SUNDAY SERMON MT 15, 21-28

ഏലിയാ-സ്ലീവാ-മൂശേക്കാലം

സ്ലീവാ മൂന്നാം ഞായർ

മത്താ 15, 21-28  

ജീവിതപ്രതിസന്ധികൾക്ക് ഒരു പഞ്ഞവുമില്ലാത്ത കാലത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരു വശത്തു പ്രകൃതി സൃഷ്ടിക്കുന്ന പ്രതിസന്ധികൾ!! മറുവശത്തു മനുഷ്യ നിർമ്മിതങ്ങളായ പ്രതിസന്ധികൾ!! അതിനോട് ചേർന്ന് തന്നെ രാഷ്ട്രീയ, സാമൂഹ്യ, മത സംഘടനകൾ സൃഷ്ടിക്കുന്ന പ്രതിസന്ധികളുമുണ്ട്. തൊഴില് തരാമെന്ന് പറഞ്ഞ് നമ്മുടെ യുവാക്കളെ പറ്റിക്കുന്ന ഭരണകർത്താക്കളുണ്ട്. ആത്മീയതയുടെപേരിൽ നമ്മെ പറ്റിക്കുന്ന മതനേതാക്കളുണ്ട്. ഇവരെല്ലാവരും നമ്മുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.  എന്തായാലും, ജീവിത പ്രതിസന്ധികൾക്ക് ഒരു പഞ്ഞവുമില്ലാത്ത കാലമാണിത്!!! ഈ കാലഘട്ടത്തിൽ, ഇന്നത്തെ സുവിശേഷം വളരെ ഉചിതമായ ഒരു സന്ദേശവുമായിട്ടാണ് വിരുന്നെത്തിയിരിക്കുന്നത്. ഇതാണ് സന്ദേശം: ജീവിത പ്രതിസന്ധികളെ ദൈവവരപ്രസാദത്താൽ നിറയ്ക്കുക. ഇന്ന്, കാനാൻകാരി സ്ത്രീയുടെ ദൈവവിശ്വാസത്തിലൂടെ നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളെ ദൈവവരപ്രസാദത്താൽ നിറയ്ക്കുവാൻ, അതുവഴി ജീവിതത്തിലെ അത്ഭുതങ്ങൾക്കു സാക്ഷ്യം വഹിക്കുവാൻ ഈശോ നമ്മെ ക്ഷണിക്കുകയാണ്. 

ജെറുസലേം പട്ടണത്തിൽ നിന്ന് 124 മൈലുകളോളം അകലെ സ്ഥിതിചെയ്യുന്ന ടയിർ, സീദോൻ എന്നീ വിജാതീയ പ്രദേശങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ ഭൂമിശാസ്ത്ര പശ്ചാത്തലം. പ്രതിപാദ്യവിഷയമാകട്ടെ, കാനാൻകാരി സ്ത്രീയുടെ പിശാചുബാധിതയായ മകളെ സുഖപ്പെടുത്തുന്നതും. രണ്ടു കാര്യങ്ങളാണ് ഈശോ നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. ഒന്ന്, പ്രധാന സൂചികയായ കാനാൻകാരിയുടെ വിശ്വാസം. രണ്ട്, ജീവിത പ്രതിസന്ധികളെ ദൈവവര പ്രസാദത്താൽ നിറയ്ക്കുക

കാനാൻകാരി സ്ത്രീയുടെ വിശ്വാസത്തിനു പല ഘട്ടങ്ങളുണ്ട്. ഒന്നാമത്തേത്, നിസംഗതനിറഞ്ഞ വിശ്വാസമാണ്. അവൾ പറയുന്നു: “കർത്താവേ, ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ”. പ്രത്യക്ഷത്തിൽ നല്ലൊരു പ്രാർത്ഥനയായി തോന്നുമെങ്കിലും ഇതിലൊരു നിസംഗതാമനോഭാവം ഉണ്ട്. ക്രിസ്തു കർത്താവാണെന്നു അവൾക്കു അറിയാം. അവിടുന്ന് ദാവീദിന്റെ പുത്രനാണെന്നും അവൾക്കു അറിയാം. പക്ഷെ അവളുടെ ഭാവം, സാക്ഷ്യപ്പെടുത്തലിന്റെയോ, ഏറ്റുപറച്ചിലിന്റെയോ അല്ല. “ഞാൻ വന്നിരിക്കുന്നു, നീ കനിഞ്ഞോളൂ” എന്നാണ്‌. 

നോക്കൂ, വചനം പറയുന്നു, “അവൻ ഒരു വാക്കുപോലും പറഞ്ഞില്ല” എന്ന്.

നമ്മുടെ വിശ്വാസം നിസംഗമാണെങ്കിൽ, ജീവിത സാക്ഷ്യത്തിന്റെ അഭാവം നമ്മുടെ ജീവിതത്തിലുണ്ടെങ്കിൽ ഈശോ മൗനിയാകും. അപ്പോൾ, മഹാമാരികളിൽ നിന്ന്, കഷ്ടതകളിൽ നിന്ന്, പിശാചുബാധകളിൽ നിന്ന് ആർക്കും രക്ഷപ്പെടുവാൻ സാധിക്കുകയില്ല.  നമ്മുടെ നിസംഗവിശ്വാസം അതിനു തടസ്സമാകും. നമ്മുടെ ജീവിതത്തിനു മുൻപിൽ ദൈവം മൗനിയാകുക എന്നതിനേക്കാൾ വലിയ എന്ത് ദുരന്തമാണ് നമുക്ക് സംഭവിക്കാനുള്ളത്!

നിസംഗത നിറഞ്ഞ ഒരു വിശ്വാസമല്ല ക്രൈസ്തവർക്ക് വേണ്ടത്. സാഹചര്യങ്ങൾ അനുകൂലമായാലും പ്രതികൂലമായാലും, വിശുദ്ധ പൗലോശ്ലീഹാ പറയുന്നതുപോലെ, ക്രിസ്തുവിനെ പ്രസംഗിക്കുവാൻ, ക്രിസ്തുവിനു സാക്ഷ്യം നൽകുവാൻ നമുക്കാകണം. അപ്പോഴേ, ദൈവത്തിന്റെ കൃപയാൽ, നമ്മുടെ ജീവിതങ്ങൾ, നമ്മുടെ കുടുംബങ്ങൾ നിറയുകയുള്ളു.

2020 ജൂലൈ 19 ന് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച സുപ്രീം കോടതി ജഡ്ജി, ജസ്റ്റീസ് R. Bhaanumathi തന്റെ വിടവാങ്ങൽ ചടങ്ങു ക്രിസ്തുവിലുള്ള തന്റെ വിശ്വാസം ഏറ്റുപറയാൻ ഉപയോഗിച്ചു എന്നത് വളരെ മാതൃകാപരവും, പ്രചോദനാത്മകവുമാണ്. “ഞാനൊരു ഹിന്ദുവാണ്. എന്നാലും ഞാൻ വിശ്വസിക്കുന്നത് ക്രിസ്തുവിന്റെ സുവിശേഷത്തിലാണ്” എന്നാണു തിങ്ങി നിറഞ്ഞു നിന്ന സദസ്സിനോട് അവർ പറഞ്ഞത്. ജീവിതത്തിന്റെ പ്രധാനഘട്ടങ്ങളിൽ എന്റെ വിശ്വാസം എന്നെ രക്ഷിച്ചിട്ടുണ്ട് എന്നാണു സുപ്രീം കോടതി ബാർ അസോസിയേഷൻ നൽകിയ യാത്രയയപ്പിൽ ജസ്റ്റീസ് പറഞ്ഞത്. തമിഴ് നാട്ടിലെ കുഗ്രാമത്തിൽ ജനിച്ച, രണ്ടാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട പെൺകുട്ടി, കുടുംബത്തിലെ കഷ്ടത നിറഞ്ഞ സാഹചര്യങ്ങൾ…. രണ്ടു പെണ്മക്കളെ വളർത്തുവാൻ ‘അമ്മ സഹിച്ച ബുദ്ധിമുട്ടുകൾ …. ഇങ്ങനെയുള്ള ജീവിതത്തിൽ ക്രിസ്തുവിന്റെ സുവിശേഷം തനിക്കു ശക്തിയായിരുന്നുവെന്നു ജസ്റ്റീസ് സാക്ഷ്യപ്പെടുത്തിയപ്പോൾ ദൈവവിശ്വാസത്തിന്റെ കനലുകൾ ആളിക്കത്തുന്നുണ്ടായിരുന്നു ആ വാക്കുകളിൽ. 

ചിലപ്പോഴെങ്കിലും നമ്മുടെ ജീവിതത്തിൽ ക്രിസ്തു മൗനിയാണെന്നു നമുക്ക് തോന്നിയിട്ടില്ലേ? എന്തേ, ഈശോ എനിക്ക് ഉത്തരം നൽകാത്തത് എന്ന് ചിന്തിച്ചിട്ടില്ലേ? നമ്മുടെ ആധ്യാത്മിക രംഗങ്ങളിൽ, സഭയിൽ നടക്കുന്ന ചില കാര്യങ്ങൾ കാണുമ്പോൾ നമ്മിൽ ഒരുതരം നിസംഗത രൂപപ്പെടുന്നില്ലേ? മനസ്സുമടുത്തല്ലേ നാമപ്പോൾ ദൈവാലയത്തിലേക്ക് പോകുന്നത്? കുടുംബപ്രശ്നങ്ങളുടെ പേരിൽ ഒരുതരം നിസംഗതാമനോഭാവം നമ്മിലും നിലനിൽക്കുന്നില്ലേ? ജീവിതത്തിലെ നിസംഗത നിറഞ്ഞ ദൈവ വിശ്വാസം ക്രിസ്തുവിനെ മൗനിയാക്കുമെന്നു ഓർക്കുക.

കാനാൻ കാരിയുടെ വിശ്വാസത്തിന്റെ രണ്ടാം ഘട്ടം രസകരമാണ്: ക്രിസ്തുവിൽ നിന്ന് വഴിതെറ്റുന്ന വിശ്വാസം. അവൾ ശിഷ്യന്മാരെ കൂട്ടുപിടിക്കുകയാണ്. വ്യക്തമായി ഇങ്ങനെയൊരു രംഗം നാം കാണുന്നില്ലെങ്കിലും ശിഷ്യന്മാരുടെ ഒരുമിച്ചുള്ള അപേക്ഷ നമ്മോടു പറയുന്നത് അവൾ അവരെ സമീപിച്ചു കാണണം എന്ന് തന്നെയാണ്. ഒരാളെയല്ലാ, പന്ത്രണ്ടുപേരെയും സ്വാധീനിക്കുവാൻ അവൾക്കായി. ശിഷ്യന്മാർ ഒരുമിച്ചു അവൾക്കുവേണ്ടി മാധ്യസ്ഥം പറയുകയാണ്.

വിശുദ്ധരുടെ പിന്നാലെ, ആൾദൈവങ്ങളുടെ പിന്നാലെ അന്ധമായി ഓടുന്ന നമ്മുടെ ക്രൈസ്തവ വിശ്വാസത്തിനു ഉണ്ടോ ഈ സ്ത്രീയുടെ വിശ്വാസവുമായി എന്തെങ്കിലും ബന്ധം? ക്രിസ്തുവിൽ നിന്ന് വഴിതെറ്റുന്ന വിശ്വാസമാണോ നമ്മുടേത് എന്ന് നാം ചിന്തിച്ചുനോക്കേണ്ടിയിരിക്കുന്നു.

വഴിതെറ്റുന്ന വിശ്വാസം കാണുമ്പോൾ ഈശോ ഇടപെടുന്നു. അവിടുന്ന് പറയുന്നു: “ഇസ്രായേൽ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് ഞാൻ അയയ്ക്കപെട്ടിരിക്കുന്നത്”. കാനാൻകാരിയാണെങ്കിലും സാമാന്യം മതപരമായ അറിവുള്ളവളാണ് അവൾ. അതുകൊണ്ടവൾക്കു ഈശോ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായി. ‘നഷ്ടപ്പെട്ട എന്ന് ഈശോ പറഞ്ഞപ്പോൾ അവളോർത്ത് കാണണം, തമ്പുരാനേ, എന്റെ മകൾ, നഷ്ടപ്പെട്ടതാണോ, താൻ നഷ്ടപ്പെടുത്തിയതാണോ? കർത്താവേ, എന്റെ മകൾ പിശാചുബാധയിലായതു, ദുരന്തത്തിൽ അകപ്പെട്ടത് ഞാൻ മൂലമാണോ? എന്റെ ശ്രദ്ധകുറവുകൊണ്ടാണോ, എന്റെ സ്നേഹക്കൂടുതല് കൊണ്ടാണോ എന്റെ മകൾ ഈ അവസ്ഥയിലായത്? താൻ മൂലം നഷ്ടപ്പെടുത്തിയതാകാം തന്റെ മകളുടെ ജീവിതം എന്ന ചിന്തയിലാണ് അവൾ ഈശോയോടു പറയുന്നത്: “കർത്താവേ എന്നെ സഹായിക്കണമേ“.

കാനാൻ കാരിയുടെ വിശ്വാസത്തിന്റെ അടുത്ത ഘട്ടം: ഉത്തരവാദിത്വപൂർണമായ വിശ്വാസം. ഉത്തരവാദിത്വ പൂർണമായ ഒരു വിശ്വാസത്തിലേക്ക് വളരുവാൻ നമുക്കാകണം. ഭർത്താവിന്, ഭാര്യക്ക്, മക്കൾക്ക്‌, മാതാപിതാക്കൾക്ക് ദൈവത്തിന്റെ രക്ഷ നേടിക്കൊടുക്കുവാൻ നമുക്ക് കടമയുണ്ട് എന്ന് മനസ്സിലാക്കി, നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുവാൻ നാം ശ്രമിക്കണം.

