കൈത്താക്കാലം ഒന്നാം ഞായർ
ലൂക്കാ 14, 7 – 14

ശ്ലീഹന്മാരുടെ സുവിശേഷ പ്രഘോഷണത്തിന്റെ ഫലമായി ലോകമെങ്ങും ദൈവ വചനമാകുന്ന വിത്ത് വിതച്ചതിലൂടെ ക്രിസ്തുവിന്റെ സഭ വളർന്ന് പുഷ്പങ്ങളും ഫലങ്ങളും പുറപ്പെടുവിക്കുന്ന കാലത്തെ ഓർക്കുന്നതാണ് കൈത്താക്കാലം അഥവാ ഫലാഗമകാലം. ക്രിസ്തുവിന്റെ 12 ശ്ലീഹന്മാരെ അനുസ്മരിച്ചു കൊണ്ടാണ് നാം കൈത്താക്കാലം ആരംഭിക്കുന്നത്. പൂർവ പിതാവായ യാക്കോബിന്റെ 12 പുത്രൻമാരെ മനസ്സിൽ കണ്ടുകൊണ്ടാകണം ഈശോ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തത്. യാക്കോബിന്റെ പന്ത്രണ്ട് മക്കൾ പിന്നീട് പന്ത്രണ്ട് ഗോത്രങ്ങളുടെ തലവന്മാരായതുപോലെ, പന്തക്കുസ്താ തിരുനാളിനുശേഷം ഈ പന്ത്രണ്ട് ശ്ലീഹന്മാരും “പുതിയ ഇസ്രയേലിന്റെ”, തിരുസഭയുടെ തലവന്മാരായി. ക്രിസ്തുവിന്റെ തിരുസഭയുടെ തലവന്മാരായി ക്രിസ്തു തിരഞ്ഞെടുത്ത ശ്ലീഹന്മാരുടെ തിരുനാൾ ഇന്ന് ആഘോഷിക്കുമ്പോൾ, ഇന്നും ശക്തമായി നിലനിൽക്കുന്ന അപ്പസ്തോലിക, ശ്ലൈഹിക പിന്തുടർച്ചയെ ഓർത്ത് അഭിമാനിക്കുകയും ക്രിസ്തുവിന് നന്ദിപറയുകയും ചെയ്യുകയാണ്. ഈ അപ്പസ്തോലിക, ശ്ലൈഹിക പാരമ്പര്യമാണ് ക്രിസ്തുവിന്റെ ശുശ്രൂഷാ പൗരോഹിത്യത്തിലും, അജപാലന ദൗത്യത്തിലും പങ്കുപറ്റുവാൻ നമ്മെ പ്രാപ്തരാക്കുന്നത്. വിശുദ്ധ കുർബാനയിൽ നാം പ്രാർത്ഥിക്കുന്നതുപോലെ “സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് ഫലം ചൂടി നിൽക്കുന്ന” അപ്പസ്തോലിക ശ്ലൈഹിക പാരമ്പര്യമുള്ള തിരുസഭയിൽ ക്രിസ്തുവിനെ മഹത്വപ്പെടുത്തുകയും, അവിടുത്തേക്ക് നന്ദിപ്രകാശിപ്പിക്കുകയുമാണ് കൈത്താക്കാലത്തിലൂടെ നാം ചെയ്യുന്നത്.
ഏഴ് ആഴ്ചകളാണ് ഈ കാലത്തിനുള്ളത്. ക്രിസ്തു സാക്ഷികളായ ക്രൈസ്തവരുടെ ജീവിതത്തിലൂടെ സംജാതമാകുന്ന സഭയുടെ വളർച്ചയും, ക്രൈസ്തവമൂല്യങ്ങളുടെ ഫലം ചൂടലുമാണ് ഈ ഏഴ് ആഴ്ചകളിൽ നാം അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്.
