SUNDAY SERMON EASTER 2025

ഈസ്റ്റർ ഞായർ 2025

ലോകത്തിനുമുഴുവൻ പ്രകാശം നൽകുന്ന, ലോകത്തിന്റെ രക്ഷകനായ, ലോകത്തിന്റെ പ്രതീക്ഷയായ നമ്മുടെ ദൈവമായ ക്രിസ്തുവിന്റെ ഉയിർപ്പുതിരുനാൾ നാമിന്നു ആഘോഷിക്കുകയാണ്. പെന്തക്കുസ്താ ദിനത്തിൽ പത്രോശ്ലീഹാ പ്രഘോഷിച്ചപോലെ,  ഇന്ന് നാം വിളംബരം ചെയ്യുന്ന സന്ദശമിതാണ്: ലോകമേ, തിന്മയുടെ ശക്തികൾ കുരിശിൽ തറച്ച് കൊന്ന ദൈവപുത്രനായ ക്രിസ്തു ഉയിർത്തെഴുന്നേറ്റു. ആ ക്രിസ്തു എന്റെയും നിങ്ങളുടെയും ദൈവമായി ഇന്നും ജീവിക്കുന്നു! 

ഇന്നത്തെ ഈ വിളംബരത്തിന് ഒരു പ്രത്യേകതയുണ്ട്. ക്രിസ്തു ഇന്നും ജീവിക്കുന്നു എന്ന് ഇന്ന് നാം വിളംബരം ചെയ്യുമ്പോൾ, സ്നേഹമുള്ള സഹോദരീ സഹോദരങ്ങളേ, ഓർക്കുക,  തിന്മയുടെ ശക്തികൾ സകല ക്രൂരതകളോടുംകൂടി അഴിഞ്ഞാടുന്ന കാലഘട്ടത്തിലാണ് ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന് നാം വിളംബരം ചെയ്യുന്നത്. ജനാധിപത്യ മതേതര ഇന്ത്യയിൽ ജബൽപൂർ എന്ന സ്ഥലത്ത് കൃഷ്‌ടവിന്റെ പുരോഹിതനെ ക്രൈസ്തവവിരോധികൾ മർദ്ദിച്ച വാർത്തകൾക്കിടയിലാണ് ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന് നാം വിളംബരം ചെയ്യുന്നത്. ഛത്തീസ്ഗഡിൽ ക്രിസ്തുവിന്റെ സന്യാസിനിക്കെതിരെ കള്ളക്കേസ് നല്കിയതിനിടയിലാണ് ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന് നാം വിളംബരം ചെയ്യുന്നത്. ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ പൊതുവായി ഓശാനത്തിരുനാളിന്റെ പ്രദക്ഷിണവും, കുരിശിന്റെ വഴി നടത്തലും നിരോധിച്ചിരിക്കുന്നു ആൻ വാറോലകൾക്കിടയിലാണ് ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന് നാം വിളംബരം ചെയ്യുന്നത്. എന്തിന് നമ്മുടെ കേരളത്തിൽ തൊമ്മൻകുത്ത് എന്ന സ്ഥലത്തിലെ കുരിശ് പൊളിച്ചു നീക്കിയ ജെസിബി യുടെ പല്ലുകൾക്കിടയിലാണ്, അതിന് ഓർഡറിട്ട സർക്കാർ ഉദ്യോഗസ്ഥരുടെ ആക്രോശങ്ങൾക്കിടയിലാണ് ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന് നാം വിളംബരം ചെയ്യുന്നത്.

ആകാശത്തിന് കീഴിൽ, ഭൂമിക്ക് മുകളിൽ രക്ഷിക്കപ്പെടാൻ ഒരൊറ്റ നാമമേയുള്ളു; അത് ക്രിസ്തുവിന്റെ നാമമാണ് എന്ന ദൈവവചനത്തിന്റെ ശക്തിയിൽ അഭിമാനത്തോടെ നാം ഏറ്റുപറയുകയാണ് ക്രൈസ്തവന്റെ ദൈവം ഇന്നും ജീവിക്കുന്ന ദൈവമാണ് എന്ന്. എല്ലാവർക്കും ഉത്ഥാനത്തിരുനാളിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു!

