായകസംഘവും ജനങ്ങളും ഗാനങ്ങൾ ആലപിക്കും. ചില യഹൂദ പാരമ്പര്യങ്ങളിൽ പറയുന്നത് ഈ ജലം ദൈവാത്മാവിന്റെ പ്രതീകമെന്നാണ്. ഈ പാരമ്പര്യത്തിന്റെ ചുവടുപിടിച്ചാകണം യോഹാന്നാൻ സുവിശേഷകൻ പറയുന്നത്, “അവൻ ഇത് പറഞ്ഞത് തന്നിൽ വിശ്വസിക്കുന്നവർ

സ്വീകരിക്കുവാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്” എന്ന്. ജീവജലം ഈശോയ്ക്ക് ആത്മാവാണ്, നിത്യജീവൻ പ്രദാനം ചെയ്യുന്ന ആത്മാവ്. യോഹന്നാന്റെ സുവിശേഷം നാലാം അധ്യായത്തിൽ ഈശോ സമരായക്കാരി സ്ത്രീയോടും ഇക്കാര്യം പറയുന്നുണ്ട്: “…ഞാൻ നൽകുന്ന ജലം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാൻ നൽകുന്ന ജലം അവനിൽ നിത്യജീവനിലേക്ക് നിർഗളിക്കുന്ന അരുവിയാകും”. (4, 14) സഖറിയായുടെ പ്രവചനത്തിൽ ജറുസലേമിൽ നിന്നുള്ള ജീവജലത്തെക്കുറിച്ച് പറയുന്നുണ്ട്. ” അന്ന് (മിശിഹായുടെ നാളിൽ) ജീവജലം ജറുസലേമിൽ നിന്ന് പുറപ്പെട്ട് പകുതി കിഴക്കേ കടലിലേക്കും, പകുതി പടിഞ്ഞാറേ കടലിലേക്കും ഒഴുകും.  അത് വേനൽക്കാലത്തും ശീതകാലത്തും ഒഴുകിക്കൊണ്ടിരിക്കും.” (സഖറിയാ 14, 8) അതായത്, ക്രിസ്തുവിൽ നിറഞ്ഞു നിൽക്കുന്ന ജീവജലം, പരിശുദ്ധാത്മാവ്, സ്ഥലകാല പരിമിതികൾ ഇല്ലാത്ത നിരന്തര പ്രവാഹമായിരിക്കും.

ജലം ആത്മാവിന്റെ പ്രതീകമാണ്, പരിശുദ്ധാത്മാവിന്റെ. എല്ലാ മതങ്ങളും ജലത്തിന് പ്രതീകാത്മകത നൽകുന്നുണ്ട്. ജലം എല്ലാമതങ്ങൾക്കും വിശുദ്ധിയുടെ പ്രതീകമാണ്; പുനർജന്മത്തിന്റെ, നവീകരണത്തിന്റെ പ്രതീകമാണ്. യഹൂദ പാരമ്പര്യത്തിൽ, അവിടെ നിന്ന് ക്രൈസ്തവ പാരമ്പര്യത്തിലും ജലം ആത്മാവിന്റെ പ്രതീകമാണ്. ക്രിസ്തു ആത്മാവിനാൽ നിറഞ്ഞവനാണ്, ആത്മാവ് തന്നെയാണ്. അവിടുന്ന്, ജലത്തിന്റെ, ആത്മാവിന്റെ ഉറവയാണ്. ഉറവയിൽ നിന്ന് കുടിക്കുന്നവർ ആരായാലും അവരിലും ആത്മാവിന്റെ നിറവുണ്ടാകും, ഒഴുക്കുണ്ടാകും. തന്നിലുള്ള ഈ ആത്മാവിനെ നൽകുവാനാണ്‌ ഈശോ ഈ ലോകത്തിലേക്ക് വന്നത്. ക്രിസ്തുവിന് സാക്ഷ്യം നൽകുവാൻ വന്ന സ്നാപക യോഹന്നാൻ എന്താണ് പറഞ്ഞത്? “ഞാൻ ജലം കൊണ്ട് സ്നാനം നൽകുന്നു (യോഹ 1, 26) … അവനാണ് (ക്രിസ്തുവാണ്) പരിശുദ്ധാത്മാവുകൊണ്ട് സ്നാനം നൽകുന്നവൻ.” (യോഹ 1, 33) തന്നെ ശ്രവിച്ചവരോട് “ദൈവം അളന്നല്ല പരിശുദ്ധാത്മാവിനെ കൊടുക്കുന്നത്” (യോഹ 3, 34) എന്ന് പറഞ്ഞ ഈശോ, ആത്മ്മാവിനെ സ്വീകരിക്കുവാൻ ഒരുങ്ങിയിരുന്ന ശിഷ്യർക്ക് പരിശുദ്ധാത്മാവിനെ നൽകുകയാണ്. വചനം പറയുന്നു: “അഗ്നി ജ്വാലകൾ പോലുള്ള നാവുകൾ… അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു.” (അപ്പ 2, 3-4)

ലോകം മുഴുവനും ആത്മാവിനെ നൽകുവാൻ വന്ന ഈശോ, താൻ ആത്മാവിന്റെ നിറവാണെന്നറിഞ്ഞുകൊണ്ട്, പിറ്റേദിവസം ജനത്തിനോട് പറയുകയാണ് ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.” (യോഹ 8, 12) എന്ന്. എങ്ങനെയാണ്, എന്തുകൊണ്ടാണ് ഈശോ ലോകത്തിന്റെ പ്രകാശമായത്? അവിടുന്ന് ജീവജലത്തിന്റെ ഉറവയായതുകൊണ്ട്.  അവിടുന്ന് ദൈവാത്മാവിന്റെ നിറകുടമായതുകൊണ്ട്. അപ്പോൾ ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത് എന്തായിരിക്കും? മക്കളേ, ദൈവാത്മാവിനാൽ നിങ്ങൾ നിറയുമ്പോൾ ഈ ലോകത്തിൽ നിങ്ങൾ ക്രിസ്തുവിന്റെ പ്രകാശങ്ങളായിരിക്കും. ദൈവാത്മാവിന്റെ നിറവ് നിങ്ങളിൽ ഇല്ലെങ്കിൽ ഈ ലോകത്തിൽ നിങ്ങൾ ക്രിസ്തുവിന്റെ പ്രകാശങ്ങൾ ആയിരിക്കുകയില്ല. വെളിച്ചമുള്ളിടത്തു മാത്രം നടക്കാനല്ല ഈശോ നമ്മോട് പറയ്യുന്നത്. അവിടുന്ന് നമ്മോടു പറയുന്നത് ആയിരിക്കുന്ന, നടക്കുന്ന ഇടങ്ങളിലെല്ലാം പ്രകാശം പരത്തുവാനാണ്, പ്രകാശങ്ങൾ ആകാനാണ്. അതിന് ഏറ്റവും ആവശ്യകമായ ഘടകം, ആവശ്യകമായ കാര്യം പരിശുദ്ധാത്മാവിനാൽ നിറയുക എന്നതാണ് 

പരിശുദ്ധാത്മാവിനാൽ നിറഞ്ഞു ക്രിസ്തുവിന്റെ പ്രകാശങ്ങളാകുക എന്ന മഹത്തായ ലക്ഷ്യവുമായിട്ടാണ് ഓരോ ക്രൈസ്തവനും ഈ ഭൂമിയിൽ ജീവിക്കുന്നത്. ക്രിസ്തുമതവും, മറ്റുമതങ്ങളും മനുഷ്യനിൽ ദൈവത്തിന്റെ പ്രകാശം നിറഞ്ഞവരാകാൻ മനുഷ്യരെ പഠിപ്പിക്കുന്ന, സഹായിക്കുന്ന ഘടകങ്ങളായി പ്രവർത്തിക്കാനുള്ളതാണ്. ഇരുളിന് കീഴടക്കാൻ കഴിയാത്ത ദൈവത്തിന്റെ വെളിച്ചങ്ങൾക്ക് മാത്രമേ, ലോകത്തിൽ നിറഞ്ഞിരിക്കുന്ന അന്ധകാരത്തെ മാറ്റുവാൻ സാധിക്കുകയുള്ളു. നാം ജീവിക്കുന്ന സാഹചര്യങ്ങളിൽ സത്യത്തിന്റെ, സ്നേഹത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ പ്രകാശങ്ങളാകുമ്പോഴാണ് നമ്മുടെ ക്രൈസ്തവജീവിതങ്ങൾ അർത്ഥപൂർണമാകുന്നത്. എന്റെ കുടുംബം ഇരുട്ടിലാണോ എന്നത് എന്നിൽ ദൈവികപ്രകാശം എന്തുമാത്രമുണ്ട് എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. മാമ്മോദീസാ സ്വീകരിച്ച്, മറ്റു കൂദാശകൾ കൂടെക്കൂടെ സ്വീകരിച്ച് ക്രിസ്തുമതത്തിലായിരിക്കുമ്പോൾ ക്രിസ്തുവിന്റെ പ്രകാശങ്ങളാകുന്നില്ലെങ്കിൽ, മതംകൊണ്ട്, മതജീവിതംകൊണ്ട്    എന്ത് പ്രയോജനം?

എന്താണ് ക്രിസ്തുമതത്തിന്റെ ഭംഗി? എന്താണ് ക്രിസ്തുമതത്തെ മനോഹരിയാക്കുന്നത്? ക്രിസ്തുവിന്റെ പ്രകാശങ്ങളായി തിളങ്ങിനിൽക്കുന്ന ക്രൈസ്തവർ തന്നെയാണ് ക്രിസ്തുമതത്തിന്റെ ഭംഗി, സൗന്ദര്യം! ക്രിസ്തുമതത്തിലെ കുറവുകളേയും, തെറ്റായ രീതികളെയും മാത്രം കണ്ടുപിടിച്ച് അത് പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശ്യം ഈ പ്രകാശത്തെ തല്ലിക്കെടുത്തുക എന്നതാണ്. ഈ സൗന്ദര്യത്തെ നിഷ്പ്രഭമാക്കുക എന്നതാണ്  ലൗ ജിഹാദിന് സ്റ്റേജൊരുക്കുന്നവരുടെ ഹിഡ്ഡൻ അജണ്ട. ക്രൈസ്തവരുടെ പുണ്യപ്പെട്ട അമ്പതുനോമ്പിന്റെ ആദ്യനാളുകളിൽ പോലും ക്രൈസ്തവരെ ലക്‌ഷ്യം വച്ച് നടത്തുന്ന പല കാര്യങ്ങളിലും നമ്മിലെ പ്രകാശത്തെ തല്ലിക്കെടുത്തുക എന്നത് തന്നെയാണ് ലക്‌ഷ്യം. ക്രിസ്തുവിന്റെ ശത്രുക്കൾക്കത് വലിയ നേട്ടമാകാം.  പക്ഷേ, ക്രൈസ്തവർക്കത് മരണമാണ്; ക്രൈസ്തവർക്കെതിരെയുള്ള ചെളിവാരിയെറിയലാണ്; ക്രൈസ്തവർക്കെതിരെയുള്ള മനുഷ്യത്വഹീനമായ നീചപ്രവൃർത്തികളാണ്. .  ക്രൈസ്തവർക്കെതിരെയുള്ള നീക്കങ്ങൾക്ക് കുടപിടിക്കുന്നവരേ, അത് ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്  ആരായാലും, അതിന്റെ പുറകിലുള്ള നിങ്ങളുടെ ഉദ്ദേശം എന്തായാലും ഒരിക്കലും, ഒരിക്കലും നിങ്ങൾ ജയിക്കുവാൻ പോകുന്നില്ല. കാരണം, നിത്യപ്രകാശമായ ക്രിസ്തുവിന്റെ പ്രകാശമാണ് ക്രൈസ്തവരിലൂടെ ഈ ഭൂമിയിൽ നിറയുന്നത്.  നന്മയുടെ പ്രകാശത്തെ തല്ലിക്കെടുത്തിയാൽ നിങ്ങളുൾപ്പെടെ എല്ലാവരും ഇരുട്ടിലാകുമെന്ന് എന്തേ നിങ്ങൾ ഓർക്കുന്നില്ല????

ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ, ശുശ്രൂഷാ പൗരോഹിത്യത്തിൽ പങ്കുപറ്റുന്ന പുരോഹിതർ പരത്തുന്നപ്രകാശത്തെ ഇല്ലാതാക്കുവാൻ, ക്രിസ്തുവിനെ അടുത്തനുകരിച്ചുകൊണ്ട്,   സന്യാസ ജീവിതത്തിലൂടെ ക്രിസ്തുവാകുന്ന പ്രകാശത്തിന്റെ ജ്വലിക്കുന്ന സാക്ഷ്യങ്ങളാകുവാൻ ജീവിതം സമർപ്പിക്കുന്ന കന്യാസ്ത്രീകളുടെ നന്മയെ നിസ്സാരവത്കരിക്കുവാൻ ശ്രമിക്കുന്ന മനുഷ്യരോട് നിങ്ങളുടെ നിഗൂഢ പ്രവർത്തനങ്ങൾക്ക്  ക്രൈസ്തവർ തെളിക്കുന്ന നന്മയുടെ, സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, സഹാനുഭൂതിയോടെ പ്രകാശങ്ങളെ നശിപ്പിക്കുവാൻ സാധിക്കുകയില്ലയെന്ന് ധൈര്യത്തോടെ വിളിച്ചുപറയുവാൻ നമുക്ക് സാധിക്കണം.