കൈത്താക്കാലത്തിന്റെ ആദ്യ ഞായറാഴ്ച തന്നെ, ഈശോ ദൈവരാജ്യത്തിന്റെ, ഭൂമിയിലെ ക്രിസ്തുവിന്റെ സഭയുടെ മനോഹരമായ ഒരു ചിത്രം വരച്ചിടുകയാണ്. ലോകസംസ്കാരത്തോടു ചേരാതെ, അന്നത്തെ യഹൂദ സംസ്കാരത്തോടു ചേരാതെ ഒരു പ്രതിസംസ്കാരം (Counter Culture) ഈശോ പ്രഖ്യാപിക്കുകയാണ്. ക്രൈസ്തവ സാക്ഷ്യത്തിന്റെ, ക്രൈസ്തവ ജീവിതത്തിന്റെ വലിയ ദർശനമാണ് ഈശോ ഇവിടെ പറയുന്നത്. ഈശോ പ്രഖ്യാപിച്ച പ്രതിസംസ്കാരത്തിന്റെ, ക്രിസ്തു സംസ്കാരത്തിന്റെ വക്താക്കളായതുകൊണ്ടുതന്നെ, ക്രിസ്തുവിന്റെ പന്ത്രണ്ട് ശ്ലീഹന്മാരിൽ പതിനൊന്ന് പേർക്കും കട്ടിലിൽ കിടന്ന് ശാന്തമായി മരിക്കുവാനുള്ള അവസരം കിട്ടിയില്ലെന്നതും നമ്മുടെ ഓർമയിൽ ഉണ്ടാകുന്നത് നല്ലതാണ്. കാരണം, ഈ പ്രതിസംസ്കാരത്തിന്റെ, ദൈവരാജ്യ സംസ്കാരത്തിന്റെ അവസാനം രാക്ഷസാക്ഷിത്വമായിരിക്കും. ഇനി നമുക്ക് സുവിശേഷത്തിലേക്ക് വരാം.
ഈശോയുടെ പ്രവർത്തന ശൈലിയുടെ പ്രധാനപ്പെട്ട ഒരു ഘടകമാണ് വിരുന്നുകളിൽ സംബന്ധിക്കുക എന്നത്. വിരുന്നിനിടയിൽ വീണു കിട്ടുന്ന ഏതെങ്കിലും ഒരു സാഹചര്യത്തിന്റെ തണലിൽ നിന്നുകൊണ്ട് ഈശോ തനിക്കു പറയുവാനുള്ളത് വളരെ ശാന്തമായി, എന്നാൽ മനോഹരമായി അവതരിപ്പിക്കും. ഇവിടെയും ഈശോയ്ക്ക് ഒരവസരം വീണു കിട്ടുകയാണ്. ക്ഷണിക്കപ്പെട്ടവരുടെ പ്രമുഖ സ്ഥാനത്തിനുവേണ്ടിയുള്ള ആക്രാന്തം. വിരുന്നിനു ക്ഷണിക്കപ്പെട്ടവരുടെ പ്രമുഖസ്ഥാനത്തിനു വേണ്ടിയുള്ള ആക്രാന്തം വിമർശിച്ചുകൊണ്ട് ഈശോ ദൈവരാജ്യത്തിന്റെ സുവിശേഷം പറയുവാനുള്ള അവസരം ഒരുക്കുകയായിരുന്നു. എന്നിട്ടു അവസാനം തന്നെ ക്ഷണിച്ചവനോടെന്നപോലെ ഈശോ തന്റെ ഐഡിയ, തന്റെ മനോഭാവം, ദൈവ രാജ്യത്തിന്റെ സ്വഭാവം, ശിഷ്യന്മാർ ജീവിതത്തിൽ ഉൾക്കൊള്ളേണ്ട ചൈതന്യം, സംസ്കാരം അവതരിപ്പിക്കുകയാണ്, പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ സുവിശേഷം പ്രസംഗിക്കുകയാണ്. “നീ സദ്യ നടത്തുമ്പോൾ ദരിദ്രർ, വികലാംഗർ, മുടന്തർ, കുരുടർ എന്നിവരെ ക്ഷണിക്കുക. അപ്പോൾ നീ ഭാഗ്യവാനായിരിക്കും.”

