കൈത്താക്കാലം ആറാം ഞായർ
ലൂക്ക 17,11-19

കൈത്താക്കാലത്തിന്റെ ആറാം ഞായറാഴ്ചയാണിന്ന്. നിങ്ങൾക്കറിയാവുന്നതുപോലെ, കൈത്താക്കാലത്തിന്റെ ചൈതന്യം തന്നെ അപ്പസ്തോലന്മാരിലൂടെ, അതിനുശേഷമുള്ള സഭയുടെ പ്രവർത്തനങ്ങളിലൂടെ ദൈവം നമ്മുടെമേൽ സമൃദ്ധിയായി ചൊരിഞ്ഞ, ചൊരിഞ്ഞുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾക്ക് നന്ദിപറയുകയെന്നുള്ളതാണല്ലോ. അതുകൊണ്ടുതന്നെ, ഈ ഞായറാഴ്ച്ചത്തെ ദൈവവചന സന്ദേശം ദൈവം നൽകുന്ന ഓരോ അനുഗ്രഹത്തിനും നന്ദിയുള്ളവരാകുക എന്നതാണ്.
ഒരു ഗ്രാമത്തിലെ പാതയോരമാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ പശ്ചാത്തലം. അപ്പസ്തോലർക്ക് വളരെ പ്രധാനപ്പെട്ട ചില ഉപദേശങ്ങൾ കൊടുത്തതിനു ശേഷം ഈശോയാകട്ടെ ജെറുസലേമിലേക്കുള്ള യാത്രയിലും. അവിടെ, വളരെ അകലെ മാറി നിന്നിരുന്ന പത്തു കുഷ്ഠരോഗികൾ സ്വരമുയർത്തി “യേശുവേ, ഗുരോ, ഞങ്ങളിൽ കനിയണമേ” എന്നപേക്ഷിക്കുന്നതാണ് രംഗം.
ജെറുസലേം ദൈവത്തിന്റെ രക്ഷയുടെ സ്ഥലമാണ്, പ്രത്യേകിച്ചും ലൂക്കാ സുവിശേഷകന്. ദൈവം തന്റെ രക്ഷ മനുഷ്യകുലത്തിന് നൽകുമ്പോൾ ദൈവം തിരഞ്ഞെടുത്ത ജനത സ്വീകരിക്കുന്ന മനോഭാവം എന്തായിരിക്കുമെന്ന ഒരു സൂചന ഈ സംഭവം നൽകുന്നുണ്ട്. മാത്രമല്ല, ദൈവത്തിന്റെ രക്ഷയോട് വിജാതീയർ സ്വീകരിക്കുന്ന മനോഭാവം എന്തായിരിക്കുമെന്നും ഈ സംഭവം പറഞ്ഞുതരുന്നുണ്ട്. വീണ്ടും, ദൈവത്തിന്റെ രക്ഷയോട് ഇന്ന് വചനം ശ്രവിക്കുന്ന നാം സ്വീകരിക്കേണ്ട മനോഭാവം എന്താണെന്നും ഈ സംഭവം പ്രഘോഷിക്കുന്നുണ്ട്. ഇസ്രായേൽ ജനം ദൈവത്തിന്റെ രക്ഷ തിരസ്കരിച്ചപോലെ നാമും ചെയ്യാതിരിക്കുവാനുള്ള ഒരു മുന്നറിയിപ്പാണ് ഇന്നത്തെ സുവിശേഷം. സമരിയാക്കാരൻ തിരികെ വന്ന് ദൈവത്തെ മഹത്വപ്പെടുത്തിയപോലെ നാമും ദൈവത്തിന്റെ രക്ഷക്ക്, ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവം നൽകുന്ന പരിപാലനക്ക് നന്ദി പറയുന്നവരാകണം എന്ന ഉപദേശമാണ് ഇന്നത്തെ സുവിശേഷം.
