SUNDAY SERMON LK 16, 19-31

കൈത്താക്കാലം അഞ്ചാം ഞായർ

ലൂക്ക 16, 19-31

കൈത്താക്കാലം അഞ്ചാം ഞായറാഴ്ചയിലെ നമ്മുടെ വിചിന്തനം ധനവനെയും ലാസറിനെയും ചുറ്റിപ്പറ്റിയാണ്. എന്തുകൊണ്ടാണ് ആ ദരിദ്രനെ ധനവാൻ ഒന്ന് നോക്കാതിരുന്നത്? ഭക്ഷണശേഷം അയാൾക്കെന്തിങ്കിലും കൂടുതലായി ആവശ്യമുണ്ടോ എന്ന് തിരക്കാതിരുന്നത്? അവന്റെ ദാരിദ്രാവസ്ഥയോർത്ത് എന്തുകൊണ്ടാണ് അയാൾ വേദനിക്കാതിരുന്നത്? വെറുമൊരു അപരിചിതനായി, അന്യനായി ആ ദരിദ്രനെ കരുതിയത് വലിയ തെറ്റായിപ്പോയി എന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മിൽ ഭൂരിഭാഗവും.  

മലയാളികൾ വളരെക്കുറച്ച് ഉപയോഗിക്കുന്ന പദമാണെങ്കിലും, ഇതിന്, ഇങ്ങനെയുള്ള മനോഭാവത്തിന് അപരവത്ക്കരണം (Otherization) എന്നാണ് പറയുക. ഒരു സുഹൃത്തോ, പരിചയക്കാരനോ ആയല്ലാതെ, വെറും അപരിചിതനോ, അന്യനോ ആയി ഒരാൾ മറ്റൊരാളെ കാണുന്നതിനാണ് അപരവത്ക്കരണമെന്ന് പറയുന്നത്. “നിന്നേപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക”എന്ന് പറഞ്ഞ ക്രിസ്തുവിന്റെ Dictionary യിൽ ഇല്ലാത്ത ഒരു വാക്കാണിത്. എന്നാൽ, നമ്മുടെ മനോഭാവങ്ങളിലും, പ്രവർത്തികളിലും എപ്പോഴും കടന്നുവരുന്ന വാക്കാണിത്. ഒരാളെ കാണുമ്പോൾ നാം Good Morning പറഞ്ഞെന്ന് വരാം, അവൾക്ക്/അവന് എന്തെങ്കിലും സഹായം കൊടുത്തെന്നും വരാം. എങ്ങനെയെങ്കിലും അവൾ/ അവൻ ജീവിച്ചുപോയ്‌ക്കോട്ടെ എന്നും ചിന്തിച്ചെന്നും വരാം. പക്ഷേ, നമ്മുടെ ജീവിതത്തിൽ നിന്ന്, നമ്മുടെ സൗഹൃദത്തിൽ നിന്ന്, നമ്മുടെ സമൂഹത്തിൽനിന്നും അകറ്റി നിർത്തുകയും ചെയ്യും.

ഇതാണ് അപരവത്ക്കരണം. പാശ്ചാത്യർ ഭാരതത്തിൽ വന്നപ്പോൾ അവർക്കുണ്ടായിരുന്ന മനോഭാവം ഈ അപരവത്ക്കരണമായിരുന്നു. നമ്മെ അവരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കായി ഉപയോഗിച്ചു. അത്രയും പരിഗണന നമുക്കു നൽകി. കുരുമുളക് പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾ, ഡാക്കാ മസ്ലിൻ പോലുള്ള മേൽത്തരം ചിത്രങ്ങൾ ഇവിടെ നിന്ന് കടത്തുവാൻ നമ്മെ ഉപയോഗിച്ചു. എന്നാൽ നമ്മെ അവരുടെ സൗഹൃദങ്ങളിൽ നിന്ന് ചാപ്പകുത്തി അകറ്റി നിർത്താനാണ് അവർ ശ്രമിച്ചത്. ഹൈന്ദവ സമൂഹത്തിലുള്ള വർണ്ണ ജാതി സമ്പ്രദായം അപരവത്കരണത്തിന്റെ ഉത്തമോദാഹരണമാണ്. നമ്മുടെ കുടുംബബന്ധങ്ങളിൽ, വ്യക്തി സമൂഹ ബന്ധങ്ങളിലെല്ലാം അപരവത്ക്കരണത്തിന്റെ ചായക്കൂട്ടുകൾ കാണാം.

