SUNDAY SERMON LK 15, 11-32

കൈത്താക്കാലം രണ്ടാം ഞായർ

ലൂക്കാ 15, 11-32

ഈശോ പറഞ്ഞ ഉപമകളിലും കഥകളിലും വച്ച് സാഹിത്യപരമായും സന്ദേശപരമായും ഏറ്റവും സുന്ദരമായ ഉപമയാണ് ഇന്നത്തെ നമ്മുടെ വിചിന്തന വിഷയം. കുഞ്ഞുന്നാൾ മുതലേ കേട്ടുപരിചയിച്ച ഈ ധൂർത്ത പുത്രന്റെ ഉപമയിൽ നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്ന പല മുഹൂർത്തങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടെങ്കിലും ഇന്നത്തെ സുവിശേഷ വ്യാഖ്യാനത്തിന് അതിലെ ഒരു മുഹൂർത്തം മാത്രമേ ഞാൻ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നുള്ളു. അത് ധൂർത്തുപുത്രന്റെ തിരിച്ചുവരവിന് കാരണമായ സന്ദർഭമാണ്.  ഈ കഥയെ വഴിതിരിച്ചു വിടുന്ന സന്ദർഭമാണത്. വിശുദ്ധ ലൂക്കായുടെ സുവിശേഷം അധ്യായം 15, വാക്യം 17: “അപ്പോൾ അവന് സുബോധമുണ്ടായി.”  ഈ കഥയുടെ പോക്കിനെ, അതിന്റെ ഗതിയെ തിരിച്ചു വിടുന്ന ഒരു രംഗമാണിത്. വായനക്കാരന്റെ കണ്ണുകളെ ഈറനണിയിക്കുന്ന, മനസ്സിനെ തരളിതമാക്കുന്ന, ഹൃദയത്തിൽ മാറ്റങ്ങളുടെ സ്പോടനങ്ങൾ ഉണ്ടാക്കാവുന്ന ഒരു രംഗം!

ധൂർത്തപുത്രന്റെ അവസ്ഥയെ ഇങ്ങനെ വായിച്ചെടുക്കാം. ചെറുപ്പം മുതലേ വീടിന്റെ ഭ്രമണപഥങ്ങളിലൂടെ കറങ്ങിയിരുന്ന, അതിൽ ആനന്ദവും, സന്തോഷവും അനുഭവിച്ചിരുന്ന ഒരുവന് ഒരുനാളിൽ വീടിനോട്, വീട്ടുകാരോട്, അതിന്റെ പരിസരങ്ങളോട് മടുപ്പ് തോന്നുന്നു. ജീവിതത്തിലെ ഏറ്റവും അപകടം നിറഞ്ഞ ഒരു അവസ്ഥയാണത്. ഓർത്തുനോക്കൂ, നമ്മുടെ മക്കൾക്ക് അവരുടെ വീടിനോട് മടുപ്പുതോന്നിയാലുള്ള അവസ്ഥ! സ്കൂളിലേക്ക് പോയ, മകൾക്കോ, മകനോ, പല കാരണങ്ങൾ കൊണ്ടാകാം,  തിരിച്ചുവരാൻ തോന്നിയില്ലെങ്കിലോ? അയ്യോ! ചിന്തിക്കാൻ പോലും വയ്യ എന്നായിരിക്കും നിങ്ങൾ ഉള്ളിൽ പറയുന്നത്.  അങ്ങനെ ഉണ്ടാകാതിരിക്കട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. ഏതായാലും, വീടിനോട് മടുപ്പുതോന്നിയ കഥയിലെ ഇളയപുത്രൻ വീടിന്റെ ഭ്രമണ പഥത്തിൽ നിന്ന് പുറത്തുകടക്കുകയാണ്. ലോകത്തിന്റെ നിറങ്ങളിൽ ഭ്രമിച്ചിട്ടാകാം, സ്വാതന്ത്ര്യത്തെ തെറ്റായി മനസ്സിലാക്കിയിട്ടാകാം, ചങ്ങാതിക്കൂട്ടത്തിന്റെ, ലഹരിയുടെ, മദ്യപാനത്തിന്റെ പ്രേരണകളാകാം – അവൻ ആഘോഷങ്ങളുടെ വഴികളിലൂടെ ആടിപ്പാടി നടക്കുകയാണ്. അപ്പോഴാണ് ഒരു ക്ഷാമകാലം വരുന്നത്. ചുരുക്കിപ്പറഞ്ഞാൽ, ഒട്ടും കാമ്പില്ലാത്ത പന്നിക്ക് കൊടുക്കുന്ന തവിടെങ്കിലും കിട്ടിയാൽ മതിയെന്നായി അയാൾക്ക്. പന്നികളെ മേയ്ക്കാൻ പോയ അവന് ആർത്തിയോടെ പന്നികൾ തവിടുതിന്നുന്നതുകണ്ടപ്പോൾ, അതുപോലും ആരും അവന് കൊടു ത്തില്ല. പിന്നെയാണ് സുന്ദരമായ ആ വാചകം: “അപ്പോൾ അയാൾക്ക് സുബോധമുണ്ടായി.”