ദൈവസ്നേഹത്തിന്റെ വെളിപ്പെടുത്തലാണ്    ഉത്ഥാന തിരുനാൾ . ഈ ഭൂമുഖത്ത് ഞാൻ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിൽ പോലും ദൈവം ഈ ഭൂമിയിൽ ജനിക്കുമായിരുന്നു, പീഡകൾ സഹിക്കുമായിരുന്നു, കുരിശിൽ മരിക്കുമായിരുന്നു, ഉത്ഥാനം ചെയ്യുമായിരുന്നു എന്ന ചിന്ത തന്നെ ഹൃദയത്തെ സ്നേഹംകൊണ്ട് നിറയ്ക്കുന്നു.  “കാൽവരിയിൽ കർത്താവായ ക്രിസ്തു തന്റെ കൈകൾ വിരിച്ചു പിടിച്ചിരിക്കുന്നത് മകളേ, മകനേ നിന്നെ കെട്ടിപ്പിടിക്കുവാനാണെന്നും, കുരിശിൽ അവിടുന്ന് മുഖം കുനിച്ച് നിൽക്കുന്നത് നിന്നെ ചുംബിക്കുവാനാണെന്നും, അവിടുത്തെ ഹൃദയം പിളർന്നു നിൽക്കുന്നത് നിന്നിലേക്ക് തന്റെ സ്നേഹം ഒഴുക്കുവാനാണ് എന്നും, അവിടുന്ന് മരിച്ചവരിൽ നിന്ന് ഉത്ഥിതനായത് എന്നും എപ്പോഴും നിന്നോടൊത്തായിരിക്കുവാനാണെന്നും” വിശുദ്ധ അഗസ്തീനോസ് പറയുമ്പോൾ, ഈ ഉത്ഥാന തിരുനാളിൽ “ദൈവമേ, നിന്റെ സ്നേഹം എത്ര അപാരം എന്ന് പറയുവാനാണ്, “God’s love is so wonderful” എന്ന് പാടുവാനാണ് എനിക്ക് തോന്നുന്നത്.

മിശിഹാ രഹസ്യങ്ങൾക്ക്, മിശിഹായുടെ ജനനത്തിനും, പരസ്യജീവിതത്തിനും, പീഡാസഹനത്തിനും, മരണത്തിനും ദൈവികതയും അർത്ഥവും നൽകുന്നത് നാം ഇന്ന് ആഘോഷിക്കുന്ന ക്രിസ്തുവിന്റെ ഉത്ഥാനമാണ്. തന്റെ പരസ്യ ജീവിതകാലത്ത് ഈശോ ജനങ്ങളുടെ വിശ്വാസ വളർച്ചയ്ക്കുവേണ്ടി ധാരാളം അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും, അവിടുന്ന് പ്രവർത്തിച്ച ഏറ്റവും വലിയ അത്ഭുതമാണ് അവിടുത്തെ ഉത്ഥാനം. സുവിശേഷം എന്നത്, ഉത്ഥിതനായ ക്രിസ്തുവിന്റെ സുവിശേഷമാണ്. അത് പാവങ്ങളുടെയും, പാപികളുടെയും സുവിശേഷമാകുന്നത്, അവർക്ക് ശുഭപ്രതീക്ഷയേകുന്ന സുവാർത്തയാകുന്നത് സുവിശേഷം ഉത്ഥാനത്തിന്റെ സുവിശേഷമായതുകൊണ്ടാണ്!

അതുകൊണ്ടാണ് വിശുദ്ധ പൗലോശ്ലീഹാ കോറിന്തോസുകാരോട് ഇങ്ങനെ പ്രഘോഷിക്കുന്നത്. അല്ലയോ കോറിന്തോസുകാരേ, “ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം. ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുകയും, സംസ്കരിക്കപ്പെടുകയും, എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാൾ ഉയിർപ്പിക്കപ്പെടുകയും ചെയ്തു. അവൻ കേപ്പയ്ക്കും, പിന്നീട് പന്ത്രണ്ടുപേർക്കും പ്രത്യക്ഷനായി. ഒടുവിൽ അകാലജാതന് എന്നതുപോലെ എനിക്കും പ്രത്യക്ഷനായി. അതിനാൽ, ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങൾ ദൈവത്തിനുവേണ്ടി കപടസാക്ഷ്യം വഹിക്കുന്നവരാകും.”