ഈ അപരവത്കരണത്തിന്റെ പരിണിതഫലമെന്താണ്? അപരവത്ക്കരണം വഴി ഒരു വ്യക്തി മറ്റൊരാൾക്ക് ആവശ്യമായത് കൊടുക്കുന്നുണ്ടാകാം. പക്ഷെ അയാളെ ഒരു വ്യക്തിയായി സ്വീകരിക്കുന്നുണ്ടാകില്ല. ഹൃദയത്തിൽ അയാൾക്ക് സ്ഥാനമുണ്ടാകില്ല. അയാളെ, ഏതെങ്കിലും കുടുംബങ്ങളെ, ഭാര്യയെ, സഹോദരങ്ങളെ, സുഹൃത്തുക്കളെ, ചാപ്പകുത്തി മനസ്സിൽ നിന്ന് മാറ്റിനിർത്തും.  അതുകൊണ്ടുതന്നെ അപരവത്ക്കരണത്തിന്റെ പരിണിതഫലം ഭയങ്കരമായിരിക്കും.  അപരവത്ക്കരണം എപ്പോഴും ഒരു വ്യക്തിയെ, കുടുംബത്തെ, സമൂഹത്തെ ദുഃഖത്തിലേക്കും ദുരന്തത്തിലേക്കുമാണ് നയിക്കുക. ഇപ്പോൾ നിങ്ങളുടെ മനസ്സിൽ വരുന്ന ചിത്രം ധനവാന്റെയും ലാസറിന്റെയും അല്ലേ?

അതെ, ധനവാന്റെ ദുരന്തത്തിന്റെ കാരണം അപരവത്ക്കരണമായിരുന്നു. ഈ ഭൂമിയിലെ ജീവിതത്തിൽ കണ്ടുമുട്ടുന്ന മനുഷ്യരുടെ മുൻപിൽ, സഹോദരങ്ങളുടെ മുൻപിൽ അപരവത്ക്കരണമെന്ന വലിയൊരു ഗർത്തം അയാൾ നിർമിച്ചിരുന്നു. ധനവാനെ നോക്കൂ… ചെമന്ന പട്ടും മൃദുല വസ്ത്രങ്ങളും…സുഭിക്ഷമായി ഭക്ഷിച്ച് ആനന്ദിച്ച് …ലാസറിനെ പടിവാതിൽക്കൽ കിടക്കാൻ അനുവദിച്ചു…മേശയിൽ നിന്ന് വീണിരുന്നവ ഭക്ഷിക്കാൻ അനുവദിച്ചിരുന്നു…എന്നാൽ തന്റെ ജീവിതത്തിൽ നിന്ന് അദ്ദേഹം അവനെ അകറ്റി നിർത്തി…അപരവത്കരണം!!!

മറ്റൊരു ചെറിയ അല്ല വലിയ ഘടകം ഇവിടെയുണ്ട്. കഥപറച്ചിലുകാരൻ, ഈശോ, ഈ ദരിദ്രന് ഒരു പേര് കൊടുത്തു-ലാസർ. ലാസർ എന്ന വാക്കിന് “ദൈവം സഹായിച്ചു” എന്നാണർത്ഥം. പേരുകൊടുത്തു എന്നുവച്ചാൽ ഒരുവനെ തന്റെ ജീവിതത്തോട് ചേർത്തുനിർത്തി എന്നർത്ഥം.  ധനവാൻ (ലോകം മുഴുവനും) കഥയിലെ ലാസറിനെ അപരനായി, the other ആയി കണ്ടപ്പോൾ ദൈവം അവനെ തന്നോട് ചേർത്ത് നിർത്തുന്നു.  ദരിദ്രന്റെ മരണശേഷമുള്ള ജീവിതത്തിലേക്കുള്ള ചൂണ്ടുപലകയാണ് ലാസർ എന്ന പേര്. നോക്കൂ, ദരിദ്രനെ ദൈവദൂതന്മാർ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? അബ്രാഹത്തിന്റെ മടിയിലേക്ക്. (22) ദരിദ്രനെ ധനവാൻ കാണുന്നത് എവിടെയാണ്? ‘അബ്രാഹത്തെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു,’ (23) ഈ കഥയെ ലാവണ്യമുള്ളതാക്കുന്നത് ഈ പേരാണ്. ഈശോയുടെ മറ്റ് ഉപമകളിൽ കഥാപാത്രങ്ങൾക്ക് പേരില്ലെന്നോർക്കുക! മാത്രമല്ല, അപരവത്ക്കരണം എപ്പോഴും ഒരു വ്യക്തിയെ, കുടുംബത്തെ, സമൂഹത്തെ ദുഃഖത്തിലേക്കും ദുരന്തത്തിലേക്കുമാണ് നയിക്കുക എന്നും ഓർക്കുക!!.