എന്താണ് ഒരാളുടെ ജീവിതത്തിന്റെ സുബോധം? ഒരു വ്യക്തി, തട്ടിത്തെറിപ്പിച്ച് കടന്നുപോന്ന ജീവിതത്തിന് തികച്ചും വിപരീതമായ വിഷമകരമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ, താൻ കടന്നുപോകുന്ന അവസ്ഥയുടെ ദൈന്യതയിൽ നിന്നുകൊണ്ട് കഴിഞ്ഞകാല ജീവിത സൗഭാഗ്യങ്ങൾ ഓർത്തെടുക്കുന്നു. ഓർത്തെടുക്കുക മാത്രമല്ല, തിരികെപ്പോകാൻ തീരുമാനമെടുക്കുകയാണ്. ഇതാണ് സുബോധം.

ഇളയമകൻ തന്നെ പൊതിഞ്ഞു നിന്ന സ്നേഹാനുഭാവത്തെ ഓർത്തെടുക്കുകയാണ്; തന്റെ കുടുംബത്തിലെ ദൈവപരിപാലനയെ, പിതാവിന്റെ സ്നേഹത്തെ, ദാസർപോലും സമൃദ്ധമായി ഭക്ഷിക്കുന്ന മേശയെ ഓർത്തെടുക്കുകയാണ്. അതോടുകൂടി അയാളുടെ ലോകം തന്നെ പുതിയതാകുന്നു. അപ്പോൾ സംഭവിച്ചത് ഇതാണ്:

കീറിപ്പറിഞ്ഞ മുഷിഞ്ഞ വസ്ത്രങ്ങളും, എല്ലിച്ച ശരീരവുമായി മകൻ തിരികെ എത്തുകയാണ്. അലച്ചലിന്റെ ദൈന്യതയിലും, അയാൾ, മുറ്റത്തു തന്നെയും കാത്തു നിൽക്കുന്ന അപ്പനെ കണ്ടു. തന്റെ വീട്ടിലേക്ക് മടങ്ങിവരുന്ന മകനെ അപ്പനും കണ്ടു. വർഷങ്ങളായി, മാസങ്ങളായി മകനെ കാത്തിരിക്കുന്ന ഒരു പിതാവിന്റെ ഹൃദയവേദനയോടെ, അതിന്റെ വിറയലോടെ പിതാവ് പുത്രനെ സമീപിക്കുകയാണ്. അകലെവച്ചു കണ്ടപ്പോൾ തന്നെ ഓടിച്ചെല്ലുകയാണ്. അടുത്തുചെന്ന പിതാവ് മറ്റൊന്നും ആലോചിക്കാതെ അവനെ കെട്ടിപ്പുണരുകയാണ്. കെട്ടിപ്പുണർന്നിട്ട് അവന്റെ നെറുകയിൽ ചുംബിക്കുന്നതിനിടയിൽ “മകനെ, എന്റെ പൊന്നു മകനെ” എന്ന് ഒരു ഭ്രാന്തനെപ്പോലെ പുലമ്പുകയാണ്. മകനാകട്ടെ, കണ്ണിൽനിന്ന് കുടുകുടെ ഒഴുകുന്ന കണ്ണീർ ഇടതുകൈകൊണ്ട് തുടച്ചുനീക്കുന്നതിനിടയിൽ, വലതുകൈകൊണ്ട് അപ്പന്റെ. കവിളിൽ തൊട്ടുകൊണ്ട് പറയുകയാണ്: “മാപ്പ്! അങ്ങയുടെ മകനെന്ന് വിളിക്കപ്പെടാൻ ഞാൻ യോഗ്യനല്ല. ദാസരിൽ ഒരുവനായി എന്നെ കരുതണേ അപ്പാ!”  അപ്പൻ ഒന്നുകൂടെ അവനെ തന്നിലേക്ക് ചേർത്തുപിടിച്ചു. മാപ്പു നൽകിയതിന്റെ സ്പർശം മകൻ അനുഭവിച്ചറിഞ്ഞു!

