SUNDAY SERMON LK 18, 35-43

ഏലിയാ-സ്ലീവാ-മൂശേക്കാലം ഒന്നാം ഞായർ

ലൂക്ക 18, 35-43

ആമുഖം

സീറോമലബാർ സഭയുടെ ആരാധനാക്രമവത്സരത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ഈശോ ലോകത്തെ വീണ്ടുരക്ഷിച്ചതിന്റെ പ്രതീകമായ കുരിശിന്റെ വിജയവും, കർത്താവിന്റെ രണ്ടാമത്തെ ആഗമനവും ആണ് കാലത്തിന്റെ പ്രത്യേക ചിന്തകൾ. മിശിഹായുടെ രണ്ടാമത്തെ വരവിനു മുൻപായി ഏലിയാ വരുമെന്ന ചിന്തയാണ് ഏലിയാ എന്ന പേരിലൂടെ നാം മനസ്സിലാക്കുന്നത്. ചെങ്കടലിനു മീതെ തന്റെ വടി നീട്ടിക്കൊണ്ട് മോശ ഇസ്രായേൽ ജനത്തിന് കടലിന്റെ നടുവിലൂടെ വഴി കാട്ടിയതുപോലെ, സ്ലീവാവഴി മിശിഹാ പറുദീസായിലേക്കു വഴികാട്ടിതന്നുകൊണ്ട് മർത്യകുലത്തെ രക്ഷിച്ചിരിക്കുന്നു എന്നതാണ് സ്ലീവാ, മോശെ എന്നീ പേരുകൾ സൂചിപ്പിക്കുന്നത്. നമ്മിലെ അന്ധതയെല്ലാം മാറ്റി, ക്രിസ്തുവാകുന്ന പ്രകാശത്തിൽ ജീവിക്കുവാൻ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നമുക്ക് വിശുദ്ധ കുർബാനയിലേക്ക് പ്രവേശിക്കാം

 പ്രസംഗം

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ

യേശു നാമമല്ലാതെ, യേശു നാമമല്ലാതെ.

മാനവരക്ഷയ്‌ക്കൂഴിയിൽ വേറൊരു നാമമില്ലല്ലോ

യേശു നാമമല്ലാതെ, യേശു നാമമല്ലാതെ.

ഇന്നത്തെ സുവിശേഷ ഭാഗത്ത് നാം കണ്ടുമുട്ടുന്ന അന്ധന്റെ ഹൃദയത്തിൽ നിന്നുയർന്ന “ദാവീദിന്റെ പുത്രനായ ഈശോയേ എന്നിൽ കനിയണമേ” എന്ന കരച്ചിൽ, എന്നെ ഓർമിപ്പിച്ചത് 1980 കളിൽ ധ്യാനകേന്ദ്രങ്ങളിലും, പ്രാർത്ഥനാസമ്മേളനങ്ങളിലും ഉയർന്നുകേട്ട ഈ ഈരടികളാണ്. പെന്തക്കുസ്താനാളിൽ പരിശുദ്ധാത്മാവിനെ സ്വീകരിച്ചശേഷം “ഈശോ കർത്താവാണ്” എന്ന് പ്രസംഗിച്ചതിന്റെ പേരിൽ അറസ്റ്റുചെയ്യപ്പെട്ട പത്രോസും യോഹന്നാനും സംഘത്തിന്റെ മുൻപിൽ നിർത്തപ്പെട്ടപ്പോൾ, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് പത്രോസ് പറഞ്ഞ “ആകാശത്തിന് കീഴെ മനുഷ്യരുടെ ഇടയിൽ നമുക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല” (അപ്പ 4, 12) എന്ന ദൈവ വചനത്തിന്റെ ഗാനാവിഷ്കാരമാണിത്. ഈശോ എന്ന നാമത്തിന്റെ മനോഹാരിതയും, ശക്തിയും ഉയർത്തിപ്പിടിക്കുന്ന ഈ അത്ഭുത വചനം വെളിപ്പെടുത്തിത്തന്ന ദൈവത്തിന് എന്തുമാത്രം സ്തുതികളർപ്പിച്ചാലും മതിയാവില്ല. അതോടൊപ്പം തന്നെ “ഈശോയേ” എന്ന് ഹൃദയം തകർന്ന് വിളിക്കുന്ന അന്ധൻ, ഈശോയെ അവഹേളിക്കുന്ന എല്ലാവർക്കും ഒരു വെല്ലുവിളിയായിട്ടും എനിക്ക് തോന്നി.