2022 ൽ പട്ടാളഭരണത്തിന്റെ ക്രൂരത അരങ്ങേറിയ സൂര്യതേജസ്സിയായി നിന്ന സിസ്റ്റർ ആൻ റോസ് നു തവാങ്ങിനെ (ആൻ Ann Rose Nu Tawang) നിങ്ങളാരും ഓർക്കുന്നുണ്ടാകില്ല. ക്രിസ്തുമതത്തിനെതിരെ നിറതോക്കുകളുമായി നടക്കുന്ന തീവ്രവാദികളും ഓർക്കുന്നുണ്ടാകില്ല. അതാണ് പ്രകാശത്തിന്റെ ദൗർഭാഗ്യം! പ്രകാശം ലോകത്തിലേക്ക് വന്നിട്ടും ആരും പ്രകാശത്തെ സ്വീകരിച്ചില്ല?? 

ഞാൻ പറയുന്നത്, ആളുകളെ മർദ്ദിക്കുകയും, വെടിവച്ചു കൊല്ലുകയും ചെയ്യുന്ന പട്ടാളത്തിനുമുന്പിൽ, തെരുവിൽ മുട്ടുകുത്തി നിന്നുകൊണ്ട് ആൻ റോസ് എന്ന കന്യാസ്ത്രീ നടത്തിയ ഹൃദയ വിലാപത്തെ കുറിച്ചാണ്. നമുക്കെല്ലാം അറിയാവുന്നതുപോലെ മ്യാൻമറിലെ ജനത 2022 ആഴ്ചകളോളം പട്ടാളഭരണകൂടത്തിനെതിരെ പ്രക്ഷോഭത്തിലായിരുന്നു. ജനാധിപത്യ പ്രക്ഷോഭം ക്രൂരമായി അടിച്ചമർത്തുകയായിരുന്നു പാട്ടാളം. സ്ത്രീകളെയും, കുഞ്ഞുങ്ങളെയുമടക്കം അവർ എല്ലാവരെയും മൃഗീയമായി കൊല്ലുകയായിരുന്നു. അപ്പോഴാണ്, “നിങ്ങൾക്കുവേണമെങ്കിൽ എന്റെ ജീവനെടുക്കാം, അവരെ വെറുതെ വിട്ടേക്കൂഅവരെ നമ്മുടെ കുടുംബാംഗങ്ങളെപ്പോലെ കാണൂ …” എന്നും പറഞ്ഞു മ്യാൻമറിലെ മേയ്റ്റ് കെയ് നഗരത്തെരുവിൽ മുട്ടുകുത്തിനിന്നുകൊണ്ടു ആൻ റോസ് എന്ന കത്തോലിക്കാ കന്യാസ്ത്രീ പട്ടാളത്തോടു അപേക്ഷിച്ചത്. അധികാരത്തിന്റെ, മസിൽപവറിന്റെ അന്ധകാരത്തിലായിരുന്ന മ്യാൻമാർ പട്ടാളം മാത്രമല്ല, ലോകം മുഴുവനും രംഗം കണ്ടു തരിച്ചിരുന്നു പോയിസ്നേഹമുള്ളവരേ, അത്രമേൽ, ആർദ്രമായിരുന്നു യാചന! അത്രമേൽ വേദനാജനകമായിരുന്നു അത്! അത് ലോകമനഃസ്സാക്ഷിയെ വളരെയേറെ മുറിവേൽപ്പിച്ചു. കാരണം, അത്രമേൽ പ്രകാശപൂർണമായിരുന്നു രംഗം! നിമിഷം സിസ്റ്റർ ആൻ റോസ് ക്രിസ്തുവിന്റെ പ്രകാശമായിരുന്നു

അവിടെ തെരുവിലേക്കോടിച്ചെന്നത് വെറുമൊരു സ്ത്രീ ആയിരുന്നില്ല, നഗരത്തെരുവിൽ മുട്ടുകുത്തി നിന്നതു വെറുമൊരു കന്യാസ്ത്രീ ആയിരുന്നില്ല! ലോകം നടുങ്ങുമാറ്‌, ഒരു നിമിഷനേരത്തേക്കെങ്കിലും മ്യാൻമാർ പട്ടാളത്തെ അസ്വസ്ഥമാക്കിക്കൊണ്ടു പട്ടാളത്തോട് കെഞ്ചിയത് ദൈവത്തിന്റെ ആത്മാവാൽ നിറഞ്ഞ, ക്രിസ്തുവിന്റെ പ്രകാശമായ, ക്രിസ്തുവിന്റെ സമർപ്പിത സിസ്റ്റർ ആൻ റോസ് നു ത്വാങ് ആയിരുന്നു!

ലോകത്തിന്റെ ആഘോഷങ്ങളിൽ ഭ്രമിച്ചു നിൽക്കാതെ, സ്വാഭാവിക ജീവിതത്തിന്റെ ഉത്സവ കാഴ്ച്ചകളിൽ കണ്മിഴിച്ചു നിൽക്കാതെ, ശബ്ദ കോലാഹലങ്ങളുടെയും തിരക്കുകളുടെയും ഇടയിൽ പെട്ട് ജീവിതം നഷ്ടപ്പെടുത്താതെ, ആത്മീയമായി ജീവിച്ചാൽ അന്ധകാരം നിറഞ്ഞ ഇടങ്ങളിലേക്ക് ആത്മാവ് നമ്മെ നയിക്കുംക്രിസ്തുവിന്റെ പ്രകാശങ്ങളാകാൻ!

പ്രിയപ്പെട്ടവരെ, നാം ജീവിക്കുന്ന ഈ ഭൂമിയിൽ അന്ധകാരം ധാരാളമുണ്ട്. വൈരുധ്യങ്ങൾ ഏറെയുണ്ട്. സ്നേഹിക്കുന്നവരും കൊല്ലുന്നവരുമുണ്ട്. നേരും നെറികേടുമുണ്ട്. ദൈവവും ചെകുത്താനുമുണ്ട്! ഇരുളും വെളിച്ചവുമുണ്ട്! എന്നാൽ, ഈശോ നമ്മോടു പറയുന്നത്, ജീവജലത്തിന്റെ ഉറവയായ ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട്, പ്രകാശമായ അവിടുത്തെ നാം അനുഗമിച്ചാൽ നമ്മിൽ ദൈവിക പ്രകാശമുണ്ടാകും എന്നാണ്.  എന്നിട്ട് ഒന്ന് മനോഹരമായി പുഞ്ചിരിച്ചിട്ട് ഈശോ നമ്മോടു പറയും:” നീ ലോകത്തിന്റെ പ്രകാശമാണ്’. അതുകഴിഞ്ഞ് നമ്മുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ഈശോ വീണ്ടും പറയും: “ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു.”  അതായത്, നാം ക്രിസ്തുവാകുന്ന പ്രകാശങ്ങളാകുന്നുവെന്ന്. ഇതാണ് നമ്മുടെ ദൗത്യം. അന്ധകാരം നിറഞ്ഞ ലോകത്തിൽ പ്രകാശങ്ങളാകുവാൻ! ഇന്നത്തെ വിശുദ്ധ കുർബാനയിൽ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് നാം ജീവിക്കുന്ന സാഹചര്യങ്ങളിൽ ക്രിസ്തുവിന്റെ പ്രകാശങ്ങളായി ജീവിക്കുവാൻ നമുക്ക് സാധിക്കട്ടെ.

എങ്ങും അന്ധകാരമാണ് എന്നും പറഞ്ഞു നിരാശപ്പെട്ടിരിക്കാതെ, പ്രകാശങ്ങളായി, ലോകത്തെമുഴുവൻ നിറനിലാവിൽ എപ്പോഴും നിർത്തുവാൻ നമുക്ക് ശ്രമിക്കാം. ആമേൻ!  

SUNDAY SERMON MT 21, 33-44

നോമ്പുകാലം നാലാം ഞായർ

മത്താ 21, 33-44

ഇന്ന്, അമ്പതു നോമ്പിന്റെ നാലാം ഞായറാഴ്ച്ച.  ക്രൈസ്തവജീവിതങ്ങളെ നവീകരിക്കുന്ന, ഫലദായകമാക്കുന്ന ഈ നോമ്പുകാലങ്ങളിൽ നമ്മുടെ ക്രൈസ്തവജീവിതങ്ങളുടെ അടിസ്ഥാന ശിലയായി നാം സ്വീകരിക്കേണ്ട ഒരു സന്ദേശത്തിലേക്കാണ് ഇന്നത്തെ സുവിശേഷം വിരൽചൂണ്ടുന്നത്. സങ്കീർത്തകനെപ്പോലെ, ക്രിസ്തുവാണ് എന്റെ അവകാശവും പാനപാത്രവും; എന്റെ ഭാഗധേയം, എന്റെ ജീവിതം ക്രിസ്തുവിന്റെ കരങ്ങളിൽ ഭദ്രമാണ് (സങ്കീ 16, 5) എന്ന ഏറ്റുപറച്ചിലായിരിക്കണം ക്രൈസ്തവജീവിതം എന്ന സന്ദേശമാണ് ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്നത്. സർവത്തിന്റെയും അവകാശിയായ ക്രിസ്തുവിനെ സ്വന്തമാക്കുകയാണ് ഈ ലോകജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നും, ഈ ലോകത്തിലെ. എന്തെങ്കിലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനുള്ള ഏറ്റവും നല്ല മാർഗം അതിന്റെ അവകാശിയെ സ്വന്തമാക്കലാണ് എന്നും മനസ്സിൽ സൂക്ഷിച്ചുകൊണ്ട് നമുക്ക് സുവിശേഷ വ്യാഖ്യാനത്തിലേക്ക് കടക്കാം.

തന്റെ പരസ്യജീവിതകാലഘട്ടത്തിൽ ഈശോ നടത്തുന്ന പീഡാനുഭവ പ്രവചനങ്ങളുടെ ഉപമാവിഷ്കാരമാണ് നാമിവിടെ കാണുക. അവകാശിയെക്കൊന്ന് അവകാശം സ്വന്തമാക്കാൻ ആഗ്രഹിച്ച ഇസ്രയേലിന്റെ മണ്ടത്തരത്തിനു മുൻപിൽ ഈശോ ഉയർത്തുന്ന പരിഹാസമാണീ ഉപമ. ഇന്നും മനുഷ്യൻ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ആന മണ്ടത്തരം മനുഷ്യനെ കൊണ്ടുചെന്നെത്തിക്കുന്ന വലിയ വിപത്തിലേക്കുള്ള ഒരു ചൂണ്ടുപലകയും കൂടിയാണ് ഇന്നത്തെ സുവിശേഷത്തിലെ ഈ ഉപമ.

ഈ മണ്ടത്തരത്തിന്റെ Argument ഇങ്ങനെയാണ്: ” ഇവനാണ് അവകാശി; വരുവിൻ, നമുക്കിവനെ കൊന്ന് അവകാശം കരസ്ഥമാക്കാം.” (21, 38) നാട്ടിലുള്ള എല്ലാ പ്രസ്ഥാനങ്ങളും, സ്ഥലങ്ങളും, കടകളും ഒക്കെ ഒരാളുടേതാണെങ്കിൽ, അവയിലെല്ലാം പങ്കുപറ്റുവാൻ ഒരേയൊരു മാർഗം, എളുപ്പമുള്ള മാർഗം ആ ഒരു വ്യക്തിയുടെ സൗഹൃദം നേടിയെടുക്കുക, അദ്ദേഹത്തെ സ്വന്തമാക്കുക എന്നതാണ്. നമ്മുടെ ചരിത്രപുസ്തകങ്ങളിൽ നാം പഠിക്കുന്നപോലെ, രാജാവ് ദൈവമായിരുന്ന കാലത്ത്, രാജഭരണം നിലനിന്ന കാലത്ത് രാജ്യമെല്ലാം രാജാവിന്റേതായിരുന്നു. രാജാവിന്റെ ഭരണത്തിന്റെ അവശ്യഘടകങ്ങൾ ഒന്ന്, രാജാവ് അവകാശിയായി നിൽക്കുന്ന രാജ്യത്തിന് അതിർത്തികളുണ്ടായിരുന്നു (Boundary); രണ്ട്, രാജ്യത്ത് പൗരന്മാരുണ്ടായിരുന്നു (Citizen); മൂന്ന്, രാജ്യത്തിന് ഒരു ഭരണഘടനയുണ്ടായിരുന്നു (Constitution); നാല്, രാജാവിന് രാജ്യത്തിന്റെമേൽ, പ്രജകളുടെമേൽ പരമാധികാരം (Soverignity) ഉണ്ടായിരുന്നു.  രാജാവിന്റേതായിട്ടുള്ളതെല്ലാം സ്വന്തമെന്നപോലെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന പ്രജകൾ എന്തുചെയ്യണം? അവർ രാജാവിനെ അവകാശിയായി സ്വീകരിക്കണം; രാജാവിനെ സ്വന്തമാക്കണം. അല്ലെങ്കിൽ അവർ രാജ്യത്തിന് പുറത്താണ്; അല്ലെങ്കിൽ കൽത്തുറുങ്കിലാണ്.