സ്നേഹമുള്ളവരേ, നമ്മുടെ മക്കൾ, യുവജനങ്ങൾ, കുട്ടികൾ തെറ്റായ വഴിയിലൂടെ പോകുന്നത്, ചതിയിൽപ്പെടുന്നത് മുതിർന്നവരുടെ, അധ്യാപകരുടെ, വൈദികരുടെ, മാതാപിതാക്കളുടെ കടമകൾ അവർ നിർവഹിക്കാത്തതുകൊണ്ടാണോ എന്ന് ജീവിത സംഭവങ്ങൾ കാണുമ്പോൾ നാം ചോദിച്ചുപോകുന്നു!! ഞായറാഴ്ചത്തെ കുർബാന വരെ ഒഴിവാക്കി എൻട്രൻസ് പരീക്ഷയ്ക്കുള്ള ഒരുക്കത്തിനായി പറഞ്ഞുവിട്ടപ്പോൾ, വേദപാഠക്ലാസ് ഒഴിവാക്കി ട്യൂഷ്യന് പറഞ്ഞു വിട്ടപ്പോൾ, കുടുംബപ്രാർത്ഥന ഒഴിവാക്കി ഹോംവർക് ചെയ്യിക്കുമ്പോൾ, സഭയെയും, വൈദികരെയും, സന്യസ്തരെയും, അത്മായ പ്രേഷിതരെയും വീട്ടിലും, കവലയിലും, ചായക്കടയിലും ഇരുന്നു വിമർശിക്കുമ്പോൾ ഒന്ന് ചിന്തിച്ചുനോക്കൂ, ചതിക്കുഴികളിലേക്കുള്ള വാതിലുകളാണോ നാം തുറക്കുന്നത്? ക്രൈസ്തവ വിശ്വാസികളായ നേഴ്‌സുമാർ, മറ്റ് പെൺകുട്ടികൾ ഹീനമായ മതപരിവർത്തനത്തിനു വിധേയരാകുന്നത്, നമ്മുടെ മക്കൾ അന്യമതസ്ഥരിൽപെട്ടവരെ ജീവിത പങ്കാളികളായി തിരഞ്ഞെടുക്കുന്നത് ഉത്തരവാദിത്വ പൂർണമായ ദൈവ വിശ്വാസത്തിൽ നാം ക്രൈസ്തവർ വളരാത്തതുകൊണ്ടല്ലേ?

ഈശോ അവതരിപ്പിക്കുന്ന രണ്ടാമത്തെ കാര്യം, ജീവിത പ്രതിസന്ധികളെ ദൈവവര പ്രസാദത്താൽ നിറയ്ക്കുക എന്നതാണ്.  Crisis, പ്രതിസന്ധി എന്ന വാക്കു ആദ്യം ഉപയോഗിച്ചത് വൈദ്യ ശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ്‌ (Hippocrates) ആണ്.     രോഗത്തിൽ നിന്ന് മുക്തി നേടുവാൻ രോഗിയെ ചികിത്സിക്കുന്ന പ്രക്രിയയിൽ ആവശ്യം കടന്നു വരുന്ന ഒരു ഘട്ടത്തെയാണ് ഹിപ്പോക്രാറ്റെസ് Crisis, എന്ന് വിളിക്കുന്നത്. ഈ point ൽ ഒന്നുകിൽ രോഗി സൗഖ്യത്തിലേക്കു കടന്നു വരികയും മരണത്തെ അതിജീവിക്കുകയും ചെയ്യും. അല്ലെങ്കിൽ രോഗി മരിക്കും.

ആധുനിക വൈദ്യ ശാസ്ത്രജ്ഞന്മാർ ഈ പദം ഉപയോഗിക്കുന്നത് ഹൃദയധമനികളുമായി ബന്ധപ്പെടുത്തിയാണ്. രക്തത്തിന്റെ ഒഴുക്ക് പെട്ടെന്ന് നിലക്കുക എന്നർത്ഥത്തിലാണ് അവർ Crisis, എന്ന വാക്കു ഉപയോഗിക്കുന്നത്.  ഒരു Crisis, ൽ രണ്ടു സാധ്യതകളാണ്. ഒന്ന്, Plight ഒളിച്ചോട്ടം. രണ്ട്, Fight യുദ്ധം ചെയ്യുക, അഭിമുഖീകരിക്കുക. രണ്ടായാലും, ഏതു ലോഹം കൊണ്ടാണ് ഒരാൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്ന് crisis തെളിയിക്കും.

ഇന്നത്തെ സുവിശേഷ ഭാഗത്തു ആ സ്ത്രീ ഒരു Crisis, ൽ അകപ്പെടുകയാണ്. ഈശോയുടെ മറുപടിയാണ് അവളെ Crisis, ൽ ആക്കുന്നത്.  “മക്കളുടെ അപ്പമെടുത്തു നായ്ക്കൾക്കു എറിഞ്ഞു കൊടുക്കുന്നത് ഉചിതമല്ല.” ഇതൊരു ബ്രെയിൻ ഷെമിംഗ് (Brain Shaming) ആണെന്ന് ആക്ഷേപിക്കാം. ബ്രെയിൻ ഷെമിംഗ് എന്ന് പറഞ്ഞാൽ, ഒരാൾക്ക് തന്നെക്കുറിച്ചു തന്നെ കുറവുള്ള, ചീത്തയായ വ്യക്തിയായി ചിന്തിക്കുവാൻ ഇടവരുത്തുക. പക്ഷെ ഈശോ ഇവിടെ ഒരു Crisis സൃഷ്ടിക്കുകയാണ്. എന്നിട്ടു കാത്തു നിൽക്കുകയാണ്, Crisis നെ ആ സ്ത്രീ അഭിമുഖീകരിക്കുന്നത് കാണാൻ. അവൾക്കു വേണമെങ്കിൽ ക്രിസ്തുവിനെ ചീത്തവിളിച്ചു മകളെയും കൊണ്ട് അവിടെനിന്നു പോകാം. തന്നെയും മകളെയും മാനസികമായി പീഡിപ്പിച്ചെന്ന് പറഞ്ഞു കേസുകൊടുക്കാം. തകർന്നു, തളർന്നു അവിടെ വീണു കിടക്കാം.

പക്ഷെ, അവൾ, താൻ ഏതു ലോഹം കൊണ്ട് പണിയപ്പെട്ടവളാണെന്നു തെളിയിക്കുകയാണ്. മാത്രമല്ല, അവൾ അവളുടെ ജീവിത സാഹചര്യത്തിൽ കണ്ടുമുട്ടുന്നതെല്ലാം Duplicate ആണ്. അവളുടെ സമൂഹത്തിൽ ഉള്ളവരെല്ലാം പലതരത്തിൽ ആട്ടിൻ തോലിട്ട ചെന്നായകളാണ്. യഹൂദമതത്തിലും അവൾ കാണുന്നത് വെള്ളയടിച്ച കുഴിമാടങ്ങളെയാണ്. നിയമത്തിന്റെ കാർക്കശ്യംകൊണ്ട് തങ്ങളുടെ ജീവിതങ്ങളെ ബുദ്ധിമുട്ടിക്കുന്ന Duplicates കളെ കാണുന്ന അവൾ പക്ഷെ ക്രിസ്തുവിൽ ഒരു Original നെ കാണുകയാണ്. ജീവിതത്തിൽ ആദ്യമായാണ് അവൾ ഒരു original നെ, 100%വും പരിശുദ്ധനായവനെ, 916 gold ആയവനെ, ഭൂമിയിലൂടെ നടക്കുന്ന ദൈവത്തെ കാണുന്നത്! നിസംഗമായ വിശ്വാസത്തിലൂടെയാണ് അവൾ കടന്നുപോയതെങ്കിലും, അവൾക്കുറപ്പായിരുന്നു, ഇവൻ സത്യമായും ദൈവപുത്രനാണെന്ന്; മകൾക്ക് സഖ്യം കിട്ടുവാൻ ശിഷ്യരുടെ അടുത്ത് ശുപാർശക്ക് പോയെങ്കിലും അവൾക്കറിമായിരുന്നു, അവൾക്ക് വിശാസം ഉണ്ടായിരുന്നു ക്രിസ്തുവിന് അവളുടെ മകളെ സുഖപ്പെടുത്തുവാൻ കഴിയുമെന്ന്.  ഈശോ പറയുന്നു, “സ്ത്രീയെ നിന്റെ വിശ്വാസം വലുതാണ്.” സ്നേഹമുള്ളവരേ, ആ നിമിഷം, അവളും അവളുടെ മകളും തകർത്തു പെയ്യുന്ന ദൈവവര പ്രസാദത്തിന്റെ പെരുമഴയിൽ കുളിച്ചു നിൽക്കുകയാണ്. സൗഖ്യപ്പെടലിന്റെ ഏഴുവർണങ്ങൾ അവിടെ വിരിയുകയാണ്. കാനാൻ കാരി തന്റെ മുൻപിൽ ഉയർന്ന Crisis നെ നന്മ കടഞ്ഞെടുക്കാനുള്ള നേരമായിട്ടെടുക്കുകയാണ്, Crisis നെ ദൈവവരപ്രസാദത്താൽ നിറയാനുള്ള സമയമാക്കി മാറ്റുകയാണ്. അവളുടെ മകൾ സൗഖ്യത്തിന്റെ മാധുര്യം രുചിച്ചറിയുകയാണ്.

നിങ്ങൾക്കറിയോ ഏറ്റവും നല്ല, ഉത്തമമായ Motivation ഗ്രന്ഥം ഏതാണെന്ന്? വിശുദ്ധ ബൈബിളാണ്. ഏതാണ് ഏറ്റവും നല്ല motivation ക്ലാസ്സ്? സുവിശേഷങ്ങളിലെ ഈശോയുടെ ജീവിതവും പ്രസംഗവുമാണ്. ജീവിതത്തിലെ Crisis കളെ ദൈവ രക്ഷയുടെ, ദൈവപ്രസാദത്തിന്റെ ഉന്നത നിമിഷങ്ങളാക്കുന്ന വിദ്യ കാണുവാൻ നമ്മൾ നോക്കേണ്ടത് എങ്ങോട്ടാണ്? കാൽവരിയിലേക്ക്. അവിടെ തന്റെ ജീവിതത്തിലെ ദുരന്ത നിമിഷങ്ങളെ എങ്ങനെയാണ് കൃപയുടെ സുന്ദര നിമിഷങ്ങളെക്കേണ്ടതെന്ന് ജീവിതത്തിലൂടെ ക്രിസ്തു നമുക്ക് കാണിച്ചു തരും. 

നിങ്ങൾക്കറിയോ, ഇന്നത്തെ ലോകത്തിൽ ബർമുഡയും, ബനിയനും, കൂളിംഗ് ഗ്ളാസ്സും ധരിച്ചു ആധുനിക യുവജനങ്ങളുടെ ഏറ്റവും വലിയ Crisis ആയ ഇന്റർനെറ്റിനെ (Internet) ദൈവ വര പ്രസാദത്താൽ നിറച്ച ഒരു ചെറുപ്പക്കാരൻ, കാർലോ അക്വിറ്റീ സിനെ? കഴിഞ്ഞ സെപ്തംബര് ഏഴാം തീയതി പോപ്പ് ലെയോ പതിനാലാമൻ വിശുദ്ധനായി പ്രഖ്യാപിച്ച കാർലോ അക്വീറ്റിസിനെ? 

കാർലോ അക്വിറ്റീസ് 1991 മെയ് 3 ന് ജനിച്ചു. കൗമാരപ്രായത്തിൽ കാർലോയ്ക്ക് രക്താർബുദം കണ്ടെത്തി. “കർത്താവിനും മാർപ്പാപ്പയ്ക്കും സഭയ്ക്കും വേണ്ടി ഞാൻ അനുഭവിക്കേണ്ടി വരുന്ന എല്ലാ കഷ്ടപ്പാടുകളും ഞാൻ സമർപ്പിക്കുന്നു” എന്നും പറഞ്ഞ് തന്റെ വേദനകളെ കാർലോ രക്ഷാകരമാക്കി. 2006 ഒക്‌ടോബർ 12-ന് അദ്ദേഹം അന്തരിച്ചു, വിശുദ്ധ ഫ്രാൻസിസ് അസ്സീസിയോടുള്ള സ്‌നേഹം നിമിത്തം, അദ്ദേഹത്തിന്റെ അഭ്യർത്ഥനപ്രകാരം അസ്സീസിയിൽ സംസ്‌കരിക്കപ്പെട്ടു. 2013-ൽ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള ശ്രമം ആരംഭിച്ചു.  2020 ഒക്ടോബർ 10-ന് “വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.  സെപ്തംബര് 7 ന് വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. ഇന്റർനെറ്റിന്റെ മധ്യസ്ഥനാണ് അദ്ദേഹം. ഇന്നത്തെ യുവജനങ്ങൾക്ക്‌ തന്റെ ജീവിതത്തിലെ ലൂക്കേമിയ എന്ന പ്രതിസന്ധിയെ രക്ഷാകരമാക്കുവാൻവേണ്ടി കാർലോ തനിക്കുള്ള കമ്പ്യൂട്ടർ നൈപുണ്യവും, തനിക്ക് ലഭിച്ച സമയം മുഴുവനും വിശുദ്ധ കുർബാനയുടെ അത്ഭുതങ്ങളെ കംപ്യൂട്ടറിൽ അപ്‌ലോഡ് ചെയ്യുവാൻ ഉപയോഗിച്ചു. തന്റെ പ്രതിസന്ധികളെ ദൈവകൃപയുടെ അവസരങ്ങളാക്കുവാൻ കാർലോയ്ക്ക് സാധിച്ചു എന്നത് അത്ഭുതാവഹം തന്നെയാണ്. ജീവിത പ്രതിസന്ധികളെ ദൈവ വരപ്രസാദത്താൽ നിറയ്ക്കുവാൻ വിശുദ്ധ കാർലോ പ്രചോദനമാകട്ടെ.    

സ്നേഹമുള്ളവരേ, ദൈവ വിശ്വാസം, ജീവിത പ്രതിസന്ധികളെ ദൈവ കൃപയാൽ, പരിശുദ്ധാത്മാവിന്റെ വരങ്ങളാൽ നിറയ്ക്കാൻ നമ്മെ സഹായിക്കുമെന്ന് പ്രതിസന്ധികൾക്കു പഞ്ഞമില്ലാത്ത ഈ കാലത്തു നമുക്ക് പഠിക്കാം. കാനാൻകാരി സ്ത്രീയെപ്പോലെ, നിസംഗത നിറഞ്ഞ വിശ്വാസം വെടിഞ്ഞു, ക്രിസ്തുവിൽ നിന്ന് നമ്മെ അകറ്റുന്ന വിശ്വാസം മാറ്റി, ഉത്തരവാദിത്വപൂർണമായ വിശ്വാസത്തിലേക്കു നമുക്ക് ചുവടുവെയ്‌ക്കാം. നാം ചെയ്യേണ്ടവ, ചെയ്യേണ്ട സമയത്ത്, ചെയ്യേണ്ട പോലെ ചെയ്തശേഷം ഈശോയെ സഹായിക്കണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

അപ്പോൾ നമ്മെ തിന്മയിൽ നിന്ന്, പിശാച് ബാധിതമായ സാഹചര്യങ്ങളിൽ നിന്ന്, അവസ്ഥകളിൽ നിന്ന് അബദ്ധങ്ങളിൽ നിന്ന്, ചതിയിൽ നിന്ന് രക്ഷിക്കാൻ ഈശോ വരും. അവിടുന്നൊരിക്കലും മൗനിയാകില്ല. ആമേൻ!