ഈശോയേ എന്ന അന്ധന്റെ ഹൃദയംപൊട്ടിയുള്ള നിലവിളികൾ നാം ജീവിക്കുന്ന സാഹചര്യങ്ങളിലും ഉയർന്ന് കേൾക്കുന്നുണ്ട്. നിങ്ങൾ ഓർക്കുന്നുണ്ടാകും 2008 ൽ ഒഡിഷയിലെ കാണ്ഡമാലിൽ നടന്ന കലാപം. അന്ന് 39 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു; 395 പള്ളികൾ തകർക്കപ്പെട്ടു; 600 ഗ്രാമങ്ങളിലെ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെട്ടു; 5600 വീടുകൾ കൊള്ളയടിക്കപ്പെട്ടു; 54, 000 ജനങ്ങൾക്ക് വീട് നഷ്ടപ്പെട്ടു. ആക്രമികളെ പേടിച്ച് കാട്ടിലേക്ക് രക്ഷപെടാൻ ശ്രമിച്ച ക്രൈസ്തവർ ഈശോയേ രക്ഷിക്കണമേ എന്ന് ഉറക്കെ വിളിച്ചുകൊണ്ടാണ് ഓടിയത്! വിഷപ്പാമ്പുകൾ നിറഞ്ഞ, വന്യമൃഗങ്ങളുള്ള കൊടും വനത്തിലേക്ക് ഈശോയേ എന്നും വിളിച്ച് അഭയം തേടിയ ആ പാവം ജനങ്ങളെ വിഷപ്പാമ്പുകളോ, വന്യമൃഗങ്ങളോ ആക്രമിച്ചില്ല. എന്നാൽ അവരുടെ പിന്നാലെ വന്ന കൊലയാളികൾ വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായി.

ഈശോ എന്ന വിളി ഒരു അലമുറയായി വീണ്ടും ഉയർന്നത് ഈയിടെ ഛത്തീസ്ഗഡിൽ നമ്മുടെ സിസ്റ്റേഴ്സ് അകാരണമായി, അനീതിപരമായി അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ്. ഇന്ത്യൻ പാർലമെന്റിൽ ഈശോ എന്ന നാമം ഉയർന്നുകേട്ട സന്ദർഭം!

ലോകം എത്രമാത്രം ഈശോ എന്ന നാമത്തെ അവഹേളിക്കുന്നുവോ അതിലും പതിന്മടങ്ങ് ശക്തമായി ഈ അന്ധനെപ്പോലുള്ളവർ, ക്രിസ്തുവിൽ വിശ്വാസം ഉള്ളവർ, ക്രൈസ്തവർ മുഴുവനും ഈശോയെ വിളിച്ചു പ്രാർത്ഥിക്കും, ഈശോ എന്ന നാമത്തെ മഹത്വപ്പെടുത്തും എന്നതിന് യാതൊരു സംശയവും വേണ്ട. കാരണം, ഈശോ, ക്രൈസ്തവർ   ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന അവളുടെ/അവന്റെ ദൈവമാണ്. ഈ പ്രപഞ്ചത്തിന്റെ രക്ഷകനുവേണ്ടിയുള്ള കാത്തിരിപ്പിന് കിട്ടിയ സമ്മാനമാണ് ഈശോ. പരാജിതരെ, പാവപ്പെട്ടവരെ, അവഗണിക്കപ്പെട്ടവരെ ചേർത്തുപിടിക്കുന്ന ദൈവമാണ് ഈശോ. ഈ പ്രപഞ്ചത്തിലെ കാരുണ്യത്തിന്റെ പേരാണ് ഈശോ; സ്നേഹത്തിന്റെ അനുകമ്പയോടെ പേരാണ് ഈശോ. മറ്റുള്ളവരുടെ വേദനകാണുമ്പോൾ നമ്മുടെ ഹൃദയത്തിൽ ഉറവയെടുക്കുന്ന കണ്ണീരിന്റെ പേരാണ് ഈശോ. ഓരോ ക്രൈസ്തവ സഹോദരന്റെയും, സഹോദരിയുടെയും ഹൃദയത്തിന്റെ താളമാണ് ഈശോ. അവളുടെ / അവന്റെ ജീവിതത്തിന്റെയും, അവളുടെ / അവന്റെ കുടുംബത്തിന്റെയും നാഥനാണ് ഈശോ!

തീർച്ചയായും, ഈശോ എന്ന നാമത്തെ അവഹേളിക്കുന്ന ആർക്കും ഇന്നത്തെ സുവിശേഷ ഭാഗവും, സുവിശേഷത്തിലെ അന്ധനും വെല്ലുവിളി തന്നെയാണ്. സ്നേഹമുള്ള ക്രൈസ്തവ സഹോദരിമാരേ, സഹോദരന്മാരേ, ഈ നാമം, ഈശോയെന്ന നാമം വിളിച്ചപേക്ഷിക്കുമ്പോൾ, ഈശോ, ദൈവം പ്രകാശമായി, വഴിയായി, സത്യമായി, ജീവനായി, സമൃദ്ധിയായി, സമാധാനമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിൽ നിൽക്കുന്നത്. ഈ ഞായറാഴ്ച്ച, സുവിശേഷത്തിലെ അന്ധനോടൊപ്പം, ഈശോയെ ദൈവമായി, കർത്താവായി ജീവിതത്തിൽ ഏറ്റുപറയുവാനും, എന്നും എപ്പോഴും ഈശോ എന്ന നാമം ചൊല്ലിക്കൊണ്ട് ജീവിതത്തെ വിശുദ്ധീകരിക്കുവാനും ലോകം ഈശോയെന്ന നാമത്തെ അവഹേളിക്കുമ്പോൾ, ജീവിതത്തിന്റെ എല്ലാ സമയങ്ങളിലും, സാഹചര്യങ്ങളിലും ഈശോയാണ് എന്റെ ദൈവമെന്നു പ്രഖ്യാപിക്കുവാനും സുവിശേഷം നമ്മെ ക്ഷണിക്കുകയാണ്.