ക്രിസ്തുവിന്റെ ഉത്ഥാനംവഴി ഈ പ്രപഞ്ചത്തിന് പുതിയൊരു മുഖം നൽകപ്പെട്ടു. ഉത്ഥാനം പ്രഘോഷിക്കുന്നത് ക്രിസ്തു മരിച്ചവരിൽ നിന്ന് ഉത്ഥിതനായി എന്ന് മാത്രമല്ല, ക്രിസ്തുവിന്റെ ഉത്ഥാനത്തിലൂടെ പുതിയൊരു ലോകം പണിയപ്പെട്ടിരിക്കുന്നു എന്നാണ്. ക്രിസ്തുവിന് മുൻപ് എന്ന് ചരിത്രത്തിൽ പറയുമ്പോൾ, ക്രിസ്തുവിന്റെ ഉത്ഥാനത്തിന് മുൻപ് എന്നാണ് അർത്ഥമാക്കേണ്ടത്. ക്രിസ്തുവിന് ശേഷമെന്നത് അവിടുത്തെ ഉത്ഥാനത്തിന് ശേഷമെന്നും. കാരണം, ക്രിസ്തുവിന്റെ ഉത്ഥാനം എല്ലാറ്റിനെയും പുതിയതാക്കി മാറ്റിയിരിക്കുന്നു.

2025 ലെ ഉത്ഥാനത്തിരുനാളിന്റെ സന്ദേശം രണ്ടു ചോദ്യത്തിലൂടെ പറയുവാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഒന്ന്, ആരാണ് ഉത്ഥിതനായ ഈശോ? എന്റെ ദൈവമായ ഉത്ഥിതനായ ഈശോ ദൈവസ്നേഹത്തിന്റെ ഉജ്ജ്വല പ്രകാശമാണ്. “ലോകം മുഴുവനും, ജീവിതം മുഴുവനും അന്ധകാരം ആണെങ്കിലും, ഭയപ്പെടേണ്ട, നിരാശരാകേണ്ടാ. നാമെല്ലാവരും ഈസ്റ്റർ ജനമാണ്, ഉത്ഥിതനായ ക്രിസ്തുവിന്റെ ജനമാണ്; ഹല്ലേലൂയാ, ക്രിസ്തു ജയിക്കട്ടെ എന്നതാണ് നമ്മുടെ ഗാനം.” ഇങ്ങനെ ക്രൈസ്തവരെ മുഴുവൻ ഉദ്‌ബോധിപ്പിക്കുന്നത് വിശുദ്ധ ജോൺ പോൾ രണ്ടാമനാണ്. ഉത്ഥിതനായ ക്രിസ്തുവിന്റെ പ്രകാശത്തിലൂടെ നടന്നുപോയപ്പോൾ, നിരീശ്വരത്വത്തിന്റെ, ഭൗതികവാദം ഉയർത്തിപ്പിടിക്കുന്ന കമ്മ്യൂണിസത്തിന്റെ, വിഭജനത്തിന്റെ ഇരുട്ടിനെ ഇല്ലാതാക്കുവാൻ വിശുദ്ധ ജോൺ പോൾ രണ്ടാമന് സാധിച്ചത്, ഉത്ഥാനത്തിന്റെ പ്രകാശമായി ജീവിതത്തെ മാറ്റിയതുകൊണ്ടാണ്.