നഷ്ടപ്പെടലിന്റെയും വീണ്ടെടുക്കലിന്റെയും കാണാതാകലിന്റെയും കണ്ടെത്തലിന്റെയും, ഓടിപ്പോകലിന്റെയും മടങ്ങിവരവിന്റെയും മാപ്പപേക്ഷിക്കുന്നതിന്റെയും, മാപ്പുനൽകലിന്റെയും വികാരഭരിതമായ ദൃശ്യാവിഷ്കാരങ്ങൾക്ക് ദൈവിക ചൈതന്യം ലഭിക്കുന്നത് ഇളയ മകന്റെ സുബോധത്തിൽ നിന്നാണ്. ദൈവത്തിൽ നിന്നകലുന്ന ദൈവത്തോട് മറുതലിക്കുന്ന മനുഷ്യന്റെ അവസ്ഥ എങ്ങനെയായിരിക്കുമെന്നതിന്റെ നേർചിത്രമാണ് ധൂർത്തപുത്രന്റെ കഥ. ഒപ്പം സുബോധം നേടി ദൈവത്തിലേക്ക് നടന്നടുക്കുന്ന മനുഷ്യന്റെയും കഥയാണ് ധൂർത്തപുത്രന്റെ കഥ.

ഈ കഥയ്ക്ക് രണ്ടായിരം വർഷത്തിലേറെ പഴക്കമുണ്ടെങ്കിലും, ദൈവത്തിൽ നിന്നകലുന്ന മനുഷ്യന്റെ കഥകൾക്ക് യാതൊരു പഞ്ഞമില്ലെങ്കിലും, ദൈവത്തിൽ നിന്ന് അകലുന്ന, അങ്ങനെ നാശത്തിലേക്ക് വീഴുന്ന ധൂർത്തപുത്രന്മാരുടെ എണ്ണം കൂടിവരികയാണ്. കുടുംബസ്വത്തിന്റെ കാര്യത്തിൽ പിണങ്ങി നിൽക്കുന്ന, മൊബൈൽ ഉപയോഗം നിയന്ത്രിച്ചതിന്റെ പേരിൽ മാതാപിതാ ക്കളോട് സംസാരിക്കാതിരിക്കുന്ന, വലിയ വിലയുടെ മൊബൈലോ, ലാപ്ടോപ്പോ, വസ്ത്രങ്ങളോ, ബൈക്കോ  വാങ്ങിക്കൊടുക്കാത്തതുകൊണ്ട് മാതാപിതാക്കളോട് മറുതലിച്ചു നിൽക്കുന്ന മക്കൾ ധൂർത്ത പുത്രന്റെ വഴിയിലാണ്. കുടുംബം നോക്കാത്ത, മദ്യപാനിയായി നടക്കുന്ന കുടുംബനാഥന്മാർ, കുടുംബത്തിൽ ഏഷണിയുമായി നടക്കുന്ന അമ്മമാർ – ഇവരും ധൂർത്തപുത്രന്റെ വഴിയിലാണ്. തിരുസ്സഭയോടൊത്ത് നിൽക്കാത്ത ക്രൈസ്തവർ, ദൈവമില്ലായെന്ന് വിശ്വസിക്കുന്ന നിരീശ്വരന്മാർ, നിരീശ്വര പ്രസ്ഥാനങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്നവർ – ഇവരും ധൂർത്ത പുത്രന്റെ വഴിയിലാണ്. ലക്ഷക്കണക്കിന് മനുഷ്യർ ആഹാരം കിട്ടാതെ മരിക്കുമ്പോൾ, വീടില്ലാതെ അലയുമ്പോൾ, നാം ആഡംബരങ്ങൾക്കും, ആഘോഷങ്ങൾക്കും പിന്നാലെ പോകുമ്പോൾ നാമും ധൂർത്തപുത്രന്റെ വഴിയിലാണ്.  പാപത്തിന്റെ വഴിയാണ് ധൂർത്തപുത്രന്റെ വഴി!  