SUNDAY SERMON MT 17, 14-21

ഏലിയാ-സ്ലീവാ-മൂശേക്കാലം

സ്ലീവാ രണ്ടാം ഞായർ

മത്താ 17, 14-21

ഒരു അപസ്മാര രോഗിയെയും, ക്രിസ്തുവിൽ പൂർണവിശ്വാസമുള്ള അവന്റെ പിതാവിനെയും, അപസ്മാര രോഗിയെ സുഖപ്പെടുത്തിക്കൊണ്ട് സൗഖ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുന്ന ക്രിസ്തുവിനെയും അവതരിപ്പിക്കുന്ന ഇന്നത്തെ സുവിശേഷഭാഗം എന്നിൽ വലിയ ഞെട്ടൽ ഉണ്ടാക്കുകയാണ്. കാരണമെന്തെന്നോ? ഒരുവശത്ത് ഈ ലോകം തന്നെ  അപസ്മാരം പിടിപെട്ടവരെപ്പോലെ ഉറഞ്ഞു തുള്ളുകയാണ്. ചിലപ്പോൾ തോന്നും ഇസ്രയേലിനാണ് അപസ്മാരം എന്ന്. മറ്റുചിലപ്പോൾ അത് ഹമാസിനും പാലസ്തീനിനുമാണെന്ന് തോന്നും. പിന്നെ അമേരിക്കക്കാണോ അതോ റഷ്യയ്ക്കാണോ അപസ്മാരമെന്ന്? ക്രിസ്ത്യാനികളെ മതപരിവർത്തനത്തിന്റെപേരിൽ ആക്രമിക്കുന്നത് കാണുമ്പോ ഇന്ത്യയ്ക്കും അപസ്മാരമാണോയെന്ന് തോന്നിയാൽ സംശയമില്ല. സംഗമങ്ങൾക്കും, സമ്മേളനങ്ങൾക്കും പിന്നാലെ പോകുന്ന കേരളത്തെ കാണുമ്പോൾ തോന്നും കേരളത്തിനാണോ അപസ്മാരമെന്ന്!!

വർത്തമാനപ്പത്രങ്ങളിലൂടെ കടന്നുപോകുമ്പോൾ, സാമൂഹ്യമാധ്യമങ്ങൾ പരതുമ്പോൾ ഇതൊക്കെ ശരിയാണെന്ന് നമുക്ക് തോന്നും. മറുവശത്താണെങ്കിലോ, ഈ ലോകത്തെ ബാധിച്ചിരിക്കുന്ന രോഗങ്ങളിൽ നിന്ന്, അപസ്മാര രോഗങ്ങളിൽനിന്ന് ലോകത്തെ മുഴുവനും രക്ഷിക്കുവാൻ, സുഖപ്പെടുത്തുവാൻ ക്രിസ്തുവിന്റെ സുവിശേഷമാണ് ഏറ്റവും നല്ല ഔഷധമെന്ന് പോപ്പ് ലെയോ പതിനാലാമൻ! ഇന്നത്തെ സുവിശേഷ ഭാഗവും ക്രിസ്തുവാണ്, കൃത്വിന്റെ സുവിശേഷമാണ് ലോകത്തിന് സഖ്യം നൽകുന്നതെന്ന് പ്രഘോഷിക്കുകയാണ്.

സുഖപ്പെടുത്തലിന്റെ സുന്ദരമായ ഒരു ആവിഷ്കാരമാണ് ഈ ദൈവവചന ഭാഗം. ക്രിസ്തുവിന്റെ സൗഖ്യത്തിലൂടെ കടന്നുപോകുവാൻ ആഗ്രഹിക്കുന്നവരോട്, ക്രിസ്തുവിന്റെ – ആത്മീയമോ, ശാരീരികമോ, മാനസികമോ എന്തുമാകട്ടെ – ക്രിസ്തുവിന്റെ സൗഖ്യം പ്രതീക്ഷിക്കുന്നവരോട് വചനം പറയുന്നത്, ഈശോ ആവശ്യപ്പെടുന്നത്, ഹൃദയത്തിലുള്ള വിശ്വാസമാണ്.

ഒരു പിതാവിന്റെ വേദനയുടെ മുൻപിൽ, പുത്രന്റെ സൗഖ്യത്തിനുവേണ്ടിയുള്ള പിതാവിന്റെ കരച്ചിലിനുമുന്പിൽ നിൽക്കുന്ന ഈശോ, ആ പിതാവിന്റെ ഹൃദയം കാണുകയാണ്. തന്നിൽ പൂർണ വിശ്വാസം അർപ്പിച്ചുവന്നിരിക്കുന്ന പിതാവിന് പുറപ്പാടിന്റെ പുസ്തകം അദ്ധ്യായം 15, 26 ൽ പറയുന്നപോലെ, ഈശോ, സുഖപ്പെടുത്തുന്ന കർത്താവാകുകയാണ്.

ദൈവരാജ്യം നമ്മിൽ സംഭവിക്കണമെങ്കിൽ, ദൈവത്തിന്റെ സൗഖ്യം സ്വന്തമാക്കണമെങ്കിൽ അടിസ്ഥാനമായി മനുഷ്യന് വേണ്ടത് ദൈവത്തിലുള്ള വിശ്വാസമാണ്. എന്റെ കർത്താവേ, എന്റെ ദൈവമേ എന്ന് വിശുദ്ധ തോമാശ്ലീഹാ ഏറ്റുപറഞ്ഞപോലുള്ള വിശ്വാസം; കർത്താവേ, നീ ജീവനുള്ള ദൈവത്തിന്റെ മിശിഹയാകുന്നുവെന്ന് വിശുദ്ധ പത്രോസ് വിളിച്ചുപറഞ്ഞപോലുള്ള വിശ്വാസം; എന്റെ ദൈവമേ, എന്റെ സർവ്വസ്വമെ എന്ന് വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി വിളിച്ചുപറഞ്ഞപോലുള്ള വിശ്വാസം; നമ്മുടെ പ്രായം ചെന്ന വല്യപ്പന്മാരും, വല്യമ്മമാരും അതിരാവിലെ എഴുന്നേറ്റ് വിശുദ്ധ കുർബാന അർപ്പിക്കാൻ ദേവാലയത്തിലെത്തുന്ന പോലുള്ള വിശ്വാസം! എന്തുമാത്രം വിശ്വാസ പ്രതിസന്ധികളുണ്ടായാലും, ക്രിസ്തുവിനെയും, ക്രിസ്തുവിന്റെ സഭയേയും കരിവാരിത്തേയ്ക്കുന്ന പ്രചാരണങ്ങളുണ്ടായാലും, ദൈവാലയത്തിന്റെ തിരുനടയിൽ തിരികത്തിച്ച് പ്രാർത്ഥിക്കാനെത്തുന്ന സാധാരണ ക്രൈസ്തവന്റെ വിശ്വാസം, എന്റെ ദൈവം എന്റെ ജീവിതത്തെ തന്റെ കൃപകൊണ്ട് നിറയ്ക്കുവാൻ എന്റെ ജീവിതത്തിലേക്ക് വരും എന്ന ഓരോ ക്രൈസ്തവന്റെയും വിശ്വാസം! വിശ്വാസം – യഥാർത്ഥ ക്രൈസ്തവന്റെ ആന്തരിക ഭാവമാണത്.

ദേവാലയങ്ങളുടെ വലിപ്പമല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ അളവുകോൽ, സംസ്കാരത്തിന്റെ പവിത്രതയല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ സൗന്ദര്യം, ക്രൈസ്തവരുടെ എണ്ണമല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ വലിപ്പം, ആചാരങ്ങളുടെയും, ആരാധനാക്രമങ്ങളുടെയും ദൈർഘ്യമോ, വൈവിധ്യമോ അല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ Richness, സമ്പന്നത! ക്രിസ്തുവിലുള്ള വിശ്വാസമാണ്, ഉത്ഥിതനായ ക്രിസ്തുവിലുള്ള ഉറച്ച വിശ്വാസം തന്നെയാണ് എന്റെ ക്രൈസ്തവ വ്യക്തിത്വത്തിന്റെ അളവുകോൽ, സൗന്ദര്യം, വലിപ്പം, സമ്പന്നത.

താബോർ മലയിലെ രൂപാന്തരത്തിലൂടെ തന്റെ ശിഷ്യരെ ഇത്തരമൊരു വിശ്വാസത്തിലേക്ക് ഉയർത്തുവാൻ സാധിച്ചു എന്ന പൂർണ വിശ്വാസത്തിലാണ് ഈശോ ജനക്കൂട്ടത്തിന്റെ അടുത്തേക്ക് വരുന്നത്. അപ്പോഴാണ് അപസ്മാര രോഗിയായ ബാലനെ കണ്ടുമുട്ടുന്നതും, ശിഷ്യന്മാർക്ക് കഴിയാതെ വന്നപ്പോൾ, അവനെ സുഖപ്പെടുത്തുന്നതും.

ഈ സംഭവവിവരണത്തിലൂടെ ഒന്ന് കടന്നുപോകാം… ഒരു പിതാവ് അപസ്മാരം ബാധിച്ച തന്റെ മകനെയും കൊണ്ട് ഈശോയെ സമീപിക്കുകയാണ്. തന്റെ മകന്റെ അപസ്മാരരോഗം അദ്ദേഹത്തെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. ആ മകനെ അപകടങ്ങളിൽ നിന്ന് രക്ഷിച്ചെടുക്കാൻ അദ്ദേഹം കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഇസ്രായേല്യരുടെ ജീവിതസാഹചര്യങ്ങളും അദ്ദേഹത്തിന്റെ ജോലി ഭാരം കൂട്ടുന്നതായിരുന്നു. വീടിന്റെ മുറ്റത്തു തന്നെ തുറന്ന അടുപ്പുകളുള്ള ഒരു സംസ്കാരത്തിൽ അപസ്മാരം വരുമ്പോൾ മകനെ തീയിൽ നിന്ന് രക്ഷിക്കുവാൻ അയാൾ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. മഴവെള്ളം സംഭരിക്കുവാൻ വീടിന്റെ പരിസരത്തു തന്നെ ചെറിയ കുളങ്ങളുള്ളതുകൊണ്ടു വെള്ളത്തിൽ നിന്നു രക്ഷിക്കുകയെന്നതും വലിയ പ്രശ്നമായിരുന്നു അയാൾക്ക്.   ഇങ്ങനെയുള്ള ഒരു വ്യക്തി തന്റെ കഴിവുകൾക്കും, ലോകത്തിന്റെ അറിവുകൾക്കും തന്റെ മകനെ സുഖപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. മാത്രമല്ല, അയാൾ ആൾദൈവങ്ങൾക്കും പിന്നാലെ ഓടിനടന്നു കാണണം.  അതിന്റെ ഭാഗമായിട്ടാകണം അയാൾ ശിഷ്യരെ സമീപിച്ചത്. അവരാകട്ടെ, താബോർമലയിൽ നിന്ന് കിട്ടിയ ധൈര്യത്തിൽ ഒരു കൈ ശ്രമിക്കുകയും ചെയ്തു. ഇങ്ങനെയൊരു സാഹചര്യം നമുക്കാർക്കെങ്കിലും ആയിരുന്നെങ്കിൽ ധ്യാനകേന്ദ്രങ്ങളായ ധ്യാനകേന്ദ്രങ്ങളിലെല്ലാം നാം ഓടിച്ചെന്നേനെ! അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി …അങ്ങനെ ഏതെല്ലാം പതികളുണ്ടോ അവിടെയെല്ലാം നാം കടന്നുചെന്നേനെ! ശരിയല്ലേ? 

എന്നാൽ, ഇവയെല്ലാം തങ്ങൾക്കു സൗഖ്യം തരികയില്ലെന്നും, ജീവിതത്തിൽ വലുതായി കരുതുന്നതെല്ലാം വെറുതെയാണെന്നും, അവയ്ക്കൊന്നും തന്നെ സുഖപ്പെടുത്താൻ കഴിയുകയില്ലെന്നും അറിയുമ്പോൾ മാത്രമേ, നാം ദൈവ വിശ്വാസത്തിലേക്ക് പ്രവേശിക്കുകയുള്ളു എന്നതാണ് സത്യം.

വിശ്വ പ്രസിദ്ധ ഫാഷൻ ഡിസൈനറും എഴുത്തുകാരിയുമായ, കിർസിദ റോഡ്രിഗസ് (Kyrzaida Rodriguez, 40) കാൻസർ വന്നു മരിക്കുന്നതിന് മുൻപ് എഴുതിയ ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആണ്.   അവൾ തന്റെ ഇൻസ്റ്റാഗ്രാം സുഹൃത്തുക്കൾക്ക് ഇങ്ങനെ എഴുതി. “ലോകത്തിലെ ഏറ്റവും വിലയേറിയ ബ്രാൻഡ് കാർ എന്റെ ഗാരേജിലുണ്ട്. പക്ഷെ ഞാനിപ്പോൾ വീൽ ചെയറിലാണ് യാത്ര ചെയ്യുന്നത്. എന്റെ വീട്ടിൽ എല്ലാത്തരം ഡിസൈൻ വസ്ത്രങ്ങളും ചെരിപ്പുകളും ഉണ്ട്. പക്ഷെ ആശുപത്രി നൽകിയ ചെറിയ ഷീറ്റിൽ എന്റെ ശരീരം പൊതിഞ്ഞിരിക്കുന്നു. ബാങ്കിൽ ആവശ്യത്തിന് പണമുണ്ട്. എന്നാൽ ആ പണം ഇപ്പോൾ എനിക്ക് പ്രയോജനപ്പെടുന്നില്ല. എന്റെ വീട് ഒരു കൊട്ടാരം പോലെയാണ്. എന്നാൽ, ഇപ്പോൾ ഞാൻ ആശുപത്രി കിടക്കയിലാണ്. ഞാൻ പഞ്ച നക്ഷത്ര ഹോട്ടലിൽ നിന്ന് പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് യാത്രചെയ്യുമായിരുന്നു. ഇപ്പോൾ ഒരു ലാബിൽ നിന്ന് മറ്റൊരു ലാബിലേക്ക്. എന്റെ മുടി അലങ്കരിക്കുവാൻ എനിക്ക് ഏഴ് ബ്യൂട്ടീഷ്യൻ (Beutician) മാരുണ്ടായിരുന്നു. ഇന്ന് എന്റെ തലയിൽ ഒരു മുടി പോലുമില്ല. ഒരു സ്വകാര്യ ജെറ്റിൽ ഞാൻ ഇഷ്ടമുള്ളിടത്തേക്കു പറക്കുമായിരുന്നു. ഇപ്പോൾ ഒന്ന് നടക്കാൻ രണ്ടു പേരുടെ സഹായം വേണം. ധാരാളം ഭക്ഷണങ്ങൾ വാങ്ങാമെങ്കിലും എന്റെ ഇപ്പോഴത്തെ ഭക്ഷണം ഒരു ദിവസം രണ്ടു ഗുളികകളും, രാത്രിയിൽ കുറച്ചു തുള്ളി ഉപ്പുമാണ്. ഈ വീഡി കാർ, നിരവധി ബാങ്ക് അൽകൗണ്ടുകൾ, ഈ ജെറ്റ്, അന്തസ്സും പ്രശസ്തിയും ഒന്നും എനിക്ക് ഒരു പ്രയോജനവുമില്ല.”  ഇക്കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് അവരുടെ  ചരമവാർഷികമായിരുന്നു.     