ക്രിസ്തുവാകുന്ന പുതിയ പ്രകാശത്തിലേക്ക് പ്രവേശിക്കുക എന്നാണ് ഉത്ഥാന തിരുനാൾ നമ്മോടു പറയുന്നത്. ഓർക്കണം, ഇസ്രായേൽ ജനത്തിന്, പ്രകാശമായ ക്രിസ്തുവിനെ കാണുവാൻ സാധിച്ചില്ല. കാരണം അവർ അന്ധകാരത്തിലായിരുന്നു. “ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു” (യോഹ 9, 5) എന്ന് തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ വിളിച്ചു പറഞ്ഞിട്ടും ഇസ്രായേൽ ജനത്തിന് കേൾക്കുവാൻ സാധിച്ചില്ല. കാരണം അവർ അന്ധകാരത്തിലായിരുന്നു. അവസാന അത്താഴത്തിനുശേഷം രാത്രിയിലാണ്, അന്ധകാരത്തിലാണ് ജനം പടയാളികളോടൊപ്പം ഈശോയെ പിടികൂടാൻ പോകുന്നത്. രാത്രിയുടെ ഏതോ ശപിക്കപ്പെട്ട നിമിഷത്തിലാണ് യൂദാസ് ഈശോയെ ചുംബിച്ചുകൊണ്ട് ഒറ്റിക്കൊടുക്കുന്നത്. (മത്താ 26, 49) പിടികൂടിയ ശേഷം ജനത്തിനോട്, “ഇത് നിങ്ങളുടെ സമയമാണ്, അന്ധകാരത്തിന്റെ ആധിപത്യവും” (ലൂക്ക 22, 53) എന്ന് ഈശോ പറഞ്ഞിട്ടും പ്രകാശത്തിന്റെ നാഥനെ അവർ തിരിച്ചറിഞ്ഞില്ല. അന്ധകാരത്തിന്റെ, പൈശാചികതയുടെ നിഴൽ നൃത്തമാടിയ ആ രാത്രിയിലാണ് പീഡാസഹനത്തിന്റെ മണിക്കൂറുകളിലൂടെ അവൻ കടന്നുപോയത്. വിരോധാഭാസം നോക്കണേ, അന്ധകാരത്തിൽ, പ്രകാശത്തിന്റെ, അഗ്നിയുടെ അടുത്തുനിന്നാണ് പത്രോസ് പ്രകാശത്തെ തള്ളിപ്പറഞ്ഞത്. (ലൂക്ക 22, 54, 62) പ്രകാശമായ ക്രിസ്തുവിന്റെ മരണനേരം മുഴുവനും, ആറാം മണിക്കൂർ മുതൽ ഒൻപതാം മണിക്കൂർവരെ ഭൂമിയിൽ അന്ധകാരമായിരുന്നു. (ലൂക്ക 23, 44) ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത് നോക്കുക: “ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോൾത്തന്നെ …” (യോഹ 20, 1) 

അന്ധകാരത്തിലായിരുന്ന ഇസ്രായേൽ ജനം പ്രകാശമായ ക്രിസ്തുവിനെ കണ്ടില്ല എന്ന ദുരന്തം നമുക്ക് ഉണ്ടാകാതിരിക്കുവാൻ 2023 ലെ ഉത്ഥാനത്തിരുന്നാൾ, പ്രകാശമായ ക്രിസ്തുവിലേക്ക് നമ്മെ ക്ഷണിക്കുകയാണ്. അന്ധകാരത്തിന്റെ, അതിന്റെ പ്രകടനങ്ങളായ രോഗത്തിന്റെ, ശത്രുതയുടെ, അസ്വസ്ഥതയുടെ, തകർച്ചയുടെ, ശ്രമിച്ചിട്ടും, ശ്രമിച്ചിട്ടും കരകയറാൻ പറ്റാത്ത സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ക്രിസ്തുവാകുന്ന പ്രകാശത്തിൽ ജീവിക്കുവാൻ നമ്മോട് ആഹ്വാനംചെയ്യുകയാണ് ഈ ഉത്ഥാനത്തിരുനാൾ. 