മനുഷ്യന്റെ സരളമായ ഹൃദയം എപ്പോൾ കഠിനമാകുന്നുവോ, അവന്റെ അവളുടെ നിർമലമായ, നിഷ്കളങ്കമായ ഹൃദയം എപ്പോൾ കളങ്കിതമാകുന്നുവോ, എപ്പോൾ സ്വാർത്ഥതയും, സുഖപോലുപതയും അവന്റെ അവളുടെ ഹൃദയത്തെ മലിനപ്പെടുത്തുന്നുവോ അപ്പോൾ മനുഷ്യന് ദൈവത്തെ നഷ്ടപ്പെടും. ആധുനിക മനുഷ്യൻ ചന്ദ്രയാൻ ദൗത്യത്തിന്റെ ആഘോഷത്തിലായിരിക്കുമ്പോഴും ദൈവത്തിൽ നിന്ന് അകലുന്നതിന്റെ ചിത്രങ്ങളാണ് നാം കാണുന്നത്. ദൈവത്തെ ധിക്കരിക്കുന്നതിന്റെ കഥകളാണ് നാം കേൾക്കുന്നത്. ദൈവമായിത്തീരാനുള്ള അഹന്തയുടെ പടപ്പുറപ്പാടുകൾക്ക് ജീവിതം തന്നെ കൊടുക്കുവാൻ മനുഷ്യൻ ഇന്ന് തയ്യാറാണ്.   തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച ദൈവത്തെ, തന്റെ ആത്മാവിനെ മനുഷ്യനിലേക്ക് ഒഴുക്കിയ ദൈവത്തെ നഷ്ടപ്പെടുത്തുകയെന്ന ഏറ്റവും വലിയ മണ്ടത്തരത്തിലൂടെ ഭൂമിയിലെ മനുഷ്യൻ ജീവിതം ക്ലേശകരമാക്കുകയാണ്. ഇന്നോളം നടത്തിയിട്ടുള്ള യുദ്ധങ്ങളും, ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധങ്ങളും കലാപങ്ങളും ചൂഷണങ്ങളും ഇനിയും നടത്താനിരിക്കുന്നവയും വഴി മനുഷ്യൻ ദൈവത്തിൽ നിന്ന് അകന്നിരിക്കുകയാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യന്റെ ആരംഭം മുതൽ മനുഷ്യൻ ഇങ്ങനെയായിരുന്നു. വിശുദ്ധ ബൈബിൾ മനുഷ്യൻ ദൈവത്തെ നഷ്ടപ്പെടുത്തിയ കഥകളല്ലേ പറയുന്നത്?  ഐതിഹ്യങ്ങളും, വേദഗ്രന്ഥങ്ങളുമെല്ലാം മനുഷ്യന്റെ ഈയൊരവസ്ഥ പല രീതിയിൽ പ്രതിപാദിക്കുന്നുണ്ട്.