ലോകത്തിന്റെ പിന്നാലെ പോകാതെ, ആഡംബരങ്ങളിൽ ഭ്രമിക്കാതെ, സമ്പത്തിനു പുറകെ പായാതെ, അവഗണിക്കപ്പെട്ടവരെ പരിഗണിക്കാൻ, ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ, നീതിയിലേക്കു, സ്വാതന്ത്ര്യത്തിലേക്ക്, സൗഖ്യത്തിലേക്കു നടന്നടുക്കുവാൻ കഴിയാത്തവരുടെ ചലനമാകാൻ, ഭവനമില്ലാത്തവർക്ക് ഭവനമാകാൻ, നഗ്നരായവരെ ഉടുപ്പിക്കാൻ, അഭയാർത്ഥികൾക്ക് അഭയമാകാൻ അന്ന് യഹൂദരെ, ഇന്ന് നമ്മെ, ഈശോ സെൻസിറ്റയിസ് (Sensitize) ചെയ്യുകയാണ്.
സംവേദനക്ഷമമാക്കുക എന്നാണ് sensitize എന്ന വാക്കിന്റെ അർഥം. എന്ന് പറഞ്ഞാൽ കണ്ടുമുട്ടുന്നവരോട് മാനുഷികമായി പെരുമാറുക, അവരോട് സ്നേഹത്തോടെ ബഹുമാനത്തോടെ വർത്തിക്കുക, അവരുടെ വിഷമതകളെയും, ബുദ്ധിമുട്ടുകളെയും മനസ്സിലാക്കുകയും അവരെ സഹായിക്കുകയും ചെയ്യുക എന്നൊക്കെയാണ് sensitize എന്ന വാക്കിന്റെ വിപുലമായ അർഥം. നമ്മുടെ ജനമൈത്രി പോലീസ് എന്നത് പോലീസ് സേനയെ sensitize ചെയ്തതിന്റെ ഫലമാണ്. ജനങ്ങളോട് അവരുടെ വിഷമങ്ങളോട് പോസിറ്റിവായി സംവദിക്കുവാൻ, അവരുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുവാനുള്ള നല്ല മനസ്സിന് ഉടമകളാക്കുക എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ഇന്ന് വലിയ സ്വപ്നമായി പലരും കാണുന്ന സോഷ്യലിസത്തിനും മേലെയാണ് ഈശോയുടെ ദൈവരാജ്യമെന്ന ആശയം. (ഈശോയുടെ ദൈവരാജ്യ സങ്കൽപ്പത്തിൽ നിന്നാണ് സോഷ്യലിസം രൂപപ്പെടുന്നത് തന്നെ.) എല്ലാവരും ദൈവമക്കളാണെന്നും അതുകൊണ്ടുതന്നെ വർഗ വർണ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും തന്നെപ്പോലെ മറ്റുള്ളവരെയും സ്നേഹിക്കുന്ന, പരിഗണിക്കുന്ന ഒരു സമൂഹ സൃഷ്ടിയിലേക്കാണ് ഈശോ യഹൂദരെ sensitize ചെയ്യാൻ ശ്രമിക്കുന്നത്.
എല്ലാ മനുഷ്യർക്കും സ്വതന്ത്രരായി ജീവിക്കുവാനും അന്തസ്സാർന്ന സ്വത്വ പ്രകാശനത്തിലൂടെ മനുഷ്യ മഹത്വത്തിൽ ജീവിക്കുവാനും അവകാശമുണ്ടെന്നാണ് ക്രിസ്തുവിന്റെ തത്വശാസ്ത്രം. തങ്ങളാഗ്രഹിക്കുന്ന മനുഷ്യ ജീവിതാവസ്ഥയിൽ ജീവിക്കാനാകാതെ സമൂഹത്തിലെ മാടമ്പിമാരാൽ തിരസ്കരിക്കപ്പെട്ട് സമൂഹത്തിന്റെ, ജീവിതത്തിന്റെ അതിർവരമ്പുകളിലേക്ക് ഓടിപ്പോയവർക്കുവേണ്ടിയാണ് ഈശോ സംസാരിക്കുന്നത്. യഹൂദരല്ലാത്തതിന്റെ പേരിൽ ദൈവവും മതവും നിഷേധിക്കപ്പെട്ടവർക്കുവേണ്ടി ശബ്ദമാകുകയാണ് ഈശോ. പരിഹാസങ്ങളേറ്റ് മാറിനിൽക്കുന്നവരെ പരിഗണിക്കണമെന്നും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികമാത്രമല്ല, ഒരേ മേശയിൽ ഇരുത്തുകയും ചെയ്യണമെന്നുള്ള ബോധ്യത്തിലേക്ക് അവരെ സെൻസിറ്റയിസ് (Sensitize) ചെയ്യുകയാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ.
