SUNDAY SERMON JN 16, 16-24

ഉയിർപ്പുകാലം നാലാം ഞായർ

യോഹ 16, 16-24

“Habemus Pappam” നമുക്കൊരു പാപപ്പയെ ലഭിച്ചിരിക്കുന്നു!! “In illo uno unum”  (ഏക ക്രിസ്തുവിൽ നാം ഒന്ന്)  എന്നത് എപ്പിസ്‌കോപ്പൽ മുദ്രാവാക്യമായി സ്വീകരിച്ചുകൊണ്ട്,  ക്രിസ്തുവിന്റെ ഭൂമിയിലെ വികാരിയായി,  വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി, 267 ആമത്തെ  മാർപാപ്പയായി അമേരിക്കയിൽ നിന്നുള്ള കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ്  തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ലോകം മുഴുവൻ, ലോകം മുഴുവനുമുള്ള ക്രൈസ്തവർ ആഹ്ലാദത്തിമിർപ്പിലാണ്.  സങ്കീർത്തനം 127-നെക്കുറിച്ചുള്ള ഒരു പ്രസംഗത്തിൽ വിശുദ്ധ അഗസ്റ്റിൻ ഉച്ചരിച്ച “നമ്മൾ ക്രിസ്ത്യാനികൾ പലരാണെങ്കിലും, ഒരു ക്രിസ്തുവിൽ നാം ഒന്നാണ്” എന്ന പ്രഖ്യാപനത്തിൽ നിന്നാണ് മാർപാപ്പ തന്റെ മുദ്രാവാക്യം സ്വീകരിച്ചിരിക്കുന്നത്.

ക്രിസ്തുവിനെ ഏക രക്ഷകനായി സ്വീകരിക്കുന്ന ഒരു മാർപാപ്പയെ നമുക്ക് ലഭിച്ചതിന് ഈശോയ്ക്ക് നന്ദി പറയാം. ഏകരക്ഷകനായ ക്രിസ്തുവിൽ ഒന്നായിക്കൊണ്ട്, തിരുസ്സഭയോടൊപ്പം, പുതിയ മാർപാപ്പയായ ലിയോ പതിനാലാമനോടൊപ്പം ചേർന്നുനിന്നുകൊണ്ട് ഇന്നത്തെ സുവിശേഷ സന്ദേശം നമുക്ക് ശ്രവിക്കാം.

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈശോയുടെ വിടവാങ്ങൽ പ്രസംഗങ്ങളും, അതിലെ സന്ദേശങ്ങളും അവതരണ രീതികൊണ്ടും, ആശയസമ്പുഷ്ടതകൊണ്ടും വളരെ പ്രസിദ്ധമാണ്.   ഈശോ തന്റെ വേർപാടിനെക്കുറിച്ചും സ്വർഗ്ഗത്തെക്കുറിച്ചുമൊക്കെയാണ് പറയുന്നതെങ്കിലും, ജീവിതഗന്ധിയായ ഒട്ടേറെ സത്യങ്ങൾ ഈ വിടവാങ്ങൽ പ്രസംഗങ്ങളിലുണ്ട്. അത്തരമൊരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചുകേട്ടത്. കേൾക്കുമ്പോൾ പെട്ടെന്ന് മനസ്സിലാകുന്ന രീതിയിലല്ലെങ്കിലും ഈശോ പറയുന്നതിങ്ങനെയാണ്: ” അല്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല. വീണ്ടു അല്പസമയം കഴിഞ്ഞാൽ നിങ്ങളെന്നെ കാണും.”