“അപ്പോൾ അവന് സുബോധമുണ്ടായി” എന്നത് വായിച്ചെടുക്കേണ്ടത് ഇങ്ങനെയാണ്: ‘അപ്പോൾ വീണുപോയ അവന് വീണ്ടും എഴുന്നേൽക്കുവാനുള്ള ദൈവത്തിന്റെ ക്ഷണം കിട്ടി.’ വീഴ്ചകൾ സാധാരണമാണ്; പാപം ചെയ്ത്, പാപാവസ്ഥയിൽ ജീവിക്കുകയെന്നത് മനുഷ്യന്റെ ബലഹീനതയുടെ വശമാണ്. എന്നാൽ, സുബോധമുണ്ടാകുക എന്നത് ദൈവകൃപയുടെ വസന്തമാണ്. സുബോധത്തിലേക്കുള്ള ദൈവത്തിന്റെ ക്ഷണം നേരിട്ടായിരിക്കണമെന്നില്ല. മനുഷ്യരിലൂടെ, സംഭവങ്ങളായിലൂടെ, പ്രകൃതിയുടെ, അത്ഭുതങ്ങളായിലൂടെ പോലും, ദൈവം നമ്മെ നിരന്തരം സുബോധത്തിലേക്ക്, അനുതാപത്തിലേക്ക് ക്ഷണിക്കുന്നുണ്ട്.

ഒന്ന് ചിന്തിച്ചാൽ ധൂർത്തപുത്രൻ ഭാഗ്യവാനാണ്. ഒന്നാമതായി, ദൈവം അവനെ വീണ്ടും ക്ഷണിച്ചു എന്നതാണ്. രണ്ടാമതായി, ആ ക്ഷണം മനസ്സിലാക്കി അതിനോട് പോസിറ്റീവായി പ്രതികരിക്കാൻ അയാൾക്ക് സാധിച്ചു. ധൂർത്തപുത്രന്റെ കാര്യത്തിൽ ദൈവം അയാളെ ക്ഷണിച്ചത് പ്രകൃതിയിലെ ഒരു ചിത്രത്തിലൂടെയാണ്: പന്നികൾ ആക്രാന്തത്തോടെ, ശബ്ദമുണ്ടാക്കി തവിട് തിന്നുന്നു. അതുപോലും ലഭിക്കാത്ത ശപ്തനായ താൻ!!! അയാൾക്ക് സുബോധമുണ്ടായി.

പത്രോസിന്റെ കാര്യത്തിൽ അത് കോഴി കൂവലായിരുന്നു; ഒപ്പം ഈശോയുടെ നോട്ടവും. “… പത്രോസ് പറഞ്ഞു: മനുഷ്യാ, നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞുകൂടാ. അവൻ ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ കോഴി കൂവി. കർത്താവ് പത്രോസിന്റെ നേരെ തിരിഞ്ഞ് അവനെ നോക്കി.” അവന് സുബോധമുണ്ടായി. വിശുദ്ധ ലൂക്കാ അതിനുപകരം എഴുതിവച്ചിരിക്കുന്നത് മനോഹരമാണ്. “അവൻ പുറത്തുപോയി മനം നൊന്ത് കരഞ്ഞു.” (ലൂക്കാ 22, 60-62)

മുംബയിൽ ചെറുപ്പക്കാരനായ ഒരു മലയാളി ഒരിക്കൽ നിരാശനായി, ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിച്ചുകൊണ്ട് റെയിൽവേ ട്രാക്കിലേക്ക് നടക്കുകയാണ്. അല്പദൂരം നടന്നുകഴിഞ്ഞപ്പോൾ അയാളുടെ മുന്നിൽ ആരോ വലിച്ചെറിഞ്ഞ ഒരു ന്യൂസ് പേപ്പർ കഷണം. അല്പം എണ്ണ പുരണ്ടിട്ടുണ്ടെങ്കിലും അയാളതെടുത്തു.  അയാൾ അത്ഭുതപ്പെട്ടുപോയി. അതൊരു മലയാള പത്രത്തിന്റെ കഷണമായിരുന്നു. ചുമ്മാ അതിലെഴുതിയിരുന്നതിലൂടെ അയാൾ കണ്ണോടിച്ചു. കുറച്ചു വായിച്ചു കഴിഞ്ഞപ്പോൾ അയാളൊരു മരത്തിന്റെ ചുവട്ടിലിരുന്ന് അത് മുഴുവൻ വായിച്ചു. വായന കഴിഞ്ഞ് അയാൾ തിരിച്ച് വീട്ടിലേക്ക്, ജീവിതത്തിലേക്ക് നടന്നു. അയാൾക്ക് സുബോധമുണ്ടായി. മുംബയിൽ … ഒരു മലയാളി …. മലയാള പത്രത്തിന്റെ കഷണം… അത്ഭുതം തോന്നുന്നില്ലേ?  ദൈവത്തിന്റെ ക്ഷണമായിരുന്നു ആ പേപ്പർ കഷണം.