ഭൂമിശാസ്ത്രപരമായ ഒരു തെറ്റ് ഈ സുവിശേഷഭാഗത്തുണ്ട്. ‘സമരിയായ്ക്കും ഗലീലിക്കും മദ്ധ്യേ’ ഈശോ കടന്നു പോകുകയായിരുന്നു എന്നാണു വചനം പറയുന്നത്. എന്നാൽ സമരിയായും ഗലീലിയും അതിർത്തി പങ്കിടുന്ന രണ്ടു ഗ്രാമങ്ങളാണ്. അതായത് ജറുസലേമിലേക്കുള്ള യാത്രയിൽ ആദ്യം സമറിയാ, പിന്നീട് ഗലീലി. അവയ്ക്കിടയിൽ ഒരു ഗ്രാമമില്ല. അതുകൊണ്ടു ഈശോ പ്രവേശിച്ച ഗ്രാമം സമറിയാ ആയിരുന്നിരിക്കണം.
ആരൊക്കെയാണ് ഈ പത്തു കുഷ്ഠരോഗികൾ? കൃത്യമായി അവരാരൊക്കെയാണ് എന്ന് ഇവിടെ വ്യക്തമല്ല. എന്നാൽ, ഈശോയുടെ, ‘ഈ വിജാതീയനല്ലാതെ’ എന്ന പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത് ബാക്കി ഒൻപതുപേർ യഹൂദരായിരുന്നിരിക്കണം എന്നാണ്.
ഇവിടെ അല്പം ചരിത്രം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ക്രിസ്തുവിനു മുൻപ് എട്ടാം നൂറ്റാണ്ടിൽ ഇസ്രായേലിന്റെ പത്തു ഗോത്രങ്ങൾ താമസിച്ചിരുന്നത് സമരിയായിലാണ്. അപ്പോഴാണ് അസ്സീറിയാക്കാർ അവരെ ആക്രമിക്കുകയും ബന്ദികളായി അടിമത്തത്തിലേക്കു കൊണ്ടുപോകുകയും ചെയ്തത്. ഈ കാലഘട്ടത്തിൽ ധാരാളം വിജാതീയർ സമരിയായിൽ വന്നു താമസിച്ചു. പിന്നീട് ഇസ്രായേൽക്കാർ തിരിച്ചെത്തിയപ്പോൾ വിജാതീയരുമായി ഇടകലർന്നു ജീവിച്ചു. അങ്ങോട്ടും ഇങ്ങോട്ടും വിവാഹങ്ങൾ നടത്തുകയും സംസ്കാരങ്ങൾ പങ്കിടുകയും ചെയ്തു. അങ്ങനെയാണ് സമരിയായിൽ യഹൂദരും വിജാതീയരും ഉൾക്കൊള്ളുന്ന ഒരു സമൂഹം ഉണ്ടായത്. അതുകൊണ്ടു തന്നെ ഈ പത്തു പേരിൽ ഒന്പതുപേർ യഹൂദരാകാം.
ഇതോടൊപ്പം തന്നെ, യഹൂദരോടും, വിജാതീയരോടുമുള്ള ഈശോയുടെ സമീപനവും നാം മനസ്സിലാക്കുന്നത് നല്ലതാണ്. ഇസ്രായേൽ ജനത്തോടു ഒരു വിമർശനാത്മകമായ സമീപനമായിരുന്നു ഈശോയുടേത്. കാരണം, ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരാണ് തങ്ങൾ എന്ന ഒരു ഹുങ്ക് അവർക്കുണ്ടായിരുന്നു. നിയമം അനുഷ്ഠിക്കൽ മതി രക്ഷപ്പെടും എന്ന ചിന്തയും അവർ പുലർത്തിയിരുന്നു. അതിനാൽ തന്നെ, കരുണയും സ്നേഹവും അവരിൽ നിന്ന് അകന്നു നിന്നു. എന്നാൽ വിജാതീയരോട് കരുണാപൂർണമായിരുന്നു ഈശോ ഇടപെട്ടത്. മാത്രമല്ല, അവരെ പുകഴ്ത്താനും അവസരം കിട്ടുമ്പോൾ ഈശോ മടിച്ചില്ല. നല്ല സമരായൻ, (ലൂക്ക 10, 25-), സമരായക്കാരി (യോഹ 4, 1-), ഇന്നത്തെ സുവിശേഷ ഭാഗത്തിലെ വിജാതീയൻ – എല്ലാവരെയും ഈശോ ഹീറോസ് ആയിട്ടാണ് അവതരിപ്പിക്കുന്നത്.