ഈശോയുടെ കാലത്തെ സമൂഹത്തിൽ രണ്ടു തരത്തിലുള്ള വിള്ളൽ (Rift) ഈശോ ദർശിച്ചിരുന്നു. ഒന്നാമത്തേത് ആധ്യാത്മിക വിള്ളൽ (Spiritual Rift) ആണ്. ഈശോയുടെ കാലത്ത് യഹൂദ സമുദായത്തിന്റെ പ്രാമാണ്യത്തം നിലനിന്ന കാലമായിരുന്നു. മാത്രമല്ല, ആത്മീയതയുടെ കുത്തക തങ്ങളുടേതാണെന്ന്, തങ്ങളുടേത് മാത്രമാണെന്ന് ലോകത്തെ വിശ്വസിപ്പിച്ചു വന്ന സമയവും കൂടിയായിരുന്നു അത്. എന്നാൽ, യഹൂദർക്ക് മാത്രം കുത്തകയായിരുന്ന ആത്മീയതയ്ക്ക് വിജാതീയരും അർഹരാണെന്ന വാദത്തിലൂടെ എല്ലാവരും ദൈവത്തിന്റെ മക്കളാണെന്ന വലിയ ആത്‌മീയവിപ്ലവത്തിന് തുടക്കമിട്ടത് ഈശോയാണ്. ഈ ആത്മീയ വിപ്ലവത്തിന് ചെവികൊടുക്കാതെ, ഇസ്രായേൽ ജനം തിരഞ്ഞെടുക്കപ്പെട്ട ജനമായതുകൊണ്ട്, ദൈവത്തിന്റെ പരിപാലനയും, ദൈവികമായവയെല്ലാം, എന്തിന് ദൈവത്തിന്റെ രക്ഷ പോലും മറ്റു സമൂഹങ്ങൾക്ക് അവർ നിഷേധിച്ചിരുന്നു. ഇത്തരത്തിലുള്ളൊരു മനോഭാവം വലിയൊരു ആത്മീയ വിള്ളൽ സമൂഹത്തിൽ ഉണ്ടാക്കിയിരുന്നതായി ഈശോ കണ്ടു.
രണ്ടാമത്തേത്, സാമൂഹ്യ വിള്ളൽ (Social Rift) ആണ്. യഹൂദരുടെ, പ്രത്യേകിച്ച്, യഹൂദപ്രമാണിമാരുടെ സാമൂഹ്യ, സാമ്പത്തിക തലത്തിലുണ്ടായിരുന്ന ചൂഷണങ്ങളും, വലിയ രീതിയിലുള്ള അസമത്വങ്ങളും മറ്റും സാമൂഹ്യ ജീവിതത്തിന്റെ സ്വാഭാവിക ചംക്രമണത്തെ തടഞ്ഞിരുന്നു. ഇതിനെതിരെ ഈശോ ഉറക്കെ സംസാരിക്കുകയും ചെയ്തിരുന്നു. (മത്താ 23) ഈശോ സമൂഹത്തിൽ കണ്ട ഈ വിള്ളലുകൾ താൻ കൊണ്ടുവരുന്ന ആത്മീയ വിപ്ലവത്തിന്, ദൈവരാജ്യ വിപ്ലവത്തിന് തടസ്സമാകുമെന്ന് കണ്ടിട്ടാണ് ഈശോ ഇന്നത്തെ സുവിശേഷത്തിൽ യഹൂദരെ, ജനങ്ങളെ സെൻസിറ്റയിസ് (Sensitize) ചെയ്യുന്നത്.
