ശ്ളീഹാക്കാലം ഏഴാം ഞായർ
ലൂക്ക 13, 22 – 35

ശ്ലീഹാക്കാലത്തിന്റെ അവസാനത്തെ ഞായറാഴ്ചയാണിന്ന്. ഇന്നത്തെ സുവിശേഷം നമുക്ക് ഒരുക്കിയിരിക്കുന്ന വിരുന്നാണ് ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക എന്ന ക്രിസ്തുവിന്റെ സന്ദേശം. കഴിഞ്ഞ ആറ് ആഴ്ചയിലും ശ്ളീഹാക്കാലത്തിന്റെ ചൈതന്യം ഉൾക്കൊണ്ട്, പന്തക്കുസ്താദിനത്തിൽ പരിശുദ്ധാത്മാവിനാൽ പൂരിതരായി സുവിശേഷമറിയിക്കുവാൻ ലോകത്തിന്റെ നാനാഭാഗത്തേക്കും അയയ്ക്കപ്പെട്ട ശ്ലീഹന്മാരെയാണ്, അവരുടെ പ്രവർത്തനങ്ങളെയാണ് നാം ധ്യാനിച്ചത്. പന്തക്കുസ്താനാളിൽ ശ്ലീഹന്മാരുടെ സുവിശേഷ പ്രഘോഷണം കേട്ട് ക്രൈസ്തവരായി തീർന്നവരുടേയും, അവർ കൈമാറിത്തന്ന വിശ്വാസത്തിന്റെ ദീപശിഖ ഏറ്റുവാങ്ങിക്കൊണ്ട് ഇന്ന് ജീവിക്കുന്ന നമ്മുടെയും, ക്രൈസ്തവ ജീവിതത്തിന്റെ സ്വഭാവം എന്താണെന്നാണ് ഈ ഞായറാഴ്ച്ചത്തെ സുവിശേഷം നമുക്ക് പറഞ്ഞു തരുന്നത്.
ഇടുങ്ങിയ വഴികളെ ഇഷ്ടപ്പെടാത്തവരാണ് നമ്മിൽ അധികവും. അത് റോഡിന്റെ കാര്യത്തിലായാലും, മനഃസ്ഥിതിയുടെ കാര്യത്തിലായാലും അങ്ങനെത്തന്നെയാണ്. ഒരു ഇടവകയിൽ ബഹു. വികാരിയച്ചനും, കൊച്ചച്ചനും ഉണ്ടെങ്കിൽ, സാധാരണയായി ചെറുപ്പക്കാർ പറയുന്ന Comment എങ്ങനെയായിരിക്കും? “നമ്മുടെ കൊച്ചച്ചനോ? അടിപൊളിയാണ്. വളരെ ഓപ്പൺ ആണ്. ആള് Broad-minded ആണ്.” “അപ്പോ വികാരിയച്ചനോ?” “ഹേയ്, കുഴപ്പോന്നൂല്യ. ന്നാലും ആള് പഴഞ്ചനാ. very naroow-minded.”
സാധാരണജീവിതത്തിൽ ഇടുങ്ങിയ റോഡുകളെയും, വാതിലുകളെയും, ഇടുങ്ങിയ രീതികളെയും, ഇടുങ്ങിയ മനഃസ്ഥിതിയുള്ളവരെയും ഇഷ്ടപ്പെടാത്ത നമ്മോട് ഈശോ പറയുന്നത് ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക എന്നാണ്.