ജെറുസലേമിലേക്കുള്ള യാത്രയിൽ ഈശോയും ശിഷ്യരും ജറീക്കോയെ സമീപിച്ചപ്പോൾ വഴിയരുകിൽ ഭിക്ഷ യാചിച്ചിരുന്ന ഒരു അന്ധനെ ഈശോ സുഖപ്പെടുത്തുന്ന സംഭവത്തിലെ പ്രധാന ആശയങ്ങളെ പെറുക്കിയെടുത്ത് ഒന്ന് വിശകലനം ചെയ്യുമ്പോൾ തീർച്ചയായും, ഈശോ എന്താണ് നമ്മോടുപറയാൻ ആഗ്രഹിക്കുന്നതെന്ന് പതുക്കെ മറനീക്കി പുറത്തുവരും. ജീവിതത്തിന്റെ നാൽക്കവലകളിൽ എങ്ങോട്ടു പോകണമെന്നും, എന്ത് ചെയ്യണമെന്നും അറിയാതെ നട്ടംതിരിയുമ്പോൾ, എന്ത് ചെയ്യണമെന്നറിയാതെ അന്ധകാരത്തിൽ തപ്പിത്തടയുമ്പോൾ, ഈശോ എന്ന് വിളിച്ചപേക്ഷിച്ചാൽ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് മനസ്സിലാകും. അപ്പോൾ ഈശോ എന്ന നാമത്തിന്റെ അത്ഭുത ശക്തി നമുക്ക് അനുഭവവേദ്യമാകും.

ഒന്നാമതായി, ഈ സുവിശേഷഭാഗം നമുക്ക് പറഞ്ഞു തരുന്നത്, അന്ധനായ മനുഷ്യന് ഈശോയെ നേരത്തേ അറിയാമായിരുന്നു എന്നാണ്. ഈശോ അദ്ദേഹത്തിന് വെറും കേട്ടുകേൾവി മാത്രമായിരുന്നില്ല. പഴയനിയമം അദ്ദേഹത്തിന് അറിയാമായിരുന്നു.. ഈശോ ദാവീദിന്റെ പുത്രനാണ് എന്ന് അന്ധൻ മനസ്സിലാക്കിയിരുന്നു. തീർന്നില്ല, ഈശോ ലോകത്തിലേക്ക് വരാനിരിക്കുന്ന രക്ഷകനാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. മാത്രമല്ല, ഈശോയെ തന്റെ കർത്താവായി അയാൾ ഹൃദയത്തിൽ സ്വീകരിച്ചവനുമാണ്. മലയാള ഭാഷയിൽ കർത്താവ് എന്നതിന് ധാരാളം അർത്ഥങ്ങളുണ്ട്. നിർമിക്കുന്നവൻ, ചെയ്യുന്നവൻ, നിർവഹിക്കുന്നവൻ, നടത്തുന്നവൻ എന്നിങ്ങനെയാണ് അർഥങ്ങൾ. പര്യായപദങ്ങളായി രചയിതാവ്, സ്രഷ്ടാവ്, നിയന്താവ് എന്നീ വാക്കുകളും ശബ്ദതാരാവലി നൽകുന്നുണ്ട്. അതായത്, നേരിട്ട് കാണാൻ സാധിച്ചിട്ടില്ലെങ്കിലും, തന്റെ മനസ്സിലെ ആഗ്രഹങ്ങൾ പങ്കുവയ്ക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും, അന്ധൻ ഈശോയെ തന്റെ ജീവിതത്തിന്റെ കർത്താവായി, എല്ലാമായി സ്വീകരിച്ചിരുന്നു.  