ക്രിസ്‌തുവിന്റെ പീഡാനുഭവ പ്രവചനങ്ങളുടെ ഉപമാവിഷ്‌കാരമായ ഈ കഥയിൽ, സർവ്വപ്രപഞ്ചത്തിന്റെയും അവകാശിയായ ക്രിസ്തുവിനെ സ്വന്തമായി സ്വീകരിക്കാതെ അന്നത്തെ ജനങ്ങൾ അവിടുത്തെ തിരസ്കരിക്കുക മാത്രമല്ല, അവകാശിയെ ഇല്ലാതാക്കുവാൻ ശ്രമിക്കുകയാണ്. ക്രിസ്തുവാണ് അവകാശിയെന്നറിഞ്ഞിട്ടും, അവകാശിയെ കൊന്ന് അവകാശം സ്വന്തമാക്കുക എന്ന ആനമണ്ടത്തരത്തിന്മേൽ അടയിരിക്കുന്ന മണ്ടന്മാരായി യഹൂദർ മാറുകയാണ്. ഇന്നും, തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന ഒരു ജനതയായി യഹൂദർ ഈ ഭൂമിയിൽ കഴിയുന്നു!! ഇന്നും ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ആനമണ്ടത്തരത്തിൽ ജീവിതം തകർന്നുപോകാതിരിക്കാനായി, ധൂളിയായിപ്പോകാതിരിക്കാനായി ഒരു ഓർമപ്പെടുത്തലായിട്ടാണ് ഈ ഉപമ ഇന്ന് നമ്മുടെ മുൻപിൽ നിൽക്കുന്നത്.

പ്രിയപ്പെട്ടവരേ, ദൈവപരിപാലനയുടെ അനന്തസാധ്യതകൾക്കിടയിലാണ് മനുഷ്യൻ ജീവിക്കുന്നത്. ദൈവം സമ്മാനമായി നൽകിയ ഈ ജീവിതം, കർഷകൻ മുന്തിരിത്തോട്ടം കാത്തുസൂക്ഷിക്കുന്നതുപോലെ, ദൈവത്തിന്റെ പരിപാലനയുടെ വേലിക്കെട്ടിനുള്ളിൽ, അവിടുത്തെ കാരുണ്യത്തിന്റെ നിലത്ത്, ജീവനും ശക്തിയും നൽകി, വളവും ജലവും നൽകി   കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കു കയാണ് ദൈവം. വിശുദ്ധ കൂദാശകളാകുന്ന, സഭയാകുന്ന കൃഷിക്കാരിലൂടെ നമ്മെ അവിടുന്ന് വളർത്തുന്നു. ഇത്രയെല്ലാം തന്റെ കരുണയിൽ, സ്നേഹത്തിൽ ദൈവം ചെയ്യുന്നത് നാമെല്ലാവരും അവിടുത്തെ അവകാശിയായി സ്വീകരിക്കുവാനും, അവിടുത്തെ അവകാശത്തിൽ പങ്കുപറ്റിക്കൊണ്ട് ദൈവമക്കളായി ജീവിക്കുവാനും വേണ്ടിയാണ്. അത്തരത്തിലുള്ള വിളവ്, ഫലം കാത്തിരിക്കുന്ന ഉടമസ്ഥനായ ദൈവം ഈരേഴുപതിനാലു ലോകങ്ങളുടെയും, അതിലുള്ള സകലത്തിന്റെയും അവകാശിയായി ക്രിസ്തുവിനെ ആക്കിയിരിക്കുന്നു.  

ക്രിസ്തുവാണ് ഈ സൃഷ്ടപ്രപഞ്ചത്തിന്റെ അവകാശിയെന്ന സത്യം, വിശുദ്ധ പൗലോശ്ലീഹായാണ് ഏറ്റവും മനോഹരമായി ബൈബിളിൽ അവതരിപ്പിച്ചിരിക്കുന്നത്. കൊളോസോസുകാർക്കെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം നമ്മൾ കാണുക.

ഇന്നത്തെ തുർക്കിയിലെ ഡെൻസിലി എന്ന പട്ടണത്തിന് 16 കിലോമീറ്ററോളം കിഴക്കായിട്ടാണ് കൊളോസോസ് സ്ഥിതിചെയ്യുന്നത്. തുർക്കിയിൽ നിന്നുള്ള വിജാതീയർ കൊളോസോസിലെ ക്രൈസ്തവരെ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്ന കാലം. അബദ്ധ സിദ്ധാന്തങ്ങളിലൂടെ നിഷ്കളങ്കരായ ക്രൈസ്തവരെ അവരുടെ ക്രിസ്തുവിശ്വാസത്തിൽ നിന്ന് വഴിതെറ്റിക്കുവാൻ വലിയ ശ്രമങ്ങൾ നടന്നിരുന്നു. ധാരാളം ക്രൈസ്തവർ വിജാതീയരുടെ കെണിയിൽ പെടുകയും ചെയ്തു. വിശുദ്ധ പൗലോശ്ലീഹായുടെ സഹപ്രവർത്തകനായിരുന്ന എപ്പഫ്രാസ് കൊളോസോസിൽ ആരംഭിച്ച ക്രൈസ്തവസമൂഹത്തിൽ അബദ്ധസിദ്ധാന്തങ്ങൾ വിശ്വാസികളെ വഴിതെറ്റിക്കുന്നെണ്ടെന്ന് അറിഞ്ഞ വിശുദ്ധ പൗലോസ് പ്രപഞ്ചം മുഴുവന്റെയും അവകാശി ക്രിസ്തുവാണെന്ന് കൊളോസോസുകാരെ പഠിപ്പിക്കുവാൻ ലേഖനങ്ങൾ എഴുതി. അദ്ദേഹം എഴുതിയ ലേഖനത്തിലെ ഒന്നാം അധ്യായത്തിൽ തന്നെ ക്രിസ്തു സൃഷ്ടിയുടെ മകുടമാണെന്ന് കൊളോസോസുകാരെ പഠിപ്പിച്ചു. നമുക്ക്

„പാപമോചനവും രക്ഷയും ലഭിച്ചിരിക്കുന്ന ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും, എല്ലാ സൃഷ്ടികൾക്കും മുൻപുള്ള ആദ്യജാതനുമാണ്. കാരണം, അവനിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ, ആധിപത്യങ്ങളോ, ശക്തികളോ, അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. അവനാണ് എല്ലാറ്റിനും മുന്പുള്ളവൻ. അവനിൽ സമസ്തവും സ്ഥിതിചെയ്യുന്നു.” (കൊളോ 1, 15-17) ക്രിസ്തുവാണ് അവകാശിയെന്നും, ഈ അവകാശിയെ സ്വന്തമാക്കുമ്പോഴാണ് ഈ പ്രപഞ്ചത്തിലുള്ളതെല്ലാം നമ്മുടേതും ആകുന്നതെന്ന് പഠിപ്പിച്ച വിശുദ്ധ പൗലോസിന് ക്രിസ്തു ദൈവവും, സർവ്വസ്വവുമായിരുന്നു.

സ്നേഹമുള്ളവരേ, നമ്മുടെ വിശ്വാസത്തെ വർധിപ്പിക്കണം. ജീവിതത്തിന്റെ ഓരോ നിമിഷവും ഈ വിശ്വാസം ഏറ്റുപറയണം. എന്താണ് ഏറ്റുപറയേണ്ടത്? ഈശോയേ, ഈ ലോകത്തിന്റെ അവകാശി നീയാണ്, എന്റെ ജീവിതത്തിന്റെ അവകാശി നീയാണ്. നീയാണെന്റെ അവകാശവും പാനപാത്രവും. എന്റെ ജീവിതം, എന്റെ ജീവിതത്തിന്റെ ഭാഗധേയം നിന്റെ, നിന്റെ മാത്രം കൈകളിലാണ്.’  ആർക്കാണ് പിതാവിന്റെ അവകാശത്തിന് അർഹത? മക്കൾക്കാണ്. അപ്പോൾ, അവകാശത്തിൽ പങ്കുപറ്റുവാൻ എന്ത് ചെയ്യണം? നാം ദൈവത്തിന്റെ മക്കളാകണം. ആരാണ് ദൈവത്തിന്റെ മക്കൾ? റോമാക്കാർക്കെഴുതിയ ലേഖനത്തിൽ നാം വായിച്ചുകേട്ടതുപോലെ, „ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരാണ് ദൈവത്തിന്റെ മക്കൾ. (റോമാ 8, 14) പൗലോശ്ലീഹാ പറയുന്നു: “നാം മക്കളെങ്കിൽ അവകാശികളുമാണ്. ദൈവത്തിന്റെ അവകാശികളും, ക്രിസ്തുവിന്റെ കൂട്ടവകാശികളും.” (റോമാ 8, 17) ദൈവത്തിന്റെ മക്കളായി ജീവിച്ചുകൊണ്ട്, ക്രിസ്‌തുവിനെ അവകാശിയായി ഏറ്റുപറഞ്ഞുകൊണ്ട് ജീവിക്കുമ്പോഴാണ് ദൈവത്തിന്റെ അവകാശത്തിൽ നാം പങ്കുകാരാകുന്നത്.

എന്നാൽ, സ്നേഹമുള്ളവരേ ശ്രദ്ധിച്ചു കേൾക്കണം, ഈ ലോകം, ലോകത്തിലുള്ള നാമെല്ലാവരും, നൽകപ്പെട്ടിട്ടുള്ളതിന്റെയെല്ലാം ഉടമസ്ഥനായ ദൈവത്തെ മറന്ന്, ഇതിന്റെയെല്ലാം അവകാശിയായ ക്രിസ്തുവിനെ പരിഗണിക്കാതെ, എല്ലാം സ്വന്തമാക്കാൻ ശ്രമിക്കുന്നു. എല്ലാം സ്വന്തമാക്കാൻ അവകാശിയെ കൊന്നുകളയുന്നു. അവകാശിയെക്കുറിച്ചുള്ള ഓർമപോലും അവകാശങ്ങൾ സ്വന്തമാക്കാൻ തടസ്സമാകുമെന്ന് കണ്ട് അവകാശിയെ, തങ്ങളുടെ ജീവിതത്തിന്റെ, മനഃസ്സാക്ഷിയുടെ പുറത്തേക്ക് എറിഞ്ഞുകളയുന്നു.  “മറ്റാർക്കും വസിക്കാൻ ഇടംകിട്ടാത്തവിധം വീടോടു വീട് ചേർത്ത്, വയലോട് വയൽ ചേർത്ത് അതിന്റെ മധ്യത്തിൽ തനിച്ചു വസിക്കുവാൻ’ (ഏശയ്യാ 5,8) അവകാശി തടസ്സമാകുന്നുവെന്നുകണ്ട് നീ അവകാശിയെ കൊല്ലുന്നു. ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടാനും, വീഞ്ഞ് കുടിച്ചു മദിക്കാനും അവകാശി പ്രതിബന്ധമാകുമെന്ന് മനസ്സിലാക്കി നീ അവകാശിയെ വകവരുത്തുന്നു. 