അന്നത്തെ സമൂഹത്തിന്റെ Metabolism എന്തെന്നും വളരെ വ്യക്തമായി ഈശോ മനസ്സിലാക്കിയിരുന്നു. വളരേ മോശമായ ഒരു ചയാപചയം (Metabolism) ആയിരുന്നു അന്നത്തെ സമൂഹത്തിന് ഉണ്ടായിരുന്നത്. നമുക്കറിയാവുന്നതുപോലെ, ശരീരത്തില്‍ ആഹാര രസങ്ങള്‍ ധാതുരൂപേണ ഓജസ്സായും മാംസമായും പരിണമിക്കുന്ന അവസ്ഥ ഒരു മെറ്റബോളിക് പ്രക്രിയയാണ്. Metabolism എന്നത് ഒരു കോശത്തിലോ, ഒരു അവയവത്തിലോ നടക്കുന്ന സാധാരണമായ, സ്വാഭാവിക പ്രക്രിയയാണ്. ഇതിനെ സ്വാഭാവിക ചയാപചയം (Natural Metabolism) എന്ന് വിളിക്കുന്നു. ശ്വാസോച്ഛാസം ഒരു സ്വാഭാവിക ചയാപചയ പ്രക്രിയയാണ്. ഇവിടെ വളരെ സ്വാഭാവികമായി ഓക്സിജനെ സ്വീകരിക്കുകയും, കാർബൺ ഡയോക്സൈഡിനെ പുറംതള്ളുകയും ചെയ്യുന്നു. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളെ ഉർജ്ജമാക്കി മാറ്റുന്നത് ഒരു metabolic പ്രവർത്തനമാണ്. ഇത്തരം അനവധി മെറ്റബോളിക് പ്രവർത്തനങ്ങൾ കൃത്യമായി നടന്നില്ലെങ്കിൽ നമ്മുടെ ജീവിതം പ്രയാസമാകും. ശാരീരിക പ്രവർത്തനങ്ങൾ താളം തെറ്റും. ഇന്ന് സമൂഹത്തിൽ കാണുന്ന obiesity (അമിതവണ്ണം) യുടെ പ്രശ്നം metabolism ത്തിന്റെ തകരാറാണ്.
ഞാൻ ഇപ്പോൾ പറഞ്ഞ ആന്തരിക മെറ്റബോളിക് പ്രവർത്തനങ്ങൾക്കപ്പുറം മനുഷ്യൻ സമൂഹത്തിലേക്ക് കടക്കുമ്പോൾ മനുഷ്യനും തൊട്ടടുത്ത മനുഷ്യനും തമ്മിലും ബന്ധങ്ങളിൽ പ്രവർത്തന പ്രതി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതിനെ ബന്ധങ്ങളിലെ ചയാപചയം (Relational Metabolism) എന്ന് വിളിക്കുന്നു. ഈശോയുടെ സമയത്ത് relational metabolism വളരെ മോശമായിരുന്നു. അതിൽ പാവപ്പെട്ടവർ, കുഷ്ഠരോഗികൾ, സ്ത്രീകൾ, വിധവകൾ, ഭിക്ഷാടകർ, വിജാതീയർ തുടങ്ങിയവരോടുള്ള പെരുമാറ്റം വളരെ വികൃതമായിരുന്നു. അവിടെ നടന്നുകൊണ്ടിരുന്നത് സ്വാഭാവികമായ, മനുഷ്യത്വപരമായ കൊടുക്കൽ വാങ്ങലുകൾ ആയിരുന്നില്ല. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനെ, സ്വന്തം സഹോദരിയെ, സഹോദരനെ മൃഗങ്ങളെക്കാൾ നികൃഷ്ടരായാണ് യഹൂദർ പരിഗണിച്ചിരുന്നത്. അതുകൊണ്ടുതന്നെ സമൂഹജീവിതം താളം തെറ്റിയതായിരുന്നു. Relational metabolism വെറും സീറോ ആയിരുന്നു. ആത്മീയ ജീവിതം പൊള്ളയായിരുന്നു. ഈയൊരു അവസ്ഥയിൽ നിന്ന് മാറി ക്രിസ്തുവിന്റെ പ്രതിസംസ്കാരത്തിലേക്ക് ജനത്തെ സെൻസിറ്റയിസ് (Sensitize) ചെയ്യാനാണ് ഈശോ ഇവിടെ ശ്രമിക്കുന്നത്.