സ്നേഹമുള്ളവരേ, ക്രിസ്തുവാണ് നമ്മുടെ പ്രകാശം, ഈ ലോകത്തിന്റെ പ്രകാശം, നിത്യപ്രകാശം. അവനിൽ അന്ധകാരമില്ല. സങ്കീർത്തനം 34, 5 ൽ പറയുന്നതുപോലെ അവിടുത്തെ നോക്കുന്നവർ പ്രകാശിതരാകും. നാം അവിടുത്തെ നോക്കുകയാണെങ്കിൽ, നമ്മുടെ കുടുംബങ്ങൾ ഈശോയെ നോക്കുകയാണെങ്കിൽ, നമ്മുടെ മക്കൾ ഈശോയെ നോക്കുകയാണെങ്കിൽ നാം, അവർ പ്രകാശിതരാകും. അപ്പോൾ എന്ത് സംഭവിക്കും? ‘അവിടുത്തെ അനുഗമിക്കുന്നവർ അന്ധകാരത്തിൽ നടക്കുകയില്ല.’ ഇന്ന് ലോകം അന്ധകാരത്തിലാണെങ്കിൽ നാമിന്ന് ഇരുട്ടിൽത്തപ്പി നടക്കുന്നവരാണെങ്കിൽ അതിന്റെ അർഥം നാം പ്രകാശമായ ക്രിസ്തുവിനെ കണ്ടിട്ടില്ല, മനസ്സിലാക്കിയിട്ടില്ല. നാം ക്രൈസ്തവർ ഇന്ന് ക്രിസ്തുസാക്ഷ്യത്തിന്റെ പാതയിൽ നിന്ന് അകന്ന്, വർഗീയ പ്രസ്ഥാനങ്ങളുടെ, നിരീശ്വര പ്രസ്ഥാനങ്ങളുടെ പിന്നാലെ പോകുകയാണെങ്കിൽ നാം അന്ധകാരത്തിലല്ലേ? അന്ധകാരത്തിന്റെ പ്രവൃത്തികൾ ചെയ്യുന്നവരോട് ചേർന്ന് അന്ധകാരത്തിലേക്ക് നടക്കുകയല്ല വേണ്ടത്, അവരെ പ്രകാശത്തിന്റെ പാതയിലേക്ക് നയിക്കുകയാണ് വേണ്ടത്. പ്രകാശമുള്ളിടത്തു നടക്കാനല്ല, നടക്കുന്നിടത്തെല്ലാം പ്രകാശമാകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. വിശുദ്ധ പൗലോശ്ലീഹാ നമ്മെ ഉദ്ബോധിപ്പിക്കുന്നത് എന്താണ്? “പ്രിയപ്പെട്ടവരേ, രാത്രി കഴിയാറായി. പകൽ സമീപിച്ചിരിക്കുന്നു. ആകയാൽ, അന്ധകാരത്തിന്റെ പ്രവർത്തികൾ പരിത്യജിച്ചു, പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കാം. പകലിന് യോജിച്ചവിധം നമുക്ക് പെരുമാറാം.” (റോമ 13, 12)

രണ്ടാമത്തെ ചോദ്യം ഇതാണ്: എങ്ങനെയാണ് ഉത്ഥിതനായവനെ കണ്ടുമുട്ടാൻ, കണ്ടുമുട്ടുമ്പോൾ തിരിച്ചറിയുവാൻ നമുക്ക് സാധിക്കുക? ഉത്ഥാനം ദൈവസ്നേഹത്തിന്റെ ഉത്സവമാണെങ്കിൽ, ഉത്ഥിതനായവനെ കണ്ടുമുട്ടാൻ, തിരിച്ചറിയാൻ ഒരു വഴിയേയുള്ളു; സ്നേഹത്തിന്റെ വഴി. സ്നേഹമുള്ളവരേ, ഹൃദയം മുഴുവൻ സ്നേഹംകൊണ്ട് നിറയ്ക്കുവിൻ. നിങ്ങൾക്ക്, നിങ്ങളുടെ ജീവിതതിൽ, ജീവിതസാഹചര്യങ്ങളിൽ, നിങ്ങളുടെ കുടുംബത്തിൽ, സഹോദരങ്ങളിൽ, സുഹൃത്തുക്കളിൽ, കണ്ടുമുട്ടുന്നവരെല്ലാവരിലും ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടെത്തുവാൻ സാധിക്കും.

വിശുദ്ധ ലൂക്കയുടെ സുവിശേഷത്തിലെ ഈശോയുടെ പുനരുത്ഥാനവിവരണം ആരംഭിക്കുന്നത് ഇങ്ങനെയാണ്: “അവർ, തയ്യാറാക്കി വച്ചിരിക്കുന്ന സുഗന്ധ ദ്രവ്യങ്ങളുമായി …അതിരാവിലെ കല്ലറയിലേക്ക് പോയി.” (24, 1)

അതായത്, ഈശോയെ തോട്ടത്തിലെ കല്ലറയിൽ സംസ്കരിച്ചിട്ട് വീട്ടിൽ ചെന്ന സ്ത്രീകൾ, ഞായറാഴ്ച്ച കല്ലറയിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു. അവർ ഒരുമിച്ച് ദിവസം മുഴുവനും സുഗന്ധ ദ്രവ്യങ്ങൾ തയ്യാറാക്കുന്ന തിരക്കിലായിരുന്നു. മനസ്സ് നിറയെ ഈശോയെക്കുറിച്ചുള്ള ഓർമകളുമായി, ഹൃദയം നിറയെ അവനോടുള്ള സ്നേഹവും ആരാധനയുമായി, ചിലപ്പോൾ കരഞ്ഞും, മറ്റുചിലപ്പോൾ സന്തോഷിച്ചും അവർ സുഗന്ധദ്രവ്യങ്ങൾ ഒരുക്കി.