കുടുംബനാഥനെന്ന നിലയിൽ നീ സമ്പാദിക്കുന്നതെല്ലാം നിന്റെ കുടുംബങ്ങൾക്കും അർഹതപ്പെട്ടിരിക്കെ, നിന്റെ സുഖത്തിനായി മാത്രം നിന്റെ സമ്പാദ്യം കള്ളുകുടിക്കാൻ ഉപയോഗിക്കുമ്പോൾ, പുകവലിക്കാൻ എടുക്കുമ്പോൾ, എല്ലാം നിന്റേതെന്ന മട്ടിൽ ഉപയോഗിക്കുമ്പോൾ, നീ ഇതിന്റെയെല്ലാം അവകാശിയായ ക്രിസ്തുവിനെ കൊന്നു നിന്റെ ജീവിതത്തിന്റെ പുറമ്പോക്കിലേക്കു എറിഞ്ഞുകളയുകയാണ്. ഈ ലോകത്തിലുള്ളതെല്ലാം ക്രിസ്തുവിന്റേതായിരിക്കെ, അത് പരിഗണിക്കാതെ, എല്ലാം, സുഖങ്ങളും, സ്വത്തുക്കളും, എല്ലാം എല്ലാം നിന്റേതാക്കാൻ നീ ശ്രമിക്കുമ്പോൾ – നീ ആരുമാകാം, ഒരു പുരോഹിതൻ, സന്യാസി, ഭാര്യ, ഭർത്താവ്, യുവതീയുവാക്കൾ, കുഞ്ഞുങ്ങൾ, – ഓരോരുത്തരും അവരവരുടേതായ തലത്തിൽ, സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ, നിങ്ങൾ ക്രിസ്തുവിനെ കൊല്ലുകയാണ്, നിങ്ങളുടെ ജീവിതത്തിന്റെ പുറത്തേക്കു എറിഞ്ഞുകളയുകയാണ്. എല്ലാം ക്രിസ്തുവിന്റേതായിരിക്കേ, നിങ്ങളുടേതെന്ന മട്ടിൽ, ഇരുമ്പു സേഫുകളിലും, ലോക്കറുകളിലും മറ്റും സൂക്ഷിക്കുകയും, ആർക്കും പങ്കുവെക്കാതെ, ആരെയും സഹായിക്കാതെ കണ്ണെഴുതി പൊട്ടും തൊട്ടു, ശീതീകരിച്ച കാറുകളിൽ കറങ്ങുമ്പോൾ ഓർക്കുക, നിങ്ങൾ അവകാശിയെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് പുറത്തു നിർത്തുകയാണ്.

പക്ഷെ സ്നേഹിതരെ, നിങ്ങൾക്ക് ഒന്നും സ്വന്തമാക്കാൻ സാധിക്കുകയില്ല. കാരണം, അവകാശം മുഴുവൻ സ്വന്തമാക്കാൻ ഒരു മാർഗ്ഗമേയുള്ളു – അവകാശിയെ സ്വന്തമാക്കുക. സമ്പത്തു ആവശ്യമുണ്ടോ, സർവ സമ്പത്തിന്റെയും ഉടയവനായ ക്രിസ്തുവിനെ സ്വന്തമാക്കുക; സൗന്ദര്യം വേണമോ, സൗന്ദര്യം മാത്രമായ ക്രിസ്തുവിനെ സ്വന്തമാക്കുക; സൗഖ്യം വേണമോ, സൗഖ്യദായകനായ ക്രിസ്തുവിനെ സ്വന്തമാക്കുക. സമാധാനം വേണമോ, സന്തോഷം വേണമോ, എല്ലാറ്റിന്റെയും അവകാശിയെ സ്വന്തമാക്കുക. അല്ലെങ്കിൽ അവകാശത്തിൽ പങ്കുപറ്റാൻ നിനക്കാകില്ല. നാം വലിക്കുന്ന ശ്വാസവും, ഇറുത്തെടുക്കുന്ന ഒരു പുൽനാമ്പും, കൈക്കുമ്പിളിലാക്കുന്ന കടലിലെ ഇത്തിരി വെള്ളവും, നാം ചിലവഴിക്കുന്ന ഒറ്റരൂപാ തുട്ടുപോലും നമ്മുടേതല്ല. അതിനു അവകാശിയുണ്ട്, കർത്താവായ ഈശോ തമ്പുരാൻ! അവകാശിയെ ജീവിതത്തിന്റെ പുറമ്പോക്കിൽ നിർത്തി, ഇവയെല്ലാം നമ്മുടേതെന്ന മട്ടിൽ ആസ്വദിക്കാൻ ശ്രമിച്ചാൽ, ഉടമസ്ഥൻ വരികതന്നെ ചെയ്യും, അവകാശം നമ്മിൽ നിന്ന് തിരിച്ചെടുക്കാൻ.

അവകാശിയെ കൊന്നാൽ അവകാശം മുഴുവൻ സ്വന്തമാക്കാമെന്നത് മണ്ടത്തരമാണ്. നിങ്ങൾ അവകാശിയെ കൊന്നാൽ രണ്ടുകാര്യം സംഭവിക്കാം. ഒന്ന്, അവകാശത്തിനു നൂറ്റൊന്നു ആളുകൾ ഉണ്ടാകും. അവകാശം ചിന്നഭിന്നമായിപ്പോകും. രണ്ട്, ഉടമസ്ഥൻ വന്നു നിങ്ങളെ നശിപ്പിച്ചുകളയും. ഇന്നത്തെ രണ്ടാം വായന, ജോഷ്വാ 7, 10-15 ലെ ആഖാന്റെ ജീവിതം ഓർക്കുന്നത് നല്ലതാണ്. ദൈവവചനം മറന്ന്, ദൈവ കല്പന മറന്ന്, ദൈവത്തെ മറന്ന്, എല്ലാം സ്വന്തമാക്കാൻ ശ്രമിച്ച ആഖാന്റെ തകർച്ച നമുക്ക് പാഠമാകട്ടെ.

സ്നേഹമുള്ളവരേ, ക്രിസ്തുവാകുന്ന മൂലക്കല്ലിൽ നിങ്ങൾ നിങ്ങളുടെ ജീവിതം പടുത്തുയർത്തുന്നില്ലായെങ്കിൽ, ക്രിസ്തുവാകുന്ന അവകാശിയെ നിങ്ങൾ സ്വന്തമാക്കുന്നില്ലായെങ്കിൽ വചനം പറയുന്നു, നിങ്ങളുടെ ജീവിതം തകർന്നു പോകും, മാത്രമല്ല, കണ്ണിമയ്ക്കുന്ന നേരത്തിൽ അത് ധൂളി, ധൂളിയായിപ്പോകും! ക്രിസ്തുവാകുന്ന അവകാശിയെ സ്വന്തമാക്കാൻ സഭയെ ഇനിയും സജ്ജമാക്കാൻ നാം തയ്യാറായില്ലെങ്കിൽ ജീവിതം മാത്രമല്ല, സഭയും, സഭയുടെ പ്രവർത്തനങ്ങളും, പ്രസ്ഥാനങ്ങളുമെല്ലാം തകർന്നുപോകും. കണ്ണിമയ്ക്കുന്ന നേരത്തിൽ അത് ധൂളി, ധൂളിയായിപ്പോകും!   

ഈ ദൈവവചനത്തെ ഭീഷണിയായി കാണരുതേ. സ്നേഹിക്കുന്ന ദൈവത്തിന്റെ ഹൃദയത്തിന്റെ കരച്ചിലാണിത്. ‘നിങ്ങൾക്കുവേണ്ടി ഞാൻ എല്ലാം ചെയ്തിട്ടും, ഓരോ ദിവസവും വിശുദ്ധ കുർബാനയിലൂടെ എന്നെത്തന്നെ തന്നിട്ടും, നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടും, സ്നേഹമുള്ള മക്കളെ, എന്തുകൊണ്ട് നിങ്ങൾ തകർച്ചയുടെ വഴി തിരഞ്ഞെടുക്കുന്നു. എന്തുകൊണ്ട് നിങ്ങൾ അവകാശം മാത്രം വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നു? എന്തുകൊണ്ട് നിങ്ങൾ പാപ്പരായിപ്പോകുന്ന വഴി തിരഞ്ഞെടുക്കുന്നു? എന്തുകൊണ്ട് നിങ്ങൾ നിങ്ങളുടെ കുടുംബത്തിൽ, വ്യക്തിജീവിതങ്ങളിൽ നിങ്ങൾക്കായി എല്ലാം നൽകുന്ന അവകാശിയെ കൊന്ന് ജീവിതത്തിന്റെ പുറമ്പോക്കിലേക്കെറിയുന്നു?’ കേൾക്കാൻ പറ്റുന്നുണ്ടോ, ദൈവത്തിന്റെ ഈ കരച്ചിൽ?

ഞാൻ ആരെയും വിധിക്കുന്നില്ല. പക്ഷെ ലോകത്തിൽ സംഭവിക്കുന്നവയെ നിരീക്ഷിക്കുമ്പോൾ, എന്റെ ജീവിതത്തിലെ, എന്റെ കുടുംബത്തിലെ അസ്വസ്ഥതകൾ കാണുമ്പോൾ, ഞാൻ ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കാണാതെ വരുമ്പോൾ, ഞാൻ സ്വയം ചോദിക്കുകയാണ് സ്നേഹമുള്ളവരേ, എന്റെ ജീവിതത്തിന്റെയും, ഈ ലോകത്തിലുള്ള എല്ലാറ്റിന്റെയും അവകാശിയായ ക്രിസ്തുവിനെ എന്റെ ജീവിതത്തിൽ നിന്ന് ഞാൻ അകറ്റി നിർത്തിയിരിക്കുകയാണോ? അവകാശിയില്ലെങ്കിലും എല്ലാം സ്വന്തമാക്കാമെന്ന ഹുങ്കിലാണോ, എല്ലാം ആസ്വദിക്കാമെന്ന അഹന്തയിലാണോ ഞാൻ ജീവിക്കുന്നത്? 

ഓർക്കുക, അവകാശം സ്വന്തമാക്കാൻ ഒരേയൊരു മാർഗ്ഗമേയുള്ളു: അവകാശിയെ സ്വന്തമാക്കുക. ഈ നോമ്പുകാലം അതിനുവേണ്ടിയാണ് ദൈവം നമുക്ക് നൽകിയിരിക്കുന്നത്. ആമേൻ!

SUNDAY SERMON MT 20, 17-28

നോമ്പുകാലം മൂന്നാം ഞായർ

മത്തായി 20, 17-28

ക്രിസ്തുവിനു പതിനെട്ടു നൂറ്റാണ്ടുകൾക്കുശേഷം ജീവിച്ച കാറൽ മാർക്സിന്റെ (Karl Marx 1818-1883) “മനുഷ്യരുടെ എഴുതപ്പെട്ട ചരിത്രം വർഗ സമരങ്ങളുടെ ചരിത്രമാണെ”ന്ന വിലയിരുത്തലിനെ വിപ്ലവകരമെന്ന് ലോകം വിശേഷിച്ചപ്പോൾ, അതിന്റെ അലയൊലിയിൽ മുങ്ങിപ്പോയത് ക്രിസ്തുവിന്റെ എന്നും എപ്പോഴും വിപ്ലവകരമായി നിലനിൽക്കുന്ന ചരിത്ര വിലയിരുത്തലായിരുന്നു. എന്താണാ വിലയിരുത്തൽ? മനുഷ്യരുടെ എഴുതപ്പെട്ട ചരിത്രം വർഗസമരങ്ങളുടെയല്ല, ത്യാഗത്തിന്റെ, സഹനത്തിന്റെ മറ്റുള്ളവർക്കുവേണ്ടി മോചനദ്രവ്യമാകുന്നതിന്റെ ചരിത്രമാണ് എന്ന വിലയിരുത്തലാണ് ചരിത്രപുസ്തകത്തിന്റെ താളുകളുടെ മാർജിനിലേക്ക് തള്ളപ്പെട്ടത്. നിർഭാഗ്യവശാൽ, ലോകചരിത്രം രക്തത്തിന്റെയും, അധികാരത്തിന്റെയും, അധികാര പ്രമത്തതയുടെയും പടയോട്ടങ്ങളുടേതുമായി ചുരുങ്ങിപ്പോയി. ഇന്നിതാ മാർക്സിസം കാലഹരണപ്പെട്ടിരിക്കുന്നു; ഈയിടെ കൊല്ലത്ത് നടന്ന പാർട്ടി സമ്മേളനത്തോടെ കമ്മ്യൂണിസം അപ്രസക്തമായിരിക്കുന്നു. എങ്കിലും, ലോകചരിത്രം ത്യാഗത്തിന്റെ സഹനത്തിന്റെ കാൽവരികളിൽ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, ശുശ്രൂഷയുടെ സ്വർണനൂലുകൾക്കൊണ്ട് നെയ്തപ്പെട്ട മനോഹരമായ ഒരു വസ്ത്രമാണ് എന്ന് ഇന്നും ക്രിസ്തു പ്രഘോഷിക്കുകയാണ്.

പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, ഞാൻ ദൈവത്തിന്റെ എല്ലാമായി ത്തീർന്നിരിക്കുന്നു എന്ന അനുഭവത്തിൽ, പ്രലോഭനങ്ങളിൽ നിന്നകന്ന്, നൊന്തുസ്നേഹിക്കുവാൻ പഠിക്കണമെന്നും, ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കണമെന്നും കഴിഞ്ഞ രണ്ടു ഞായറാഴ്ചയിലൂടെ നമ്മെ പഠിപ്പിച്ചശേഷം, ക്രൈസ്തവജീവിതത്തെ ക്രിസ്തുചൈതന്യത്തിന്റെ നിറവാക്കി മാറ്റുന്നത് സഹനമാണെന്ന ചിന്തയിലേക്കാണ് നോമ്പുകാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച നമ്മെ കൊണ്ടുപോകുന്നത്.