നമുക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതുപോലെ ശിഷ്യർക്കും അന്ന് ഈ വചനങ്ങളുടെ അർഥം മനസ്സിലായില്ല. അവരുടെ മുഖഭാവം കണ്ടപ്പോൾ ഈശോ അല്പസമയത്തിന്റെ അർത്ഥമെന്തെന്ന് അവർക്ക് പറഞ്ഞു കൊടുത്തു. എന്താണത്? ‘നിങ്ങൾ കരയുകയും വിലപിക്കുകയും ചെയ്യുന്ന, അതുകണ്ട് ലോകം സന്തോഷിക്കുന്ന സമയമാണ് അല്പസമയം. നിങ്ങൾ നീതിന്യായ കോടതികൾക്ക് മുൻപിൽ നിൽക്കുമ്പോൾ, നിങ്ങൾക്കെതിരെ കള്ളസാക്ഷ്യങ്ങൾ നിരത്തപ്പെടുമ്പോൾ, നിങ്ങൾ തെറ്റിദ്ധരിക്കപ്പെടുമ്പോൾ കവലകളിലും, വാർത്താമാധ്യമങ്ങളിലും ലോകം അത് ആഘോഷിക്കുന്ന സമയമാണ് അല്പസമയം. തീവ്രവാദികളും, വർഗീയവാദികളും, ക്രൈസ്തവരെ കൊല്ലുകയും, പള്ളികൾ ആക്രമിക്കുകയും ചെയ്യുമ്പോൾ ഭരണകൂടങ്ങൾ അവയ്ക്കു നിയമ പരിരക്ഷ നൽകുന്ന സമയമാണ് അല്പസമയം.  ക്രിസ്തു ശിഷ്യരുടെ ജീവിതത്തിന്റെ അവസ്ഥയെയാണ് ഈശോ ഇവിടെ അവതരിപ്പിക്കുന്നത്. മാർപാപ്പയുടെ തിരഞ്ഞെടുപ്പിനുശേഷം അദ്ദേഹം കണ്ണീരിന്റെ മുറിയിൽ കഴിയുന്ന സമയമാണ് അല്പസമയം. എവിടെ ദൈവമക്കൾ, ക്രിസ്തു ശിഷ്യർ കരയുകയും വിലപിക്കുകയും ചെയ്യുന്നുവോ അവിടെയെല്ലാം, എപ്പോഴൊക്കെ ക്രിസ്തു ശിഷ്യർ പീഡിപ്പിക്കപ്പെടുകയും, അവഹേളിക്കപ്പെടുകയും ചെയ്യുന്നുവോ അപ്പോഴെല്ലാം ലോകം സന്തോഷിക്കും. ക്രിസ്തുവിനു എതിരായവർ, സഭയ്ക്ക് എതിരായവർ ആഹ്ലാദിക്കും. ഇതാണ് അല്പസമയങ്ങൾ!

ഈ അല്പസമയം ഓരോ ക്രൈസ്തവനിലും സംഭവിച്ചേ തീരൂ. കാരണം, ക്രിസ്തുവിനെ, ക്രിസ്തുവിന്റെ സുവിശേഷത്തെ വാക്കുകൊണ്ടും, ജീവിതംകൊണ്ടും പ്രഘോഷിക്കുന്ന ഓരോ ക്രൈസ്തവനും ഈ അല്പസമയത്തിലൂടെ കടന്നുപോയേ തീരൂ.

ഒരു ജീവനെ, കുഞ്ഞിനെ ലോകത്തിനു പ്രദാനം ചെയ്യണമെങ്കിൽ ഒരു സ്ത്രീ പ്രസവ വേദനയുടെ നിമിഷങ്ങളിലൂടെ കടന്നു പോകുക തന്നെ വേണം. ഒരു വ്യക്തിയിൽ ക്രിസ്തു രൂപപ്പെടണമെങ്കിൽ, ഒരു ക്രൈസ്തവകുടുംബം ക്രിസ്തുവിനെ കുടുംബജീവിതത്തിലൂടെ പ്രഘോഷിക്കണമെങ്കിൽ ഈ അല്പസമയത്തിലൂടെ കടന്നുപോകുകതന്നെവേണം. അതുകൊണ്ടാണ് വിശുദ്ധ പൗലോശ്ലീഹാ പറയുന്നത്, “എന്റെ കുഞ്ഞു മക്കളെ ക്രിസ്തു നിങ്ങളിൽ രൂപപ്പെടുന്നതുവരെ വീണ്ടും ഞാൻ നിങ്ങൾക്കുവേണ്ടി ഈറ്റുനോവനുഭവിക്കുന്നു “എന്ന്. (ഗലാ 4, 19) ഈ അല്പസമയങ്ങൾ ക്രൈസ്തവന്റെ കൂടെപ്പിറപ്പുകളാണ്.