അത്രസ്വീകാര്യമല്ലെങ്കിലും, ഈശോ പറയുമ്പോൾ അതിന്റെ Range ഒന്ന് വേറെയായിരിക്കുമെന്നതാണ് സുവിശേഷങ്ങളുടെ പ്രത്യേകത! ക്രൈസ്തവജീവിതം അവശ്യം കടന്നുപോകേണ്ട ജീവിതാവസ്ഥയുടെ വളരെ സുന്ദരമായൊരു ചിത്രമാണ് ഈശോ ഇന്നത്തെ സുവിശേഷത്തിൽ വരച്ചുകാട്ടുന്നത്. ഇന്നത്തെ സുവിശേഷത്തിൽ ക്രിസ്തു ഉപയോഗിക്കുന്ന മനോഹരമായ രൂപകമാണ് വാതിൽ. വാതിലിനൊരു adjective, വിശേഷണവും ഈശോ നൽകുന്നുണ്ട്: ഇടുങ്ങിയ. അങ്ങനെ ഈശോ ഉപയോഗിക്കുന്ന രൂപകത്തിന്റെ പൂർണരൂപം ‘ഇടുങ്ങിയ വാതിൽ’ എന്നാണ്. എന്താണ് ഇടുങ്ങിയ വാതിൽ എന്നതുകൊണ്ട് ഈശോ അർത്ഥമാക്കുന്നത്? ഈ സുവിശേഷഭാഗം വായിയ്ക്കുമ്പോൾ എന്നെ എന്നും അത്ഭുതപ്പെടുത്തുന്ന ചോദ്യമിതാണ്: “ഈശോയ്ക്ക് ഈ expression എവിടെനിന്ന് കിട്ടി?”
വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ ജെറുസലേം ദൈവത്തിന്റെ രക്ഷയുടെ പട്ടണമാണ്; ദൈവത്തിന്റെ രക്ഷയുടെ പ്രതീകമാണ്; ദൈവത്തിന്റെ രക്ഷയുടെ നീർച്ചാൽ പെട്ടിപ്പുറപ്പെടുന്നത് ജറുസലേമിൽ നിന്നാണ്. പട്ടണങ്ങളിലും ഗ്രാമങ്ങളിലും, ചുറ്റി സഞ്ചരിച്ച ഈശോ ജെറുസലേമിനെ ലക്ഷ്യമാക്കിയുള്ള തന്റെ യാത്രയുടെ തുടക്കത്തിലാണ് ഒരുവന്റെ ചോദ്യം? “കർത്താവേ, രക്ഷ പ്രാപിക്കുന്നവർ ചുരുക്കമാണോ?” ചോദ്യത്തിനുള്ള ഉത്തരം പറയാതെ ഈശോ അവന് പറഞ്ഞുകൊടുക്കുന്നത് രക്ഷയിലേക്കുള്ള വഴിയാണ്; അതിന്റെ സ്വഭാവമാണ്; അതിന്റെ നീളവും വീതിയുമാണ്. മാത്രമല്ല, ഈ വഴിയിലൂടെ, വാതിലിലൂടെ കടന്നുവരുന്നവർക്ക് മാത്രമേ, രക്ഷയിലേക്ക് പ്രവേശിക്കുവാൻ സാധിക്കുകയുള്ളു എന്നും ഈശോ അവന് പറഞ്ഞുകൊടുക്കുകയാണ്.
ഇങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഈശോ, എന്ന് തോന്നും ഈശോയുടെ ഈ Answer ഉം അതിന്റെ Explanation നും കേട്ടാൽ. അതങ്ങനെത്തന്നെയാണ്. കാരണം ലോകത്തിന് രക്ഷ നൽകുവാൻ വന്ന ഈശോയ്ക്ക്, ആ രക്ഷയിലേക്കുള്ള വഴിയെപ്പറ്റി ലോകത്തോട് പറയുവാൻ ഇതില്പരം നല്ലൊരു അവസരം എവിടെനിന്ന് കിട്ടാനാണ്! രക്ഷയിലേക്കുള്ള വഴിയെന്താണ്, അതിന്റെ സ്വഭാവമെന്താണ്, അതിലൂടെ പ്രവേശിക്കുന്നതിന് മാനദണ്ഡങ്ങൾ എന്തൊക്കെയാണ്? ആരൊക്കെ അതിലൂടെ പ്രവേശിക്കും, ആരൊക്കെ അതിലൂടെ പ്രവേശിക്കുകയില്ല …എന്നിങ്ങനെ എല്ലാ കാര്യങ്ങളും വിശദമായിത്തന്നെ ഈശോ പറയുകയാണ്.