അവസാനത്തെ മുന്നിൽകണ്ടുകൊണ്ട് എല്ലാം ചെയ്യുക എന്ന ഒരു ചിന്തയിലാണ് ഈശോ ജീവിച്ചത്. ഒരാളുടെ ജീവിതാന്ത്യത്തിന്റെ രൂപം ജീവിതത്തിന്റെ മുഴുവൻ ഉരകല്ലായി കണക്കാക്കപ്പെടുക എന്ന ചിന്തയിലൂടെയാണ്, ഒരാളുടെ ജീവിതത്തിന്റെ അന്ത്യം അയാളുടെ ജീവിതത്തിന്റെ എല്ലാ രംഗത്തും നിഴലിക്കുക എന്ന ഭാവത്തിലാണ് ഈശോ മുന്നോട്ട് പോയത്. ഈശോയുടെ ജീവിതത്തിന്റെ ഓരോ ഭാഗവും ഈ അടിസ്ഥാനത്തിലാണ് പരിശോധിക്കപ്പെടേണ്ടത്. എന്തായിരുന്നു ഈശോയുടെ ജീവിതാന്ത്യം? ജീവിതലക്ഷ്യം? ദൈവാരാജ്യമായിരുന്നു, ദൈവാരാജ്യസംസ്ഥാപനമായിരുന്നു ഈശോയുടെ ലക്‌ഷ്യം. ഈ അവസാനത്തെ മുന്നിൽ കണ്ടുകൊണ്ടാണ് ഈശോ ജീവിച്ചത്. ദൈവാരാജ്യസംസ്ഥാപനത്തിന് വേണ്ടിയുള്ള യാത്രയിൽ അവശ്യം സംഭവിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഈശോ എപ്പോഴും ബോധവാനായിരുന്നു. അതെന്തൊക്കെയാണ് എന്ന് എപ്പോഴും അവിടുന്ന് തന്നോട് തന്നെയും, ചിലപ്പോഴൊക്കെ ശിഷ്യന്മാരോടും പറഞ്ഞുകൊണ്ടിരുന്നു. അവയാണ് പീഡാനുഭവ പ്രവചനങ്ങൾ.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പീഡാനുഭവത്തെയും ഉത്ഥാനത്തെയും കുറിച്ചുള്ള മൂന്നു പ്രവചനങ്ങളാണ് ഉള്ളത്. ഇതിൽ ആദ്യത്തേതിലും, ഇന്ന് നാം വായിച്ചുകേട്ട മൂന്നാം പ്രവചനത്തിലും ഈശോ ജെറുസലേമിലേക്കു പോകുന്നതിനെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. സുവിശേഷങ്ങൾ, പ്രത്യേകിച്ച് സമാന്തര സുവിശേഷങ്ങളായ മത്തായി, മാർക്കോസ്, ലൂക്ക സുവിശേഷങ്ങൾ, ക്രിസ്തുവിന്റെ ജീവിതത്തെ, ജീവിതലക്ഷ്യത്തെ ജെറുസലേം കേന്ദ്രമാക്കിയാണ് അവതരിപ്പിക്കുന്നത്.

ജറുസലേമിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുവാനുള്ള രക്ഷാകരചരിത്രത്തിന്റെ രത്നചുരുക്കമാണ് ഈശോയുടെ പീഡാനുഭവ പ്രവചനങ്ങൾ. അവിടെ അത്താഴമേശയിലെ സൗഹൃദമുണ്ട്; ചതിയുണ്ട്, മുപ്പതുവെള്ളിക്കാശിന്റെ കച്ചവടമുണ്ട്, പീഡാസഹനമുണ്ട്, കാൽവരിയുണ്ട്, മരണമുണ്ട്‌, മരണശഷമുള്ള ഉത്ഥാനമുണ്ട്. ഉത്ഥാനത്തിലേക്കുള്ള വഴിയായി ക്രിസ്തു അവതരിപ്പിക്കുന്നതോ സഹനത്തെയാണ്.

സഹനത്തിന്റെ നിരന്തരമായ പിറവിയാണ് ക്രിസ്തുവിന്റെ ജീവിതം. ദൈവത്തിന്റെ മഹാത്യാഗമാണ് പുൽക്കൂട്ടിൽ നാം കാണുന്നത്. ദൈവത്തിന്റെ ത്യാഗം, സഹനം മുളപൊട്ടി പ്രപഞ്ചത്തിലേക്ക് വളർന്നതാണ് കാൽവരിയിലെ ഈശോയുടെ മരണം. “ഇതെന്റെ ശരീരമാകുന്നു”, ഇതെന്റെ രക്തമാകുന്നു” എന്ന വാഴ്ത്തലുകൾക്ക് മജ്ജയും മാംസവും ലഭിക്കുന്നത് കുരിശിലെ സഹനത്തിലാണ്. ആ സഹനത്തിന്, മരണത്തിന് ജീവൻ ലഭിക്കുന്നതോ ഉത്ഥാനത്തിലും.  

എങ്ങനെയാണ് സഹനം രൂപപ്പെടുന്നത്? അപരന്റെ വേദനകളെ സ്വന്തം ഹൃദയത്തിലേക്ക് വലിച്ചെടുക്കുമ്പോഴാണ് സഹനം ഉടലെടുക്കുന്നത്. അപരന്റെ ജീവിതക്ളേശം ലഘൂകരിക്കുന്നതിനുള്ള എന്റെ മനസ്സിന്റെ തീരുമാനത്തിൽ സഹനത്തിന്റെ വാതിലുകൾ തുറക്കപ്പെടുന്നു. ഒരാൾക്ക് ദുഃഖമുണ്ടാകുമ്പോൾ സാമൂഹികമായി മനുഷ്യർക്കെല്ലാം നോവണം.  പരാതികളില്ലാത്ത, പരിദേവനങ്ങളില്ലാത്ത, പരിഭവങ്ങളില്ലാത്ത സഹനമാണ് ക്രിസ്തുവിലേക്ക് നിങ്ങളെ നയിക്കുക! അമ്മയുടെ ഈറ്റുനോവിന്റെ നിലവിളികളിൽ എവിടെയാണ് പരിഭവം, പരാതി? ശിശുവിനെ പ്രസവിച്ചശേഷം സന്തോഷം നിമിത്തം ആ വേദന പിന്നീടവൾ ഓർക്കുന്നതേയില്ല.

സഹനമാണ് ജീവിതത്തിന്റെ സ്വഭാവം. തീർത്തും സ്വാഭാവികമായ സഹനമാണ് നമ്മെ ദൈവികമാക്കുന്നതും.  എന്തുകൊണ്ട് സഹനം എന്ന ചോദ്യത്തിന് യുക്തിസഹമായ ഉത്തരം കിട്ടുക എളുപ്പമല്ല. എന്തുകൊണ്ടാണ് ഇലകൾക്ക് പച്ചനിറം? കൈതോലയ്ക്കു എന്തുകൊണ്ടാണ് മുള്ള്? വാഴപ്പഴത്തിനു എന്താണ് മധുരം? ഉത്തരം ഒന്നേയുള്ളു. ഇലകൾക്ക് പച്ചനിറം, കൈതോലയ്ക്കു മുള്ള്, വാഴപ്പഴത്തിനു മധുരം – അവയുടെ സ്വഭാവമാണത്. സഹനങ്ങൾ ജീവിതത്തിന്റെ സ്വഭാവത്തിൽപെട്ടതാണ്. കാൽവരിയിലേക്ക് ഒന്ന് നോക്കൂ… “ക്രിസ്തുവിൽ വിടർന്നു നിൽക്കുന്ന സഹനത്തിന്റെ അടരുകൾ, അതിനെ ഒരു തീർത്ഥമാക്കുകയാണ്. സഹനത്തിലൂടെ കടന്നു പോകുമ്പോൾ നിലാവ് പോലെ ആത്മാവ് ക്രിസ്തുവിൽ നിറയുകയാണ്. ദൈവത്തിന്റെ കൃപാവരത്തിലുള്ള ഒരു സ്നാനമാണ് ക്രിസ്തുവിന് സഹനം. കാരണം, അത് അപരന്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതാകുന്നു.” (ദൈവത്തിന്റെ ഭാഷ – വിശുദ്ധ കുർബാന, 3, 55, പേജ് 69) പ്രവാചകൻ സഹനദാസനെ ആരചിക്കുന്നത്

സഹനത്തിന്റെ സൂക്ഷ്മതയിലാണ്. ‘നമ്മുടെ വേദനകളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത്; നമ്മുടെ ദുഃഖങ്ങളാണ് അവൻ ചുമന്നത്. അവൻ മുറിവേൽപ്പിക്കപ്പെട്ടു; ക്ഷതമേല്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നൽകി.’  ക്രിസ്തുവിന്റെ ജീവിതത്തോട് നമ്മുടെ ജീവിതങ്ങളെ ചേർത്ത് നിർത്തുമ്പോഴാണ് നമ്മുടെ സഹനങ്ങൾക്ക് മൂല്യമുണ്ടാകുന്നത്.

ഈ ഭൂമിയിലെ സഹനങ്ങളെ ഒന്നടുത്ത് വന്ന് നിരീക്ഷിക്കൂ… അവയ്‌ക്കെല്ലാം ക്രിസ്തുവിന്റെ മുഖമാണെന്ന് കാണുവാൻ സാധിക്കും. കാരണം ക്രിസ്തുവിനാണ്, ക്രിസ്തുവിന് മാത്രമാണ് സഹനത്തിന്റെ അർഥം മനസ്സിലായത്; ക്രിസ്തുവിനാണ്, ക്രിസ്തുവിന് മാത്രമാണ് സഹനത്തെ രക്ഷാകരമാക്കുവാൻ കഴിഞ്ഞത്!!!

എന്നാൽ, കൈയെത്തും ദൂരത്തുള്ള കാൽവരിയുടെ പശ്ചാത്തലത്തിൽ നിൽക്കുമ്പോൾ, ഓരോ ചുവടിലും സഹനം പനയ്ക്കുമ്പോൾ, മരണത്തിന്റെ മണമുള്ള കാറ്റിലും, കുരിശിന്റെ നിഴലിലും നിൽക്കുമ്പോൾ, മനുഷ്യൻ, അത് ആരുമാകട്ടെ. സെബദീപുത്രന്മാരാകാം, അവരുടെ മാതാപിതാക്കളാകാം, ശിഷ്യരാകാം, നിങ്ങളാകാം, ഞാനാകാം, ആരുമാകട്ടെ, മനുഷ്യൻ ചിന്തിക്കുന്നത് സ്ഥാനമാനങ്ങളെക്കുറിച്ചാണ്, അധികാരത്തെക്കുറിച്ചാണ്, കാമക്രോധമോഹങ്ങളെക്കുറിച്ചാണ്. അവളും, അവനും അപ്പോഴും സ്വപ്നം കാണുന്നത് സ്വന്തം ഉയർച്ചയെക്കുറിച്ചാണ്; സ്വന്തം നേട്ടത്തെക്കുറിച്ചു മാത്രമാണ്! അല്ലെങ്കിൽ, ഒരു വർഗീയ ലഹളയുണ്ടാകുന്നതിന്റെ പുറകിലുള്ള രാഷ്ട്രീയം പലപ്പോഴും അധികാരമാകുന്നതെങ്ങനെ? ആയിരങ്ങൾ വെള്ളപ്പൊക്ക ദുരന്തത്തിൽ വീഴുമ്പോഴും അതിനെ എങ്ങനെ വോട്ടാക്കി മാറ്റാമെന്ന് ചിന്തിക്കുന്നതിന്റെ പുറകിലുള്ള ചിന്തയെന്താണ്?

നമ്മുടെ ജീവിതത്തിൽ അവശ്യം വന്നെത്തുന്ന സഹനങ്ങളെ എങ്ങനെ രക്ഷാകരമാക്കണം എന്നാണ് ഈശോ ഇന്ന് നമ്മോട് പറയുന്നത്. സഹനങ്ങളെ പിതാവായ ദൈവത്തിന്റെ കൃപകളായി കണ്ട് അവയെ രക്ഷാകരമാക്കുവാൻ നമുക്കാകണം. ശരിയാണ്, വളരെയേറെ നാം സഹിക്കേണ്ടിവരും, കുരിശെടുക്കേണ്ടിവരും, ആരോപണങ്ങളുടെ കയ്യുകൾ നമ്മുടെ വസ്ത്രങ്ങൾ ഉരിഞ്ഞു മാറ്റും; നാം നഗ്നരാകും. സർവ്വരാലും വെറുക്കപ്പെടും. അപ്പോഴും ഉത്ഥാനത്തിന്റെ പ്രതീക്ഷയിൽ ജീവിക്കുവാൻ ഇന്ന് ഈശോ നമ്മെ ആഹ്വാനം ചെയ്യുകയാണ്!