പഴയനിയമത്തിൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ മക്കളുടെ അല്പസമയത്തെക്കുറിച്ചു ധാരാളം പ്രതിപാദനങ്ങളുണ്ട്. നിയമാവർത്തനം 28, 65 ൽ ദൈവം പറയുന്നു: “ആ ജനതകളുടെ ഇടയിൽ നിനക്ക് ആശ്വാസമോ, നിന്റെ പാദങ്ങൾക്ക് വിശ്രമമോ ലഭിക്കുകയില്ല…നിന്റെ ഹൃദയം ഭയചകിതമാകും. കണ്ണുകൾക്ക് മങ്ങൽ വരുത്തും…നിന്റെ ജീവൻ നിരന്തരം അപകടത്തിലായിരിക്കും.” ദൈവത്തിന്റെ മക്കൾ കടന്നുപോകുന്ന അല്പസമയങ്ങളുടെ സ്വഭാവം ഇങ്ങനെയാകാം. വീണ്ടും ദൈവം പറയുന്നു.” ജീവിതത്തിൽ നിനക്ക് ഒരു സുരക്ഷിതത്വവും ലഭിക്കുകയില്ല. …പ്രഭാതത്തിൽ നീപറയും, ദൈവമേ, സന്ധ്യയായിരുന്നെങ്കിൽ! സന്ധ്യയിൽ നീ പറയും, ദൈവമേ, പ്രഭാതമായിരുന്നെങ്കിൽ!” (നിയമ 28, 67) അത്രമാത്രം അസ്വസ്ഥമായിരിക്കും നിന്റെ മനസ്സ് ക്രിസ്തുവിനുവേണ്ടി സുവിശേഷ മൂല്യങ്ങൾക്കനുസരിച്ചു ജീവിക്കുമ്പോൾ ഇതുപോലുള്ള ജീവിതാവസ്ഥകളിലൂടെ നാം കടന്നുപോകും. ഈ അല്പസമയത്തിന്റെ ദയനീയത ദൈവത്തിന്റെ പ്രിയപ്പെട്ടവനായ ജോബിന്റെ ജീവിതത്തിൽ വളരെ കഷ്ടമായിരുന്നു. ജീവിതത്തിന്റെ അവസ്ഥകണ്ട്‌ ജോബ് പറയുകയാണ്:” “എന്റെ ഭാര്യ എന്നോട് അറപ്പുകാട്ടുന്നു. എന്റെ സഹോദരന്മാർക്കും ഞാൻ നിന്ദാപാത്രമായി…എന്റെ ഉറ്റ സ്നേഹിതന്മാർ എന്നിൽനിന്ന് അറപ്പോടെ അകലുന്നു. എന്നെ സ്നേഹിച്ചവർ എനിക്കെതിരെ തിരിഞ്ഞു.” (ജോബ് 19, 17-19) ജോബിന്റെ ഭാര്യപോലും പറഞ്ഞതിങ്ങനെയാണ്: “ഇനിയും ദൈവ ഭക്തിയിൽ ഉറച്ചു നിൽക്കുന്നോ? ദൈവത്തെ ശപിച്ചിട്ട് മരിക്കുക.” (ജോബ് 2, 9) ഇതുപോലുള്ള അല്പസമയങ്ങൾ മനുഷ്യൻ, ക്രിസ്തു ശിഷ്യർ നെട്ടോട്ടമോടുന്ന സമയങ്ങളല്ലേ? പള്ളികളായ പള്ളികളിലേക്ക്, ധ്യാനകേന്ദ്രങ്ങളായ ധ്യാനകേന്ദ്രങ്ങളിലേക്കു, കൈനോട്ടക്കാരുടെ അടുത്തേക്ക് … ഇതെല്ലം കണ്ടു ക്രിസ്തുവിന്റെ ശത്രുക്കൾ ചിരിക്കുകയും ചെയ്യും.