പത്തു കുഷ്ഠരോഗികളും അകലെ നിന്നവരായിരുന്നു. കുഷ്ഠ രോഗികളായതുകൊണ്ടു നിയമനുസരിച്ചു അവർ അകലെ നിൽക്കണമായിരുന്നു. സമൂഹത്തിൽ നിന്ന് അവരെ മാറ്റി നിർത്തിയിരുന്നു. പുരോഹിതന്മാർക്കായിരുന്നു അവരെ തിരികെ സ്വീകരിക്കുവാനും തിരസ്ക്കരിക്കുവാനും അവകാശമുണ്ടായിരുന്നത്.
ഈശോയോടു അപേക്ഷിച്ചപ്പോൾ പുരോഹിതനെ കാണിച്ചുകൊടുക്കുവിൻ എന്ന് പറഞ്ഞപ്പോൾ, അതിൽ വിശ്വസിച്ച് അവർ പോയി എന്നത് ക്രിസ്തുവിലുള്ള അവരുടെ വിശ്വാസമാണ് കാണിക്കുന്നത്. അതിന് അവർക്കു പ്രതിഫലം കിട്ടി. “പോകും വഴി അവർ സുഖം പ്രാപിച്ചു.”
എന്നാൽ, അതിനോടുള്ള അവരുടെ മനോഭാവം ഈശോയെ ഞെട്ടിച്ചു കാണണം. ഒൻപതു യഹൂദർ വിചാരിച്ചു കാണും ഈ സൗഖ്യം തങ്ങളുടെ അവകാശമാണെന്ന്; ഈ സൗഖ്യം തങ്ങൾ നേടിയെടുത്തതാണെന്ന്; ഈ സൗഖ്യം തങ്ങളുടെ സ്വരമുയർത്തിയുള്ള വിളിയുടെ ഫലമാണെന്ന്. വിളിക്കും മുൻപേ ഉത്തരമരുളുന്ന, ചോദിക്കും മുൻപേ നമ്മെ കേൾക്കുന്ന (ഏശയ്യാ 65, 24) ഒരു ദൈവത്തെയാണ് അവർ ഈശോയിൽ കണ്ടത്.
എന്നാൽ, വിജാതീയൻ ഉടൻ തന്നെ മനസ്സിലാക്കി താൻ സൗഖ്യം പ്രാപിച്ചിരിക്കുന്നു. ഇത് ദൈവത്തിന്റെ പ്രവർത്തിയാണ്. ഇതെനിക്ക് നല്കപ്പെട്ടതാണ്. ഇത് ദൈവത്തിന്റെ മഹാ അത്ഭുതമാണ്. അയാൾ തിരികെ വന്നു ഈശോയുടെ കാൽക്കൽ വീണു നന്ദി പറഞ്ഞു. അങ്ങനെ ദൈവത്തെ മഹത്വപ്പെടുത്തി.