ഈശോ ഈ ലോകത്തിലേക്ക് വന്നത് മാനവകുലത്തെ, നമ്മെ രക്ഷിക്കുന്നതിനായിട്ടാണ് എന്ന് ദൈവവചനം സംശയലേശ്യമെന്യേ നമ്മെ പഠിപ്പിക്കുന്നുണ്ട്. വിശുദ്ധ ലൂക്കായുടെ സുവിശേഷം ആരംഭത്തിൽ തന്നെ പ്രഖ്യാപിക്കുന്നു: ” ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു”. (ലൂക്ക 2, 10) ഈശോ നൽകുന്നതും ഈ രക്ഷയാണ്. സക്കേവൂസിന്റെ ഭവനത്തിൽ പ്രവേശിച്ച ഈശോ എന്താണ് പറയുന്നത്? ” ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു”. (ലൂക്ക 19, 9) വിശുദ്ധ യോഹന്നാൻ പറയുന്നത്, ” ദൈവം തന്റെ പുത്രനെ ഈ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല അവൻ വഴി ലോകം രക്ഷ പ്രാപിക്കാനാണ്”. (3, 17) പിന്നീട് കാലം കുറെ കഴിഞ്ഞപ്പോൾ, അഹന്തയുടെ കുതിരപ്പുറത്തു ക്രിസ്ത്യാനികളെ കൊന്നൊടുക്കാൻ, ക്രിസ്തുവിനെ ഇല്ലായ്മചെയ്യാൻ പുറപ്പെട്ട സാവൂൾ പൗലോസായപ്പോൾ, ക്രിസ്തുവിന്റെ അപ്പസ്തോലനായപ്പോൾ വിളിച്ചുപറയുന്നതും ഇത് തന്നെ. ” യേശു ക്രിസ്തു ലോകത്തിലേക്ക് വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും, തികച്ചും സ്വീകാര്യവുമാണ്.” (1 തിമോ 1, 15)
അങ്ങനെ രക്ഷ നൽകാൻ വന്ന ക്രിസ്തുവിനോട് “രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ”? എന്ന് ചോദിക്കുമ്പോൾ അയാൾക്ക് ഒരു കാര്യം ഉറപ്പാണ്, ക്രിസ്തു രക്ഷ നൽകാൻ വന്നവനാണെന്നത്. എന്നാൽ ആരെല്ലാം രക്ഷ പ്രാപിക്കും? അതിനുള്ള വാതിലേത്? അതെങ്ങനെയിരിക്കും? എല്ലാവരും രക്ഷ പ്രാപിക്കുമോ? എന്നൊക്കെയാണ് അയാൾക്ക് അറിയേണ്ടത്. അതുകൊണ്ടു തന്നെ രക്ഷയെക്കുറിച്ചു ഈശോ പറയുന്നില്ല. രക്ഷ പ്രാപിക്കേണ്ട വാതിലിന്റെ സ്വഭാവത്തെക്കുറിച്ചും, അതിലൂടെ പോയാലേ രക്ഷപ്രാപിക്കുവാൻ സാധിക്കുകയുള്ളു എന്നും, അതിലൂടെ പോകുന്നവർക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ചുമാണ് ഈശോ പറയുന്നത്. മാത്രമല്ല, ഈ വാതിലിലൂടെ പോയാൽ ദൈവത്തിന്റെ അനുഗ്രഹത്തോടെ, സംരക്ഷണത്തോടെ രക്ഷയിലേക്കു എത്തിച്ചേരാനും സാധിക്കുമെന്ന് ഈശോ പറയുന്നു.

