SUNDAY SERMON MT 21, 33-44

നോമ്പുകാലം നാലാം ഞായർ

മത്താ 21, 33-44

ഇന്ന്, അമ്പതു നോമ്പിന്റെ നാലാം ഞായറാഴ്ച്ച.  ക്രൈസ്തവജീവിതങ്ങളെ നവീകരിക്കുന്ന, ഫലദായകമാക്കുന്ന ഈ നോമ്പുകാലങ്ങളിൽ നമ്മുടെ ക്രൈസ്തവജീവിതങ്ങളുടെ അടിസ്ഥാന ശിലയായി നാം സ്വീകരിക്കേണ്ട ഒരു സന്ദേശത്തിലേക്കാണ് ഇന്നത്തെ സുവിശേഷം വിരൽചൂണ്ടുന്നത്. സങ്കീർത്തകനെപ്പോലെ, ക്രിസ്തുവാണ് എന്റെ അവകാശവും പാനപാത്രവും; എന്റെ ഭാഗധേയം, എന്റെ ജീവിതം ക്രിസ്തുവിന്റെ കരങ്ങളിൽ ഭദ്രമാണ് (സങ്കീ 16, 5) എന്ന ഏറ്റുപറച്ചിലായിരിക്കണം ക്രൈസ്തവജീവിതം എന്ന സന്ദേശമാണ് ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്നത്. സർവത്തിന്റെയും അവകാശിയായ ക്രിസ്തുവിനെ സ്വന്തമാക്കുകയാണ് ഈ ലോകജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നും, ഈ ലോകത്തിലെ. എന്തെങ്കിലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനുള്ള ഏറ്റവും നല്ല മാർഗം അതിന്റെ അവകാശിയെ സ്വന്തമാക്കലാണ് എന്നും മനസ്സിൽ സൂക്ഷിച്ചുകൊണ്ട് നമുക്ക് സുവിശേഷ വ്യാഖ്യാനത്തിലേക്ക് കടക്കാം.

തന്റെ പരസ്യജീവിതകാലഘട്ടത്തിൽ ഈശോ നടത്തുന്ന പീഡാനുഭവ പ്രവചനങ്ങളുടെ ഉപമാവിഷ്കാരമാണ് നാമിവിടെ കാണുക. അവകാശിയെക്കൊന്ന് അവകാശം സ്വന്തമാക്കാൻ ആഗ്രഹിച്ച ഇസ്രയേലിന്റെ മണ്ടത്തരത്തിനു മുൻപിൽ ഈശോ ഉയർത്തുന്ന പരിഹാസമാണീ ഉപമ. ഇന്നും മനുഷ്യൻ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ആന മണ്ടത്തരം മനുഷ്യനെ കൊണ്ടുചെന്നെത്തിക്കുന്ന വലിയ വിപത്തിലേക്കുള്ള ഒരു ചൂണ്ടുപലകയും കൂടിയാണ് ഇന്നത്തെ സുവിശേഷത്തിലെ ഈ ഉപമ.