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത്, 2015 ൽ ഇറങ്ങിയ ഒരു മലയാളം സിനിമയുണ്ട് ചന്ദ്രേട്ടൻ എവിടെയാ എന്ന പേരിൽ. മനുഷ്യനെ സുബോധത്തിലേക്ക് കൊണ്ടുവരാൻ ദൈവം പ്രകൃതിയിൽ പലതും ഒളിപ്പിച്ചുവച്ചിട്ടുണ്ട് എന്ന കാര്യം വളരെ മനോഹരമായി ഈ സിനിമയിൽ കാണിക്കുന്നുണ്ട് ഈ സിനിമയുടെ Climax scene ൽ ആണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. നായകന് ഭാര്യയും ഒരു മകനുമുണ്ട്. നല്ല സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുന്ന കുടുംബം. സര്‍ക്കാര്‍ ജോലിയിലുള്ള നായകന് ക്ലാസ്സിക്കല്‍ ഡാന്‍സിനെക്കുറിച്ച് നന്നായി അറിയാം. ഔദ്യോഗികജോലിയുടെ ഭാഗമായിത്തന്നെ അദ്ദേഹം ഒരു സ്ത്രീയെ, നര്‍ത്തകിയെ പരിചയപ്പെടുന്നു. അവളുമായി ഇഷ്ടത്തിലാകുന്നു. അവള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. നര്‍ത്തകി വിദേശത്തേക്ക് പോകുന്നതിന്റെ തലേദിവസം രാത്രി അവള്‍ നായകനെ അവളുടെ വീട്ടിലേക്കു ക്ഷണിക്കുകയാണ്. ഇതറിഞ്ഞ ഭാര്യ നേരത്തേകൂട്ടി നര്‍ത്തകിയുടെ വീട്ടിലെത്തി അവളുമായി സംസാരിക്കുന്നുണ്ട്. സമയത്താണ് നായകന്‍റെ വരവ്. അണിഞ്ഞൊരുങ്ങി വരുന്ന നായകന്‍ നര്‍ത്തകിയുടെ വീട്ടിലേയ്ക്കുള്ള stair cases കയറുമ്പോള്‍ അടുത്തവീട്ടില്‍ നിന്നും ഒരു കുഞ്ഞിന്റെ കരച്ചില്‍. നായകന്‍ നോക്കുമ്പോള്‍ വീടിന്റെ വരാന്തയില്‍ കരയുന്ന കുഞ്ഞിനേയും പിടിച്ചു ഒരമ്മ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. ഒപ്പം അദ്ദേഹം ആകാശത്തേക്ക് നോക്കി. നറും നിലാവില്‍ കുളിച്ചു പൂര്‍ണചന്ദ്രന്‍. അടുത്ത ഷോട്ട് ആശുപത്രി കിടക്കയില്‍ വെളുത്ത ഉടുപ്പണിഞ്ഞ നായകന്റെ ഭാര്യയും, വെളുത്ത തുണിയില്‍ പൊതിഞ്ഞു കുഞ്ഞ്, വെളുത്ത ഷര്‍ട്ടും മുണ്ടുമണിഞ്ഞു നായകനും. മുറി മുഴുവന്‍ പ്രകാശംവെളുപ്പിന്റെ വിശുദ്ധിയുടെ, നന്മയുടെ, ഒരാഘോഷം സംവിധായകന്‍ അവിടെ ഒരുക്കിയിരിക്കുകയാണ്. ക്യാമറ നായകന്‍റെ ഭാര്യയിലേക്ക്. താലിയും ചേര്‍ത്ത് പിടിച്ചു സര്‍വ ദൈവങ്ങളോടും അവള്‍ പ്രാര്‍ഥിക്കുകയാണ്. കാരണം, നായകന്‍ അകത്തു കയറിയാല്‍ അവരുടെ ദാമ്പത്യം തകരും. ഷോട്ട് വീണ്ടും നായകനിലേക്ക്. അയാള്‍ പതുക്കെ ചുവടുകള്‍ പിന്നിലേക്ക്‌ വയ്ക്കുകയാണ്. അപ്പോൾ അയാൾക്ക് സുബോധമുണ്ടായി. അയാള്‍ മാനസാന്തരത്തിലേക്ക്, നന്മയിലേക്ക്, പാശ്ചാത്തപത്തിലേക്ക് ചുവടുകള്‍ വയ്ക്കുകയാണ്. അയാള്‍ ഗെയിറ്റ്‌ കടന്നപ്പോള്‍ mobile റിംഗ് ചെയ്തു. ചന്ദ്രേട്ടന്‍ എവിടെയാഭാര്യയാണ്. ദേ ഞാന്‍ വീട്ടിലേക്കു വന്നുകൊണ്ടിരിക്കുകയാണ്, അയാള്‍ പറഞ്ഞു.