രണ്ടാമതായി, ഈശോയെ കാണാൻ ശ്രമിച്ച അന്ധന് പുറമെനിന്നുള്ള തടസ്സം (External obstacle) ജനക്കൂട്ടമായിരുന്നു. ജനക്കൂട്ടവും, ജനക്കൂട്ടത്തിന്റെ ബഹളവും, മിണ്ടാതിരിക്കുവാൻ പറയുന്ന ശകാരങ്ങളും, ആക്രോശങ്ങളും, ഈശോയിലേക്ക് അടുക്കുവാൻ അന്ധന് തടസ്സമായി നിന്നു. ആൾക്കൂട്ട കൊലപാതകങ്ങളും, ആൾക്കൂട്ടത്തിന്റെ, ഏച്ചു പിടിപ്പിച്ചും, ചൊല്ലിപ്പൊലിപ്പിച്ചും നിറം പിടിപ്പിച്ച കഥകളുണ്ടാക്കലും വളരെ സാധാരണമായ ഈ കാലത്തിൽ ജനക്കൂട്ടം അന്ധന് ഈശോയിലേക്ക് എത്താനുള്ള ഒരു തടസ്സമായിരുന്നു എന്ന് പറഞ്ഞാൽ അത്ഭുതപ്പെടാനില്ല. കാരണം, ആൾക്കൂട്ടത്തിനു വേട്ടനായയുടെ മനസ്സാണ്. ഒരു ഇരയെ കിട്ടിയാൽ എങ്ങനെ അതിനെ കീഴ്പ്പെടുത്താമെന്ന് മാത്രമാണ് അതിന്റെ ഗൂഢാലോചന. നിങ്ങളുടെ ബലഹീനതപോലും മുഖംമൂടിയായി വ്യാഖ്യാനിക്കപ്പെടും! നിങ്ങളുടെ സത്യസന്ധതപോലും കള്ളത്തരമായി പറയപ്പെടും!

റോമാസാമ്രാജ്യ കാലഘട്ടത്തിലെ വളരെ പ്രധാനപ്പെട്ട തത്വചിന്തകരിൽ ഒരാളായ സെനെക്കാ (Seneca, AD 65) തന്റെ സുഹൃത്ത് ലുചിലിയുസിന് (Lucilius) അയച്ച ഒരു കത്തിൽ എഴുതിയത് ഇങ്ങനെയാണ്: “ഒഴിവാക്കേണ്ടതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്തെന്ന് നിങ്ങൾ ചോദിക്കുന്നു. ഞാൻ പറയുന്നു, ജനക്കൂട്ടം.” ജനക്കൂട്ടം ചിലപ്പോൾ ആർത്തുവിളിച്ച് സ്വാഗതമോതും, മറ്റ് ചിലപ്പോൾ ആക്രോശിച്ച് കുരിശിൽ തറയ്ക്കും, വേറെ ചിലപ്പോൾ കരുണയില്ലാതെ മനുഷ്യരെ നഗ്നരാക്കും. ചിലപ്പോഴാകട്ടെ നിർവികാരമായി നിൽക്കും. ആധുനിക സമൂഹം ഇതിന് ഉദാഹരണമാണ്.

വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ ഒരു രംഗമുണ്ട്. യേശുവിനെ കുരിശിൽ തറയ്ക്കുവാൻ “തലയോട് എന്ന സ്ഥലത്ത് അവർ വന്നു. അവിടെ അവർ അവനെ കുരിശിൽ തറച്ചു. ആ കുറ്റവാളികളെയും – ഒരുവനെ അവന്റെ വലതുവശത്തും, ഇതരനെ ഇടതുവശത്തും. യേശു ഉറക്കെ പറഞ്ഞു: “പിതാവേ, അവരോട് ക്ഷമിക്കണമേ. അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല. പിന്നീട് അവന്റെ വസ്ത്രങ്ങൾ ഭാഗിച്ചെടുക്കുവാൻ അവർ കുറിയിട്ടു.” ഇത്രയും വിവരിച്ചശേഷം ഒരു കുഞ്ഞുവരി വിശുദ്ധ ലൂക്കാ എഴുതിവെച്ചിട്ടുണ്ട്. അതിങ്ങനെയാണ്, ” ജനക്കൂട്ടം നോക്കി നിന്നു”. ലോകത്തിൽ അന്നുവരെയുണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും ക്രൂരമായ ഒരു വിധി നടപ്പാകുന്ന വികാര നിർഭരമായ ആ നിമിഷത്തിൽ നോക്കുക ജനക്കൂട്ടത്തിന്റെ മനോഭാവം – നിർവികാരം!  ജനക്കൂട്ടം നോക്കി നിന്നു.  

ഇതൊന്നുമല്ലെങ്കിൽ ജനക്കൂട്ടം video എടുത്ത് രസിക്കും. ഇതെല്ലാം ജനക്കൂട്ടത്തിന്റെ തമാശകളാണ്. ജനക്കൂട്ടം എപ്പോഴും തടസ്സമാണ്.  ഈ അന്ധന് മാത്രമല്ല, സക്കേവൂസിനും ഈശോയെ കാണാൻ തടസ്സമായിരുന്നത് ജനക്കൂട്ടമായിരുന്നു എന്ന് ഓർക്കുക.. (ലൂക്കാ 19, 3)