ഈ മണ്ടത്തരത്തിന്റെ Argument ഇങ്ങനെയാണ്: ” ഇവനാണ് അവകാശി; വരുവിൻ, നമുക്കിവനെ കൊന്ന് അവകാശം കരസ്ഥമാക്കാം.” (21, 38) നാട്ടിലുള്ള എല്ലാ പ്രസ്ഥാനങ്ങളും, സ്ഥലങ്ങളും, കടകളും ഒക്കെ ഒരാളുടേതാണെങ്കിൽ, അവയിലെല്ലാം പങ്കുപറ്റുവാൻ ഒരേയൊരു മാർഗം, എളുപ്പമുള്ള മാർഗം ആ ഒരു വ്യക്തിയുടെ സൗഹൃദം നേടിയെടുക്കുക, അദ്ദേഹത്തെ സ്വന്തമാക്കുക എന്നതാണ്. നമ്മുടെ ചരിത്രപുസ്തകങ്ങളിൽ നാം പഠിക്കുന്നപോലെ, രാജാവ് ദൈവമായിരുന്ന കാലത്ത്, രാജഭരണം നിലനിന്ന കാലത്ത് രാജ്യമെല്ലാം രാജാവിന്റേതായിരുന്നു. രാജാവിന്റെ ഭരണത്തിന്റെ അവശ്യഘടകങ്ങൾ ഒന്ന്, രാജാവ് അവകാശിയായി നിൽക്കുന്ന രാജ്യത്തിന് അതിർത്തികളുണ്ടായിരുന്നു (Boundary); രണ്ട്, രാജ്യത്ത് പൗരന്മാരുണ്ടായിരുന്നു (Citizen); മൂന്ന്, രാജ്യത്തിന് ഒരു ഭരണഘടനയുണ്ടായിരുന്നു (Constitution); നാല്, രാജാവിന് രാജ്യത്തിന്റെമേൽ, പ്രജകളുടെമേൽ പരമാധികാരം (Soverignity) ഉണ്ടായിരുന്നു.  രാജാവിന്റേതായിട്ടുള്ളതെല്ലാം സ്വന്തമെന്നപോലെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന പ്രജകൾ എന്തുചെയ്യണം? അവർ രാജാവിനെ അവകാശിയായി സ്വീകരിക്കണം; രാജാവിനെ സ്വന്തമാക്കണം. അല്ലെങ്കിൽ അവർ രാജ്യത്തിന് പുറത്താണ്; അല്ലെങ്കിൽ കൽത്തുറുങ്കിലാണ്.

ക്രിസ്‌തുവിന്റെ പീഡാനുഭവ പ്രവചനങ്ങളുടെ ഉപമാവിഷ്‌കാരമായ ഈ കഥയിൽ, സർവ്വപ്രപഞ്ചത്തിന്റെയും അവകാശിയായ ക്രിസ്തുവിനെ സ്വന്തമായി സ്വീകരിക്കാതെ അന്നത്തെ ജനങ്ങൾ അവിടുത്തെ തിരസ്കരിക്കുക മാത്രമല്ല, അവകാശിയെ ഇല്ലാതാക്കുവാൻ ശ്രമിക്കുകയാണ്. ക്രിസ്തുവാണ് അവകാശിയെന്നറിഞ്ഞിട്ടും, അവകാശിയെ കൊന്ന് അവകാശം സ്വന്തമാക്കുക എന്ന ആനമണ്ടത്തരത്തിന്മേൽ അടയിരിക്കുന്ന മണ്ടന്മാരായി യഹൂദർ മാറുകയാണ്. ഇന്നും, തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന ഒരു ജനതയായി യഹൂദർ ഈ ഭൂമിയിൽ കഴിയുന്നു!! ഇന്നും ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ആനമണ്ടത്തരത്തിൽ ജീവിതം തകർന്നുപോകാതിരിക്കാനായി, ധൂളിയായിപ്പോകാതിരിക്കാനായി ഒരു ഓർമപ്പെടുത്തലായിട്ടാണ് ഈ ഉപമ ഇന്ന് നമ്മുടെ മുൻപിൽ നിൽക്കുന്നത്.