ഇന്നത്തെ സുവിശേഷ ഭാഗത്തിലെ പിതാവും ഇങ്ങനെ ഒരു മാനസികാവസ്ഥയിലെത്തിയിരിക്കണം! ഒടുക്കം, അതെ, ഒടുക്കം, ‘ദൈവമേ, നീ മാത്രമേയുള്ളു എന്റെ ആശ്രയം” എന്ന സമർപ്പണത്തിലേക്കു കടന്നുവന്ന നിമിഷം അയാൾ, അയാൾ മാത്രമല്ല അയാളുടെ മകനും, അയാളുടെ വിശ്വാസം വഴി, അയാളുടെ കുടുംബം മുഴുവനും, വിശ്വാസത്തിന്റെ തീർത്ഥത്തിൽ സ്നാനം ചെയ്യുകയാണ്. ആ സ്നാനത്തിൽ അവർക്കു സൗഖ്യം ലഭിക്കുകയാണ്. ആ സ്നാനത്തിൽ നിന്ന് ഉണർന്നുവരുമ്പോൾ അവർ അറിയുന്നു, ക്രിസ്തുവിന്റെ അടുത്ത് മാത്രമേ സൗഖ്യമുള്ളുവെന്ന്; ഈശോയുടെ വചനത്തിൽ സൗഖ്യമുണ്ടെന്ന്, ഈശോയുടെ സാന്നിധ്യം സൗഖ്യം നല്കുന്നതാണെന്ന്‌; ഈശോ മുഴുവനും സൗഖ്യമാണെന്ന്. നിർബന്ധിത മതപരിവർത്തനമെന്ന വ്യാജ ആരോപണത്തിന്റെ ബലത്തിൽ ക്രൈസ്തവർക്കെതിരെ ബിൽ കൊണ്ടുവരുന്നവർ കേൾക്കണം, ഈശോയെ, കർത്താവേ, എന്റെ പുത്രനിൽ കനിയേണമേയെന്ന സുവിശേഷഭാഗത്തിലെ പിതാവിന്റെ ഉള്ളം തകർന്നുള്ള കരച്ചിൽ! എത്ര ബിൽ അവതരിപ്പിച്ചാലും, ലോകരക്ഷകനായ ക്രിസ്തുവിനെ മനുഷ്യർ തിരിച്ചറിയും. എന്നിട്ട് വിളിക്കും, ഈശോയേ, കർത്താവേ സൗഖ്യം നല്കണേ എന്ന്!!!

സ്നേഹമുള്ളവരേ, ഈശോയുടെ സൗഖ്യത്തിന്റെ അടിസ്ഥാന ഘടകം വിശ്വാസമാണ്, ദൈവത്തിലുള്ള, ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസം. ഈശോയുടെ സൗഖ്യപ്പെടുത്തലുകളിൽ അത് രണ്ടു രീതിയിൽ അവതരിക്കപ്പെടുന്നുണ്ട്. ഒന്ന്, സൗഖ്യപ്പെട്ട ആളുടെ വിശ്വാസത്തെ ഈശോ പ്രകീർത്തിക്കുന്നു. ആ അവസരങ്ങളിൽ ഈശോ പറയുന്നു, “നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.” രണ്ട്, സുഖപ്പെട്ടയാളുടെയോ, അയാളോടൊപ്പം വന്നവരുടെയോ വിശ്വാസത്തെക്കുറിച്ചു നിശ്ശബ്ദനായിക്കൊണ്ട്, ശിഷ്യരുടെ അല്ലെങ്കിൽ ജനത്തിന്റെ വിശ്വാസത്തെക്കുറിച്ചു പറയും. ഇവിടെ രണ്ടാമത്തെ രീതിയാണ് ഈശോ സ്വീകരിച്ചത്. രീതി ഏതാണെങ്കിലും ഈശോ പറയാനാഗ്രഹിക്കുന്നതു വിശ്വാസത്തെക്കുറിച്ചു തന്നെയാണ്.

ദൈവത്തിലുള്ള വിശ്വാസത്തിന്റെ തീവ്രത അവിടുന്ന് അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്: ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഒരു മലയോളം അത്ഭുതകരമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. അതാണ് വിശ്വാസം. ആഴമുള്ള ജീവിതാനുഭവങ്ങളിൽ നിന്നാണ് വിശ്വാസം രൂപപ്പെടുന്നത്. എന്റെ ജീവിതത്തിന്റെ മാനുഷിക, ലൗകിക അസാധ്യതകൾക്കുമുന്പിൽ ദൈവം ഒരു വാതിൽ തുറക്കുമെന്ന പ്രതീക്ഷയാണ് വിശ്വാസം. ഞാൻ പാവപ്പെട്ടവയും ദരിദ്രനുമാണ് എങ്കിലും എന്റെ കർത്താവിനു എന്നെക്കുറിച്ചു കരുതലുണ്ട് എന്ന വികാരമാണ് വിശ്വാസം. ഹൃദയം തകർന്നവർക്കു സമീസ്ഥനാണ് ദൈവമെന്ന ബോധ്യമാണ് വിശ്വാസം. എന്റെ പരിമിതികൾക്കും അപ്പുറം എന്നെ താങ്ങി നടത്തുവാൻ ദൈവം എന്റെ ജീവിതത്തിലേക്ക് കടന്നുവരുമെന്ന ക്ഷീണിതമായ മനസ്സിന്റെ ആഗ്രഹമാണ് വിശ്വാസം. ഈ വിശ്വാസത്തിലേക്കു നാം വളരണം. ഈ വിശ്വാസം നമ്മുടെ ജീവശ്വാസത്തിന്റെ താളമാകണം. അപ്പോഴേ, ക്രിസ്തുവിന്റെ സൗഖ്യം സ്വീകരിക്കുവാനും മറ്റുള്ളവർക്ക് സൗഖ്യം നൽകുവാനും നമുക്ക് കഴിയുകയുള്ളു.

2014 ൽ ഇറങ്ങിയ ഒരു English Film ഉണ്ട് – Exodus: Gods and Kings. പുറപ്പാട് പുസ്തകത്തിന്റെ ആദ്യ അധ്യായങ്ങളാണ്

സിനിമയുടെ വിഷയം. സംവിധാനം, ഗ്ലാഡിയേറ്റർ (Gladiator 2000) ഫെയിം, റിഡ്‌ലെ സ്കോട്ട് (Ridley Scott) ആണ്. മോസസ് ആയി അഭിനയിച്ച ക്രിസ്ത്യൻ ബെയ്ൽ (Christian Bale) നല്ല അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ഈ സിനിമയിൽ ഒരു രംഗമുണ്ട്. ഈജിപ്തിൽ നിന്ന് മോശയുടെ നേതൃത്വത്തിൽ രക്ഷപ്പെടുന്ന ഇസ്രായേൽ ജനം ആഹ്ളാദാരവങ്ങളോടെയാണ് ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് രക്ഷപ്പെട്ട് കാനാൻ ദേശം ലക്ഷ്യമാക്കി നടക്കുന്നത്. എല്ലാം ശുഭമാണെന്ന് വിചാരിച്ച് സന്തോഷിച്ച് മുന്നോട്ട് നടക്കുമ്പോഴാണ് ചെങ്കടൽ അവർക്ക് മുൻപിൽ വെള്ളത്തിന്റെ മതിൽ സൃഷ്ടിക്കുന്നത്. മോസസ് പ്രധാന ആളുകളെ വിളിച്ചുകൂട്ടി ചർച്ചചെയ്തു. പലവിധ തന്ത്രങ്ങളും ആവിഷ്കരിച്ചു. ഒരു ഫലവുമില്ല. ഫറവോയുടെ പട്ടാളം പിന്നാലെ വന്ന് തങ്ങളെ വീണ്ടും അടിമത്തത്തിലേക്ക് കൊണ്ടുപോകുമോയെന്ന ഭയം അവരിൽ അസ്വസ്ഥത ജനിപ്പിച്ചു. ജനം പരാതിപറയാൻ തുടങ്ങി. പരസ്പരം തമ്മിൽ തല്ലാൻ തുടങ്ങി. മോസസ് കാലുവെന്ത പട്ടിയെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. അവസാനം, അവസാനം അദ്ദേഹം തന്റെ കയ്യിലിരുന്ന വടി വെള്ളത്തിലേക്ക് എറിഞ്ഞിട്ട് ആകാശത്തേയ്ക്ക് നോക്കി പറഞ്ഞു: “യഹോവയെ എന്നെക്കൊണ്ട് ഈ വലിയ തടസ്സം മാറ്റാൻ പറ്റില്ല. യഹോവയേ, നിനക്ക് മാത്രമേ ഞങ്ങളെ രക്ഷിക്കുവാൻ സാധിക്കുകയുള്ളു.” ഇതും പറഞ്ഞു അയാൾ മണലിൽ കമിഴ്ന്നു കിടന്നു. ഒട്ടും സമയം കഴിഞ്ഞില്ല. അയാളുടെ കാതുകൾ വെള്ളത്തിന്റെ തിരയനക്കം കേട്ടു. തലയുയർത്തി നോക്കിയപ്പോൾ അയാൾ കണ്ടത് വെള്ളം പിന്നോട്ടോടുന്നതാണ്. വചനം പറയുന്നു: “ഇസ്രായേൽ ജനം കരയിലൂടെയെന്നവണ്ണം ചെങ്കടൽ കടന്നു.” ദൈവത്തിന്റെ കയ്യിലേക്ക് പൂർണമായി കൊടുക്കുക. അത്രയ്ക്കും വിശ്വാസം നിനക്കുണ്ടാകുക. സ്നേഹിതാ, ദൈവം നിന്റെ ജീവിതത്തെ സുഖപ്പെടുത്തും.

ഇന്നത്തെ സുവിശേഷം നമ്മോടു പറയുന്നത്: ഒന്ന്, ക്രിസ്തുവിന്റെ സൗഖ്യത്തിൽ വിശ്വസിക്കുന്നവനാകണം ക്രൈസ്തവൻ. രണ്ട്, ക്രിസ്തുവിന്റെ സൗഖ്യത്തിൽ സ്നാനപ്പെട്ടു നിൽക്കുന്നവായിരിക്കണം ക്രൈസ്തവൻ. രോഗങ്ങളെന്തായാലും ക്രിസ്തുവിന്റെ സൗഖ്യത്തിലൂടെ കടന്നുപോകണം. മൂന്ന്‌, മുറിവുകൾ നല്കുന്നവനല്ല, മുറിവുകൾ സുഖപ്പെടുത്തുന്നവനാണ് ക്രൈസ്തവൻ.

അതുകൊണ്ടാണ്, തന്റെ ആദ്യത്തെ Official അഭിമുഖത്തിൽ ക്രക്സ് സീനിയർ കറസ്‌പോണ്ടന്റ് എലീസ് ആൻ അലനോട് പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പറഞ്ഞത് ‘ആഗോള പ്രതിസന്ധികൾ പരിഹരിക്കുകയല്ല മറിച്ച് സുവിശേഷം  പങ്കിടുകയാണ് എന്റെ പ്രധാന ദൗത്യം’. കാരണം, പാപ്പയ്ക്കറിയാം അപസ്മാരം നിറഞ്ഞ ഈ ലോകത്തിന് മറുമരുന്ന് ക്രിസ്തുവിന്റെ സുവിശേഷമാണെന്ന്!!  

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷത്തിലെ അപസ്മാരരോഗിയെ അയാളിൽ മാത്രമായി ഒതുക്കുവാൻ ആകില്ല. ഇന്ന് ലോകത്തിനു മുഴുവൻ അപസ്മാരം പിടിപെട്ടിരിക്കുകയാണ്. വ്യക്തികൾക്കും, സമൂഹത്തിനും ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ. രാഷ്ട്രീയ മത സാംസ്കാരിക രംഗത്ത് ഉള്ളവർ അപസ്മാരരോഗികളെപ്പോലെ ഗോഷ്ടികൾ കാണിക്കുന്നു. ഇന്ന് ഗവൺമെന്റുകൾക്കു അപസ്മാരം പിടിച്ചിരിക്കുകയാണ്. ജനത്തിനുവേണ്ടി പ്രവർത്തിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവർ കോർപറേറ്റുകൾക്ക് വേണ്ടി ചുവടുവയ്ക്കുന്നു. പാവപ്പെട്ട കർഷകരെക്കാണുമ്പോൾ അവർക്കു അപസ്മാരം പിടിക്കുന്നു. നമ്മുടെ നാട്ടിലെ നേതാക്കൾക്കും അപസ്മാരമാണ്; ആക്രാന്തമാണ്‌. അവർ കാട്ടുന്ന ഗോഷ്ടികൾ അവരുടെ രോഗത്തെ ശരിവയ്ക്കുകയാണ്. മാതാപിതാക്കൾക്ക് മക്കളുടെ മേൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ! കൈക്കുഞ്ഞിനെ കൊല്ലുന്ന പിതാവ്! മാതാപിതാക്കൾക്കെതിരെ കേസ് കൊടുക്കുന്ന മക്കൾ, അനുജനെതിരെ കോടതിയിൽ പോകുന്ന ജേഷ്ഠൻ! ലൗകികതയുടെ പേക്കൂത്തുകൾ കാട്ടുന്ന ആത്മീയ നേതാക്കൾ!! അപസ്മാരത്തിന്റെ ലക്ഷണങ്ങളല്ലേ ഇവയെല്ലാം എന്ന് നാം ചിന്തിക്കണം. ഈ ഭൂമിയെ ഒരു അപസ്മാരരോഗിയെപ്പോലെ നാം വികൃതമാക്കിയിരിക്കുന്നു.

ഈ ഭൂമിക്ക്‌, സമൂഹത്തിനു, കുടുംബങ്ങൾക്ക്, വ്യക്തികൾക്ക് സൗഖ്യം ആവശ്യമായിരിക്കുന്നു. ഒരു വ്യക്തിയെ രോഗത്തിന്റെ ബലഹീനാവസ്ഥയിലേക്കല്ലാ, വ്യക്തിയുടെ സൗഖ്യത്തിലേക്കാണ് ഈശോ ക്ഷണിക്കുന്നത്. ഈശോയ്ക്ക് നമ്മെ സുഖപ്പെടുത്താൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുക. മകളെ, മകനെ, നിന്റെ ഉള്ളിലെ ആഗ്രഹം ഈശോയോടു പറയുക. സുഖപ്പെടലിന്റെ അനുഗ്രഹപ്രവാഹം നിന്നിലൂടെ കടന്നുപോകും.

നമുക്ക് പ്രാർത്ഥിക്കാം: അപസ്മാരം നിറഞ്ഞ ഒരു സംസ്കാരത്തിലൂടെയാണ്,

മനസ്സിലാക്കാനാകാത്ത ജീവിത സാഹചര്യങ്ങളിലൂടെയാണ് ഈശോയെ, ഞങ്ങൾ കടന്നുപോകുന്നത്.   ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ. ഞങ്ങളെ സുഖപ്പെടുത്തണമേ. ആമേൻ!