സ്നേഹമുള്ളവരേ, ധനവാന്റെയും ലാസറിന്റെയും ഉപമ ചെറുപ്പം മുതലേ കേട്ട്, ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുകയും ജീവിക്കുകയും ചെയ്‌ത്‌ ദൈവമക്കളായി ജീവിക്കുന്ന സഭയും സഭാമക്കളും പുലർത്തേണ്ട വളരെ ഉന്നതമായ ഒരു ആദർശത്തിലേക്കാണ് ദൈവ വചനം നമ്മെ ക്ഷണിക്കുന്നത്. അപരവത്കരണത്തിന്റെ വക്താക്കളാകാതെ, മറ്റുള്ളവരെ കൂടി ശ്രദ്ധിച്ചുകൊണ്ട്, അവരെ പരിഗണിച്ചുകൊണ്ട് ദൈവം നൽകിയ നന്മകളെ പങ്കുവച്ചുകൊണ്ടു, നമ്മുടെ സഹോദരീസഹോദരങ്ങളെ നമ്മുടെ ജീവിതത്തോട് ചേർത്ത് പിടിച്ചുകൊണ്ട്  ജീവിക്കുക എന്ന മനോഹരമായ സന്ദേശമാണ് ഇന്നത്തെ സുവിശേഷത്തിന്റെ കാതൽ. ലോകം മുഴുവന്‍ വലിയൊരു അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ, യുക്രയിൻ-റഷ്യ യുദ്ധമൊന്നും നമ്മെ സ്പർശിക്കാതെ പോകുന്നു – അപരവത്കരണമെന്ന ദുരന്തത്തിന്റെ ഫലമാണിത്. ഭാരതത്തിൽ ക്രൈസ്തവർ, കന്യാസ്ത്രീകൾപോലും, ഭരണം കയ്യാളുന്നവരുടെ ഒത്താശയോടെ, ഹിന്ദുത്വ താത്പര്യക്കാരുടെ പ്രവൃത്തികൾ മൂലം ജയിലിലാകുന്നു, ആക്രമിക്കപ്പെടുന്നു. നമുക്കത് വേദനയുണ്ടാക്കുന്നില്ല – അപരവത്കരണമെന്ന ദുരന്തത്തിന്റെ ഫലമാണിത്.  ലോകത്തിൽ, ഭാരതത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കൂടിവരുമ്പോള്‍, സാമ്പത്തികമായി ഇടത്തട്ടിലുള്ളവരുടെ ജീവിതം ദുസ്സഹമാകുമ്പോള്‍, ദാരിദ്ര്യമനുഭവിക്കുന്നവരും, ദുരിതമനുഭവിക്കുന്നവരും കൂടിവരുമ്പോൾ ഇന്നത്തെ കഥയ്ക്ക് പ്രസക്തി ഏറുകയാണ്!  സ്നേഹമുള്ളവരേ, ഇങ്ങനെയുള്ളൊരു സാഹചര്യത്തിൽ ക്രൈസ്തവർ സ്വീകരിക്കേണ്ട ആധ്യാത്മിക ദര്‍ശനം അവതരിപ്പിക്കുകയാണ് ഈശോ ഈ ഉപമയിലൂടെ.