പ്രിയപ്പെട്ടവരേ, ദൈവപരിപാലനയുടെ അനന്തസാധ്യതകൾക്കിടയിലാണ് മനുഷ്യൻ ജീവിക്കുന്നത്. ദൈവം സമ്മാനമായി നൽകിയ ഈ ജീവിതം, കർഷകൻ മുന്തിരിത്തോട്ടം കാത്തുസൂക്ഷിക്കുന്നതുപോലെ, ദൈവത്തിന്റെ പരിപാലനയുടെ വേലിക്കെട്ടിനുള്ളിൽ, അവിടുത്തെ കാരുണ്യത്തിന്റെ നിലത്ത്, ജീവനും ശക്തിയും നൽകി, വളവും ജലവും നൽകി   കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കു കയാണ് ദൈവം. വിശുദ്ധ കൂദാശകളാകുന്ന, സഭയാകുന്ന കൃഷിക്കാരിലൂടെ നമ്മെ അവിടുന്ന് വളർത്തുന്നു. ഇത്രയെല്ലാം തന്റെ കരുണയിൽ, സ്നേഹത്തിൽ ദൈവം ചെയ്യുന്നത് നാമെല്ലാവരും അവിടുത്തെ അവകാശിയായി സ്വീകരിക്കുവാനും, അവിടുത്തെ അവകാശത്തിൽ പങ്കുപറ്റിക്കൊണ്ട് ദൈവമക്കളായി ജീവിക്കുവാനും വേണ്ടിയാണ്. അത്തരത്തിലുള്ള വിളവ്, ഫലം കാത്തിരിക്കുന്ന ഉടമസ്ഥനായ ദൈവം ഈരേഴുപതിനാലു ലോകങ്ങളുടെയും, അതിലുള്ള സകലത്തിന്റെയും അവകാശിയായി ക്രിസ്തുവിനെ ആക്കിയിരിക്കുന്നു.  

ക്രിസ്തുവാണ് ഈ സൃഷ്ടപ്രപഞ്ചത്തിന്റെ അവകാശിയെന്ന സത്യം, വിശുദ്ധ പൗലോശ്ലീഹായാണ് ഏറ്റവും മനോഹരമായി ബൈബിളിൽ അവതരിപ്പിച്ചിരിക്കുന്നത്. കൊളോസോസുകാർക്കെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം നമ്മൾ കാണുക.

ഇന്നത്തെ തുർക്കിയിലെ ഡെൻസിലി എന്ന പട്ടണത്തിന് 16 കിലോമീറ്ററോളം കിഴക്കായിട്ടാണ് കൊളോസോസ് സ്ഥിതിചെയ്യുന്നത്. തുർക്കിയിൽ നിന്നുള്ള വിജാതീയർ കൊളോസോസിലെ ക്രൈസ്തവരെ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്ന കാലം. അബദ്ധ സിദ്ധാന്തങ്ങളിലൂടെ നിഷ്കളങ്കരായ ക്രൈസ്തവരെ അവരുടെ ക്രിസ്തുവിശ്വാസത്തിൽ നിന്ന് വഴിതെറ്റിക്കുവാൻ വലിയ ശ്രമങ്ങൾ നടന്നിരുന്നു. ധാരാളം ക്രൈസ്തവർ വിജാതീയരുടെ കെണിയിൽ പെടുകയും ചെയ്തു. വിശുദ്ധ പൗലോശ്ലീഹായുടെ സഹപ്രവർത്തകനായിരുന്ന എപ്പഫ്രാസ് കൊളോസോസിൽ ആരംഭിച്ച ക്രൈസ്തവസമൂഹത്തിൽ അബദ്ധസിദ്ധാന്തങ്ങൾ വിശ്വാസികളെ വഴിതെറ്റിക്കുന്നെണ്ടെന്ന് അറിഞ്ഞ വിശുദ്ധ പൗലോസ് പ്രപഞ്ചം മുഴുവന്റെയും അവകാശി ക്രിസ്തുവാണെന്ന് കൊളോസോസുകാരെ പഠിപ്പിക്കുവാൻ ലേഖനങ്ങൾ എഴുതി. അദ്ദേഹം എഴുതിയ ലേഖനത്തിലെ ഒന്നാം അധ്യായത്തിൽ തന്നെ ക്രിസ്തു സൃഷ്ടിയുടെ മകുടമാണെന്ന് കൊളോസോസുകാരെ പഠിപ്പിച്ചു. നമുക്ക്