സ്നേഹമുള്ളവരേ, ഈ വിജാതീയന്റെ മനോഭാവത്തിലേക്ക്, ആധ്യാത്മികതയിലേക്ക് ഈശോ നമ്മെ ക്ഷണിക്കുകയാണ്. നല്കപ്പെട്ടിട്ടുള്ളവയോടെല്ലാം നന്ദിയുള്ളവരാകുക. അപ്പോൾ കൂടുതൽ നമുക്ക് ലഭിക്കും. ഇല്ലാത്തതിനെ ഓർത്തു നാം അസന്തുഷ്ടരാണെങ്കിൽ ഒരിക്കലും നമുക്ക് മതിയാകില്ല. ഇന്ന് നാം കേൾക്കുന്ന അഴിമതിക്കഥകളൊക്കെ നമ്മോടു പറയുന്നത് മനുഷ്യർ അസന്തുഷ്ഠരും അതൃപ്തരുമാണെന്നല്ലേ? അസന്തുഷ്ടരും അതൃപ്തരുമായവരൊക്കെ നന്ദിയില്ലാത്തവരാണ്. ജർമൻ ചിന്തകനായ മാർട്ടിൻ ഹൈഡഗ്ഗർ (Martin Heidegger) പറയുന്നത്, നന്ദി പറയുകയെന്നാൽ, അതിനെപ്പറ്റി ചിന്തിക്കുകയെന്നാണ്. നമുക്ക് നൽകുന്നവരെ, നമ്മെ സഹായിക്കുന്നവരെ, നമ്മോട് കരുണകാണിക്കുന്നവരെ നാം ഓർക്കണം. അവരിലൂടെ ലഭിച്ച എണ്ണമറ്റ നന്മകൾക്ക് നന്ദിയുള്ളവരാകണം. അവർ നമ്മുടെ ജീവിതത്തെ നനച്ചു വളർത്തുന്ന, വിടരാൻ സഹായിക്കുന്ന തോട്ടക്കാരാണ്.
ഒരിക്കൽ പൂനാ യൂണിവേഴ്സിറ്റിയിൽ നിന്ന് തിരികെ വീട്ടിലേക്കു പോകുന്നവഴി റോഡരികിലുള്ള സെന്റ് പാട്രിക് ചർച്ചിൽ കുറച്ചു സമയം ചിലവഴിക്കുവാൻ കയറി. ഞാൻ ചെല്ലുമ്പോൾ ഒരു സ്ത്രീയും അവരുടെ പതിനാലു വയസ്സ് തോന്നിക്കുന്ന മകനും മാത്രമേ പള്ളിയിൽ ഉണ്ടായിരുന്നുള്ളു. ഞാൻ വന്നത് അവർ അറിഞ്ഞില്ലെന്ന് തോന്നുന്നു. അല്പം കഴിഞ്ഞപ്പോൾ അവർ ഒരു ഗാനം പതിയെ പാടാൻ തുടങ്ങി. (എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് തന്നെ) അതൊരു മലയാള ഗാനമായിരുന്നു. അവർ പാടി: “ദൈവസ്നേഹം വർണിച്ചീടാൻ വാക്കുകൾ പോരാ, നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ.” എനിക്ക് ആകാംക്ഷയായി. കുറെക്കഴിഞ്ഞു അവർ പള്ളിയിൽ നിന്ന് പുറത്തേയ്ക്കിറങ്ങിയപ്പോൾ ഞാനും പിന്നാലെ ചെന്നു. ഞാൻ ചെല്ലുന്നതുകണ്ട് ആ സ്ത്രീയും മകനും അവിടെ നിന്നു. നിറഞ്ഞ പുഞ്ചിരിയോടെ നിന്ന ആ സ്ത്രീയോട് പറ്റിപ്പിടിച്ചു നിന്ന മകനെ ഞാൻ ശ്രദ്ധിച്ചു. അവനും എന്നെ നോക്കി ചിരിച്ചു. അവൻ ഒരു ഭിന്നശേഷിക്കാരനായിരുന്നു! “ദൈവസ്നേഹം വർണിച്ചീടാൻ വാക്കുകൾ പോരാ, നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ.” എന്റെ കണ്ണുകൾ നിറഞ്ഞു. എനിക്ക് അഭിമാനം തോന്നി, ജീവിതം എങ്ങനെയായിരുന്നാലും ദൈവത്തിനു നന്ദി പറയുന്ന ആ സ്ത്രീയുടെ ക്രിസ്തുവിലുള്ള വിശ്വാസത്തെയോർത്ത്!