ദൈവം നമ്മില്‍നിന്നു ആഗ്രഹിക്കുന്നത് പരസ്പര ആശ്രിതത്വത്തിലുള്ള ജീവിതമാണ്. എല്ലാവരും ഒരുമിച്ച്, പരസ്പരം പങ്കുവെച്ച്, എല്ലാം ദൈവം നല്കിയതാണെന്നു എളിമയോടെ മനസ്സിലാക്കി മുന്നോട്ടു പോകണം. ഈശോയുടെ കാലത്ത് ഈയൊരു ആധ്യാത്മിക ദര്‍ശനത്തിന് ഒരു മാര്‍ക്കറ്റും ഇല്ലാതിരുന്ന സമയമായിരുന്നു. മനുഷ്യരെ കാണിക്കാന്‍ പണമുള്ളവര്‍, നിയമജ്ഞര്‍, ഫരിസേയര്‍ പലതും ചെയ്തിരുന്നു. പക്ഷെ, എനിക്കുള്ളത് പാവപ്പെട്ടവനും കൂടി അർഹതപ്പെട്ടതാണെന്ന  ഒരു അവബോധം അവർക്കില്ലാതെപോയി. പാവപ്പെട്ടവരെ, വേദനിക്കുന്നവരെ, സമൂഹത്തിൽ താഴേക്കിടയിലുള്ളവരെ തങ്ങളുടെ ജീവിതത്തിൽ നിന്ന് അവർ അകറ്റി നിർത്തി. അങ്ങനെയൊരു ആധ്യാത്മിക ദര്‍ശനം ഇല്ലായിരുന്നു. ആധ്യാത്മികത വെറും ഷോ മാത്രമായിരുന്നു അവര്‍ക്ക്. അപരവത്കരണത്തിന്റെ വക്താക്കളായിരുന്നു അവർ! അതുകൊണ്ടാണ് ഈശോ അവരോട് ഈ കഥ പറഞ്ഞത്. മരണ ശേഷമുള്ള കാര്യങ്ങളുംകൂടി കഥയില്‍ ഉള്‍പ്പെടുത്തിയത് ഒരുതരം psychological move ആയിരുന്നുവെന്ന് വേണമെങ്കില്‍ പറയാം – നന്മയിലേക്ക് വരാനുള്ള ചെറിയൊരു ഷോക്ക്‌ ട്രീറ്റ്മെന്റ്. പൂര്‍ണതയുള്ള ഒരു കഥയാണ് ഈശോ പറഞ്ഞത്.

ഇന്ന് ഈശോ നമ്മോട് ഈ കഥ പറയുകയാണ്‌. നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്ങനെയാണ് എന്നതിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ ദൈവവചനം നമ്മെ സ്വാധീനിക്കുക. ജീവിതം പങ്കുവെക്കാനുള്ളതാണെന്നും, ദൈവം നമ്മില്‍നിന്നു ആഗ്രഹിക്കുന്നത് പരസ്പര ആശ്രിതത്വത്തിലുള്ള ജീവിതമാണ് എന്നും നാം അറിയണം. എല്ലാവരും ഒരുമിച്ച്, പരസ്പരം പങ്കുവെച്ചുള്ളതാണെന്നുമാണ് നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്കില്‍ ഈ വചനം നമ്മെ ശക്തരാക്കും. ജീവിതം പങ്കുവയ്ക്കാതെ, ദൈവം തരുന്ന സമ്പത്ത് സ്വാര്‍ഥതയോടെ, പൂട്ടിവയ്ക്കുക എന്നതാണ് നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്കില്‍ ഈ ദൈവവചനം ഒരു വെല്ലുവിളിയാണ്. ദൈവം നല്‍കുന്നതില്‍ നിന്ന് എന്തെങ്കിലും എറിഞ്ഞു കൊടുത്ത് സംതൃപ്തരാകുന്നവര്‍ക്ക് ഈ ദൈവവചനം ഒരു ഓര്‍മപെടുത്തലാണ്.