ജനക്കൂട്ടമെന്നതിനു വലിയ അർത്ഥവ്യാപ്തിയുണ്ട്. 1. നിങ്ങളും ഞാനും അടങ്ങുന്ന ആളുകളുടെ കൂട്ടം. ഇതാണ് സാമാന്യ അർത്ഥത്തിൽ ജനക്കൂട്ടമെന്നു പറയുന്നത്. എന്ന് പറഞ്ഞാൽ, ഞാൻ കാരണം, എന്റെ ഉയർച്ച കാരണം, സാമ്പത്തികമായതോ, വിവിധ talents ഉള്ളതുകൊണ്ടോ, superiority complex കൊണ്ടോ, എന്റെ അഹങ്കാരം കൊണ്ടോ ഉള്ള ഉയർച്ച, ഉയരം കാരണം, എന്റെ തന്റേടം കൊണ്ടുള്ള ബഹളം കാരണം, എന്റെ വീടിന്റെ ആർഭാടം കാരണം, വലിയ വിലപിടിപ്പുള്ള, അച്ചടക്കമില്ലാത്ത എന്റെ വസ്ത്രധാരണത്തിന്റെ പളപളപ്പ് കാരണം, എന്റെ ആഭരണങ്ങളുടെ കിലുക്കം കാരണം, മറ്റുള്ളവരെ പരിഗണിക്കാത്ത, മറ്റുള്ളവരെ ഇല്ലാതാക്കുന്ന ആൾക്കൂട്ടത്തിന്റെ സ്വഭാവങ്ങൾ എന്നിലുള്ളതുകൊണ്ട്, എന്റെ ദേവാലയത്തിന്റെ വലിപ്പം കാരണം, പണക്കൊഴുപ്പിൽ തിമിർത്താടുന്ന പള്ളിപ്പെരുന്നാളുകളുടെ ബഹളം കാരണം, എന്റെ സഹോദരിക്ക്, എന്റെ സഹോദരന് ഈശോയെ കാണുവാൻ, ഈശോയുടെ അടുത്തെത്തുവാൻ സാധിക്കുന്നില്ല!! അതായത്, എന്റെ ക്രൈസ്തവജീവിതം തന്നെ, എന്റെ സന്യസ്ത പൗരോഹിത്യ ജീവിതം തന്നെ, എന്തിന് ഞാൻ അർപ്പിക്കുന്ന വിശുദ്ധ ബലി പോലും ഈശോയെ കാണുന്നതിന്, ഈശോയിലേക്കു ചെല്ലുന്നതിന് മറ്റുള്ളവർക്ക് തടസ്സമാകുന്നു എന്ന്!!?? എന്റെ ജീവിതം മറ്റുള്ളവർക്ക് ഈശോയെ കാണുവാൻ ഒരു തടസ്സമായി മാറുന്നതില്പരം മറ്റെന്തു ദുരന്തമാണ് ഈ ലോകത്തിലുള്ളത്?! പ്രളയം, മഹാമാരി തുടങ്ങിയ ദുരന്തങ്ങളുടെയൊക്കെ സ്ഥാനം ഇതിന്റെ പിന്നിലേ വരികയുള്ളു പ്രിയപ്പെട്ടവരെ. മറ്റുള്ളവരുടെ ആധ്യാത്മിക ജീവിത വഴികളിൽ ഞാനൊരു external obstacle ആയി മാറുന്നുണ്ടോ എന്നു പരിശോധിച്ചറിയുവാൻ ദൈവവചനം നമ്മെ നിർബന്ധിക്കുന്നു. എന്തായാലും ജനക്കൂട്ടം കാരണം ഈശോയെ കാണുവാൻ അന്ധന് സാധിച്ചില്ല!!

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജീവിതത്തിൽ ഇതുപോലെയൊരു അവസ്ഥ അദ്ദേഹം അനുഭവിക്കുന്നുണ്ട്. അദ്ദേഹം വത്തിക്കാനിൽ ചെന്നപ്പോൾ പോപ്പിനെ കാണുന്നതിന് പ്രോട്ടോക്കോൾ പാലിക്കണമെന്നും, പ്രത്യേക ഡ്രസ്സ് കോഡ് അനുസരിക്കണമെന്നും ഓഫീസിലുള്ളവർ നിർബന്ധിച്ചു. തന്റെ സാധാരണമായ ഡ്രസ്സ് മാറ്റുവാൻ മഹാത്മജി ആഗ്രഹിച്ചില്ല. മഹാത്മജിക്ക് പോപ്പിനെ കാണുവാൻ അനുവാദം ലഭിച്ചില്ല. വത്തിക്കാന്റെ തലയെടുപ്പ്, പോപ്പിനെ കാണുവാനുള്ള നിയമങ്ങളിലെ കാർക്കശ്യം തുടങ്ങിയവ അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. അതുകൊണ്ടാണ് പുറത്തിറങ്ങിയ അദ്ദേഹം ഇങ്ങനെ പറഞ്ഞത്: ക്രിസ്തുവേ നിന്നെ ഞാൻ സ്നേഹിക്കുന്നു. എന്നാൽ ക്രിസ്ത്യാനികളെ അങ്ങനെ കാണുവാൻ എനിക്ക് സാധിക്കുന്നില്ല.” മറ്റുള്ളവരുടെ ഈശോയിലേക്കുള്ള വഴിയിൽ മാർഗതടസ്സങ്ങളാകാതിരിക്കുവാൻ നാം ശ്രദ്ധിക്കണം.