SUNDAY SERMON FEAST OF THE EXALTATION OF THE HOLY CROSS 2025

കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ 2025

ആഗോള കത്തോലിക്കാ സഭയിൽ ഇന്ന് കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ (The Feast of the Exaltation of the Holy Cross) നാം ആഘോഷിക്കുകയാണ്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ ഭാഗമായി, ക്രിസ്തു തന്റെ മുപ്പത്തി മൂന്നാമത്തെ വയസ്സിൽ ലോകത്തിന് രക്ഷ നൽകുവാൻ കുരിശിൽ മരിച്ചു എന്ന യാഥാർഥ്യത്തിന്റെ വെളിച്ചത്തിലാണ് ക്രൈസ്തവർ കുരിശിനെ പൂജ്യമായി കാണുവാൻ തുടങ്ങുന്നത്. റോമാസാമ്രാജ്യത്തിന്റെ ഭരണകാലത്ത് ദൈവ നിന്ദയ്ക്കും, രാജദ്രോഹത്തിനുമുള്ള ശിക്ഷയായിരുന്നു കുരിശുമരണം. എന്നാൽ, ക്രിസ്തുവിന്റെ കുരിശുമരണത്തോടെ, ശിക്ഷയുടെ അടയാളമായ കുരിശ് രക്ഷയുടെ അടയാളമായി മാറി.

കത്തോലിക്കാ സഭയിൽ AD 4 ലാണ് പരസ്യമായി കുരിശിനെ വണങ്ങുവാൻ തുടങ്ങുന്നത്. അത് ആരംഭിച്ചതാകട്ടെ, കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ മാതാവായ ഹെലന രാജ്ഞി തന്റെ ജറുസലേമിലേക്കുള്ള തീർത്ഥയാത്രയ്ക്കിടക്ക് ക്രിസ്തുവിന്റെ കുരിശ് കണ്ടെത്തിയതിനുശേഷമാണ്. AD 326 സെപ്റ്റംബർ 14 നാണ് കുരിശ് കണ്ടെത്തിയത്.

എങ്കിലും പാശ്ചാത്യ സഭയിൽ വളരെ പ്രാധാന്യത്തോടെ കുരിശിന്റെ പുകഴ്ച്ച തുടങ്ങിയത് ഏഴാം നൂറ്റാണ്ടിലാണ്. പേർഷ്യാക്കാരിൽ നിന്ന് കോൺസ്റ്റാന്റിനെപ്പോളിലെ ഹെറാക്ലിയസ് രാജാവ് ക്രിസ്തുവിന്റെ കുരിശ് വീണ്ടെടുത്തതിന് ശേഷമാണ് കുരിശിന് വലിയ പ്രാധാന്യം കിട്ടിയത്. എന്നാൽ, ജറുസലേമിലെ പൗരസ്ത്യ സഭകളിൽ കുരിശിന്റെ പുകഴ്ച്ച നാലാം നൂറ്റാണ്ടുമുതൽ   ഉണ്ടായിരുന്നു എന്നാണ് സഭാപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്.

വിശുദ്ധ പൗലോസ് ശ്ലീഹ, ആദിമസഭയിൽ കുരിശിനെക്കുറിച്ച് അഭിമാനത്തോടെ പ്രസംഗിച്ചരുന്നു. ക്രൂശിതനായ ക്രിസ്തുവിനെ പ്രസംഗിക്കുന്നതിൽ അഭിമാനിച്ചിരുന്ന പൗലോസ് പറയുന്നത് കേൾക്കൂ: “ഞങ്ങളാകട്ടെ യഹൂദർക്ക് ഇടർച്ചയും, വിജാതീയർക്ക് ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു.” (1 കോറി1, 23) കോറിന്തോസിലെ ക്രൈസ്തവരെ അദ്ദേഹം ഓർമിപ്പിക്കുന്നതും കുരിശിനെക്കുറിച്ചാണ്. ” നാശത്തിലൂടെ ചരിക്കുന്നവർക്ക് കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ, അത് ദൈവത്തിന്റെ ശക്തിയത്രെ.” (1 കോറി 1, 18) വിശുദ്ധ പൗലോശ്ലീഹാ ഫിലിപ്പിയർക്ക് ലേഖനം എഴുതുമ്പോൾ ക്രൂശിതനായ ക്രിസ്തുവിനെക്കുറിച്ച് വളരെ കവിതാത്മകമായാണ് രേഖപ്പെടുത്തുന്നത്. ഓരോ ക്രൈസ്തവനും മനഃപാഠമാക്കേണ്ട ദൈവ വചനങ്ങളാണിവ. “ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച്, മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന്, ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണംവരെ – അതേ കുരിശുമരണംവരെ – അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാൽ, ദൈവം അവനെ അത്യധികം ഉയർത്തി…ഇത് … യേശുക്രിസ്തു കർത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുവേണ്ടിയാണ്.” (ഫിലിപ്പി 2, 6-11)

എന്നാൽ, പ്രിയപ്പെട്ടവരേ, ഒരു കാര്യം നാം മനസ്സിലാക്കണം. ആദിമസഭയിൽ ക്രിസ്തുവിന്റെ കുരിശിൽ ആദിമക്രൈസ്തവർ അഭിമാനിച്ചത് ക്രിസ്തു കുരിശിൽ മരിച്ചതുകൊണ്ടല്ല. പിന്നെയോ, കുരിശുമരണത്തിനുശേഷം, ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നതുകൊണ്ടാണ്; കുരിശുമരണം വലിയൊരു ക്രിസ്തുരഹസ്യത്തിലേയ്ക്കുള്ള വാതിലായിരുന്നതുകൊണ്ടാണ്. അതുകൊണ്ട്, കുരിശിനേക്കാൾ, കുരിശുമരണത്തെക്കാൾ ക്രൈസ്തവന്റെ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനമാണ്. ക്രിസ്തുവിന്റെ കുരിശിനെ നാം വണങ്ങുന്നത് ക്രിസ്തു ഉത്ഥിതനായി ഇന്നും ജീവിക്കുന്നതുകൊണ്ടാണ്. 

കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ക്രൈസ്തവർ ഇന്നും ആഘോഷിക്കുന്നത് നാമെല്ലാവരും, ഉത്ഥിതനായ ക്രിസ്തുവിൽ വിശ്വസിക്കുന്നതുകൊണ്ടാണ്; വിശുദ്ധ പത്രോസ് ശ്ലീഹ പ്രസംഗിച്ചതുപോലെ, “അല്ലയോ ഇസ്റായേൽ ജനങ്ങളേ, നിങ്ങളുടെ കൈകളിൽ അവൻ ഏല്പിക്കപ്പെട്ടു. അധർമികളുടെ കൈകളാൽ അവനെ നിങ്ങൾ കുരിശിൽ തറച്ചു കൊന്നു. ആ യേശുവിനെ ദൈവം ഉയിർപ്പിച്ചു. ഞങ്ങളെല്ലാവരും അതിന് സാക്ഷികളാണ്” (അപ്പ 2 23, 32) എന്ന് നമ്മളും പ്രസംഗിക്കുന്നതുകൊണ്ടാണ് കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ നമ്മൾ ആഘോഷിക്കുന്നത്. ഇസ്രായേൽ ജനം കുരിശിൽ തറച്ച യേശുവിനെ ദൈവം, കർത്താവും ക്രിസ്തുവുമാക്കി ഉയർത്തി (അപ്പ 2, 36) എന്ന് ഇന്നും നമ്മൾ വിശ്വസിക്കുന്നതുകൊണ്ടാണ് നാമിന്ന് കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിക്കുന്നത്. സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ പീഡാസഹനമല്ല അവസാന വാക്ക്; ക്രിസ്തുവിന്റെ കുരിശു മരണവുമല്ല അവസാനവാക്ക്. അവസാനവാക്ക് ഉത്ഥാനമാണ്. വിശുദ്ധ പൗലോശ്ലീഹാ പറയുന്നത് കേൾക്കൂ…” ക്രിസ്തു ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്; ഞങ്ങളുടെ വിശ്വാസവും വ്യർത്ഥം! (1 കോറി 15, 14) അതുകൊണ്ട്, ക്രിസ്തുവിന്റെ പീഡാസഹനമല്ല അവസാന വാക്ക്; ക്രിസ്തുവിന്റെ കുരിശു മരണവുമല്ല അവസാനവാക്ക്. അവസാനവാക്ക് ഉത്ഥാനമാണ്. നാം അവന്റെ ഉത്ഥാനത്തിന് സാക്ഷികളായതുകൊണ്ടാണ് അവന്റെ കുരിശിന്റെ പുകഴ്ച്ച ആഘോഷിക്കുന്നത്.

ക്രിസ്തു തന്റെ പീഡാനുഭവ മരണ ഉത്ഥാന പ്രവചനങ്ങൾ നടത്തുമ്പോൾ ഊന്നൽ നൽകുന്നത് ഉത്ഥാനത്തിനാണ്.

“മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും, ജനപ്രമാണികൾ, പുരോഹിതപ്രമുഖന്മാർ, നിയമജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും, എന്നാൽ, മൂന്നാം ദിവസം ഉയിർപ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.” (ലൂക്ക 9, 22) ഇന്ന് നാം വായിച്ചുകേട്ട സുവിശേഷ ഭാഗത്തും ഈശോ പറയുന്നത് മഹത്വത്തെക്കുറിച്ചാണ്. “ഭോഷന്മാരേ, പ്രവാചകന്മാർ പറഞ്ഞിട്ടുള്ളത് വിശ്വസിക്കാൻ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ, ക്രിസ്തു ഇതെല്ലാം സഹിച്ച് മഹത്വത്തിലേക്ക് പ്രവേശിക്കേണ്ടിയിരുന്നില്ലേ? (ലൂക്ക 24, 25-26) ക്രിസ്തു മഹത്വീകൃതനാണ്; ഉത്ഥിതനാണ്. അതിനുള്ള ഉപകരണമായിരുന്നു കുരിശ്; അതിനുള്ള മാർഗമായിരുന്നു കുരിശുമരണം. അതിനാൽ, കുരിശുമരണം ബഹുമാനിക്കപ്പെടണം. കുരിശ് പുകഴ്ചയ്ക്ക് അർഹമാണ്. ആദിമക്രൈസ്തവ കാലംമുതലേ, ക്രിസ്തുവിന്റെ കുരിശുമരണത്തെ നാം ആദരിച്ചിരുന്നു. കുരിശിനെ രക്ഷയുടെ അടയാളമായി കണ്ടിരുന്നു. പക്ഷേ, ക്രിസ്തുവിന്റെ ഉത്ഥാനമാണ് കുരിശിന്റെ പുകഴ്ചയുടെ അടിസ്ഥാനം എന്ന് നാം മറക്കരുത്.

കുരിശിന്റെ വിശുദ്ധ യോഹന്നാൻ പറയുന്നത്, കുരിശിന്റെ പുകഴ്ച്ച എന്നത് നമ്മുടെ രക്ഷയ്ക്കുവേണ്ടി ക്രിസ്തു കടന്നുപോയ സഹനങ്ങളെ ആദരിക്കലാണ് എന്നാണ്. ഏശയ്യാ പ്രവാചകന്റെ പുസ്തകം 42, 49, 50, 52 അദ്ധ്യായങ്ങളിൽ വിവരിക്കുന്ന സഹനങ്ങളിലൂടെ ഈശോ നടന്നുകയറിയത് ഉത്ഥാനത്തിലേക്കാണ് എന്ന മഹാസന്ദേശം ലോകത്തിന് മുൻപിൽ പ്രഘോഷിക്കുകയാണ് കുരിശിന്റെ പുകഴ്ചയുടെ തിരുനാളിൽ നാം ചെയ്യുന്നത്.

ഒരിക്കൽ ഒരു പക്ഷി വഴിയിൽ വച്ച് അഗ്നിയെ കണ്ടു. എല്ലാം കത്തി നശിപ്പിക്കുന്ന അഗ്നിയോട് പക്ഷി ചോദിച്ചു: “ഈ പ്രപഞ്ചത്തിലെ ഏറ്റവും ശക്തനാണോ നീ?” “അല്ല ഒരിക്കലുമല്ല”, അഗ്നി പറഞ്ഞു. പിന്നെ ആരാണ് ഏറ്റവും ശക്തൻ? “എന്നെപ്പോലും കെടുത്തിക്കളയുന്ന വെള്ളമാണ് ഏറ്റവും ശക്തൻ.”അന്ന് ഉച്ചകഴിഞ്ഞ് വെള്ളത്തെ കണ്ടപ്പോൾ പക്ഷി ചോദിച്ചു: “വെള്ളം, നീയാണോ ഈ പ്രപഞ്ചത്തിലെ ഏറ്റവും ശക്തൻ? വെള്ളം പറഞ്ഞു: “ഞാനല്ല ഏറ്റവും ശക്തൻ എന്നെപ്പോലും വറ്റിച്ചുകളയുന്ന സൂര്യനാണ് ഏറ്റവും ശക്തൻ.” പിറ്റേദിവസം പക്ഷി സൂര്യനോട് ഈ ചോദ്യം ആവർത്തിച്ചു: “ഞാനല്ല. എന്നെപ്പോലും മറച്ചുകളയുന്ന മേഘങ്ങളാണ് ഏറ്റവും ശക്തൻ.” ഓഹോ? അങ്ങനെയാണോ? എന്നാൽ പക്ഷി മേഘത്തിനോട് ചോദിച്ചപ്പോൾ മേഘം പറഞ്ഞു: “ഞാനല്ല. എന്നെപ്പോലും ഓടിച്ചു കളിക്കുന്ന കാറ്റാണ് ഏറ്റവും ശക്തൻ.” എന്നാൽ കാറ്റിനോട് ചോദിച്ചപ്പോൾ കാറ്റ് പറഞ്ഞു: “അയ്യോ, ഞാനല്ല. അത് മലയാണ്. എനിക്കാ മലയെ ഒന്ന് അ നക്കാൻപോലും പറ്റില്ല.” എന്നാൽ, മലയും പക്ഷിയോട് പറഞ്ഞു: “ഞാനല്ലാട്ടോ. എന്നെപ്പോലും തുരന്ന് മാറ്റാൻ കഴിയുന്ന മനുഷ്യനാണ് ഏറ്റവും ശക്തൻ.” പക്ഷി മനുഷ്യനോട് ചോദിച്ചപ്പോൾ മനുഷ്യൻ പറഞ്ഞു. “ഞാൻ ശക്തനേയല്ല. മരണമാണ് ഏറ്റവും വലിയ ശക്തൻ.” പക്ഷി മരണത്തെ തേടിപ്പോയി. കണ്ടുമുട്ടിയപ്പോൾ മരണം പറഞ്ഞത് വേറൊരു കഥ. “ഞാനല്ല ഏറ്റവും വലിയ ശക്തൻ. നസ്രത്തിൽ നിന്നുള്ള ഈശോയെന്ന ചെറുപ്പക്കാരൻ എന്നെയും തോൽപ്പിച്ചു കളഞ്ഞു. മരണശേഷം മൂന്നാം നാൾ അവൻ ഉത്ഥാനം ചെയ്തു. അവനാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും ശക്തൻ.”