നമ്മുടെ ഇന്നത്തെ സമൂഹത്തിന്റെ Metabolism, അതിന്റെ സംവിധാനങ്ങൾ, രാഷ്ട്രീയ, മത, കോർപ്പറേറ്റ് സംവിധാനങ്ങൾ എല്ലാം മനുഷ്യനെയും മനുഷ്യനെയും വേറിട്ട് നിർത്താനാണ് ശ്രമിക്കുന്നത്. ഇത് മനുഷ്യരുടെ ജീവിതത്തിലും അവയ്ക്കിടയിലുമുള്ള ബന്ധങ്ങളെ പലതരത്തിൽ തകരാനിടയാക്കുന്നു. മനുഷ്യനെ, മനുഷ്യ ബന്ധങ്ങളെ, വിവാഹ, കുടുംബ ബന്ധങ്ങളെ, മനുഷ്യ മനുഷ്യ ബന്ധങ്ങളെയെല്ലാം കച്ചവടക്കണ്ണുകളോടെ കാണുന്നത് മനുഷ്യ മനുഷ്യ ബന്ധങ്ങളിൽ വിള്ളലുകളുണ്ടാക്കും. ഇത് ലോകത്തിന്റെ സംസ്കാരമാണ്. ലോകത്തിന്റെ സംസ്കാരം പ്രമുഖസ്ഥാനത്തിന് വേണ്ടിയുള്ള നെട്ടോട്ടമാണ്. ലോകത്തിന്റെ സംസ്കാരം കഴുത്തറപ്പന്‍ മത്സരത്തിന്റെതാണ്. ലോകത്തിന്റെ സംസ്കാരം ധാര്‍മികത ലവലേശമില്ലാത്ത സുഖത്തിന്റെതാണ്. ലോകത്തിന്റെ സംസ്കാരം സമ്പത്തിനുവേണ്ടിയുള്ള ഓട്ടപ്പാച്ചിലിലാണ്. ഈ സംസ്കാരത്തില്‍ പ്രമുഖസ്ഥാനത്തിന് വേണ്ടി, സുഖത്തിന് വേണ്ടി, സമ്പത്തിനുവേണ്ടി കാലുമാറും, കാലുവാരും, വെട്ടിനിരത്തും, കള്ളസാക്ഷ്യങ്ങള്‍ നിരത്തും, ആരുമായും കൂട്ട്കൂടും, സ്വന്തം മാതാപിതാക്കള്‍ക്കെതിരെ വേണമെങ്കിലും കേസുകൊടുക്കും….ഇതെല്ലാം ലോകത്തിന്റെ സംസ്കാരമാണ്.