„പാപമോചനവും രക്ഷയും ലഭിച്ചിരിക്കുന്ന ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും, എല്ലാ സൃഷ്ടികൾക്കും മുൻപുള്ള ആദ്യജാതനുമാണ്. കാരണം, അവനിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ, ആധിപത്യങ്ങളോ, ശക്തികളോ, അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. അവനാണ് എല്ലാറ്റിനും മുന്പുള്ളവൻ. അവനിൽ സമസ്തവും സ്ഥിതിചെയ്യുന്നു.” (കൊളോ 1, 15-17) ക്രിസ്തുവാണ് അവകാശിയെന്നും, ഈ അവകാശിയെ സ്വന്തമാക്കുമ്പോഴാണ് ഈ പ്രപഞ്ചത്തിലുള്ളതെല്ലാം നമ്മുടേതും ആകുന്നതെന്ന് പഠിപ്പിച്ച വിശുദ്ധ പൗലോസിന് ക്രിസ്തു ദൈവവും, സർവ്വസ്വവുമായിരുന്നു.

സ്നേഹമുള്ളവരേ, നമ്മുടെ വിശ്വാസത്തെ വർധിപ്പിക്കണം. ജീവിതത്തിന്റെ ഓരോ നിമിഷവും ഈ വിശ്വാസം ഏറ്റുപറയണം. എന്താണ് ഏറ്റുപറയേണ്ടത്? ഈശോയേ, ഈ ലോകത്തിന്റെ അവകാശി നീയാണ്, എന്റെ ജീവിതത്തിന്റെ അവകാശി നീയാണ്. നീയാണെന്റെ അവകാശവും പാനപാത്രവും. എന്റെ ജീവിതം, എന്റെ ജീവിതത്തിന്റെ ഭാഗധേയം നിന്റെ, നിന്റെ മാത്രം കൈകളിലാണ്.’  ആർക്കാണ് പിതാവിന്റെ അവകാശത്തിന് അർഹത? മക്കൾക്കാണ്. അപ്പോൾ, അവകാശത്തിൽ പങ്കുപറ്റുവാൻ എന്ത് ചെയ്യണം? നാം ദൈവത്തിന്റെ മക്കളാകണം. ആരാണ് ദൈവത്തിന്റെ മക്കൾ? റോമാക്കാർക്കെഴുതിയ ലേഖനത്തിൽ നാം വായിച്ചുകേട്ടതുപോലെ, „ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരാണ് ദൈവത്തിന്റെ മക്കൾ. (റോമാ 8, 14) പൗലോശ്ലീഹാ പറയുന്നു: “നാം മക്കളെങ്കിൽ അവകാശികളുമാണ്. ദൈവത്തിന്റെ അവകാശികളും, ക്രിസ്തുവിന്റെ കൂട്ടവകാശികളും.” (റോമാ 8, 17) ദൈവത്തിന്റെ മക്കളായി ജീവിച്ചുകൊണ്ട്, ക്രിസ്‌തുവിനെ അവകാശിയായി ഏറ്റുപറഞ്ഞുകൊണ്ട് ജീവിക്കുമ്പോഴാണ് ദൈവത്തിന്റെ അവകാശത്തിൽ നാം പങ്കുകാരാകുന്നത്.