മാത്രമല്ല, ഇത്തരമൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഉദാത്തമായ, മനോഹരമായ ഒരു ദർശനം, ജീവിത കാഴ്ചപ്പാട് ഈശോ നൽകുകയാണ്. എന്റെ ശിഷ്യരേ, നിങ്ങൾ വിജാതീയരെപ്പോലെ ആകരുത്. അവരെങ്ങനെയാണ്? കുരിശിന്റെ നിഴലിൽ നിന്ന് അധികാരത്തിന്റെ ചെങ്കോലിനെ പറ്റി സംസാരിക്കുന്നവരാണ്. കുരിശിൽ പ്രാണൻ പിടയുന്ന കരച്ചിലിനിടയിലും അധികാരത്തിന്റെ വസ്ത്രം പങ്കിടുന്നവരാണ് അവർ. പക്ഷെ നിങ്ങളുടെ കാഴ്ചപ്പാട്, ജീവിത ദർശനം ഇങ്ങനെയായിരിക്കണം: ത്യാഗത്തിന്റെ സഹനത്തിന്റെ കാൽവരികളിൽ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, ശുശ്രൂഷയുടെ സ്വർണനൂലുകൾക്കൊണ്ട് പുതിയ ലോകത്തെ നെയ്യുന്നവരാകണം നിങ്ങൾ. കാരണം, ക്രിസ്തു ഈ ഭൂമിയിൽ വന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാനും അനേകർക്ക്‌ മോചനദ്രവ്യമായി തന്നെത്തന്നെ നൽകുവാനാണ്‌.

സ്നേഹമുള്ളവരേ, ഈശോയുടെ ജീവിതത്തിന്റെ സ്വഭാവം ശുശ്രൂഷയാണ്; സഹനമാണ്; ത്യാഗമാണ്; അന്ധകാരത്തിന്റെ, തിന്മയുടെ, അമർഷത്തിന്റെ, അധികാരപ്രമത്തതയുടെ അടിമത്തത്തിൽ കഴിയുന്നവർക്കുവേണ്ടിയുള്ള മോചനദ്രവ്യമാണ്. സെബദീപുത്രന്മാരുടെ അമ്മയുടെ മനോഭാവം, പത്തു ശിഷ്യന്മാരുടെ അമർഷം, വിജാതീയരുടെ ഭരണകർത്താക്കളുടെ യജമാനത്വം – ഇവയെല്ലാം ലോകത്തിന്റെ രീതികളാണ്. ക്രിസ്തുവിന്റെ കാഴ്ചപ്പാട്, ജീവിത ദർശനം ഇതിനൊക്കെ കടകവിരുദ്ധമാണ്. വലിയവനാകാതെ ശുശ്രൂഷകനാകാൻ, ഒന്നാമനാകാതെ ദാസനാകാൻ, ശുശ്രൂഷിക്കപ്പെടാതെ ശുശ്രൂഷിക്കാൻ, മറ്റുള്ളവരെ അടിമകളാക്കാതെ അവർക്കുവേണ്ടി ജീവൻ കൊടുക്കാൻ -ഇതൊക്കെയാണ് ക്രിസ്തുവിന്റെ രീതികൾ. ഈ ക്രിസ്തുവിനെ കേന്ദ്രീകരിച്ചാകണം ഇനി നമ്മുടെ ജീവിതം.

ഗോത്രവർഗ കാലഘട്ടം മുതൽ, നവീന ശിലായുഗം, അടിമത്തകാലഘട്ടം, ഫ്യൂഡലിസം, മുതലാളിത്വം, ഇപ്പോൾ നാം എത്തിനിൽക്കുന്ന ജനാധിപത്യകാലം ഉൾപ്പെടെയുള്ള ലോകത്തിന്റെ രീതികൾ എന്നും അധികാര പ്രമത്തതയുടെയും, സ്വാർത്ഥതയുടെയുമാണെന്നതിന് ഉദാഹരണങ്ങൾ ആവശ്യമില്ല. വെട്ടിപ്പിടുത്തതിന്റെ രാഷ്ട്രീയം കളിക്കാത്തവർ ആരാണുള്ളത്?

എന്നാൽ നമ്മുടെ ഇടയിൽ ഇത്തരത്തിലുള്ള ഒരു ജീവിതരീതി ഒരു ജീവിതമേഖലയിലും ഈശോ ആഗ്രഹിക്കുന്നില്ല. ഈശോ പറയുന്നത് കേൾക്കൂ: “എന്നാൽ, നിങ്ങളുടെ ഇടയിൽ അങ്ങനെ ആകരുത്”. ഈ വചനം നമ്മെ അസ്വസ്ഥമാക്കുന്നുണ്ടോ? നമ്മുടെ ഹൃദയം പൊള്ളുന്നുണ്ടോ? നമ്മുടെ കാതുകൾ ഈ വചനം കേൾക്കുമ്പോൾ വേദനിക്കുന്നുണ്ടോ? നമുക്ക് മനഃസ്സാക്ഷിക്കുത്ത് ഉണ്ടാകുന്നുണ്ടോ? ഈ വചനങ്ങൾ നിങ്ങളുടെ കാതുകളെ ശല്യപ്പെടുത്തിയേക്കാം. ദുർബലഹൃദയങ്ങളെ പരിക്കേൽപ്പിച്ചേക്കാം. ആകയാൽ, എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഇറങ്ങിപ്പോകാം. അല്ലെങ്കിൽ ജീവിതത്തെ, ജീവിത സഹനങ്ങളെ രക്ഷാകരമാക്കാം, ക്രിസ്തുവിനെപ്പോലെ!

സഹനത്തെ മുന്നിൽ കണ്ടുകൊണ്ട് ജീവിക്കുക. സഹനമാണ് രക്ഷ പ്രദാനം ചെയ്യുന്നതെന്നത് മറക്കാതിരിക്കുക. സഹനമാണ് ലോകചരിത്രത്തെ നിർണയിക്കുന്നത് – അത് വിജയത്തിന്റെ ചരിത്രമായാലും, തോൽവിയുടെ ചരിത്രമായാലും. രണ്ടിന്റെ പുറകിലും സഹനമുണ്ട്!!! ആത്മീയതയെന്നാൽ ജീവിതത്തോട് തന്നെ ഏറ്റുമുട്ടിക്കൊണ്ടിരിക്കലാണ്. സഹനത്തിന്റെ പാതയിലൂടെയാണ് ആത്മീയതയുടെ ആനന്ദത്തിലേക്ക് ഒരു വ്യക്തി പ്രവേശിക്കുക. നാം ജീവിക്കുന്ന ഗ്രഹം ഈ ഭൂമിയാണ്; നമുക്ക് ലഭ്യമായിട്ടുള്ള ഒരേയൊരു സമയം ഇപ്പോഴാണ്; നമുക്ക് ലഭിച്ചിട്ടുള്ള ഒരേയൊരു ജീവിതം ഇതാണ്. ഇതിനെ എന്താക്കിത്തീർക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. നമുക്കിതിനെ മനോഹരമായ ഒരു ഗാനമാക്കി മാറ്റാൻ കഴിയും; നമുക്കിതിനെ മഹത്തായൊരു സ്നേഹാനുഭാവമാക്കി മാറ്റാൻ കഴിയും; ദിവ്യമായൊരു പ്രസാദമാക്കി മാറ്റാൻ കഴിയും. എന്നാൽ, സഹനത്തിന്റെ പാതയിലൂടെയേ നമുക്കത് നേടിയെടുക്കാൻ കഴിയൂ.

സ്നേഹമുള്ളവരേ, ഈ അമ്പതു നോമ്പിന്റെ ദിനങ്ങളിൽ ക്രിസ്തുവിന്റെ ശുശ്രൂഷയുടെ, സഹനത്തിന്റെ ദർശനം സ്വന്തമാക്കാൻ നമുക്കാകട്ടെ. അധികാരത്തിന്റേതായ ഒന്നും ഈശോയ്ക്കുണ്ടായിരുന്നില്ല എന്ന് നാം ഓർക്കണം. അവിടുന്ന് അത്ഭുതങ്ങൾ പ്രവർത്തിച്ചത് രാജാവാകുവാനായിരുന്നില്ല. അവിടുന്ന് വെള്ളം വീഞ്ഞാക്കിയതും, അപ്പം വർധിപ്പിച്ചതും അധികാരഭ്രമം കൊണ്ടുമായിരുന്നില്ല. രക്ഷാകരമായതുകൊണ്ടും, മനുഷ്യന്റെ ആവശ്യങ്ങളിൽ ഹൃദയം വേദനിച്ചതുകൊണ്ടും, മനുഷ്യന്റെ വിശപ്പ് മനസ്സിലാക്കിയതുംകൊണ്ടാണ് ക്രിസ്തു സഹനത്തിലൂടെ കടന്നുപോയത്.. ക്രിസ്തുവിനെപ്പോലെ നമുക്കും ത്യാഗത്തിന്റെ സഹനത്തിന്റെ കാൽവരികളിൽ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, ശുശ്രൂഷയുടെ സ്വർണനൂലുകൾക്കൊണ്ട്

പുതിയ ലോകത്തെ നെയ്യുന്നവരാകാം കാരണം, നമ്മുടെ ദൈവം, ക്രിസ്തു ഈ ഭൂമിയിൽ വന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാനും അനേകർക്ക്‌ മോചനദ്രവ്യമായി തന്നെത്തന്നെ നൽകുവാനാണ്‌. ആമേൻ!

SUNDAY SERMON MT 7, 21-27

നോമ്പുകാലം രണ്ടാം ഞായർ

മത്താ 7, 21-27

മനുഷ്യന്റെ സരള ഹൃദയത്തെ വേദനിപ്പിക്കുന്ന സംഭവങ്ങളും, മനുഷ്യന്റെ ശ്രേഷ്ഠതയ്ക്ക് പരിക്ക് പറ്റുന്ന കാഴ്ചകളുമാണ് നമ്മുടെ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിനെച്ചൊല്ലിയുള്ള നിയമസഭാ ചർച്ചകൾപോലും വെറും രാഷ്ട്രീയ പ്രഹസനമായി മാറിയെന്നത് തികച്ചും വേദനാജനകമാണ്. ഇന്ത്യയിൽ മദ്യം വിറ്റ് കിട്ടുന്ന കാശുകൊണ്ട് ഭരണം നടത്തുന്ന ഒരു സംസ്ഥാനത്ത്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന് സുലഭമായി ലഭിക്കുന്ന സംസ്ഥാനത്ത്, ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്ന ഒരു സംസ്ഥാനത്ത്, വിദ്യാഭ്യാസവും, ചികിത്സയും, എന്തിന് മതംപോലും വെറും ബിസിനസായി മാറിയിരിക്കുന്ന ഒരു സംസ്ഥാനത്ത് … ഇങ്ങനെ ഒരു തലമുറ വഴിതെറ്റി നശിച്ച് പോകുന്നതിൽ, ഇതുപോലുള്ള അക്രമസംഭവങ്ങളും ദുരന്തങ്ങളും നടക്കുന്നതിൽ അത്ഭുതപ്പെടാനില്ല. എല്ലാവരുടെയും മനസ്സിലുയരുന്ന ചോദ്യം ഇതാണ്: എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? ഉത്തരം നൽകുന്നത് ഇന്നത്തെ സുവിശേഷഭാഗമാണ് – മനുഷ്യന്റെ അഹന്ത! ദൈവത്തെപോലും വെല്ലുവിളിക്കുന്ന മനുഷ്യന്റെ അഹന്ത! പണവും സ്വാധീനവുമുണ്ടെങ്കിൽ എന്തുംചെയ്യാം എന്ന മനുഷ്യന്റെ അഹന്ത! എന്തുചെയ്താലും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സംരക്ഷിക്കുമെന്ന ചെറുപ്പക്കാരുടെ അഹന്ത! എങ്ങനെയായാലും സുപ്രീം കോടതിയെപ്പോലും വിലക്കെടുക്കാമെന്ന ഭരണകർത്താക്കളുടെ അഹന്ത! രാഷ്ട്രീയ, മത ലാഭങ്ങൾക്കുവേണ്ടി എന്തുചയ്താലും ആരും ചോദിക്കാനില്ലെന്ന അഹന്ത!! സംവിധാനങ്ങളെയും, അധികാരികളെയും ധിക്കരിച്ചാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന അഹന്ത! ഇങ്ങനെ അഹന്തയോടെ ജീവിക്കുന്ന ഒരു തലമുറയ്ക്ക് സംഭവിക്കുന്ന ദുരന്തങ്ങളാണ് ഇന്ന് കേരളജനത അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. മയക്കുമരുന്നും, ലഹരിയും, കൊലയുമെല്ലാം വെറും അടയാളങ്ങൾ മാത്രം!