എല്ലാവരും മിണ്ടാതിരുന്ന് ജോലിചെയ്തുകൊണ്ടിരുന്നപ്പോൾ മഗ്ദലേന മറിയമാണ് സംഭാഷണത്തിന് തുടക്കമിട്ടത്. “ഈശോ ഞങ്ങളുടെ വീട്ടിൽ വരുമ്പോൾ അവന് ഏറ്റവും ഇഷ്ടമുള്ള പാനിയിലിട്ട ഉണങ്ങിയ അത്തിപ്പഴം കൊടുക്കുമായിരുന്നു. ഞാൻ അതാണ് ഇപ്പോൾ തയ്യാറാക്കുന്നത്.” അപ്പോൾ ക്ളോപ്പാസിന്റെ ഭാര്യ മറിയം പറഞ്ഞു: “അവൻ ഗ്രാമങ്ങൾ കറങ്ങി ക്ഷീണിച്ചു വരുമ്പോൾ കൂജയിലെ വെള്ളത്തിൽ ചേർത്ത തേൻ അവന് ഞാൻ കൊടുക്കുമായിരുന്നു. എന്തിഷ്ടത്തോടെയാണെന്നോ അവൻ അത് കുടിച്ചിരുന്നത്?” അത്രയുമായപ്പോഴേക്കും അവൾ കരഞ്ഞുപോയി. നമ്മളും അങ്ങനെയല്ലേ. അകലങ്ങളിൽ പഠിക്കുവാനോ, ജോലിക്കോ പോകുന്ന നമ്മുടെ മക്കൾക്കുവേണ്ടി അച്ചാറോ, പലഹാരങ്ങളോ ഒരുക്കുമ്പോൾ ആരെങ്കിലും അടുത്തുണ്ടെങ്കിൽ മക്കളെപ്പറ്റി, അവരുടെ ഇഷ്ടാനിഷ്ടങ്ങളെപ്പറ്റിയൊക്കെ നമ്മളും പറയില്ലേ. അമ്മമാർ പലപ്പോഴും കരയുകയും ഒപ്പം ചിരിക്കുകയും ചെയ്യുംസലോമിക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു സംഭവമായിരുന്നു. “ഒരിക്കൽ ബഥാനിയായിലെ സക്കറിയയുടെ വീടിന്റെ മേൽക്കൂര കൂട്ടുന്നതിനിടയിൽ, ഒരു മരം വീണ് അവന്റെ തലമുറിഞ്ഞപ്പോൾ ഞാനാണ് സൈത്ത്, മരുന്നിലകൾ ചേർത്ത് ചതച്ച് അവന്റെ തലയിൽ പുരട്ടിയത്.” അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് സന്തോഷത്തിന്റെ നിഴലാട്ടം ഉണ്ടായിരുന്നു. ഇങ്ങനെ ഈശോയെക്കുറിച്ചു സ്നേഹവാക്കുകളും, ഒപ്പം സ്നേഹത്തിന്റെ ഒരുക്കവും അവർ നടത്തിയിട്ടാണ് പ്രിയപ്പെട്ടവരേ അതിരാവിലെ കല്ലറയിലേക്ക് പോയത്.

ഇങ്ങനെ ഹൃദയം നിറയെ സ്നേഹം നിറച്ചവർക്കുവേണ്ടി, സ്നേഹപ്രകടനങ്ങളുമായി വരുന്നവർക്കുവേണ്ടി ഏത് ദൈവമാണ് ഉത്ഥാനം ചെയ്യാതിരിക്കുക? സ്നേഹം മാത്രമായ ഈശോയ്ക്ക് എങ്ങനെയാണ് അവരുടെ മുൻപിൽ പ്രത്യക്ഷപ്പെടാതിരിക്കുക? തന്നെ കാണുവാനായി , സ്നേഹം മാത്രമായി വരുന്നവരുടെ മുൻപിലുള്ള  തടസ്സങ്ങളെ നീക്കുവാൻ അവൻ മാലാഖമാരെ അയയ്ക്കും. അവർ അവരുടെ ജീവിതത്തിലെ തടസ്സങ്ങൾ എടുത്തുമാറ്റും. വലിയ ഭാരമുള്ള കല്ലുകളായാലും അവയെല്ലാം മാറ്റി അവൻ അവർക്കുവേണ്ടി കാത്തുനിൽക്കും! സ്നേഹമുള്ളവരേ, അവിടുന്ന് പ്രത്യക്ഷപ്പെടുക തന്നെ ചെയ്തു. അവനെ കണ്ട, തിരിച്ചറിഞ്ഞ മറിയം പറഞ്ഞു: “റബ്ബോനി!!”ബാക്കിയെല്ലാം ചരിത്രമാണ്.