2. ജനക്കൂട്ടം എന്നിൽ തന്നെയുള്ള multiple personality ആകാം! ഇതൊരു മാനസിക വൈകല്യമാണ്. ഇപ്പോഴിതിനെ Dissociative Identity Disorder (DID) എന്നാണു പറയുന്നത്. നമ്മിൽ തന്നെ രണ്ടോ അതിൽ കൂടുതലോ വ്യക്തികളുടെ, പ്രത്യേക പേരുള്ള, സ്വഭാവ സവിശേഷതകളുള്ള വ്യക്തികളുടെ സാന്നിധ്യത്തെയാണ് ഒന്നിലധികം വ്യക്തിത്വം, multiple personality എന്ന് പറയുന്നത്. മണിച്ചിത്രത്താഴ്” എന്ന മലയാള സിനിമയിലെ നായികയെ ഓർക്കുന്നില്ലേ? Dissociative Identity Disorder ഉള്ള വ്യക്തിയായിട്ടാണ് നായികയെ ചിത്രീകരിച്ചിരിക്കുന്നത്. ഗംഗാ, നാഗവല്ലി എന്നിങ്ങനെയുള്ള വ്യക്തിത്വങ്ങൾ! ഒന്ന് ചിന്തിച്ചു നോക്കൂ! എന്റെ പേര് ടോം എന്നാണെങ്കിൽ എന്നിൽ എത്ര ടോം മാരുണ്ട്? എന്റെ പേര് ട്രീസ എന്നാണെങ്കിൽ എന്നിൽ ചിലപ്പോൾ ഒരേ സമയം തന്നെ എത്ര ട്രീസ മാരുണ്ട്? അല്ലെങ്കിൽ എനിക്ക് എത്ര മുഖങ്ങളുണ്ട്? ഭർത്താവിന്റെ അടുത്ത് ചെല്ലുമ്പോൾ ഒരാൾ, ഭാര്യയുടെ അടുത്താകുമ്പോൾ മറ്റൊരാൾ, മക്കളുടെ അടുത്ത് വേറൊരു വ്യക്തിത്വം, മാതാപിതാക്കളുടെ അടുത്ത് പിന്നെയും വേറൊരു വ്യക്തി, കൂട്ടുകാരന്റെ, കൂട്ടുകാരിയുടെ അടുത്ത് വേറൊന്ന്, ഓഫീസിൽ, പാർട്ടി വേദികളിൽ, ഒരു പെൺകുട്ടിയെ, ആൺകുട്ടിയെ കാണുമ്പോൾ, പള്ളിയിൽ ഇരിക്കുമ്പോൾ, ഞാൻ ഒറ്റയ്ക്കാകുമ്പോൾ — തമ്പുരാനേ, ഞാനൊരു ആൾക്കൂട്ടം തന്നെ.  സ്നേഹമുള്ളവരേ, ഈ ആൾക്കൂട്ടത്തിൽ ഒറിജിനലായ ഞാൻ ഏതാണ്? ഈ ആൾക്കൂട്ടത്തിൽ നിന്നുകൊണ്ട് ഒറിജിനലായ എനിക്ക് എങ്ങനെ ഈശോയെ കാണുവാൻ കഴിയും?? ജീവിതത്തിന്റെ ചില വേളകളിലെങ്കിലും, അന്ധനായി തപ്പിത്തടഞ്ഞു വീഴുമ്പോൾ, എത്ര ശ്രമിച്ചിട്ടും പലകുറവുകളാൽ ജീവിതത്തിൽ ഒന്നും നടക്കാതെ വരുമ്പോൾ നാമൊക്കെ ഉറക്കെ അലറി കരഞ്ഞിട്ടുണ്ടാകും. എങ്ങനെയെങ്കിലും ഈശോയെ കാണണമെന്ന് ആശിച്ചിട്ടുണ്ടാകും. പക്ഷെ നമ്മിലെ ജനക്കൂട്ടം കാരണം നമുക്ക് കാണാൻ, അവന്റെ അടുത്തെത്താൻ കഴിയുന്നില്ല.

ഇന്ന് നമുക്ക് നമ്മിലെ ജനക്കൂട്ടത്തിനും അപ്പുറം നിൽക്കാൻ ആകണം. നമ്മെ നിശബ്ദമാക്കുന്ന നമ്മിലെ പല തരത്തിലുള്ള വ്യക്തികളെ മനോഭാവങ്ങളെ നമുക്ക് ദൂരെയെറിയണം. നമ്മിലെ ജനക്കൂട്ടത്തിനും മുകളിൽ നമ്മിലെ ശരിയായ, ഒറിജിനലായ നന്മനിറഞ്ഞ വ്യക്തിത്വത്തെ സ്ഥാപിക്കണം. ജനക്കൂട്ടമെന്ന external obastacle നെ ക്കുറിച്ചു നാം ബോധവാന്മാരാകണം. എങ്കിലേ, ഈശോയെ വിളിക്കാൻ, ഈശോയെ കാണുവാൻ, ജീവിതം പ്രകാശം നിറഞ്ഞതാക്കാൻ നമുക്ക് സാധിക്കൂ.