ഈ അഹന്തകൾക്ക് മേൽ ഇടിത്തീപോലെ ദൈവത്തിന്റെ വചനം വിഭൂതി ദിനത്തിൽ നാം കേട്ടു:”മനുഷ്യാ, നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ നീ മടങ്ങും”. ഈ ഭൂമിയിലെ ജീവിതം ഒരിക്കൽ കടന്നുപോകുമെന്നും, എളിമപ്പെടാനും, ത്യാഗമനോഭാവത്തോടെ ജീവിക്കുവാനുമുള്ളതാണ് ഈ ജീവിതമെന്നും നമ്മെ ഓർമപ്പെടുത്തിയ വിഭൂതിത്തിരുനാളിന് പിന്നാലെയെത്തുന്ന ഈ ഞായറാഴ്ച്ചത്തെ സുവിശേഷം അഹന്ത വെടിഞ്ഞ്, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റിക്കൊണ്ട് ജീവിക്കുവാൻ നമ്മെ ക്ഷണിക്കുകയാണ്.

ഈശോ ഭൂമിയിലേക്ക് വന്നത് ദൈവരാജ്യത്തെക്കുറിച്ചു ലോകത്തോട് പറയുവാനും, ദൈവരാജ്യത്തിലേക്ക്, സ്വർഗ്ഗരാജ്യത്തിലേക്ക് ലോകത്തിലുള്ള എല്ലാവരെയും ക്ഷണിക്കുവാനുമാണ്. ദൈവരാജ്യത്തിലേക്ക് ഒരാൾ പ്രവേശിക്കുന്നതിന് യോഗ്യതയെന്താണെന്ന്, യോഗ്യതകൾ എന്താണെന്ന് ഈശോ പറയുമ്പോൾ, മനുഷ്യന്റെ അഹങ്കാരത്തിന്റെ, അഹന്തയുടെ, കാപട്യത്തിന്റെ മുഖംമൂടികൾ ഈശോ വലിച്ചെറിയുകയാണ്.

ആരാണ് ദൈവരാജ്യത്തിലെ അംഗങ്ങൾ, ആരല്ല ദൈവരാജ്യത്തിലെ അംഗങ്ങൾ എന്ന് വളരെ വ്യക്തമായിത്തന്നെ ഈശോ പറയുന്നുണ്ട്. ആരാണ് ദൈവരാജ്യത്തിലെ അംഗങ്ങൾ? ‘കർത്താവേ, കർത്താവേ, എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവരല്ല, എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കുക’. അപ്പോൾ ആരല്ല ദൈവരാജ്യത്തിലെ അംഗങ്ങൾ? ‘കർത്താവേ, കർത്താവേ, എന്ന് മാത്രം വിളിച്ചുകൊണ്ട് എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റാതെ ജീവിക്കുന്നവർ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല’. ഇതിൽ കൂടുതൽ മറ്റൊരു യോഗ്യതയും ഈശോ നമ്മിൽ നിന്നും ആവശ്യപ്പെടുന്നില്ല. ഇതിൽ നിന്നും മാറി മറ്റെന്ത് ചെയ്താലും, മറ്റെന്തു നേടിയാലും അത് യോഗ്യതയായി ഈശോ കണക്കുകൂട്ടുന്നുമില്ല.

ആധ്യാത്മിക കാര്യങ്ങൾ ശരിയായി ചെയ്യുവാൻ സാധിക്കാത്ത, വിശുദ്ധ കുർബാനയുടെ അർപ്പണത്തെച്ചൊല്ലി തമ്മിൽത്തല്ലുന്ന ക്രൈസ്തവരുള്ള, പ്രവാചകന്മാരില്ലാത്ത, വെളിപാടുകൾക്കു കാതോർക്കാത്ത, പരസ്പരം ബഹുമാനിക്കാത്ത, സ്വഭാവത്തിലും, പെരുമാറ്റത്തിലും നേരും നെറിയുമില്ലാത്ത  ഇന്നത്തെ കാലഘട്ടത്തിനോട് എഴുതപ്പെട്ട ദൈവത്തിന്റെ വചനം പറയുന്നത്, അഹന്ത വെടിഞ്ഞു, ദൈവത്തിന്റെ ഇഷ്ടം തേടുന്നവരാണ്, അത് പ്രാവർത്തികമാക്കുന്നവരാണ്   ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് എന്നാണ്.

ഈശോയ്ക്ക് പിതാവിന്റെ ഇഷ്ടം നിറവേറ്റുക എന്നത് ശരീരത്തിന് ഭക്ഷണംപോലെ പ്രധാനപ്പെട്ടതായിരുന്നു. സമരിയായിലെ സിക്കാർ എന്നപട്ടണത്തിലെ യാക്കോബിന്റെ കിണറ്റിൻ കരയിലിരുന്നു ശമറിയാക്കാരി സ്ത്രീയോട് സംസാരിച്ചിരിക്കുകയായിരുന്നു ഈശോ. സമയം കുറെ കടന്നു പോയപ്പോൾ ശിഷ്യന്മാർ ഈശോയോട് പറഞ്ഞു: “റബ്ബീ ഭക്ഷണം കഴിച്ചാലും.” അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, വളരെ ശാന്തമായി ഈശോ പറയുകയാണ്: “നിങ്ങൾ അറിയാത്ത ഭക്ഷണം എനിക്കുണ്ട്”. നൂറായിരം ചോദ്യങ്ങൾ ശിഷ്യന്മാരുടെ ഉള്ളിൽ മിന്നിമറഞ്ഞപ്പോൾ ഈശോ തുടർന്നു: “എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം.” (യോഹ 4, 31-34) ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുക എന്നത് ഈശോയുടെ ജീവിതവുമായി അത്രമാത്രം സമരസപ്പെട്ട ഒന്നായിരുന്നു.

ഒരിക്കൽ ഈശോ ദൈവരാജ്യത്തെക്കുറിച്ചു ജനങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ജനക്കൂട്ടത്തിൽ നിന്നൊരു സ്ത്രീ തന്റെ അമ്മയെ പുകഴ്ത്തി പറയുന്നത് കേട്ടപ്പോൾ, അവിടുന്ന് പറഞ്ഞു: “ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്റെ അമ്മയും, സഹോദരനും, സഹോദരിയും.” (മത്താ 12, 46-50) അതായത്, ദൈവരാജ്യത്തിൽ പ്രവേശിക്കാൻ, യഥാർത്ഥ ശിഷ്യനാകാൻ, ക്രിസ്തുവിന്റെ പുരോഹിതനാകാൻ, സന്യാസിയാകാൻ, കുടുംബനാഥനും, കുടുംബനാഥയുമാകാൻ, ക്രിസ്തുവിന്റെ യുവതയാകാൻ, ബാലികാബാലന്മാരാകാൻ നാം ചെയ്യേണ്ടത് ഇത്രമാത്രം – ദൈവേഷ്ടത്തിന്റെ ആഘോഷമാക്കി ജീവിതം മാറ്റുക!    

ഈശോയുടെ ജീവിതത്തിൽ ദൈവേഷ്ടത്തിന്റെ ആഘോഷം കാണണമെങ്കിൽ പ്രിയപ്പെട്ടവരേ, നാം ഗദ്സേമിനി വരെ പോകണം. അവിടെ രാത്രിയുടെ ഏകാന്തതയിൽ തനിയെ മുട്ടിന്മേൽ നിന്ന് പിതാവിനോട് സംസാരിക്കുന്ന ഈശോയെ കേൾക്കണം. ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ ശരീരം മുഴുവൻ രക്തം വിയർക്കുന്ന ഈശോയുടെ സഹനത്തോട് നമ്മുടെ മനസ്സുകൾ ചേർത്തുവയ്ക്കണം. അതിനുശേഷം, പിതാവേ, അങ്ങേയ്ക്കു ഇഷ്ടമെങ്കിൽ പാനപാത്രം എന്നിൽ നിന്ന് അകറ്റണമേ. എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ(ലൂക്ക 22,42) എന്ന ചങ്കുലയ്ക്കുന്ന ഈശോയുടെ പ്രാർത്ഥനയെ ധ്യാനിക്കണം. ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിച്ചുകൊണ്ടു ജീവിക്കുക എന്നത് ഈശോയ്ക്ക് ജീവിത വൃതമായിരുന്നു. 

സ്നേഹമുള്ളവരേ, അമ്പതു നോമ്പിനെ പുണ്യം നിറഞ്ഞതാക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുക! അതിനുവേണ്ടത് ധൈര്യമാണ്. സ്വന്തം ഇഷ്ടത്തെ വെടിഞ്ഞു ദൈവത്തിന്റെ ഇഷ്ടം സ്വന്തം ഇഷ്ടമാക്കി മാറ്റുന്നവരാണ് ഈ ലോകത്തിലെ ധൈര്യശാലികൾ. ധൈര്യശാലികൾക്കേ, ദൈവഹിതത്തിനു തങ്ങളെത്തന്നെ സമർപ്പിക്കുവാൻ കഴിയൂ. ഭീരുക്കളാണ് ഞാനെന്നഭാവവുമായി കുറുവടിയുമായി ഉറഞ്ഞു തുള്ളുന്നവർ! നിർഭാഗ്യവശാൽ അവർക്കാണിന്ന് ഭൂരിപക്ഷം! അതിന്റെ ഫലമോ? സമ്പത്തിന്റെയും, അധികാരത്തിന്റെയും അഹന്തയുടെയും കുതിരപ്പുറത്തുകയറി അവർ മറ്റുള്ളവരെ വേട്ടയാടുന്നു! സുവിശേഷ മൂല്യങ്ങളെയും, മാനുഷിക മൂല്യങ്ങളെയും തങ്ങളുടെ ധാർഷ്ട്യത്തിന്റെ ബൂട്ടുകൾകൊണ്ട് നടുറോഡിലിട്ടു ചവുട്ടിയരയ്ക്കുന്നു! നീതിക്കുവേണ്ടി ശബ്ദമുയർത്തുന്നവർ ഓരോരുത്തരായി നിശ്ശബ്ദരാക്കപ്പെടുന്നു!

അഹന്തയുടെ, ഞാനെന്നഭാവത്തിന്റെ, അഹമ്മതിയുടെ പ്രദക്ഷിണങ്ങൾ അരങ്ങുതകർക്കുകയാണിവിടെ. ഈയിടെ നടന്ന റഷ്യൻ-യുക്രയിൻ യുദ്ധം തീർക്കാനുള്ള ട്രംപ് – സീലൻസ്കി ചർച്ച പോലും അഹന്തയുടെ ആഘോഷമായിപ്പോയി.  പ്രകൃതിയെ വെല്ലുവിളിച്ചു പണിതുയർത്തുന്ന, മോടിപിടിപ്പിക്കുന്ന വീടുകളും, ദേവാലയങ്ങളും, അമ്പലങ്ങളും മോസ്‌കുകളും, പ്രതിമകളും, ദൈവവിശ്വാസത്തിന്റെ, ദൈവസ്നേഹത്തിന്റെ, ദൈവമഹത്വത്തിന്റെ അടയാളങ്ങൾക്കു പകരം അഹന്തയുടെ മാത്സര്യത്തിന്റെ വമ്പൻ പ്രതീകങ്ങളാകുകയാണ്. ഭൂരിപക്ഷത്തിന്റെ അഹമ്മതിക്കു മുൻപിൽ, പണത്തിന്റെ അഹങ്കാരത്തിനുമുന്പിൽ, ഗുണ്ടായിസത്തിന്റെ അഹന്തക്ക് മുൻപിൽ ദൈവം നോക്കുകുത്തിയാകുന്നു!

ഈശോ പറയുന്നത് നമ്മൾ ആത്മീയത പോലും അഹന്തയുടെ ആഘോഷമാക്കുന്നു എന്നാണ്. ലക്ഷങ്ങൾ മുടക്കിയുള്ള പ്രാർത്ഥനായജ്ഞങ്ങളിൽ ‘കർത്താവേ, കർത്താവേ, എന്നുള്ള അധരവ്യായാമങ്ങൾ പ്രാർത്ഥനയാകില്ല എന്ന് ഈശോ പറയുന്നു.  മൈക്ക് കെട്ടി വിളിച്ചുപറയുന്ന കാര്യങ്ങൾ – ഞങ്ങൾ നിന്റെ നാമത്തിൽപ്രവചിച്ചില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ രോഗികളെ സൗഖ്യപ്പെടുത്തിയില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ ദേവാലയങ്ങൾ പണിതില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ നീണ്ടപലവർണ കുപ്പായങ്ങളിൽ പ്ര്യത്യക്ഷപ്പെട്ടില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ ഊട്ടു നേർച്ചകൾ നടത്തിയില്ലേ കർത്താവേ – ഇവയെ അനീതിയുടെ ഗണത്തിലാണ് ഈശോ ഉൾപ്പെടുത്തുന്നത് എന്നോർക്കുക. ഞാൻ എന്റെ കുടുംബത്തെ സംരക്ഷിക്കുന്നില്ലേ കർത്താവേ, ഞാൻ കഷ്ടപ്പെടുന്നതുകൊണ്ടല്ലേ ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത് കർത്താവേ, ഞാൻ പഠിച്ചു, വിദേശത്തുപോയി ജോലിചെയ്തതുകൊണ്ടല്ലേ നല്ലൊരു വീടുണ്ടാക്കാൻ പറ്റിയത് കർത്താവേ… ഈശോ പറയും, നീ പറയുന്നത് അനീതിയാണ്; അഹന്തയാണ്.  ഞങ്ങൾ, ഞങ്ങൾ എന്ന്, ഞാൻ, ഞാൻ എന്ന് പറഞ്ഞു നിങ്ങൾ നിങ്ങളുടെ അഹന്തയെ ആഘോഷിക്കുമ്പോൾ, സ്നേഹമുള്ളവരെ, അത്   അനീതിയാണ്. കാരണം, അതെല്ലാം ചെയ്തത് നിങ്ങളല്ല, ദൈവമാണ്.  