ലോകത്തിന്റെ സംസ്കാരത്തില്‍ സ്നേഹിതന്‍ സ്നേഹിതനെയേ അറിയൂ, ധനികന്‍ ധനികനെയേ വിരുന്നിനു ക്ഷണിക്കൂ, ബന്ധുക്കള്‍ ബന്ധുക്കളെയേ വിളിക്കൂ, ഭരണ കര്‍ത്താക്കള്‍ കോര്‍പറേറ്റ്കള്‍ക്ക് വേണ്ടിയേ നില്‍ക്കൂ, മതനേതാക്കള്‍ അവരുടെ സ്തുതി പാഠകര്‍ക്കുവേണ്ടിയേ പ്രാര്‍ഥിക്കൂ. ലോകത്തിന്റെ സംസ്കാരത്തില്‍ ആര്‍ക്ക് സ്ഥാനമില്ല? ദരിദ്രര്‍ക്ക്, വികലാംഗര്‍ക്ക്, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക്, വൃദ്ധര്‍ക്ക്, ചേരിനിവാസികള്‍ക്ക്…..! വിവാഹം തുടങ്ങിയ ആഘോഷങ്ങളിലേക്ക് ക്ഷണിക്കുന്നത് വിശേഷപ്പെട്ടവരെ മാത്രം!! ഏതെങ്കിലും പ്രമാണി പാവപ്പെട്ടവരെ പരിഗണിച്ചെന്നു വരും, അവരെ ക്ഷണിച്ചെന്ന് വരും, കിറ്റുകൾ നൽകി സന്തോഷിപ്പിച്ചെന്ന് വരും, സബ്‌സിഡി യായി പൈസ പാവപ്പെട്ടവന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചെന്നും വരും. എന്നാൽ, പുറകിലൂടെ അവരെ ചൂഷണം ചെയ്യും, കിറ്റുകൾ ഒരു വഴി, കള്ളക്കടത്തു വേറൊരു വഴി! സബ്‌സിഡി ഒരു വഴി, പെട്രോൾ, ഡീസൽ, നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വിലവർധിപ്പിച്ച്കൊണ്ട്, കൊടുത്ത സബ്‌സിഡി തിരിച്ചു വാങ്ങുന്നത് മറ്റൊരു വഴി!! ഇത്തരത്തിലുള്ള ആത്മീയ വിള്ളലുകളും സാമൂഹ്യവിള്ളലുകളും സൃഷ്ടിക്കുന്ന അവസ്ഥയെ കാലഘട്ടത്തിന്റെ പ്രതിസന്ധി (Epochal Crisis) ആയിട്ടാണ് ഈശോ കാണുന്നത്. അതുകൊണ്ടാണ്, ഇത്രയും ശക്തമായ ഒരു ഉദ്‌ബോധനം ഈശോ അന്നത്തെ ജനതയ്ക്കും, ഇന്ന് നമുക്കും നൽകുന്നത്.
സ്നേഹമുള്ളവരേ, ഈശോ നമുക്ക് വേണ്ടി ഒരു പ്രതിസംസ്കാരത്തെ വരച്ചുകാട്ടുകയാണ് ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ. ഒരു പ്രതി സംസ്കാരത്തിലേക്ക് ഈശോ നമ്മെ സെൻസിറ്റയ്‌സ് (Sensitize) ചെയ്യുകയാണ് ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ. ക്രിസ്തുവിന്റെ ചൈതന്യം ജീവിക്കുന്ന ഒരു പ്രതിസംസ്കാരത്തിന്റെ വക്താക്കളാകാന്‍ നമ്മെ ക്ഷണിക്കുകയാണ്.
ഈ പ്രതിസംസ്കാരത്തിന്റെ അടിസ്ഥാനം ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും, ഹൃദയത്തിലുള്ള എളിമയും ആണ്. ഈ പ്രതിസംസ്കാരത്തിന്റെ സ്വഭാവം ദൈവ ഹിതത്തിനു സ്വയം സമർപ്പിക്കലാണ്. ഈ പ്രതിസംസ്കാരത്തിന്റെ ചൈതന്യം സ്വയം മുറിയപ്പെടുന്ന, ചിന്തപ്പെടുന്ന വിശുദ്ധ കുർബാനയുടേതാണ്.
ഇന്നത്തെ ഒന്നാമത്തെ വായനയില്‍ ദൈവത്തിന്റെ സംസ്കാരത്തെ, പ്രതിസംസ്കാരത്തെ ഏറ്റെടുത്ത ഒരു വലിയ മനുഷ്യനെ അവതരിപ്പിക്കുന്നുണ്ട്, ഏലിയ പ്രവാചകനെ. പ്രതി സംസ്കാരത്തിന്റെ ഏറ്റവും പ്രാധാനപ്പെട്ട ചൈതന്യം ഒന്ന്, ദൈവത്തിലുള്ള വിശ്വാസമാണ്. രണ്ട്, ദൈവം കൂടെയുണ്ടെന്നുള്ള ഉറപ്പ്. മൂന്ന്, ദൈവത്തിന്റെ സ്വഭാവത്തിലുള്ള ജീവിതം. ഇതെല്ലാമായിരുന്നു ഏലിയാ പ്രവാചകന്‍. യഥാര്‍ത്ഥ ക്രൈസ്തവന്റെ സംസ്കാരവുമായി, പ്രതിസംസ്കാരവുമായി ഏലിയാ പ്രവാചകന്‍ നിന്നപ്പോള്‍, ദൈവം ജയിച്ചു. പക്ഷെ ഇന്ന്, ദൈവം ജയിക്കുന്നില്ല. ഇന്നത്തെ ക്രൈസ്തവന്റെ സംസ്കാരം ദൈവത്തെപ്പോലും തോല്‍പ്പിക്കുന്നു.