എന്നാൽ ഈശോ പറയുന്നു: “...നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. സ്ത്രീക്ക് പ്രസവ വേദന ആരംഭിക്കുമ്പോൾ അവളുടെ സമയം വന്നതുകൊണ്ട് അവൾക്കു ദുഃഖം ഉണ്ടാകുന്നു. എന്നാൽ ശിശുവിനെ പ്രസവിച്ചു കഴിയുമ്പോൾ …സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവൾ ഓർമിക്കുന്നില്ല.” (യോഹ 16, 21) സ്നേഹമുള്ളവരേ, ഈശോയുടെ വചനം വീണ്ടും കേൾക്കുക: നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും.” നമ്മുടെ വേദനകൾ അറിയുന്നവനാണ്, നമ്മുടെ അലച്ചിലുകൾ എണ്ണുന്നവനാണ് നമ്മുടെ ദൈവം. (സങ്കീ 56, 8) മാത്രമല്ല, ഇസ്രായേൽ ജനത്തെ ഈജിപ്ത് ആകുന്ന ഇരുമ്പു ചൂളയിൽ നിന്ന് രക്ഷിച്ചു ദൈവം അവർക്ക് കാനാൻ ദേശം നൽകിയെങ്കിൽ, സ്നേഹമുള്ളവരേ, ഉറച്ച വിശ്വാസത്തോടെ ഞാൻ പറയുന്നു, ഇരുമ്പുചൂള കണക്കെ തീയും ചൂടും നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ നിന്ന് എന്റെ ദൈവം എന്നെ രക്ഷിക്കും, എന്റെ ദുഃഖത്തെ അവിടുന്ന് സന്തോഷമായി മാറ്റും.  (നിയമ 4, 20) വിലാപങ്ങളുടെ പുസ്തകത്തിൽ പറയുന്നു: “കർത്താവ് എന്നേയ്ക്കുമായി നിന്നെ ഉപേക്ഷിക്കുകയില്ല. അവിടുന്ന് വേദനിപ്പിച്ചാലും തന്റെ കാരുണ്യാതിരേകത്തിനനുസൃതമായി ദയ കാണിക്കും.” (3, 31-32)

നമ്മുടെ ജീവിതത്തിന്റെ അല്പസമയങ്ങളുടെ സ്വഭാവവും രീതികളും എങ്ങനെയായിരിക്കുമെന്ന് മുൻകൂട്ടി അറിയുക സാധ്യമല്ല. എന്നാൽ, കരയുകയും വിലപിക്കുകയും ചെയ്യുന്ന നമ്മുടെ അല്പസമയങ്ങളെ സന്തോഷമുള്ളതാക്കാൻ ക്രിസ്തു നമ്മോടൊത്തുണ്ടാകും. മകളേ, മകനേ, നിന്റെ അല്പസമയങ്ങളിൽ നീ സമുദ്രത്തിലൂടെ കടന്നുപോയാലും നീ മുങ്ങിപ്പോകുകയില്ല. അഗ്നിയിലൂടെ നടക്കുകയാണെങ്കിലും നിനക്ക് പൊള്ളലേൽക്കുകയില്ല. (ഏശയ്യാ 43, 1-4) കാരണം, നിന്റെ തളർന്ന കൈകളെയും, ബലമില്ലാത്ത കാൽ മുട്ടുകളെയും ശക്തിപ്പെടുത്തുന്നവനാണ് നിന്റെ ദൈവം. “നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്തു സഹതപിക്കാൻ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത്.” (ഹെബ്രാ 4, 15) നമ്മുടെ ദൈവം വിശ്വസ്തനാണ്. നമ്മുടെ ശക്തക്കതീതമായ ദുഃഖങ്ങൾ ഉണ്ടാകുവാൻ അവിടുന്ന് അനുവദിക്കുകയില്ല. നമുക്ക് വേദനകളുണ്ടാകുമ്പോൾ ആ അല്പസമയങ്ങളെ അതിജീവിക്കുവാൻ വേണ്ട ശക്തി അവിടുന്ന് നമുക്ക് നൽകും. (1 കോറി 10, 13)