എന്നാൽ, സ്നേഹമുള്ളവരേ ശ്രദ്ധിച്ചു കേൾക്കണം, ഈ ലോകം, ലോകത്തിലുള്ള നാമെല്ലാവരും, നൽകപ്പെട്ടിട്ടുള്ളതിന്റെയെല്ലാം ഉടമസ്ഥനായ ദൈവത്തെ മറന്ന്, ഇതിന്റെയെല്ലാം അവകാശിയായ ക്രിസ്തുവിനെ പരിഗണിക്കാതെ, എല്ലാം സ്വന്തമാക്കാൻ ശ്രമിക്കുന്നു. എല്ലാം സ്വന്തമാക്കാൻ അവകാശിയെ കൊന്നുകളയുന്നു. അവകാശിയെക്കുറിച്ചുള്ള ഓർമപോലും അവകാശങ്ങൾ സ്വന്തമാക്കാൻ തടസ്സമാകുമെന്ന് കണ്ട് അവകാശിയെ, തങ്ങളുടെ ജീവിതത്തിന്റെ, മനഃസ്സാക്ഷിയുടെ പുറത്തേക്ക് എറിഞ്ഞുകളയുന്നു.  “മറ്റാർക്കും വസിക്കാൻ ഇടംകിട്ടാത്തവിധം വീടോടു വീട് ചേർത്ത്, വയലോട് വയൽ ചേർത്ത് അതിന്റെ മധ്യത്തിൽ തനിച്ചു വസിക്കുവാൻ’ (ഏശയ്യാ 5,8) അവകാശി തടസ്സമാകുന്നുവെന്നുകണ്ട് നീ അവകാശിയെ കൊല്ലുന്നു. ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടാനും, വീഞ്ഞ് കുടിച്ചു മദിക്കാനും അവകാശി പ്രതിബന്ധമാകുമെന്ന് മനസ്സിലാക്കി നീ അവകാശിയെ വകവരുത്തുന്നു. 

കുടുംബനാഥനെന്ന നിലയിൽ നീ സമ്പാദിക്കുന്നതെല്ലാം നിന്റെ കുടുംബങ്ങൾക്കും അർഹതപ്പെട്ടിരിക്കെ, നിന്റെ സുഖത്തിനായി മാത്രം നിന്റെ സമ്പാദ്യം കള്ളുകുടിക്കാൻ ഉപയോഗിക്കുമ്പോൾ, പുകവലിക്കാൻ എടുക്കുമ്പോൾ, എല്ലാം നിന്റേതെന്ന മട്ടിൽ ഉപയോഗിക്കുമ്പോൾ, നീ ഇതിന്റെയെല്ലാം അവകാശിയായ ക്രിസ്തുവിനെ കൊന്നു നിന്റെ ജീവിതത്തിന്റെ പുറമ്പോക്കിലേക്കു എറിഞ്ഞുകളയുകയാണ്. ഈ ലോകത്തിലുള്ളതെല്ലാം ക്രിസ്തുവിന്റേതായിരിക്കെ, അത് പരിഗണിക്കാതെ, എല്ലാം, സുഖങ്ങളും, സ്വത്തുക്കളും, എല്ലാം എല്ലാം നിന്റേതാക്കാൻ നീ ശ്രമിക്കുമ്പോൾ – നീ ആരുമാകാം, ഒരു പുരോഹിതൻ, സന്യാസി, ഭാര്യ, ഭർത്താവ്, യുവതീയുവാക്കൾ, കുഞ്ഞുങ്ങൾ, – ഓരോരുത്തരും അവരവരുടേതായ തലത്തിൽ, സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ, നിങ്ങൾ ക്രിസ്തുവിനെ കൊല്ലുകയാണ്, നിങ്ങളുടെ ജീവിതത്തിന്റെ പുറത്തേക്കു എറിഞ്ഞുകളയുകയാണ്. എല്ലാം ക്രിസ്തുവിന്റേതായിരിക്കേ, നിങ്ങളുടേതെന്ന മട്ടിൽ, ഇരുമ്പു സേഫുകളിലും, ലോക്കറുകളിലും മറ്റും സൂക്ഷിക്കുകയും, ആർക്കും പങ്കുവെക്കാതെ, ആരെയും സഹായിക്കാതെ കണ്ണെഴുതി പൊട്ടും തൊട്ടു, ശീതീകരിച്ച കാറുകളിൽ കറങ്ങുമ്പോൾ ഓർക്കുക, നിങ്ങൾ അവകാശിയെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് പുറത്തു നിർത്തുകയാണ്.