സ്നേഹമുള്ളവരെ, നമുക്ക് സുബോധമുണ്ടാകണം. നാം എഴുന്നേല്‍ക്കണം. ജീവനിലേക്കു പ്രവേശിക്കണം. ദൈവസ്നേഹത്തിന്റെ, ദൈവകാരുണ്യത്തിന്റെ മഹാസമുദ്രത്തിലാണ്  നില്‍ക്കുന്നത് എന്ന് നാം അറിയണം. പാപം മൂലം അകലെയാണെങ്കിലും നാം ദൈവത്തിലാണ്. നാം ജനിക്കുന്നതും, ജീവിക്കുന്നതും ദൈവത്തിലാണ്; മരിക്കുന്നതും ഉയിര്‍ക്കുന്നതും ദൈവത്തിലാണ്. ദൈവത്തെ സ്വന്തമാക്കാതിരുന്നിട്ടും, ദൈവത്തെ നഷ്ടപ്പെടുത്തിയിട്ടും നമ്മെ, നമ്മുടെ കുടുംബത്തെ, നമ്മുടെ ഇടവകയെ, രൂപതയെ, ഈ ലോകത്തെ തന്റെ സ്നേഹത്തില്‍, കാരുണ്യത്തില്‍ ഇന്നും പരിപാലിക്കുന്ന, കൂദാശകളിലൂടെ പുതുവസ്ത്രമണിയിക്കുന്ന, നമുക്കുവേണ്ടി എന്നും വിരുന്നൊരുക്കുന്ന ദൈവത്തിന്റെ ധാരാളിത്തത്തെ നാം സ്തുതിക്കണം. ദൈവത്തെ സ്വന്തമാക്കുന്ന നന്മനിറഞ്ഞ ഒരു ജീവിതത്തിലേക്ക് നാം പ്രവേശിക്കണം. ഈ ലോകത്തോടൊത്തുള്ള യാത്രകളിൽ നാം നമ്മുടെ നല്ല ഹൃദയം നഷ്ടപ്പെടുത്തുമ്പോഴാണ് നാം ദൈവത്തിൽ നിന്ന് അകലുന്നത്. പിന്നീട്, നമ്മെ തേടിയെത്തുന്ന ദൈവം തന്നെ നമുക്ക് അവിടുത്തെ കണ്ടെത്താൻ നല്ലൊരു ഹൃദയം നൽകും. അതാണ് പിതാവായ ദൈവത്തിന്റെ സ്നേഹം.

ഒരു നിമിഷവും ക്രിസ്തുവേ, ഞാൻ നിന്നെ നഷ്ടപ്പെടുത്തുകയില്ലെന്ന പ്രാർത്ഥനയോടെ, ദൈവത്തെ സ്വന്തമാക്കുന്ന ദൈവമകനായി, ദൈവമകളായി നമുക്ക് ജീവിക്കാം. ആമേൻ!

Leave a comment