ഈശോ പറയുന്ന അല്പസമയത്തിന്റെ ദൈർഘ്യം അൽപ നിമിഷങ്ങളല്ല എന്നും നാം അറിയണം. ഇസ്രായേൽ ജനത്തിന്റെ അല്പസമയത്തിന്റെ ദൈർഘ്യം എത്രയായിരുന്നു? നാല്പതു സംവത്സരം!! എന്തിനുവേണ്ടിയായിരുന്നു ഈ നാല്പതു സംവത്സരം? ദൈവത്തിനു മറുതലിച്ചു നിൽക്കുന്ന ജനങ്ങളെ എളിമപ്പെടുത്താനും, ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കുമോ ഇല്ലയോ എന്നൊക്കെയുളള അവരുടെ ഹൃദയവിചാരങ്ങൾ അറിയാനും, മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല, കർത്താവിന്റെ വചനംകൊണ്ടും കൂടിയാണ് ജീവിക്കുന്നത് എന്നും പഠിപ്പിക്കുവാനുമാണ് അവിടുന്ന് ഇസ്രായേൽ ജനത്തിന് അല്പസമയങ്ങൾ കൊടുത്തത്. എന്നാൽ ഈ അല്പസമയങ്ങളിലെല്ലാം ദൈവം അവരോടുകൂടെ ഉണ്ടായിരുന്നു. അവരുടെ വസ്ത്രങ്ങൾ പഴകി കീറിപ്പോയില്ല. ഇത്രയും നാൾ നടന്നിട്ടും അവരുടെ കാലുകൾ വിങ്ങുകയോ, പൊള്ളുകയോ ചെയ്തില്ല. അവസാനം അവർക്കു ലഭിച്ചതോ? അരുവികളും, ഉറവകളും, മലകളും താഴ്വരകളും ഒക്കെയുള്ള ഒരു നല്ല ദേശം. ഗോതമ്പും ബാർലിയും, മുന്തിരിചെടികളും, അത്തിവൃക്ഷങ്ങളും, മാതളനാരകങ്ങളും ഒലിവുമരങ്ങളും, തേനും ഉള്ള ഒരു നല്ല ദേശം. ഒപ്പം ദൈവത്തിന്റെ ഒരു വാഗ്ദാനവും:” നിങ്ങൾക്ക് ഒന്നിനും കുറവുണ്ടാകുകയില്ല.” (നിയമ 8, 9)

നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അല്പസമയങ്ങളെ ഓർത്ത് നിരാശപ്പെടാതെ ഈശോയിലേക്ക് കടന്നുചെല്ലാൻ നമുക്കാകണം. അതിനായി പരിശുദ്ധാത്മാവിന്റെ കൃപ നമുക്കാവശ്യമാണ്. നമ്മുടെ ജീവിതത്തിലെ അല്പസമയങ്ങളെ സന്തോഷമാക്കി തീർക്കുവാൻ ഒരു വ്യക്തി ഈശോയിലേക്ക് കടന്നുചെല്ലാൻ ദൈവിക പ്രസാദവരം ഉള്ളവർക്കേ സാധിക്കൂ. ക്രിസ്തുവിൽ വിശ്വസിക്കുകയും, അവിടുന്നിൽ ആശ്രയിക്കുകയും ചെയ്യണം.