ഹൃദയം നിറയെ സ്നേഹവുമായി, ജീവിതം നിറയെ ക്രിസ്തുവിനെപ്രതിയുള്ള സ്നേഹപ്രകടനങ്ങളുമായി വന്നവർ ഉത്ഥിതനെക്കാണുകയും അവനെ തിരിച്ചറിയുകയും ചെയ്തു. അങ്ങനെയല്ലേ, എന്റെ ക്രൈസ്തവരെ, ക്രിസ്തുവിന്റെ ഉത്ഥാനം നമ്മുടെ വിശ്വാസത്തിന്റെ, തിരുസ്സഭയുടെ ആധാരശിലയായത്? ഉത്ഥാനം എന്ന ഒറ്റക്കല്ലിനെ അടിസ്ഥാനമാക്കി പണിയപ്പെട്ട വിശ്വാസ സൗധമല്ലേ തിരുസ്സഭ!

ഈ ഭൂമിയിൽ ഹൃദയം നിറയെ സ്നേഹവുമായി കടന്നുവന്നവർക്കൊക്കെ, ജീവിതം നിറയെ സ്നേഹവാക്കുകളും, സ്നേഹപ്രകടനങ്ങളുമായി കടന്നുവന്നവർക്കൊക്കെ ഉത്ഥിതനെ കാണുവാനും, തിരിച്ചറിയുവാനും ഉത്ഥിതനായ ക്രിസ്തുവിൽ സന്തോഷിക്കുവാനും സാധിച്ചിട്ടുണ്ട്. വിശുദ്ധരുടെ ജീവിതങ്ങൾ അതാണ് നമുക്ക് പറഞ്ഞു തരുന്നത്. ഉത്ഥാനത്തിന്റെ ചൈതന്യത്തിൽ നമ്മുടെ ജീവിതങ്ങളെ നവീകരിക്കുവാൻ, നമ്മുടെ കുടുംബങ്ങളെ ക്രിസ്തുവിന്റെ പ്രകാശത്താൽ നിറയ്ക്കുവാൻ നമുക്ക് സാധിക്കണം. നമ്മുടെ കുടുംബങ്ങളിൽ സ്നേഹവാക്കുകളും, സ്നേഹപ്രകടനങ്ങളും ധാരാളം ഉണ്ടാകണം.

ഒരിക്കൽ കൗൺസിലിംഗിന്റെ ഇടയ്ക്ക് ഭാര്യയോടും ഭർത്താവിനോടും ഞാൻ ചോദിച്ചു, നിങ്ങൾ പരസ്പരം, “ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നോ, നിന്റെ ഡ്രസ്സ് നല്ലതാണെന്നോ, നിങ്ങൾ സുന്ദരനായിരിക്കുന്നുവെന്നോ പറയാറുണ്ടോ?” അപ്പോൾ അവർ പറഞ്ഞ മറുപടി രസകരമാണ്. അവർ പറഞ്ഞു: “അതൊക്കെ പിള്ളേര് കേൾക്കൂല്ലേ അച്ചാ.” പിള്ളേര് കേൾക്കേ പുഴുത്ത തെറി പറഞ്ഞാൽ, പിള്ളേർ അത് കേട്ടാൽ കുഴപ്പമില്ല. സ്നേഹവാക്കുകൾ പിള്ളേർ കേട്ടാൽ പ്രശ്നമാണ്.