വാതിലുകൾ പലതരത്തിലുണ്ട്. ഒന്നാമതായി, വിശാലമായ വാതിലുകൾ!! വിശാലമായ വാതിൽ കടക്കുവാനാണ് തീരുമാനിക്കുന്നതെങ്കിൽ ചെന്നെത്തുന്നത് വളരെ ആരവം നിറഞ്ഞ, ബഹളം നിറഞ്ഞ സാഹചര്യത്തിലേക്കായിരിക്കും. പക്ഷെ, അവിടെ നിങ്ങളുടെ മൂല്യങ്ങളെല്ലാം തകർക്കപ്പെടും. ധാരാളം സുഖങ്ങൾ കണ്ടെത്താം. നിങ്ങളുടെ ഏതു ലക്ഷ്യവും നേടാം. അതിനായി എന്ത് മാർഗവും സ്വീകരിക്കാം. 1978 ലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ ഡെങ് സിയാവോ പിങ് പറഞ്ഞപോലെ, “പൂച്ച കറുത്തതായാലും, വെളുത്തതായാലും കുഴപ്പമില്ല. എലിയെ പിടിച്ചാൽ മതി”. ഇതായിരിക്കും ഇവിടുത്തെ നീതി. സ്വർണക്കടത്തിന്റെ വഴി സ്വീകരിക്കാം. എതിരാളികളെ കൊന്നു തള്ളുന്നതിൽ രാഷ്ട്രീയ നീതി കണ്ടെത്താം. പണത്തിന്റെ അഹന്തയിൽ കാലിനടിയിൽ ചതഞ്ഞരയുന്നവരെ കാണേണ്ടതില്ല. സ്വന്തം പ്രസ്ഥാനം തകർന്നടിഞ്ഞ് വേരറ്റു പോയതിന്റെ കഥകൾ ടിവിയിലൊക്കെ നിറഞ്ഞു നിൽക്കുമ്പോഴും ഇംഗ്ലണ്ടിലെ കത്തോലിക്കാ പള്ളികൾ വിൽക്കാൻ വച്ചിരിക്കുകയാണെന്ന് വിളിച്ചുപറയാം. സ്വന്തം ജനങ്ങൾ മണിപ്പൂർ പോലുള്ള സ്ഥലങ്ങളിൽ പിടഞ്ഞുവീഴുമ്പോൾ, വംശഹത്യയിലൂടെ ഇല്ലാതാകുമ്പോൾ ഒന്നും മിണ്ടാതെ വിദേശ ടൂറിന് പോകാം. അതിനെയൊക്കെ ന്യായീകരിക്കാം. ഇവിടെ എന്റെ സംസാരം, പെരുമാറ്റം ആരെ വേദനിപ്പിച്ചാലും കുഴപ്പമില്ല. എനിക്ക് സുഖിക്കണം, വളരണം, വലുതാകണം. പക്ഷെ അന്ത്യം ദാരുണമായിരിക്കും.
രണ്ടാമത്തേത് തുറന്നു കിടക്കുന്ന വാതിലുകൾ. രണ്ടാമത്തെ വാതിൽ കടന്നു ചെല്ലുന്നത് അന്ധകാരത്തിലേക്കായിരിക്കും. ആരോടും, അനുരഞ്ജനപെടാതെ നിങ്ങളുടെ മാളങ്ങളിൽ ജീവിക്കാം. എല്ലാവരോടും പകയോടെ ജീവിച്ചു നിങ്ങളെ തന്നെ ഇരുട്ടിലേക്ക് തള്ളാം. അയൽവക്കക്കാരോട് പിണങ്ങിയിരിക്കുന്നതിൽ ഒരുതരത്തിലുള്ള മനസ്സുഖം അനുഭവിക്കാം. കുടുംബസ്വത്തിന്റെ പേരിൽ കലഹിക്കാം; വേണമെങ്കിൽ സ്വന്തം സഹോദരനെയോ, സഹോദരിയെയോ, മാതാപിതാക്കളെത്തന്നെ കോടതികയറ്റാം. ഇത്തരത്തിലുള്ള വാതിലുകൾ കടക്കുവാൻ എളുപ്പമാണെങ്കിലും എപ്പോഴും അവയുടെ മുൻപിൽ നീണ്ട ക്യൂ ആയിരിക്കും.. ആളുകളുടെ തിരക്കായിരിക്കും. ഈ വാതിലുകൾ എപ്പോഴും തുറന്നേ കിടക്കൂ.