വൈകാരികമായി കുരിശിനെ, സഹനങ്ങളെ നാം കെട്ടിപ്പിടിക്കുമ്പോഴും, ആത്മീയമായി ഉത്ഥാനത്തെയാണ് നാം ഉയർത്തിപ്പിടിക്കേണ്ടത്. ഉറങ്ങാതിരുന്ന് പഠിച്ച രാത്രികളെ എന്നതിനേക്കാൾ വിജയത്തെ നാം ഉയർത്തിപ്പിടിക്കുന്നതുപോലെ.  പേറ്റുനോവിനെ എന്നതിനേക്കാൾ കുഞ്ഞിനെ ഉയർത്തിപ്പിടിക്കുന്നത്പോലെ! അനവധി ദിവസങ്ങളിലെ, അധ്വാനത്തെയും, ഒഴുക്കിയ വിയർപ്പിനെയും എന്നതിനേക്കാൾ നിറകതിരുകളെ ഉയർത്തിപ്പിടിക്കുന്നതുപോലെ.  ആധ്യാത്മിക ജീവിതത്തിന്റെ പാകത എന്നത്, കുരിശിനെ ആദരിച്ചുകൊണ്ട് ഉത്ഥാനത്തിൽ ജീവിക്കുകയെന്നതാണ്. ക്രൈസ്തവ ജീവിതത്തിന്റെ പാകത എന്നത് സഹനങ്ങളെ സ്വീകരിച്ചുകൊണ്ട്, ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്ന് പറയുകയാണ്.

എമ്മാവൂസിലെ ശിഷ്യന്മാർക്ക് ഈശോ അപ്പം വിഭജിച്ച് കൊടുത്തപ്പോൾ അവരുടെ കണ്ണുകൾ തുറക്കപ്പെടുകയാണ്. അവരുടെ ഹൃദയം ജ്വലിക്കുകയാണ്. മാത്രമല്ല, തത്ക്ഷണം അവർ അവിടെനിന്ന് പോകുകയാണ്. ഇനി അവരുടെ ഊഴമാണ്. ക്രിസ്തുവാകുവാൻ; അപ്പമാകുവാൻ. ആരാണ് ക്രിസ്തു? ഉത്ഥിതനാണ് ക്രിസ്തു. സഹനത്തിലൂടെ ഉത്ഥാനം ചെയ്തവനാണ് ക്രിസ്തു. ക്രിസ്തുവിൽ സഹനമുണ്ട്; ഉത്ഥാനവുമുണ്ട്. ഉത്ഥാനമാണ് സഹനത്തിന് പ്രസക്തി നൽകുന്നത്, പ്രകാശം നൽകുന്നത്. അപ്പമെന്താണ്? ആയിത്തീരുന്നതാണ്, ഉത്ഥാനമാണ് അപ്പം. കനലിൽ എരിയുക എന്നതായിരുന്നു സഹനം.

സ്നേഹമുള്ളവരേ, കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ നാം ഇന്ന് ആഘോഷിക്കുമ്പോൾ ഓർക്കുക, ക്രിസ്തു ഉത്ഥിതനായി ഇന്നും ജീവിക്കുന്ന ദൈവമായതുകൊണ്ടാണ് കുരിശിന് വിലയുണ്ടായത്. അല്ലാതെ, ക്രിസ്തു കുരിശിൽ മരിച്ചതുകൊണ്ടല്ല. എന്തുകൊണ്ടാണ് കളിയ്ക്കാൻ അറിയില്ലെന്ന പേരിൽ പുറത്താക്കപ്പെട്ടവനാണ് മൈക്കിൾ ജോർദാൻ എന്ന് നാം പറയുന്നത്? നാളുകൾ കഴിഞ്ഞ് ആറ് തവണ അദ്ദേഹം നാഷണൽ ബാസ്കറ്റ്ബോൾ ചാമ്പ്യനായതുകൊണ്ടാണ്. സ്വരം കൊള്ളില്ലെന്ന പേരിൽ ഡെക്കാ സ്റ്റുഡിയോ പുറംതള്ളിയവർ എന്ന് നാലുചെറുപ്പക്കാരെക്കുറിച്ച് നാം വലിപ്പം പറയുന്നത് എന്തുകൊണ്ടാണ്? ബീറ്റിൽസ് (The Beatles) എന്ന മികച്ച മ്യൂസിക് ബാൻഡായി അവർ മാറിയതുകൊണ്ടല്ലേ?

കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ഒരു ചൂണ്ടുപലകയാണ്, ക്രിസ്തു ഉത്ഥിതനായി ഇന്നും ജീവിക്കുന്ന ദൈവമാണെന്നതിലേക്കുള്ള ചൂണ്ടുപലക.  അതുപോലെതന്നെ, നമ്മുടെ ജീവിതത്തിലെ സഹനങ്ങളും, കുരിശുകളും ചൂണ്ടുപലകകൾ മാത്രമാണ്.  ജീവിക്കുന്ന ദൈവം നമ്മോടൊപ്പമുണ്ടെന്ന, നമ്മുടെ ജീവിതത്തെ വിജയത്തിലേക്ക് നയിക്കുന്ന, നമ്മുടെ രോഗങ്ങളിൽ നിന്ന് നമുക്ക് സൗഖ്യം നൽകുന്ന ദൈവം നമ്മോടൊപ്പമുണ്ടെന്നത്തിലേക്കുള്ള ചൂണ്ടുപലക.

കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ പ്രത്യാശയുടെ തിരുനാളാണ്. കുരിശല്ല, ദുഃഖവെള്ളിയല്ല അവസാനവാക്ക്. ഉത്ഥാനമാണ്, ഈസ്റ്റർ ഞായറാണ് അവസാനവാക്ക് എന്ന പ്രത്യാശയുടെ തിരുനാൾ. ആമ്മേൻ! 

SUNDAY SERMON LK 18, 35-43

ഏലിയാ-സ്ലീവാ-മൂശേക്കാലം ഒന്നാം ഞായർ

ലൂക്ക 18, 35-43

ആമുഖം

സീറോമലബാർ സഭയുടെ ആരാധനാക്രമവത്സരത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ഈശോ ലോകത്തെ വീണ്ടുരക്ഷിച്ചതിന്റെ പ്രതീകമായ കുരിശിന്റെ വിജയവും, കർത്താവിന്റെ രണ്ടാമത്തെ ആഗമനവും ആണ് കാലത്തിന്റെ പ്രത്യേക ചിന്തകൾ. മിശിഹായുടെ രണ്ടാമത്തെ വരവിനു മുൻപായി ഏലിയാ വരുമെന്ന ചിന്തയാണ് ഏലിയാ എന്ന പേരിലൂടെ നാം മനസ്സിലാക്കുന്നത്. ചെങ്കടലിനു മീതെ തന്റെ വടി നീട്ടിക്കൊണ്ട് മോശ ഇസ്രായേൽ ജനത്തിന് കടലിന്റെ നടുവിലൂടെ വഴി കാട്ടിയതുപോലെ, സ്ലീവാവഴി മിശിഹാ പറുദീസായിലേക്കു വഴികാട്ടിതന്നുകൊണ്ട് മർത്യകുലത്തെ രക്ഷിച്ചിരിക്കുന്നു എന്നതാണ് സ്ലീവാ, മോശെ എന്നീ പേരുകൾ സൂചിപ്പിക്കുന്നത്. നമ്മിലെ അന്ധതയെല്ലാം മാറ്റി, ക്രിസ്തുവാകുന്ന പ്രകാശത്തിൽ ജീവിക്കുവാൻ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നമുക്ക് വിശുദ്ധ കുർബാനയിലേക്ക് പ്രവേശിക്കാം

 പ്രസംഗം

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ

യേശു നാമമല്ലാതെ, യേശു നാമമല്ലാതെ.

മാനവരക്ഷയ്‌ക്കൂഴിയിൽ വേറൊരു നാമമില്ലല്ലോ

യേശു നാമമല്ലാതെ, യേശു നാമമല്ലാതെ.

ഇന്നത്തെ സുവിശേഷ ഭാഗത്ത് നാം കണ്ടുമുട്ടുന്ന അന്ധന്റെ ഹൃദയത്തിൽ നിന്നുയർന്ന “ദാവീദിന്റെ പുത്രനായ ഈശോയേ എന്നിൽ കനിയണമേ” എന്ന കരച്ചിൽ, എന്നെ ഓർമിപ്പിച്ചത് 1980 കളിൽ ധ്യാനകേന്ദ്രങ്ങളിലും, പ്രാർത്ഥനാസമ്മേളനങ്ങളിലും ഉയർന്നുകേട്ട ഈ ഈരടികളാണ്. പെന്തക്കുസ്താനാളിൽ പരിശുദ്ധാത്മാവിനെ സ്വീകരിച്ചശേഷം “ഈശോ കർത്താവാണ്” എന്ന് പ്രസംഗിച്ചതിന്റെ പേരിൽ അറസ്റ്റുചെയ്യപ്പെട്ട പത്രോസും യോഹന്നാനും സംഘത്തിന്റെ മുൻപിൽ നിർത്തപ്പെട്ടപ്പോൾ, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് പത്രോസ് പറഞ്ഞ “ആകാശത്തിന് കീഴെ മനുഷ്യരുടെ ഇടയിൽ നമുക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല” (അപ്പ 4, 12) എന്ന ദൈവ വചനത്തിന്റെ ഗാനാവിഷ്കാരമാണിത്. ഈശോ എന്ന നാമത്തിന്റെ മനോഹാരിതയും, ശക്തിയും ഉയർത്തിപ്പിടിക്കുന്ന ഈ അത്ഭുത വചനം വെളിപ്പെടുത്തിത്തന്ന ദൈവത്തിന് എന്തുമാത്രം സ്തുതികളർപ്പിച്ചാലും മതിയാവില്ല. അതോടൊപ്പം തന്നെ “ഈശോയേ” എന്ന് ഹൃദയം തകർന്ന് വിളിക്കുന്ന അന്ധൻ, ഈശോയെ അവഹേളിക്കുന്ന എല്ലാവർക്കും ഒരു വെല്ലുവിളിയായിട്ടും എനിക്ക് തോന്നി.

ഈശോയേ എന്ന അന്ധന്റെ ഹൃദയംപൊട്ടിയുള്ള നിലവിളികൾ നാം ജീവിക്കുന്ന സാഹചര്യങ്ങളിലും ഉയർന്ന് കേൾക്കുന്നുണ്ട്. നിങ്ങൾ ഓർക്കുന്നുണ്ടാകും 2008 ൽ ഒഡിഷയിലെ കാണ്ഡമാലിൽ നടന്ന കലാപം. അന്ന് 39 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു; 395 പള്ളികൾ തകർക്കപ്പെട്ടു; 600 ഗ്രാമങ്ങളിലെ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെട്ടു; 5600 വീടുകൾ കൊള്ളയടിക്കപ്പെട്ടു; 54, 000 ജനങ്ങൾക്ക് വീട് നഷ്ടപ്പെട്ടു. ആക്രമികളെ പേടിച്ച് കാട്ടിലേക്ക് രക്ഷപെടാൻ ശ്രമിച്ച ക്രൈസ്തവർ ഈശോയേ രക്ഷിക്കണമേ എന്ന് ഉറക്കെ വിളിച്ചുകൊണ്ടാണ് ഓടിയത്! വിഷപ്പാമ്പുകൾ നിറഞ്ഞ, വന്യമൃഗങ്ങളുള്ള കൊടും വനത്തിലേക്ക് ഈശോയേ എന്നും വിളിച്ച് അഭയം തേടിയ ആ പാവം ജനങ്ങളെ വിഷപ്പാമ്പുകളോ, വന്യമൃഗങ്ങളോ ആക്രമിച്ചില്ല. എന്നാൽ അവരുടെ പിന്നാലെ വന്ന കൊലയാളികൾ വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായി.

ഈശോ എന്ന വിളി ഒരു അലമുറയായി വീണ്ടും ഉയർന്നത് ഈയിടെ ഛത്തീസ്ഗഡിൽ നമ്മുടെ സിസ്റ്റേഴ്സ് അകാരണമായി, അനീതിപരമായി അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ്. ഇന്ത്യൻ പാർലമെന്റിൽ ഈശോ എന്ന നാമം ഉയർന്നുകേട്ട സന്ദർഭം!

ലോകം എത്രമാത്രം ഈശോ എന്ന നാമത്തെ അവഹേളിക്കുന്നുവോ അതിലും പതിന്മടങ്ങ് ശക്തമായി ഈ അന്ധനെപ്പോലുള്ളവർ, ക്രിസ്തുവിൽ വിശ്വാസം ഉള്ളവർ, ക്രൈസ്തവർ മുഴുവനും ഈശോയെ വിളിച്ചു പ്രാർത്ഥിക്കും, ഈശോ എന്ന നാമത്തെ മഹത്വപ്പെടുത്തും എന്നതിന് യാതൊരു സംശയവും വേണ്ട. കാരണം, ഈശോ, ക്രൈസ്തവർ   ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന അവളുടെ/അവന്റെ ദൈവമാണ്. ഈ പ്രപഞ്ചത്തിന്റെ രക്ഷകനുവേണ്ടിയുള്ള കാത്തിരിപ്പിന് കിട്ടിയ സമ്മാനമാണ് ഈശോ. പരാജിതരെ, പാവപ്പെട്ടവരെ, അവഗണിക്കപ്പെട്ടവരെ ചേർത്തുപിടിക്കുന്ന ദൈവമാണ് ഈശോ. ഈ പ്രപഞ്ചത്തിലെ കാരുണ്യത്തിന്റെ പേരാണ് ഈശോ; സ്നേഹത്തിന്റെ അനുകമ്പയോടെ പേരാണ് ഈശോ. മറ്റുള്ളവരുടെ വേദനകാണുമ്പോൾ നമ്മുടെ ഹൃദയത്തിൽ ഉറവയെടുക്കുന്ന കണ്ണീരിന്റെ പേരാണ് ഈശോ. ഓരോ ക്രൈസ്തവ സഹോദരന്റെയും, സഹോദരിയുടെയും ഹൃദയത്തിന്റെ താളമാണ് ഈശോ. അവളുടെ / അവന്റെ ജീവിതത്തിന്റെയും, അവളുടെ / അവന്റെ കുടുംബത്തിന്റെയും നാഥനാണ് ഈശോ!