സ്നേഹമുള്ളവരേ, ജീവിതം ഒരുമിച്ച്, ധനവാനും ദരിദ്രനും ഉള്ളവനും ഇല്ലാത്തവനും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന ക്രിസ്തു ദര്‍ശനം നമുക്കുണ്ടാകണം. എന്റെ സഹോദരന്റെ കാവല്‍ക്കാരന്‍ കൂടിയാണ് ഞാന്‍ എന്ന ചിന്ത നമുക്കുണ്ടാകണം.  എല്ലാം നല്‍കുന്ന ദൈവത്തെക്കുറിച്ചുള്ള ചിന്തയും നമുക്കുണ്ടാകണം. മനുഷ്യനെ മാറ്റിനിര്‍ത്തുകയല്ല, മനുഷ്യനെ ചേര്‍ത്ത്നിര്‍ത്തുകയാണ് ഈശോയുടെ ആധ്യാത്മിക ദര്‍ശനം. മനുഷ്യനില്‍ ദൈവത്തെ കണ്ടെത്തി, ആ മനുഷ്യനെ സംതൃപ്തിയിലേക്ക്, സന്തോഷത്തിലേക്ക് ഉയര്‍ത്തുവാന്‍ നമുക്കുള്ളതെല്ലാം നല്‍കുമ്പോഴാണ് നാം സ്വര്‍ഗത്തിനര്‍ഹരാകുന്നത്. മനുഷ്യരെ അകറ്റി നിര്‍ത്തുന്ന മനോഭാവങ്ങളെല്ലാം നമ്മെ ദൈവത്തില്‍ നിന്ന് മാറ്റി നിര്‍ത്തും എന്ന് മനസ്സിലാക്കണം. നമ്മുടെ ജീവിതത്തില്‍ നിന്ന് ആരെയും മാറ്റിനിര്‍ത്തരുത്.

ഒരു കവിത ഇങ്ങനെയാണ്: “അയാള്‍ ആരുമാകാം. അയാള്‍ തെരുവില്‍ നിന്ന് പ്രസംഗിച്ചു: ദൈവത്തെക്കുറിച്ച്. അയാൾ ദേവാലയത്തിൽ നിന്ന് പ്രസംഗിച്ചു  സ്വര്‍ഗത്തെക്കുറിച്ച്. ഒരു കുടുംബ സന്ദർശനത്തിൽ അയാൾ പറഞ്ഞത്  മനുഷ്യസ്നേഹത്തെക്കുറിച്ചായിരുന്നു. ആഗോളവത്കരണത്തെക്കുറിച്ച് അയാള്‍ സെമിനാറുകള്‍ നടത്തി. ദൈവത്തിന്റെ കരുണയെക്കുറിച്ച് ധ്യാനം സംഘടിപ്പിച്ചു. എന്നാല്‍, ഒരു കീഴ്ജാതിക്കാരനോടോത്ത് ഭക്ഷണത്തിനു വിളിച്ചപ്പോള്‍ അയാളത് നിരസിച്ചു.” ഈ കവിതയിലെ ‘അയാൾ’, അപരവത്കരണത്തിന്റെ വക്താവാണ്.

അയൽക്കാരനെ അന്യനായി കാണുന്ന ഒരു സ്വഭാവ വൈകൃതം നമ്മെ ബാധിച്ചിരിക്കുകയാണോ? ഒരു രാഷ്ട്രം, ഒരു ജനത, ഒരു മതം, ഒരു തിരഞ്ഞെടുപ്പ് ഒരു നേതാവ് തുടങ്ങിയ പരികല്പനകൾ അന്തരീക്ഷത്തിൽ ചുറ്റിക്കറങ്ങി അപരവത്കരണത്തിനു പശ്ചാത്തലമൊരുങ്ങുകയാണോ എന്ന് ഞാൻ പേടിക്കുന്നു!!. അപരവത്കരണത്തിന്റെ ദുരന്തത്തിലേക്കുള്ള യാത്രയിലാണോ നാം? നിഷ്കളങ്കരായ മനുഷ്യർ മരിച്ചു വീഴുമ്പോഴും, അവരുടെ കിടപ്പാടവും മറ്റും അഗ്നിക്കിരയാകുമ്പോഴും മൗനം നടിക്കുന്ന ഭരണാധികാരികൾ അപരവത്ക്കരണമാണ് നടത്തുന്നത്. എന്തുകൊണ്ട് ഭരണാധികാരികൾ മൗനം പാലിക്കുന്നു എന്നത് അന്വേഷിക്കേണ്ട വസ്തുതയാണ്. സാധാരണക്കാരായ പൗരന്മാരുടെ ജീവനും സ്വത്തിനും ഒരു വിലയും കൽപ്പിക്കാതെ അവരെ ദുരന്തത്തിന് വിട്ടുകൊടുക്കുമ്പോൾ, ധനവാന്റേതുപോലുള്ള നിസംഗത പാലിക്കുന്ന ഇവരും ദൈവത്തിന്റെ ന്യായാസനത്തിങ്കൽ നിൽക്കേണ്ടിവരും. സ്വന്തം ഭാര്യമാരെ സുഹൃത്തുക്കളുടെ മുൻപിൽവച്ച് അപമാനിക്കുന്നതിൽ അഭിമാനിക്കുന്ന ഭർത്താക്കന്മാരും അപരവത്ക്കരണമാണ് നടത്തുന്നത്. എന്തിന് നഴ്സിങ്ങിനും, മറ്റ് ഡിഗ്രി അഡ്മിഷനുകൾക്കും ഉയർന്ന മാർക്കുള്ളവരെ മാത്രം പരിഗണിക്കുന്നവരും അപരവത്ക്കരണമാണ് നടത്തുന്നത്. അവരെല്ലാം കഥയിലെ ധനവാനെപ്പോലെ ദരിദ്രന്റെ ജീവിതം മനോഹരമാക്കുവാൻ ചെറുവിരൽ അനക്കാത്തവരാണ്!