മൂന്നാമത്തേത് കടന്നു ചെല്ലുന്നത് രക്ഷയിലേക്കായിരിക്കും. പക്ഷെ വാതിൽ വളരെ ചെറുതാണ്. ഒരാൾക്ക് കഷ്ടിച്ചു കടന്നുപോകാവുന്ന വാതിൽ. ഈ വാതിൽ എപ്പോഴും തുറക്കുകയില്ല. തുറക്കപ്പെടുന്ന സമയത്തു് ചെന്നാൽ വാതിലിലൂടെ കടക്കാം. അടയ്ക്കപ്പെട്ടാൽ പിന്നെ തുറന്നു കിട്ടുക എപ്പോഴെന്നു പറയാനാകില്ല. എന്നാൽ ഇവിടെ തിരക്ക് കുറവായിരിക്കും. എല്ലാവരോടും അനുരഞ്ജനപ്പെട്ട്, ക്ഷമിച്ചു, മറക്കാനും പൊറുക്കാനും തയ്യാറായി ചെല്ലുമ്പോൾ, ആ വാതിലിലൂടെ കടക്കാനുള്ള ശാരീരിക രൂപം നിങ്ങൾക്ക് കിട്ടും. അഹന്തയുടെ, സ്വാർത്ഥതയുടെ, വെറുപ്പിന്റെ പൊണ്ണത്തടിയുമായി ചെന്നാൽ, ego യുടെ മസിലും പെരുപ്പിച്ചു ചെന്നാൽ കടന്നുപോകാനാകില്ല. ഈ ഭൂമിയിലെ നിന്റെ മഹത്വങ്ങൾ പറഞ്ഞ്, നീ അത് ചെയ്തു, ഇത് ചെയ്തു, ക്രിസ്തുവിന്റെ നാമത്തിൽ ആളുകൾക്ക് ഭക്ഷണം കൊടുത്തു, വീട് നിർമിച്ചു നൽകി എന്നൊക്കെയുള്ള സർട്ടിഫിക്കറ്റുകളുടെ അലങ്കാരങ്ങളുമായി ചെന്നാൽ, വാതിൽ ചെറുതാണേ, കടന്നുപോകാൻ പറ്റില്ല.
ഇതാണ് വാതിലുകളുടെ സ്വഭാവ സവിശേഷതകൾ. വാതിലിന്റെ നിറം പ്രശ്നമല്ല; എന്തുകൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്നും പ്രശ്നമല്ല; ആരാണ് നിർമിച്ചതെന്നതും പ്രശ്നമല്ല. പക്ഷേ, വാതിലിന്റെ വലിപ്പം….!! അതുകൊണ്ട്, ഈശോ പറയുന്നു, നന്മയിലേക്ക്, രക്ഷയിലേക്ക്, വിജയത്തിലേക്ക് ഉള്ള വാതിലുകൾ എന്നും ഇടുങ്ങിയതായിരിക്കും.