തീർച്ചയായും, ഈശോ എന്ന നാമത്തെ അവഹേളിക്കുന്ന ആർക്കും ഇന്നത്തെ സുവിശേഷ ഭാഗവും, സുവിശേഷത്തിലെ അന്ധനും വെല്ലുവിളി തന്നെയാണ്. സ്നേഹമുള്ള ക്രൈസ്തവ സഹോദരിമാരേ, സഹോദരന്മാരേ, ഈ നാമം, ഈശോയെന്ന നാമം വിളിച്ചപേക്ഷിക്കുമ്പോൾ, ഈശോ, ദൈവം പ്രകാശമായി, വഴിയായി, സത്യമായി, ജീവനായി, സമൃദ്ധിയായി, സമാധാനമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിൽ നിൽക്കുന്നത്. ഈ ഞായറാഴ്ച്ച, സുവിശേഷത്തിലെ അന്ധനോടൊപ്പം, ഈശോയെ ദൈവമായി, കർത്താവായി ജീവിതത്തിൽ ഏറ്റുപറയുവാനും, എന്നും എപ്പോഴും ഈശോ എന്ന നാമം ചൊല്ലിക്കൊണ്ട് ജീവിതത്തെ വിശുദ്ധീകരിക്കുവാനും ലോകം ഈശോയെന്ന നാമത്തെ അവഹേളിക്കുമ്പോൾ, ജീവിതത്തിന്റെ എല്ലാ സമയങ്ങളിലും, സാഹചര്യങ്ങളിലും ഈശോയാണ് എന്റെ ദൈവമെന്നു പ്രഖ്യാപിക്കുവാനും സുവിശേഷം നമ്മെ ക്ഷണിക്കുകയാണ്.

ജെറുസലേമിലേക്കുള്ള യാത്രയിൽ ഈശോയും ശിഷ്യരും ജറീക്കോയെ സമീപിച്ചപ്പോൾ വഴിയരുകിൽ ഭിക്ഷ യാചിച്ചിരുന്ന ഒരു അന്ധനെ ഈശോ സുഖപ്പെടുത്തുന്ന സംഭവത്തിലെ പ്രധാന ആശയങ്ങളെ പെറുക്കിയെടുത്ത് ഒന്ന് വിശകലനം ചെയ്യുമ്പോൾ തീർച്ചയായും, ഈശോ എന്താണ് നമ്മോടുപറയാൻ ആഗ്രഹിക്കുന്നതെന്ന് പതുക്കെ മറനീക്കി പുറത്തുവരും. ജീവിതത്തിന്റെ നാൽക്കവലകളിൽ എങ്ങോട്ടു പോകണമെന്നും, എന്ത് ചെയ്യണമെന്നും അറിയാതെ നട്ടംതിരിയുമ്പോൾ, എന്ത് ചെയ്യണമെന്നറിയാതെ അന്ധകാരത്തിൽ തപ്പിത്തടയുമ്പോൾ, ഈശോ എന്ന് വിളിച്ചപേക്ഷിച്ചാൽ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് മനസ്സിലാകും. അപ്പോൾ ഈശോ എന്ന നാമത്തിന്റെ അത്ഭുത ശക്തി നമുക്ക് അനുഭവവേദ്യമാകും.

ഒന്നാമതായി, ഈ സുവിശേഷഭാഗം നമുക്ക് പറഞ്ഞു തരുന്നത്, അന്ധനായ മനുഷ്യന് ഈശോയെ നേരത്തേ അറിയാമായിരുന്നു എന്നാണ്. ഈശോ അദ്ദേഹത്തിന് വെറും കേട്ടുകേൾവി മാത്രമായിരുന്നില്ല. പഴയനിയമം അദ്ദേഹത്തിന് അറിയാമായിരുന്നു.. ഈശോ ദാവീദിന്റെ പുത്രനാണ് എന്ന് അന്ധൻ മനസ്സിലാക്കിയിരുന്നു. തീർന്നില്ല, ഈശോ ലോകത്തിലേക്ക് വരാനിരിക്കുന്ന രക്ഷകനാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. മാത്രമല്ല, ഈശോയെ തന്റെ കർത്താവായി അയാൾ ഹൃദയത്തിൽ സ്വീകരിച്ചവനുമാണ്. മലയാള ഭാഷയിൽ കർത്താവ് എന്നതിന് ധാരാളം അർത്ഥങ്ങളുണ്ട്. നിർമിക്കുന്നവൻ, ചെയ്യുന്നവൻ, നിർവഹിക്കുന്നവൻ, നടത്തുന്നവൻ എന്നിങ്ങനെയാണ് അർഥങ്ങൾ. പര്യായപദങ്ങളായി രചയിതാവ്, സ്രഷ്ടാവ്, നിയന്താവ് എന്നീ വാക്കുകളും ശബ്ദതാരാവലി നൽകുന്നുണ്ട്. അതായത്, നേരിട്ട് കാണാൻ സാധിച്ചിട്ടില്ലെങ്കിലും, തന്റെ മനസ്സിലെ ആഗ്രഹങ്ങൾ പങ്കുവയ്ക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും, അന്ധൻ ഈശോയെ തന്റെ ജീവിതത്തിന്റെ കർത്താവായി, എല്ലാമായി സ്വീകരിച്ചിരുന്നു.  

രണ്ടാമതായി, ഈശോയെ കാണാൻ ശ്രമിച്ച അന്ധന് പുറമെനിന്നുള്ള തടസ്സം (External obstacle) ജനക്കൂട്ടമായിരുന്നു. ജനക്കൂട്ടവും, ജനക്കൂട്ടത്തിന്റെ ബഹളവും, മിണ്ടാതിരിക്കുവാൻ പറയുന്ന ശകാരങ്ങളും, ആക്രോശങ്ങളും, ഈശോയിലേക്ക് അടുക്കുവാൻ അന്ധന് തടസ്സമായി നിന്നു. ആൾക്കൂട്ട കൊലപാതകങ്ങളും, ആൾക്കൂട്ടത്തിന്റെ, ഏച്ചു പിടിപ്പിച്ചും, ചൊല്ലിപ്പൊലിപ്പിച്ചും നിറം പിടിപ്പിച്ച കഥകളുണ്ടാക്കലും വളരെ സാധാരണമായ ഈ കാലത്തിൽ ജനക്കൂട്ടം അന്ധന് ഈശോയിലേക്ക് എത്താനുള്ള ഒരു തടസ്സമായിരുന്നു എന്ന് പറഞ്ഞാൽ അത്ഭുതപ്പെടാനില്ല. കാരണം, ആൾക്കൂട്ടത്തിനു വേട്ടനായയുടെ മനസ്സാണ്. ഒരു ഇരയെ കിട്ടിയാൽ എങ്ങനെ അതിനെ കീഴ്പ്പെടുത്താമെന്ന് മാത്രമാണ് അതിന്റെ ഗൂഢാലോചന. നിങ്ങളുടെ ബലഹീനതപോലും മുഖംമൂടിയായി വ്യാഖ്യാനിക്കപ്പെടും! നിങ്ങളുടെ സത്യസന്ധതപോലും കള്ളത്തരമായി പറയപ്പെടും!

റോമാസാമ്രാജ്യ കാലഘട്ടത്തിലെ വളരെ പ്രധാനപ്പെട്ട തത്വചിന്തകരിൽ ഒരാളായ സെനെക്കാ (Seneca, AD 65) തന്റെ സുഹൃത്ത് ലുചിലിയുസിന് (Lucilius) അയച്ച ഒരു കത്തിൽ എഴുതിയത് ഇങ്ങനെയാണ്: “ഒഴിവാക്കേണ്ടതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്തെന്ന് നിങ്ങൾ ചോദിക്കുന്നു. ഞാൻ പറയുന്നു, ജനക്കൂട്ടം.” ജനക്കൂട്ടം ചിലപ്പോൾ ആർത്തുവിളിച്ച് സ്വാഗതമോതും, മറ്റ് ചിലപ്പോൾ ആക്രോശിച്ച് കുരിശിൽ തറയ്ക്കും, വേറെ ചിലപ്പോൾ കരുണയില്ലാതെ മനുഷ്യരെ നഗ്നരാക്കും. ചിലപ്പോഴാകട്ടെ നിർവികാരമായി നിൽക്കും. ആധുനിക സമൂഹം ഇതിന് ഉദാഹരണമാണ്.

വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ ഒരു രംഗമുണ്ട്. യേശുവിനെ കുരിശിൽ തറയ്ക്കുവാൻ “തലയോട് എന്ന സ്ഥലത്ത് അവർ വന്നു. അവിടെ അവർ അവനെ കുരിശിൽ തറച്ചു. ആ കുറ്റവാളികളെയും – ഒരുവനെ അവന്റെ വലതുവശത്തും, ഇതരനെ ഇടതുവശത്തും. യേശു ഉറക്കെ പറഞ്ഞു: “പിതാവേ, അവരോട് ക്ഷമിക്കണമേ. അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല. പിന്നീട് അവന്റെ വസ്ത്രങ്ങൾ ഭാഗിച്ചെടുക്കുവാൻ അവർ കുറിയിട്ടു.” ഇത്രയും വിവരിച്ചശേഷം ഒരു കുഞ്ഞുവരി വിശുദ്ധ ലൂക്കാ എഴുതിവെച്ചിട്ടുണ്ട്. അതിങ്ങനെയാണ്, ” ജനക്കൂട്ടം നോക്കി നിന്നു”. ലോകത്തിൽ അന്നുവരെയുണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും ക്രൂരമായ ഒരു വിധി നടപ്പാകുന്ന വികാര നിർഭരമായ ആ നിമിഷത്തിൽ നോക്കുക ജനക്കൂട്ടത്തിന്റെ മനോഭാവം – നിർവികാരം!  ജനക്കൂട്ടം നോക്കി നിന്നു.  

ഇതൊന്നുമല്ലെങ്കിൽ ജനക്കൂട്ടം video എടുത്ത് രസിക്കും. ഇതെല്ലാം ജനക്കൂട്ടത്തിന്റെ തമാശകളാണ്. ജനക്കൂട്ടം എപ്പോഴും തടസ്സമാണ്.  ഈ അന്ധന് മാത്രമല്ല, സക്കേവൂസിനും ഈശോയെ കാണാൻ തടസ്സമായിരുന്നത് ജനക്കൂട്ടമായിരുന്നു എന്ന് ഓർക്കുക.. (ലൂക്കാ 19, 3)

ജനക്കൂട്ടമെന്നതിനു വലിയ അർത്ഥവ്യാപ്തിയുണ്ട്. 1. നിങ്ങളും ഞാനും അടങ്ങുന്ന ആളുകളുടെ കൂട്ടം. ഇതാണ് സാമാന്യ അർത്ഥത്തിൽ ജനക്കൂട്ടമെന്നു പറയുന്നത്. എന്ന് പറഞ്ഞാൽ, ഞാൻ കാരണം, എന്റെ ഉയർച്ച കാരണം, സാമ്പത്തികമായതോ, വിവിധ talents ഉള്ളതുകൊണ്ടോ, superiority complex കൊണ്ടോ, എന്റെ അഹങ്കാരം കൊണ്ടോ ഉള്ള ഉയർച്ച, ഉയരം കാരണം, എന്റെ തന്റേടം കൊണ്ടുള്ള ബഹളം കാരണം, എന്റെ വീടിന്റെ ആർഭാടം കാരണം, വലിയ വിലപിടിപ്പുള്ള, അച്ചടക്കമില്ലാത്ത എന്റെ വസ്ത്രധാരണത്തിന്റെ പളപളപ്പ് കാരണം, എന്റെ ആഭരണങ്ങളുടെ കിലുക്കം കാരണം, മറ്റുള്ളവരെ പരിഗണിക്കാത്ത, മറ്റുള്ളവരെ ഇല്ലാതാക്കുന്ന ആൾക്കൂട്ടത്തിന്റെ സ്വഭാവങ്ങൾ എന്നിലുള്ളതുകൊണ്ട്, എന്റെ ദേവാലയത്തിന്റെ വലിപ്പം കാരണം, പണക്കൊഴുപ്പിൽ തിമിർത്താടുന്ന പള്ളിപ്പെരുന്നാളുകളുടെ ബഹളം കാരണം, എന്റെ സഹോദരിക്ക്, എന്റെ സഹോദരന് ഈശോയെ കാണുവാൻ, ഈശോയുടെ അടുത്തെത്തുവാൻ സാധിക്കുന്നില്ല!! അതായത്, എന്റെ ക്രൈസ്തവജീവിതം തന്നെ, എന്റെ സന്യസ്ത പൗരോഹിത്യ ജീവിതം തന്നെ, എന്തിന് ഞാൻ അർപ്പിക്കുന്ന വിശുദ്ധ ബലി പോലും ഈശോയെ കാണുന്നതിന്, ഈശോയിലേക്കു ചെല്ലുന്നതിന് മറ്റുള്ളവർക്ക് തടസ്സമാകുന്നു എന്ന്!!?? എന്റെ ജീവിതം മറ്റുള്ളവർക്ക് ഈശോയെ കാണുവാൻ ഒരു തടസ്സമായി മാറുന്നതില്പരം മറ്റെന്തു ദുരന്തമാണ് ഈ ലോകത്തിലുള്ളത്?! പ്രളയം, മഹാമാരി തുടങ്ങിയ ദുരന്തങ്ങളുടെയൊക്കെ സ്ഥാനം ഇതിന്റെ പിന്നിലേ വരികയുള്ളു പ്രിയപ്പെട്ടവരെ. മറ്റുള്ളവരുടെ ആധ്യാത്മിക ജീവിത വഴികളിൽ ഞാനൊരു external obstacle ആയി മാറുന്നുണ്ടോ എന്നു പരിശോധിച്ചറിയുവാൻ ദൈവവചനം നമ്മെ നിർബന്ധിക്കുന്നു. എന്തായാലും ജനക്കൂട്ടം കാരണം ഈശോയെ കാണുവാൻ അന്ധന് സാധിച്ചില്ല!!

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജീവിതത്തിൽ ഇതുപോലെയൊരു അവസ്ഥ അദ്ദേഹം അനുഭവിക്കുന്നുണ്ട്. അദ്ദേഹം വത്തിക്കാനിൽ ചെന്നപ്പോൾ പോപ്പിനെ കാണുന്നതിന് പ്രോട്ടോക്കോൾ പാലിക്കണമെന്നും, പ്രത്യേക ഡ്രസ്സ് കോഡ് അനുസരിക്കണമെന്നും ഓഫീസിലുള്ളവർ നിർബന്ധിച്ചു. തന്റെ സാധാരണമായ ഡ്രസ്സ് മാറ്റുവാൻ മഹാത്മജി ആഗ്രഹിച്ചില്ല. മഹാത്മജിക്ക് പോപ്പിനെ കാണുവാൻ അനുവാദം ലഭിച്ചില്ല. വത്തിക്കാന്റെ തലയെടുപ്പ്, പോപ്പിനെ കാണുവാനുള്ള നിയമങ്ങളിലെ കാർക്കശ്യം തുടങ്ങിയവ അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. അതുകൊണ്ടാണ് പുറത്തിറങ്ങിയ അദ്ദേഹം ഇങ്ങനെ പറഞ്ഞത്: ക്രിസ്തുവേ നിന്നെ ഞാൻ സ്നേഹിക്കുന്നു. എന്നാൽ ക്രിസ്ത്യാനികളെ അങ്ങനെ കാണുവാൻ എനിക്ക് സാധിക്കുന്നില്ല.” മറ്റുള്ളവരുടെ ഈശോയിലേക്കുള്ള വഴിയിൽ മാർഗതടസ്സങ്ങളാകാതിരിക്കുവാൻ നാം ശ്രദ്ധിക്കണം.