ഒരു മനുഷ്യൻ Hair Cutting നായി ഒരു ബാർബർ ഷോപ്പിലേക്ക് കയറിച്ചെന്നു. ബാർബർ Hair Dress ചെയ്യാൻ തുടങ്ങിയപ്പോൾ അവർ പലകാര്യങ്ങളെക്കുറിച്ച്, യുദ്ധങ്ങളെക്കുറിച്ച്, ജീവിതപ്രശ്നങ്ങളെക്കുറിച്ച് …അങ്ങനെ സംസാരിച്ച് സംസാരിച്ച് അവർ ദൈവത്തെക്കുറിച്ചുള്ള സംഭാഷണത്തിലെത്തി. ബാർബർ പറഞ്ഞു: ദൈവം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്തുകൊണ്ട്? ആ മനുഷ്യൻ ബാർബറോട് ചോദിച്ചു. അങ്ങനെ ഒരു ദൈവമുണ്ടെങ്കിൽ എന്തുകൊണ്ടാണ് മനുഷ്യന് സഹനങ്ങൾ? എന്തുകൊണ്ടാണ് കുട്ടികൾ തെരുവിൽ അലയുന്നത്? എന്തുകൊണ്ടാണ് ധാരാളം അപകടങ്ങൾ, തീവ്രവാദ ആക്രമണങ്ങൾ? രോഗങ്ങൾ? ആ മനുഷ്യൻ ഉടനെത്തന്നെ ഉത്തരമൊന്നും പറഞ്ഞില്ല. ബാർബർ Cutting തുടർന്നു. Hair Cutting കഴിഞ്ഞപ്പോൾ ആ മനുഷ്യൻ എഴുന്നേറ്റു. പൈസ കൊടുത്തിട്ട് പുറത്തേക്ക് നോക്കി. അപ്പോൾ ഒരു കടയുടെ മുൻപിൽ, മുഷിഞ്ഞ വസ്ത്രം ധരിച്ച, താടിയും മുടിയും നീട്ടിയ ഒരു മനുഷ്യൻ നിൽക്കുന്നത് കണ്ടു. അയാൾ ബാർബറെ വിളിച്ചിട്ട് അയാളോട് പറഞ്ഞു: ” ബാർബർമാർ ഈ ഭൂമിയിൽ ഇല്ല.” ബാർബർ പറഞ്ഞു: ദേ, നോക്ക് ഞാൻ ഇവിടെയുണ്ട്. അപ്പോൾ ആ താടിയും മുടിയും നീട്ടി നിൽക്കുന്ന മനുഷ്യനെ ചൂണ്ടിക്കാണിച്ചിട്ട് അദ്ദേഹം പറഞ്ഞു: ബാർബർമാർ ഉണ്ടായിരുന്നെങ്കിൽ അയാൾ അങ്ങനെ നടക്കുമായിരുന്നില്ല.” ബാർബർ പറഞ്ഞു: “അത്, അയാൾ ബാർബറിന്റെ അടുത്ത് പോകാഞ്ഞിട്ടല്ലേ? Exactly! അദ്ദേഹം പറഞ്ഞു. ദൈവം ഉണ്ട്. പക്ഷേ, ആളുകൾ ദൈവത്തിന്റെ അടുത്തേക്ക് പോകുന്നില്ല. അതുകൊണ്ടാണ് ഭൂമിയിൽ ദുഃഖങ്ങളും, ദുരിതങ്ങളുമെല്ലാം.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിന്റെ കഷ്ടപ്പാടുകൾ നമ്മുടെ മനസ്സുകളെ ഭാരപ്പെടുത്തുന്നുണ്ട്. രോഗങ്ങളുമായി വാർദ്ധക്യത്തിലൂടെ കടന്നുപോകുന്നവർ, തെറ്റിദ്ധരിക്കപ്പെടുന്നവർ, മദ്യവും ലഹരിയുമായി നടക്കുന്നവരുടെ കുടുംബങ്ങൾ, ഭാരമുള്ള മനസ്സുമായി ജീവിക്കുന്നവരാണ്. എന്നാൽ, ഉറച്ചു വിശ്വസിക്കുക, ആരും നമ്മിൽ നിന്ന് എടുത്ത് കളയാത്ത സന്തോഷത്തിലേക്ക് നമ്മെ എന്നും ഈശോ നയിക്കും. അവിടുത്തെ രീതി അങ്ങനെയാണ്. കുഞ്ഞുങ്ങളെ സുരക്ഷിതമായ ഒരു കൂട്ടിൽ പാർപ്പിക്കുകയും, അവയ്ക്കു ആവശ്യമായതെല്ലാം നൽകുകയും, എന്നാൽ ഒരു സമയത്തു കൂടു ചലിപ്പിക്കുകയും, കുഞ്ഞുങ്ങളുടെ മുകളിൽ ചിറകടിക്കുകയും, അവരെ പറക്കാൻ പഠിപ്പിക്കുകയും, അവർ ക്ഷീണിച്ചു വീഴാൻ തുടങ്ങുമ്പോൾ വിരിച്ച ചിറകുകളിൽ അവയെ വഹിക്കുകയും ചെയ്യുന്ന ‘അമ്മ കഴുകനെപ്പോലെയാണ് ദൈവം. (നിയമ 32, 10-11) ഹെബ്രായ ലേഖനത്തിൽ വചനം പറയുന്നത് ഇങ്ങനെയാണ്: “കർത്താവിന്റെ ശിക്ഷണത്തെ നീ നിസ്സാരമാക്കരുത്. അവൻ ശാസിക്കുമ്പോൾ നീ നഷ്ടധൈര്യനാകുകയുമരുത്. താൻ സ്നേഹിക്കുന്നവന് കർത്താവ് ശിക്ഷണം നൽകുന്നു. മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു.” (ഹെബ്ര 12, 6- 8) മക്കളോടെന്നപോലെയാണ് ദൈവം നമ്മോട് പെരുമാറുന്നത്.