പ്രപഞ്ചത്തെ ഒന്ന് വീക്ഷിക്കൂ…മനോഹരമായതെന്തും ഫലപ്രദമായതെന്തും ഈ ഭൂമിയിലേക്ക് കടന്നുവരുന്നത് വളരെ ക്ലേശം നിറഞ്ഞ പ്രയത്നത്തിലൂടെയാണ്. ഒരു പുതു നാമ്പ്, വിടർന്നു നിൽക്കുന്ന ഒരു പൂവ്, ഫലം ചൂടി നിൽക്കുന്ന ഒരു വൃക്ഷം – ചോദിച്ചു നോക്കൂ അവർ കടന്നു വന്ന വാതിലുകളെക്കുറിച്ച്! അവർക്കു പറയാനുള്ളത് ഇടുങ്ങിയ വാതിലുകളുടെ കഥകളായിരിക്കും. ആത്മാർത്ഥമായി പഠിക്കുന്ന ഒരു വിദ്യാർത്ഥി SSLC ക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി വിജയിക്കുമ്പോൾ, അവൾ/ അവൻ ഓർക്കുക, ഉറക്കമിളച്ചിരുന്ന് പഠിച്ച രാവുകളെയും, ഉത്സാഹപൂർവ്വം പഠിച്ച മണിക്കൂറുകളെയും ആയിരിക്കില്ലേ? ഇനി, നമ്മുടെ തന്നെ നേട്ടങ്ങളെക്കുറിച്ചു, വിജയങ്ങളെക്കുറിച്ചു, നമ്മുടെ കുടുംബത്തിന്റെ വളർച്ചയെക്കുറിച്ചു ഓർത്താലും കടന്നുവന്ന ഇടുങ്ങിയ വാതിലുകളുടെ കഥകളായിരിക്കും നമുക്കും പറയാനുണ്ടാവുക. മഹാകവി ഉള്ളൂർ തന്റെ “നവയുഗോദയം” എന്ന കവിതയിൽ ജലത്തിന്റെയും, സ്വർണത്തിന്റെയും ഇടുങ്ങിയ വാതിലുകളെക്കുറിച്ച് പാടുന്നുണ്ട്. “പാറയ്ക്കുമേൽ തട്ടിയുടഞ്ഞുവേണം/ പാനാർഹമായി സരിതാംബു തീരാൻ / ഇരുട്ട് തിങ്ങും ഖനി വിട്ടുവേണം / ഹീരം നൃപൻ തൻ മകുടത്തിൽ മിന്നാൻ.” ഇടുങ്ങിയ വാതിലുകളാണ് എന്നും നമ്മെ മഹത്വത്തിലേക്കു നയിക്കുക. ഈ പ്രപഞ്ചത്തിലുള്ള സർവ്വതും ഓരോ നിമിഷവും തിരഞ്ഞെടുപ്പിന്റെ, തീരുമാനത്തിന്റെ വാതിലുകളിലൂടെയാണ് കടന്നുപോകുന്നത്.
സ്നേഹമുള്ളവരേ, നമ്മുടെ ജീവിതം തീരുമാനങ്ങളുടെ, തിരഞ്ഞെടുപ്പുകളുടെ ആകത്തുകയാണ്. ജീവിതത്തിന്റെ ഓരോ നിമിഷവും എത്രയോ തീരുമാനങ്ങളാണ് നാം എടുക്കുന്നത്? എത്രയോ തിരഞ്ഞെടുപ്പുകളാണ് നമ്മുടെ മുൻപിൽ എത്തുന്നത്. ഓരോ Choice ഉം ഓരോ വാതിലാണ്. ഓരോ Decision ഉം ഓരോ വാതിൽ ആണ്. മണിപ്പൂരിലെ ക്രൈസ്തവർ തങ്ങൾക്കെതിരെയുണ്ടാകുന്ന അക്രമങ്ങളെ ക്രിസ്തുവിന്റെ സഹനങ്ങളോട് ചേർത്ത് സഹിക്കുവാൻ തീരുമാനിക്കുന്നതുകൊണ്ട് ഇന്നും അവർ ഇടുങ്ങിയവാതിലിലൂടെ കടന്നുപോകുകയാണ്. രോഗങ്ങളെയും, തകർച്ചകളെയും, ദൈവഹിതമായി സ്വീകരിക്കുന്നവരെല്ലാം, ജീവിതത്തിന്റെ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കുന്നവരാണ്. ശരിയായ തീരുമാനമെടുക്കുവാൻ നമുക്കാകണം. ശരിയായ വാതിൽ കണ്ടെത്താനാകണം. ശരിയായ വാതിൽ ക്രിസ്തുവാണ്. മറ്റ് വാതിലുകൾ നാശത്തിലേക്കുള്ളതാണ്. ക്രിസ്തുവാകുന്ന വാതിൽ രക്ഷയിലേക്കുള്ളതാണ്.