ഞാൻ അറിയുന്ന 30 വയസ്സുള്ള ഒരു സഹോദരന്റെ അപ്പച്ചൻ പെട്ടെന്ന് heart attack വന്നു മരിച്ചു. മൃതദേഹം വീട്ടിലെത്തിയപ്പോൾ അവൻ അപ്പച്ചന്റെ കവിളിൽ ചുംബിച്ചു. എന്നിട്ട് അടുത്ത് നിന്ന കൂട്ടുകാരനെ കെട്ടിപ്പിടിച്ചിട്ട്, അവൻ പറയുകയാണ്,”അപ്പച്ചൻ ജീവിച്ചിരുന്നപ്പോൾ ഒരു പ്രാവശ്യമെങ്കിലും ഞാൻ അപ്പച്ചന് ഉമ്മ കൊടുത്തിട്ടില്ലടാഎന്ന്. എന്തുകൊണ്ടാണ് നാമെല്ലാവരും, സ്നേഹവാക്കുകൾ പറയുവാനും, സ്നേഹപ്രകടനങ്ങൾ നടത്തുവാനും മടിക്കുന്നത് എന്ന് ചിന്തിച്ചുനോക്കണം പ്രിയപ്പെട്ടവരേ.

അത്രയ്ക്കും പിശുക്കു കാണിച്ചാൽ എങ്ങനെയാണ് സ്നേഹമായ ഉത്ഥിതനെ കാണുവാൻ സാധിക്കുക. നമ്മിലും, നമ്മുടെ കുടുംബങ്ങളിലും, മറ്റുള്ളവരിലും ഉയിർത്തെഴുന്നേൽക്കുന്ന ഉത്ഥിതനെ, ഉത്ഥിതനായ ക്രിസ്തുവിനെ കാണുവാനുള്ള ഏകമാർഗം ഹൃദയം നിറയെ സ്നേഹവുമായി ജീവിക്കുക എന്നതാണ്; ജീവിതത്തിൽ സ്നേഹപ്രകടനങ്ങൾ ഉണ്ടാകുക എന്നതാണ്.

സ്നേഹമുള്ളവരേ, ഉത്ഥാനത്തിരുനാൾ നമ്മെ ക്ഷണിക്കുന്നത് ക്രിസ്തുവിലേക്കാണ്, അവിടുത്തെ പ്രകാശത്തിലേക്കാണ്, അവിടുത്തെ സ്നേഹത്തിലേക്കാണ്. ഈ ഉത്ഥാനത്തിരുനാൾ നമ്മുടെ ജീവിതത്തെ, കുടുംബത്തെ പ്രകാശംകൊണ്ട്, സ്നേഹംകൊണ്ട്, സ്നേഹവാക്കുകൾകൊണ്ട്, സ്നേഹപ്രകടനങ്ങൾകൊണ്ട് നിറയ്ക്കുവാൻ നമ്മെ പ്രേരിപ്പിക്കട്ടെ. നമ്മുടെ ജീവിതസാഹചര്യങ്ങളിൽ ക്രിസ്തുവിന്റെ പ്രകാശങ്ങളായി നമുക്ക് ഉയിർത്തെഴുന്നേൽക്കാം. ജീവിതത്തിൽ, സ്വാർത്ഥതകൾ, അഹന്ത, ഇഷ്ടങ്ങളുടെ വൈരുധ്യങ്ങൾ, മദ്യാസക്തി, ലഹരിയോടുള്ള ആഗ്രഹം, മൊബൈൽ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളോടുള്ള ആസക്തി, തീവ്രവാദ ശക്തികൾ, ക്രിസ്തുവിനെ ഇല്ലാതാക്കുന്ന തിണ്ണമിയുടെ ശക്തികൾ, നമുക്കിടയിലെ തന്നെ ഭിന്നതകൾ, തുടങ്ങിയവ അന്ധകാരം നിറയ്ക്കുമ്പോൾ ഉത്ഥിതനായ ക്രിസ്തു നിങ്ങളുടെ, നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരട്ടെ. കടന്നു വന്ന് നമുക്ക് സമാധാനം നൽകട്ടെ. ഹൃദയം നിറയെ സ്നേഹത്തോടെ എന്റെ ക്രൈസ്തവജീവിതം ഞാൻ നയിക്കും എന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.

അതിനുള്ള കൃപയ്ക്കാകട്ടെ ഇന്നത്തെ നമ്മുടെ ഉത്ഥാനത്തിരുനാളിലെ വിശുദ്ധ കുർബാന.

എല്ലാവർക്കും ഉത്ഥാനത്തിരുനാളിന്റെ മംഗളങ്ങൾ ആശംസിക്കുന്നു! ആമേൻ!