3. മൂന്നാമതായി, അന്ധന് ഈശോയെ കാണാൻ സാധിക്കാത്തവിധം internal obstacle ഉണ്ടായിരുന്നു. അന്ധത തന്നെയായിരുന്നു അവന്റെ ആന്തരിക തടസ്സം. പക്ഷെ, ഈ സംഭവത്തിലെ മനുഷ്യന് അന്ധത ഒരു ഭാഗ്യമായിരുന്നു എന്ന് ഞാൻ പറയും! നെറ്റി ചുളിക്കേണ്ട! കാഴ്ചയുള്ള രണ്ടു കണ്ണുകളുണ്ടായിരുന്ന ജനക്കൂട്ടത്തിനു, കാഴ്ചയുള്ള രണ്ടു കണ്ണുകളുണ്ടായിരുന്ന യഹൂദർക്ക്, കാഴ്ചയുള്ള രണ്ടു കണ്ണുകളുണ്ടായിരുന്ന ഫരിസേയർക്കു, നിയമജ്ഞർക്കു, ശരിയായ ഈശോയെ അറിയാൻ, കാണാൻ കഴിഞ്ഞില്ല. എന്നാൽ, അന്ധനായിരുന്നിട്ടും, ഈ യാചകന് അതിനു സാധിച്ചു! അയാൾ ഭാഗ്യവാനല്ലേ?

ചെറുപ്പത്തിലേ അന്ധയായ വ്യക്തിയാണ് ഹെലൻ കെല്ലർ (Helen Keller). കുഞ്ഞായിരുന്നപ്പോഴത്തെ ഒരു രോഗമാണ് അവളെ അന്ധയും, ബധിരയുമാക്കിയത്. ഹെലൻ കെല്ലറുടെ The Story of my life എന്ന ആത്മകഥ നാം എല്ലാവരും വായിച്ചിരിക്കേണ്ടതാണ്. ഒരിക്കൽ ഒരു ജേർണലിസ്റ്റ് അവളോട് ചോദിച്ചു: “അന്ധയായിരിക്കുന്നതു ഭയാനകമായ ഒരു അവസ്ഥയാണോ?” ഒന്ന് പതുക്കെ ചിരിച്ചിട്ട് അവൾ പറഞ്ഞു: “മനോഹരമായ രണ്ടു തുറന്ന കണ്ണുകളുണ്ടായിട്ടും ഒന്നും കാണാതിരിക്കുന്നതിലും ഭേദം, അന്ധയായിരിക്കുമ്പോഴും ഹൃദയം കൊണ്ട് കാണുന്നതാണ്.”

ഹെലൻ കെല്ലറുടെ ഈ ഉത്തരം നമ്മെ ഞെട്ടിക്കുന്നുണ്ടെങ്കിൽ അതിന്റെ അർഥം, സ്നേഹമുള്ളവരേ, രണ്ടു നല്ല കണ്ണുകളുണ്ടായിട്ടും നാം ദൈവത്തെ ഇന്നും കണ്ടിട്ടില്ല എന്ന് തന്നെയാണ്, നാം അന്ധരാണ് എന്നാണ്!

നമ്മിലെ ആർത്തികൾ, ആസക്തികൾ, muscle power, money power, അധികാര ശക്തി, സൗന്ദര്യം, എല്ലാം എല്ലാം നമ്മെ അന്ധരാക്കുന്നു! എന്തിനു സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാൻ സാധിക്കാത്ത വിധം നാമൊക്കെ അന്ധരാകുന്നില്ലേ? സ്വന്തം സഹോദരീ സഹോദരന്മാരെ കാണാൻ കഴിയാത്തവിധം നാം അന്ധരായിത്തീരുന്നില്ലേ? യുക്രൈനിൽ യുദ്ധം ചെയ്യുന്നവർ അന്ധരല്ലേ? ശരീരത്തിന്റെ സുഖത്തിൽ രമിച്ചു പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവരും അന്ധരല്ലേ? മാസങ്ങളായി കത്തിക്കൊണ്ടിരിക്കുന്ന മണിപ്പൂരിനെ കാണാത്ത ഭരണകർത്താക്കളും അന്ധരല്ലേ? കഴിഞ്ഞ ദിവസത്തെ പത്രവാർത്ത ഓർക്കുന്നില്ലേ? ഒരു സ്കൂളിൽ  കുട്ടികൾക്കായി ഭക്ഷണം പാകം ചെയ്യുന്നത് ഒരു ദളിത് സഹോദരിയാണ്. ആ സഹോദരി  പാകം ചെയ്യുന്ന ഭക്ഷണം കുട്ടികൾ കഴിച്ചാൽ ദൈവകോപമുണ്ടാകുമെന്ന് ചിന്തിക്കുന്ന മാതാപിതാക്കന്മാർ അന്ധരല്ലേ?