നമ്മുടെ തിരഞ്ഞെടുപ്പിന്റെ, തീരുമാനത്തിന്റെ സമയത്തെ കൃപ നിറഞ്ഞതാക്കുവാൻ തീർച്ചയായും ദൈവം നമ്മോടൊപ്പമുണ്ടാകും. ഇടുങ്ങിയ വാതിലുകളെ, വലിപ്പമുള്ളതാക്കുവാനല്ല, അതിലൂടെ കടക്കുവാനുള്ള തീരുമാനത്തിന്റെ സമയത്തെ പ്രാസാദവരത്താൽ നിറയ്ക്കുവാൻ ദൈവം നമ്മോടൊപ്പമുണ്ടാകും. അവിടന്ന് തന്റെ മാലാഖമാരെ നമ്മുടെ അടുത്തേക്ക് അയയ്ക്കും. ഈശോയുടെ ജനന സമയം ഈശോയ്ക്കും, യൗസേപ്പിതാവിനും, മാതാവിനും ഇടുങ്ങിയ വാതിലുകളായിരുന്നു. എന്താണവിടെ സംഭവിച്ചത്? ദൈവം തന്റെ മാലാഖമാരെ അയച്ചു. സത്രത്തിൽപോലും സ്ഥലം ലഭിക്കാതെ തെരുവിൽ അലഞ്ഞു നടന്ന യൗസേപ്പിതാവിനും, മാതാവിനും, വൈയ്ക്കോലിന്റെ വേദനയിൽ, ഭൂമി സൃഷ്ടിച്ചവന് ഭൂമിയിൽ ഇടം ലഭിക്കാതിരുന്നതിന്റെ വേദനയിൽ കിടന്ന ഈശോയ്ക്കും സംരക്ഷണമായി മാലാഖമാർ എത്തിയില്ലേ? മരുഭൂമിയിൽ 40 ദിവസത്തെ ഉപവാസം കഴിഞ്ഞു പരീക്ഷണത്തിന്റെ ഇടുങ്ങിയ വഴികളിലൂടെ കടന്നുപോയപ്പോൾ ദൈവത്തിന്റെ സംരക്ഷണമായി മാലാഖമാർ വന്നില്ലേ? വചനം പറയുന്നു: “ദൈവ ദൂതന്മാർ അടുത്ത് വന്നു അവനെ ശുശ്രൂഷിച്ചു”. ഗെത്സമേൻ തോട്ടത്തിൽ രക്തം വിയർക്കേ വേദനിച്ച, അസ്വസ്ഥതയുടെ, ഒറ്റപ്പെടലിന്റെ ഇടുങ്ങിയ വഴികളിലൂടെ കടന്നുപോയ ക്രിസ്തുവിന്റെ വഴികളിൽ മാലാഖ വന്നില്ലേ?
വരും, സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിന്റെ ഇടുങ്ങിയ വാതിലുകൾക്കു മുൻപിൽ പകച്ചു നിൽക്കുമ്പോഴും ദൈവത്തിന്റെ സംരക്ഷണത്തിന്റെ, കൃപയുടെ, അനുഗ്രഹത്തിന്റെ മാലാഖമാർ വരും. എന്ത് ചെയ്യണം? നമ്മെത്തന്നെ ഒരുക്കണം. ജാഗ്രതയോടെ, നന്മയിൽ, അഹങ്കാരം വെടിഞ്ഞു അവിടുത്തെ സംരക്ഷണയിൽ കഴിയാൻ നാം യോഗ്യതയോടെ വ്യാപാരിക്കണം.