തൊണ്ണൂറുകളിൽ സിനിമാക്കൊട്ടകളിൽ (അന്ന് മാളുകളോ, Multiplex കളോ ഒന്നും ഇല്ലല്ലോ!) ഉയർന്നുകേട്ടിരുന്ന ഒരു പാട്ടുണ്ടായിരുന്നു. 1992 ൽ പുറത്തിറങ്ങിയ അഹം എന്ന രാജീവ്‌നാഥ് സിനിമയിൽ നായകൻ സിദ്ധാർത്ഥൻ പാടുന്ന പാട്ടാണ്. വലിയൊരു ചോദ്യമാണ് ഈ ഗാനത്തിന്റെ ആദ്യവരി. ചോദ്യമിതാണ്: “നന്ദിയാരോട് ഞാdൻ ചൊല്ലേണ്ടു?” അന്ന് ധാരാളം അവാർഡുകൾ കിട്ടിയ സിനിമയാണ്. പക്ഷേ, ആധുനിക മനുഷ്യൻ ദൈവത്തെക്കുറിച്ച് ചിന്തിക്കാതെ, ദൈവം നൽകിയ നന്മകളെ ഓർക്കാതെ, അഹങ്കാരത്തിന്റെ കുതിരപ്പുറത്തിരിക്കുമ്പോൾ, നന്ദി ആരോടാണ് പറയേണ്ടതെന്നുപോലും അറിയാത്തവനായിത്തീരുന്നു. ആരാണ് നമുക്ക് ഈ ജീവിതം നൽകിയത്? ആരാണ് നമുക്ക് ഈ മനോഹരമായ പ്രപഞ്ചം നൽകിയത്? ആരുടെ കരുണ കൊണ്ടാണ് ഇപ്പോഴും നാം ജീവനോടെയിരിക്കുന്നത്? രാത്രിയിൽ ഉറങ്ങുവാൻ കിടക്കുന്ന നമ്മെ ഉണർത്തുന്നതാര്? ഉള്ളിലേക്കെടുത്ത ശ്വാസം പുറത്തേയ്ക്ക് വിടുവാൻ സഹായിക്കുന്നതാര്? പിന്നോട്ട് വച്ച കാൽ മുന്നോട്ട് ആയുവാൻ സഹായിക്കുന്നതാര്? ഒന്ന് പുഞ്ചിരിക്കുവാൻ, കരയുവാൻ സഹായിക്കുന്നതാര്? സ്നേഹം മാത്രമായ ദൈവം! അപ്പോൾ ആരോടാണ് നാം നന്ദിയുള്ളവരാകേണ്ടത്?
നന്ദിയുള്ളവൻ തന്റെ അറിവെല്ലാം മാറ്റിവച്ച്, അഹന്തയെല്ലാം വെടിഞ്ഞ്, ഒരു ശിശുവിനെപ്പോലെയാകും. അവൾ /അവൻ സ്വീകരിക്കുവാൻ തയ്യാറാണ്. എല്ലാം നല്കപ്പെട്ടതാണെന്നുള്ള വലിയ വെളിപാടിൽ അവൾ /അവൻ കൈകൾ കൂപ്പി നിൽക്കും. സ്വീകരിച്ച, സ്വീകരിക്കുന്ന വലിയ അനുഗ്രഹങ്ങൾക്ക് മുൻപിൽ അവളുടെ /അവന്റെ ഹൃദയം ത്രസിക്കും. അവന്റെ കണ്ണുകളിൽ നിറയെ വിസ്മയമാണ്. ദൈവത്തിന്റെ അത്ഭുതങ്ങൾ ഓരോ ചെറിയ കാര്യത്തിലും അവൻ കാണും. കടപ്പുറത്തെ ഒരു കക്ക, ആരെയും ആകർഷിക്കാത്ത ഒരു കാട്ടുപൂവ്, മുറ്റത്തുകിടക്കുന്ന ഒരു ചെറിയ കല്ല്, അവനെ അത്ഭുതപ്പെടുത്തും. Lewis Carroll ന്റെ “Alice in Wonderland ലെ ആലീസ് മാത്രമല്ല അത്ഭുത ലോകത്തെത്തുക! നന്ദിയുള്ള ഓരോ വ്യക്തിയും അത്ഭുതലോകത്തിലാണ് ജീവിക്കുന്നത്.