നമ്മിലെ അന്ധതയെ മാറ്റി, ഹൃദയം കൊണ്ട് ഈശോയെ കാണാൻ, നമ്മിലും, നമ്മുടെ കുടുംബത്തിലും, കൂട്ടുകാരിലും, ഈ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന ഈശോയെ കാണാൻ നമുക്കാകണം.

നോക്കൂ…തന്റെ internal obastacle നെ, അന്ധതയെ മറന്നുകൊണ്ട്, External obastacle നെ, ജനക്കൂട്ടത്തെ, അതിന്റെ ആക്രോശങ്ങളെയും, ശകാരങ്ങളെയും മടികടന്ന്, അവയ്ക്കും മുകളിൽ കയറിനിന്ന് അന്ധൻ വിളിക്കുകയാണ്, അലറുകയാണ്: “ദാവീദിന്റെ പുത്രനായ ഈശോയെ എന്നിൽ കനിയണമേ”. ജനക്കൂട്ടത്തിന്റെ ആരവങ്ങൾക്കും, ആക്രോശങ്ങൾക്കും അപ്പുറത്തുനിന്ന് വന്ന ആ വിളി ഈശോ കേട്ടു. അവിടുത്തെ കാതുകളിൽ ആ വിളി വന്നലച്ചു. ആ വിളിയിലെ നൊമ്പരം അവിടുത്തെ ഹൃദയത്തെ ഉലച്ചു. അവിടുന്ന് കാരുണ്യമായി മാറി, ആ അന്ധന്, അവിടുന്ന്,  ഈശോ,  സൗഖ്യമായി മാറി. അവന്റെ ജീവിതത്തിന് ഈശോ ദൈവമായി മാറി. അവന്റെ ജീവിതം പ്രകാശം നിറഞ്ഞതായി.

ഇതാണ് പ്രിയപ്പെട്ടവരേ, ഈശോയെന്ന വിളിയുടെ അർഥം, അതിന്റെ ശക്തി. ക്രൈസ്തവന് അതുകൊണ്ടാണ് ഈശോയെന്ന നാമം അവന്റെ ജീവനാകുന്നത്. സ്വരാക്ഷരമായ ഈ യും, ഉഷ്മാക്കൾ എന്ന വിഭാഗത്തിൽപ്പെടുന്ന ശ യോട് ഓ എന്ന സ്വരാക്ഷരവും ചേർത്ത ഈശോ എന്നത് ക്രൈസ്തവന് വെറും മലയാളവാക്കല്ല. മറിച്ച്, അവൾക്ക്, അവന് അനുഭവിക്കാവുന്നതിൽ ഏറ്റവും സുന്ദരവും, ഏറ്റവും ശ്രദ്ധേയവുമായ ദൈവമെന്ന അർത്ഥമാണ്.  ക്രൈസ്തവർ ഈശോ എന്ന വാക്കിന് ദൈവം എന്നാണ് അർഥം കൊടുത്തിരിക്കുന്നത്. ആ വിശുദ്ധ നാമത്തെ വെറും, വെറും വാണിജ്യ താത്പര്യങ്ങൾക്കുവേണ്ടി അവഹേളിച്ചാൽ ക്രൈസ്തവരുടെ ഹൃദയം തകരില്ലേ? ചങ്ക് പൊള്ളുകയില്ലേ? തകരണം, പൊള്ളണം. 

സ്നേഹമുള്ളവരേ, സീറോമലബാർ സഭയുടെ ആരാധനാക്രമവത്സരത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ഈശോയെന്ന നാമത്തിന്റെ ശക്തി അറിയുവാൻ ഈ ഞായറാഴ്ച്ച നമുക്ക് സാധിക്കട്ടെ. നാം വിശ്വാസത്തോടെ അലറി വിളിക്കുകയാണെങ്കിൽ, ജനക്കൂട്ടത്തിന്റെ ആരവങ്ങൾക്കും അപ്പുറം നമ്മുടെ വിലാപം കേൾക്കുന്നവനാണ് നമ്മുടെ ദൈവം! വെറുമൊരു ദർശനം മാത്രം ആഗ്രഹിച്ചാലും നമ്മുടെ ദൈവം നമ്മിൽ, നമ്മുടെ കുടുംബത്തിൽ വിരുന്നുവരും, അവിടുത്തെ രക്ഷ നമുക്ക് നൽകും. ഈശോയെ കാണാൻ അതിയായ ആഗ്രഹം നമുക്കുണ്ടാകട്ടെ. നിനക്ക് കാഴ്ചയുണ്ടാകട്ടെ, എന്ന ഈശോയുടെ സ്വരം വിശുദ്ധ കുർബാനയിൽ

കേൾക്കുവാൻ അവിടുന്ന് നമുക്ക് ഭാഗ്യം തരട്ടെ. ഈശോയെന്ന നാമത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുവാൻ, അതിന്റെ പ്രാധാന്യം മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുവാൻ നമുക്ക് സാധിക്കട്ടെ. ആമേൻ!

One thought on “SUNDAY SERMON LK 18, 35-43”

Leave a comment