ഈശോയും ഇങ്ങനെത്തന്നെയാണ് പ്രിയപ്പെട്ടവരേ. നമ്മെ ഒരിക്കലും അവിടുന്ന് ഉപേക്ഷിക്കുകയില്ല. നമ്മുടെ ജീവിതത്തിലെ അല്പസമയങ്ങളെ, കരയുകയും വിലപിക്കുകയും ചെയ്യുന്ന സമയങ്ങളെ നമുക്കൊന്ന് പരിശോധിക്കാം. നമ്മുടെ മനോഭാവങ്ങൾ തിരുത്താം. നമ്മുടെ ജീവിതത്തിലെ അല്പസമയങ്ങളെ ഈശോയുടെ ഹൃദയത്തോട് ചേർന്ന് നിന്ന് അഭിമുഖീകരിക്കുവാനും അതിജീവിക്കുവാനും നമുക്ക് പഠിക്കാം. ദൈവമാണ് നമുക്ക് ഈ ജീവിതം നൽകിയത്. നന്ദിയുള്ളവരായിരിക്കാം നമുക്ക്. ജീവിത പ്രശ്നങ്ങളെ, യുദ്ധങ്ങളെ ദൈവത്തിന്റെ മുൻപിൽ നമുക്ക് സമർപ്പിക്കാം. എന്നിട്ട്, ‘അമ്മ കുഞ്ഞിനെ തല്ലുമ്പോൾ, തല്ലുന്ന അമ്മയെ ത്തന്നെ വിളിച്ചു കരയുന്ന കുഞ്ഞുങ്ങളെപ്പോലെ നമുക്ക് ദൈവസന്നിധിയിൽ കരങ്ങളുയർത്താം.

ഉച്ചത്തിൽ വിളിച്ചു പ്രാർത്ഥിക്കാം. തീർച്ചയായും അവിടുന്ന് നമ്മെ കേൾക്കും. നമുക്ക് ഉത്തരമരുളും. നമ്മുടെ ദുഃഖങ്ങൾ സന്തോഷമായി മാറും. നമുക്കൊന്നിനും കുറവില്ലാതെ നമ്മുടെ ദൈവം നമ്മെ കാക്കട്ടെ. ആമേൻ!