പക്ഷെ സ്നേഹിതരെ, നിങ്ങൾക്ക് ഒന്നും സ്വന്തമാക്കാൻ സാധിക്കുകയില്ല. കാരണം, അവകാശം മുഴുവൻ സ്വന്തമാക്കാൻ ഒരു മാർഗ്ഗമേയുള്ളു – അവകാശിയെ സ്വന്തമാക്കുക. സമ്പത്തു ആവശ്യമുണ്ടോ, സർവ സമ്പത്തിന്റെയും ഉടയവനായ ക്രിസ്തുവിനെ സ്വന്തമാക്കുക; സൗന്ദര്യം വേണമോ, സൗന്ദര്യം മാത്രമായ ക്രിസ്തുവിനെ സ്വന്തമാക്കുക; സൗഖ്യം വേണമോ, സൗഖ്യദായകനായ ക്രിസ്തുവിനെ സ്വന്തമാക്കുക. സമാധാനം വേണമോ, സന്തോഷം വേണമോ, എല്ലാറ്റിന്റെയും അവകാശിയെ സ്വന്തമാക്കുക. അല്ലെങ്കിൽ അവകാശത്തിൽ പങ്കുപറ്റാൻ നിനക്കാകില്ല. നാം വലിക്കുന്ന ശ്വാസവും, ഇറുത്തെടുക്കുന്ന ഒരു പുൽനാമ്പും, കൈക്കുമ്പിളിലാക്കുന്ന കടലിലെ ഇത്തിരി വെള്ളവും, നാം ചിലവഴിക്കുന്ന ഒറ്റരൂപാ തുട്ടുപോലും നമ്മുടേതല്ല. അതിനു അവകാശിയുണ്ട്, കർത്താവായ ഈശോ തമ്പുരാൻ! അവകാശിയെ ജീവിതത്തിന്റെ പുറമ്പോക്കിൽ നിർത്തി, ഇവയെല്ലാം നമ്മുടേതെന്ന മട്ടിൽ ആസ്വദിക്കാൻ ശ്രമിച്ചാൽ, ഉടമസ്ഥൻ വരികതന്നെ ചെയ്യും, അവകാശം നമ്മിൽ നിന്ന് തിരിച്ചെടുക്കാൻ.

അവകാശിയെ കൊന്നാൽ അവകാശം മുഴുവൻ സ്വന്തമാക്കാമെന്നത് മണ്ടത്തരമാണ്. നിങ്ങൾ അവകാശിയെ കൊന്നാൽ രണ്ടുകാര്യം സംഭവിക്കാം. ഒന്ന്, അവകാശത്തിനു നൂറ്റൊന്നു ആളുകൾ ഉണ്ടാകും. അവകാശം ചിന്നഭിന്നമായിപ്പോകും. രണ്ട്, ഉടമസ്ഥൻ വന്നു നിങ്ങളെ നശിപ്പിച്ചുകളയും. ഇന്നത്തെ രണ്ടാം വായന, ജോഷ്വാ 7, 10-15 ലെ ആഖാന്റെ ജീവിതം ഓർക്കുന്നത് നല്ലതാണ്. ദൈവവചനം മറന്ന്, ദൈവ കല്പന മറന്ന്, ദൈവത്തെ മറന്ന്, എല്ലാം സ്വന്തമാക്കാൻ ശ്രമിച്ച ആഖാന്റെ തകർച്ച നമുക്ക് പാഠമാകട്ടെ.