സ്നേഹമുള്ളവരേ, നമുക്ക് ദൈവത്തോട്, ഈ പ്രപഞ്ചത്തോട്, നമ്മുടെ മാതാപിതാക്കളോട്, ആരിൽ നിന്നെല്ലാം നാം സ്വീകരിക്കുന്നുണ്ടോ അവരോടെല്ലാം നന്ദിയുള്ളവരാകാം.
നമ്മുടെ വിശുദ്ധ കുർബാന ദൈവത്തിനോടുള്ള നന്ദി പ്രകടനത്തിന്റെ ആഘോഷമാണെന്നു നമ്മിൽ എത്ര പേർക്കറിയാം? വിശുദ്ധ കുർബാനയുടെ തുടക്കം മുതൽ അവസാനം വരെ നാം സ്തുതിയും കൃതജ്ഞതയും ദൈവത്തിനു സമർപ്പിക്കുകയല്ലേ. പ്രത്യേകമായി, ദൈവത്തിനു നന്ദി പറയുന്ന ഒരു ഭാഗം നമ്മുടെ ബലിയിലുണ്ട്. കൂദാശാ വചനം കഴിഞ്ഞുള്ള പ്രണാമജപം ആണത്. കൂദാശാവചനഭാഗം ഈശോയുടെ കുരിശു മരണത്തിന്റെ ഏറ്റവും ഉന്നതമായ നിമിഷമാണ്. (The crowning point of his death) (സീറോമലബാർ സഭയുടെ ആരാധനാക്രമമനുസരിച്ച് കൂദാശാവചനഭാഗം ഈശോയുടെ കുരിശുമരണമെന്ന മഹാരഹസ്യം ഓർക്കുന്ന, ആചരിക്കുന്ന, ആഘോഷിക്കുന്ന നിമിഷമാണെന്ന് എത്ര ക്രൈസ്തവർക്കറിയാം!!!) അതിനുശേഷം വൈദികൻ ഏറ്റുപറയുകയാണ്. കർത്താവേ, …നന്ദി പ്രകാശിപ്പിക്കുവാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. എന്താണ് ആ വലിയ അനുഗ്രഹം? ദൈവത്തിന്റെ രക്ഷ, വിശുദ്ധ കുർബാന. ചില വൈദികർ ഇവിടെ അനുഗ്രഹങ്ങൾ എന്ന് പറയാറുണ്ട്. അതിന്റെ ആവശ്യമില്ല. ആദ്യം തന്നെ എല്ലാമായ വലിയ അനുഗ്രഹത്തെ ഏറ്റുപറയുകയാണ്. അതിനുശഷമാണ് അനുഗ്രഹങ്ങൾ ഓരോന്നായി പറയുന്നത്. എട്ട് അനുഗ്രഹങ്ങളാണ് ഇവിടെ പ്രത്യേകമായി പറയുന്നത്. വിശുദ്ധ ബലിയിൽ പങ്കെടുക്കുന്ന നാം ഇവിടെ എന്ത് ചെയ്യണം? നന്ദി നിറഞ്ഞ ഹൃദയത്തോടെ നിൽക്കണം. പോരാ, ആ നന്ദി ഏറ്റുപറയണം. എങ്ങനെ? വൈദികൻ പ്രാർത്ഥിക്കുന്നതോടൊപ്പം പറയണം. … നന്ദി പ്രകാശിപ്പിക്കുവാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. നന്ദി ഈശോയെ. നിന്റെ ദൈവികജീവനിൽ ഞങ്ങളെ പങ്കുകാരാക്കാൻ -നന്ദി ഈശോയെ. നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിക്കുകയും -നന്ദി ഈശോയെ. അധഃപതിച്ചുപോയ ഞങ്ങളെ സമുദ്ധരിക്കുകയും -നന്ദി ഈശോയെ. മൃതരായ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു … നന്ദി ഈശോയേ! പാപികളായ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു വിശുദ്ധീകരിച്ചു – നന്ദി ഈശോയെ. ഞങ്ങളുടെ ബുദ്ധിക്കു പ്രകാശം നൽകി -നന്ദി ഈശോയെ. ഞങ്ങളുടെ ശത്രുക്കളെ പരാജിതരാക്കി- നന്ദി ഈശോയെ. ഞങ്ങളുടെ ബലഹീനമായ പ്രകൃതിയെ നിന്റെ സമൃദ്ധമായ അനുഗ്രഹത്താൽ മഹത്വമണിയിക്കുകയും ചെയ്തു -നന്ദി ഈശോയെ. അത് കഴിഞ്ഞു വൈദികൻ ഉറക്കെ “നീ ഞങ്ങൾക്ക് നൽകിയ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി …” എന്ന് ചൊല്ലുമ്പോൾ സ്നേഹമുള്ളവരേ, നമ്മുടെ ഹൃദയം ദൈവത്തോടുള്ള നന്ദിയാൽ ത്രസിക്കണം. നമ്മുടെ കണ്ണുകൾ നിറയണം. നമുക്ക് രോമാഞ്ചമുണ്ടാകണം. ഈ സമയത്തെ ഭക്തന്റെ അനുഭവവും പറഞ്ഞറിയിക്കുവാൻ വാക്കുകൾ പോരാ!
പക്ഷെ, ധാരാളം വൈദികർ, മിക്കവാറും പള്ളികളിൽ ഈ പ്രണാമജപം ചൊല്ലുന്നില്ല. കഷ്ടം തന്നെ! ചൊല്ലാത്തതിൽ രൂപതയിലെ ബിഷപ്പിന് പ്രശ്നമില്ല. വൈദികർക്കും പ്രശ്നമില്ല. അല്മായർക്ക് ഒട്ടും പ്രശ്നമില്ല. മറ്റൊരു പ്രാർത്ഥനയ്ക്കും, ഒരു പാട്ടിനും ഇതുപോലൊരു ദൈവാനുഭവം നൽകുവാൻ കഴിയില്ല. ദൈവത്തോട് നന്ദി പറയുവാൻ നമുക്ക് സമയമില്ല. ഇവിടെയാണ് ഇന്നത്തെ സുവിശേഷത്തിലെ വിജാതീയനെ പിടിച്ചു ഈശോ നമ്മുടെ മുൻപിൽ നിറുത്തുന്നത്.
സ്നേഹമുള്ളവരേ, നമ്മുടെ അഹന്തയെ മാറ്റി മൈസ്റ്റർ എക്കാർട്ട് (Meister Eckhart) എന്ന മിസ്റ്റിക് പറയുന്നതുപോലെ ‘നമ്മുടെ ജീവിതകാലം മുഴുവനും, ദൈവമേ നന്ദി എന്നൊരു പ്രാർത്ഥന മാത്രം ചൊല്ലിയാൽ’ നമ്മുടെ ജീവിതം ധന്യമാകും.’ നമ്മുടെ ജീവിതം ദൈവത്തോടുള്ള, നമ്മുടെ മാതാപിതാക്കളോടുള്ള, ഈ പ്രപഞ്ചത്തോടുള്ള, ഒരു നന്ദി പ്രകടനമായി മാറട്ടെ. നന്ദി നമ്മുടെ ജീവിതത്തെ മഹത്വമുള്ളതാക്കും. തിരസ്കാരത്തെ സ്വീകാര്യതയാക്കും. അലങ്കോലത്തെ അലങ്കാരമാക്കും.

ഒരു സാധാരണ ഭക്ഷണത്തെ ആഘോഷമായ വിരുന്നാക്കി മാറ്റും. ഒരു വീടിനെ ഭവനമാക്കും. അപരിചിതനെ സുഹൃത്താക്കും.
ഈശോയേ, നന്ദി നിറഞ്ഞ ഒരു ഹൃദയം എനിക്ക് നൽകണമേ! ആമേൻ!