ഒരിക്കൽ വേദപാഠ ക്ലാസ്സിൽ അദ്ധ്യാപകൻ അബ്രാഹം ഇസഹാക്കിനെ ബലികഴിക്കുന്ന സംഭവം വളരെ നാടകീയമായി അവതരിപ്പിക്കുകയായിരുന്നു. അബ്രാഹവും കുട്ടിയും മോറിയാമലയിലേക്കു വരുന്നതും, വിറകടുക്കി വച്ച് കുട്ടിയെ അതിന്മേൽ കെട്ടുന്നതും കത്തിയെടുക്കുന്നതും ഒക്കെ അവിടെ നടക്കുന്നതുപോലെ തന്നെ അദ്ദേഹം പറയുകയാണ്. അദ്ദേഹം പറഞ്ഞു: അബ്രാഹം താൻ ഉയർത്തിയ കത്തി കുഞ്ഞിന്റെ ഇളം കഴുത്തിലേക്ക് താഴ്ത്തിയപ്പോൾ സ്വർഗത്തിൽ നിന്ന് ഒരു മാലാഖ വന്നു പറഞ്ഞു: “അരുത്”.
പെട്ടെന്ന് ക്ളാസിലുണ്ടായിരുന്ന ഒരു പെൺകുട്ടി വാവിട്ടു കരഞ്ഞു. അപ്പോൾ അദ്ധ്യാപകൻ ചോദിച്ചു: “കരയാനെന്തിരിക്കുന്നു? മാലാഖ വന്നില്ലേ? കുഞ്ഞിനെ രക്ഷിച്ചില്ലേ?” കരച്ചിലിനിടയിൽ ആ പെൺകുട്ടി പറഞ്ഞു: “മാലാഖ വരാൻ അല്പം വൈകിയിരുന്നെങ്കിലോ?” ആ അദ്ധ്യാപകൻ ഒന്ന് പുഞ്ചിരിച്ചിട്ടു പറഞ്ഞു: ” മാലാഖമാർ ഒരിക്കലും വൈകാറില്ല. കാരണം, ദൈവമാണ് അവരെ അയയ്‌ക്കുന്നത്. അതുകൊണ്ടാണ് അവരെ മാലാഖമാർ എന്ന് വിളിക്കുന്നത്. A timely intervention of God – അതാണ് മാലാഖമാർ.
ഇടുങ്ങിയ വാതിലിലൂടെ കടക്കുവാൻ നമുക്കാകട്ടെ. പലതരത്തിലുള്ള വാതിലുകൾ, തീരുമാനങ്ങൾ, തിരഞ്ഞെടുപ്പുകൾ നമ്മുടെ മുന്പിലങ്ങനെ നിൽക്കും. ഏതാണ് രക്ഷയിലേക്കുള്ള വാതിൽ എന്ന് ഈശോ നമ്മെ പഠിപ്പിക്കുകയാണ്. ജീവിതത്തിന്റെ തകർച്ചയുടെ, മഹാമാരിയുടെ, ദാമ്പത്യ കുടുംബ ബന്ധങ്ങളുടെ തകർച്ചയുടെ, സാമ്പത്തിക ഞെരുക്കത്തിന്റെ കാലഘട്ടങ്ങളിൽ നാമെടുക്കുന്ന തീരുമാനങ്ങളിൽ കൃപയുടെ നിറവുണ്ടാകുവാൻ ഈശോ ഇപ്പോൾ നമ്മെ അനുഗ്രഹിക്കുകയാണ്. ദുരന്തങ്ങളിലേക്ക്, അന്ധകാരത്തിലേക്ക് തുറക്കപ്പെടുന്ന വാതിലുകളിലൂടെ

കടക്കുവാൻ ദൈവമേ ഞങ്ങൾക്ക് ഇടയാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. രക്ഷയുടെ വാതിലിലൂടെ കടക്കുവാൻ ഈശോയെ എന്നെ കൈപിടിച്ച് നടത്തണമേ. ആമേൻ!