നിങ്ങൾ ക്ലെയിം (Claim) ചെയ്യുകയാണ്. ക്ലെയിം കടന്നുവരുന്നത് നിങ്ങളുടെ അഹന്തയിൽ നിന്നാണ്. അത് അനീതിയാണ്.

തീർച്ചയായും നിങ്ങളിലൂടെ ദൈവമാണ് അത് ചെയ്തത്. നിങ്ങൾ Claim ചെയ്യുന്ന നിമിഷം നിങ്ങൾ വലിയ അനീതിചെയ്യുകയാണ്. അതുകൊണ്ടാണ് ദൈവവചനം ഇവിടെ അല്പം പരുഷമാകുന്നത്: “അനീതി പ്രവർത്തിക്കുന്നവരെ, നിങ്ങൾ എന്നിൽ നിന്ന് അകന്നു പോകുവിൻ”.

നിങ്ങൾ ഒരു നദിക്കരയിൽ നില്കുകയാണ്. നിമിഷത്തിൽ ഒരു മനുഷ്യൻ വള്ളത്തിൽ മുങ്ങുന്നത് നിങ്ങൾ കാണുകയാണ്. നിങ്ങൾ ഓടിച്ചെന്നു, വെള്ളത്തിലേക്ക് ചാടി അയാളെ രക്ഷിക്കുകയാണ്. എന്നിട്ടു കരയ്ക്കു കയറി വന്നപ്പോൾ, ചാനലുകാരോട് നിങ്ങൾ പറയുന്നു, “ഞാനാണ് മനുഷ്യനെ രക്ഷിച്ചത്“. എന്നാൽ ഇതാണോ സത്യം? നിങ്ങളോർത്തോ? ഇതാ ഒരു മനുഷ്യൻ മുങ്ങുന്നുഎനിക്ക് അയാളെ രക്ഷിക്കണംരക്ഷിക്കുക എന്നത് നല്ല കാര്യമല്ലേ? …എന്നൊക്കെ. ഇല്ല. സ്നേഹിതാ, നിമിഷം നിങ്ങൾ ദൈവത്താൽ പൊതിയപ്പെട്ടിരിക്കുകയായിരുന്നു. ദൈവത്താൽ സ്വന്തമാക്കപ്പെട്ടിരിക്കുകയായിരുന്നു. You were possessed by God in that moment!

നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതെല്ലാം, നല്ലതും ചീത്തയും, സന്തോഷവും ദുഃഖവും എല്ലാം ദൈവേഷ്ടമായി കാണുമ്പോഴാണ് നാം പാറമേൽ പണിപ്പെട്ട വീടുകളാകുന്നത്.

സാമുവേൽ പ്രവാചകന്റെ രണ്ടാം പുസ്തകത്തിൽ ഒരു വിവരണമുണ്ട്. ദാവീദ് രാജാവ് ബഹുറൈമില എത്തിയപ്പോൾ സാവൂളിന്റെ ബന്ധുവായ ഗേറയുടെ മകൻ ഷിമേയി ദാവീദിന്റെമേൽ ശാപവാക്കുകൾ പറയാൻ തുടങ്ങി. കൊലപാതകീ, നീചാ എന്നൊക്കെയുള്ള ചീത്തവാക്കുകളാണ് അയാൾ ഉപയോഗിച്ചത്. അപ്പോൾ സെറൂയായുടെ മകൻ അബീശായി പറഞ്ഞു: ” ചത്ത പട്ടി എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നുവോ? ഞാൻ ഇവന്റെ തല വെട്ടിക്കളയട്ടെ?” അപ്പോൾ ദാവീദ് രാജാവ് പറഞ്ഞു:”നിങ്ങൾക്കിതിൽ എന്ത് കാര്യം? ദാവീദിനെ ശപിക്കുകയെന്നു കർത്താവ് കല്പിച്ചിട്ടാണ് അവനതു ചെയ്യുന്നതെങ്കിൽ, കർത്താവിന്റെ ഇഷ്ടമാണ് അതെങ്കിൽ അരുതെന്നു പറയുവാൻ ആർക്കു കഴിയും? …അവനെ വെറുതെ വിട്ടേയ്ക്കൂകർത്താവ് എന്റെ കഷ്ടത കണ്ടു അവന്റെ ശാപത്തിനു പകരം എന്നെ അനുഗ്രഹിച്ചേക്കും.” (16, 5-14) ജീവിതത്തിലെ വേദനിപ്പിക്കുന്ന സംഭവങ്ങളെ ദൈവകല്പിതങ്ങളായി, ദൈവേഷ്ടങ്ങളായി കാണുമ്പോൾ അവ ദൈവാനുഗ്രഹങ്ങളായി മാറുന്ന അത്ഭുതം നമ്മിൽ നടക്കും.

സ്നേഹമുള്ളവരേ, ദൈവത്തിന്റെ പ്രവർത്തനങ്ങളാൽ നിറയപ്പെടേണ്ട ഈ ലോകത്തിൽ അതിനുള്ള ഉപകരണങ്ങളാകുകയാണ് നമ്മുടെ നിയോഗം. അതുകൊണ്ടാണ് ദൈവത്തിന്റെ ഇഷ്ടം പ്രവർത്തിക്കുന്നവരാകുവാൻ ഈശോ നമ്മെ ക്ഷണിക്കുന്നത്. എന്തെങ്കിലും നന്മ നമ്മിലൂടെ സംഭവിക്കുന്നുണ്ടെങ്കിൽ അത് ദൈവത്തിൽ നിന്നാണ്. അത് ക്ലെയിം ചെയ്യാൻ പാടില്ല. claim ചെയ്യുക വഴി അത് നിന്റെ അഹന്തയുടെ ഒരു ആഭരണമായി മാറും. അത് ദൈവത്തിന്റെ ഇഷ്ടം ആകാതെപോകും.

ശരിയായ ആധ്യാത്മികത, ആത്മീയ ജീവിതം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുക എന്നതാണ്. എന്നുവച്ചാൽ, നിന്നിലെ പഴയ മനുഷ്യനെ മാറ്റി, ദൈവിക ചിന്തയുള്ള പുതിയ മനുഷ്യനാകണം; നിന്റെ ജീവിതത്തിന്റെ അടിസ്ഥാനം ക്രിസ്തുവാകണം. നിന്നിൽ അന്ധകാരം സൃഷ്ടിക്കുന്നതിനോടെല്ലാം ബൈ പറയണം. വിശുദ്ധ പൗലോശ്ലീഹാ പറയുന്നത് ഇങ്ങനെയാണ്: “നിങ്ങളുടെ മനസ്സിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിൻ. ദൈവഹിതം എന്തെന്നും, നല്ലതും, പ്രീതിജനകവും, പരിപൂർണവുമായത് എന്തെന്നും വിവേചിച്ചറിയുവാൻ അപ്പോൾ നിങ്ങൾക്ക് സാധിക്കും.” (റോമാ 12, 2)

അപ്പോൾ ദൈവേഷ്ടം പ്രവർത്തിക്കുന്ന നീയും, ദൈവേഷ്ടം പ്രവർത്തിക്കാത്തവനും തമ്മിൽ എന്തുണ്ട് വ്യത്യാസം? അതാണ് ഈശോ പറയുന്ന ഉപമ. ക്രിസ്തുവാകുന്ന പാറമേൽ, ക്രിസ്തുവിന്റെ ഇഷ്ടമാകുന്ന അടിസ്ഥാനത്തിന്മേൽ നീയാകുന്ന, നിന്റെ കുടുംബമാകുന്ന, നിന്റെ ഇടവകയാകുന്ന, തിരുസ്സഭയാകുന്ന വീട് പണിതുയർത്തുമ്പോഴാണ് ഏത് കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും തകർക്കാനാവാത്ത ഉറപ്പ് അതിന് ലഭിക്കുന്നത്. എന്നാൽ, കപടതയിൽ, അഹങ്കാരത്തിൽ, ദൈവത്തെയും ദൈവത്തിന്റെ ഇഷ്ടത്തെയും അവഗണിച്ചുകൊണ്ട് എന്ത് പണിതുയർത്തിയാലും അത് ഈശോ ‌ പറയുന്നപോലെ, കല്ലിന്മേൽ കല്ലുശേഷിക്കാതെ തകർന്നുപോകും. പക്ഷെ ഒന്നോർക്കുക! ദൈവേഷ്ടമനുസരിച്ചു ജീവിക്കുവാൻ ശ്രമിക്കുന്ന നിന്റെ ജീവിതത്തിലും, ദൈവേഷ്ടം പ്രവർത്തിക്കാത്തവന്റെ ജീവിതത്തിലും ഒരു സംശയം വേണ്ട, മഴ പെയ്യും, കൊടുങ്കാറ്റുണ്ടാകും, വെള്ളപ്പൊക്കമുണ്ടാകും. അത് നിന്റെയും അപരന്റേയും ജീവിതത്തിലേക്ക് ആഞ്ഞടിച്ചുതന്നെ കയറും. പക്ഷെ ദൈവേഷ്ടം പ്രവർത്തിക്കുന്ന നീയും നിന്റെ കുടുംബവും വീഴില്ല. അപരന്റേത് തകർന്നുപോകും. ഇത് ക്രിസ്തുവിന്റെ ഉറപ്പാണ്. നിന്റെ ജീവിതത്തിനുമേൽ ദൈവം സ്ഥാപിക്കുന്ന ഉറപ്പ്!

സ്നേഹമുള്ളവരേ, ലക്ഷ്യമില്ലാത്ത ഒരു പ്രയാണമായിരിക്കും അഹന്തയുടെ യാത്ര! അഹന്ത ഗുരുത്വാകർഷണം പോലെയാണ്. അതെപ്പോഴും നമ്മെ താഴേയ്ക്ക് വലിച്ചുകൊണ്ടിരിക്കും. എന്നാൽ, അഹന്തയെ ഉപേക്ഷിക്കുമ്പോൾ തുറക്കപ്പെടുന്നത് പുതിയതും ക്രിയാത്മകവുമായ സാധ്യതകളുടെ, പ്രവർത്തനങ്ങളുടെ വാതിലുകളായിരിക്കും. ഓർക്കുക എപ്പോഴും – നമ്മുടെ അഹന്തയുടെ, ധാർഷ്ട്യത്തിന്റെ വിശപ്പുമാറ്റുവാനുള്ള ശ്രമത്തിൽ തകർന്ന് പോകുന്നത് നമുക്കേറ്റവും പ്രിയപ്പെട്ടവ, വിലപ്പെട്ടവ തന്നെയായിരിക്കും. നമ്മുടെ വ്യക്തിജീവിതത്തിന്റെ, കുടുംബത്തിന്റെ, സമൂഹത്തിന്റെ തകർച്ചയുടെ അടിസ്ഥാന കാരണം അഹന്തയാണ്!!

ദൈവത്തിന്റെ അനന്ത സ്നേഹത്താൽ നിറഞ്ഞിരിക്കുന്ന ഈ ദേവാലയത്തിൽ, വചന പ്രഘോഷണത്തിലൂടെ ദൈവകൃപ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ നിമിഷത്തിൽ സ്നേഹമുള്ളവരേ, എടുക്കുക ഒരു ഉറച്ച തീരുമാനം. എന്ത് തന്നെ വന്നാലും, എന്റെ ജീവിതത്തിന്റെ, കുടുംബത്തിന്റെ പ്ലാനുകളിലും പദ്ധതികളിലും ആദ്യം ഞാനന്വേഷിക്കുന്നത് ദൈവമേ നിന്റെ തിരുവിഷ്ടമായിരിക്കും. ഇന്ന് നാം അർപ്പിക്കുന്ന ഈ വിശുദ്ധ കുർബാന നമ്മുടെ തീരുമാനത്തെ ബലപ്പെടുത്തട്ടെ.

നമ്മുടെ ജീവിതങ്ങളെ കൃപകൊണ്ട് നിറയ്ക്കട്ടെ. ജീവിതത്തിലെ ഓരോ നിമിഷവും ഇതായിരിക്കട്ടെ നമ്മുടെ പ്രാർത്ഥന: ഈശോയെ, നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ. ആമേൻ!