ധനവാനും ലാസറും എന്ന ദ്വന്ദത്തിന്റെ, ജോഡിയുടെ അര്‍ത്ഥവ്യാപ്തി വളരെ വലുതാണ്‌. അത് ഭാര്യയും ഭര്‍ത്താവും എന്നാകാം, മാതാപിതാക്കളും മക്കളും എന്നുമാകാം, വികാരിയച്ചനും ഇടവകക്കാരും എന്നും ആകാം. ജോലി കൊടുക്കുന്നവനും, ജോലിക്കാരനും എന്നുമാകാം. ഗവണ്മെന്റും ജനങ്ങളും എന്നും കാം. ഞാനും എന്റെ സുഹൃത്തും എന്നുമാകാം. ഈ ദ്വന്ദങ്ങളിലെല്ലാം അപരവത്കരണം കൂടുകൂട്ടിയിട്ടുണ്ടെങ്കിൽ അത് നമ്മെ ദുഃഖത്തിലേക്കും ദുരന്തത്തിലേക്കും നയിക്കും.

സ്നേഹമുള്ളവരെ, ധനവാന്റെയും ലാസറിന്റെയും കഥ നമ്മെ അസ്വസ്തരാക്കണം. നമ്മുടെ ക്രൈസ്തവ ജീവിതം വെറും ഷോ മാത്രമാകതിരിക്കട്ടെ. നിക്കോസ് കസാന്റ്‌ സാക്കീസിന്റെ ഫ്രാൻസിസ് അസീസിയെക്കുറിച്ചുള്ള നോവലിൽ (God’s Pauper-Francis Assissi) ബ്രദർ ലിയോ ഫ്രാൻസിസിനോട് ചോദിക്കുന്ന ചോദ്യത്തോടെ വചന പ്രഘോഷണം അവസാനിപ്പിക്കാം. തെരുവിൽ കണ്ട ഫ്രാൻസിസിനോട് ലിയോ ചോദിച്ചു: ” നിങ്ങൾ ഭക്ഷിക്കുന്നു, കുടിക്കുന്നു. സിൽക്ക് വസ്ത്രങ്ങൾ ധരിക്കുന്നു. ജനാലകളുടെ താഴെ നിന്ന് സ്ത്രീകൾക്കായി നന്നായി പാടുന്നു. പക്ഷെ നിങ്ങൾക്ക് എന്തെങ്കിലും പോരായ്മയുള്ളതായി, കുറവുള്ളതായി തോന്നിയിട്ടുണ്ടോ?” ധനവാന്റെയും ലാസറിന്റെയും ഉപമയിലൂടെയും ഈശോ നമ്മോടും ചോദിക്കുന്നത് ഈ ചോദ്യമാണ്! സുഹൃത്തേ! ” നിങ്ങൾ ഭക്ഷിക്കുന്നു, കുടിക്കുന്നു. സിൽക്ക് വസ്ത്രങ്ങൾ ധരിക്കുന്നു.

നിങ്ങൾ വിലയേറിയ കാറിൽ നടക്കുന്നു. പക്ഷെ നിങ്ങൾക്ക് എന്തെങ്കിലും പോരായ്മയുള്ളതായി, കുറവുള്ളതായി തോന്നിയിട്ടുണ്ടോ?” ആമ്മേൻ!

One thought on “SUNDAY SERMON LK 16, 19-31”

Leave a comment