രണ്ടാമത്തെ വായനയില്‍ ക്രൈസ്തവന്റെ പ്രതിസംസ്കാരവുമായി അപ്പസ്തോലന്‍മാരുണ്ട്. എന്ത് സംഭവിച്ചു? അവരുടെ കരങ്ങള്‍ വഴി അത്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. പ്രതിസംസ്കാരത്തിന്റെ ശക്തി!! നമ്മുടെ ജീവിതത്തില്‍, കുടുംബത്തില്‍, സഭയില്‍ ദൈവത്തിന്റെ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കാന്‍ ലോകത്തിന്റെ സംസ്കാരം നാം വെടിയണം. ദൈവിക കാര്യങ്ങള്‍ ലോകത്തിന്റെ സംസ്കാരത്തില്‍ നാം നോക്കിക്കാണരുത്!
ലേഖനവായന ശ്രദ്ധിക്കൂ, പ്രതിസംസ്കാരത്തിന്റെ സവിശേഷതകള്‍ എന്തൊക്കെയാണ്? സ്വരച്ചേര്‍ച്ച, ഐക്യം, ഏകമനസ്, ഏകാഭിപ്രായം, വിഭാഗീയതയില്ലായ്മ…… നമ്മുടെ ജീവിതം കണ്ട് ഈശോ കരയുന്നുണ്ടോ? ചിന്തിച്ച് നോക്കണം നാം.
സ്നേഹമുള്ളവരെ, ക്രിസ്തുവിന്റെ സഭയുടെ metabolism, പ്രവർത്തന രീതി ഇന്ന് തകരാറിലായിരിക്കുന്നു. സഭയിന്ന് അമിതവണ്ണമുള്ള, ഊതിവീർപ്പിച്ച ബലൂണാണ്. ആത്മീയ വിള്ളലുകൾ അധികമായിരിക്കുന്നു. ഒന്നേയുള്ളു പ്രതിവിധി: ക്രിസ്തുവിന്റെ സെൻസിറ്റായിസേഷന് (Sensitization) വിധേയമാകുക.. ക്രിസ്തുവിന്റെ പ്രതിസംസ്കാരത്തിന്റെ മുഖമുള്ളവരാകുക. ഇന്നത്തെ വായനകളില്‍, പ്രത്യേകിച്ച് സുവിശേഷത്തില്‍ അവതരിക്കപ്പെടുന്ന ക്രൈസ്തവന്റെ പ്രതിസംസ്കാരം മരിച്ചുകൊണ്ടിരിക്കുന്നോയെന്നു നാം സംശയിക്കുന്നുണ്ടെങ്കില്‍ ഇതാ രക്ഷയുടെ സമയം. നമുക്ക് നമ്മെത്തന്നെ എളിമപ്പെടുത്താം. അപ്പോള്‍ ദൈവം നമ്മെ ഉയര്‍ത്തും.

ക്രിസ്തുവിന്റെ ചൈതന്യം ജീവിക്കുന്ന ഒരു പ്രതിസംസ്കാരത്തിന്റെ വക്താക്കളാകാം നമുക്ക്. അങ്ങനെ ലോകത്തിനു ദൈവത്തിന്റെ ഭാഗ്യം പകർന്നു നൽകുന്ന ഉത്തമ ക്രൈസ്തവരാകാം. ആമേൻ!