സ്നേഹമുള്ളവരേ, ക്രിസ്തുവാകുന്ന മൂലക്കല്ലിൽ നിങ്ങൾ നിങ്ങളുടെ ജീവിതം പടുത്തുയർത്തുന്നില്ലായെങ്കിൽ, ക്രിസ്തുവാകുന്ന അവകാശിയെ നിങ്ങൾ സ്വന്തമാക്കുന്നില്ലായെങ്കിൽ വചനം പറയുന്നു, നിങ്ങളുടെ ജീവിതം തകർന്നു പോകും, മാത്രമല്ല, കണ്ണിമയ്ക്കുന്ന നേരത്തിൽ അത് ധൂളി, ധൂളിയായിപ്പോകും! ക്രിസ്തുവാകുന്ന അവകാശിയെ സ്വന്തമാക്കാൻ സഭയെ ഇനിയും സജ്ജമാക്കാൻ നാം തയ്യാറായില്ലെങ്കിൽ ജീവിതം മാത്രമല്ല, സഭയും, സഭയുടെ പ്രവർത്തനങ്ങളും, പ്രസ്ഥാനങ്ങളുമെല്ലാം തകർന്നുപോകും. കണ്ണിമയ്ക്കുന്ന നേരത്തിൽ അത് ധൂളി, ധൂളിയായിപ്പോകും!   

ഈ ദൈവവചനത്തെ ഭീഷണിയായി കാണരുതേ. സ്നേഹിക്കുന്ന ദൈവത്തിന്റെ ഹൃദയത്തിന്റെ കരച്ചിലാണിത്. ‘നിങ്ങൾക്കുവേണ്ടി ഞാൻ എല്ലാം ചെയ്തിട്ടും, ഓരോ ദിവസവും വിശുദ്ധ കുർബാനയിലൂടെ എന്നെത്തന്നെ തന്നിട്ടും, നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടും, സ്നേഹമുള്ള മക്കളെ, എന്തുകൊണ്ട് നിങ്ങൾ തകർച്ചയുടെ വഴി തിരഞ്ഞെടുക്കുന്നു. എന്തുകൊണ്ട് നിങ്ങൾ അവകാശം മാത്രം വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നു? എന്തുകൊണ്ട് നിങ്ങൾ പാപ്പരായിപ്പോകുന്ന വഴി തിരഞ്ഞെടുക്കുന്നു? എന്തുകൊണ്ട് നിങ്ങൾ നിങ്ങളുടെ കുടുംബത്തിൽ, വ്യക്തിജീവിതങ്ങളിൽ നിങ്ങൾക്കായി എല്ലാം നൽകുന്ന അവകാശിയെ കൊന്ന് ജീവിതത്തിന്റെ പുറമ്പോക്കിലേക്കെറിയുന്നു?’ കേൾക്കാൻ പറ്റുന്നുണ്ടോ, ദൈവത്തിന്റെ ഈ കരച്ചിൽ?

ഞാൻ ആരെയും വിധിക്കുന്നില്ല. പക്ഷെ ലോകത്തിൽ സംഭവിക്കുന്നവയെ നിരീക്ഷിക്കുമ്പോൾ, എന്റെ ജീവിതത്തിലെ, എന്റെ കുടുംബത്തിലെ അസ്വസ്ഥതകൾ കാണുമ്പോൾ, ഞാൻ ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കാണാതെ വരുമ്പോൾ, ഞാൻ സ്വയം ചോദിക്കുകയാണ് സ്നേഹമുള്ളവരേ, എന്റെ ജീവിതത്തിന്റെയും, ഈ ലോകത്തിലുള്ള എല്ലാറ്റിന്റെയും അവകാശിയായ ക്രിസ്തുവിനെ എന്റെ ജീവിതത്തിൽ നിന്ന് ഞാൻ അകറ്റി നിർത്തിയിരിക്കുകയാണോ? അവകാശിയില്ലെങ്കിലും എല്ലാം സ്വന്തമാക്കാമെന്ന ഹുങ്കിലാണോ, എല്ലാം ആസ്വദിക്കാമെന്ന അഹന്തയിലാണോ ഞാൻ ജീവിക്കുന്നത്? 

ഓർക്കുക, അവകാശം സ്വന്തമാക്കാൻ ഒരേയൊരു മാർഗ്ഗമേയുള്ളു: അവകാശിയെ സ്വന്തമാക്കുക. ഈ നോമ്പുകാലം അതിനുവേണ്ടിയാണ് ദൈവം നമുക്ക് നൽകിയിരിക്കുന്നത്. ആമേൻ!