2. ജനക്കൂട്ടം എന്നിൽ തന്നെയുള്ള multiple personality ആകാം! ഇതൊരു മാനസിക വൈകല്യമാണ്. ഇപ്പോഴിതിനെ Dissociative Identity Disorder (DID) എന്നാണു പറയുന്നത്. നമ്മിൽ തന്നെ രണ്ടോ അതിൽ കൂടുതലോ വ്യക്തികളുടെ, പ്രത്യേക പേരുള്ള, സ്വഭാവ സവിശേഷതകളുള്ള വ്യക്തികളുടെ സാന്നിധ്യത്തെയാണ് ഒന്നിലധികം വ്യക്തിത്വം, multiple personality എന്ന് പറയുന്നത്. മണിച്ചിത്രത്താഴ്” എന്ന മലയാള സിനിമയിലെ നായികയെ ഓർക്കുന്നില്ലേ? Dissociative Identity Disorder ഉള്ള വ്യക്തിയായിട്ടാണ് നായികയെ ചിത്രീകരിച്ചിരിക്കുന്നത്. ഗംഗാ, നാഗവല്ലി എന്നിങ്ങനെയുള്ള വ്യക്തിത്വങ്ങൾ! ഒന്ന് ചിന്തിച്ചു നോക്കൂ! എന്റെ പേര് ടോം എന്നാണെങ്കിൽ എന്നിൽ എത്ര ടോം മാരുണ്ട്? എന്റെ പേര് ട്രീസ എന്നാണെങ്കിൽ എന്നിൽ ചിലപ്പോൾ ഒരേ സമയം തന്നെ എത്ര ട്രീസ മാരുണ്ട്? അല്ലെങ്കിൽ എനിക്ക് എത്ര മുഖങ്ങളുണ്ട്? ഭർത്താവിന്റെ അടുത്ത് ചെല്ലുമ്പോൾ ഒരാൾ, ഭാര്യയുടെ അടുത്താകുമ്പോൾ മറ്റൊരാൾ, മക്കളുടെ അടുത്ത് വേറൊരു വ്യക്തിത്വം, മാതാപിതാക്കളുടെ അടുത്ത് പിന്നെയും വേറൊരു വ്യക്തി, കൂട്ടുകാരന്റെ, കൂട്ടുകാരിയുടെ അടുത്ത് വേറൊന്ന്, ഓഫീസിൽ, പാർട്ടി വേദികളിൽ, ഒരു പെൺകുട്ടിയെ, ആൺകുട്ടിയെ കാണുമ്പോൾ, പള്ളിയിൽ ഇരിക്കുമ്പോൾ, ഞാൻ ഒറ്റയ്ക്കാകുമ്പോൾ — തമ്പുരാനേ, ഞാനൊരു ആൾക്കൂട്ടം തന്നെ.  സ്നേഹമുള്ളവരേ, ഈ ആൾക്കൂട്ടത്തിൽ ഒറിജിനലായ ഞാൻ ഏതാണ്? ഈ ആൾക്കൂട്ടത്തിൽ നിന്നുകൊണ്ട് ഒറിജിനലായ എനിക്ക് എങ്ങനെ ഈശോയെ കാണുവാൻ കഴിയും?? ജീവിതത്തിന്റെ ചില വേളകളിലെങ്കിലും, അന്ധനായി തപ്പിത്തടഞ്ഞു വീഴുമ്പോൾ, എത്ര ശ്രമിച്ചിട്ടും പലകുറവുകളാൽ ജീവിതത്തിൽ ഒന്നും നടക്കാതെ വരുമ്പോൾ നാമൊക്കെ ഉറക്കെ അലറി കരഞ്ഞിട്ടുണ്ടാകും. എങ്ങനെയെങ്കിലും ഈശോയെ കാണണമെന്ന് ആശിച്ചിട്ടുണ്ടാകും. പക്ഷെ നമ്മിലെ ജനക്കൂട്ടം കാരണം നമുക്ക് കാണാൻ, അവന്റെ അടുത്തെത്താൻ കഴിയുന്നില്ല.

ഇന്ന് നമുക്ക് നമ്മിലെ ജനക്കൂട്ടത്തിനും അപ്പുറം നിൽക്കാൻ ആകണം. നമ്മെ നിശബ്ദമാക്കുന്ന നമ്മിലെ പല തരത്തിലുള്ള വ്യക്തികളെ മനോഭാവങ്ങളെ നമുക്ക് ദൂരെയെറിയണം. നമ്മിലെ ജനക്കൂട്ടത്തിനും മുകളിൽ നമ്മിലെ ശരിയായ, ഒറിജിനലായ നന്മനിറഞ്ഞ വ്യക്തിത്വത്തെ സ്ഥാപിക്കണം. ജനക്കൂട്ടമെന്ന external obastacle നെ ക്കുറിച്ചു നാം ബോധവാന്മാരാകണം. എങ്കിലേ, ഈശോയെ വിളിക്കാൻ, ഈശോയെ കാണുവാൻ, ജീവിതം പ്രകാശം നിറഞ്ഞതാക്കാൻ നമുക്ക് സാധിക്കൂ.

3. മൂന്നാമതായി, അന്ധന് ഈശോയെ കാണാൻ സാധിക്കാത്തവിധം internal obstacle ഉണ്ടായിരുന്നു. അന്ധത തന്നെയായിരുന്നു അവന്റെ ആന്തരിക തടസ്സം. പക്ഷെ, ഈ സംഭവത്തിലെ മനുഷ്യന് അന്ധത ഒരു ഭാഗ്യമായിരുന്നു എന്ന് ഞാൻ പറയും! നെറ്റി ചുളിക്കേണ്ട! കാഴ്ചയുള്ള രണ്ടു കണ്ണുകളുണ്ടായിരുന്ന ജനക്കൂട്ടത്തിനു, കാഴ്ചയുള്ള രണ്ടു കണ്ണുകളുണ്ടായിരുന്ന യഹൂദർക്ക്, കാഴ്ചയുള്ള രണ്ടു കണ്ണുകളുണ്ടായിരുന്ന ഫരിസേയർക്കു, നിയമജ്ഞർക്കു, ശരിയായ ഈശോയെ അറിയാൻ, കാണാൻ കഴിഞ്ഞില്ല. എന്നാൽ, അന്ധനായിരുന്നിട്ടും, ഈ യാചകന് അതിനു സാധിച്ചു! അയാൾ ഭാഗ്യവാനല്ലേ?

ചെറുപ്പത്തിലേ അന്ധയായ വ്യക്തിയാണ് ഹെലൻ കെല്ലർ (Helen Keller). കുഞ്ഞായിരുന്നപ്പോഴത്തെ ഒരു രോഗമാണ് അവളെ അന്ധയും, ബധിരയുമാക്കിയത്. ഹെലൻ കെല്ലറുടെ The Story of my life എന്ന ആത്മകഥ നാം എല്ലാവരും വായിച്ചിരിക്കേണ്ടതാണ്. ഒരിക്കൽ ഒരു ജേർണലിസ്റ്റ് അവളോട് ചോദിച്ചു: “അന്ധയായിരിക്കുന്നതു ഭയാനകമായ ഒരു അവസ്ഥയാണോ?” ഒന്ന് പതുക്കെ ചിരിച്ചിട്ട് അവൾ പറഞ്ഞു: “മനോഹരമായ രണ്ടു തുറന്ന കണ്ണുകളുണ്ടായിട്ടും ഒന്നും കാണാതിരിക്കുന്നതിലും ഭേദം, അന്ധയായിരിക്കുമ്പോഴും ഹൃദയം കൊണ്ട് കാണുന്നതാണ്.”

ഹെലൻ കെല്ലറുടെ ഈ ഉത്തരം നമ്മെ ഞെട്ടിക്കുന്നുണ്ടെങ്കിൽ അതിന്റെ അർഥം, സ്നേഹമുള്ളവരേ, രണ്ടു നല്ല കണ്ണുകളുണ്ടായിട്ടും നാം ദൈവത്തെ ഇന്നും കണ്ടിട്ടില്ല എന്ന് തന്നെയാണ്, നാം അന്ധരാണ് എന്നാണ്!

നമ്മിലെ ആർത്തികൾ, ആസക്തികൾ, muscle power, money power, അധികാര ശക്തി, സൗന്ദര്യം, എല്ലാം എല്ലാം നമ്മെ അന്ധരാക്കുന്നു! എന്തിനു സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാൻ സാധിക്കാത്ത വിധം നാമൊക്കെ അന്ധരാകുന്നില്ലേ? സ്വന്തം സഹോദരീ സഹോദരന്മാരെ കാണാൻ കഴിയാത്തവിധം നാം അന്ധരായിത്തീരുന്നില്ലേ? യുക്രൈനിൽ യുദ്ധം ചെയ്യുന്നവർ അന്ധരല്ലേ? ശരീരത്തിന്റെ സുഖത്തിൽ രമിച്ചു പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവരും അന്ധരല്ലേ? മാസങ്ങളായി കത്തിക്കൊണ്ടിരിക്കുന്ന മണിപ്പൂരിനെ കാണാത്ത ഭരണകർത്താക്കളും അന്ധരല്ലേ? കഴിഞ്ഞ ദിവസത്തെ പത്രവാർത്ത ഓർക്കുന്നില്ലേ? ഒരു സ്കൂളിൽ  കുട്ടികൾക്കായി ഭക്ഷണം പാകം ചെയ്യുന്നത് ഒരു ദളിത് സഹോദരിയാണ്. ആ സഹോദരി  പാകം ചെയ്യുന്ന ഭക്ഷണം കുട്ടികൾ കഴിച്ചാൽ ദൈവകോപമുണ്ടാകുമെന്ന് ചിന്തിക്കുന്ന മാതാപിതാക്കന്മാർ അന്ധരല്ലേ?

നമ്മിലെ അന്ധതയെ മാറ്റി, ഹൃദയം കൊണ്ട് ഈശോയെ കാണാൻ, നമ്മിലും, നമ്മുടെ കുടുംബത്തിലും, കൂട്ടുകാരിലും, ഈ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന ഈശോയെ കാണാൻ നമുക്കാകണം.

നോക്കൂ…തന്റെ internal obastacle നെ, അന്ധതയെ മറന്നുകൊണ്ട്, External obastacle നെ, ജനക്കൂട്ടത്തെ, അതിന്റെ ആക്രോശങ്ങളെയും, ശകാരങ്ങളെയും മടികടന്ന്, അവയ്ക്കും മുകളിൽ കയറിനിന്ന് അന്ധൻ വിളിക്കുകയാണ്, അലറുകയാണ്: “ദാവീദിന്റെ പുത്രനായ ഈശോയെ എന്നിൽ കനിയണമേ”. ജനക്കൂട്ടത്തിന്റെ ആരവങ്ങൾക്കും, ആക്രോശങ്ങൾക്കും അപ്പുറത്തുനിന്ന് വന്ന ആ വിളി ഈശോ കേട്ടു. അവിടുത്തെ കാതുകളിൽ ആ വിളി വന്നലച്ചു. ആ വിളിയിലെ നൊമ്പരം അവിടുത്തെ ഹൃദയത്തെ ഉലച്ചു. അവിടുന്ന് കാരുണ്യമായി മാറി, ആ അന്ധന്, അവിടുന്ന്,  ഈശോ,  സൗഖ്യമായി മാറി. അവന്റെ ജീവിതത്തിന് ഈശോ ദൈവമായി മാറി. അവന്റെ ജീവിതം പ്രകാശം നിറഞ്ഞതായി.

ഇതാണ് പ്രിയപ്പെട്ടവരേ, ഈശോയെന്ന വിളിയുടെ അർഥം, അതിന്റെ ശക്തി. ക്രൈസ്തവന് അതുകൊണ്ടാണ് ഈശോയെന്ന നാമം അവന്റെ ജീവനാകുന്നത്. സ്വരാക്ഷരമായ ഈ യും, ഉഷ്മാക്കൾ എന്ന വിഭാഗത്തിൽപ്പെടുന്ന ശ യോട് ഓ എന്ന സ്വരാക്ഷരവും ചേർത്ത ഈശോ എന്നത് ക്രൈസ്തവന് വെറും മലയാളവാക്കല്ല. മറിച്ച്, അവൾക്ക്, അവന് അനുഭവിക്കാവുന്നതിൽ ഏറ്റവും സുന്ദരവും, ഏറ്റവും ശ്രദ്ധേയവുമായ ദൈവമെന്ന അർത്ഥമാണ്.  ക്രൈസ്തവർ ഈശോ എന്ന വാക്കിന് ദൈവം എന്നാണ് അർഥം കൊടുത്തിരിക്കുന്നത്. ആ വിശുദ്ധ നാമത്തെ വെറും, വെറും വാണിജ്യ താത്പര്യങ്ങൾക്കുവേണ്ടി അവഹേളിച്ചാൽ ക്രൈസ്തവരുടെ ഹൃദയം തകരില്ലേ? ചങ്ക് പൊള്ളുകയില്ലേ? തകരണം, പൊള്ളണം. 

സ്നേഹമുള്ളവരേ, സീറോമലബാർ സഭയുടെ ആരാധനാക്രമവത്സരത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ഈശോയെന്ന നാമത്തിന്റെ ശക്തി അറിയുവാൻ ഈ ഞായറാഴ്ച്ച നമുക്ക് സാധിക്കട്ടെ. നാം വിശ്വാസത്തോടെ അലറി വിളിക്കുകയാണെങ്കിൽ, ജനക്കൂട്ടത്തിന്റെ ആരവങ്ങൾക്കും അപ്പുറം നമ്മുടെ വിലാപം കേൾക്കുന്നവനാണ് നമ്മുടെ ദൈവം! വെറുമൊരു ദർശനം മാത്രം ആഗ്രഹിച്ചാലും നമ്മുടെ ദൈവം നമ്മിൽ, നമ്മുടെ കുടുംബത്തിൽ വിരുന്നുവരും, അവിടുത്തെ രക്ഷ നമുക്ക് നൽകും. ഈശോയെ കാണാൻ അതിയായ ആഗ്രഹം നമുക്കുണ്ടാകട്ടെ. നിനക്ക് കാഴ്ചയുണ്ടാകട്ടെ, എന്ന ഈശോയുടെ സ്വരം വിശുദ്ധ കുർബാനയിൽ

കേൾക്കുവാൻ അവിടുന്ന് നമുക്ക് ഭാഗ്യം തരട്ടെ. ഈശോയെന്ന നാമത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുവാൻ, അതിന്റെ പ്രാധാന്യം മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുവാൻ നമുക്ക് സാധിക്കട്ടെ. ആമേൻ!